Sunday, October 27, 2013

സംസ്കാരജാലകം

സംസ്കാരജാലകം - 18
ഡോ.ആർ.ഭദ്രൻ










ഒടുക്കം/സഞ്ജയൻ/വാഴ്ത്തപ്പെട്ടവൾ
മാധ്യമം ജൂലൈ 29

അദ്ധ്വാനവർഗ്ഗസിദ്ധാന്തം എഴുതിയ കെ.എം.മാണിക്ക്‌ സഞ്ജയൻ നല്ല കിഴുക്ക്‌ കൊടുത്തിട്ടുണ്ട്‌. അസ്സലായി. ഇങ്ങനെയും കോമൺ സെൻസില്ലാത്ത മനുഷ്യരോ! ബ്രിട്ടീഷ്‌ ലൈബ്രറിയിലിരുന്ന് മൂലക്കുരു വരുംവരെ മാർക്സ്‌ പഠിച്ചെഴുതിയ മാർക്സിസത്തിന്‌ സ്ഥാപനത്തിന്റെ പടി കണ്ടിട്ടില്ലാത്ത ഒരാൾ ടിപ്പണി എഴുതുന്നു.

പി.സി.ജോർജ്ജ്‌


ശെൽവരാജിനെ സി.പി.എമ്മിൽ നിന്ന് അടർത്തിയെടുത്ത്‌ കോൺഗ്രസിൽ എത്തിച്ച ജനാധിപത്യവിരുദ്ധ പ്രവർത്തനത്തിന്‌ കാർമ്മികത്വം വഹിച്ചപ്പോൾ പി.സി.ജോർജ്ജിനെക്കുറിച്ച്‌ വല്ലാത്ത വെറുപ്പ്‌ മനസ്സിൽ നിറഞ്ഞു. ഇന്ന് സോളാർ പ്രശ്നത്തിൽ സ്വീകരിക്കുന്ന നിലപാടുകൾ കാരണം ഈ വെറുപ്പ്‌ പോയ്‌മറയുകയും മനസ്സിൽ ഏറെ ബഹുമാനം നിറയുകയും ചെയ്യുന്നു. ഇന്ന് മലയാള വാർത്താ ചാനലുകളുടെ ഒരു ന്യൂസ്‌മേക്കർ ആണ്‌ പി.സി.ജോർജ്ജ്‌. സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളോട്‌ പി.സി.ജോർജ്ജ്‌ പുലർത്തുന്ന ജാഗരൂകത അദ്ദേഹത്തെ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമായി മാറ്റുകയാണ്‌.

വിതുര ബേബിക്ക്‌ അന്ത്യാഞ്ജലി


വിതുര ബേബി അന്തരിച്ചു എന്ന വാർത്ത ദുഃഖത്തോടെയാണ്‌ വായിച്ചത്‌. ചില സാംസ്കാരിക സമ്മേളനങ്ങളിൽ ഈ അടുത്തകാലത്ത്‌ അദ്ദേഹവുമായി വേദികൾ പങ്കിടാൻ കഴിഞ്ഞു. അദ്ദേഹവുമൊത്ത്‌ ഇരുന്നപ്പോൾ ഒരു വലിയ മനുഷ്യന്റെ അടുക്കൽ ഇരിക്കുന്നതായാണ്‌ എനിക്ക്‌ തോന്നിയത്‌. പത്രപ്രവർത്തകൻ, സ്പോർട്സ്‌ ലേഖകൻ, കഥാകൃത്ത്‌, ഗ്രന്ഥശാലാ പ്രവർത്തകൻ, നാടകപ്രവർത്തകൻ, സിനിമാ നിരൂപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്‌ ശോഭിക്കുവാൻ കഴിഞ്ഞു. ഈ കെട്ടകാലത്തുനിന്നും, വിതുര ബേബിയെപ്പോലുള്ളവർ പിൻവാങ്ങുമ്പോൾ മുന്തിയറുപ്പന്മാർക്ക്‌ അരങ്ങു തകർക്കാൻ കൂടുതൽ അവസരം ഉണ്ടാകുകയാണ്‌. ഇതാണ്‌ വിതുര ബേബിയെപ്പോലുള്ളവരുടെ മരണം കാലത്തിന്‌ ഏൽപ്പിക്കുന്ന ആഘാതം. എല്ലാ വലിയ എഴുത്തുകാരെയും പോലെ ഈ മനുഷ്യനിലും സ്നേഹം ഒരു കളിവീട്‌ പണിതിരിക്കുന്നത്‌ ഞാനെന്റെ ധ്യാനമുഹൂർത്തങ്ങളിലേക്ക്‌ പിൻവാങ്ങി അറിഞ്ഞു. മനസ്സിൽ അത്‌ കുറിച്ചെടുക്കുകയും ചെയ്തിരുന്നു. കിന്നാരങ്ങളും പുന്നാരങ്ങളും, സത്യത്തിന്റെ അടിവേരുകൾ, തേൻകുടുക്ക എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്‌. ചില കഥാസമാഹാരങ്ങളും പ്രകാശിതമായിട്ടുണ്ട്‌. വിതുര ബേബിക്ക്‌ 'സംസ്കാരജാലക'ത്തിന്റെ അന്ത്യാഞ്ജലി.

