Sunday, March 30, 2014

സംസ്കാരജാലകം - 20

സംസ്കാരജാലകം - 20
ഡോ.ആർ.ഭദ്രൻവി.വി.രാഘവൻ
ഇ.കെ.നായനാർ മന്ത്രിസഭയിൽ നമുക്കൊരു കൃഷിവകുപ്പ്‌ മന്ത്രിയുണ്ടായിരുന്നു. ശ്രീ.വി.വി.രാഘവൻ. എത്ര ഉത്സാഹിയായ ഒരു മന്ത്രിയായിരുന്നെന്നോ? കാര്യക്ഷമതയും, ദീർഘവീക്ഷണവും, ആത്മസമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിസഭയിൽ അദ്ദേഹം സി.പി.ഐയുടെ പ്രതിനിധിയായിരുന്നു. ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ തരിശുകിടക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും കണ്ടിട്ട്‌ ഹൃദയം തകരുകയാണ്‌. വി.വി.രാഘവനെപ്പോലെ ഒരു കൃഷിമന്ത്രി നമുക്ക്‌ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചുപോയി. ഇന്നത്തെ കൃഷി മന്ത്രി കെ.പി.മോഹനനിൽ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല.

വി.കെ.പ്രകാശിന്റെ കർമ്മയോഗി
വി.കെ.പ്രകാശിന്റെ 'കർമ്മയോഗി' ഒരു അനുവർത്തിത ചലച്ചിത്രമാണ്‌. ഈ ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌ ബലറാം മട്ടന്നൂരാണ്‌. ജയരാജിന്റെ കളിയാട്ടം ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ബലറാം മട്ടന്നൂരാണ്‌. കർതൃനിഷ്ഠമായ ഒരു തിരക്കഥ എഴുതിക്കൊണ്ട്‌ ബലറാം മട്ടന്നൂർ ഈ ചലച്ചിത്രത്തെ ഒരു സ്വതന്ത്രരചനയാക്കി മാറ്റിയിരിക്കുന്നു. ഷേക്സ്‌പിയറുടെ ഹാംലെറ്റിന്റെ അനുവർത്തിത ചലച്ചിത്രമാണിത്‌. മൂലകൃതിയിൽ നിന്ന് ഒരു സ്വതന്ത്രകൃതി രൂപപ്പെട്ടുവരുന്നതാണ്‌ ഈ ചലച്ചിത്രത്തിൽ നാം കാണുന്നത്‌. ഈ ചലച്ചിത്രം യഥാർത്ഥത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ഇതിന്റെ ഭാഷാപരവും സാംസ്കാരികവുമായ രൂപാന്തരികരണത്തിന്റെ പേരിൽ. സിനിമയും നാടകവും രണ്ടും രണ്ടുകാര്യമാണെന്ന് സൈദ്ധാന്തികർ പറഞ്ഞത്‌ എത്രയോ ശരിയെന്ന് ഈ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ്‌ ബോധ്യമായത്‌.

ആത്മോപദേശശതകം

ശ്രീനാരായണഗുരുവിന്റെ പലകൃതികളും വായിച്ചു കഴിഞ്ഞപ്പോൾ തത്വചിന്താത്മകവും ദാർശനികവുമായ കവിതകൾ എഴുതുന്ന കാര്യത്തിൽ ഗുരു ഒന്നാം സ്ഥാനത്താണെന്ന് നാം തിരിച്ചറിയുന്നു. സാമൂഹികത എന്ന ആശയത്തിന്റെ മഹത്വം പുതുതലമുറയിലെ മനുഷ്യർ തിരിച്ചറിയണം. ആത്മോപദേശശതകത്തിലെ ഒരു ശ്ലോകത്തിൽ ഗുരു ഇത്‌ മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്‌. ശ്ലോകം ഇങ്ങനെ.

അപരനുവേണ്ടിയഹർന്നിശം, പ്രയത്നം
കൃപണതവിട്ടു കൃപാലുചെയ്തിടുന്നു
കൃപണനധോമുഖനായ്‌ കിടന്നു ചെയ്യുന്നു
അപജയകർമ്മമവനുവേണ്ടി മാത്രം.

ഇതൊക്കെ വായിച്ച്‌ സാമൂഹികതയുടെ ആശയങ്ങൾ പുതുകാല മനുഷ്യൻ മനസ്സിൽ ഉറപ്പിക്കണം. സാമൂഹികത തകർക്കുന്ന ആശയങ്ങളാണ്‌ ധനകേന്ദ്രികശക്തി ഇന്ന് ലോകത്തിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്‌.

പുതുമലയാള കവിത

പുതുമലയാള കവിത നടത്തിക്കൊണ്ടിരിക്കുന്ന ശാക്തീകരണം വളരെ അഗാധവും വിപുലവുമാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ സകലമാനമേഖലകളെയും അത്‌ സ്പർശിക്കുന്നു. ചെറുതിന്റെ സൗന്ദര്യമാണ്‌ അത്‌ പലപ്പോഴും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ബൃഹദാശയങ്ങൾക്കെതിരെയുള്ള വലിയ കലാപമായി അത്‌ പെരുകുകയാണ്‌. ശാക്തീകരണത്തിന്റെ ജനാധിപത്യവിപ്ലവമാണ്‌ അത്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഒരു ജനകീയ വിപ്ലവം കൂടി നടന്നെങ്കിൽ മാത്രമേ ചൂഷണത്തിന്റെ ബൃഹദ്‌ രൂപങ്ങൾക്കെതിരെയുള്ള അതിന്റെ കലാപം പൂർണ്ണതയിൽ എത്തിക്കാൻ കഴിയൂ. പുതുമലയാള കവിതയുടെ വിമർശനം മലയാള നിരൂപണത്തിൽ ഏറെ ശക്തമാക്കേണ്ടിയിരിക്കുന്നു.

ബി.മുരളി
ബി.മുരളി മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ്‌. വൈവിധ്യമുള്ള അപൂർവ്വസൗന്ദര്യമുള്ള കഥകളാണ്‌ ബി.മുരളിയുടേത്‌. മുരളിയുടെ കഥകൾ സമാഹരിച്ച്‌ 'നൂറുകഥകൾ' ഡി.സി.പ്രസിദ്ധീകരിച്ചത്‌ നന്നായി. മുരളിയുടെ കഥകളെ ആസ്പദമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ.ടി.ആർ. സന്തോഷ്‌കുമാറിന്റെ 'സമുദ്രത്തെ കീഴ്മേൽ മറിക്കുന്ന ബഹുപ്രയത്നങ്ങൾ' (2014 ഫെബ്രുവരി) എന്ന ലേഖനം നല്ല നിരീക്ഷണങ്ങളാലും കഥാചരിത്രബോധത്താലും സമ്പന്നമാണ്‌. ഒരു നിരീക്ഷണം വായിച്ചുകൊള്ളുക.

"സെക്സ്‌, വയലൻസ്‌, ക്രൈം, അധോലോകസ്ഥലികൾ കഥയുടെ മുഖ്യകഥാവസ്തുവോ കഥാസ്ഥലിയോ ആയി മാറുന്നു. അങ്ങനെ അധോലോകജീവിതത്തിന്‌ മുഖ്യധാരാസ്വഭാവം നൽകുന്നു."

