Saturday, November 27, 2010

LEVEL CROSS

                                                   
  
ലെവല്‍ ക്രോസ്
ഇടക്കുളങ്ങര ഗോപന്‍
വേഗതയുടെ മുന്നില്‍ തടസ്സങ്ങള്‍
മറ്റൊരു വേഗതയ്ക്ക് കടന്നുപോകാന്‍,
അടച്ചിടുന്നുവോ,നമ്മുടെ കാമനകളേയും
ആരു വറുത്തുകുത്തും മുറ്റിയ നമ്മുടെ
പ്രണയവിത്തുകള്‍.
ഒരു പേയ്ക്കാലം
കാറ്റില്ലാത്ത വിശറി വിയര്‍ത്തുപോയി.


മുത്തച്ഛന്‍മാവ് 'പെന്‍ഷനായിട്ട്'
പത്തിരുപതുകൊല്ലമായെന്ന്
കൊഴിഞ്ഞിലകള്‍ മുറുമുറുത്തു.
ആലുംകടവില്‍ ആലില്ലാത്തതിനാല്‍
ആരോടും പറയാതെ കറുത്തവാവ്
കടലില്‍ ബലിതര്‍പ്പണം ചെയ്തു.
ആദിനാട്ടുകാരി കുഞ്ഞാമിന പെഴച്ചുപെറ്റെന്ന്
കവണയേറില്‍ കണ്ണുപോയ
കാവാലിക്കാക്ക.
കള്ളമെന്ന് 'ചക്കിപ്പൂച്ച'.
 നൊന്തുപെറ്റ പെണ്ണിന് മന്തുരോഗമെന്ന്
വള്ളിക്കാവിലെ കമ്പോണ്ടറ്.


മാരാരിത്തോട്ടത്ത് 'കാളവണ്ടി കാടുകയറിയത് '
കാവിലെ പുള്ളിന് പുലപ്പേടിമാറ്റാനെന്നും
പുലയാടികള്‍ കുശുമ്പുകുത്തി.
പുറം ചൊറിയാന്‍ അമൃതുവള്ളി മതിയെന്ന്
കാശിത്തുമ്പ കാതിലോതി.
കാര്‍ത്തിക കത്തിച്ച കണ്ണുകളില്‍
കാഴ്ചയില്ലെന്ന് വൈവാഹികപംക്തിയില്‍
കണ്ടതാരാണ് 'നാത്തൂനേ'?
'നിന്‍റെ തള്ളയാണെടീയമ്മിണി' !


കൈതമുള്ളില്‍ മേല്‍മുണ്ട്‌ 'ഉടക്കിയത്'
കുനിഞ്ഞെടുത്തതും,
താഴെ വീഴാതെ വീണല്ലോ
രണ്ട് താഴികക്കുടങ്ങള്‍.
                                                             O
ഫോണ്‍ - 9447479905

RIGHT ANGLE

കേളികൊട്ട് 

1996 ഫെബ്രുവരി 24 തീയതിയില്‍ നടന്ന 'കേളികൊട്ട് മാസിക'യുടെ 
ഒന്നാം വാര്‍ഷികാഘോഷവേളയില്‍ നിന്ന്; ഓര്‍മ്മയുടെ പുസ്തകത്തില്‍  
സൂക്ഷിച്ചിരുന്ന ചില നിമിഷങ്ങള്‍.


14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ...... 


ചിത്രപ്രദര്‍ശനവും 'ഉണ്മ'യുടെ  മാസികാപ്രദര്‍ശനവും
ശ്രീ.ഏ.കെ.ഗോപിദാസ് ഉത്ഘാടനം ചെയ്യുന്നു
സാംസ്കാരിക സമ്മേളനത്തില്‍ ശ്രീ.കുരീപ്പുഴ ശ്രീകുമാര്‍,
ശ്രീ.എം.എഫ്.തോമസ്‌, ശ്രീ.പി.ആര്‍ കര്‍മ്മചന്ദ്രന്‍. ശ്രീ.ഉണ്മ മോഹന്‍...
ചിത്രപ്രദര്‍ശനത്തില്‍ നിന്ന്
കവിയരങ്ങില്‍ ശ്രീ.ഇടക്കുളങ്ങര ഗോപന്‍ 


O

Sunday, November 21, 2010

ECHO !

ഡോ.ആര്‍.ഭദ്രന്‍
സംസ്കാരജാലകം                    1

                                     

                                                      .സി.ശ്രീഹരി പുതുമലയാള കവിതയിലെ ശ്രദ്ധേയനായ കവിയാണ്‌. മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഒക്ടോബര്‍ 4 ലക്കത്തില്‍ വന്ന 'പ്രണയമേ' എന്ന കവിത,കാലത്തിനുനേരേ പിടിച്ച തൂലികയില്‍ നിന്ന് അടര്‍ന്നുവീണ കവിതയാണ്. ആധുനികോത്തരകവികള്‍ വര്‍ത്തമാന കാലത്തിന്‍റെ കെടുതികളെ വാങ്ങ്മയമാക്കുന്നവരാണ്. പ്രണയം നഷ്ട്ടപ്പെട്ടുപോയ കാലത്തെ, ഒരു കവി കവിതയിലൂടെ എങ്ങനെയാണ് പിടിച്ചെടുക്കുന്നത് എന്ന് സൂക്ഷ്മഭംഗിയില്‍ നാം അറിയുന്നു. സംയമനപൂര്‍വ്വം ആഖ്യാനത്തെ ചലിപ്പിച്ച് കാലം നഷ്ടപ്പെടുത്തിയ ജലിമയെ വരള്‍ച്ചപ്പെടുത്തിയെടുക്കുന്നു ഈ കവിത.നമ്മുടെ കാമ്പസുകളെ പശ്ചാത്തലമാക്കിക്കൊണ്ടാണ്  മരിച്ചുപോയ പ്രണയത്തെക്കുറിച്ച് ഒരു കവിതാനാടകം ഏ.സി.ശ്രീഹരി സംവിധാനം ചെയ്തിരിക്കുന്നത്. ഈ കവിതയെക്കുറിച്ച് കാവ്യകലയുടെ അത്യല്‍ഭുതം എന്നല്ലാതെ എന്തു പറയാന്‍ !


മനോജ്‌ കുറൂര്‍ പുതിയ കാലത്തിനുവേണ്ടി ഒരു പാസ്റ്ററല്‍ എലിജി എഴുതിയിരിക്കുന്നു. (മലയാളം 2010 ജൂലായ്‌ 2) ഉത്തരാധുനികമായ കാലത്തിലെ ഇടയന്‍,ആടുകളോട് എങ്ങനെ എന്നറിയാന്‍ മനോജിന്‍റെ പാസ്റ്ററല്‍ എലിജി  ക്ലിക്ക് ചെയ്‌താല്‍ മതി. ഇടയനെയും ആടുകളെയും പല മാനത്തില്‍ നിര്‍ത്തി വായിച്ചെടുക്കാന്‍ പറ്റിയ കവിത. പുതിയ ഒരു ആടുജീവിതം തന്നെ ഈ കവിതയില്‍ ഉണ്ട്. ശബ്ദം കൊണ്ടും ചലനം കൊണ്ടും കവിത ഇത് നേടിയിരിക്കുന്നു. കവിതയെ ശബ്ദനിഷ്ഠമാക്കുക കൂടി ചെയ്തിരിക്കുന്നു മനോജ്‌. അതായത് കവിത ചെവികള്‍ക്കായികൂടി ബലമായി തുറന്നുകൊണ്ട് ആധുനികോത്തരതയില്‍ പുതിയ വായന സാധ്യമാക്കിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ തിന്മകളെ ഇന്ദ്രിയങ്ങള്‍ കൊണ്ട് തൊട്ടുകാണിക്കുന്ന ഇന്ദ്രജാലം - ഗംഭീരം !


