കുവൈത്തിൽ നിന്നു മടങ്ങുമ്പോൾ
മാത്യൂസ് ഒരു പൊതി തന്നു വിട്ടു. കുമാറിനു കൊടുക്കണം എന്നു പറഞ്ഞാണ് തന്നത്.
തന്റെ വകയല്ല, ഭാര്യയുടെ സംഭാവനയാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു. പറയുക മാത്രമല്ല;
കുമാർ, ദിസ് ഈസ് നോട്ട് ഫോർ യു, ബട്ട് ഫോർ യുവർ വൈഫ് എന്ന് പുറമെ എഴുതി
ഒട്ടിച്ചിട്ടുമുണ്ടായിരുന്നു. കൂടെ പഠിച്ച, നാട്ടുകാരൻ കൂടിയായ പ്രസാദിന്റെ
ജീവകാരുണ്യ ഉദ്യമങ്ങൾക്കു പ്രോൽസാഹനമായി അവന്റെ പേരിൽ എഴുതിയ ഒരു ചെക്കും
മാത്യൂസ് തന്നിരുന്നു. നാട്ടിൽ ചെന്നാൽ നിങ്ങൾ രണ്ടുപേരും കൂടി പോയി കൊടുക്കണം എന്ന്
നിർദേശിച്ചാണ് ചെക്ക് തന്നത്.
അഞ്ചു ദിവസത്തേക്ക് കിട്ടിയ
ആദരമായിരുന്നു ആ കുവൈത്ത് യാത്ര. അതിവേഗം അത് അനുഭവിച്ചു തീർന്നു. യാത്രയ്ക്കാകെ
വേണ്ടി വന്നത് എട്ടു ദിവസം. ആൾബലം കുറഞ്ഞ ഓഫിസിൽ തുടർച്ചയായി അത്രയും ദിവസം ഒരാൾ
അവധിയെടുക്കുക ചിന്തിക്കാൻ കഴിയാത്തതായിരുന്നു. എങ്കിലും സുഹൃത്തുക്കൾ സഹായ
മനസ്ഥിതിക്കാരായതു കൊണ്ടാണ് അതു സാധിച്ചത്.
ചെന്നാലുടനെ കുമാറിനെ കാണണം
എന്ന് കുവൈത്ത് വിടുമ്പോൾ മനസിൽ നിനച്ചെങ്കിലും നെടുമ്പാശേരിയിൽ
വിമാനമിറങ്ങിയ പാടെ ഒാഫിസിലെ ജോലിപ്രളയം അതിന്റെ ചുഴിക്കുത്തിലേക്കു
വലിച്ചു താഴ്ത്തുകയും കയത്തിൽ നിന്നു കരയണയാനാവാതെ ഞാൻ ക്ലേശനീർ
കുടിക്കുകയും ചെയ്തു കൊണ്ടിരുന്നതിനാൽ കുമാറിനെ കാണാനുള്ള സമയവള്ളി
ഇലാസ്തികമായി വലിഞ്ഞു നീണ്ടു. പല തവണ കൂട്ടുകാരനെ വിളിച്ച് ചെക്കിന്റെയും
സമ്മാനപ്പൊതിയുടെയും കാര്യം പറഞ്ഞു. സമയം കിട്ടിയാലുടൻ അവന്റെ നാട്ടിലേക്കു
ചെന്നോളാം എന്ന് ഓരോ തവണയും ഉറപ്പു കൊടുത്തു. പക്ഷേ, ആ ഉറപ്പ് അർധവിരാമത്തിനും
പൂർണവിരാമത്തിനും ഇടയിലൊരിടം തേടി പരിക്ഷീണതയിലായി. കുമാറിൽ നിന്നു
കേട്ടാവണം പ്രസാദ് ആളെ വിട്ട് ചെക്ക് വാങ്ങി. അപ്പോഴും കുമാറിനുള്ള
സമ്മാനപ്പൊതി വീട്ടിലെ പെട്ടിയിൽ വിങ്ങലടക്കി വിശ്രമിച്ചു.
