Saturday, March 24, 2012

ഖരമാലിന്യങ്ങൾ

കഥ
പ്രദീപ്കുമാർ












               രമാലിന്യവകുപ്പിന്റെ പ്രാദേശികമേധാവി എന്ന നിലയിലുള്ള എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനു തടസ്സമായി നിന്ന ചില ഛിദ്രശക്തികൾ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഡ്രൈവർ രാമൻകുട്ടി.


ട്രാക്ടർ ഓടിക്കുക  എന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവൻ മറ്റ്‌ പലകാര്യങ്ങളിലും തലയിടാൻ തുടങ്ങി. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ചില സ്ത്രീകളുമായി എനിക്കുണ്ടായിരുന്ന അവിഹിതബന്ധത്തെപ്പറ്റി വകുപ്പിന്റെ എം.ഡി.ക്കും ചെയർമാനും അവൻ 'കേശവൻ മണത്തറ' എന്ന കള്ളപ്പേരു വെച്ച്‌ പരാതി അയച്ചു.


എം.ഡി യും ചെയർമാനും ഔദ്യോഗിക സന്ദർശനത്തിന്‌ കോഴിക്കോട്ടു വരുമ്പോൾ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജാനകിയെയും, സുമംഗലയെയും മലിനഗന്ധങ്ങളിൽ നിന്ന് കഴുകിയെടുത്ത്‌, സൗഭാഗ്യവതികളുടെ മണമുള്ള ലേപനങ്ങൾ പുരട്ടി, തിളക്കവും മിനുസവുമുള്ള വസ്ത്രങ്ങളണിയിച്ച്‌ മുഗൾ റസിഡൻസിയിലെ എയർക്കണ്ടീഷൻഡ്‌ സ്യൂട്ടിൽ എത്തിച്ചിരുന്നത്‌ ഞാനാണല്ലോ. എന്നിലുള്ള അത്തരം നന്മകളുടെ ഫലമായി, പരാതി കിട്ടിയ ഉടൻ അവർ എന്നെ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ച്‌ സ്വകാര്യമായി വിവരം പറഞ്ഞു. കോവളത്തെ പഞ്ചനക്ഷത്രബാറിന്റെ കോണിലിരുന്ന് പരാതിയെഴുത്തിലെ അക്ഷരത്തെറ്റുകൾ ഓരോന്നും പെറുക്കിയടുത്ത്‌ ഞങ്ങൾ വിലകൂടിയ മദ്യത്തോടൊപ്പം ചവച്ചരച്ചു.


അപ്രകാരം പരാതി അവസാനിപ്പിച്ചു എങ്കിലും എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‌ തടസ്സങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവൻ തുടർന്നുകൊണ്ടിരുന്നു. എന്നോട്‌ വ്യക്തിവിദ്വേഷം സൂക്ഷിച്ചിരുന്ന മറ്റു ചില ഛിദ്രശക്തികളും അവനോടൊപ്പം ചേർന്നതോടെ ഖരമാലിന്യവകുപ്പിന്റെ പ്രാദേശികമേധാവി എന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾ ശരിക്കും താളം തെറ്റുകയുണ്ടായി.

ഞാൻ പറയാം.

ഖരാവസ്ഥയിലുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീർപ്പുകൽപ്പിക്കുക എന്നതാണ്‌ ഞങ്ങളുടെ വകുപ്പിന്റെ സുപ്രധാനമായ ഉത്തരവാദിത്വം. ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും ഉള്ള മാലിന്യങ്ങൾ ഞങ്ങളുടെ പരിഗണനയിൽ വരുന്നതല്ല - ഉദാഹരണമായി പേപിടിച്ചോടുന്ന കാലത്തിനു നേരേ കണ്ണുകളും പല്ലുകളും തുറന്നുകാട്ടി പുഴുവരിച്ച്‌ ചത്തുമലച്ചു കിടക്കുന്ന ഒരു തെരുവുനായയുടെ ശരീരവും അവിടെ കടിച്ചു തൂങ്ങുന്ന പുഴുക്കളും ഞങ്ങളുടെ വകുപ്പിന്റെ പരിധിയിലാണ്‌. എന്നാൽ നിരന്തരം ആട്ടിയോടിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യപ്പെട്ട ഒരു ജീവിതത്തിന്റെ അവശേഷിപ്പായി അതിൽ നിന്നുയരുന്ന അസഹ്യമായ ഗന്ധം വാതകമാലിന്യ വകുപ്പിന്റെ പരിധിയിലേക്ക്‌ മാറ്റപ്പെടും. അഴുക്കുചാലിലൂടെ ഒഴുകി വരുന്ന ഒരു ഇളംപൈതലിന്റെ ജഢം ഞങ്ങളുടെ പരിധിയിൽ വരുമെങ്കിലും അതോടൊപ്പം ഒഴുകിവരുന്ന ഒരമ്മയുടെ നിസ്സഹായതയുടെ കണ്ണീരുപ്പുകലങ്ങിയ കൊഴുത്തിരുണ്ട ജലം ദ്രാവക മലിനീകരണ വകുപ്പിന്റെ പരിധിയിലാണ്‌ പരിഗണിക്കപ്പെടുക.


ഇത്തരം വിഷയങ്ങളിലുള്ള തീർപ്പുകൽപ്പിക്കുന്നതിൽ ഒരിക്കൽ ഉണ്ടായ ചെറിയ ആശയക്കുഴപ്പം രാമൻകുട്ടിയും അവനോടൊപ്പം ചേർന്ന ഛിദ്രശക്തികളും മുതലെടുക്കാൻ ശ്രമിച്ച സംഭവമാണ്‌ ഞാൻ പറഞ്ഞു വരുന്നത്‌.

ഒരു പ്രഭാതത്തിൽ തെരുവുമദ്ധ്യത്തിൽ വന്നു നിന്ന്, നിരാലംബനായ ഒരു ചെറുപ്പക്കാരൻ തന്റെ ജീവിതാവസ്ഥയെക്കുറിച്ച്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ്‌ നിലവിളിക്കുവാൻ തുടങ്ങി. തെരുവ്‌ ഉണർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം കാഴ്ചകൾ തെരുവോരങ്ങളിൽ പതിവായതുകൊണ്ട്‌ ആരും അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അൽപനേരം കൂടി അങ്ങനെ നിലവിളിച്ച ശേഷം പെട്ടെന്ന് അയാൾ അഗ്നിനാളങ്ങളെ ഉള്ളിലൊളിപ്പിച്ച ഏതോ ദ്രാവകത്തിൽ സ്വയം നനഞ്ഞുകുതിരുകയും പൊടുന്നനെ അയാളുടെ ശരീരം ഒരഗ്നിഗോളമായി മാറുകയും ചെയ്തു.


ഇത്തരം ചെറുപ്പക്കാരുടെ പേശികളിൽ നിന്നും തലച്ചോറിൽ നിന്നും ഉയരുന്ന അഗ്നിജ്വാലകൾ വലിയ അപകടം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട്‌ അതിവേഗം ഫോൺകോളുകളും ഇ-മെയിലുകളും എസ്‌.എം.എസുകളും വകുപ്പുകളിലാകെ പ്രവഹിക്കുകയുണ്ടായി. അഗ്നി എന്ന മാലിന്യം ഖര-ദ്രാവക-വാതക വകുപ്പുകളുടെ പരിധിയിലൊന്നും വരാത്തതുകൊണ്ട്‌ ഞങ്ങൾക്കൊക്കെ പ്രശ്നത്തിൽ ഇടപെടുന്നതിൽ ചില സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. ഏതാനും നിയമപാലകരും അഗ്നിശമനവിഭാഗക്കാരും ഒടുവിൽ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി പ്രത്യേകിച്ച്‌ അപകടമൊന്നും ഉണ്ടാക്കാതെ അഗ്നിനാളങ്ങൾ സൗമ്യമായി കെട്ടടങ്ങുകയും ചെറുപ്പക്കാരൻ ഖരമാലിന്യമായി കരിഞ്ഞുവീഴുകയും ചെയ്തു.


ഞാനപ്പോൾ മനുഷ്യശവങ്ങൾ നീക്കം ചെയ്യുന്നതിൽ പ്രത്യേകവൈദഗ്ദ്യമുള്ള ശോഭനയുടെ ഉടലിന്റെ ഗന്ധം നുകർന്നു കൊണ്ട്‌ ഗുരുവായൂരിലെ ടൂറിസ്റ്റ്‌ ഹോമിലായിരുന്നു.


നന്മ നിറഞ്ഞ ഒരു പ്രഭാതത്തിന്റെ സൗമ്യതയിൽ, ഗഹനമായ ജീവിതതത്വങ്ങൾ ഉൾക്കൊള്ളുന്നതും, ആത്മീയവഴികളുടെ മഹത്വം വിളിച്ചോതുന്നതുമായ ചില ഗാനങ്ങൾ പുറത്ത്‌ അലയടിക്കുന്നതു കേട്ടുകൊണ്ട്‌ പ്രണയപൂർവ്വം ഞാൻ ശോഭനയെ ഉമ്മ വെക്കുകയായിരുന്നു. 'ആത്മീയമായ വഴിത്താരകളിലൂടെ മനുഷ്യനിൽ നന്മ നിറയുന്നത്‌ എങ്ങനെ' എന്ന് ഞാൻ അവൾക്ക്‌ പറഞ്ഞുകൊടുത്തു. തനിക്ക്‌ 'ശമ്പളം കൂട്ടിത്തരാമോ, ജോലി സ്ഥിരപ്പെടുത്താമോ' എന്നിങ്ങനെ അവൾ എന്നെ തിരികെ ഉമ്മ വെച്ചുകൊണ്ട്‌ ചോദിച്ചു. 'ഇത്തരം ഒത്തുചേരലുകളുടെ ഓർമ്മയ്ക്കായി തീർച്ചയായും ഞാൻ അപ്രകാരം ചെയ്യുന്നതാണ്‌' എന്ന് അപ്പോൾ അവളെ വീണ്ടും ഉമ്മ വെച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു.


ആ വേളയിലാണ്‌ എന്റെ മൊബൈൽ ഫോണിലേക്ക്‌ തെരുവിൽ യുവാവ്‌ ഖരമാലിന്യമായി വീണ വാർത്ത ഒരിളം മണിനാദമായി വന്നുചേർന്നത്‌.


അതൊടെ ശവം എത്രയും പെട്ടെന്ന് നീക്കം ചെയ്യുവാനായി ശോഭനയെ സ്ഥലത്തെത്തിച്ചില്ലെങ്കിൽ ഛിദ്രശക്തികൾ ഉണ്ടാക്കുവാൻ പോകുന്ന ആപത്തുകളെക്കുറിച്ച്‌ ആലോചിച്ചുകൊണ്ട്‌ ഞാൻ അസ്വസ്ഥനാവാൻ തുടങ്ങി. എന്നിലെ അനുരാഗമെല്ലാം കെട്ടടങ്ങുകയും ഞാൻ അവളെയും കൊണ്ട്‌ അതിവേഗം കോഴിക്കോട്ടേക്ക്‌ യാത്ര തിരിക്കുകയും ചെയ്തു.


കുന്ദംകുളവും എടപ്പാളും കുറ്റിപ്പുറത്തെ പാലവും താണ്ടി ഞങ്ങൾ യാത്ര ചെയ്യാനെടുത്ത സമയദൈർഘ്യം രാമൻകുട്ടിയും അവന്റെ ചുറ്റുമുള്ള ഛിദ്രശക്തികളും മുതലെടുത്തു.


രാമൻ കുട്ടി ട്രാക്ടർ ഓടിച്ചുകൊണ്ടുവന്ന് കരിഞ്ഞു ചുരുണ്ടു കിടന്ന ശവത്തിനരികിൽ നിർത്തിയിടുകയും, ശവമെടുത്ത്‌ വണ്ടിയിലേക്ക്‌ കയറ്റേണ്ട ജോലിക്കാരിയുടെ അഭാവം ചുറ്റുമുള്ളവരുടെ ശ്രദ്ധയിലേക്ക്‌ കൊണ്ടുവരികയും ചെയ്തു. കരിഞ്ഞു വീണ മരണമുഖം കൗതുകത്തോടെ ഉറ്റുനോക്കി നിന്ന ചില നാട്ടുകാരും, മരണസംബന്ധിയായ കടലാസുപണികൾ പൂർത്തിയാക്കിക്കൊണ്ടിരുന്ന നിയമപാലനവകുപ്പിന്റെ ആളുകളും കേൾക്കെ - 'ശോഭന എവിടെ? ശോഭന എവിടെ ?' എന്നിങ്ങനെ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട്‌ എനിക്കും വകുപ്പിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുവാൻ തുടങ്ങി.


