Saturday, July 28, 2012

സൂം ഇൻ - 5

സിനിമ
മുഞ്ഞിനാട്‌ പത്മകുമാർ
സിനിമയിലെ ചരിത്രനിർവ്വചനങ്ങൾ
          റ്റാലിയൻ സിനിമയുടെ കാരണവരിൽ ഒരാളായ പിയറെ പസോളിനിയുടെ 'സാലോ ഓർ 120 ഡെയ്സ്‌ ഓഫ്‌ സോദോം' (Salo OR 120 Days of Sodom) എന്ന സിനിമയിലെ ഒരു രംഗം ഓർമ്മ വരുന്നു. ഫാസിസ്റ്റുകളുടെ ക്രൂരമായ പീഢനചരിത്രത്തിൽ ജ്വലിച്ചു നിൽക്കുന്ന മൂന്ന് അധ്യായങ്ങളിലേക്കാണ്‌ പസോളിനി നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്‌. അമ്മയെ കൊന്നതിനാൽ ഞാൻ അഭിമാനിക്കുന്നു എന്നു വിളിച്ചു പറഞ്ഞ ഫാസിസ്റ്റിന്റെ മുന്നിൽ നിന്ന് ഒരു തടവുകാരി അലറിക്കരയുന്നു. അവളുടെ നിലവിളി ചരിത്രത്തിന്റെ ഇരുണ്ട അടയാളങ്ങളെ തീപിടിപ്പിക്കുന്നു. ഫാസിസത്തിന്റെ ജീർണ്ണത മുഴുവൻ അവരുടെ നിലവിളിയുടെ വിവിധ ഷോട്ടുകളിലൂടെ പസോളിനി ഒപ്പിയെടുക്കുന്നു. വൈകൃതത്തിന്റെയും വിസർജ്ജ്യത്തിന്റെയും രക്തത്തിന്റെയും രൂക്ഷഗന്ധം ഫ്രെയിമുകളിൽ നിന്ന് പുറത്തേക്കൊഴുകുന്നു. സർപ്പദംശനസദൃശ്യമായ തണുപ്പ്‌ നമ്മുടെ വരണ്ട കോശങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. ഒന്നുറക്കെ പൊട്ടിക്കരയുന്നതിനു മുൻപേ നാം നിലംപതിക്കുന്നു.


Pasolini

പസോളിനിയുടെ ജീവിതവും സിനിമയും തമ്മിൽ ഒരു നിമിഷത്തിന്റെ അകലം പോലുമില്ല. ഇറ്റലിയിലെ ബൊളോന്യയിൽ ജനിച്ച പിയർ പൗലോ പസോളിനിയുടെ കുട്ടിക്കാലം കവിതയും ചിത്രകലയും നിറഞ്ഞതായിരുന്നു. അഭിനേതാവായി കഴിഞ്ഞുകൂടിയ കാലത്ത്‌ സുഹൃത്ത്‌ ജ്വീൻ ക്‌സിളിന്‌ അയച്ച ഒരു സ്വകാര്യകത്തിൽ ദൃശ്യങ്ങളെ മെരുക്കിയെടുക്കുന്ന കൈയ്യൊതുക്കത്തെക്കുറിച്ച്‌ പസോളിനി സുദീർഘമായി എഴുതുന്നുണ്ട്‌. പസോളിനി എഴുതുന്നു- 'ഭംഗിയുള്ള ദൃശ്യങ്ങൾ തേടി നടന്ന പ്രതിഭാധനന്മാരിൽ അധികം പേരും അഗാധതയിൽ വീണു പരിക്കുപറ്റിയവരോ അംഗവൈകല്യം സംഭവിച്ചവരോ ആയിരിക്കും. തെരുവിൽ കെട്ടിക്കിടക്കുന്ന മലിനജലത്തിലേക്കാകും ഞാൻ ക്യാമറവയ്ക്കുക. ആർക്കും മെരുക്കിയെടുക്കാൻ കഴിയാത്തത്ര വേദനയുടെ ജലാശയം ഭൂമിയിലുണ്ടെന്ന് എനിക്ക്‌ ഒറ്റ ഷോട്ടിലൂടെ പറയാൻ കഴിയും.' ജീവിതകാലം മുഴുവൻ ഫാസിസത്തിനെതിരെ പോരാടിയ പസോളിനിയുടെ ദൃശ്യനിർവ്വചനത്തിന്‌ സദൃശ്യമായൊരു അനുഭവം നമുക്ക്‌ ഓർത്തെടുക്കാനാവില്ല. 'തിയറ'ത്തിൽ മരണത്തിന്‌ തൊട്ടുമുൻപ്‌ എങ്ങനെ പെരുമാറണമെന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്‌. നെഞ്ചിൽ കൈവെച്ച്‌ ആവുന്നത്ര ഉച്ചത്തിൽ ആകാശത്തെ നോക്കി ശബ്ദിക്കുക. നിങ്ങളുടെ നാവ്‌ പിഴുതെറിയുന്നതിനു മുൻപ്‌, ഹൃദയം പൊട്ടിപിളരും മുൻപ്‌, നിങ്ങൾ ഒരിക്കൽകൂടി ഭൂമിയെ നോക്കി ശബ്ദിക്കുക. നോക്കൂ, മരണം നിങ്ങളെ ആത്മാർത്ഥതയോടെ സ്വീകരിക്കുക തന്നെ ചെയ്യും. പസോളിനിയുടെ മരണം ആഘോഷിക്കാൻ പ്രാപ്തമായ മാനസികാരോഗ്യം നമുക്കിന്ന് കൈവന്നിട്ടില്ല.


ഫ്രെയിമുകളിൽ പകർത്താൻ കഴിയാത്തത്ര ആകാരവും പ്രജ്ഞയുമുള്ള പ്രതിഭയായിരുന്നു പസോളിനി. പസോളിനിയുടെ സിനിമാ നിർവ്വചനങ്ങൾക്കൊപ്പം പായുന്ന സംവിധായകമനസ്സാണ്‌ അലക്സാണ്ടർ സുഖ്‌റോവിന്റേത്‌. 'മോസ്കോ എലിജി' (1988), 'മദർ ആന്റ്‌ സൺ കൺഫഷൻ'(1998), 'ഫാദർ ആന്റ്‌ സൺ'(2003) എന്നീ ശ്രദ്ധേയങ്ങളായ സിനിമകളൊരുക്കുക വഴി അലക്സാണ്ടർ സുഖ്‌റോവ്‌ മുന്നോട്ടുവെക്കുന്ന ആശയതലം പുതിയകാലത്ത്‌ പുതിയ ചർച്ചകളിലേക്കുള്ള ജാലകങ്ങൾ തുറന്നിടുന്നു. 'സിനിമ കുട്ടിക്കളിയല്ല, എന്നാൽ കുട്ടിക്കളിയാണ്‌; മുതിർന്നവർക്കുള്ള കുട്ടിക്കളി' എന്നാണ്‌ സുഖ്‌റോവിന്റെ സിനിമാ നിർവ്വചനം.Alexander Sukhrov


മുതിർന്നവരുടെ കുട്ടിക്കളി ആദ്യന്തം അപകടം നിറഞ്ഞതായിരിക്കുമെന്ന സൂചന കൂടി സുഖ്‌റോവിന്റെ സിനിമാ നിർവ്വചനത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 'സേച്ഛാധിപതികളെ കുറിച്ച്‌ എനിക്ക്‌ സിനിമയെടുക്കാൻ കഴിയില്ല. പക്ഷേ, അവരിൽ നിന്നകന്ന്, അവർക്ക്‌ കാണാവുന്ന ദൂരത്തിൽ നിൽക്കുന്നവരെക്കുറിച്ച്‌ ഞാൻ സിനിമ ചെയ്യും' എന്നു വിളിച്ചു പറഞ്ഞ സുഖ്‌റോവിന്റെ 'മെൻ ഓഫ്‌ പവർ' എന്ന ചലച്ചിത്ര പരമ്പര ചരിത്രവിദ്യാർത്ഥികളും ഭരണാധിപന്മാരും ഒരുമിച്ചിരുന്ന് കണ്ട്‌ അനുഭവിക്കേണ്ടതാണ്‌. ചലച്ചിത്രം ഒരു പാഠപുസ്തകമായി പരിണമിക്കുന്ന കാഴ്ച ആദരവ്‌ നിറഞ്ഞതും അത്ഭുതകരവുമാണ്‌. പരമ്പരയിൽ ഉൾപ്പെട്ട 'മൊളോക്കി'യിൽ ഹിറ്റ്‌ലറും കാമുകിയായ ഇവാ ബ്രൗണും തമ്മിലുള്ള ഊഷ്മളമായ ബന്ധം അടയാളപ്പെടുത്തുമ്പോൾ പോലും സുഖ്‌റോവ്‌ പാലിക്കുന്ന ചില മര്യാദകളുണ്ട്‌. ചരിത്രവും നരവംശശാസ്ത്രവും ഉൾപ്പെടെയുള്ള പാരമ്പാര്യാനുഭവങ്ങളെയെല്ലാം സമന്വയിപ്പിച്ചു കൊണ്ടാണ്‌ ഹിറ്റ്‌ലർ - ഇവാ ബ്രൗൺ ബന്ധം അവതരിപ്പിക്കുന്നത്‌. 'ടോറസി'ൽ ലെനിനെ അവതരിപ്പിക്കുമ്പോൾ ചരിത്രത്തിന്റെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സിനിമ നീങ്ങുന്നത്‌. ചോദ്യങ്ങളേക്കാൾ ദൈർഘ്യമേറിയ ഉത്തരങ്ങൾ കൊണ്ടാകണം കാലത്തിനോട്‌ മറുപടി പറയേണ്ടതെന്ന ശാഠ്യം സുഖ്‌റോവിനുണ്ട്‌. അതാണ്‌ സുഖ്‌റോവിന്റെ സിനിമകളുടെ ചരിത്രനിർവ്വചനം.


O


PHONE : 9995539192PHOTOS : GOOGLE


സൂത്രധാരന്റെ സഭാപ്രവേശം

കവിത
സി.എൻ.കുമാർ

ടയിൽ നിന്ന്
ജീവിതത്തിലേക്ക്‌ പപ്പു
കൈപിടിച്ചു കേറ്റിയ പെൺകുട്ടി
ചിത്രശലഭമായി
പറന്നുപോയത്‌ പഴങ്കഥ.

ഇപ്പോൾ,
ജീവിതത്തിൽ നിന്നും
ഓടയിലേക്ക്‌
എത്ര പെൺകുട്ടികളെ തള്ളിയിടുന്നു.

കനേഷുമാരിയിൽപ്പെടാത്ത കുഞ്ഞുങ്ങൾ
തെരുവിലെ പട്ടികൾക്കൊപ്പം
കളിച്ചും പെടുത്തും നടക്കുന്നത്‌
മുഖം ചുളിച്ചു ക്യാമറയിൽ പകർത്തി
നാം അവാർഡു നേടുന്നു.

ചേരികളിലാണോ
നിങ്ങൾ പറയുന്ന
കുടിപ്പകകളും തീവ്രവാദവും
മുളച്ചുയരുന്നത്‌ ?
എന്റെ കണ്ണിൽ
അതൊന്നും കാണാത്തത്‌
പുഴു നുരയ്ക്കുന്ന
ജീവന്റെ വടുക്കളിൽ
തൊട്ടുനിൽക്കുന്നതിനാലാവാം.

വരമ്പരികിലേക്ക്‌
വലിച്ചെറിഞ്ഞ നന്മണികൾ
കളകളുടെ കൂട്ടാളികൾ
അവിടെയല്ലോ എൻ കവിതയിൽ
മുളകരച്ച വാക്കുകൾ
തഴച്ചുയർന്നതും.

ചിരിയ്ക്കരുത്‌ ....

സിംഹാസനച്ചുവട്ടിൽ
അടയിരിക്കുന്ന ദ്രോണജന്മങ്ങൾ
അരിഞ്ഞെടുത്ത വാക്കുകൾ
പുനർജ്ജനിക്കുന്നത്‌
അനാഥബാല്യങ്ങളുടെ നാവിലാണ്‌.

ഓലപ്പഴുതിലൂടെ ഒളികണ്ണിടുന്ന സൂര്യൻ
കാണുന്നുണ്ട്‌, കനൽപ്പരുവമാർന്ന
ഉരുക്കുകഷ്ണങ്ങൾ
വാളുകൾക്ക്‌ ജന്മം കൊടുക്കുന്നതും
നേർച്ചക്കോഴികളെ
തർപ്പണം ചെയ്യാൻ ആജ്ഞാപിക്കുന്നതും.

പിന്നെയും നീ ചിരിയ്ക്കരുത്‌ ....

നിന്നിലെ ദ്രൗണിസത്വം ഉറഞ്ഞുണരുന്നത്‌
നിഴൽപ്പാടുപോലെ തെളിയുന്നു.

എനിക്കിനിയും പറയാനുണ്ട്‌.

നന്തുണി തല്ലിയുടച്ചാൽ
നാവരിഞ്ഞാൽ
അത്‌ നിലയ്ക്കില്ല
കാരണം ഞാൻ പറഞ്ഞത്‌
ശിലാരേഖകൾ പോലെ
കാറ്റിന്നലകളിൽ
കൽപാന്തത്തോളം .....
(നാവു നിലത്തുവീണ്‌ പിടയ്ക്കുന്നു)
ഭരതവാക്യം ആരിനി ചൊല്ലും?
അശുഭമസ്തു ....


O
 
PHONE : 9847517298
Saturday, July 21, 2012

തിരുവനന്തപുരത്തെ ഇരുട്ട്‌

കഥ
വിനോദ്‌ ഇളകൊള്ളൂർ      നേരം സന്ധ്യയോടടുക്കുന്നു. കുമാരന്റെ ചായക്കടയിൽ നാലഞ്ചുപേരുണ്ട്‌. കുമാരൻ അവർക്കുള്ള ചായ വീശി പാകമാക്കുന്നു. കുമാരന്റെ ഭാര്യ മീനാക്ഷി അടുക്കളയിൽ നാളെ കാലത്തേക്ക്‌ ദോശയ്ക്കുള്ള ഉഴുന്ന് വെള്ളത്തിലിടുന്നു. എല്ലാ വൈകുന്നേരവും കുമാരന്റെ ചായക്കടയിൽ കാണപ്പെടാറുള്ള ഇത്തരം പതിവുദൃശ്യങ്ങൾ മുറതെറ്റാതെ ഈ വൈകുന്നേരവും സംഭവിച്ചു കൊണ്ടിരിക്കുന്നു.

