Sunday, July 27, 2014

മരണേന്ദ്രിയം

കവിത
വി.ജയദേവ്‌


മേഘങ്ങളിലൂടൂർന്നിറങ്ങി
വരികയായിരുന്നു.
മറ്റൊരു ഒച്ചയുമില്ലായിരുന്നു.
ഊർച്ചയുടേതല്ലാതെ.
അന്നേരമാണ്‌ രണ്ട്‌
കുഞ്ഞു കാറ്റുകുട്ടികൾ
പരസ്പരമെന്തോ പറഞ്ഞത്‌.
വ്യക്തമായും കേട്ടു.
നിങ്ങൾ വിശ്വസിക്കില്ല,
അതെന്നെപ്പറ്റിയായിരുന്നു.
കൈയും കാലും വെച്ച
ഒരു കൊടുങ്കാറ്റ്‌ വരുന്നെന്ന്.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ ഭാഷ തികയില്ല.

പാതാളത്തിൽ നിന്നുയർന്ന്
പൊങ്ങുകയായിരുന്നു.
മറ്റൊന്നും നീന്തുന്നുണ്ടായിരുന്നില്ല.
പിടിക്കപ്പെട്ട ചില മീനുകൾ
ഉപേക്ഷിച്ചുപോയവയല്ലാതെ.
അന്നേരമാണ്‌ രണ്ട്‌ കുമിളകൾ
പരസ്പരമുമ്മവെച്ചത്‌.
സീൽക്കാരം വ്യക്തമായും കേട്ടു.
ഒരിക്കലുമാരും വിശ്വസിക്കില്ല,
അതെന്നെപ്പറ്റിയായിരുന്നു.
തങ്ങളുടെ ഉമ്മ പെറ്റുരുണ്ണി
ഇതാ ഇപ്പോൾ പിറന്നെന്ന്.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ ഉപമ തികയില്ല.

ഒരു സ്വപ്നത്തിൽ നടക്കുകയായിരുന്നു.
മറ്റൊന്നും തന്നെ അനങ്ങുന്നില്ല.
സ്വപ്നത്തിന്റെ സൗണ്ട്‌ ട്രാക്കല്ലാതെ.
അന്നേരമാണ്‌ രണ്ടു നിമിഷങ്ങൾ
പരസ്പരം പിണഞ്ഞു പോയത്‌.
ആലിംഗനം വ്യക്തമായും കേട്ടു.
ആരുമൊട്ടും വിശ്വസിക്കില്ല.
അതെന്നെപ്പറ്റിയായിരുന്നു.
എന്നാൽ, അതു നിങ്ങളെ
മനസിലാക്കിക്കാൻ
എന്റെ കവിത തികയില്ല.

O


Sunday, July 20, 2014

കാത്തി പെറി വെറുമൊരു പൂച്ചയല്ല

കവിത
അഭിലാഷ്‌.കെ.എസ്‌ണ്ണ്‌ കടലാണ്‌, ഉറ്റുനോക്കുമ്പോൾ
അഗാധങ്ങളിൽ ഗർജ്ജനം-
ഈറ്റ്‌ കൂട്ടിലുറങ്ങാതിരിപ്പാണ്‌.

ഉഷസ്സല്ല, കൂരിരുൾക്കൈയ്യാണ്‌ പൊത്തിപ്പിടിച്ചത്‌
വെൺനഖകൂർപ്പിനാൽ കറുപ്പിൻ ചോര ചീന്തി
വനമൊരു സ്വപ്നത്തെ ആവാഹിയ്ക്കയാണ്‌.

തീച്ചിറകുകൾ വീശും തൈജസങ്ങളങ്ങിങ്ങ്‌
ഇലഞരമ്പുകളിൽ നിന്നെത്തി നോക്കയാണ്‌.

ചുണ്ടുകളിൽ ബാക്കിയാം ഭൂതകാലത്തിൻ
നിഴലിറച്ചിത്തുണ്ടുകൾ നാവിനാൽ തുടച്ചെടുത്ത്‌
മുട്ടിലിഴഞ്ഞെത്തിയവൾ പൊയ്കയിൽ
ആദ്യമായ്‌ തൻ മുഖം കാൺകയാണ്‌.

സ്മൃതികളിൽ, മധുരമൊട്ടും തോന്നാതെ മാവിൻചില്ലയിൽ
നിർത്താതെയൊരു കാക്ക കരഞ്ഞു വിളിയ്ക്കയാണ്‌
കൈകളിലൊരു പിടി വറ്റ്‌
ഉദകമുരുട്ടാൻ തികയാതെ വരികയാണ്‌.

ചീറിയടുത്ത കൊടുംകാറ്റിനെ
കോമ്പല്ലിനാൽ ചവച്ച്‌ കുടയുകയാണ്‌.

മുലക്കച്ചമേൽ വെയിൽ തുന്നിപ്പിടിപ്പിച്ച
പുള്ളികൾ പിന്നെയും കത്തിപ്പിടിക്കുവാൻ
ചിറകുകളുരസുന്ന മിന്നാമിന്നികൾ
ചുണ്ടിൽ നിറം ചേർത്ത
മാതളപ്പുളിയുടെ നീരൂറ്റുമൊറ്റ നിശാശലഭം
കാടിന്റെ പച്ചയാം ഞരമ്പ്‌ മീട്ടി
പാടുന്ന പാട്ടിൽ അലർച്ചയാണ്‌.

രാവ്‌ തെറുത്ത നിലാവിൻ
പുളിയില നേർക്കരമുണ്ട്‌ നിറയേ
കരിഞ്ഞ ചെമ്പകക്കാലത്തിന്റെ വാസനയാണ്‌.


(പ്രചോദനം : കാത്തി പെറിയുടെ ROAR എന്ന മ്യൂസിക്‌ ആൽബം, വൈലോപ്പിള്ളിയുടെ 'പെണ്ണും പുലിയും' എന്ന കവിത )