തുടർന്നുള്ള ദിവസങ്ങളിൽ - 'ഖരമാലിന്യ വകുപ്പിലെ ഖരമാലിന്യത്തിന്റെ ആത്മീയ വഴികളും ലൈംഗികകേളികളും' എന്ന പുറംചട്ടയോടെ ലഘുലേഖകൾ അച്ചടിപ്പിച്ച്‌ ബസ്‌ സ്റ്റോപ്പുകളിലും, മിഠായിത്തെരുവിന്റെ പ്രവേശനകവാടത്തിലും മറ്റും അവർ ആരും കാണാതെ വിതറിയിട്ടു. യാത്രക്കാരും, വിദ്യാർത്ഥികളും ഞരമ്പുരോഗികളും മറ്റും അതിലെ എഴുത്തുകൾ വായിച്ച്‌ പുളകം കൊണ്ട ശേഷം എനിക്കും വകുപ്പിനുമെതിരെ രോഷാകുലരായി.


കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്പായി എം.ഡി യും ചെയർമാനും അതിവേഗം സ്ഥലത്ത്‌ എത്തിച്ചേരുകയും, രാമൻകുട്ടിയെ മുഗൾ റസിഡൻസിയിലേക്ക്‌ ക്ഷണിക്കുകയും ചെയ്തു. വകുപ്പിന്റെ ശ്രേണീവിന്യാസങ്ങളിലുള്ള സ്ഥാനമാനങ്ങൾ ഒട്ടും പരിഗണിക്കാതെ അവർ സ്നേഹപൂർവ്വം അവനെ തങ്ങളോടൊപ്പം ഇരിക്കുവാൻ അനുവദിക്കുകയും വില കൂടിയ മദ്യം നൽകുകയും ചെയ്തു.


ഞാൻ അന്ന് ജാനകിക്കും, സുമംഗലയ്ക്കുമൊപ്പം ശോഭനയെക്കൂടി മുഗൾ റസിഡൻസിയിലേക്ക്‌ പറഞ്ഞയച്ചു.


അപ്രകാരം എം.ഡിയുടെയും ചെയർമാന്റെയും അവസരോചിതവും ബുദ്ധിപരവുമായ ഇടപെടലുകളിലൂടെ രാമൻകുട്ടി എന്ന ട്രാക്ടർ ഡ്രൈവറെ നിശ്ശബ്ദനാക്കിയതോടെ എന്റെ പ്രവർത്തനങ്ങൾ സുഗമമായി എന്നു ഞാൻ ധരിച്ചെങ്കിലും ഛിദ്രശക്തികൾ വീണ്ടും തല പൊക്കുക തന്നെ ചെയ്തു.


ഒറ്റക്കണ്ണനായ ഒരുവനായിരുന്നു ഇത്തവണ അവരുടെ നേതാവ്‌. മനുഷ്യവിസർജ്യങ്ങളുമായി ബന്ധപ്പെട്ട ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന തന്റെ ഉത്തരവാദിത്വത്തിനപ്പുറം അവൻ മറ്റു പലകാര്യങ്ങളിലും തലയിടാൻ തുടങ്ങി. വകുപ്പിന്റെ വാഹനം എന്റെ മകളെ കോളേജിൽ കൊണ്ടു വിടുന്നത്‌ അവൻ അതിവിദഗ്ദമായി, തന്റെ ഒറ്റക്കണ്ണു കൊണ്ട്‌ കണ്ടുപിടിച്ചു. തികച്ചും മാരകവും സദാചാരവാദികളാൽ വെറുക്കപ്പെട്ടതുമായ പാൻപരാഗ്‌ തരികൾ വായ നിറയെ ചവച്ചുകൊണ്ട്‌, തന്റെ വൃത്തികെട്ട പല്ലുകളിറുമ്മി അവൻ എനിക്കെതിരേ ചില ഗൂഢനീക്കങ്ങൾ നടത്തുകയുണ്ടായി.
'മാനവരാശിയുടെ നിലനിൽപ്പിന്‌ ഹാനികരമായ വസ്തുക്കൾ നിരന്തരം ചവയ്ക്കുന്നവൻ; എന്ന ഗുരുതരമായ കുറ്റം ആരോപിച്ചുകൊണ്ട്‌ വകുപ്പിൽ നിന്ന് പുറത്താക്കുന്നതാണ്‌' എന്ന വിവരം അറിയിച്ചതോടെ ഒറ്റക്കണ്ണൻ എന്നോട്‌ ക്ഷമ ചോദിച്ചു. "അങ്ങൂന്നേ പൊറുക്കണം" എന്നു പറഞ്ഞു കൊണ്ട്‌ അവൻ എന്റെ കാൽക്കൽ വീണു. ഞാനപ്പോൾ അവനോട്‌ പൊറുത്തുകൊണ്ട്‌ നിറഞ്ഞു കവിഞ്ഞ മുനിസിപ്പാലിറ്റി കക്കൂസിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാനായി അവനെ പറഞ്ഞയച്ചു. അതോടെ അവനോടൊപ്പം കൂടിയ ഛിദ്രശക്തികൾ തികച്ചും ഒറ്റപ്പെട്ടുപോകുകയും പ്രശ്നം അവസാനിക്കുകയും ചെയ്തു.


വകുപ്പിലേക്ക്‌ ഇൻസിനറേറ്ററുകൾ വാങ്ങിയ ഇടപാടുകളിൽ ഞാൻ ചില കൃത്രിമങ്ങൾ നടത്തിയ വിഷയം ഉയർത്തിക്കൊണ്ട്‌ മലിനവസ്തുക്കളുടെ നിക്ഷേപകേന്ദ്രത്തിലെ കാവൽക്കാരനായ മന്തുകാലനാണ്‌ പിന്നീട്‌ പ്രശ്നമുണ്ടാക്കിയത്‌.


'അവനാണ്‌ യഥാർത്ഥ ഖരമാലിന്യം ! അവനാണ്‌ യഥാർത്ഥ ഖരമാലിന്യം ! അവനെ ഇൻസിനറേറ്ററിന്റെ വറചട്ടിയിലേക്ക്‌ വലിച്ചെറിയുവിൻ !' എന്നിങ്ങനെ മന്തുകാലൻ നിക്ഷേപകേന്ദ്രത്തിന്റെ മതിലിൽ എനിക്കെതിരെ എഴുതിവെച്ചു. ഛിദ്രശക്തികൾ അവനോടൊപ്പം ചേരുകയും 'അവനാണ്‌ യഥാർത്ഥ ഖരമാലിന്യം ! അവനാണ്‌ യഥാർത്ഥ ഖരമാലിന്യം ! അവനെ ഇൻസിനറേറ്ററിന്റെ വറചട്ടിയിലേക്ക്‌ വലിച്ചെറിയുവിൻ !' എന്നിങ്ങനെ പലയിടങ്ങളിലും അവർ ചുമരെഴുത്ത്‌ നടത്തുകയും ചെയ്തു.

എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിലേക്ക്‌ ഛിദ്രശക്തികൾ അസ്വസ്ഥതകൾ വിതറുന്ന കഥ ആവർത്തിക്കുകയാണ്‌.

ഞാനിതാ മഞ്ഞു പെയ്യുന്ന ഈ പാതിരാവിൽ കടൽത്തീരത്തുള്ള മുഗൾ റസിഡൻസി എന്ന നക്ഷത്ര ഹോട്ടലിന്റെ വിശാലമായ അങ്കണത്തിലെ പൂന്തോട്ടത്തിലെ ചാരുബെഞ്ചിൽ അവർ മടങ്ങി വരുന്നതും കാത്ത്‌ ഇരിക്കുന്നു. ഹോട്ടലിലെ ശീതീകരിച്ച സ്യൂട്ടുകളിലൊന്നിൽ എം.ഡി യും ചെയർമാനും മന്തുകാലനുമായി ചർച്ചയിലാണ്‌. ശോഭന അങ്ങോട്ടു പോയിട്ടുണ്ട്‌. കൂടെ ജാനകിയും സുമംഗലയുമുണ്ട്‌.


ഇവിടെ ഇരുന്നാൽ കടലും കടൽത്തിരകളും കാണാം. ദൂരെ പുറം കടലിൽ മീൻപിടുത്ത ബോട്ടുകളിലെ അരണ്ടവെളിച്ചം കാണാം. തിരകളിൽ നക്ഷത്രജാലങ്ങൾ തിളങ്ങുന്നതു കാണാം. സൗമ്യമായൊരു കരക്കാറ്റിന്റെ സുഖമറിയാം.


ആത്മീയമായ സുഖാനുഭൂതികൾ പകരുന്ന കാഴ്ചകളിൽ ലയിച്ച്‌ അങ്ങനെ ഇരിക്കുമ്പോഴും, മലിനവസ്തുക്കൾ നീക്കം ചെയ്യുന്ന പലതരം ഉപകരണങ്ങളുമായി ചിലർ എനിക്കു ചുറ്റും അണി നിരന്നേക്കാനുള്ള സാദ്ധ്യതയെക്കുറിച്ച്‌ ഓർത്ത്‌ ഞാൻ അസ്വസ്ഥനാവുന്നു.... ചീഞ്ഞളിഞ്ഞ്‌ അസഹ്യമായ ദുർഗന്ധം പ്രസരിപ്പിച്ചുകൊണ്ട്‌ അവർക്കു നടുവിൽ ഞാൻ വീണുകിടക്കുകയാണ്‌. എന്നിൽ നിന്നുയരുന്ന ഗന്ധം സഹിക്കാനാവാതെ മൂക്കുപൊത്തിക്കൊണ്ട്‌ അവരൊത്തുചേർന്ന് എന്നെ ട്രാക്ടറിലേക്ക്‌ വലിച്ചു കയറ്റുകയാണ്‌....

മാലിന്യ സംസ്കരണകേന്ദ്രത്തിലെ ഇൻസിനറേറ്റർ ലക്ഷ്യമാക്കി വല്ലാത്ത കുലുക്കത്തോടെ നീങ്ങുന്ന ഒരു ട്രാക്ടറിനെക്കുറിച്ച്‌ കടൽക്കാഴ്ചകളുടെ ആത്മീയ സുഖാനുഭൂതികൾക്കിടയിലും ഞാൻ ചിന്തിക്കുന്നുണ്ടായിരുന്നു.



O



PHONE : 9544106061




മാവു പൂക്കാത്ത കാലം

കവിത
രാജൻ കൈലാസ്‌












മാവു പൂക്കാത്ത ഒരു കാലം വരും !
അന്ന്,
പൂങ്കുലതല്ലാൻ
തല്ലുകൊള്ളാൻ
ഉണ്ണികളുണ്ടാവില്ല
ഉണ്ണിമാങ്ങകളും...
(ദീർഘദർശനം ചെയ്യും
ദൈവജ്ഞരല്ലോ നിങ്ങൾ !)*

2

കറുത്തുപോയ ആകാശത്തേക്ക്‌
ഒരു തളിരില പോലും നീളില്ല
വിഷം കുതിർന്ന മണ്ണിൽ
ഒരു കുഞ്ഞുവേരും മുളയ്ക്കില്ല
പഴങ്ങൾ കൊത്തി, പക്ഷികൾ-
കൂട്ടത്തോടെ ചത്തുപോയി.
ഒരു പഴം പോലും
കുട്ടികൾ എടുക്കുന്നില്ല
ദൈവം അവരെയാകെ
തിരിച്ചുവിളിച്ചിരിക്കുന്നു.

3

മാവു പൂക്കാത്ത ഒരു കാലത്ത്‌
എങ്ങനെയാണ്‌ കവിത പൂക്കുക ?
നിശ്വാസങ്ങൾക്കും
നേർത്തുപോയ കരച്ചിലിനുമിടയിൽ
ആരാണിനി കവിത പാടുക ?
ഒരു ശ്വാസം
ഒരു തുള്ളി വെള്ളം
ഒരു പിടി മണ്ണ്‌
ഒരു പുഞ്ചിരി
വിഷം തീണ്ടാതെ ആരാണ്‌ തരിക ?

4

ഭീകരമായ നിശബ്ദതയിലേക്ക്‌
ഉണ്ണികൾക്കിനി തിരിച്ചുവരാനാവില്ല
ഉണ്ണികൾ വരാതെ
മാവുകൾ പൂക്കുന്നതെങ്ങനെ... ?


O


*വൈലോപ്പിള്ളിയുടെ വരികൾ (മാമ്പഴം)


PHONE : 9497531050




Sunday, March 18, 2012

സൂം ഇൻ - 3

സിനിമ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ


കാലത്തിന്റെ ഫ്രെയിമുകൾ



                ഭിനേതാവും സംവിധായകനുമായിരുന്ന റിച്ചാർഡ്‌ ബൊലസ്‌ലാവ്സ്കിയുടെ (Richard Boleslawski) അഭിനയപാഠനിർവ്വചനങ്ങൾ നമുക്കിന്നും ഭീഷണിയാണ്‌. കാരണം, നമ്മുടെ പതിവ്‌ അഭിനയയോഗ്യതകളിൽ നിന്നെല്ലാം അകന്ന് സഞ്ചരിക്കുന്ന പാഠങ്ങളാണ്‌ ബൊലസ്‌ലാവ്സ്കിയുടേത്‌. ഒരു നടൻ/നടി സഞ്ചരിക്കുന്ന സ്വതന്ത്രവും സുഖദവുമായ വഴികളിൽ നിന്നെല്ലാം അകന്ന് എങ്ങനെയൊക്കെ അപകടകരമായി യാത്ര ചെയ്ത്‌ ലക്ഷ്യത്തിലെത്താം എന്നാണ്‌ ബൊലസ്‌ലാവ്സ്കി പറയുന്നത്‌. ക്യാമറയ്ക്ക്‌ മുന്നിൽ പെരുമാറുന്നതോടെ അഭിനയം കഴിഞ്ഞു എന്നു വിശ്വസിക്കുന്ന അഭിനേതാക്കളുടെ ശ്രദ്ധയിലേക്കാണ്‌ പോൾ മുനി (Paul Muni)  തന്റെ പ്രസിദ്ധമായ 'അഭിനയശാസ്ത്രം' സമർപ്പിക്കുന്നത്‌.

