Saturday, November 6, 2010

കഥ - കല,കലാപം

രവിവര്‍മ്മത്തമ്പുരാന്‍റെ  'റിയാലിറ്റി ഷോ' 
എന്ന ചെറുകഥാസമാഹാരത്തിന് ഒരനുബന്ധം.
ഡോ. ആര്‍.ഭദ്രന്‍
                                        


                                                       കഥകള്‍ എന്നും നമ്മുടെ ഇടയിലേക്ക്  വന്നിട്ടുള്ളത് ശരിയായ ജ്ഞാനരൂപങ്ങളായിട്ടാണ്. ഈ വെളിച്ചത്തിലൂടെയാണ് രവിവര്‍മയുടെ പതിനെട്ടു കഥകളുടെ ആഴവായനയിലൂടെയും, അനുഭവവായനയിലൂടെയും ഞാന്‍ കടന്നുപോയത്. അതായത് അദ്ദേഹത്തിന്‍റെ ആദ്യസമാഹാരമായ 'തുരങ്കത്തിനുള്ളിലെ ജീവിത' ത്തിലെ പത്തുകഥകളിലൂടെയും 'റിയാലിറ്റി ഷോ' എന്ന പുതിയ സമാഹാരത്തിലെ എട്ടുകഥകളിലൂടെയും. ഈ കഥകളിലെല്ലാം എന്നെ ഏറ്റവും ആകര്‍ഷിച്ച ഘടകം വൈവിധ്യപൂര്‍വമായ അദ്ദേഹത്തിന്‍റെ രൂപനിര്‍മാണവും  ആഖ്യാനരാശിയുമാണ്.


 ചിന്തയുടെ ചാരുതയും വൈകാരികകാന്തിയും കഥയിലൂടെ സംവേദനം ചെയ്യുന്നതിന് കഥയെ കലാപരമായി ആസൂത്രണം ചെയ്യുന്നതിനുള്ള കഴിവ് വൈകാരികതയുടെ തത്ത്വജ്ഞനായ രവിവര്‍മയുടെ മിക്ക കഥകളിലും കാണാന്‍ കഴിയും. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രശ്നങ്ങളോടുള്ള - ഉപരിപ്ലവമല്ല, ആഴമേറിയ - ഒടുങ്ങാത്ത പ്രതിബദ്ധതയാണ് രവിവര്‍മയെയും കഥാസാഹിത്യസഞ്ചാരത്തിന് പ്രേരിപ്പിച്ചത് എന്ന് അദ്ദേഹത്തിന്‍റെ കഥകള്‍ സ്വയം നമ്മോടു പറയുന്നുണ്ട്. ഒരു ജേര്‍ണലിസ്റ്റിന്‍റെ കഥയിലുള്ള ഇടപെടലിന് ദ്വിമാനശക്തിയുണ്ട്. മാധ്യമങ്ങളുടെ വൈവിധ്യം ഒരേ സമയം വെല്ലുവിളിയും സാധ്യതയുമാണ്‌. ഈ വെല്ലുവിളികളെയും സാധ്യതകളെയും ഉപയോഗപ്പെടുത്തുവാന്‍ - രൂപശില്പത്തിലും ഭാവശില്പത്തിലും - രവിവര്‍മയ്ക്ക് ഒക്കും എന്ന് അദ്ദേഹത്തിന്‍റെ കഥകളും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളുടെ രാഷ്ട്രീയം, ചതിക്കുഴികള്‍, ആടിനെ പട്ടിയാക്കാനുള്ള മാധ്യമവിരുതുകള്‍ എന്നിവയെക്കുറിച്ചെല്ലാം ധാരാളം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന്‍റെ 'റിയാലിറ്റി ഷോ' എന്ന കഥ പുറത്തു വരുന്നത്. ഇരയായി തീരുന്ന പെണ്ണുടല്‍ എന്ന ഭീതിദമായ കാഴ്ചയാണ് കഥയില്‍ പ്രധാനമായും വരുന്നത്. അതുകൊണ്ട്  മാധ്യമസംസ്കാരത്തിന്‍റെ പാഠങ്ങളും ഫെമിനിസത്തിന്‍റെ പാഠങ്ങളും ഒരുമിച്ചു ചേര്‍ത്ത് വായിക്കേണ്ട കഥയാണിത്. മാധ്യമങ്ങളും മുതലാളിത്തവും പോലീസ് മേധാവികളും ചേര്‍ന്ന് മനുഷ്യജീവിതത്തിന്‍റെ ശാദ്വലതകളെ എങ്ങനെ പിച്ചിച്ചീന്തുന്നു എന്ന് ഈ കഥ സമൂഹചേതനയെ നന്നായി പഠിപ്പിക്കുന്നു. അത് കൊണ്ടാണ് ഈ കഥ ഒരേ സമയം കലയും സാമൂഹ്യപാഠവുമായിത്തീരുന്നത്. ക്രാഫ്റ്റും പ്രമേയവും തമ്മില്‍ ജന്മാന്തരബന്ധത്തിലെന്ന പോലെ യോജിച്ചു വരുന്നത് കഥ പഴുതുകളേതുമില്ലാതെ നമുക്ക് അനുഭവപ്പെടുത്തിത്തരുന്നു.