പണ്ടെങ്ങോ പഴങ്ങളുണ്ടായിരുന്നതിന്റെ ഗൃഹാതുരത അയവെട്ടി വാഴക്കുലകളുടെ ഉണങ്ങിക്കരിഞ്ഞ കാളാമുണ്ടങ്ങൾ മച്ചിലെ കയറിൽ ചുരുണ്ടുകിടന്നു. എണ്ണമയത്തിൽ നിത്യവും കുതിരുന്ന അലമാര വെള്ളെഴുത്തു വീണ ചില്ലുകളിലൂടെ വടയും ബോണ്ടയും തന്നാലാവും വിധം പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ചെളിപുരണ്ട കറുത്ത ഡെസ്കുകളും ബഞ്ചുകളും നാണത്തോടെ നടുവളച്ചു കിടന്നു. പട്ടയമില്ലാതെ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന എലുകകളിലൂടെ ഉറുമ്പുകളുടെ നീണ്ടനിര തിരക്കിട്ടു നീങ്ങുന്നു. ചെളിവെള്ളം കെട്ടികിടക്കുന്ന അടുക്കളമുറ്റത്ത്‌ കാക്കകളുമായി പോരിന്‌ തുനിയുന്ന കൊടിച്ചിപ്പട്ടിക്ക്‌ നേരെ മീനാക്ഷി വിറകുകൊള്ളി എറിയുന്നു. എല്ലാം ആവർത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകൾ തന്നെ.

കുമാരൻ ചായ അടിച്ചു കഴിഞ്ഞിരുന്നു. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചുമുള്ള ശക്തമായ അടികളേറ്റ്‌ നീരുവന്നു വിങ്ങിയതു പോലെ പതഞ്ഞുനേണ ചായയിലേക്ക്‌ വിരലുകൾ വീഴ്ത്തി ഗ്ലാസുകളെടുത്ത്‌ കുമാരൻ ഡസ്കിന്മേൽ ഉച്ചത്തിൽ വെച്ചു. വർത്തമാനം പറഞ്ഞുകൊണ്ടിരുന്നവർ ഗ്ലാസെടുത്ത്‌ ചുണ്ടോടു ചേർക്കുമ്പോൾ കടയ്ക്കു മുന്നിൽ വലിയൊരു ഒച്ച കേട്ടു.

ഓടിക്കിതച്ചുവന്ന ഒരു കാർ കലുങ്കിൽ തട്ടി പാടത്തേക്ക്‌ തലകുത്തനെ വീണതിന്റെ ഒച്ചയായിരുന്നു അത്‌. കുമാരനും കടയിലും പരിസരത്തും ഉണ്ടായിരുന്നവരും പരിഭ്രാന്തിയോടെ അങ്ങോട്ടോടി. തകർന്നു തരിപ്പണമായ കാറിൽ നിന്ന് അവർ ഒരു ചെറുപ്പക്കാരനെ പുറത്തെടുത്തു. ചോരവാർന്ന് ബോധം കെട്ടുകിടക്കുന്ന അയാളെ  ഇനിയെന്തു ചെയ്യണമെന്നറിയാതെ അവർ പരസ്പരം നോക്കി നിൽക്കേ, കാഴ്ച കാണാൻ ബ്രേക്കിട്ട ഓട്ടോ ഡ്രൈവർ രാജേന്ദ്രനോട്‌ കുമാരൻ പറഞ്ഞു - "വണ്ടി തിരിക്കെടാ, ആശുപത്രീലോട്ട്‌ പോണം."

ചോരയിൽ കുതിർന്ന ചെറുപ്പക്കാരന്റെ മൃതപ്രായമായ ശരീരം കുമാരൻ കോരിയെടുത്തു കൊണ്ടുവരുന്നത്‌ കണ്ട്‌ രാജേന്ദ്രൻ അസ്വസ്ഥതയോടെ പറഞ്ഞു- "കുമാരേട്ടാ, പോലീസിലറിയിക്കുന്നതാ ബുദ്ധി ..."

ചെറുപ്പക്കാരനെ ഓട്ടോയിലേക്ക്‌ കിടത്തി കുമാരൻ വെറുളിയെടുത്തു- "മനുഷ്യൻ ചാവാൻ കിടക്കുമ്പോഴാ, പോലീസും പട്ടാളോം."

ഓട്ടോറിക്ഷയിലേക്ക്‌ കയറി ചെറുപ്പക്കാരന്റെ  തല മടിയിലേക്ക്‌ എടുത്തുവെച്ച്‌ കുമാരൻ പുറത്തേക്ക്‌ നോക്കി വിളിച്ചു ചോദിച്ചു - "ആരെങ്കിലും വരുന്നുണ്ടോ?"

എല്ലാവരും പരസ്പരം നോക്കി ആ ചോദ്യം നിശ്ശബ്ദം ആവർത്തിക്കേ, അയാൾ രാജേന്ദ്രനോട്‌ നിർദ്ദേശിച്ചു- "നീ ആശുപത്രീലോട്ട്‌ വിട്‌"

ലൈറ്റിട്ട്‌ ഹോൺ മുഴക്കി ഓട്ടോറിക്ഷ പായാൻ തുടങ്ങുമ്പോൾ കടയിലേക്ക്‌ നോക്കി കുമാരൻ വിളിച്ചു പറഞ്ഞു- "മീനാക്ഷിയേ, ഞാൻ കൊറച്ച്‌ താമസിക്കും..."

ഓട്ടോറിക്ഷയുടെ പറക്കലിൽ, സീറ്റിൽ നിന്ന് വേച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ ശരീരത്തെ കുമാരൻ കുറേക്കൂടി ഇറുകെപ്പിടിച്ചു.


2


നേരം രാത്രിയോടടുത്തു.
പത്തനാപുരം ഗവൺമെന്റ്‌ ആശുപത്രിയുടെ മുറ്റത്തെ രോഗാതുരമായ അന്തരീക്ഷത്തിലേക്ക്‌ രാജേന്ദ്രന്റെ ഓട്ടോറിക്ഷ മരണവെപ്രാളത്തോടെ പാഞ്ഞെത്തി നിന്നു. കുമാരൻ ചാടിയിറങ്ങി വിളിച്ചു പറഞ്ഞു- "വണ്ടി മറിഞ്ഞതാ.."

അറ്റൻഡർമാർ തിടുക്കപ്പെട്ട്‌ ചെറുപ്പക്കാരനെ സ്ട്രെച്ചറിൽ കിടത്തി അത്യാഹിതവിഭാഗത്തിലേക്ക്‌ ഓടി. അവർക്ക്‌ പിന്നാലെ പുറപ്പെട്ട കുമാരനെ തോണ്ടി വിളിച്ച്‌ മാറ്റി നിർത്തി രാജേന്ദ്രൻ പറഞ്ഞു - "നമുക്ക്‌ പോയേക്കാം കൊച്ചാട്ടാ. പുലിവാല്‌ പിടിക്കുന്ന കേസാ. ഇനി ആശുപത്രിക്കാര്‌ നോക്കിക്കോളും."

കുമാരൻ പൊട്ടിത്തെറിച്ചു-"പോടാ കഴുവേറടമോനേ. നിനക്ക്‌ ഇത്ര മനുഷ്യത്വമില്ലാതായല്ലോ. നിന്നേപ്പോലൊരു ചെറുപ്പക്കാരനല്ലിയോ അതും. നിനക്കുമുണ്ടല്ലോ വണ്ടീം വള്ളവുമൊക്കെ. ഒന്നു കണ്ണുതെറ്റിയാ ഇതാ ഗതിയെന്നോർത്തോണം ... "

രാജേന്ദ്രൻ പരുങ്ങിപ്പറഞ്ഞു- "അതല്ല കൊച്ചാട്ടാ. തൊന്തരവ്‌ പിടിച്ച കേസാ. കൊച്ചാട്ടൻ പറഞ്ഞതുകൊണ്ടാ ഞാനിത്‌ വണ്ടിയേൽ കയറ്റിയത്‌."

"നിനക്ക്‌ വയ്യെങ്കി നീ നിന്റെ പാട്ടിന്‌ പോടാ..." എന്നു പറഞ്ഞ്‌ കുമാരൻ അത്യാഹിത വിഭാഗത്തിലേക്ക്‌ ഓടി.

ഒരു നിമിഷം ആലോചിച്ച്‌ നിന്ന ശേഷം രാജേന്ദ്രൻ വണ്ടി തിരികെ വിട്ടു.

അത്യാഹിതവിഭാഗത്തിലെ തിരക്കിലൂടെ ഊളിയിട്ട്‌ നടക്കുന്ന കുമാരനെ അറ്റൻഡർ തോണ്ടി വിളിച്ചു. "താനല്ലേ ആ പയ്യനെയും കൊണ്ടുവന്നത്‌ ..."

"എങ്ങനൊണ്ട്‌ സാറേ. ചോര കൊറേപ്പോയതാ ..." കുമാരൻ ചോദിച്ചു.

"സ്വൽപം സീരിയസാ. മെഡിക്കൽ കോളേജിലോട്ട്‌ റഫറ്‌ ചെയ്തിട്ടുണ്ട്‌..."

കുമാരൻ വല്ലാതെ കലങ്ങിപ്പോയി. നെഞ്ചത്ത്‌ തൊട്ട്‌ അയാൾ പതം പറഞ്ഞു - "കഷ്ടമായല്ലോ ഭഗവാനേ. ആദ്യമായിട്ടാ എന്റെ കടയ്ക്കു മുന്നിൽ ഇങ്ങനൊരു സംഭവം. അതും ചോരേം നീരുമുള്ള ചെറുപ്പക്കാരൻ ..."

"ആംബുലൻസുണ്ട്‌. താൻ വാ..." അറ്റൻഡർ നടന്നു. വെപ്രാളത്തോടെ കുമാരൻ പിന്നാലെ പുറപ്പെട്ടു.


3


വൈകിയ രാത്രിനേരത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ മുകളിൽ സൂര്യൻ അസ്തമിച്ചിട്ടില്ലല്ലോയെന്ന് കുമാരൻ വിസ്മയിച്ചു. വെളിച്ചത്തിന്‌ ഇങ്ങനെയും ഇരുട്ടിനെ തിന്നു തീർക്കാൻ കഴിയുമോ എന്നായിരുന്നു അയാൾ സംശയിച്ചത്‌. തന്റെ ചായക്കടയ്ക്ക്‌ മുന്നിലെ വഴിവിളക്ക്‌ അതിന്‌ ആകാവുന്ന മഞ്ഞവെളിച്ചം മുഴുവൻ വീഴ്ത്തിയിട്ടും ആ ചെറുവട്ടത്തിനപ്പുറം ഇരുട്ട്‌ പതുങ്ങി നിൽക്കാറുണ്ടല്ലോയെന്ന് കുമാരൻ ഓർത്തു. ഓപ്പറേഷൻ തീയേറ്ററിന്‌ പുറത്തെ നീളൻവരാന്തയുടെ മൂലയിലിരുന്ന് കുമാരൻ കോട്ടപ്പാറയപ്പൂപ്പന്‌ മൂന്നാമതും ഒരു കോഴിയെ നേർന്നു. അകത്തേക്ക്‌ കൊണ്ടുപോയ ചെറുപ്പക്കാരനെ നേരം ഏറെ കഴിഞ്ഞിട്ടും പുറത്തുകണ്ടില്ല. ഉറക്കം കണ്ണുകളിൽ തൂങ്ങിയാടാൻ തുടങ്ങിയപ്പോൾ രക്തക്കറ പുരണ്ട തോർത്ത്‌ വരാന്തയിൽ വിരിച്ച്‌ കുമാരൻ കിടന്നു. ഇടയ്ക്കൊന്ന് ഞെട്ടിയുണർന്ന് അയാൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. മുന്നിലൂടെ തിരക്കിട്ടുപോകുന്നവർക്കിടയിൽ നിന്ന് നേരത്തേ കണ്ട ഒരു നഴ്സിനോട്‌ അയാൾ ചോദിച്ചു - "പത്തനാപുരത്തൂന്ന് കൊണ്ടുവന്ന ആ പയ്യന്‌ എങ്ങനൊണ്ട്‌ സാറേ "

"വാർഡിലോട്ട്‌ മാറ്റി. അയാളുടെ ബന്ധുക്കളൊക്കെ വന്നിട്ടുണ്ട്‌..." നഴ്സ്‌ ചൂണ്ടിക്കാട്ടിയ മുറിയിലേക്ക്‌ കുമാരൻ നടന്നു. പാതി ചാരിയിരുന്ന വാതിലിലൂടെ എത്തിനോക്കിയപ്പോൾ കട്ടിലിൽ കിടക്കുന്ന ചെറുപ്പക്കാരനെ ഭാഗികമായി കാണാമായിരുന്നു. അവൻ ആരോടോ സംസാരിക്കുകയായിരുന്നു.

"എന്റെ കോട്ടപ്പാറ അപ്പൂപ്പാ" എന്ന് നിശ്വസിച്ച്‌ കുമാരൻ പുറത്തേക്ക്‌ നടന്നു.


4


കെ.എസ്‌.ആർ.ടി.സി ബസിന്റെ പിൻസീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന കുമാരനെ തട്ടിവിളിച്ച്‌ കണ്ടക്ടർ ചോദിച്ചു - "എങ്ങോട്ടാ, ടിക്കറ്റെടുത്താട്ടെ..."

കുമാരൻ ഉറക്കത്തിൽ നിന്നുണർന്ന് ചുറ്റും നോക്കി. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. മെഡിക്കൽ കോളേജിനു മുന്നിലൂടെ വന്ന ബസിൽ പത്തനാപുരം എന്ന ബോർഡ്‌ കണ്ട്‌ ഓടിക്കയറിയതും ഇരുന്നപാടെ ഉറങ്ങിപ്പോയതും അയാൾക്ക്‌ ഓർമ്മ വന്നു.

