Sunday, September 28, 2014

വീനസ്‌ ഫ്ലൈ ട്രാപ്‌

കഥ
ഡോ.മനോജ്‌ വെള്ളനാട്


      ഗരത്തിലെ ഏറ്റവും ഉയരമുള്ള ഫ്ലാറ്റ്‌ സമുച്ചയത്തിന്റെ ലോബിയിൽ സെക്യൂരിറ്റി ഗാർഡ്‌ തുറന്നുവെച്ച അതിഥിപുസ്തകത്തിൽ പേരെഴുതി അലക്സ്‌ മാത്യൂ ലിഫ്റ്റിനടുത്തേക്ക്‌ നടന്നു. ഔദ്യോഗികവേഷത്തിലല്ലെങ്കിലും ബൂട്ട്സ്‌ കണ്ട്‌ താനൊരു പോലീസുകാരനാണെന്ന് സെക്യൂരിറ്റി മനസ്സിലാക്കിയിട്ടുണ്ടാകുമെന്ന് അയാൾ മനസ്സിൽ കരുതി. 19 എന്ന ബട്ടണമർത്തി പിറകോട്ട്‌ മാറി ലിഫ്റ്റിനകത്തെ ചുമരിൽ ഘടിപ്പിച്ച തടിച്ച ലോഹവടിയിൽ കൈകൾ പിന്നിലേക്ക്‌ പിണച്ചു പിടിച്ചുനിന്ന് ആഴത്തിൽ നിശ്വസിച്ചു.

19A എന്നെഴുതിയ വാതിലിന്റെ വശത്തെ വിളിമണിയുടെ സ്വിച്ചിൽ വലതുകൈയുടെ തള്ളവിരൽ അമർത്തി കാത്തുനിന്നു. സ്വിച്ചിനു മുകളിൽ സ്വർണ്ണപ്രതലത്തിൽ കറുത്ത അക്ഷരങ്ങളിലുള്ള നാമസൂചിക ആദ്യം കാണുന്നയാളെപ്പോലെ നോക്കിനിന്നു. Mrs.ROOPA. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ അതിരുകൾക്കുള്ളിൽ ഒതുങ്ങാത്ത പേര്‌. ഒരു രൂപവും നൽകാത്ത പേര്‌. മുമ്പ്‌ പലപ്പോഴും ഈ പേര്‌ വായിക്കുമ്പോൾ അയാൾക്കിതേ ചിന്തകൾ ഉണ്ടായിട്ടുള്ളതാണ്‌.

ആ സമുച്ചയത്തിലെ ഏറ്റവും മുകളിലത്തെ ഫ്ലാറ്റാണിത്‌. രൂപ തനിച്ചാണിവിടെ താമസം. ഒരു കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി രണ്ടുമാസം മുമ്പാണ്‌ ആദ്യമായി മാത്യൂസ്‌ ഇവിടെ വരുന്നത്‌. പിന്നെ പലപ്പോഴായി ചോദ്യം ചെയ്യാനായി വിളിക്കുമ്പോഴും തുടർന്ന് മൊബൈലിലൂടെയും ഫേസ്‌ബുക്കിലൂടെയും ആ സൗഹൃദം വളരുകയായിരുന്നു. അന്വേഷണസംഘത്തിലെ ഒരു കീഴുദ്യോഗസ്ഥൻ മാത്രമായ തനിക്ക്‌ അന്വേഷണത്തിന്‌ സഹായകരമാകുന്ന കാതലായ തെളിവുകൾ കണ്ടെത്തി നൽകാനുള്ള ആത്മാർത്ഥത കൊണ്ടല്ല ഈ വരവെന്ന് അയാൾക്ക്‌ തന്നെയറിയാം. ഭർത്താവു മരിച്ച്‌ ഒറ്റയ്ക്ക്‌ താമസിക്കുന്ന സുന്ദരിയായ യുവതിയുമായുള്ള സൗഹൃദം അന്ത:രംഗങ്ങളിൽ ഉണർത്തുന്ന ഒരു അനുഭൂതിക്കപ്പുറം ഒന്നുമില്ല. അനൗദ്യോഗികമായ ഈ സന്ദർശനത്തിന്റെ രഹസ്യ അജണ്ടയ്ക്ക്‌ ഇന്നു ലഭിച്ച ഫോറെൻസിക്‌ റിപ്പോർട്ടിന്റെ പ്രത്യക്ഷ പിന്തുണയും ഉണ്ട്‌.

രണ്ടുമാസങ്ങൾക്ക്‌ മുമ്പാണ്‌ രൂപയുടെ അഞ്ചുസുഹൃത്തുക്കളെ അവരവരുടെ വ്യത്യസ്ത താമസസ്ഥലങ്ങളിൽ ഒരേദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്‌. 25-ഉം 26-ഉം വയസ്സുമാത്രം പ്രായമുള്ള അർജുൻ, ദീപക്‌, ഡൊമിനിക്‌,  ഷാജു, ഫൈസൽ എന്നിവരെ കിടപ്പുമുറിയിൽ നിലത്തും കട്ടിലിലും ബാത്ത്‌റുമിലും ഒക്കെയായി. എല്ലാവരും നഗരത്തിലെ പ്രമുഖ സോഫ്റ്റ്‌വെയർ നിർമ്മാണസ്ഥാപനത്തിലെ ഉദ്യോഗസ്ഥർ. മരണസമയത്ത്‌ അഞ്ചുപേരും മദ്യപിച്ചിരുന്നു. അതും അഞ്ച്‌ വ്യത്യസ്ത ഇനം മദ്യം. മുറികൾ അകത്തു നിന്നും പൂട്ടിയ സ്ഥിതിയിലായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്നു തന്നെ ആരും പറയും. പക്ഷെ അഞ്ചുപേരും ഒരു ദിവസം, എന്തിന്‌...?

ഫ്ലാറ്റിനകത്തു നിന്നും പതിഞ്ഞ കാലടിയുടെയും വസ്ത്രം നിലത്തിഴയുന്നതിന്റെയും ശബ്ദം വാതിലിനടുത്തേക്ക്‌ വരുന്നത്‌ മാത്യൂസ്‌ അറിഞ്ഞു. അപ്രതീക്ഷിതമായി തന്നെ കാണുമ്പോൾ രൂപ എങ്ങനെ പ്രതികരിക്കും എന്നോർത്തയാൾ ഒരു നിമിഷത്തേക്ക്‌ ആകുലപ്പെട്ടു. അടുത്തേക്ക്‌ വന്ന ശബ്ദം നിലച്ചിട്ടും വാതിൽ തുറക്കാൻ പിന്നെയും വൈകി. തിളങ്ങുന്ന സ്ലീവ്‌ലെസ്‌ നൈറ്റിയിൽ അതീവസുന്ദരിയായി, പാതിതുറന്ന വാതിലിൽ ചാരിനിന്ന് ഒരു കുസൃതിച്ചിരിയോടെ രൂപ ചോദിച്ചു:

"ഈ രാത്രിയിലും ഉണ്ടോ ചോദ്യം ചെയ്യൽ, പ്രിയ പോലീസുകാരാ...?"

"ഹേയ്‌, മറ്റൊരാവശ്യവുമായി.... ഞാൻ.."

അയാളെ പറഞ്ഞു മുഴുമിപ്പിക്കാൻ അനുവദിക്കാതെ രൂപ ഇടയ്ക്ക്‌ കയറിപ്പറഞ്ഞു.

"ഒഫീഷ്യൽ ഡ്യൂട്ടി അല്ലെങ്കിൽ ബൂട്ട്സ്‌ അഴിച്ചുവെച്ചിട്ട്‌ കയറിവാ..."

