Saturday, November 22, 2014

സംസ്കാരജാലകം - 22

സംസ്കാരജാലകം-22
ഡോ.ആർ.ഭദ്രൻ












മദ്യനയം

കേരളത്തിലെ പുതിയ മദ്യനയം ഇമേജിന്റെ കൃത്രിമപ്രകാശം ഉണ്ടാക്കാനുള്ള ഒരു സൂത്രപ്പണിയാണ്‌. മദ്യം ഉണ്ടാക്കുന്ന വിപത്തുകൾക്ക്‌ നേരേ കണ്ണടയ്ക്കുന്നവരാണ്‌ മദ്യവിപത്തിനെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്നത്‌. മദ്യനിരോധനമോ മദ്യവർജ്ജനമോ അല്ല സമൂഹത്തിന്‌ ആവശ്യമായിട്ടുള്ളത്‌; മദ്യനിയന്ത്രണമാണ്‌. ഷേക്സ്‌പിയർ ഒഥല്ലോയിൽ വളരെ കലാപരമായി ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്‌. ഇത്‌ ഭരണാധികാരികൾ വായിച്ചിരിക്കേണ്ടതാണ്‌. ഉത്തരാധുനികസമൂഹത്തിൽ മദ്യനിരോധനം പോലുള്ള ഒരു ആശയം ചർച്ച ചെയ്യപ്പെടുന്നതു തന്നെ ശരിയായ ലോകബോധം നഷ്ടപ്പെടുന്നതിന്റെ തെളിവാണ്‌. ചരിത്രത്തെ അഗാധമാക്കിയ ശ്രീനാരായണഗുരു പോലും മദ്യത്തിനെതിരെ ചിന്തിച്ചത്‌ ഒരു സവിശേഷ ചരിത്രകാലത്തിന്റെ തിന്മകളിൽ നിന്ന് ഒരു ജനതയെ രക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു എന്ന കാര്യം കൂടി നാം ഓർക്കേണ്ടതാണ്‌. മദ്യരാജാക്കന്മാർ സൃഷ്ടിക്കുന്ന വിപത്തുകളെ നിയമം മൂലം നേരിടാൻ ഒരു ഭരണകൂടത്തിനു കഴിയുമോ എന്ന ചോദ്യമാണ്‌ കാലം ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം. പണാധിപത്യ ശക്തിയെ ഉന്മൂലനം ചെയ്യാനാണ്‌, നന്മയുണ്ടെകിൽ ഒരു ഭരണകൂടം മുന്നോട്ടു വരേണ്ടത്‌.

യു.ആർ.അനന്തമൂർത്തിക്ക്‌ വിട



പ്രശസ്ത കന്നട സാഹിത്യകാരനും ഇംഗ്ലീഷ്‌ പ്രൊഫസറും എം.ജി.സർവ്വകലാശാല മുൻ വൈസ്‌ ചാൻസലറുമായിരുന്ന യു.ആർ.അനന്തമൂർത്തി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഞങ്ങളുടെയൊക്കെ എം.എ. സർട്ടിഫിക്കറ്റിൽ ഒപ്പിട്ടിരിക്കുന്നത്‌ യു.ആർ.അനന്തമൂർത്തി എന്ന വൈസ്‌ ചാൻസലറാണെന്ന് എല്ലാപേരെയും അഭിമാനത്തോടെ എടുത്തു കാണിക്കുമായിരുന്നു. സ്വന്തം ഭാഷയുടെ മഹത്വം മലയാളിയെ ഈ ഇംഗ്ലീഷ്‌ പ്രൊഫസർ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു. പക്ഷെ മലയാളി പാഠം പഠിക്കുന്നില്ല. പത്തനംതിട്ട ജില്ലയുടെ പടയണിയുടെ പുനരുദ്ധാരണത്തിനു പോലും ഇദ്ദേഹത്തിന്റെ പ്രേരണ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ നോവലുകൾ ഈ പ്രതിഭാശാലിയുടെ നിത്യസ്മാരകങ്ങളായി ഭവിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംസ്കാരജാലകം യു.ആർ.അനന്തമൂർത്തിയുടെ ദീപ്തസ്മരണയ്ക്കു മുമ്പിൽ എല്ലാ ആദരവുകളും അർപ്പിക്കുന്നു.

 പ്രകാശ്‌ കാരാട്ടിന്റെ പുതിയ ലേഖനം 




ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ മികച്ച ധൈഷണിക ജീവിതമുള്ള ഒരു നേതാവാണ്‌ പ്രകാശ്‌ കാരാട്ട്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും നമ്മൾ ശ്രദ്ധാപൂർവ്വം വായിച്ചിരിക്കേണ്ടതാണ്‌. അസാധാരണ ചിന്തകളും സ്വപ്നങ്ങളുമാണ്‌ അത്‌ നമ്മളുമായി പങ്കുവെക്കുന്നത്‌. രാജ്യദ്രോഹനിയമത്തെക്കുറിച്ച്‌ അദ്ദേഹം എഴുതിയ ലേഖനവും വ്യാപകമായി സംവാദം ചെയ്യപ്പെടേണ്ടതാണ്‌. 'രാജ്യദ്രോഹം'-പരിധിവിട്ട നിയമ ദുരുപയോഗം (ദേശാഭിമാനി 2014 സെപ്റ്റംബർ 11 വ്യാഴം) ഇന്റർനെറ്റിലൂടെയുള്ള അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻ പൗരന്മാർക്ക്‌ ഉണ്ടാകേണ്ടതാണ്‌ എന്ന കാരാട്ടിന്റെ ചിന്തയും പൗരസമൂഹം ചർച്ച ചെയ്യേണ്ടതാണ്‌. മറ്റുള്ളവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ എപ്പോഴും നാം പ്രതിജ്ഞാബദ്ധമായി തീരുമ്പോഴാണ്‌ ഒരു രാജ്യത്ത്‌ സ്വാതന്ത്ര്യത്തിന്റെ പൊൻവെളിച്ചം പടരുന്നത്‌.


സിനിമയെന്ന കലാസൃഷ്ടി അധ:പതിക്കുമ്പോൾ

സിനിമയെന്ന അത്ഭുതകരമായ കലാസൃഷ്ടി അധ:പതിക്കുന്നതിനെക്കുറിച്ചോർത്ത്‌ പല മഹാന്മാരും ചലച്ചിത്രകാരന്മാരും സൈദ്ധാന്തികരും സങ്കടപ്പെട്ടിട്ടുണ്ട്‌. മഹാത്മജി അവരിലൊരാളാണ്‌. ഹിന്ദി ചലച്ചിത്രങ്ങൾ അതിനീചമായി കമ്പോളവത്കരിക്കപ്പെടുന്നതിൽ ഗാന്ധിജി പ്രകടിപ്പിച്ച നീരസം നാം വായിച്ചിട്ടുള്ളതാണ്‌. സുഭാഷ്‌ ചന്ദ്രന്റെ 'മനുഷ്യന്‌ ഒരു ആമുഖം' എന്ന നോവലിലെ ഈ വാക്യങ്ങൾ ഇതിനോട്‌ ചേർത്ത്‌ വായിക്കാവുന്നതാണ്‌. 'മനുഷ്യരൂപത്തെ എന്നപോലെ അവന്റെ പ്രതിഭയെയും അതിന്റെ പരമാവധിയിൽ പ്രദർശിപ്പിക്കുവാൻ കഴിയുന്ന അത്ഭുതകരമായ ഈ കലാരൂപത്തെ സ്ഥാനത്തും അസ്ഥാനത്തും തമാശ പറയുന്ന കുറേ കോമാളികളുടെ പ്രകടനമായി താഴ്ത്തിക്കെട്ടുന്നതുകണ്ട്‌ ചിരിക്കാൻ എനിക്ക്‌ സാധിക്കുന്നില്ല. തിയേറ്ററിൽ ആളുകൾ ആർപ്പിട്ട്‌ ചിരിക്കുമ്പോൾ ഇടയ്ക്കിരുന്ന് കരയുന്നതാകട്ടെ അതിനേക്കാൾ കോമാളിത്തമാകും'.

എം.മുകുന്ദനും ആധുനികതയും



മാതൃഭൂമി ഓണപ്പതിപ്പിൽ (2014) എം.മുകുന്ദനുമായി എ.വി.പവിത്രൻ നടത്തിയ അഭിമുഖം സാഹിത്യ ചരിത്രപരമായിത്തന്നെ ചില സവിശേഷതകളോടു കൂടിയതാണ്‌. എം.മുകുന്ദന്റെ നോവലുകളെക്കുറിച്ച്‌ പവിത്രൻ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തങ്ങളല്ലെങ്കിലും പൊതുചോദ്യങ്ങൾ വളരെ സ്വീകാര്യമായി തോന്നി. ആധുനികതയെ സംബന്ധിച്ച്‌ മുകുന്ദൻ ഈ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ പലരുടെയും മുൻധാരണകളെ തിരുത്താൻ സഹായിക്കുന്നു. ആധുനികത കാലം തെറ്റി ഇവിടേക്ക്‌ വന്നതാണെന്നും ആധുനികത നമ്മുടെ ഒരു മാനസിക അനുഭവമല്ലെന്നും ഒക്കെയുള്ള അർത്ഥമില്ലാത്ത പറച്ചിലുകൾ പലരും പറഞ്ഞിട്ടുണ്ട്‌. ഒരു കാര്യം വ്യക്തമാക്കിത്തരാം. കാക്കനാടന്റെ സാക്ഷിയും, സേതുവിന്റെ നിയോഗവും , ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും, ആനന്ദിന്റെ മരണസർട്ടിഫിക്കറ്റും അതുപോലുള്ള ചില പാശ്ചാത്യകൃതികളും വായിച്ചാണ്‌ ഞങ്ങളൊക്കെ ഞങ്ങളുടെ സ്വത്വത്തെ പ്രപഞ്ചത്തിൽ പ്രകാശപൂർണ്ണമായി കണ്ടെത്തിയത്‌. അത്‌ നൽകിയ ആനാന്ദാനുഭവത്തിലാണ്‌ ഇപ്പോഴും ഞങ്ങളൊക്കെ നിലനിൽക്കുന്നത്‌. മുകുന്ദൻ ഒരിക്കൽക്കൂടി ആ ആധുനികതയെ ചർച്ചാവിഷയമാക്കിയപ്പോൾ ഏറെ സന്തോഷം തോന്നി. അവനവൻ എന്ന കടമ്പയെ ഞങ്ങളൊക്കെ ചാടിക്കടന്നതിന്‌ ഇത്തരത്തിലുള്ള കൃതികൾ നൽകിയ സഹായം സാഹിത്യത്തോടുള്ള എക്കാലത്തെയും ഒരു കടപ്പാടിന്റെ ഭാഗമാണ്‌.