"ടിക്കറ്റ്‌ പറഞ്ഞാട്ടെ..." എന്ന് കണ്ടക്ടർ പിന്നെയും ധൃതി കൂട്ടി. കുമാരൻ കൈലിമുണ്ടിന്റെ തെറുത്തുവെച്ച മടി പരതി. അവിടം ശൂന്യമായിരുന്നു. അയാൾ കണ്ടക്ടറെ നോക്കി മഞ്ഞളിച്ചു ചിരിച്ചു. അപ്പോഴാണ്‌ കണ്ടക്ടർ ചോര ഉണങ്ങിയ പാടുകളുള്ള കുമാരന്റെ വേഷം ശ്രദ്ധിച്ചത്‌.

"താൻ ആരെയെങ്കിലും കൊന്നിട്ടു വരുവാന്നോടോ?" എന്ന ചോദ്യത്തിനു പിന്നാലെ യാത്രക്കാർ ഒന്നടങ്കം കുമാരനെ തുറിച്ചു നോക്കാൻ തുടങ്ങി.

കുമാരൻ ഒരു വിശദീകരണത്തിന്‌ തുനിയുന്നതിന്‌ മുമ്പ്‌ കണ്ടക്ടർ ബെല്ലടിച്ചു. തൊട്ടുപിന്നാലെ യാത്രക്കാരുടെ പിറുപിറുപ്പ്‌ ഉച്ചത്തിലായി.

തനിക്ക്‌ മുന്നിലെ കൊടുംവളവിലേക്ക്‌ അപ്രത്യക്ഷമായ ബസിന്റെ വെളിച്ചം അറ്റതോടെ കുമാരൻ ഇരുട്ടിന്റെ കാട്ടുപൊന്തയിൽ തനിച്ചായി. കണ്ണുകൾ ആകാവുന്നത്ര തുറിപ്പിച്ചിട്ടും അയാൾക്ക്‌ ഒന്നും വ്യക്തമായില്ല. ഏതു നട്ടപ്പാതിരയ്ക്കും കണ്ണുകളിങ്ങനെ തുറിപ്പിച്ച്‌ വഴി കണ്ടെത്തി താൻ നാട്ടിലൂടെ എത്രയോ തവണ നടന്നിട്ടുണ്ടെന്ന് അയാൾ ഓർത്തു.

ഓരോ നാട്ടിലും ഇരുളും വെളിച്ചവും ഓരോ തരത്തിലായിരിക്കുമെന്ന് അയാൾ വിചാരിച്ചു.


O


PHONE : 9447779152പറങ്കിച്ചുവപ്പ്

കവിത
രാജൻ കൈലാസ്‌
റങ്കിമാങ്ങകൾ
കൊരുത്തൊരീർക്കിലായ്‌
മലകളെപ്പാളം
തുരന്നുപോകുന്നു...

ഇടയ്ക്കിടയ്ക്കിരുൾ-
തുരുത്തുകൾ താണ്ടി
ഇരച്ചുപായുമീ-
ട്രെയിനിനുള്ളിൽ ഞാൻ
ഇരിക്കവേ മുന്നിൽ
ചിരിച്ചു നിൽക്കുന്നു
പറങ്കിമാമ്പഴം
തുടുത്ത പെണ്ണിവൾ...
കരഞ്ഞുണങ്ങിയ
മിഴിമിനുക്കങ്ങൾ
കരങ്ങളിൽ കത്തി-
ക്കരിഞ്ഞ പാടുകൾ ...
ട്രെയിനിനുള്ളിലായ്‌
കളിക്കോപ്പും പിന്നും
വളകളും വിൽക്കാൻ
കടന്നു വന്നവൾ...
പറങ്കിമാങ്ങകൾ
പഴുത്തു നിന്നൊരു
പഴങ്കഥയിലെ
ചവർപ്പുനീരുകൾ
പതഞ്ഞു പൊങ്ങുന്നു
പുതിയ ജീവിതം
കുതിക്കുന്നു കൊങ്കൺ-
റെയിൽപ്പഥങ്ങളിൽ
പറങ്കി മുത്തശ്ശി
പറന്നു പോകുമ്പോൾ
പകർന്നു നൽകിയ
പകിട്ടും മോടിയും
പുണർന്നു കൊണ്ടിവൾ
പുകഞ്ഞ ജീവിത-
ത്തിരികളിൽ വീണ്ടും
തിലം നനയ്ക്കുന്നു...

(2)

ഇതു ഗോവ സ്റ്റേഷൻ,
ഇറങ്ങി ഞാൻ രാവിൽ
ഇരന്നു നിൽപ്പവൾ
ചിരിച്ച കണ്ണുമായ്‌...
ചിരിക്കുമ്പോഴെന്റെ
മകൾ ചിരിച്ചപോൽ
നുണച്ചുഴികളും
ചുവന്ന പൂക്കളും.
"തനിച്ചല്ലേ അങ്കിൾ!വരുന്നുവോ വീട്ടിൽ
ഉറക്കം വിശ്രമം
പുലർച്ചേ പോയിടാം.
പറങ്കിമാങ്ങ തൻ
മധുരവും ഇളം-
ലഹരിയും കൂട്ടും
നുണഞ്ഞു പോയിടാം"
ഉടലുണർത്തിയുംമിഴി കൊളുത്തിയും
ഒരു മുത്തം ചുണ്ടി-
ലൊരുക്കി നിൽപ്പവൾ....
പകച്ചു ഞാൻ നിൽക്കേ
കരച്ചിലിൻ വക്കിൽ
കരം പിടിച്ചെന്നെ
വലിക്കയാണവൾ ....
"കടന്നുപോയ്‌ അച്ഛൻ,
കിടപ്പിലാണമ്മ
മരുന്നിനു പോലും
തികയില്ല, അങ്കിൾ!"
സിമന്റുബഞ്ചിൽ ഞാൻ
തളർന്നിരിക്കവേ
അകലെ മറ്റൊരാൾ,
നടന്നുപോയ്‌ അവൾ...

OPHONE : 9497531050
Saturday, July 14, 2012

e-ലകളുടെ ഗന്ധങ്ങൾ


പുസ്തകം
ഇടക്കുളങ്ങര ഗോപൻജ്ഞാനപീഠജേതാവ്‌ തകഴി ശിവശങ്കരപ്പിള്ളയുടെ 'കീറപ്പഴന്തുണി' എന്നൊരു കഥയുണ്ട്‌. രാജസദസ്സിലേക്ക്‌ എവിടെ നിന്നോ പറന്നുവീഴുന്ന കീറപ്പഴന്തുണിയാണ്‌ കഥയിലെ വിഷയം. കാലമാകുന്ന കാറ്റ്‌ ഒരു കീറപ്പഴന്തുണി രാജസദസ്സിലേക്ക്‌ കൊണ്ടിടുകയായിരുന്നു, ഒരോർമ്മപ്പെടുത്തൽ പോലെ. രാജാവും അനുചരന്മാരും മാത്രമല്ല, ഒരു കീറപ്പഴന്തുണിക്കും രാജ്യത്തു പ്രസക്തിയുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലായിരുന്നു, അത്‌. 


ഇതോർക്കാൻ കാരണം 'പൂക്കളേക്കാൾ മണമുള്ള e-ലകൾ' എന്ന കഥാസമാഹാരമാണ്‌. പൂക്കൾക്ക്‌ മാത്രമല്ല മണമുള്ളത്‌, പൂക്കളേക്കാൾ മണമുള്ള ഇലകളും കൂടിയുണ്ടെന്ന് ഈ സമാഹാരത്തിലെ കഥകൾ ഓർമ്മപ്പെടുത്തുകയാണ്‌. ഇതൊരു പ്രതിരോധമാണ്‌. കാലഹരണപ്പെട്ട പ്രതിരോധസാഹിത്യം  ഉയിർത്തെഴുന്നേൽക്കുന്നതിന്റെ പെരുമ്പറയാണ്‌ ഈ കഥാസമാഹാരം. ബ്ലോഗുകളിലും സോ‍ഷ്യൽ നെറ്റ്‌വർക്കുകളിലുമായി പ്രകാശിപ്പിക്കപ്പെട്ട പതിനാലു കഥകളുടെ സമാഹാരമാണ്‌ 'പൂക്കളേക്കാൾ മണമുള്ള e-ലകൾ'.


ഓരോരുത്തരും ഭൂമിയിൽ വരുന്നത്‌ ചില രേഖകൾ വരച്ചു പോകാനാണ്‌. ഇതിലെ 14 കഥാകൃത്തുക്കൾ അവർ ഭൂമിയിൽ വന്നതിന്റെ അടയാളപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു, ഈ സമാഹാരത്തിൽ. ഓരോ അടയാളങ്ങളും വ്യത്യസ്തമാണ്‌. ചിലത്‌ പെട്ടെന്ന് മാഞ്ഞുപോകും. മറ്റു ചിലത്‌ തെളിഞ്ഞു തെളിഞ്ഞു കത്തും. പെട്ടെന്ന് മായുന്ന കഥകളും തെളിഞ്ഞു കത്താവുന്ന കഥകളും ഇതിലുണ്ട്‌. ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ മുതിരാതെ കഥകളിലൂടെ നടത്തിയ യാത്ര മാത്രമാണിത്‌. ഈ യാത്രയിൽ 14 കഥാകൃത്തുക്കളുടെയും ഒളിമിന്നലുകൾ കാണാനാകും.


മനസ്സിലെ ക്ഷോഭത്തിന്റെ തീവ്രസാധ്യതകളാൽ വൈകാരികതയുടെ കൊടികളുയർത്തുകയാണ്‌ മനോജ്‌ വെങ്ങോലയുടെ 'നോവൽ സാഹിത്യം' എന്ന കഥ. പരീക്ഷാകാലത്തെ കവച്ചുവെച്ച്‌ പ്രണയിനിയുടെ സാമീപ്യമണഞ്ഞ ശിവൻ പിറക്കാട്ടിന്റെ ജീവിതത്തെ വിശ്രുതരായ കഥാകൃത്തുകളുടെ ഇടവഴിയിലൂടെ ആട്ടിത്തെളിക്കുമ്പോൾ ഒരിക്കലും കൂടണയാത്ത ജീവിതത്തിന്റെ കഥാസാരം ആശുപത്രിവരാന്തയിലെ നിഴൽരൂപങ്ങളായി കഥനം ചെയ്യുകയാണ്‌. ജീവിതവും ജീവിതസമരവും തീഷ്ണനൊമ്പരത്തിന്റെ മൂടുപടമിട്ട്‌ സഹനത്തിന്റെ ജ്ഞാനസ്നാനത്തിൽ ഒരുക്കുകയാണിവിടെ. പ്രമേയപരമായും ആഖ്യാനപരമായും നൂതനമായ സങ്കേതമാണ്‌ ഈ കഥയിൽ കാണാനാവുന്നത്‌. ബാല്യത്തിൽ ശിവൻ പിറക്കാടിനെ വിട്ടെറിഞ്ഞു പോയ അമ്മയുടെ കുട്ടിക്കൂറ പൗഡർമണം കഥാകൃത്ത്‌ നമ്മെയും അനുഭവിപ്പിക്കുകയാണ്‌.

പ്രതീകാത്മകതയുടെ ആവിഷ്കാരസാദ്ധ്യതകളാൽ ജീവസാന്നിധ്യമറിയിക്കുന്ന ജന്തുശാസ്ത്ര പാഠങ്ങളാണ്‌ നിധീഷ്‌.ജി യുടെ ‘ഹൈഡ്ര’യിൽ. മനസ്സിൽ, ഉറയിൽ നിന്നുമൂരിയെടുത്ത ശൗര്യത്തിന്റെ വാൽത്തല മിന്നിക്കുകയാണ്‌ - ഒൻപതു തലകളും നീണ്ടകൈകാലുകളുമുള്ള 'ഹൈഡ്ര' എന്ന തികച്ചും പ്രതീകാത്മക കഥാപാത്രത്തിലൂടെ! പച്ചോല കൊണ്ട്‌ മെടഞ്ഞെടുത്ത 'ഒടഞ്ചി' സാമൂഹികജീവിതത്തിൽ മുളച്ചുപൊന്തിവരുന്ന ദുർവാസനകളുടെ കെണിയാണ്‌. കാർക്കിനസിനെ മുൻനിർത്തിയുള്ള യുദ്ധപ്രഖ്യാപനം പരാജയപ്പെടുമ്പോൾ ആത്മരോഷത്തിന്റെ പടി കയറാനാകാതെ പാതിവഴിയിൽ ശൗര്യം നഷ്ടപ്പെട്ട യോദ്ധാവാകുകയാണ്‌ മനുഷ്യനെന്ന്, ഒളിയമ്പു തൊടുക്കുകയാണ്‌  'ഹൈഡ്ര'യിലൂടെ ശ്രീ.നിധീഷ്‌.ജി.

പുതിയകാലത്തിന്റെ പ്രത്യേകതകൾ അടയാളപ്പെടുത്തിയതാണ്‌ ഉബൈദിന്റെ 'സ്പെസിഫിക്‌ ഗ്രാവിറ്റി'. ആജ്ഞാനുവർത്തികളായ പ്രവാസികളുടെ ജീവിതഭാരവും തിടുക്കവും ഈ കഥയിൽ കാണാം. അഭ്യസ്തവിദ്യരുടെ ജീവിതത്തെക്കുറിച്ചുള്ള ആകുലതകളും തീക്ഷ്ണമായ കാലത്തിന്റെ തിടമ്പെടുപ്പുകളും കഥയുടെ ഹൈലൈറ്റാണ്‌. വലിയവരുടെ നിസ്സാരതകളിൽ ചെറിയവരുടെ ജീവിതം താങ്ങുനൽകുന്നതിന്റെ ചിത്രം. വേവിച്ച മാംസം കഴിക്കുന്നതുകൊണ്ടു മാത്രം ചോരയുടെ ഗന്ധം അറിയാതെ വളരുന്ന മൃഗതുല്യരായ ഒരു തലമുറയുടെ നേർചിത്രം കൂടിയാണ്‌ ഈ കഥ. 

