Tuesday, December 14, 2010

ECHO !

ഡോ.ആര്‍.ഭദ്രന്‍

സംസ്കാരജാലകം
              

                  2


സമാന്തര പ്രസിദ്ധീകരണങ്ങളുടെ സാംസ്കാരികപ്രസക്തി 
                                
                       മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പല പ്രതിഭകളെയും തമസ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലര്‍ ഇതില്‍ കരിഞ്ഞുപോയിട്ടും ഉണ്ടാവാം. ഇത് ഇപ്പോഴും ഒരു വാശിയോടെ അവര്‍ വിജയിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ചില പ്രതിഭകള്‍ അതിനെയെല്ലാം തട്ടിത്തകര്‍ത്തു ലോകത്തിലേക്ക് പ്രകാശമായി കുതിച്ചിട്ടുണ്ട് എന്നത് ചരിത്രം. അതുകൊണ്ട് സമാന്തരപ്രസിദ്ധീകരണങ്ങള്‍ നമ്മുടെ സാംസ്കാരികജീവിതത്തില്‍ നിര്‍ണ്ണായകമാകുന്നു.
'തോര്‍ച്ച' അക്കൂട്ടത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. തോര്‍ച്ച 2010 ഒക്ടോബര്‍ ലക്കത്തില്‍ വന്ന കെ.രാജന്‍റെ 'ദൈവം,സ്വത്വം,വിശ്വാസം എന്നിവയുടെ ചലനബിംബങ്ങള്‍' ഹ്രസ്വവും സാന്ദ്രവുമായ ഒരു ചലച്ചിത്ര ലേഖനമായിരുന്നു. നമ്മുടെ ആനുകാലികങ്ങളില്‍ വരുന്ന, വലിച്ചുനീട്ടി അവതാളത്തില്‍ ആക്കുന്ന പല ലേഖനങ്ങളെയും ഓര്‍ത്തുള്ള വിലാപത്തോടെയാണ് കെ.രാജന്‍റെ ആശയസാന്ദ്രീകരണകലയിലൂടെ കടന്നുപോയത്.
നന്ദി !