കുമാറിനെ വരുത്തുന്നതു ശരിയല്ല, നീ
അങ്ങോട്ടു ചെന്നു കൊടുക്കണം എന്നു മനസു പറഞ്ഞു. ദിവസങ്ങൾ പൊഴിഞ്ഞു പോകെ,
കുറ്റബോധം വർധിച്ചു വന്നു. പ്രിയ സ്നേഹിതനു കൈമാറാൻ മറ്റൊരു പ്രിയൻ തന്നു
വിട്ട സമ്മാനം, എന്റെ പെട്ടിയിലിരുന്നു പഴകുന്നു. കേടാകുന്ന എന്തെങ്കിലും
ആയിരിക്കുമോ പൊതിയിൽ... ഉത്ക്കണ്ഠ മലയായി വളർന്നു.
തൊട്ടടുത്തു തന്നെ കുറ്റബോധത്തിന്റെയും
സമാധാനക്കേടിന്റെയും കുന്നുകൾ കൂടി വളർന്നു വന്നപ്പോൾ കുമാറിനെ വിളിച്ചു.
ചെന്നൈയിലെ കൊടും തമിഴിന്റെ ചൂടു തട്ടി പല തവണ ഫോൺ മുഖം കുനിച്ചു. അവന്റെ ജോലി സദാ
സഞ്ചാരം ആവശ്യപ്പെടുന്നതാണ്. ഓരോ തവണയും ഈ ദേശാന്തരഗമനങ്ങളെക്കുറിച്ച് ഊഹിക്കാൻ
സഹായിച്ചത് മൊബൈൽ തിരികെ പറഞ്ഞ ഭാഷകളാണ്. മറുതലയ്ക്കൽ വരാൻ കുമാറിന്റെ
ചെവിക്കു പലതവണ കഴിയാതെ പോയെങ്കിലും മൊബൈലിൽ അവന്റെ ശിരസ് ചേർന്നു കിട്ടിയപ്പോൾ
തമിഴഴകിനെയും ചുടുകാറ്റിനെയും മനസാ നമിച്ച് ചോദിച്ചു.
മഹാനവമിക്കു വീട്ടിൽ കാണുമോ?
എന്തിനാ?
അങ്ങോട്ടു വരാനാ. മാത്യൂസിന്റെ
പൊതി!
ങാ, അതിനെന്താ പോര്.
ഹാവൂ. സമാധാനമായി. മഹാനവമി ദിവസം ഓഫിസിൽ
പോകണ്ടല്ലോ എന്ന ആശ്വാസത്തിൽ ആ ക്ഷണത്തെ സന്തോഷപൂർവം സ്വീകരിച്ചു. വർഷത്തിൽ
ഒൻപതേയുള്ളൂ എന്നതിനാൽ അത്തരമൊരവധി ഞങ്ങൾക്കു ശരിക്കുമൊരു സ്വാതന്ത്ര്യദിനമാണ്.
കുമാറുമായി പറഞ്ഞു ധാരണയായ ശേഷം
മറ്റൊന്നു സംഭവിച്ചു. കുടുംബയോഗ ഭരണസമിതിയുടെ കൂടിയാലോചനയ്ക്കു
ചെല്ലണമെന്ന സ്നേഹശാഠ്യം ചെന്നിത്തലയിൽ നിന്നു ഫോണിറങ്ങി വന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെയും
ബന്ധുക്കളുടെയും ഗൃഹപ്രവേശം, മരണം, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിലെ എന്റെ
അസാന്നിധ്യം ആത്മബന്ധിതരാൽ ശ്രദ്ധിക്കപ്പെടുകയും അവരുടെ പരാതിയുടെ കറുപ്പു
വീണ് മനസിൽ വിങ്ങിക്കിടക്കുകയും. ഒന്നുരണ്ടു മാസങ്ങളായി പേറുന്ന ആ വിങ്ങൽ മാറ്റാൻ
വീണുകിട്ടിയ ഏക ദിനം മഹാനവമി.