അഴിമതിയും സ്വജനപക്ഷപാതവും മൂടിവെക്കാനും സുഖലോലുപതയ്ക്കായി തനിക്ക്‌ കീഴുലുള്ളവരെ ഉപയോഗിക്കുന്നതും സ്ഥാനവും സൽപ്പേരും നിലനിർത്താനായി കീഴ്ജീവനക്കാരികളെ ഉന്നതർക്കായി കാഴ്ചവെക്കുകയും ചെയ്യുന്ന പ്രാദേശിക ഉദ്യോഗസ്ഥമേധാവിയുടെ ജീവിതത്തിന്റെ അനാവരണമാണ്‌ പ്രദീപ്‌ കുമാറിന്റെ 'ഖരമാലിന്യങ്ങൾ' എന്ന കഥ. പുതിയകാലത്തിലെ, എന്തിനും വഴങ്ങുന്നവരുടെ പ്രതിനിധീകരണമാണ്‌ കഥയിലെ കേന്ദ്രകഥാപാത്രം. എല്ലാ ദുഷ്‌കർമ്മങ്ങൾക്കും കൂട്ടുനിന്ന് കൂട്ടുനിന്ന് താനൊരു ഖരമാലിന്യമാകുന്നതായും ഇങ്ങനെയുള്ള ഏതൊരാളിന്റെയും ജീവിതം അവൻ ആരായാൽ തന്നെയും വെറുമൊരു ഖരമാലിന്യമാണെന്ന സന്ദേശമാണ്‌ ഈ കഥയുടെ സത്ത. 

മാനസികനില തെറ്റിയ സ്ത്രീയുമായി ആദ്യമായി അബദ്ധത്തിൽ സംഭവിച്ച ലൈംഗിക ബന്ധത്തിന്റെ കഥയാണ്‌ മനോജ്‌.വി.ഡി യുടെ 'ആദ്യമഴ'. കൗമാരകാലത്തിന്റെ ജഢശൈത്യത്തിൽ നനഞ്ഞു പോയവന്റെ ആത്മനൊമ്പരത്തിന്റെ സുഖാലസ്യ വിവരണത്തിൽ ഒരു ചേരിയിലെ ജീവിതവഴി കൂടി തുറന്നിടുന്നു. പ്രമേയപരമായി പഴയതെങ്കിലും ആഖ്യാനരീതി വായനാസുഖം പകരുന്നു.

ഗൃഹാതുരതയുടെ ആത്മബലിയാണ്‌ സുജയുടെ 'ഗന്ധങ്ങളുടെ താരതമ്യപഠനം'. കണ്ണുകളിൽ കാരുണ്യം തിരയുന്ന ഏകാകിയുടെ വേദന ആരെയും നൊമ്പരപ്പെടുത്തുകയാണ്‌, ഈ കഥയിൽ. തിരിച്ചറിയപ്പെടാത്ത സ്വന്തം ഗന്ധം തിരക്കുമ്പോൾ എവിടെയോ പ്രണയത്തിന്റെ അത്തറുമണം ഉയരുന്നതായി വായനക്കാരനും ബോധ്യമാകുന്നു.

പുതിയ നൂറ്റാണ്ടിലെ ബന്ധങ്ങളുടെ ആഴം, സമുദ്രതീരത്തുനിന്നും പറ്റിപ്പിടിച്ച മണൽ പോലെയാണെന്ന സന്ദേശമാണ്‌ സിയഫ്‌ അബ്ദുൾഖാദിറിന്റെ 'കാസിനോ' എന്ന കഥയിൽ. ശരീരത്തിൽ, കടൽത്തീരത്തുനിന്നും പറ്റിപ്പിടിച്ച മണൽ തട്ടിക്കളയുമ്പോൾ മണലുപേക്ഷിച്ച ശരീരം പോലെയാണ്‌ ഓരോ ബന്ധവും. പണത്തിനു മാത്രം വില കൽപ്പിക്കുന്ന ലോകത്ത്‌ ഓരോ ബന്ധവും അസ്ഥിരമായ ഓളങ്ങളാകുന്നത്‌ കഥയിലൂടെ കാട്ടിത്തരുന്നു.

ആക്ഷേപഹാസ്യത്തിന്റെ ശരങ്ങൾകൊണ്ട്‌ ചരിത്രത്തെ വളച്ചൊടിക്കുന്ന ചരിത്രകാരനെയും നിഷ്പക്ഷ പത്രപ്രവർത്തനം നടത്തിയ പത്രലേഖകനെയും 'സിദ്ധൻ' എന്ന കഥയിലൂടെ ആരിഫ്‌ സൈൻ അവതരിപ്പിച്ചിരിക്കുന്നു.

മനുഷ്യന്റെ ദുരയുടെ നേർക്കാഴ്ചയാണ്‌ ഷീലാ ടോമിയുടെ 'മെൽക്വിയാഡിസിന്റെ പ്രളയപുസ്തക'ത്തിൽ. ഇസബെല്ലയെന്ന യുവ എഞ്ചിനീയറുടെ കാഴ്ചപ്പാടുകളിലൂടെ, സ്വപ്നത്തിലൂടെ, ജീവിതവ്യഥകളിലൂടെയുള്ള യാത്ര - ആകുലതകളും ആധിയും  ദുരന്തഭീതിയും വളരുമ്പോൾ ഒന്നുമറിയാത്തവരെപ്പോലെ ചിരിച്ചുല്ലസിക്കുന്നവരുടെ ലോകത്ത്‌ ഏകാകിയാകുന്നതിന്റെ ചിത്രമാണ്‌  ഈ കഥ. വരുംകാലത്തിലേക്ക്‌ സൂക്ഷിച്ചു നോക്കാൻ ഒരു മുത്തശ്ശി സമ്മാനിച്ച ദൂരദർശിനിയെ കഥാകാരി ഉയർത്തിക്കാട്ടിയിരിക്കുന്നു.

ഒരു ഫുട്‌ബോൾ കമന്ററി പോലെ ത്രസിപ്പിക്കുന്നതാണ്‌ ബിജു ഡേവിസിന്റെ 'കുരിയപ്പൻ അലിയാസ്‌ മറഡോണ' എന്ന കഥ. ഗ്രാമത്തിൽ നിന്നും ബിരുദം പൂർത്തിയാക്കിയ യുവാവിന്റെ മാനസികാവസ്ഥയുടെ നേർചിത്രണം. കുരിയപ്പന്റെ നിലവാരത്തിലുള്ള ചോദ്യങ്ങൾ പി.എസ്‌.സി പരീക്ഷയിൽ ഉൾക്കൊള്ളിക്കുവാൻ കഴിയാത്തതിനാൽ സർക്കാരിലും ബാങ്കിലും സേവനം വിട്ടുകൊടുക്കാനാകാത്ത ചെറുപ്പക്കാരനെയാണ്‌ കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്‌. താനൊരു ഫുട്‌ബോളറാണെന്ന പൊങ്ങച്ചം വൃഥാവിലാകുന്നതോടെ വിവാഹമോചനത്തിന്‌ നോട്ടീസ്‌ ലഭിക്കുന്നതായാണ്‌ കഥാന്ത്യം.

ദിശയും ലക്ഷ്യവുമില്ലാത്ത ജനങ്ങളുടെ പ്രതിനിധികളായ മൂന്നുപേർ പഴനിക്ക്‌ പോകാൻ പുറപ്പെട്ട കഥയാണ്‌ ജയേഷ്‌.എസ്‌ ന്റെ 'മൂന്നു തെലുങ്കന്മാർ പഴനിക്ക്‌ പോയ കഥ'യിൽ. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലാണ്‌ അവരുടെ പഴനി. ഓരോ ശ്രമവും പിഴയ്ക്കുമ്പോൾ ലക്ഷ്യത്തിലെത്താനുള്ള ദിശാബോധം നഷ്ടപ്പെട്ട്‌ തെരുവിൽ അവരെ ആരൊക്കെയോ ആട്ടിത്തെളിക്കുകയാണ്‌. വഴികൾ തെറ്റുമ്പോഴും പാഠം പഠിക്കാത്ത രണ്ടുപേർ മറ്റുവഴികൾ തേടി. പാഠം പഠിച്ചവൻ ലക്ഷ്യത്തിലെത്തുന്നു.

കുടുംബത്തിലെ പ്രശ്നസാധ്യതകളിലേക്ക്‌ സ്ത്രീപക്ഷത്തു നിന്നുള്ള തെളിഞ്ഞു നോട്ടമാണ്‌ സേതുലക്ഷ്മിയുടെ 'അനന്തരം' എന്ന കഥയിൽ. പാഴ്‌ത്തുണി പോലെയോ തേപ്പുമേശ പോലെയോ മാത്രം വീട്ടിലൊതുങ്ങുന്ന വീട്ടമ്മയുടെ മൗനനൊമ്പരങ്ങൾ കഥയിൽ കേൾക്കാനാകും. ബാത്ത്‌റൂമിൽ തുറന്നുവിട്ട പൈപ്പിന്റെ ഒച്ചയിൽ പുറത്തു കേൾക്കാതെ ഉറക്കെക്കരയാൻ മാത്രമാണ്‌ അവൾക്ക്‌ കഴിയുന്നത്‌. ഇടയ്ക്കെപ്പൊഴോ വന്നുപെട്ട പ്രണയം അവളിൽ ആശ്വാസത്തിന്റെ വെളിത്തുരുത്തുകൾ കണ്ടെത്തുന്നു. ഒടുവിൽ അതുമൊരു മിഥ്യയായിരുന്നുവെന്ന് തിരിച്ചറിയുമ്പോൾ ചില്ലുകൂടാരം പോലെ അവൾ തകർന്നു വീഴുന്നു.

ഇരകളാകുന്ന പെൺകുട്ടികളുടെ തീവ്രനൊമ്പരങ്ങളുടെ കഥയാണ്‌ റോസിലി ജോയിയുടെ 'പിരാനകൾ'. ചാരുലത എന്ന കേന്ദ്രകഥാപാത്രമുൾപ്പെടുന്ന പെൺകുട്ടികളെ തേടിയെത്തുന്ന മാംസഭോജികളാണ്‌ പിരാനകൾ. മാറിടം തുരന്ന് ഹൃദയത്തെ ഭക്ഷിക്കുന്നതോടെ മാംസഭോജികൾ ദൗത്യം പൂർത്തീകരിക്കുന്നു. പീഢനത്തിനിരയാകുന്ന പെൺകുട്ടിയെ ചാരുലതയെന്ന കഥാപാത്രത്തിലൂടെ വരച്ചിടുമ്പോൾ, പ്രണയത്തിന്റെ കടലിൽ മുങ്ങവേ ഹൃദയം മാത്രം കാർന്നു തിന്നുന്ന പിരാനയെ അവൾ ഒടുവിൽ കാണുന്നു. ഹൃദയത്തിലെ തുടിപ്പോ സ്വപ്നങ്ങളോ കാണാത്ത, തന്റെ നിലനിൽപ്പിനായി മാത്രം നിലകൊള്ളുന്ന അവസാനത്തെ പിരാന.

കച്ചവടകാലം പൊതുസമൂഹത്തെ ബാധിക്കുന്നതിന്റെ സരസവിവരണമാണ്‌ വി.ജയദേവിന്റെ 'ധനസഹായം ബാർ' എന്ന കഥ. വിലനിലവാരത്തിന്റെ ഉയർച്ച, ഭീഷണിയുയർത്തിയ കാലത്ത്‌ മദ്യപിക്കാനുള്ള ധനസഹായങ്ങളെക്കുറിച്ചാണ്‌ ഈ കഥയെങ്കിലും, കഥയിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാമൂഹികവിമർശനം ശക്തമാണ്‌. മറ്റാരുടെയോ ആജ്ഞാനുവർത്തികളാകുന്ന നിരാലംബരുടെ സ്വപ്നങ്ങളും വേദനയും ചെറിയ സന്തോഷങ്ങളും പങ്കുവെക്കുകയാണ്‌ ഈ കഥയിൽ.

പതിനാലു കഥകളും പതിനാലു വഴികളിലൂടെയുള്ള യാത്രയാണ്‌. യാത്രയ്ക്കൊടുവിൽ സായാഹ്നം വെയിൽപ്പായ വിരിക്കവേ, വാടിത്തളർന്ന പൂക്കളോട്‌ ഇലകൾ ചോദിച്ചു; 'എവിടെപ്പോയി നിങ്ങളുടെ സുഗന്ധങ്ങൾ?' പൂക്കൾ ലജ്ജിച്ചു തലകൂമ്പി. അച്ചടിമാധ്യമ ലാവണ്യസുഗന്ധങ്ങൾക്കിടയിൽ സൈബർ ഇടങ്ങളിലെ ഇലകൾ പുഷ്പമാകുകയാണ്‌, സുഗന്ധം പരത്താൻ !


 ('പൂക്കളേക്കാൾ മണമുള്ള e-ലകൾ' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചുള്ള പുസ്തകാവതരണത്തിനായി തയ്യാറാക്കിയ കുറിപ്പ്‌.)

 O

PHONE : 9447479905അറ്റ കൈപ്പത്തി

കവിത
രാജീവ്‌ ദാമോദരൻന്നലെ,
ഏഴാമത്തെ രാത്രിയും ഒരേ സ്വപ്നം
ആവർത്തിച്ചു കണ്ട ഞാൻ
സത്യമായും സാക്ഷ്യപ്പെടുത്തുന്നു-
സ്വപ്നത്തിനും ഭ്രാന്തു പിടിക്കും!


ഇന്നലെയും,
സമനില നഷ്ടപ്പെടുവോളം
ഒരേ ദൃശ്യങ്ങളുടെ ഘോഷയാത്ര തുടർന്നു.


സിമിത്തേരിയിൽ ശവകുടീരങ്ങൾ പോലെ
സ്വപ്നം നിറയെ അറ്റുപോയ കൈപ്പത്തികൾ.
കാഴ്ചയുടെ അതിരുകളോളം
എന്നെ തനിച്ചാക്കി
അവ പെരുകിക്കൊണ്ടേയിരുന്നു.


എന്നിട്ടും
എത്ര പെട്ടെന്നാണ്‌ ഞാൻ
നമ്മുടെ കൈപ്പത്തികൾ തിരിച്ചറിഞ്ഞത്‌.
കുട്ടിക്കാലത്തെന്ന പോലെ
ഇവിടെയും നാം അടുത്തടുത്ത്‌.


എന്റെ കൈപ്പത്തിയിലെ വരണ്ട മണ്ണ്‌.
നിന്റെ കൈപ്പത്തിയിലെ ഊർവ്വരഭൂമി.
എന്റെ കൈരേഖകളുടെ മുറിപ്പാടുകൾ.
നിന്റെ കൈരേഖകളുടെ ഉഴവുചാലുകൾ.


സ്വപ്നങ്ങൾക്ക്‌ മാത്രം പ്രാപ്യമായ
പ്രകാശത്തിന്റെ മാന്ത്രികപ്രഭയിൽ
എല്ലാം എത്ര വ്യക്തം.


