Sunday, February 20, 2011

പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം


രവിവര്‍മ തമ്പുരാന്‍



















                               നുഷ്യജീവിതത്തിന്‍റെ അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് ആലോചിക്കാം. ആത്മീയതലത്തിലേക്ക് കടക്കാതെ തന്നെയാണ് ചോദ്യം. അപ്പോള്‍ ഉത്തരവും എളുപ്പമാകുന്നു. ആഹാരം,നീഹാരം,മൈഥുനം,നിദ്ര - 
രുചികരമായ ആഹാരം,ആരോഗ്യകരമായ വിസര്‍ജനം,സന്തോഷകരമായ ഇണചേരല്‍,സുഖകരമായ ഉറക്കം -  ഈ നാലും തമ്മിലുള്ള സംതുലനം അഥവാ ബാലന്‍സ് ആണ് നിത്യജീവിതത്തിലെ നമ്മുടെ തൃപ്തിയും അതൃപ്തിയുമൊക്കെ - അഥവാ പ്രത്യാശയും നിരാശയുമൊക്കെ തീരുമാനിക്കുന്നത്.



തികച്ചും ഭൌതികമായ തലത്തില്‍ നിന്നുകൊണ്ട് ആലോചിക്കുമ്പോള്‍ വീണ്ടും ചിലത് കൂടി പറയേണ്ടിവരും. മനുഷ്യര്‍ കാട്ടിക്കൂട്ടുന്ന എല്ലാ അഭ്യാസങ്ങളും ഈ നാലില്‍ ഏതെങ്കിലും ഒന്നിന്‍റെയോ പലതിന്‍റെയോ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ്. അസ്വസ്ഥനായ ഒരു മനുഷ്യനെ പരിശോധിച്ചാല്‍ അവന്‍റെ അസ്വസ്ഥതയ്ക്ക് കാരണവും  ഇവയിലേതെങ്കിലുമൊക്കെയാണെന്നുകാണാം. മനുഷ്യനില്‍ നിന്ന് സമൂഹത്തിലേക്ക് മാറി ചിന്തിക്കുമ്പോഴും ഈ നാലു ജീവിതധര്‍മ്മങ്ങളുടെ പേരില്‍ നടക്കുന്ന കൂട്ടക്കുഴപ്പങ്ങളെപ്പറ്റി നാം മനസ്സിലാക്കണം.


സാധാരണ ജീവിതധര്‍മ്മങ്ങളായിരിക്കുകയും അത് എല്ലാ മനുഷ്യര്‍ക്കും ഒന്നുപോലെ ബാധകമായിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് അതിന്‍റെ പേരില്‍ കുഴപ്പങ്ങളുണ്ടാകുക. അവിടെയാണ് മനുഷ്യന്‍റെ ആര്‍ത്തിയെപ്പറ്റി നാം ചിന്തിക്കേണ്ടിവരിക. തന്നെ പോലെതന്നെ ഒപ്പമുള്ളയാളും ഇക്കാര്യങ്ങള്‍ക്ക്   അര്‍ഹനാണെന്നും അയാള്‍ക്കും ഇതിനൊക്കെ അവകാശമുണ്ടെന്നും നാം മറക്കുന്നു. മറിച്ച്,നമ്മുടെ ശരീരത്തിന് ഉള്‍ക്കൊള്ളാനും കൈകാര്യം ചെയ്യാനുമാകുന്ന വിഭവങ്ങള്‍ എത്രയെന്നുപോലും ആലോചിക്കാതെ നാം വാരിക്കൂട്ടുന്നു.വിഭവങ്ങളുടെ ഈ അമിതചൂഷണം മൂന്ന് വിധ  കുഴപ്പങ്ങളുണ്ടാക്കും.


1. അത് സമാഹരിക്കാന്‍ വേണ്ടി നാം ചെയ്യുന്ന അമിതാധ്വാനം വഴി പാഴായിപ്പോകുന്ന ഊര്‍ജ്ജം.  

2. നമ്മുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വന്നു പാഴായിപോകുന്ന വിഭവം.

3. മറ്റുള്ളവര്‍ക്ക് ആവശ്യത്തിനു വിഭവങ്ങള്‍ കിട്ടാതെവരുന്നത് കൊണ്ടുള്ള കുഴപ്പങ്ങള്‍.



ആ വേദവാക്യം ഇവിടെ ഉദ്ധരിക്കട്ടെ.
ആകാശത്തിലെ പറവകളെ നോക്കി വാഴ്വിന്‍റെ  രഹസ്യം ഗ്രഹിക്കുക. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരകളില്‍ കൂട്ടിവയ്ക്കുന്നില്ല - നമ്മള്‍ ഇത് മൂന്നും ചെയ്യുന്നുണ്ട്. ഫലമോ,പറവകള്‍ സമാധാനമായി പറന്നു കൊണ്ടേയിരിക്കുന്നു. നമ്മളോ,സ്ഥിരമായ സമാധാനക്കേടില്‍ ജീവിക്കുന്നു. വിതയ്ക്കുന്നതും  കൊയ്യുന്നതും കൂട്ടിവയ്ക്കുന്നതും  മനുഷ്യന്‍ അവസാനിപ്പിക്കണം എന്ന് നമുക്ക് വേണമെങ്കില്‍ പറയാം. പക്ഷെ പ്രായോഗികജീവിതത്തില്‍ നാം അത് തന്നെ ചെയ്തു കൊണ്ടേയിരിക്കും. നമ്മുടെ സമാധാനക്കേടുകള്‍ക്ക് പരിഹാരമില്ല എന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉത്തരം അതെ എന്നുതന്നെ. 


