Sunday, January 27, 2013

കീഴ്‌വഴക്കം


കഥ
നിധീഷ്‌.ജി


      ക്യാബിനിലേക്ക്‌ കയറി, ബ്രീഫ്കേസ്‌ മേശപ്പുറത്തുവെച്ച്‌ കസേരയിലമർന്നിരിക്കുമ്പോൾ കപിലേശൻ മുകളിൽ കറങ്ങിക്കൊണ്ടിരുന്ന ഫാനിലേക്ക്‌ കണ്ണുകളയച്ചു. ഇനി അധികനേരം ഇത്‌ പ്രവർത്തിക്കാനിടയില്ലെന്നും അടുത്തിടെയായി പകൽസമയം വൈദ്യുതി കിട്ടുക ഒരു ഭാഗ്യമായിത്തീർന്നിരിക്കുന്നല്ലോ എന്നും ആത്മഗതം ചെയ്തു.

കീഴ്ജീവനക്കാരായ സഹജീവികളാരും തന്നെ വന്നിട്ടില്ല. കാനന റെയിൽവേയുടെ പുതിയ 'മെമു' സർവ്വീസ്‌ തുടങ്ങിയതിൽപ്പിന്നെ ടി.കക്ഷികളെത്തുമ്പോൾ പതിനൊന്നുമണിയാകും. നാലുമണിക്ക്‌ അതേ വണ്ടിയിൽ തിരികെപ്പോകാനുള്ള ധൃതിക്കിടയിൽ ആപ്പീസുകാര്യങ്ങൾ പതിവുപോലെ നടന്നുപോകുന്ന കാര്യമോർത്ത്‌ കപിലേശൻ മാത്രം ആശ്ചര്യപ്പെടാറുണ്ട്‌. മൃഗസ്നേഹിയായ അദ്ദേഹം എല്ലാം കണ്ണടച്ചങ്ങു വിടും.

ചോലവനപ്രവിശ്യയുടെ അധിപനായ മൃഗരാജന്റെ ചേംബർ മീറ്റിംഗിൽ കപിലേശൻ ഇന്നലെ ചില കാര്യങ്ങൾ തുറന്നടിച്ചത്‌ കുഴപ്പമായി. കപിലേശനുമായി വ്യക്തിപരമായി അടുപ്പമുള്ളതുകൊണ്ട്‌ രാജൻ സ്വകാര്യമായി വിളിച്ചുപദേശിച്ചു. നാവിനെ സൂക്ഷിച്ചില്ലെങ്കിൽ പണി പലഭാഗത്തുനിന്നും വരുമെന്ന മുന്നറിയിപ്പ്‌ കൊടുത്തെങ്കിലും, ആ തിളപ്പ്‌ ഇപ്പോഴും അടങ്ങിയിട്ടില്ല. പ്ലാസ്റ്റിക്‌ നിരോധനമേഖലയായ ചോലവനപ്രദേശത്ത്‌, ഭരണനേട്ടങ്ങളുടെ പട്ടികയും ക്ലോസപ്പ്‌ ചിരിയുമായി ഫ്ലക്സ്‌ ബോർഡുകൾ സ്ഥാപിക്കുന്നതിന്‌ ഒരു നിയന്ത്രണവുമില്ല. അത്‌ ചൂണ്ടിക്കാട്ടിയപ്പോൾ, അച്ചടക്കലംഘനമായി. പ്രോട്ടോക്കോൾ ഭേദിക്കലായി. 

തൂവാലയെടുത്ത്‌ മുഖമമർത്തിത്തുടച്ചുകൊണ്ട്‌ അദ്ദേഹം ഇരിപ്പിടത്തിനു മുന്നിലെ ഷെൽഫിലേക്ക്‌ നോക്കി. അതിൽ അർത്ഥശാസ്ത്രം മുതലിങ്ങോട്ട്‌ ഭരണയന്ത്രത്തിന്റെ സുഗമചലനത്തിനുതകുന്നതും അല്ലാത്തതുമായ നിരവധി പുസ്തകങ്ങൾ വിരൽപ്പാടു പോലുമേൽക്കാതെ കാലങ്ങളായി ഞെങ്ങിഞെരുങ്ങിയിരിക്കുന്ന കാഴ്ചയിൽ വേപഥു കൊണ്ടു.

അപ്പോൾ ഫോൺ ശബ്ദിച്ചു.

"ഹലോ"

"ങാ.. ഞാൻ നരിമാൻ സാറിന്റെ ഓഫീസിൽ നിന്നാണ്‌ !"

"ഏത്‌ നരിമാൻ?"

"അതുകൊള്ളാം, വകുപ്പു കയ്യാളുന്നവരുടെ പേരറിയാത്തവനാണോ ആപ്പീസറുടെ കസേരയിൽ കേറിയിരിക്കുന്നത്‌ ?"

ഇന്നലെ മുതലുള്ള അടങ്ങാത്ത കലി പൊട്ടിയൊഴുകാതെ സൂക്ഷിച്ചുകൊണ്ട്‌ കപിലേശൻ വാൽമാക്രിയോട്‌ മന:പൂർവ്വം സൗമ്യനാകാൻ ശ്രമിച്ചു.

"കൂടുതൽ പ്രസംഗിക്കാതെ കാര്യമെന്താന്നുവെച്ചാൽ പറയൂ.”
 
"ഉംഅവിടെ പാസ്പോർട്ട്‌ കേന്ദ്രത്തിന്റെ പ്രവർത്തനമൊക്കെ എന്തോ പരിഷ്കരിച്ചെന്നുകേട്ടു. എന്താണത്‌ ?"

ബ്യൂറോക്രസിയെന്ന കാൽപ്പന്തുകളിയിൽ കിട്ടുന്ന, മികച്ച അവസരവും സാധ്യതയുമായ കോർണർ കിക്കെടുത്തുകൊണ്ട്‌ കപിലേശൻ വിശദീകരണം ചൊരിഞ്ഞു; ചോലവന പാസ്പ്പോർട്ട്‌ സെല്ലിന്റെ പ്രാഥമിക പ്രവർത്തനങ്ങളെല്ലാം തന്നെ കേന്ദ്രനിർദ്ദേശപ്രകാരം സ്വകാര്യസ്ഥാപനത്തിനു കൈമാറിയെന്നും പ്രസ്തുത കമ്പനിയുടെ സ്ട്രാറ്റെജി അനുസരിച്ച്‌ എല്ലാം തന്നെ കമ്പ്യൂട്ടർവത്ക്കരിക്കപ്പെട്ടുവെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട സകലപ്രവർത്തനങ്ങളും ഇന്റർനെറ്റുവഴി സുഗമവും സുതാര്യവുമായി തീർന്നെന്നും വിളമ്പി.

എല്ലാം കേട്ടുമനസ്സിലാക്കി, ഉം.. ശരി..ശരി.. നമുക്ക്‌ പിന്നെ കാണാം എന്നിരുത്തിപ്പറഞ്ഞുകൊണ്ട്‌ വാൽമാക്രി ഫോൺ വെച്ചു.

നാശമായിപ്പോകാൻ തുടങ്ങുന്ന ദിവസത്തെക്കുറിച്ച്‌ വെറുതെ ഒരു നിശ്വാസമുതിർത്തുകൊണ്ട്‌ കപിലേശൻ പിന്നിലേക്ക്‌ ചാരിയിരുന്നപ്പോൾ ബുക്ക്‌ ഷെൽഫിൽ നിന്ന് ഒരു പല്ലിയിറങ്ങി വന്ന് അദ്ദേഹത്തെ നോക്കി പുഛ്ഛത്തോടെ ഒന്നു ചിരിച്ചിട്ട്‌ അകത്തേക്ക്‌ കയറിപ്പോയി.

ആ സമയം, ‘മെമു’വിലേറി വന്ന പരിവാരങ്ങൾ നിരനിരയായി വന്ന്‌ ഇരിപ്പിടങ്ങൾ നിറച്ചു. കോൺഫറൻസുകളോ മറ്റു പുറംജോലികളോ ഇല്ലാതിരുന്ന ദിവസമായതിനാൽ കപിലേശൻ തനിക്ക്‌ കിട്ടിയ ഒന്നുരണ്ട്‌ മെമ്മോകൾക്കുള്ള മറുപടി എഴുതി തയ്യാറാക്കി. വലുതായ ശല്യങ്ങളൊന്നും അദ്ദേഹത്തെ അതിനിടയ്ക്ക്‌ അലോസരപ്പെടുത്തിയതുമില്ല.

ഉച്ചയൂണിനായി പുറത്തിറങ്ങിയപ്പോഴാണ്‌ ചോലവന ഭരണസിരാകേന്ദ്രത്തിന്റെ പല പല ഭാഗങ്ങളിലായി പൊടുന്നനെ പ്രത്യക്ഷപ്പെട്ട വമ്പൻ ഫ്ലക്സ്‌ബോർഡുകൾ കപിലേശന്റെ ശ്രദ്ധയിൽപ്പെട്ടത്‌.