കെ.ആർ മീര - ആരാച്ചാർ


കെ.ആർ.മീരയ്ക്ക്‌ 'ആരാച്ചാർ' എന്ന നോവലിലൂടെ വയലാർ അവാർഡ്‌ കിട്ടിയത്‌ വളരെ ഉചിതമായി. ഇതു വളരെ നേരത്തെ തന്നെ പരിഗണിക്കേണ്ടതായിരുന്നു. ഈ നോവലിനു ഇനിയും മികച്ച പല പുരസ്കാരങ്ങളും കിട്ടേണ്ടതാണ്‌. മാതൃഭൂമി പത്രം പുരസ്കാരവാർത്ത ഉൾപ്പേജിൽ കൊടുത്തത്‌ നന്നായില്ല. ദേശാഭിമാനി ഒന്നാംപേജിൽ തന്നെ വാർത്ത കൊടുത്തുകൊണ്ട്‌ പഴയ ഒരു തെറ്റ്‌ തിരുത്തിയിരിക്കുകയാണ്‌. ജ്ഞാനപീഠവാർത്ത ആ പത്രം അകത്തു കൊടുത്തുകൊണ്ട്‌ വലിയ ഒരു തെറ്റാണ്‌ ചെയ്തത്‌. എന്തായാലും മനോരമയും ഒന്നാംപേജിൽ തന്നെ അവാർഡ്‌ വാർത്ത കൊടുത്തുകൊണ്ട്‌ കെ.ആർ.മീരയോടും അതിലൂടെ മലയാളസാഹിത്യത്തോടും നീതി പുലർത്തിയിട്ടുണ്ട്‌. ആരാച്ചാരെക്കുറിച്ച്‌ ഉയർന്നുവന്ന ചില അപവാദങ്ങളെകുറിച്ച്‌ സംസ്കാരജാലകം പിന്നീട്‌ പ്രതികരിക്കുന്നതാണ്‌.

പാട്രിക്‌ മൊദിയാനോക്ക്‌ സാഹിത്യനോബേൽ


പ്രതിസന്ധിയിലാകുന്ന മനുഷ്യസമൂഹത്തെയും മനുഷ്യരെയും ഉന്നതമായ ചരിത്രബോധത്തോടും മനുഷ്യഭാഗധേയങ്ങളോടും മനുഷ്യനിസ്സഹായതയോടും മനുഷ്യവിധിയുടെ അലംഘനീയതയോടെയും ഭാഷയുടെ അത്യുന്നതമായ മിടുക്കോടെ ആവിഷ്കരിക്കുമ്പോഴാണ്‌ അത്യുന്നതമായ സർഗ്ഗാത്മകത ജനിക്കുന്നത്‌. 112 മത്‌ സാഹിത്യനോബേൽ നേടിയ പാട്രിക്‌ മൊദിയാനോയുടെ രചനാജീവിതവും മേൽ സൂചിപ്പിച്ചതുപ്രകാരമാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. ഞാൻ ഇവിടെ സൂചിപ്പിച്ച ആശയം ഇദ്ദേഹത്തിനു നോബേൽ സമ്മാനം കൊടുത്ത കമ്മറ്റിയുടെ വിലയിരുത്തലുകളുമായി വായനക്കാർ ചേർത്തു വായിച്ചുകൊള്ളുക. 'നാത്‌സി തേർവാഴ്ചയുടെ തീഷ്ണദുഃഖങ്ങൾ ഇഷ്ടപ്രമേയമാക്കി പാരീസിന്റെ കഥകൾ പറഞ്ഞ ഫ്രഞ്ച്‌ എഴുത്തുകാരൻ പാട്രിക്‌ മൊദിയാനോക്ക്‌ സാഹിത്യനോബേൽ. ഓർമ്മിച്ചെടുക്കലെന്ന കലയിലൂടെ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള മനുഷ്യവിധികളിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ നാത്‌സി ഭീകരതയിലെ ജീവിതലോകം മറനീക്കി കാണിച്ചതിനാണ്‌ സ്വീഡിഷ്‌ അക്കാദമിയുടെ പുരസ്കാരം.'


എലിപ്പത്തായം



ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച രണ്ട്‌ ചലച്ചിത്രങ്ങളാണ്‌ സത്യജിത്‌ റേയുടെ പഥേർ പാഞ്ചാലിയും അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായവും. പ്രീഡിഗ്രിക്ക്‌ പഠിച്ചുകൊണ്ടിരുന്ന കാലത്താണ്‌ ഈ സിനിമയുടെ ഷൂട്ടിംഗ്‌ നടന്നത്‌. കൊല്ലം ജില്ലയിൽ ഇപ്പോഴത്തെ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ കോവൂർ എന്ന സ്ഥലത്തെ മഠത്തിൽ വീട്ടിൽ വെച്ചായിരുന്നു ഷൂട്ടിംഗ്‌. ഈ നാലുകെട്ട്‌ സ്ഥിതി ചെയ്തിരുന്നത്‌ പണ്ടാരവിള മൂർത്തീക്ഷേത്രത്തിനു സമീപമായിരുന്നു. ഞങ്ങൾ കുട്ടികൾ ഷൂട്ടിംഗ്‌ കാണാൻ ആവേശത്തോടെ അവിടെ പോയിരുന്നു. അങ്ങനെ അടൂർ ഗോപലകൃഷ്ണനെയും കരമന ജനാർദ്ദനൻനായരെയും ശാരദയെയും മങ്കട രവിവർമ്മയെയും ഒക്കെ ആവേശത്തോടെ കണ്ടു. ഞങ്ങൾ പഠിച്ചിരുന്ന തേവലക്കര സ്കൂളിനു സമീപം കച്ചവടം ചെയ്തിരുന്ന എഡ്വേർഡ്‌ മുതലാളിയെ അടൂർ ഗോപാലകൃഷ്ണൻ എലിപ്പത്തായം സിനിമയിൽ അഭിനയിപ്പിക്കുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾക്കൊക്കെ അന്നതൊരു കൗതുകമായിരുന്നു. കഥാപാത്രങ്ങൾക്ക്‌ ചേരുന്ന മുഖമുള്ളവരെ അടൂർ തേടുന്നത്‌ ഞങ്ങൾ കണ്ടു പഠിച്ചു. മഠത്തിലെ നാലുകെട്ട്‌ ഇന്നവിടെ കാണുന്നില്ല. അത്‌ പൊളിച്ചുമാറ്റപ്പെട്ടിരിക്കുന്നത്‌ ഇന്ന് ഞങ്ങൾക്ക്‌ വേദനയോടെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഈ നാലുകെട്ട്‌ കാണാൻ വിദേശത്തു നിന്നും ചലച്ചിത്രവിദ്യാർത്ഥികൾ വന്നിരുന്നതായും കേട്ടിട്ടുണ്ട്‌. ഞങ്ങളുടെയൊക്കെ ബാല്യകാല കളിസ്ഥലം കൂടിയായിരുന്നു ഈ വീട്‌. പ്രശസ്തനായ പണ്ഡിതനും എഴുത്തുകാരനുമായ കുറിശ്ശേരി ഗോപലാകൃഷ്ണപിള്ള സാർ ഈ നാലുകെട്ടിൽ താമസിച്ചിരുന്നതായി ഓർക്കുന്നു. അവിടെ മുൻ അടൂർ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള (സി.പി..എം) താമസിച്ചിരുന്നതിന്റെ ഓർമ്മയും എന്റെ മനസ്സിലുണ്ട്‌. കൊട്ടാരക്കരയ്ക്കടുത്തുള്ള കോട്ടാത്തലയിൽ റോഡരികിൽ കാണുന്ന കുളമാണ്‌ എലിപ്പത്തായം സിനിമയിൽ കാണുന്ന കുളം.

അൻവരികൾ



'അൻവരികൾ' എന്ന ബ്ലോഗിലൂടെ അൻവർ ഹുസൈൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്‌. പ്രശസ്തവും അപ്രശസ്തവുമായ അനവധി ബ്ലോഗുകളെക്കുറിച്ചും അവയുടെ ഉള്ളടക്കത്തെക്കുറിച്ചും അൻവർ നിരൂപണബുദ്ധിയോടെ രേഖപ്പെടുത്തുന്നു. ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഈ പരിശ്രമങ്ങളെ അഭിനന്ദിക്കാതെ തരമില്ല. സൈബർ ലോകത്തെ 'ബ്ലോഗ്‌ ഡയറക്ടറി' എന്നു പറയാവുന്ന തരത്തിൽ സമഗ്രമായ കാഴ്ചയും വായനയുമാണ്‌ അൻവരികൾ സമ്മാനിക്കുന്നത്‌.


 വീട്‌

ഇന്ന് ചാനലുകളിലെ ഒരു പ്രധാന പ്രോഗ്രാമാണ്‌ വീട്‌. Dream, Home, വീട്‌ എന്നീ പലപേരുകളിൽ ഇത്‌ പല ചാനലുകളിലായി നാം കാണുന്നു. വീടുകളുടെ പല ഡിസൈനുകൾ ജനങ്ങൾ മനസ്സിലാക്കുന്നത്‌ നല്ലതാണ്‌. പക്ഷെ ഇത്തരം ചാനൽ പ്രോഗ്രാമുകൾക്ക്‌ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്‌. അത്‌ പുതിയകാലത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥാപിത താൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണ്‌. ജീവിതം ഭൗതികമായ ഉത്സവമാക്കിമാറ്റി ലാഭം കുന്നുകൂട്ടാനുള്ള സ്ഥാപിതതാൽപര്യം. ഈ സ്ഥാപിത താൽപര്യങ്ങളുടെ അമിതമായ പ്രയോഗത്തിലൂടെയാണ്‌ പുതിയ കാലത്തിൽ ഉദാത്തമായ ജീവിതമൂല്യങ്ങളും സാമൂഹികമൂല്യങ്ങളും കൂപ്പുകുത്തുന്നത്‌. നമുക്ക്‌ ആരാണ്‌ ഇനി ഇതൊക്കെ തിരിച്ചുപിടിച്ചു തരിക? വിടാനുള്ളതാണ്‌ വീട്‌. എന്നിട്ടും മനുഷ്യനെ വീടിന്റെ പേരിൽ അമിതമായി ഭ്രമിപ്പിക്കുകയാണ്‌ ചാനലുകൾ.  

സമാധാന നോബേൽ



ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നോബേൽ നമ്മെ എറെ ചിന്തിപ്പിക്കുന്നതാണ്‌. ഒന്നാമത്‌ വിദ്യാഭ്യാസപ്രവർത്തനത്തിനാണ്‌ സമാധാന നോബേൽ ലഭിച്ചിരിക്കുന്നത്‌. ഇന്ത്യാക്കാരനായ കൈലാഷ്‌ സത്യാർത്ഥിക്കും പാകിസ്ഥാൻകാരിയായ 17 വയസ്സുള്ള മലാല യൂസുഫ്‌ സായിക്കുമാണ്‌. ഇത്രയും പ്രായം കുറഞ്ഞൊരു കുട്ടിക്ക്‌ നോബേൽ കിട്ടുന്നത്‌ അതിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണ്‌. കുട്ടികളുടെ സംരക്ഷകനായിട്ടാണ്‌ സത്യാർത്ഥിക്ക്‌ നോബേൽ കിട്ടിയത്‌ എന്നത്‌ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതാണ്‌. ഏറ്റവും അധികം അവഗണിക്കപ്പെട്ടു പോകുന്നവർ എന്ന അർത്ഥത്തിൽ കുട്ടികളുടെ സംരക്ഷണം നമ്മുടെ ഏറ്റവും വലിയ ഒരു സാമൂഹിക ദൗത്യമാണ്‌. അതുപോലെ തന്നെ പെൺകുട്ടികളുടെ വിദ്യാഭ്യാസവും. ശാക്തീകരിക്കപ്പെട്ട പെണ്ണ്‌ എന്ന ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക്‌ നേടാൻ കഴിയൂ. മലാലയുടെ പരിശ്രമങ്ങളും അതിന്‌ മലാല നേരിട്ട ദുരന്താത്മകതയും കൂടുതൽ മധുരോദാരമായി തീരുന്നത്‌ ഈ സന്ദർഭത്തിലാണ്‌.

