Tuesday, April 16, 2013

വിഷുക്കണി


കവിത    


കുറ്റാലം
കെ.ജി.ശങ്കരപ്പിള്ള


പാവാട മാറ്റാത്ത...
സച്ചിദാനന്ദൻ പുഴങ്കര




നഗ്നം
ഇടക്കുളങ്ങര ഗോപൻ




കഥ





നിതാഖാത്‌
രവിവർമ്മ തമ്പുരാൻ












എ.ഡി.2020 ൽ ഒരു ദിവസം
സോക്രട്ടീസ്‌.കെ.വാലത്ത്‌



അനുഭവക്കുറിപ്പ്



ഇലഞ്ഞിപ്പൂമണം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ



ലേഖനം



കെ.ആർ.മീര


കാർട്ടൂൺ



ടി.കെ.മനോജൻ



O
 


നിതാഖാത്‌

കഥ
രവിവർമ്മ തമ്പുരാൻ











     പ്പൻ പീലിപ്പോസിന്റെ മൃതദേഹം ചരൽക്കല്ലുമൂഴിയിലെ വീട്ടിൽ നിന്നും പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെ മോർച്ചറിയിൽ കൊണ്ടുപോയി വച്ച ശേഷം കൂടപ്പിറപ്പ്‌ ഷിബു പീലിപ്പോസ്‌ സൗദിയിൽ നിന്നു വരാനുള്ള കാത്തിരിപ്പാലാണ്‌ ഷൈജു. വലതു കൈപ്പത്തി കണ്ണുകൾക്ക്‌ മീതെ നെറ്റിമേൽ വളച്ചുപിടിച്ച്‌ മാനത്തേക്ക്‌ നോക്കിയ ഷൈജു പീലിപ്പോസ്‌ അറിയാതെ കണ്ണുകളടച്ചുപോയി. തിളയ്ക്കുന്ന വെയിലിന്റെ കുന്തമുനകൾ അയാളുടെ കണ്ണുകളിലേക്ക്‌ തുളച്ചുകയറാൻ നടത്തിയ ശ്രമം അങ്ങനെ പരാജയപ്പെട്ടു. കാഴ്ച ഇരുണ്ടഗാധമായവസാനിച്ചെങ്കിലും കാതുകളിൽ ഒരു വിമാനത്തിന്റെ കറുത്ത ഇരമ്പം മുഴങ്ങി പ്രതിധ്വനിച്ചു നിന്നു.

ഷിബു വരുന്നുവെന്ന് കേട്ടാൽ പണ്ടൊക്കെ പെരുന്നാളിന്റെ അന്തരീക്ഷമായിരുന്നു വീട്ടിൽ. പക്ഷേ ഇത്തവണ ആ വരവ്‌ പ്രതീക്ഷിച്ചിരിക്കുന്ന ഓരോ നിമിഷവും ഒരു യുദ്ധരംഗത്തെ അനിശ്ചിതത്വവും ഉത്കണ്ഠകളും നിറഞ്ഞതാണല്ലോ എന്ന് ഷൈജുവിന്‌ വെറുതെ തോന്നി. രണ്ടാം ലോകമഹായുദ്ധം അപ്പോൾ ഒരു അണുബോംബിന്റെ വീര്യത്തോടെ വിചാരങ്ങളിലേക്ക്‌ പൊട്ടിവീണു. അതും വെറുതെ. അല്ലെങ്കിലും വിചാരങ്ങളൊക്കെ പലപ്പോഴുമങ്ങനെയാണ്‌. മുന്നറിയിപ്പൊന്നുമില്ലാതെ, സമയവും സാഹചര്യവും നോക്കാതെ അനുവാദം പോലും ചോദിക്കാതെ വെറുതെയങ്ങ്‌ ഞെടുപ്പറ്റുവീഴും. ജപ്പാനിൽ അമേരിക്ക അണുബോംബിട്ടതിന്റെ കേരളത്തിലെ പ്രത്യാഘാതം എന്തെന്ന് അന്നു ചോദിച്ചിരുന്നെങ്കിൽ ആഘാതമൊന്നുമല്ല, അനുഗ്രഹമാ എന്ന് മടിയില്ലാതെ പറഞ്ഞേനേ പീലിപ്പോസ്‌. ഇന്നു പക്ഷേ, ഷൈജുവിന്റെ മനസ്സിൽ ആഘാതം എന്ന വാക്കേ മുളച്ചുവരൂ. അയാൾക്ക്‌ അങ്ങനെ തോന്നാൻ പല കാരണമുണ്ട്‌. ഏറ്റവും പുതിയത്‌ ഇതാണെന്നു മാത്രം. മൂന്നു മക്കളിൽ രണ്ടുപേരും കഴിഞ്ഞ ദിവസം പള്ളിക്കൂടത്തിന്റെ മൈതാനത്ത്‌ മോഹാലസ്യപ്പെട്ടു വീണു. നട്ടുച്ചയ്ക്ക്‌ ക്രിക്കറ്റ്‌ കളിക്കുകയായിരുന്നു അവർ. കൂടെയുള്ള കുട്ടികളുടെ വിളിച്ചുകൂവൽ കേട്ട്‌ ഓടിക്കൂടിയവർ താങ്ങിയെടുത്ത്‌ ഡോ.മാത്യൂ കുന്നുംപുറത്തിന്റെ ക്ലിനിക്കിലേക്കാണ്‌ നേരേ കൊണ്ടുപോയത്‌. ഡോക്ടർ പരിശോധിച്ചപ്പോഴല്ലേ പുറത്തും കഴുത്തിലും കൈകളിലുമൊക്കെ ചുവന്നകുമിളകൾ. ഡോക്ടർ പറഞ്ഞു.

"നേരെ ഇങ്ങോട്ടു കൊണ്ടുവന്നതു കൊണ്ട്‌ രക്ഷപ്പെട്ടു. കുറേനേരം കൂടി കിടന്നിരുന്നെങ്കിൽ തട്ടിപ്പോയേനേ. ഇതു സൂര്യാഘാതമാ."

പതിനഞ്ചുകാരനായ പീലിപ്പോസിനെയും അതിലും ചെറിയ, ആണും പെണ്ണുമായ 11 എണ്ണത്തിനേം ഈ 12 പിള്ളാരേയും പെറ്റു ക്ഷീണിച്ച ഭാര്യ സാറാമ്മയെയും കൊണ്ട്‌ വല്യപ്പച്ചൻ യോഹന്നാൻ 68 വർഷം മുമ്പാണ്‌ കുറവിലങ്ങാട്ടു നിന്നു പുറപ്പെട്ടത്‌. സഹോദരന്മാരും സുഹൃത്തുക്കളുമൊക്കെയായി നാൽപ്പതമ്പതു പേരെയും കൂട്ടത്തിൽ കൂട്ടി പള്ളികൾ താണ്ടിയും കരഞ്ഞപേക്ഷിച്ചും ഒരാഴ്ചയോളമെടുത്താണ്‌ യോഹന്നാന്റെ സാഹസികസമൂഹം കൊടുങ്കാട്ടിലെത്തിയത്‌. കാട്ടാനകളും കാട്ടുപന്നിയും മ്ലാവുകളുമൊക്കെ സദാ റോന്തു ചുറ്റുന്ന, കടുവയും പുലിയുമൊക്കെ ഇടയ്ക്കിടെ വന്നു മീശപിരിച്ചു പോകുന്ന കാടിനുമേൽ കോടാലിത്തലകൾ എറിഞ്ഞുപിടിപ്പിച്ചുകൊണ്ട്‌ മുന്നേറുമ്പോൾ യോഹന്നാന്റെയും കൂട്ടുകാരുടെയും മുഖങ്ങളിൽ കീഴ്പ്പെടുത്തുന്നവന്റെ വന്യമായ സംതൃപ്തിയും അട്ടഹാസഭരിതമായ ആനന്ദവും നിറഞ്ഞുനിന്നു. പകൽ പോലും സൂര്യരശ്മി വീണിട്ടില്ലാത്ത മണ്ണ്‌ സൂര്യന്റെ പുഞ്ചിരി നേരിട്ട്‌ ഒപ്പിയെടുത്തു. കുളയട്ടകൾ മദിച്ചുവാഴുന്ന ഈറൻ മണ്ണിൽ ചോരയൊലിപ്പിച്ച്‌ അവർ മുന്നേറി. രാവിന്റെ കൊടുംതണുപ്പും പകലിന്റെ ഇളംതണുപ്പും കീറച്ചാക്കുകൾ വാരിപ്പുതച്ച്‌ ആസ്വാദ്യമാക്കി. ദുർബലരായ ചിലർക്ക്‌ മലമ്പനിയും വയറിളക്കവുമൊക്കെ അധികരിച്ചപ്പോൽ പുല്ലുമേഞ്ഞുണ്ടാക്കിയ കൊച്ചുപള്ളിപ്പറമ്പിൽ ആദ്യകാല ശവശരീരങ്ങൾ മണ്ണോടുമണ്ണു ചേർന്നു.

എതിരുനിന്ന കാടിനെയും കാറ്റിനെയും കാലാവസ്ഥകളെയും ഇച്ഛയുടെ പെരുംചൂരൽ വിറപ്പിച്ചുകാട്ടിയും കൊന്നൊടുക്കി വെന്നു നേടാനുള്ള അധിനിവേശഭാവനകളുടെ വടിവാൾ വീശിയും അവർ വരുതിയിലാക്കി. വെട്ടിത്തെളിച്ചെടുത്ത നൂറേക്കറിൽ യോഹന്നാനും അതിൽ കുറവായ ഏക്കറുകളിൽ കൂട്ടുകാരും നെല്ലും വാഴയും കപ്പയും കുരുമുളകും ഒക്കെയായങ്ങ്‌ പടർന്നു വളർന്നു.

യോഹന്നാനച്ചായനെ മലമുകളിലെത്തിച്ച രക്ഷയുടെ കരങ്ങൾ തേടി കുറവിലങ്ങാട്ടുനിന്നും കടുത്തുരുത്തി പാലാകളിൽ നിന്നും പിന്നെയും പിന്നെയും കഠിനരായ അധ്വാനികൾ വരിവരിയായി വന്നുകൊണ്ടിരുന്നപ്പോൾ മെല്ലെ മെല്ലെ ചരൽക്കല്ലുമൂഴി എല്ലാം തികഞ്ഞ സ്വാശ്രയ കാർഷികോൽപ്പാദന ഗ്രാമമോ പട്ടണമോ ഒക്കയായി ഉയർന്നു. യോഹന്നാനും ആദ്യസംഘവും ചേർന്ന് കാട്ടുകല്ലുകളും മുളന്തടിയുമടുക്കിയുണ്ടാക്കിയ പുല്ലുപള്ളി ക്രമേണ ഓട്ടുപള്ളിയും വാർക്കപ്പള്ളിയുമൊക്കെയായി നിവർന്നു. പള്ളിക്കടുത്ത്‌ പള്ളിക്കൂടവും പോസ്റ്റ്‌ ഓഫീസും ആശുപത്രിയുമൊക്കെ നിരന്നു. പുതുപുത്തൻ വീടുകളും കടകളും വോട്ടുബൂത്തുമൊക്കെ വന്നപ്പോൾ കാട്ടുപച്ചയുടെ മൂടരിഞ്ഞ കറിപ്പച്ചയുടെ കടന്നുകയറ്റം ഹരിതവിപ്ലവമോ ആത്മസമർപ്പണമോ ഒക്കെയായി ശ്രേഷ്ഠമായി. കാണെക്കാണെ കുടിയേറ്റക്കാരുടെ എണ്ണം പെരുകിയപ്പോൾ അവർക്കായി പാർട്ടികളുണ്ടായി. എം.പിയും എംഎൽഎയും മന്ത്രിയുമൊക്കെ മലകയറി കാട്ടുപഞ്ചായത്തിലെത്തി. മലമ്പാതകൾ ടാർ പുതച്ച ഹൈവേകളായി. പിന്നാലെ ബസും കാറും ജീപ്പുമൊക്കെ ചുരം കയറിവന്നു. ആ ബസുകളിൽ ബാലകൃഷ്ണനും അബ്ദുള്ളയും സാദിരിക്കോയയുമൊക്കെ ചാക്കുകണക്കിന്‌ ഭാഗ്യാന്വേഷണവുമായി വന്നിറങ്ങി. പിന്നെയുമേറെക്കഴിഞ്ഞ്‌ മൊബൈൽ ഫോണും കംപ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലകയറിയെത്തുമ്പോഴേക്കും അന്നത്തെ പതിനഞ്ചുകാരൻ പീലിപ്പോസിനെ വാർദ്ധക്യം കൂട്ടുകാരനാക്കിയിരുന്നു.

യോഹന്നാൻ നട്ടുവളർത്തിയ ഭക്ഷ്യവിളകൾക്ക്‌ മേൽ റബ്ബർ വലിഞ്ഞു കയറുന്നത്‌ പീലിപ്പോസിന്റെ ഉത്സാഹത്തിലാണ്‌. റബറിന്റെ തൈകൾ നിറച്ച ജീപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നു വന്നിറങ്ങിയപ്പോഴാണ്‌ പീലിപ്പോസിന്‌ യോഹന്നാനുമായുള്ള ജനറേഷൻ ഗ്യാപ്പ്‌ ആദ്യമായി തെറിരൂപത്തിൽ കറ ചുരത്തുന്നതായി അനുഭവപ്പെട്ടതെങ്കിൽ മൺപിലാവിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുമുറ്റത്ത്‌ രാജവെമ്പാലയിറങ്ങിയപ്പോഴാണ്‌ ഷൈജു പീലിപ്പോസും പീലിപ്പോസും തമ്മിലുള്ള തലമുറവിടവ്‌ നാലുപേർ കേൾക്കെ വീട്ടുമുറ്റത്ത്‌ വീണു ചിതറിയത്‌. ഷൈജു പറഞ്ഞു.

"അപ്പാ കണ്ടില്ലേ, നാടും മാത്രമല്ല കാടും ഇപ്പോൾ ജീവിക്കാൻ പറ്റാതായിരിക്കുന്നു. ആരാ ഇതിനുത്തരവാദികൾ..?"

"ആരാ."

"വല്യപ്പച്ചൻ, അപ്പൻ, പിന്നെ ഞാനും.."

"അതെന്തുവാടാ നമ്മൾ എന്തോന്നു ചെയ്തെന്നാ?"

"നല്ല തണുപ്പും കാറ്റു മഴേം ഒക്കെയുള്ള നാടല്ലാരുന്നോ ഇത്‌. ലോകത്തിൽ മനുഷ്യവാസത്തിന്‌ ഏറ്റവും പറ്റിയ സ്ഥലം. അതുകൊണ്ടല്ലേ തോമാശ്ലീഹയും വാസ്കോഡഗാമയും ഹെർമൻ ഗുണ്ടർട്ടും അങ്ങനെയൊരുപാടു വിദേശികൾ വാലെവാലെ ഇവിടേക്കു വന്നത്‌."

"അതു നന്നായില്ലേ? ഒത്തിരിപ്പേർ രക്ഷിക്കപ്പെട്ടില്ലേ?"

"ഓ, എനിക്ക്‌ കരച്ചിൽ വരുന്നു. ഇതൊക്കെയാണോ എന്റപ്പാ രക്ഷ."

അപ്പോൾ ഒരു വേഴാമ്പൽ ഉച്ചത്തിൽ മലമുഴക്കിക്കൊണ്ട്‌ അവർക്കരികിലൂടെ പറന്നുപോയി. പിന്നാലെ ഒരു മയിൽ എവിടെ നിന്നോ പറന്നുവന്ന് അടുത്തൊരു ചില്ലയിൽ ഇരുന്നു കൊക്കി. ഷൈജുവിന്റെ മാത്രമല്ല പീലിപ്പോസിന്റെയും ഉടൽമരം വിയർപ്പുചില്ലകൾ വിടർത്തി ഊഷ്മാവിനാൽ കീറിമുറിക്കപ്പെട്ടു.