 O

Sunday, July 13, 2014

അനിശ്ചിതത്വങ്ങളുടെ ജീവിതക്കളങ്ങളിൽ ഒരാൾ

 സിനിമ
 സുദേവൻ പുത്തൻചിറബ്ലാക്ക്‌ മാറ്റർ സിനിമയുടെ ബാനറിൽ ജി. ബിജു സംവിധാനം ചെയ്ത 'കളം' എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച്‌
      സ്വന്തം ഭൂതകാലത്തിലേക്ക്‌ തിരികെ നടക്കുകയോ ജീവിതം കരുപ്പിടിപ്പിക്കുന്നതിന്‌ തെരഞ്ഞെടുത്ത വഴികളെ തിരുത്തുകയോ അസാധ്യമാണെന്നതിനാൽ കൈവന്ന നിയോഗത്തിൽ കഴിഞ്ഞുകൂടാൻ നിർബന്ധിതരായവരാണ്‌ അധികംപേരും. പിറകോട്ടുള്ള ജീവിതത്തിന്റെ ആഖ്യാനം സാധ്യമാക്കുന്ന സിനിമ പോലെയുള്ള ഒരു മാധ്യമത്തിന്റെ അന്വേഷണസാധ്യതയും ഒരുപക്ഷേ, ഈ നഷ്ടജീവിതത്തിന്റെ പരിക്കുകളിൽ നിന്ന് സാധ്യമായ മറ്റൊരു ജീവിതാഖ്യാനത്തിന്‌ 'കള'മൊരുക്കുക എന്നതാണ്‌. ഒരുപക്ഷെ നാമോരോരുത്തരും ഈ കളിക്കളങ്ങളിൽ നമ്മളെത്തന്നെ എതിരാളികളായി അഭിമുഖീകരിച്ചിട്ടുണ്ട്‌. അനിശ്ചിതത്വങ്ങളുടെ ഈ കളങ്ങളാണ്‌ കടന്നുപോന്ന ജീവിതത്തിന്റെ ബാക്കിപത്രങ്ങളും. ജീവിതം അവനവനോടു തന്നെയുള്ള പോരാട്ടത്തിന്റെ കളിക്കളമാണെന്ന ഉൾക്കാഴ്ചയിലേക്ക്‌ പ്രേക്ഷകമനസ്സിനെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ്‌ ബ്ലാക്ക്‌ മാറ്റർ സിനിമയുടെ 'കളം' എന്ന ഹ്രസ്വചിത്രം.

 ജീവിതവ്യഥകളുടെ ഏതൊരു ചെറുരൂപകത്തെയും ദാർശനികാനുഭവമാക്കുന്ന ബൃഹദ്‌മാനങ്ങളിലേക്ക്‌ പൊലിപ്പിച്ചെടുക്കാനുള്ള ചെറുചലച്ചിത്രങ്ങളുടെ സാധ്യത ശരിയായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു, ഈ ചിത്രത്തിൽ. ക്യാമറയെന്നത്‌ ദൃശ്യങ്ങളെ പകർത്താനുള്ളത്‌ മാത്രമല്ല,സൂക്ഷ്മാംശങ്ങളെ സ്തൂലാവിഷ്കരണങ്ങളാക്കാനുള്ള ഒരു സംവേദന സാധ്യത കൂടിയാണെന്ന് നവസിനിമ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.
ഒരു ചെറുകഥയുടെ സൂക്ഷ്മസംവേദനം പോലെ ആഴമുള്ളതും ഉള്ളിൽ തട്ടുന്നതുമായ ദൃശ്യവിന്യാസങ്ങളോടെ കാലാനുഭവത്തിന്റെ ഒരു കുഞ്ഞു തണൽ പകർന്നു തരുന്നു ഈ ചെറുചിത്രം. പള്ളിയിലെ കുഴിവെട്ടുകാരൻ ലോറൻസിന്റെ മകൻ സോളമനെന്ന യുവാവിന്റെ ജീവിതം അയാൾ നിശ്ചയിച്ചുറപ്പിച്ചെടുത്തു നിന്നും വഴുതി വീഴുന്നതും ആകസ്മികമായ പിതാവിന്റെ മരണം പരമ്പരാഗതമായ ആ തൊഴിലിൽ അയാളെ തളച്ചിടുന്നതുമാണ്‌ ഇതിവൃത്തമെങ്കിലും വിഭിന്ന മാനങ്ങളിലൂടെയുള്ള ദൃശ്യ സംവേദനത്തിലൂടെ മനുഷ്യാസ്തിത്വത്തിന്റെ അനിശ്ചിതത്വങ്ങളിലേക്കും അവയിൽ സ്വയം കരുക്കളായി മാറിക്കൊണ്ട്‌ പോരടിക്കുന്നവന്റെ സ്വത്വസംഘർഷങ്ങളിലേക്കും ഈ ചിത്രം കൺമിഴിക്കുന്നു.
പകിടകളിയുടെ നീക്കങ്ങൾ ആമുഖമായുള്ള നാലു രാഗങ്ങളുടെ വിപരീതദിശയിലുള്ള വിന്യാസമാണ്‌ കളത്തിന്റെ ദൃശ്യഭാഷയുടെ പ്രത്യേകത. അമ്മാമനൊപ്പം മില്ലിൽ പണിക്കു പോകുന്ന സോളമന്റെ സ്വപ്നാടകനെപ്പോലെയുള്ള തിരിച്ചുവരവിൽ അയാൾ നേരിടുന്നത്‌ അനിശ്ചിതത്വങ്ങളും ആകസ്മികതകളും നിറഞ്ഞ കുടുംബാന്തരീക്ഷമാണ്‌. കഥാപുസ്തകത്തിലെ പദപ്രശ്നത്തിലെ പൂരിപ്പിക്കേണ്ട കളങ്ങൾക്കു മുൻപിൽ മിഴിച്ചു നിൽക്കുന്ന ഒരു കുട്ടിയെപ്പോലെ നിസ്സംഗനാണയാൾ. ജീവിതത്തിന്റെ പദപ്രശ്നമെന്നത്‌ അയാൾക്കു മുൻപിൽ ഒഴിഞ്ഞ പകിടക്കളം പോലെ പൂരിപ്പിക്കാതെ കിടക്കുന്നു. അന്നയെന്ന അമ്മയുടെ പ്രത്യാശകൾക്കു മുകളിൽ വന്നു വീഴുന്നത്‌ ലോറൻസിന്റെ ധിക്കരിക്കാനാകാത്ത ആജ്ഞകളും. മറ്റൊരു തൊഴിലിലേക്ക്‌ സ്വയം പറിച്ചു നടാനാകാതെ സോളമൻ തന്നെ കാത്തിരിക്കുന്ന സ്വാഭാവികമായ വിധിക്ക്‌ മുമ്പിൽ കീഴടങ്ങേണ്ടി വരികയാണ്‌. രഘു എന്ന സുഹൃത്തിന്റെ മുൻവിധികളില്ലാത്തെ ജീവിതത്തിന്റെ ആഘോഷത്തിമിർപ്പുകളെ നിസംഗമായി നോക്കിക്കാണാനേ സോളമന്‌ കഴിയുന്നുള്ളൂ. പകിടയുടെ നാലു കരുക്കളെപ്പോലെ ഒടുവിൽ മരണത്തിന്റെ നീലത്തിരശ്ശീല വന്നുവീഴുന്നത്‌ അനിവാര്യമായ ആ വിധിയിലേക്ക്‌ തന്നെയാണ്‌. പിതാവിന്റെ കുഴി വെട്ടുന്ന സോളമൻ തന്റെ തന്നെ പ്രത്യാശകളെക്കൂടിയാണ്‌ കുഴിച്ചുമൂടുന്നത്‌. ഒരാൾ തന്നെ സ്വയം കളിയിൽ ഇരുപുറവുമായിരുന്ന് ഏറ്റുമുട്ടേണ്ടിവരുന്ന, ജയാപരാജയങ്ങൾ സ്വയം നിശ്ചയിക്കാൻ കഴിയുന്ന, കളിക്കളമായി നമുക്കു മുമ്പിൽ നിഴൽ വിരിക്കുന്ന ജീവിതത്തെ തന്നെയാണ്‌ സോളമൻ കാട്ടിത്തരുന്നത്‌. സ്വപ്നങ്ങളും പ്രത്യാശകളും അടച്ചുവെച്ച മനസ്സിന്റെ താക്കോൽ സൂക്ഷിപ്പുകാർ മറ്റാരുമല്ല. അവരവർ തന്നെയാണെന്ന ഓർമ്മപ്പെടുത്തലാണ്‌ കളം.