ആദ്യ വനിതാ ബിഷപ്പ്


സി.എസ്‌.ഐ.സഭ ആദ്യ വനിതാ ബിഷപ്പിനെ തെരെഞ്ഞെടുത്ത്‌ ചരിത്രമെഴുതി. ആന്ധ്രയിലെ നന്ദ്യാൽ മഹാ ഇടവക ബിഷപ്പായി റൈറ്റ്‌.റവ.ഇ.പുഷ്പലളിതയെ നിയോഗിച്ചതോടെയാണ്‌ വിശ്വാസവീഥിയുടെ നവയുഗം പിറന്നത്‌. എല്ലാ ക്രൈസ്തവസഭകളും ഈ മഹനീയവഴിയിൽ സഞ്ചരിക്കാൻ മുന്നോട്ടുവരണം. ലോക സ്ത്രീമുന്നേറ്റങ്ങളിൽ ഇതും ഒരു നാഴികക്കല്ലാണ്‌.

കെ.ജയകുമാർ

പല നല്ല കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതി മലയാളിയെ ഏറെ ആനന്ദിപ്പിച്ച കവിയാണ്‌ കെ.ജയകുമാർ. പക്ഷേ 'കാലവസ്ഥാവ്യതിയാനം' എന്ന ഭാഷാപോഷിണിയിലെ (സെപ്റ്റംബർ 2013) പുതിയ കവിത സർഗ്ഗാത്മകതയുടെ സാന്നിധ്യമില്ലാത്ത കവിതയാണ്‌. കുറേ പ്രസ്താവനകൾ പുതിയ കവിതയുടെ പാറ്റേണിൽ ആണെങ്കിൽ പോലും, നിരത്തിയാൽ കവിതയാവില്ല എന്ന് കെ.ജയകുമാറിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌/ഇമ്മാനുവേൽ

കച്ചവടസിനിമകൾ ജനങ്ങളെ ഷണ്ഡീകരിക്കുന്നതിൽ വഹിക്കുന്ന പങ്ക്‌ വലിയ തോതിൽ സംവാദത്തിനു വിധേയമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.


'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌' തീർത്തും ഒരു മാർക്സിസ്റ്റ്‌ വിരുദ്ധസിനിമയാണ്‌. കേരളത്തിലെ കറകളഞ്ഞ ഒരു കമ്യൂണിസ്റ്റ്‌ നേതാവിനെ പലതരത്തിൽ ജനങ്ങളുടെ മുന്നിൽ അവഹേളിച്ചു കാണിക്കുന്നതിൽ മാധ്യമങ്ങളും മിനിസ്ക്രീനുകളും വലിയ പങ്കാണ്‌ വഹിച്ചിട്ടുള്ളത്‌. സിനിമ കൂടി ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ്‌ 'ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌'. കമ്യൂണിസ്റ്റ്‌ നേതാക്കളെ അവഹേളിക്കുന്ന പ്രക്രിയ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും ഭാവിയിലും അത്‌ ഉണ്ടാവുമെന്നും ജനങ്ങൾ ജാഗ്രതയോടെ മനസ്സിലാക്കണം. ജനങ്ങൾ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ പിണറായി വിജയൻ എന്ന നേതാവിനെ മോശപ്പെടുത്തി സംസാരിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. പക്ഷേ യാഥാർത്ഥ്യവും ധാരണയും രണ്ടാണെന്ന് അറിയുക. 
എന്നാൽ 'ഇമ്മാനുവേൽ' പുതിയകാലം ആവശ്യപ്പെടുന്ന സിനിമയാണ്‌. പുതിയ സമ്പദ്‌ശക്തി ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് ഒരു സ്വകാര്യ ഇൻഷുറൻസ്‌ കമ്പനിയുടെ പശ്ചാത്തലത്തിൽ ഈ സിനിമ തുറന്നുകാണിക്കുകയാണ്‌. ഈ സ്വകാര്യ ഇൻഷുറൻസ്‌ കമ്പനി അതിലെ ജീവനക്കാരെ എങ്ങനെ പീഢിപ്പിക്കുന്നു എന്നതിന്റെ സന്ദർഭങ്ങളും സിനിമ ഒരുക്കുന്നുണ്ട്‌.