ബൂട്സ്‌ അഴിച്ചുവെച്ച്‌ അകത്തേക്ക്‌ കടക്കുന്നതിനിടയിൽ അയാൾ ഓർത്തത്‌, അപ്രതീക്ഷിതമായി തന്നെ കണ്ടിട്ടും രൂപയുടെ മുഖത്ത്‌ ഞെട്ടലിന്റെ ഒരു ലാഞ്ചന പോലും കാണാത്തതെന്ത്‌ എന്നായിരുന്നു. മത്യൂസിന്റെ കണ്ണുകൾ വാതിൽപലകയിൽ രഹസ്യസുഷിരങ്ങൾ തിരഞ്ഞു. തന്റെ വരവ്‌ അവൾ പ്രതീക്ഷിച്ചിരുന്നോ?

സാധാരണ വീടുകളുടേതിനേക്കാൾ ഇരട്ടിയോളം ഉയരമുള്ളതായിരുന്നു ആ ഫ്ലാറ്റിന്റെ ചുമരുകൾ. ഇത്രയും ഉയരമെന്തിനെന്ന് ആദ്യം വന്ന ദിവസംതന്നെ മാത്യൂസ്‌ അതിശയിച്ചിരുന്നു. ചുമരുകളിൽ അവിടവിടെ വിദേശങ്ങളിൽ മാത്രം കാണുന്ന ചില പ്രത്യേകതരം ചെടികളുടെ മനോഹര ചിത്രങ്ങൾ. ഒരു വശത്തെ കണ്ണാടി അടപ്പിട്ട കാഴ്ചപ്പെട്ടിയിൽ ട്രോഫികൾ, മെഡലുകൾ, ചില ചിത്രങ്ങൾ എന്നിവ ഭംഗിയായി അടുക്കിവെച്ചിരുന്നു. കൂട്ടത്തിൽ പാവയുടെ ആകൃതിയിലുള്ള ഗ്ലാസ്‌ നിർമ്മിത കുപ്പികളിൽ ഒന്നിൽ മുക്കാലും ചുമപ്പും ബാക്കി കറുപ്പും നിറങ്ങൾ പൂശിയ കുരുക്കളും, മറ്റൊന്നിൽ മഞ്ചാടിക്കുരുക്കളും നിറച്ചുവെച്ചിരുന്നു. പാവകൾക്ക്‌ പക്ഷെ പേടിപ്പിക്കുന്ന തുറിച്ച കണ്ണുകളായിരുന്നു. ആദ്യത്തേതിൽ കണ്ടത്‌ കുന്നിക്കുരുവാണെന്ന് ഓർത്തെടുക്കാൻ മാത്യൂസിന്‌ രണ്ടുമൂന്നു നിമിഷം വേണ്ടിവന്നു.

"ഞാനെന്റെ ചെടികൾക്ക്‌ ഭക്ഷണം കൊടുക്കുകയായിരുന്നു. അതാ വാതിൽ തുറക്കാൻ വൈകിയത്‌."

രൂപ ഒരു ഗ്ലാസിൽ ജൂസുമായി വരികയായിരുന്നു. അത്‌ കൈമാറുമ്പോൾ മാത്യൂസിന്റെ കണ്ണുകൾ തോളിൽനിന്ന് താഴേക്ക്‌ നഗ്നമായ അവളുടെ കൈത്തണ്ടകളിലായിരുന്നു. അതിനിടയിലും സ്വാഭാവികമായി തന്നെ മാത്യൂസ്‌ ചോദിച്ചു.

"ചെടികൾക്ക്‌ ഭക്ഷണം കൊടുക്കുകയോ? എന്തു ഭക്ഷണം...?"

"ഈച്ച, ചത്ത പല്ലി, പല്ലിയുടെ വാൽ, ഈയലുകൾ..."

രൂപ കബോർഡ്‌ തുറന്ന് ഒരു മദ്യക്കുപ്പി പുറത്തെടുക്കുന്നതിനിടയിൽ തുടർന്നു.

"ചിലപ്പോ മനുഷ്യനേം കൊടുക്കും..."

അവളുടെ ചുണ്ടുകളിൽ വശ്യവും നിഗൂഢവുമായ ഒരു ചിരി പടർന്നു. മാത്യൂസ്‌ അതിശയത്തോടെ അവളുടെ ചെയ്തികൾ കണ്ടു നിന്നു. ഹാളിനകത്തും ബാൽക്കണിയിലും നിന്നുമുള്ള വിവിധ വെളിച്ചസ്രോതസുകൾ രൂപയ്ക്ക്‌ പല വലിപ്പത്തിലുള്ള നിരവധി നിഴലുകൾ സമ്മാനിച്ചു.

"നിങ്ങളെപ്പോലുള്ള എഴുത്തുകാർക്ക്‌ അതൊരു നല്ല തീം ആയിരിക്കും. മനുഷ്യനെ തിന്നുന്ന ചെടികൾ. അതിനെ വളർത്തുന്ന പെണ്ണ്‌..."

അവൾ എന്തിനെന്നില്ലാതെ ഉറക്കെ ചിരിച്ചു.

"താങ്കൾ ഒരു പോലീസ്‌ ആയിരിക്കുന്നതിലും നല്ലത്‌, കഥാകൃത്ത്‌ ആകുന്നതാണ്‌. കഥകൾ മോശമാണെങ്കിലും യൂണിഫോമിൽ മാത്യൂസിനൊട്ടും പക്വതയില്ല."

അവൾ പിന്നെയും ഉറക്കെ ചിരിച്ചു. മാത്യൂസും ചിരിച്ചു.

"മാത്യൂസ്‌ വന്നത്‌ നന്നായി. ഞാനൊരു കമ്പനി ഇല്ലാതെ ഇരിക്കുവായിരുന്നു. മദ്യപിക്കുമ്പോ മിണ്ടീം പറഞ്ഞും ഇരിക്കാൻ ആളില്ലെങ്കിൽ ഞാനാകെ ഡിപ്രസ്ഡാകും. ചിലപ്പോ മരിക്കണമെന്നുവരെ തോന്നും. യൂ നോ, അയാം എ ബൈപോളാർ ഡിസോർഡർ പേഷ്യന്റ്‌."

ലപോള എന്ന് നീല അക്ഷരങ്ങളിൽ എഴുത്തുള്ള ഒരു ഗ്ലാസെടുത്ത്‌ ഊണുമേശയിൽ വെച്ചു. ഫ്രിഡ്ജ്‌ തുറന്ന് രണ്ടു നാരങ്ങ എടുത്ത്‌ രണ്ടായിമുറിച്ചു. ഒരു പച്ചമുളക്‌ രണ്ടായിപിളർന്ന് അതിനടുത്ത്‌ വെച്ചു. അടുക്കളയിൽ പോയി ഉപ്പ്‌ പകർന്ന് ഒരു പാത്രത്തിലാക്കി വരുന്നതിനിടയിൽ ചോദിച്ചു.

"മാത്യൂസ്‌ കഴിക്കില്ലല്ലോ? അതോ വെറുതെ പറഞ്ഞതോ?"

നെറ്റിയിലെ ചുളിവുകൾക്ക്‌ ചോദ്യചിഹ്നത്തിന്റെ ആകൃതി നൽകി അവൾ മാത്യൂസിനെ നോക്കി. അയാളുടെ ദൃഷ്ടി അപ്പോഴും അവളുടെ ചുണ്ടുകളിൽ ആയിരുന്നു. മാത്യൂസ്‌ ഒരു കസേര വലിച്ചിട്ട്‌ അതിലിരുന്നു.

"എന്റെ ഓഫീസർക്ക്‌ സംശയമുണ്ടായിരുന്നു, മരിച്ചവർ അഞ്ചുപേർക്കും നീയുമായി.... എന്തെങ്കിലും അവിഹിതമായിട്ട്‌..."

അയാൾ മടിച്ചുമടിച്ച്‌ പറഞ്ഞുവന്നത്‌ പൂർത്തിയാക്കാൻ അനുവദിക്കാതെ അവൾ വീണ്ടും ഇടയ്ക്ക്‌ കയറി ചോദിച്ചു.

