Saturday, October 16, 2010

ഹൃദയങ്ങളുടെ സുഹൃത്ത്‌

(ഗുരു നിത്യയ്ക്ക്)

മോഹന്‍കുമാര്‍.പി


റങ്ങാതെ ഉണരാതെ ഒരാള്‍
ഹൃദയങ്ങളോടൊട്ടിയിരുന്ന്
ബിഥോവന്‍റെ സിംഫണികളില്‍
നിറങ്ങള്‍ കൊരുക്കുന്നു.
ബ്രഹദാരണ്യകത്തില്‍ പ്രജാപതിയാകുന്നു.
ദത്തയും ദാമ്യതയും ദയത്വവുമാകുന്നു.മഞ്ഞുകുപ്പായത്തില്‍ നിന്നും രണ്ടു സൂര്യന്മാര്‍
ഒരു ഊന്നുവടിയോടു സ്നേഹസംവാദം നടത്തുന്നു.
ഗോതമ്പു വയലുകളില്‍ നിന്നും വാന്‍ഗോഗ്
ഹാറ്റില്‍ നിന്നും റൂമി
ഒളികണ്ണില്‍ നിന്നും ഇരട്ട സൂര്യന്മാര്‍
ഇരുളില്‍ നിന്നും സിംഹസമമൊരു നോട്ടം.
മൌനത്തില്‍ നിന്നും അഭിനവനും
അദ്വൈതവും,കാളീനാടകവും
കാള്‍സാഗനും.യുങ്ങിനോടൊപ്പം മലകയറി ഒരാള്‍
സൂര്യഗായത്രി ഉരുവിടുന്നു
അടുക്കളയില്‍ അച്ചാറുകളോടു
ധ്വനി രഹസ്യം തിരയുന്നു
നിജിന്‍സ്കിയുടെ അംഗലാവണ്യത്തില്‍
ഒപ്പേറ കളിക്കുന്നു
ക്രിസാന്തിമങ്ങള്‍ക്ക് ഒരു ഹൈക്കു
പാടി കൊടുക്കുന്നു.
 ബാഷയോടൊപ്പം മലമുകളില്‍
ചെറിപ്പഴങ്ങള്‍ പെറുക്കി നിലയ്ക്കാത്ത യാത്രയാകുന്നു.കുട്ടികളോടൊപ്പം മിഠായി നുണഞ്ഞു മുത്തശ്ശനാകുന്നു
കുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങി കരയുന്നു
ഉടന്‍ ഒരു മേഘം വന്നു മാനം മറയ്ക്കുന്നു
പെരുമഴയില്‍ കുടയില്ലാതെ,
മഴ നനയാതെ ഒരാള്‍ വീട്ടിലെത്തുന്നു.
 സെയ്ഗയോടൊപ്പം യോഷിമാ മലയില്‍
ഒരു 'വാക' രചിക്കുന്നു
മേഘമല്‍ഹാറില്‍ നിന്നും
അയ്യപ്പമഹാകവിയ്ക്ക് നിലാവിന്‍റെ ഗീതം വര്‍ഷിക്കുന്നു.ഒടുവില്‍ മഴയോടൊപ്പം
എല്ലാവരെയും കബളിപ്പിച്ചു
പ്ലംമരങ്ങളുടെ ഇടയിലേക്കോ
ഗന്ധര്‍വന്മാരുടെ നാട്ടിലേക്കോ
കടന്നു കളഞ്ഞിരിക്കുന്നു അയാള്‍ !
                                       
                                                                  O 


( 2008 ലെ തിക്കുറിശ്ശി കവിതാപുരസ്കാരം നേടിയ 'അയാള്‍ വെറും ഗോളിയാണ് ' എന്ന കവിതാസമാഹാരത്തില്‍ നിന്നും)PHONE - 9895675207