സൈഡ്‌ കർട്ടൻ

ടി.പി.വേണുഗോപാലിന്റെ സൈഡ്‌ കർട്ടൻ മലയാള കഥാസാഹിത്യത്തിലെ സവിശേഷ പ്രാധാന്യമുള്ള കഥാസമാഹരമായി പരിഗണിക്കേണ്ട ഒന്നാണ്‌. പേര്‌ സൂചിപ്പിക്കുന്ന പോലെ ഇതിലെ കഥകൾക്കെല്ലാം ഒരു നാടകബന്ധമുണ്ട്‌. നാടകം സൂചനകളായി കടന്നുവരിക, നാടകം ഓർമകളായി വരിക, നാടകം ഘടനാപരമായി സ്വീകരിക്കുക, നാടകം പ്രമേയമാവുക ഇങ്ങനെ പലതരത്തിലാണ്‌ നാടകം കഥയിൽ നിറയുന്നത്‌. ഉത്തരാധുനിക കാലത്തിന്റെ നെറികേടുകളും ഭൂതകാല മഹിമകളും കഥയിൽ കൂടിക്കലരുന്നുണ്ട്‌. കഥയ്ക്ക്‌ അവതാരിക എഴുതിയ എൻ.ശശിധരൻ അവതാരികയ്ക്ക്‌ കൊടുത്തിരിക്കുന്ന ശീർഷകവും കൃത്യമാണ്‌ - കഥനത്തിന്റെ നാടകവഴികൾ. നാടകത്തെക്കുറിച്ച്‌ സിനിമകൾ ഉണ്ടായിട്ടുണ്ട്‌. കെ.ജി.ജോർജ്ജിന്റെ യവനിക, കമലിന്റെ 'നടൻ' എന്ന പുതിയ സിനിമയും നാടകം പ്രമേയമാവുന്നതാണ്‌. സിനിമ നാടകത്തെ ഏറ്റുവാങ്ങിയതിനേക്കാൾ സൂക്ഷ്മമായും നിശിതമായും കഥ ഏറ്റുവാങ്ങിയിരിക്കുന്നു. ഇത്‌ കഥ എന്ന മാധ്യമത്തിന്റെ ശക്തിയാണ്‌. കഥാകാരന്റെ ശക്തിയാണ്‌. സംശയമില്ല.

സർവകലാശാലകൾ മലയാളത്തെ ഇനിയെങ്കിലും ശ്രേഷ്ഠഭാഷയായി കരുതുക.

നമ്മുടെ സർവകലാശാലകൾക്ക്‌ നമ്മുടെ ഭാഷയുടെ ശ്രേഷ്ഠത ജനങ്ങളിലെത്തിക്കുന്നതിന്‌ മറ്റേതൊരു സാമൂഹികസ്ഥാപനത്തെക്കാളും ഉത്തരവാദിത്വമുണ്ട്‌. പക്ഷെ മലയാളം ഔദ്യോഗിക ഭാഷയായി ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മുടെ സർവകലാശാലകൾ ആദരണീയമായ ഒരു നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്‌. മലയാളം സമ്പൂർണ്ണമായി ഔദ്യോഗിക ഭാഷയായി ഉപയോഗിച്ചുകൊണ്ട്‌ സർവകലാശാല മാതൃക കാണിക്കണം. അന്തർസർവകലാശാല ഇടപാടുകൾക്കും അതുപോലുള്ള കത്തിടപാടുകൾക്കും മാത്രമായി ഇംഗ്ലീഷ്‌ പരിമിതപ്പെടുത്തുക. ഏത്‌ ഗവേഷണപ്രബന്ധവും മലയാളത്തിൽ തന്നെ സമർപ്പിക്കാമെന്ന് എം.ജി. സർവകലാശാലയുടെ നിലപാട്‌ കേരളത്തിലെ എല്ലാ സർവകലാശാലകളും മാതൃകയായി അടിയന്തിരമായി സ്വീകരിക്കണം. മലയാളം ബി.എ, എം.എ, എം.ഫിൽ, പി.എച്ച്‌.ഡി കോഴ്സുകൾ കേരളത്തിലെ എല്ലാ സർവകലാശാലകളുടെയും കീഴിലുള്ള കോളേജുകളിൽ പടിപടിയായി വ്യാപകമായി ആരംഭിച്ച്‌ മലയാളഭാഷയുടെ ഉജ്ജ്വലമായ വളർച്ച സാധ്യമാക്കുന്നതിനും സർവകലാശാലകൾക്ക്‌ ചുമതലയുണ്ടെന്ന കാര്യം വൈസ്‌ ചാൻസലർമാർ ഇനി എന്നാണ്‌ തിരിച്ചറിയുക?