ഇടക്കുളങ്ങര ഗോപന്‍റെ 'അമ്മ വിളിക്കുന്നു' ( ഉണ്മ പബ്ലിക്കേഷന്‍സ് ) എന്ന സമാഹാരത്തിലെ  കാവല്‍ എന്ന കവിതയുടെ ആദ്യത്തെ എട്ടുവരികള്‍ പി.കുഞ്ഞിരാമന്‍നായരുടെ കവിത വായിക്കുന്ന അനുഭവം പകരുന്നു. പ്രണയകവിതയുടെ പ്രശ്നദീപ്തിയാണ് ഈ വാങ്ങ്മയത്തിലൂടെ ഗോപന്‍ നിവേദിക്കുന്നത്. പ്രണയത്തിന്‍റെ ഉദ്വേഗം കവിത പ്രകടിപ്പിക്കുന്നുണ്ട്. പ്രണയം കവിതാനുഭവം ആക്കുക എന്നത് എന്നും കവികള്‍ക്ക് ലഹരിയായിരുന്നുവല്ലോ. എ.സി.ശ്രീഹരിയും ഇടക്കുളങ്ങര ഗോപനും ഇത് രണ്ടു തരത്തില്‍ നിറവേറ്റുകയാണ്.


                        2010 നവംബര്‍ 7 ലക്കത്തില്‍ കലാകൌമുദിയില്‍ വന്ന വനംവകുപ്പ്മന്ത്രി ബിനോയ്‌ വിശ്വത്തിന്‍റെ കവിതയ്ക്ക് കവിത എന്ന പെരു വിളിക്കാമോ ? എന്തായാലും അദ്ദേഹത്തിന്‍റെ കവിത - 'ശൂന്യത '-  Poetic experience ഉണ്ടാക്കുന്ന കാര്യത്തില്‍ വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്‌. പ്രതിബദ്ധതയുള്ള നല്ല മന്ത്രിയും മനുഷ്യനും പൊതുപ്രവര്‍ത്തകനുമാണ്‌ ബിനോയ്‌ വിശ്വം. കവിത എന്ന സ്നേഹത്തില്‍ കൈവയ്ക്കുവാന്‍ വിശ്വം ശ്രമിച്ചത്‌ അദ്ദേഹത്തിന്‍റെ ഉന്നതമായ മൂല്യബോധത്തെ കാണിക്കുന്നു എന്നത് മറ്റൊരു കാര്യം. 'ശൂന്യത'യ്ക്കു താഴെ, 'അയ്യപ്പനു വിട' എന്ന പേരില്‍ കെ.പി.സദാനന്ദന്‍ എഴുതിയ കവിതയും തഥൈവ. അയ്യപ്പനെ വെറുതെ വിടുക എന്നതു മാത്രമേ  അതിനെക്കുറിച്ചു പറയുന്നുള്ളു. എന്നാല്‍ ഭാഷാപോഷിണി 2010 നവംബര്‍ ലക്കത്തില്‍ വന്ന അന്‍വര്‍ അലിയുടെ 'അയ്യപ്പന്‍ ' എന്ന കവിതയ്ക്ക് എഴുത്തുവെളിച്ചം നല്‍കാന്‍ കഴിയുന്നുണ്ട്. 20 വര്‍ഷം മുന്‍പ് കുങ്കുമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന കവിതയാണിത്. അന്നേ അന്‍വര്‍ നന്നായി കവിതയെഴുതിയിരുന്നു എന്നതിന്‍റെ തെളിവ് കൂടിയായാണിത്.
                                                                                                 O


ഫോണ്‍ - 9895734218

Monday, November 15, 2010

ഹൈഡ്ര

കഥ
നിധീഷ്‌.ജി

                                              
ര്‍ക്കിലടയാളങ്ങള്‍ ക്രമമായി വീണുകിടക്കുന്ന പഞ്ചാരമണ്ണില്‍ ഇളവെയില്‍ ചിതറാന്‍ തുടങ്ങുന്നത് കണ്ടുകൊണ്ടാണ് ഉണര്‍ന്നത്. അടുക്കളയില്‍ രമ പെരുമാറുന്നത് കേള്‍ക്കാം. കയ്യെത്തിച്ച് വാര്‍ഡ്രോബിന് മുകളിലിരുന്ന റിമോട്ട് എടുത്ത് സെറ്റ് ഓണ്‍ ചെയ്തു. സന്തൂറില്‍ നിന്നും ഇടറി വീഴുന്ന നാദത്തിനൊപ്പം സുഖദമായ സ്വരത്തില്‍ അശോക്‌ ഖോസ്ല പാടുന്നു. ജനാലയിലൂടെ വീണ്ടും പുറത്തേക്ക് നോക്കി. പുളിമരത്തിനു താഴെ ഓണത്തിന് കെട്ടിയ ഊഞ്ഞാല്‍ ഈറനുണങ്ങിത്തുടങ്ങുന്നു. കോഴികള്‍ തൊടിയിലൂടെ ഓരോന്തിന് പിന്നാലെ പായുന്നു. രണ്ടുമൂന്ന് പഴുത്ത പ്ലാവിലകള്‍ മുറ്റത്തെ ശൂന്യതയെ ഭേദിച്ചുകൊണ്ട് വീഴുകയും പ്ലാവില്‍നിന്ന് ഒരു പച്ചിലക്കിളി പറന്നുപോകുകയും ചെയ്തു.

വല്ലാത്ത ക്ഷീണം.


ഇന്നലെ ഗിരീഷിനോടൊപ്പം പങ്കിട്ട റോയല്‍ സ്റ്റാഗ്‌ സിരകളില്‍ ഇപ്പോഴും മേഞ്ഞു നടക്കുന്നുണ്ടെന്നു തോന്നുന്നു. ഖോസ്ലയെ പാടാന്‍ വിട്ടിട്ട്, തണുത്ത കാപ്പി ഒറ്റവലിക്ക് കുടിച്ച ശേഷം, ഞാന്‍ പടിഞ്ഞാറ്റയിലേക്കിറങ്ങി. രാത്രി പെയ്ത മഴ പച്ചപ്പുകള്‍ക്കിടയില്‍ പതുങ്ങി നില്‍ക്കുന്നത് കണ്ടു. ചേമ്പിന്‍കൂട്ടങ്ങള്‍ക്കപ്പുറം ശാന്തമായിക്കിടക്കുന്ന  കായല്‍പ്പരപ്പില്‍ അങ്ങിങ്ങ്  കൊച്ചു കൊച്ചു വയലറ്റ്പൊട്ടുകള്‍ പോലെ, കുളവാഴപ്പൂക്കൾ.