"കണ്ടില്ലേ, വേഴാമ്പലിനും രാജവെമ്പാലയ്ക്കും കാട്ടിൽ രക്ഷയില്ലാണ്ടായി. മരുക്കാട്ടിൽ വളരേണ്ട മയിൽ ഇതാ മഴക്കാട്ടിൽ തുള്ളിക്കളിക്കുന്നു. 24 മണിക്കൂറും തണുപ്പു പുതച്ചു കിടന്ന ഈ മലമുകളിൽ നമ്മൾ 68 വർഷം കൊണ്ട്‌ മരുഭൂമി പറിച്ചുനട്ടു. ചുട്ടുപൊള്ളുന്ന ഈ മണ്ണിലിപ്പോൾ കുടിക്കാൻ വെള്ളം പോലുമില്ലാതായില്ലേ? ഇതാണോ രക്ഷ."

"നീയെന്താ പുറംജാതിക്കാരനെപ്പോലെ സംസാരിക്കുന്നത്‌. ദൈവം നമുക്ക്‌ തന്ന അധികാരമാണ്‌ പ്രകൃതിയെ അനുഭവിച്ചു ജീവിക്കുകയെന്നത്‌. ദൈവസൃഷ്ടിയിലെ ഏറ്റവും ശ്രേഷ്ഠത മനുഷ്യനു തന്നെ. അവന്റെ ആവശ്യത്തിന്‌ ഉപയോഗിക്കാനുള്ളതാണ്‌ മറ്റെല്ലാം - കാടും മരവും പക്ഷിയും മൃഗവുമൊക്കെ."

"അത്‌ നമ്മൾ ദൈവകൽപ്പനയെ തെറ്റായി മനസിലാക്കിയതുകൊണ്ടു പറ്റിയതാ അപ്പാ. പക്ഷികളേം മൃഗങ്ങളേം പുഴകളേം കാറ്റിനേം തീയേം മഴയേം പ്രകൃതിയിലുള്ള എന്തിനെയും മനുഷ്യനേക്കാൾ വളരെ ഉയരത്തിൽ, ദൈവമായി കാണുന്നവരാണ്‌ ഈ മണ്ണിന്റെ മക്കൾ. നമ്മുടെ പുസ്തകത്തിലും പറയുന്നത്‌ പ്രകൃതിയിലുള്ളവയെ എല്ലാം സംരക്ഷിക്കേണ്ടത്‌ മനുഷ്യന്റെ ചുമതലയാണെന്നാണ്‌. അപ്പൻ ഉൽപ്പത്തി പുസ്തകം നേരേ ചൊവ്വെ ഇതുവരെ വായിച്ചിട്ടില്ല. ആകാശത്തിലെ പറവകൾ, കാടപക്ഷി, യോനാപ്രവാചകന്റെ ആവണക്ക്‌ തുടങ്ങിയ ഉപമകളൊക്കെ പ്രകൃതി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓർമ്മിപ്പിക്കുന്നില്ലേ?"

"നിന്റെ വല്യപ്പച്ചനെ മുൻനിർത്തി ഞങ്ങളെല്ലാം കൂടി കാടു വെട്ടിത്തെളിച്ചെടുത്തതുകൊണ്ടാ ഇന്നിതൊക്കെ പറയാൻ നീ എന്റെ മുന്നിൽ നിൽക്കുന്നത്‌. അതുകൊണ്ടല്ലേ നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിഭൂമിയിലേക്കൊന്നു കണ്ണെറിയാൻ പോലും നിൽക്കാതെ നീ സൂപ്പർമാർക്കറ്റിൽ പോയി കുത്തിയിരിക്കുന്നത്‌. നിന്റെ ഇച്ചായൻ ഗൾഫിൽ ഭാഗ്യം പരതുമ്പോൾ ഇവിടെ ഈ മണ്ണിൽ എന്നെ സഹായിക്കുന്നത്‌ ബിഹാറിയാ."

അപ്പോൾ പ്രാകൃതഹിന്ദിയും ദേവനാഗരിയും ബംഗാളിയുമൊക്കെ പല പല പാറക്കെട്ടുകളിൽ നിന്നുള്ള പ്രതിധ്വനികളായി അവരെ വന്നു പൊതിഞ്ഞു.

"കാട്ടിൽ താമസിക്കേണ്ട ആനയും പന്നിയുമൊക്കെ ദിവസവും സ്വന്തം മണ്ണിന്മേലുള്ള അവകാശം വിളിച്ചു പറഞ്ഞുകൊണ്ട്‌ നമ്മുടെ കൃഷിഭൂമിയിലൂടെ കയറിയിറങ്ങുമ്പോൾ കൃഷിക്ക്‌ യഥേഷ്ടം വെള്ളം കൊണ്ടു തന്നിരുന്ന കാട്ടരുവികളെല്ലാം ഉറവ പോലുമില്ലാതെ വറ്റിപ്പോകുമ്പോൾ അപ്പനൊന്നോർത്തോ, ഇവിടെ നിന്നു മടക്കയാത്രയ്ക്കുള്ള സമയമായി നമുക്ക്‌. ഈ കാട്ടുമുക്കിൽ ഇനി നമുക്ക്‌ ചെയ്യാൻ ഒന്നുമില്ല. ഇവിടത്തെ എന്റെ വീതമൊന്നു വിറ്റു തരാമോ? എറണാകുളത്തൊരു ഫ്ലാറ്റ്‌ വാങ്ങണം."

അതുകേട്ടതും പീലിപ്പോസിന്റെ വയറ്റിൽ അള്ളിപ്പിടിക്കുന്നൊരു വേദന വന്നു കൊളുത്തി വലിച്ചു. വയറിനു മേലേ രണ്ടു കൈയും കൊണ്ട്‌ കുത്തിപ്പിടിച്ച്‌ പീലിപ്പോസ്‌ മണ്ണിലിരുന്നു. അപ്പന്റെ വേദന കണ്ടുനിൽക്കാനാവാതെ ഷൈജു ജീപ്പിൽ കയറ്റി നേരേ റാന്നിക്കു വിട്ടു.

"പുഷ്പഗിരീ പോവാ നല്ലത്‌." - റാന്നിയിൽ നിന്നു തള്ളി.

പുഷ്പഗിരിയിലെ പരിശോധനയുടെ ഫലം കിട്ടിയത്‌ പിറ്റേന്നാണ്‌.

"നേരേ ആർ സി സിയിലേക്ക്‌ പൊക്കോ." പുഷ്പഗിരിയിൽ നിന്നു തള്ളി.

ആർ സി സിയിലെ ഡോക്ടർ വാ പൊളിച്ചു. വായുവും വെള്ളവും ആഹാരവും എല്ലാം ശുദ്ധമായ, എണ്ണമില്ലാത്ത ഔഷധസസ്യങ്ങളുള്ള വനഭൂമിയിലും ജീവകോശങ്ങളിങ്ങനെ പിടിതരാതെ പൊട്ടിപ്പിളരുകയോ?"

ഷൈജു ഡോക്ടർക്ക്‌ ക്ലാസ്സെടുത്തു : "കുടിയേറ്റവും കയ്യേറ്റവുമൊക്കെക്കൊണ്ട്‌ കേരളത്തിലെ വനം മൂന്നിലൊന്നായി കുറഞ്ഞപ്പോൾ, വഴിയരുകിൽ നിന്ന മരങ്ങളൊക്കെ വെട്ടി തീയിട്ടപ്പോൾ, ടാറിൽ മുക്കിയ റോഡുകൾ പെരുകിയപ്പോൾ നമ്മൾ ഭൂമിയുടെ ഉഷ്ണം കൂട്ടുകയായിരുന്നു. കാട്ടിൽ ജീവിച്ചിരുന്ന മൃഗങ്ങൾക്ക്‌ അതിനുള്ളിൽ വാസം വിഷമകരമായപ്പോഴാണ്‌ അവ നാടിറങ്ങാൻ തുടങ്ങിയത്‌. അവയ്ക്ക്‌ വിഷമിക്കാനിപ്പോൾ കാടുമില്ലാതായല്ലോ. ചെന്നുകയറി ഞങ്ങളോ, എൻഡോസൾഫാനും മാരകവിഷങ്ങൾ മറ്റുമൊക്കെ കൃഷിവിജയത്തിലേക്ക്‌ കുറുക്കുവഴികളാക്കുമ്പോൾ ജീവകോശങ്ങളെങ്കിലും ചെറുതായൊന്നു പിണങ്ങണ്ടേ? ഇങ്ങനെ കണക്കു തെറ്റിച്ചു പിളരാനും വളരാനുമൊക്കെയല്ലേ അവയ്ക്കു പറ്റൂ."

എറണാകുളത്തേക്ക്‌ പറിച്ചു നടുന്നതിനെക്കുറിച്ച്‌ ഷൈജു പറഞ്ഞത്‌ അപ്പനെ വിഷമിപ്പിക്കാനായിരുന്നില്ല. ഗൽഫിൽ നിന്നു ഷിബു പണം അയച്ചുകൊടുത്തിരുന്നു., അയാൾക്കു കൂടി ഒരു ഫ്ലാറ്റ്‌ ബുക്കു ചെയ്യാൻ. രണ്ടുപേരുടെയും മക്കൾ എറണാകുളത്തെ റസിഡൻഷ്യൽ സ്കൂളിൽ നേരത്തെ തന്നെ പഠനം തുടങ്ങിയിരുന്നു.

 ഉറക്കമരുന്നുകൾ താത്ക്കാലിക സമ്മാനമായി നൽകിയ മയക്കശാന്തത ആർ സി സി യിലെ വാർഡിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ വേദന തിങ്ങി വീർത്തുരുണ്ട വയറു തടവി പീലിപ്പോസ്‌ കരഞ്ഞു.

"മോനേ ഇവിടിങ്ങനെ കിടക്കുമ്പോൾ, എനിക്ക്‌ കാണാം, മഴുവും തോളിൽ വെച്ച്‌ വീണ്ടും ആളുകൾ വരിവരിയായി കയറിപ്പോകുന്നു. കാട്ടിനുള്ളിൽ നിന്നു വൻമരങ്ങൾ തലതല്ലി മറിഞ്ഞുവീഴുന്നു. ഞാൻ ഉച്ചത്തിലൊന്നു നിലവിളിക്കട്ടേ?"

കുമ്പസാരത്തിന്റെ ആ രാത്രി പീലിപ്പോസ്‌ വെളുപ്പിച്ചില്ല. അപ്പന്റെ മരണവാർത്ത പറയാൻ വിളിച്ചപ്പോഴാണ്‌ ഷിബു പറയുന്നത്‌. "ഒരാഴ്ച കൂടി ബോഡി മോർച്ചറി വെക്കണേ. ഞാൻ നിർത്തിയങ്ങ്‌ പോരുവാ. നിതാഖാത്‌ (സ്വദേശിവത്കരണം) പിടികൂടി."

അപ്പോൾ പീലിപ്പോസിന്റെ ഭാര്യ റാഹേൽ നെഞ്ചത്തടിച്ചുകൊണ്ട്‌ ചോദിച്ചു.

"എടാ നിങ്ങളു രണ്ടുപേരും വിറ്റേച്ച്‌ പോവാണെങ്കിൽ പിന്നെ അപ്പനെ മാത്രം എന്തിനാ ഇവിടിങ്ങനെ ഒറ്റയ്ക്ക്‌ ഇട്ടേക്കുന്നേ? ഒന്നുകിൽ അപ്പനെ കൂടി കൊണ്ടുപോ. അവിടെങ്ങാനും അടക്കാം. അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ പിള്ളാർക്കെങ്ങാനും പഠിക്കാൻ കൊടുക്ക്‌."

പട്ടണമായി വളർന്നുകൊണ്ടിരിക്കുന്ന ചരൽക്കല്ലുമൂഴി നിരപ്പിലേക്ക്‌ അന്നു വൈകിട്ട്‌ ഷൈജു പോകാനൊരുങ്ങിയത്‌ അടുത്ത ചില സുഹൃത്തുക്കളെ കാണാനാണ്‌. എന്നാൽ അതിനു മുമ്പേ റാഹേലമ്മയിൽ നിന്ന് വിവരം ചോർന്നു കിട്ടിയ അവർ വലിയൊരു കൂട്ടം ആളുകളുമായി ഷൈജുവിന്റെ വീട്ടിലേക്ക്‌ നടപ്പു തുടങ്ങിയിരുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടിയപ്പോൾ അവരുടെ നേതാവ്‌ പറഞ്ഞു.

"എടാ ഷൈജു, നീയാ വെള്ളമങ്ങ്‌ വാങ്ങി വെച്ചേര്‌. നേരത്തെയെങ്ങാനുമായിരുന്നെങ്കിൽ ഞങ്ങളൊന്നും പറയത്തില്ലായിരുന്നു. പക്ഷേ, ഇപ്പഴിനി സമ്മതിക്കുന്ന പ്രശ്നമില്ല. ഗാഡ്ഗിലെന്നും പറഞ്ഞൊരു എന്തിരവൻ നമ്മളെയെല്ലാം അങ്ങ്‌ ഒലത്തിക്കളേമെന്നും പറഞ്ഞ്‌ എറങ്ങീട്ടൊണ്ട്‌. കുടെയേറ്റക്കാരാണു പോലും പശ്ചിമഘട്ടം മുടിച്ചത്‌. അവനും അവന്റെ മറ്റവന്മാരും കൂടിയിങ്ങ്‌ വരട്ട്‌. കാണിച്ചു കൊടുക്കുന്നുണ്ട്‌. അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ പീലിപ്പോച്ചായനോ ഇല്ല. നിങ്ങൾ മക്കൾ കൂടി ഇവിടുന്നു പോയാൽ പിന്നെ എന്തോ പറഞ്ഞു നിൽക്കും."

അപ്പോൾ ഷൈജുവിന്റെ മനസ്‌ മറ്റൊരു യുദ്ധക്കളമായി. കാടിന്റേം അപ്പന്റേം ഉടലുകളെ എന്തു ചെയ്യും? സ്വന്തം വിയർപ്പു വീണു കുതിർന്ന ഈ പച്ചമണ്ണിലുറങ്ങാനാവില്ലേ അപ്പന്റെ അഭിലാഷം. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കാൻ തുടങ്ങിയ മണ്ണിൽ പൊരുതി നിൽക്കാനൊട്ടു വയ്യ താനും. ദൈവം അരൂപിയിലൂടെ തനിക്കു തരുന്ന കൽപനകൾക്കു വേണ്ടി ഷൈജു പ്രതീക്ഷയോടെ പ്രാർത്ഥനയിലേക്കു കടന്നു.


O


PHONE : 9895851717



വിരലറ്റവന്റെ തബലവാദ്യം

കവിത
പി.കെ.ഗോപി












ഴുത്തരിഞ്ഞാൽ
ഒരിക്കലും
ജീവിക്കുകയില്ലെന്നു
കരുതിയവനു തെറ്റി.

കൈവെട്ടിയാൽ
ഒരക്ഷരവും
എഴുതുകയില്ലെന്നു
വിശ്വസിച്ചവൻ തോറ്റു.

കഴുത്തു കൊണ്ടെഴുതിയ
ചരിത്രവഴിയും
കൈയ്യില്ലാതെ കൊത്തിയ
ശിൽപങ്ങളും
കണ്ടെത്തിയതിനാൽ
മൂഢന്മാരുടെ
മുഷ്ടിക്കൊട്ടാരവും
മുക്കുപണ്ടം വിറ്റവരുടെ
മുന്തിരിത്തോട്ടവും
ഞങ്ങൾ മറന്നുപോയി.

വിരലറ്റവന്റെ തബലവാദ്യം
ദിക്കുകളിൽ കേട്ടതിനാൽ
തലയോട്ടിപ്പാത്രത്തിൽ
വിളമ്പിവെച്ച
ബലിച്ചോറുണ്ണാതെ
ഞങ്ങൾ കടന്നുപോയി.