കെ.രാജന്‍


ക്രോയേഷ്യയിലെ ബ്രാങ്കോ ഐവാന്‍ഹോയുടെ ഹോഴ്സ്മാന്‍ എന്ന സിനിമയുടെ പഠനമാണ്‌ ലേഖനം.നമ്മുടെ മനസ്സുകളുടെ ഇടുക്കം തകര്‍ക്കുക എന്നതാണ് ലോകത്തിലെ വംശീയകലാപം, ആര്‍ത്തി, ദാരിദ്ര്യം തുടങ്ങിയ എല്ലാ പ്രശ്നങ്ങളുടെയും പരിഹാരം... ഈ ചലച്ചിത്രം ദൃശ്യങ്ങളിലൂടെയും ബിംബങ്ങളിലൂടെയും ഇപ്രകാരമുള്ള ഒരു വെളിച്ചം പായിക്കലാണ്. ലേഖനത്തിലെ ഒരദ്ധ്യായം കൂടി വായിച്ചു കൊള്ളുക. "സ്വത്വം,ദൈവം, വിശ്വാസം,ധര്‍മ്മം,സത്യം,ദേശീയത,വംശം എന്നിവ അധികാരവ്യവഹാരങ്ങള്‍ക്ക് അചഞ്ചലമായ ജഡശിലയാണ്. പ്രണയികള്‍ക്കും മിസ്റ്റിക്കുകള്‍ക്കും പ്രവാചകര്‍ക്കും അവ സ്വച്ഛന്ദവും നൈസര്‍ഗികവുമായ പ്രവാഹത്തിന്‍റെ ഊര്‍ജ്ജമാണ്. സ്വത്വ - അപര വേര്‍തിരിവുകള്‍ക്കും വിശുദ്ധാവിശുദ്ധ വകതിരിവുകള്‍ക്കും അപ്പുറത്തുള്ള പാഗന്‍ വിശ്വാസത്തിന്‍റെ  ജനകീയധാര പൌരോഹിത്യത്തിന്‍റെ അണക്കെട്ടുകളിലൊതുങ്ങുന്നില്ല. വംശശുദ്ധി,മതശുദ്ധി,സ്വത്വശുദ്ധി,ചാരിത്ര്യശുദ്ധി എന്നീ തുറുങ്കുകളെ ഭേദിക്കുന്ന ഈ ലൌവ്‌ ജിഹാദ് അധികാരത്തിലെ അദൈവത്തെ നിന്ദിക്കുകയും ചലനാത്മകതയുള്ള ദിവ്യതയെ വന്ദിക്കുകയും ചെയ്യുന്നു. ക്ലാസ്സിക് ഗാംഭീര്യമുള്ള പരുന്തിന്‍ ദൃഷ്ടി കൊണ്ട് ഈ സിനിമ വംശഹത്യയുടെ ഈ വിപല്‍മുഹൂര്‍ത്തത്തിന്‍റെ അടിയിലെ ജീവധാരകളെ നോക്കുന്നു. ദൈവം നിശ്ചലതയല്ല. തീരരേഖയും ഉറവിടവും ഫിനിഷിംഗ്പോയിന്റും ഉള്ള  കനലൊഴുക്കുമല്ല. പാസ്പോര്‍ട്ടും സ്വത്വാതിരുകളും ദേശകാലാതിരുകളും മുറിച്ച് ഒഴുകുന്ന സ്വാച്ഛന്ദ്യമാണ്‌. പ്രണയവും വ്യാകരണങ്ങള്‍ തെറ്റിക്കുന്ന ദൈവിക പ്രവാഹവുമാണ് എന്ന് ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രണയത്തിന്‍റെ പാഗന്‍ ആത്മീയതയുടെ കൊടിപ്പടം ഉയരത്തില്‍ പറത്തുന്നു."


പ്രണയത്തിന്‍റെ പാസ്സഞ്ചര്‍

അടുത്തകാലത്ത് ഒരുപാട് കവിതകളില്‍ പാളിപ്പോയെങ്കിലും 'പ്രണയത്തിന്‍റെ പാസ്സഞ്ചര്‍' എന്ന കവിതയില്‍ മോഹനകൃഷ്ണന്‍ കാലടി തന്‍റെ കവിതകളുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നുണ്ട്. വസ്തുനിഷ്ഠകളെ അപാരമായി സ്വപ്നാത്മകമാക്കിയിരിക്കുന്നു കവിത. സന്തോഷം! (മാതൃഭൂമി 2010 ഡിസംബര്‍ 5)


ഗൌരി ലക്ഷ്മിഭായി

My life unfold -ല്‍ (വനിത 2010 നവംബര്‍ 15 -30) ഗൌരി ലക്ഷ്മിഭായി,ലളിതവും അനാര്‍ഭാടവുമായ ജീവിതത്തിന്‍റെ മഹത്വം തന്‍റെ ജീവിതത്തിലെ രണ്ടു സംഭവങ്ങളിലൂടെ പറയുന്നു. തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു. " ഇവിടെ (കൊട്ടാരം) ജനിച്ചതുകൊണ്ടാണ് ലളിതജീവിതം വരം പോലെ പകര്‍ന്നുകിട്ടിയത്. ലളിതജീവിതം കുടുംബത്തില്‍ എല്ലാവരും പിന്തുടര്‍ന്നിരുന്നു. ആഭരണങ്ങളോടോ പട്ടുവസ്ത്രങ്ങളോടോ ഒട്ടും ഭ്രമം ഉണ്ടായിട്ടില്ല ". ലളിതജീവിതവും ഉന്നതവുമായ ചിന്തയുമാണ് ജീവിതത്തെ മഹത്വപ്പെടുത്തുന്നതെന്ന് നമുക്ക് തിരിച്ചറിയാന്‍ ഈ മഹതിയുടെ വാക്കുകളും തുണയാകട്ടെ !
ആര്‍ഭാടജീവിതം ദൈവത്തോട്/പ്രകൃതിയോട് കാട്ടുന്ന അനീതിയാണ്!!