ജി. ബിജു

ദൃശ്യവിതാനങ്ങളിൽ ഫീച്ചർ ഫിലിമുകളുടെ നിലവാരത്തോട്‌ കിടപിടിക്കുംവിധമാണ്‌ സിനിമയുടെ പരിചരണം. പച്ചയിൽ നൃത്തം വെക്കുന്ന ഗ്രാമദൃശ്യങ്ങൾക്ക്‌ ജീവൻ തുടിക്കുന്ന ശബ്ദസന്നിവേശവും അകമ്പടിയാകുന്നുണ്ട്‌. അസ്വാഭാവികത ഏറെയില്ലാത്ത കുടുംബാന്തരീക്ഷവും കഥാപാത്രങ്ങളുടെ അന്തർസംഘർഷങ്ങളും പകർത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതത്തിന്റെ മിതത്വം ചിലയിടങ്ങളിൽ ദൃശ്യഭാഷയെ ഘനമുള്ളതാക്കാൻ സഹായിച്ചിട്ടുണ്ട്‌. സിനിമ സംവിധായകന്റെ കല മാത്രമല്ല, എഡിറ്ററുടേതു കൂടിയാണെന്ന അഭിപ്രായം അർത്ഥവത്താക്കുന്നതാണ്‌ കളത്തിന്റെ ചിത്രസംയോജനം. ഏറെ അഭിനയസാധ്യതയുള്ള പാത്രഘടനയില്ലെങ്കിലും സോളമനും ലോറൻസും രഘുവുമായി അഭിനയിച്ചവർ ഏറെ മികവു പുലർത്തുന്നു. ബ്ലാക്ക്‌ മാറ്റർ സിനിമയ്ക്ക്‌ വേണ്ടി ജി. ബിജു സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം ഏഷ്യാനെറ്റിൽ പ്രദർശനം കഴിഞ്ഞ്‌ വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.

O
Tuesday, July 8, 2014

കാര്‍പെന്‍റര്‍

 കഥ
മനോജ്‌ വെങ്ങോലഞാന്‍ നടന്നു / പകലിന്‍റെ ചെങ്കനല്‍ ചൂളയ്ക്കുമേലേ / പ്രഭാതം മുതല്‍ പ്രദോഷം വരെ / ഞാന്‍ നടന്നു / പിന്നെ-ആകാശമെന്ന പ്രതിഷ്ഠയുടെ / വൈരക്കല്ലുകള്‍ തിളങ്ങവേ / ഇരുളിന്‍റെ പായ നിവര്‍ത്തി / ഇവിടെ കിടക്കാം / എന്ന് രാത്രി പറഞ്ഞു / അങ്ങനെ ഒന്നാം ദിവസം / നാളെ വീണ്ടും കാവടിയാട്ടമാണ്/അങ്ങനെയെന്നുമെന്നും / കാവടിയാട്ടം തന്നെ / കാരണമെന്തെന്നോ /ആത്മാവിന്‍റെ കോവിലിലെപ്പോഴും / ഉത്സവമേളമാണ് /ഒരിയ്ക്കലും ഒരിയ്ക്കലും / ഒരിയ്ക്കലും നിലയ്ക്കാത്ത / ഉത്സവമേളമാണ്. /
-- കാവടിയാട്ടം / ചെറിയാന്‍.കെ.ചെറിയാന്‍ഞാനും ശിവനും ചിറയ്ക്കരികില്‍  ചൂണ്ടലിട്ടുകൊണ്ടിരിക്കുകയായിരുന്നു.  അപ്പോള്‍ കാളുകുറുമ്പന്‍ അതുവഴി ഓടിവന്നു.

“അറിഞ്ഞോ, കാര്‍പെന്‍ററെ നിരത്തിലിട്ട് തല്ലുന്നു.”

“എന്തിന്?” ഞങ്ങള്‍ മുഖമുയര്‍ത്തി.

“ആവോ..അറിയില്ല.”

കാളുകുറുമ്പന്‍ മറ്റുള്ളവരെക്കൂടി വിവരമറിയിക്കാനായി  വെട്ടുകുഴിയിലേക്കോടി.

പായലുകള്‍ക്കിടയിലൂടെ വരാലുകള്‍ നീന്തുന്നു. ഒരു കുളക്കോഴി പടര്‍പ്പുകള്‍ക്കിടയില്‍ നിന്ന് എത്തിനോക്കി. കാര്‍പെന്‍റര്‍ തല്ലുകൊള്ളുന്നു എന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം തോന്നിയില്ല. അതെല്ലാം മുതിര്‍ന്നവരുടെ കാര്യം. എങ്കിലും കോര്‍മ്പലുകള്‍ മുളങ്കൂട്ടത്തില്‍ ഒളിപ്പിച്ച്  ഞങ്ങള്‍ നിരത്തിലേയ്ക്ക്  ചെന്നു. ഒരു പൂവരശിന്‍റെ വേരുകളില്‍ ചാഞ്ഞുകിടന്ന് കാര്‍പെന്‍റര്‍ അടികളേറ്റു വാങ്ങുകയായിരുന്നു. വിറച്ചുകൊണ്ടു കൈ ഓങ്ങി പൊതുവാള്‍ ആക്രോശിച്ചു.

“നീ ഞങ്ങളുടെ കൊടി കത്തിയ്ക്കും. അല്ലേടാ..”

മറുപടി എന്നോണം കാര്‍പെന്‍റര്‍ ചിരിച്ചു. അയാളുടെ കടവായിലൂടെ ചോരയൊഴുകി.

“ഞാന്‍ കരിയിലയ്ക്ക് തീയിട്ടതാ. അപ്പൊ കൊടി  തന്നെ  കത്തിക്കാണും...”

അതു ശരിയായിരുന്നു. മാത്തപ്പന്‍റെ തയ്യല്‍ക്കടയ്ക്കു  മുന്‍പിലെ  കൊടിമരത്തിനു  ചുവട്ടില്‍ അടിച്ചു കൂട്ടിയിടുന്ന  വെട്ടുകഷണങ്ങള്‍ക്കും  കരിയിലകള്‍ക്കും തീയിടുക  പകല്‍സഞ്ചാരങ്ങളെല്ലാം കഴിഞ്ഞ്  പടികളില്‍ വിശ്രമിക്കാറുണ്ടായിരുന്ന കാര്‍പെന്‍ററാണ്. ഒരവകാശം  പോലെ.

കയര്‍ പൊട്ടി ഞാന്നു കിടന്ന കൊടി ആരു  ശ്രദ്ധിയ്ക്കാനാണ്.

പൊതുവാള്‍പിന്നെയും കൈവീശി.