കൃഷി - സെബാസ്റ്റ്യൻ

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2014 ഒക്ടോബർ 29)


നെൽകൃഷിയുടെ സംസ്കാരം മലയാളിയിൽ നിന്ന് മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു. ഒടുങ്ങിപ്പോയി എന്നുപോലും പറയാം. ഈ ഭൂതകാലത്തിലേക്ക്‌ മലയാളസാഹിത്യം വെളിച്ചം വീശണം. ഇതൊരു സാധ്യതയാണ്‌. ഇക്കാര്യത്തിൽ മലയാളകവിത ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. കഥയിൽ എൻ.പ്രഭാകരന്റെ 'സ്ഥാവരം' ഓർമ്മ വരുന്നു. ഇപ്പോഴിതാ സെബാസ്റ്റ്യന്റെ മനോഹരമായ ഒരു കവിത പിറന്നിരിക്കുന്നു. അതത്രേ 'കൃഷി'. കൃഷിക്കാരന്റെ ജീവിതം, അവന്റെ അതിജീവനത്തിന്റെ പ്രശ്നങ്ങൾ, വെല്ലുവിളികൾ, അവന്റെ ജീവിതത്തിന്റെ ശാന്തി എല്ലാം ഒരു കൃഷിക്കാരനിൽ വെച്ചുതന്നെ സാന്ദ്രഭംഗിയിൽ സെബാസ്റ്റ്യൻ എഴുതിയിട്ടിരിക്കുന്നു. കൃഷിയും കൃഷിക്കാരനും വയലും എല്ലാം ഒരു ഏകകത്തിൽ സെബാസ്റ്റ്യൻ ഒതുക്കിയെടുത്തിരിക്കുന്നു. ഉജ്ജ്വലമായിരിക്കുന്നു! അവസാനവരികൾ വായിച്ചുകൊള്ളുക.

മങ്ങിയ വെളിച്ചത്തിൽ
ആ ഉള്ളംകൈ.
കൊയ്ത്തു കഴിഞ്ഞ്‌ വിശാലമായ
പാടശേഖരങ്ങൾ
ചില കൊറ്റികൾ
തവളകളുടെ കരച്ചിൽ.


പാറയിൽ നിന്നും വേണ്ടാത്തതെല്ലാം കൊത്തിമാറ്റുമ്പോൾ അവിടെയൊരു പ്രതിമാശിൽപം ജനിക്കുന്നു എന്നതുപോലെ വേണ്ടാത്ത വാക്കുകളെല്ലാം കൊത്തിമാറ്റി വേണ്ടുന്ന വാക്കുകൾ മാത്രം അവശേഷിക്കുമ്പോൾ അവിടെ ജനിക്കുന്നതാണ്‌ കവിത. ഇന്നത്തെ കവിത, പ്രതിഭാശാലികളായ യുവകവികൾ ഇങ്ങനെയാണ്‌ ആവിർഭവിപ്പിക്കുന്നത്‌. പുതുമലയാള കവിതയിൽ നിരൂപകരും വായനക്കാരും കാണേണ്ട കാഴ്ചയാണിത്‌.

മുന്നറിയിപ്പ്‌



ഉള്ളിൽ നിന്നും അനുഭവവേദ്യമാകുന്ന ഒന്നാണ്‌ യഥാർത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാവുന്ന ഏതു ബാഹ്യ ഇടപെടലുകളെയും അപ്പാടെ തുടച്ചുനീക്കാൻ മനുഷ്യമനസ്സ്‌ ശ്രമിച്ചുകൊണ്ടിരിക്കുമെന്നും വിളിച്ചുപറയുകയാണ്‌ പ്രശസ്ത ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്‌' എന്ന സിനിമ. തിരക്കഥ രചിച്ചിരിക്കുന്ന ഉണ്ണി.ആർ എന്ന എഴുത്തുകാരൻ പാത്രനിർമ്മിതിയിലും സംഭാഷണങ്ങളിലും അഭിനന്ദനാർഹമായ കൈയ്യടക്കം പുലർത്തിയിട്ടുണ്ട്‌ . സി.കെ.രാഘവൻ എന്ന കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ മമ്മൂട്ടി  അതിഭാവുകത്വമില്ലാതെ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. അടുത്തകാലത്തിറങ്ങിയ ജീവിതദർശനങ്ങളുള്ള സിനിമ എന്ന് 'മുന്നറിയിപ്പി'നെ അടയാളപ്പെടുത്താം.

ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലെ അതിഥി

ദേശാഭിമാനി വാരാന്ത്യപ്പതിപ്പിലെ അതിഥി വായനക്കാർ ഓരോ ആഴ്ചയും താൽപര്യപൂർവ്വം വായിക്കുന്ന ഒരു കോളമാണ്‌. വിശ്വപ്രസിദ്ധമായ കൃതികളാണ്‌ ഇവിടെ പ്രമുഖ സാഹിത്യകാരന്മാർ ചർച്ച ചെയ്യുന്നത്‌. ചില ആഴ്ചകളിൽ ഈ കോളം അസാമാന്യമായ നിലവാരത്തിലേക്ക്‌ ഉയരുന്നതും കണ്ടിട്ടുണ്ട്‌. 2014 ഒക്ടോബർ 5 ഞായർ (അതിഥി) ബെന്യാമിൻ റൊയ്മർ റോളണ്ടിന്റെ - ജീൻ ക്രിസ്റ്റോ ക്രാഫ്റ്റ്‌- എന്ന നോവലിനെക്കുറിച്ച്‌ എഴുതിയ ലഘുവിവരണമാണുള്ളത്‌. 1915 ൽ നോബൽ സമ്മാനം കിട്ടിയ ഈ കൃതിയെ ബെന്യാമിൻ മലയാളി വായനക്കാർക്ക്‌ പരിചയപ്പെടുത്തിയത്‌ എത്ര ഉത്കൃഷ്ടമായിരിക്കുന്നു! നമ്മുടെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്താൻ കഴിയുന്ന കൃതി എന്ന നിലയിൽ മലയാളികൾ ഈ നോവലിനെ നെഞ്ചോടു ചേർക്കുക. കാരണം നോവൽ നമുക്ക്‌ പ്രകാശം പകർന്നു തരുന്ന ഒരു മഹാലോകമാണ്‌.

O


Sunday, November 16, 2014

കാർഡിയാക്‌ അറസ്റ്റ്‌

കവിത
ഒ.എം.മഞ്ജൂനാഥ്‌










ടൽ വറ്റുന്നു
കപ്പൽ കരയുന്നു
പുകക്കുഴലിലുയരുന്നു
കപ്പിത്താന്റെ കിനാവുകൾ
കരിമ്പുകയായ്‌.

മുറ്റത്തെത്തുന്നൊരു
മുച്ചൂടൻ തീവണ്ടി
മുരണ്ടുരുണ്ട്‌ പാളമില്ലാതെ
മുഖമാകെ കരി.

ഇത്തരം പേക്കിനാവുകൾ
ഇന്നലെവരെയില്ലായിരുന്നു
നെഞ്ചുവേദനയുടെ
നേരമ്പോക്കിൽ
നീയോർമ്മയാകും വരെ.

O



Sunday, November 9, 2014

ശൈലൻ വിമർശിക്കപ്പെടുന്നു

 ലേഖനം
വിനോദ്‌ ഇളകൊള്ളൂർ












 (ആരാധകരും ഓൺലൈൻ വിപ്ലവകാരികളും വായിക്കരുത്‌)

      പഴയൊരു സംഭവമാണ്‌. വൈക്കം മുഹമ്മദ്‌ ബഷീറിനെ കാണാൻ കുറേപ്പേർ അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുന്നു. ബഷീർ മാംഗോസ്റ്റിൻ മരത്തണലിലിരുന്ന് എന്തോ എഴുതുകയാണ്‌. ആഗതർ അൽപം ദൂരെനിന്ന് ബഷീറിനെ കൗതുകത്തോടെ നോക്കുകയാണ്‌. കുറേക്കഴിഞ്ഞ്‌ അതുകണ്ട ബഷീർ ചോദിച്ചു: 'ആരാ..?'

ആഗതർ പറഞ്ഞു 'ഞങ്ങൾ അങ്ങയുടെ ആരാധകരാണ്‌.'

ഉടൻ വന്നു ബഷീറിന്റെ മറുപടി 'ഇങ്ങോട്ടുവരണ്ട, അവിടെ നിന്ന് ആരാധിച്ചിട്ട്‌ പൊയ്ക്കൊളൂ..'

താരാരാധനയോടുള്ള ശക്തമായ പരിഹാസമായിരുന്നു ബഷീറിന്റെ വാക്കുകളിൽ. നല്ല വായനക്കാരന്‌ ഒരിക്കലും ആരാധകനാകാൻ കഴിയില്ലെന്നാണ്‌ ബഷീർ പറയാതെ പറഞ്ഞത്‌. ഉപരിപ്ലവമായ തിളക്കങ്ങൾ കണ്ടുള്ള ഈയാംപാറ്റകളുടെ പറന്നടുക്കലാണ്‌ ആരാധന. എഴുത്തിലെ ആശയങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളോ, കാഴ്ചപ്പാടുകളെക്കുറിച്ചുള്ള സംവാദങ്ങളോ നിലപാടുകളെക്കുറിച്ചുള്ള മനനങ്ങളോ ആരാധകർക്കുണ്ടാകില്ല. വ്യക്തിയുടെ പ്രതിച്ഛായയോടു മാത്രമാണ്‌ അവർക്ക്‌ പ്രേമം. ആരാധനയുടെ പൊള്ളത്തരത്തെക്കുറിച്ച്‌ തിരിച്ചറിയാൻ ഈശ്വരഭക്തിയുടെയും സിനിമയുടെയും ലോകം പരിശോധിച്ചാൽ മതി. ദൈവദർശനത്തെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്ത ആളാണ്‌ താൻ ഈശ്വരനെ ആരാധിക്കുന്നെന്ന് പറയുന്നത്‌. ദൈവം എന്നത്‌ അമാനുഷികശക്തിയുള്ള എന്തോ സംഗതിയാണെന്ന് മാത്രം അറിയാവുന്ന അയാൾ ആ മാന്ത്രികവലയത്തിൽപ്പെട്ട്‌ ആരാധകനായി മാറുകയാണ്‌. മതഗ്രന്ഥങ്ങളെക്കുറിച്ചോ ഈശ്വരവചനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചോ അയാൾ അജ്ഞനാണ്‌. പക്ഷെ ആരാധനയുടെ ഹിസ്റ്റീരിയ ബാധിച്ച അയാൾ തന്റെ മൂർത്തിയെ ന്യായീകരിക്കാൻ ആരുമായും കൊമ്പുകോർക്കും.