            
                       'ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്ത്കമ്മലും' എന്ന കഥയുടെ ആദ്യം നാം സാക്ഷ്യം വഹിക്കുന്ന രഘുനാഥന്‍റെ സൌമ്യയോടുള്ള അതിക്രൂരമായുള്ള പീഡനം മാനസികതലത്തില്‍ ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള ഭയാനകമായ,തീ പാറുന്ന സംഘര്‍ഷമായി അനുഭവിപ്പിക്കുന്നു. പവിത്രമായ സ്ത്രീസ്വത്വത്തിനു മേല്‍ (ഗ്രാമീണത) പുരുഷസ്വത്വം (നാഗരികത) നടത്തുന്ന അതിക്രമം കേവലമായ ഒരു കഥയ്ക്ക്‌ അപ്പുറം ഫെമിനിസത്തിന്‍റെ വ്യാഖ്യാനപ്പഴുതുകളാണ് കഥയെ ഏറെ സംഗതമാക്കുന്നത് എന്ന് തോന്നുന്നു.                                       ജന്മിത്തകാലയളവില്‍ ദളിതര്‍ക്ക് അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും പീഡനങ്ങളും അതുപോലെ സ്വാതന്ത്ര്യാനന്തരം പുറത്തുവന്ന, ആദിവാസികള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളുമെല്ലാം സാഹിത്യകലാകാരന്മാരാണ് ലോക മനസാക്ഷിയുടെ മുന്നില്‍ തുറന്നിട്ടു കൊടുത്തത്. പെണ്ണിന്‍റെ ഉടല്‍ ഇരയാകുന്ന സാഹചര്യവും, ബീഭത്സമായ ആദിവാസി ചൂഷണവും ഒരുമിച്ചു വന്ന് മൊത്തത്തില്‍ ശക്തമായ ഒരു രാഷ്ട്രീയ ഉത്പന്നമാക്കിത്തീര്‍ക്കുന്നു. ജീവിതത്തിന്‍റെ ചലനങ്ങളെ നാടകീയമായും കഥാത്മകമായും പിടിച്ചെടുക്കുവാന്‍ കഴിവുള്ള എഴുത്തുശക്തിയും ആഖ്യാനഭാഷയും വര്‍മ്മയില്‍ സ്വന്തമായിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല പുതിയ സങ്കേതങ്ങള്‍ കൊണ്ടുകൂടി അതു പിടിച്ചെടുക്കുവാന്‍ കെല്‍പ്പുനേടിക്കൊണ്ടിരിക്കുന്നു. 'ഊരുഭംഗ'ത്തില്‍ ഇതിന്‍റെ തെളിവുകള്‍ ജീവിക്കുന്നുണ്ട്.


             വിമര്‍ശനത്തിന്‍റെ ചാട്ടുളി പ്രയോഗമാവുകയാണ് 'പോടാ പുല്ലേ'.  ആദ്യന്തം ഇതൊരു ധൈഷണികകഥയാണ്. ഗ്രന്ഥ കര്‍ത്താവിന്‍റെ വലിയൊരു പടത്തിനും അയാളുടെ വിശദമായ ജീവചരിത്രക്കുറിപ്പിനും താഴെ ലേ-ഔട്ട്‌ ചെയ്ത ആള്‍ നീക്കിവെച്ചിരുന്ന വൈറ്റ് സ്പേസില്‍ ചുവന്ന സ്കെച്ചു കൊണ്ട് വലിയ അക്ഷരത്തില്‍ പോടാ പുല്ലേ എന്ന് എഴുതി വെച്ച് ശിഥിലമായിപ്പോകാന്‍ സാധ്യതയുള്ള മനുഷ്യമഹാരക്ഷയായ എഴുത്തിനെയും എഴുത്തുകാരനെയും ഉന്നതമായ ഒരു ധൈഷണിക കഥകൊണ്ട് ഭാവന ചെയ്യുകയാണ് ഇവിടെ കഥാകൃത്ത്‌. നവ മുതലാളിത്തത്തിന്‍റെ തീക്ഷ്ണമായ കടന്നു കയറ്റം നമ്മുടെ ജീവിതത്തെ എങ്ങനെയെല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നുവെന്ന് ഈ കഥ നമ്മെക്കൊണ്ട് കഠിനമായി ചിന്തിപ്പിക്കുന്നു.