"ഓഫീസർക്ക്‌ മാത്രമേ ആ സംശയം ഉണ്ടായൊള്ളോ?!"

വശ്യതയാർന്ന ഒരു പുഞ്ചിരി അപ്പോഴും അവളുടെ ചുണ്ടുകളിൽ മിന്നിമാഞ്ഞു. ആ ചുണ്ടുകൾ ആർത്തിയോടെ വലിച്ചുകുടിക്കുന്ന നിമിഷത്തെ മാത്യൂസ്‌ വെറുതെ ഓർത്തു.

"ആത്മഹത്യ തന്നെയെന്ന് ഉറപ്പായിട്ടുണ്ട്‌. ഇന്നുവന്ന ഫോറെൻസിക്‌ റിപ്പോർട്ടിൽ സ്റ്റൊമെക്കിൽ വിഷാംശം ഉള്ളതായി തെളിഞ്ഞിട്ടുണ്ട്‌."

രൂപ വിലയേറിയ വിദേശനിർമ്മിത വോഡ്ക ഗ്ലാസിലേക്ക്‌ പകർന്നു. പിളർന്ന നാരങ്ങയുടെ നീരിറ്റുന്ന മുറിവ്‌ ഉപ്പിൽ മുക്കിയെടുത്ത്‌ ഗ്ലാസിലേക്ക്‌ പിഴിഞ്ഞൊഴിച്ചു. ശേഷം ഐസ്‌കട്ടകൾ വാരിയിട്ടു. പ്ലാസ്റ്റിക്‌ കുപ്പിയുടെ അടപ്പഴിച്ചു നുരയുന്ന സോഡ അതിലൊഴുക്കി.

"പക്ഷെ ഒരാത്മഹത്യക്കുറിപ്പ്‌ പോലുമില്ലാതെ അഞ്ചുപേരും എന്തിനിത്‌ ചെയ്തു എന്നാണ്‌ നീ കരുതുന്നത്‌, രൂപാ..."

രൂപ ഒന്നും മിണ്ടാതെ രണ്ടായി പിളർന്ന മുളകിന്റെ ഞെട്ടിൽ പിടിച്ചു ഗ്ലാസിലെ മദ്യത്തിൽ വേഗത്തിൽ ഇളക്കിക്കൊണ്ടിരുന്നു. ചെറുകുമിളകൾ ഗ്ലാസിനുള്ളിലെ ചുഴിയിൽ അതിവേഗത്തിൽ ചുറ്റുകയും ചിലത്‌ മുകളിലേക്ക്‌ പൊന്തിവന്ന് പൊട്ടുകയും ചെയ്തു. ഒരു ചെറു സീൽക്കാരം ഗ്ലാസിനു ചുറ്റും തളംകെട്ടി നിന്നു. മാത്യൂസ്‌ രൂപയുടെ ചെയ്തികളെയും ശരീരത്തെയും ഒരേ ആവേശത്തോടെ നോക്കിക്കൊണ്ട്‌ സംസാരം തുടർന്നു.

"അവരഞ്ചും മറ്റേതാണോ എന്നുവരെ അന്വേഷിച്ചു."

കസേരയിൽ ഇരുന്നുകൊണ്ടുതന്നെ മാത്യൂസ്‌ അൽപം മുന്നോട്ടാഞ്ഞ്‌ ശബ്ദം താഴ്ത്തി പറഞ്ഞു.

"പോസ്റ്റ്‌മോർട്ടം ചെയ്തപ്പോ അവിടെയെല്ലാം പരിശോധിച്ചു. പക്ഷെ തെളിവൊന്നും ഇല്ലായിരുന്നു."

രൂപ ഒന്നും മിണ്ടിയില്ല. മാത്യൂസിനെ ഒന്നു പാളിനോക്കി. ഗ്ലാസ്‌ കൈയിലെടുത്ത്‌ ഒറ്റവലിക്ക്‌ കുടിച്ചുതീർത്തു. മദ്യത്തിന്റെ ചവർപ്പേറ്റ്‌ ചുളുങ്ങിയ മുഖപേശികൾ നേരെയാക്കി, ഗ്ലാസ്‌ മേശപ്പുറത്ത്‌ വെച്ച്‌ അടുത്ത പെഗ്ഗ്‌ ഒഴിക്കുന്നതിനിടയിൽ പറഞ്ഞു.

"മദ്യത്തിന്റെ ടേസ്റ്റ്‌ എനിക്ക്‌ പറ്റില്ല. പക്ഷെ ഇതില്ലാതെയും പറ്റില്ല. അതുകൊണ്ട്‌ ആദ്യത്തെ രണ്ടെണ്ണം ഒറ്റവലിക്ക്‌ കുടിക്കണം. പെട്ടെന്ന് ഫിറ്റാകണം...ഹ..ഹ... ഞാനൊരു സ്ഥിരം മദ്യപാനി ആണെന്ന് തോന്നുന്നുണ്ടല്ലേ...?"

അവളൊരു വലിയ തമാശ പറഞ്ഞപോലെ പൊട്ടിച്ചിരിച്ചു.

"മാത്യൂസ്‌ പറഞ്ഞോളൂ. ഞാൻ കേൾക്കുന്നുണ്ട്‌. മദ്യപിക്കാത്ത പോലീസുകാരാ... മദ്യപിക്കാതെയും താങ്കളെങ്ങനെ കഥകളെഴുതുന്നു? എപ്പോഴും ഗൗരവക്കാരനായ നിങ്ങൾ ഈ കാര്യത്തിൽ ഒരു തമാശക്കാരൻ തന്നെ."

അവൾ പിന്നെയും ഉറക്കെ ചിരിച്ചു. പിന്നെ അടുത്ത പെഗ്ഗും അതേ വേഗതയിൽ അകത്താക്കി. ഇടതുകൈ കൊണ്ട്‌ ചുണ്ടുകൾ അമർത്തിത്തുടച്ചു. ദീർഘമായി നിശ്വസിച്ചു. മദ്യലഹരിയിൽ ഒരു സുന്ദരി; ഒഴിഞ്ഞ ഫ്ലാറ്റ്‌. തന്റെ അരക്കെട്ടിന്റെ ഭാരം കൂടിവരുന്നതായി മാത്യൂസ്‌ അറിഞ്ഞു. അയാളെഴുന്നേറ്റ്‌ രൂപയുടെ അടുത്തേക്ക്‌ നടന്നു. അവൾ മൂന്നാമത്തെ പെഗ്ഗിൽ സോഡ പകരുന്നതിനിടയിൽ ചോദിച്ചു.

"പെണ്ണിന്റെ കന്യകാത്വം പരിശോധിക്കാനല്ലേ നിങ്ങൾക്ക്‌ വകുപ്പും നിയമവുമുള്ളു. ആണൊരുത്തൻ എത്രപേരെ ഭോഗിച്ചിട്ടുണ്ടെന്ന് കണ്ടുപിടിക്കാൻ നിങ്ങടെ ഫോറൻസിക്‌ സയൻസിനു പറ്റ്വോ?

മാത്യൂസിന്റെ അടിവയറ്റിൽ നിന്നും ഒരു വൈദ്യുതപ്രവാഹം തലച്ചോറിലേക്ക്‌ പാഞ്ഞുപോയി. ഓർക്കാപ്പുറത്ത്‌ അടികിട്ടിയ പോലെ അയാൾ സ്തബ്ധനായി നിന്നു. അന്ധാളിച്ചുനിൽക്കുന്ന മാത്യൂസിനെ രൂപ അപ്പോഴാണ്‌ കാണുന്നത്‌. അവൾക്ക്‌ തല ചുറ്റുന്നുണ്ടായിരുന്നു. വാക്കുകൾ കുഴഞ്ഞു തുടങ്ങി.