രജനീകാന്തിന്റെ സിനിമ പ്രദർശിപ്പിക്കുമ്പോൾ വൈദ്യുതി നിലച്ചാൽ തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്റെ ആരാധകർ തിയേറ്ററിന്‌ തീവെയ്ക്കുന്നത്‌ ആരാധനാഭ്രാന്ത്‌ മൂത്തതുകൊണ്ടാണ്‌. സിനിമയെ അവർ ഗൗരവമായി കാണുന്നില്ല. അത്‌ മുന്നോട്ടു വെക്കുന്ന ജീവിതവീക്ഷണത്തെക്കുറിച്ച്‌ അവർ ചർച്ച ചെയ്യുന്നില്ല. നൂറുകണക്കിന്‌ ഗുണ്ടകളെ ഒരൊറ്റ കൈവീശലിനു നിലപരിശാക്കുന്ന വീരനായകനെ അവർക്ക്‌ ആരാധിച്ചാൽ മാത്രം മതി. മോഹൻലാലിന്റെയും  മമ്മൂട്ടിയുടെയും കട്ടൗട്ടിൽ പാലഭിഷേകം നടത്തി മാലയിടുന്ന ഫാൻസ്‌ അസോസിയേഷന്റെ മന:ശാസ്ത്രവും ഇതുതന്നെയാണ്‌. സെലിബ്രിറ്റി എന്ന നിലയിൽ തങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമായതിനാൽ താരങ്ങൾ ഇത്തരം ആരാധകരെ നിരുത്സാഹപ്പെടുത്താറില്ലെന്ന് മാത്രമല്ല, ഇടയ്ക്കിടെ ഒരു ഫ്ലൈയിംഗ്‌ കിസ്‌ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 

ചെറിയ ലോകത്തു ജീവിക്കുന്ന ചെറിയ മനസ്സുകളുടെ പ്രകടനങ്ങളാണ്‌ ഇവയൊക്കെ. സ്വന്തമായി വ്യക്തിത്വമില്ലാത്ത അവർക്ക്‌ എല്ലാക്കാലത്തും ആരെയെങ്കിലുമൊക്കെ ആരാധിച്ചു കൊണ്ടിരുന്നേ പറ്റൂ. മതത്തിലും രാഷ്ട്രീയത്തിലും വിഗ്രഹങ്ങൾ ഉണ്ടാക്കപ്പെടുന്നത്‌ അങ്ങനെയാണ്‌.

ഫേസ്‌ബുക്കിലെ പിഞ്ചുമാനസങ്ങൾ

ഫേസ്ബുക്ക്‌ പോലെയുള്ള സോഷ്യൽ മീഡിയകൾ വ്യാപകമായതോടെ ഇത്തരം പിഞ്ചുമാനസങ്ങൾ സാഹിത്യത്തിലും ആരാധനാമൂർത്തികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്‌. എഴുത്തുകാരന്റെ സർഗസംഭാവനയെ വിലയിരുത്തിക്കൊണ്ടല്ല അവരുടെ ആരാധന. അയാളുടെ വ്യക്തിപരമായ ചമയങ്ങളെ മുൻനിർത്തിയാണ്‌ പാദപൂജ. എഴുത്തുകാരന്റെ സർഗസൃഷ്ടിയെക്കുറിച്ച്‌ യാതൊന്നുമറിയാതെ ബാഹ്യപ്രകടങ്ങളിൽ പുളകിതരായി 'മഹാനുഭാവാ, അങ്ങയ്ക്കെന്താണ്‌ ആരും നോബൽ പ്രൈസ്‌ തരാത്തതെന്നും അങ്ങയെ വിമർശിക്കുന്നവരുടെ ലിസ്റ്റ്‌ തന്നാൽ ഞങ്ങൾ കാലുതല്ലിയൊടിക്കാമന്നു'മുള്ള മട്ടിൽ ഫാൻസ്‌ അസോസിയേഷൻകാർ ആവേശം കൊള്ളുന്നതാണ്‌ പ്രശ്നം.

താനൊരു മെഗാസ്റ്റാറാണെന്നും 'ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കലെന്നും' എഴുത്തുകാരന്‌ തോന്നാൻ ഇത്രയും മതി. ആരാധകരെ തൃപ്തിപ്പെടുത്താൻ അയാൾ ഏതുവേഷവും കെട്ടും. ആരാധകർ ഇക്കിളിപ്പെടുമെങ്കിൽ മഹദ്‌വചനമെന്ന മട്ടിൽ ഏതു പുളിച്ചതെറിയും പറയും. ആരാധകർ നൽകിയ സിംഹാസനത്തിൽ മെഗാസ്റ്റാറായി ഇരുപ്പുറപ്പിക്കും. ഫേസ്‌ബുക്ക്‌ ആരാധകർ നടത്തുന്ന ഈ താരനിർമ്മിതി അപകടകരമാണ്‌. സദാചാരം ലംഘിക്കാനും ഓൺലൈൻ വഴി വിപ്ലവം കൊണ്ടുവരാനും അടച്ചിട്ട മുറിയിലിരുന്ന് കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കൊട്ടി ആവേശ പോസ്റ്റിടുന്നവർക്ക്‌ ഇതിന്റെ ഗൗരവം മനസ്സിലാകില്ല. മണ്ണിൽ ചവിട്ടിനിന്ന് ഉച്ചത്തിലൊരു മുദ്രാവാക്യം വിളിക്കാനുള്ള ധൈര്യം പോലുമില്ലാത്ത ആ പാവങ്ങൾ സ്വയം മറ്റൊരു ലോകം സൃഷ്ടിച്ച്‌ അതിലിരുന്ന് പോസ്റ്റുകളിട്ട്‌ കബഡി കളിച്ചു രസിക്കുകയാണ്‌. ഉത്തരം താങ്ങിനിർത്തുന്നത്‌ തങ്ങളാണെന്ന് ഏതു പല്ലിക്കും അഭിമാനിക്കാം. പക്ഷേ, ഉത്തരത്തിനും കഴുക്കോലിനും വീടിനുമപ്പുറം വിശാലമായ ലോകമുണ്ടെന്നും മാറ്റങ്ങൾക്ക്‌ വേണ്ടി അവിടെ പോരാടുന്നത്‌ മണ്ണിൽ ചവിട്ടുന്നവരും വെയിൽ കൊള്ളുന്നവരുമാണെന്നുള്ള വലിയ സത്യം തിരിച്ചറിയണമെന്നേയുള്ളു.

അതുകൊണ്ടാണ്‌ ആരാധകരും ഓൺലൈൻ വിപ്ലവകാരികളും വായിക്കരുത്‌ എന്ന് തുടക്കത്തിൽ ചേർത്തത്‌. ആരാധനാമൂർത്തികളെ വിമർശിക്കുന്നത്‌ കേട്ടാൽ അവർക്ക്‌ സഹിക്കില്ല. തെറിവിളി കേൾക്കാനുള്ളതു മുതൽ തല്ലുകിട്ടാനുള്ളതു വരെയുള്ള യോഗം വിമർശകനുണ്ടാകും. തമിഴർ തീയറ്റർ കത്തിക്കുന്നതുപോലെ വിമർശിച്ചവനെ പച്ചജീവനോടെ കത്തിക്കാനും മതി. അതുകൊണ്ടു തന്നെ ആവർത്തിക്കട്ടെ. ആരാധകരും ഓൺലൈൻ വിപ്ലവകാരികളും ദയവായി ഈ ലേഖനം വായിക്കരുത്‌. സത്യസന്ധരായ വായനക്കാരും സർഗാത്മകമായ ഇടപെടലുകൾ നടത്തുന്നവരും ഫേസ്ബുക്കിൽ സജീവമായുണ്ട്‌. ഈ ലേഖനത്തിന്റെ ഉദ്ദേശശുദ്ധിയെ അവർ ഉൾക്കൊള്ളുമെന്ന് തീർച്ചയുണ്ട്‌.

കവി കാലുമാറുന്നു

സോഷ്യൽ മീഡിയയിലെ കവികളുടെയും കവിതകളുടെയും പ്രളയത്തിൽ നിന്ന് മുൻനിരയിലേക്ക്‌ കണ്ടെടുക്കാവുന്ന കുറേപ്പേരിൽ ഒരാളാണ്‌ ശൈലൻ. കവിതയെഴുത്തിന്റെ പരമ്പരാഗതവഴികളെ തള്ളിക്കളഞ്ഞ്‌ ഭാഷയിലും പ്രമേയത്തിലും അവതരണത്തിലും പുതിയ ചുവടുവെയ്പ്പുകൾ നടത്തുന്നതാണ്‌ ശൈലനെ വ്യത്യസ്തനാക്കുന്നത്‌. ഈ പുതുമ വായനക്കാർ താൽപര്യത്തോടെ കാണുന്നുണ്ട്‌. കവിത ഒരേ പാതയിലൂടെ ഒഴുകേണ്ട വിശുദ്ധമായ ഗംഗാപ്രവാഹമൊന്നുമല്ല ശൈലന്‌. വാക്കുകളുടെ പുതിയ സമന്വയത്തിലൂടെയും ആഖ്യാനത്തിലെ മലക്കംമറിച്ചിലിലൂടെയും രൂപപ്പെടുന്ന വ്യത്യസ്തമായ ഭാവതലം ആ കവിതകളിലുണ്ട്‌. ആനുകാലികങ്ങളിൽ സജീവമായ ശൈലൻ വായനക്കാർക്ക്‌ സുപരിചിതനാണ്‌. ഓൺലൈൻ മാധ്യമങ്ങൾ കേരളത്തിൽ പ്രചരിച്ചതോടെ ഫേസ്ബുക്കിലും അദ്ദേഹം സജീവമായി. ആൾക്കൂട്ടം തിങ്ങിനിറഞ്ഞ്‌ പായുകയും കോലാഹലം കൂട്ടുകയും ചെയ്യുന്ന അത്തരം പൊതുനിരത്തുകളിൽ എഴുത്തുകാരന്റെ സാന്നിധ്യം തീർച്ചയായും നല്ലതാണ്‌. എഴുത്തുകാരന്റെ നിലപാടുകളും ജീവിതവീക്ഷണങ്ങളും വായനയും സംവദിക്കാൻ പറ്റിയ ഇടമാണത്‌. നാലക്ഷരം കൂട്ടിവായിക്കാൻ പഠിച്ചാലുടൻ പണ്ഡിതനും ചിന്തകനുമായി മാറി ലോകകാര്യങ്ങളെ മുഴുവൻ വിമർശിക്കുന്നവർക്ക്‌ ചിന്തയുടെ വഴികൾ ഗൗരവമേറിയതാണെന്ന് ഓർമ്മിപ്പിക്കാൻ അത്തരക്കാരുടെ സാന്നിധ്യം സഹായിക്കും. 




തീർച്ചയായും ശൈലന്റെ ജീവിതവീക്ഷണങ്ങൾ സമുന്നതമാണ്‌. വളരെമുമ്പ്‌ സമകാലിക മലയാളം വാരികയിൽ ജീവിതം എന്നെ എന്തു പഠിപ്പിച്ചു എന്ന പംക്തിയിൽ ശൈലൻ സംസാരിക്കുന്നത്‌ അത്തരം കാര്യങ്ങളാണ്‌.

'എത്രയോ കോടി ജീവജാലങ്ങൾക്കിടയിൽ ഞാൻ എന്നൊരു സ്വത്വം ഉണ്ടായിരുന്നാലും ഇല്ലാതിരുന്നാലും ഈ പ്രപഞ്ചത്തിൽ പ്രത്യേകിച്ചൊരു വിശേഷവുമില്ല. ആയതിനാൽ ഓരോ ഞാനും മിഥ്യയാണ്‌.'

'പൂജ്യമെന്നത്‌ എല്ലായ്പ്പോഴും ഒന്നിനേക്കാളും രണ്ടിനേക്കാളും ചെറുതാവണമെന്നില്ല'

എന്നിങ്ങനെ പോകുന്നു ശൈലന്റെ ജീവിതപാഠങ്ങൾ. ആ പംക്തിയിൽ കൊടുത്തിരിക്കുന്ന ശൈലന്റെ ചിത്രം എഴുപതുകളിലെ ബുദ്ധിജീവിസിനിമയിലെ നായകനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള അലസരൂപമാണ്‌. മനുഷ്യന്റെ ജീവിതാവസ്ഥകളോട്‌ ഹൃദയംകൊണ്ട്‌ പ്രതികരിക്കുന്ന കവിയുടെ തിയറി കേട്ട്‌ വായനക്കാർ കവിയോട്‌ ആത്മബന്ധത്തിലേർപ്പെടുന്നു.