ഇന്നലത്തെ കാല്‍പ്പാടുകള്‍ തിരഞ്ഞ് ഞാന്‍ നടന്നു. ഒക്കെ മഴ മായ്ച്ചിരിക്കുന്നു. കഴിഞ്ഞരാത്രി, നനഞ്ഞൊലിച്ച്‌ കായല്‍ക്കരയിലേക്ക് വന്നത് ആരുമറിയാതെയാണ്; രമ പോലും. അവള്‍ നല്ല ഉറക്കമായിരുന്നു. ഒരാഴ്ചക്കാലമെടുത്ത്‌ രൂപപ്പെടുത്തിയ പദ്ധതിയുമായി ബന്ധപ്പെട്ട ചില ദൗത്യങ്ങൾ, അടിയന്തിരമായി അവനെ ഏൽപ്പിക്കേണ്ടതുണ്ടായിരുന്നു.

മഴതോര്‍ന്ന പുലരിയില്‍ ജലം ശാന്തമായിക്കിടന്നു. കായലിന്‍റെ തെക്കേകോണിലെ കല്‍ക്കെട്ടുകള്‍ക്കരികില്‍ വന്ന് പതിഞ്ഞ ശബ്ദത്തില്‍ ഞാനവനെ വിളിച്ചു.

"കാര്‍ക്കിനസ്!"

ജലവിതാനത്തിൽ ചെറുകുമിളകളുണ്ടാക്കിക്കൊണ്ട്‌ അവൻ പൊടുന്നനെ ഉയർന്നുവന്നു. ഒരു മാത്രികവിദ്യാലെന്നവണ്ണം എന്റെ ശബ്ദം അവൻ തിരിച്ചറിയുന്നത്‌ അത്ഭുതമാണ്‌. മുത്തുകൾ പോലെ മിന്നിത്തിളങ്ങുന്ന കണ്ണുകൾ. ഏതിരുട്ടിലും പച്ചയ്ക്കും വെളുപ്പിനുമിടയിലെ ആ ചുവപ്പുരാശി തിളങ്ങി നില്‍ക്കും. രാകി മൂര്‍ച്ചപ്പെടുത്തി വെച്ചതുപോലെ അരിപ്പല്ലുകള്‍ നിറഞ്ഞ പടവാളുകൾ. ഒരു നക്ഷത്രസമൂഹം മുഴുവന്‍ പ്രതിഫലിക്കുന്ന പടച്ചട്ടയണിഞ്ഞ്, യുദ്ധപ്പുറപ്പാടിൽ, ആയുധമേന്തി നില്‍ക്കുന്ന പടനായകന്‍- കാര്‍ക്കിനസ്! വലിപ്പത്തില്‍ അവന്‍ ഏതു ഞണ്ടുകളെയും തോല്‍പ്പിക്കും. ശാസ്ത്രീയമായി അവൻ ഡെക്കാപ്പോഡ് ക്രസ്റ്റേസിയനെന്നോ ഫൈലം ആര്‍ത്രോപോഡയെന്നോ ആയിരിക്കണം. പഴയ ജന്തുശാസ്ത്രപാഠങ്ങൾക്ക്‌ ഇപ്പോൾ അത്ര തെളിച്ചമുള്ള ജീവസാന്നിധ്യമില്ല.

ഒരു തുലാവര്‍ഷക്കാലത്ത്, ഒടഞ്ചിയില്‍ കുടുങ്ങിയനിലയിലാണ് എനിക്കവനെ കിട്ടുന്നത്. പച്ചോല ഇരുവശവും മെടഞ്ഞ് മധ്യത്തില്‍ രണ്ടായി ഒടിച്ച്, അറ്റങ്ങള്‍ കൂട്ടിക്കെട്ടി ഇഴക്കയര്‍ കൊണ്ട് നെയ്തെടുത്ത ഒടഞ്ചി. പാപ്പിമൂപ്പത്തിയാണ് എന്നെ ഒടഞ്ചിയുണ്ടാക്കാന്‍ പഠിപ്പിച്ചത്. അവര്‍ ഇന്നില്ല . തൊണ്ട് തല്ലി, കയര്‍ പിരിച്ച്, ചന്തയില്‍ കൊണ്ടുപോയി വിറ്റുകിട്ടുന്നതുകൊണ്ട്‌ ജീവിതം കഴിച്ചിരുന്ന മൂപ്പത്തി ഏക മകന്‍റെ ചവിട്ടേറ്റാണ് മരിച്ചത്.

കരയോട് ചേര്‍ത്തു നാട്ടിയ ബലമുള്ള കമ്പിന്മേല്‍ കയര്‍കെട്ടി ഒടഞ്ചി വെള്ളത്തിലേക്കിടും. തിരികെ വലിച്ചടുപ്പിക്കുമ്പോള്‍ നിറയെ മീനുകളുണ്ടാവും. കരിമീനുകളാണെങ്കില്‍ ഒടഞ്ചിക്ക് ഒരു പെടപെടപ്പാണ്. ചിലപ്പോള്‍ മുഴുത്ത വരാലുകൾ, സിലോപ്പിയ, ബ്ലാഞ്ചി, പുളവന്മാർ, ഞണ്ടുകൾ..... ഞണ്ടുകള്‍ പെട്ടാല്‍പ്പിന്നെ ഒരു മീനുകളും ഒടഞ്ചിയിലേക്ക് വരില്ല. അങ്ങനെയുള്ള ഒരു ദിവസമാണ് അവനെ അമളിപറ്റിയ നിലയില്‍ ഞാന്‍ നേര്‍ക്കുനേരേ കാണുന്നത്. കെണിയില്‍പ്പെട്ടുവെങ്കിലും അവന്‍ ഒട്ടും പതറിയിരുന്നില്ല. വാളുകള്‍ വീശി എനിക്കുനേരേ ചീറിയടുത്തു. യുവത്വത്തിന്റെ വീറും, അടങ്ങാത്ത ശൗര്യവും. എനിക്കവനെ ഒറ്റനോട്ടത്തിലിഷ്ടമായി. ഏതോ ജന്മാന്തരബന്ധത്തിന്‍റെ വയലറ്റ്പൂക്കള്‍ വിടര്‍ന്നത് പോലെ....