“കൊടി തന്നെ കത്തുമോടാ. നിന്നെ ഞാന്‍...”

“ഹ...പാവം. വിടതിനെ. തലയ്ക്ക് സ്ഥിരമില്ലാത്തതല്ലേ...”

ആരോ ഇടപെട്ടു.

“അതെയതെ. വിട്ടുകള..”

മൂസത് പൊതുവാളിനെ പിടിച്ചുമാറ്റിക്കൊണ്ടുപോയി. ശിവന്‍ എന്‍റെ കയ്യില്‍ മുറുകെ  പിടിച്ചു. ഞങ്ങള്‍ ഭയന്നു പോയിരുന്നു. പക്ഷേ, കാര്‍പെന്‍റര്‍ ഭയന്നൊന്നുമില്ല.  അയാള്‍ വീണു കിടന്നിടത്തു നിന്നും ചിരിച്ചുകൊണ്ട് എഴുന്നേറ്റു.  ഉടുപ്പിലേയ്ക്ക്  ചോരയിറ്റിക്കൊണ്ടിരുന്നു. അയാള്‍ അത്   ശ്രദ്ധിച്ചില്ല.  കരിയിലകള്‍ക്കൊപ്പം പാര്‍ട്ടിയുടെ കൊടി കൂടി  കത്തി എന്നത് ഗൌരവമായ  ഒന്നായി അയാള്‍ക്ക്  തോന്നിയതേയില്ല.  ഞങ്ങള്‍ മിഴിച്ചു നില്‍ക്കുമ്പോള്‍ ഒരുപാട്ട് മൂളിക്കൊണ്ട് കാര്‍പെന്‍റര്‍ ചുവടുകള്‍വച്ചു.

-കടല്‍കേറി  കര മുങ്ങി  കണ്ണീരായി
കണ്ണുരണ്ടും തള്ളി പുഴയില്‍ചാടി...

ഭ്രാന്തിനും ഉണ്മയ്ക്കും ഇടയിലെ വെമ്പലുകളിലൂടെ ഉറക്കെയുറക്കെ  പാടിക്കൊണ്ട്, അല്‍പ്പം മുന്‍പ് മഴ കൊള്ളുംപോലെ  അടികളേറ്റു വാങ്ങിയതത്രയും വിസ്മരിച്ചുകൊണ്ട്  അയാള്‍ നടന്നുപോയി. ചൂണ്ടലുകളെടുക്കാന്‍ ചിറയിലേയ്ക്ക്  നടക്കുമ്പോള്‍ ശിവന്‍ ചോദിച്ചു.

“കഷ്ടമായിപ്പോയി. അല്ലേ..?”

"അതെ." എനിക്കും തോന്നി.

"ഒരു കൂസലുമില്ലാതെയല്ലേ അയാള്‍ തല്ലുകൊണ്ടത്. തടയാനൊന്നു കയ്യുയര്‍ത്തിയതുപോലുമില്ല."

"അയാള്‍ക്ക് വട്ടായിരിക്കും"

"ഹോ..ഇങ്ങനെയൊരു മനുഷ്യന്‍.." ശിവന്‍റെ സ്വരത്തില്‍ അത്ഭുതമുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ആലോചിക്കുമ്പോള്‍, ശിവന്‍ വിസ്മയിച്ചത് ഒരു  കാറ്റുപോലെ നിസംഗനായി കാര്‍പെന്‍റര്‍ സംഭവങ്ങളിലൂടെ കടന്നുപോയത് കൊണ്ടു മാത്രമായിരുന്നുവോ? ഡബിള്‍ ചങ്കൻ, ശിഷ്ടം വര്‍ക്കി, അര്‍ജന്‍റലി, സംശയം തമ്പി എന്നിങ്ങനെ  നാട്ടുകാര്‍ പലര്‍ക്കായി നല്‍കിയ ഇരട്ട പേരുകളില്‍ ഒന്ന് മാത്രമായിരുന്നു കാര്‍പെന്‍റര്‍ എന്നതും. വാസുദേവന്‍ എന്ന പേര് നാട്ടുകാരാരും വിളിക്കുകയോ, ഓര്‍ക്കുക പോലുമോ ചെയ്തിരിക്കില്ല. നാട്ടിലെ കിണറുകള്‍ക്കും വീടുകള്‍ക്കും  കാര്‍പെന്‍ററായിരുന്നു സ്ഥാനം നിര്‍ണ്ണയിച്ചിരുന്നത്. കണക്കുകളായിരുന്നു ജീവിതം. അരികിലൂടെങ്ങാനും കടന്നുപോകാനിടയായാല്‍ അയാള്‍ പിറുപിറുക്കുന്നത് കേള്‍ക്കാം. നാല്പതും കോലേ എട്ട്, നാല്‍പ്പത്തി ഒന്‍പതും കോലേ പതിനാറ് എന്നൊക്കെ. മണ്ണിന്‍റെ അനേകം അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും ഗതിവിഗതികള്‍ കണ്ടറിഞ്ഞ് കാര്‍പെന്‍റര്‍ ഓരോ വീടിനും സ്ഥാനം കണ്ടെത്തി. അയാള്‍ മുഴക്കോല്‍ കുത്തുന്നിടം ജലഭൂതങ്ങള്‍ കിണറിലേയ്ക്ക് സ്ഫടികജലത്തിന്‍റെ ഉറവകള്‍ തുറന്നിട്ടു. തൊഴുത്തില്‍ കന്നുകള്‍ പാല്‍ ചുരത്തി പെരുകി. കാര്‍പെന്‍റര്‍ നിശ്ചയിച്ച സ്ഥാനം ഒരിക്കലേ മാറിയുള്ളൂ. പതിനാറു കോല്‍ താഴ്ത്തിയിട്ടും വെള്ളം കാണാതായ ചിറ്റേത്തെ കിണറിന്. അന്ന് ചിറ്റേത്ത് കാരണവര്‍ കാര്‍പെന്‍ററെ വീണ്ടും വരുത്തി. അയാള്‍ നിശ്ചയിച്ച സ്ഥാനം മാറിപ്പോയി എന്ന് കുറ്റപ്പെടുത്തി.

കാര്‍പെന്‍റര്‍ മടിച്ചില്ല.

കിണറ്റിലേയ്ക്കിറങ്ങി.അടിത്തട്ടില്‍ ചെന്നു രണ്ട് തരി മണ്ണ് വാരി വായിലിട്ടു. എന്നിട്ട് മുകളിലേക്ക്‌ ഒരു ചോദ്യം.

സൂര്യനിപ്പഴെവിടാ  കാര്‍ന്നോരേന്ന്.
വടക്ക് പടിഞ്ഞാറെന്നു കാര്‍ന്നോര്‍.
കൈകൊണ്ടൊന്നു മറച്ചോളൂ എന്നായി കാര്‍പെന്‍റര്‍.
ശരി, ആവട്ടെ എന്ന് കാര്‍ന്നോരും.

