Saturday, July 30, 2016

സംസ്കാരജാലകം-26

സംസ്കാരജാലകം-26
ഡോ.ആർ.ഭദ്രൻ















സുഗന്ധി എന്ന ആണ്ടാൾ ദേവനായകി




ടി.ഡി.രാമകൃഷ്ണന്റെ ഈ നോവലിന്റെ തമിഴ്പതിപ്പ് ഉടൻ ഉണ്ടാവണം. തമിഴ്നാട്ടിൽ നോവൽ വലിയ വിപ്ലവം സൃഷ്ടിക്കും; വായനാവിപ്ലവം. ശ്രീലങ്കയിലെ വംശീയകലാപത്തിൽ ഈ നോവലിൽ വ്യക്തമായും തമിഴ് വംശജരോട് വലിയ ആഭിമുഖ്യമാണ്‌ പുലർത്തുന്നത്. പുലി പ്രഭാകരൻ ഒരു ലഹരിയായി നോവലിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ടി.ഡി.രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര എന്നീ നോവലുകളിൽ നിന്നും വ്യത്യസ്തമായ നോവലാണിത്. ചരിത്രവും മിത്തും ഈ നോവലിൽ പ്രയോഗിച്ചിരിക്കുന്നതിന്റെ സൗന്ദര്യാത്മകതലങ്ങളെക്കുറിച്ച് നോവൽ വിമർശകർ ആഴത്തിലുള്ള അന്വേഷണങ്ങൾ നടത്തണം.


വാർത്തകൾ വായിക്കുന്നത് ശങ്കരനാരായണൻ





വാർത്ത കേൾക്കുന്നതിന്റെ ഗൗരവവും സുഖവും സൗന്ദര്യവും മലയാളിക്ക് കൊടുത്തത് ആൾ ഇന്ത്യ റേഡിയോ ഡൽഹിനിലയത്തിലെ മലയാളം വാർത്തവായനക്കാരനായ ശങ്കരനാരായണനായിരുന്നു. ഈ രംഗത്ത് ഇതിനോട് കിട പിടിക്കാൻ മറ്റൊരാളും ഉണ്ടായിട്ടില്ല. ഇന്ന് ടെലിവിഷൻ ചാനലുകളിൽ വാർത്തകൾക്ക് ദൃശ്യാത്മകതയുടെ സാധ്യതകൾ ഉണ്ടായിട്ടുകൂടി വലിയ അനുഭവരസം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ശങ്കരനാരായണന്റെ വാർത്തവായനയുടെ പ്രത്യേകത, ശ്രാവ്യമായിട്ടുകൂടി നല്ല ദൃശ്യാത്മകതയും നാടകീയതയും പകരാൻ കഴിഞ്ഞു എന്നതാണ്‌. ആ വാർത്തകൾക്ക് ഒരു നാഷണൽ സ്പിരിറ്റ് കൂടി ഉണ്ടായിരുന്നു. ഇന്ത്യ ഒന്നാകെ ഉൾക്കൊണ്ടുകൊണ്ടാണ്‌ ആ വാർത്തകൾ മലയാളിയുടെ കാതുകളിൽ വന്നുപതിച്ചത്. ഇപ്പോഴത്തെ ടെലിവിഷൻ വാർത്തകൾ കൊച്ചു തുരുത്തുകളായി മാറുന്നതുകൊണ്ടാണ്‌ ഇങ്ങനെ എഴുതുന്നത്. 



ഒരു അപൂർവ്വ പുസ്തക പ്രകാശനം




2016 ഏപ്രിൽ 8 വെള്ളിയാഴ്ച കൊല്ലം പബ്ലിക് ലൈബ്രറിയിൽ ഒരു അപൂർവ്വ പ്രകാശനം നടക്കുകയുണ്ടായി. ഡോ.പി.കെ.ഗോപൻ എഴുതിയ ‘സ്വാതിതിരുനാൾ മഹാരാജാവും മഹാകവിയും’ എന്ന പുസ്തകമാണ്‌ പ്രകാശനം ചെയ്യപ്പെട്ടത്. അശ്വതിതിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ടീച്ചർ പുസ്തകം സ്വീകരിച്ചു. ഒരു കമ്യൂണിസ്റ്റുകാരനെഴുതിയ പുസ്തകം തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരു തമ്പുരാട്ടി പ്രകാശനം ചെയ്തു എന്ന കൗതുകം ചടങ്ങിനെ ആദ്യന്തം ഗൗരവമുള്ളതാക്കി മാറ്റി. കമ്യൂണിസ്റ്റുകാർ കലയോടു പുലർത്തുന്ന ആദരവ് ചടങ്ങിൽ ആദ്യവസാനം പ്രകീർത്തിക്കപ്പെട്ടു. വളരെ കുലീനവും അന്തസ്സുറ്റതുമായിരുന്നു തമ്പുരാട്ടിയുടെ ഓരോ വാക്കും ചലനവും എന്നതും ശ്രദ്ധിക്കപ്പെട്ടു. 