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകരുത്‌

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകുന്ന വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യഭരണകൂടത്തിന്‌ ഇത്‌ ഭൂഷണമല്ല. ജയിൽ ഡി.ജി.പി.ആയിരുന്ന അലക്സാണ്ടർ ജേക്കബിന്റെ പരിഷ്കരണങ്ങൾ പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌. ജയിൽപുള്ളികൾ മനുഷ്യരാണെന്ന വലിയ സത്യം ഭരണകൂടം തിരിച്ചറിയേണ്ടതാണ്‌. കുറ്റവാളികളുടെ വലിയ മാനസിക നവീകരണകേന്ദ്രമായി ജയിൽ മാറുന്ന കാലമാണ്‌ ഇനി ഉണ്ടാകേണ്ടത്‌.

പത്രങ്ങളിലെ ഫോട്ടോ

മലയാളപത്രങ്ങളിലെ ഓരോരോ പ്രോഗ്രാമുകളുടെ ഫോട്ടോ ഒട്ടും കലാപരമായിട്ടല്ല വന്നു കാണുന്നത്‌. സാധാരണ അത്‌ നമുക്ക്‌ രണ്ടാമതൊന്നു നോക്കാൻ കൂടി തോന്നാറില്ല. വളരെ എക്സ്പ്രസീവായി ഇത്തരം ഫോട്ടോകൾ പത്രത്തിൽ വരേണ്ടതാണ്‌. അപൂർവ്വം ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ഫോട്ടോകൾ കാണമെന്നു മാത്രം. ഈ രംഗത്തു പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വായനക്കാരെ നിരാശരാക്കുന്ന ഫോട്ടോകൾ കണ്ടുമടുത്തു. സന്ദർഭത്തിന്റെ മുഴുവൻ പ്രതിനിധാനവും ഗൗരവവും കലാപരതയും ഒത്തിണങ്ങുന്ന തരത്തിലുള്ള ഫോട്ടോകൾക്കായി ജനം കാത്തിരിക്കുകയാണ്‌. ദയവു ചെയ്ത്‌ വികലമായ ഫോട്ടോകൾ അടിച്ചു വിടരുത്‌. മലയാള മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും, കേരള കൗമുദിയും മലയാളത്തിലെ മറ്റുപത്രങ്ങളെല്ലാം തന്നെ ഈ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രസ്സ്‌ ഫോട്ടോഗ്രാഫർമാർ അവരുടെ തൊഴിൽ വേണ്ടവിധം നിർവ്വഹിക്കണം. കടുത്ത അതൃപ്തി കൊണ്ടാണ്‌ ഇത്രയും എഴുതുന്നത്‌.

ജെ.ബി.ജംഗ്ഷൻ / കൈരളി പീപ്പിൾജനങ്ങളുടെ അഭിരുചിയുടെ പിന്നാലെ പോകുകയല്ല മാധ്യമങ്ങൾ ചെയ്യേണ്ടത്‌. ജനങ്ങളെ നല്ല അഭിരുചിയിലേക്ക്‌ നയിക്കേണ്ട ചുമതലയും മാധ്യമങ്ങൾക്കുണ്ട്‌. ഇക്കാര്യത്തിലൊരു വമ്പൻ പരാജയമാണ്‌ ജോൺ ബ്രിട്ടാസ്‌. ആശാ ശരത്തിനു വരെ ജെ.ബി.ജംഗ്ഷനിൽ ജോൺ ബ്രിട്ടാസ്‌ കസേര ഇട്ടുകൊടുത്തു. വലിയ അഭിനേത്രിയോ, നർത്തകിയോ ഒന്നുമല്ല കുങ്കുമപ്പൂവ്‌ എന്ന കലാവൈകല്യത്തിൽ നിറഞ്ഞുനിന്ന ഈ ആശാ ശരത്‌. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം. കേരള സമൂഹത്തെ ലവലേശമെങ്കിലും വിപ്ലവാത്മകമാക്കുന്നതിനുള്ള ഏതെങ്കിലുമൊരു പരിശ്രമം ഈ പ്രോഗ്രാമിലൂടെ ജോൺ ബ്രിട്ടാസ്‌ നിറവേറ്റുന്നുണ്ടോ? കേരളസമൂഹത്തിൽ വിപ്ലവാത്മകപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ആരെയെങ്കിലുമൊക്കെ ഈ കസേരയിലൊന്ന് ഇരുത്തിക്കൂടെ? യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊക്കെ പുരോഗമന വിപ്ലവാത്മകപാഠങ്ങൾ ലേശമെങ്കിലും കിട്ടട്ടെ?  മാധ്യമവത്കൃത സമൂഹത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ അലക്കുന്ന ഒരിടം മാത്രമായി ജെ.ബി.ജംഗ്ഷൻ പലപ്പോഴും ജീർണ്ണിക്കുന്നതു കാണുമ്പോൾ വിപ്ലവാത്മക മാധ്യമ പ്രവർത്തനം ഒരു മരീചികയായി അകന്നുപോകുന്നത്‌ ദു:ഖത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുന്നുള്ളൂ.

ഏ.കെ.ആന്റണിഏ.കെ.ആന്റണി പ്രതിരോധവകുപ്പു മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ലീഡർ കെ.കെരുണാകരൻ പത്രക്കാരോട്‌ പറഞ്ഞ കമന്റ്‌ ഇപ്പോഴും ഓർക്കുന്നു. ആ കമന്റ്‌ ഇതായിരുന്നു. ഏ.കെ.ആന്റണിക്ക്‌ പറ്റിയ പണിയല്ല ഇത്‌. ഇത്‌ എത്ര അന്വർത്ഥമായിരുന്നു എന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ പ്രതിരോധവകുപ്പ്‌ വലിയ ദൗർബല്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെന്ന് ഓരോ ദിവസത്തേയും പത്രവാർത്ത നമ്മെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അഴിമതിരഹിതവും ലളിതവുമായ ഏ.കെ.ആന്റണിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിന്‌ എക്കാലത്തെയും മഹാമാതൃകയാണ്‌.

അഷിതയുടെ പുതിയ കഥ

അഷിതയുടെ ചെറിയ ഒരു പുതിയ കഥ ഭാഷാപോഷിണിയിൽ (2014 മാർച്ച്‌) വന്നിട്ടുണ്ട്‌. ചില ഭാരതീയ പൗരാണികമതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയെ പുറത്തെടുക്കുന്നു എന്നതാണ്‌ ഈ കഥയുടെ വർത്തമാനകാല ചൈതന്യം. വിവേകചൂഢാമണിയാണ്‌ ഇവിടെ കഥാകാരിയുടെ വിമർശനചൂടിൽ വെന്തെരിയുന്നത്‌. ശങ്കരാചാര്യർക്കും മീരാഭായിക്കും ഒപ്പം ഭർത്താവിന്റെ തൊഴിയേറ്റു മരിച്ച്‌ ദൈവത്തിന്റെ ദർബാറിൽ എത്തിച്ചേർന്ന നെയ്യാറ്റിങ്കരക്കാരി പാറു അക്കനും കഥയിൽ ഒരുപോലെ നിറയുന്നത്‌ ആനന്ദത്തോടെയാണ്‌ വായിച്ചത്‌.

ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ
ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ വായിച്ചു. മാതൃനാട്‌ മാസികയിൽ ദേശമംഗലം രാമകൃഷ്ണൻ എഴുതിയ (2014 ഫെബ്രുവരി 1) വിനയചന്ദ്രൻ സ്മരണ - വിനയചന്ദ്രനെ മാത്രമല്ല, വിനയചന്ദ്രകവിതകളുടെ സംസ്കാരത്തെ വരെ ഈ കവിതയിൽ ദേശമംഗലം കാവ്യമര്യാദയിൽ തന്നെ സ്വാംശീകരിച്ചെടുത്തിട്ടുണ്ട്‌. മനോഹരമായ കവിത. കവിതയുടെ അവസാനം ഇങ്ങനെയാണ്‌.

