Wednesday, December 22, 2010

മോസസ്സിന്‍റെ ക്രിസ്തുമസ്

മോഹന്‍കുമാര്‍.പി




 











രുട്ടിന്‍റെ പറുദീസയില്‍
ചുവന്ന ക്യാന്‍സറിന്‍റെ കുരുക്കള്‍
ചറമൊഴുകി തെളിയുന്നു
ക്രിസ്തുമസ് ദീപം തെളിയുന്നു.


മോസസ്സിന്‍റെ  ചാച്ചന്‍ ഒരു പുഴുവാണ്‌
പുഴു രാത്രിയില്‍ ഗ്രാമത്തിലൂടെ ഇഴഞ്ഞുപോകുന്നു
മോസസ്സ്  രാത്രിനക്ഷത്രങ്ങളെയും
മാലാഖമാരെയും നോക്കി ഉറങ്ങാതെയിരിക്കുന്നു.


തുന്നല്‍സൂചി കൊണ്ടു ജസീന്തയുടെ
കയ്യില്‍ ചോരപൊടിയുന്നു
എത്ര പുതുവസ്ത്രങ്ങളാണ് ആരെല്ലാമോ
അണിയുന്നത്‌ ?
അവള്‍ മെഴുകുതിരിക്കാലുകള്‍
ഹൃദയത്തോടടുപ്പിച്ചു നിശ്വസിച്ചു
ഈശോ,ഈശോയെന്നു പ്രാര്‍ത്ഥിക്കുന്നു.


മെഴുകുതിരിക്കു പിന്നാമ്പുറം
അവളുടെ ഉടഞ്ഞവസ്ത്രങ്ങള്‍ നിലാവിലുലയുന്നു
ഒരു നക്ഷത്രം പിടഞ്ഞു പൈന്‍മരത്തില്‍ മറയുന്നു
അവന്‍;ദാവീദ് ഒരു കുപ്പി പൊട്ടിക്കുന്നു
അവള്‍ പയ്യെ ഒച്ചയെടുക്കാന്‍ ശ്രമിക്കെ,
അവന്‍ അവളെ മെല്ലെ കരവലയങ്ങളിലാക്കി
മുന്തിരിത്തോട്ടത്തിലേക്ക് കൊണ്ടു പോകുന്നു
നിലാവില്‍ രണ്ട് അരയന്നങ്ങള്‍ തൂവല്‍ മിനുക്കുന്നു


അവന്‍ പറയുന്നു,പ്രിയേ
ഈ അരയന്നത്തെ പോലെ നീ,
ന്‍റെ പ്രേമവുമങ്ങനെ
അവള്‍  പറയുന്നു - പ്രിയനെ നീയോ?
പ്രാപ്പിടിയനെങ്കിലും നിന്‍റെ
പ്രേമം,മധുരിക്കുന്ന മുന്തിരിസത്ത്.
പ്രിയനെ എന്‍റെ അധരങ്ങളെ പാനം ചെയ്‍വിന്‍.
മോസസ്സ് നക്ഷത്രങ്ങള്‍ക്കിടയില്‍ മൂര്‍ച്ചിച്ചു വീഴുന്നു.


അമ്മച്ചിയെവിടെ? സ്വര്‍ഗ്ഗം തുറക്കുന്ന സമയമാണ്.
മാലാഖമാര്‍ വരുന്നില്ലല്ലോ ?
പഴുത്ത വ്രണങ്ങള്‍ പൂത്തുലയുന്ന തേയിലക്കാട്ടില്‍
മോസസ്സിന്‍റെ ചാച്ചന്‍ ഉറുമ്പരിച്ചു കിടക്കുന്നു
അയാള്‍ക്ക്‌ മുകളില്‍ ഒരു തമിഴത്തി
കുന്തിച്ചിരിക്കുന്നു.


ക്രിസ്തുമസ് കരോളില്‍
മോസസ്സിന്‍റെ മാലാഖമാര്‍ വിങ്ങിക്കരയുന്നു
ഇരുട്ടിപ്പോള്‍ നിശബ്ദമാണ്.
ഒരു കള്ളപ്പൂച്ച നക്ഷത്രത്തെ വകഞ്ഞു -
മാറ്റി മുറിയിലെത്തി വിളക്കൂതിക്കെടുത്തുന്നു
പുരുഷാരം ഉച്ചത്തില്‍ ഹലേലൂയ പാടുന്നു
പാവം ! മോസസ്സിന്‍റെ മാലാഖമാര്‍
ഇറങ്ങി വരുന്നതേയില്ല.

                                  

ഫോണ്‍ - 9895675207

1 comment:

Leave your comment