പിന്നെ, കമ്പി കൊണ്ട് കാര്‍പെന്‍റര്‍ കിണറിന്‍റെ കര്‍ണ്ണത്തിനൊരു കുത്ത്..! ബാക്കി കഥ നാട്ടിലെ പഴമക്കാരിങ്ങനെ പറയും. കാര്‍പെന്‍റര്‍ മുകളില്‍ എത്തുമ്പോഴേയ്ക്കും കിണറ്റില്‍ മുട്ടോളം വെള്ളം.പട്ട മാറ്റി താഴ്ത്തിയാല്‍ വെള്ളം കാണ്വോ. കാര്‍പെന്‍ററോടാ കളി..!!

ഉവ്വ്. കാര്‍പെന്‍റര്‍  ഞങ്ങളുടെ വിസ്മയമായിരുന്നു.

"നില്‍ക്കടാ പിള്ളേരേ..."

പിറ്റേന്ന് ഞങ്ങള്‍ പള്ളിക്കൂടത്തിലേയ്ക്ക് പോകും വഴി തൊണ്ടിക്കാടുകള്‍ക്ക് അരികില്‍ വച്ച് കാര്‍പെന്‍റര്‍  പിറകില്‍ നിന്ന് വിളിച്ചു.

ഞാന്‍. ശിവന്‍. രമ. ഞങ്ങള്‍ തിരിഞ്ഞുനോക്കി.

കാര്‍പെന്‍റര്‍ തൊണ്ടിപ്പഴം ഞങ്ങള്‍ക്ക് നീട്ടി.

"വേണോ?"

തലേന്നത്തെ അടികൊണ്ടിട്ടാവണം  അയാളുടെ മുഖം നീര് വന്നു വീങ്ങിയിരുന്നു. ഞങ്ങള്‍ നടന്നു. തൊണ്ടിപ്പഴത്തിന്‍റെ മധുരം നാവിലലിഞ്ഞു. സ്കൂള്‍ പടിക്കല്‍ എത്തിയപ്പോള്‍ കാര്‍പെന്‍റര്‍ ചോദിച്ചു.

"ഇത് വസുമതിയ്ക്ക് കൊടുക്ക്വോ..?

ഏതു വസുമതി എന്ന് ഞാന്‍ സംശയിച്ചപ്പോള്‍ രമ എന്നെ തോണ്ടി.

"എട്ട് ബിയിലെ വസുമതി"

ഞാന്‍ തലകുലുക്കി. അയാള്‍ കുറച്ചു തൊണ്ടിപ്പഴം എന്‍റെ കയ്യിലേക്കിട്ടു.

വസുമതിയ്ക്ക് കൊടുത്തപ്പോള്‍ അവള്‍ തിരക്കി.

"എവ്ട്ന്നാ ഇത്?"

ഞാന്‍ സത്യം പറഞ്ഞു. പൊടുന്നനെ വസുമതിയുടെ മുഖമിരുണ്ടു. എനിയ്ക്ക് പേടിയായി. ദേഷ്യത്തോടെ അവയത്രയും വരാന്തയിലിട്ടു ചവുട്ടിയരച്ച് അവള്‍ നടന്നു പോകുമ്പോള്‍ ഞാന്‍ കണ്ടു: തറയില്‍, ഉരുകിയ ലോഹം പോലെ  തിരസ്കൃതസ്നേഹത്തിന്‍റെ ചുവപ്പ് കറകള്‍.

വൈകുന്നേരം തിരിച്ചുവരുമ്പോള്‍ രമ പറഞ്ഞു.

"അമ്മയെപ്പോലെ അക്കുട്ടിയ്ക്കും അച്ഛനെ ഇഷ്ടോല്ല.."

"അതെന്താ..?"

"ആര്‍ക്കറിയാം. അവരിപ്പോ വേറെ വീട്ടിലല്ലേ താമസം. കാര്‍പെന്‍റര്‍ക്കെവിട്യാ വീട്..?"

നാട്ടുകാര്‍ക്ക് മുഴുവന്‍ വീട് പണിയുവാന്‍ നടക്കുന്ന കാര്‍പെന്‍റര്‍ക്ക് സ്വന്തമായൊരു വീടില്ല എന്നത് എന്നെ വേദനിപ്പിച്ചു. നക്ഷത്രരശ്മികളുടെയും നവഗ്രഹങ്ങളുടെയും ആകര്‍ഷണ വികര്‍ഷണങ്ങള്‍ക്ക് അതീതമായോരിടം കാര്‍പെന്‍റര്‍ക്കായി ഭൂമിയില്‍ ഇല്ലെന്നോ.
ഞങ്ങള്‍ കുട്ടികള്‍ നിശബ്ദരായി നടന്നു.

ഉന്മാദത്തിന്‍റെ തിരക്കോളില്‍ ഇടയ്ക്കിടെ കാര്‍പെന്‍റര്‍  നാട്ടില്‍ നിന്ന് അപ്രത്യക്ഷനാകുമായിരുന്നു. വിത്സണ്‍  മുതലാളിയുടെ നെല്ലുകുത്തുപുരയുടെ വരാന്തയിലോ പിറക്കാട്ടമ്പലത്തിലെ ആല്‍ത്തറയ്ക്കലോ ആ അസാന്നിധ്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. പാലായിക്കുന്നിലെ  ആനക്കല്ലിനു മുകളില്‍  കാര്‍പെന്‍റര്‍ ധ്യാനമിരിക്കുന്നു എന്ന് കാളുകുറുമ്പന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. അയാള്‍ തേനെടുക്കാനോ മറ്റോ കുന്നുകയറിയപ്പോള്‍ കണ്ടതാണത്രെ.

"കാര്‍പെന്‍റര്‍ എവിട്യാന്നറിയോ.?" കാളുകുറുമ്പന്‍ എന്നോട് ചോദിച്ചു.

ഞാന്‍ കൂനന്‍ പാലത്തിന് മുകളില്‍ ഇരിക്കുകയായിരുന്നു. നട്ടുച്ച. ദൂരെ  പുതുപ്പാറ കാവിലെ ആല്‍മരത്തില്‍ കാറ്റൂതുന്ന ശബ്ദം കേള്‍ക്കാം.

അറിയില്ല എന്നറിയിച്ചപ്പോള്‍ കാളുകുറുമ്പന്‍ വിശദീകരിച്ചു.

"അയാള് വാസ്തുപുരുഷനെ ധ്യാനിക്ക്യല്ലേ.."

"എന്തിന്?"

കാളുകുറുമ്പന്‍ കൈവരിയിന്മേല്‍  മുറുക്കാന്‍പൊതി അഴിച്ചു വച്ചു.

"എന്തിനെന്നോ...കൊള്ളാം.." ഒരു കഷണം അടയ്ക്ക വായിലേയ്ക്ക് തിരുകികൊണ്ട് കാളുകുറുമ്പന്‍ തുടര്‍ന്നു.