ഒരു നഷ്ടത്തിൻ വ്യഥ
തന്നതു ചെറുചെറുയുദ്ധങ്ങൾ
തൊലിമൂടുമ്പൊഴേ
പൊട്ടിമലരും മുറിവുകൾ
നീ തന്നെയെയ്തു
നിന്റെ നെഞ്ചിൻ നേർക്ക്‌
അത്‌ പൊട്ടിപ്രവഹിച്ചു.
ശ്ലോകം ശോകം -  നീ മഹാകവി!

മറ്റൊരു കവിത വായിച്ചത്‌ തെങ്ങമം ഗോപകുമാറിന്റെ കാട്ടുസൂര്യൻ എന്ന കവിതാ സമാഹാരത്തിലാണ്‌. വിനയചന്ദ്രനെക്കുറിച്ചുള്ള കവിതയുടെ പേരുതന്നെ കാട്ടുസൂര്യൻ എന്നാണ്‌. ഈ കവിതയുടെ പേരുതന്നെ പുസ്തകത്തിന്റെ പേരായി തെരഞ്ഞെടുത്തുകൊണ്ട്‌ ഡി.വിനയചന്ദ്രനോടുള്ള ഒടുങ്ങാത്ത അഭിനിവേശം തെങ്ങമം ഗോപകുമാർ ഇവിടെ ശാശ്വതമാക്കിയിരിക്കുകയാണ്‌. കവിതയിലെ അഞ്ച്‌ വരികൾ ഇങ്ങനെയാണ്‌.

നിന്റെ തലപ്പാള വിഡ്ഢിയുടെ ചെങ്കോൽ
നിന്റെ പുഴുപ്പല്ല് നാടിൻ വ്യവസ്ഥിതി
നിന്റെ കരിനാക്ക്‌ കാടിൻ നിലവിളി
നിന്റെ നിശ്വാസങ്ങൾ
ആമസോണിൻ കിതപ്പ്‌.

കവിയും വ്യക്തിയും തമ്മിലുള്ള അകലം നേർത്തുനേർത്തില്ലാതായി എന്നത്‌ ഡി.വിനയചന്ദ്രനിൽ സംഭവിച്ച ഒരു പരിണാമമായിരുന്നു. ഈ പരിണാമത്തെ തെങ്ങമം ഗോപകുമാർ മനസ്സിലാക്കിയെന്നതാണ്‌ 'കാട്ടുസൂര്യ'നെന്ന കവിതയുടെ മഹത്വം.

ബാലകൃഷ്ണൻ ചെട്ടിയാർ

മഴവിൽ മനോരമ സം പ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയൽ കലാപരമായി ചിന്തിക്കുമ്പോൾ ഒരു താഴ്‌ന്ന സാധനമാണ്‌. ഈ സീരിയലിലൂടെ നമ്മൾ കണ്ട 'ബാലകൃഷ്ണൻ ചെട്ടിയാർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിനയത്തിന്റെ നല്ല ശരീരഭാഷ പ്രകടിപ്പിക്കുന്ന നടനാണ്‌. നമ്മുടെ സിനിമാലോകം ഈ നടനെ സമ്പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണം. തിലകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്‌ തുടങ്ങിയ വലിയ നടന്മാരുടെ ശൂന്യത നിലനിൽക്കുമ്പോൾ ഈ നിർദ്ദേശത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ശബ്ദം, ശാരീരിക ചലനങ്ങൾ, ഭാവാഭിനയ പ്രകടനങ്ങൾ ഇവയുടെ എല്ലാത്തിന്റെയും കോഡിനേഷൻ, മറ്റു കഥാപാത്രങ്ങളുമൊത്ത്‌ അഭിനയിക്കുമ്പോഴുള്ള കോഡിനേഷൻ എല്ലാം ഒരു മികച്ച നടന്റെ അനുഭവങ്ങളാണ്‌ കാഴ്ചക്കാരിൽ ഉൾപ്പാദിപ്പിക്കുന്നത്‌.

എൻ.കെ.പ്രേമചന്ദ്രൻകേരള രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ഒരു നേതാവായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ. കേരളത്തിലാകമാനം നല്ല രാഷ്ട്രീയ ഇമേജും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുപക്ഷത്തു നിന്നുള്ള രാഷ്ട്രീയ വ്യതിചലനം ആത്യന്തികമായി പ്രേമചന്ദ്രനെ കൊണ്ടുപോകാൻ പോകുന്നത്‌ വലിയ രാഷ്ട്രീയപരാജയത്തിലേക്കായിരിക്കും. വ്യക്തിത്വത്തിന്റെ തകർച്ചയിലേക്കും.

ഇതാ ദൈവം കണ്ടുകൊള്ളുക

ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസികളാൽ നിറയപ്പെട്ടിരിക്കുകയാണീ ലോകം. ഈ യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഉജ്ജ്വലമായ ലേഖനമാണ്‌ 'അസ്സീസ്സി' (ഫെബ്രുവരി 2014) മാസികയിൽ സക്കറിയ എഴുതിയ 'മറ്റെന്താണ്‌?' എന്ന ചെറുലേഖനം. മതമൗലികവാദത്തിന്റെ അപകടവും ലേഖനം തുറന്നുകാട്ടുന്നു. ജ്ഞാനമാർഗ്ഗത്തിലൂടെ ദൈവത്തെ കണ്ടെത്തുകയാണ്‌ ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ഭാരതീയർ എത്രയോ സഹസ്രാബ്ദങ്ങൾക്ക്‌ മുമ്പ്‌ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്‌. ഇതു തന്നെയാണ്‌ സക്കറിയയുടെ ചിന്തയും അവതരിപ്പിക്കുന്നത്‌.

"വിശ്വാസികളോട്‌ പങ്കുവെക്കാനുള്ള അവസാനത്തെ ചിന്ത ഇതാണ്‌. വിശ്വാസത്തെ വിജ്ഞാനത്തിന്‌ പകരം വെക്കാതിരിക്കുക. മിത്തിനെ, 'വിശുദ്ധ' കഥകളെ ചരിത്രത്തിനു പകരം വെക്കാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ വിശ്വാസം ഒരു അന്ധരൂപമായിത്തീരുന്നു. ദൈവം പ്രതിനിധീകരിക്കുന്നത്‌ നന്മയെയാണെങ്കിൽ നിങ്ങളൂടെ അജ്ഞത നിങ്ങളെ യഥാർത്ഥത്തിൽ ഒരു ദൈവവിരുദ്ധനാക്കുന്നു. കാരണം അജ്ഞതയിൽ നിന്ന് നന്മ ജനിക്കാനുള്ള സാധ്യത തീരെക്കുറവാണ്‌. ബോധജ്ഞാനമല്ലാതെ മറ്റെന്താണ്‌ ദൈവം?"