വിലപിക്കുന്നവന്റെ
വീട്ടിൽ
മുളയ്ക്കാതെ കിടന്ന
വിത്തുവാങ്ങി
തരിശുനിലങ്ങളുടെ
ഹൃദയത്തിൽ വിതച്ചപ്പോഴാണ്‌
മുറിവേറ്റ കഴുത്തും കൈയും
തുന്നിക്കെട്ടിയവരുടെ മുഖം
പുഷ്പിക്കാൻ തുടങ്ങിയത്‌.


O



PHONE : 9447276955



നഗ്നം

കവിത
ഇടക്കുളങ്ങര ഗോപൻ










ചില വികാരങ്ങൾ
ഇങ്ങനെയാണ്‌.
എപ്പോഴും വന്നു മുട്ടിവിളിക്കും
ചിലപ്പോൾ കരയാൻ ഭാവിക്കും
ചിരിക്കാതെ ചിരിച്ചെന്നു വരുത്തും
കള്ളിമുണ്ടുടുത്ത്‌ കലികയറി
വേണ്ടാത്തരങ്ങൾ കാട്ടും
കാച്ചിക്കുറുക്കിയ വാക്കുകളാൽ പ്രണയിക്കും.

ചില നേരങ്ങളിൽ
കാത്തുകാത്തിരുന്ന് മുഷിഞ്ഞാലും
കണ്ണുപൊത്തിക്കളിക്കാൻ വരാതെ
നിഴലാട്ടം നടത്തും.
വാചാലതയ്ക്കും മൗനത്തിനുമിടയിൽ
ഉറയൂറി നഗ്നനാകും
പേയ്‌ പിടിച്ച കാലത്ത്‌
പേമാരിപോലെ പെയ്തൊഴിയും.

എപ്പോഴും, എന്റെ പൊന്നേ-
യെന്നു വിളിക്കാൻ കൊതിക്കും.


O


PHONE : 9447479905


കുറ്റാലം

കേളികൊട്ട്‌ ബ്ലോഗ്‌ മാഗസിനിലെ ഇരുനൂറാമത്‌ പോസ്റ്റ്‌, സഹൃദയസമക്ഷം

കവിത
കെ.ജി.ശങ്കരപ്പിള്ള









പൂത്ത കാട്‌ ദൈവത്തിന്റെ നിഴലെന്ന
കുറിഞ്ചിപ്പാട്ടോർത്ത്‌,
മേലുരസിപ്പായും കുളിർക്കാറ്റിന്റെ
ദീർഘാപാംഗനെപ്പിരിഞ്ഞ്‌,
നാട്ടിലേക്ക്‌
കാട്ടുപെണ്ണ്‌ പുറപ്പെടുമ്പോൾ
തോഴിമാർക്ക്‌ പേടി:


നാട്‌ താഴെ.
കോയ്മകൾക്കും
ഭയങ്ങൾക്കും താഴെ.
നടന്നതെന്തെന്ന് നാലാൾ
നാലുകഥ പറയുന്നിടം.
വാക്കുകളുരസി-
ത്തീയാളുന്നിടം.
മിഴിയിലും മൊഴിയിലും
അവിശ്വാസം അടിയൊഴുക്കായിടം
എന്തും എവിടെയും
കുറ്റമാകാവുന്നിടം
എന്തിലും എവിടെയും
തടവറ പതിയിരിക്കുന്നിടം.
വീഴ്ചയല്ലാതില്ലവിടേക്ക്‌ വഴി.


വീണ്‌ വീണ്‌
നാട്ടിലേക്കൊഴുകുമ്പോൾ
മഴവില്ലായി പറന്നുയരുമോ
ചിലങ്കത്തുള്ളികളായി
ചിന്നിത്തകരുമോ
കരിങ്കൽക്കോട്ടയിൽ
തടവിലാവുമോ
കാട്ടുപെണ്ണെന്ന്
തിട്ടംകിട്ടാതെ
നിൽപ്പാണ്‌
കുറ്റാലം.


O


ഇലഞ്ഞിപ്പൂമണം - 1

അനുഭവം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ









ഭസ്മക്കാവടികൾ



      കാലത്തിന്റെ കനത്ത ശിക്ഷകളിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഞാൻ പുസ്തകങ്ങളിൽ അഭയം തേടിയത്‌. അത്‌ കാലത്തിന്റെയൊരു വശീകരണവിദ്യയായിരുന്നു. പറുദീസ കാട്ടിത്തരാം എന്നു പറഞ്ഞുകൊണ്ട്‌ ചെകുത്താന്റെ താഴ്‌വരയിലേക്കെന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു ആ നാളുകൾ. എനിക്കതിൽ ഭയമുണ്ടായിരുന്നില്ല. സമുദ്രത്തിൽ ഒഴുകി നടക്കുന്ന ദ്വീപുകളിൽ അകപ്പെട്ട പോലെയാണ്‌ എനിക്കതനുഭവപ്പെട്ടത്‌. ടോൾസ്റ്റോയിയുടെ നീതിസാര കഥകളായിരുന്നു ഞാനാദ്യം വായിച്ചത്‌. അതു വായിക്കാൻ തന്നത്‌ മേഴ്സി ടീച്ചറായിരുന്നു. പുസ്തകം മടക്കിക്കൊടുക്കുമ്പോൾ അതിൽ പറ്റിയിരുന്ന ചന്ദനത്തിന്റെ നനവ്‌ ടീച്ചറിനെ ചൊടിപ്പിച്ചു. അതൊരു ഭഗ്നപ്രണയത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നുവെന്ന് പിൽക്കാലത്ത്‌ ഞാനറിഞ്ഞു. പിന്നീട്‌ ശ്രീരാമകൃഷ്ണന്റെ സാരോപദേശകഥകൾ വായിച്ചു. അപ്പോൾ പ്രപഞ്ചം ഒരു മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്നതുപോലെ തോന്നി. വിക്രമാദിത്യൻകഥകൾ പ്രപഞ്ച നിഗൂഢതയിലേക്ക്‌ എന്നെ ക്ഷണിക്കുകയായിരുന്നു. ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കുള്ള പലായനമായിരുന്നു എന്റെ മഹാഭാരതവായനകൾ. കാന്റർബറികഥകൾ എന്റെ ഞരമ്പുകൾക്ക്‌ തീ കൊളുത്തി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചപ്പോൾ രോമക്കുപ്പായത്തിനുള്ളിൽ സുരക്ഷിതനായിരുന്ന ഞാൻ ശരിക്കും ഭയന്നു വിറച്ചു. ഭയത്തിന്റെ ആ രാപ്പകലുകൾ എന്റെ വികാരവിമലീകരണ കാലമായിരുന്നു. അത്‌ മാനസികമായ, കാലത്തിന്റെ സ്വയംപീഡന മാർഗ്ഗമായിരുന്നു. ഭയമൊഴിഞ്ഞ മനസ്സ്‌ അങ്ങനെ ചെകുത്താന്റെ കോട്ടയായിത്തീർന്നു. ഡ്രാക്കുളപ്രഭു ജൂസിയായെ കോരിയെടുക്കും പോലെ പിന്നീട്‌ ഞാൻ പുസ്തകങ്ങളെ ഹൃദയത്തിലേക്ക്‌ കോരിയെടുത്തു.

പിന്നീടെപ്പോഴോ സാമുദ്രിക ലക്ഷണശാസ്ത്രം പഠിച്ചപ്പോൾ പുസ്തകങ്ങളെ ഞാൻ ലാവണ്യയുക്തികളുടെ അടിസ്ഥാനത്തിൽ നിർവ്വചിക്കാൻ ശ്രമിച്ചു. ജിബ്രാന്റെ കൃതികൾ ഞാനങ്ങനെയാണ്‌ അനുഭവിച്ചത്‌. പുസ്തകങ്ങൾക്ക്‌ ഗന്ധമാദനത്തോളം വളർന്ന സുഗന്ധാനുഭവം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു അത്‌. പുസ്തകത്തെ ശരീരത്തിന്റെ ഉത്കണ്ഠകളായിതന്നെ ഞാനനുഭവിച്ചു. വാക്കിന്റെ കാലപ്രമാണങ്ങൾക്ക്‌ നടുവിൽ എന്റെ ശിഥിലധ്യാനം മുക്തിയിലേക്ക്‌ നീങ്ങാൻ പ്രലോഭിപ്പിച്ചുകൊണ്ടേയിരുന്നു. പിൽക്കാലത്ത്‌ നീഷെയെയും കമ്യുവിനെയും വായിച്ചപ്പോൾ എന്റെ നടപ്പ്‌ അപകടകരമായിരുന്നുവെന്ന് തോന്നി. 'എന്തിനാണ്‌ അങ്ങ്‌ പുറത്തേക്ക്‌ ഒഴുകുന്നു?' എന്ന ചോദ്യത്തിന്‌ രമണമഹർഷി പറയുന്ന ഒരുത്തരം ഞാനിപ്പോൾ ഓർമ്മിക്കുന്നു. മൗനത്തിന്റെ കൂടുതുറന്നു വരുന്ന പക്ഷിക്കൂട്ടങ്ങൾ പോലെയായിരുന്നു രമണന്റെ വാക്കുകൾ. അത്‌ ഭൂമിയിൽ കിട്ടാവുന്നതിലേക്കും വെച്ച്‌ ഏറ്റവും അഭിജാതമാർന്ന ഒരു മറുപടിയായിരുന്നു. ആ ഉത്തരത്തിന്റെ സുഗന്ധം തേടുമ്പോഴാണ്‌ സഹ്യനു പുറത്തേക്ക്‌ ചില വഴികളുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നത്‌. ആ അറിവിനു സായാഹ്നങ്ങളുടെ വജ്രകാന്തിയുണ്ടായിരുന്നു. തിരുവനന്തപുരം എനിക്ക്‌ തന്ന സായാഹ്നസമ്മാനമയിരുന്നു അത്‌. അയ്യപ്പപ്പണിക്കർ സാർ ആ സായാഹ്നസദസ്സിലെ വിരാട്‌ പുരുഷനായിരുന്നു. തലതിരിഞ്ഞ എന്റെ ചില ചോദ്യങ്ങൾക്ക്‌ അദ്ദേഹം മുനയുള്ള ഉത്തരങ്ങൾ തരുകയായിരുന്നു. ആ ഉത്തരങ്ങൾക്ക്‌ ഭൂപടങ്ങളുടെ ആകൃതിയുണ്ടായുണ്ടായിരുന്നു.  തെംസിനെപ്പറ്റിയും വെനീസിനെപ്പറ്റിയും പറയുമ്പോൾ ഒരു കുട്ടനാട്ടുകാരന്റെ നനവ്‌ ഞാനനുഭവിച്ചു. നീഷേയുടെ 'ആന്റി ക്രൈസ്റ്റും' സിമോൺ ദി ബുവ്വയുടെ 'ദി സെക്കന്റ്‌ സെക്സും' അധികവായനയ്ക്ക്‌ അദ്ദേഹം ശുപാർശ ചെയ്തു. പണിക്കർസാർ എന്റെ അസ്വസ്ഥതയ്ക്കുമേൽ തീ കോരിയിടുകയായിരുന്നു. ആ സായാഹ്നങ്ങൾ അഗ്നിശലാകകൾ പോലെ തോന്നിപ്പിച്ചു. പിന്നീടെപ്പോഴോ സായാഹ്നങ്ങൾക്ക്‌ ഭംഗി നഷ്ടപ്പെട്ടു തുടങ്ങി. ആകാശം പീതനിറത്താൽ ചുറ്റപ്പെട്ടിരുന്നു. പണിക്കർസാർ ഇല്ലാത്ത സദസ്സ്‌ നിലവിളിക്കുന്നതുപോലെ എനിക്കു തോന്നി. ഓർമ്മകളുടെ ഭസ്മക്കാവടിയുമേന്തി ഞാനിപ്പോഴും  ആ സായാഹ്നങ്ങൾ കയറിയിറങ്ങി നടക്കാറുണ്ട്‌. എന്റെ വായനയുടെ യൗവ്വനകാലമായിരുന്നു അത്‌. എന്റെ പഠനാനുഭവങ്ങൾക്ക്‌ അതിന്റെ പേശീബലമുണ്ടെന്ന് ഞാൻ കരുതുന്നു.


O


PHONE : 9447865940



എഞ്ചോട്ടു പെൺ

ലേഖനം
കെ.ആർ.മീര











            മിഴ്‌ കവയിത്രിയും നടിയും നർത്തകിയും ആംഗലസാഹിത്യത്തിൽ ഡോക്ടറേറ്റുമുള്ള തമിഴച്ചി തങ്കപാണ്ഡ്യനോട്‌ ഞാൻ ചോദിച്ചു: 'നിങ്ങളെപ്പോലെ സുന്ദരിയും സമ്പന്നയുമായ ഒരു സ്ത്രീയ്ക്ക്‌ കവിതയെഴുതാൻ മാത്രം എന്ത്‌ ഇല്ലായ്മയാണുള്ളത്‌?' തമിഴച്ചി പൊട്ടിച്ചിരിച്ചു. 'ഞാൻ ജീവിതത്തിന്റെ കറുത്തവശങ്ങൾ കണ്ടിട്ടില്ല. ഐ വാസ്‌ എ സെലിബ്രേറ്റഡ്‌ ചൈൽഡ്‌. ഇല്ലായ്മയെന്നു പറയാൻ ഒന്നേയുള്ളൂ - അത്‌ അച്ഛന്റെ മരണം മൂലമുണ്ടായ ശൂന്യതയാണ്‌. അച്ഛനായിരുന്നു എന്റെ ലോകം. സ്നേഹിച്ച പലരെയും അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്‌. ഓരോ തവണ അവധിക്ക്‌ ഗ്രാമത്തിലെത്തുമ്പോഴും സ്നേഹിച്ച ഒരോ ആളെയായി മരണം കവർന്നുകൊണ്ടിരുന്നു. എന്റെ കൂട്ടുകാരിയാണ്‌ ഒരിക്കൽ പോയത്‌. അവളും ഞാനും ഒന്നിച്ചു പഠിച്ചു വളർന്നവർ. പക്ഷേ എനിക്കൽപ്പം മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുണ്ടായിരുന്നതു കൊണ്ട്‌ ഞാൻ പഠിച്ചു. കോളേജ്‌ പ്രൊഫസറായി. അവൾ പാവപ്പെട്ട വീട്ടിൽ ജനിച്ചതുകൊണ്ട്‌ ഒരു പാവപ്പെട്ട ഗ്രാമീണനെ വിവാഹം കഴിച്ച്‌ തുടരെത്തുടരെയുള്ള പ്രസവങ്ങൾ മൂലം വേഗം മരിച്ചു. അതെന്നെ വല്ലാതെ ഉലച്ചു. അവളെക്കുറിച്ച്‌ എഴുതിയതാണ്‌ 'എഞ്ചോട്ടു പെൺ' എന്ന കവിത. എന്റെ പ്രായക്കാരിയായ പെണ്ണ്‌  എന്നാണ്‌ അതിന്റെ അർത്ഥം. അവൾ ഉൾപ്പെടെ ഞാൻ സ്നേഹിച്ചിരുന്നവരുടെ അസാന്നിധ്യമാണ്‌ എന്റെ ഇല്ലായ്മ. അവരുടെ നഷ്ടത്തെ ലോകത്തിന്റെ നഷ്ടങ്ങളുമായി കൂട്ടിവായിച്ചപ്പോഴാണ്‌ ഞാൻ കവിയായത്‌...'