"ചോലവനത്തിലെ സകലമാനജീവികൾക്കും പാസ്പ്പോർട്ട്‌ ലഭിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും വനപാസ്പ്പോർട്ട്‌ സെല്ലിനെ അർഹതപ്പെട്ട പുതിയ ഏജൻസിക്ക്‌ കൈമാറിക്കൊണ്ട്‌ നവീകരിക്കുകയും കമ്പ്യൂട്ടർവൽക്കരിക്കുകയും ചെയ്ത ബഹു. ചോലവന പുംഗവൻ നരിമാൻ കുറ്റിക്കാടന്‌ അഭിവാദ്യങ്ങൾ !"

കപിലേശൻ, സാമ്പാർ കോരിയൊഴിച്ച ചൂടുചോറ്‌ വിഴുങ്ങി, ഒരേമ്പക്കവും വിട്ടു. ഹൊ !

O

PHONE : 9446110023Saturday, January 19, 2013

ഒറ്റപ്പെടലിന്റെ അഥവാ സന്തോഷത്തിന്റെ സമയം

കവിത
കൃഷ്ണ ദീപക്‌
റ്റപ്പെടലിന്റെ സമയമാണിത്.
ഭ്രമിപ്പിച്ചു മറഞ്ഞ
ചുംബനത്തിന്റെ തീരാത്ത ചൂട്
ജനലരികുകളില്‍ പറ്റിപ്പിടിച്ച്
എന്നെ തന്നെ മിഴിച്ചു നോക്കുന്നു.

ഒരൊറ്റ നോട്ടത്തില്‍ തന്നെ
ഞാനതിന്റെ പൊരുള്‍
മനസ്സിലാക്കും.

പിന്നെ -

വെയിൽ പൊള്ളിക്കുന്ന
ഈന്തപ്പനകള്‍ക്കിടയിലൂടെ
ആരുടെ കണ്ണിലും പെടാതെ
നിലയ്ക്കാത്ത തിരയില്‍
ആടിയുലഞ്ഞ്...
ഏഴു കടലുംതാണ്ടി
കുതിച്ചു പൊന്തും.

മ‍ത്സ്യക്കുഞ്ഞുങ്ങളുടെ പുളച്ചിലില്‍
തിരമാലകള്‍ക്ക്
താളം നഷ്ടപ്പെടുന്നതുകണ്ട്‌
നിഗൂഢമായി ചിരിച്ച്‌...
അപ്പോഴും ആ ചുംബനം
എനിക്ക് പിന്നാലെ ഉണ്ടാകും.

എങ്കിലും -

നിനക്ക് പിടിതരാതെ
വഴുതി ഓടുമ്പോഴുള്ള
ഒരു സുഖമുണ്ടല്ലോ
ആ നിമിഷങ്ങളുണ്ടല്ലോ
അവിടെ...
അവിടെയാണ്
നിന്നെ ഞാന്‍ ഒറ്റപ്പെടുത്തുന്നതും
നിറഞ്ഞു സന്തോഷിക്കുന്നതും.

O


Saturday, January 12, 2013

ഫേസ്ബുക്ക്‌

കഥ
രവിവർമ്മ തമ്പുരാൻ


രമൊഴിയുടെ അന്നത്തെ പോസ്റ്റ്‌ ഇങ്ങനെയായിരുന്നു.

'തനിയെ
ഒരു മുഴുവൻ പകലും
നീന്തിക്കടന്നെൻ
ചാരുപടിമേൽ ഇളവേൽക്കുന്നു
നിലാവിന്റെ
പിടയരയന്നങ്ങൾ
ദൂരെ...
പ്രകാശവർഷങ്ങൾക്കപ്പുറം നിന്നു
നീ പാടുന്നു,
മഴപെയ്യുന്ന കടൽപോലെ.
ഇതാ...
എന്റെ കണംകാലിൽ
പോയ മഴക്കാലത്തിൻ
നൂപുരനാദാമൃതം
വസന്തസീമകളിൽ നിന്നു
നിന്നെ തൊട്ടെത്തിയ
ഒരു ചെറുകാറ്റ്‌
എന്റെ മുടിച്ചുരുളുകളിൽ
കിതപ്പാറ്റുന്നു.
ദൂരെ അപരിചിതമായ്‌
നീ ചിരിക്കുന്നു
മഴനൂലിൽ ചിറകുടക്കിയ
വെയിൽശലഭങ്ങൾ പോൽ
പ്രിയനേ ...
പ്രണയത്തിന്റെ പുനർജ്ജനി നൂഴുന്ന
രാവെളുപ്പുകൾ.
നോക്കൂ ....
നോവിന്റെ മഴപ്പായലിൽ
തിമിർക്കുന്ന
എന്റെ പ്രണയത്തിന്റെ
പച്ചക്കുതിരകൾ.'

ലൈക്കുകൾ ചറപറാന്നാണ്‌ പറന്നുവന്നത്‌. പോസ്റ്റ്‌ ഇട്ട്‌ പത്തു മിനിട്ടിനകം ലൈക്കുകളുടെ എണ്ണം 75 കടന്നു. കമന്റുകളും വെള്ളച്ചാട്ടം പോലെ പതിച്ചുകൊണ്ടിരുന്നു.

'വരമൊഴി യൂ ആർ ഗ്രേറ്റ്‌'.

'കൺഗ്രാറ്റ്സ്‌.'

'ഓ ഡിയർ, ഐ ലവ്‌ യൂ'.

'സുന്ദരി എനിക്ക്‌ നിന്നെയൊന്നുമ്മ വെയ്ക്കണം.'

'ഭാവനയുടെയും ഭാഷയുടെയും ലോകത്തെ കൊച്ചുറാണിക്ക്‌ തൊപ്പിയൂരി സലാം'.

'മലയാളത്തിന്‌ അഭിമാനിക്കാം. ഒരു നക്ഷത്രം ഉദിക്കുകയാണ്‌'.

ഇങ്ങനെ പോയി കമന്റുകൾ. കേളികൊട്ട്‌ ഗ്രൂപ്പിന്റെ അഡ്മിൻ ജി.നിധീഷ്‌ പെട്ടെന്ന് സുഹൃത്തും കവിയുമായ ഇടക്കുളങ്ങര ഗോപനെ മൊബൈലിലൂടൊന്ന് ചൊറിഞ്ഞു.

"ഗോപൻസാറേ, വണ്ടർഫുൾ. വരമൊഴിയുടെ ഇന്നത്തെ പോസ്റ്റ്‌ അത്യുഗ്രൻ. സാറൊക്കെ ഇനി എഴുത്ത്‌ നിർത്തുവാ നല്ലത്‌."

"ഓ അത്രയ്ക്കൊക്കെ കാണുമോ? എന്തായാലും ഞാൻ നോക്കട്ടെ."

ഗോപൻ ഓഫീസ്‌ പണിയുടെ തിരക്കിൽ നിന്നും മൊബൈലിലേക്ക്‌ എടുത്തൊരു ചാട്ടം വെച്ചുകൊടുത്തു. നേരേ ചെന്നുവീണത്‌ ഫേസ്ബുക്കിലെ പച്ചപ്പേറിയൊരു താഴ്‌വരയിൽ. അപ്പോഴേക്കും അടുത്ത കുറിമാനം ഇങ്ങനെ വീണുകഴിഞ്ഞിരുന്നു.
 
'അതിരാവിലെ തന്നെ, എന്നുവെച്ചാൽ ഒരാറാറരയ്ക്ക്‌ ഉണർന്നെഴുന്നേറ്റു. മുഖം കഴുകി, പല്ലുതേപ്പും കുളിതേവാരങ്ങളുമൊക്കെക്കഴിഞ്ഞു നിലക്കണ്ണാടിയുടെ മുമ്പിൽ ചെന്നുനിന്നു മുടി ചീകി. കറുകറുത്തു തഴച്ചു തിങ്ങിയ കൂന്തളം മുട്ടുമറച്ചും നിലത്തുകിടന്നിഴയുകയായിരുന്നു. ഇടതുകവിളിലെ മറുകിനു ഇന്നു കൂടുതൽ ഭംഗിയുണ്ടല്ലോ എന്നെനിക്ക്‌ വെറുതെ തോന്നി. വലതുകവിളിലെ നുണക്കുഴി എന്നെ നോക്കി നാണിച്ചു. പവിഴനിറത്തിലുള്ള ചുരിദാർ ആണ്‌ ഇട്ടിരിക്കുന്നത്‌. ഇത്‌ അച്ഛൻ ജൂണിൽ അവധിക്കു വന്നപ്പോൾ കൊണ്ടുവന്നതാണ്‌. പവിഴം എനിക്ക്‌ വളരെ ഇഷ്ടമാണ്‌. സ്വപ്നത്തിനും പ്രണയത്തിനും നിറം അതാണല്ലോ. പൂത്തുലഞ്ഞു നിന്ന മാറിടങ്ങളിൽ കണ്ണുടക്കിയപ്പോൾ ലജ്ജ വന്നെന്നെയൊന്നു നുള്ളി. സുഖനൊമ്പരത്തോടെ ഞാൻ ഉമ്മറത്തേക്കോടി. അവിടെ അയയിൽ തോരാനിട്ടിരുന്ന ജീവിതമെടുത്തൊന്നു കുടഞ്ഞു. പറ്റിപ്പിടിച്ചു നിന്നിരുന്ന പൊടിയൊക്കെ പോയെന്നുറപ്പാക്കി അതെടുത്ത്‌ തോളിലേക്കിട്ടു. അതോടെ ഞാൻ ചിരഞ്ജീവിയായി.'