വൃക്ഷത്തെക്കുറിച്ചൊരു കവിത

വൃക്ഷത്തെക്കുറിച്ച്‌ എത്ര കവിത വേണമെങ്കിലും ഉണ്ടാവാം. കാരണം നമ്മുടെ ജീവിതത്തിൽ, പ്രകൃതിയിൽ അത്രമേൽ സ്ഥാനം വൃക്ഷത്തിനുണ്ട്‌. ഈ നിശബ്ദ ജീവിതത്തെ സശബ്ദമാക്കാൻ കഴിയുന്ന ഒരു മനുഷ്യജീവി എത്രയോ ഉദാരനും മഹത്വപൂർണ്ണതയുള്ള ആത്മാവിനുടമയായും തീരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ്‌ മാതൃഭൂമിയിൽ (2014 ഫെബ്രുവരി 9) വന്ന വി.ടി.ജയദേവന്റെ 'കർമ്മയോഗം' എന്ന കവിത ഒരു മികവാർന്ന രചനയായി മാറുന്നത്‌. കവിതയുടെ അവസാനവരി വായിക്കുക.

വെട്ടിവീണു
കിടക്കും കിടപ്പിലും
പുഞ്ചിരിക്കാൻ
ശ്രമിക്കുന്നു പൂമരം. 

O


PHONE : 9895734218


Tuesday, March 25, 2014

സോൾ സെറിമണി

 ആർട്ടിക്കിൾ
ഡോ.രാജേഷ്‌ കടമാൻചിറ          വിവാഹം പവിത്രമായ മനസ്സുകളുടെ സംയോജനവേളയാകുന്നു. വിവിധമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച്‌ വിവാഹരീതികളും ആഘോഷങ്ങളും വ്യത്യസ്തപ്പെട്ടിരി ക്കുന്നുവെങ്കിലും എല്ലാ വിവാഹങ്ങളുടെയും അന്ത:സത്ത ഒന്നു തന്നെയാണ്‌. പക്ഷെ മാറിമാറി വരുന്ന കാലഘട്ടത്തിന്റെ സ്വാധീനം വിവാഹരീതികളിലും ആഘോഷങ്ങളിലും അനുദിനം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് പല വിവാഹങ്ങളും വിലപേശി ഉറപ്പിക്കുന്ന കച്ചവടമുഹൂർത്തങ്ങളായി മാറിക്കഴിഞ്ഞു. ധൂർത്തും പണക്കൊഴുപ്പും നിറഞ്ഞ ആർഭാടങ്ങളുടെ ആഘോഷം. ഈ സാഹചര്യത്തിൽ, പതിവു ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം സ്ത്രീധനവും ആർഭാടവും ഒഴിവാക്കിക്കൊണ്ട്‌, വ്യത്യസ്തമായ ഒരു വിവാഹരീതിയും അതിന്റെ ലളിതമായ ആചാരങ്ങളും നമുക്ക്‌ പരിചയപ്പെടുത്തുകയാണ്‌ വിശ്വാചാര്യാ ഇന്റർനാഷണൽ പാന്തിയോൺ അക്കാഡമി.

ഭാരതീയവും വിദേശീയവുമായ നിരവധി വിജ്ഞാനശാഖകളെ അഭ്യസിപ്പിക്കുക വഴി വിജ്ഞാനകുതുകികൾക്ക്‌ മുമ്പിൽ പരിധിയില്ലാത്ത അറിവിന്റെ വാതായനങ്ങൾ തുറന്നു കൊടുത്ത വി.ഐ.പി അക്കാഡമി ഇക്കുറി അനാവരണം ചെയ്തത്‌ വ്യത്യസ്തമായ ഒരു ജനതയുടെ , ആദ്ധാത്മികമായി സമ്പന്നമായ ഒരു സംസ്കാരത്തിന്റെ തനിമയാർന്ന ഒരു വിവാഹവേളയായിരുന്നു. BC 2000 നും വളരെ മുമ്പ്‌, ഇന്നത്തെ സൈബീരിയൻ ദേശത്ത്‌ വസിച്ചിരുന്ന 'വിക്കാ' എന്ന ഗോത്രസമൂഹത്തിൽ നിന്നും ഉത്ഭവിച്ച്‌ പിൽക്കാലത്ത്‌ 'ഷമൻ' എന്നറിയപ്പെട്ട ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതവിഭാഗത്തിന്റെ ആചാരങ്ങൾക്കനുസൃതമായി 'ഷമൻ-ഇൻ-വൺ സെറിമണി' അഥവാ 'സോൾ സെറിമണി' (Soul Ceremony) എന്ന വിവാഹമായിരുന്നു ഇക്കുറി അക്കാഡമി യാഥാർത്ഥ്യമാക്കിയത്‌. ഇന്ത്യയിൽ തന്നെ ആദ്യമായാണ്‌ ഇത്തരം ഒരു വിവാഹം നടക്കുന്നത്‌.അലങ്കാരദീപങ്ങളും വർണ്ണബലൂണുകളും കൊണ്ടലങ്കരിച്ച ഹാളിനു മുമ്പിലേക്ക്‌ വൈകുന്നേരം ആറുമണിയോടെ വരനും സംഘവും വന്നുചേർന്നു. വധുവും കുടുംബാംഗങ്ങളും കൂടി അവിടേക്ക്‌ എത്തിയതോടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയായി. അഭിമുഖമായി ഒരുക്കിയ കസേരകളിൽ വധൂവരന്മാർ ഉപവിഷ്ടരായപ്പോൾ വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തിയവരുടെ മുഖങ്ങളിൽ ആകംക്ഷ നിറഞ്ഞു. വധൂവരന്മാർക്ക്‌ നടുവിലായി കിംഗ്‌ സോളമന്റെ ചിത്രം ഷമനിക്‌ സിംബലുകളുടെ സാമീപ്യത്തോടെ സ്ഥാപിച്ചിരുന്നു. വിശ്വാചാര്യ ഇന്റർ നാഷണൽ പാന്തിയോൺ അക്കാഡമിയുടെ അമരക്കാരനും സോൾ സെലിബ്രേഷന്റെ മുഖ്യകാർമ്മികനുമായ ഡോ.ഹരീഷ്‌ ചമ്പക്കര, എന്താണ്‌ ഷമൻ എന്നും സോൾ സെലിബ്രേഷന്റെ രീതികളെക്കുറിച്ചും വിശദമാക്കി. മറ്റു വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി കാർമ്മികരുടെ അത്രതന്നെ പ്രാധാന്യം പങ്കെടുക്കുവാനായി എത്തുന്നവർക്കും ഉണ്ട്‌. അതിനുള്ള തയ്യാറെടുപ്പുകളായിരുന്നു ആദ്യം തുടങ്ങിയത്‌.

വധൂവരന്മാരെ ആശിർവ്വദിക്കുന്നതിനായി എത്തിയവരുടെ മനസ്സ്‌ നിർമ്മലമാക്കുകയാണ്‌ ആദ്യപടി. ഇതിനായി ഷമനിക്‌ ആചാരപ്രകാരം ഊർജ്ജം നൽകി ശക്തി പകർന്ന വെളുത്ത റിബൺ എല്ലാവർക്കും നൽകും. ചടങ്ങിനു സാക്ഷ്യം വഹിക്കുന്ന എല്ലാവരുടെയും (ഫോട്ടോ/ വീഡിയോഗ്രാഫർമാർ ഉൾപ്പെടെ) വലതു കൈത്തണ്ടയിൽ ഈ റിബൺ ബന്ധിക്കണം. തുടർന്ന് വെളുത്ത മെഴുകുതിരി എല്ലാവർക്കും വിതരണം ചെയ്യും. ഈ മെഴുകുതിരികളിലേക്ക്‌ അഗ്നി പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി.