"സോറി മാത്യൂസ്‌. ഐ ഡോൺ നോ, വാട്ട്‌ ഷുഡ്‌ ഐ സെ വൈൽ ഐ ഡ്രിങ്ക്‌... സോറി."

മാത്യൂസിന്റെ കണ്ണുകളിലേക്കു തന്നെ നോക്കിനിന്ന്, മൂന്നാമത്തെ പെഗ്ഗിൽ നിന്നും ഒരു കവിൾ കുടിച്ച ശേഷം രൂപ ചോദിച്ചു.

"എന്റെയൊരു ഫേസ്ബുക്ക്‌ ഫ്രണ്ടുണ്ട്‌. നന്നായി കഥകളെഴുതുന്ന പോലീസുകാരൻ. നിങ്ങളേക്കാളും നന്നായി എഴുതും. കൂട്ടിലടയ്ക്കപ്പെട്ട പോലീസ്‌ നായ്ക്കളുടെ കണ്ണിലെ വിഷാദം കലർന്ന കാമനകളെക്കുറിച്ച്‌ പുള്ളിയൊരു കഥയെഴുതിയിട്ടുണ്ട്‌. വായിച്ചിട്ടുണ്ടോ?"

"ഇല്ല. ഞാൻ കേട്ടിട്ടില്ല."

"പോലീസുകാരെ കാണുമ്പോഴൊക്കെ ഞാനത്‌ ഓർക്കും...!"

മാത്യൂസ്‌ ഒന്നു വിളറി. രൂപ മദ്യഗ്ലാസുമായി പതിയെ ബാൽക്കണിയിലേക്ക്‌ നടന്നു. ആദ്യം മടിച്ചു നിന്നെങ്കിലും മാത്യൂസും.

"സോറി. മദ്യം തലയ്ക്ക്‌ പിടിച്ചുതുടങ്ങിയാൽ ഞാനിങ്ങനെയാ. പലപ്പോഴും ഞാൻ ഞാനല്ലതായി പോകുന്നുണ്ട്‌. ഒരു പെണ്ണല്ലാതായി പോകുന്നുണ്ട്‌. പിന്നെ തോന്നും ഞാനാണ്‌ പെണ്ണെന്ന്."

നൈറ്റിക്കുള്ളിൽ ഉയർന്നുതാഴുന്ന മാറിടങ്ങളിലേക്ക്‌ ദൃഷ്ടി പാഞ്ഞെങ്കിലും നോക്കാനയാൾക്ക്‌ ധൈര്യം തോന്നിയില്ല. മദ്യം രൂപയുടെ നാക്കും നടപ്പും ചിന്തയും ഉലയ്ക്കാൻ തുടങ്ങിയിരുന്നു.

"മാത്യൂസിനറിയാമോ ഈ ഫ്ലാറ്റിനെന്താ ഇത്രയും ഉയരമെന്ന്?"

മാത്യൂസ്‌ ആകാംക്ഷാപൂർവ്വം നോക്കി. രൂപ ഒരു കവിൾ മദ്യം ആസ്വദിച്ചകത്താക്കി കണ്ണുകൾ അടച്ചു നിന്നു.

"എനിക്ക്‌ തൂങ്ങിമരിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട്‌. ഞാനങ്ങനെ ചെയ്തേക്കുമോ എന്ന് എനിക്കുതന്നെ ഭയമാണ്‌."

മാത്യൂസ്‌ കൂടുതൽ വിളറി. ബാൽക്കണിയിൽ ചെടിച്ചെട്ടികളിൽ വളരുന്ന പ്രത്യേകതരം ചെടികളുടെ അടുത്തേക്ക്‌ രൂപ ചേർന്നുനിന്നു. കൂട്ടത്തിൽ രണ്ടിഞ്ചുനീളമുള്ള വൃത്താകൃതിയിലുള്ള ഇലകളോടു കൂടിയ ഒരു ചെടിയുണ്ടായിരുന്നു. ഇലകളുടെ വശങ്ങളിൽ നിന്നും ചെറിയ ഇടവേളകളിൽ കൂർത്ത മുള്ളുകൾ പോലുള്ള നാരുകൾ പുറത്തേക്കുന്തി നിന്നു. മാത്യൂസ്‌ നോക്കിനിൽക്കേ ഒരീച്ച പറന്നുവന്ന് ഇലകളിലിരുന്നു. ഇലകളുടെ മിനുസമുള്ള പ്രതലത്തിൽ അത്‌ തത്തിത്തത്തി നീങ്ങുന്നതിനിടയിൽ പൊടുന്നനെ ഇല മടങ്ങി, പ്രാണിയെ അതിനുള്ളിൽ കുടുക്കി. മുള്ളുകൾ തീർത്ത വേലിക്കിടയിലെ വിടവിലൂടെ രക്ഷപ്പെടാനുള്ള പ്രാണിയുടെ പാഴ്ശ്രമം കണ്ട്‌ മാത്യൂസ്‌ അറിയാതെ ചോദിച്ചുപോയി.

"ഇതന്താണ്‌? ഈ ചെടി...?!"

ഇത്രയ്ക്ക്‌ അസാധാരണവും ഭീകരവുമായ രീതിയിൽ പ്രകൃതി തയ്യാറാക്കിയ ഒരു കെണി മാത്യൂസ്‌ ആദ്യമായി കാണുകയായിരുന്നു.

"ഇതെല്ലാം എന്റെ കളക്ഷൻസാണ്‌. ഐ വാസ്‌ ഡൂയിംഗ്‌ മൈ റിസർച്ച്‌ ഇൻ കാർണ്ണിവോറസ്‌ ആൻഡ്‌ പോയിസണസ്‌ പ്ലാന്റ്സ്‌, ബിഫോർ ഹസ്ബൻഡ്സ്‌ ഡെത്ത്‌. ദിസ്‌ ഈസ്‌ വീനസ്‌ ഫ്ലൈ ട്രാപ്‌. ഞാൻ വളർത്തുന്ന മാംസപ്രിയരായ ചെടികളിലൊന്ന്."

അവളുടെ ശബ്ദം കുഴഞ്ഞും വാക്കുകളിൽ അനാവശ്യമായ നീട്ടൽ കടന്നുകൂടുകയും ചെയ്തു. അടുത്തുതന്നെ നിന്ന മറ്റൊരു ചെടിയെ രൂപ മാത്യൂസിനു പരിചയപ്പെടുത്തി. ഓരോ ഇലകളുടെയും അറ്റത്തു നിന്നും മടിശീല പോലെ എന്തോ ഒന്ന് തൂങ്ങിക്കിടക്കുന്നതായി മാത്യൂസ്‌ കണ്ടു. മാത്യൂസിനത്‌ കണ്ടപ്പോൾ ഊതിവീർപ്പിച്ച കോണ്ടം പോലെ തോന്നി. പക്ഷെ അതിന്റെ വായഭാഗത്ത്‌ ഇലകൊണ്ടുള്ള ചെറിയൊരു അടപ്പുണ്ടായിരുന്നു.

"ദിസ്‌ വൺ ഈസ്‌ നെപ്പെന്തസ്‌. പിച്ചർ പ്ലാന്റെന്നും പറയും. ഇതിനു മറ്റെന്തിനേക്കാളും വിശപ്പ്‌ കൂടുതലാണ്‌."

രൂപയുടെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി തങ്ങിനിന്നിരുന്നു. മാത്യൂസിന്റെ കണ്ണുകളിൽ അപരിചിതത്വവും ആശ്ചര്യവും ആകാംക്ഷയും നിറഞ്ഞു നിന്നു. രൂപ മാത്യൂസിന്റെ മുഖത്തേക്ക്‌ നോക്കി. അവളുടെ ചുണ്ടുകളിൽ നിന്ന് തേൻ വഴിയുന്നുണ്ടോ എന്ന് മാത്യൂസ്‌ സം ശയിച്ചു.