-ഓർക്കാപ്പുറത്തായിരുന്നു തമിഴച്ചിയുമായുള്ള സമാഗമം. തമിഴു കവിയും വിവർത്തകനും മാധ്യമപ്രവർത്തകനുമായ എൻ.സുകുമാരൻ വഴിയാണ്‌ തമിഴച്ചിയെ പരിചയപ്പെട്ടത്‌. തന്റെ മൂന്നാമത്തെ കവിതാസമാഹാരത്തിന്റെ പ്രകാശനം ചെന്നൈയിൽ നടക്കുന്നു, പങ്കെടുക്കാമോ? ഇന്ത്യൻ ഭാഷകളിലെ പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യൻ ഭാഷകളിലെ എഴുത്തുകാർക്കു പരസ്പരം അറിയാൻ വേദികൾ കുറവാണ്‌. കെ.സച്ചിദാനന്ദന്റെ നിരീക്ഷണപ്രകാരം തമിഴച്ചി പേരെടുത്ത്‌ പറയാവുന്ന മൂന്നോ നാലോ പെൺകവികളിൽ മുൻപന്തിയിലാണ്‌. പക്ഷേ, എന്നെ വീഴ്ത്തിയത്‌ അതൊന്നുമല്ല. ആ ആദ്യ ഫോൺ വിളിയിൽ തന്നെയുള്ള , എനിക്കീ ജന്മം അസാധ്യമായ വിനയത്തിന്റെയും മര്യാദയുടെയും മധുരം. രണ്ടുവർഷം തമിഴകത്തു താമസിച്ചതിന്റെ ഓർമ്മകൾ ഉണർന്നു. ആദരവ്‌ എന്ന വാക്കാണ്‌ തമിഴ്‌ സംസ്കാരത്തിന്റെ ജീവനെന്നു തോന്നും. ആവശ്യമുള്ളതെന്തിനെയും അവർ ആദരിക്കും. ആദരവ്‌ വിനയത്തെ ഉയിർപ്പിക്കും. വിനയത്തിനു മാധുര്യം മാധ്യമമാകും. മാധുര്യം പ്രകാശിപ്പിക്കുന്ന ശബ്ദങ്ങളുടെ വിന്യാസമാണ്‌ തമിഴ്‌ ഭാഷ. അതു വിലപേശാനും തെറിവിളിക്കാനുമുള്ള ഭാഷയല്ല. കാവ്യം ചൊല്ലുവാനും ഗാനം പാടുവാനും പ്രണയം പ്രകടിപ്പിക്കുവാനും നാടകം അവതരിപ്പിക്കാനുമുള്ളതാണ്‌.


പുസ്തകപ്രകാശനം മുത്തയ്യ അരംഗം എന്ന വലിയ ഓഡിറ്റോറിയത്തിലായിരുന്നു. അവിടേക്കുള്ള വഴിയിൽ നീളെ പതിച്ച കലൈഞ്ജർ കരുണാനിധിയുടെയും മകൻ തുണൈ മുതലമൈച്ചർ മു.ക.സ്റ്റാലിന്റെയും പടങ്ങളുള്ള ബോർഡുകൾ. കലൈഞ്ജർ കരുണാനിധിയാണ്‌ സുമതി തങ്കപാണ്ഡ്യൻ എന്ന കോളേജ്‌ പ്രൊഫസർക്ക്‌ തമിഴച്ചി എന്ന തൂലികാനാമം നിർദ്ദേശിച്ചത്‌. കേരളത്തിലെ ഏതു വിവാഹവേദിയെക്കാളും അലങ്കരിക്കപ്പെട്ടിരുന്നു,സ്റ്റേജ്‌. വലിയ ഓഡിറ്റോറിയം കാലേകൂട്ടി നിറഞ്ഞു. വെറുതെയല്ല, ഡി.എം.കെ യിൽ അണ്ണാദുരൈയുടെ കാലം മുതലേ നേതാവും മന്ത്രിയുമായിരുന്ന തങ്കപാണ്ഡ്യന്റെ മകളാണ്‌ തമിഴച്ചി. ആറുമണിയോടെ മുഖ്യാതിഥി എം.കെ.സ്റ്റാലിൻ എത്തി. സ്റ്റാലിനെ ഞാൻ ആദ്യമായാണ്‌ നേരിൽ കണ്ടത്‌. പ്രതീക്ഷിച്ചതിലേറെ ശാന്തതയും സൗമ്യതയും. ആദ്യം തമിഴച്ചിയുടെ കവിതകളുടെ നൃത്താവിഷ്കാരമായിരുന്നു. 'മഞ്ഞണത്തി'യെന്ന കവിതയിലെ മഞ്ഞണത്തി മരമായി മകൾ നിഥിലയും രംഗത്തെത്തി. നൃത്തത്തിനു തൊട്ടുപിന്നാലെ മൂൻട്രാം അരങ്ങം എന്ന നാടകസംഘം ചില കവിതകൾ നാടകരൂപത്തിലും ചേഴിയൻ എന്ന സംവിധായകൻ ചില കവിതകൾ തിരൈപടമായും അവതരിപ്പിച്ചു. മനോഹരമായ അനുഭവമായിരുന്നു അത്‌. തമിഴ്‌ കവിതകൾ മാത്രമല്ല, നാടകവേദിയും മലയാളത്തെ അപേക്ഷിച്ച്‌ വളരെ സചേതനമാണെന്ന് ബോധ്യപ്പെട്ടു. പിന്നീട്‌ യോഗം തുടങ്ങി. അവസാനമാണ്‌ സ്റ്റാലിൻ പ്രസംഗിച്ചത്‌. അപ്പോഴേക്ക്‌ മണി ഒമ്പതു കഴിഞ്ഞിരുന്നു. കന്നട കവിയും നാടകകൃത്തുമായ ഡോ.എച്ച്‌.എസ്‌.ശിവപ്രകാശ്‌ സ്റ്റാലിനെ അഭിനന്ദിച്ചു - ഇത്രയും സമയം സാഹിത്യത്തിനു വേണ്ടി മാറ്റിവെക്കുന്ന ഭരണാധികാരികൾ അധികമുണ്ടാവില്ല. സാഹിത്യത്തിനും സംസ്കാരത്തിനും പ്രാധാന്യം കൊടുക്കുന്ന ഭരണാധികാരികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. സ്റ്റാലിന്റെ പ്രസംഗവും മതിപ്പുളവാക്കി. മഞ്ഞണത്തിയെന്ന കവിതാസമാഹാരത്തിലെ ഓരോ കവിതയെക്കുറിച്ചു പരാമർശിച്ചും ഓരോ ചെറിയ സംഭവവും കാവ്യാത്മകഭാഷയിൽ വിവരിച്ചും അദ്ദേഹം ദീർഘമായി സംസാരിച്ചു. വെറുമൊരു മക്കൾ രാഷ്ട്രീയക്കാരനായിരുന്നില്ല പ്രസംഗവേദിയിൽ ഞാൻ കണ്ട സ്റ്റാലിൻ. പതം വന്ന നേതാവ്‌. തഴക്കം നേടിയ ഭരണാധികാരി.


ഈ ചടങ്ങിനു വിളിച്ചപ്പോൾ ഒരെതിർപ്പും പറയാതെ താൻ എന്തുകൊണ്ടു വന്നു എന്നു സ്റ്റാലിൻ വിശദീകരിച്ചു. അതിന്റെ പിന്നിൽ ഒരു കഥയുണ്ട്‌. ഡി.എം.കെ ഒരു യുവജനസമ്മേളനം നടത്തി. എം.കെ.സ്റ്റാലിനായിരുന്നു അതിന്റെ നടത്തിപ്പു ചുമതല. ആ സമ്മേളനത്തിൽ കൊടിയുയർത്താൻ തമിഴച്ചിയെ ക്ഷണിക്കാൻ സ്റ്റാലിൻ നിർദ്ദേശിച്ചു. തമിഴച്ചി അന്നു ഗവൺമെന്റ്‌ കോളേജിൽ ഇംഗ്ലീഷ്‌ പ്രൊഫസറായി ജോലി നോക്കുകയാണ്‌. ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോഴാണ്‌ ഗവൺമെന്റ്‌ ജീവനക്കാരിയെന്ന നിലയിൽ ആ ചടങ്ങിൽ പങ്കെടുക്കാൻ നിയമം അനുവദിക്കില്ലെന്ന് വ്യക്തമായത്‌. തമിഴച്ചി ജോലി രാജിവെച്ചു. സ്റ്റാലിൻ പറഞ്ഞു: 'അങ്ങനെ പാർട്ടിക്കുവേണ്ടി ഒരെതിർപ്പും പറയാതെ പണി തുലച്ച ഒരാൾ എന്നെ ഈ ചടങ്ങിനു വേണ്ടി ക്ഷണിച്ചപ്പോൾ ഒരെതിർപ്പും പറയാതെ ഞാൻ സമ്മതിക്കുകയായിരുന്നു....'


പത്തുമണിക്ക്‌ പ്രകാശനച്ചടങ്ങ്‌ കഴിഞ്ഞപ്പോൾ മൊത്തത്തിൽ എന്റെ തല മന്ദിച്ചു. അതൊരു പുത്തൻ അനുഭവമായി. തമിഴ്‌ രാഷ്ട്രീയത്തെക്കുറിച്ചും എം.കെ.സ്റ്റാലിനെക്കുറിച്ചും പുതിയൊരു കാഴ്ചപ്പാടുമുണ്ടായി. മടങ്ങിപ്പോകും മുമ്പ്‌ തമിഴച്ചിയുടെ വീട്‌ സന്ദർശിച്ചു. അതൊരു കൊട്ടാരമാണ്‌. തമിഴച്ചി കുട്ടിത്തം വിടാത്തൊരു രാജകുമാരിയെപ്പോലെ മധുരം കിനിയുന്ന ആതിഥ്യമരുളി. പുസ്തകപ്രകാശന ചടങ്ങിൽ വീതിക്കസവുസാരിയും നീണ്ടമുടി നിറയെ മുല്ലപ്പൂവും വെച്ച്‌ ചുറ്റും പ്രകാശം പരത്തുന്ന സുന്ദരി വേറെ. മൈക്കിനു മുൻപിൽ നിന്നു കലൈഞ്ജരെക്കുറിച്ചും സ്റ്റാലിനെക്കുറിച്ചും മനോഹരമായ തമിഴിൽ കാവ്യഭംഗിയോടെ പ്രസംഗിച്ച രാഷ്ട്രീയക്കാരി വേറെ. കരിങ്കല്ലു പതിച്ച കോർട്ട്‌ യാർഡിൽ ഗ്ലാസ്‌ പെയിന്റിംഗ്‌ നടത്തിയ ജാനാലച്ചില്ലുകളുടെ മനോഹര പശ്ചാത്തലത്തിൽ വലിയൊരു ബുദ്ധപ്രതിമയ്ക്ക്‌ മുൻപിലിരുന്ന് ലാളിത്യത്തോടെ സംസാരിക്കുന്ന എഴുത്തുകാരി വേറെ. മഴ അവിടെ ഒരു സ്വപ്നമാണ്‌. വെയിലും വേനലുമാണ്‌ നിതാന്തസത്യം. വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരിൽ നിന്നാണ്‌ തമിഴച്ചിയുടെ വിദ്യാഭ്യാസത്തിന്റെ തുടക്കം. തന്നെ വളർത്തിയ പാക്യമെന്ന നിരക്ഷരയെക്കുറിച്ച്‌ തമിഴച്ചി പറഞ്ഞു. ശരീരമാകെ പച്ച കുത്തിയിരുന്നു ആ വൃദ്ധ. അതിന്റെ അർത്ഥമെന്താണെന്നു ചോദിച്ചപ്പോൾ അവരുടെ മറുപടി ഇതായിരുന്നു: അർഥം പാത്താൽ അഴകേത്‌? അഴക്‌ ആസ്വദിക്കാൻ അർത്ഥമറിയുന്നതെന്തിന്‌ എന്നാണ്‌ അവർ ചോദിച്ചത്‌. അതുതന്നെയല്ലേ കീറ്റ്സ്‌ 'ബ്യൂട്ടി ഈസ്‌ ട്രൂത്ത്‌' എന്നെഴുതിയപ്പോൾ അർത്ഥമാക്കിയതും? ഞാൻ ജീവിക്കുന്നത്‌ ഒരു മെട്രോ നഗരത്തിലായിരിക്കാം. എന്റെ പുരികങ്ങൾ ഞാൻ ഷേപ്പ്‌ ചെയ്യുന്നുണ്ടായിരിക്കാം. ലോകത്ത്‌ പല രാജ്യത്തും ഗവേഷണത്തിനും ഉല്ലാസത്തിനുമായി യാത്ര ചെയ്യുന്നുണ്ടായിരിക്കാം. എന്നാലും ഞാനെപ്പോഴും മല്ലാങ്കിണറുകാരിയാണ്‌. പോകുന്നിടത്തൊക്കെ ഞാനെന്റെ ഗ്രാമവും കൊണ്ടാണു പോകുന്നത്‌.


തമിഴച്ചിയുടെ കവിതകളിൽ 'അജ്‌നബിയുടെ ആറാംവിരൽ' എന്ന കവിതയാണ്‌ എന്നെ ഏറെ സ്പർശിച്ചത്‌. ഇറാക്കിൽ പട്ടാളക്കാർ ബലാത്ക്കാരം ചെയ്തുകൊന്ന പെൺകുട്ടിയുടെ ശരീരം പഴന്തുണി പോലെ കിടക്കുന്നതുനോക്കി ആറുവയസുകാരിയായ അനിയത്തി നിൽക്കുകയാണ്‌. അവളുടെ ചുണ്ടുകളിൽ അവർ അൽപം മുൻപു വെച്ച മധുരപലഹാരത്തിന്റെ അവശിഷ്ടങ്ങൾ അപ്പോഴും തങ്ങി നിൽപ്പുണ്ട്‌...


When your younger sister watched your body
-Just distorted like a lump
Like an alien sixth finger-
there were remnants of a
'Sweet-pie shared with you on her lips!


-ഇങ്ങനെ ലോകത്തിന്റെ ഓരോ ഭാഗത്തും ദുരിതം അനുഭവിക്കുന്നവരുടെ നിസ്സഹായതയെക്കുറിച്ചു ചിന്തിക്കുമ്പോൾ തനിക്ക്‌ കുറ്റം ഉണർച്ചിയുണ്ടാകുന്നു എന്നു തമിഴച്ചി പറഞ്ഞു. കുറ്റം ഉണർച്ചി എന്നാൽ കുറ്റബോധം - 'വാട്ട്‌ കാൻ ഐ ഡൂ ഫോർ ദെം എക്സെപ്റ്റ്‌ റൈറ്റിംഗ്‌ ഏ സ്റ്റുപ്പിഡ്‌ പോയം?' അവർ ചോദിച്ചു. ശ്രീലങ്കയിലെ തമിഴ്‌ ഈഴത്തെക്കുറിച്ച്‌ തമിഴച്ചി എഴുതിയ കവിത ഹൃദയസ്പർശിയാണ്‌. മരിച്ചുപോയ ഒരു പെൺകുഞ്ഞിനോട്‌ കവി പറയുന്നു;

'എനിക്കും നിനക്കുമിടയിൽ ഒരു കടലുണ്ട്‌.
നുരകൾ കാണുമ്പോൾ നിന്റെ അമ്മയുടെ ഉറഞ്ഞുപോയ മുലപ്പാൽ ഓർക്കുന്നു.
തിരകൾ കാണുമ്പോൾ നിന്റെ അച്ഛന്റെ സ്നേഹലാളന ഓർക്കുന്നു.
ചിപ്പികൾ കാണുമ്പോൾ മുറിവേറ്റ നിന്റെ പാദങ്ങൾ ഓർക്കുന്നു.
ലോകത്തിനു മുഴുനറിയാമായിരുന്നു
നിനക്കെന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്. 
പക്ഷേ, എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇപ്പോൾ വെറുതേ എന്നെ ഒന്നു കെട്ടിപ്പിടിക്കൂ,
ഒന്നുമ്മ വയ്ക്കൂ.
എന്നിട്ട്‌ ക്ഷമിച്ചു എന്നു പറയൂ...'

കേട്ടിരുന്നപ്പോൾ മനസിലേക്കെത്തിയത്‌ ഇന്ത്യൻ കോണ്ടംപററി ഡാൻസിന്റെ മുഖച്ഛായ തിരുത്തിയ ചന്ദ്രലേഖയുടെ 'കമല' എന്ന കവിതയാണ്‌. തമിഴച്ചിയുടെ 'എഞ്ചോട്ടു പെണ്ണി'നെപ്പോലെ തുരുതുരെ പ്രസവിക്കാൻ വിധിക്കപ്പെട്ട വീട്ടുജോലിക്കാരിയായ കമല മുലപ്പാൽ അടുപ്പിലൊഴിക്കുന്ന രംഗം.