പക്ഷെ നമുക്കൊരു ശ്രമം നടത്താം. സമാധാനമില്ലായ്മയുടെ അളവില്‍ ഒരു കുറവ് വരുത്താം. അതെങ്ങനെ ? വിത, കൊയ്ത്ത്,കൂട്ടിവെയ്പ്പ്.. ഇവയില്‍ യുക്തിപൂര്‍വ്വവും  പ്രായോഗികവുമായ  ഒരു നിയന്ത്രണം ഏര്‍പ്പെടുത്താം. ഈ നിയന്ത്രണത്തിന് പറയുന്ന മറ്റൊരു പേരാണ് പരിസ്ഥിതിസംരക്ഷണം.


അപ്പോള്‍ പരിസ്ഥിതി സംരക്ഷിക്കുന്നത് മനുഷ്യന്‍റെ സുഖത്തിനു വേണ്ടിയാണെന്നു വരുന്നു. സമാധാനപൂര്‍ണ്ണമായ ജീവിതത്തിനു വേണ്ടി. രുചികരമായ ആഹാരത്തിനും ആരോഗ്യകരമായ നീഹാരത്തിനും സന്തോഷകരമായ മൈഥുനത്തിനും സുഖകരമായ നിദ്രയ്ക്കും വേണ്ടി.
അതെ,നമ്മുടെ സ്വാര്‍ത്ഥതകളെ  തൃപ്തിപ്പെടുത്താന്‍ വേണ്ടിത്തന്നെയാണ് നാം പരിസ്ഥിതിസംരക്ഷണത്തെപ്പറ്റി ചിന്തിക്കുന്നത്. 


പറഞ്ഞു പറഞ്ഞു പരിസ്ഥിതിസംരക്ഷണം മുന തേഞ്ഞ വാക്കായിപ്പോയിരിക്കുന്നു. ബുദ്ധിജീവികളുടെ നേരമ്പോക്ക്,അധരവ്യായാമം എന്ന രീതിയിലോ,വികസനത്തിന് തുരങ്കം വെയ്ക്കുന്ന പ്രതിലോമകാരികളുടെ അടിസ്ഥാനമില്ലാത്ത തടസ്സവാദങ്ങളായോ, മനുഷ്യമഹാഭൂരിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കാത്ത ചുരുക്കം ആളുകളുടെ  പ്രായോഗികമല്ലാത്ത മൌലികവാദങ്ങളായോ ഒക്കെയായാണ് പലപ്പോഴും ഈ പദം ആക്ഷേപിക്കപ്പെടുന്നത്. ടി.വി.സീരിയലുകളിലും സിനിമകളിലുമൊക്കെ പരിസ്ഥിതിവാദി ഒരു തമാശ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത് കണ്ടിരിക്കും. പക്ഷിനിരീക്ഷണത്തെപ്പറ്റിയും പക്ഷിസംരക്ഷണത്തെപ്പറ്റിയുമൊക്കെ ചിന്തിക്കുന്ന ആളിനെ 'പക്ഷി'എന്നും ജലസംരക്ഷണത്തെപ്പറ്റി സംസാരിക്കുന്ന ആളിനെ 'വെള്ളം' എന്നും വനസംരക്ഷണത്തെപ്പറ്റി പറയുന്ന ആളിനെ 'മരമൌലികവാദി' എന്നുമൊക്കെയല്ലേ നമ്മള്‍ വിശേഷിപ്പിക്കാറ്.   



വനംകൊള്ളയെപ്പറ്റി നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോള്‍, അറബിക്കടലില്‍ മഴ പെയ്യുന്നത് അവിടെ എത്ര മരമുണ്ടായിട്ടാണെന്ന് ഒരു എം.എല്‍.എ ചോദിച്ചിട്ട് ഇരുപത്തഞ്ചുവര്‍ഷമായിട്ടില്ല. സൈലന്‍റ് വാലിയില്‍ ഒരു ജലവൈദ്യുതപദ്ധതിക്കുവേണ്ടി ആലോചനയുണ്ടായപ്പോള്‍ അതിനെതിരെ സമരം ചെയ്തവരെ 'സിംഹവാലന്‍കുരങ്ങുകള്‍' എന്നു കളിയാക്കി വിളിച്ചിട്ട് മുപ്പതുവര്‍ഷമായിട്ടില്ല.അത്തരത്തില്‍ ആക്ഷേപിക്കപ്പെട്ടിരുന്ന അഥവാ പരിഹസിക്കപ്പെട്ടിരുന്ന ഒരു വിഷയത്തിന് ഇത്ര പെട്ടെന്ന് കേന്ദ്രത്തിലും  സംസ്ഥാനത്തും പ്രത്യേകം മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ഓഫീസുകളും ഒക്കെയായിക്കഴിഞ്ഞു. സര്‍വ്വകലാശാലകളില്‍ ഗവേഷണവിഭാഗങ്ങളും കോളേജുകളിലും സ്കൂളുകളിലും പഠനവിഷയവുമൊക്കെയായി.





എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിസ്ഥിതിസംരക്ഷണത്തിന് ഇത്രയേറെ പ്രാധാന്യമുണ്ടാകാന്‍ എന്ത് സംഭവിച്ചു ?
ആകാശം ഇടിഞ്ഞുവീണോ ? 
ഭൂമികുലുക്കമുണ്ടായോ ?
ഭൂമി മുങ്ങിപ്പോകാന്‍ തുടങ്ങിയോ ? 
ഉണ്ടായി എന്നാണ് ഉത്തരം. ഇവയെല്ലാം സംഭവിച്ചുകഴിഞ്ഞു. അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു.
ആകാശം ഇടിഞ്ഞു വീഴാന്‍ പാകത്തില്‍ തുളവീണു നില്‍ക്കുന്നു.അതിലൂടെ വിഷവാതകങ്ങളെത്തി ഭൂമിയുടെ താപം വര്‍ധിപ്പിക്കുന്നു. 
ഭൂമികുലുക്കം,സുനാമി,കൊടുങ്കാറ്റുകള്‍ .....
മണ്ണ്,വായു,വെള്ളം  എന്നിവയുടെ വന്‍തോതിലുള്ള മലിനീകരണം ....
സംഭവിച്ചതിനേക്കാള്‍ വലുത് വരാനിരിക്കുന്നു എന്നാണ് ഭീഷണി.



അറിയാത്ത പിള്ള ചൊറിയുമ്പോഴറിയും, കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കും എന്നൊക്കെ കേട്ടിട്ടില്ലേ ? അത് തന്നെ ഇവിടെയും സംഭവിച്ചു.
അറിയാത്ത പിള്ളയ്ക്ക് അറിയേണ്ടിടത്ത് തന്നെ ചൊറിഞ്ഞു. കണ്ടിട്ട് പഠിക്കാത്തവന് കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. ഇനി കുത്തിയിരുന്നാല്‍ ഇരിക്കുന്നിടം കടലെടുക്കുമെന്നായപ്പോള്‍...മന്ത്രിയായി,വകുപ്പായി, നിയമമായി,നടപടിയായി. ഇനിയിപ്പോള്‍  പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കില്‍ പിടിച്ച് പിഴയീടാക്കാം, അകത്തിടാം, തൂക്കാന്‍ വിധിക്കാം.
ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ ?  



ഒന്നു തിരിഞ്ഞു നോക്കൂ ...
നമ്മുടെ സംസ്കാരത്തിലേക്ക്. കേരളത്തിന്‍റെ, ഭാരതത്തിന്‍റെ....
5000 വര്‍ഷം പഴക്കമുള്ള ഈ സംസ്കൃതി എങ്ങനെയാണ് പ്രകൃതിയെയും പരിസ്ഥിതിയെയുമൊക്കെ സ്നേഹിച്ചിരുന്നത് എന്നു നോക്കൂ.
നമ്മള്‍ പറഞ്ഞിരുന്നത് പ്രകൃതിയും പുരുഷനും എന്നാണ്. സ്ത്രീയാണ് പ്രകൃതി. സ്ത്രീയും പുരുഷനും ഒന്നു ചേരാത്ത ജീവിതം എത്രമാത്രം അപൂര്‍ണ്ണവും അര്‍ത്ഥശൂന്യവുമാണോ അതുപോലെ അര്‍ത്ഥശൂന്യമാണ് പ്രകൃതിയും പുരുഷനും അഥവാ പ്രകൃതിയും മനുഷ്യനും യോജിക്കാത്ത ജീവിതം. രണ്ടും ഫിഫ്റ്റി ഫിഫ്റ്റിയാണ്.നമുക്കൊരു ദൈവമുണ്ട്. അര്‍ദ്ധനാരീശ്വരന്‍. പ്രകൃതിയും മനുഷ്യനും ഒന്നുചേരുമ്പോള്‍ അവിടം ദൈവസങ്കേതം പോലെ പരിശുദ്ധമാകും  എന്ന ആശയത്തിന്‍റെ പിക്ച്ചറൈസേഷന്‍ ആണ് ആ ദൈവം.



നമ്മള്‍ വൃക്ഷങ്ങളെ പൂജിച്ചിരുന്നവരാണ്. 
അത്തി,ഇത്തി, അരയാല്,പേരാല്....
കൂവളം,ചമത,ചന്ദനം.... 
തുളസി,ചെമ്പരത്തി,ശംഖുപുഷ്പം.... 
തെറ്റി, മുല്ല,നന്ത്യാര്‍വട്ടം... 
കറുക,മുക്കൂറ്റി,കയ്യോന്നി... 
നോക്കൂ, നിലം പറ്റി വളരുന്ന കറുകപ്പുല്ല് മുതല്‍ വൃക്ഷങ്ങളുടെ രാജാവായ അരയാലുവരെ നമുക്ക് വിശുദ്ധങ്ങളായിരുന്നു.ഇവയില്‍ പലതും ദൈവങ്ങളോ ദൈവപ്രീതിക്കുള്ള  ദേശീയപാതകളോ ആയിരുന്നു.