  

വെളുത്ത റിബൺ കെട്ടിയ വലതു കൈയ്യിൽ ജ്വലിച്ചു നിൽക്കുന്ന മെഴുകുതിരി ഉയർത്തിപ്പിടിക്കുന്നതോടെ ഷമനിക്‌ ആചാരപ്രകാരമുള്ള അംഗവസ്ത്രങ്ങൾ ധരിച്ച കാർമ്മികർ വിവാഹത്തിന്‌ നേതൃത്വം നൽകി തുടങ്ങുന്നു. കാലുകഴുകൽ ചടങ്ങാണ്‌ ആദ്യം. വരനെ കസേരയിൽ ഇരുത്തിയ ശേഷം കാൽപാദങ്ങൾ തളികയിൽ വെക്കുന്നു. വധുവാണ്‌ വരന്റെ കാൽപാദങ്ങൾ കഴുകി തുടയ്ക്കേണ്ടത്‌. അതുവരെയുള്ള ജീവിതത്തിന്റെ മാലിന്യങ്ങൾ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും കഴുകി കളയുകയാണ്‌ ഈ പ്രവൃത്തിയിലൂടെ അർത്ഥമാക്കുന്നത്‌. അതിനു ശേഷം വധുവിന്റെ കാൽ വരനും കഴുകി തുടയ്ക്കണം. ഇതിനു ശേഷം ഇരുവരെയും അഭിമുഖമായി നിർത്തുന്നു. വധുവിന്റെ അമ്മ വരന്റെ സമീപത്തും വരന്റെ അമ്മ വധുവിന്റെ സമീപത്തുമായി നിൽക്കുന്നു. ഇരുകുടുംബങ്ങളുടെയും ഐക്യം ഉറപ്പിക്കുന്നതിനുവേണ്ടിയാണ്‌ ഈ ചടങ്ങ്‌. തുടർന്ന് വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയവർ അല്ലാവരും തന്നെ വലതുകൈ ഉയർത്തിപ്പിടിച്ച്‌ വധൂവരന്മാരെ ആത്മാർത്ഥമായി ആശിർവദിക്കുവാൻ കാർമ്മികൻ ആവശ്യപ്പെടുന്നു. ഈ സമയം എല്ലാ വൈദ്യുതദീപങ്ങളും അണയ്ക്കപ്പെടുന്നു. ഉയർത്തിപ്പിടിച്ച വെളുത്ത റിബൺ കെട്ടിയ കൈകളിൽ ജ്വലിച്ചു നിൽക്കുന്ന മെഴുകുതിരി നാളങ്ങളുടെ പ്രഭയിൽ പെന്റഗ്രം ആലേഖനം ചെയ്തിട്ടുള്ള വിവാഹമോതിരങ്ങൾ മുഖ്യകാർമ്മികൻ വധുവിനും വരനും നൽകുന്നു. ഷമനിക്‌ ആചാരപ്രകാരം ഊർജ്ജം പകർന്ന് ശക്തിപ്പെടുത്തിയ വിവാഹമോതിരങ്ങളാണിത്‌. വരൻ വധുവിനെയും വധു വരനെയും മോതിരമണിയിക്കുന്നു. തുടർന്ന് പെന്റഗ്രം ആലേഖനം ചെയ്ത താലിസ്മാനിൽ അലംകൃതമായ മാല, വരൻ വധുവിന്റെ കഴുത്തിൽ അണിയിക്കുന്നു. ഈ സമയം വൈദ്യുതദീപങ്ങൾ പ്രകാശിച്ചു തുടങ്ങും. മന്ത്രോച്ചാരണത്തോടെ വാഴ്ത്തിയെടുത്ത ചുവന്ന വൈൻ മുഖ്യകാർമ്മികൻ വധൂവരന്മാർക്ക്‌ നൽകുന്നു. അവർ പരസ്പരം വൈൻ പകർന്ന് കഴിക്കുന്നു. അതിനുശേഷം മുഖ്യകാർമ്മികൻ നൽകുന്ന ഓറഞ്ച്‌ ഇരുവരും ചേർന്ന് തൊലിയടർത്തുമ്പോൾ ഓറഞ്ച്‌ അല്ലികൾക്ക്‌ പകരം ആപ്പിളാണ്‌ ലഭിക്കുന്നത്‌. ഇമാജിനറി ഗിഫ്റ്റാണ്‌ അടുത്ത ചടങ്ങ്‌. കൈയ്യിൽ ഒരു വലിയ സമ്മാനം ഉണ്ടെന്ന് സങ്കൽപ്പിച്ച്‌ അതു കൈമാറുകയാണ്‌ ഈ ചടങ്ങിൽ ചെയ്യുന്നത്‌. ആദ്യം വരൻ ഈ സമ്മാനം വധുവിനു നൽകുന്നു. വധു അത്‌ ഏറ്റുവാങ്ങി ഭദ്രമായി വെക്കുന്നു. മുഖ്യകാർമ്മികൻ ഒരു ഷാൾ ഉപയോഗിച്ച്‌ ഇരുവരെയും ബന്ധിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു. ഈ ഷാൾ വധുവിന്റെ ഭാഗത്തായാണ്‌ ബന്ധിച്ചിരിക്കുന്നത്‌. വധു ഈ ഷാൾ അഴിച്ചെടുത്ത്‌ ഹദ്രമായി സൂക്ഷിക്കണം. എല്ലാ വർഷവും വിവാഹദിവസം ഈ ഷാൾ ഉപയോഗിച്ച്‌ ഇതുപോലെ ബന്ധിച്ച്‌ ദമ്പതികൾ അൽപസമയം ചെലവഴിക്കണമെന്നാണ്‌ ഷമൻ ആചാരം. വിവാഹത്തിന്റെ ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു.അടുത്ത ഘട്ടം അടുത്ത പൗർണ്ണമി നാളിലാണ്‌. ഷമനുകൾ ഏറെ പ്രാധാന്യം നൽകുന്ന പൗർണ്ണമി ദിനങ്ങളിലാണ്‌ സോൾ സെലിബ്രേഷൻ നടത്തുന്നത്‌. വിവാഹശേഷം ഒരുമിച്ച്‌ കഴിയുന്ന ദമ്പതികൾ അടുത്ത പൗർണ്ണമിക്ക്‌ മുഖ്യകാർമ്മികന്റെ സമീപമെത്തണം. ദാമ്പത്യവിജയത്തിനും ജീവിതവിജയത്തിനും ഉതകുന്ന ഷമനിക്‌ രഹസ്യങ്ങൾ ഈ വേളയിലാണ്‌ മുഖ്യകാർമ്മികൻ ദമ്പതികൾക്ക്‌ പകർന്നു കൊടുക്കുന്നത്‌. ഒന്നാംഘട്ടം പൂർത്തിയായി കഴിയുമ്പോൾ വാഴ്ത്തപ്പെട്ട ഉണങ്ങിയ പഴങ്ങളും മധുരപലഹാരങ്ങളും വിവാഹത്തിനു സാക്ഷ്യം വഹിച്ചവർക്കായി നൽകുന്നു. അതിനുശേഷം ലഘുഭക്ഷണവും വിതരണം ചെയ്യും. ഇനിയുള്ളത്‌ ആഘോഷമാണ്‌. അഗ്നിക്ക്‌ ഷമനുകൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്‌. അതുകൊണ്ടു തന്നെ ജ്വലിച്ചുയരുന്ന അഗ്നികുണ്ഡത്തിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുന്നതാണ്‌ ഷമനിക്‌ വിവാഹത്തിന്റെ ആഘോഷരീതി. നൃത്തം അവസാനിക്കുന്നതോടെ ആഘോഷം പൂർണ്ണമാകുന്നു.
ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും ഷമനിക്‌ ആചാരങ്ങളുടെ രഹസ്യങ്ങൾ വളരെ വലുതാണ്‌. വിവാഹവേളയിൽ മന്ത്രോച്ചാരണങ്ങളോടെ ആനയിക്കപ്പെടുന്ന മാലാഖമാർ എന്ന സങ്കൽപം യഥാർത്ഥത്തിൽ നമ്മുടെ തന്നെ തലച്ചോറിന്റെ പലഭാഗങ്ങളെയും ഉത്തേജിപ്പിക്കുവാനുള്ള ഷമനിക്‌ മാർഗ്ഗങ്ങളാണ്‌. വിവാഹത്തിൽ പങ്കെടുത്തവരുടെ കൈകളിൽ ബന്ധിച്ച വെളുത്ത റിബണും ജ്വലിക്കുന്ന മെഴുകുതിരിയും അവരിലെ പോസിറ്റീവ്‌ എനർജിയെ ഉണർത്തുവാനുള്ള മാർഗ്ഗങ്ങളാണ്‌. പരസ്പരമുള്ള കാൽ കഴുകലിലൂടെ ഇരുവരും തുല്യരാണെന്നുള്ള ബോധം ദമ്പതികളിൽ ഉണർത്തുന്നു. ഓറഞ്ച്‌ തൊലിയടർത്തി ആപ്പിൾ പുറത്തെടുക്കുന്നതിലൂടെ അർത്ഥമാക്കുന്നത്‌ മനസ്സിലെ മാലിന്യങ്ങളെ വേർപ്പെടുത്തി ഹൃദയത്തിലെ നിർമ്മലമായ സ്നേഹം അനുഭവവേദ്യമാക്കുക എന്നതാണ്‌. സാങ്കൽപ്പിക സമ്മാനം പരസ്പരം കൈമാറുക, ഷാൾ അണിയിക്കൽ എന്നീ ചടങ്ങുകൾ നടക്കുമ്പോൾ കാർമ്മികൻ വധൂവരന്മാരെ സശ്രദ്ധം നിരീക്ഷിക്കും. ഇതിലൂടെ ഇവരുടെ സ്വഭാവ സവിശേഷതകളും ജീവിതരീതികളും മനസ്സിലാക്കാൻ കാർമ്മികർക്ക്‌ കഴിയുന്നു. ഇങ്ങനെ മനസ്സിലാക്കുന്ന കാര്യങ്ങൾക്ക്‌ അനുയോജ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളുമായിരിക്കും അടുത്ത പൗർണ്ണമിയിൽ മുഖ്യകാർമ്മികൻ പകർന്നു നൽകുന്നത്‌. മാത്രമല്ല, സാധാരണ വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ തികച്ചും സന്തോഷഭരിതരായാണ്‌ സോൾ സെലിബ്രേഷനിൽ വധൂവരന്മാർ പങ്കെടുക്കുന്നത്‌.