നിന്റെ വിരലുകളുടെ
പ്രതീക്ഷ നിറഞ്ഞ തുമ്പിലൊന്നു തൊടാൻ
സുഷുപ്തിയുടെ സുതാര്യമായ വിരിപ്പിലൂടെ
എന്റെ വലതുകൈ
സ്വപ്നത്തിലേക്ക്‌ കടന്നതും,
എനിക്ക്‌ കൈപ്പത്തിയില്ലെന്ന്
ഞാൻ തിരിച്ചറിഞ്ഞതും
ഒരേ നൊടിയിൽ.


ഉണർവ്വിനും സ്വപ്നത്തിനുമിടയിലെ
ലക്ഷ്മണരേഖ കടന്നെത്തിയ
എന്റെ കയ്യിൽ തറഞ്ഞ്‌
വിറച്ച്‌
വിറച്ച്‌
സ്വപ്നത്തിനു ഭ്രാന്തിളകി.


തൊണ്ടയിൽ തങ്ങി
ക്കുരുങ്ങിപ്പിടഞ്ഞിരു
ളാണ്ടു വരണ്ടൊച്ചയില്ലാ-
തമർന്നു പോം
പേടി ദംശിച്ച നിലവിളി പോൽ
സ്വപ്നരംഗങ്ങളിങ്ങനെ
കിടിലം മറിഞ്ഞുപോയ്‌-


ഉഴവുചാലിൽ നീ
സീതയായ്‌ പിറക്കുന്നു.


കൈപ്പത്തിയറ്റ ഞാൻ
എഴുത്തുപേക്ഷിക്കുന്നു.


അറുകൊല, മറുകൊല, കൂട്ടക്കൊല.
ആത്മഹത്യ, ഭ്രൂണഹത്യ, നരഹത്യ.
കത്തി, കഠാര, വടിവാൾ, വിഷം.
തോക്കുകൾ, ബോംബുകൾ, ടാങ്കുകൾ.


രാപ്പകൽ തോറും മരണം വിതച്ചു
ചുറ്റിപ്പറക്കുന്ന യന്ത്രപ്പറവകൾ.


വിരലരണി കടയുന്നു.
കൈപ്പത്തി കർപ്പൂരം.
കൈരേഖയുരുകുന്നു.


അറ്റ്‌ തെറിച്ച കൈപ്പത്തികൾ
കുന്നുകൂടുന്നു മൂടുന്നു സർവ്വവും.


അരുതരുത്‌ കഥകളിത്‌ വ്യഥകളിത്‌ തുടരരുത്‌
കരകടലുടലുടലിരുമനമുരുകരുതിനിയൊരുകവികുലമുണരരുത്‌...


വേദന തിങ്ങുമീ സ്വപ്നക്കണ്ണു പൊട്ടിക്കുവാൻ
എനിക്കില്ല
കൈപ്പത്തി പോലും
സഖേ!


O


ചിരിപ്പൊട്ടുകൾ - 5

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌


ഓരോരോ വീഴ്ചകൾ


                     കാലം എൺപതു-കൾ. മദ്ധ്യകേരളത്തിലെ ഒരു സുകുമാര കലാകേന്ദ്രം. സമസ്ഥകലകളുടെയും വിശിഷ്യാ ചിത്രകലയുടെയും ഉദ്ധാരണത്തിനായി ഉണ്ടാക്കപ്പെട്ട പ്രസ്ഥാനം. അക്കാലത്ത്‌ ഇതൊരു ഭേദപ്പെട്ട ബുദ്ധിജീവി ഉൾപ്പാദനകേന്ദ്രം കൂടിയായിരുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്‌, ചോളമണ്ഡലം, ഹംപി, കൊൽക്കത്ത, ദില്ലി തുടങ്ങിയ ബൗദ്ധികകേന്ദ്രങ്ങളിലേക്ക്‌ ബൾക്കായി ബുദ്ധിജീവികളെ കയറ്റിയയച്ചിരുന്നത്‌ ഇവിടുന്നത്രേ. പെയിന്റിംഗ്‌ എക്സിബിഷൻ, കാവ്യസന്ധ്യ, സിനിമാ ചർച്ച, തെയ്യം, തുള്ളൽ, തനതുനാടകം തുടങ്ങി അവിടെ നടമാടാത്തതായി യാതൊന്നുമില്ലാത്ത ആ നാളുകളിൽ ഒരു ദിവസം-

ബുദ്ധിജീവികളുടെ ഗുരുവും വഴികാട്ടിയുമായ ഒരു പ്രശസ്ത കവി സ്വന്തം കവിത അവതരിപ്പിക്കുന്നു. സകലമാന ബുദ്ധിജീവികളും അവിടേയ്ക്ക്‌ ഇരമ്പിയെത്തുന്നു. ബുദ്ധന്മാർ തിങ്ങി നിറഞ്ഞ്‌ മുട്ടിയുരുമ്മി വീർപ്പുമുട്ടിയപ്പോൾ തനതു ചാക്കുജുബ്ബകളിൽ നിന്നും, വെള്ളം കാണാത്ത പഷ്ണിത്താടികളിൽ നിന്നും ഉയർന്ന സുഗന്ധം എറണാകുളം- കലൂർ മാർക്കറ്റുകളിലെ ഈച്ച-കാക്ക-പരുന്തുകളെയൊക്കെ സംയുക്തമായി ടി.സ്ഥലത്തേക്ക്‌ അതിവേഗം അടുപ്പിച്ചുകൊണ്ടിരിക്കുന്നു.

കവി തന്റെ ഹിറ്റ്‌ ഐറ്റം നീട്ടി ചൊല്ലാൻ തുടങ്ങി. മൊത്തം സൈലൻസ്‌. കവിമുഖത്തു നട്ട കണ്ണുകളുമായി കൊത്തിവെച്ച പോലിരിക്കുന്നു ബുദ്ധിജീവികൾ. ഒരു ബുദ്ധിയുടെ വാ പൊളിഞ്ഞിരിക്കുന്നു. വിസ്മയം കൊണ്ടല്ല. അറിയാതെ വന്നു കയറിയൊരു കോട്ടുവാ അതേപടി പിടിച്ചു നിർത്തിയതാണ്‌. മറ്റൊരു ബുദ്ധൻ ചുണ്ടത്തു വെച്ച ദിനേശനെ കത്തിക്കാൻ മറന്ന് തീപ്പെട്ടിയും പിടിച്ചിരിക്കുന്നു. വേറൊരു ബുദ്ധികൾ സിദ്ധി കൂടിയ മട്ടിൽ കണ്ണുകൾ കൂമ്പിയടച്ചിരിക്കുന്നു.
പോസുകളങ്ങനെ പലത്‌.

കൂട്ടത്തിൽ മികച്ച നടനുള്ള ഭരത്‌ കിട്ടാൻ യോഗ്യതയുള്ള പീസാണ്‌ മുൻനിരയിൽ ഹാജർ കൊടുത്തിട്ടുള്ള നമ്മുടെ കഥാനായകൻ. ആളുപദ്രവം ഇല്ലാത്ത ഒരു അരക്കവിയായിട്ടാണ്‌ അതുവരെ കരുതപ്പെട്ടിരുന്നത്‌. ഉള്ളുകൊണ്ട്‌ മൂപ്പർ ഒരു കാൽ-പനികനും ആയിരുന്നു.

ഊശാന്താടിയിൽ ഊന്നിയ കൈയ്യും മൂക്കിലേക്ക്‌ വീണിറങ്ങിയ ഗാന്ധികണ്ണടയുമായി കക്ഷി, മഹാ-കവിയുടെ വായിൽ നിന്നു കുതിച്ചു ചാടുന്ന കവിതയുടെ ഗതിവിഗതികളിൽ സ്വയം നഷ്ടപ്പെട്ട്‌ വശായിരിക്കുകയാണ്‌. ഈ ആസ്വാദക മുഖത്തു നിന്നു പകർന്നു കിട്ടിയ ഊർജ്ജത്താലാവണം കവിയങ്ങു കേറി കൊളുത്തി. കൊളുത്തി കൊളുത്തി ഒടുക്കം കവിത തീർന്ന പാടേ നമ്മുടെ അരക്കവി വേദിക്കും ഓഡിയൻസിനും നടുവിലെ ഗ്യാപ്പിലേക്ക്‌ വെട്ടിയിട്ട തടി പോലെ ഒറ്റവീഴ്ച.

സഹബുദ്ധികൾ ഓടിയെത്തി വാരിയെടുത്തു. അനക്കമില്ല. അദ്ദിവസം വരെ ഉണ്ടെന്നു പൊതുവേ കരുതപ്പെട്ടിരുന്ന അൽപം ബോധവും- നഷ്ടമായിരിക്കുന്നു. കഷ്ടം. ഗുരുവരനായ കവി അമ്പരാസ്ഡ്‌! ആൾ തട്ടിപ്പോയിരിക്കുന്നു. കാരണമായിരിക്കുന്നത്‌ തന്റെ കവിതയാകുന്നു. ഐ.പി.എസ്‌ സെക്ഷൻ..? എത്രയെങ്കിലുമാട്ടെ, മുങ്ങുക തന്നെ.

- ഭാഗ്യം അരക്കവി കണ്ണു തുറന്നു. എഴുന്നേറ്റ്‌ ഗുരുകവിയുടെ കൈകളിൽ പിടിച്ച്‌ ഭക്തിയോടെയും മറ്റുള്ളവരോടായി അഭിമാനത്തോടെയും കാച്ചി:

"ഹൊ. മാഷിന്റെ കവിതേടെ ഫീലിംഗിൽ ഞാനാകെ ഓഫായിപ്പോയി..."

ഗുരുകവിക്ക്‌ കോൾമയിർ. അദ്യം അവനെ കെട്ടിപ്പിടിക്കുന്നു. അടിമുടി വെഞ്ചരിക്കുന്നു.
-ഛെടാ- ഗുരുപൂജയിൽ അവൻ തങ്ങളെ കടത്തി വെട്ടിയതിന്റെ അരിശത്തോടെ ഇതര ബുദ്ധിജീവികൾ പരസ്പരം നോക്കി. വാശിക്ക്‌, അന്നിമിഷം തന്നെ ചാർത്തിക്കൊടുത്തു ഒരു ഇരട്ടപ്പേര്‌ - 'വീണകവി'.


O

Sunday, July 8, 2012

സമാധാനം നിങ്ങളുടെ കൂടെ ..!

കവിത
സുലോജ്‌ മഴുവന്നിക്കാവ്‌


ന്റെ കവിതയിൽ നിന്നും
അനാഥന്റെ കരച്ചിൽ നീ കേൾക്കുന്നുവെങ്കിൽ
വാതിലുകൾ കുറ്റിയിട്ട്‌,
അകമുറികളുടെ
ഭിത്തിയിൽ പതിക്കാതെ പോയ
എന്റെ ചിത്രത്തിൽ
നിന്റെ
തേങ്ങൽ അലങ്കരിച്ചു വെക്കുക.


കൺവെട്ടത്ത്‌ ഒറ്റപ്പെടാതെ അത്‌ നിലകൊള്ളട്ടെ.


എന്റെ കവിതയിൽ നിന്നും
ഭ്രാന്ത്‌ കുടിച്ചവന്റെ
അട്ടഹാസം കേൾക്കുന്നുവെങ്കിൽ
നീയൊരു വേദനയുടെ
തുടലാകുക.
അവസാന അലർച്ചയിലും
നീ തന്ന വേദനയാണ്‌ എന്നറിയാതെ
കിതച്ചൊടുങ്ങട്ടെ അത്‌.


അത്രയെങ്കിലും നീ തിരികെ നൽകുക.


എന്റെ കവിതയിൽ നിന്നും
സർക്കാർ ആശുപത്രിയുടെ
മണം വമിക്കുന്നുവെങ്കിൽ
ഓർക്കുക
സമസ്തരോഗങ്ങളുടെയും
തടവുകാരൻ
അവിടെ ഒരു വിഷസൂചിയെ
സ്വപ്നം കാണുന്നുണ്ട്‌ എന്ന്.


നിന്റെ കണ്ണുകൾ അടച്ചുകൊള്ളുക.


എന്റെ കവിതയിൽ
നിന്നും
കുരുന്നുകളുടെ പ്രാർത്ഥന
കേൾക്കുന്നുണ്ടെങ്കിൽ
അകലെയെവിടെയോ മരങ്ങളിൽ
മൗനം സ്വയം
തൂങ്ങിക്കിടക്കുന്നുവെന്ന്...


ആർക്കും ആരും പകരമല്ലെന്നു
പിന്നെയും പറയുക.


എന്റെ കവിതയിൽ നിന്നും
മരങ്ങൾ വളർന്നു വന്ന്
ചില്ലകൾ കൊണ്ട്‌ നിങ്ങളെ
തൊട്ടാൽ
ഒരു മൂർച്ചയുടെ പീഡനം
അടിത്തട്ടിൽ
ഒളിപ്പിച്ചിട്ടുണ്ടെന്ന്
അറിയുക.


ഒറ്റനോട്ടത്തിൽ കാണുന്ന കാഴ്ചയ്ക്ക്‌
കാഴ്ചയില്ലെന്നറിയുക.


എന്റെ കവിതയിൽ നിന്നും
അടിത്തട്ടു കാണാത്ത ഒരു നദി
ഒഴുകുന്നുണ്ടെങ്കിൽ
അടിത്തട്ടിലെത്താൻ
മാത്രം ആഴമില്ലെന്ന് നിനയ്ക്കുക.


ആഴമെന്നത്‌ ഒരു മിത്താണ്‌, തിരിച്ചറിയുക.


എന്റെ കവിതയിൽ നിന്നും
അവിശ്വസനീയമായി
നിശ്ശബ്ദത
ഇറങ്ങിവന്നാൽ
തീരുമാനിക്കുക
ഒരു കവിതയുടെയും
കടമില്ലാതെ
ഒരു ചിറകൊച്ച
പരിഭവങ്ങൾ പൊഴിച്ചിട്ടു
തിരിച്ചുപോയെന്ന്..


സമാധാനം നിങ്ങളുടെ കൂടെ ..!


