പുസ്തകം
അഡ്വ.ജിതേഷ്
ഇന്റർനെറ്റ് സമസ്തമേഖലകളിലും പുതുസാധ്യതകളുടെ വ്യത്യസ്ത ജാലകങ്ങളാണ് തുറന്നിടുന്നത്. പൂർവ്വസൂരികളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക-സാംസ്കാരിക-സാഹിത്യ നിരൂപണത്തിന്റെ അനന്ത സൈബർസാധ്യതകളെ കൃത്യമായി കണ്ടറിയുകയും തിരിച്ചറിയുകയും ചെയ്ത ആദ്യ മലയാളി നിരൂപകനെന്ന നിലയിലാണ് ഡോ.ആർ.ഭദ്രൻ സൈബർ സ്പേയ്സിന് ഏറ്റവും പ്രിയപ്പെട്ട നിരൂപകനായി മാറിയത്.
സയൻസും ടെക്നോളജിയും അതിലേറെ പോണോഗ്രാഫിയും കൊടികുത്തിവാഴുന്ന സൈബർ സ്പേയ്സിൽ നിരൂപണത്തിന്റെ ഒരു വ്യത്യസ്ത ജാലകം തുറക്കലായിരുന്നു കേളികൊട്ട് എന്ന ശ്രദ്ധേയ മലയാളം ബ്ലോഗ് മാഗസിനിലൂടെ പ്രകാശിതമായ ഭദ്രൻസാറിന്റെ സംസ്കാരജാലകം എന്ന പംക്തി. (Link സംസ്കാരജാലകം - 21 ) പ്രൊഫ.എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലം എന്ന പ്രതിവാരകോളം പ്രിന്റ് മീഡിയയിലൂടെ സൃഷ്ടിച്ച സാഹിത്യ-സാംസ്കാരിക ചലനങ്ങൾക്കു സമാനമായൊരു ചലനമാണ് ഇന്റർനെറ്റിന്റെ വിശാലലോകത്ത് സംസ്കാരജാലകം തുറന്നിടുക വഴി ഡോ.ആർ ഭദ്രൻ എന്ന കൃതഹസ്തനായ വിമർശകനും സൃഷ്ടിച്ചത്. പ്രവാസികളടക്കം സാഹിത്യകുതുകികളായ ലക്ഷക്കണക്കിന് ലോകമലയാളികളുടെ ശ്രദ്ധ പതിഞ്ഞ ഈ ഇന്റർനെറ്റ് കോളം ഇതാദ്യമായി പുസ്തകരൂപത്തിൽ.
പരമ്പരാഗത വായനാരീതികളോട് പുച്ഛം കാണിച്ചും ബ്ലോഗിനെ കൂട്ടിയും ബുക്കുകളെ തള്ളിപ്പറഞ്ഞും മാർക്ക് സുക്കൻബർഗിന്റെ ഫേസ്ബുക്ക് മാത്രമാണ് തങ്ങൾ കൈകൊണ്ടു തൊടുന്ന ഏക ബുക്കെന്ന് ഔദ്ധത്യത്തോടെ പ്രഖ്യാപിച്ചും ന്യൂജനറേഷൻ കിഡുകൾ തിമിർക്കുന്ന സൈബർ സ്പേയ്സിൽ ഒരു സാമൂഹ്യ-സാംസ്കാരിക-സാഹിത്യ വിമർശനപംക്തി തുടരെ മനസ്സ് ക്ലിക്കുകളാൽ ക്ലിക്കാകുന്നത് ഒട്ടും നിസ്സാരസംഭവമല്ല. വിശ്വസാഹിത്യം മാത്രമല്ല, സംഗീതം, ചിത്രകല, സിനിമ, ക്രിക്കറ്റ്, ടി.വി.ഷോ തുടങ്ങി പത്തനംതിട്ട ടൗണിലെ തുമ്പമൺകടയെന്ന കൊച്ചുചായക്കടയിലെ പരിപ്പുവടയിലെ നന്മ വരെ സംസ്കാരജാലകത്തിന്റെ കാഴ്ചകളിലുണ്ട്.
പത്രാധിപരില്ലാത്തതിന്റെ ദോഷം മൂലം ചപ്പും ചവറും കുന്നുകൂടിയ ബൂലോക കവിതകൾക്കിടയിൽ നിന്നും മുത്തും പവിഴവും മുങ്ങിത്തപ്പിയെടുക്കാനുള്ള കോളമിസ്റ്റിന്റെ കഴിവും സവിശേഷപ്രശംസയർഹിക്കുന്നു. കണ്ടെടുത്ത ഒരു കവിത ഇങ്ങനെ:
കള്ളുകുടിച്ചും
കൈക്കൂലി വാങ്ങിയും
വെള്ളക്കാരികളെ തിരഞ്ഞും
തീർന്നുപോയി
കീശയിലെ ഗാന്ധി.