I strayed in to the kitchen.
sniffing
something was burning
what is it kamala
what's worrying with you
why are you looking like this
she stood before the fire
transfixed
a can in her hand
in an anguished voice
tremulous
she said-
I have poured my milk in the fire
now at last
my breasts will dry...


- തമിഴച്ചിയുടെ വീട്ടിൽ നിന്നും ഞാൻ നേരെ ചന്ദ്രലേഖയുടെ നമ്പർ വൺ എലിയട്ട്സ്‌ ബീച്ചിലേക്ക്‌ പോയി. കടലിനെ നോക്കി നിൽക്കുന്ന ആട്ടുകട്ടിലുകളുടെ വീട്‌. കവിയും ചിത്രകാരിയും നർത്തകിയും എന്തൊക്കെയായിരുന്നില്ല ചന്ദ്ര. 'സൗന്ദര്യം ഈസ്‌ ഇൻവേസ്‌ഴ്സ്‌ലി പ്രൊപ്പോഷണൽ ടു സാഹിത്യം' എന്ന എന്റെ എന്റെ തിയറി ആദ്യം തെറ്റിച്ചത്‌ ചന്ദ്രയാണ്‌. മൂന്നുവർഷം മുൻപാണ്‌ ചന്ദ്ര യാത്രയായത്‌. അവസാനം കണ്ടപ്പോൾ അവർ കിടപ്പിലായിരുന്നു. ഓക്സിജൻ ട്യൂബ്‌ മുഖത്തണിഞ്ഞ്‌ നവജാതശിശുവിന്റെ നിഷ്കളങ്കമായ മുഖത്തോടെ അസ്തമയവേളയിലെ കടലിന്റെ ശാന്തതയോടെയുള്ള ആ കിടപ്പിലും ചന്ദ്ര എനിക്ക്‌ ജീവിതത്തെക്കുറിച്ച്‌ മറ്റൊരു ഉൾക്കാഴ്ച തന്നു.


ഈ കുറിപ്പ്‌ എഴുതാനിരിക്കുമ്പോൾ തമിഴച്ചിയും ചന്ദ്രയും മാത്രമാണ്‌ മനസിലുണ്ടായിരുന്നത്‌. പക്ഷേ ഓർക്കാപ്പുറത്ത്‌ എനിക്കും അക്ഷരങ്ങൾ ക്കുമിടയിൽ ജോഷി ജോസഫിന്റെ 'വൈൽ ഗോഡ്സ്‌ ടുക്‌ ടു ഡാൻസിംഗ്‌' എന്ന ഹ്രസ്വചിത്രം കടന്നു വന്നു. മണിപ്പൂരിലെ ആംഡ്‌ ഫോഴ്സസ്‌ സ്പെഷ്യൽ പവേഴ്സ്‌ ആക്ടിനെതിരെ നിരാഹാരസമരം നടത്തുന്ന ഈറോം ശർമ്മിള ചാനുവിനെക്കുറിച്ചുള്ള ചിത്രം. നിയോൺ മാലകൾ തൂങ്ങുന്ന ചെന്നൈ നഗരത്തിൽ നിന്ന് ഈ ദൃശ്യങ്ങൾ എന്നെ ചവിട്ടിത്തെറിപ്പിച്ചതു കുഗ്രാമം പോലെയുള്ള മണിപ്പൂരിലേക്കാണ്‌. പലായത്തിനിടെ ഉപേക്ഷിക്കപ്പെട്ട ചെരിപ്പുകൾ. ഊരിപ്പോയ ചെരിപ്പുകൾ പോലെ തന്നെ ചിതറിക്കിടക്കുന്ന ജഡങ്ങൾ. നടുറോഡിൽ വലിച്ചിഴയ്ക്കപ്പെടുന്ന ചെറുപ്പക്കാർ. പൂർണ്ണനഗ്നരായി സൈന്യത്തെ വെല്ലുവിളിക്കുന്ന സ്ത്രീകൾ. പട്ടാളക്കാർ കാവൽ നിൽക്കുന്ന ഇരുണ്ട ജയിൽകവാടം പോലെ തോന്നിക്കുന്ന ആശുപത്രി ഇടനാഴിയിലേക്ക്‌ കടക്കുമ്പോൾ ചന്ദ്രയുടെ നൂപുരധ്വനികളും തമിഴച്ചിയുടെ ആതിഥ്യമധുരവും മറന്നുപോകുന്നു. മൂക്കിൽ സർക്കാർ ബലമായി ഘടിപ്പിച്ച ട്യൂബുമായി ഒരു കവി ക്യാമറയെ നോക്കാൻ കഴിയാതെ തന്റെ പുസ്തകത്തിന്റെ ഏടുകൾ മറിക്കുകയാണ്‌. വികാരവിക്ഷുബ്ദമായ ശബ്ദത്തിൽ ശർമിള തന്റെ വരികൾ ഉരുവിടുകയാണ്‌:


Against the mighty ruler
who protects slavery as the law of god
Yet making life lawless
Like the moth that challenges fire
Knowingly its defeat
That fool's Venture
you can call not sane ...


... ശക്തനായ ഭരണാധികാരിക്കെതിരെ പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അഗ്നിയെ വെല്ലുവിളിക്കുന്ന ഈയാംപാറ്റയെപ്പോലെ ഭ്രാന്തമെന്നു വിളിക്കാവുന്ന ഈ വിഡ്ഢിയുടെ ഉദ്യമം...


നിയന്ത്രിച്ചിട്ടും ശർമിള കരഞ്ഞുപോകുന്നുണ്ട്‌. അത്‌ രോഷത്തിന്റെ കണ്ണുനീരാണ്‌. നമ്മളും കരഞ്ഞുപോകും. ഹൃദയം ഇങ്ങനെ വലിച്ചുചീന്തിയാണ്‌ അനീതി മനുഷ്യനെ കരയിപ്പിക്കുന്നത്‌. ജോഷി ജോസഫിന്‌ തന്റെ കലയിൽ അസൂയാർഹമായ കൈയടക്കമുണ്ട്‌. അദ്ദേഹം ഡോക്യുമന്ററിയെ ചെറുകഥയായും കവിതയായും ഹൈക്കുവായും നാടകമായും ചിലപ്പോൾ തലച്ചോർ പിളർത്തുന്ന വെടിയുണ്ടയായും രൂപാന്തരപ്പെടുത്തുന്നു. ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങി ഞാനെന്തിനാണ്‌ മണിപ്പൂരിൽ അവസാനിപ്പിച്ചതെന്ന് മനസിലാകുന്നില്ല. പരാജയപ്പെടുമെന്ന ബോധ്യത്തോടെ അഗ്നിയെ വെല്ലുവിളിക്കുന്ന ഈയാംപാറ്റയുടെ ഭ്രാന്തമായ ചിറകടികൾ. തമിഴച്ചിയുടെ, ദാരിദ്യത്തിൽ എരിഞ്ഞുപോയ മല്ലാങ്കിണറിലെ കൂട്ടുകാരിയെപ്പോലെ, മറ്റൊരു ദേശത്തെ, മറ്റൊരു സമൂഹത്തിലെ എഞ്ചോട്ടു പെൺ. 'അജ്നബിയുടെ ആറാംവിരൽ' എന്ന കവിത തമിഴച്ചി ഇങ്ങനെയാണ്‌ ഉപസംഹരിക്കുന്നത്‌:


Time's chariot moved on them- with those aged horses
panting breathlessly,smelling the nausea of leaking blood,
what else can be the proof for that day-
except the shivering feathers of those doves,
and perhaps a poem like this too.


നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഈ ദിവസങ്ങൾക്ക്‌ ഹൃദയഭേദകമല്ലാത്ത വല്ല തെളിവുകളും കൂടിയുണ്ടായിരുന്നെങ്കിൽ ...


    O


 കടപ്പാട്‌ : മാതൃഭൂമി ബുക്സ്‌


രാഗിണി തിയേറ്റേഴ്സ്‌

കഥ
വി.ജയദേവ്‌










         'നിങ്ങൾ എപ്പോഴെങ്കിലും ചോര രുചിച്ചിട്ടുണ്ടോ? മനുഷ്യന്റെ ചുവന്ന ചോര?' പത്മദാസൻ അതു ചോദിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതൊരു ആത്മഗതം പോലെയാണ്‌ തോന്നിപ്പിച്ചത്‌. അതിനു നാടകീയമായ ഒരു താളാനുക്രമവും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അതു പത്മദാസൻ തന്നോടു തന്നെ പിറുപിറുക്കുന്നതു പോലെയായിരുന്നു. അയാൾ പിറുപിറുക്കുക തന്നെയായിരുന്നു. ഒരുപക്ഷേ  തന്നോട്‌. അല്ലെങ്കിൽ കാണികളോട്‌. കാണികളായി ആരും അധികം ഉണ്ടായിരുന്നില്ലെങ്കിലും. മരുന്നുമായി വന്ന നഴ്സ്‌ തങ്കമണി അതു ശ്രദ്ധിച്ചതായേ തോന്നുന്നില്ല. മരുന്നുകൾ മേശപ്പുറത്തും സ്റ്റൂളിലുമായി വച്ച്‌ പത്മദാസനെ ഒന്നു ചെരിച്ചു കിടത്തി തങ്കമണി അയാളെ നിർവ്വികാരമായി നോക്കി. ഒരു നഴ്സും ഒരു രോഗിയും മാത്രമായി അവർ.

'ഞാനും രുചിച്ചിട്ടില്ലായിരുന്നു. മുവാറ്റുപൊഴേല്‌ ചിരഞ്ജീവി തട്ടേൽ കേറുന്നതുവരെ', പത്മദാസൻ മനസിൽ മുവാറ്റുപുഴയിലെ ഒരു രാത്രി ചികഞ്ഞെടുത്തു പൊടിതട്ടി.

'എന്ത്‌?', തങ്കമണി പെട്ടെന്നു പേടിച്ചതു പോലെ ചോദിച്ചു.

'നീയെവിടെ ശ്രദ്ധിക്കുകയായിരുന്നു വാസന്തീ. ഡയലോഗ്‌ പഠിക്കാതെയാണോ ഇന്നും. ചോര. മനുഷ്യന്റെ ചൂടുള്ള ചുവന്ന ചോര?'

"ഡയലോഗ്‌ പഠിക്കാനൊക്കെ എവിടാ നേരം സാറേ. ഓരോന്ന് ഉള്ളീന്നു വരുന്നതുവെച്ച്‌ പറയാമെന്നാല്ലാതെ.'

'അതു പറ്റില്ല വാസന്തീ. അങ്ങനെ മനസ്സീന്നു വരുന്നതു പറഞ്ഞാലൊന്നും കാണികള്‌ സമ്മതിക്കില്ല. ദാ, ഇരിക്കണ ലോഹിതാക്ഷൻ സാറ്‌ ഒട്ടും സമ്മതിക്കില്ല. പിന്നെ, ഞാനും സമ്മതിക്കില്ല. ലോഹിതാക്ഷൻ സാറ്‌ എഴുതി വെച്ചിരിക്കുന്ന അതേ ഡയലോഗ്‌ തന്നെ പറയണം. എന്നാലേ ചിരഞ്ജീവിക്ക്‌ ഈ സീസണിൽ പത്തുനൂറു സ്റ്റേജെങ്കിലും കിട്ടൂ. പത്തിരുപത്തഞ്ചു വയറു കഴിയേണ്ടതാ. വാസന്തീ നീ നിന്റെ മനസീന്നു വരുന്നതു പറഞ്ഞു വയറിനെ കഷ്ടപ്പാടിലാക്കരുത്‌.'

'എന്നാ പത്മദാസൻസാറ്‌ പറഞ്ഞോണ്ടാട്ടെ'.

'ചിരഞ്ജീവി തട്ടേൽ കേറുന്നതുവരെ ഒരു മൊട്ടുസൂചി കൊണ്ടുപോലും ആരുടേയും ചോര ഞാനടർത്തിയെടുത്തിരുന്നില്ല. സ്വന്തം ചോരയുടെ കാര്യം പോട്ടെ. നാളതുവരെ ഒരു മുള്ളുകൊണ്ടുപോലും എന്റെ ഒരു തുള്ളി ചോര പൊടിഞ്ഞിരുന്നില്ല. എന്നിട്ടു വേണ്ടേ, വേദന മാറ്റാനെങ്കിലും വേണ്ടി അതൊന്നു വായിൽവച്ചു നോക്കാൻ. എന്നിട്ടും ചോര കുടിക്കുന്ന ഒരാളുടെ റോള്‌ ലോഹിതാക്ഷൻസാറ്‌ എനിക്കുവേണ്ടി പ്രത്യേകം എഴുതിയുണ്ടാക്കി എനിക്കു തന്നെ തന്നത്‌ എങ്ങനെയാണെന്നാ, ഇപ്പോഴും ആലോചിച്ചാ ഒരു പിടീം കിട്ടാത്തത്‌. ലോഹിസാറിന്റെ ആ കടിച്ചുപിടിച്ചുള്ള ചിരി കണ്ടോ. സ്ക്രിപ്റ്റ്‌ എഴുതിക്കഴിഞ്ഞ അന്നും ഇങ്ങനെയായിരുന്നു. ഒരു ചിരീം കടിച്ചുപിടിച്ചോണ്ട്‌ എന്നേം നോക്കി ഒരിരിപ്പാരുന്നു. കൊറേ സമയം കഴിഞ്ഞപ്പോഴാ, ഒരു വാക്ക്‌ വീണത്‌. പത്മാ, ഇതു നിനക്ക്‌ ചെയ്യാൻ കഴിയും. നിനക്കു വേണ്ടീട്ടാ ഇങ്ങനെ ഒരാളെ കൊണ്ടുവന്നതെന്ന്.  ലോഹിതാക്ഷൻസാറിന്റെ പ്രതീക്ഷ തകർത്തുകളയാൻ പറ്റില്ലല്ലോ. മാത്രോല്ല, ഞാനിതുവരെ അങ്ങനെ ചെയ്തിട്ടുമില്ല. നമ്മളെ വിശ്വസിച്ച്‌ ഒരു വേഷമേൽപ്പിക്കുമ്പോൾ അതു മിഴിവോടെ ആടിത്തീർക്കണ്ടേ. നടന്‌ വേഷമല്ലാതെ വേറെന്താ ഉള്ളത്‌. ഇതും ലോഹിസാറ്‌ തന്നെ ഇടയ്ക്കു പറയുന്നതാവുമ്പോൾ പ്രത്യേകിച്ചും.

'ഡയലോഗ്‌ പറയാണ്ടെ, മനസ്സിലോരോന്ന് ആലോചിച്ചു കൂട്ടുകയാണോ. എനിക്കാണെങ്കീ, കൊച്ചിനു മൊല കൊടുക്കാൻ നേരോമായി. വേഗം പറഞ്ഞോണ്ടാട്ട്‌.'

ഡോക്ടർ റൗണ്ട്സിനു വരുന്ന സമയമായിട്ടുണ്ട്‌. അതാണ്‌ നഴ്സ്‌ തങ്കമണി ഇത്രയും  തിടുക്കം കൂട്ടുന്നത്‌.

'എന്നുവെച്ച്‌ വെറുതേ കാണാപാഠം പഠിച്ചാ അഭിനയം വരുമോ. അതല്ലേ, അതിന്റെ കല്ലും മൂലേം ചേർത്തുപറയുന്നത്‌. അതിരമ്പുഴേല്‌ പാരിജാതത്തിന്റെ നാട്ടിൽ കളിച്ചപ്പോ നീയങ്ങനെ ഡയലോഗ്‌ മാത്രം പറഞ്ഞു കൊറേ കൂവല്‌ കേൾപ്പിച്ചതാ. അതേതായാലും ഇനീം പറ്റില്ല. ഒന്നൂല്ലേല്‌ ഡയലോഗ്‌ എഴുതണ ലോഹിതാക്ഷൻസാറിനോടൊരു കൂറെങ്കിലും വേണ്ടേ. എത്ര കഷ്ടപ്പെട്ടാ അത്‌ ഓരോന്ന് എഴുതിക്കൂട്ടുന്നത്‌. നിശാഗന്ധിയിലെ അവസാനത്തെ സീനിലെ ആ ഒറ്റ ഡയലോഗ്‌ കൊണ്ടല്ലേ സീസണില്‌ പത്തിരുന്നൂറ്‌ ബുക്കിങ്‌ കിട്ടിയത്‌. എന്തായിരുന്നു അതിന്റെ ഡെപ്ത്ത്‌. നീയതൊന്നു പറഞ്ഞേ.'