രാവിലെ 10 മണിക്ക് ഒറ്റയ്ക്ക്
കാറിൽ പുറപ്പാട്. പത്തനംതിട്ടയിൽ നിന്നു ചെന്നിത്തലയിലെത്തി തുടക്കം.
വെണ്മണിയിലെ മൂന്നാലു വീടുകളിലൂടെ കുളനടയിലെയും പന്തളത്തെയും ഭവനങ്ങൾ
താണ്ടി കൊട്ടാരക്കരയിലെത്തിയപ്പോഴേക്കും കുമാറിന്റെ സന്ധ്യ എന്നു
പേരുള്ള വീടിന്റെ മുന്നിൽ സന്ധ്യ ചുവന്നു തുടുത്തു തുടങ്ങിയിരുന്നു.
ഉള്ളിൽ വെളിച്ചമുണ്ട്. സമാധാനമായി.
ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോഴല്ലേ
മനസിലായത്, അകത്തുനിന്നു പൂട്ടിയിരിക്കുന്നു. പടിവാതിൽ പൂട്ടി അകത്ത്
സ്വസ്ഥമായിരിക്കുകയാവുമോ? ഇരുമ്പു കവാടത്തിന് കുറെ തട്ടും മുട്ടുമൊക്കെ കൊടുത്തു.
പക്ഷേ, പുതുതായി ഒന്നും സംഭവിച്ചില്ല. പരിഭവിക്കണ്ട, ഫോണിലൂടെ വിസ്മയിപ്പിക്കാം.
നീയെവിടാ?
നിന്റെ വീടിന്റെ മുന്നിൽ. ഗേറ്റ്
തുറക്കാൻ ശ്രമിക്കുകയാ.
അയ്യോ ഞാനവിടില്ലല്ലോ.
ഞാൻ കാത്തു നിൽക്കാം. വേഗം വാ.
എടാ ഞാൻ മാവേലിക്കരയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാ.
പത്താംകുറ്റി കഴിഞ്ഞു.
ശ്ശോ. കുമാർ, ഉള്ളിൽ കടക്കാൻ വേറെ
ചെറിയ ഗേറ്റ് വല്ലതുമുണ്ടോ? ആ പൊതി..!!
രക്ഷയില്ലല്ലോ. നീയത് അടുത്ത വീട്ടിൽ
ഏൽപ്പിക്ക്.
അടുത്തെങ്ങും വീടില്ലല്ലോ.
നേരെ റോഡിൽ ചെല്ല്. അവിടെ സപ്തസ്വരം
എന്നൊരു ബോർഡ് കാണാം.
ഞാൻ ഫോണുമായി റോഡിലേക്കു നടന്നു.
അവിടൊക്കെ നോക്കിയിട്ടും പറഞ്ഞ ബോർഡ് കണ്ടില്ല. ഇരുട്ടിൽ കറങ്ങിച്ചുറ്റി
അവസാനം കണ്ണ് ആ എഴുത്തുപലക തപ്പിയെടുത്തു. ദാ, സപ്തസ്വരം!.
അതിന്റടുത്ത് ഒരു നീലവീടു കണ്ടോ?
ങാ, കണ്ടു.
അവിടെ മതിലിൽ എഴുത്തു കണ്ടോ, കെ. പി.
ജ്ഞാനേശ്വർ, മേധ ജ്ഞാനേശ്വർ.
കണ്ടു.
ങാ. ആ ഗേറ്റിൽ കൊട്ട്. അവൾ
ഇറങ്ങി വരും.
അപ്പോൾ ജ്ഞാനേശ്വരൻ.