നിധീഷും ഗോപനും ഇടയ്ക്ക്‌ ചർച്ച ചെയ്യാറുണ്ട്‌. ജീവിതസങ്കീർണ്ണതകളെ കയ്യിലെടുത്തു ഞെക്കിപ്പീച്ചി അപ്പൂപ്പൻതാടി പോലെ ഊതി വിടുന്ന വരമൊഴിയുടെ പോസ്റ്റുകളെക്കുറിച്ച്‌..... ഭാവനയുടെ അസാധാരണതകളെ ആകാശത്തേക്കെറിഞ്ഞ്‌ അമ്മാനം കളിക്കുന്ന അവളുടെ തന്റേടത്തെക്കുറിച്ച്‌.... അവർക്ക്‌ പക്ഷെ, സംശയങ്ങൾ കുറെയുണ്ട്‌. സിനിമാതാരം രമ്യാനമ്പീശന്റെ ചിത്രമാണ്‌ പ്രൊഫൈൽ പിക്ചർ. ആൾ മറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്നർത്ഥം. മേൽവിലാസം പൂർണ്ണമല്ല. പത്തനംതിട്ട ജില്ല എന്നൊരു കൊട്ടത്താപ്പു മാത്രം. വയസ്‌ 15, പഠിക്കുന്നത്‌ പത്താംക്ലാസ്സിൽ എന്നൊക്കെ പറയുന്നുണ്ടെങ്കിലും സ്കൂളിന്റെ പേരില്ല. സെക്സ്‌; ഫീമെയിൽ എന്നു ചേർത്തത്‌ കൊണ്ട്‌ പെണ്ണായിക്കൊള്ളണമെന്നില്ല. വ്യാജന്മാരുടെ ഫാഷൻ പരേഡാണ്‌ ഫേസ്ബുക്കിലപ്പാടെ. സ്ത്രീകളുടെ പേരിലാണോ സൂക്ഷിക്കുക തന്നെ വേണം. ഞരമ്പുരോഗികളായ ഒരുപാട്‌ ആണുങ്ങൾ പെണ്ണുടലുകളുമായുള്ള സങ്കൽപ്പ സംയോഗങ്ങളിൽ അഭിരമിക്കാനുള്ള കൊതിമൂത്ത്‌ ഫേസ്ബുക്കിൽ പെണ്ണവതാരം നടത്താറുണ്ട്‌. ചിലരതിൽ രതിസുഖത്തിനപ്പുറമുള്ളൊരു പ്രായോഗികതയാണ്‌ നോക്കാറ്‌ - കൂടുതൽ ലൈക്കും കമന്റുമൊക്കെ കിട്ടാനൊരു കുറുക്കുവഴി. ഇനി മൂന്നാമതൊരു കൂട്ടരുണ്ട്‌. മറ്റുള്ളവരെ പറ്റിക്കുന്നതിൽ രസം കണ്ടെത്തുന്നവർ. യഥാർത്ഥത്തിൽ സ്ത്രീ തന്നെയാണെങ്കിലും പൂവാലശല്യം ഭയന്ന് പർദ്ദയിട്ടിരിക്കുന്നവരാണ്‌ അടുത്ത കൂട്ടർ.

നിധീഷിന്റെ മൊബൈലിൽ കുതിരക്കുളമ്പടിയുയർന്നു. ഗോപനാണ്‌.

"നിധീഷേ നീ പറഞ്ഞത്‌ ശരിയാ. ഇന്നത്തെ പോസ്റ്റ്‌ പതിവുപോലല്ല. വായിച്ചിട്ട്‌ ആളൊരു കേമി തന്നെ. പക്ഷെ, കേറി കമന്റിട്ട്‌ മണ്ടത്തരം പറ്റിയാലോ. വല്ല എഞ്ചിനിയറിംഗ്‌ കോളേജ്‌ പിള്ളേരും നേരമ്പോക്കിനു ക്രിയേറ്റ്‌ ചെയ്ത ഐഡിയാവാം. ഇട്ടേക്കുന്ന സാധനം വേറേ വല്ലോരടേം നെഞ്ചത്തൂന്ന് പൊക്കിയതുമാവാം. ഫേസ്ബുക്കിനെ തീരെ വിശ്വസിക്കാൻ വയ്യ. എന്നാലും ഇതങ്ങനെ വിട്ടുകളഞ്ഞാൽ ശരിയാവില്ലല്ലോ. ഇന്നാളിത്തന്നെ പത്മിനിസുന്ദർ എന്ന ഐഡിയുടെ പിന്നാലെ പോയപ്പോൾ നമ്മൾ കണ്ടതല്ലേ കക്ഷിയുടെ ഒരു വെപ്രാളം. പ്രൊഫൈൽ പടം മാറ്റുന്നു. പ്രതികരിക്കാതെ മാറുന്നു. എന്തെല്ലാം അഭ്യാസമായിരുന്നു. ഇത്തവണ അങ്ങനെ വിട്ടാൽ പറ്റില്ല. നീ സൈബർ സെല്ലിലല്ല്യോ. ചുമ്മാതൊന്ന് തപ്പ്‌. ഒറിജിനൽ കക്ഷിയെ കണ്ടുപിടിക്കാം."

നിധീഷിലെ സിവിൽ പോലീസ്‌ ഓഫീസർ ചാടിയെണീറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഏറ്റു സാറേ. ഒരു രണ്ടാഴ്ച എനിക്കു താ." എന്ന് അപ്പോൾ പറഞ്ഞെങ്കിലും പിന്നീടങ്ങു മറന്നു.

കേളികൊട്ട്‌ ഗ്രൂപ്പിൽ എന്നെക്കൂടി ചേർക്കാമോ എന്നു ചോദിച്ച്‌ പിന്നൊരു ദിവസം അവിചാരിതമായി വരമൊഴിയുടെ മെസേജ്‌ നിധീഷിനു ലഭിച്ചു.

"പിന്നെന്താ, ദാ ഒരു പത്തുമിനിട്ട്‌." - നിധീഷ്‌ മറുമെസേജ്‌ കൊടുത്തു. മറുമെസേജ്‌ ഒരു കവിതയായിരുന്നു.

'നനയ്ക്കാൻ വേണ്ടി ഉടുപ്പെടുത്തു കുടഞ്ഞപ്പോൾ അതാ പോക്കറ്റിലൊരു ഉമ്മ കിടന്നു ചിരിക്കുന്നു. എന്താ അതങ്ങ്‌ തന്നേക്കട്ടെ?'

'പിന്നേ!! അനാഥമായത്‌ സ്വീകരിക്കാൻ ഞാനെന്താ ഇവിടെ വിളിയും പറച്ചിലുമില്ലാതെ കുത്തിയിരിക്കുകയാണോ?'

'എങ്കിൽ വേണ്ട ഞാനിവിടെ കുടുക്കയിലിട്ടു വെച്ചേക്കാം.'

'ങാ വെച്ചോ വെച്ചോ, എന്നിട്ട്‌ നിറയുമ്പോൾ പൊട്ടിക്കാം. കാവിലെ ഉത്സവത്തിന്‌ കൺമഷിയും റിബണും കരിവളയും വാങ്ങാം.'

'അയ്യോ അതു പറ്റില്ല.'

'എന്തുകൊണ്ട്‌? അതിൽ മുള്ളുണ്ടോ?'

'ഇല്ല.'

'പിന്നെന്താ, അതിനു കൊമ്പുണ്ടോ?'

'അതുമില്ല.'

'പിന്നെ ?'

'അതിനുള്ളിൽ എന്റെ മനസ്സുണ്ട്‌. ചിന്തിക്കടക്കാരന്‌ കൊടുത്തുകളയാൻ പറ്റില്ല.'