2002ലെ മലയാളം വാരികയിൽ നിന്ന് പുതിയകാലത്തിലെ ഫേസ്ബുക്കിൽ ശൈലനെ കാണുമ്പോഴാണ്‌ ശരിക്കും ഞെട്ടലുണ്ടാകുന്നത്‌. എഴുപതുകൾ ബാധിച്ച രൂപത്തെ പാടേ വെടിഞ്ഞ്‌ 'സ്റ്റൈൽസ്‌ ഓൺ ശൈല'നായാണ്‌ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്‌. രൂപത്തിൽ മാത്രമല്ല, എല്ലാത്തിലും സ്റ്റൈലുകളുണ്ട്‌. ജയചന്ദ്രൻനായർക്ക്‌ എഴുതിക്കൊടുത്ത പഴയ ജീവിതപാഠങ്ങളെയൊക്കെ കാറ്റിൽപറത്തി പൂരത്തെറി കൊണ്ടാണ്‌ അദ്ദേഹം ഇവിടെ നിറഞ്ഞാടുന്നത്‌. 

ഫേസ്ബുക്ക്‌ സൗഹൃദക്കൂട്ടായ്മയാണെന്നും അശ്ലീലവും അതിനപ്പുറവും ആകാമെന്നും വാദിക്കാം. അത്‌ സാധാരണക്കാരനായ ഒരാൾക്ക്‌ ബാധകമാണ്‌. പക്ഷേ ശൈലന്റെ കവിതകൾ വായിച്ച്‌ അദ്ദേഹത്തെക്കുറിച്ചു അന്വേഷണങ്ങളുമായി ഫേസ്ബുക്കിൽ പരതുന്നവർ കണ്ടെത്തുന്നത്‌ മറ്റുചിലതാണ്‌.  ഫേസ്‌ബുക്കിൽ അദ്ദേഹം നടത്തുന്ന വചനപ്രഘോഷണങ്ങളാണ്‌ പണ്ട്‌ ജയചന്ദ്രൻ നായർക്ക്‌ എഴുതിക്കൊടുത്തിരുന്നതെങ്കിൽ എത്രയോ കൊല്ലം മുമ്പേ അദ്ദേഹം മലയാളം വാരികയിൽ നിന്ന് രാജിവെച്ച്‌ പുറത്തുപോയേനേ.

ഫേസ്‌ബുക്ക്‌ വഴി ശൈലൻ നടത്തുന്ന ചില ഉദ്ബോധനങ്ങൾ വായിക്കൂ.

1. മിസ്റ്റർ ഫ്രോഡ്‌ സിനിമയെക്കുറിച്ച്‌ നൂറുകണക്കിന്‌ നെഗറ്റീവ്‌ അഭിപ്രായങ്ങൾ കേട്ടിട്ടും പടത്തിനുകേറി മൂഞ്ചി എന്നു പറഞ്ഞാൽ മതിയല്ലോ.

2. (22 ഫീമെയിൽ കോട്ടയം സിനിമയെക്കുറിച്ച്‌) പെണ്ണ്‌ പ്രതികാരത്തിന്റെ ഭാഗമായി ചതിച്ചവന്റെ ചുക്കാമണി അരിഞ്ഞ്‌ കാക്കയ്ക്ക്‌ കൊടുക്കുന്നത്‌ പണ്ട്‌ കെ.എസ്‌.ഗോപാലകൃഷ്ണനൊക്കെ കണ്ടുപിടിച്ചത്‌ ഓർക്കുന്നു. അതുകാണാത്തവർക്ക്‌ ഇപ്പോൾ കോൾമയിര്‌ കൊള്ളാം. കടിക്കുന്ന പട്ടിക്കെന്തിനാ ചുക്കാമണി.

(ഇതിനു ലഭിച്ച കമന്റുകൾ കേൾക്കൂ)

ശൈലൻ: അതിൽ ചുക്കാമണി ഉപ്പേരി വെക്കുന്നുണ്ടായിരുന്നു.
ഒരാൾ: ഒരു ചുക്കാമണി കിട്ടിയിരുന്നെങ്കിൽ ഒരു ചുക്കുകാപ്പി വെക്കാമായിരുന്നു.
മറ്റൊരാൾ: ഫെമിനിസ്റ്റുകൾ ഇതു തിളപ്പിച്ചാ കുടിക്കാറ്‌.

3. സ്ത്രീകൾ ജീൻസ്‌ ധരിക്കുന്നതിനെക്കുറിച്ച്‌ യേശുദാസ്‌ അഭിപ്രായപ്പെട്ടപ്പോഴും ശൈലൻ ഇടപെട്ടു.  'ഗന്ധർവ്വൻ പറഞ്ഞതിനെക്കുറിച്ച്‌ ഇങ്ങനെ മൂന്നാലു ദിവസം ചർച്ചിക്കാനൊന്നുമില്ല. ജീൻസായാൽ സംഗതി ഇച്ചിരി പാടുതന്നെയാ. വേറേതു തുണിയായാലും തരായാൽ പെട്ടെന്ന് കീച്ചാം.'
(ഇതിനുള്ള കമന്റുകളിൽ ചിലത്‌ ചുവടെ)

ഒരാൾ: അതെ, സാരിയോ പാവാടയോ ആണെങ്കിൽ കോഴികാച്ചിന്‌ എളുപ്പമാണ്‌.
മറ്റൊരാൾ: പാവാട മതി. നൈറ്റി ആണേൽ അത്യുത്തമം.

4. ഫേസ്‌ ബുക്കിലെ ടൈംലൈൻസ്‌  ഊമ്പിക്കൽസ്‌ തുടരുന്നു. ഞാനിട്ട പോസ്റ്റുകൾ എനിക്കു മാത്രം ദൃശ്യമാകുന്നു.



ചന്തയിലെ വിൽപനവേഷങ്ങൾ

ഇത്തരം എഴുത്തുകൾ ഫേസ്ബുക്ക്‌ പോലൊരു ആൾക്കൂട്ടത്തിൽ പ്രദർശനത്തിനു വെക്കുന്നതിൽ തെറ്റില്ല. ആർക്കും കേറിമേയാവുന്ന ഇങ്ങനെയൊരിടം മാലോകർക്ക്‌ മുന്നിൽ തുറന്നുവെച്ച സായിപ്പ്‌ ഒരിക്കലും ചോദ്യം ചെയ്യില്ല. പക്ഷെ കവി എന്ന നിലയിൽ സമൂഹത്തോടു നിരന്തരം സംസാരിക്കുന്ന ഒരാൾ ചില ഉത്തരവാദിത്വങ്ങൾ പുലർത്തേണ്ടതുണ്ട്‌. കവി എന്ന പേര്‌ ശൈലൻ നിഷേധിച്ചേക്കും. ഇതേക്കുറിച്ച്‌ താഴെ പറയുന്നുണ്ട്‌.

ഫേസ്‌ബുക്ക്‌ വഴിയുള്ള ശൈലന്റെ സദാചാരലംഘന വിപ്ലവവും അരാജകവാദങ്ങളും തുറന്നുപറച്ചിലുകളും ആൾക്കൂട്ടത്തിന്റെ കൈയടിയും 'ധീരാ വീരാ' വിളികളും നേടിക്കൊടുക്കുന്നതിൽ അത്ഭുതമില്ല. ശൈലനെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ അദ്ദേഹത്തെ കാണാൻ നടത്തിയ യാത്രയെക്കുറിച്ച്‌ ഹണി ബാലകൃഷ്ണൻ എഴുതിയത്‌ വായിക്കൂ. 'ശൈലൻ എ സ്കൗണ്ടറൽ പോയറ്റ്‌' എന്നാണ്‌ ആ ലേഖനത്തിന്റെ പേര്‌. അദ്ദേഹത്തിന്റെ വ്യക്തിവിമർശനങ്ങളെ അവതരിപ്പിക്കുന്ന ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ. 'ശൈലൻ എന്ന പ്രതിഭാസത്തെക്കുറിച്ച്‌ അറിയുന്നത്‌ ഒരു വർഷം മുമ്പാണ്‌. പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. അരാജകവാദികളുടെ ലിസ്റ്റിൽ എപ്പോഴും ആ പേരൊരു കൗതുകമായിരുന്നു. കേരളത്തിലെ കപടസദാചാരത്തിന്‌ നിരക്കാത്തതാണ്‌ പല പോസ്റ്റുകളും. മഹാകവിയെന്ന് പേരെടുക്കനുള്ള തത്രപ്പാട്‌ അദ്ദേഹത്തിനില്ല.'

ആരാധകർക്ക്‌ (വായനക്കാർക്കല്ല) പൊതുവേ ശൈലനെക്കുറിച്ചുള്ള വിലയിരുത്തൽ ഇതാണ്‌. തെമ്മാടി. അരാജകവാദി. സദാചാരലംഘകൻ. കവിപ്പട്ടത്തോടു താൽപര്യമില്ലാത്തവൻ എന്നീ ഘടകങ്ങളിലൂടെ ആരാധകരുടെ കൈയടിയും വിസിലടിയും വളരെ ഭംഗിയായി കാത്തുസൂക്ഷിക്കുന്നതിൽ ശൈലൻ ശ്രദ്ധിക്കാറുണ്ട്‌. പക്ഷേ അദ്ദേഹത്തെ എങ്ങനെ മേൽപ്പറഞ്ഞ വിശേഷണങ്ങളിൽ ഉൾപ്പെടുത്താൻ കഴിയും എന്ന കാര്യത്തിൽ ഇതെഴുതുന്ന ആൾക്ക്‌ സന്ദേഹമുണ്ട്‌.

കാപട്യങ്ങളും നാട്യങ്ങളും വേഷംകെട്ടലുകളും എല്ലാ രംഗത്തുമുണ്ട്‌. സെലിബ്രിറ്റിയാകാൻ പലർക്കും ഇത്‌ അനിവാര്യവുമാണ്‌. പക്ഷെ അത്തരം സെലിബ്രിറ്റികളെ മഹാമേരുക്കളായി ഉയർത്തിക്കാട്ടി ഫാൻസ്‌ അസോസിയേഷനുകൾ രൂപീകരിക്കപ്പെടുന്നത്‌ അപകടമാണ്‌. കവി, കവിത, സാംസ്കാരികജീവിതം, അരാജകത്വം, നിഷേധം തുടങ്ങിയ വാക്കുകളുടെ അർത്ഥം മറ്റൊന്നാണെന്ന് ബോധ്യപ്പെടുത്തിയേ പറ്റൂ.

ശൈലന്റെ ആഘോഷിക്കപ്പെടുന്ന പ്രത്യേകതകൾ പരിശോധിക്കുമ്പോൾ പുറത്തുവരുന്നത്‌ ശുദ്ധമായ തട്ടിപ്പാണ്‌.

1.തെമ്മാടി, അരാജകവാദി

സത്യമാണ്‌. ഫേസ്ബുക്കിലെ ശൈലന്റെ പോസ്റ്റുകൾ മിക്കതും തെമ്മാടിത്തരമാണ്‌. പൊതുസമൂഹം അശ്ലീലം എന്നു കരുതുന്ന വാക്കുകൾ കവി തന്റെ സംഭാഷണങ്ങളിൽ ഫേസ്‌ബുക്കിൽ തുറന്നു പറയുന്നുണ്ട്‌. സംഭോഗരസങ്ങളെക്കുറിച്ച്‌ വളച്ചുകെട്ടില്ലാതെ ഫലിതം പറയുന്നുണ്ട്‌. സദാചാരം എന്ന വാക്കിനെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്‌. അങ്ങനെയൊക്കെ ചെയ്യുന്ന ഒരാൾ തികഞ്ഞ അരാജകജീവിതത്തിന്‌ ഉടമയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തെമ്മാടിയെന്നോ നിഷേധിയെന്നോ ആയിരിക്കും അയാളെ വിളിക്കുക.