അയാൾ കുവൈത്തിലാ. അവരും അമ്മേം
രണ്ടു പിള്ളേരും മാത്രമേ വീട്ടിലുള്ളൂ.
പകലിന്റെ മുഴുവൻ ക്ഷീണവും അന്നത്തെ അലച്ചിലിന്റെ
ക്ഷമകേടുമൊക്കെ ഉള്ളിലടക്കി ഞാൻ നീലക്കൊട്ടാരത്തിന്റെ ഗേറ്റിൽ തെരുതെരെ കൊട്ടി.
കരിംകറുപ്പു നിറമണിഞ്ഞൊരു മേദസ്സിനി ഉള്ളിൽ നിന്ന് ദേഷ്യപ്പെട്ടിറങ്ങി
വന്നു.
ആരാ.
റോഡിൽ നിന്ന് ഗേറ്റിനുള്ളിലേക്ക് പൊതി
നീട്ടിക്കൊണ്ടു ഞാൻ പറഞ്ഞു.
കുമാറിനു കൊടുക്കാനാ.
മുറ്റത്തേക്കിറങ്ങി വന്ന് പൊതി
വാങ്ങിക്കൊണ്ട് ആ ചെറുപ്പക്കാരി ചോദിച്ചു.
ഓ, പാഴ്സലാരുന്നോ?
വളരെ വിനയത്തോടെ ഞാൻ പറഞ്ഞു.
അതെ.
അവർ പൊതി വാങ്ങിയതും ഞാൻ റോഡ്
മറികടന്ന് കാറിനടുത്തെത്തി. അപ്പോൾ പിറകിൽ അവരുടെ ശബ്്ദം ഇങ്ങനെ കേട്ടു.
ഓ, പാഴ്സലു കൊണ്ടു വരുന്നവന്റെയൊക്കെ
ഒരവസ്ഥയേ. കാറിലാ സഞ്ചാരം.
ഗിയറിലിട്ട് വണ്ടി എടുത്തതും പിന്നിൽ
നിന്ന് ഉച്ചസ്ഥായിയിലുള്ള കൈകൊട്ടൽ കേട്ടു. അവർ പിന്നാലെ ഓടിവരുന്നുമുണ്ടായിരുന്നു.
പിൻകാഴ്ചകളുടെ കണ്ണാടിയിലൂടെ ആ ഓട്ടം കണ്ട് രസിച്ചുകൊണ്ട് ഞാൻ വണ്ടി പായിച്ചു.
പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയത്
കുമാറാണ്.
ടാ, നീയേൽപ്പിച്ച പൊതി കിട്ടി. പക്ഷേ,
ഒരു പ്രശ്നം. എന്റെ അയൽക്കാരിക്ക് ഉടൻ നിന്നെ കാണണമെന്ന്.
എന്താ. അവർക്കുള്ള പാഴ്സലുകൾ
കൃത്യമായി എത്തിച്ചു കൊടുക്കണമെന്നു പറയാനാണോ?
നോ.
പിന്നെ...
പൊതിയിലെ കയ്യക്ഷരത്തെ കുറിച്ച്
നിന്നോടു സംസാരിക്കണമെന്ന്.
എനിക്കു തീരെ സമയമില്ലെന്നു പറഞ്ഞേര്.
പോടാ അവിടുന്ന്. ഇന്നു10 മണിക്ക് മേധ
നിന്റെ ഓഫിസിൽ വരും.
ങാ വന്നിട്ടു പോട്ട്. സൗകര്യപ്പെട്ടാൽ
കാണാം.
എനിക്കു മുമ്പേ അവർ
എത്തിക്കഴിഞ്ഞിരുന്നു. തലേദിവസം കണ്ട ആളേയല്ല. അതിഥികളുടെ മുറിയിലേക്ക്
ചെന്ന എന്റെ മുഖത്തേക്ക് ആരാധനയും വിസ്മയവും തിരയടിച്ചു നിൽക്കുന്ന നോട്ടം
അർപ്പിച്ചു കൊണ്ട് അവർ ചോദിച്ചു.