ഒടഞ്ചി തിരികെ വെള്ളത്തിലേക്ക് മുക്കി ഞാന്‍ അവനെ സ്വതന്ത്രനാവാന്‍ അനുവദിച്ചു. വലിയ കാലുകള്‍ വലിച്ചുവെച്ച്, ജലത്തിലേക്ക് ഊളിയിടുമ്പോള്‍ പളുങ്കുകണ്ണുകള്‍ കൊണ്ട് അവൻ നന്ദിപൂർവ്വം എന്നെ നോക്കി. ആ നിമിഷം മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പകലും രാത്രിയുമെല്ലാം മറ്റാരുമില്ലാത്ത നേരത്ത് ഞങ്ങള്‍ കണ്ടുമുട്ടി. എന്‍റെ വിളികേട്ടാല്‍ എവിടെയായിരുന്നാലും  നിമിഷനേരംകൊണ്ട് അവന്‍ ജലപ്പരപ്പിലേക്കുയര്‍ന്നു വരും. പുരാതനമായ ഒരു ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. പഴയ പോരാട്ടങ്ങളുടെ വീരഗാഥകൾ ചൊല്ലിപ്പറഞ്ഞു. ആരോടും തുറന്നുപറയാതെ നീറിക്കൊണ്ടിരുന്ന വ്യക്തിപരമായ ചില പ്രശ്നങ്ങൾ പോലും പങ്കിടാൻ കഴിയുന്ന ഉറ്റസുഹൃത്തുക്കളായി ഞങ്ങൾ മാറി.

പകപോക്കലിന്‍റെ ഒരു യുദ്ധത്തിന് ഇന്ന്  ഞാനവനെ സേനാനായകനായി നിയോഗിച്ചിരിക്കുകയാണ്, അതീവ രഹസ്യമായി.

 ഓഫീസിലേക്കുള്ള  പതിവുയാത്രയിൽ, ഇന്നവന്‍ എന്നെ അനുഗമിക്കും. പരശുറാം എക്സ്പ്രസ്സിന്‍റെ പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗിയില്‍ എന്നോടൊപ്പം  ഇന്ന് അവനുമുണ്ടാകും-കാര്‍ക്കിനസ്. എനിക്കല്ലാതെ മറ്റെല്ലാവര്‍ക്കും അദൃശ്യനായി ....

"നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ലേര്‍ണാ തടാകത്തിന്‍റെ ആഴങ്ങളിലുള്ള അധോലോകത്തിന്‍റെ കാവല്‍ക്കാരനായ ഹൈഡ്രയെ*, ഹെറാക്ലിസ്സിനെതിരായുള്ള യുദ്ധത്തില്‍ അനുഗമിച്ചത് പോലെ നീ ഇന്ന് എന്നോടൊപ്പം വരിക! കാര്‍ക്കിനസ് എന്ന പേരിട്ടുവിളിച്ചത് എന്തുകൊണ്ടാണെന്നാണ് നിന്‍റെ വിചാരം?"

കൈകളൊതുക്കി സേനാനായകന്റെ അവതാരമെടുക്കാൻ അവൻ സജ്ജനായി.

കുളിച്ചു റെഡിയായി വന്നപ്പോഴേക്കും രമ ബാഗില്‍ ടിഫിനെടുത്തുവെച്ച് ബ്രേക്ക്ഫാസ്റ്റ് വിളമ്പി കഴിഞ്ഞിരുന്നു. വരാലുകറിയില്‍ മുക്കി ചപ്പാത്തി കഴിക്കുമ്പോള്‍ , തുറന്നുവെച്ചിരുന്ന ബാഗിലേക്ക് അവന്‍ കയറിക്കൂടുന്നത് ഞാന്‍ പാളി നോക്കി.

"ഇന്നെന്താ ഒരു വല്ലായ്മ ?"

രമയുടെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയില്ല.നേരം വൈകിയിരിക്കുന്നു.

ഓടിക്കിതച്ചു സ്റ്റേഷനിലെത്തുമ്പോൾ, ദൂരെ വളവില്‍ പെരുമ്പാമ്പിന്‍റെ ഉടലുമായി പരശുറാം പുളഞ്ഞുവരുന്നത് കണ്ടു. ഗോപിസാറിന്‍റെയും സുരേന്ദ്രന്‍മാഷിന്‍റെയും ജീനയുടെയും കണ്ണുവെട്ടിക്കുക ഇന്നത്ര എളുപ്പമാവില്ല. തിരക്കിലൂടെ ഊളിയിട്ട് പതിവു കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറി. പിന്നില്‍ നിന്നുള്ള അഞ്ചാമത്തെ ബോഗി. കയറിയപ്പോള്‍ തന്നെ കണ്ണുകള്‍ യാന്ത്രികമായി അയാളെ അന്വേഷിച്ചു - എവിടെ അയാൾ?

അതെ അവിടെത്തന്നെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും ... ദൃഷ്ടിപഥത്തില്‍ നിന്നും വിട്ടുപോകാതെ, രണ്ട് സീറ്റ് മുന്നിലായി ഞാന്‍ ഇരിപ്പിടം കണ്ടെത്തി. ശനിയാഴ്ച ദിവസമായതിനാല്‍ ഏറെയും അപരിചിതരായ ദൂരയാത്രക്കാരാണ്. ഭാഗ്യവശാൽ ഗോപിസാറിന്റെയും മറ്റുള്ളവരുടെയും കണ്ണിൽപ്പെട്ടതുമില്ല. അവർ ഈ ബോഗിയിൽ തന്നെയുണ്ടാവും. ദൗത്യം തീരുന്നതുവരെ അവരെ കാണാതിരിക്കട്ടെ!

പരശുറാം ചൂളം വിളിച്ചു പാഞ്ഞു.

കണ്ണുകള്‍ വീണ്ടും അയാളെ തേടിച്ചെന്നു....ഹെറാക്ലിസ്! അതെ അയാള്‍ തന്നെ. അയാള്‍ക്കെതിരായി അവളുമുണ്ട് - മാലിനി. അവള്‍ കൊഞ്ചിക്കുഴയുന്നു. കുടഞ്ഞിട്ടു ചിരിക്കുന്നു. ഞാന്‍ ബാഗ് ചേര്‍ത്തു പിടിച്ചു.

"കാര്‍ക്കിനസ് ! അതാ അവന്‍ അവിടെയുണ്ട്. കഷണ്ടിത്തലയും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും നെറ്റിയിലെ നീളന്‍മറുകും.... പറഞ്ഞതെല്ലാം ഓർമ്മയുണ്ടല്ലോ? നിനക്ക് പണി തുടങ്ങാന്‍ നേരമായി..."

ഞാന്‍ ബാഗിന്‍റെ സിപ്പ് പതുക്കെ വലിച്ചു. അപ്പോഴാണ്‌ പൊട്ടി വീണത്‌ പോലെ ഷറഫുദ്ദീന്‍ അവതരിച്ചത്.