താരാധിപത്യവും ന്യൂജനറേഷൻ സിനിമകളും

നമ്മുടെ സിനിമയിലെയും വലിയൊരു ശല്യമാണ്‌ താരാധിപത്യം. സിനിമാനിർമ്മാണം ചെലവേറിയതാക്കുന്നതിന്‌ പിന്നിലും താരാധിപത്യം ഉണ്ട്‌. നമുക്ക്‌ താരങ്ങളല്ല വേണ്ടത്‌. നടന്മാർ/നടികൾ ആണെന്ന സത്യം നാം പണ്ടേ അംഗീകരിക്കേണ്ടതായിരുന്നു. ഈ താരാധിപത്യത്തെ തകർക്കാൻ ന്യൂ ജനറേഷൻ സിനിമകൾക്ക്‌ കഴിഞ്ഞു എന്നത്‌ അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്‌. ന്യൂജനറേഷൻ ഫിലിമുകൾ ന്യൂജനറേഷന്റെ ആത്മീയവും ഭൗതികവുമായ യഥാർത്ഥപ്രശ്നങ്ങളെ വേണ്ടതുപോലെ കൈകാര്യം ചെയ്യുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോഴും, താരങ്ങളെ തകർത്ത്‌ തരിപ്പണമാക്കിയത്‌ നന്നായി. പക്ഷേ അവർ പുതിയ താരങ്ങളായി മാറുന്ന അപകടവും ഇതിനോടൊപ്പം ഉണ്ട്‌. സോൾട്ട്‌ ആന്റ്‌ പെപ്പർ, ഡയമണ്ട്‌ നെക്‌ലേസ്‌, നത്തോലി ഒരു ചെറിയ മീനല്ല, അന്നയും റസൂലും, തട്ടത്തിൻ മറയത്ത്‌ തുടങ്ങിയ ന്യൂജനറേഷൻ സിനിമകൾ ശ്രദ്ധേയമായിത്തീർന്നതിനു പിന്നിലെ ഏറ്റവും ആരാധ്യമായ അംശം താരങ്ങളെ ഓടിച്ചുവിട്ടു എന്നതാണ്‌.

ഡൽഹി ഗാഥകൾ

എം മുകുന്ദന്റെ എല്ലാ നോവലുകളെയും പോലെ 'ഡൽഹി ഗാഥക'ളും വായനാക്ഷമതയുള്ളതാണ്‌. ഇങ്ങനെയൊരു നോവലെഴുതാതെ മുകുന്ദനു മോചനമില്ല എന്ന തോന്നൽ ഈ നോവൽ, വായനക്കാരെ ബോധ്യപ്പെടുത്തുകയാണ്‌. ഈയൊരു ആത്മാർത്ഥതയാണ്‌ നോവലിനെ ആകമാനം ദീപ്തമാക്കുന്നത്‌. 494 പേജുകളുള്ള നോവലിന്‌ ആദ്യരൂപത്തിൽ 1000 പേജുകളുണ്ടായിരുന്നുവെന്നും പിന്നീട്‌ എഡിറ്റ്‌ ചെയ്ത്‌ ചുരുക്കുകയായിരുന്നു എന്നും എം.മുകുന്ദൻ ഫോൺ സംഭാഷണവേളയിൽ ഈയടുത്തദിവസം എന്നോട്‌ പറയുകയുണ്ടായി. നോവലിന്റെ ഉജ്ജ്വലമായ എൻഡിംഗ്‌ മറക്കാൻ കഴിയുന്നില്ല. നോവലിലെ സഹദേവന്റെ നിസ്വാർത്ഥത നമ്മുടെ സ്വാർത്ഥതകൾക്കെതിരെ നടത്തിയ ഘോരയുദ്ധം, നമ്മുടെ ജീവിതത്തിന്റെ നവീകരണപാതയിൽ ദൈവമേ, എന്നെന്നും നിലനിൽക്കട്ടെ!

സൈബർ കവിതകൾ


കൊല്ലം പച്ചമലയാളം പബ്ലിക്കേഷൻസ്‌ ഫേസ്‌ബുക്ക്‌/ബ്ലോഗ് കവിതകൾ സമാഹരിച്ച്‌ പ്രസിദ്ധീകരിച്ചത്‌ വളരെ സന്തോഷകരമായ വാർത്തയാണ്‌. ഫേസ്‌ബുക്ക്‌ സാഹിത്യം തേങ്ങാക്കുല എന്നൊക്കെ 'e-ലകൾ പച്ച പൂക്കൾ മഞ്ഞ' എന്ന ഈ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട്‌ മുരുകൻ കാട്ടാക്കട പറഞ്ഞതുകേട്ടു. സൈബർ സാഹിത്യത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിയാത്തതിന്റെ കേടാണിത്‌. കവിത തിരിച്ചറിയാൻ കഴിയാത്തവർ നമ്മുടെ വാരികകളുടെ ആപ്പീസുകളിൽ ചേക്കേറിയിട്ടുണ്ട്‌ എന്ന് ഈയടുത്ത കാലത്ത്‌ പൊതുധാര വാരികകളിൽ വന്നിട്ടുള്ള കവിതകൾ വായിച്ചാൽ ആർക്കാണ്‌ മനസ്സിലാക്കാൻ കഴിയാതെ പോകുന്നത്‌? ഈ സമാഹാരത്തിലെ പല കവിതകളും ഉന്നതനിലവാരം പുലർത്തുന്നതാണ്‌. മാതൃകയായി സുധീർരാജിന്റെ 'യേശുദാസ്‌' എന്ന കവിത വായിച്ചുകൊള്ളുക.