നമ്മള്‍ ജന്തുക്കളെ പൂജിച്ചിരുന്നവരാണ്.ദൈവത്തിന്‍റെ പ്രതിരൂപമായോ ഇഷ്ടദൈവങ്ങളുടെ വാഹനമായോ ഒക്കെ നാം മൃഗങ്ങളെ പൂജിച്ചു, സംരക്ഷിച്ചു. ഗണപതിയുടെ സ്ഥാനത്താണ് നാം ആനയെ കണ്ടത്.ഗണപതിയുടെ വാഹനം എലി,ശിവന് കാള, ശ്രീകൃഷ്ണന് പശു, അയ്യപ്പന് കുതിര, ഭദ്രകാളിക്ക് സിംഹം.. അങ്ങനെ പോകുന്നു മൃഗപുരാണം.
പക്ഷികളുടെ കഥയോ...  മഹാവിഷ്ണുവിന് ഗരുഡനും സുബ്രഹ്മണ്യന് മയിലും വാഹനമാകുന്നു. എഴുത്തച്ഛന്‍ രാമായണവും ഭാഗവതവുമൊക്കെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ പറയിക്കാന്‍ മാധ്യമമാക്കിയതോ, തത്തയെ.






സര്‍പ്പങ്ങളെ നാം പൂജിച്ചു, ആരാധിച്ചു. സര്‍പ്പപ്രീതിക്ക് നമ്മള്‍ കാവും കുളങ്ങളും നിര്‍മ്മിച്ചു. മരങ്ങളും മലകളും നമുക്ക് ദൈവങ്ങളായിരുന്നു. മലകളുടെ മലയായ ഹിമവാനും ഹിമവാന്‍റെ മകളായ പാര്‍വ്വതിയുമൊക്കെ നമ്മുടെ ദൈവങ്ങളല്ലേ. നദികളും നമുക്ക് ദേവതമാരല്ലേ ?
സൂര്യനും ചന്ദ്രനും നവഗ്രഹങ്ങളുമൊക്കെ നമ്മുടെ ദൈവങ്ങളല്ലേ.
ദൈവങ്ങളെയും ദൈവികസങ്കേതങ്ങളുമൊക്കെ നാം പൂജിക്കണ്ടേ, ആരാധിക്കണ്ടേ,പവിത്രമായി സൂക്ഷിക്കണ്ടേ? സംരക്ഷിക്കേണ്ടേ?
അതുതന്നെയായിരുന്നു യഥാര്‍ത്ഥ പരിസ്ഥിതിസംരക്ഷണം.



ഈ വിവരണത്തില്‍ നിന്ന് എന്ത് മനസ്സിലാക്കി ? തികച്ചും അപരിഷ്കൃതരായിരുന്നു ഭാരതീയര്‍ എന്നോ?
അങ്ങനെയാണ് ഇവിടേയ്ക്ക് കടന്നുവന്ന വിദേശീയര്‍ വിചാരിച്ചത്, നമ്മളോട് പറഞ്ഞത്, നമ്മളെ പരിഹസിച്ചത്‌. അധികം ആലോചിക്കാന്‍ മെനക്കെടാതിരുന്നത് കൊണ്ട് നമ്മളും അത് വിശ്വസിച്ചു.


നമ്മളും നമ്മെ തന്നെ പരിഹസിക്കാന്‍ തുടങ്ങി. അപരിഷ്കൃതര്‍, അന്ധവിശ്വാസികള്‍. ഭാരതീയമായതെല്ലാം അന്ധവിശ്വാസവും പടിഞ്ഞാറ് നിന്ന് വന്നതെല്ലാം പുരോഗമനവും ആണെന്ന് വന്നവരും നിന്നവരും ചേര്‍ന്ന് പറയാന്‍ തുടങ്ങി. ഫലമോ,അന്ധവിശ്വാസങ്ങളും ശുദ്ധ അസംബന്ധങ്ങളുമായതിനെയെല്ലാം നമ്മള്‍ ഉപേക്ഷിച്ചു. അവഗണിച്ചു. യുക്തിയുടെ ഉലയിലിട്ടു നീറ്റി നീറ്റി നമ്മുടെ വിശ്വാസങ്ങളെ കൊന്നു കുഴിച്ചുമൂടി. മറിച്ച്, പ്രകൃതിസംരക്ഷണം ഒരു കടമയായി തോന്നാന്‍ അവയ്ക്ക് ദൈവികപരിവേഷം നല്‍കി മഹത്ത്വവല്‍ക്കരിക്കുകയായിരുന്നു നമ്മുടെ പൂര്‍വ്വികര്‍, എന്ന് ആലോചിക്കാനുള്ള ക്ഷമ നമുക്ക് ഇല്ലാതെപോയി.
ഫലമോ, കുറേക്കാലം നമുക്ക് കുഴപ്പമില്ലാതെ കഴിഞ്ഞുപോകാന്‍ പറ്റി.അത് തെറ്റ് ചെയ്യാനുള്ള സമയമായിരുന്നു. വിതയ്ക്കാനുള്ള സമയമായിരുന്നു.നമ്മള്‍ വിതച്ചതെല്ലാം നമ്മള്‍ തന്നെ കൊയ്തു. കൊയ്തു കൂട്ടിയപ്പോഴോ, ഉണ്ണാനും കളപ്പുരയില്‍ നിറയ്ക്കാനുള്ളതുമെല്ലാം കിട്ടി. അപ്പോള്‍ അറിയാത്ത പിള്ളയ്ക്ക് ചൊറിഞ്ഞു. കണ്ടിട്ടു പഠിക്കാത്തവന് കൊള്ളേണ്ടിടത്തുകൊണ്ടു. വകുപ്പായി, മന്ത്രിയായി,നിയമമായി,നടപടിയായി.