Saturday, October 2, 2010

ഒ.എന്‍.വി -

ആസുരതയുടെ തീവ്രതകളില്‍
വെളിച്ചത്തിന്‍റെ നേര്‍സാക്ഷി


ഇടക്കുളങ്ങര ഗോപന്‍                                 സാഹിത്യത്തില്‍,ഭാരതത്തിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠത്തിലെത്തുമ്പോഴും മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ഒ.എന്‍.വി, ചവറക്കാര്‍ക്ക്  എന്നും അവരുടെ സ്വന്തം അപ്പു. ചവിട്ടുന്ന കാല്‍പ്പാദങ്ങളില്‍ സ്വര്‍ണ്ണം പതിയുന്ന കരിമണലിന്‍റെ നാട്ടിലെ നേരും വീറും ഉയിര്‍ക്കൊണ്ട് നാടിനെയും ജനതയെയും ലോകത്തോളമുയര്‍ത്തിയ മഹാകവി.

                          ' ഇനിയും മരിക്കാത്ത ഭൂമി...! നിന്നാസന്ന -
                            മൃതിയില്‍ നിനക്കാത്മശാന്തി ... !
                            ഇത് നിന്‍റെ ( എന്‍റെയും ) ചരമശുശ്രൂഷയ്ക്ക്
                            ഹൃദയത്തിലിന്നേ കുറിച്ച ഗീതം...!'

                                     വര്‍ത്തമാനകാലത്തിന്‍റെ ഒരു കോണില്‍ നിന്നുകൊണ്ട്  മാനവികതയുടെ നാശത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് കവി, ചോരയുണങ്ങാത്ത വാക്കുകളാല്‍. അനുദിനം മൃത്യുവിന്‍റെ പടിക്കലേക്ക്‌ കാല്‍വെച്ച് നീങ്ങുന്ന ഭൂമിയുടെ കാതിലേക്ക് ഈ മുന്നറിയിപ്പ് പകരുകയാണ്   ' ഭൂമിക്കൊരു ചരമഗീതം ' തീര്‍ക്കലിലൂടെ; ഒരുപക്ഷെ വസുധയ്ക്ക് നല്‍കുന്ന കൃതഘ്നതയോടെയുള്ള പ്രണാമവും.

ആസുരതയുടെ തീവ്രതകളില്‍ വെളിച്ചത്തിന്‍റെ നേര്‍സാക്ഷിയായി എരിഞ്ഞുതീരാന്‍ ആഗ്രഹിക്കുന്ന പ്രിയകവി; നേരിടുന്ന നേരുകള്‍ക്കും അനുഭവിക്കുന്ന ഇച്ഛാഭംഗങ്ങള്‍ക്കും വേദനകള്‍ക്കും അര്‍ത്ഥം പകര്‍ന്ന് ഭാവഗീതങ്ങള്‍ കൊണ്ടും സ്നേഹഗീതങ്ങള്‍ കൊണ്ടും ഭാഷയെ സമ്പന്നമാക്കുന്ന മലയാളത്തിന്‍റെ പുണ്യം.                    
                           ചവറക്കാരുടെ 'അപ്പു'വിന്... മലയാളത്തിന്‍റെ പ്രിയപ്പെട്ട ഒ.എന്‍.വി ക്ക് കവിത ഒരു സൂര്യോദയത്തിന്‍റെ അത്ഭുതമായിരുന്നില്ല. ഏകാന്തതയുടെ അമാവാസിയില്‍ തന്‍റെ ബാല്യത്തിന് കൈവന്ന ഒരു തുള്ളി വെളിച്ചമായിരുന്നു. ആത്മാവിന്‍റെ ഉള്ളറയില്‍ പേനത്തുമ്പിലെ മഷിത്തുള്ളിയിലൂടെ വിതച്ചു വിളയിച്ച നൂറുമേനികള്‍. പൊള്ളുന്ന അനുഭവങ്ങളും യാഥാര്‍ത്ഥ്യങ്ങളും തോന്ന്യാക്ഷരങ്ങള്‍ക്ക് ഉപ്പും വളവുമായി.