ആഴക്കാഴ്ചയുടെ മിഴിവ് വെളിവാക്കുന്ന നിരീക്ഷണകൗശലമാണ് അധ്യാപകശ്രേഷ്ഠനായ ഈ നിരൂപകന്റേത്. ബ്ലോഗെഴുത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒഴുകിമറയുന്ന അഥവാ ബ്ലോഗി മറയുന്ന രചനകൾക്കിടയിൽ നിന്നും വിഭവമൊരുക്കാൻ പറ്റിയവയെ ചൂണ്ടയിട്ടെടുക്കാൻ അസാധാരണ ക്ഷമയും മനസ്സാന്നിധ്യവും വേണം. ആനുകാലികങ്ങളിൽ വഴിപാടുപോലെ അച്ചടിക്കപ്പെടുന്ന സ്ഥലംകൊല്ലി ഗദ്യകവിതകൾക്കിടയിൽ നിന്നും അകക്കാമ്പുള്ളതിനെ കണ്ടെത്തി വായനക്കാരന്റെ വിരുന്നുമേശയിലെ വിശിഷ്ടഭോജ്യമാക്കുവാനും ശ്രമിക്കുന്നുണ്ട് നിരൂപകൻ. കലാകൗമുദിയുടെ 2010 ജനുവരി ലക്കത്തിൽ നിന്നും ഭദ്രൻ സാർ കണ്ടെത്തിയ കെ.പി.സദാനന്ദന്റെ കവിത ഇങ്ങനെ:
സച്ചിൻ സെഞ്ച്വറിയടിക്കുമ്പോൾ
നൂറ് വെറും സംഖ്യയല്ല
ഗദ്യമല്ല... പദ്യമല്ല
ശുദ്ധസംഗീതം...
നൂറ് എന്ന സേഞ്ചൂറിയൻ ഡിജിറ്റിന്റെ വേറിട്ടൊരു അകപ്പൊരുൾ കണ്ടെത്തിയ വിരുതൻ കവി നിരൂപകശ്രദ്ധ നേടുകതന്നെ വേണം. (ആറും നൂറും കൊള്ളില്ലെന്നു പറഞ്ഞവർ നൂറ് കൊള്ളാമെന്നു പറഞ്ഞുതുടങ്ങിയത് സച്ചിൻ ബംഗ്ലാദേശിനെതിരെ നേടിയ നൂറാം സെഞ്ച്വറിയോടുകൂടിയാണ്).
അപരനോടുള്ള കരുതലാണ് സംസ്കാരം. സഹജീവികളുടെ സർഗ്ഗാത്മകചെയ്തികളെ കരുതലോടെയും കൃത്യതയോടെയും നിരീക്ഷിക്കുകയും സൂക്ഷ്മമായി ഒപ്പിയെടുക്കുകയും ചെയ്യുന്ന ധിഷണാശേഷിയും ബൗദ്ധിക സാന്നിധ്യവുമുണ്ട് ഈ ഗ്രന്ഥകാരനിൽ.
ഡോ.ആർ.ഭദ്രൻ |
മരിയ വർഗാസ് യോസയും ജോസഫ് ബോഡ്സ്കിയും ആലീസ് മൺറോയും തോമസ് ട്രാൻസ്‌ട്രോമറുമടങ്ങുന്ന വിശ്വസാഹിത്യ പ്രപഞ്ചത്തിലൂടെ നിരൂപണയാനം തുടരുന്നതിനൊപ്പം തന്നെ ഡി.വിനയചന്ദ്രൻ, തോമസ് ജേക്കബ്, സിപ്പി പള്ളിപ്പുറം, പി.കെ.ഗോപി, ബെന്യാമിൻ, വിനോദ് ഇളകൊള്ളൂർ, സാറാ ജോസഫ്, രവിവർമ്മ തമ്പുരാൻ, സി.അനൂപ്, അനിൽ വള്ളിക്കോട്, എസ്.ജോസഫ് തുടങ്ങി നൂറുകണക്കിന് എഴുത്തുകാരുടെ രചനാ വൈവിധ്യങ്ങളിലൂടെ വിഹഗവീക്ഷണം നടത്തുവാനും സംസ്കാരജാലകത്തിനു കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരന്റെ വലിപ്പച്ചെറുപ്പമല്ല, എഴുത്തിന്റെ വലിപ്പച്ചെറുപ്പമാണ് സംസ്കാരജാലകത്തിൽ ഇടംപിടിക്കുവാൻ എഴുത്തുകാരനെ പ്രാപ്തനാക്കുന്നതെന്ന് സാരം. ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ മാസ്റ്റർപീസുകളെ വിലയിരുത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ കമലഹാസനെയും കപിൽസിബലിനെയും പോലെ സാഹിത്യത്തിനപ്പുറമുള്ള സെലിബ്രിറ്റികളുടെ എഴുത്തു പരീക്ഷണങ്ങൾക്കും ഈ നിരൂപകൻ കണ്ണും കാതും അർപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിഷയ വൈവിധ്യം കൊണ്ട് സമ്പന്നമാണ് സംസ്കാരജാലകം.