ഈ സമൂഹത്തിൽ വേരൂന്നി നിൽക്കുന്ന സ്ത്രീധന/വിവാഹധൂർത്ത്‌ സമ്പ്രദായങ്ങൾക്ക്‌ ശക്തമായ തിരിച്ചടി എന്ന നിലയിലാണ്‌ സോൾ സെലിബ്രേഷന്റെ പ്രസക്തി. രണ്ടു വിവാഹങ്ങളാണ്‌ 2014 മാർച്ച്‌ മാസം പതിനാറാം തീയതി ഞായറാഴ്ച വി.ഐ.പി അക്കാഡമിയിൽ നടന്നത്‌. തിരുവല്ല കുറ്റൂർ വെള്ളിമൂലയിൽ വീട്ടിൽ തമ്പി,സുജാത ദമ്പതികളുടെ മകൻ വിഷ്ണു.വി.തമ്പിയും തിരുവനന്തപുരം വെൺകുളം ചന്ദ്രവിലാസത്തിൽ രാധാകൃഷ്ണകുറുപ്പ്‌-രാധാമണി ദമ്പതികളുടെ മകൾ താരയുമാണ്‌ സോൾ സെലിബ്രേഷൻ ആചാരപ്രകാരം വിവാഹിതരായ ആദ്യദമ്പതികൾ. മല്ലപ്പള്ളി ശ്രീമന്ദിരത്തിൽ ആനന്ദും ചങ്ങനാശേരി കണമംഗലത്ത്‌ രമ്യ.പി.നായരുമാണ്‌ വിവാഹിതരായ അടുത്ത ദമ്പതികൾ. ഇവർ ഒരു വർഷം മുമ്പ്‌ വിവാഹിതരായവരാണ്‌. ഷമനിക്‌ ആചാരങ്ങളെക്കുറിച്ച്‌ അറിഞ്ഞശേഷം സോൾ സെലിബ്രേഷൻ ആചാരത്തിലൂടെ വീണ്ടും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു, ഇവർ.

വിവാഹത്തിലൂടെ ഒന്നിക്കുവാനായി ആഗ്രഹിക്കുന്നവർക്ക്‌ മാത്രമല്ല, സോൾ സെലിബ്രേഷൻ നടത്തുവാൻ കഴിയുന്നത്‌. നിലവിൽ മറ്റ്‌ ആചാരപ്രകാരം വിവാഹം കഴിച്ചവർക്കും സോൾ സെലിബ്രേഷൻ രീതിയിൽ വിവാഹിതരാകാൻ കഴിയും. ജാതിമത വർണ്ണഭേദമന്യേ ആർക്കും സോൾ സെലിബ്രേഷനിൽ പങ്കുകൊള്ളാം.  

O

PHONE : 9846136524


Sunday, March 16, 2014

ചുവരെഴുത്തുകൾ മായുന്നു

കവിത
അജിത്‌.കെ.സി

രിവാളും ചുറ്റികയും
കയ്യാലയിലങ്ങനെ
പച്ചകുത്തിയപോലെ,
സ്കൂളീന്ന് പോരും വഴി
അഷ്ടമനാണത്‌
അയ്യടാന്ന് കണ്ടെത്തീത്‌...

കുമ്മായമെങ്ങനെ
പച്ചയായി,
പച്ച മുളച്ചതെന്താ
തലേം താഴ്ത്തി?
ഒരായിരം ചോദ്യചിഹ്നങ്ങൾ
വരിയും നിരയുമായി!

അഷ്ടമനും കൂട്ടരും
ഓരോന്നടർത്തിയെടുത്ത്‌
അടരാടി,
ചിലർ കബന്ധങ്ങളായി
ചിലർ വീറോടെ മുഷ്ടിയുയർത്തി...
മുമ്പേയടർന്ന നക്ഷത്രം മാത്രം
ചുവന്നു തുടുത്ത്‌ മാനത്ത്‌!