ബൊലസ്‌ലാവ്സ്കി, പോൾ മുനി
പോൾ മുനിയുടെ ശ്രദ്ധേയമായൊരു അഭിനയ നിർവ്വചനമുണ്ട്‌. കാലത്തിനു ഒത്ത നടുവിലാണ്‌ ഒരു അഭിനേതാവ്‌ നിൽക്കേണ്ടതെന്ന് പോൾ മുനി പറയുന്നു. അയാൾ ഫ്രെയിമിനു നടുവിൽ നിൽക്കണമെന്ന് ഇതിനർത്ഥമില്ല. കാലത്തെ ഒറ്റ ഫ്രെയിമിൽ ഒതുക്കാൻ കഴിയാത്തതിനാൽ അഭിനേതാവിന്‌ ഫ്രെയിമിലെവിടെയും നിൽക്കാം. അഭിനേതാവ്‌ നിൽക്കുന്നതെവിടെയോ, അവിടെയാണ്‌ കാലമദ്ധ്യം.



ബുന്വേൽ, ദാലി
ലൂയി ബുന്വേലുമായി (Luis Bunuel) സിനിമയെക്കുറിച്ച്‌ സാൽവദോർ ദാലി (Salvador Dali) നടത്തുന്ന വിശുദ്ധസംഭാഷണങ്ങളിൽ ഫ്രെയിമിനുള്ളിലെ കാലസാന്നിദ്ധ്യത്തെ കുറിച്ച്‌ വ്യക്തമായ ചില നിരീക്ഷണങ്ങളുണ്ട്‌. 'കാഴ്ചയെ രണ്ടായി പകുക്കണമെന്ന മോഹം കുട്ടിക്കാലം മുതൽക്കേ എനിക്കുണ്ടായിരുന്നുവെന്ന്' ദാലി പറയുന്നുണ്ട്‌. ഇതിന്റെ സമാരംഭമാണ്‌ ദാലി ബുന്വേലുമായി ചേർന്നൊരുക്കിയ 'ആൻഡലൂസിയൻ ഡോഗി'ൽ ( An Andalusian Dog ) കാണാനാകുന്നത്‌. ദാലി പറയുന്നു - 'കൃഷ്ണമണി ഛേദിക്കുന്ന രംഗത്തോടെ നമുക്ക്‌ നമ്മുടെ സർഗ്ഗാത്മകത എല്ലാവർക്കുമൊപ്പമിരുന്ന് ആഘോഷിക്കാം' എന്ന്. ഇവിടെ കാഴ്ചയെ രണ്ടായി പകുക്കണമെന്ന മോഹം, സർഗ്ഗാത്മകതയുടെ ഉത്തുംഗതയിൽ കൃഷ്ണമണി ഛേദിക്കുന്ന രംഗത്തോടെ പൂർണ്ണമാകുന്നു. കാഴ്ചയെ പകുക്കുക എന്നത്‌ കാലത്തെ പകുക്കുക എന്ന ദൗത്യത്തിലേക്ക്‌ നീങ്ങുന്നു. 'ആൻഡലൂസിയൻ ഡോഗി'ലെ ഒറ്റഫ്രെയിം അങ്ങനെ കാലത്തിനും അഭിനേതാവിനുമായി വീതിക്കപ്പെടുന്നു.




ബെക്കർ, ബ്രുഹ്ത്‌
  'ഗുഡ്‌ബൈ ലെനിനി'ന്റെ (Good Bye Lenin) സംവിധായകൻ വോൾഫ്‌ ഗാംഗ്‌ ബെക്കർ (Wolfgang Becker), അഭിനേതാവിന്റെ കാലബോധത്തെക്കുറിച്ച്‌ ഒരനുഭവം പങ്കുവെക്കുന്നത്‌ നല്ലൊരു ചിന്താവിഷയമാണ്‌. പ്രസ്തുത സിനിമയിലെ മുഖ്യനടനായ ഡാനിയൽ ബ്രുഹ്തുമായി ( Daniel bruhl )  ബെക്കർ നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ ഇതാരംഭിക്കുന്നത്‌. ബെക്കർ പറയുന്നു; 'ഒരു നടന്‌ എവിടെനിന്നു വേണമെങ്കിലും ഫ്രെയിമിലേക്ക്‌ കടന്നുവരാം. സംവിധായകൻ മുന്നോട്ടു വെക്കുന്ന ആശയങ്ങളുടെ ചുമടുതാങ്ങിയായി മറ്റൊരു നടൻ മാറേണ്ടതില്ല.

പൂർവ്വ-പശ്ചിമ ജർമ്മനികളുടെ ഏകീകരണത്തിന്റെ ചരിത്രനിമിഷങ്ങളിൽ നിന്നാണ്‌ 'ഗുഡ്ബൈ ലെനിൻ' വരുന്നത്‌. ഇവിടെ കാല-ചരിത്ര ബോധമുള്ള ഒരു നടന്‌ തയ്യാറെടുപ്പുകളൊന്നും കൂടാതെ ഫ്രെയിമിലേക്ക്‌ കടന്നു വരാനാകും. ഒരുപക്ഷെ അവൻ ബെർലിൻ മതിൽ ഇടിഞ്ഞു വീണതിനടിയിൽപ്പെട്ട്‌, പരിക്കുകളുമായാകാം വരിക. അല്ലെങ്കിൽ മതിലിൽ നിന്നൊരു ഭാഗം അടർത്തിയെടുത്ത്‌ കൊടുങ്കാറ്റിലേക്ക്‌ വലിച്ചെറിഞ്ഞു കൊണ്ടാകും അവൻ വരിക. അതുമല്ലെങ്കിൽ മതിൽ പൊളിഞ്ഞുവീഴുന്നത്‌ കണ്ട്‌ അത്യാനന്ദത്താൽ ഭ്രാന്തനായി മാറിയിട്ടാകും അവൻ വരിക ! ഇവിടെ സംവിധായകന്റെ നിശ്ശബ്ദതയ്ക്ക്‌ മുന്നിൽ ജീനിയസ്സായ നടൻ ശബ്ദസാന്നിധ്യമൊരുക്കുന്നു. സംഭാഷണത്തതിനിടയിൽ ബെക്കർ പറയുന്നു - 'ഒരു മൈതാനത്ത്‌ അനവധി മനുഷ്യത്തലകൾ വീണുകിടക്കുന്നു എന്നു സങ്കൽപ്പിക്കുക. ജീനിയസ്സായ ഒരു നടൻ അവനനുയോജ്യമായ ഒരു തല ആയിരിക്കില്ല തെരഞ്ഞെടുക്കുന്നത്‌. കാലം ചവുട്ടി പരിക്കേൽപ്പിച്ച തലയായിരിക്കും അവൻ സ്വീകരിക്കുക!'



 O
ചിത്രങ്ങൾ : Google



PHONE : 9995539192





ഭൂതം

കഥ
സിയാഫ്‌ അബ്ദുൾഖാദിർ












                    ദ്യേ തന്നെ ഒരു കാര്യം പറയാം. കഥയുടെ ആ ഒരു ഇത് പോകും, എന്നാലും പറഞ്ഞില്ലെങ്കില്‍ എന്റെ ഇതും അതും എല്ലാം പോകും. ഇതിലെ ഭൂതം ഞങ്ങളുടെ നാട്ടില്‍ ജീവിച്ചിരുന്ന ഒരു പാവം മനുഷ്യന്‍ ആണ്, അല്ലാതെ ഭൂതം ഒന്നുമല്ല. ഇനി ഭൂതത്തിനെ ആരാധിക്കുന്ന ആരെങ്കിലും അവരുടെ ഭൂതവികാരം വ്രണപ്പെട്ടു എന്നും പറഞ്ഞു എന്നെ കൊല്ലാന്‍ വരരുത്... പറഞ്ഞേക്കാം. രൊക്കം രണ്ടു ഭാര്യേം അതിനൊത്ത പിള്ളാരും ഉള്ളവനാ... ഓര്‍ത്തോണം !

ഞാന്‍ നാലക്കശമ്പളം മാത്രം വാങ്ങിക്കുന്ന ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഡി.എ കൂട്ടാത്തത് എന്തെന്നും ഹൗസിംഗ് ലോണിനും എല്‍ .ഐ.സിക്കും വാടകക്കും ഒക്കെ കാഷ്‌ എങ്ങനെ ഉണ്ടാക്കും എന്ന് തല പുകഞ്ഞു ചിന്തിക്കുന്ന ഒരു പാവം വില്ലേജ്‌ എക്സ്റ്റൻഷൻ
ഓഫീസര്‍ . പേരിന്റെ അറ്റത്ത് ഒരു ഓഫീസര്‍ ഉണ്ടെന്നു വെച്ച് അതിനുള്ള വരാഴികയൊന്നും ഇല്ലപ്പാ, എന്നാലും പറയുമ്പോ നമ്മളും ഓഫീസര്‍ .


എനിക്ക് ഒരു ചുറ്റിക്കളി ഉണ്ട്. പേരൊന്നും ചോദിക്കരുത് ഒരു ചുറ്റിക്കളി, അത്രേം അറിഞ്ഞാല്‍ മതി. (അമ്പടാ വേല മനസ്സില്‍ വെച്ചാല്‍ മതി ), കണക്കുകളുടെ, പിള്ളാരുടെ പഠിത്തത്തിന്റെ, ചെവിതല തരാത്ത ഓഫീസിലെ പരാതിക്കാരുടെ, വീട്ടിലെ പരാതിക്കാരിയുടെ ഒക്കെ ടെന്‍ഷനില്‍ നിന്ന് ഒരു സമാധാനം, അത്രേയുള്ളൂ.

അവള്‍ക്കും അങ്ങനെ തന്നാ. അവള്‍ടെ കെട്ട്യോനും ഉണ്ടെന്നു തോന്നുന്നു ഒന്നോ രണ്ടോ ചുറ്റിക്കളി. അപ്പോ പകരത്തിനു പകരം. അത്രേയുള്ളൂ. ഇപ്പോഴത്തെ കാലത്ത് ഇതൊന്നും ഒരു കാര്യാല്ലെന്നേ ! എന്തിനു; എന്റെ ഒറിജിനല്‍ ഭാര്യക്ക്‌ വരെ അറിയാം ഈ വിഷയം. രാത്രീല്‍ എങ്ങാനും ചുറ്റിക്കളിയുടെ ഫോണ്‍ വന്നാല്‍ ഉറങ്ങുന്ന മാതിരി അഭിനയിച്ചോളും അവള്‍ , അങ്ങനെ വേണം ഭാര്യമാരായാല്‍ . ഞാനും അതെ, പെണ്ണുങ്ങള്‍ക്ക് വരുന്ന ഫോണ്‍ ഒക്കെ തപ്പുക, അവരുടെ ഇന്‍ബോക്സില്‍ പോയി അടയിരുന്ന് ഒരു 'ന്യൂ ഇയര്‍ വിഷോ' 'ഹാപ്പി ബര്‍ത്ത് ഡേ' ആശംസയോ കണ്ടാല്‍ ഉടനെ ഏതാവനാടീ ലവന്‍ എന്ന് ചോദിച്ചു ലഹളയുണ്ടാക്കുന്ന പുരാതനഭര്‍ത്താവൊന്നും അല്ല ഞാന്‍. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നാ എന്റെ ഒരു ലൈന്‍.

ചുറ്റിക്കളി കൊണ്ട് എനിക്ക് പക്ഷെ ഒരു ഉപദ്രവമുണ്ട്. അവള്‍ക്കു നാഴികക്ക് നാല്‍പ്പതുവട്ടം എന്റെ വായീന്നു തന്നെ കമ്പിക്കഥ കേള്‍ക്കണം, അതും ചുമ്മാതൊന്നും പോരാ; അവള്‍ക്കു മതീന്ന് തോന്നും വരെ വേണം. പാവം ഞാന്‍, കിട്ടുന്ന കൈക്കൂലി മുഴുവന്‍ ഇങ്ങനേ പോകും. മാസാന്തം മനുഷ്യന്റെ ഊപ്പാട് വരും. എന്നാലും ഞാന്‍ അവളെ പിണക്കാറില്ല, ജീവിച്ചു പോകണമല്ലോ.