"നിങ്ങള്‍ ആരും രാവിലെ റെയില്‍വേ സ്റ്റേഷനില്‍ ഓടരുത്! ട്രെയിന്‍ വന്നുനിന്നാലുടന്‍ തെക്കുഭാഗത്ത്‌ നില്‍ക്കുന്നവര്‍ വടക്കോട്ടോടും.വടക്ക് നില്‍ക്കുന്നവര്‍ തെക്കോട്ടോടും. മദ്ധ്യഭാഗത്ത് നില്‍ക്കുന്നവരോ, നാലുപാടും ചിതറിയോടും. കണ്ടാല്‍ മാന്യന്മാർ, കോട്ടും സ്യൂട്ടുമിട്ട് സുന്ദരന്മാർ. എന്നാല്‍ സ്റ്റേഷനില്‍ വണ്ടി വന്നു നിന്നാലോ.... അന്തംവിട്ട ഓട്ടമാണ്‌. ഇനിയിപ്പോ മന്ത്രിയാന്ന് പറഞ്ഞാലും മുണ്ടും മടക്കിക്കുത്തിയോടും. എന്നാല്‍ എന്‍റെ ഈ പുസ്തകം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, നിങ്ങള്‍ക്ക് അത്രപെട്ടെന്ന് ഓടേണ്ടിവരില്ല. അത്ര പെട്ടെന്ന് .....? "

ഷറഫുദ്ദീന്‍ റെയില്‍വേയുടെ ഏറ്റവും പുതിയ സമയവിവരമുള്ള പുസ്തകം വില്‍ക്കുകയാണ്. വാഗ്ദ്ധോരണികളിലൂടെ രംഗം കൊഴുപ്പിച്ചെങ്കിലും, പുസ്തകം ആരും വാങ്ങിയില്ല. 'ഇതൊക്കെ ആരോട് പറയാന്‍' എന്ന ആത്മഗതവുമായി അയാള്‍ അടുത്ത കമ്പാര്‍ട്ട്മെന്റിലേക്ക് പോയി. ബാഗിന് മുകളില്‍കൂടി ഞാന്‍ വിരലുകളോടിച്ചു. പടച്ചട്ടയുടെ കാഠിന്യം സ്പര്‍ശനത്തിലറിഞ്ഞു.

ചെങ്ങന്നൂര്‍ മുതല്‍ മഴ പെയ്യാനാരംഭിച്ചു. സൈഡ്‌ ഷട്ടറുകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ചരലുകള്‍ പോലെ വണ്ടിക്ക് മുകളില്‍ തുള്ളികൾ പതിക്കുമ്പോൾ, കൊള്ളാം ഉചിതമായ സമയം എന്നോർത്തു. ആ നേരം പാന്‍ട്രി വേഷത്തില്‍ ബെന്‍സിലാല്‍ വന്നു. കാതില്‍ കടുക്കനിട്ട്, ചുവന്ന പൊട്ടുകുത്തി, കണ്ണില്‍ കരിമഷിയെഴുതി അയാൾ കിലുങ്ങിയെത്തി.

"ലേ, പൂരിമസാലാ ലേ... ലേ, മസാല്‍ദോശാ ലേ... ലേ, ഇഡ്ഡലിവടാ  ലേ..."

പാൻട്രിവാലകൾക്ക്‌ അവരുടേതായ ചില ശബ്ദവിന്യാസങ്ങളുണ്ട്‌. തിരക്കിനിടയിലൂടെയുള്ള അവരുടെ ചലനങ്ങൾക്ക്‌ ഒരു പ്രത്യേകതാളമാണ്‌. യാന്ത്രികതയിൽ മുങ്ങിയ ജീവിതം അവരുടെ മുഖങ്ങളിൽ നിർവ്വികാരതയുടെ പർദ്ദയിട്ടിരിക്കുന്നു. ബെൻസിലാലിന്റെ ശബ്ദത്തിന്‌ ഒരു വീയ്‌തുളിയുടെ മൂർച്ചയാണ്‌. 'ഗബ്ബാർസിംഗ്‌' എന്നാണ്‌ അയാൾ സ്ഥിരംയാത്രക്കാരുടെ ഇടയിൽ അറിയപ്പെടുന്നത്‌. പരശുറാമിന്‍റെ അഴകായ ഗബ്ബാര്‍സിംഗ് തിരക്കിനിടയിലൂടെ ഒരു അരയന്നത്തെപ്പോലെ  നടന്നുപോയി.

മഴ തോര്‍ന്നിട്ടില്ല. ഷട്ടറുകള്‍ അടഞ്ഞുതന്നെ കിടക്കുന്നു. ആരും എന്നെ ശ്രദ്ധിക്കുന്നതുമില്ല. ഇതുതന്നെ ഏറ്റവും അനുയോജ്യമായ സമയം. ബാഗ്‌ മെല്ലെ തുറന്നുകൊടുത്തപ്പോൾ, കാര്‍ക്കിനസ് ആയുധധാരിയായി പുറത്തേക്കിറങ്ങി. എനിക്കല്ലാതെ മറ്റൊരാൾക്കും അവനെ കാണാനാവില്ല.
"കാര്‍ക്കിനസ് ! അതാ, അവന്‍ അവിടെയുണ്ട് . പോകൂ .. പോയ്‌ വരൂ ..."

നിലത്ത് പടര്‍ന്നൊഴുകുന്ന വെള്ളത്തിലൂടെ കാര്‍ക്കിനസ് അടിവെച്ചടിവെച്ച് അയാള്‍ക്കരികിലേക്ക് നീങ്ങി. പെരുമ്പറ മുഴുങ്ങുന്ന ഹൃദയത്തോടെ ഞാൻ നിമിഷങ്ങളെണ്ണി.

"ഹെറാക്ലിസ് ഇതാ നിനക്ക് ഞാനൊരു ഷോക്ക് തരുവാന്‍ പോകുകയാണ്. ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയാത്ത ഒന്ന് ! തയ്യാറായിക്കൊള്ളൂ.... പലനാളുകളായി നീ എനിക്കുമേല്‍ വാരിവിതറിയ കൊടുംപീഡനങ്ങള്‍ക്കെല്ലാം ഒറ്റ മറുപടി. എനിക്കെതിരെ നീ നയിച്ച യുദ്ധങ്ങള്‍ക്ക് ഒരു താക്കീത് .... വരാന്‍ പോകുന്ന നിന്‍റെ നരകജീവിതത്തിന് ഒരടയാളം ..!"

കാര്‍ക്കിനസ് അയാളുടെ കാല്‍ച്ചുവട്ടിലെത്തി. ഞാന്‍ രണ്ട് പേരെയും മാറിമാറി നോക്കി. ആഹ്ലാദവും ആകാംക്ഷയും കൊണ്ട് എന്‍റെ ഉള്ളു പിടഞ്ഞു.

"കാര്‍ക്കിനസ് .. വേഗം .. വേഗം ..."

മാലിനിയില്‍ നിന്നും മുഖമെടുക്കാതെ ജോയിന്റ് രജിസ്ട്രാര്‍ ശങ്കരക്കുറുപ്പ്, ഇടതുകാലുയര്‍ത്തി ഒന്നു ചവിട്ടി. ആയുധമുയർത്തി ദൗത്യനിർവ്വഹണത്തിനായി തയ്യാറെടുത്തു നിന്നിരുന്ന കാർക്കിനസ്‌ ഇളംനീല പ്രതലത്തോട്‌ ചേർന്ന് ചതഞ്ഞരഞ്ഞുപോയി.

കോടാനുകോടി നക്ഷത്രങ്ങളെ പേറിയിരുന്ന കാഠിന്യമേറിയ സുരക്ഷാകവചം നൊടിനേരത്തില്‍ തവിടുപൊടിയായി. ചുവപ്പുരാശിയാല്‍ അതിരുകള്‍ വരച്ചിരുന്ന ഖഡ്ഗങ്ങള്‍ ദൂരെത്തെറിച്ചു കിടന്നു. കഷണ്ടിത്തലയില്‍ വിരലുകളോടിച്ച്, ഒരു ഗൂഡസ്മിതത്തോടെ ശങ്കരക്കുറുപ്പ് പുറത്തെ കാഴ്ചകളിലേക്ക് നോക്കിയിരുന്നു.