O


 PHONE :  9387177377Sunday, March 9, 2014

സ്നേഹഗായകൻ

ആർട്ടിക്കിൾ
നിധി അലക്സ്‌ എം.നൈനാൻ


      "ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവൻ തന്നെ. ബൈബിളിലെ ഈ വാക്കുകളാണ്‌ എന്നെ സ്വാധീനിച്ചത്‌." പറയുന്നത്‌ മറ്റാരുമല്ല; മലയാളത്തിന്റെ എക്കാലത്തെയും പ്രിയഗായകൻ ജോളി എബ്രഹാം. മലയാള ചലച്ചിത്രഗാനരംഗത്തു സജീവസാന്നിധ്യമായിരുന്ന ഈ ഗായകൻ പതിനഞ്ചു വർഷത്തിലേറെയായി സിനിമാവേദിയോട്‌ വിട പറഞ്ഞിട്ട്‌. അവസരങ്ങളുടെ കുറവു കൊണ്ടു സിനിമാരംഗം ഉപേക്ഷിക്കുകയായിരുന്നില്ല അദ്ദേഹം; മറിച്ച്‌ കൈ നിറയെ ചിത്രങ്ങളുള്ളപ്പോൾ തന്നെ പണവും പ്രശസ്തിയും ഏറെയുള്ള സിനിമയോട്‌ എന്നേയ്ക്കുമായി വിട ചൊല്ലുകയായിരുന്നു.

ആയിരക്കണക്കിനു ചലച്ചിത്രഗാനപ്രേമികളെ കോരിത്തരിപ്പിച്ച ജോളി എബ്രഹാമിന്റെ ആ ഘനഗംഭീരനാദത്തിനു വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും മാറ്റമൊന്നുമില്ല. പക്ഷെ ആ പാട്ടുകളുടെ ഭാവത്തിനും അക്ഷരക്കൂട്ടുകൾ ക്കും മാറ്റം വന്നിരിക്കുന്നു. വെള്ളിത്തിരയുടെ ഭ്രമാത്മകമായ സൗന്ദര്യത്തേക്കാൾ ജോളിക്കിന്നു പ്രിയം ഈശ്വരന്റെ നിറചൈതന്യവും ആ ചൈതന്യം നൽകുന്ന സ്വരമാധുരിയുമത്രേ. സിനിമയുടെ മാസ്മരികത വിട്ട്‌ ആത്മീയതയുടെ പ്രഭാവലയത്തിലെത്തി നിൽക്കുന്നു, മലയാളികളുടെ ഈ പ്രിയഗായകൻ.


ജോളി എബ്രഹാം

കരോൾ സംഘങ്ങളുടെ എക്കാലത്തെയും പ്രിയ ക്രിസ്മസ്‌ ഗാനമായ 'ശാന്തരാത്രി, തിരുരാത്രി (തുറമുഖം), 'രജനീഗന്ധി വിടർന്നു' (പഞ്ചമി), 'വളകിലുക്കം കേൾക്കണല്ലോ' (സ്ഫോടനം), 'ഓമൽക്കലാലയ വർഷങ്ങളേ' (കോളിളക്കം), 'വരിക നീ വസന്തമേ' (പമ്പരം), 'അള്ളാവിൻ തിരുസഭയിൽ കാണക്കുകാണിക്കുവാൻ' (ജയിക്കാനായി ജനിച്ചവൻ), 'രജനീഗന്ധി വിടർന്നു, അനുരാഗ സൗരഭ്യം നിറഞ്ഞു' (പഞ്ചമി), തുടങ്ങി ജോളി എബ്രഹാമിന്റേതായി മലയാളി ഇന്നും നെഞ്ചേറ്റുന്ന എത്രയോ ഗാനങ്ങൾ!

1975 ൽ പുറത്തുവന്ന ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലെ 'ജയിക്കാനായ്‌ ജനിച്ചവൻ ഞാൻ' എന്ന സൂപ്പർഹിറ്റ്‌ ഗാനം പാടിക്കൊണ്ടാണ്‌ ജോളി എബ്രഹാം ആദ്യമായി സിനിമയിലെത്തുന്നത്‌. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അഭിനേതാവായി മറ്റൊരു പുതുമുഖമുണ്ടായിരുന്നു; സാക്ഷാൽ ജഗതി ശ്രീകുമാർ. ചെന്നൈയിൽ പി.ഭാസ്കരൻ മാഷിന്റെ സിനിമാ സംഗീതജീവിതത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയാണ്‌ സിനിമയിലേക്കുള്ള വഴി ജോളിക്ക്‌ തുറന്നുകൊടുത്തത്‌. അന്നു സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്ന പ്രശസ്ത സംവിധായകൻ ശ്രീകുമാരൻതമ്പി അദ്ദേഹത്തെ സിനിമയുടെ രാജവീഥിയിലേക്കാനയിച്ചു.

എറണാകുളത്തിനടുത്ത കുമ്പളത്താണ്‌ ജോളി എബ്രഹാം ജനിച്ചതും വളർന്നതും. ഗവൺമെന്റ്‌ കോൺട്രാക്ടറായിരുന്നു പിതാവ്‌ എബ്രഹാം. പള്ളി ഗായകസംഘത്തിൽ അംഗമായിരുന്ന ജോളി എബ്രഹാമിന്റെ സംഗീതവാസന കണ്ടെത്തിയത്‌ അമ്മ തന്നെയാണ്‌. 1973 ലെ കേരളാ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതോടെ തന്റെ വഴി സംഗീതം തന്നെയെന്നു ജോളി തിരിച്ചറിഞ്ഞു. ഇതോടെ ഫാ:ആബേലിന്റെ നേതൃത്വത്തിലുള്ള കൊച്ചിൻ കലാഭവനുമായി അദ്ദേഹം സഹകരിച്ചു. ഒപ്പം കുമ്പളം ബാബുരാജ്‌ എന്ന സംഗീതജ്ഞന്റെ കീഴിൽ ശാസ്ത്രീയ സംഗീതത്തിൽ പ്രാവീണ്യം നേടി.

പഠനം പൂർത്തിയാക്കാതെ സംഗീതവുമായി അലയുന്നതിനു പക്ഷെ പിതാവ്‌ എതിരായിരുന്നു. ബിരുദം നേടിയ ശേഷം മതി സംഗീതം എന്നദ്ദേഹം നിർബന്ധം പിടിച്ചു. 1974 ൽ തേവര സേക്രഡ്‌ ഹാർട്ട്‌ കോളേജിൽ നിന്നും ബി.എസ്‌.സി ബോട്ടണി ബിരുദം നേടി. അതിനു ശേഷമാണ്‌ കലാഭവന്റെ ഒരു ക്രൈസ്തവഗാനത്തിന്റെ റെക്കോർഡിംഗിനായി ജോളി ചെന്നൈയിലെത്തുന്നത്‌. 'താലത്തിൽ വെള്ളമെടുത്തു, വെൺകച്ചയുമരയിൽ ചുറ്റി' എന്ന ഗാനം. അതേ ആൽബത്തിൽ തന്നെ മറ്റൊരു ഗാനം പാടാനായി യേശുദാസുമുണ്ടായിരുന്നു കൂടെ. തുടർന്ന് എച്ച്‌ .എം.വി യിൽ തന്നെ അസിസ്റ്റന്റ്‌ റെക്കോർഡിംഗ്‌ ഓഫീസറായി നിയമനം ലഭിച്ചു. ഇത്‌ സിനിമാ സംഗീതവേദിയുമായി അടുത്തിടപഴകാൻ അദ്ദേഹത്തിന്‌ അവസരമൊരുക്കി. മലയാളം മാത്രമല്ല, കന്നട, തെലുങ്ക്‌, തമിഴ്‌, ഹിന്ദി തുടങ്ങിയ ഭാഷകളിലും നൂറുകണക്കിനു ഗാനങ്ങൾ പാടി ജോളി എബ്രഹാം. അവയിലധികവും സൂപ്പർ ഹിറ്റാവുകയും ചെയ്തു. 1997 ൽ പുറത്തിറങ്ങിയ 'ചമയം' എന്ന ഭരതൻ ചിത്രത്തിലെ അതിപ്രശസ്തമായ 'അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്‌' എന്ന ഗാനം പാടി സിനിമാവേദിയോട്‌ എന്നേക്കുമായി വിട പറഞ്ഞു ഈ ഗാനഗന്ധർവ്വൻ. 