"ഇവയോരോന്നും സ്ത്രീശരീരങ്ങളുടെ പകർപ്പാണെന്നു തോന്നുന്നില്ലേ മാത്യൂസ്‌...?"

മാത്യൂസ്‌ അവളുടെ കണ്ണുകളിലേക്ക്‌ സൂക്ഷിച്ചു നോക്കി. ശരിയാണ്‌. കൺപോളകൾ വീനസ്‌ ഫ്ലൈ ട്രാപിന്റെ ഇലകളാണെന്നും ഇടതൂർന്ന കൺപീലികൾ അതിന്റെ മുള്ളുകളാണെന്നും അയാൾക്ക്‌ തോന്നി. തന്റെ മനസ്സ്‌ അതിനുള്ളിൽ കുടുങ്ങിയ പ്രാണിയെപ്പോലെ പിടയ്ക്കുന്നുണ്ടല്ലോ.

"ഇവയ്ക്ക്‌ പെണ്ണിന്റെ ഗുഹ്യഭംഗിയില്ലേ മാത്യൂസ്‌. ആദ്യത്തേത്‌ അതിന്റെ വിടർന്ന ദളങ്ങൾ പോലെയും. മറ്റേത്‌ അതിന്റെ ആഴവും..."

"വാട്ട്‌...!!!"

മാത്യൂസിന്റെ വായിൽ നിന്നും ആശ്ചര്യത്തിന്റെ തുപ്പൽ തെറിച്ചു. കണ്ടറിവില്ലാത്ത കാഴ്ചവസ്തുക്കൾക്കും പെണ്ണുടലിന്റെ വശ്യതയ്ക്കും അപ്രതീക്ഷിതമായ വാക്‌ശരങ്ങൾക്കും ഇടയിൽ കാറ്റിലുലയുന്നൊരു പാഴ്ച്ചെടി പോലെ അയാൾ ബാൽക്കണിയിൽ നിന്ന് താഴേക്ക്‌ നോക്കി. തല ചുറ്റുന്നുണ്ടോ? ബാൽക്കണിയുടെ ഒരറ്റത്ത്‌ പിങ്ക്‌ പൂക്കളുള്ള അരളിച്ചെടി തന്റെ നിഴലിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. രൂപ തന്നെത്തന്നെ നോക്കിനിൽക്കുന്നു. അവൾ അടുത്തേക്കടുത്തേക്ക്‌ വരുന്നു. അവൾ രണ്ടുകൈകളും മാത്യൂസിന്റെ തോളിലേക്ക്‌ ചായ്ച്ചു നിന്നു. അയാളുടെ മുഖം വിളറിത്തന്നെയിരുന്നുവെങ്കിലും തന്റെ വികാരങ്ങൾക്ക്‌ ഭാരം വെക്കുന്നതായി അയാൾ അറിഞ്ഞു. താനാഗ്രഹിക്കാത്ത വിധം ഒരു പെണ്ണ്‌ തന്നെ കീഴ്പ്പെടുത്തുമെന്ന് അയാൾ ഭയന്നു.

"ശരിയല്ലേ..? മാംസപ്രിയരായ ചെടികൾക്ക്‌ ഗുഹ്യചേതന നൽകിയ പ്രകൃതിയുടെ ഭാവന വിചിത്രമല്ലേ..?"

അവൾ തന്റെ ശരീരഭാരം പൂർണ്ണമായും അയാളുടെ ശരീരത്തിൽ ചേർത്തു നിർത്തി. മാത്യൂസിന്റെ വിളറിയ മുഖത്തേക്ക്‌ രക്തയോട്ടം കൂടുകയായിരുന്നു. അത്‌ നിമിഷങ്ങൾക്കകം ചുവന്നു വന്നു.

"നിങ്ങൾ എന്ത്‌ ഭാവനാശൂന്യനായ എഴുത്തുകാരനാണ്‌ മാത്യൂസ്‌. നിങ്ങൾക്കൊരെഴുത്തുകാരന്റെ കുപ്പായവും..."

മാത്യൂസ്‌ അതിനകം തന്നെ അവളെ ഗാഢമായി ചുംബിച്ചു. അവളുടെ കൈയിൽ നിന്നും മദ്യമൊഴിഞ്ഞ ഗ്ലാസ്‌ താഴെ വീണു ചിതറിയ ശബ്ദത്തിൽ ഇരുവരും കുതറിമാറി. തെല്ലും പതറാതെ അകത്തേക്ക്‌ നീങ്ങിയ രൂപയെ കടന്നുപിടിച്ച്‌ സോഫയിലേക്ക്‌ വലിച്ചിട്ടു. ബാൽക്കണിയിൽ അപ്പോൾ നെപ്പെന്തസ്സിന്റെ മടിശീലയിലേക്ക്‌ ഒരീച്ച പറന്നിറങ്ങുകയും അതിന്റെ വായ മൂടപ്പെടുകയും ചെയ്തു. തന്നിലേക്ക്‌ കുതിക്കാനായി തയ്യാറായി നിൽക്കുന്ന മാത്യൂസിനെ ശാന്തഭാവത്തിൽ നോക്കി അവൾ ചെറുചിരിയോടെ കിടന്നു.

"മാത്യൂസ്‌. നിങ്ങളൊരു കഥാകൃത്തോ, പോലീസുകാരനോ, അതോ..?"

അയാൾ തെല്ലൊന്നു നിന്നു. പക്ഷെ ആർത്തിയുടെ വിഭ്രാന്തി മുഖത്ത്‌ വിയർത്തു കിടന്നു.

"ഞാനൊരു സാധാരണക്കാരൻ. എല്ലാ വിചാരങ്ങളും വികാരങ്ങളുമുള്ള ഒരു സാധാരണക്കാരൻ." പറഞ്ഞുകൊണ്ടയാൾ രൂപയിലേക്ക്‌ ചായാൻ തുടങ്ങുകയായിരുന്നു.

"ലോകം മുഴുവൻ നിങ്ങളെപ്പോലുള്ള സാധാരണക്കാരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു മാത്യൂസ്‌. അതിലഞ്ചുപേരെ മാത്രമേ എനിക്ക്‌ കൊല്ലാൻ കഴിഞ്ഞുള്ളു...!"

"വാട്ട്‌...!!" മാത്യൂസ്‌ സോഫയുടെ ഉളുമ്പിൽ തട്ടി താഴെവീണു. അയാളുടെ കണ്ണുകൾ ഷോകേസിലിരുന്ന പാവയുടേതു പോലെ തുറിച്ചു നിന്നു. രൂപ സോഫയിലെഴുന്നേറ്റിരുന്ന് മാത്യൂസിന്റെ കൈകൾ കോർത്തുപിടിച്ചു.

"പ്രണയത്തിനും കാമത്തിനും മഞ്ചാടിമണികളുടെ ചുമപ്പും മിനുപ്പുമാണ്‌ മാത്യൂസ്‌. കാലം കഴിയുമ്പോൾ ചുമപ്പ്‌ മങ്ങുകയും അത്‌ പരുപരുത്തതാകുകയും ചെയ്യും. പക്ഷെ ആ മിനുപ്പിനകത്ത്‌ ആരുടെയും ഹൃദയതാളം തെറ്റിക്കുന്നൊരു വിഷക്കൂട്ട്‌ പ്രകൃതി തന്നെ ഒരുക്കിവെച്ചിട്ടുണ്ട്‌."

മാത്യൂസിന്റെ വികാരങ്ങൾ തണുത്തുറഞ്ഞുപോയിരുന്നു. താനിപ്പോൾ ആ സമുച്ചയത്തിന്റെ ഏറ്റവും മുകളിലാണല്ലോ എന്നയാൾ പെട്ടെന്നോർത്തു. ഷോകേസിലെ കണ്ണാടിപ്പാവകൾക്കുള്ളിൽ നിറഞ്ഞിരുന്ന വിഷക്കുരുക്കളെ അയാൾ പാളിനോക്കി. രൂപ അയാളുടെ തണുത്ത ശരീരത്തിലേക്ക്‌ ഒരു വള്ളിച്ചെടിപോലെ വീണ്ടും പടർന്നു കയറുകയായിരുന്നു.