സമൂഹത്തിന്റെ സദാചാര സങ്കൽപങ്ങൾ സൃഷ്ടിച്ചെടുത്ത ജീവിത കാഴ്ചപ്പാടുകളോടും രീതികളോടും നിരന്തരം കലഹിക്കുന്നവരാണ്‌ ഇത്തരക്കാർ. സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തോട്‌ ജീവിതംകൊണ്ടാണ്‌ അവർ പ്രതികരിക്കുന്നത്‌. മാമൂൽപ്രിയരായ പാരമ്പര്യവാദികൾ ഇവരെ ഭയക്കുന്നുണ്ട്‌. ഫേസ്ബുക്കിൽ അത്തരം റോളിൽ ഒന്നാന്തരം പ്രകടനം കാഴ്ചവെക്കുന്ന ശൈലൻ പക്ഷെ പ്രായോഗിക ജീവിതത്തിൽ കൂട്ടുകാർക്കൊപ്പമുള്ള സൗഹൃദങ്ങളിലേ അരാജകവാദിയാകാറുള്ളു. സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായ അദ്ദേഹം മറ്റിടങ്ങളിലൊന്നും തന്റെ അരാജകത്വര പ്രകടിപ്പിക്കാറേയില്ല. ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയും വിധിയാണത്‌. ഭരണകൂടത്തിന്റെ ആശയങ്ങൾ (അതെത്ര ജനവിരുദ്ധമായാലും) നടപ്പാക്കാനുള്ള ഇടനിലക്കാരാണ്‌ സർക്കാർ ഉദ്യോഗസ്ഥർ. അരാജകവാദം, സദാചാരലംഘനം, അട്ടിമറികൾ തുടങ്ങിയ വിപ്ലവചിന്തകൾ പടിക്കുപുറത്ത്‌ ഉറയൂരി വച്ചിട്ടുവേണം സർക്കാർ ഓഫീസിൽ പണിക്കു കയറാൻ. ഇതു നന്നായി അറിയാവുന്നവർ ഭരണകൂട ഭീകരതയ്ക്കും സദാചാരക്കാർക്കുമൊക്കെ എതിരായി ബാത്ത്‌റൂമിലിരുന്ന് ഗർജ്ജിക്കുകയും പുറത്തിറങ്ങി വകുപ്പ്‌ മന്ത്രിക്ക്‌ സല്യൂട്ടടിക്കുകയും ചെയ്യും. അരാജകചിന്തകളും കലാപങ്ങളും നുരയുന്ന മനസുള്ള ഒരാൾക്ക്‌ എങ്ങനെയാണ്‌ പി.എസ്‌.സി ടെസ്റ്റെഴുതി ഭരണകൂടത്തിന്‌ അടിമവേല ചെയ്യുന്ന അച്ചടക്കമുള്ള കുട്ടിയാകാൻ കഴിയുന്നത്‌? നമ്മുടെ സർക്കാർ വകുപ്പുകളിൽ എണ്ണയിട്ട യന്ത്രം പോലെ പണിയെടുക്കുന്ന വിപ്ലവവേഷക്കാർ പണ്ടു മുതലേയുണ്ട്‌. ഉയർന്ന ശമ്പളം, തൊഴിൽ സുരക്ഷ, പെൻഷൻ തുടങ്ങി സർവ്വ ഭൗതികനേട്ടങ്ങളും ആർഭാടമായി അനുഭവിച്ചുകൊണ്ടാണ്‌ ഇത്തരക്കാർ അരാജകവേഷം കെട്ടിയാടുന്നത്‌. അവരിൽ ഒരാൾ തന്നെയാണ്‌ ശൈലനും.

യേശുദാസിന്റെ  ജീൻസ്‌ വിവാദം ഉണ്ടായ ഉടൻ തന്നെ ഫേസ്ബുക്കിൽ 'കീച്ചലിന്റെ' അനന്തസാധ്യതകളെക്കുറിച്ച്‌ വാചാലനായ ശൈലന്‌ യഥേഷ്ടം സംസാരിക്കനുള്ള സ്കോപ്പ്‌ സർക്കാർ നാണം കെട്ടുപോയ സോളാർ കേസിലുണ്ടായിരുന്നു. പക്ഷെ അദ്ദേഹം സരിതയെക്കുറിച്ച്‌ ഗുണമായും ദോഷമായും യാതൊന്നും പറഞ്ഞിട്ടില്ല. സരിതയെ തൊട്ടാൽ സർക്കാരിന്‌ പൊള്ളുമെന്നും തന്റെ പണി പാളുമെന്നും സർക്കാർ സേവകരായ എല്ലാ അരാജകവാദികൾക്കും അറിയാം. പി.എസ്‌.സി പരീക്ഷ എഴുതുന്നതു തന്നെ ഇത്തരം കാര്യങ്ങളിൽ ജ്ഞാനം നേടിയ ശേഷമാണ്‌. സത്യമാണ്‌. അരാജകവേഷങ്ങളൊക്കെ ഒരു പരിധി വരയേ ആകാവൂ. വെറും ജോലിയല്ല. സർക്കാർ ജോലിയാണ്‌. ദിവസത്തിനു ദിവസമാണ്‌ ശമ്പളവർദ്ധന. സർക്കാർ ജോലിയിൽ അഭയം പ്രാപിച്ച ശേഷം ഉമ്മൻ ചാണ്ടിക്കും നരേന്ദ്രമോഡിക്കും അച്യുതാനന്ദനും മാറിമാറി ഗുമസ്തപ്പണിയെടുക്കുന്ന റിട്ടയേർഡ്‌ നക്സലുകൾ പഴയ ഗർജ്ജനം മുഴക്കും പോലെ ഇടയ്ക്കിടെ ഓരിയിടുന്ന നാട്ടിൽ ഇതൊന്നും പുതുമയല്ല. അത്ര ആഴത്തിൽ ചിന്തിക്കാനുള്ള ശേഷിയൊന്നും ആരാധക പൈതങ്ങൾക്കില്ലാത്തിടത്തോളം കാലം ഫേസ്ബുക്ക്‌ വഴി അരാജകജീവിതം നയിക്കുന്നതിൽ തെറ്റില്ല താനും.

2.സദാചാരലംഘകൻ  

സദാചാരലംഘകർക്ക്‌ ഫേസ്ബുക്കിൽ നല്ല മാർക്കറ്റാണ്‌. നാലാൾ കേൾക്കെ തെറി പറഞ്ഞാൽ അത്‌ സദാചാര ലംഘനമാകുമെന്നാണ്‌ വയ്പ്‌. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ നാട്ടിൽ എല്ലാ ദിവസവും വൈകിട്ട്‌ മദ്യപിച്ച ശേഷം തെറി വിളിച്ചു പറയുന്ന ഒരു രാമചന്ദ്രൻ കൊച്ചാട്ടനുണ്ട്‌. ആരെങ്കിലും എതിർത്താൽ കൊച്ചാട്ടൻ മുണ്ടുപൊക്കി കാണിക്കുകയും ചെയ്യും. നേരത്തെയുള്ള നിർവ്വചനമനുസരിച്ചാണെങ്കിൽ രാമചന്ദ്രൻ കൊച്ചാട്ടനാണ്‌ ഒന്നാന്തരം സദാചാരലംഘകൻ. കാരണം മണ്ണിൽ ചവിട്ടി നിന്നാണ്‌ അദ്ദേഹം തന്റെ ക്രിയകൾ നടത്തുന്നത്‌. മണ്ണിൽ ചവിട്ടുക എന്നത്‌ വളരെ പ്രധാനമാണ്‌. ചരിത്രത്തിൽ അടയാളപ്പെട്ടിട്ടുള്ള വിപ്ലവകാരികളെല്ലാം അങ്ങനെയായിരുന്നു. ജീവിതം കൊണ്ട്‌ പൊരുതേണ്ടി വരുമെന്നതാണ്‌ അതിന്റെ പ്രത്യേകത. എല്ലാ ഭൗതികസുഖങ്ങളിലും ആറാടി ഫേസ്ബുക്ക്‌ വഴി ലംഘനം നടത്തിയ ശേഷം മൂടിപ്പുതച്ചുറങ്ങുകയല്ലവർ ചെയ്യുന്നത്‌. ശൈലന്റെ വിപ്ലവങ്ങൾ ഫേസ്ബുക്കിൽ പിറവിയെടുക്കുകയും അവിടെത്തന്നെ മരിച്ചുവീഴുകയും ചെയ്യുന്നു. 

ശൈലന്റെ ഇത്തരം ദർശനങ്ങൾക്ക്‌ ഓൺലൈൻ ചുവരിലെ ആയുസ്സേയുള്ളു. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന അദ്ദേഹം മാന്യവും പക്വവുമെന്ന് സദാചാരക്കാർ കരുതുന്ന വാക്കുകളേ പുറപ്പെടുവിക്കാറുള്ളു. ഒ.വി.വിജയനെക്കുറിച്ചും മറ്റും ഫേസ്ബുക്കിലെഴുതിയ പോസ്റ്റുകൾ സദാചാരക്കാരെപ്പോലെ തന്നെ ബഹുമാനം കലർന്ന ഭാഷയിലാണ്‌. കുടുംബബന്ധങ്ങളെക്കുറിച്ച്‌ വികാരാർദ്രമായാണ്‌ എഴുതുന്നത്‌. അവിടെയൊന്നും ലംഘനത്വരകൾ ഉണ്ടാകാറില്ല. സാഹിത്യസമ്മേളനവേദിയിൽ പ്രസംഗിക്കുമ്പോൾ 'ഇന്നലെ വാങ്ങിയ പുസ്തകം വായിച്ച്‌ മൂഞ്ചിപ്പോയി' എന്ന് പറയാറില്ല. പൊതുസ്ഥലത്ത്‌ പരസ്യചുംബനങ്ങൾ നടത്തിയതിനെക്കുറിച്ച്‌ കേട്ടിട്ടുമില്ല. ആനുകാലികങ്ങളിലെ അഭിമുഖങ്ങളിൽ പത്രാധിപസമിതിക്ക്‌ എഡിറ്റ്‌ ചെയ്തു കളയാൻ പാകത്തിലുള്ള ഒരു 'കീച്ചൽ' വാക്കുപോലും ഉണ്ടാകാറില്ല. ഇത്‌ എങ്ങനെ സാധിക്കും? ഓൺലൈൻ വഴി സദാചാരലംഘകനാവുക, പുറത്ത്‌ സദാചാരക്കാരുടെ വേലിക്കെട്ടിൽ നിന്ന് സംസാരിക്കുക. തെറിയിൽ മുക്കിയ വാചകമേളകൾ ഓൺലൈനിലേക്കും മാന്യവും പക്വവുമായ പ്രയോഗങ്ങൾ അതിനു പുറത്തും എന്നൊരു രീതി ശുദ്ധ കള്ളത്തരമാണ്‌. ലംഘിക്കുന്നവർ എല്ലായിടത്തും ലംഘിക്കുക തന്നെ വേണം. യേശുദാസിന്റെ ജീൻസ്‌ പ്രസ്താവനയെക്കുറിച്ചുള്ള പ്രതികരണം ഫേസ്ബുക്കിൽ നൽകിയ അതേപടി ഏഷ്യാനെറ്റ്‌ ചാനലിലും പറയണം. ഫീമെയിൽ കോട്ടയം സിനിമയെക്കുറിച്ചുള്ള നിരൂപണം ഫേസ്ബുക്കിൽ മാത്രം പോരാ. മാസികകളിലും നൽകണം. മണ്ണിൽ ചവിട്ടി നിന്ന് സൂര്യവെളിച്ചത്തിൽ ഒരാൾ ചെയ്യുന്ന അത്തരം തുറന്നുകാട്ടലുകളാണ്‌ ലംഘനങ്ങളാകുന്നത്‌. ഓൺലൈനിൽ ജീവിക്കുന്ന പൈതങ്ങളെ രസിപ്പിക്കാൻ അവിടെയുള്ള ലംഘനങ്ങൾ മതി. പക്ഷേ, അതിന്‌ പുറത്തുള്ളവർക്കും രസിക്കണ്ടേ?