കാൽനൂറ്റാണ്ടുകാലം ചലച്ചിത്രവേദിയിൽ നിറഞ്ഞു നിന്ന ആ സ്വരസാന്നിധ്യം ഇന്ന് ലോകമെമ്പാടുമുള്ള സുവിശേഷ പ്രഘോഷണവേദികളിലെ നിറസാന്നിധ്യമാണ്‌. വിദേശത്തും സ്വദേശത്തും നിത്യേന പരിപാടികളുമായി മുമ്പത്തേക്കാൾ തിരക്കിലാണ്‌ ഈ ഗായകൻ. "ഒരിക്കൽ ഗാനമേള അവതരിപ്പിച്ച അതേ വേദിയിൽ ക്രിസ്തുവിനെ സ്തുതിച്ചുകൊണ്ട്‌ ഇന്നു പാടുമ്പോൾ അനുഭവിക്കുന്ന ആത്മീയസംതൃപ്തി അനിർവ്വചനീയം തന്നെ. ദൈവം നൽകിയതെന്തും പൂർണ്ണമായും അവനുമാത്രമായി സമർപ്പിക്കുവാനാണെനിക്കിഷ്ടം". ജോളി എബ്രഹാം പറയുന്നു. ഇരുപതിനായിരത്തിലേറെ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ഇതിനകം അദ്ദേഹത്തിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ഏറെയും പുറത്തിറങ്ങിയത്‌ ചെന്നൈയിൽ കിൽപോക്കിലുള്ള രോഹിത്‌ എന്ന സ്വന്തം റെക്കോർഡിംഗ്‌ സ്റ്റുഡിയോയിലൂടെ.

ഓർത്തഡോക്സ്‌ സഭയുടെ ആരാധനാഗീതങ്ങളുൾപ്പെടെ ഒട്ടനവധി ക്രൈസ്തവഗാനങ്ങൾ അദ്ദേഹത്തിന്റെ ഭക്തിരസം നിറഞ്ഞുതുളുമ്പുന്ന സ്വരമാധുരിയിലൂടെ പുറത്തുവന്നിട്ടുണ്ട്‌. വെളിവു നിറഞ്ഞോരീശോ നിൻ വെളിവാൽ കാണുന്നു, ഞങ്ങൾക്കുള്ള കർത്താവേ, ധന്യേ മാതാവേ, യാചിക്കേണ്ടും സമയമിതാ, അൻപുടയോനെ നിൻ വാതിൽ, വന്ദനം യേശുപരാ, എന്തതിശയമേ, യാഹെന്ന ദൈവം എന്നിവ അവയിൽ ചിലതു മാത്രം.

തന്റെ പരിണാമത്തിന്റെ ആദ്യ പൊൻതൂവൽസ്പർശമുള്ള സംരംഭമാണ്‌ ചെന്നൈയിൽ കഴിഞ്ഞ പന്ത്രണ്ടുവർഷമായി അദ്ദേഹം നടത്തിവരുന്ന 'മ്യൂസികെയർ' എന്ന 12 മണിക്കൂർ സംഗീത പരിപാടി. സംഗീതത്തെ സമൂഹനന്മയ്ക്കായി എങ്ങനെ വിനിയോഗിക്കാം എന്ന് ജോളി എബ്രഹാം ഇതിലൂടെ നമുക്ക്‌ കാട്ടിത്തരുന്നു. എല്ലാ മെയ്‌ മാസത്തെയും രണ്ടാം വെള്ളിയാഴ്ച വൈകിട്ട്‌ 6 ന്‌ ആരംഭിച്ച്‌ പിറ്റേന്നു രാവിലെ ആറിന്‌ അവസാനിക്കുന്ന ഈ 12 മണിക്കൂർ അനുസ്യൂത സംഗീതപരിപാടിയിലൂടെ ലഭിക്കുന്ന തുക "ഈ ചെറിയവനിൽ ഒരുവനു ചെയ്യുന്നത്‌ എനിക്ക്‌ ചെയ്യുന്നതാകുന്നു" (മത്തായി 25:40) എന്ന വചനം അന്വർത്ഥമാക്കും വിധം ചെന്നൈ നഗരത്തിലെ ആലംബഹീനരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു, ഈ സംഗീതപ്രതിഭ. യേശുദാസ്‌, എസ്‌.പി.ബാലസുബ്രഹ്മണ്യം, എം.എസ്‌.വിശ്വനാഥൻ, പി.ബി.ശ്രീനിവാസ്‌, ശ്യാം, വിജയ്‌ യേശുദാസ്‌, ഉണ്ണിമേനോൻ, പി.സുശീല, എസ്‌.ജാനകി, വാണി ജയറാം, ചിത്ര, മിൻമിനി, രേഷ്മാ എബ്രഹാം, ഹേമാ ജോൺ തുടങ്ങി പ്രശസ്തരുടെ നീണ്ടനിര തന്നെയുണ്ട്‌ ഈ സംരംഭത്തിനു ശക്തിയും ചൈതന്യവും പകർന്നു നൽകാനായി. പരിപാടിയുടെ ഉദ്ദേശശുദ്ധി പൂർണ്ണമായും ഉൾക്കൊണ്ട്‌ പ്രതിഫലം പറ്റാതെയാണ്‌ ഈ സംഗീതപ്രതിഭകളെല്ലാം ഇതുമായി സഹകരിക്കുന്നതും.

പ്രമുഖ പിന്നണി ഗായകരുടെ സാന്നിധ്യമുണ്ടെങ്കിലും മ്യൂസികെയർ സംഗീതമേളയ്ക്ക്‌ പ്രവേശനം തികച്ചും സൗജന്യമാണ്‌. സംഭാവനകൾ നൽകാൻ താൽപര്യമുള്ളവർക്ക്‌ ഓരോ രണ്ടുഗാനം കഴിയുമ്പോഴേക്കും അതിനവസരമുണ്ട്‌. ഇതുകൂടാതെ ഏതാനും സന്നദ്ധസംഘടനകളും മനുഷ്യസ്നേഹികളും മ്യൂസികെയറിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക്‌ താങ്ങും തണലുമായി പ്രവർത്തിക്കുന്നു. കഴിഞ്ഞ പന്ത്രണ്ടുവർഷത്തിനിടെ ആയിരക്കണക്കിനു ആലംബഹീനർക്ക്‌ സാമ്പത്തികസഹായം നൽകിയതുകൂടാതെ വികലാംഗർക്ക്‌ വീൽചെയറുകൾ, ട്രൈസൈക്കിളുകൾ, അഗതികൾക്ക്‌ തയ്യൽ ഉപകരണങ്ങൾ, ഔഷധങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്‌. 

പൂനമല്ലി ഹൈറോഡിലുള്ള സെന്റ്ജോർജ്ജ്‌ ആംഗ്ലോ-ഇന്ത്യൻ സ്കൂളാണ്‌ മ്യൂസികെയറിന്റെ സ്ഥിരംവേദി.

O


PHONE : 9497778283