ആയിരത്തി അഞ്ഞൂറ്‌ മീറ്റർ
ഓട്ടത്തിന്റെ അവസാനലാപ്പിൽ
യേശുദാസ്‌ മുടന്തിയത്‌
മനപൂർവ്വമാണ്‌.

വിക്ടറി സ്റ്റാൻഡിൽ
പതക്കമണിഞ്ഞ
എന്നെ നോക്കിയവൻ
കണ്ണിറുക്കിച്ചിരിച്ചു.
ഞാൻ കൊടുത്ത
കിഴവനും കടലുമെന്ന
പുസ്തകം പാതിവായിച്ചവൻ
അപ്പനറിയാതെ ഒറ്റവള്ളത്തിൽ
പുറം കടലിൽ പോയി.

മൂന്നാം നാൾ പൊങ്ങിയ
ദേഹത്ത്‌ കഴിഞ്ഞ ചാകരയ്ക്ക്‌
അപ്പനണിയിച്ച മോതിരമിട്ട
കൈവിരലുകൾ ഇല്ലായിരുന്നു.

കൊടുങ്കാറ്റിലുലയും
കെട്ടുവള്ളം മുങ്ങുന്ന
നെഞ്ചു തടവി അപ്പൻ
വിളക്കുമാടം പോലെ നിന്നു
കരഞണ്ട്‌ കണക്കെ അമ്മച്ചി
വിളക്കുമാടച്ചോട്ടിലിഴഞ്ഞു.

പുറക്കാട്ട്‌ കടപ്പുറത്ത്‌
നട്ടപ്രാഞ്ചൻ വെയിലത്ത്‌
കമിഴ്‌ന്നു കിടന്നു
കണ്ണിറുക്കുകയാണവൻ
യേശുദാസ്‌.

വെളിയം ഭാർഗ്ഗവൻ


വേദങ്ങളും ഉപനിഷത്തുകളും ഒക്കെ പഠിച്ചതിനു ശേഷവും മനുഷ്യവിമോചനത്തിന്റെ മാർഗ്ഗം കമ്യൂണിസമാണെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു വെളിയം. അതുകൊണ്ടുകൂടിയാണ്‌ ഈ നേതാവ്‌ കറതീർന്ന കമ്യൂണിസ്റ്റായത്‌. പാർലമെന്ററി വ്യാമോഹം തലയ്ക്കുപിടിച്ച കമ്മ്യൂണിസ്റ്റുനേതാക്കൾ കേരളത്തിന്‌ ഒരു ബാധ്യതയാകുന്ന കാലയളവിൽ വെളിയത്തെപ്പോലുള്ള സമരപോരാളികളായ കമ്മ്യുണിസ്റ്റു നേതാക്കളുടെ മാറ്റ്‌ വർദ്ധിക്കുകയാണ്‌. അന്തരിച്ച ജനനേതാവിന്‌ മുന്നിൽ 'സംസ്കാരജാലകം' തല കുനിക്കുന്നു.

സുഷ്മിത ബാനർജി


പ്രശസ്ത ഇൻഡ്യൻ എഴുത്തുകാരി സുഷ്മിത ബാനർജി അഫ്ഗാനിസ്ഥാൻ ഭീകരരുടെ വെടിയേറ്റുമരിച്ച വാർത്ത ലോകസംസ്കാരം നടുക്കത്തോടെയാണ്‌ ശ്രവിച്ചത്‌. സുഷ്മിതയ്ക്ക്‌ ആദരാഞ്ജലികൾ. എഴുത്തുകാർ/എഴുത്തുകാരികൾ കൊല ചെയ്യപ്പെടുമ്പോൾ ഈ ലോകം തന്നെ അനാഥമാകുകയാണെന്ന് നാമോർക്കണം.