കുറച്ചു ദിവസം മുന്‍പ് അങ്ങനെ അവളുമായിട്ടു ചിരിച്ചു സല്ലപിച്ചു റോട്ടീക്കൂടെ വരുവാരുന്നു. നമ്മള്‍ ഫോണില്‍ കൂടെ വര്‍ത്താനം പറയുമ്പോ എന്തെങ്കിലും ഒക്കെ ചെയ്തോണ്ടിരിക്കത്തില്ലേ ? ചിലര്‍ ആംഗ്യം കാണിക്കും, ചിലര്‍ പേന കൊണ്ട് എന്തെങ്കിലും എഴുതും, ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കും. വര്‍ത്താനത്തിന്റെ ഒരു ഹരത്തില്‍ ഞാന്‍ റോട്ടില്‍ കിടന്ന ഒരു ഒഴിഞ്ഞ കൊക്കോകോള കാനില്‍ (ഇരുപതു രൂപയോ മറ്റോ ആണെന്ന് തോന്നുന്നു അതിന്റെ വില ) ഊക്കില്‍ ഒരു തട്ട് തട്ടി.

അപ്പുറത്ത് കിലുകിലാന്നുള്ള ചിരി കേട്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു ഹരമിത്തിരി കൂടിപ്പോയെന്ന് ! കൊക്കോകോള കാന്‍ തെറിച്ചു ദൂരേക്ക്‌ പോയതൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. എവിടെ ചെന്ന് വീണെന്നോ, എപ്പോള്‍ വീണെന്നോ ഒന്നും. സെക്കന്റ്‌ വെച്ച് ഞാന്‍ മുകളിലേക്ക് ഉയര്‍ത്തപ്പെട്ടു. ഒരു ചുഴലിക്കാറ്റ്‌ എന്നെ വലിച്ചു വായുവില്‍ നിറുത്തി വട്ടം കറക്കി. ഇതെന്തരാ സുനാമിയാണോ എന്ന് ആര്‍ത്തുകരഞ്ഞു ഞാന്‍. ഫോണില്‍ക്കൂടി അപ്പുറത്ത് അവള്‍ കേക്കും എന്ന് ഒന്നും അന്നേരം ഓര്‍ത്തില്ല, അവള്‍ ചോദിക്കേം ചെയ്തു :

"എന്തുവാ നടക്കുന്നെ?."

"ജീവന്‍ പോകാന്‍ നേരത്താണോ അതിനൊക്കെ മറുപടി പറയുന്നത് ?"

എന്റെ ഫോണ്‍ തന്നെ അപ്പോഴത്തേക്കും കയ്യീന്ന് തെറിച്ചു പോയി.

ജന്മമേ, ഞാന്‍ ചത്തെന്നു തോന്നുന്നു. അല്ലെങ്കില്‍ ചുഴലിക്കാറ്റ്‌ ഒടുങ്ങിയെന്നോ? ഞാന്‍ എന്തായാലും നിലത്തെത്തിയിരിക്കുന്നു. തലതിരിച്ചില്‍ കുറയാന്‍ ഇച്ചിരി സമയമെടുത്തു. ഇപ്പം ഞാന്‍ റോഡിന്റെ നടുക്ക് നിന്ന് ഫുട്‌പാത്തില്‍ എത്തിയിട്ടുണ്ട്. കൈ-കാൽ-മുഖം ഒക്കെ അവിടവിടെതന്നെയുണ്ട്‌. എല്ലാം ഭദ്രം. അടുത്തുകൂടെ ഘര്ര്‍ എന്നോരൊച്ചയുണ്ടാക്കി ഒരു ടിപ്പര്‍ലോറി പാഞ്ഞു പോയി.

അപ്പോള്‍ അതാണ്‌ സംഭവം. ഞാന്‍ റോഡിന്റെ നടുക്കായിരുന്നു. ആ ചുഴലിക്കാറ്റു വന്നില്ലേല്‍ എന്‍റെ കാര്യം ഇപ്പോള്‍ തീരുമാനമായിട്ടുണ്ടാവുമായിരുന്നു. നൂറ്റി എട്ടിലേക്ക്‌  ആരെങ്കിലും വിളിച്ചേനെ. ആംബുലന്‍സില്‍ , കിട്ടിയ ഏതെങ്കിലും പഴന്തുണിയില്‍ പൊതിഞ്ഞു വീട്ടില്‍ എത്തിച്ചേനെ. ഓഫീസിലെ ക്ലാര്‍ക്ക്‌ രാധാമണി (അവള്‍ക്കൊരുത്തിക്കേ ഉള്ളൂ അവിടെ എന്നോടിത്തിരി മമത) എന്‍റെ മഞ്ചത്തിനടുത്ത് മൂക്ക് പിഴിഞ്ഞ് നിന്നേനെ.

ചുഴലിക്കാറ്റ്‌ എന്റെ അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. അവന്റെ കൈയുടെ ഒടുക്കത്തെ അരംകൊണ്ട് എന്റെ ഇടുപ്പോ നെഞ്ചോ ഒക്കെ നീറുന്നുണ്ടായിരുന്നു. കള്ളിമുണ്ടും ഒരു നീലഷര്‍ട്ടും ഒക്കെ ഇട്ട എല്ലിച്ച ഒരുത്തന്‍. ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ വേണ്ടാരുന്നു എന്ന് തോന്നി കേട്ടോ. അവന്‍റെ മഞ്ഞച്ച പല്ല് കാട്ടിയുള്ള ചിരി കണ്ടപ്പോള്‍ , ജീവന്‍ രക്ഷിച്ചതല്ലേ, ഒന്ന് പരിചയപ്പെട്ടേക്കാം എന്ന് ഞാനും കരുതി.

"എന്താ പേര് ?"

"ഭൂതം"

ഞാന്‍ കിടുങ്ങിപ്പോയി. എന്‍റെ പള്ളീ...  വെറുതെയല്ല ഞാന്‍ ഇത്രേം നേരം എയറില്‍ നിന്നത്. എല്ലും തോലുമായിരിക്കുന്ന ഇവന്, അല്ലെങ്കില്‍ പത്തു നൂറു കിലോയുള്ള എന്നെയെങ്ങനെ പൊക്കാന്‍ പറ്റും?

എനിക്കെന്നിട്ടും വിശ്വാസം വന്നില്ല. ഞാന്‍ ആന്തിയും ഏന്തിയും ഒക്കെ നോക്കി. രണ്ടു ദിവസമായി താടി വടിക്കാത്ത മുഖം, മഞ്ഞപ്പല്ല്, നെറ്റിക്ക് നടുവില്‍ ഒരു വെട്ടുപാട്, കയ്യില്‍ ഡി.കെ ടെക്സിന്റെ ഒരു പ്ലാസ്റ്റിക്‌ കാരിബാഗ്, ഇപ്പോഴത്തെക്കാലത്ത് ഇങ്ങനെയാണോ ഭൂതം വരിക ? കണ്ടിട്ട് ഒരു സി.ഐ.ടി.യു. ക്കാരന്‍ ചുമട്ടുതൊഴിലാളിയെ മാതിരിയുണ്ട്. പട്ടണത്തില്‍ ഭൂതം സിനിമേല്‍ ; അത് പിന്നെ പോട്ടെ, മമ്മൂട്ടി ആണെന്ന് വെക്കാം; അലാവുദീന്‍, സീരിയലില്‍ എന്നാ ഗ്ലാമര്‍ ആയിരുന്നു? എന്തിനു ആ ജീമ്പൂംബാ പോലും എന്നാ പെഴ്സണാലിട്ടി ആണ് ? ഇതൊരു മാതിരി മെനയില്ലാത്ത ഭൂതം!

ഏതായാലും ജീവന്‍ രക്ഷിച്ചതല്ലേ. എന്തെങ്കിലും പ്രത്യുപകാരം ചെയ്തേ പറ്റൂ.

"വാ അളിയാ; നമ്മുക്ക് രണ്ടു പെഗ്ഗടിക്കാം"

ഞാന്‍ പറഞ്ഞു . എന്‍റെ സന്തോഷം അങ്ങനെയാ വന്നത്. ഇന്നത്തെ കൈക്കൂലി അങ്ങനെ പോകും. എന്നാലും .. "ഞാന്‍ കുടിക്കാറില്ല " ഗൗരവത്തിൽ പറഞ്ഞു ഭൂതം റോഡിനടുത്ത ഇടുക്ക് വഴിയിലൂടെ  തിരിഞ്ഞു എങ്ങോട്ടോ പോയി.

അല്ലേ! ഞാന്‍ അയ്യത്തടാ എന്നായിപ്പോയി. ഇക്കാലത്ത് എതവനാണ്ടാ ഒരു പെഗ് ഓസിനു കിട്ടും എന്ന് കേട്ടാല്‍ കമന്ന് വീഴാത്തത് ? അപ്പോള്‍ ആ നിമിഷം എനിക്ക് ഇത് ഒറിജിനല്‍ ഭൂതം തന്നെയാണെന്ന് ഒറപ്പായി. അല്ലെങ്കില്‍ മനുഷ്യന്‍ ആയിട്ടുള്ള ഒരുത്തന്‍; വേണ്ട ഭൂതം പോലും നിഷേധിക്കുമോ ഈ സാധനം ? ഞാന്‍ എന്തായാലും അന്ന് ഒരു ഉപകാരസ്മരണക്ക് ഭൂതത്തിനുള്ളതും കൂടെ കേറ്റി !

പതിവിലും കൂടുതല്‍ പാമ്പ്‌ ആയത് കൊണ്ടാകും മിസ്സസ്സ്  ചോദിച്ചു.

 "ഇന്നെന്നാ വല്ല പാര്‍ട്ടിയും ഒണ്ടാരുന്നോ ?"

ഞാന്‍ സത്യസന്ധമായി നടന്നതൊക്കെ അങ്ങ് പറഞ്ഞു . പക്ഷെ അത് അബദ്ധമായി കേട്ടോ. അവള്‍ കേറിയങ്ങ് റെയിസായി. ഞാന്‍, എന്‍റെ സംശയം, ഒക്കെ പറഞ്ഞിട്ട് അവള്‍ ഒന്ന് സമ്മതിക്കേണ്ടേ. അവള്‍ പറയുന്നത് അത് ഒറിജിനല്‍ ഭൂതം തന്നെയാണെന്നാ. അവള്‍ക്ക് ആ കൊക്കോകോള കാനിനെ ആണ് സംശയം. ആ തട്ട്, ആ ഒരൊറ്റ തട്ടിന്, അതില്‍ അടച്ചിരുന്ന ഭൂതത്തിന് സ്വാതന്ത്ര്യം കിട്ടിക്കാണും എന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു . പിന്നെ കൊക്കോകോള കാനിലല്ലേ  ഭൂതത്തിനെ ഇട്ടുവെക്കുന്നെ എന്നൊന്നും പറഞ്ഞിട്ട് എവിടെ സമ്മതിക്കാന്‍ ? ഒടുവില്‍ അവള്‍ ചോദിച്ചു -

"വിളക്കെവിടെ?'

ഭൂതത്തിനെ കണ്ടാല്‍ പിന്നെയും പിന്നെയും വിളിച്ചു വരുത്താന്‍ വേണ്ടി ഒരു വിളക്ക് തരും പോലും! ഇതൊക്കെ എനിക്കറിയാമോ? സന്ധ്യാസമയത്ത് ബാറില്‍ ആയിരിക്കുന്നത് കൊണ്ട് ഞാന്‍ വരുമ്പോള്‍ ആ അലാവുദ്ദീന്‍ സീരിയല്‍ കഴിഞ്ഞു പോകും. മിക്കവാറും വല്ല ഹര്‍ത്താലിനോ മറ്റോ ആണ് കാണുന്നത്, അല്ലെങ്കിലും എനിക്ക് ഈ  പെണ്ണുങ്ങളെ പോലെ സീരിയല്‍ കാണുന്നതൊന്നും ഇഷ്ടമല്ല. അതല്ലേ ഇപ്പൊ കുരിശായത്. ആ വിളക്ക് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോ വിളിച്ചു വരുത്തമായിരുന്നു !

മിസ്സിസ് എന്നെ ഇനി പറയാന്‍ ഒന്നും ബാക്കിയില്ല, നല്ലൊരു ചാന്‍സ്‌ മിസ്സാക്കിയതില്‍ എനിക്കും ശരിക്കും വിഷമം തോന്നി കേട്ടോ. ആ കൊക്കോകോള കാന്‍ ഒന്ന് എടുത്തു നോക്കാന്‍ പോലും തോന്നിയില്ല. ഏതായാലും ഒരു കാര്യത്തിലെ എനിക്ക് ഒരു സമാധാനം തോന്നിയുള്ളൂ. എന്‍റെ ജീവന്‍ രക്ഷിച്ചതിനു പകരം ഒന്നും ചെയ്യാത്ത ആ സങ്കടം അങ്ങ് മാറിക്കിട്ടി. ചുമ്മാതൊന്നുമല്ലല്ലോ, ഭൂതത്തിനെ 'കൊക്കോകോള തടവി'ല്‍ നിന്നു ഞാനും രക്ഷിച്ചില്ലേ ? എന്‍റെ അടിമ ആക്കാമായിരുന്നിട്ടും ഞാന്‍ വെറുതെ വിടുകയും ചെയ്തു.

പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ദൈവമായിട്ടു, തന്നെ ഭൂതത്തിനെ എന്റെയടുത്തെത്തിച്ചു. ഓഫീസില്‍ നിന്ന് ഒരു കക്ഷിയുടെ ലോണ്‍ ശരിയാക്കികൊടുത്ത സന്തോഷം വകയില്‍ അയാളുടെ ചെലവില്‍ ബിരിയാണി അടിക്കാന്‍ മുബാറക്‌ ഹോട്ടലില്‍ കേറിയപ്പോള്‍ ദേ ഇരിക്കുന്നു ഭൂതം. കൂടെ ഇത്തിരിപ്പോന്ന ഒരു പെൺകൊച്ചും ഉണ്ട് . അതിനു  ബിരിയാണി വാങ്ങിക്കൊടുത്തു അരികത്തു നോക്കിയിരിക്കുന്നു.

ഞാന്‍ ഒന്ന് ചിരിച്ചു. ഭൂതം ചിരിച്ചില്ല, ഞാന്‍ ചമ്മിപ്പോയി. ഓര്‍മ്മയില്ലെന്നു തോന്നുന്നു. വിളക്ക് അന്ന് ചോദിച്ചു വാങ്ങിക്കാഞ്ഞതിന്റെ ദോഷം. കക്ഷി ഇരിക്കുന്നത് കൊണ്ട് ഇപ്പോള്‍ ചോദിക്കാനും മേലാ. അയാള്‍ എങ്ങാനും ഭൂതത്തെ അടിച്ചു മാറ്റിയാലോ? ഭൂതത്തിനും പേറ്റന്റ്‌ ഉണ്ടെന്നു വരുമോ? എന്തായാലും ഞാന്‍ ബിരിയാണി തിന്നോണ്ടിരിക്കുമ്പോൾ ഭൂതത്തിന്റെ മേല്‍ ഒരു കണ്ണ് വെച്ചു. ഇത്തവണ വിളക്ക് എങ്ങനേലും അടിച്ചെടുക്കണം .

അപ്പോഴത്തേക്ക് ഒരു സംഭവം ഉണ്ടായി. കുറെ തിന്നു കഴിഞ്ഞപ്പോള്‍ കൊച്ചിന് മതിയായി എന്ന് തോന്നുന്നു. മുബാറക്കിലെ ബിരിയാണി എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ബിരിയാണി ആണ്. കായിക്ക അറുത്തു കാശു വാങ്ങും. പക്ഷെ കാശിനു മുതലാ ബിരിയാണി. കൊച്ചു തിന്നിട്ടും തിന്നിട്ടും തീരണ്ടേ, അത് നീക്കി ഭൂതത്തിന്റെ മുന്നിലേക്ക്‌ വെച്ചു കൊടുത്തു. ആ കൊച്ചിന്റെ കയ്യില്‍ നഖത്തിന്റെടേൽ ആണെങ്കില്‍ ഒരു ലോഡ്‌ ചെളി ഉണ്ട്. അത് വെച്ചു കുഴച്ച ആ ബിരിയാണി വെക്കേണ്ട താമസം, ഭൂതം ആര്‍ത്തി മൂത്ത് വാരി വാരി ഒരു തീറ്റ തുടങ്ങി. ഇത് കണ്ട എനിക്ക് എങ്ങനെ തടുത്തിട്ടും  മനം മറിച്ച് വന്നു.

ബ്ലേഏഏഏഏഏഏഎ !!

ഞാന്‍ ഓടിപ്പോയി വാഷ്‌ബേസിനില്‍ മുഴുവന്‍ കൊട്ടി.


വാള്‍ വെച്ചോണ്ട് നിന്നാ കാര്യമൊന്നും നടക്കത്തില്ല എന്നത് കൊണ്ട് കക്ഷിയെ കൊണ്ട് കാശ് കൊടുപ്പിച്ചു ഞാന്‍ പുറത്തിറങ്ങി. സംഗതി ഭൂതം ഒക്കെ ആണെങ്കിലും എനിക്ക് ആരും എച്ചില്‍ തിന്നുന്നത് കണ്ടൂടാ. നല്ല വെയില്‍ ആയത് കൊണ്ട് തണലത്തേക്ക് മാറി നിന്നു. ഭൂതം പിന്നെ എങ്ങോട്ട് പോയെന്നു മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല, ഭൂതമല്ലേ. മാജിക്‌ അറിയാവുന്നതല്ലേ ! മാഞ്ഞു പോയിക്കാണും എന്നൊക്കെ ഞാനും സമാധാനിച്ചു .

ഇത്തവണ കഥയൊന്നും മിസ്സിസ്സിനോട്  ഞാന്‍ പറഞ്ഞില്ല. വെറുതെ എന്തിനു വേലിയില്‍ ഇരിക്കുന്നതിനെ എടുത്തു ബാങ്കില്‍ വെക്കണം? അടുത്ത തവണ ഞാന്‍ ഭൂതത്തിനെ കണ്ടത് ഡോക്ടറുടെ അടുത്തു പോയപ്പോഴാ. ഇടയ്ക്കിടെ ഞാന്‍ എല്ലാം ഒന്ന് ചെക്ക്‌ ചെയ്തു വെക്കും. എന്തെങ്കിലും കാര്യമായ കുഴപ്പം കണ്ടാല്‍ അന്ന് പോയി ഒരു പോളിസി എടുക്കണം. അത് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനു വേണ്ടി പോയതാ, ദേ.. അവിടിരിക്കുന്നു ഭൂതത്താന്‍, എല്ലാരും പറയുന്നത് ശരി തന്നെയാ ..... നമ്മടെ പ്രപഞ്ചം തന്നെ പഞ്ചഭൂതം കൊണ്ട് നിര്‍മ്മിച്ചതല്ലിയോ ? അതിലൊരു ഭൂതം ആയിരിക്കും ഇവനും. ഇല്ലെങ്കില്‍ ഇങ്ങനേ പോകുന്നിടത്തെല്ലാം കാണുമോ?

ഞാന്‍ ആണെങ്കില്‍ ബോറടിച്ചു പണ്ടാരടങ്ങി ഇരിക്കുവാരുന്നു. രോഗികള്‍ കുറെയെണ്ണം ഉണ്ട്. എല്ലാരും അങ്ങനെ തൂങ്ങി ഇരിക്കുന്നു. എന്‍റെ ടേണ്‍ ആകാന്‍ ഇനിയും കുറെ സമയം എടുക്കും. നമ്മുക്ക്‌ പറ്റിയ ആരെയും കാണാനും ഇല്ല. ഒന്ന് ഒരു തള്ള, പിന്നെ ഏമ്പക്കം വിട്ടുകൂട്ടുന്ന ഒരു കിളവന്‍, ഒരു ഗര്‍ഭിണി, പിന്നെ ഒരു പര്‍ദ്ദയിട്ട പെണ്ണ് (ആയിരിക്കും ), പിന്നെ ഒരു ഓന്ത് പോലത്തെ ചെറുക്കനും അവന്‍റെ അപ്പനും ..എന്നാ മിണ്ടാനാ ഇവരോടൊക്കെ ..

ഭൂതം എന്‍റെ അടുത്താ ഇരുന്നത്. ഒരു മൈന്‍ഡ് ഇല്ല. പക്ഷെ, ഒരു പ്രാവശ്യം ചിരിച്ചതിന്‍റെ അനുഭവം ഉള്ളത് കൊണ്ട് ഇത്തവണ ഞാന്‍ ചിരിച്ചില്ല. തല ചെരിച്ചു ചോദിച്ചു.

"ഏതു കാസ്റ്റ് ആണ് ?"

ഭൂതത്തിന് മനസ്സിലായില്ല എന്നുറപ്പ്. അവന്‍റെ അന്തംവിട്ട നോട്ടം കണ്ടു ഞാന്‍ വീണ്ടും ചോദിച്ചു

"ഏതു മതത്തില്‍ പെട്ട ആളാ?"

ഭൂതം ചുണ്ട് എന്‍റെ ചെവിയോടടുപ്പിച്ചു വെച്ചു ഒരു വാക്ക് ഉരുവിട്ടു. എന്റമ്മേ. ചെവിക്കല്ല് തെറിച്ചു പോയി. എന്തൊരു മുട്ടന്‍ തെറി ! സംസ്കാരമില്ലാത്തവന്‍. നമ്മുടെ മതത്തില്‍ പെട്ട ഭൂതം ആണെങ്കില്‍ രണ്ടു വാക്ക് മിണ്ടീം പറഞ്ഞും ഇരിക്കാലോ എന്ന് കരുതിയതിനുള്ള ശിക്ഷ .. ശോ ... ഞാന്‍ മിണ്ടാതിരുന്നു, വിളക്കും വേണ്ടാ ഒന്നും വേണ്ടാ.


പക്ഷെ ഭൂതത്തിന് പണി കൊടുക്കാനുള്ള ചാന്‍സ്‌ എനിക്കിന്നലെ കിട്ടി കേട്ടോ. ഓഫീസില്‍ ചെന്നപ്പോ അവിടിരിക്കുന്നു ഭൂതം. നമ്മുടെ ഓഫീസില്‍ നിന്നും ഈ വീടില്ലാത്തവര്‍ക്ക് വീട് വെക്കാനുള്ള ലോണ്‍ കൊടുക്കുന്നുണ്ട്. ഞാന്‍ വേണം അതിനു ശിപാര്‍ശ ചെയ്യാന്‍. നല്ല തിരക്കാണ് ആ ലോണ്‍ വാങ്ങാന്‍.

രാവിലെ ഒരു ലോണിനുള്ള അപേക്ഷ നോക്കുമ്പോള്‍ ഉണ്ടെടാ നമ്മുടെ ഭൂതം ആ അപേക്ഷയുടെ കൂടെ ഫോട്ടോ ആയി ഒട്ടിയിരിക്കുന്നു. കുറച്ചു നേരം കാത്തിരുത്തിയിട്ട് വിളിപ്പിച്ചു. ഇപ്പോള്‍ ഭൂതം ചിരിച്ചു. ഞാന്‍ ചിരിച്ചില്ല. ഞാന്‍ മുഖത്ത് നോക്കാതെ ഒരല്‍പം കനത്തില്‍ത്തന്നെ ചോദിച്ചു.
"മുന്നാധാരം എവിടെ ?" പ്ലാസ്റ്റിക്‌  കൊണ്ട് പൊതിഞ്ഞ ഒരു കടലാസ്സ്‌ കൂട്ടം, ഭൂതം എനിക്ക് നേരെ നീട്ടി. എല്ലാമുണ്ട്. കീഴാധാരം, അടിയാധാരം, പറ്റുചീട്ട്, ലൊക്കേഷൻ സ്കെച്ച്‌, എല്ലാം ..കോപ്പ് ലേശം ചില്ലറ കിട്ടാന്‍ എന്താ വകുപ്പ് ? കടലാസ് മറിക്കുമ്പോഴും എന്റെ ആലോചന അതായിരുന്നു. കിട്ടിയല്ലോ, ഞാനാരാ മോന്‍ ?

"ഏതാ മതം ?"

"മതമില്ല" ...സമാധാനം, തെറി പറഞ്ഞില്ല.

"ജാതി ഏതാ?"

"മനുഷ്യ ജാതി "; അമ്പട ഭൂതമേ! ലോണ്‍ കിട്ടാന്‍ വേണ്ടി മനുഷ്യനായി മതം മാറുന്നോ ?

ഞാന്‍ ഗൗരവം വിടാതെ പറഞ്ഞു ."മതമില്ലാത്തതിന്‍റെ  പേരില്‍ ചില്ലറ കോലാഹലമല്ല ഇവിടെ നടന്നത്, കുറച്ചു നാള്‍ മുന്‍പ്‌. അത് കൊണ്ട് ലോണ്‍ വേണമെങ്കില്‍ ജാതിയും മതവും ഒക്കെ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി വാ "

ഭൂതം മങ്ങിയ മുഖത്തോടെ എഴുന്നേറ്റു. പുറത്തേക്ക് നടക്കുമ്പോള്‍ ഭൂതത്തിന്റെ മുണ്ടിന്‍തലപ്പീന്നോ മറ്റോ ആണെന്ന് തോന്നുന്നു  ഒരു  പൊതി താഴെ വീണു. എന്‍റെ ദൈവമേ !

കണ്ണ് തള്ളിപ്പോയി എന്‍റെ ..രൂപാ ..... നോട്ടുകള്‍ , അഞ്ഞൂറിന്റെ, നൂറിന്‍റെ.... അത് നിലത്ത് മുഴുവന്‍ പരന്നുകിടന്നു. ഫാനിന്റെ കാറ്റില്‍ പറന്നു കളിച്ചു. എന്‍റെ ഒരു വര്‍ഷത്തെ ശമ്പളം ഇത്രേം വരത്തില്ല. അതിനു മാത്രം പൈസ .... ഇതിന്‍റെ പത്തിലൊന്ന് എനിക്ക് തന്നിരുന്നേല്‍ എപ്പോഴേ അവന്‍റെ  കാര്യം നടന്നേനെ.