"അവരതർഹിക്കുന്നുണ്ടായിരുന്നു മാത്യൂസ്‌. എനിക്ക്‌ വേണ്ടിയല്ല. ഭാവിയിൽ അവരുടെ ഭാര്യമാരായേക്കാവുന്ന അഞ്ചു പെൺകുട്ടികൾക്ക്‌ വേണ്ടി. എന്റെ ഭർത്താവിനു വേണ്ടി, ഞാനെന്റെ റിസർച്ച്‌ വിജയകരമായി ചെയ്തു തീർത്തു."

അവൾ മാത്യൂസിനെ ചുമരിനോട്‌ ചേർത്ത്‌ നിർത്തി ഗാഢമായി പുണർന്നു. പെട്ടെന്നവൾ അയാളുടെ പാന്റ്സിന്റെ ബട്ടണും സിബ്ബും വലിച്ചുതുറന്നു. അയാൾക്ക്‌ തടയാനായില്ല. അയാളുടെ അടിവസ്ത്രവുമയാൾ വലിച്ചു താഴ്ത്തി. മാത്യൂസിന്റെ മുഖത്തേക്കും അരക്കെട്ടിലേക്കും അവൾ മാറിമാറി നോക്കി. എന്നിട്ടുറക്കെ ചിരിച്ചുകൊണ്ടിരുന്നു. ചിരിക്കുന്നതിനിടയിലും അവൾ പറയുന്നുണ്ടായിരുന്നു.

"എനിക്കറിയാമായിരുന്നു... എനിക്കറിയാമായിരുന്നു..."

മാത്യൂസ്‌ അവളെ തള്ളിമാറ്റിയിട്ട്‌ വസ്ത്രങ്ങൾ പഴയതുപോലെയാക്കി. അയാൾ ഒരു പട്ടിയെപ്പോലെ നിന്നു കിതച്ചു. രൂപ അപ്പോഴും ചിരിച്ചുകൊണ്ടിരുന്നു, സ്ത്രീസഹജമായ ആത്മസംതൃപ്തിയോടെ.

"എന്റെ ശവം പോലും ഭോഗിച്ചവരുണ്ട്‌. പക്ഷെ ആണിന്റെ ശവത്തെ ഭോഗിക്കാൻ പറ്റില്ല. ഉദ്ധരിക്കാത്ത പുരുഷനും അവന്റെ ശവവും ഒരുപോലെ തന്നെ."

അവൾ പിന്നെയും ഏറെനേരം വല്ലാത്ത ക്രൂരതയോടെ ചിരിച്ചുകൊണ്ടിരുന്നു. മാത്യൂസ്‌ ആകെ വിയർത്ത്‌, വിളറി ഇരുകൈകളും നെറ്റിയിൽ താങ്ങി കുനുഞ്ഞിരുന്നു. രൂപ മറ്റൊരു ഗ്ലാസ്‌ എടുത്ത്‌ മദ്യം പകർന്ന് ഒറ്റവലിക്ക്‌ കുടിച്ചു. പതിയെ നടന്ന് മാത്യൂസിന്റെ അടുത്തു ചെന്നിരുന്നു.

ഫ്ലാറ്റിനുള്ളിൽ ഭയാനകമായ ഒരു നിശബ്ദത തളംകെട്ടി നിന്നു. തികച്ചും ഭീകരത. മാംസഭുക്കുകളായ സസ്യങ്ങൾ, വിഷക്കുരുക്കൾ നിറച്ച തുറിച്ച കണ്ണുള്ള പാവകൾ, ഒന്നിലധികം നിഴലുകളുള്ള സ്ത്രീരൂപം, ആടിയുലയുന്ന അരളിച്ചെടി, ഭീകരമായ നിശ്ശബ്ദത. അപകടകാരിയായ മൗനത്തെ ഏറെക്കഴിഞ്ഞപ്പോൾ രൂപ തന്റെ സ്നിഗ്ധസ്വരത്താൽ ഭേദിച്ചു.

"ഞാൻ പറഞ്ഞില്ലേ മാത്യൂസ്‌. ഞാൻ പലപ്പോഴും..."

രൂപ അയാളുടെ ചുമലിൽ അമർത്തിപ്പിടിച്ചു. അയാളവളെ ആദ്യം കാണുന്നപോലെ നോക്കി, ആ പ്രാണിപ്പിടിയൻ ചെടിയുടെ ഇലകൾ കൊണ്ടുള്ള കണ്ണുകളിലേക്ക്‌.

"മാത്യൂസ്‌ എന്നെപ്പറ്റിയും കഥയെഴുതുമോ? എന്നെങ്കിലും.... എന്നെങ്കിലും...?"

മാത്യൂസിന്റെ മനസ്സപ്പോൾ മരിച്ചുകിടന്ന അഞ്ചു യുവാക്കളുടെ എഫ്‌.ഐ.ആർ തയ്യാറാക്കുകയായിരുന്നു. മദ്യത്തിലോ ഭക്ഷണത്തിലോ വിഷം ചേർത്ത്‌ കഴിച്ചതാണെന്ന് ഊഹിച്ചിരുന്നു. പക്ഷെ വിഷം പകർന്ന കുപ്പിയോ പാത്രമോ ഒന്നും അവിടില്ലായിരുന്നു.

അവളപ്പോൾ ഒരു കൊച്ചുകുട്ടിയെപ്പോലെ ചോദ്യം പിന്നെയും ആവർത്തിച്ചു.

"മാത്യൂസ്‌, എന്റെ കഥയെഴുതുമോ...?"

വോഡ്കയുടെ ഗന്ധം കലർന്ന സുഖകരമായൊരു ചുടുനിശ്വാസം അയാളുടെ കവിളിലൂടെ നാസാരന്ധ്രങ്ങളിലേക്ക്‌ പടർന്നുകയറി.

"ആ അഞ്ചുപേരുടെയും ആത്മഹത്യയ്ക്ക്‌ എന്നിലെ കഥാകാരൻ ഒരു കാരണം കണ്ടുപിടിക്കുമെങ്കിൽ, അതിനുശേഷം..."

രൂപ അവിശ്വാസ്യതയോടെ മാത്യൂസിനെ നോക്കി. ഏറെനേരം നിശബ്ദരായി നോക്കിയിരുന്നു. പിന്നെയവൾ അയാളുടെ മുഖം കരഗതമാക്കി നെറ്റിയിൽ ചുംബിച്ചു.

"രൂപാ, എനിക്കറിയാം... നീയും..."

അതിനകം അവൾ അയാളുടെ ചുണ്ടിൽ ചുണ്ടമർത്തി. അയാൾ പറഞ്ഞുവന്നത്‌ ഉമിനീരിലൂടെ അവളിലേക്ക്‌ സംവേദനം ചെയ്യപ്പെട്ടു. ഏറെ നേരത്തെ നിശ്വാസങ്ങൾക്കപ്പുറം എപ്പോഴോ അവൾ പറഞ്ഞു.

"ഓരോ ആത്മഹത്യയും അവനവനോട്‌ തന്നെയുള്ള വലിയ കുമ്പസാരങ്ങളാണ്‌ മാത്യൂസ്‌. അവർക്ക്‌ പശ്ചാത്താപം തീരെയില്ലായിരുന്നു. അതുകൊണ്ട്‌ ഞാനവരെ കൊന്നു. പക്ഷെ എനിക്ക്‌, എനിക്ക്‌ തൂങ്ങിമരിക്കുന്നത്‌ ഇഷ്ടമല്ല മാത്യൂസ്‌. എനിക്ക്‌.... എനിക്ക്‌... എന്റെ മനസ്സും ശരീരവും ഒരുപോലെ ആഗ്രഹിക്കുന്ന ഒരാളോടൊപ്പം മരിച്ചുകിടക്കണം. മഴത്തുള്ളികൾ പുതച്ച്‌ വഴിവക്കിൽ വീണുകിടക്കുന്ന വാകപ്പൂക്കൾ പോലെ."