ആരും ഒന്നുമറിഞ്ഞില്ല.

ഈ സമയം, ഒന്‍പതുതലകളും നീണ്ട കൈകാലുകളും ഉള്ളിലേക്ക് ചുരുക്കി, പന്തുപോലെയായിത്തീര്‍ന്ന ഞാന്‍, മറ്റൊരു  മൂര്‍ച്ചയേറിയ വാള്‍ത്തല മുകളില്‍  മിന്നുന്നതും കാത്ത്, സീറ്റില്‍ ചുരുണ്ടിരുന്നു.

(*ഗ്രീക്കുപുരാണത്തിൽ, ഹെർക്കുലീസിന്റെ ജൈത്രയാത്രകളിലെ രണ്ടാംദൗത്യത്തിൽ കാർക്കിനസ്‌ എന്ന പ്രതിരോധവുമായെത്തുന്ന ഹൈഡ്രയെന്ന കഥാപാത്രം)
                                                                                                                            
                                
                                                                                                                            
O

ഫോണ്‍ - 9446110023


Saturday, November 6, 2010

കഥ - കല,കലാപം

രവിവര്‍മ്മത്തമ്പുരാന്‍റെ  'റിയാലിറ്റി ഷോ' 
എന്ന ചെറുകഥാസമാഹാരത്തിന് ഒരനുബന്ധം.
ഡോ. ആര്‍.ഭദ്രന്‍
                                        


                                                       കഥകള്‍ എന്നും നമ്മുടെ ഇടയിലേക്ക്  വന്നിട്ടുള്ളത് ശരിയായ ജ്ഞാനരൂപങ്ങളായിട്ടാണ്. ഈ വെളിച്ചത്തിലൂടെയാണ് രവിവര്‍മയുടെ പതിനെട്ടു കഥകളുടെ ആഴവായനയിലൂടെയും, അനുഭവവായനയിലൂടെയും ഞാന്‍ കടന്നുപോയത്. അതായത് അദ്ദേഹത്തിന്‍റെ ആദ്യസമാഹാരമായ 'തുരങ്കത്തിനുള്ളിലെ ജീവിത' ത്തിലെ പത്തുകഥകളിലൂടെയും 'റിയാലിറ്റി ഷോ' എന്ന പുതിയ സമാഹാരത്തിലെ എട്ടുകഥകളിലൂടെയും. ഈ കഥകളിലെല്ലാം എന്നെ ഏറ്റവും ആകര്‍ഷിച്ച ഘടകം വൈവിധ്യപൂര്‍വമായ അദ്ദേഹത്തിന്‍റെ രൂപനിര്‍മാണവും  ആഖ്യാനരാശിയുമാണ്.


 ചിന്തയുടെ ചാരുതയും വൈകാരികകാന്തിയും കഥയിലൂടെ സംവേദനം ചെയ്യുന്നതിന് കഥയെ കലാപരമായി ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ് വൈകാരികതയുടെ തത്ത്വജ്ഞനായ രവിവര്‍മയുടെ മിക്ക കഥകളിലും കാണാന്‍ കഴിയും. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്നങ്ങളോടുള്ള - ഉപരിപ്ലവമല്ല, ആഴമേറിയ - ഒടുങ്ങാത്ത പ്രതിബദ്ധതയാണ് രവിവര്‍മയെയും കഥാസാഹിത്യസഞ്ചാരത്തിന് പ്രേരിപ്പിച്ചത് എന്ന് അദ്ദേഹത്തിന്‍റെ കഥകള്‍ സ്വയം നമ്മോടു പറയുന്നുണ്ട്. ഒരു ജേര്‍ണലിസ്റ്റിന്‍റെ കഥയിലുള്ള ഇടപെടലിന് ദ്വിമാനശക്തിയുണ്ട്. മാധ്യമങ്ങളുടെ വൈവിധ്യം ഒരേ സമയം വെല്ലുവിളിയും സാധ്യതയുമാണ്‌. ഈ വെല്ലുവിളികളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തുവാന്‍ - രൂപശില്പത്തിലും ഭാവശില്പത്തിലും - രവിവര്‍മയ്ക്ക് ഒക്കും എന്ന് അദ്ദേഹത്തിന്‍റെ കഥകളും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളുടെ രാഷ്ട്രീയം, ചതിക്കുഴികള്‍, ആടിനെ പട്ടിയാക്കാനുള്ള മാധ്യമവിരുതുകള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്‍റെ 'റിയാലിറ്റി ഷോ' എന്ന കഥ പുറത്തു വരുന്നത്. ഇരയായി തീരുന്ന പെണ്ണുടല്‍ എന്ന ഭീതിദമായ കാഴ്ചയാണ് കഥയില്‍ പ്രധാനമായും വരുന്നത്. അതുകൊണ്ട്  മാധ്യമസംസ്കാരത്തിന്‍റെ പാഠങ്ങളും ഫെമിനിസത്തിന്‍റെ പാഠങ്ങളും ഒരുമിച്ചു ചേര്‍ത്ത് വായിക്കേണ്ട കഥയാണിത്. മാധ്യമങ്ങളും മുതലാളിത്തവും പോലീസ് മേധാവികളും ചേര്‍ന്ന് മനുഷ്യജീവിതത്തിന്‍റെ ശാദ്വലതകളെ എങ്ങനെ പിച്ചിച്ചീന്തുന്നു എന്ന് ഈ കഥ സമൂഹചേതനയെ നന്നായി പഠിപ്പിക്കുന്നു. അത് കൊണ്ടാണ് ഈ കഥ ഒരേ സമയം കലയും സാമൂഹ്യപാഠവുമായിത്തീരുന്നത്. ക്രാഫ്റ്റും പ്രമേയവും തമ്മില്‍ ജന്മാന്തരബന്ധത്തിലെന്ന പോലെ യോജിച്ചു വരുന്നത് കഥ പഴുതുകളേതുമില്ലാതെ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു.