അവരെ കണ്ടോ?
ആരെ?
ആ പൊതിയിൽ എഴുതിയ ആളെ.
കണ്ടല്ലോ, അവരുടെ വീട്ടിൽ നിന്ന് ഞാൻ
ആഹാരവും കഴിച്ചു. എന്താ?
എനിക്ക് കാണണം.
തമ്മിൽ അറിയുമോ?
വിഷാദവിസ്മയങ്ങളുടെ ജുഗൽബന്ദി
സ്ഫുരിച്ചുയർന്ന മുഖത്ത് ചിരിയുടെ മുല്ലപ്പൂ വിടർന്നു. നാവിൽ നിന്ന് അക്ഷരങ്ങൾ
നനഞ്ഞിറങ്ങിവന്നു.
ഈ ജീവിതം അവരുടെ സംഭാവനയാണ്.
അതെങ്ങനെ?
ഞാനും കുവൈത്തിലായിരുന്നു കുറെക്കാലം.
വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് ജ്ഞാനിക്കൊപ്പം പോയതാണ്. മലയാളികൾ തീരെ കുറവായ
മങ്കോഫിലെ ഒരു ഫ്ളാറ്റിൽ. പരിചിതമല്ലാത്ത സ്ഥലം, പരിചിതരല്ലാത്ത ആളുകൾ. വെളുപ്പിന്
അഞ്ചു മണിക്ക് ഓഫിസിലേക്കു പോകുന്ന ജ്ഞാനി മടങ്ങിവരുമ്പോൾ സന്ധ്യ കഴിയും.
അസഹനീയമായ ഏകാന്തതയുടെ ചൂടിൽ വിങ്ങിയ ജീവിതത്തെ വിഷാദരോഗത്തിന്റെ വലക്കണ്ണികൾ
വരിഞ്ഞുമുറുക്കി. ഒരു ദിവസം വിശപ്പു സഹിക്കാതെ വന്നപ്പോൾ വയറു നിറച്ചത്
ചികിൽസകൻ തന്ന ഉറക്കഗുളികകൾ. അൽഅമീരി ആശുപത്രി അഭയത്തിന്റെ പരുത്തികൊണ്ട്
പുതപ്പിച്ചു. അവിടത്തെ പ്രഥമശുശ്രൂഷയോടെ ജീവൻ പറിഞ്ഞു പോകാതെ ശേഷിച്ചെങ്കിലും
തുടർന്ന് ജീവിക്കാനുള്ള ആഗ്രഹം വന്ധ്യമായി നിന്നു.
ജീവിതത്തിന്റെ
സൃഷ്ടിചൈതന്യങ്ങളിലേക്ക് എന്നെ ഉണർത്താൻ അവിടെയൊരു മാലാഖ അവതരിച്ചു. ഹെഡ്
നഴ്സ് ലീന. ബൈബിളും ഭഗവദ്ഗീതയും ഖുർ ആനും ഒക്കെ അവർക്കു മന:പാഠം.
ജീവിതത്തിന്റെ വെളിച്ചങ്ങളെക്കുറിച്ചും തുറസുകളെക്കുറിച്ചുമാണ് അവർ
എപ്പോഴും സംസാരിച്ചത്. ജീവന്റെ തുടിപ്പുകളെ കുറിച്ചും ത്രസിപ്പുകളെക്കുറിച്ചും
അവർ എന്നോടും ഭർത്താവിനോടും മാറിമാറി സംസാരിച്ചു. ഇടുങ്ങിയ ഫ്ളാറ്റിലെ
ഇടുങ്ങിയ മുറിയിൽ ഇടുങ്ങി ജീവിക്കുന്നതിന്റെ ഞെരുക്കം മറക്കാൻ അവർ കൂട്ടായി. ഓരോ
ദിവസവും രാവിലെ മുറിയിലേക്കു വരുമ്പോൾ ഒരു തുണ്ടു കടലാസിൽ നാലുവരി
എഴുതിക്കൊണ്ടാണ് അവർ വന്നത്. ചില ദിവസങ്ങളിൽ അത് കവിത. ചിലപ്പോൾ ബൈബിൾ.