മനുഷ്യന്‍റെ ജീവിതം അവന്‍ ജീവിക്കുന്ന ഭൂമിയുമായും ചുറ്റുപാടുകളുമായും പ്രകൃതിയിലെ മറ്റു ജീവികളുമായും സസ്യജാലങ്ങളുമായും പ്രപഞ്ചശക്തികളുമായും ഒക്കെ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമ്മെ പഠിപ്പിക്കുന്നു ഭാരതീയ തത്വചിന്ത. അതില്‍ നിന്ന് വഴിമാറി നടന്നതും പ്രകൃതിയിലുള്ള എല്ലാം മനുഷ്യന്‍റെ സുഖത്തിനുവേണ്ടി ദൈവം സൃഷ്ടടിച്ചതാണെന്ന്  നമ്മള്‍ ചിന്തിക്കാന്‍ തുടങ്ങിയതുമാണ്  യഥാര്‍ത്ഥ പരിസ്ഥിതി തകര്‍ച്ചയുണ്ടാക്കിയത്.ഇനി നമുക്ക് ആ പഴമയിലേക്കു എത്രമാത്രം തിരിച്ചുപോകാനാവും എന്നറിയില്ല. പക്ഷെ, ഇനിയുള്ളത് സംരക്ഷിക്കാന്‍ നമുക്ക് നമ്മുടെ പൈതൃകം ഒരു ഊന്നുവടിയാകട്ടെ. നമ്മുടെ സംസ്കാരത്തിന്‍റെ സമ്പന്നതയില്‍ നമുക്ക് അഭിമാനിക്കാം.സര്‍പ്പപൂജയില്‍ വിശ്വസിക്കാത്തവര്‍ക്കും കാവും കുളവും സൃഷ്ടിക്കാനും നിലനിര്‍ത്താനും സംരക്ഷിക്കാനും കഴിയും.








ഡോ.ഡി.ബാബുപോളിന്‍റെ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത് ഇവിടെ എടുത്തുദ്ധരിക്കട്ടെ. കാവുകളുടെ സംരക്ഷണം അവിടെയുള്ള മരക്കൂട്ടങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. അവയെ സംരക്ഷിക്കണമെന്ന് പറയുമ്പോള്‍ തിരിഞ്ഞു നിന്ന് വിഗ്രഹാരാധനക്കാര്‍ എന്നു മുദ്ര കുത്തേണ്ടതില്ല. ഒരു പള്ളിയില്‍  തീപിടുത്തമുണ്ടായാല്‍ അക്രൈസ്തവരെ തീയണയ്ക്കാന്‍  നാം വിളിക്കുകയില്ലേ ? അഥവാ ഒരമ്പലത്തില്‍ തീയാളിപ്പടര്‍ന്നാല്‍ അവിടെ സഹായിക്കാതെ മാറി നില്‍ക്കുന്നത് ക്രിസ്ത്യാനിക്ക് ചേര്‍ന്ന സ്വഭാവമാണോ?  പരിസ്ഥിതിസംതുലനത്തില്‍ ഒരു കാവിനുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ അതു സംരക്ഷിക്കണം എന്നുപറയുന്നത് എത്രയധികം പ്രാധാന്യത്തോടെ കാണേണ്ടതാണ് ? എന്നാണ് ഡോ.ബാബുപോള്‍ പറയുന്നത്.




ജോയിന്‍റ് ഇക്കോളജിക്കല്‍ കമ്മീഷന്‍ പുറത്തിറക്കിയ 'ഹരിതദൈവശാസ്ത്രം' എന്ന ചെറുഗ്രന്ഥത്തില്‍ മാര്‍ത്തോമസഭയിലെ വൈദികനായ റവ.കെ.എ. എബ്രഹാം പറയുന്നു.സൃഷ്ടിക്കപ്പെട്ടതെല്ലാം മനുഷ്യന് വേണ്ടിയാണ് എന്ന ചിന്ത അപകടമാണ്.അവര്‍ സമുദ്രത്തിന്‍മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ജാതിയിന്മേലും വാഴട്ടെ എന്നു ആദിമനുഷ്യന് ദൈവം നല്‍കിയ നിയോഗം തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യത്തിനായി പ്രകൃതിയെ യഥേഷ്ടം ചൂഷണം ചെയ്യുന്നതിനുള്ള ദൈവികഅംഗീകാരമല്ല. പാഴും ശൂന്യവുമായതില്‍ നിന്ന് ദൈവം ജീവന്‍ ഉളവാക്കിയെങ്കില്‍ അത് ഇനി പാഴും ശൂന്യവുമായ അവസ്ഥയിലേക്ക് തിരിച്ചു പോകുന്നതിനു ദൈവം ആഗ്രഹിക്കുന്നില്ല.

ഇതേ ഗ്രന്ഥത്തില്‍ ടി.എല്‍.സി മുന്‍സെക്രട്ടറി ഡോ.അന്നമ്മ ജോര്‍ജ്ജ് പറയുന്നു. വേദപുസ്തകത്തില്‍ പ്രകൃതി അതിന്‍റെ സൃഷ്ടാവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. തീയിലും വെള്ളത്തിലും കാറ്റിലും  യഹോവയെ കാണാം. ഇയ്യോബിന്‍റെ പുസ്തകത്തില്‍ മനുഷ്യന്‍ പ്രകൃതിയെ നോക്കി പഠിക്കുവാന്‍ പറയുന്നു. ഭൂമിയിലെ രക്ഷാസംവിധാനം പ്രകൃതിയെ ചുറ്റിപ്പറ്റിയുള്ളതാണ് - മണ്ണ്,വായു,വൃക്ഷലതാദികള്‍, പക്ഷികള്‍, കടലും അതിലെ ജന്തുക്കളും ഉള്‍ക്കൊള്ളുന്നതാണ്. മനുഷ്യര്‍ തെറ്റ് ചെയ്യുമ്പോള്‍ പ്രകൃതിപ്രതിഭാസങ്ങളാണ് അവരുടെ തെറ്റുതിരുത്താന്‍  ഉപയോഗിക്കുന്നത്.