'ഓ. എനിക്കതൊന്നും ഇപ്പോ ഓർക്കാൻമേല. അതു പണ്ടേ ഞാമ്മറന്നു.'

'എന്നാ എനിക്കോർമ്മേണ്ട്‌ വാസന്തീ. ജീവിച്ചാല്‌ ഒരിക്ക മരിക്കുമെന്നൊക്കെ അവരുണ്ടാക്കിയ അവരുടെ ഓരോ ന്യായങ്ങളാ. ഇണങ്ങിയവരെ പിരിക്കാനും പിരിഞ്ഞവരെ അകറ്റാനും. കൊല്ലാനും കൊന്നുതിന്നാനും. എന്നാ നമ്മള്‌ ഒരിക്കലും മരിക്കാൻ പോണില്ല. ഈ ഭൂമി ഇവിടെക്കാണും വരെ ഇവിടെ ഈ ഭൂമീല്‌ നമ്മള്‌ ഒരുമിച്ച്‌ ജീവിക്കും. ചെലപ്പോ ഈ ഭൂമി മരിച്ചുപോയെന്നിരിക്കും. അപ്പോ നമ്മള്‌ മറ്റൊരു ഭൂമീല്‌ ഒന്നിച്ചു ജീവിക്കും. അല്ലേല്‌ നമ്മക്ക്‌ ഒരുമിച്ചു ജീവിക്കാൻ നമ്മളൊരു ഭൂമിയുണ്ടാക്കും. അതിനു ഭൂമി എന്നുതന്നെ നമ്മള്‌ പേരുമിടും. വാസന്തീ, ആ ഡയലോഗ്‌ കഴിഞ്ഞ്‌ കർട്ടൻ വീണിട്ടും തീർന്നിരുന്നില്ല, മനസ്സിലെ ആ പെരുപെരുപ്പ്‌. എന്തായിരുന്നു കൈയടി. നീയതൊന്നും മറക്കാൻ പാടില്ലായിരുന്നു. നമ്മളൊന്നും ഒരിക്കലും മരിക്കാൻ പോകുന്നില്ല വാസന്തീ.'

'അതുവ്വ'

'എന്നിട്ട്‌, വെറുതെ ചായ കുടിക്കുന്നതുപോലെ ചോര കുടിക്കുന്നതായി അഭിനയിക്കാൻ പറ്റുമോ? ചോരേടെ നെറോല്ലേ നമുക്കറിയൂ. മണൂം അറിയാം. ഒരു തണുത്ത ഇരുമ്പിന്റെ മണമായിരിക്കും ചോരയ്ക്ക്‌. എന്നാ, അതിന്റെ രുചിയോ. അതറിയാതെ എങ്ങനാ മൊഖത്ത്‌ അതിന്റെ അഭിനയം വരിക. അപ്പോ ചോര കുടിച്ചു നോക്കാണ്ടെ പറയാനും പറ്റില്ല. അഭിനയത്തിനാണെങ്കിലും ചോര കുടിച്ചുനോക്കാൻ പറ്റുമോ? ഇനിയതല്ലാണ്ട്‌ പറ്റുമോ. എനിക്കതെല്ലാം അഭിനയിച്ചു കാണിക്കാൻ പറ്റുമെന്ന് ലോഹിതാക്ഷൻസാറ്‌ പറയുമ്പോ പറ്റില്ലാന്ന് വരുത്താനും പറ്റില്ല. കോഴിയുടെ ചോരയാണെങ്കില്‌   കുടിച്ചുനോക്കാം. മനുഷ്യന്റെ ചോര ഒരു ഗ്ലാസ്‌ കിട്ടണമെന്നു വച്ചാ നടക്കണ കാര്യം വല്ലോമാണോ? മൊലപ്പാല്‌ ചോദിച്ചാ കിട്ടും. പക്ഷേ, ചോര കിട്ടത്തില്ല.അതുമല്ല, എങ്ങനാ കണ്ണിച്ചോരയില്ലാണ്ട്‌ ചോദിക്കുന്നേ, നാടകത്തില്‌ അഭിനയിച്ചു പഠിക്കാനാ, കൊറച്ച്‌ ചോര കിട്ടുമോ എന്ന്. അവസാനം അറ്റകൈയ്ക്ക്‌ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ. എല്ലാം കഴിഞ്ഞ്‌ തിരിഞ്ഞുകിടക്കണേനും മുമ്പ്‌ അമ്മിണീടെ പിൻകഴുത്തിൽ അവള്‌ പോലുമറിയാതെ പല്ലങ്ങ്‌ ആഴ്ത്തിക്കൊടുത്തു. എന്താ കഴുത്തില്‌ ആരോ കടിച്ചപോലെ എന്നവള്‌ ചോദിക്കണേനും മുന്നേ കിട്ടി നാലഞ്ചുതുള്ളി നല്ല ചൂടുചോര. വല്ലാത്തൊരു ചവർപ്പും വഴുവഴുപ്പുമൊക്കെ ആയിരുന്നെങ്കിലെന്താ,  മുവാറ്റുപൊഴേല്‌ ആളോള്‌ ശ്വസിക്കണ ഒച്ച കേൾക്കാര്‌ന്ന്‌. ആളോള്‌ കിടുങ്ങിത്തരിച്ച്‌ ഇരിപ്പായിരുന്നില്ലേ, ലാസറ്‌ മേരിക്കുട്ടീടെ അടിവയറ്‌ പിളർന്ന് ചോര കുടിക്കുമ്പോഴത്തേക്കിന്‌. റിഹേഴ്സലിലൊന്നും പുറത്തുകാണിക്കാതെ അതൊക്കെ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നില്ലേ'.

'കലക്കി പത്മദാസാ. എന്റെ മനസ്സിലെ അതേ ലാസറ്‌. ചോര കുടിക്കുമ്പോഴത്തെ ആ വിമ്മിഷ്ടോം എന്നാ മേരിക്കുട്ട്യോടുള്ള ആ പകേം ദേഷ്യോം എല്ലാം അസൽ. നീ ശരിക്കും മേരിക്കുട്ടീടെ ചോര കുടിച്ചോ പത്മദാസാ'. കർട്ടൻ വീണ ശേഷം സ്റ്റേജിലേക്ക്‌ കയറിവന്ന ലോഹിതാക്ഷൻ ചോദിച്ചത്‌ ഒരു സ്വപ്നത്തിലെന്ന വണ്ണമായിരുന്നു പത്മദാസൻ കേട്ടത്‌.

'ലോഹിതാക്ഷൻ സാറേ, ലാസറ്‌ ശരിക്കും മേരിക്കുട്ടീടെ ചോര കുടിക്കുമെന്ന് മാഷ്‌ മനസീക്കണ്ടിരുന്നെങ്കീ പത്മദാസൻ വാസന്തീടെ ചോര കുടിച്ചിട്ടുണ്ട്‌. ഇപ്പോഴും വാസന്തീടെ ഒരു ചോരക്കുഴല്‌ പത്മദാസന്റെ നാവിന്മേല്‌ കുടഞ്ഞൊഴിയുന്നുണ്ട്‌. അവളുടെ അടിവയറ്റിന്റെ ചൂടും ചൂരും ഇപ്പോഴും എന്റെ ചുണ്ടത്ത്‌ പൊടിഞ്ഞുണരുന്നുണ്ട്‌. ഓരോന്ന് എഴുതിപ്പിടിപ്പിക്കുമ്പം ഓർക്കണം. ഇതൊക്കെ അഭിനയിച്ചു കാണിക്കാനുള്ളതാണെന്ന്. ഇതൊക്കെ ജീവിച്ചു നിറയാനുള്ളതാണെന്ന്, മാഷേ'.

'സമ്മതിച്ചു, പത്മാസാ. സമ്മതിച്ചു. ഞാൻ മനസീക്കണ്ടതുപോലെ ഫലിപ്പിച്ചുക്കാണിക്കാമ്പറ്റുമെന്ന് ഞാനത്രേം കരുതീതല്ല. നീ മിടുക്കനാ. നമ്മള്‌ ഈയാണ്ട്‌ പത്തിരുന്നൂറ്റമ്പത്‌ സ്റ്റേജ്‌ കലക്കും. ഒറപ്പാ'.

'ഇതൊന്നും എന്റെ ഒരു മിടുക്കല്ല ലോഹിതാക്ഷൻ സാറേ. എല്ലാം നിങ്ങളൊരാള്‌ടെ മിടുക്കാ. നിങ്ങള്‌ മനസീക്കാണുന്നു. നമ്മള്‌ അഭിനയിച്ചു കാണിക്കുന്നു. ഇതെല്ലാം മനസീത്തോന്നിക്കണത്‌ തന്നാ ശരിയായ മിടുക്ക്‌.'

'നോക്ക്‌, വാസന്തീ എന്നിട്ട്‌ ഒന്നുമറിയത്തതുപോലെ ലോഹിതാക്ഷൻസാറിന്റെ ആ ഇരുപ്പ്‌ നോക്ക്‌. ആ ചിരിയെ ഇങ്ങനെ കടിച്ചുപിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാതെ. ഇതാ പ്രകൃതം. നമ്മളെക്കൊണ്ട്‌ ഓരോന്നിങ്ങനെ ചെയ്യിച്ചിട്ട്‌ നമ്മളൊന്നുമറിഞ്ഞില്ലേ എന്ന മട്ടിലുള്ളൊരിരുപ്പ്‌. ഇനിയിപ്പ വേറെയെന്തേലും ആലോചിച്ചു കൂട്ടുകാരിക്കും. വാടകയ്ക്ക്‌ ഒരു പ്രണയത്തിലെ രമേശൻ കോൺട്രാക്ടറെപ്പോലെ, അർബുദം വന്ന ശരീരത്തെ അവസാനം ആർക്കും വേണ്ടാതായപ്പോൾ അവയവങ്ങളോരോന്നായി വിൽപ്പന നടത്തിയതു പോലെ എന്തെങ്കിലും കുരുട്ട്‌ പ്രയോഗങ്ങൾ. എവിടെ നിന്നാണാവോ ഇതെല്ലാം ലോഹിതാക്ഷൻസാറിന്റെ മനസിലേക്ക്‌ ഇറങ്ങിവരുന്നത്‌. ആവോ. നിനക്ക്‌ വല്ല പിടിയുമുണ്ടോ വാസന്തീ?'

'എനിക്കെങ്ങും അറിയാമ്മേല. ഡോക്ടർ റൗണ്ട്സിനു വരാൻ സമയമാവുന്നു. ഇപ്പ വരും.'

'ഡോക്ടർ എപ്പോ എവിടെ വരണമെന്ന് ലോഹിതാക്ഷൻസാറാ തീരുമാനിക്കേണ്ടത്‌. ആ ജഗന്നാഥൻപിള്ളയ്ക്ക്‌ തന്നാരിക്കുമല്ലോ ഡോക്ടറുടെ വേഷം. ഡോക്ടറാവുമ്പോൾ പ്രത്യേകിച്ച്‌ അഭിനയമൊന്നും വേണ്ടിവരുന്നില്ല. എനിക്കു ശേഷം ഞാനിൽ സുകുമാരനായിരുന്നു  മാരകരോഗം. ജഗന്നാഥൻപിള്ള അവിടെ ഒരു ഡയലോഗ്‌ തെറ്റിക്കുകേം ചെയ്തു. ഡോക്ടറേ, ഞാൻ മരിക്കുമോ മരിക്കുമോ  എന്നു വീണ്ടും വീണ്ടും ചോദിക്കുന്ന സുകുമാരന്‌ മരിക്കുമെന്ന കാര്യത്തിൽ വലിയ പേടിയുണ്ട്‌. എന്തിനാ പേടിക്കുന്നത്‌. ഞങ്ങളൊക്കെയില്ലേ എന്നായിരുന്നു ശരിയായ ഡയലോഗ്‌. മരിച്ചാലെന്താ, ഞങ്ങളൊക്കെയില്ലേ എന്നു ജഗന്നാഥൻപിള്ള ഡോക്ടർ. കാണികള്‌ ആർത്തു കൂവിയപ്പോഴാ ഡോക്ടർക്ക്‌ അമളി മനസിലായത്‌. എന്നാലും ഒരു ഗുണം കിട്ടി കേട്ടോ വാസന്തീ. അന്നു നീ ട്രൂപ്പില്‌ വന്നിരുന്നില്ല. കാണികള്‌ നാടകത്തീന്ന് ജീവിതത്തിലേക്ക്‌ പെട്ടന്നങ്ങു വന്നു. രോഗങ്ങളെല്ലാം കഥാപാത്രങ്ങൾക്കേയുള്ളൂ. നടീനടന്മാർക്കില്ലെന്ന് ഒരു വെളിപാടുപോലല്ലോ എല്ലാവർക്കും മനസ്സിലായത്‌. ജഗന്നാഥൻപിള്ള ഡയലോഗ്‌ മന:പൂർവ്വം തെറ്റിച്ചതല്ലെന്ന് എനിക്കുമറിയാം. അതു ലോഹിതാക്ഷൻ സാറിന്റെ അവസാനനിമിഷത്തെ ഒരു തിരുത്തായിരുന്നു കേട്ടോ. ഈ തിരുത്തൊക്കെ സമയാസമയത്ത്‌ എവിടെക്കൊണ്ടിട്ടു തോന്നിക്കുന്നതാണോ എന്തോ. എന്നിട്ടു ചോദിച്ചപ്പോ പറയുകയാ, ആ ജഗന്നാഥൻപിള്ള ഡയലോഗ്‌ തെറ്റിച്ചു പറഞ്ഞതാണെന്ന്. അതോണ്ട്‌ ഡോക്ടർ ഏതു സമയത്ത്‌ വരണം, എന്തൊക്കെ ചോദിക്കണം, പറയണമെന്നൊക്കെ ലോഹിതാക്ഷൻ സാറ്‌ തീരുമാനിക്കും. അതൊക്കെ എഴുതിവെച്ചിട്ടുമുണ്ടാവും. ഓരോ സമയം വരുമ്പോ അതങ്ങ്‌ പ്രോംപ്റ്റ്‌ ചെയ്തു തരികയല്ലേ. അതുകൊണ്ടു ഡോക്ടർ എന്നൊക്കെ പറഞ്ഞ്‌ വെറുതെ ആധി കൂട്ടാതെ വാസന്തീ. ഡോക്ടറു വരുമ്പോ നിനക്കു പറയാനുള്ള ഡയലോഗ്‌ മറന്നുപോണ്ട. ഈ ആക്രാന്തം പിടിക്കുന്നതിനിടയിൽ'.

'ഇതാ, ഡോക്ടർ വന്നു കഴിഞ്ഞു', നഴ്സ്‌ തങ്കമണി പറഞ്ഞു.

'ലോഹിതാക്ഷൻ സാറേ കേൾക്കുന്നുണ്ടോ അവിടിരുന്ന്. ഇതേതാ പുതിയ ഡോക്ടർ.? നമ്മുടെ ജഗന്നാഥൻപിള്ളയല്ലേ സ്ഥിരം ഡോക്ടർ. ഇതേതാ പുതിയ ആൾ. ആരായാലും കൊള്ളാം. ഡയലോഗ്‌ മറന്നുപോകാതിരുന്നാൽ മതി. ജഗന്നാഥൻപിള്ളയെപ്പോലെ ഡയലോഗ്‌ മാറ്റിപ്പറയാനും പറ്റില്ല, കേട്ടോ ഡോക്ടറേ'.