"അയാള്‍ക്കിത്ര ശക്തി എവിടെന്നാന്നാ വിചാരം. ഒക്കെ വാസ്തുപുരുഷന്‍റെ അനുഗ്രഹല്ലേ. കുഞ്ഞന്‍മൂപ്പരുടെ കഥ അറിയ്വോ കുട്ടിയ്ക്ക്. ങാ..എങ്ങനെ അറിയാനാ..അല്ലേ..മാളികേലാണ് കുഞ്ഞന്‍ മൂപ്പര്. മാളിക പണിയാന്‍ സ്ഥാനം കണ്ടതാരാ..നമ്മടെയീ കാര്‍പെന്‍റര്‍. പണിത കണക്കാരുടെ..? നമ്മടെയീ കാര്‍പെന്‍ററുടെ. എന്നിട്ട് ഒരു ദിവസം കാര്‍പെന്‍റര്‍ മാളികേലെ പടിപ്പുരേ ചെന്നു നിന്ന് ചോദിച്ചു. മൂപ്പരെ..എനിക്കൊരു രണ്ടുറുപ്യ തരുവോന്ന്‍...അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കണോനാണോ  മൂപ്പര്. എന്തിനാടാ  രണ്ടുറുപ്പ്യ എന്ന് ചോദിച്ചു. അമ്മയെ രാമന്‍ വൈദ്യരെ  കാണിക്കാനാ എന്ന് പറഞ്ഞു കാര്‍പെന്‍റര്‍. അപ്പോ...ചത്താ  കുഴിച്ചിടടാ എന്നായി മൂപ്പര്..."

കാളുകുറുമ്പന്‍ നിര്‍ത്തി.

ഞങ്ങള്‍ ഇരുന്ന കൂനന്‍പാലത്തിനു ചുറ്റും ഉച്ചവെയില്‍ ഒന്നിളകി.

"എന്നിട്ട്..?"

"എന്നിട്ടെന്താ... കാര്‍പെന്‍റര്‍ പടിപ്പുരേന്ന്‍ വിളിച്ചുപറഞ്ഞു. മൂപ്പരെ, സൂക്ഷിച്ചോളൂ. മുപ്പെട്ട് വെള്ളിയാഴ്ചയ്ക്കകം മാളിക തീപ്പെടും. കട്ടായംന്ന്."

"അപ്പൊ മൂപ്പരെന്തു പറഞ്ഞു.?" ഞാന്‍ കഥയില്‍ ഉത്സുകനായി.

കാളുകുറുമ്പന്‍ ചിരിച്ചു.

"എന്ത് പറയാന്‍. മുറ്റത്ത്‌ വന്നു നിന്ന് പ്രാവുന്നോടാ എന്ന് ചോദിച്ച് തല്ലിചതച്ച് കള്ളിയേലി പാടത്ത് കൊണ്ടിട്ടു..."

എന്‍റെ നെഞ്ചിടിപ്പേറി.

"പക്ഷേങ്കി  കാര്‍പെന്‍റര്‍ പറഞ്ഞത് മാറില്ലാട്ടോ കുട്ടീ..മാളിക തീപ്പെട്ടു. ചുള്ളീം വെറകും  ശേഷിക്കാണ്ടേ നിന്ന് കത്തി. വാസ്തുപുരുഷനെ ധ്യാനിച്ചോരോട്  കളിച്ചാ കളി പഠിയ്ക്കും.."

അന്ന് രാത്രി ഞാന്‍ കത്തുന്നൊരു വീട് സ്വപ്നം കണ്ടു. മേഘങ്ങളില്‍ ചെന്നു തൊടുംവിധം തീജ്ജ്വാലകള്‍ ഉയര്‍ന്നു. ഓടുകള്‍ പൊട്ടിത്തെറിച്ചു. ചില്ല് ജാലകങ്ങളിലൂടെ അഗ്നി വിരലുകള്‍ നീട്ടി. ആക്രന്ദനങ്ങള്‍ക്കിടയില്‍ നിഴലുകളിളകി. ഞാന്‍ കരഞ്ഞുണര്‍ന്നു.

ഈ കഥ പറഞ്ഞപ്പോള്‍ ശിവന്‍ വിശ്വസിച്ചില്ല.

"അട്ടത്തെ വിറകിനു തീ പിടിച്ചതാന്ന്‍ അച്ഛന്‍ പറഞ്ഞെനിക്കറിയാല്ലോ.."

"ശരിയാ.." രമയും പറഞ്ഞു. "അല്ലാണ്ടെ ഒരാള് വെറുങ്ങനെ പറഞ്ഞാ തീ പിടിക്ക്വല്ലേ..വെറും നുണ.."

എനിക്കവരോട് യോജിക്കാനായില്ല.

"കാര്‍പെന്‍ററല്ലേ..പറഞ്ഞാ പറ്റും.." ഞാന്‍ വാദിച്ചു.

പിന്നീട് കണ്ടപ്പോള്‍ കാര്‍പെന്‍റര്‍ ചോദിച്ചു.

" തൊണ്ടിപ്പഴം വസുമതി വാങ്ങിയോ..?"

"പിന്നില്ലേ" ഞാന്‍ നുണ പറഞ്ഞു.

കാര്‍പെന്‍ററുടെ മുഖം വിടരുന്നതും കണ്ണുകള്‍ നിറയുന്നതും ഞാന്‍ കണ്ടു.

"എനിയ്ക്കറിയാം..എന്‍റെ മോളാവള്.."

അയാളുടെ അസാധാരണമാം വിധം മെലിഞ്ഞ ദേഹം കൊന്നപ്പത്തലുകള്‍ക്കിടയിലൂടെ നീങ്ങിപ്പോകുന്നത് കണ്ടപ്പോള്‍ എനിയ്ക്ക് പാവം തോന്നി. ചിലപ്പോള്‍ നുണകള്‍ നന്മകളും കൊണ്ടുവരും. എന്നത്തേയും പോലെ അയാളൊരു പാട്ട് നീട്ടി മൂളുന്നത് കാറ്റില്‍കിടന്നു പിടഞ്ഞു.

"എന്‍റെ മകള്‍ക്കൊരു  തൊട്ടില് വേണ്ടേ
തൊട്ടില്‍ പണിയ്വോ പണിക്കത്തീ
തൊട്ടില് കെട്ടാന്‍ വിരുതൊന്നു വേണ്ടേ 
വിരല് തരാലോ പണിക്കത്തീ.."

കാറ്റുകള്‍ പിന്നെയും വീശി.

പിറക്കാട്ടമ്പലത്തിലേയ്ക്ക് ഉത്രം കാവടി മഹോത്സവത്തിന്‍റെ കാവടികള്‍ നിറച്ച  കൈവണ്ടികള്‍ പോകുന്നത് നോക്കി ഞാന്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ശിവന്‍ ഓടിവന്നു.

"എടാ..നമ്മടെ ഉസ്കൂളിനിന്ന്‍ അവധിയാ.." അവന്‍ നിന്ന് കിതച്ചു.

"എന്തേ..?"

"അപ്പോ നീയറിഞ്ഞില്ലേ..എട്ട് ബിയിലെ വസുമതി മരിച്ചുപോയി."

"എങ്ങനെ?"

"വെഷം തീണ്ടീതാത്രേ.."