Oസ്പെസിഫിക്‌ ഗ്രാവിറ്റി

കഥ
ഉബൈദ്‌ കക്കാട്ട്‌
     വ്യാഴാഴ്ച ഓഫീസ് ടൈം കഴിഞ്ഞാല്‍ ചിക്കിചികഞ്ഞിരിക്കാതെ  നേരെ വീട്ടിലെത്തിയിരിക്കണം എന്ന അന്ത്യശാസനം പല തവണ കിട്ടിയിട്ടുള്ള ഗള്‍ഫ്‌ ഭര്‍ത്താക്കളില്‍ ഒരാളാണ് ഞാനും. അഞ്ചരയോടെ തന്നെ അത്യാവശ്യം ജോലികളൊക്കെ തീര്‍ത്തു. ബാക്കിയുള്ളവ ശനിയാഴ്ചയിലേക്ക്  ഷെഡ്യൂള്‍ ചെയ്തുവച്ചു. മണിയടിച്ചാല്‍ ഇറങ്ങിയോടാന്‍ പാകത്തിന് ആഞ്ഞിരിക്കുമ്പോളാണ് പുതിയ ഡിസിഷന്‍ റിക്വസ്റ്റ് വന്നത്.


അതിലടങ്ങിയിക്കുന്ന കര്‍ക്കശമായ ഉത്തരവിന്റെ സ്വഭാവം ഒന്ന് പൊതിഞ്ഞു വെക്കാനായിരിക്കണം ഇമ്മാതിരി സാധനങ്ങള്‍ക്ക് ഡിസിഷന്‍ റിക്വസ്റ്റ് എന്ന പേരിട്ടിരിക്കുന്നത്! തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉള്ള ഒരേയൊരാള്‍  നാട് ഭരിക്കുന്ന ഭരണാധികാരി മാത്രമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യനിര്‍മ്മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരില്‍ ഒരാളും. സ്വകാര്യനിര്‍മ്മാണങ്ങള്‍ എന്ന് പറയുമ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പൂന്തോട്ടങ്ങള്‍ മുതല്‍ രാജകുടുംബം കുതിരപ്പന്തയം നടത്തുന്ന  ഗ്രാമങ്ങള്‍ വരെ പെടും. പട്ടിക്കൂടുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ.


ഡിസിഷന്‍ റിക്വസ്റ്റില്‍ ചെയ്യാനുള്ള ജോലിയുടെ ചെറുവിവരണം, പ്രിലിമിനറി ഡ്രോയിങ്ങ്സ്, ഷെഡ്യൂള്‍ , ഏകദേശ ബജറ്റ് എന്നിവ ഉണ്ടാകും. അതില്‍ രാജകുടുംബത്തിന്റെ പ്രതിനിധി ഒപ്പ് വെക്കുന്നതോടെ അതൊരു ഓര്‍ഡര്‍ ആയി മാറുന്നു. രൂപാന്തരം സംഭവിച്ച ഇത്തരം അപേക്ഷകളാണ് ഞങ്ങളുടെ മേശകളില്‍ ഇടിത്തീ പോലെ വന്നു വീഴുന്നത്.


സത്യത്തില്‍ ഇത്തവണ ചെയ്യേണ്ടത് അത്ര വിചിത്രമായ സംഗതിയാണെന്ന് പറഞ്ഞു കൂടാ. പുതുതായി കുടുംബത്തില്‍ എത്തിയ ഇളയ രാജ്ഞി മൂത്ത കുമാരന് വേണ്ടി ഒരു സമ്മാനം വാങ്ങിയിരിക്കുന്നു- സൗത്ത്‌ ആഫ്രിക്കയില്‍ നിന്നും ഒരു വെളുത്ത സിംഹത്തിനെ.


രാജകുടുംബം പൊതുവേ സാഹസികതയ്ക്ക് പേര് കേട്ടവരാണ്. അവിടത്തെ കുമാരന്മാര്‍ സിംഹം എന്ന് കേട്ടാല്‍ പേടിക്കുന്നവരുമല്ല. വീട്ടുമുറ്റത്തു കളിച്ചു തിമിര്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടു തന്നെയാണ് അവര്‍ വളര്‍ന്നത്‌. എത്ര ഭീകരനായ കാട്ടുമൃഗമായാലും വേവിച്ച മാംസം മാത്രം കഴിച്ചു വളര്‍ന്നാല്‍ കാലാന്തരേ ജന്മസിദ്ധമായ മൃഗീയവാസനകള്‍ മറക്കുകയും, രക്തത്തിന്റെ ഗന്ധം തിരിച്ചറിയാനാവാത്ത ശാന്തശീലരായി മാറുകയും ചെയ്യുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഇത്തരത്തില്‍ ദുര്‍ഗുണപരിഹാരം കൈവരിച്ചു കൊട്ടാരമുറ്റത്തു മേഞ്ഞുനടക്കുന്ന മുനിതുല്യരായ മൃഗരാജന്മാരെ ഞാനും പലപ്പോഴും കണ്ടിട്ടുണ്ട്.


ഇതൊന്നും ഒരു എഞ്ചിനിയറുടെ വിഷയത്തില്‍ വരില്ല. ഞങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം- സൗത്ത്‌ ആഫ്രിക്കന്‍ വൈറ്റ് ലയണ്‍ ഞായറാഴ്ച വൈകീട്ട്  തുറമുഖത്ത് എത്തിച്ചേരും. വരുമ്പോള്‍ ജന്തുവിന് കയറിക്കിടക്കാന്‍ ഒരു കൊച്ചു കൂട് വേണം.


ഡ്രോയിങ്ങുകളിലൂടെ പെട്ടെന്ന് ഒന്നോടിച്ചു നോക്കി. എഞ്ചിനീയറിംഗ് ഡ്രോയിങ്ങിനെക്കാള്‍ ഒരു പെന്‍സില്‍ സ്കെച്ചിന്റെ മനോഹാരിതയുണ്ട്. രണ്ടു എ സി മുറികള്‍ , തറനിരപ്പില്‍ നിന്നും മൂന്നടി മുകളില്‍ ഗ്ലാസ്‌ ഇട്ടിരിക്കുന്നു. സിംഹം ഗ്ലാസ്‌ അടിച്ചു പൊട്ടിക്കാതിരിക്കാന്‍ രണ്ടു വശത്തും ഇരുമ്പ് വല. കൂടിന്റെ തുടര്‍ച്ചയായി ഒരു കമ്പിവേലി വളച്ചു കെട്ടിയിട്ടുണ്ട്. വെയില്‍ കായാനും, വ്യായാമം ചെയ്യാനുമുള്ള മുറ്റമാണത്. മുറ്റം നിറയെ മരങ്ങളും കുറ്റിചെടികളും. കൂടിന്റെ ഒരു മതില്‍ ഇഷ്ടികയില്‍ തീര്‍ത്തതായിരിക്കണം. കാനനച്ഛായ വീണ മുറ്റത്തിന്റെ തുടര്‍ച്ച മതിലില്‍ വരച്ചു ചേര്‍ക്കണം. സിംഹം മരം കയറുമോ? മരത്തില്‍ കയറി വേലിക്കു പുറത്തേയ്ക്ക് ചാടിയാലോ? ഇത്തരം സംശയങ്ങള്‍ ആര്‍ക്കിടെക്ടിന്റെ അധികാരത്തില്‍ കൈ കടത്തലാവുമോ എന്ന് പേടിച്ചു ആലോചനകള്‍ അവസാനിപ്പിച്ചു.


നമ്മുടെ കൂടിന്റെ ഓരോ മുറിക്കും രണ്ടു വാതിലുകള്‍ വീതമുണ്ട്. ഒന്ന് മുറ്റത്ത്‌ വരാതെ തന്നെ കൂട്ടില്‍ കയറാവുന്നത്, മറ്റേതു മുറ്റത്ത്‌ നിന്ന് കയറാവുന്നതും. മുറ്റത്ത്‌ നിന്ന് കയറാവുന്ന വാതില്‍ റിമോട്ട് കൺട്രോൾ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന തരത്തില്‍ വേണം. ഈ വാതില്‍ തുറന്നു സിംഹത്തെ പുറത്തേക്കു ഇറക്കിയ ശേഷം വേണം ഭക്ഷണം കൊണ്ട് വെക്കാനും കൂട് കഴുകാനുമൊക്കെയായി ജോലിക്കാര്‍ക്ക് അതില്‍ പ്രവേശിക്കാന്‍. മുറ്റത്തു എന്തെങ്കിലും പണിയുണ്ടെങ്കില്‍ ഇത് പോലെ സിംഹത്തിനെ കൂട്ടിനകത്താക്കുകയും വേണം. പതിവില്ലാത്ത സുരക്ഷാസംവിധാനങ്ങളില്‍ നിന്നും ഒരു കാര്യം ഉറപ്പിക്കാം - വരുന്നയാള്‍ അത്ര ചില്ലറക്കാരനല്ല!


ഈ കൂടിന്റെ ആകര്‍ഷണം അതൊന്നുമല്ല. ഉരുളന്‍ കല്ലുകള്‍ കൊണ്ടലങ്കരിച്ച ഒരു ചെറിയ കുളം മുറ്റത്തിന്റെ നടുക്കുണ്ട്. ആഴം തീരെയില്ല. സിംഹത്തിനു വെള്ളം കുടിക്കാനുള്ളതാണ്. കൂട്ടില്‍ നിന്നും കുളത്തിലേക്ക്‌ നീളുന്ന ഒരു കാനനപാതയും വരച്ചിട്ടുണ്ട്. കുളത്തിലെ ജലനിരപ്പ്‌ നിലനിര്‍ത്താനും, വെള്ളം മാറ്റാനുമുള്ള സംവിധാനങ്ങള്‍ മുറ്റത്തിന് പുറത്താണ്. ചുരുക്കത്തില്‍ കാര്യമായ ജോലി സിവില്‍ എഞ്ചിനീയര്‍ക്ക്. എ.സി, ഡോര്‍ മോട്ടോര്‍ , ഫ്ലോട്ട് വാല്‍വ് എന്നിവ രാത്രി തന്നെ എത്തുമെന്ന് ഉറപ്പാക്കി. വൈദുതിയും, വെള്ളവും കൊണ്ടുവരാനുള്ള വഴിയും കണ്ടെത്തി. ഈ പ്രൊജക്റ്റ്‌ ഇതുവരെ ചെയ്തിട്ടുള്ളവയില്‍ നിന്നും എങ്ങനെ വ്യത്യസ്തവും, പ്രധാനപ്പെട്ടതുമാവുന്നു എന്ന പതിവ് പ്രഭാഷണം സൂപ്പര്‍വൈസർമാര്‍ക്ക് നല്‍കിയതോടെ അന്നത്തെ എന്റെ ജോലി ഏതാണ്ട് അവസാനിച്ചു.


രണ്ടു ദിവസത്തില്‍ കൂടിന്റെ പണി തീരുമോ? വിനയനാണ് സിവില്‍ എഞ്ചിനീയര്‍ . അവനു ഇത്തരമൊരു പണി കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷം തോന്നി. വീട്ടിലെത്താറായപ്പോള്‍ സമയം എട്ടര. ഒരു സന്തോഷവും അത്ര ദീര്‍ഘമൊന്നുമല്ല.


വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ സൈലൻസിൽ വെച്ച മൊബൈല്‍ ഫോണ്‍ നിറയെ മിസ്ഡ് കോളുകൾ. കണ്‍സ്ട്രക്ഷന്‍ ഹെഡ്, മണിക്‌ തിവാരിയാണ്. സാധാരണ അവധി ദിവസങ്ങളില്‍ ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്താതിരിക്കാറില്ല. തിരിച്ചു വിളിച്ചപ്പോള്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു: "പ്രിന്‍സ് കാള്‍ഡ് മി. എന്താണ് കാര്യമെന്ന് അറിയില്ല. നീ വേഗം വാ. ഐ ആം ഓണ്‍ ദി വേ."


രാജകുമാരന്മാരും സുഹൃത്തുക്കളും മാത്രം ഉപയോഗിക്കുന്ന ഒരു റിക്രിയേഷന്‍ ക്ലബിലാണ് സിംഹക്കൂട് പണിയേണ്ടത്. ഗേറ്റിനടുത്തെത്തിയപ്പോള്‍ ഒരു വലിയ ഷവല്‍ പുറത്തേക്കു വരുന്നത് കണ്ടു. റെഡിമിക്സ്‌ കോണ്‍ക്രീറ്റ് എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചു മൂടാന്‍ പോവുകയാണ്. വിനയന്‍ പണി വാങ്ങിയോ?


മണിക്ക് തിവാരി വിയര്‍ത്തൊലിച്ച് നില്‍പ്പുണ്ട്. വയര്‍ നിറയെ കിട്ടിയത് മുഖത്ത് കാണാം.


"ആര്‍ വി നോട്ട് സ്റ്റുപിഡ്സ്‌? കുടിക്കാന്‍ ഉണ്ടാക്കിയ കുളത്തില്‍ സിംഹത്തിനു കുളിക്കാനും തോന്നും എന്നോര്‍ക്കാനുള്ള ബുദ്ധി നമുക്കാര്‍ക്കുമില്ലേ? എ പ്രിന്‍സ് ഹാസ്‌ ടു സേ ദാറ്റ്‌?"


വിവരം പിടികിട്ടി. കുളത്തിന് ആഴം പോര. സിംഹത്തിനു കുളിക്കാനുള്ള ആഴത്തില്‍ കുളം ഉണ്ടാക്കണം.

ആഴം കൂട്ടല്‍ ഒറ്റ നോട്ടത്തില്‍ എളുപ്പമെന്നു തോന്നും.  റിക്രിയേഷന്‍ ക്ലബ്‌ ഏരിയയിലെ വാട്ടര്‍ ടേബിള്‍ വളരെ മുകളില്‍ ആണെന്നാണ് മുന്‍കാല അനുഭവം. ഒന്നര മീറ്റര്‍ കുഴിക്കുന്നതിന് മുന്‍പ് വെള്ളം കാണും. കുളത്തിന്റെ തറനിരപ്പ്  അതിനു താഴെ പോയാല്‍ വാട്ടര്‍ പ്രൂഫ്‌ ചെയ്യണം. സിംഹം വളരെ വൃത്തിയായി ജീവിക്കുന്ന ജന്തുവാണല്ലോ? അതുകൊണ്ട് വെള്ളം കലങ്ങാതിരിക്കാന്‍ കുളം  തുടര്‍ച്ചയായി ഫില്‍റ്റര്‍ ചെയ്യുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂളില്‍ കുറഞ്ഞതൊന്നും നടക്കില്ല.