'വനിത' എപ്പോഴും പരസ്യങ്ങള്‍ കൊണ്ട് നിറയുകയാണ്. ജീവിതം വിപണിയില്‍ വിറ്റുതീര്‍ക്കേണ്ട ഒരു ചരക്കു മാത്രമാണോ എന്ന് ഈ പരസ്യങ്ങളിലൂടെ കടന്നു പോയപ്പോള്‍ മനസ്സ് സന്ദേഹിക്കുന്നത് പോലെ . ..


'മാധ്യമ'ത്തിലെ  കവിത 

'മത്സ്യഗന്ധി' - ധന്യ.എം.ഡി യുടെ കവിതയില്‍ ഒരുപാട് സര്‍ഗ്ഗനിമിഷങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ 'മത്സ്യഗന്ധി'ക്ക് നല്ല കവിതയാകാതെ വഴിയില്ല. (മാധ്യമം ആഴ്ചപ്പതിപ്പ്  ഡിസംബര്‍ 13)


ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ 

'മക്കളാണ് കാലത്തിന്‍റെ വളര്‍ത്തുമൃഗങ്ങള്‍' (ബെന്യാമിന്‍, സമകാലിക മലയാളം വാരിക, നവംബര്‍ 26 , 2010), മഴയുടെ കല്യാണം (റിയാലിറ്റി ഷോ, രവിവര്‍മ്മ തമ്പുരാന്‍) - ആഖ്യാനരീതിയുടെയും ഭാഷാപരിചരണത്തിന്‍റെയും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയം. മഴയെ സ്നേഹിച്ച വിദഗ്ധനായ ഫോട്ടോഗ്രാഫി കലാകാരന്‍ കലാസപര്യയ്ക്കിടയില്‍  ഉരുള്‍പൊട്ടലില്‍  മരിച്ചത് സമകാലികമിത്തു പോലെ മലയാളമനസ്സില്‍ പതിഞ്ഞിട്ടുണ്ട്.
(കെ.എസ്.രവികുമാര്‍, ദേശാഭിമാനി വാരാന്തപ്പതിപ്പ്,നവംബര്‍ 21, 2010)


കുഞ്ചുക്കുറുപ്പ്
ഓരോ ജീവിതമേഖലകളിലും ചിരി ഒളിച്ചിരിപ്പുണ്ട്. അതു പുറത്തെടുത്തിട്ടു കൊടുക്കുവാന്‍ പ്രതിഭ വേണം.comic genius വരകളുടെ കലയിലൂടെ, വാക്കുകളുടെ തുണയിലൂടെ ഇത് വിജയിപ്പിക്കുകയാണ് കുഞ്ചുക്കുറുപ്പ്.വരയും വാക്കും ഇണചേര്‍ന്ന് നര്‍മ്മത്തിന്‍റെ കുഞ്ഞുങ്ങള്‍ പെറ്റുപെരുകുന്നു. കേരളീയര്‍ക്ക് രാഷ്ട്രീയച്ചിരി ചിരിക്കാന്‍ ഒരു മഹാ-ഇടമാണ് മലയാളമനോരമ പത്രത്തിലെ കുഞ്ചുക്കുറുപ്പ്. ഓരോദിവസവും കുഞ്ചുക്കുറുപ്പമ്മാവന്‍ തകര്‍ത്തുകയറുകയാണ്.ഭേഷ് ... ഭേഷ്.