O


Monday, September 22, 2014

സൗന്ദര്യത്തെക്കുറിച്ച്‌ വീണ്ടും

 വായന
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ


ഉംബർട്ടോ എക്കോ - ഓൺ ബ്യൂട്ടി


            ന്താണ്‌ സൗന്ദര്യം? സൗന്ദര്യം പോലെ തന്നെ നിർവ്വചിക്കാനാകാത്തൊരു ചോദ്യമാണിതെന്ന് ഇറ്റാലിയൻ എഴുത്തുകാരനായ ഉംബർട്ടോ എക്കോ പറയുന്നു. ഉംബർട്ടോ എക്കോ ഇതു പറയുന്നതിന്‌ കാലങ്ങൾക്ക്‌ മുമ്പേ അപകടകരമായ ഈ ഉത്തരം തേടി ചാൾസ്‌ ഓഡ്ഗനും ഐ.എ റിച്ചാർഡ്സും ജെംസ്വുഡും നടന്നിട്ടുണ്ട്‌. അവരുടെ ചിന്തയിൽ നിന്നും ഊറിക്കൂടിയ സൗന്ദര്യ സത്തയെ ഒടുവിലവർ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാന (The foundation of Aesthetics) ത്തിൽ നിർവ്വചിക്കുകയാണ്‌ ചെയ്തത്‌. ഈ പുസ്തകം ഇന്നും സൗന്ദര്യശാസ്ത്രാന്വേഷകരുടെ വേദപുസ്തകമാണ്‌. എഴുത്തിലും ജീവിതത്തിലും അനുഭവവേദ്യമാക്കുന്ന സൗന്ദര്യതലങ്ങളെ മനുഷ്യോൽപ്പത്തി മുതലിങ്ങോട്ടുള്ള സംസ്കാരങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ്‌ അവർ പഠിച്ചത്‌. അതുകൊണ്ടുതന്നെ അത്തരമൊരു പുസ്തകത്തിന്റെ അന്തസ്സ്‌ പിൽക്കാലത്ത്‌ ഇതിനെക്കുറിച്ച്‌ പഠിക്കുവാനാഗ്രഹിക്കുന്നവരെ കൂടുതൽ പ്രചോദിപ്പിച്ചിട്ടുണ്ടാകണം. ജിബ്രാൻ പറഞ്ഞതുപോലെ "സൗന്ദര്യമേ, നീ എന്നെ അമർത്തി ചുംബിക്കുക. നിന്നിൽ ഞാനൊരു പൂവായിത്തീരട്ടെ" എന്ന് പതുക്കെ മന്ത്രിക്കുവാൻ കൊതിക്കുന്നവർ ഭൂമിയിൽ ഇനിയും ഉണ്ടാവുക തന്നെ ചെയ്യും.

ഉംബർട്ടോ എക്കോ എഡിറ്റ്‌ ചെയ്ത ഓൺ ബ്യൂട്ടി (On Beauty) സൗന്ദര്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രാചീനവും ആധുനികവുമായ ഒരു നിർവ്വചനപുസ്തകമാണ്‌. എക്കോ പ്രധാനമായും ഇതിൽ ചർച്ചാവിഷയമാക്കുന്നത്‌ ചിത്രകലയുമായി ബന്ധപ്പെട്ട വികാസപരിണാമങ്ങളുടെയും സാംസ്കാരിക വളർച്ചയുടെയും ആസ്വാദനത്തിൽ നാളിതുവരെ ഉണ്ടായിട്ടുള്ള ബൗദ്ധിക-സർഗാത്മക ഇടപെടലുകളെക്കുറിച്ചാണ്‌. എക്കോ പറയുന്നു "ആശയങ്ങൾ നിറങ്ങൾ കൊണ്ട്‌ മാത്രമല്ല ഒരു ചിത്രകാരൻ പങ്കുവെക്കുന്നത്‌. നിറങ്ങൾക്കുള്ളിൽ തുളുമ്പിനിൽക്കുന്നൊരു ഭാഷയുണ്ട്‌. ഭാഷയ്ക്കുള്ളിൽ സംഗീതമുണ്ട്‌. സംഗീതത്തിന്‌ ഇന്ദ്രിയങ്ങളെ വലിച്ചു തുറക്കാനാകും." വികാരസാന്ദ്രമായി എക്കോ ഇതു പറയുമ്പോൾ ഒരു ചിത്രം എങ്ങനെയൊക്കെ ആസ്വദിക്കാനാകും എന്നുള്ള പാഠം കൂടി നമുക്ക്‌ തിരിച്ചറിയാനാകുന്നുണ്ട്‌. 

ഒരു ചിത്രത്തെ വിവിധ കോണുകളിലൂടെ വീക്ഷിക്കുമ്പോൾ സംഭവിക്കുന്ന ആസ്വാദനതലമാണ്‌ അതിന്റെ സൗന്ദര്യത്തെ ഉദാത്തമാക്കുന്നത്‌. നമ്മുടെ മനസ്സും ക്യാൻവാസിൽ രൂപം കൊണ്ട ചിത്രവും തമ്മിൽ ഒരു നിശ്ചിതബോധത്തിൽ സമന്വയിക്കുന്നു. ഇത്തരം സമന്വയത്തിന്‌ സത്യത്തിനോടുള്ള സംവാദാത്മകതയാണ്‌ പ്രാഥമികമായും ഉണ്ടാകേണ്ടത്‌. അത്‌ ആത്യന്തികമായ ഏകത്തിലേക്ക്‌ എത്തിച്ചേരുമ്പോൾ സൗന്ദര്യം അനുഭവപ്പെടും. ചിത്രകലയുടെ പരിണാമ ഘട്ടങ്ങളിലെല്ലാം തന്നെ ഇത്തരമൊരു സൗന്ദര്യബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്‌. ഉംബർട്ടോ എക്കോ തന്റെ ചിത്രകലാജ്ഞാനത്തെ പുതിയ കാലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌ അവതരിപ്പിക്കുന്നത്‌. അതുകൊണ്ടുതന്നെ ചിത്രകലയിൽ ഇതുവരെ സംഭവിച്ചിട്ടുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാം അദ്ദേഹത്തിന്റെ നിർവ്വചനങ്ങളെ ആധികാരികമായി മാറ്റുന്നു എന്നത്‌ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്‌.