ഞാനപ്പോള്‍ കാര്‍പെന്‍ററെ ഓര്‍ത്തു. തൊണ്ടിപ്പഴങ്ങളുടെ ചുവപ്പോര്‍ത്തു. സ്കൂള്‍ വരാന്തയില്‍  പതിഞ്ഞു കിടന്ന കറകള്‍ ഓര്‍ത്തു.

കാവടികള്‍ നീങ്ങിപ്പോവുകയായിരുന്നു. കൈവണ്ടിയുടെ കുലുക്കങ്ങളില്‍ അവ കിടന്നു തുള്ളി.

ഞങ്ങള്‍ സ്കൂളിലേയ്ക്ക് ചെല്ലുമ്പോള്‍ കുട്ടികള്‍ വസുമതിയുടെ വീട്ടിലേയ്ക്കിറങ്ങാന്‍ വരിവരിയായി നില്‍ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ രമ വിതുമ്പി.

"പുല്ലാനിമൂര്‍ഖനാരുന്നു.."

ഞാനൊന്നും പറഞ്ഞില്ല.

എല്ലാവരുടെയും മുഖം മ്ലാനമായിരുന്നു. ഞങ്ങള്‍ വസുമതിയുടെ വീട്ടിലേയ്ക്കുള്ള തിട്ടുകള്‍ കയറി. പച്ചോലയുടെ  പന്തലിനു കീഴെ വസുമതിയെ കിടത്തിയിരുന്നു. മുഖവും നഖങ്ങളും കരിനീല പടര്‍ന്ന് അവള്‍ മറ്റാരോ ആണെന്ന് തോന്നി. പനംതട്ടികയുടെ മറയിലിരുന്ന്‍ വസുമതിയുടെ കൂട്ടുകാരികള്‍ കരഞ്ഞു. ചിതയില്‍ വസുമതി ആളുമ്പോള്‍ ഞാന്‍ അവിടെയെല്ലാം കാര്‍പെന്‍ററെ തിരഞ്ഞു. കണ്ടില്ല. ആരും അയാളെ അറിയിച്ചിരിക്കില്ല.

പിറ്റേന്ന്, കൊടിയിറങ്ങിയ ഉത്സവപ്പറമ്പിലൂടെ പൊട്ടാത്ത  പടക്ക ചീളുകള്‍ അന്വേഷിച്ചു നടക്കുമ്പോള്‍ ശിവന്‍ പറഞ്ഞു:

"ആരോ കരയുന്നെടാ.."

ഞാന്‍ കാതോര്‍ത്തു.

ഉവ്വ്. അത് കാര്‍പെന്‍ററായിരുന്നു. അമ്പലത്തിലെ ചുറ്റുമതിലിന് മുന്‍പിലെ ബലിക്കല്ലിലേയ്ക്ക് ചാഞ്ഞുകിടന്ന് അയാള്‍ കരയുകയായിരുന്നു.

"ഞാന്‍ അറിഞ്ഞില്ലല്ലോ...എന്നോടാരും പറഞ്ഞില്ലല്ലോ.."

ഞങ്ങള്‍ ഒരു കൂവളത്തിന് പിറകില്‍ നിന്ന് അയാളെ വീക്ഷിച്ചു. അയാള്‍ ദൈവത്തോട് കലമ്പി.

"എന്നാലും എന്നോടിത് ചെയ്തല്ലോ...ഈ  എന്നോട്.."

കാര്‍പെന്‍റര്‍ ബലിക്കല്ലിലേയ്ക്ക് ശിരസമര്‍ത്തി. അയാളുടെ നെറ്റിപൊട്ടി ചോരയൊഴുകി. അടുത്ത നിമിഷം അയാള്‍ ഭ്രാന്തെടുത്ത് പാഞ്ഞുവരുമെന്ന് ഭയന്ന് ഞാനും ശിവനും തിരിഞ്ഞോടി.
ബലിക്കല്ലിലേയ്ക്ക് പിന്നെയും ചോര വീണുകൊണ്ടിരുന്നു.

ചിലരുണ്ട്. ഒരു കഥയ്ക്കും അവര്‍ പാകമാവുകയില്ല. ഉന്മാദത്തിന്‍റെ വെയില്‍ക്കാവടിയും ചുമലിലേറ്റി അവരങ്ങനെ പോവുകയേയുള്ളൂ. വല്ല വിധേനയും ജീവിതത്തിന്‍റെ ആദ്യഖണ്ഡികയിലേയ്ക്ക് കൈപിടിച്ചുവെന്നിരിക്കട്ടെ. അടുത്ത ഖണ്ഡികയില്‍ അവര്‍ വേദനിച്ചും കരഞ്ഞും കഴിയും. ചോദ്യചിഹ്നങ്ങളും ഉദ്ധരണികളും ഞെരുക്കുന്നുവെന്നു പരിഭവിയ്ക്കും. കൂട്ടിത്തൊടാത്ത രണ്ട് വാചകങ്ങള്‍ക്കിടയിലെ  ഏകാന്തതയ്ക്ക് നമ്മെ പഴിയ്ക്കും. ഇനിയൊരു ഖണ്ഡികയില്‍ ദൈവത്തിന്‍റെ മേല്‍വിലാസത്തിനായി പിണങ്ങും. അപ്പോള്‍ പകുതിയില്‍ നില്‍ക്കുന്ന കഥ മടക്കി നാം എഴുന്നേല്‍ക്കും. എന്നിട്ട്, പിന്നീടൊരിക്കല്‍ വെട്ടിയെഴുതാന്‍ വേണ്ടി പേജുകള്‍ നിവര്‍ത്തുമ്പോള്‍ കബളിപ്പിയ്ക്കപ്പെട്ട  കാവല്‍ക്കാരെപ്പോലെ വാക്കുകള്‍, അയാള്‍ കഥയില്‍ നിന്ന് ഇറങ്ങിപ്പോയല്ലോ ഞങ്ങള്‍ക്ക് തടയാനായില്ലല്ലോ  എന്ന് പരിഭ്രമിച്ചു നില്‍പ്പുണ്ടാകും.

അങ്ങനെ-

മറ്റൊരു കഥയില്‍, മറ്റൊരു പേരില്‍ എഴുതപ്പെടാന്‍ എന്നോണം ഇറങ്ങിപ്പോയി കാര്‍പെന്‍റര്‍. ഉത്രം കാവടികള്‍ പിന്നെയും വന്നു.

ബഹനാംസഹദായുടെ തിരുനാളുകള്‍.
കുംഭഭരണികള്‍.
പൂയം തിറകള്‍.
പഞ്ചാരികള്‍.