'അതു ഞാൻ മാറ്റിപ്പറയുമോ പത്മദാസൻ സാറേ? എല്ലാം ലോഹിതാക്ഷൻസാറ്‌ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്‌'.

'അല്ല, ഞാൻ പറഞ്ഞെന്നേയുള്ളൂ. ആശുപത്രിയുടെ രംഗസംവിധാനം അസ്സലായിട്ടുണ്ട്‌. ശരിക്കും ആശുപത്രി തന്നെ. ആ ഡെറ്റോളിന്റെ മണം പോലും ഒറിജിനൽ. തങ്കപ്പനാശാരി തന്നെയാണല്ലോ രംഗസംവിധാനം. പൂന്തേനരുവി കൊലക്കേസിന്റെ രംഗപടം ഒന്നു കാണണം. കണ്ടിട്ടുണ്ടോ ഡോക്ടറ്‌. കണ്ടുകാണാൻ വഴിയില്ല. പത്തിരുപത്തഞ്ചു കൊല്ലം മുമ്പാ. അന്നു ഡോക്ടറൊക്കെ വള്ളിനിക്കറിടുന്ന പ്രായമാ. എന്നാലും പറയുകാ. പുതിയ ആളല്ലേ. ആ കാടും, കാട്ടിലെ നീർച്ചോലയും അതിന്റെ ഒഴുക്കിന്റെ മദിപ്പിക്കുന്ന ശബ്ദവും എല്ലാം ഒറിജിനൽ. കാട്ടുപൊഴേടെ കരേ വച്ചല്ലേ മൈക്കിള്‌ പുഷ്പകുമാരിയെ വെള്ളത്തില്‌ ശ്വാസം മുട്ടിച്ചു കൊന്നത്‌. കഴുത്തിലും അരക്കെട്ടിലും ചവിട്ടിനിന്നുകൊണ്ടു മൈക്കിള്‌ വെള്ളംകോരി വായ്ക്കൊള്ളുന്ന ആ രംഗമുണ്ടല്ലോ, നമ്മള്‌ ശരിക്കും സിനിമേലൊക്കെ കാണുന്നതു മാതിരി തന്നല്ലോ. തങ്കപ്പനാശാരി വിചാരിച്ചാ അതു നമ്മള്‌ നേരിൽ കാണുന്നതു പോലെ തന്നെ. ഈ ലോഹിതാക്ഷൻ സാറിന്റെ ഓരോ ഭാവനകളുമാണേ. അവിടെ വച്ചു മൈക്കിളിനു പുഷ്പകുമാരിയെ ഏതൊക്കെ വിധത്തിൽ വേണമെങ്കിൽ കൊല്ലാം. ശ്വാസംമുട്ടിയാ മരണമെന്നല്ലേയുള്ളൂ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌. അപ്പോൾ ശ്വാസംമുട്ടിച്ചാൽ മതീലോ. ഈ വെള്ളത്തിൽ ചവിട്ടിക്കുത്തിപ്പിടിച്ചു കൊല്ലണമെന്നൊക്കെ ലോഹിതാക്ഷൻസാറിന്റെ അത്യപാരബുദ്ധിയാണേ. കാണികള്‌ ശ്വാസം വിടാതെ ഇരുന്നു കാണുന്നതൊന്നു കാണണം. അപ്പോഴാ അഭിനയത്തിന്റെ വിജയം.'

'ശ്വാസകോശത്തില്‌ വെള്ളം കയറിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പത്മദാസൻ സാറേ. അതോണ്ടായിരിക്കും വെള്ളത്തിൽ കുത്തിപ്പിടിച്ചു കൊന്നത്‌'.

'അതും ലോഹിതാക്ഷൻസാറ്‌ എഴുതിപ്പിടിപ്പിക്കുന്നതല്ലേ. എന്നിട്ട്‌ ആ ചിരിയും കടിച്ചുപിടിച്ചുള്ള ഇരിപ്പുണ്ടല്ലോ. മൈക്കിള്‌ തല ഉയർത്തി ഒന്നു നോക്കിയതാ ലോഹിതാക്ഷൻസാറിന്റെ മൊഖത്തോട്ട്‌. ശരിയായില്ലേ എന്നറിയാൻ. എന്നാ വല്ല ഇളക്കോമുണ്ടോ മൊഖത്ത്‌. ഇല്ല. അതേ ഇരുപ്പ്‌. എന്നാലും സംഗതി സാറിനു പിടിച്ചെന്നു മൈക്കിളിനു തോന്നി, കേട്ടോ'.

'അതിപ്പോ പത്മദാസൻ സാറിന്‌ കൃത്യമായിട്ടെങ്ങനെ അറിയാം?'

'ഞാനല്യോ മൈക്കിള്‌. ഈ ഡോക്ടറുടെ ഒരു കാര്യം. എന്നെക്കൊണ്ട്‌ ഈ വേണ്ടാതീനമൊക്കെ ചെയ്യാനല്ലേ ലോഹിതാക്ഷൻസാറ്‌ ഇങ്ങനെ ഓരോ കഥ പറയുന്നത്‌. അല്ലേ, ലോഹിതാക്ഷൻ സാറേ. ഓ, ഇതാരോടാ ഞാൻ ചോദിക്കുന്നത്‌.പത്തെണ്ണം ചോദിച്ചാ ഒന്നിനേ ഉത്തരം കിട്ടൂ. പക്ഷേ എന്തും ചോദിക്കാം. എന്തും പറയാം. ചാടിക്കേറി വിഴുങ്ങത്തും മറ്റുമില്ല. ബീഡീടെ കറ പറ്റുമ്പോ കയ്പ്പോടെ ചുണ്ടൊന്നു വിടർത്തും. അപ്പോ കിട്ടിയാ കിട്ടി ഉത്തരം. ഇല്ലെങ്കിൽ അതുമില്ല. അഹംഭാവത്തിനു കൈയും കാലും വെച്ചതല്യോ'.

'എന്നിട്ടിപ്പോ ആശുപത്രിക്കിടക്കേല്‌ കൊണ്ടു കിടത്തി തളച്ചതെന്തിനാ?'

'ഇത്‌ നല്ലപ്പഴ്‌ വല്ലോമാണോ. ചക്രവാളത്തിനരികെയിൽ എന്റെ കാലുമുറിച്ചു കളയിപ്പിച്ചില്ലേ. ശാന്തിഗീതത്തിൽ രണ്ടു ബോംബാക്രമണമായിരുന്നില്ലേ തുടരെത്തുടരെ. തങ്കപ്പനാശാരീടെ കുഴിയമിട്ട്‌ സ്റ്റേജിനു പിറകിൽ പൊട്ടിയപ്പോൾ കാണികള്‌ ഞട്ടി. എനിക്ക്‌ ഞെട്ടാൻ പറ്റുമോ? മൂവർണ്ണക്കൊടി പിടിച്ചു പുകപടലങ്ങൾക്കിടയിൽ നിന്നു പുറത്തുവന്ന് ശാന്തിഗീതം പാടിച്ചല്ലേ അടങ്ങിയൊള്ള്‌. ഓർമ്മകളേ നന്ദിയിൽ ശ്വാസകോശത്തിലായിരുന്നില്ലേ അർബുദം. ചികിത്സിച്ചു ചികിത്സിച്ചു ചില്ലിക്കാശില്ലാതായപ്പോൾ എന്റെ ഭാര്യ വിലാസിനിയുടെ ജീവൻ ഒരു സാരിത്തുമ്പിൽ കെട്ടിയാടിച്ചില്ലേ. അടിയൊഴുക്കിൽ ലാസ്റ്റ്‌ കർട്ടൻ വീഴണതുവരെ ഒറ്റക്കിടപ്പല്ലേ കിടത്തിയത്‌. നട്ടെല്ലിനു ക്ഷതം സംഭവിച്ച പ്രഭാകരൻനായര്‌ ആ കിടപ്പിൽ കിടന്ന് എന്തെല്ലാം കണ്ടു. ഭാര്യ കമലാക്ഷി വ്യഭിചരിക്കണതു കാണേണ്ടി വന്നു. രണ്ടു പെമ്മക്കള്‌ പെഴച്ചു പോയതും കാണേണ്ടി വന്നു. എന്നാലുണ്ടോ ജീവനൊടുക്കാൻ ലോഹിതാക്ഷൻസാറ്‌ സമ്മതിക്കുന്നു. ഇഴഞ്ഞിഴഞ്ഞു പോയി എല്ലാവരോടും പ്രതികാരം തീർക്കണതുവരെ ജീവിപ്പിച്ചു. ഒടുക്കം കർട്ടൻ വീഴുമ്പഴാ ഒന്നു മരിക്കാനൊത്തത്‌.'

ഡോക്ടറേ. പൂന്തേനരുവി കൊലക്കേസിൽ തന്നെ ആ മൈക്കിളിന്‌ എന്തെല്ലാം ദുരന്തങ്ങളാ അവസാനം കാത്തുവെച്ചത്‌. ശരിക്കും പുഷ്പകുമാരിയെക്കൊന്നത്‌ മൈക്കിളാണോ. അല്ല, മരിച്ചെന്നു കരുതി പുഷ്പകുമാരിയെ അവിടെ ഉപേക്ഷിക്കുകയായിരുന്നല്ലോ. ജീവിതം തിരിച്ചു കിട്ടിയ പുഷ്പകുമാരിയെ ശരിക്കും കൊല്ലുന്നത്‌ വില്ലൻ ഗോപാലക്കുറുപ്പായിരുന്നില്ലേ. എന്നിട്ടും മൈക്കിളിനെ തൂക്കേക്കയറ്റാണ്ടിരിക്കാൻ ഒരു ദയാഹർജി പോലും തള്ളപ്പെടാതിരിക്കാൻ പറ്റിയോ? എത്രയോ പഴുതുകളുണ്ടായിരുന്നു. സംശയത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. എന്നിട്ടും അതു ചെയ്തോ? കഴുത്തേൽ തൂക്കുകയറിട്ട്‌ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ മാത്രം അൽപം കാരുണ്യം എന്തുകൊണ്ടോ കാട്ടി. താൻ നിരപരാധിയാണെന്നു പറയാൻ മൈക്കിളിനു ഒരു ചെറിയ അവസരം. ഒറ്റ വാചകത്തിൽ ഒരു ഡയലോഗ്‌. അപ്പോഴേക്കും  മൈക്കിളിന്റെ ഈ രണ്ടു കണ്ണിലുമുണ്ടല്ലോ സങ്കടം വന്ന് ആർത്തലച്ച്‌ പെയ്തൊഴിയുകയായിരുന്നു. പിന്നെയുണ്ടല്ലോ ഡോക്ടറേ, ഓരോ കഥാപാത്രങ്ങളാണെന്നു പറഞ്ഞാലും നമ്മളത്‌ ഉള്ളിൽ കൊണ്ടങ്ങ്‌ ചെയ്യുകയല്ലേ. ഡോക്ടറ്‌ ഇനി സ്ഥിരമായി ഉണ്ടാകുമോ ട്രൂപ്പില്‌. സ്ഥിരമായി വന്നാ ഒരു കൊഴപ്പമുണ്ട്‌. നമ്മളിങ്ങനെ ജീവിച്ച്‌ ജീവിച്ച്‌ പിന്നെ മരിക്കാൻ പറ്റത്തില്ല'.

'സ്ഥിരമായി നിങ്ങളുടെ ട്രൂപ്പിൽ നിൽക്കാൻ പറ്റത്തില്ല, പത്മദാസൻ സാറേ. ഇതൊരു തൊഴിലായി എടുത്തിട്ടില്ല. ചെറിയൊരു സർക്കാർ ജോലിയുണ്ട്‌. ചാവും വരെ പെൻഷൻ കാശ്‌ കൊണ്ടു കഞ്ഞികുടിച്ചങ്ങനെ കഴിയാം. ഈ നാടകത്തില്‌ ഒരു ഡോക്ടറുടെ റോളുണ്ടെന്നു ലോഹിസാറു പറഞ്ഞോണ്ട്‌ ഒരു കൈ നോക്കാമെന്നു കരുതിയതാ. അസാരം നാടകക്കമ്പമുണ്ടേ'.

'ഒരു ടൈംപാസ്‌ അല്ലേ. അതു പറ്റില്ല. ഇടയ്ക്കു വേറേ ചിന്ത കേറിവന്നാപ്പിന്നെ അഭിനയം അത്ര ശരിയായീന്ന് വരില്ല. കേറിക്കിടക്കാനൊരു കൂരേം പെൻഷൻ കിട്ടാൻ ഒരു ജോലീമുള്ളത്‌ നല്ലതുതന്നാ. ബുക്കിംഗ്‌ കുറഞ്ഞാ അരിഷ്ടിച്ചു ജീവിക്കേണ്ടല്ലോ. എന്നാ, സ്റ്റൈലായി ആ ഡയലോഗ്‌ അങ്ങു കാച്ചിക്കോ. ലോഹിതാക്ഷൻസാറുണ്ടേ മുന്നീത്തന്നെ. തെറ്റിച്ചാൽ ഡോക്ടറുപണി പോവുമേ. ആദ്യമേ പറഞ്ഞില്ലെന്നു വേണ്ട. ഈ വാസന്തി നഴ്സിനാണെങ്കില്‌ പറയുമ്പോഴെക്കും ഡയലോഗ്‌ മറന്നുപോയിട്ടുണ്ടാവും. നിശാഗന്ധിയിലെ അവസാനത്തെ ഡയലോഗ്‌ ഓർത്തുപറയാൻ പറഞ്ഞപ്പ നിന്നു കണ്ണുമിഴിക്കുവാ. അവളുടെ ആ രണ്ടുണ്ടക്കണ്ണുണ്ടല്ലോ, അതു രണ്ടും തുറിച്ചോണ്ട്‌'.

'ഇപ്പോൾ വയറ്റില്‌ ചുളുചുളുകുത്തുന്ന ആ വേദന വരുന്നുണ്ടോ. എന്തു കുടിച്ചാലും തിന്നാലും ആവർത്തിച്ചുവരുന്ന വേദന. ബയോപ്സി റിപ്പോർട്ട്‌ ഞാൻ ഒന്നുകൂടി പരിശോധിച്ചു. ഒന്നു നന്നായി സ്പ്രെഡ്‌ ആയിട്ടുണ്ട്‌. കുഴപ്പമില്ല. അടുത്താഴ്ച കീമോ ഒന്നുകൂടി നോക്കാം. എന്താ?'

'ഡോക്ടറേ, പറേണതു കൊണ്ട്‌ ഒന്നും തോന്നരുത്‌ കേട്ടോ. നന്നാവാൻ വേണ്ടി പറയുന്നതാണെന്നു വിചാരിച്ചാ മതി. താഴ്‌വാരത്തിലെ ഡോക്ടർ നന്ദകുമാറിന്റെ അത്രേം വരുന്നില്ല. അസുഖത്തെപ്പറ്റി പറയുമ്പം ഒച്ചേല്‌ ഒരു ചെലമ്പലുണ്ട്‌. അതു മാറണം. ഡോക്ടർ നന്ദകുമാറ്‌ കേശവൻ നമ്പൂതിരിയോടു പറയുന്ന ഡയലോഗുണ്ട്‌. ഉള്ളിൽ തട്ടിയാ പറച്ചിൽ മുഴുവൻ. പറയാനുള്ളതിലെ ദൈന്യം മുഴുവൻ മൊഖത്തേക്കും കണ്ണിലേക്കും കറുത്തുകെട്ടിക്കിടക്കും. ഇപ്പോൾ ആർത്തലച്ചു പെയ്തൊഴിയുമെന്ന് തോന്നും. കാണികൾ വീർപ്പടക്കിയിരിക്കുകയാവും. കേശവൻ നമ്പൂതിരിയുടെ ചുണ്ടൊന്നു മിണ്ടിത്തുടങ്ങിയിട്ടു വേണം കരഞ്ഞു തുടങ്ങാനെന്ന ഭാവത്തിൽ. നമ്പൂതിരിക്കാണെങ്കിൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ബ്ലഡ്‌ ക്യാൻസറാണ്‌. വീട്ടുകാരുടെ എതിർപ്പ്‌ വകവയ്ക്കാതെ ഒളിച്ചോടി കല്യാണം കഴിച്ച ഭാര്യ. ഒന്നു ജീവിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉള്ളതെല്ലാം പെറുക്കിയെടുത്തു അടുക്കിത്തുടങ്ങിയ ജീവിതം. ആ ദൈന്യമെല്ലാം തന്നെയാണ്‌ നന്ദകുമാറ്‌ ഡോക്ടറിന്റെ ശബ്ദത്തിലും. എന്നാലോ ഒട്ടും ചിലമ്പിയില്ല. നിർത്തി നിർത്തി കേശവൻ നമ്പൂതിരിയുടെ മൊഖത്തു നോക്കാതെ ഒരു പാരഗ്രാഫ്‌ ഡയലോഗ്‌. അവിടവിടെ കണ്ണീര്‌ കുത്തിച്ചീറ്റുന്ന വാക്കുകൾ അടുക്കിവെച്ചിരിക്കുകയാ ലോഹിതാക്ഷൻസാറ്‌. അവസാനം കേശവൻ നമ്പൂതിരിയുടെ ഒരു മറുപടിയുണ്ട്‌. അതറിയുമോ ഡോക്ടർക്ക്‌?'