രവിവര്‍മ്മയുടെ കഥാലോകം ഒന്നിനൊന്ന് വ്യത്യസ്തമാണ്. ഇദ്ദേഹത്തിന്‍റെ ഇത് വരെ വായിച്ച  കഥകളില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുകയാണ് 'ഇരട്ട' എന്ന കഥ. ആഖ്യാനവും പ്രമേയവും കഥാപാത്രങ്ങളും ദര്‍ശനത്തിന്‍റെ ചാരുതകളുമെല്ലാം വേറിട്ടു വേറിട്ട്‌ സഞ്ചരിക്കുന്നു. കഥ മഹത്തായ ഒരു പ്ലാനിങ്ങിന്‍റെ വിജയമാണെന്ന് ഈ കഥയും ഓരോ  വായനക്കാരനെയും  വിളിച്ചുണര്‍ത്തുന്നത് പോലെ. ഒരു മനശാസ്ത്രസത്യം കഥയായി  വിരിയിക്കാന്‍  ഒരു കഥാകൃത്തിന് ഇതിനപ്പുറം ഇനിയെന്താണ് അനുഷ്ഠിക്കാനുള്ളത് ? ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളെ സൈക്കോളജിയുടെ യുക്തി ഉപയോഗിച്ച് കഥ കൊണ്ട് അഴിച്ചെടുത്ത്‌ കാണിക്കുന്ന കരവിരുതിന് നമോവാകം.


രവിവര്‍മ്മത്തമ്പുരാന്‍


                                 രവിവര്‍മ്മയുടെ ഉള്ളില്‍ ഒരു വലിയ കാവ്യകാരന്‍ ഉണ്ടെന്ന് നമ്മെ ഒന്നു എക്സ്പീരിയന്‍സ് ചെയ്യിക്കുന്ന കഥയാണ് 'മഴയുടെ കല്യാണം'. വിക്ടര്‍ ജോര്‍ജ്ജിന് കേരളം നല്‍കുന്ന സര്‍ഗാത്മകമായ സ്മാരകമായി ഈ കഥ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ കഥയുടെ ആവിഷ്ക്കാരം വലിയൊരു ആഖ്യനാനുഭവമായി നമ്മെ ലഹരിപിടിപ്പിക്കുന്നുണ്ട്. കടലിലെയും കാട്ടിലേയും മഴയനുഭവങ്ങള്‍ - അതു പകര്‍ത്താനുള്ള ചിത്രകാരന്‍റെ ഉദ്വിഗ്നതകള്‍ - എല്ലാം കഥാകാരന്‍റെയും കാവ്യകാരന്‍റെയും ഏറ്റുമുട്ടല്‍ കൊണ്ടാണ് എഴുത്തനുഭവമായി കഥ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

          സമകാലീനമായ ജീവിതം,ആഖ്യാനം,ഘടന - ഇതെല്ലാം കഥയ്ക്ക്‌ ഒത്തുവരുമ്പോഴാണ് ഒരു കഥ സമകാലീനമാകുന്നത്. ചിരന്തനമായ പ്രമേയങ്ങളെ ആഖ്യാനവിപ്ലവത്തിന് വിധേയമാക്കുമ്പോഴും ഇത് സാധ്യമാകും. അപ്പോഴാണ്‌ ഏതു കഥാകൃത്തും സമകാലീനമായി കഥാചരിത്രത്തില്‍ തിളങ്ങുകയും സാഹിത്യചരിത്രത്തിന്‍റെ ഭാവികാലത്തില്‍ സുരക്ഷിതരാകുന്നതും. രവിവര്‍മ്മയ്ക്ക് ഇതിന്‍റെ സാധ്യതകള്‍ ഉണ്ടെന്ന് സമാഹാരത്തിലെ കഥകള്‍ തെളിയിക്കുന്നു. ഉത്തരാധുനികകാലം അപകടകരമാംവണ്ണം ഒരു പാട് ചതിക്കുഴികളെ ഉള്ളില്‍ പേറുന്നുണ്ട്. ചരിത്രത്തിലെ ചൂഷണത്തിന്‍റെ ഏതു ഭൂതകാലത്തേക്കാളും ഭയാനകവുമാണ്‌ അത്. ഇത് കഥ കൊണ്ട് തൊട്ടറിയുന്നിടത്താണ് ഈ കഥാകൃത്തിന്‍റെ കഥകള്‍ക്ക് സൂക്ഷ്മരാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ അനുഭവപ്പെടുത്താന്‍ കഴിയുന്നത്‌. റിയാലിറ്റി ഷോ, പോടാ പുല്ലേ, മഹത്വം അത്യുന്നതങ്ങളില്‍, ഊരുഭംഗം, ബോബ് ചെയ്ത മുടിയും ഒട്ടകഎല്ലിന്‍റെ ഞാത്തുകമ്മലും, വീടുമാറ്റം തുടങ്ങിയ കഥകളിലെല്ലാം ഏറിയോ/കുറഞ്ഞോ, ശക്തമായോ/ദുര്‍ബലമായോ ഉത്തരാധുനിക സ്വഭാവങ്ങളുമെല്ലാം പ്രകടമാകുന്നുണ്ട്.