ഭാരതീയ തത്വചിന്ത 5000 വര്‍ഷം മുമ്പ് ലോകത്തിന്‍റെ മുമ്പില്‍ വെച്ച ആശയം, ബൈബിളില്‍ സ്പഷ്ടമായി പറഞ്ഞിരുന്ന ആശയം, പരിഷ്കാരം എന്ന് തെറ്റിദ്ധരിച്ചു നാം സ്വീകരിച്ച ജീവിതശൈലികളുടെ പേരില്‍ അവഗണിക്കപ്പെട്ടു പോയ ആശയം ... അതെ, പരിസ്ഥിതിസംരക്ഷണം, ഇപ്പോള്‍ ലോകം സ്വീകരിച്ചിരിക്കുകയാണ്.മണ്ണ്,വെള്ളം,വായു,മരം,മൃഗം,പക്ഷി,ആകാശം,ഭൂമി, സൂര്യചന്ദ്രന്മാര്‍ തുടങ്ങി എല്ലാം പരസ്പരബന്ധിതമാണെന്നും ഇവയുടെയൊക്കെ സംരക്ഷണവും കരുതലോടെയുള്ള ഉപയോഗവും മനുഷ്യന്‍റെ കടമയാണെന്നും ലോകസമൂഹം അംഗീകരിച്ചതും അതിനുവേണ്ടി നിയമനിര്‍മ്മാണങ്ങളുണ്ടായതും 1970 കളിലാണ്.



1972 ലെ 'സ്റ്റോക്ക്ഹോം മാനവപരിസ്ഥിതിസമ്മേളന'മാണ് ഇത്തരത്തിലുള്ള ആദ്യ ചുവടുവയ്പ്പ്. നമ്മുടെ സാങ്കേതിക,ഭൌതികജീവിതസംസ്കാരത്തില്‍ കടന്നുകൂടിയിട്ടുള്ള അപാകതകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്ത സമ്മേളനം. അതിനുള്ള പോംവഴിയായി സുസ്ഥിരവികസനം അഥവാ 'സസ്റ്റയിനബിള്‍ ഡവലപ്മെന്‍റ്' എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആ സമ്മേളനത്തില്‍ പങ്കെടുത്തതിന്‍റെ ഫലമാണ്, പിന്നീട് ഇന്ത്യയിലുണ്ടായ ഒട്ടേറെ നിയമനിര്‍മ്മാണങ്ങള്‍.



അതുവരെ വനംവകുപ്പ് കാട്ടിലെ മരങ്ങള്‍ വെട്ടിവിറ്റ്, സര്‍ക്കാരിലേക്ക് വരുമാനമുണ്ടാക്കാനുള്ള വകുപ്പായിരുന്നെങ്കില്‍ പിന്നീട് വനംവകുപ്പ് കാട്ടിലെ മരങ്ങളെയും പക്ഷി-മൃഗാദികളെയും സംരക്ഷിക്കാനുള്ള വകുപ്പായി മാറി. നിയമനിര്‍മ്മാണത്തിന് ഏഴെട്ടുവര്‍ഷങ്ങള്‍ വേണ്ടിവന്നത് അനുബന്ധം.
1977,1980 വര്‍ഷങ്ങളിലാണ് ദേശീയ വനം,വന്യജീവിസംരക്ഷണ നിയമമുണ്ടായത്. ഐക്യരാഷ്ട്രസംഘടനയ്ക്ക് തന്നെ ഒരു പരിസ്ഥിതി വിഭാഗമുണ്ടാകുകയും ( UNEP ) ലോകമൊട്ടാകെയുള്ള പരിസ്ഥിതിപ്രശ്നങ്ങള്‍ ഗൌരവതരമായ പഠനത്തിനു  വിധേയമാകുകയും ചെയ്തതിന്‍റെ ഫലമായിരുന്നു 1972 ലെ  സ്റ്റോക്ക്ഹോം സമ്മേളനം.