നിധീഷിന്‌ അത്ഭുതമായി. ഇത്‌ പതിനഞ്ച്‌ വയസുള്ള ഒരു കുട്ടിയുടെ ഭാഷയല്ലെന്നുറപ്പ്‌. ഒരു പക്ഷെ മുതിർന്ന പെണ്ണുതന്നെയാവാം. എന്നാലും എന്തോ ഒരു കണ്ണുകടി. ഒരുപക്ഷെ, പ്രണയം നിഷേധിക്കപ്പെട്ട ആരെങ്കിലുമാവുമോ? നിധീഷിന്റെ ഉള്ളിൽ ഒളിഞ്ഞിരുന്നൊരു കാമുകൻ അറിയാതെ ഫണമുയർത്തി. എന്തായാലും ഒന്നെറിയുക തന്നെ. കേറിയൊന്നു മുട്ടിയാലോ? അയാളിലെ ബ്ലോഗ്‌ എഡിറ്ററിലേക്ക്‌ പോലീസുകാരൻ കൂടുമാറിക്കയറി. കാക്കിയുടെ കൗശലത്തിൽ ഇങ്ങെനെയൊരു മറുപടി പിറന്നു.

'കവിത കൊള്ളാം. കാമിനിയെ ഇഷ്ടമായി.'

മറുപടി ഇങ്ങനെയായിരുന്നു.

പ്രാണനോടുമൊരുനാൾ ഭവൽപദം
കാണുവാൻ ചിരമഹോ! കൊതിച്ചു ഞാൻ
കേണുവാണിവിടെ, യേകുമർഥിയാം
പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

നളിനിയാണല്ലോ കാച്ചിയിരിക്കുന്നത്‌. നിധീഷിനു ഭയമായി. ദൈവമേ സംഗതി കൈവിട്ടുപോകുകയാണോ? വേണ്ട, മറുപടി അയയ്ക്കുന്നില്ല.

ഭാര്യയും മക്കളുമായി സ്വസ്ഥമായി ജീവിച്ചുവരികയാണ്‌. ഫേസ്ബുക്കിൽ ചുമ്മാ സമയം കളയുന്നു എന്ന പരാതിക്കാരി കൂടിയാണ്‌ ഭാര്യ. 'പച്ചക്കറി തീർന്നു' എന്നോ 'പലചരക്ക്‌ തീരാറായി' എന്നോ ഒക്കെ പറഞ്ഞ്‌ അവൾ വരുമ്പോൾ ഓടിച്ചുവിടുകയാണ്‌ പതിവ്‌. 'വേണേ നീ പോയി മേടിക്ക്‌. ഞാനിവിടെ മലയാളസാഹിത്യത്തിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്‌' എന്നൊക്കെ പറയാറുണ്ടെന്നു കരുതി ഈ പ്രായത്തിൽ നളിനീം ദിവാകരനും കളിക്കാനൊന്നും വയ്യ.

ഭാര്യയോട്‌ നേരിട്ടാണ്‌ ഒരു ദിവസം ഗോപൻ പറഞ്ഞത്‌.

"ഭാഗ്യേ, നീ ഇവനൊരു ബ്രേക്കിടണം. ഇല്ലെങ്കിൽ വായനയും അലോചനയുമൊന്നുമില്ലാതെ നശിച്ചുപോകും. ഫേസ്ബുക്കിലെഴുതിയതുകൊണ്ടു മാത്രം ആർക്കും വലുതാവാനൊന്നും പറ്റില്ല.

അപ്പോൾ ഭാഗ്യയും ബലമായൊന്നു ചീറൂം.

"അതെന്റെ സാറേ ഈ പുള്ളി കേക്കണ്ടേ, ഞാൻ പറയാത്തതിന്റെ കുഴപ്പമാണോ? ഒള്ള അക്ഷരത്തെറ്റെല്ലാം വെച്ച്‌ ഫേസ്ബുക്കിൽ കഥയെഴുതിയാൽ എന്നെങ്കിലും രക്ഷപ്പെടുമോ? വീട്ടുകാര്യങ്ങളേതെങ്കിലും വഴിക്ക്‌ പോട്ടേന്ന് വിചാരിക്കാം. സ്വയം ഒരു പ്രയോജനം വേണമല്ലോ?"

"അതു മത്രോമല്ല. ഇപ്പം മദ്യവും മയക്കുമരുന്നുമൊന്നുമല്ല, ചെറുപ്പക്കാരുടെ ഏറ്റവും വലിയ അഡിക്ഷൻ ഫേസ്ബുക്കാ. പിടികൂടിയാ കൊണ്ടേ പോകൂ എന്നതാ അവസ്ഥ. ഇവന്റേം പോക്ക്‌ ആ വഴിക്കാ."

അങ്ങനെ നോക്കിയിരിക്കുമ്പോൾ വരമൊഴി തട്ടിവിട്ട ആശാൻ കഷ്ണം ദാണ്ട കിടക്കുന്നു, ചിന്താവിഷ്ടന്റെ പോസ്റ്റ്‌ ആയി പദ്യകേളിയിൽ.

'എന്റമ്മേ ഫേക്കുകളുടെ ഒരു ധൈര്യമേ'. നിധീഷ്‌ എഴുന്നേറ്റ്‌ തലയ്ക്കടിച്ചു.

വൈകിട്ട്‌ ഗോപന്റെ വിളിവന്നു.

'എന്തായെടാ നിന്റെ അന്വേഷണം? പ്രതിയെ കണ്ടുകിട്ടിയോ?'

"എന്റെ സാറേ എന്നെകൊണ്ടൊന്നും വയ്യ. തപ്പിച്ചെല്ലുമ്പോൾ കേറി തലേലിരുന്നാലോ?" എന്നു പറഞ്ഞെങ്കിലും ഏതാനും ദിവസങ്ങളിലെ ചാറ്റിംഗിലൂടെ നിധീഷിന്റെ മനസ്സിൽ വരമൊഴി ഒരു അടുപ്പത്തിന്റെ അസ്ഥിവാരം എടുത്തിരുന്നു.

"പോടാ അവിടുന്ന്. അതൊന്നുമില്ല. നീയൊരു പോലീസുകാരനല്ലേ. ഏതെങ്കിലും കേസന്വേഷണത്തിന്റെ കാര്യം പറഞ്ഞ്‌ രക്ഷപ്പെടരുതോ?"

"ശരി എങ്കിൽ ഒരാഴ്ച സമയം താ. നമുക്ക്‌ കക്ഷിയെ കയ്യോടെ പൊക്കാം."

"ഫേസ്ബുക്കിലും മറ്റും ഫേക്ക്‌ ഐഡിയിൽ കയറി സൗഹൃദങ്ങളുണ്ടാക്കി ചെറുപ്പക്കാരെ ഭീകരപ്രവർത്തനത്തിലേക്ക്‌ നയിക്കുന്ന ഗ്രൂപ്പുകളുണ്ടെന്ന് കെട്ടിട്ടുണ്ട്‌. അന്വേഷണം ആ വഴിക്കു നീങ്ങിയെന്നും വരാം. സംഗതി കേറി മൂത്ത്‌ നിനക്ക്‌ വല്ല ഗുഡ്‌ സർവ്വീസ്‌ എൻട്രിയോ റിവാർഡോ ഒക്കെ കിട്ടിയാൽ എനിക്ക്‌ ചെലവു ചെയ്തേക്കണം. പറഞ്ഞേക്കാം."

വിവരശേഖരണത്തിന്‌ ഒരാഴ്ച വേണ്ടിവന്നില്ല. പത്തനംതിട്ട, കോട്ടയം സൈബർ സെല്ലുകളിലെ ഒന്നുരണ്ടു കൂട്ടുകാരുടെ സഹായത്തോടെ മൂന്നുദിവസം കൊണ്ട്‌ ജോലി പൂർത്തിയാക്കി. കിട്ടിയ വിവരങ്ങൾ വെച്ച്‌ നിധീഷ്‌ ഒരു വഴിപ്പടം വരച്ചുണ്ടാക്കി. തൊട്ടടുത്ത ശനിയാഴ്ചയാണ്‌ യാത്ര തിരിച്ചത്‌. ഗോപനെയും കൂടെകൂട്ടി. രാവിലെ 11 മണിയായിക്കാണും, പത്തനംതിട്ട സന്തോഷ്‌മുക്കിൽ ബസ്സിറങ്ങിയപ്പോൾ. അവിടെ കുറേനേരം കാത്തുനിന്നെങ്കിലും ഓട്ടോ കിട്ടാതെ വന്നതിനാൽ രണ്ടുപേരും കൂടി കാലുകളെ നടക്കാൻ വിട്ടിട്ട്‌ കൈയ്യുംവീശി കൂടെച്ചെന്നു. നല്ല ചൂടുണ്ടായിരുന്നു. എങ്കിലും റോഡിനിരുവശത്തും ആവശ്യത്തിനു തണലുമായി ഒട്ടേറെ മരങ്ങൾ നിന്നിരുന്നതുകൊണ്ട്‌ വെയിലിന്റെ കാഠിന്യം അറിഞ്ഞില്ല. ചന്ദ്രയാൻ സംഘത്തിലെ പത്തനംതിട്ട സാന്നിധ്യം ഡോ.ടി.കെ.അലക്സിന്റെയും കണ്ണുഡോക്ടർ ഡോ.എം.ഐ.ജോണിന്റെയും വീടുകൾ പിന്നിട്ട്‌ കറുത്ത്‌ പൊട്ടിയ വഴികൾ മുന്നോട്ട്‌ വളഞ്ഞു തിരിഞ്ഞു നടന്നുപോയി. പുത്തൻപീടിക എം.എസ്‌.സി.എൽ.പി.സ്കൂളിലെ ക്ലാസ്‌ മുറിയിൽ നിന്നിറങ്ങി വന്നൊരു കുസൃതിക്കാറ്റ്‌ കൈയ്യിൽ പിടിച്ചുകൊണ്ട്‌ ചോദിച്ചു.