'കേട്ടിട്ടുണ്ട്‌. എന്നാലിപ്പോൾ ഓർമയില്ല'.

'ഒരിക്കക്കേട്ടാ മറക്കരുത്‌. വെറും ഡയലോഗ്‌ പറഞ്ഞതോണ്ട്‌ തീരില്ല നടന്റെ ജീവിതം. ഡയലോഗ്‌ പറച്ചിലല്ല നാടകം. നാരായണനോ ശങ്കരനോ മൈക്കിളോ ആയി വേഷം കെട്ടുകയാണെങ്കിലും അവരെല്ലാം കഥാപാത്രങ്ങൾ മാത്രമാണെങ്കിലും അവിടെ തീരുന്നില്ല വേഷങ്ങൾക്കകത്തെ ജീവിതം. കേശവൻ നമ്പൂതിരിയുടെ ഒരു ഡയലോഗുണ്ട്‌... ഇല്ല ഡോക്ടറേ, അർബുദത്തിന്റെ പെരുകുന്ന കോശങ്ങൾക്ക്‌ തകർക്കാൻ കഴിയുന്നതല്ല എന്റേം മാലതീടേം ജീവിതം. വൈദ്യത്തിനോ മരുന്നിനോ ഏച്ചുകെട്ടാൻ പറ്റുന്നതുമല്ല അത്‌. കാരണം ഞങ്ങൾ എക്കാലത്തെയും പ്രണയികളാണ്‌. അതിന്‌ ഒരിക്കലും മരണമുണ്ടാവുകില്ല.... ഓർക്കുന്നുണ്ടോ ഇതിപ്പോ. കേശവൻ നമ്പൂതിരിയുടെ മനസ്സിൽ ഒരു കർക്കടകം കനത്തു പെയ്യുന്നത്‌ കാണികൾക്ക്‌ കേൾക്കാം. ഒരു മഴക്കാലം മുഴുവൻ ഞാനാ മഴ നനഞ്ഞതാ ഡോക്ടറേ'.

'കേശവൻ നമ്പൂതിരിയുടെ അത്ര അടിയന്തിരഘട്ടത്തിലല്ല, പത്മദാസൻസാറ്‌. അല്ല സോറി, സുധാകരൻ മേനോൻ. എന്നാലും കൂടുതൽ സ്പ്രെഡ്‌ ആയിട്ടുണ്ട്‌. നല്ല ആത്മവിശ്വാസം വേണം. സുഖപ്പെടാത്ത ഏത്‌ അസുഖമാണുള്ളത്‌? വൻകുടലിലെ അർബുദം വലിയ കുഴമറിച്ചിൽ രോഗമാണെങ്കിലും പേടിക്കാനൊന്നുമില്ല. അല്ലെങ്കിൽ പേടിക്കാറായിട്ടില്ല.

'സുധാകരൻ മേനോന്‌ പേടിക്കത്തക്കതായി ഒന്നുമില്ലല്ലോ ഡോക്ടർ. എത്രയോ അപകടങ്ങൾ കണ്ടവനാണ്‌. അതിർത്തിയിൽ ഒന്നും രണ്ടും പ്രാവശ്യമല്ല ശത്രുക്കളുടെ ആക്രമണത്തിന്‌ ഇരയായിട്ടുള്ളത്‌. വിശിഷ്ട സേവാമെഡൽ അടക്കം നെഞ്ചത്ത്‌ എത്രയോ കീർത്തിമുദ്രകൾ. സുധാകരൻ മേനോന്‌ സ്വന്തം കുടലർബുദത്തെക്കുറിച്ചല്ല വേവലാതി ഡോക്ടർ. കൈപിടിച്ചു നടത്താൻ പറ്റാത്ത മകളുടെ മനസ്സിനെക്കുറിച്ചാണ്‌. ലോഹിതാക്ഷൻസാറ്‌ പിന്നെ അങ്ങനെ സുധാകരൻ മേനോനെ ഒറ്റയടിയ്ക്കു കൊല്ലില്ല. സമ്മോഹനത്തിലെ ലതികയെപ്പോലെ ഇഞ്ചിഞ്ചായി, എല്ലാം അനുഭവിപ്പിച്ച്‌ അവസാനം ഒരു മൂർച്ചമുനയിൽ. ശരീരത്തിൽ നിന്ന് കൈത്തണ്ട ഞരമ്പിലൂടെ ഒരു ചോരപ്പുഴ നനഞ്ഞിറങ്ങുന്നത്‌ അറിഞ്ഞ്‌, അതു തന്നെ എങ്ങോട്ടോ കൊണ്ടുപോകുന്നത്‌ നിശബ്ദം പിൻനടന്ന് അവസാനം ഒരു ഓർമ്മത്തെറ്റു പോലുള്ള മരണം. സുധാകരൻ മേനോന്‌ വേണമെങ്കിൽ ഒരു വെടിയുണ്ട ബാക്കി വയ്ക്കാം. തലച്ചോറിലൂടെയുള്ള ഒരു മിന്നൽ വേഗതയുള്ള മരണത്തിന്‌. പക്ഷെ, ആ വെടിയുണ്ട ലോഹിതാക്ഷൻസാറ്‌ മനപൂർവ്വം മേജർ സുധാകരൻ മേനോൻ അറിയാതെ എടുത്തു മാറ്റിയിരിക്കുകയാണ്‌, ഡോക്ടർ. സ്ക്രിപ്റ്റ്‌ നല്ലോണം വായിക്കണം. സൊന്തം സൊന്തം ഡയലോഗ്‌ മാത്രം നോക്കിയാപ്പോര. മറ്റുള്ളവരുടെയും നോക്കണം. എന്നാലേ ഈ ജീവിതത്തിന്റെ സംഭാഷണങ്ങൾ മനസ്സിലാവൂ. ലോഹിതാക്ഷൻസാറിന്റെ ഭാവനയുടെ അർത്ഥമറിയാൻ സാധിക്കൂ. അല്ലേ ഡോക്ടറേ?'

O
 

PHONE : 09413348755




വരയുര

കാർട്ടൂൺ
ടി.കെ.മനോജൻ










O

Monday, April 15, 2013

പാവാട മാറ്റാത്ത...

കവിത
സച്ചിദാനന്ദൻ പുഴങ്കര









 കല്ലായിപ്പുഴയ്ക്കില്ല
സൂറുമ;ഖൽബ്ബിന്നുള്ളിൽ
വല്ലാത്ത കലക്കമാ-
ണെപ്പൊഴുമവൾക്ക്‌; ഇല്ല
കുഞ്ഞു പൂച്ചിരികൾക്കു
മുമ്പത്തെക്കരിമ്പച്ച,
നല്ല വാക്കുകൾ കേട്ട
പഴക്കം.... പാട്ടിൽ മാത്രം
ഉറ്റവരുടയോരു-
മെത്തുന്നു, മണവാളൻ
തട്ടത്തിലൊളിക്കാത്ത
നാണത്തിൽ കുളിക്കുന്നു;
ഒപ്പന പാടും കരി-
വളകൾ തരിപ്പിച്ച
നിക്കാഹാ,ണെല്ലാവരും
നെയ്ച്ചോറു ബയിക്കുന്നു....


ഈർച്ചവാൾ മുറിവെയ്ക്കു-
മോർമ്മയിൽ ഒരുപാടു
വാർഷികവലയങ്ങ-
ളെഴുതും മരത്തിന്റെ
പൊത്തിലും ആകാശത്തിൻ
ചിറകു വിരുത്തുന്ന
സ്വപ്നത്തിൽ മഴപെയ്തു
തെളിമയൊഴുകുന്നു....


'നിക്കി'... എന്നവൾ മെല്ലെ-
ച്ചുണ്ടനക്കയാണാറു-
പെറ്റവൾ, പതിനാറിൽ
കുറ്റിയറ്റവൾ, നൂറു
തേച്ച വെറ്റില നാലും
കൂട്ടിയോൾ, അന്തംകമ്മി...


അവൾക്കു മിഴി രണ്ടും
കരയ്ക്കു പിടഞ്ഞതു
ചരിത്രം; ഹലാക്കെന്നു
മൊയി ചൊല്ലുന്നൂ കടൽ...!

O



എ.ഡി 2020-ൽ ഒരു ദിവസം

കഥ
സോക്രട്ടീസ്‌.കെ.വാലത്ത്‌









                ബൃഹത്തായൊരു ആഗോളകുത്തക എണ്ണക്കമ്പനി മുതലാളിക്ക്‌ കലശലായൊരു മോഹം. മുറ്റത്തെ തൈത്തെങ്ങിൻ ചുവട്ടിൽ നിന്നൊന്നു മുള്ളണം. മുറ്റത്തു നിന്നും ഫ്ലാറ്റിന്റെ നൂറ്റിതൊണ്ണൂറ്റിയൊമ്പതാം നിലയിലേക്ക്‌ ജീവിതം ഉയർത്തപ്പെട്ടതിനുശേഷം അയാൾക്കതിന്റെയൊരു രസം അനുഭവിക്കാൻ ഒത്തിരുന്നില്ല.

എന്തായാലും മോഹം തോന്നിയ അന്നു തന്നെ അയാൾ നാട്ടിൻപുറത്ത്‌ പണ്ട്‌ ഉണ്ടായിരുന്നതു പോലൊരു കൊച്ചുവീട്‌ കച്ചോടാക്കി. കുറച്ചിൽ തോന്നാതിരിക്കാൻ അതിനടുത്തുള്ള മുപ്പതേക്കർ സ്ഥലം ഉടമസ്ഥനെ പറഞ്ഞ തുക കൊടുത്ത്‌ ഒഴിപ്പിച്ചു, വീടിനോട്‌ തത്സമയം തന്നെ കൂട്ടിച്ചേർത്തു. മുറ്റത്ത്‌ തൈത്തെങ്ങില്ലാത്തതിനാൽ അന്നുതന്നെ ഒരെണ്ണം പറിച്ചും വയ്പ്പിച്ചു. പിന്നെ വള്ളിയുള്ളൊരു ബർമുഡയുമിട്ട്‌ അയാൾ തൈത്തെങ്ങിൻ ചുവട്ടിൽ നിന്നു കാര്യം സാധിച്ചു. - ഹാ...! ആ നൊസ്റ്റാൾജിക്‌ ലഹരിയിലാണ്ടു നിൽക്കെ കണ്ടു- താഴെ, മണ്ണിലൂടെ ഒരു ഘോഷയാത്ര. ഉറുമ്പുകളാണ്‌.

അവറ്റകൾ പരസ്പരം എന്തോ പറഞ്ഞുകൊണ്ടാണോ നീങ്ങുന്നതെന്നൊരു സംശയം. ഇനിയത്‌ ഉറുമ്പുകൾ തന്നെയാണോന്നും ഒരു ശങ്ക.

അവറ്റകളെ അടുത്തു കാണാനും അവറ്റ പറയുന്നതെന്താണെന്നു കേൾക്കാനുമായി അയാൾ വളരെ ഉയരമുള്ളതും ബൃഹത്തായതുമായ തന്റെ ശരീരം ഒന്നു കുനിക്കാൻ പരമാവധി ശ്രമിച്ചു.

അതിനിടെ മുഞ്ഞും കുത്തി ആ ഉറുമ്പുജാഥയിലേക്കയാൾ വീണുപോയി. വീഴ്ചയിൽ നിന്നും ശരീരം പൊക്കിയെടുക്കാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഒരുപാടങ്ങു വലുതായിപ്പോയതിന്റെ കുഴപ്പമാണിതെന്ന് അയാൾ തിരിച്ചറിയുമ്പോഴേക്കും ജാഥ കലങ്ങിയതിന്റെ അരിശത്തിൽ ഉറുമ്പുകൾ അയാളുടെ കൊഴുത്തു ചീർത്ത മുഖമാകെ പടർന്നു കയറി.

കണ്ടാൽ തോന്നും കൊട്ടാരത്തിലേക്ക്‌ ഇരച്ചുകയറി രാജാവിനെ തപ്പി നടക്കുകയാണെന്ന്...

അതിൽ, മിതവാദികളായ ഉറുമ്പുകൾ അയാളുടെ കവിളും ചുണ്ടും അരിച്ച്‌ തൊലിയുടെ മത്തു പിടിപ്പിക്കുന്ന മധുരം നുണഞ്ഞ്‌ മന്ദിച്ച്‌ നിന്നതേയുള്ളൂ. എന്നാൽ ചില തിളച്ച ചെറുപ്പക്കാർ മൂക്കിനുള്ളിലേക്കും ചെവികൾക്കുള്ളിലേക്കും ഇരച്ചു കയറി, തലച്ചോറിലേക്കുള്ള ചോരക്കുഴലുകളെയൊക്കെ കടിച്ചുമുറിച്ച്‌ താറുമാറാക്കി നിമിഷം കൊണ്ടയാളെ എന്നെന്നേയ്ക്കുമായി നിശ്ചലനാക്കി.

എന്നാലും ആക്രമണം ചെറുക്കാനാവാതെ പ്രാണൻ കൈവിടേണ്ടി വന്ന അവസാന നിമിഷത്തിൽ അയാൾക്ക്‌ അറിയാൻ കഴിഞ്ഞു - അവർ, അയാളെ സംബന്ധിച്ചിടത്തോളം ആ ഉറുമ്പുകൾ, ജാഥയിലുടനീളം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്‌ 'സകലമാന എണ്ണക്കമ്പനികളും കത്തിക്കും' എന്നു തന്നെയാണെന്ന്... 

O


PHONE : 8089371748





Saturday, April 6, 2013

ജീവവൃക്ഷം

കവിത
ബിജ്ലി സുജേഷ്‌











രവിലും പകലിലും കൂട്ടായി നിന്ന
നിഴൽ മാഞ്ഞുപോയപ്പോഴാണ്‌
ശരത്‌കാലങ്ങളിൽപ്പോലും
ഇലപൊഴിക്കാതെ നിന്ന
ആ ജീവവൃക്ഷം പൊടുന്നനെ ഉണങ്ങാൻ തുടങ്ങിയത്‌...
ചുവടുകളിൽ നിന്ന് വഴുതിപ്പോയ ഭൂമി;
പിടഞ്ഞൊടുങ്ങിയ മോഹങ്ങളെല്ലാം
കരിയിലകളായി നിലംപൊത്തിയപ്പോൾ
ചോരയിറ്റുന്ന
മുറിവുണങ്ങാത്ത
ശിഖരങ്ങളുടെ നഗ്നത
നിലവിളികളായി ...
ഒരു മണ്ണൊലിപ്പ്‌
ഒരു ഭൂമികുലുക്കം
അതിൽ അവസാനിക്കണം എല്ലാം.
അതിനു മുൻപ്‌
പൊഴിഞ്ഞുവീണ കരിയിലകളെ നോക്കി
പ്രിയമുള്ളവരേ ഇത്തിരി കണ്ണീർ പൊഴിക്കുക.

 O