വിനയന് എത്ര ശ്രമിച്ചിട്ടും ഒരു ചിരി ഒളിച്ചു വെക്കാന്‍ കഴിയുന്നില്ല. ഇന്നലത്തെ എന്റെ മനസ്സ് അവന്‍ എത്ര കൃത്യമായി വായിച്ചെടുത്തിരിക്കുന്നു! ഇത്ര മനോഹരമായി ഒരു കുളം കുഴിച്ചു തന്ന ആർക്കിടെക്ടിനെയും ഒരു നിമിഷം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പന്ത് ഇപ്പോള്‍ എന്റെ മാത്രം കോര്‍ട്ടില്‍ ആണ്- ഒന്നര ദിവസം കൊണ്ട് ഒരു സ്വിമ്മിംഗ് പൂള്‍ ...


ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല. സിനിമ തുടങ്ങുന്നതിനു മുന്‍പ് ടൈറ്റില്‍ എഴുതിക്കാണിക്കുന്നതു പോലെ സ്വിമ്മിംഗ് പൂളിന്റെ കാരാര്‍ ജോലികള്‍ ചെയ്യുന്ന കമ്പനികളുടെ പേരുകള്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. വെള്ളിയാഴ്ച ഏതെങ്കിലും ഓഫിസ് തുറന്നിരിക്കുമോ? ഇത്തരം കമ്പനികള്‍ മിക്കവയും ശനിയാഴ്ചയും തുറക്കാറില്ല. സ്വിമ്മിംഗ് പൂള്‍ ഒരു അടിയന്തിര  ആവശ്യമല്ലാത്തതിനാല്‍ ആരുടേയും മൊബൈല്‍ നമ്പര്‍ സ്റ്റോര്‍ ചെയ്തിട്ടുമില്ല. ഓഫീസില്‍ ആരുടെയെങ്കിലും വിസിറ്റിംഗ് കാര്‍ഡ്‌ കാണുമായിരിക്കും.


ഓഫീസില്‍ ആരുമില്ല. യെലോ പേജുകളും, വെബ്‌ സൈറ്റുകളും അരിച്ചു പെറുക്കിയെങ്കിലും ഓഫിസ് നമ്പറുകള്‍ മാത്രമേ കിട്ടിയുള്ളൂ. എങ്ങും ഫോണെടുക്കുന്നില്ല. കിട്ടിയ വിസിറ്റിംഗ് കാര്‍ഡുകളിലെ നമ്പരുകളാകട്ടെ പലതും മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്ന സുഹൃത്തുക്കളെ ഓരോരുത്തരെയായി വിളിച്ചു നോക്കി. സ്വിമ്മിംഗ് പൂളുകള്‍ ചെയ്യുന്ന ആരുടെയെങ്കിലും നമ്പർ. ഒന്നും നടന്നില്ല. എന്ത് ചെയ്യും? സൗത്ത്‌ ആഫ്രിക്കയിലെ വെളുത്ത സിംഹം നീരാടാന്‍ പാകത്തില്‍ ഞായറാഴ്ച എത്തിച്ചേരും!


സമയമില്ല. പൂള്‍ തനിയെ ഉണ്ടാക്കുക തന്നെ. ആര്‍ക്കിട്ടെക്റ്റ് കല്ലീവല്ലി. കോണ്‍ക്രീറ്റിന്റെ അടിയില്‍ പോവേണ്ട പൈപ്പുകളും കേബിളുകള്‍ പോകേണ്ട കുഴലുകളും വരച്ചുണ്ടാക്കി സൈറ്റിലേക്കു കൊടുത്തയച്ചു. മൂന്നു മീറ്റര്‍ നീളവും, രണ്ടു മീറ്റര്‍ വീതിയുമുള്ള ഒരു കുളത്തിലേക്ക്‌ ഒരു സിംഹം എങ്ങനെയാണ് കുളിക്കാന്‍ ഇറങ്ങുക? നാല്‍ക്കാലിക്ക്‌ പാകത്തില്‍ ചവിട്ടു പടികള്‍ കൊടുക്കാമെന്നു വെച്ചാല്‍ ചവിട്ടുപടി തീരും മുന്‍പ് കുളം തീര്‍ന്നു പോകും. സിംഹം ഡൈവ് ചെയ്യുമോ? ഇത്ര ചെറിയ കുളത്തിലേക്ക്‌ പാവം  ഡൈവ് ചെയ്‌താല്‍ തന്നെ അതൊരു പ്ലാസ്റ്റിക്‌ സര്‍ജറിയിലായിരിക്കും അവസാനിക്കുക. സ്വിം സ്യൂട്ടും ഗോഗിള്‍സുമായി ലാഡര്‍ വഴി പൂളിലേക്ക് ഇറങ്ങുന്ന സിംഹത്തിന്റെ രൂപം ഓര്‍ക്കാന്‍ രസം തോന്നി. ഒറ്റ വഴിയെ ഉള്ളൂ. മുറ്റത്ത്‌ നിന്നും ഒരു റാമ്പ് ഉണ്ടാക്കുക. കുളത്തിന്റെയും റാമ്പിന്റെയും  ക്രോസ് സെക്ഷന്‍ വരച്ചുണ്ടാക്കി സ്ട്രക്ച്ചറൽ ഡിസൈനറുടെ മേശപ്പുറത്തുവച്ചു. ഭീകരനെ വിരട്ടി ഓഫീസില്‍ വരുത്തുന്ന ചുമതല മണിക്‌ തിവാരിയെ ഏല്‍പ്പിച്ചു.
പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ? ഫില്‍റ്ററേഷന്‍ സിസ്റ്റം എവിടെ കിട്ടും?


വിചാരിച്ച കാര്യം നടന്നു കാണാത്ത ഒരു ചരിത്രം കൊട്ടാരത്തില്‍ ഉണ്ടായിട്ടില്ല. കൃഷി ഓഫീസര്‍ മന്‍സൂര്‍ഖാനെ പറ്റി പറയുന്ന ഒരു തമാശയുണ്ട്. രാവിലെ നട്ട ചെടിയിലെ പൂവിന്റെ നിറം എന്തായിരിക്കുമെന്ന് രാജകുടുംബത്തിലെ ആരെങ്കിലും വെറുതെയൊന്നു ചോദിച്ചാല്‍ മതി. അന്ന് മുഴുവന്‍ ഖാനും പാക്കിസ്ഥാനിപ്പടയും എന്തിനെന്നറിയാതെ പരക്കം പായും. അതെന്തായാലും, ഇരുട്ടും മുന്‍പ് ചെടി തനിയെ വളര്‍ന്നു പൂവിട്ടു നില്‍ക്കും. ശ്രദ്ധയാകര്‍ഷിക്കാന്‍ ആ പൂവില്‍ നിന്നു മാത്രം പരക്കുന്ന പരിമളം  ഖാന്‍ പെര്‍ഫ്യും അടിച്ചുണ്ടാക്കുന്നതാണെന്നു അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ്. എന്തു സംഭവിച്ചാലും ഞായറാഴ്ച സ്വിമ്മിംഗ് പൂള്‍ അവിടെ ഉണ്ടാവുക തന്നെ ചെയ്യും. എന്റെ കാര്യം വലിയ ഉറപ്പില്ല.


അവസാനശ്രമം എന്ന വണ്ണം മുന്‍പ് ഫില്‍റ്ററുകള്‍ വാങ്ങിയിട്ടുള്ള പഴയ പര്‍ച്ചേസ് ഓര്‍ഡര്‍കള്‍ എടുത്തു നോക്കി. ഫോളോ അപ്പിന് വേണ്ടി വിളിക്കുന്ന സെയില്‍സ് മാനേജര്‍മാരുടെ നമ്പരുകള്‍ അതില്‍ എഴുതിയിടുന്ന ഒരു ശീലമുണ്ട്. ബോധപൂര്‍വം ചെയ്യുന്നതല്ല. എങ്കിലും പലപ്പോഴും ഉപകരിച്ചിട്ടുണ്ട്. അതേറ്റു. സേഫ് വാട്ടേര്‍സ് എന്ന കമ്പനിയ്ക്ക് കൊടുത്ത പര്‍ച്ചേസ് ഓര്‍ഡറില്‍ നിന്നും റൊസാരിയോ എന്ന സെയില്‍സ് മാനേജരുടെ നമ്പര്‍ എന്നെ നോക്കി ചിരിച്ചു. വരാനിരിക്കുന്ന വെള്ളസിംഹവുമായി ഒരു മല്ലയുദ്ധത്തിനു പ്രാപ്തനാക്കുന്ന ആത്മവിശ്വാസമാണ് അതെനിക്ക് തന്നത്.


റൊസാരിയോ ഫോണെടുക്കാന്‍ പല തവണ വിളിക്കേണ്ടി വന്നു. ശബ്ദത്തില്‍ ഉറക്കച്ചടവ് മാറുന്നില്ല. അത് കാര്യമാക്കാതെ വിഷയം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:
"സുഹൃത്തേ, ഒരു ഇന്റര്‍നാഷണല്‍ കമ്പനിയ്ക്ക് ചില നടപടി ക്രമങ്ങളുണ്ട്. ഈ നാട്ടിലെ ഗവൺമെന്റ്‌ സ്ഥാപനങ്ങള്‍ക്ക് ഐ.എസ്.ഓ യെ കുറിച്ചൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ?  ഇപ്പോള്‍ ചെറിയ കമ്പനികള്‍ പോലും ഓര്‍ഡറിന്  വേണ്ടി ആരുടേയും പുറകെ നടക്കാറില്ല. പിന്നെയല്ലേ ഞങ്ങള്‍ ?  ഞങ്ങളുടെ ഓഫേഴ്സ്  യു.കെ യിലാണ് തയ്യാറാക്കുന്നത്. എന്താ കാര്യം? ചാനലില്‍ കൂടിയല്ലാത്ത ഒന്നും വേണ്ടെന്നു തന്നെ. ഞങ്ങള്‍ ഇന്ന് വര്‍ക്ക്‌ ചെയ്യുന്നില്ല. ശനിയും ഞായറും യു.കെ യില്‍ അവധിയാണ്. തിങ്കളാഴ്ച വിളിക്കൂ."


കാല്‍ക്കല്‍ വീണിട്ടു കാര്യമില്ലെന്ന് ഉറപ്പായിരുന്നു. സംഗതി അത്യാവശ്യമാണെന്നും, വില പ്രശ്നമല്ലെന്നും പറഞ്ഞു നോക്കി. അടുക്കുന്നില്ല. ഇതിനിടയിലും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഞങ്ങളുടെ ഓഫീസിലുള്ളവര്‍ എടുത്തു പ്രയോഗിക്കുന്ന പൂഴിക്കടകന്‍ ഡയലോഗ് ഞാന്‍ മനസ്സില്‍ ഉരുവിട്ട് പഠിക്കുകയായിരുന്നു.

"റൊസാരിയോ, ഞാന്‍ കമ്പനിയിലെ ഒരു എഞ്ചിനീയര്‍ മാത്രമാണ്. പക്ഷെ, ഞാന്‍ ഇനി പറയുന്നത് ഈ രാജ്യം ഭരിക്കുന്നയാള്‍  പറയുന്നതായി തന്നെ താങ്കള്‍ക്കു കണക്കാക്കാം. സേഫ് വാട്ടര്‍സിനെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ ഒരാഴ്ച എടുത്തേക്കും. രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ ചിലപ്പോള്‍ പത്തു ദിവസം. പക്ഷെ, കാരണം കൂടാതെ നിങ്ങളെ പിടിച്ചു അകത്തിടാന്‍ ഒരു മണിക്കൂര്‍ പോലും വേണ്ട."


ഭാഗ്യവശാല്‍ ജാള്യത മറയ്ക്കാനുള്ള പ്രകടനങ്ങള്‍ കുറവായിരുന്നു.

"നോക്കൂ, എന്റെ കാര്‍ സര്‍വീസിനു പോയിരിക്കുക്കയാണ്. താങ്കള്‍ക്കു എന്നെയൊന്നു പിക്ക് ചെയ്യാമോ?"

ടെലിഫോണ്‍ സംസാരത്തിനിടെ റൊസാരിയോയെ മനസ്സില്‍ വരച്ചത് അപ്പാടെ തെറ്റി. പരമാവധി ഒരു മുപ്പത്തഞ്ചു വയസ്സേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ശബ്ദവും ചെറുപ്പമായിരുന്നു. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അമ്പത്തഞ്ചു വയസ്സെങ്കിലും കാണും. മറ്റാര്‍ക്കോ വേണ്ടിയാണ് മുടി കറുപ്പിച്ചിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ അറിയാം. ഈ പാവത്തിനോട് ഉമ്മാക്കി കാണിച്ചതില്‍ ചെറിയ വിഷമം തോന്നി. സന്ദര്‍ഭത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കി ക്ഷമ ചോദിച്ചാല്‍ തിരിച്ചു കടിക്കുമോ എന്ന പേടിയുള്ളതു കൊണ്ട് മിണ്ടാതിരുന്നു.

ക്ലബിലേക്കുള്ള യാത്രയില്‍ ഞാന്‍ ഇനി കടക്കാനുള്ള കടമ്പകളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.  റൊസാരിയോയുടെ പെട്ടെന്നുള്ള ചോദ്യം ആ താളം തെറ്റിച്ചു.

"ഈ വരുന്ന സിംഹം ആണോ, പെണ്ണോ?"

"എനിക്കറിയില്ല. എന്തായാലും ഒരു സിംഹമല്ലേ?"

"ആയിരിക്കാം. പക്ഷെ, പുരുഷന്മാര്‍ക്ക് വേണ്ടതല്ല സ്ത്രീകള്‍ക്ക് വേണ്ടത്. പ്രത്യേകിച്ച്  പൂള്‍ ഡിസൈന്‍. രണ്ടു പേരും ഉപയോഗിക്കന്നവയെ വേറെ രീതിയില്‍ ഡിസൈന്‍ ചെയ്യണം."

അതൊരു പുതിയ അറിവായിരുന്നു.