"കണ്ടു പരിചയമില്ലല്ലോ. എന്താ ഇതുവഴിയൊക്കെ?"

കാറ്റിന്റെ കുശലം കേട്ടപ്പോഴാണ്‌ നടപ്പിനിടയിൽ ഒരൊറ്റവാഹനവും - ഇരുചക്രമോ നാലുചക്രമോ - എതിരെ വന്നില്ലല്ലോ എന്നോർത്തത്‌.  നാലോ അഞ്ചോ ബംഗാളി തൊഴിലാളികൾ ഇടയ്ക്കെപ്പോഴോ മറികടന്നു. സെന്റ്‌ തോമസ്‌ മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്ന് ഇറങ്ങിവന്ന സ്കോർപ്പിയോക്കാരനെ കൈകാണിച്ചു നിർത്തേണ്ടിവന്നു, വഴിയൊന്നു ചോദിക്കാൻ. കടലാസിലെ പടം വഴിയിൽ കണ്ടെത്തണമല്ലോ.

"അതേ, നിങ്ങളീപ്പറയുന്ന മേൽവിലാസത്തിൽ എഴുത്തുകാരൊന്നും ഉള്ളതായി എനിക്കറിയില്ല. പിന്നെ കൃത്യമായി അറിയണേങ്കി, ദോ, ഇല്ല കടേ ചോദിക്ക്‌."

പള്ളിയുടെ കുരിശടിയോടു ചേർന്ന ചെറിയ മാടക്കടയിലേക്കാണയാൾ ചൂണ്ടിയത്‌. ഗോപൻ പറഞ്ഞു.

"കുറേ നേരമായല്ലോ നടക്കാൻ തൊടങ്ങീട്ട്‌. ദാഹം സഹിക്കുന്നില്ല. ഒരു കാര്യം ചെയ്‌. നമുക്കാ കടേലൊന്നു കേറാം. ഒരു ബോഞ്ചീം കുടിക്കാം, വഴീം ചോദിക്കാം."

"ഓ ഇവിടെങ്ങും ഈ പറേന്ന പോലൊരു എഴുത്തുകാരിയൊന്നും ഇല്ല."

"എഴുത്തുകാരനോ?"

"ഓ" കടക്കാരൻ മുഖം കൂർപ്പിച്ചുകാണിച്ചു.

"പക്ഷെ അതു ശരിയാവില്ലല്ലോ. ഫേസ്ബുക്കിൽ എല്ലാ ദിവസവും അവരുടെ കവിത വരുന്നുണ്ട്‌."

"ഫേസ്ബുക്കോ, എന്തു കുന്ത്രാണ്ടമാ അത്‌ ?" കടക്കാരൻ പത്തെഴുപത്‌ വയസ്സുള്ളയാളായിരുന്നു.

"അപ്പാപ്പാ, അതീ ഇന്റർനെറ്റിൽ, അല്ലേ വേണ്ട കമ്പ്യൂട്ടറിൽ .... വരുന്ന ഒരു മാസികയാ."

"നിങ്ങളെവിടുന്ന് വരുവാ."

"കരുനാഗപ്പള്ളി."

"എന്ത്വാ ഇത്ര വലിയ അത്യാവശ്യം. ഒരു കവിതയെഴുത്തുകാരിയെ കാണാൻ."

"അതേ ഞങ്ങളു സർക്കാരിന്റെ പ്രതിനിധികളാ. അവർക്കൊരു അവാർഡുണ്ട്‌. എഴുത്തച്ഛൻ പുരസ്കാരം. അതൊന്നു കൊടുക്കാനാ."

"ഓ അതു ശരി. അത്രയ്ക്കൊക്കെ വലിയ ആളുകള്‌ ഈ ഭാഗത്തുണ്ടോ, എന്റെ മാതാവേ."

"പിന്നേ! ഒരു പുണ്യവാളനും സ്വന്തം നാട്ടിൽ ആദരിക്കപ്പെടുന്നില്ല, എന്നല്ലേ അപ്പാപ്പാ ചൊല്ല്."

"ഇപ്പം ഏതാണ്ട്‌ ഒരു ഐഡിയ കിട്ടി. ഈ വഴി നേരേ പടിഞ്ഞാട്ട്‌ ചെല്ലുമ്പം ഓർത്തുഡോക്സുകാരുടെ ഒരു പള്ളിയോണ്ട്‌. അതിന്റെ നേരേ എതിർവശത്ത്‌ എ.ജി.റ്റി ഓഡിറ്റോറിയം. അതിന്റെ സൈഡ്‌ ചേർന്ന് ഒരു ഇടവഴിയുണ്ട്‌. അത്‌ ചെന്നെറങ്ങുന്നത്‌ ഒരു പാടത്തോട്ടാ. കൃഷിയൊന്നുമില്ല. തരിശാ. അതിന്റെ വരമ്പേക്കൂടെ കൊറച്ചു നടക്കുമ്പം ഒരു റബ്ബറുതോട്ടത്തി ചെന്നു കേറും. അതിന്റെ മൂലയ്ക്ക്‌ ഒരു കൊച്ചു വീടൊണ്ട്‌. ഓടിട്ടത്‌. തീരെച്ചെറിയ വീടാ കേട്ടോ. തേച്ചിട്ടൊന്നുമില്ല. കമ്പ്യൂട്ടറൊള്ള വീടാന്നൊന്നും കണ്ടാ പറേത്തില്ല. എന്നാലും അങ്ങ്‌ കേറിച്ചെന്നേക്കണം. അവിടുത്ത ചെക്കൻ എൻജിനിയറിംഗിനു ചേർന്നപ്പം വാങ്ങിച്ച കംപ്യൂട്ടറാ. പക്ഷെ എന്തോ ചെയ്യാം. ഒരു അപകടം പറ്റി അവനങ്ങ്‌ ചത്തുപോയി. പാവം ബൈക്കോടിക്കുവാരുന്നു. ഒരു ടിപ്പറുകാരൻ കൊണ്ടങ്ങ്‌ ചാർത്തിക്കൊടുത്തു. പുറകിലിരുന്ന തന്തേം സ്പോട്ടിവെച്ചു തീർന്നു. ഇപ്പം ഒരു വയ്യാത്ത കൊച്ചും അതിന്റെ തള്ളേം കൂടാ അവിടെ താമസം. പക്ഷെ, അവിടെ കവിതയെഴുതുന്ന ആരുമൊള്ളതായിട്ട്‌ എനിക്കറിയത്തില്ല. ഇനി നിങ്ങളു ചെന്നന്വേഷിച്ചു നോക്ക്‌. അങ്ങനെ വല്ലോരും ഒണ്ടോന്ന്."

വിവരണം അങ്ങനെ ഒഴുകിപ്പരന്നു കൊണ്ടിരുന്നപ്പോൾ നിധീഷിന്റെ കണ്ണിലൂടെയും ചെവിയിലൂടെയും നിരാശയുടെ കട്ടിയേറിയ കാറ്റ്‌ ആഞ്ഞുവീശാൻ തുടങ്ങി.

"വീട്‌ അതൊന്നുമാകാൻ വഴിയില്ല. പുറത്തെവിടെയോ ജോലി ചെയ്യുന്ന അച്ഛനെക്കുറിച്ചല്ലേ ഈയിടെക്കൂടി എഴുതിയത്‌. തിരിച്ചുപോയാലോ?"

"നീ പോടാ. എന്തായാലും ഇവിടെ വരെ വന്നതല്ലേ. നമുക്കൊന്നു പോയി നോക്കാം."

"എന്നാ ശരി."

കടക്കാരൻ പറഞ്ഞുകൊടുത്ത അടയാളങ്ങളുടെ കൈപിടിച്ച്‌ രണ്ടുപേരും കൂടി തേയ്ക്കാത്തൊരു കുഞ്ഞുവീടിന്റെ മുന്നിലെത്തി. മുറ്റത്തേക്ക്‌ കയറിയപ്പോൾ നീലയും വെള്ളയും കളങ്ങളുള്ള കൈലിയും ചുവന്ന ബ്ലൗസും ധരിച്ച്‌ തോളിലൊരു ഈരേഴയൻ തോർത്തുമിട്ട സ്ത്രീ അയക്കോലേൽ നനച്ച തുണി വിരിച്ചുകൊണ്ട്‌ നിൽപ്പുണ്ടായിരുന്നു. അമ്പതുവയസ്സ്‌ കടന്നിട്ടുണ്ടാവും. ജീവിതക്ലേശങ്ങൾ അവരുടെ ആകാശത്തിൽ അമിതവാർദ്ധക്യം ചമയ്ക്കുന്നുണ്ടെന്ന് തോന്നുന്നു. അതിശയമോ ഭയമോ എന്താണ്‌ അവരുടെ മുഖത്ത്‌ പിറന്ന ഭാവമെന്ന് പെട്ടെന്ന് തരംതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. നനഞ്ഞ ഒരു തരം നിർവ്വികാരതയുമാകാം.