അക്ഷരജാലകം

എം.കെ.ഹരികുമാറിന്‍റെ കലാകൌമുദിയിലെ അക്ഷരജാലകം പലപ്പോഴും നന്നാകാറുണ്ട്. അതിനോടുള്ള ചില യോജിപ്പുകളും വിയോജിപ്പുകളും കുറിക്കട്ടെ. (കലാകൌമുദി ഡിസംബര്‍ 5) മലയാളസിനിമയ്ക്ക് ഇംഗ്ലീഷ് പേര് കൊടുക്കുന്നതിലുള്ള വിമര്‍ശനത്തിന് വലിയ കഴമ്പൊന്നുമില്ല. ഇത് മലയാള ഭാഷയോടുള്ള ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്നമല്ല. മലയാളഭാഷയില്‍ ഇംഗ്ലീഷ്  വാക്കുകള്‍ കടന്നു വരുന്നതിനെക്കുറിച്ച് ചിലര്‍ മലയാളം മുന്‍ഷിയുടെ മനോഭാവത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അനവധി വര്‍ഷത്തെ കൊളോണിയല്‍ അധിനിവേശമുണ്ടായ ഒരു ഭാഷയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുക എന്നത് ചരിത്രപരമാണ്. ചരിത്രത്തെ കുടഞ്ഞുകളയാന്‍ ആര്‍ക്കാണ് കഴിയുക?  ഭാഷയെ തിരിച്ചുപിടിക്കുക എന്നത് പോസ്റ്റ്‌ കൊളോണിയലിസത്തില്‍ പ്രധാനമാണ് എന്നത് മറ്റൊരു കാര്യം. ഹരികുമാര്‍ പറയുന്നതു പോലെ കേരളം തമിഴ്നാടിനെ കണ്ടുപഠിക്കേണ്ട കാര്യവുമില്ല. ചില കാര്യങ്ങളൊഴിച്ചാല്‍ പലകാര്യങ്ങളിലും ഇപ്പോഴും അവര്‍ പത്തൊമ്പതാം നൂറ്റാണ്ടിനും പിറകിലാണെന്നതു കൂടി എം.കെ.ഹരികുമാര്‍ ചിന്തിച്ചെടുക്കേണ്ടതായിരുന്നു. വിദ്യാഭ്യാസത്തിന് നമ്മുടെ ഭാഷ ഉപയോഗിക്കാതിരിക്കുന്ന ഗുരുതരസാഹചര്യങ്ങളും ഭാഷയുടെ സ്വത്വം നഷ്ടപ്പെടുത്തുന്ന മറ്റനവധി കൊലകളുടെയും  മുമ്പില്‍ സിനിമയ്ക്കൊരു ഇംഗ്ലീഷ്  പേരിടുന്നതിലുള്ള പ്രശ്നം അത്രയ്ക്ക് ഗുരുതരമാണോ?  പരദേശീയപദങ്ങള്‍ നമ്മുടെ ഭാഷയിലേക്ക് വരുന്നതില്‍  തെറ്റില്ല. പക്ഷെ അത് മുമ്പ് സംഭവിച്ചതുപോലെ നമ്മുടെ ഭാഷയുടെ സ്വത്വം നഷ്ടപ്പെടുത്താന്‍ ഇടയാക്കരുതെന്ന് മാത്രം. നമ്മുടെ സാഹിത്യകാരന്മാരില്‍ ചിലര്‍ അവരുടെ കൃതികള്‍ക്ക് ഇംഗ്ലീഷില്‍ പേരിട്ടിട്ടുള്ളത് ഓര്‍ക്കുക(കോവിലന്‍ -ഏ മൈനസ് ബി).