ഞാനും ഭൂതവും കൂടെ പൈസ പെറുക്കിക്കൂട്ടി. എല്ലാം പെറുക്കിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കേറി ഭൂതത്തിന്റെ മടക്കിക്കുത്തില്‍ ഒരു പിടുത്തം പിടിച്ചു. രാധാമണി പിന്നെ പറഞ്ഞത് അത് പോലൊരു പിടുത്തം അവളെ പിടിച്ചിരുന്നെങ്കില് അപ്പൊത്തന്നെ അവള്‍ കാലിയാകുമെന്നാ..ഏതായാലും കലികൊണ്ട കാളക്കൂറ്റനെ പോലെ ഭൂതം എന്‍റെ പിടിയില്‍ നിന്നു കുതറിക്കൊണ്ടിരുന്നു .ഞാന്‍ വിടുവോ? ഞാന്‍ ആരാ മോന്‍?

"പറയെടാ, നിനക്കെവിടുന്നാ ഇത്രേം കാശ് ?നീ ഇത് കട്ടതല്ലേ? "

ഞാന്‍ അലറി.

"പൊന്നു സാറേ, കെട്ട്യോൾടെ  കെട്ട്താലി പണയം വെച്ച കാശാണ് " ഭൂതം ദയനീയത അഭിനയിച്ചു. എനിക്ക് അതങ്ങു മനസ്സിലായിരുന്നു കേട്ടോ, ഞാന്‍ പിടുത്തം വിട്ടില്ല.

"പണയ ചീട്ടെവിടെ  ... മോനെ " ഞാന്‍ കട്ടി കൂട്ടി ചോദിച്ചു. ഭൂതം മിണ്ടിയില്ല. ഇത് അടവാ സാറെ, "ഇപ്പൊ ഇത് പോലത്തെ ഒരു പാട് കള്ളന്മാര്‍ ഇറങ്ങിയിട്ടുണ്ട് .."രാധാമണി എരികൂട്ടി.

"സത്യം പറയെടാ; ഇത് നീ പോക്കറ്റടിച്ചതല്ലേ?"

എത്ര ചോദിച്ചിട്ടും ഭൂതം ഒരു മാതിരി കണ-കുണ വര്‍ത്താനമേ പറയുന്നുള്ളൂ. ഭൂതം, മന്ത്രം ചൊല്ലി കിട്ടിയ പൈസ ആണെന്ന് പറഞ്ഞാല്‍ ഞാനവനെ വിട്ടേനെ. സര്‍ക്കാരിനു കൊടുക്കാനുള്ള നികുതി അടച്ചാ മതിയല്ലോ .. അതിന്റെ നിയമം ഒക്കെ നമുക്കറിഞ്ഞൂടെ?

"നമുക്ക് പോലീസിനെ വിളിച്ചാലോ സാറെ "പ്യൂണ്‍ സദാനന്ദന്‍.

"എന്നാത്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നെ ? ഇതൊക്കെ നമുക്ക് തീര്‍ക്കാന്നെ " ഞാന്‍ ഭൂതത്തിനെ ഒരു തള്ളു വെച്ചു കൊടുത്തു.

പൊത്തോന്നു ചെന്നുവീണു, റോട്ടില്‍ . അടി തുടങ്ങിയാപ്പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നത് നേരാ. ഞാന്‍ ഒരെണ്ണം കൊടുത്തേയുള്ളൂ. ബസ്‌ കാത്തു നിന്നവരും ചായ കുടിച്ചോണ്ട് നിന്നവരും ഒക്കെ വന്നു പൊതിരെ, ഒരുത്തനും എന്താ കാര്യം എന്ന് പോലും ചോദിച്ചില്ല . ആളാം വീതം കൊടുത്തു   ....ആഹാ .. അവനോടു മതം ഏതാണെന്ന് ചോദിച്ചപ്പോ പുച്ഛം. ഇപ്പോള്‍ നോക്കിയെ, ആരെങ്കിലും ഉണ്ടോ ഒന്ന് തിരിഞ്ഞു നോക്കാന്‍....

തുടക്കം വെച്ചതേയുള്ളൂ. അപ്പോഴത്തേക്ക് ബ്ലോക്കില്‍ നിന്നു ഫോണ്‍ വന്നൂന്ന് പറഞ്ഞു കേട്ട് ഞാന്‍ ഓഫീസിലേക്കോടി. ഒള്ളത് പറയാവല്ലോ പിന്നെ ഭൂതത്തിന്‍റെ കാര്യവും എന്‍റെ കയ്യിലിരുന്ന അവന്‍ കട്ട പൈസയുടെ  കാര്യവും ഒക്കെ ഞാന്‍ അങ്ങ് മറന്നേ പോയി .. ദേ ഇപ്പോള്‍ ബാറില്‍ നിന്നു തൊണ്ണൂറു അടിച്ചു അതിനു കാശ് തികയാഞ്ഞിട്ടു അവന്‍റെ പൈസയില്‍ നിന്നു നൂറു രൂപ എടുത്തപ്പോഴാ ആ സംഭവം പിന്നെ ഞാന്‍ ഓര്‍ക്കുന്നത് തന്നെ.

വീട്ടില്‍ വന്നു റിലാക്സ് ആയി അലാവുദീന്‍  സീരിയല്‍ കാണാന്‍ ഇരുന്നപ്പോള്‍ അതാ ഇടയ്ക്കു ഒരു ഫ്ലാഷ് ന്യൂസ്‌ " ഒരുത്തനെ, (എന്തോ ഒരു പേര്, ഇതൊക്കെ ആരു ഓര്‍ക്കാന്‍?)  പോക്കറ്റടിക്കാരനെന്ന് അധിക്ഷേപിച്ചു ജനം തല്ലിക്കൊന്നു. ഞങ്ങടെ നാട്ടിലാ സംഭവം. കഷ്ടമേ, നമ്മുടെ നാട് എന്താ ഇങ്ങനെയായിപ്പോയത് ?

അവന്‍റെ ഭാര്യേം കൊച്ചുങ്ങളും നെഞ്ചത്തടിച്ചു നിലവിളിക്കുന്ന ചിത്രം അതാ വാര്‍ത്താ ചാനലിൽ.
അതിലൊരു കൊച്ചിനെ കണ്ടു നല്ല പരിചയം ..? ഏതാണോഎന്തോ ?

ദേണ്ടെ ...  ഇത് ഞങ്ങടെ ഓഫീസിനപ്പുറത്തുള്ള ബാര്‍ബര്‍ കൊച്ചുകുട്ടനല്ലിയോ, വലിയ വായില്‍ കാര്യങ്ങളെക്കുറിച്ച് വിവരം വിളമ്പുന്നു. ഛെ, ടി.വി.ക്കാര് വന്നപ്പോള്‍ ഞാന്‍ എവിടെയായിരുന്നു? ഇപ്പൊ നാലാളെ വിളിച്ചു കാണിച്ചു കൊടുക്കാരുന്നു.

ഇതിപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നേല്‍ ഇങ്ങനെ കണ്ടവനെ ഒക്കെ കേറി നിരങ്ങാന്‍ സമ്മതിക്കുമായിരുന്നോ? ഞാന്‍ ചാനല്‍ മാറ്റി. സ്റ്റാര്‍ സിംഗർ തുടങ്ങാറായി. രഞ്ജിനി ഹരിദാസ്‌ ശ്രീയേട്ടാ മാര്‍ക്സ്‌ എന്ന് കൊഞ്ചുന്നു. ചത്തവന് മുഖ്യമന്ത്രി അഞ്ചു ലക്ഷം സഹായധനം പ്രഖ്യാപിച്ച വാര്‍ത്ത സ്ക്രോൾ ചെയ്തു വരാന്‍ തുടങ്ങി. അടിയന്തിരമായി ഒരു ഇരുപത്തയ്യായിരം. അവന്‍റെയൊക്കെ ഒരു കാലം. ഈ കൊന്നവന്മാര്‍ക്കൊക്കെ എന്നെ കൊല്ലാന്‍ തോന്നിയില്ലല്ലോ.
എന്‍റെ പരിധിയില്‍ ഉള്ള സ്ഥലം ആയത് കൊണ്ട് ഇനിയിപ്പോ സഹായധനം എത്തിക്കാനും ഞാന്‍  ഓടണം.

പക്ഷെ എന്‍റെ ആധി അതല്ല. ആ ഭൂതം അടിച്ചു മാറ്റിയ പൈസ ആരുടെയാണോ എന്തോ? അത് അന്വേഷിച്ചു പിടിച്ചു വരുമ്പോഴേക്കും ആ പൈസ മുഴുവന്‍ എന്റെ കയ്യീന്നിങ്ങനെ ചില്ലറയില്ലാതെയും ബാറിലും ഒക്കെയായി ചെലവായിപ്പോയാല്‍ ഞാന്‍ എന്തോ ചെയ്യും ? ആകപ്പാടെ സത്യസന്ധന്‍ എന്ന ഒരു പേരേയുള്ളൂ സമ്പാദ്യം ... അതില്ലാതെയാവില്ലേ ? (ങാ, ഇടവേള കഴിഞ്ഞല്ലോ. അലാവുദീന്‍ സീരിയല്‍ വീണ്ടും തുടങ്ങി. ഇനി അബദ്ധം പറ്റാതിരിക്കാന്‍ എന്നും ഞാന്‍ ഈ സീരിയല്‍ കാണുന്നുണ്ട്. ജീംഭൂംഭാ .... )


O



PHONE : 9421155454
















വസന്തത്തിന്റെ വരവ്‌

കവിത
ആർ.എസ്‌.രാജീവ്‌








ഴു കടലും കടന്ന്
എഴുന്നൂറ്‌ നാഗത്താന്മാരെയും കീഴടക്കി,
ഞാൻ കൊണ്ടു വന്ന രാജകുമാരിയെ
നീ കാണുക.
ഇവളുടെ മിഴികളിൽ
ഒരു നഷ്ടപ്പെട്ട സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ
തങ്ങി നിൽക്കുന്നത്‌ നീ അറിയുന്നില്ലേ?
എവിടെയാണ്‌ നാം അവൾക്കൊരു
പീഠം കൊടുക്കുക?
നമ്മുടെ സത്ത തകർക്കുന്ന
ഈ ജീർണ്ണതയുടെ പൊയ്മുഖം
നീ എടുത്തു കളയുക.
ആന വിരണ്ടു കയറിയ ആൾക്കൂട്ടം പോലെ
നിന്റെ മുഖം ചിതറുന്നത്‌
ഞാൻ അറിയുന്നു.
നോക്കുക...
മലമുകളിൽ വസന്തം വിരിഞ്ഞിരിക്കുന്നു.
നമുക്ക്‌ നമ്മുടെ ശിരസ്സിലെ
ചിതൽപ്പുറ്റ്‌ തട്ടിക്കൊഴിക്കാം !


O


PHONE : 9567711400




Sunday, March 11, 2012

നഷ്ടസ്വപ്നങ്ങൾ

കഥ
ജോസെലെറ്റ്‌.എം.ജോസഫ്‌










          ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. "മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്. രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടൊപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍ നിന്നാരെങ്കിലും ചൂരലുമായി വരണം.

"കന്നു വെള്ളത്തിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട് !"

നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറുകരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പൊന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാറുണ്ട്. 


ഇനി സ്കൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയംപെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കാക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാരകേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനൊപ്പം പത്രം അരച്ചു കലക്കി, അന്നത്തേക്കു  വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദ്ദേഹത്തിന്‍റെ മുഖം തെല്ലു ഗൗരവപ്രകൃതമായിപ്പോയി.  "ഇവിടെ രാഷ്ട്രിയം പറയരുത് " എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായ കുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള 'ചെറുകടി'യിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റുകളെയും കൂടാതെ നിഷ്‌പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്. എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍പാര്‍ട്ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്ക്‌ വാങ്ങി അണിയാനോ അവര്‍ വൈമുഖ്യം കാട്ടാറില്ല. ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ.കെ.ജി. യും, വി.പി.സിംഗും, ഇ.എം.എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോൺഗ്രസ്‌ അനുഭാവ കര്‍ഷകമുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സൈറൺ, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പ്പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകർത്തുകളയുന്നത്.


രാഷ്ട്രീയ വൈപരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കും, മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിദിനത്തിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൗമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്? എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അർത്ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും കൗതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടെന്നൊരു ദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി. ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍ ? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ത്ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു" എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി. അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവാമായിരുന്നു.  പെട്ടെന്നൊരു ദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൗമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അംഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോഴും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്ടറി ഇന്റർവ്വ്യൂകൾ ആവേശമായിരുന്നു. വേണ്ടുന്ന കായികക്ഷമത  ഉണ്ടായിരുന്നിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു. പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തത്തിലലിഞ്ഞുചേര്‍ന്ന പ്രത്യയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂണിയൻ നേതാവായി. കാലം വഴിതെറ്റിയപ്പോഴും, കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോഴും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവെച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷകമുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധചേരിയില്‍ സഞ്ചരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റിബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൗനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധമോ എന്തോ, പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണയും സംഭവിക്കുന്ന പോലെ, നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്റൽ" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍ , വെല്ലുവിളിയായി കണ്ട്‌ അതെല്ലാം തലയിലേറ്റുന്ന അവനെ "കിന്റൽ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍ .........സ്കൂള്‍വഴിയില്‍ കുട്ടികളെ കാണുമ്പോള്‍ ......... ആത്മാര്‍ത്ഥതയില്ലാത്ത പൊയ്‌മുഖങ്ങള്‍ കാണുമ്പോള്‍ .......... അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.