എല്ലറ്റിനുമുപരി ഇരപിടിയന്മാർക്കെതിരായ പക്ഷംചേരലാകുന്നു ഭദ്രൻസാറിന് എഴുത്ത്. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമാകാനുള്ള നിരൂപകന്റെ ത്വര ശ്ലാഘനീയമാണ്. എല്ലാത്തരം മുതലാളിത്തഹുങ്കുകൾക്കുമെതിരായ രാഷ്ട്രീയമാണ് ഡോ.ആർ.ഭദ്രൻ തന്റെ എഴുത്തിലൂടെയും പ്രഭാഷണപരമ്പരകളിലൂടെയും നിരന്തരം പ്രചരിപ്പിക്കുന്നത്. കുത്സിത കച്ചവടതാൽപര്യങ്ങൾക്കും ദൂഷിതവലയങ്ങൾക്കുമെതിരായി മാനവികമൂല്യങ്ങളുടെ പക്ഷത്തുനിന്ന് രണഭേരി മുഴക്കുകയാണ് അദ്ദേഹത്തിന്റെ സമരായുധമായ പേന. ഈ സമരായുധത്തിന്റെ ശക്തി അനന്യമാണെന്ന് സംസ്കാരജാലകം അടിവരയിട്ട് അടയാളപ്പെടുത്തുന്നു.
പ്രൊഫ.എം.കൃഷ്ണൻനായരുടെ സാഹിത്യവാരഫലം ഡോ.ആർ.ഭദ്രന്റെ എഴുത്തുശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. മലയാളസാഹിത്യകൃതികളെ ഇംഗ്ലീഷ് കൃതികളുമായി തുലനം ചെയ്യുമ്പോൾ എം.കൃഷ്ണൻനായർ പുലർത്തുന്ന വിശ്വസാഹിത്യജ്ഞാനത്തിന്റെ കടൽപ്പരപ്പ് ഭദ്രൻ സാറിന്റെ എഴുത്തിൽ കടന്നുവരുന്നില്ലെന്ന ന്യൂനതയുമുണ്ട്. എന്നിരിക്കിലും കൃത്യതയാർന്ന സർജിക്കൽ പെർഫെക്ഷനും ഉയർന്ന സെൻസിബിലിറ്റിയും കൊണ്ട് എം.കൃഷ്ണൻനായരുടെ ഒരുപടി ഉയരത്തിൽ നിൽക്കും ഡോ.ആർ.ഭദ്രന്റെ ജ്യാമിതീയ സൗന്ദര്യമുള്ള വിമർശനകല. വായനക്കാരന്റെ കാഴ്ചകൾക്ക് ഉൾക്കാഴ്ച നൽകുന്ന ബോധനത്തിന്റെ കണ്ണടകളായി ഇവിടെ വിമർശനകല പരിണമിക്കുകയും ചെയ്യുന്നു. ചുറ്റുപാടുകളിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചലനങ്ങളെ അടുത്തറിയാൻ ആഗ്രഹിക്കുന്ന സംസ്കൃതചിത്തരായ ഏതൊരു മലയാളിയും ഇഷ്ടപ്പെടും ഈ സംസ്കാരജാലകക്കാഴ്ചകൾ.
സംസ്കാരജാലകം
(സാംസ്കാരിക വിമർശനം)
ഡോ.ആർ.ഭദ്രൻ
നാഷണൽ ബുക്ക് സ്റ്റാൾ
വില-140 രൂപ
(സാംസ്കാരിക വിമർശനം)
ഡോ.ആർ.ഭദ്രൻ
നാഷണൽ ബുക്ക് സ്റ്റാൾ
വില-140 രൂപ
O
No comments:
Post a Comment
Leave your comment