മമ്മൂട്ടി,സിനിമകളിലൂടെ സൃഷ്ടിക്കുന്ന മലയാളത്തിനുള്ളിലെ അനവധി മലയാളങ്ങളെക്കുറിച്ചുള്ള ഹരികുമാറിന്‍റെ കണ്ടെത്തലുകള്‍ സൂക്ഷ്മവും സുന്ദരവുമാണ്. 'സമീപകാലത്ത് പ്രാദേശികമലയാളഭേദങ്ങള്‍ പൊതുധാരയില്‍ കൂടുതല്‍ ഇടംകിട്ടാന്‍ മമ്മൂട്ടി നിമിത്തമായി. മമ്മൂട്ടിയുടെ ഭാഷാപ്രയോഗവും ഭാഷാപരമായ ഇടപെടലും ഒരു ഉത്തര - ഉത്തരാധുനിക ഉല്‍പ്പന്നമായാണ് ഞാന്‍ കാണുന്നത്.' (കലാകൌമുദി 2010 നവംബര്‍ 28 ) പക്ഷെ ഈ ചിന്തകളിലെല്ലാം മമ്മൂട്ടിയെ ഉയര്‍ത്തുന്ന ഹരികുമാര്‍, ഇതിന് കാരണക്കാരായ എഴുത്തുപ്രതിഭകളായ തിരക്കഥാകൃത്തുക്കളെ മറക്കുന്നു. പക്ഷെ മമ്മൂട്ടി ഈ ഭാഷാഭേദങ്ങളെ നന്നായി അനുകരിച്ചെടുത്തു എന്നും അഭിനയത്തിന്‍റെ മഹാനിമിഷങ്ങള്‍ സൃഷ്ടിച്ചെടുത്തു എന്നും രാജമാണിക്യം പോലുള്ള സിനിമകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍തന്നെ തോന്നിയിരുന്നു.

അചുംബിതം

മുഞ്ഞിനാട് പത്മകുമാറിന്‍റെ ഒരു കവിത കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. അചുംബിതം.( 2010 ഡിസംബര്‍ 5 ) ഈ രചനയിലെ നാടകീയതയുടെ കവിതയാണ് എന്നെ ആകര്‍ഷിച്ചത്. കവിതയിലെ വരികള്‍ ആകമാനം നാടകീയതയുടെ തുടിപ്പിലാണ്.രണ്ടു സന്ദര്‍ഭങ്ങള്‍ നോക്കുക.


മുഞ്ഞിനാട് പത്മകുമാര്‍

(1)                                                                               
നോക്കൂ
അവന്‍റെ ഭാര്യ ചെറുപ്പമാണ്
ഒരു നിയോജകമണ്ഡലത്തിന്
താങ്ങാവുന്നതിനപ്പുറം
ജാരന്മാര്‍ അവള്‍ക്കുണ്ട്

(2)
നീ എത്ര ഭാഗ്യവാനാണ്
നീ
നിന്‍റെ മകന്‍ നിന്‍റെ ഭാര്യ
നിന്‍റെ ഭാര്യയുടെ ജാരന്മാര്‍
ഹൊ
നീയൊരു രാജ്യം തന്നെയായതില്‍
ഞാനഭിമാനിക്കുന്നു.
ലീലയും ഇന്ദുലേഖയും

 പ്രശസ്തമായ കൃതികളുടെ പേരുകള്‍ കഥയ്ക്ക്‌ സ്വീകരിക്കുന്ന രണ്ടു ചെറുകഥകള്‍ അടുത്ത സമയത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ടെക്നിക്ക് കഥാകൃത്തുക്കള്‍ക്ക് നയാപൈസ ചെലവില്ലാതെ നേടിക്കൊടുക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ആലോചിച്ചിരുന്നുപോയി! 'ലീല' (ആര്‍ ഉണ്ണി, മാതൃഭൂമി 2010 ഒക്ടോബര്‍ 31) 'ഇന്ദുലേഖ' (ഇ.വി.റെജി ദേശാഭിമാനിവാരിക, നവംബര്‍ 21, 2010). റെജിക്ക് കഥയെഴുതാനറിയാം. ഇന്ദുലേഖയെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ വായിക്കുക.