എന്തുകൊണ്ട്‌ ചിത്രകല? സംഗീതത്തിനും സാഹിത്യത്തിനും കഴിയാത്തതെന്താണ്‌ ചിത്രകലയിൽ സംഭവിക്കുന്നത്‌? ചോദ്യങ്ങളുടെ നീണ്ട നിരയെ ആദ്യം തന്നെ എക്കോ നേരിടുന്നുണ്ട്‌. എക്കോ ചോദിക്കുന്നു. "എല്ലാം ചിത്രത്തിലാക്കാൻ നാം വ്യഗ്രതപ്പെടുന്നത്‌ എന്തുകൊണ്ടാണ്‌? നോവൽ ചിത്രമാക്കുന്നു. സംഗീതാനുഭവം ചിത്രമാക്കുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ടതെല്ലാം ചിത്രത്തിലാക്കാൻ നാം ഉത്സാഹിക്കുന്നു. ചരിത്രം ചിത്രത്തിലേക്ക്‌ വഴി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ്‌ നാം ജീവിക്കുന്നത്‌. അതുകൊണ്ട്‌ ചിത്രകലയിൽ ഞാൻ കൂടുതൽ താൽപര്യപ്പെടുന്നു." എക്കോയുടെ അഭിപ്രായത്തെ മറികടന്നുപോകുവാൻ നമുക്കാവില്ല. അത്രയ്ക്ക്‌ ആഴത്തിൽ ചിന്തിച്ചുറപ്പിച്ച സൗന്ദര്യാനുഭവങ്ങൾ ഉപയോഗിച്ചാണ്‌ എക്കോ ചിത്രകലയെ വായിക്കുന്നത്‌. ശിൽപകലയിലും അതുമായി ബന്ധപ്പെട്ട കലാവിഭാഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങൾ മനുഷ്യമനസിനെ എത്രത്തോളം അനുഭവപ്പെടുത്തുന്നുവോ അതിനെ ആശ്രയിച്ചായിരിക്കും സൗന്ദര്യത്തിന്റെ ആകർഷണം രൂപപ്പെടുകയെന്ന് ഇതിനനുബന്ധമായി എക്കോ സൂചിപ്പിക്കുന്നുണ്ട്‌. ഇത്തരമൊരഭിപ്രായം ശിൽപകല ഉൾപ്പെടെയുള്ള കലകളിലേക്കുള്ള പുതിയ സഞ്ചാരപഥങ്ങളുടെ സാധ്യതകളെ ഓർമപ്പെടുത്തുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

പ്രാചീനവും കുലീനവുമായ ഗ്രീസിന്റെ സൗന്ദര്യചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ്‌ ഓൺ ബ്യൂട്ടി സമാരംഭിക്കുന്നത്‌. ഹെലന്റെ സൗന്ദര്യനിരീക്ഷണങ്ങളും സൗന്ദര്യസാധ്യതകളും അപകടങ്ങളും എക്കോ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്‌. സ്നേഹത്തിന്‌ ഒരളവു വരെ സൗന്ദര്യവുമായി ബന്ധമുണ്ടെന്ന് ഗ്രീക്ക്‌ മിത്തോളജിയിലെ ചില കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും സ്പർശിച്ചുകൊണ്ട്‌ എക്കോ അഭിപ്രായപ്പെടുന്നുണ്ട്‌. സൗന്ദര്യത്തെ ജീവിതവുമായി ബന്ധപ്പെടുത്തി പഠിക്കുന്നതിനേക്കാൾ ഉചിതം കലയുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതാണെന്ന് എക്കോ ഉറച്ചു വിശ്വസിക്കുന്നു. കലയും സംസ്കാരവും സമന്വയിച്ച ഏകാനുഭവത്തിന്റെ അടിസ്ഥാനത്തിൽ നിന്നാണ്‌ എക്കോ ഗ്രീസിന്റെ പൗരാണിക സൗന്ദര്യസ്ഥലികളിലേക്ക്‌ എത്തുന്നത്‌. ഹെലന്റെ സൗന്ദര്യം സ്നേഹത്തിന്റെ കൂടി ഭാഗമാണെന്നും അത്‌ ഗ്രീസിന്റെ ചരിത്രത്തെ പുതിയൊരു അനുഭവത്തിലേക്ക്‌ നയിക്കുകയായിരുന്നുവെന്നും എക്കോ എഴുതുന്നുണ്ട്‌. അപ്പോളോനിയൻ സൗന്ദര്യത്തെക്കുറിച്ചുള്ള നീഷെയുടെ പരാമർശവും പാർത്തിനോൺ ക്ഷേത്ര സമുച്ചയ സൗന്ദര്യത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഇതിനനുബന്ധമായി എക്കോ ആധികാരികമായിത്തന്നെ ചർച്ചയ്ക്ക്‌ വിധേയമാക്കുന്നു.


ഉംബർട്ടോ എക്കോ

ഗ്രീക്ക്‌ മിത്തോളജിയിലെ സൗന്ദര്യാന്വേഷണം പോലെ തന്നെ വ്യത്യസ്ത സംസ്കാരങ്ങളിലേക്ക്‌ കടന്നുചെന്നുകൊണ്ട്‌ നൂതനമായ ചില ഇടപെടലുകളും എക്കോ നടത്തുന്നുണ്ട്‌. മിത്തോളജിയിൽ പ്രകാശിതമാകുന്ന സൗന്ദര്യത്തെ ഹൃദയവിശാലതയോടെയാണ്‌ എക്കോ സ്വീകരിക്കുന്നത്‌. എവിടെയും സൗന്ദര്യം കാണും. അത്‌ ആസ്വദിക്കാതിരിക്കുമ്പോഴാണ്‌ കാലം നമ്മോട്‌ കലഹം കൂട്ടുന്നതെന്ന് എക്കോ മിത്തോളജിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിൽ പരാമർശിക്കുന്നുണ്ട്‌. കലയുടെ ചരിത്രത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള പഠനത്തിൽ അരിസ്റ്റോട്ടിൽ മുതൽ ഇമാനുവൽ കാന്റു വരെയുള്ളവരുടെ നിരീക്ഷണങ്ങളെക്കുറിച്ച്‌ ആധികാരികമായി എക്കോ ചർച്ച ചെയ്യുന്നുണ്ട്‌. ഇത്തരമൊരു സൗന്ദര്യവായനയെ പുതിയ കാലത്തിന്റെ സാധ്യതകളുമായി ചേർത്തുവെച്ചുകൊണ്ടാണ്‌ എക്കോ സ്വീകരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

നൂറ്റാണ്ടുകളിലൂടെ കടന്നുവന്ന സൗന്ദര്യാനുഭവങ്ങളെക്കുറിച്ച്‌ ആധികാരികമായി എഴുതപ്പെട്ട ചരിത്രരേഖ കൂടിയാണ്‌ ഓൺ ബ്യൂട്ടി. ഗ്രീസിന്റെ പ്രാചീനമായ സംസ്കാരത്തിൽ നിന്നു തുടങ്ങി ഇരുപതാം നൂറ്റാണ്ടുവരെയുള്ള കാലസൗന്ദര്യത്തിന്റെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുകയാണ്‌ എക്കോ. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ സൗന്ദര്യവിപ്ലവങ്ങൾ, ഗ്രീക്ക്‌ ചിത്രകലയിലുണ്ടായ മുന്നേറ്റങ്ങൾ തുടങ്ങി യന്ത്രസംസ്കാരത്തിന്റെ കാലത്ത്‌ ആസ്വാദനത്തിലുണ്ടാക്കിയ സൗന്ദര്യതലങ്ങളെക്കുറിച്ചുള്ള ബൗദ്ധിക-സർഗാത്മക നിർവ്വചനങ്ങൾ കൊണ്ടാണ്‌ എക്കോ ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്‌. നമ്മുടെ സൗന്ദര്യസങ്കൽപ്പങ്ങളെ നവീകരിക്കാനും കൂട്ടിച്ചേർക്കാനും ഓൺ ബ്യൂട്ടി ഒരു ദിശാസൂചികയായി മാറുകയാണിവിടെ.


On Beauty - A History of a Western Idea
edited by - Umberto ECO, Seeker & amp; War burg, London


 O

Sunday, September 7, 2014

വാമനന്റെ മുന്നിലിങ്ങനെ നിൽക്കുകയാണ്

കവിത
സുധീർ രാജ്‌ഹാബലിയുടെ തഴമ്പിച്ച കൈകൾ നിറയെ കരുണയാണ്‌
ഓരോ കൈരേഖയും പച്ചിച്ച്‌ പച്ചിച്ച്‌ കാടുകളാകുന്നു.
കൈവെള്ളയിൽ വളരുന്ന കരുണയുടെ കാടുകൾ.
വാമനന്റെ ശിരസ്സോമനിച്ചിങ്ങനെ പറയുന്നു,
എന്നാണ്‌ കുഞ്ഞേ സകലപുൽത്തുമ്പിനും മുന്നിൽ
ശിരസ്സ്‌ ചായ്ക്കുവാനെന്നോളം നീ വളരുക?


O