ആലീസ്‌ മൺറോ


ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയം എഴുത്തുകാരി ആലീസ്‌ മൺറോയ്ക്ക്‌ ലഭിച്ചു. 113 വർഷത്തെ ചരിത്രമുള്ള നൊബേൽ സമ്മാനത്തിൽ നെബേൽ നേടുന്ന പതിമൂന്നാമത്തെ സ്ത്രീയായി ആലീസ്‌ ചരിത്രത്തിൽ ഇടം നേടി. ചെറുകഥ എന്ന മാധ്യമത്തെ പരിചരിച്ചുകൊണ്ടാണ്‌ ആലീസ്‌ നൊബേൽ നേടിയത്‌. അത്‌ ഈ മാധ്യമത്തിനുള്ള നൊബേൽ കൂടിയായി മാറുകയാണ്‌. എസ്‌.ശാരദക്കുട്ടി പറയുന്നതുപോലെയോ (ആലീസിനു ആദരവോടെ, മാതൃഭൂമി വാരാന്തപ്പതിപ്പ്‌, 2013 ഒക്ടോബർ 20) ആലീസ്‌ എഴുതിയിരുന്നതുപോലെയോ സമയക്കുറവുകൊണ്ട്‌ ഈ മാധ്യമത്തിലേക്ക്‌ അവർ എത്തിച്ചേരുകയായിരുന്നോ? ഒരു മാധ്യമത്തിന്റെ ചാരുത ഒരു സർഗ്ഗാത്മക മനസിനെ കീഴടക്കുമ്പോഴാണ്‌ ആ മാധ്യമത്തിലേക്ക്‌ ഒരു എഴുത്തുകാരി/എഴുത്തുകാരൻ എത്തിച്ചേരുന്നത്‌. മാധ്യമവും സർഗ്ഗത്മകമനസ്സും തമ്മിലുള്ള ബന്ധം എന്തെല്ലാം ചിന്തകളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു എന്ന് കൂടി ആലോചിച്ചുനോക്കുക. നമ്മുടെ വലിയ ഫെമിനിസ്റ്റുകളായ എഴുത്തുകാരികൾ (സാറാ ജോസഫ്‌) നോവലെഴുതിയത്‌ എന്തുകൊണ്ടാണ്‌? ടി.പദ്മനാഭനെപ്പോലുള്ളവർ ചെറുകഥയിൽ മാത്രം നിലനിൽക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്നുകൂടി എസ്‌.ശാരദക്കുട്ടി ശാന്തമായി ആലോചിക്കുക.

റിമി ടോമിയും സാമ്പാർപൊടിയും


റിമി ടോമി നല്ല ഗായികയാണ്‌. സംഗീതവുമായി ബന്ധപ്പെട്ട ഒരുപാട്‌ കാര്യങ്ങൾ റിമി ജനങ്ങൾക്ക്‌ പറഞ്ഞുകൊടുക്കണം. സംഗീതത്തിന്റെ അനന്തസാധ്യതകൾ ജനങ്ങൾ പഠിക്കട്ടെ. റിമി ടോമിയുടെ നാവിൽ നിന്നും അതാണ്‌ വരേണ്ടത്‌. അതാണ്‌ ഒരു ധാർമ്മികതയും. മലയിൽ സാമ്പാർ പൊടിയില്ലെങ്കിലും നല്ല ഒന്നാംതരം കൊതിയൂറുന്ന സാമ്പാർ വയ്ക്കാൻ നമ്മുടെ ഗ്രാമത്തിലെ സ്ത്രീകൾക്ക്‌/പുരുഷന്മാർക്ക്‌ അറിയാം. കലാകാരൻമാർക്കും/കലാകാരികൾക്കും ഒരു സാത്വികജീവിത വഴിയുണ്ട്‌. ദയവുചെയ്ത്‌ റിമി ഇതൊക്കെ സംഗീതഗുരുക്കന്മാരിൽ നിന്നും മനസ്സിലാക്കുക.    


സ്മരണ

ചലച്ചിത്ര സംഗീതലോകത്തെ മൂന്ന് മഹാപ്രതിഭകൾ അടുത്തകാലത്തായി നമ്മെ വിട്ടുപിരിഞ്ഞു. മലയാള ചലച്ചിത്രങ്ങളിലും കർണ്ണാടകസംഗീതത്തിലും പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി സ്വാമികൾ, ചെമ്മീനിലെ 'മാനസമൈനേ' എന്ന ശോകമധുരമായ ഗാനം ആലപിച്ചുകൊണ്ട്‌ മലയാളിയുടെ മനസ്സിൽ ഇടം നേടിയ ബംഗാളിഗായകൻ മന്നാഡേ, ചലച്ചിത്ര സംഗീതത്തിലേക്ക്‌ നാടൻശീലുകളുടെ വലയെറിഞ്ഞ മലയാളിയുടെ പ്രിയപ്പെട്ട രാഘവൻ മാഷ്‌ എന്നിവരുടെ ഓർമകൾക്ക്‌ മുന്നിൽ പ്രണാമം. ചലച്ചിത്ര-നാടക രംഗത്ത്‌ അമ്മവേഷങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന അതുല്യനടി ശാന്താദേവിയുടെ വിയോഗത്തിലും 'സംസ്കാരജാലകം' ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു.