1987 ല്‍ UNEP യുടെ ഗവേണിംഗ് കൌണ്‍സില്‍, 'ജൈവവൈവിധ്യകരാര്‍' എന്ന ആശയത്തിന് രൂപംകൊടുത്തു. തുടര്‍ന്ന്, ഈ ഗവേണിംഗ് കൌണ്‍സില്‍ ജൈവവൈവിധ്യവിദഗ്ധരുടെ ഒരു താല്‍കാലിക കര്‍മസമിതി രൂപീകരിച്ചു. 1988 ല്‍ ഈ സമിതി ഒത്തുകൂടി ചര്‍ച്ച നടത്തി. ഇതിന്‍റെ തുടര്‍ച്ചയായി അന്താരാഷ്‌ട്ര ജൈവവൈവിധ്യതീര്‍പ്പുകമ്മിറ്റി 1991 ല്‍ നിലവില്‍വന്നു. ഈ കമ്മിറ്റി, 'കണ്‍വന്‍ഷന്‍ ഓണ്‍ ബയോഡൈവേഴ്സിറ്റി'യുടെ കരടുരൂപം തയ്യാറാക്കി. 101 രാജ്യങ്ങളിലെ ഗവണ്‍മെന്റുകളുടെ പിന്തുണയോടെ 1992 മെയ്‌ മാസത്തില്‍ നയ്റോബിയില്‍ ചേര്‍ന്ന സമ്മേളനം ഈ കരട് ചര്‍ച്ച ചെയ്ത് അന്തിമരൂപം തയ്യാറാക്കി. 1992 ജൂണില്‍ ബ്രസീലിലെ റിയോ ഡി ജെനീറോയില്‍ നടന്ന രാജ്യാന്തര ഭൌമ ഉച്ചകോടിയില്‍ ഈ കരാറി ന്‍റെ വ്യവസ്ഥകള്‍ വായിച്ചവതരിപ്പിച്ച് അന്തിമഅംഗീകാരം സമ്പാദിച്ചു. 1993 ഡിസംബര്‍ 29 ന് പ്രാബല്യത്തില്‍ വന്ന ലോകജൈവവൈവിധ്യകരാറില്‍ ഇപ്പോള്‍ ഇന്ത്യയടക്കം 171 രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്.കരാര്‍, ലോകരാജ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മള്‍ ഭാരതീയര്‍ പണ്ട് പറഞ്ഞ സംഗതി തന്നെ. ഭൂമുഖത്തുള്ള സസ്യങ്ങളും മൃഗങ്ങളും പക്ഷികളും ഉള്‍പ്പെട്ട ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് മനുഷ്യന്‍റെ കടമയാണ്. സര്‍ക്കാരുകളുടെ കടമയാണ്.






ഭൂമുഖത്ത് ആകെ ഒരു കോടി SPECIES കള്‍ ഉണ്ടെങ്കിലും ഇതുവരെ നമ്മള്‍ കണ്ടറിഞ്ഞു  മനസ്സിലാക്കിയിട്ടുള്ളത് 16 ലക്ഷം മാത്രം. ഇവയില്‍ പലതും വംശനാശഭീഷണിയിലുമാണ്. ഇവയോരോന്നിനെയും സംരക്ഷിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഭൂമി മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത പ്രദേശമായിത്തീരും. കാരണമെന്തെന്നോ, മനുഷ്യന് ആവശ്യമുള്ള ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം, ഔഷധം തുടങ്ങിയവയെല്ലാം തരുന്നത് അപൂര്‍വ്വവും അമൂല്യവുമായ ഈ ജൈവവൈവിധ്യമാണ്. ഇത് ഭൂമിയുടെ മാത്രം പ്രത്യേകതയാണ്. ഇതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാം നമ്മെത്തന്നെയാണ് കൊല്ലുന്നത്.


ജൈവവൈവിധ്യസംരക്ഷണത്തെപ്പോലെതന്നെ പ്രാധാന്യമുള്ളതാണ് ജലസംരക്ഷണം.വെള്ളം ഉള്ളതുകൊണ്ടാണ് ഭൂമിയില്‍ ജീവന്‍ ഉണ്ടായതും നിലനില്‍ക്കുന്നതും എന്നു നമ്മള്‍ പഠിച്ചിട്ടുണ്ട്. ഭൂമിയിലെ മൂന്നില്‍ രണ്ടു ഭാഗം വെള്ളമാണെന്നും പഠിച്ചിട്ടുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ സ്ഥിതി എന്താണ്. നേരത്തെ പറഞ്ഞതുപോലെ, നദികളെ ദേവിമാരായി കണ്ടിരുന്ന, വെള്ളത്തെ ഗംഗാദേവിയായി കണ്ടിരുന്ന ഭാരതീയര്‍, മറ്റുരാജ്യക്കാരെപ്പോലെ ഇവിടെയും ജലത്തിന്‍റെ  വിലയറിയാതെ ചെലവാക്കാനും ദുരുപയോഗം ചെയ്യാനും മലിനീകരിക്കാനുമൊക്കെ തുടങ്ങി.ഇപ്പോഴത്തെ സ്ഥിതിഎന്താണെന്നറിയുമോ?
ലോകത്തില്‍ ആകെയുള്ള ജലത്തിന്‍റെ  മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം. ബാക്കി 97 ശതമാനവും സമുദ്രത്തിലുള്ള ഉപ്പുവെള്ളമാണ്. ഉള്ള ശുദ്ധജലത്തിന്‍റെ തന്നെ 77  ശതമാനം മഞ്ഞുമലകളിലും ഹിമാനികളിലുമാണ്. ബാക്കിയുള്ള ശുദ്ധജലത്തിന്‍റെ മുന്തിയഭാഗവും മണ്ണില്‍ കലര്‍ന്ന ഭൂഗര്‍ഭജലമാണ്.കുളങ്ങള്‍,കിണറുകള്‍,തോടുകള്‍,ശുദ്ധജലതടാകങ്ങള്‍,നദികള്‍ എന്നിവയെല്ലാം കൂടി നമുക്ക് നേരിട്ട് എടുത്ത് ഉപയോഗിക്കാന്‍ പാകത്തിലുള്ള ശുദ്ധജലം 0.3 ശതമാനം മാത്രം. അപ്പോള്‍ നമ്മുടെ കയ്യിലുള്ള ശുദ്ധജലത്തിന്‍റെ
 മൂല്യം എത്ര വലുതാണെന്ന് നോക്കു.
ഈ വെള്ളം സംരക്ഷിക്കുന്നതിനാണ് നമ്മള്‍ കാവും കുളവും സംരക്ഷിച്ചിരുന്നത്. വനം സംരക്ഷിച്ചിരുന്നത്. ഒരു ഹെക്ടര്‍ വനത്തിന് 30000 ഘനമീറ്റര്‍ മഴവെള്ളം സംഭരിച്ചുനിര്‍ത്താനാവും.