O



Saturday, March 10, 2012

മലിംഗൻ പന്തുകൾ തീവിതയ്ക്കുന്നു


കഥ
സതീഷ്കുമാർ.കെ








        




             ക്രിക്കറ്റ് കളി ആലസ്യത്തിലേക്ക് നയിക്കുമെങ്കി വൈകുന്നേരങ്ങളിലെ ടെലിവിഷന്‍ സീരിയലുക മരണത്തിലേയ്ക്കുള്ള ഇടവഴികളാണ് എന്ന ചിന്ത മാധവനുണ്ടായിരുന്നു. ടി.വിയി ഇന്ത്യ  ടീമിന്‍റെ ക്രിക്കറ്റ്കളി ഉള്ളപ്പോഴൊക്കെ അയാ സ്കൂളില്‍നിന്നും അവധി എടുത്ത് കളി കാണാറുണ്ടായിരുന്നു.ആ സമയങ്ങളി ഹാളി വെറും നിലത്തുകിടക്കാറുള്ള മാധവന്‍, തന്‍റെ ശിരസ്സിനു സമീപം കാഷ്ഠമിടുന്ന കോഴികളെയോ കറങ്ങുന്ന ഫാനിനു ചുവട്ടി സോഫയിലുറങ്ങുന്ന പൂച്ചയെയോ അലക്കാത്ത വസ്ത്രങ്ങളോ കുട്ടികളുടെ ബഹളങ്ങളോ ഒന്നും തന്നെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ആലസ്യം ആവേശത്തിലേക്ക് എത്തുന്ന അത്തരം ദിവസങ്ങള്‍ക്കൊടുവിലാണ് തന്‍റെ ജീവിതത്തി അവിസ്മരണീയമായ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് അയാ ഓര്‍ത്തു.


ടി.വിയ്ക്ക്‌ മുന്നിൽ പായ പോലും വിരിക്കാതെ റിമോട്ട്‌ ഉപയോഗിച്ച് സ്പോര്‍ട്സ്‌ ചാനലുക മാറ്റിക്കൊണ്ട് ഗ്രാനൈറ്റ്‌ തറയി കിടന്നിരുന്ന മാധവ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള കളി വൈകുന്നതി മുഷിഞ്ഞ്‌, ക്ഷീണം അകറ്റാചായയ്ക്കായി അടുക്കളയിലെത്തി. കപ്ബോര്‍ഡ് തുറന്ന്, അതിനുള്ളില്‍നിന്നും ചായ നിറച്ച ഫ്ലാസ്ക് എടുക്കുന്നതിനിടയിബാറ്റ്സ്മാന്‍റെ സ്റ്റംപ് എറിഞ്ഞിട്ടു ഇളിഭ്യച്ചിരി കാട്ടുന്ന ലങ്കന്‍താരം ലസിത്‌ മലിംഗയെ പോലെ കപ്ബോര്‍ഡുക അയാളെ നോക്കി ഗോഷ്ടി കാട്ടി ചിരിച്ചു. അത് പണി ചെയ്ത ശിവനാചാരി മാധവന്‍റെ മുന്നി നിറഞ്ഞു.


ചീലാന്തിതടി അറുത്ത്‌ പലകയാക്കിയപ്പോഴും കപ്ബോര്‍ഡിന്റെ അളവുക എടുത്തപ്പോഴും ശിവ ഉണ്ടായിരുന്നില്ല. ഗണേശനാചാരിയാണ് അതൊക്കെ ചെയ്തത്. ചാണകഗന്ധം തളിച്ച കോളനി വഴികളിലൂടെ പലതവണ ഗണേശനാചാരിയുടെ വീട്ടിലെത്തി പണി ചെയ്യുവാനായി ക്ഷണിക്കുമ്പോ ഉടന്‍ തുടങ്ങാമെന്നുള്ള സ്ഥിരം മറുപടിക മാധവന്‍റെ കാതി പതിനാറുവിശേഷവും നാല്‍പ്പത്തിയൊന്നാം ചരമദിനവും ആചരിച്ചു കഴിഞ്ഞിരുന്നു . മാധവന്‍ പിന്നീട് ഗണേശനെ കാണുമ്പോമൗനത്തിന്റെ തപസ്‌ കാട്ടി ഒഴിഞ്ഞുമാറിയിരുന്നു.


ദക്ഷിണാഫ്രിക്ക ഇന്ത്യാ ഏകദിനമത്സരം തുടങ്ങിയ ദിവസമായിരുന്നു പണി തുടങ്ങാനായി ഗണേശനാചാരി പ്രത്യക്ഷപ്പെട്ടത്. അന്നും മാധവന്‍ അവധിയിലായിരുന്നു. ചുരുണ്ട മുടിയുടെ പിന്‍ഭാഗം നീട്ടിവളര്‍ത്തിയ ശിവ ലങ്കയുടെ ലസിത്‌ മലിംഗയെ അനുസ്മരിപ്പിച്ചു. തൊഴുത്തിന്റെ ഉള്ളി പ്ലാസ്റ്റിക്ചാക്ക്‌ നീളത്തില്‍കീറി മൂടിയിട്ടിരുന്ന ചീലാന്തിപ്പലകക ശിവന്റെ തലോടലി ഉണര്‍ന്നു വളരെവേഗം കപ്ബോര്‍ഡ് ഫ്രെയിമുകൾ ആകുന്ന കാഴ്ച, ടി.വിയിലെ കളിയിലെ ഓവറുകള്‍ക്കിടയിലുള്ള പരസ്യവേളകളിമാധവന്‍ കണ്ടുകൊണ്ടിരുന്നു. കളിയുടെ ആരവം ഉയരുമ്പോ ശിവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാ ടി.വിയുടെ മുന്നിലേയ്ക്ക് ഓടുമായിരുന്നു.


ഇന്ത്യ 210 റണ്‍സിന് ഓള്‍ഔട്ട്‌ ആയപ്പോ മാധവനു നിരാശയായി. അയാ അപ്പോ ശിവനെ പരിചയപ്പെട്ടു. ഗണേശനാചാരിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ്‌. എട്ടും ആറും വയസ്സുള്ള രണ്ട്‌ പെണ്‍കുട്ടിക. വാടകയ്ക്ക് താമസം. ഭാര്യ മാളവിക.

അവളെക്കുറിച്ച് സംസാരിച്ചപ്പോ ശിവ വാചാലനായി.

“ഞങ്ങ ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചവരാണ്. ഒട്ടേറെ സമാനതക അന്ന് ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്ക്‌ തമ്മിലുണ്ടായിരുന്നു. വിവാഹത്തിന് മുന്‍പ്‌ കാണാറുള്ളപ്പോഴൊക്കെ തമിഴന്‍റെ ചായക്കടയിലെ രസവടയും മുറുക്കും സ്ഥിരമായി വാങ്ങി കൊടുക്കുമായിരുന്നു.ആ ശീലം ഇന്നും തുടരുന്നു. അന്നവപകരം തന്നിരുന്ന ചുംബനത്തിന്‍റെ അടയാളം ഇപ്പോഴും എന്‍റെ കവിളിലുണ്ട്....”
 
മാധവന്‍റെയും ശിവന്റെയും കുശലഭാഷണങ്ങളെ രഹസ്യമാക്കി വെച്ച ചിരിയിലൂടെയും മൂളിപ്പാട്ടിന്റെ  പതറുന്ന ശീലുകളിലൂടെയും ശ്രദ്ധിച്ചു കൊണ്ടിരുന്ന ഗണേശന്റെ പണിയുടെ താളത്തിന്റെ വേഗത, അയാളുടെ ഇടതു മുടന്തുകാലിന്‍റെ ചലനത്തിനു സമാനമായിരുന്നു.... ചെണ്ടമേളം പഠിക്കുന്ന കുട്ടിയെപ്പോലെ....... എന്നാ ശിവനെയാകട്ടെ പൂരപ്പറമ്പിലെ മേളക്കാരുടെ ചടുലത വന്ന രാജാവായിട്ടാണ് മാധവ കണ്ടത്‌.

“എന്‍റെ മാളവിക ഇതിനേക്കാ എത്രയോ നന്നായി ചായയുണ്ടാക്കും. പാചകകലയി അവ ഇന്ദ്രജാലക്കാരിയാണ്‌” തലേരാത്രിയി തന്നെ കഴുത്തി കുത്തിപ്പിടിച്ചു കാളിയുടെ ചുടലനൃത്തമാടി വീടിനു പുറത്തേയ്ക്ക്‌ തള്ളിവിട്ട മാളവികയെ ചായ കുടിക്കുന്നതിനിടയി ശിവ വാഴ്ത്തി. ഗാലറികളെ നിശബ്ദമാക്കികൊണ്ട് എട്ടു വിക്കറ്റിനു ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോ മാധവനു എല്ലാവരോടും അരിശം തോന്നി. 

എങ്കിലും അയാ ശിവനെ അഭിനന്ദിക്കാതിരുന്നില്ല. കൊത്തുപണിരൂപങ്ങതയ്യാറാക്കുന്നതിലാണ് തനിക്ക്‌ താല്‍പ്പര്യം എന്ന് പറഞ്ഞു കൊണ്ടു ശിവ പണി നിര്‍ത്തി ആയുധസഞ്ചി വീടിനുള്ളി വെച്ചു നടന്നു നീങ്ങി.

അടുത്ത ദിവസം ശിവനെയും കൂട്ടി വിജാഗിരിയും സ്ക്രുവും പണിയ്ക്കുള്ള മറ്റ് സാധനങ്ങളും വാങ്ങാ കടയിലെത്തിയ മാധവനോട് കടയുടമ പറഞ്ഞു 

“മിടുക്കനാണ്. കിട്ടാന്‍ പ്രയാസം. എപ്പോഴാണ് ഒളിച്ചോട്ടം എന്ന് പറയാന്‍ പറ്റില്ല.”

“ഒളിച്ചോട്ടമോ ...?”

കടയുടമയുടെ മറുപടി പുഞ്ചിരിയായിരുന്നു.

മാധവന്‍ ഫ്ലാസ്കിനിന്നും ചായ എടുത്ത് നുണഞ്ഞു കൊണ്ട് കപ്ബോര്‍ഡ്‌ അടച്ച്‌, ടി.വിയിലെ ഗാലറിയിലേക്ക്‌ ചെന്നു. ടോസ്സിലൂടെ ഇന്ത്യ ബാറ്റുമേന്തി ഗ്രൗണ്ടിലിറങ്ങിയപ്പോ ആര്‍പ്പുവിളികളോടെ മാധവന്‍ അവരെ സ്വാഗതം ചെയ്തു. പന്തുകൾ തുടരെ അതിര്‍ത്തിവരയി എത്തുന്നതിനിടയി വൈദ്യുതി നിലച്ചു. മാധവൻ പെട്ടെന്നു തന്നെ സ്റ്റേഡിയത്തിനിന്നും പുറത്തായി.

“നശിച്ച പവര്‍കട്ട് പകല്‍സമയത്തുമോ?” മാധവന്‍ അരിശത്തോടെ പിറുപിറുത്തു.

ഒഴിഞ്ഞ ഗ്ലാസ്‌ കപ്പ്‌ബോര്‍ഡി വെക്കുവാ അടുക്കളയിലെത്തിയ മാധവന്‍റെ മുന്നി പലകകള്‍ക്കിടയിലൂടെ ശിവൻ വീണ്ടും കടന്നുവന്നു പണി തുടര്‍ന്നു.

അന്നേദിവസം അതിരാവിലെ തന്നെ എത്തിയ ശിവൻ, മറന്നുപോയ ഡ്രില്ലിംഗ്പിറ്റ് എടുക്കാനായി അനുവാദം ചോദിച്ച്‌, മാധവന്‍റെ ബൈക്കുമായി പോയി. പത്തു മണിയ്ക്ക്‌ തിരിച്ചെത്തി, ക്ഷമ ചോദിച്ചുകൊണ്ട് വണ്ടിയുടെ ബോക്സി നിന്നും ബ്രാണ്ടിക്കുപ്പി പൊക്കിയെടുത്തു.

“ഇതു വാങ്ങാന്‍ പോയതായിരുന്നോ ? ഇതിവിടെ പറ്റില്ല. ഇന്ന് പണി വേണ്ട.” മാധവന്‍റെ രോഷം ഹിമാലയം കയറിയിരുന്നു.

ആദ്യ പീരിയഡി അധ്യാപകന്‍റെ അസാന്നിദ്ധ്യത്തിന്‍റെ ആവേശത്തി ക്ലാസ്സി കോലാഹലം കൂട്ടുന്ന കുട്ടികളേയും കടന്തല്‍കുത്ത ഏറ്റതുപോലെ മുഖം ചുവപ്പിക്കാറുള്ള പ്രധാന അധ്യാപികയെയും ചിന്തിച്ചു ബൈക്കി പറന്നപ്പോ പരാജയത്തിലേക്ക് നീങ്ങുമ്പോഴുള്ള ഇന്ത്യന്‍ടീമിന്‍റെ ദൈന്യത അയാളുടെ ഉള്ളി നിറഞ്ഞിരുന്നു.