O


 PHONE : 9895734218




Sunday, October 20, 2013

ലൈക്‌ ആൻഡ്‌ ഷെയർ

കഥ
ശിഹാബ്‌ മദാരി











"നിങ്ങളുടെ ഒരു ലൈക്‌ അല്ലെങ്കിലൊരു ഷെയർ ഒരു ജീവൻ രക്ഷിക്കുമെങ്കിൽ; വെറുമൊരു മൗസ്‌ ക്ലിക്ക്‌ ചെയ്യാൻ എന്തിനു മടിക്കണം? നിങ്ങൾ ഒരു ഹൃദയമുള്ളവനാണെങ്കിൽ, ഹൃദയത്തിലൽപം കരുണയുണ്ടെങ്കിൽ ഇത്‌ ഷെയർ ചെയ്യുക."

ഇങ്ങനെ രേഖപ്പെടുത്തിയ വിവരണത്തിനു താഴെ മൂന്നുവയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെ ഓമനത്തം നിറഞ്ഞ ചിത്രം. നിരാശ്രയത്വത്തിന്റെ രേഖകളുള്ള കുഞ്ഞുമുഖത്തേക്ക്‌ നോക്കിയിരുന്നപ്പോഴൊക്കെ ഉള്ളം നീറി. ചിത്രത്തിനു തൊട്ടുതാഴെ കൊടുത്തിരുന്ന വിവരണങ്ങളും, മേൽവിലാസവും, ടെലിഫോൺ നമ്പറും കൃത്യമായി തന്നെ എഴുതി കൈയിൽ വെച്ചു.

വിലാസത്തിലേക്കുള്ള ദൂരമവസാനിച്ചത്‌ ചുമരുകൾ തേക്കാത്ത ഒറ്റക്കെട്ടിനടുത്താണ്‌. കൽത്തിണ്ണയിൽ കൈലിമുണ്ടുടുത്ത്‌ മേൽക്കുപ്പായമില്ലാതെ അർദ്ധനഗ്നനായി ഇരുന്ന് സിഗററ്റ്‌ പുകയ്ക്കുന്ന മധ്യവയസ്കൻ നിർവ്വികാരതയുടെ നോട്ടമെറിഞ്ഞു.

"ആരാ?"

"ഞാൻ...അർബുദം ബാധിച്ച.... സഹായത്തിന്‌.... വിലാസം കണ്ടിരുന്നു..."

വിക്കിവിക്കിപ്പറയാൻ ശ്രമിച്ചു.

കുനിഞ്ഞ കരുവാളിച്ച മുഖം കണ്ടപ്പോൾ വാക്കുകൾക്ക്‌ ഭംഗം. നിറഞ്ഞ കണ്ണിനു താഴെ അയാൾ ചുണ്ടുകൾ കൂട്ടിക്കടിച്ചു. മുറ്റത്തു കളിക്കുന്ന രണ്ടുകുട്ടികൾ. ഒരാണും ഒരു പെണ്ണും. ജനലോരത്ത്‌ മങ്ങിത്തെളിയുന്ന നിഴൽ.

"വരൂ..."

അയാൾക്ക്‌ പിന്നിലായി നടന്നു.

മുറ്റത്തിനരികെ ഒരു കോണിൽ ചെറിയ മൺകൂന ചൂണ്ടി അയാൾ കരഞ്ഞു.

"ദാ സഹായിച്ചോളൂ"

കൂനയ്ക്ക്‌ മുകളിൽ ചുവന്ന മണ്ണ്‌. മുറ്റത്തുയർന്നു നിൽക്കുന്ന തുളസിത്തറയിൽ തിരികെട്ടുകിടക്കുന്ന മൺവിളക്ക്‌. 

മനസൊന്നു കാളി.

"ആരുടേം സഹായമൊന്നും...?"

നിഷേധാർത്ഥത്തിൽ അയാൾ തലവെട്ടിച്ചുകൊണ്ടിരുന്നു.

ഉപഗമനം ചെയ്യുമ്പോൾ നിരാശയുടെ നേർത്ത കമ്പിച്ചുരുകൾ എന്നെ വലിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു. മണ്ണിനുള്ളിൽ ഇരുട്ടിലുറങ്ങുന്ന ബാലികയുടെ ചിത്രം തരംഗങ്ങളിൽ നിന്ന് തരംഗങ്ങളിലൂടെ ലോകത്തിന്റെ എല്ലാ കോണുകളിലും അലഞ്ഞു തിരിഞ്ഞുകൊണ്ടിരുന്നു. ഉള്ളിൽ കിനിച്ചു കുരുത്ത നിസ്സംഗത പുറത്തുപറയാൻ വാക്കുകളില്ലാതെ നിർജ്ജീവമായി തൂങ്ങിക്കിടന്നു.

പരിഹാസ്യമായ ഇത്തരം തുടർച്ചകളെ തടഞ്ഞേ തീരൂ എന്ന തോന്നലിലാണ്‌ ഫേസ്‌ബുക്ക്‌ തുറന്നുവെച്ചത്‌. സുഹൃത്തുക്കളിലാരോ വീതിച്ചു നൽകാനാഹ്വാനം ചെയ്ത സഹായാഭ്യർത്ഥനയുടെ മറ്റൊരു ചിത്രത്തിൽ കണ്ണുകൾ കുരുങ്ങി നിന്നു.