            
                       'ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്ത്കമ്മലും' എന്ന കഥയുടെ ആദ്യം നാം സാക്ഷ്യം വഹിക്കുന്ന രഘുനാഥന്‍റെ സൌമ്യയോടുള്ള അതിക്രൂരമായുള്ള പീഡനം മാനസികതലത്തില്‍ ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള ഭയാനകമായ,തീ പാറുന്ന സംഘര്‍ഷമായി അനുഭവിപ്പിക്കുന്നു. പവിത്രമായ സ്ത്രീസ്വത്വത്തിനു മേല്‍ (ഗ്രാമീണത) പുരുഷസ്വത്വം (നാഗരികത) നടത്തുന്ന അതിക്രമം കേവലമായ ഒരു കഥയ്ക്ക്‌ അപ്പുറം ഫെമിനിസത്തിന്‍റെ വ്യാഖ്യാനപ്പഴുതുകളാണ് കഥയെ ഏറെ സംഗതമാക്കുന്നത് എന്ന് തോന്നുന്നു.                                       ജന്മിത്തകാലയളവില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും പീഡനങ്ങളും അതുപോലെ സ്വാതന്ത്ര്യാനന്തരം പുറത്തുവന്ന, ആദിവാസികള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളുമെല്ലാം സാഹിത്യകലാകാരന്മാരാണ് ലോക മനസാക്ഷിയുടെ മുന്നില്‍ തുറന്നിട്ടു കൊടുത്തത്. പെണ്ണിന്‍റെ ഉടല്‍ ഇരയാകുന്ന സാഹചര്യവും, ബീഭത്സമായ ആദിവാസി ചൂഷണവും ഒരുമിച്ചു വന്ന് മൊത്തത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ ഉത്പന്നമാക്കിത്തീര്‍ക്കുന്നു. ജീവിതത്തിന്‍റെ ചലനങ്ങളെ നാടകീയമായും കഥാത്മകമായും പിടിച്ചെടുക്കുവാന്‍ കഴിവുള്ള എഴുത്തുശക്തിയും ആഖ്യാനഭാഷയും വര്‍മ്മയില്‍ സ്വന്തമായിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല പുതിയ സങ്കേതങ്ങള്‍ കൊണ്ടുകൂടി അതു പിടിച്ചെടുക്കുവാന്‍ കെല്‍പ്പുനേടിക്കൊണ്ടിരിക്കുന്നു. 'ഊരുഭംഗ'ത്തില്‍ ഇതിന്‍റെ തെളിവുകള്‍ ജീവിക്കുന്നുണ്ട്.


             വിമര്‍ശനത്തിന്‍റെ ചാട്ടുളി പ്രയോഗമാവുകയാണ് 'പോടാ പുല്ലേ'.  ആദ്യന്തം ഇതൊരു ധൈഷണികകഥയാണ്. ഗ്രന്ഥ കര്‍ത്താവിന്‍റെ വലിയൊരു പടത്തിനും അയാളുടെ വിശദമായ ജീവചരിത്രക്കുറിപ്പിനും താഴെ ലേ-ഔട്ട്‌ ചെയ്ത ആള്‍ നീക്കിവെച്ചിരുന്ന വൈറ്റ് സ്പേസില്‍ ചുവന്ന സ്കെച്ചു കൊണ്ട് വലിയ അക്ഷരത്തില്‍ പോടാ പുല്ലേ എന്ന് എഴുതി വെച്ച് ശിഥിലമായിപ്പോകാന്‍ സാധ്യതയുള്ള മനുഷ്യമഹാരക്ഷയായ എഴുത്തിനെയും എഴുത്തുകാരനെയും ഉന്നതമായ ഒരു ധൈഷണിക കഥകൊണ്ട് ഭാവന ചെയ്യുകയാണ് ഇവിടെ കഥാകൃത്ത്‌. നവ മുതലാളിത്തത്തിന്‍റെ തീക്ഷ്ണമായ കടന്നു കയറ്റം നമ്മുടെ ജീവിതത്തെ എങ്ങനെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നുവെന്ന് ഈ കഥ നമ്മെക്കൊണ്ട് കഠിനമായി ചിന്തിപ്പിക്കുന്നു.

രവിവര്‍മ്മയുടെ കഥാലോകം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇദ്ദേഹത്തിന്‍റെ ഇത് വരെ വായിച്ച  കഥകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുകയാണ് 'ഇരട്ട' എന്ന കഥ. ആഖ്യാനവും പ്രമേയവും കഥാപാത്രങ്ങളും ദര്‍ശനത്തിന്‍റെ ചാരുതകളുമെല്ലാം വേറിട്ടു വേറിട്ട്‌ സഞ്ചരിക്കുന്നു. കഥ മഹത്തായ ഒരു പ്ലാനിങ്ങിന്‍റെ വിജയമാണെന്ന് ഈ കഥയും ഓരോ  വായനക്കാരനെയും  വിളിച്ചുണര്‍ത്തുന്നത് പോലെ. ഒരു മനശാസ്ത്രസത്യം കഥയായി  വിരിയിക്കാന്‍  ഒരു കഥാകൃത്തിന് ഇതിനപ്പുറം ഇനിയെന്താണ് അനുഷ്ഠിക്കാനുള്ളത് ? ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളെ സൈക്കോളജിയുടെ യുക്തി ഉപയോഗിച്ച് കഥ കൊണ്ട് അഴിച്ചെടുത്ത്‌ കാണിക്കുന്ന കരവിരുതിന് നമോവാകം.


രവിവര്‍മ്മത്തമ്പുരാന്‍


                                 രവിവര്‍മ്മയുടെ ഉള്ളില്‍ ഒരു വലിയ കാവ്യകാരന്‍ ഉണ്ടെന്ന് നമ്മെ ഒന്നു എക്സ്പീരിയന്‍സ് ചെയ്യിക്കുന്ന കഥയാണ് 'മഴയുടെ കല്യാണം'. വിക്ടര്‍ ജോര്‍ജ്ജിന് കേരളം നല്‍കുന്ന സര്‍ഗാത്മകമായ സ്മാരകമായി ഈ കഥ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ കഥയുടെ ആവിഷ്ക്കാരം വലിയൊരു ആഖ്യനാനുഭവമായി നമ്മെ ലഹരിപിടിപ്പിക്കുന്നുണ്ട്. കടലിലെയും കാട്ടിലേയും മഴയനുഭവങ്ങള്‍ - അതു പകര്‍ത്താനുള്ള ചിത്രകാരന്‍റെ ഉദ്വിഗ്നതകള്‍ - എല്ലാം കഥാകാരന്‍റെയും കാവ്യകാരന്‍റെയും ഏറ്റുമുട്ടല്‍ കൊണ്ടാണ് എഴുത്തനുഭവമായി കഥ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

          സമകാലീനമായ ജീവിതം,ആഖ്യാനം,ഘടന - ഇതെല്ലാം കഥയ്ക്ക്‌ ഒത്തുവരുമ്പോഴാണ് ഒരു കഥ സമകാലീനമാകുന്നത്. ചിരന്തനമായ പ്രമേയങ്ങളെ ആഖ്യാനവിപ്ലവത്തിന് വിധേയമാക്കുമ്പോഴും ഇത് സാധ്യമാകും. അപ്പോഴാണ്‌ ഏതു കഥാകൃത്തും സമകാലീനമായി കഥാചരിത്രത്തില്‍ തിളങ്ങുകയും സാഹിത്യചരിത്രത്തിന്‍റെ ഭാവികാലത്തില്‍ സുരക്ഷിതരാകുന്നതും. രവിവര്‍മ്മയ്ക്ക് ഇതിന്‍റെ സാധ്യതകള്‍ ഉണ്ടെന്ന് സമാഹാരത്തിലെ കഥകള്‍ തെളിയിക്കുന്നു. ഉത്തരാധുനികകാലം അപകടകരമാംവണ്ണം ഒരു പാട് ചതിക്കുഴികളെ ഉള്ളില്‍ പേറുന്നുണ്ട്. ചരിത്രത്തിലെ ചൂഷണത്തിന്‍റെ ഏതു ഭൂതകാലത്തേക്കാളും ഭയാനകവുമാണ്‌ അത്. ഇത് കഥ കൊണ്ട് തൊട്ടറിയുന്നിടത്താണ് ഈ കഥാകൃത്തിന്‍റെ കഥകള്‍ക്ക് സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ അനുഭവപ്പെടുത്താന്‍ കഴിയുന്നത്‌. റിയാലിറ്റി ഷോ, പോടാ പുല്ലേ, മഹത്വം അത്യുന്നതങ്ങളില്‍, ഊരുഭംഗം, ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്തുകമ്മലും, വീടുമാറ്റം തുടങ്ങിയ കഥകളിലെല്ലാം ഏറിയോ/കുറഞ്ഞോ, ശക്തമായോ/ദുര്‍ബലമായോ ഉത്തരാധുനിക സ്വഭാവങ്ങളുമെല്ലാം പ്രകടമാകുന്നുണ്ട്.