"ആരാ? എവിടുന്നാ?"

അവർ രണ്ടുപേരുടെയും മുഖത്തേക്ക്‌ മാറിമാറി നോക്കിക്കൊണ്ടാണ്‌ ചോദിച്ചത്‌.

"ഞങ്ങളു കൊറച്ചു ദൂരേന്നാ. ഈ കവിതയൊക്കെ എഴുതുന്ന വരമൊഴിയുടെ വീടാണോ ഇത്‌?"

"അതുതന്നെ എന്ത്വാ?" അവരുടെ മുഖത്തിപ്പോൾ ആറ്റിക്കുറുക്കിയൊരു ആകാംക്ഷ ഉദിച്ചിട്ടുണ്ട്‌.

"ആളിവിടുണ്ടോ?"

"പിന്നേ അകത്തു കെടപ്പൊണ്ട്‌. ഒറങ്ങുവാന്ന് തോന്നുന്നു. നിങ്ങളൊരു കാര്യം ചെയ്യ്‌. ഇവിടെ നിയ്ക്ക്‌. ഞാൻ സ്റ്റൂൾ എടുത്തോണ്ടു വരാം. അകത്ത്‌ നിങ്ങളെപ്പോലുള്ളവരെയൊന്നും ഇരുത്താനുള്ള സൗകര്യമില്ല."

അവർ വേഗം അകത്തേക്ക്‌ കയറിപ്പോയി. രണ്ടുകയ്യിലുമായി ഓരോ തടിസ്റ്റൂളും എടുത്ത്‌ വെളിയിലേക്കു വന്നു. രണ്ടുപേരും ഇരുന്നപ്പോൾ 'ഞാനിപ്പവരാമേ' എന്നു പറഞ്ഞ്‌ വീണ്ടും ഉള്ളിലേക്കു പോയി.

റബ്ബറുതോട്ടം വളരെ വിശാലമാണ്‌. ഒരു നാലഞ്ചേക്കറെങ്കിലും കാണും. മുമ്പിലെ പാടത്തു വളർന്നു നിൽക്കുന്ന പച്ചപുല്ലിന്റെ സമൃദ്ധി. രണ്ടുപശുക്കൾ അവിടെ പുല്ലുമേയുന്നുണ്ട്‌. വെളുവെളുത്തൊരു കൊക്ക്‌ വരമ്പത്തെ പർണ്ണാശ്രമത്തിൽ ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു. കറുകറുത്തൊരു കാക്ക ഒരു പശുവിന്റെ പുറത്തുവന്നിരുന്ന് ആർത്തിയോടെ കൊത്തിത്തിന്നുന്നു. പശുവാകട്ടെ ചെവിയും വാലുമെല്ലാം കഴിവിന്റെ പരമാവധി ആട്ടുന്നുണ്ട്‌. കാക്കയ്ക്കുണ്ടോ പശുവിനെ വകവെപ്പ്‌. നീ നിന്റെ പാട്ടിനു പോ എന്ന മട്ടിലാണ്‌ അതിന്റെ ഇരിപ്പും കൊത്തുമൊക്കെ. അഞ്ച്‌ മിനിറ്റായിക്കാണില്ല, കൈലിക്കാരി ഓരോ കൈയ്യിലായി ചില്ലുഗ്ലാസിൽ സംഭാരവുമായി വന്നു. പച്ചമുളകും ഇഞ്ചിനീരുമൊക്കെയിട്ട നല്ല ഉശിരൻ മോരുവെള്ളം തൊണ്ട പൊള്ളിച്ചിറങ്ങിക്കൊണ്ടിരിക്കുമ്പോൾ തൊട്ടുകൂട്ടാൻ കൈലിക്കാരിയുടെ കഥാകഥനവുമുണ്ടായി.

"പശു രണ്ടും എന്റേതാ. പക്ഷെ ഇപ്പോൾ അടുക്കളേൽ തുള്ളിപ്പാലില്ല. അല്ല, ഞാൻ മിച്ചം വച്ചേക്കാറില്ലെന്നതാണ്‌ പരമാർത്ഥം. കറക്കുന്നത്‌ തൂത്തങ്ങുകൊടുക്കും. രാവിലേം വൈകിട്ടും മോക്ക്‌ ഓരോ ഗ്ലാസ്‌ കുടിക്കാൻ കൊടുക്കും. പേരിനൊരു ഗ്ലാസ്‌ ഒറയൊഴിക്കും. അത്രതന്നെ. ഞാൻ പോലും കുടിക്കാനെടുക്കത്തില്ല. എന്നാലേ ഒത്തുവരൂ സാറന്മാരേ. പശുക്കറവ കഴിഞ്ഞ്‌ ടാപ്പിങ്ങിനു പോകും. ഈ തോട്ടത്തിൽ പത്തമ്പതു മരം എനിക്കു തന്നിട്ടുണ്ട്‌. പാലെടുത്ത്‌ മൊതലാളിയുടെ വീട്ടീക്കൊണ്ടു കൊടുക്കണം. അവരു വലിയ കരുണയൊള്ളോരായതുകൊണ്ട്‌ എന്റെ സമയത്തിനു ഞാനങ്ങു ചെയ്യും. അതിരാവിലെയൊന്നും എന്നെക്കൊണ്ട്‌ പറ്റത്തില്ല. പശൂമ്പാലും ഓരോരോ വീടുകളിൽ കൊണ്ടുപോയിക്കൊടുക്കുവാ. മോക്കു വയ്യാത്തതിനാൽ രാവിലെ വളരെ നേരത്തെ അവക്കു കാപ്പി കൊടുക്കും. വീടുപൂട്ടിയിട്ടിട്ടാ വെളീപ്പോകുന്നേ. എല്ലാം കഴിഞ്ഞ്‌ വന്ന് ഊണുകഴിച്ചൊന്നു നടുചായ്ക്കാൻ തുടങ്ങുമ്പഴാ അവളു പറയുക. അമ്മേ എനിക്കൊരു കവിത തോന്നുന്നു. ഫേസ്ബുക്കൊന്നു തുറക്കാമോ എന്ന്. മോൻ എൻജിനീയറിംഗിനു കടമ്മനിട്ടെ ചേർന്നപ്പം ലോണെടുത്തു മേടിച്ച കംപ്യൂട്ടറാ. അവനും അച്ഛനും കൂടി ഞങ്ങളെ തനിച്ചാക്കിയങ്ങു പോയേപ്പിന്നെ കംപ്യൂട്ടറിന്റെ ഉപയോഗം ഇപ്പോൾ ഇതാ. എന്തൊരു ഗുരുത്തമാന്നു തോന്നും ചിലപ്പോൾ. അവൻ തല്ലിയടിച്ചാ എന്നെ പഠിപ്പിച്ചേ. ജോലിയൊക്കെ കിട്ടി അമേരിക്കേ വല്യ എൻജിനീയറായിട്ട്‌ പോകുമ്പം അമ്മയ്ക്ക്‌ ഇമെയിലയയ്ക്കും. അതു വായിക്കണേൽ ഇപ്പഴേ പഠിച്ചോണം എന്നു പറഞ്ഞ്‌ ആറുമാസം കൊണ്ടാ പഠിപ്പിച്ചത്‌. ഈമെയിലിൽ ഒരു ടെസ്റ്റ്‌ അയപ്പിച്ചിട്ട്‌ ഇറങ്ങിപ്പോയ ഒരു പോക്കാ. കൂട്ടുകാരന്റെ വീട്ടിപ്പോയി കൊറച്ച്‌ നോട്സ്‌ എങ്ങാണ്ടും വാങ്ങിച്ചോണ്ട്‌ തിരിച്ചു വരുമ്പം വഴീന്ന് അച്ഛനും കൂടെ കേറുവാരുന്നു.... പറഞ്ഞിട്ടെന്തോ ചെയ്യാനാ, എനിക്ക്‌ യോഗമില്ലാതെ പോയി.

ആ വിഷയത്തിലേക്ക്‌ കൂടുതൽ കടന്നുപോകുന്നതൊഴിവാക്കാനും ആശ്വസിപ്പിക്കാനുമൊക്കെയായിട്ടാവാം ഗോപൻ പെട്ടെന്നു പറഞ്ഞു.