 ചവറയിലെ വഴികള്‍ സ്നേഹാദരങ്ങളുടെ സാക്ഷിമുദ്രയായി നിശാഗന്ധിയുടെ നറുമണം പരത്തി നില്‍ക്കുന്ന ഒരു കവിയെ വാര്‍ത്തെടുത്ത അങ്കണവീഥികളാണ്. 'ഇല കൊഴിഞ്ഞ മരം', 'ചിറകൊടിഞ്ഞ പക്ഷി ', 'നിറഞ്ഞ നിശബ്ദത'..... 'മണ്ണില്‍ ഒരു പൂമ്പാറ്റയുടെ ജഡം അസുരനുറുമ്പുകള്‍ കടിച്ചുവലിച്ചു കൊണ്ടുപോകുന്നു'.... 'ഒരു വൃക്ഷത്തിന്‍റെ ക്ഷതശരീരം കെട്ടി വലിക്കുന്ന കുറേ മനുഷ്യര്‍' ... !  അവയില്‍ പലതും കവിതകളിലൂടെ കവി നമുക്ക് കാട്ടി തന്നിട്ടുള്ള ചവറയുടെ ദൃശ്യങ്ങള്‍. 
കവിയുടെ പാദസ്പര്‍ശമേറ്റ് പവിത്രമായ ചവറയിലെ മണ്ണ് ...
കരി പുരണ്ട ജീവിതങ്ങളുടെ കരിമണലിന്‍റെ നാട്.
കറുത്ത എലിമ്പിന്‍കൂടുകളായ മനുഷ്യരുടെ നീണ്ടനിരകള്‍, മണ്ണുകമ്പനിയില്‍ നിന്നും ഇരമ്പിയാര്‍ത്തിഴഞ്ഞുപോകുന്ന ഇടവഴികളിലെ ഇരുണ്ട സന്ധ്യകള്‍.
ആ മണ്ണിലെ മനുഷ്യരുടെ തിളക്കം. ശരീരത്തിലെ ആവിയായിപ്പോയ വിയര്‍പ്പിന്‍റെ ബാക്കിയായ ഉപ്പിന്‍റെ തിളക്കം. 
കവിയുടെ കണ്ണിലൂടെ ബോധത്തിന്‍റെ ഇടനാഴിയിലൂടെ അക്ഷരങ്ങളിലേക്ക് പടര്‍ന്നു കയറിയ ചവറയുടെ ചിത്രങ്ങള്‍...!


തീരദേശത്തെ കടലിരമ്പം കവിക്ക്‌ ആവേശമായിരുന്നു. കടല്‍ അദ്ദേഹത്തിനു തന്‍റെ വിങ്ങലും വേദനയും പ്രകടിപ്പിക്കുന്ന പ്രതീകമായിരുന്നു. സ്വന്തം അനുഭവങ്ങളുടെ ചുമടിറക്കി വെക്കുന്ന അത്താണി. അപ്പുവിന്‍റെ കാവ്യഭാവത്തില്‍ വിഷാദം ചാലിച്ച കടലോരസന്ധ്യകള്‍ ...വൈകാരികതയുടെ പ്രതീകമായ കടലിനും പഴയ ചായ്പ്പില്‍ ക്ലാവുപിടിച്ച ഓട്ടുവിളക്കിനുമിടയില്‍  അമര്‍ന്നുപോയ അനുഭവങ്ങളെ പെറുക്കിക്കൂട്ടുവാനാണ് കവിക്ക്‌ ചവറയെന്ന  ഗ്രാമം. 
ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിലും ഇടയ്ക്കിടെ കവി ചവറയിലെത്തും. അനുഭവങ്ങളുടെ ചുമടിറക്കി ഇളവേല്‍ക്കാന്‍...ഓര്‍മ്മയിലെ ബാല്യ-കൌമാരങ്ങളുടെ പടികയറാന്‍...തിരിച്ചു പോകുമ്പോള്‍ ഇന്നും മനസ്സ് മന്ത്രിക്കും ...
 'ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന -
തിരുമുറ്റത്തെത്തുവാന്‍ മോഹം.'
 ചവറ കവിക്ക്‌ പവിത്രമായ ഓര്‍മ്മകളുടെ  തിരുമുറ്റമാണ്‌, വാസനക്കാറ്റുപോലെത്തുന്ന  സതീര്‍ത്ഥ്യരുടെ നാട്.  
                                                                                   O

Phone - 9447479905