അത്യാസന്നനിലയിൽ അപൂർവ്വരോഗം ബാധിച്ച്‌ ആശുപത്രിക്കിടക്കയിലൊരു കുഞ്ഞുമുഖം കൂടി. അടിയിൽ കണക്കില്ലാത്ത ലൈക്കുകൾ... ഷെയറുകൾ.... ഒരുപക്ഷെ ഞാൻ കണ്ട അസ്ഥിത്തറയുടെ മുകളിലുള്ള മൺതരികളേക്കാൾ കൂടുതൽ!

മറ്റൊന്നും ചെയ്യുന്നതിൽ യാതൊരു ഫലവുമില്ലെന്നറിഞ്ഞു കൊണ്ട്‌ പുച്ഛത്തോടെ ഇത്രമാത്രം കുറിക്കുന്നു.

"ലൈക്‌ ആൻഡ്‌ ഷെയർ യുവർ മാക്സിമം".

O


Sunday, October 13, 2013

Sunday, October 6, 2013

മഴക്കിനാവ്‌

കവിത
മൈനാഗപ്പള്ളി ശ്രീരംഗൻ











കൊടിയ വേനൽക്കെടുതികളാറ്റുവാൻ
കുളിരുപെയ്തുകൊണ്ടെത്തുന്നു പൂമഴ
മധുരനൊമ്പര സ്വപ്നാനുഭൂതിതൻ
ഹൃദയതാളമായ്‌ പെയ്യുന്നു തേൻമഴ!!
അകലെ മാനം കറുത്തിരുണ്ടങ്ങനെ
ഇടിമുഴക്കം തുടങ്ങീ പൊടുന്നനെ
അരികിലെത്തുന്നകം നിറഞ്ഞിങ്ങനെ
അമൃതവർഷിണീ വർഷം നനുനനെ!!

മഴയെനിക്കിന്നു ബാല്യകാലസ്മൃതി
തഴുകിയോമനിച്ചീടുന്ന നിർവൃതി
മഴയെനിക്ക്‌ ഗൃഹാതുരത്വങ്ങളിൽ
ഒഴുകിനീന്തും കടലാസുവഞ്ചികൾ!!

മഴയൊരുത്സവാഹ്ലാദത്തിമിർപ്പുമായ്‌
മതിവരാതെന്നിൽ മോഹം പകർന്നുവോ?
വരികെ വാരിപ്പുണരട്ടെ നിന്നെ ഞാൻ
മഴയിൽ മുങ്ങിക്കുളിക്കട്ടെ ഇന്നു ഞാൻ
തുരുതുരെപ്പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!
പരിഭവം പെയ്തിറങ്ങുന്ന നിൻമിഴി
പകരമെൻ മഹാമൗനം മറുമൊഴി
ഒരു മഴക്കാല സന്ധ്യതന്നോർമ്മയും
വിരഹവും വിരുന്നുണ്ണുന്നുവോ മനം?
മലർവനങ്ങൾക്ക്‌ മഞ്ഞിൻപുതപ്പുമായ്‌
മഴനിലാവിൽ തളിർക്കുന്ന രാവുകൾ!!

മദമിളകിപ്പുളയ്ക്കും തരുണികൾ
മലയിറങ്ങിക്കുതിക്കുന്നരുവികൾ
കരവിഴുങ്ങും മഴക്കലി പൂണ്ടവർ
പ്രളയസാഗരമാക്കുമോ നാടിനെ?
തെരുതെരെ പെയ്തു കേറും പെരുമഴ
ഉടലുമുള്ളും വിറയ്ക്കുന്ന പേമഴ!!
പുളകബാഷ്പമണിഞ്ഞ പുൽനാമ്പുകൾ
ഹരിതകഞ്ചുകം ചൂടുന്ന നെൽവയൽ
തുയിലുണർത്തും കിളിപ്പാട്ടുശീലുകൾ
മഴ നനഞ്ഞു തുവർത്തും പുലരികൾ
ശലഭനർത്തനം മാരിവിൽ തുമ്പികൾ
പ്രണയനിർമ്മലം ഗ്രാമീണഭംഗികൾ!!

മഴവരുന്നതും കാത്തുകാത്തെത്രനാൾ
മലമുഴക്കിയായ്‌ മാനത്തുനോക്കിയായ്‌
മരണശയ്യവലംബിയായ്‌ ഭൂമിതൻ
മനസ്സിനാശ്വാസമേകട്ടെയീമഴ
തുരുതുരെ പെയ്തു തുള്ളട്ടെ പൂമഴ
തുടിയടിച്ചു തുളുമ്പട്ടെ തേൻമഴ!!

O


PHONE : 0476 2848860