ലോകമൊട്ടാകെ 200 കോടി ജനങ്ങള്‍ ( ആകെയുള്ളത് 600 കോടി ) കുടിക്കാനുള്ള ശുദ്ധജലം കിട്ടാതെ വിഷമിക്കുന്നുവെന്നാണ് കണക്ക്. പ്രതിവര്‍ഷം 3000 മില്ലിമീറ്റര്‍ മഴ കിട്ടുന്ന 44 നദികളും 45 ലക്ഷം കിണറുകളും ആയിരക്കണക്കിന് കുളങ്ങളുമുള്ള കേരളം ഏതാനും വര്‍ഷമായി മഴതോര്‍ന്നാലുടന്‍ വറ്റിവരളുന്നത്‌ നമുക്ക് അറിയാവുന്ന വസ്തുതയാണ്. അപ്പോള്‍ എത്ര ശ്രദ്ധയോടെയും മിതമായ അളവിലും വേണം വെള്ളം ഉപയോഗിക്കുവാന്‍ എന്നു മനസ്സിലാക്കുക.

പണ്ട് നമുക്ക് വെള്ളം എടുക്കുവാന്‍ പ്രത്യേക തരം പാത്രങ്ങളുണ്ടായിരുന്നു. കിണ്ടിയും കൂജയും. വെള്ളത്തിന്‍റെ മിതമായ ഉപയോഗം സാധ്യമാക്കുന്ന ഈ പാത്രങ്ങള്‍ ഇന്നെവിടെ ?




പോയ്മറഞ്ഞ സൗഭാഗ്യങ്ങളെയോര്‍ത്ത് കണ്ണീര്‍വാര്‍ത്തിട്ട് ഇനി കാര്യമില്ല. നാം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ബോധാവാന്മാരാകാന്‍ ഇനി വൈകരുതെന്നു മാത്രം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭൌതികവശം ( സുഖകരമായ ആഹാര, നീഹാര,മൈഥുന,നിദ്രകള്‍ ) നോക്കിയാലും അതിന്‍റെ ആത്മീയവശം (ലോകസമാധാനം ) നോക്കിയാലും നമുക്ക് ആ ദൌത്യത്തില്‍ നിന്നു പിന്മാറാനാകില്ല. അതു നിത്യജീവിതത്തിന്‍റെ ശൈലിയാക്കേണ്ടിവരുമ്പോള്‍ ലജ്ജയോ പരിഷ്കാരമില്ലായ്മയോ തോന്നാന്‍പാടില്ല. മറിച്ച്, നമ്മുടെ വേരുകളില്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആ മഹത്തായ ദൌത്യത്തിന്‍റെ നിര്‍വ്വഹണത്തില്‍ നമുക്ക് പങ്കാളികളാകാം.









ഈശോവാസ്യ ഉപനിഷത്തിന്‍റെ പ്രാരംഭശ്ലോകം ഇങ്ങനെയാണ്.

ഈശാവാസ്യമിദം സര്‍വം 
യദ്കിഞ്ച ജഗത്യാം ജഗത് 
ത്യേന ത്യേക്തേന ഭുഞ്ജീഥാ
മാഗ്രിധ കസ്യസ്വീദ്ധനം 

ലളിതമായി പറഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്.

"ഈശ്വരന്‍ ഈ ജഗത്തില്‍ എല്ലായിടത്തും ആവസിക്കുന്നു. ഈ പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും ഇവിടെയുള്ള എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അതിനാല്‍ മറ്റുള്ളവര്‍ക്ക് കൊടുക്കാതെ ഒന്നും അപഹരിച്ചുകൊണ്ടുപോയി ആരും അനുഭവിക്കരുത്."

പരിസ്ഥിതി സംരക്ഷണത്തിനുള്ള ഭാരതത്തിന്‍റെ കരുതലാണ് ഈ ശ്ലോകം വെളിവാക്കുന്നത്. ഈ ശ്ലോകമാവട്ടെ നമ്മുടെ ജീവിതത്തിന്‍റെ മുദ്രാവാക്യം.

                                                      O
ഫോണ്‍ - 9495851717
  ചിത്രങ്ങള്‍ - GOOGLE

2 comments:

  1. ഈശാവാസ്യമിദം സര്‍വം
    യദ്കിഞ്ച ജഗത്യാം ജഗത്
    ത്യേന ത്യേക്തേന ഭുഞ്ജീഥാ
    മാഗ്രിധ കസ്യസ്വീദ്ധനം ..

    അതെ, ഈ ശ്ലോകമാവട്ടെ നമ്മുടെ ജീവിതത്തിന്‍റെ മുദ്രാവാക്യം.

    ReplyDelete
  2. പ്രകൃതിയിലേക്കും പഴമയിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകത വ്യക്തമായി വരച്ചു കാട്ടി ഇരിക്കുന്നു

    ReplyDelete

Leave your comment