അന്ന്, അമ്മ കാണാതെ മദ്യമകത്താക്കിയ ശിവൻ, കുഴഞ്ഞ ശബ്ദത്തി ഗണപതിയെയും കൃഷ്ണനെയും കുറിച്ച് ദൈവവിശ്വാസിയായ അമ്മയോട് വാചാലനായി തര്‍ക്കിച്ചു. ഗണപതിയ്ക്ക് ഭക്ഷണത്തോടും കൃഷ്ണനു പെണ്ണിനോടും അഭിനിവേശമാണെന്നും തന്‍റെ മാളവികയുടെ കൃഷ്ണ എപ്പോഴും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് അയാ മടങ്ങി.

വൃശ്ചികത്തിലെ കുളിരിനെ കുളിപ്പിക്കാനെത്തിയ മഴയിലൂടെ കാലന്‍കുട ചൂടി അടുത്തദിവസം സൂര്യനേക്കാ മുന്‍പേ വീടുണര്‍ത്തി കോളിംഗ്ബെ മുഴക്കിയ ശിവ, പാതിമയക്കത്തി വാതില്‍തുറന്ന മാധവന്‍റെ മുന്‍പി മദ്യഗന്ധം തുപ്പി ആയിരം രൂപ കടമായി ചോദിച്ചു. അഞ്ഞൂറ് രൂപ നല്‍കി ശിവനെ മടക്കിയയച്ചു.

അന്നു വൈകുന്നേരവും ഉറയ്ക്കാത്ത കാലുക വിറപ്പിച്ച് ആടിവന്ന ശിവ അടുത്തദിവസം വരാമെന്നു മാധവനു ഉറപ്പ്‌ കൊടുത്തു.

പിന്നീട്‌ ശിവനെ കണ്ടതേയില്ല. കടയുടമ പറഞ്ഞ ശിവന്‍റെ ഒളിച്ചോട്ടമായിരുന്നു അത്.

തൊഴുത്തിനോട് ചേര്‍ന്നു വെളിയി കിടന്നിരുന്ന ശിവന്‍റെ പണിയായുധങ്ങ ദിവസങ്ങ കഴിഞ്ഞു മാധവന്‍ എടുത്ത് വീടിനുള്ളി വെച്ചു. കപ്പ്‌ബോര്‍ഡിന്‍റെ പണി ഒറ്റയ്ക്ക്‌ പൂര്‍ത്തിയാക്കിയ ദിവസം ഗണേശനാണ്‌ അവ എടുത്തു കൊണ്ടുപോയത്‌.

കറങ്ങുന്നഫാനിന്‍റെ കാറ്റ്‌ തലയി തട്ടിയപ്പോൾ ഓർമ്മകളിൽ നിന്നുണർന്ന്, മാധവന്‍ ടി.വിയ്ക്ക്‌ മുന്നിലെത്തി കാണികളുടെ ആരവങ്ങളിലേക്ക് ചേര്‍ന്നു. സര്‍വസംഹാരിയായ ലസിത്‌ മലിംഗയുടെ പന്തുകള്‍ക്ക്‌ ഇപ്പോ തീഷ്ണത കുറവാണോ എന്നു മാധവ സംശയിച്ചു. ഫീല്‍ഡിലെ അയാളുടെ പദചലനങ്ങള്‍ക്ക് ലക്ഷ്യബോധമില്ലായിരുന്നു. മൂന്നു നിസ്സാര ക്യാച്ചുക കളഞ്ഞു  മലിംഗ  67 റണ്‍സ് കൊടുത്ത് ഇന്ത്യയ്ക്കു 305 സ്കോ വെച്ചുനീട്ടി. ആവേശകരമായ മത്സരം അവസാന ഓവർ വരെ നീണ്ടു. ജയം കൈയ്യെത്തിപ്പിടിക്കാവുന്ന ഒരു ഘട്ടത്തിൽ അവസാന പോരാളിയായ മലിംഗയുടെ ബാറ്റിനിടയിലൂടെ  നുഴഞ്ഞുചെന്ന പന്ത്‌ ആ സാധ്യതയുടെ ബെയിൽസ്‌ തെറിപ്പിച്ചു. ഗാലറിയിൽ ആഘോഷത്തിമിർപ്പ്‌ !

 
കളിയുടെ ഊർജ്ജമേറ്റുവാങ്ങി നടക്കാനിറങ്ങിയ മാധവ വൈകുന്നേരം അഞ്ചു മണിയുടെ തിരക്കുള്ള കവലയിലേക്ക് ഊര്‍ന്നു കയറിയപ്പോഴാണ് മലിംഗയുടെ രൂപത്തിൽ ശിവൻ വീണ്ടും പ്രത്യക്ഷപ്പെട്ടത്. മീൻചന്തയോട് ചേര്‍ന്നു നിരപ്പായ സ്ഥലത്തുവിരിച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ഷീറ്റി , ചതുരപ്പലകകള്‍ക്കിടയി, ആള്‍ക്കൂട്ടത്തിന്‍റെ വേലിക്കെട്ടിനുള്ളിലിരുന്നു ശിവന്‍ കൊത്തുപണി നടത്തുന്നു. താടിയും മുടിയും കുറേക്കൂടി നീണ്ടിരിക്കുന്നു. ചതുരപ്പലകയി അണക്കെട്ടിന്‍റെ രൂപം മെനയുന്ന ശിവന്‍റെ ഉളിയുടെ ചലനങ്ങളി ഫീല്‍ഡിലെ മലിംഗയെ മാധവ ദര്‍ശിച്ചു.


“ഹ ഹ ഹ” പിറുപിറുത്തുകൊണ്ടിരുന്ന ജനക്കൂട്ടം ശിവന്‍റെ പൊട്ടിച്ചിരിയി നിശബ്ദമായി. അനേകം കണ്ണുക ഒരേ സമയം ആ പലകയിലേക്ക് കേന്ദ്രീകരിക്കാ തിരക്ക്‌ കൂട്ടിയ ശ്രമത്തിനിടയി മാധവന്‍ സ്വയമറിയാതെ മുന്നോട്ടാഞ്ഞു ശിവന്‍റെ തോളി കൈ വെച്ചു. ഉയർന്നുവന്ന മുഖത്ത്‌ ആദ്യം അമ്പരപ്പും പിന്നീട് അപരിചിതത്വവും തെളിഞ്ഞ്‌, ഒടുവി തിരിച്ചറിവായി.


ശിവന്‍ എഴുന്നേറ്റു.

“സാറോ....?”

“എന്താ ശിവാ ഇത്.......?”

കളിക്കളത്തി പിഴവുക സംഭവിക്കുമ്പോഴുള്ള മലിംഗയുടെ ഭാവം മാധവ ശിവനി അപ്പോ കണ്ടു.

ചന്തയുടെ കോണി വിരിച്ചിരുന്ന നീല പ്ലാസ്റ്റിക്‌ഷീറ്റിനു മുകളി ശിവന്‍റെ കൈത്തലോടലേറ്റ അനേകം ബിംബങ്ങളും അയാളുടെ ചീതുളിയും നിശബ്ദമായിരുന്നു. അതിനു ചുറ്റുമുള്ള പാദചലനങ്ങ പെരുമഴപ്പെരുക്കത്തി നിന്നും ചാറ്റലിലേയ്ക്ക്‌ എത്തിയിരുന്നു. അതിനുമപ്പുറത്തെ മീന്‍കച്ചവടക്കാരും പച്ചക്കറിവില്‍പ്പനക്കാരും തിരക്കിലായി.


 “എന്‍റെ ചീതുളിക്ക് ഒത്തിരി രൂപം കൊത്താനുണ്ട്. അങ്ങനെ ഞാന്‍ ഈ തെരുവിലെത്തി. ഇവിടെ ഉടമസ്ഥനും പണിക്കാരനും ഞാ തന്നെയാണ്.” ശിവന്‍ പറഞ്ഞു.

ഒരു അണക്കെട്ടിനു ചുറ്റും നിലവിളിയ്ക്കുന്ന ജനങ്ങളെ ആലേഖനം ചെയ്ത കൊത്തുപണി മാധവനെ കാട്ടിക്കൊണ്ട് നിന്നിരുന്ന ശിവന്‍റെ കണ്ണുക അല്‍പ്പമകലെ അപ്പോ വന്നുനിന്ന പോലീസ്ജീപ്പിൽ ചെന്നു തറഞ്ഞു. 

അയാമലിംഗയുടെ പന്തുകളുടെ വേഗത ആവാഹിച്ച് കൊത്തുപണിരൂപങ്ങ അടുക്കി വെക്കാ തുടങ്ങി.......എല്ലാ കൊത്തുപണിരൂപങ്ങളിലും അന്ത്യചുംബനം നല്‍കി.


സാറ്‌ സംശയിക്കണ്ട. അവർ വരുന്നത്‌ എന്നെ കൊണ്ടുപോകാനാണ്‌. ഞാനും കൊത്തുപണിയും എന്റെ മാളവികയും....ഇതി ഒന്നില്ലെങ്കി മറ്റൊന്നും ഇല്ല. ഒന്നു തീർന്നു കഴിഞ്ഞു. ഇനി ബാക്കിയുള്ളത്‌ ഞാനിതാ തീർക്കുന്നു”.  പെട്രോളിന്‍റെ ജാ കൊത്തുപണിരൂപങ്ങള്‍ക്ക്‌ മേലെ തുറന്നുകൊണ്ട് ശിവൻ പറഞ്ഞു.


മലിംഗ പന്തുകളുടെ ആവേശം നൊടിയിടയിൽ ഉണരുന്നതു കണ്ടുകൊണ്ടു നിന്ന മാധവന്റെ മുന്നിലൂടെ കാക്കിയുടെ കാഴ്ച വന്നെത്തുന്നതിനു തൊട്ടുമുമ്പാണ്‌ കൊത്തുപണിരൂപങ്ങളെയും ഉടലാകെയും നക്കിയെടുത്തുകൊണ്ട്‌ തീപ്പന്തുകൾ തുടരെ പതിച്ചത്.


  O



 PHONE : 9037577265






എനിക്കും നിനക്കും ഒരേ മണം

കവിത
കൃഷ്ണ ദീപക്‌




നിക്കും നിനക്കും
ഒരേ മണമെന്നു പറഞ്ഞ്
ഇരുട്ടുമുറിയിൽ എന്നെ അടച്ചിട്ടത്
തികട്ടി വന്ന നിന്റെ മണത്തെ
തെക്കേ പറമ്പിൽ ഓക്കാനിച്ചപ്പോഴാണ്. 

 തിരത്തള്ളലിന്റെ ആവേഗത്തെ
മൂന്നാം ദിവസം ചുവപ്പിൽ കുളിപ്പിച്ച്
മുറുക്കിത്തുപ്പി പണിക്കത്തി
പാടവരമ്പത്ത് ചിതറിച്ച
നിന്റെ ചോരത്തുള്ളികളെ
അത്താഴ പാത്രത്തിലേക്കും പകർന്ന്
അച്ഛനും ആങ്ങളമാരും ഉറഞ്ഞുതുള്ളി.

ഇരുട്ടിന്റെ മറപറ്റിയെത്തിയ
അമ്മയുടെ കൈകളെന്നെ
നിന്റെ വീട്ടുപടിക്കലേക്ക് തള്ളിവീഴ്ത്തി.
നിനക്കറിയുമോ..?
മറവിയുടെ ആലസ്യത്തിലേക്ക്
നീ.. എത്രമാത്രം
കൂപ്പുകുത്തിയെന്നറിഞ്ഞപ്പോഴാണ്
മരുന്നു മണക്കുന്ന നിന്റെ മുറിയുടെ
ഇടനാഴിയിൽ നിന്നും
ചിത്താശുപത്രിയിലേക്കുള്ള
ദൂരം ഞാൻ അളന്നത്.

പാട കെട്ടുന്ന നിന്റെ ഓർമകളിലേക്ക്
ഇടയ്ക്കിടെ മരണത്തിന്റെ
മത്തുപിടിപ്പിക്കുന്ന മണം
പതുങ്ങി എത്തിയിരുന്നത്
തീർത്തും വെളിച്ചം കടക്കാത്ത
എന്റെ മുറിയുടെ
എനിക്ക് അജ്ഞാതമായ
വിടവിലുടെ ആയിരുന്നു. 

ഒരുനാൾ ....
നീലച്ച ഞരമ്പുകളിൽ
കൊളുത്തി വലിച്ച്
എനിക്ക് ചുറ്റും വലയം തീർത്ത്‌
ഇരുട്ടുമുറിയുടെ
ഇടുങ്ങിയ വിടവിലുടെ
നിന്നെയും വലിച്ചുകൊണ്ട്
നമ്മളെ ഒന്നിച്ചു ചേർത്ത്‌ ...
 ഇപ്പോൾ എനിക്കും നിനക്കും
ഒരേ മണം.

O


Illustration - AJITH.K.C