കഴിഞ്ഞ ഓണത്തിന്‌ മെട്രോ മനോരമയിൽ കുട്ടികൾക്ക്‌ വേണ്ടി ഓണത്തെക്കുറിച്ച്‌ ശൈലൻ എഴുതിയ മനോഹരമായ കുറിപ്പുണ്ട്‌. ഓണമായിട്ടും നേരത്തെ പറഞ്ഞ സിനിമാനിരൂപണത്തിലെ 'ചുക്കാമണികൊണ്ട്‌ ഉപ്പേരി ഉണ്ടാക്കുന്ന വിധത്തെക്കുറിച്ച്‌' അതിലില്ലായിരുന്നു. സുന്ദരമായ ഒരു കുറിപ്പ്‌ മാത്രമായിരുന്നു അത്‌. ഓണത്തെക്കുറിച്ചുള്ള ഓർമ്മയിൽ കോൾമയിർ കൊണ്ടെഴുതിയ ആ കുറിപ്പിൽ ഫേസ്ബുക്കിൽ ശൈലന്റെ സ്ഥിരം പ്രയോഗമായ 'കോൾമയിര്‌' എന്ന സദാചാരലംഘന വാക്കിന്റെ പൊടിപോലുമില്ലായിരുന്നു കണ്ടുപിടിക്കാൻ. ശൈലന്റെ കവിതകൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ അത്തരമൊരു കുറിപ്പ്‌ വായിച്ചത്‌.  ഫേസ്ബുക്കിലെ കുറിപ്പുകൾ വായിച്ച്‌ പരിചിതമായതുകൊണ്ട്‌ അത്തരത്തിലുള്ള 'തുണ്ടുകൾ' വല്ലതും അതിൽ ഉണ്ടായിരുന്നിരിക്കുമെന്നും പത്രാധിപസമിതി നീക്കിയതായിരിക്കുമെന്നുമാണ്‌ കരുത്തിയത്‌. കാരണം കൊച്ചുപ്രായത്തിൽ തന്നെ കുട്ടികളെ സദാചാരം ലംഘിക്കാൻ പഠിപ്പിക്കേണ്ടതല്ലേ. പക്ഷെ മനോരമയിൽ ബന്ധപ്പെട്ടപ്പോൾ പത്രത്തിൽ കണ്ട അതേ കുറിപ്പ്‌ തന്നെയാണ്‌ ശൈലൻ നൽകിയതെന്നാണ്‌ പറഞ്ഞത്‌.

അരാജകജീവിതം സ്വതസിദ്ധമായി സംഭവിക്കുന്നതാണ്‌. വേറിട്ട കാഴ്ചപ്പാടുകളുള്ള ഒരാളുടെ ജീവിതം മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ചിന്തയുടെ ആഴവും പരപ്പും അനുസരിച്ച്‌ ആ ജീവിതം കൂടുതൽ കൂടുതൽ വ്യത്യസ്തതകളിലേക്ക്‌ പോകും. ഏതൊരു സമൂഹത്തിലും എല്ലാ മേഖലയിലും അത്തരക്കാരുണ്ട്‌. ഗദ്ദറും അയ്യപ്പനും ജോൺ എബ്രഹാമും സുരാസുവും സാംസ്കാരികമായ അത്തരം ജീവിതം നയിച്ചവരാണ്‌. വാക്കും പ്രവൃത്തിയും അവർക്ക്‌ ഒന്നുതന്നെയായിരുന്നു. അണിയറയിൽ അരാജകവാദം നടത്തി ആളെ കൂട്ടുകയും അരങ്ങിൽ പൊതുസമൂഹം വരച്ച വരയിൽ ജീവിക്കുകയുമായിരുന്നില്ല അവർ. ഫ്രഞ്ച്‌ എംബസിയിൽ നാലക്ക ശമ്പളം വാങ്ങി തികച്ചും യാഥാസ്ഥിതികമായ ജീവിതം നയിച്ച എം മുകുന്ദനെ പണ്ട്‌ കഥകളും നോവലുകളും വായിച്ച്‌ അരാജകവാദിയെന്ന് ആരാധകർ വാഴ്ത്തിയിരുന്നു. തന്റെ മാർക്കറ്റിംഗിനായി ഏറെക്കാലം അദ്ദേഹം അത്‌ ആസ്വദിക്കുകയും ചെയ്തു. അച്ചടക്കം നിറഞ്ഞുകവിഞ്ഞ സേവനത്തിനുശേഷം സർക്കാർ ഓഫീസിൽ നിന്ന് വിരമിക്കുകയും സീരിയൽ താരമാവുകയും ചെയ്ത ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഇപ്പോഴും അരാജകവാദിയുടെയും കലാപകാരിയുടെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്ത ശുദ്ധാത്മാക്കളുണ്ട്‌. ഉദാഹരണങ്ങൾ ഇനിയുമേറെയുണ്ട്‌.

3.കവിപ്പട്ട വിരോധി

തന്റെ കവിതകൾക്കും മറ്റും ഫേസ്ബുക്കിലൂടെ ഭീമമായ പ്രചാരണം നൽകുന്ന ഒരാൾ ശൈലനെപ്പോലെ വേറെയുണ്ടാവില്ല. വാരികയിൽ കവിത വന്നാലുടൻ അദ്ദേഹം അത്‌ അറിയിക്കും. പ്രദർശിപ്പിക്കും. പങ്കെടുത്ത സമ്മേളനങ്ങളുടെ ചിത്രങ്ങൾ യഥേഷ്ടം കാഴ്ചവെക്കും. പ്രമുഖരോടൊപ്പമുള്ള ഫോട്ടോകളുടെ നിരതന്നെയുണ്ട്‌. സ്വയം പ്രചരണത്തിൽ ഇത്രമാത്രം മുഴുകുന്ന ഒരാളെ കവിപ്പട്ടത്തോട്‌ മുഖം തിരിച്ചുനിൽക്കുന്നവനെന്ന് എങ്ങനെ പറയാൻ കഴിയും? കവിക്ക്‌ സമൂഹം നൽകുന്ന ബഹുമാനത്തെ അദ്ദേഹം മനസ്സറിഞ്ഞ്‌ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തം.

എഴുത്തിലെ മാർക്കറ്റിംഗ്‌ തന്ത്രം

എഴുത്തിലെ മാർക്കറ്റിംഗ്‌ തന്ത്രം പുതിയകാലം കൂടുതലായി ആവശ്യപ്പെടുന്നുണ്ട്‌. സ്വയം പൊക്കുകയോ മറ്റുള്ളവരെക്കൊണ്ട്‌ പൊക്കിക്കുകയോ ചെയ്യുന്നതിനെ ക്രിമിനൽകുറ്റമായി ഇന്നാരും കാണുന്നില്ല. സെൽഫ്‌ പ്രൊമോഷൻ എന്നൊരു വാക്കുതന്നെ നമുക്ക്‌ സുപരിചിതമായിക്കഴിഞ്ഞു. കളിയരങ്ങിൽ അരാജകവേഷം കെട്ടിയാടി ആരാധകരുടെ കൈയടി വാങ്ങുന്ന മാർക്കറ്റിംഗിന്റെ മറ്റൊരു മുഖമാണ്‌. അത്‌ മുഖംമൂടി കൂടിയാണെന്ന് പറയുക മാത്രമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശം.
ശൈലനെതിരെ ഇങ്ങനെയൊരു വിമർശനം എഴുതുന്നതിനെക്കുറിച്ച്‌ പറഞ്ഞപ്പോൾ മലയാളത്തിലെ പ്രമുഖനായ ഒരു യുവകവി പറഞ്ഞതിങ്ങനെ: 'ഫേസ്ബുക്കിലെ ശൈലന്റെ ശൈലികളോട്‌ എനിക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്‌. താനെഴുതുന്ന വിമർശനം ഫേസ്ബുക്കിൽ ഞാൻ വായിക്കും. പക്ഷെ ലൈക്കോ കമന്റോ തരില്ല. ആരാധകരെ ഭയമാണ്‌. ശൈലൻ ഇതിനെയൊക്കെ സംയമനത്തോടെയേ കാണൂ. പക്ഷെ ശൈലന്റെ ആരാധകർ തന്നെ വെറുതെ വിടില്ല.'

ആവർത്തിക്കട്ടെ, ദയവായി ആരാധകരും ഓൺലൈൻ വിപ്ലവകാരികളും ഈ ലേഖനം വായിക്കരുത്‌.

O


Monday, November 3, 2014

സൈബർ വഴിത്താരകൾ

പുസ്തകം
അഡ്വ.ജിതേഷ്‌









 
  ന്റർനെറ്റ്‌ സമസ്തമേഖലകളിലും പുതുസാധ്യതകളുടെ വ്യത്യസ്ത ജാലകങ്ങളാണ്‌ തുറന്നിടുന്നത്‌. പൂർവ്വസൂരികളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക-സാംസ്കാരിക-സാഹിത്യ നിരൂപണത്തിന്റെ അനന്ത സൈബർസാധ്യതകളെ കൃത്യമായി കണ്ടറിയുകയും തിരിച്ചറിയുകയും ചെയ്ത ആദ്യ മലയാളി നിരൂപകനെന്ന നിലയിലാണ്‌ ഡോ.ആർ.ഭദ്രൻ സൈബർ സ്പേയ്സിന്‌ ഏറ്റവും പ്രിയപ്പെട്ട നിരൂപകനായി മാറിയത്‌.

സയൻസും ടെക്നോളജിയും അതിലേറെ പോണോഗ്രാഫിയും കൊടികുത്തിവാഴുന്ന സൈബർ സ്പേയ്സിൽ നിരൂപണത്തിന്റെ ഒരു വ്യത്യസ്ത ജാലകം തുറക്കലായിരുന്നു കേളികൊട്ട്‌ എന്ന ശ്രദ്ധേയ മലയാളം ബ്ലോഗ്‌ മാഗസിനിലൂടെ പ്രകാശിതമായ ഭദ്രൻസാറിന്റെ സംസ്കാരജാലകം എന്ന പംക്തി. (Link  സംസ്കാരജാലകം - 21 ) പ്രൊഫ.എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലം എന്ന പ്രതിവാരകോളം പ്രിന്റ്‌ മീഡിയയിലൂടെ സൃഷ്ടിച്ച സാഹിത്യ-സാംസ്കാരിക ചലനങ്ങൾക്കു സമാനമായൊരു ചലനമാണ്‌ ഇന്റർനെറ്റിന്റെ വിശാലലോകത്ത്‌ സംസ്കാരജാലകം തുറന്നിടുക വഴി ഡോ.ആർ ഭദ്രൻ എന്ന കൃതഹസ്തനായ വിമർശകനും സൃഷ്ടിച്ചത്‌. പ്രവാസികളടക്കം സാഹിത്യകുതുകികളായ ലക്ഷക്കണക്കിന്‌ ലോകമലയാളികളുടെ ശ്രദ്ധ പതിഞ്ഞ ഈ ഇന്റർനെറ്റ്‌ കോളം ഇതാദ്യമായി പുസ്തകരൂപത്തിൽ.