"അതു വിധിയെന്നു വിചാരിക്കുക. പക്ഷേ, ഇതുപോലെ മനോഹരമായി കവിതയെഴുതുന്ന മകളുണ്ടെങ്കിൽ അമ്മയ്ക്ക്‌ പിന്നെ എന്തു വിഷമിക്കാനാ. അവളുടെ രാശി തെളിഞ്ഞു വരുവാ. അമ്മ നോക്കിക്കോ. മോളൊരു പതിനെട്ടു വയസ്സാകുമ്പോഴേക്കും സുഗതകുമാരിയൊക്കെ മാറിനിക്കും. കാവ്യകേളിയിൽ ഇപ്പോൾ ഏറ്റവുമധികം ലൈക്ക്‌ കിട്ടുന്നത്‌ വരമൊഴിയുടെ കവിതകൾക്കാ.

"ങാ. അതൊക്കെയെനിക്കറിയാം."

"മോളുണർന്നു കാണുമോ? ഞങ്ങക്കൊന്നു കാണാമോ?"

"പിന്നെന്താ. ഞാൻ വിളിക്കാമല്ലോ എപ്പഴും കെടപ്പായതുകൊണ്ട്‌ അത്ര വല്യ ഒറക്കമൊന്നും അവക്കില്ല."

അതിഥികളെ നയിച്ച്‌ അവർ വീട്ടിനുള്ളിലേക്ക്‌ കയറി. ജനലുകൾ തുറന്നിട്ടിരുന്നെങ്കിലും വെട്ടം പോരെന്നു തോന്നിയതുകൊണ്ടാവും സിഎഫ്‌എൽ കൂടി തെളിച്ചു. മരക്കട്ടിലിലെ പഞ്ഞിമെത്തയിൽ മുറി നിറഞ്ഞ ഒരു ചിരിയായി ഒരു അഴകി എണ്ണക്കറുപ്പിൽ വെട്ടിത്തിളങ്ങുന്നു. ചുവപ്പിൽ കളങ്ങളുള്ള പുതപ്പ്‌ കഴുത്തു വരെ മറയ്ക്കുന്നു.

"മോളേ ഇതാരാന്നറിയാമോ?"

"ഇല്ലല്ലോ...." അവൾ കണ്ണുകൾ ഇറുക്കിയടച്ചു. 

"ഇത്‌ നിധീഷ്‌സാറ്‌. നമ്മൾ കവിതയയച്ചില്ലേ, കേളികൊട്ടിലേക്ക്‌. ഇത്‌ സാറിന്റെ കൂട്ടുകാരൻ. കവിതയൊക്കെ എഴുതും. ഇടക്കുളങ്ങര ഗോപൻ."

"അമ്മേ എന്നെ ഒന്ന് എടുക്കാമോ?"

മകളെ എടുക്കാൻ വേണ്ടി അമ്മ പുതപ്പു മാറ്റി. നിധീഷും ഗോപനും പെട്ടെന്നൊരു വൈദ്യുതാലിംഗനത്തിന്റെ പൂട്ടിലായി. പവിഴ ചുരിദാറിന്റെ കൈയ്യിലൂടെ കൂർത്തു നിൽക്കുന്ന രണ്ടു കൈക്കുഴകൾ. തുടയ്ക്കു മേലേ വെച്ച്‌ ഉരുണ്ടുകൂടിയ കാലുകളും. മകളെ കോരിയെടുത്ത്‌ തോളിലേക്കിട്ട്‌ അമ്മ കട്ടിലിൽ ഇരുന്നു. എന്നിട്ട്‌ ഭാരമില്ലാത്ത ആ ശരീരം തുണി തിരിച്ചിടുംപോലെ മടിയിൽ മറിച്ചിട്ടു. പുഞ്ചിരിക്കുന്ന നീളൻമിഴികളും പ്രകാശിക്കുന്ന അർദ്ധചന്ദ്രാകൃതനെറ്റിയും നീണ്ടുവളഞ്ഞ മൂക്കും നുണക്കുഴി വിരിഞ്ഞു നിൽക്കുന്ന കവിളും വെൺനുരപ്പല്ലുകളും ഇടതൂർന്ന മുടിയും കണ്ട്‌ താഴേക്ക്‌ വരുമ്പോൾ തിളക്കമുള്ള കഴുത്ത്‌. നെഞ്ചിലെ ദിക്പാലകർ അവളിലെ പെണ്ണത്തത്തെ കൂർമ്മതയോടെ പാലനം ചെയ്തുകൊണ്ടിരുന്നു. തുടർന്ന് താഴേക്ക്‌ പോകാൻ നിധീഷിന്റെ കണ്ണുകൾ വിസ്സമ്മതിച്ചു. ഗോപന്റെയും.

"ജന്മനാ ഇങ്ങനാ. അച്ഛന്‌ എന്നും വലിയ വിഷമമായിരുന്നു. ഒണ്ടായിവീണപ്പം കൊറേ ബന്ധുക്കാരു പറഞ്ഞതാ, കൊന്നുകളയാൻ. കൈയ്യും കാലുമില്ലാത്ത ഒരു പെങ്കൊച്ചിനെ എങ്ങനെ വളർത്തിക്കൊണ്ടുവരും? വളത്തീട്ടു തന്നെ എന്തിനാ? എന്നൊക്കെ ചോദിച്ചവരുണ്ട്‌. എന്റെ നിർബന്ധമാ. ഞാൻ പറഞ്ഞു. പ്രസവിച്ചിട്ടുണ്ടോ വളത്തീരിക്കും. അതെന്തു നന്നായി എന്നു ചിലപ്പോൾ തോന്നും. ഇവൾ കൂടില്ലാരുന്നെങ്കി ഞാനിപ്പം എന്തു ചെയ്തേനേം. ദു:ശ്ശകുനം കാണാൻ വയ്യെന്നു പറഞ്ഞ്‌ ബന്ധുക്കളാരും ഇങ്ങോട്ടു വരാറില്ല. നാട്ടുകാരും. ചില പെന്തക്കോസുകാര്‌ ഇടയ്ക്ക്‌ പ്രാർത്ഥിക്കാനാന്നും പറഞ്ഞ്‌ കേറിവരും. ഞാൻ തടയാറില്ല. ഞങ്ങക്കും സമുദായക്കാരൊക്കെയുണ്ട്‌. ഇടയ്ക്ക്‌ പിരിവിനു വന്നു മിറ്റത്ത്‌ നിന്നേച്ച്‌ പോം. അകത്തോട്ടു പോലും കയറാറില്ല. എന്നു കരുതി ഞാൻ പെന്തക്കോസായിട്ടൊന്നുമില്ല. മോക്ക്‌ കഥകളൊക്കെ വായിച്ചു കൊടുത്തും അവളു പറേന്ന കേട്ടെഴുതീം എനിക്കിപ്പം ഒരു ദൈവത്തിലും വലിയ വിശ്വാസമൊന്നുമില്ലാതായീന്ന് പറഞ്ഞാ മതിയല്ലോ."

"അയ്യോ, പിന്നെ സാറന്മാർക്കൊരു പാലൊഴിച്ച കാപ്പിയെങ്കിലും തരാതെ വിടുന്നതെങ്ങനാ. പൊയ്ക്കളയല്ലേ. ഞാനിപ്പം വരാമേ" എന്നു പറഞ്ഞ്‌ അവർ മകളെ കട്ടിലിലേക്ക്‌ കിടത്തി അടുക്കളയിൽ ചെന്നൊരു ഓട്ടുമൊന്തയുമെടുത്ത്‌ ഒറ്റ ഓട്ടം വെച്ചുകൊടുത്തു, പുറത്തെവിടേക്കോ. അവർ പരിസരം വിട്ടു എന്നുറപ്പാക്കിയശേഷം വരമൊഴി ശബ്ദം താഴ്ത്തി പറഞ്ഞു.

"സാറന്മാരേ, അതെന്റെ അമ്മയല്ല കേട്ടോ."

നിധീഷിനും ഗോപനും അടുത്ത ഞെട്ടൽ.

"എന്നെ ഈ രൂപത്തിൽ പെറ്റിട്ടതിന്റെ വൈരാഗ്യത്തിന്‌ അമ്മയെ തൊഴിച്ചു കൊന്നിട്ട്‌ അച്ഛൻ കേറിയങ്ങ്‌ തൂങ്ങി. പിന്നീട്‌ ഈ ചിറ്റമ്മയാ വളത്തിയത്‌. ചിറ്റപ്പന്‌ നീരസമൊക്കെ ഉണ്ടായിരുന്നെങ്കിലും വീടിന്റെ അവകാശം എന്റെ പേരിലായതിനാലാവാം പിറുപിറുത്തുകൊണ്ടങ്ങ്‌ കഴിഞ്ഞു പോവുകയായിരുന്നു. ഫലത്തിൽ ഞങ്ങൾ രണ്ടുപേരും അനാഥരാ. പക്ഷെ അങ്ങനെ പറയാൻ പറ്റുമോ? ചുറ്റുപാടും കാണുന്ന നിങ്ങളുൾപ്പെടെയുള്ള സനാഥർ എന്നു വിളിക്കുന്ന മുഴുവനാളുകളും ശരിക്കും അവനോന്റെയുള്ളിൽ അനാഥർ അല്ലേ? ശരിക്കും ഒറ്റപ്പെട്ടവർ. അതു വെച്ചു നോക്കുമ്പം ഞങ്ങക്കൊരു സങ്കടോമില്ല. അമ്മേം മോളുമായിട്ട്‌ ഞങ്ങളങ്ങനെ അടിച്ചുപൊളിച്ചു ജീവിക്കുന്നു."