"സ്ത്രീകളുടെ മൂത്രാശയപേശികള്‍ക്ക് തീരെ ബലമുണ്ടാവില്ല. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ അവര്‍ അറിയാതെ മൂത്രമൊഴിച്ചു പോവും. അത് കൊണ്ട് സ്ത്രീകളുടെ പൂളുകളില്‍ സര്‍കുലേഷന്‍ പമ്പുകളുടെ ഫ്ലോ റേറ്റ് കൂടുതല്‍ കണക്കാക്കും. ഡോസിങ്ങും കൂടുതല്‍ വേണം. സിംഹത്തിന്റെതും അങ്ങനെ തന്നെ ആവാനാണ് സാധ്യത."

എനിക്ക് തൃപ്തിയായി. ഈ സമയത്ത് ഇതിനേക്കാള്‍ നല്ല ഒരാളെ കിട്ടില്ല.

ഞങ്ങള്‍ ക്ലബ്ബില്‍ എത്തിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു പുറത്തിറങ്ങിയിട്ടും  റൊസാരിയോ അനങ്ങുന്നില്ല. സ്തബ്ധനായി കാറില്‍ തന്നെ ഇരിക്കുകയാണ്.അപ്പോഴേക്കും ഞങ്ങളുടെ ഫോര്‍മാന്‍ പീറ്റര്‍ ഓടി വന്നു.

"ഇറങ്ങിക്കോളൂ സാറേ, അതൊന്നും ചെയ്യില്ല. കെട്ടിയിട്ടിയിരിക്കുകയാണ്"

അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്. അവിടെ ഒരു ലൈറ്റ് പോളില്‍ ഒരു സിംഹത്തിനെ കെട്ടിയിട്ടിരിക്കുന്നു. വെള്ളയല്ല. ഒരു വലിയ തവിട്ടു സിംഹം. പീറ്റര്‍ എന്നെ നോക്കി ചിരിച്ചു.

"ഇതിനെ ഇവിടെ കൊണ്ട്‌ വന്ന് കെട്ടിയിട്ട്‌ അരമണിക്കൂർ ആയി സാറേ. കൂട്‌ ടെസ്റ്റ്‌ ചെയ്യാനാനത്രേ. സിംഹങ്ങളുടെ ടെയിസ്റ്റ്‌ വ്യത്യാസമുണ്ടെങ്കിലോ?"
ആ പറഞ്ഞതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ആർക്കിടെക്ടുകൾക്ക്‌ നിരൂപകന്മാരെ പോലെ മറ്റുള്ളവരുടെ ടെയിസ്റ്റ് നിശ്ചയിക്കാനുള്ള അവകാശമുണ്ട്‌. 

 
സിംഹമായത് കൊണ്ട് ഒളികണ്ണിട്ടു നോക്കാതെ തന്നെ മനസ്സിലാവും. വെള്ള സിംഹത്തിന്റെ ഡ്യൂപ്പ് പുരുഷകേസരി തന്നെ. സിംഹങ്ങള്‍ക്ക് പേരിടാന്‍ ഒരവസരം കിട്ടിയെങ്കില്‍ ഞാനിവനെ സ്നാപകയോഹന്നാന്‍ എന്നു വിളിച്ചേനെ!

റൊസാരിയോയുടെ മുഖത്ത് ചോരയില്ല. ആദ്യമായി കാണുന്നത് കൊണ്ടാവും. ഏതായാലും വിനയന്‍ അത്യാവശ്യം പണി  ചെയ്തിരിക്കുന്നു. മൂന്നു വശങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലും, ഒരു വശത്ത് മുഴുവന്‍ ഭിത്തിയും ഉയര്‍ന്നു കഴിഞ്ഞു. നമുക്ക് അതിനകത്ത് നിന്ന് സംസാരിക്കാമെന്ന് നിര്‍ദ്ദേശിച്ചത്  റൊസാരിയോയാണ്.


അകത്തു തറയില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വല നെയ്തു വച്ചിരിക്കുന്നു. മുഴുവന്‍ ഭിത്തിയില്‍ പ്രൈമര്‍ അടിച്ചു തുടങ്ങി.   തറയില്‍ ഒഴിക്കാനുള്ള റെഡിമിക്സ്‌ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വിനയന്റെ സംഘടനാപാടവം സമ്മതിക്കണം.

കാടിന്റെ ചിത്രം ഭിത്തിയില്‍ വരയ്ക്കാന്‍ വന്നവര്‍ ഒന്ന് രണ്ടു മോഡലുകള്‍ കാന്‍വാസില്‍  വരച്ചു പരിശീലിക്കുന്നു. കാട് വരച്ചാല്‍ കാട് പോലെ തന്നെയിരിക്കണം. അടിക്കുറിപ്പ് എഴുതി രക്ഷപ്പെടാനൊന്നും പറ്റില്ല. സിംഹങ്ങളും താടിയും, മുടിയും, വലിയ നാറ്റവുമൊക്കെയുള്ള ജീവികള്‍ തന്നെ. പക്ഷെ അതുകൊണ്ട് മാത്രം അവര്‍ ബുദ്ധിജീവികള്‍ ആവുന്നില്ലല്ലോ?

കെട്ടി വച്ചിരിക്കുന്ന റീ ബാറില്‍ ചവുട്ടി നില്‍ക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹത്തില്‍ നിന്നും ഒരു രക്ഷ അത് തരുന്നുണ്ടെന്നു  റൊസാരിയോയ്ക്ക് തോന്നി. ഒരു മീറ്റര്‍ ഉയരമുള്ള ചുമരിന്റെ രക്ഷ.


അരമതിലിന്റെ അദൃശ്യരക്ഷ ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍  റൊസാരിയോ ഉഷാറായി.

"നിങ്ങള്‍ എവിടെ നിന്നാണ് ഈ സിംഹത്തെ വാങ്ങിച്ചത്?"

"സൗത്ത്‌ ആഫ്രിക്കയില്‍ നിന്നാണെന്നു പറയുന്നു. കൃത്യമായി അറിയില്ല"

"അവിടെ നിന്നും ചില റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി സംഘടിപ്പിക്കണം. ഇപ്പോള്‍ അവിടെ സമയം എത്രയായി?"

"എന്താണ് വേണ്ടതെന്നു പറയൂ. മിക്കവാറും റിപ്പോര്‍ട്ടുകള്‍ ഓഫീസില്‍ കാണും"

"സിംഹം നിലത്തു കിടക്കുന്ന ജീവിയല്ലേ? അങ്ങനെ ശരീരത്തില്‍ പറ്റുന്ന അഴുക്കുകള്‍ ശുദ്ധീകരിക്കാന്‍ നമ്മുടെ ഫില്‍റ്ററിനു പറ്റും."

"പിന്നെന്താണ് പ്രശ്നം?"

"സിംഹത്തിന്റെ മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ വേണം"

"മലം പരിശോധിച്ച റിപ്പോര്‍ട്ടോ? അതെന്തിനാണ്?"

"എന്തിനാണെന്നോ? നിങ്ങള്‍ക്ക് സിംഹവിസര്‍ജ്ജ്യതിന്റെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണെന്ന് അറിയുമോ? പോട്ടെ, സിംഹം മലവിസര്‍ജ്ജനം  നടത്തിയാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ, താഴ്ന്നു പോവുമോ ?"

കച്ചവടക്കാരന്‍ പലപ്പോഴും പത്രക്കാരെ പോലെയാണ്. ഏതു വിഷയത്തിലും അസാമാന്യപ്രാവിണ്യം നേടാന്‍ നിമിഷങ്ങള്‍ മാത്രം മതി. കുനിഞ്ഞ തല ഉയരും മുന്‍പ് അടുത്ത ചോദ്യം വന്നു.

"സിംഹക്കാട്ടം എത്ര സമയം കൊണ്ട് വെള്ളത്തില്‍ ലയിക്കും? സിംഹം ഒരു പ്രാവശ്യം അപ്പിയിട്ടാല്‍ ഒന്‍പതു കുബിക് മീറ്റര്‍ വെള്ളത്തില്‍ ഉണ്ടാക്കുന്ന ടി ഡി എസ് എത്ര?"

പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹം എത്ര ഭേദം? ഇയാള്‍ ഇറച്ചി വേവിച്ചല്ലേ കഴിക്കുന്നത്?

"ഇതൊന്നും അറിയാതെയാണോ ഫില്‍റ്റര്‍ വാങ്ങാന്‍ വരുന്നത്? കുട്ടിക്കളിയാണെന്ന് വിചാരിച്ചോ? നോക്കൂ, മുപ്പതു വര്‍ഷമായി ഞാനീ ജോലി ചെയ്യുന്നു. കൃത്യമായ ഡാറ്റ ഇല്ലാതെ ഒന്നും നടക്കില്ല. പെട്ടെന്ന് മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ സംഘടിപ്പിക്കൂ. തല്‍ക്കാലം എന്നെ വീട്ടില്‍ കൊണ്ടുപോയി വിടൂ."


ആവശ്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനപ്പുറവും സഹിക്കും. പക്ഷെ എല്ലാവരും അങ്ങനെയാണോ? പുറത്തു ഭയങ്കര ശബ്ദം. ആളുകള്‍ ചിതറിയോടുന്നു. സിംഹം കയര്‍ പൊട്ടിച്ചതാണ്.


ഉച്ചത്തില്‍ അമറിക്കൊണ്ട് സിംഹം തലങ്ങും വിലങ്ങും ഓടുന്നു. ഓടുമ്പോള്‍ ഭൂമി കുലുങ്ങുന്നത് പോലെ. അല്പം മുന്‍പ് നിരുപദ്രവകാരിയെന്നു തോന്നിച്ച ശാന്തസ്വരൂപനാണോ ഇത്? നിമിഷനേരം കൊണ്ട് അവിടെ കൂടി നിന്നിരുന്ന ആരെയും കാണാതായി. ഒരു മീറ്റര്‍ പൊക്കമുള്ള മതില്‍ക്കെട്ടിനുള്ളില്‍ ഞാനും റൊസാരിയോയും   മാത്രം. ഇറങ്ങിയോടിയാല്‍ അതവന്റെ മുമ്പിലേക്കായിരിക്കും. അനങ്ങാന്‍ പോലും തോന്നിയില്ല എന്നതാണ് സത്യം.  റൊസാരിയോ എന്റെ കൈയ്യില്‍ ഇറുക്കി പിടിച്ചിരിക്കുന്നു.


കുറച്ചു നേരം ഓടിയ ശേഷം കിതച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി. മുന്നില്‍ കാണുന്നതൊക്കെ തട്ടിത്തെറിപ്പിച്ചു. പിന്നെ കലിയടങ്ങാത്ത പോലെ ഒരു മരത്തിന്റെ തൊലി അള്ളിപ്പൊളിക്കാന്‍ തുടങ്ങി.


അല്പം മുന്‍പ് കേട്ട സിംഹഗര്‍ജ്ജനത്തെ വെറും നിസ്സാരമാക്കുന്ന ഒരു അലര്‍ച്ച കേട്ടു. ക്ലബ്ബിന്റെ അകത്തു നിന്നും ഇളയ രാജകുമാരന്‍ ഇറങ്ങി വന്നതാണ്. കൈയ്യില്‍ തോക്ക്.
അറബിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു. സിംഹം തിരിഞ്ഞോടി.  രാജകുമാരന്‍ കൂടുതല്‍ ഉച്ചത്തില്‍ അലറി. യോഹന്നാന്‍ ഒന്നു നിന്ന ശേഷം അനുസരണയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. പൂച്ച പതുങ്ങുന്നത് പോലെ മുന്‍കാലുകള്‍ മുന്നോട്ടു നീട്ടി നിലത്തു പതുങ്ങി. ഒന്നും സംഭവിക്കാത്ത പോലെ അദ്ദേഹം അവനെ കൊണ്ടുപോയി കെട്ടിയിട്ടു.


മാളങ്ങളില്‍ ഒളിച്ചവര്‍ പുറത്തേയ്ക്ക് വരാന്‍ തുടങ്ങി. എല്ലാവരും കൂടി ഓടിയാര്‍ത്തു ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത്. പീറ്റര്‍ എന്റെ മുന്നില്‍ വന്നു കണ്ണിമ വെട്ടാതെ നോക്കി. ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നവനെ കാണുന്നതു പോലെ. മരണത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന തോന്നല്‍ അപ്പോള്‍ മാത്രമാണുണ്ടായത്. റൊസാരിയോയ്ക്ക് ജീവനുണ്ടോ? എന്നാല്‍ എന്നെ അതിശയിപ്പിച്ചു കൊണ്ട് റൊസാരിയോ ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു.

"നാളെ രാവിലെ വെയര്‍ഹൌസിലേക്ക് വണ്ടി വിട്ടാല്‍ ഫില്‍ട്ടരും, പമ്പുകളും, ഡോസിംഗ് സിസ്റ്റവും തന്നു വിടാം. കൺട്രോൾ പാനല്‍ വൈകുന്നേരത്തോടെ ശരിയാവും. പൈപ്പുകള്‍ ഘടിപ്പിച്ചു സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറച്ച ശേഷം വിളിച്ചാല്‍ മതി. ഞങ്ങളുടെ ടെക്നിഷ്യന്‍മാര്‍ വന്നു ടെസ്റ്റ്‌ ചെയ്തു ഫില്‍റ്ററില്‍ മീഡിയ നിറയ്ക്കും. നാളെ രാത്രിയോടെ പൂള്‍ വര്‍ക്ക്‌ ചെയ്തു തുടങ്ങും"

''അപ്പോള്‍ മലം?"

അത് ശ്രദ്ധിക്കാതെ  റൊസാരിയോ നേരെ കാറിനടുത്തേക്ക് നടന്നു. വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ ഒരു അടിപൊളിപ്പാട്ട് കേള്‍ക്കാനുള്ള മൂഡിലായിരുന്നു. എനിക്കിപ്പോഴും സംഭവിച്ചത് എന്തെല്ലാമാണെന്ന് ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.  റൊസാരിയോ ഒരക്ഷരം സംസാരിക്കുന്നുമില്ല. എന്റെ ഇടതു കൈത്തണ്ടയ്ക്കു നല്ല വേദനയുണ്ട്. നോക്കിയപ്പോള്‍ , വളയിട്ട പോലെ നാല് വരകള്‍ ചുവന്നു തണര്‍ത്തു കിടക്കുന്നു.
 
ഈ മെലിഞ്ഞ മനുഷ്യന്റെ ഉണക്ക വിരലുകള്‍ക്ക് ഇത്ര കരുത്തോ?


O