ഇ.വി.റെജി

ഈ കഥയുടെ കാല-സ്ഥല ചിത്രീകരണങ്ങളും അവ തമ്മിലുള്ള അസാമാന്യമായ പൊരുത്തവും ഒരു കലതന്നെയായി കഥയില്‍ മാറിയിട്ടുണ്ട്. കഥ പറയാനുള്ള അസാമാന്യമായ വൈദഗ്ധ്യം കൈമുതലായുള്ള റെജി, ജീവിതത്തിന്‍റെ അകം തേടിപ്പോകുന്ന കഥകളാണ് എഴുതേണ്ടത്. ഈ കഥയുടെ തുടക്കവും ഒടുക്കവുമെല്ലാം അഭിനന്ദനീയമായ രീതിയിലാണ് ചെയ്തിട്ടുള്ളത്. കഥയെ ഒതുക്കിപ്പിടിച്ചെടുക്കാനും റെജിക്കറിയാം. കഥയുടെ അപൂര്‍വമായ ഭൂഭാഗഭംഗികള്‍ തേടിപ്പോകുക മാത്രമേ റെജിക്ക് ഇനി ചെയ്യേണ്ടതുള്ളൂ. നാടോടിക്കാലം മുതല്‍, ഇതിഹാസകാലം മുതല്‍, സാഹിത്യത്തില്‍ സമയനിയന്ത്രണത്തെ സൂചിപ്പിക്കാന്‍ സൂര്യന്‍റെ ചലനങ്ങളെ കവി ഉപയോഗിച്ചിട്ടുണ്ട്. സൂര്യന്‍റെ ചലനങ്ങളെ ഉപയോഗിച്ചുകൊണ്ട്, പുതിയകാലത്തില്‍ അതീവഭംഗിയോടെ സമയത്തെ കഥയില്‍ പലപ്പോഴും കഥാകാരന്‍ അനുഭവമാക്കുന്നു. കഥയ്ക്കുള്ളിലെ ഒരു സന്ദര്‍ഭം നോക്കുക.
'സൂര്യകിരണങ്ങള്‍ അക്കേഷ്യാമരങ്ങള്‍ക്കും അതിനപ്പുറത്തുള്ള പച്ചപ്പുകള്‍ക്കും അപ്പുറത്തേക്ക് ചാഞ്ഞിരുന്നു'.  ചലച്ചിത്രത്തിലെ വിദൂരദൃശ്യത്തിന്‍റെ ( long shot ) ഇഫക്റ്റ് ഇവിടെ റെജി നേടിയിരിക്കുന്നു. ആകെക്കൂടി  നല്ല കഥയാണ് 'ഇന്ദുലേഖ'. എന്തായാലും കഥകൊണ്ട് വായനക്കാരന്‍റെ ഇന്ദ്രിയങ്ങളെ  ഉണര്‍ത്തുന്നതില്‍ ഈ യുവകഥാകൃത്ത്‌ വിജയിച്ചിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.ഇ.വി. റെജി, അശോകന്‍ ചരുവിലിന്‍റെ കഥ വായിക്കണം 


ധാരാളം വായിക്കുന്ന ആളാണ്‌ റെജി എന്നറിയാം. എങ്കിലും 
 പറയട്ടെ. അശോകന്‍ ചരുവിലിന്‍റെ ഏറ്റവും പുതിയ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത് വായിച്ചുനോക്കുക. ഒരുപാടു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അശോകന്‍ ഈ കഥയെഴുതിയതെന്ന് സന്തോഷ്‌ എച്ചിക്കാനം പത്തനംതിട്ട കൂടല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ,എന്നോടു പറയുകയുണ്ടായി.
 കഥയുടെ കൃത്യമായ വിശദാംശങ്ങള്‍ - ഉയര്‍ന്ന മാനങ്ങളിലുള്ള - ഔചിത്യത്തോടെ കഥയില്‍ വന്നുനിറയുമ്പോള്‍ തന്നെ ആധികാരികത പിടിച്ചുവാങ്ങിക്കുന്ന അനുഭവം 'ആമസോണ്‍' പകരുന്നു.