"കുട്ടീ ഇത്രയ്ക്ക്‌ വലിയ നിർഭാഗ്യം ഒരു കുടുംബത്തിനു മേലേ എങ്ങനെ വന്നു പതിക്കുന്നുവെന്ന് മനസ്സിലാവുന്നില്ല."

"എന്തു നിർഭാഗ്യം..!! സാറേ, ഭാഗ്യവും നിർഭാഗ്യവുമൊക്കെ യഥാർത്ഥത്തിൽ നമ്മുടെ മനസ്സിന്റെ ഓരോ തോന്നലുകളല്ലേ? എല്ലാമൊണ്ടേലും....ഞാൻ എന്തൊരു ഭാഗ്യദോഷിയാ? എന്നായിരിക്കില്ലേ മിക്കവരുടെയും എപ്പോഴത്തേയും ചിന്ത. ഞാൻ എത്ര ഭാഗ്യവതിയാ. അല്ലെങ്കിൽ എത്ര ഭാഗ്യവാനാ എന്നു വിചാരിക്കുന്നവരെത്രയുണ്ടാവും നമ്മുടെ സമൂഹത്തിൽ."

അങ്ങനെ നോക്കിക്കൊണ്ടു നിൽക്കുമ്പോൾ പെട്ടെന്നു വരമൊഴി കട്ടിലിൽ നിന്നു നിരങ്ങിയിറങ്ങിയൊരു ഓട്ടം കൊടുത്തു.

രണ്ടു കൈകൊണ്ടും പച്ചപ്പട്ടു പാവാട വിടർത്തിപ്പിടിച്ച്‌ കൊലുസ്സിന്റെ ഛിൽഛിൽ നാദം തെറിപ്പിച്ച്‌ മുറ്റത്തുകൂടിയൊക്കെ ഓടിനടന്നു. രണ്ടുറൗണ്ട്‌ ഓട്ടം പൂർത്തിയാക്കി മുറിയിലേക്ക്‌ പാഞ്ഞുവന്നപ്പോൾ കൈയ്യിൽ കവളൻമടൽ ചെത്തിയുണ്ടാക്കിയൊരു ക്രിക്കറ്റ്‌ബാറ്റ്‌ ഉണ്ടായിരുന്നു. അതുയർത്തിപ്പിടിച്ചുകൊണ്ട്‌ അവൾ കട്ടിലിൽ കയറി നിന്നു.

രണ്ടു കൈയ്യിലെയും കരിവളകൾ കിലുക്കി ശബ്ദമുണ്ടാക്കിക്കൊണ്ട്‌ ഒച്ചയുയരാതെ പറഞ്ഞു. "നമുക്ക്‌ വൺഡേ കളിക്കാം."

മൂളിപ്പാട്ടു പാടി വരുന്നൊരു കൊതുകിനെ ക്രിക്കറ്റ്‌ ബാറ്റുവീശി തുരത്താനാഞ്ഞും കൂസലില്ലായ്മ ചുരത്തുന്ന മുഖം ഗാലറിക്ക്‌ സമർപ്പിച്ചും മഞ്ഞുപോലുള്ള പാദങ്ങൾ കട്ടിലിലെ പിച്ചിലൂന്നി അവൾ നിൽക്കുമ്പോൾ നിധീഷ്‌ കണ്ടത്‌, എൽ.കെ.ജി യിലെ യൂണിഫോമുമായി പത്തുവർഷം മുമ്പ്‌ സ്കൂൾബസ്സിൽ കായംകുളംകായലിലേക്ക്‌ ടൂറുപോയ കുസൃതിക്കുഞ്ഞിനെയാണ്‌. കണ്ടു കൊതിതീരാതിരുന്നൊരു ഓമന. ഇരുകൈയ്യും മുന്നോട്ടു നീട്ടിക്കൊണ്ട്‌ ചിന്നിയ ശബ്ദത്തിൽ നിധീഷ്‌ ചോദിച്ചു.

"മോളെ, നിന്നെ ഞാനൊന്നെടുത്തോട്ടെ."

അതീതകാലങ്ങളിൽ നിന്നൊഴുകി വന്നൊരു സാന്ദ്രമൗനം അപ്പോൾ ആ മുറിയിൽ നിറഞ്ഞു.

O

കടപ്പാട്‌ : കലാകൗമുദി


PHONE : 9495851717Tuesday, January 8, 2013

കിണർ

കവിത
സഹീറ.എം1
പഴംചൊല്ലിൽ പതിരില്ല.
പതിഞ്ഞ ചൊല്ല് മനസ്സിലിട്ട്‌
ഉത്തരം മുട്ടിപ്പിക്കും എന്ന ഭാവത്തിൽ
ഒരു ചെറുചിരിയോടെ,
കുരുന്നിനോടൊരു ചോദ്യം:
'മുറ്റത്തെ ചെപ്പിനടപ്പില്ല ?'

അങ്കത്തിൽ ജയിക്കാനുള്ള തയ്യാറെടുപ്പോടെ
മൂക്കിൻതുമ്പിൽ വിരൽ തൊട്ട്‌
ചൂണ്ടുവിരൽ നെറ്റിയിൽ വെച്ച്‌
ചാഞ്ഞും ചരിഞ്ഞുമിരുന്ന്
ഗഹനമായ ചിന്തയിലാണ്ടുപോയി,കുരുന്ന്.

സമയമെത്രവേണേലുമെടുത്തോ
എന്നൊരൗദാര്യം നീട്ടി ഞാനിരുന്നു.
തോൽക്കുമെന്നെനിക്കുറപ്പുണ്ട്‌.
കാരണം,ഇത്തിരിവട്ടത്തിൽ
അവനെവിടെ മുറ്റം ?
അതിലൊരു ചെപ്പ്‌ ?
കുളിരൂറി നിറഞ്ഞൊരു കിണർ ?

2

ഇത്തിരിവട്ടത്തിൽ മുറ്റത്തൊരു കിണറുണ്ട്‌
കപ്പിയും കയറുമില്ലെങ്കിലും
കുറുകെ ഒരു ദണ്ഡുണ്ട്‌
കിണറടപ്പും തുറപ്പുമുണ്ട്‌.
അടപ്പിനുമുകളിൽ വലയുമുണ്ട്‌.
സൂര്യൻ വെട്ടിത്തിളങ്ങാത്ത
കപ്പിയുടെ ഇക്കിളിച്ചിരി കേൾക്കാത്ത
നിശ്ചലമായ കിണർ.

3

മതിലും ഗേറ്റും പുറത്തുണ്ട്‌
അതിനൊരു പൂട്ടും.
ഗേറ്റു തുറന്ന്,
വെള്ളം കോരാനോ കുടിക്കാനോ
ആരുമെത്തുന്നില്ല.
ജലം പങ്കുവെക്കാനുള്ളതല്ലെന്ന്
പുതിയ പാഠം!

4

വീട്‌ പണ്ടേ നിലം പൊത്തി
ആളൊഴിഞ്ഞ പറമ്പിൽ
ഒറ്റപ്പെട്ടുപോയ കിണർ നിശ്ചലം.
ആർത്തിയോടെ മണ്ണുമാന്തികൾ
നാലുപാടും ക്രൗര്യത്തിൻ നഖം നീട്ടവേ,
അംഗവൈകല്യം വന്നവനെപ്പോലെ കിണർ.
നിസ്സഹായതയുടെ നിലവിളി.

5

പലയിടത്തുമുണ്ട്‌ കിണർ
വീടും വിളിയുമൊഴിഞ്ഞ പറമ്പുകളിൽ
റോഡിൽ,
നഗരമാലിന്യങ്ങൾക്കും
പാഴ്ച്ചെടികൾക്കും
പരാദങ്ങൾക്കും താവളമായി.
ഇന്ന്
മണ്ണുമാന്തിയുടെ കൂർത്ത നഖങ്ങളിൽ,
ജീവന്റെ ഉണർവ്വേകിയവളുടെ വിരുദ്ധനിയതി !

6

ഇനി വളരെ കുറച്ചേയുള്ളൂ
വംശനാശത്തിന്റെ കിണറ്റുകരയിൽ
ഇരുന്നൊരു സൊറ...

7

കടംകഥയുടെ സമയവും കഴിയാറായി
കഥയ്ക്കുത്തരം കിണർ എന്നുറപ്പിക്കാൻ
തെളിവുകൾ തിരഞ്ഞുകൊണ്ടിരുന്നു ഞാൻ.

O