റിയാലിറ്റി ഷോകളും കച്ചവടസിനിമകളും സീരിയലുകളും നമ്മുടെ ചാനലുകളായ  ചാനലുകളെല്ലാം മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും പാവങ്ങളുടെ ജീവിതത്തെ എങ്ങനെ ചതിക്കുന്നുവെന്ന്  കഥ കൊണ്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് സന്ധിയില്ലാസമരം ഇന്നത്തെ എഴുത്തുകാരുടെ ജന്മവിധിയായിത്തീരുന്നുവെന്ന് നാം അറിയേണ്ടതാണ്. സാമൂഹ്യജീവിതവും സാംസ്ക്കാരികതുടര്‍ച്ചയും നഷ്ട്ടപ്പെട്ട ഒരു ജനതയെ ലോകമെമ്പാടും സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന നവമുതലാളിത്തത്തിന് മര്‍ദ്ദനോപകരണങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നായിട്ടുണ്ട്. മോഹിപ്പിച്ചും,വിഭ്രമി പ്പിച്ചും, പ്രലോഭിപ്പിച്ചും, വഞ്ചിച്ചും ഒരു ജനതയെ ആകമാനം തളച്ചിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നവമാധ്യമസംസ്കാരം ചൂഷകര്‍ക്ക് തുറന്നിട്ടുകൊണ്ടിരിക്കുന്ന സാധ്യതകള്‍ അവരെപ്പോലും അത്ഭുതപ്പെടുത്തും വണ്ണം അനന്തമാണ്‌. ഇവിടെയാണ്‌ ഇന്നത്തെ ഒരു കലാകാരന്‍റെ അവസാനിക്കാത്ത പോരാട്ടം ആരംഭിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയധ്വനികളാണ് രവിവര്‍മ്മയുടെ കഥകളെ ഉത്തരാധുനികവും സമകാലികവും ആക്കുന്നതും, മലയാളചരിത്രത്തിന് തള്ളിക്കളയുവാന്‍ കഴിയാത്തവണ്ണം അനിഷേധ്യമാക്കുന്നതും.
                                                                                                                           O

ഡോ . ആര്‍ . ഭദ്രന്‍ 
മലയാള വിഭാഗം 
കാതോലിക്കേറ്റ് കോളേജ്
പത്തനംതിട്ട.
ഫോണ്‍ - 9895734218

Wednesday, November 3, 2010

തനിയെ....

( എ.അയ്യപ്പന് )
ഇടക്കുളങ്ങര ഗോപന്‍


ഴമേഘങ്ങളേ, കണ്ടുവോ,
ജാലകപ്പഴുതിലൂടാരോ തിരയുവതെപ്പോഴും?
വഴിവിളക്കെല്ലാം തെളിയിച്ച സന്ധ്യയില്‍;
ഒരു നിഴല്‍മാറ്റത്തിന്‍ പദസ്വനം കേട്ടുവോ?
മുടിയിഴകള്‍ കോതിയൊതുക്കാതെ,
രാത്രികളിലൊന്നുമുറങ്ങാതെ,
കാലത്തിന്‍റെ  നാല്‍ക്കവലയില്‍-
വന്നു നില്‍ക്കുന്നൊരാള്‍.

അവനിലൊരു ക്രൂശിതന്‍,
കാരുണ്യമെവിടെയെന്നാരോടെന്നില്ലാതെ
ചിരിച്ചു ചോദിക്കുന്നു.
ഹൃദയം പിളര്‍ക്കുന്ന വാക്കായ്,
വചന ഘോഷങ്ങളില്‍ നിന്നു ജ്വലിക്കുന്നു.
ഇടയിലൊരു കാല്‍ തളര്‍ന്നാടുമായെത്തി,
വിരക്തരോടാരാഞ്ഞു.
" എവിടെ സ്നേഹത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍?"

തിരക്കിട്ടു പെയ്യുന്ന വാഹനപ്പെരുക്കത്തില്‍,
ഒതുക്കത്തിലക്കരെയെത്തുവാന്‍
കീറിത്തുടങ്ങിയ  മുണ്ടില്‍ പിടിച്ചവന്‍
ചാരെ,നില്‍ക്കുന്നു; നഗരമധ്യത്തിലായ്
കരള്‍ കവര്‍ന്നെടുത്ത കുറഞ്ഞ മദ്യത്തിന്‍റെ-
ലഹരിയിലാണ്
ഒരിറക്കുകൂടിയെന്നാരോടോ പുലഭ്യം; ചെറു ചിരി-
ഇവിടെ കാപട്യത്തിന്‍റെ കവികള്‍,
കറുത്ത വസ്ത്രം മൂടി നടക്കുന്നു.
കാലമേ, ഇവനു നീ മാത്രം കാവലാളാവുക.

നട്ടുച്ച നേരത്തു പത്രാധിപനോടു
പത്തു രൂപാ നീ കടം വാങ്ങി.
മുറ്റത്തു നിന്നു വിറയ്ക്കാതെ,
തൊട്ടടുത്തുള്ള കടയിലെ ദ്രാവകം
മൊത്തിക്കുടിച്ചു വിയര്‍ത്തു നില്‍ക്കുമ്പോഴും
കത്തിക്കയറും കവിതയെ-
ചുറ്റിപ്പിടിച്ചു പുണര്‍ന്നു നില്‍ക്കുന്നുവോ?
പൊട്ടിക്കരയാതെ വാക്കുകള്‍ക്കുള്ളില്‍
മുറിവുണക്കാതെ  നീ
വ്രണിത ബോധത്തിന്‍റെ സങ്കടപ്പെരുമയിലേക്കു-
വരച്ചു ചേര്‍ക്കുന്നുവോ?
                                                                    O

( ഡോ.കെ.ദാമോദരന്‍ സ്മാരക കവിതാപുരസ്ക്കാരം നേടിയ 'കണ്ണാടി നോക്കുമ്പോള്‍' എന്ന കവിതാസമാഹാരത്തില്‍ നിന്ന് )

Phone - 9447479905