ഏ.അയ്യപ്പനും നൊബേൽ സമ്മാനവും




മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യയിൽ തന്നെ നൊബേൽ സമ്മാനം ലഭിക്കുവാൻ പോന്ന തരത്തിൽ കാവ്യശക്തി ഉണ്ടായിരുന്ന ഒരു കവി ഏ.അയ്യപ്പൻ മാത്രമാണ്‌. അദ്ദേഹത്തിന്റെ ഓരോ കവിതയും വായിച്ച് അതിന്റെ ആഖ്യാനത്തിന്റെ സാന്ദ്രഭംഗി താലോലിച്ച് നാം അത്ഭുതപരതന്ത്രരായിപ്പോകും. ആ കാവ്യപ്രതിഭയ്ക്ക് മുന്നിൽ നാം അറിയാതെ നമിച്ചുപോകും. അതിമനോഹരമായി ഈ കവിതകൾ വിവർത്തനം ചെയ്ത് നൊബേൽ അക്കാദമിക്ക് കൊടുത്താൽ നെരൂദയ്ക്ക് നൊബേൽ സമ്മാനം കൊടുത്തതു പോലെ ഈ കവിയ്ക്കും നൊബേൽ സമ്മാനം ഉറപ്പാണ്‌. കേരളത്തിലെ സാഹിത്യരംഗത്ത് നിലനിൽക്കുന്ന വൃത്തികെട്ട പ്രവണതകളാണ്‌ അയ്യപ്പനെപ്പോലെയുള്ള കവികളുടെ യഥാർത്ഥമഹത്വം ലോകത്തിലേക്ക് പ്രകാശമാകുന്നതിന്‌ എന്നും തടസ്സമായി നിന്നിട്ടുള്ളത്. കമലാസുരയ്യ മാത്രമാണ്‌ മലയാളത്തിലെ ഏറ്റവും വലിയ കവി ഏ.അയ്യപ്പനാണെന്ന് തുറന്നു പറഞ്ഞിട്ടുള്ളത്.


കനയ്യ എന്ന കനൽ




രാജ്യത്തിനുള്ളിലെ ചൂഷണങ്ങൾക്കെതിരെ ആഞ്ഞടിച്ച ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യകുമാർ എന്ന ചെറുപ്പക്കാരൻ നിസ്തോഭമായ ആത്മധൈര്യത്തിലൂടെ രാജ്യത്തുടനീളം ഫാസിസത്തിനെതിരെ പോരാടുന്ന ഒരു ജനതയുടെ മനോവീര്യമാണ്‌ പ്രോജ്ജ്വലിപ്പിച്ചത്. വ്യാജപ്രചാരണങ്ങളിലും സമ്മർദ്ദങ്ങളിലും കനയ്യ അടിതെറ്റിയിരുന്നെങ്കിൽ ഒപ്പം ചേർന്ന വലിയ ഒരു ആരവം നിലച്ചുപോകുമായിരുന്നു. ഫാസിസ്റ്റുകൾ രംഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമായിരുന്നു. ശക്തിയുക്തം അന്തരീക്ഷത്തിലേക്കുയർന്ന ആ ചൂണ്ടുവിരൽ ഒരു രാജ്യത്തിന്റെ മുഴുവൻ ജനാധിപത്യമോഹങ്ങളെയുമാണ്‌ കാത്തുസൂക്ഷിച്ചത്.


നേതാവ് പറയട്ടെ

ഈ തെരഞ്ഞെടുപ്പുകാലം നമ്മുടെ ചാനലുകൾ ശരിക്കും ആഘോഷിക്കുകയായിരുന്നു. പല തെരഞ്ഞെടുപ്പു പരിപാടികളും ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു. അക്കൂട്ടത്തിൽ ഒന്നാണ്‌ മാതൃഭൂമി ചാനലിലെ ‘നേതാവു പറയട്ടെ’ എന്ന പരിപാടി. ഇത് അവതരിപ്പിച്ചത് ഉണ്ണി ബാലകൃഷ്ണൻ ആയിരുന്നു. അഭിമുഖരൂപത്തിലുള്ള ഈ പരിപാടി ചോദ്യകർത്താവിന്റെ ചടുലഭംഗി കൊണ്ടും കൃത്യത കൊണ്ടുമാണ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടത്.