പരമ്പരാഗത വായനാരീതികളോട്‌ പുച്ഛം കാണിച്ചും ബ്ലോഗിനെ കൂട്ടിയും ബുക്കുകളെ തള്ളിപ്പറഞ്ഞും  മാർക്ക്‌ സുക്കൻബർഗിന്റെ ഫേസ്ബുക്ക്‌ മാത്രമാണ്‌ തങ്ങൾ കൈകൊണ്ടു തൊടുന്ന ഏക ബുക്കെന്ന് ഔദ്ധത്യത്തോടെ പ്രഖ്യാപിച്ചും ന്യൂജനറേഷൻ കിഡുകൾ തിമിർക്കുന്ന സൈബർ സ്പേയ്സിൽ ഒരു സാമൂഹ്യ-സാംസ്കാരിക-സാഹിത്യ വിമർശനപംക്തി തുടരെ മനസ്സ്‌ ക്ലിക്കുകളാൽ ക്ലിക്കാകുന്നത്‌ ഒട്ടും നിസ്സാരസംഭവമല്ല. വിശ്വസാഹിത്യം മാത്രമല്ല, സംഗീതം, ചിത്രകല, സിനിമ, ക്രിക്കറ്റ്‌, ടി.വി.ഷോ തുടങ്ങി പത്തനംതിട്ട ടൗണിലെ തുമ്പമൺകടയെന്ന കൊച്ചുചായക്കടയിലെ പരിപ്പുവടയിലെ നന്മ വരെ സംസ്കാരജാലകത്തിന്റെ കാഴ്ചകളിലുണ്ട്‌.

പത്രാധിപരില്ലാത്തതിന്റെ ദോഷം മൂലം ചപ്പും ചവറും കുന്നുകൂടിയ ബൂലോക കവിതകൾക്കിടയിൽ നിന്നും മുത്തും പവിഴവും മുങ്ങിത്തപ്പിയെടുക്കാനുള്ള കോളമിസ്റ്റിന്റെ കഴിവും സവിശേഷപ്രശംസയർഹിക്കുന്നു. കണ്ടെടുത്ത ഒരു കവിത ഇങ്ങനെ:

കള്ളുകുടിച്ചും
കൈക്കൂലി വാങ്ങിയും
വെള്ളക്കാരികളെ തിരഞ്ഞും
തീർന്നുപോയി
കീശയിലെ ഗാന്ധി.

ആഴക്കാഴ്ചയുടെ മിഴിവ്‌ വെളിവാക്കുന്ന നിരീക്ഷണകൗശലമാണ്‌ അധ്യാപകശ്രേഷ്ഠനായ ഈ നിരൂപകന്റേത്‌. ബ്ലോഗെഴുത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒഴുകിമറയുന്ന അഥവാ ബ്ലോഗി മറയുന്ന രചനകൾക്കിടയിൽ നിന്നും വിഭവമൊരുക്കാൻ പറ്റിയവയെ ചൂണ്ടയിട്ടെടുക്കാൻ അസാധാരണ ക്ഷമയും മനസ്സാന്നിധ്യവും വേണം. ആനുകാലികങ്ങളിൽ വഴിപാടുപോലെ അച്ചടിക്കപ്പെടുന്ന സ്ഥലംകൊല്ലി ഗദ്യകവിതകൾക്കിടയിൽ നിന്നും അകക്കാമ്പുള്ളതിനെ കണ്ടെത്തി വായനക്കാരന്റെ വിരുന്നുമേശയിലെ വിശിഷ്ടഭോജ്യമാക്കുവാനും ശ്രമിക്കുന്നുണ്ട്‌ നിരൂപകൻ. കലാകൗമുദിയുടെ 2010 ജനുവരി ലക്കത്തിൽ നിന്നും ഭദ്രൻ സാർ കണ്ടെത്തിയ കെ.പി.സദാനന്ദന്റെ കവിത ഇങ്ങനെ:

സച്ചിൻ സെഞ്ച്വറിയടിക്കുമ്പോൾ
നൂറ്‌ വെറും സംഖ്യയല്ല
ഗദ്യമല്ല... പദ്യമല്ല
ശുദ്ധസംഗീതം...

നൂറ്‌ എന്ന സേഞ്ചൂറിയൻ ഡിജിറ്റിന്റെ വേറിട്ടൊരു അകപ്പൊരുൾ കണ്ടെത്തിയ വിരുതൻ കവി നിരൂപകശ്രദ്ധ നേടുകതന്നെ വേണം. (ആറും നൂറും കൊള്ളില്ലെന്നു പറഞ്ഞവർ നൂറ്‌ കൊള്ളാമെന്നു പറഞ്ഞുതുടങ്ങിയത്‌ സച്ചിൻ ബംഗ്ലാദേശിനെതിരെ നേടിയ നൂറാം സെഞ്ച്വറിയോടുകൂടിയാണ്‌).

അപരനോടുള്ള കരുതലാണ്‌ സംസ്കാരം. സഹജീവികളുടെ സർഗ്ഗാത്മകചെയ്തികളെ കരുതലോടെയും കൃത്യതയോടെയും നിരീക്ഷിക്കുകയും സൂക്ഷ്മമായി ഒപ്പിയെടുക്കുകയും ചെയ്യുന്ന ധിഷണാശേഷിയും ബൗദ്ധിക സാന്നിധ്യവുമുണ്ട്‌ ഈ ഗ്രന്ഥകാരനിൽ.


ഡോ.ആർ.ഭദ്രൻ

മരിയ വർഗാസ്‌ യോസയും ജോസഫ്‌ ബോഡ്സ്കിയും ആലീസ്‌ മൺറോയും തോമസ്‌ ട്രാൻസ്‌ട്രോമറുമടങ്ങുന്ന വിശ്വസാഹിത്യ പ്രപഞ്ചത്തിലൂടെ നിരൂപണയാനം തുടരുന്നതിനൊപ്പം തന്നെ ഡി.വിനയചന്ദ്രൻ, തോമസ്‌ ജേക്കബ്‌, സിപ്പി പള്ളിപ്പുറം, പി.കെ.ഗോപി, ബെന്യാമിൻ, വിനോദ്‌ ഇളകൊള്ളൂർ, സാറാ ജോസഫ്‌, രവിവർമ്മ തമ്പുരാൻ, സി.അനൂപ്‌, അനിൽ വള്ളിക്കോട്‌, എസ്‌.ജോസഫ്‌ തുടങ്ങി നൂറുകണക്കിന്‌ എഴുത്തുകാരുടെ രചനാ വൈവിധ്യങ്ങളിലൂടെ വിഹഗവീക്ഷണം നടത്തുവാനും സംസ്കാരജാലകത്തിനു കഴിഞ്ഞിട്ടുണ്ട്‌. എഴുത്തുകാരന്റെ വലിപ്പച്ചെറുപ്പമല്ല, എഴുത്തിന്റെ വലിപ്പച്ചെറുപ്പമാണ്‌ സംസ്കാരജാലകത്തിൽ ഇടംപിടിക്കുവാൻ എഴുത്തുകാരനെ പ്രാപ്തനാക്കുന്നതെന്ന് സാരം. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ മാസ്റ്റർപീസുകളെ വിലയിരുത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ കമലഹാസനെയും കപിൽസിബലിനെയും പോലെ സാഹിത്യത്തിനപ്പുറമുള്ള സെലിബ്രിറ്റികളുടെ എഴുത്തു പരീക്ഷണങ്ങൾക്കും ഈ നിരൂപകൻ കണ്ണും കാതും അർപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിഷയ വൈവിധ്യം കൊണ്ട്‌ സമ്പന്നമാണ്‌ സംസ്കാരജാലകം.

എല്ലറ്റിനുമുപരി ഇരപിടിയന്മാർക്കെതിരായ പക്ഷംചേരലാകുന്നു ഭദ്രൻസാറിന്‌ എഴുത്ത്‌. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമാകാനുള്ള നിരൂപകന്റെ ത്വര ശ്ലാഘനീയമാണ്‌. എല്ലാത്തരം മുതലാളിത്തഹുങ്കുകൾക്കുമെതിരായ രാഷ്ട്രീയമാണ്‌ ഡോ.ആർ.ഭദ്രൻ തന്റെ എഴുത്തിലൂടെയും പ്രഭാഷണപരമ്പരകളിലൂടെയും നിരന്തരം പ്രചരിപ്പിക്കുന്നത്‌. കുത്സിത കച്ചവടതാൽപര്യങ്ങൾക്കും ദൂഷിതവലയങ്ങൾക്കുമെതിരായി മാനവികമൂല്യങ്ങളുടെ പക്ഷത്തുനിന്ന് രണഭേരി മുഴക്കുകയാണ്‌ അദ്ദേഹത്തിന്റെ സമരായുധമായ പേന. ഈ സമരായുധത്തിന്റെ ശക്തി അനന്യമാണെന്ന് സംസ്കാരജാലകം അടിവരയിട്ട്‌ അടയാളപ്പെടുത്തുന്നു.
   
പ്രൊഫ.എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലം ഡോ.ആർ.ഭദ്രന്റെ എഴുത്തുശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. മലയാളസാഹിത്യകൃതികളെ ഇംഗ്ലീഷ്‌ കൃതികളുമായി തുലനം ചെയ്യുമ്പോൾ എം.കൃഷ്ണൻനായർ പുലർത്തുന്ന വിശ്വസാഹിത്യജ്ഞാനത്തിന്റെ കടൽപ്പരപ്പ്‌ ഭദ്രൻ സാറിന്റെ എഴുത്തിൽ കടന്നുവരുന്നില്ലെന്ന ന്യൂനതയുമുണ്ട്‌. എന്നിരിക്കിലും കൃത്യതയാർന്ന സർജിക്കൽ പെർഫെക്ഷനും ഉയർന്ന സെൻസിബിലിറ്റിയും കൊണ്ട്‌ എം.കൃഷ്ണൻനായരുടെ ഒരുപടി ഉയരത്തിൽ നിൽക്കും ഡോ.ആർ.ഭദ്രന്റെ ജ്യാമിതീയ സൗന്ദര്യമുള്ള വിമർശനകല. വായനക്കാരന്റെ കാഴ്ചകൾക്ക്‌ ഉൾക്കാഴ്ച നൽകുന്ന ബോധനത്തിന്റെ കണ്ണടകളായി ഇവിടെ വിമർശനകല പരിണമിക്കുകയും ചെയ്യുന്നു. ചുറ്റുപാടുകളിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചലനങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സംസ്കൃതചിത്തരായ ഏതൊരു മലയാളിയും ഇഷ്ടപ്പെടും ഈ സംസ്കാരജാലകക്കാഴ്ചകൾ. 

സംസ്കാരജാലകം
(സാംസ്കാരിക വിമർശനം)
ഡോ.ആർ.ഭദ്രൻ
നാഷണൽ ബുക്ക്‌ സ്റ്റാൾ
വില-140 രൂപ

O