മറ്റു ചിലപ്പോൾ ഗീത. ഇടയ്ക്ക് ഖുർആൻ. ചൈനീസ്, ഗ്രീക്ക് തത്വചിന്തകൾ
വേറെ ദിവസങ്ങളിൽ. 25 ദിവസം കൊണ്ട് അവരെന്നെ ജീവിതത്തിന്റെ
നിറപ്പകിട്ടുകളിലേക്ക്, പ്രതീക്ഷയുടെ പച്ചപ്പുകളിലേക്ക്, സ്നേഹത്തിന്റെ
കറുപ്പിലേക്ക് ഒക്കെ നയിച്ചു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ തന്ന
കുറിപ്പിലാണ് ആ കൃഷ്ണനിറം കണ്ടത്.
സ്നേഹത്തിന്റെ നിറം കറുപ്പാണ്,
തീവ്രസ്നേഹത്തിന്റെ നിറം കറുകറുപ്പ്,
കൃഷ്ണന്റെ മെയ്യിലെ മുകിൽ
കറുപ്പ്;
സ്നേഹത്തിന്റെ രാസക്രീഡ.
ലാമിനേറ്റ് ചെയ്ത ആ കാർമേഘക്കീറ്
ഇപ്പോഴും എന്റെ നെഞ്ചിൽ ഒട്ടിക്കിടപ്പുണ്ട്. ഏകാന്തതയുടെ ഫ്ളാറ്റ് മുറിയിലേക്ക് മടങ്ങുന്നത് അപകടമാകും
എന്ന തോന്നലാൽ ജ്ഞാനി എന്നെ നാട്ടിലേക്കു കൊണ്ടു പോന്നു. ആശുപത്രി വിടുമ്പോൾ
നഴ്സ് ലീനയുടെ ചിരിപൊഴിക്കുന്ന മുഖം മനസിൽ തെളിമയോടെ നിന്നു. അമ്മയും സഹോദരങ്ങളും
അയലത്തെ കളിക്കൂട്ടുകാരും ഒക്കെച്ചേർന്നുള്ള ജീവിതം പഴയ എന്നെ തിരിച്ചു
തന്നെങ്കിലും ലീനയെ കാണാനുള്ള ആഗ്രഹം മനസിന്റെ മൂലയിൽ സ്പന്ദിച്ചു കൊണ്ടിരുന്നു. നിരന്തര ആവശ്യം അസഹനീയമായതുകൊണ്ടോ, എന്നെ സന്തോഷിപ്പിക്കാനോ എന്തിനു
വേണ്ടിയായാലും ഭർത്താവ് അൽ അമീരി ആശുപത്രിയിലേക്കു പോയി. പക്ഷേ,
അപ്പോഴേക്കും അവർ അവിടത്തെ ജോലി ഉപേക്ഷിച്ചു മറ്റെവിടെയോ ചേർന്നിരുന്നു.
പുതിയ സ്ഥലം ആരും പറഞ്ഞില്ല.
അമൂല്യമായി സൂക്ഷിച്ചിട്ടുള്ള
തുണ്ടുകടലാസുകളിലെ കൈപ്പട കണ്ടപ്പോൾ എനിക്ക് അതിശയമായി. കാറിനു
പിന്നാലെ കുറെ ഒാടിയെങ്കിലും അപ്പോഴേക്കും നിങ്ങൾ ദൂരെയെത്തിക്കഴിഞ്ഞിരുന്നു. അവരെവിടെയുണ്ടെന്നെനിക്കറിയണം.