ഞങ്ങള്‍ ജീവിതവുമായൊരു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കാര്‍പെന്‍റര്‍ ധ്യാനമിരിക്കാറുള്ള ആനക്കല്ല് അനേകം കഷണങ്ങളായി ഹൈവേ പണിയുവാന്‍ ഉപയോഗിക്കപ്പെട്ടു. തുണ്ടുതുണ്ടായി വിഭജിച്ച ഭൂമികളില്‍, പട്ടണത്തില്‍ നിന്നെത്തിയ എഞ്ചിനീയര്‍മാര്‍ എടുപ്പുകള്‍ ഉയര്‍ത്തി. അതിനിടയില്‍ ഞങ്ങള്‍ ചൂണ്ടലിടാറുള്ള ചിറയ്ക്കടിയില്‍  ടിപ്പു സുല്‍ത്താന്‍റെ പടയോട്ടക്കാലത്തെ നിധി കിടപ്പുണ്ടെന്നറിഞ്ഞു. അതിനേക്കാള്‍ വലിയ നിധികള്‍ പെണ്‍കുളിക്കടവിലെന്നോര്‍ത്ത് ഞങ്ങള്‍ അതിദ്രുതം അങ്ങോട്ട്‌ നീങ്ങി. കാര്‍പെന്‍റര്‍  വിസ്മൃതനാവുകയായിരുന്നു. അയാളെ നിരത്തിലിട്ട് തല്ലിയ പൊതുവാള്‍ ഒരു കാറപകടത്തില്‍ മരണപ്പെട്ടുപോയി. പലനിറത്തില്‍ കൊടികള്‍ പിന്നെയും വന്നു. കാറ്റില്‍ പാറി. ആരും കാര്‍പെന്‍ററെ ഓര്‍ക്കുകയുണ്ടായില്ല.

ഒരു രാത്രിയില്‍ പണിയാന്‍ തുടങ്ങുന്ന പുതിയ വീടിന്‍റെ  പ്ലാനിനു മുന്നിലിരുന്നു ഞാന്‍ കണക്കുകള്‍ കൂട്ടുമ്പോള്‍ കോളിംഗ് ബെല്‍ മുഴങ്ങി. രാത്രിയില്‍ ആരെന്നു സംശയിച്ചു വാതില്‍ തുറക്കുമ്പോള്‍  മുറ്റത്തെ നിത്യകല്യാണി തലപ്പുകള്‍ക്കിടയില്‍  ഒരു നിഴലനങ്ങി.  ഞാന്‍ ചോദിച്ചു.

"ആരാണ്.?"

മറുചോദ്യമുയര്‍ന്നു.

"പുതിയ വീട് കെട്ടാനുള്ള ഒരുക്കമാണല്ലേ.?"

"ഉവ്വ്" ഞാന്‍ തലയാട്ടി.

"എങ്കിലത് വേണ്ട"

"എന്താണ് കാര്യം?" എന്‍റെ സ്വരം പരുഷമായി.

കണക്ക് തെറ്റാണ് പിള്ളേ. വട്ടം മരണചിറ്റാണ്."

"അതു നിങ്ങള്‍ക്കെങ്ങനെ അറിയാം"

ഉത്തരമുണ്ടായില്ല. ഗെയ്റ്റ് കടന്ന് ഇരുട്ടിലൂടെ, മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒരു നിഴല്‍ നീങ്ങിപ്പോയി. അങ്ങനെ നില്‍ക്കുമ്പോള്‍ വടക്കുകിഴക്ക് തലയും തെക്കുപടിഞ്ഞാറ് പാദങ്ങളുമായി വാസ്തുപുരുഷന്‍ ശയിക്കുന്നത്‌ ഞാനറിയുന്നു. അവന്‍റെ മൂര്‍ദ്ധാവില്‍ ചന്ദ്രചൂഡന്‍ ധ്യാന പൂര്‍ണ്ണനാവുകയാണ്. ഇടംകണ്ണില്‍ പര്‍ജ്ജ്യനും വലംകണ്ണില്‍ ദിതിയും ഉലകളൂതുന്നു. വലംചെവിയില്‍ ആദിതിയും ഇടംചെവിയില്‍ ജയന്തനും കാഹളമുയര്‍ത്തുന്നു. വലംചുമലില്‍ അര്‍ഗ്ഗളനും ഇടംചുമലില്‍ ഇന്ദ്രനും ചാപങ്ങള്‍ കുലയ്ക്കുന്നു.മുഖത്ത് നിന്ന് ആപനും കഴുത്തില്‍ നിന്ന് ആപവാസനും എന്നെ നോക്കുന്നു. മഹാമര്‍മ്മങ്ങളില്‍ നിന്ന് നാല്പത്തിയഞ്ച് ദേവന്മാരും എന്‍റെ നേരെ വിരല്‍ചൂണ്ടുന്നു. നീ..നീ...

അപ്പോള്‍ എന്‍റെ മകള്‍ പിറകില്‍ വന്നു  ചോദിച്ചു:

"ആരായിരുന്നു അച്ഛാ അത്?"

"നീയറിയില്ല. ഒരാള്‍." ഞാന്‍ അകത്തേയ്ക്ക് നടന്നു.

O

Tuesday, July 1, 2014

ചുമ്മാതൊരോർമ്മ

കവിത
സുധീർ രാജ്‌ടിനെ തീറ്റുമ്പം നോക്കിനിക്കും
ചൂണ്ടയിടുമ്പം തുണി കഴുകാനാണെന്നും പറഞ്ഞ്‌
കുനിഞ്ഞ്‌ പാളിനോക്കും
പള്ളിക്കൂടത്തീന്നു വരുമ്പം
രണ്ടടി പിന്നിൽ പമ്മിപ്പമ്മി വരും.

എത്ര തമാശ പറഞ്ഞാലും ചിരിക്കത്തില്ല,ഓടിക്കളയും
പിന്നൊറ്റയ്ക്കിരുന്ന് കിലുക്കുന്നതു കാണാം
വരമ്പിലൂടെ ഒന്നും മിണ്ടാതെ നടക്കുമാരുന്നു
വൃശ്ചികത്തിലെ രാത്രികളിൽ
അക്കരേന്ന് എന്റെ പാട്ടിനു മറുപാട്ട്‌ പാടുമാരുന്നു.

അക്കച്ചീടെ കയ്യി കുമ്പിളപ്പം കൊടുത്തുവിടും
വള്ളത്തെയിരിക്കുമ്പം അക്കച്ചിയോടു
മുറ്റത്തെ വരിക്കപ്ലാവിന്റെ മധുരം വിളമ്പും
കവിളങ്ങനെ തുടച്ചെന്നെ നോക്കും.

ആറ്റിലെ നീരേ
നീറ്റിലെ പൂവേ
നിലയില്ലാക്കയമേ
എങ്ങിനെയാണ്‌ ഞങ്ങളെ നീ കൊന്നത്‌?
വെയിലില്‌ മുങ്ങിച്ചത്തു പോയ നിഴലുകളെ
നീയെവിടാ ഒളിപ്പിച്ചത്‌?
കുംഭത്തിലെ കുഴഞ്ഞുവീണ
മകരമഞ്ഞിനെ നീയെന്തു ചെയ്തു?

ഈ കാലത്തെയൊണ്ടല്ലോ
ഒരു ചൂണ്ടേക്കൊരുത്തു ഞാനിടും
എന്തെങ്കിലും ഒരോർമ്മ തടയുമായിരിക്കും
ഇല്ലേലുമൊന്നുമില്ല
അവളൊഴുകുന്നുണ്ടല്ലോ.

O