റിയാലിറ്റി ഷോകളും കച്ചവടസിനിമകളും സീരിയലുകളും നമ്മുടെ ചാനലുകളായ  ചാനലുകളെല്ലാം മോഹിപ്പിച്ചും പ്രലോഭിപ്പിച്ചും പാവങ്ങളുടെ ജീവിതത്തെ എങ്ങനെ ചതിക്കുന്നുവെന്ന്  കഥ കൊണ്ട് രേഖപ്പെടുത്തി കഴിയുമ്പോള്‍ സമൂഹത്തിലെ നീറുന്ന പ്രശ്നങ്ങളോട് സന്ധിയില്ലാസമരം ഇന്നത്തെ എഴുത്തുകാരുടെ ജന്മവിധിയായിത്തീരുന്നുവെന്ന് നാം അറിയേണ്ടതാണ്. സാമൂഹ്യജീവിതവും സാംസ്ക്കാരികതുടര്‍ച്ചയും നഷ്ട്ടപ്പെട്ട ഒരു ജനതയെ ലോകമെമ്പാടും സൃഷ്ടിച്ചെടുത്തുകൊണ്ടിരിക്കുന്ന നവമുതലാളിത്തത്തിന് മര്‍ദ്ദനോപകരണങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നായിട്ടുണ്ട്. മോഹിപ്പിച്ചും,വിഭ്രമി പ്പിച്ചും, പ്രലോഭിപ്പിച്ചും, വഞ്ചിച്ചും ഒരു ജനതയെ ആകമാനം തളച്ചിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നവമാധ്യമസംസ്കാരം ചൂഷകര്‍ക്ക് തുറന്നിട്ടുകൊണ്ടിരിക്കുന്ന സാധ്യതകള്‍ അവരെപ്പോലും അത്ഭുതപ്പെടുത്തും വണ്ണം അനന്തമാണ്‌. ഇവിടെയാണ്‌ ഇന്നത്തെ ഒരു കലാകാരന്‍റെ അവസാനിക്കാത്ത പോരാട്ടം ആരംഭിക്കേണ്ടത്. ഈ അര്‍ത്ഥത്തില്‍ നിര്‍ണ്ണായകമായ രാഷ്ട്രീയധ്വനികളാണ് രവിവര്‍മ്മയുടെ കഥകളെ ഉത്തരാധുനികവും സമകാലികവും ആക്കുന്നതും, മലയാളചരിത്രത്തിന് തള്ളിക്കളയുവാന്‍ കഴിയാത്തവണ്ണം അനിഷേധ്യമാക്കുന്നതും.
                                                                                                                           O

ഡോ . ആര്‍ . ഭദ്രന്‍ 
മലയാള വിഭാഗം 
കാതോലിക്കേറ്റ് കോളേജ്
പത്തനംതിട്ട.
ഫോണ്‍ - 9895734218

2 comments:

  1. നല്ല റിവ്യൂ.. പുസ്തകവിചാരത്തിലേക്ക് ഉള്‍പ്പെടുത്താമോ?

    ReplyDelete
  2. രവിവര്‍മ്മ സാറിന്‍റെ കഥകളെ അറിഞ്ഞതില്‍ കൂടുതല്‍ ആഴത്തിലറിയാന്‍ ഈ വിവരണം കൊണ്ട് സാധിച്ചു.. നന്ദി, ഭദ്രന്‍ ജി.

    ReplyDelete

Leave your comment