വീണ്ടും കാണണം.
അപ്പോഴെന്റെ ഫോൺ ഗദ്ഗദകണ്ഠയായി
വിറച്ചു. മറുവശത്ത് കുമാറിന്റെ ശബ്ദം.
എടാ ഞങ്ങൾ പൊതിയഴിച്ചു.
എന്താരുന്നെടാ സമ്മാനം.
കുറെ ചോക്കലേറ്റ്സ്. കൂട്ടത്തിൽ
ഒാർക്കിഡ് കൊണ്ട് അലങ്കരിച്ച ഒരു ഫോട്ടോ. പിന്നെയൊരു കത്തും.
കത്തോ?
അതെ, നീ ഫോൺ ആ മേധേടെ കയ്യിലോട്ടു കൊടുത്തേ.
ലൗഡ് സ്പീക്കർ പ്രവർത്തിപ്പിച്ചു കൊണ്ട്
മേധ ശ്രവിച്ചു. മറുതലയ്ക്കൽ കുമാർ കത്തു വായിക്കാൻ ആരംഭിച്ചു.
പ്രിയപ്പെട്ട കൂട്ടുകാരി, എന്റെ നഴ്സിംഗ്
ജീവിതത്തിൽ മറക്കാനാവാത്ത ഒരാളാണ് ഈ ചിത്രത്തിലുള്ളത്. ഞാൻ ശുശ്രൂഷിച്ചവരിൽ മനസിൽ
തങ്ങിനിൽക്കുന്ന ഒരാൾ. എന്റെ പരിചരണത്താലാണ് അവർ ജീവിതത്തിലേക്കു തിരികെ
വന്നതെന്നു കാട്ടി ആശുപത്രി തന്ന ഫലകമോ അവർ രോഗമുക്തി നേടിയ ഉടൻ ലഭിച്ച സ്ഥാനക്കയറ്റമോ
അല്ല, അവരെ എന്റെ മനസിൽ ഉറപ്പിച്ചു നിർത്തുന്ന മറ്റെന്തോ ഘടകം ഉണ്ട്. അത്
എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. എന്നിരുന്നാലും അവരെയൊന്നു കാണാൻ മനസ്
വല്ലാതെ കൊതിക്കുന്നു. കൊട്ടാരക്കരയിൽ എവിടെയോ ആണ് താമസം. ഒന്നു കണ്ടു പിടിച്ചു
തരാമോ? : ലീന.
കത്തു വായിച്ചു നിർത്തിയിട്ട് കുമാർ ചോദിച്ചു.
ആ ഫോട്ടോ ആരുടേതാണെന്ന് മേധയ്ക്ക് ഊഹിക്കാമോ?
അതിനുത്തരം പറയാനാവാതെ മേധയുടെ
ചുണ്ടുകൾ വിറകൊണ്ടു. അവരുടെ കണ്ണുകൾ തിളങ്ങുന്നതും മുഖം വിളറുന്നതും ഞാൻ കണ്ടു.
തുടിച്ചുയരുന്ന മാറിടം താഴ്ത്താനോ വേഗമേറി മിടിക്കുന്ന ഹൃദയത്തെ അമർത്താനോ,
എന്തിനു വേണ്ടിയായാലും വലതു കൈപ്പടം അപ്പോൾ നെഞ്ചിനു മേലേ വിടർത്തി വിരിച്ചു
വെച്ചിട്ടുണ്ടായിരുന്നു. പതുക്കെ പതുക്കെ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന് എണ്ണാൻ
പാകത്തിൽ അവരുടെ കണ്ണിൽ നിന്ന് ഒന്നൊന്നായി കണ്ണുനീർ തുള്ളികൾ അടർന്ന് വീഴാൻ
തുടങ്ങി. സ്നേഹത്തിന്റെ കാർമുകിൽ ചുരത്തിയ മഴമുത്തുകൾ.