അശോകന്‍ ചരുവില്‍

പിന്നെ അത് കല തേടി സ്വയം സഞ്ചരിക്കുകയായി. ഒരു ചെറുകഥ കൊണ്ട് (വലിയ കഥ !) ഭൂമി,പെണ്ണ്,പ്രകൃതി,ജീവിതം,സെക്സ്,നമ്മുടെ രാഷ്ട്രീയം,നഗ്നത, എക്കോഫെമിനിസം - എല്ലാം ഒരു നേര്‍ത്ത കാറ്റുപോലെ വായനക്കാരന് പകര്‍ന്നുകൊണ്ട്  - കഥയ്ക്ക്‌ ഒരു ഓവര്‍ലോഡും കൊടുക്കാതെ - നമ്മുടെ ഉള്ളിലേക്ക് എന്നെന്നേക്കുമായി നിലനിര്‍ത്തിത്തരുന്ന കഥ. അടുത്തകാലത്ത് വായിച്ച ഒരു മികച്ച കഥയാണ് അശോകന്‍ ചരുവിലിന്‍റെ 'ആമസോണ്‍'. ഇത്തരത്തിലുള്ള കഥകളുടെ വ്യാകരണം പതുക്കെ അഭ്യസിക്കാന്‍ റെജി ശ്രമിക്കുക. തീര്‍ച്ചയായും കഥയുടെ ലോകത്ത് റെജിക്ക് ഒരു ഭാവിയുണ്ടാകും.

ചില വിലപ്പെട്ട വിവരങ്ങള്‍

ഈയിടെ ന്യുഡല്‍ഹിക്കുള്ള യാത്രാമദ്ധ്യേയാണ് കേരള സര്‍വകലാശാലയിലെ തമിഴ്വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഡോക്ടര്‍.പി.ജയകൃഷ്ണനെ പരിചയപ്പെട്ടത്‌. വിജ്ഞാനദാഹിയായ ഈ അധ്യാപകനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പുതിയതും Informative -ഉം ആയ പലകാര്യങ്ങളും അദ്ദേ ഹത്തില്‍ നിന്ന് ലഭിച്ചു. അതില്‍ ചിലത് പങ്കുവെക്കുന്നു.
സംഘസാഹിത്യകൃതിയായ മണിമേഖല എഴുതിയത് ചിത്തലൈ ചാത്തനാര്‍ ആണ്. ചിത്തലൈ എന്ന വാക്കിന്‍റെ etimology  തെറ്റായിട്ടാണ് തമിഴില്‍ കണ്ടെത്തിയിട്ടുള്ളത്. ചിത്തലൈ യഥാര്‍ത്ഥത്തില്‍ ചേര്‍ത്തല ആണ്. മണിമേഖല  എഴുതിയ ആള്‍ ചേര്‍ത്തലക്കാരനായിരുന്നു എന്ന അറിവ് കിട്ടിയമാത്രയില്‍ തന്നെ അഭിമാനപുളകിതനായിത്തീര്‍ന്നു.
മറ്റൊന്ന്,സംഘസാഹിത്യത്തില്‍ കാണുന്ന ഒരു വാക്കാണ്‌ ആമാന്‍. ഈ വാക്ക് ഇന്ന് തമിഴ്നാട്ടില്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഈ വാക്ക് മൂന്നാറിലെ മുതുവാന്‍, മണ്ണാന്‍, എന്നീ ആദിവാസികളുടെ ഇടയില്‍ പ്രചാരത്തിലുണ്ട്. ആമാന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം കാട്ടുപോത്ത്. (ഡോ.ജയകൃഷ്ണന്റെ ഫോണ്‍ നമ്പര്‍ 9447222571 )


കെ.പി.അപ്പന്‍ എന്ന ധ്യാനം 

കെ.പി.അപ്പനെക്കുറിച്ച്, പ്രൊഫ.എം.കൃഷ്ണന്‍നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ അടുത്ത ബ്ലോഗ്‌ പോസ്റ്റ്‌ - ' ECHO ' ല്‍ വായിക്കുക. കേരളത്തിലെ ഒരു ഇംഗ്ലീഷ് പ്രൊഫസറോടായിരുന്നു ഈ വെളിപ്പെടുത്തല്‍.

                                                                          O
ഫോണ്‍ : 9895734218

2 comments:

  1. It was a nice article.The criticism part included in this was good.Informative session is also very usefull......!

    ReplyDelete

Leave your comment