ആ മണിനാദം നിലച്ചു, പിന്നെയും പിന്നെയും മുഴങ്ങാൻ




കലാഭവൻ മണിയുടെ മരണം മലയാളത്തിന്‌ തീരാനഷ്ടമാണ്‌ വരുത്തിവെച്ചിരിക്കുന്നത്. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിലെ അഭിനയത്തിന്‌ കലാഭവൻ മണിക്ക് ആ വർഷത്തെ ഭരത് അവാർഡ് ലഭിക്കേണ്ടതായിരുന്നു. അവാർഡ് നിഷേധിച്ചതിൽ ഒരു വൻ ചതി ഉണ്ടായിരുന്നു എന്ന് ഞങ്ങളൊക്കെ അന്ന് വിമർശനം ഉന്നയിച്ചിരുന്നതാണ്‌. സ്വഭാവനടനായും, ഗായകനായും, ഹാസ്യതാരമായും അഭിനയത്തിന്റെ ബഹുവർണ്ണക്കുടകൾ ഉയർത്തുവാൻ കഴിയുന്ന ഒരു നടൻ ലോകത്തെ എന്താണ്‌ ബോധ്യപ്പെടുത്തുന്നത്? ഈ സിദ്ധിയുള്ള ഏതു നടനാണ്‌ മലയാളത്തിൽ വേറേയുള്ളത്? മലയാളഭാഷയിൽ മാത്രമല്ല, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും മണിയുടെ പ്രതിഭാവിലാസം ശോഭിച്ചിട്ടുണ്ട്. അങ്ങനെ അഭിനയത്തിന്റെ ഒരു ദ്രാവിഡപ്രഭാവമായി മണി മാറുകയായിരുന്നു.


പ്രായംചെന്ന രാഷ്ട്രീയക്കാർ ഇലക്ഷനിൽ നിന്നും മാറിനിൽക്കുക. 


കേരളത്തിലെ ഇലക്ഷനുകളിൽ നിന്ന് ഇനിയെങ്കിലും പ്രായം ചെന്നവർ മാറി നിൽക്കണം. സ്ത്രീകൾക്കും യുവാക്കൾക്കും അവർ വഴിമാറി കൊടുക്കുക. വി.എസ്, ഏ.കെ.ആന്റണി, വയലാർ രവി, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കെല്ലാം ഇത് ബാധകമാണ്‌. അവർ മാറിനിന്നുകൊണ്ട് നല്ല വഴികാട്ടികളായി വേഷം മാറണം. ഇവരെയെല്ലാം പാർലമെന്ററി വ്യാമോഹം ഉടുമ്പിനെപ്പൊലെ വല്ലാതെ പിടികൂടിയിരിക്കുകയാണ്‌. രംഗം വിടാതെ നിൽക്കുന്നതു കാണുമ്പോൾ ഈ പാർലമെന്ററി വ്യാമോഹത്തെക്കാൾ വൃത്തികെട്ടിട്ടില്ല മറ്റൊന്നും ഊഴിയിൽ എന്ന് അറിയാതെ മനസ്സ് പറഞ്ഞുപോകുകയാണ്‌. ഇനിയെങ്കിലും മാറി നിന്നില്ലാ എങ്കിൽ ചരിത്രം നിങ്ങൾക്ക് മാപ്പുതരില്ല എന്നത് നിസ്സംശയമാണ്‌.


കെ.സജീവ്കുമാർ.




കെ.സജീവ്കുമാർ സാഹിത്യരംഗത്ത് കൂടുതൽ സജീവമാകുന്നു. സജീവ്കുമാർ പുതിയ മലയാള കാവ്യധാരയിലെ പ്രമുഖനായ കവിയാണ്‌. പുതുമലയാള കവിതയുടെ വഴികളെക്കുറിച്ച് സൂക്ഷ്മമായി ജ്ഞാനമുള്ള നിരൂപകൻ കൂടിയാണ്‌ കെ. സജീവ്കുമാർ. അദ്ദേഹത്തിന്റെ ‘ഭൂമി ഒരു ചിത്രപുസ്തകം’ 2007 ൽ പരിധി ബുക്സ് പുറത്തിറക്കി. അതിൽ ശ്രദ്ധേയങ്ങളായ ഒട്ടേറെ കവിതകൾ ഉണ്ടായിരുന്നു. ചില കവിതകൾ ഞാൻ ഇപ്പോഴും ഓർക്കുന്നു.

ഒറ്റയ്ക്കൊരു പെൺകുട്ടി പുഴയെ കാമിക്കുന്നു.
ബോംബ്
മഴത്തുള്ളിയുടെ ഫോസിൽ
ഫൂക്കോയുടെ വാൾ

കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകളെക്കുറിച്ച് ഇദ്ദേഹമെഴുതിയ ഒരു നിരൂപണലേഖനം വായിച്ചതിന്റെ ഓർമ്മയും എന്റെ മനസ്സിലുണ്ട്. ആ ലേഖനത്തിന്റെ പേര്‌ ഇങ്ങനെയായിരുന്നു - ‘അന്യവത്കരിക്കപ്പെട്ട ജീവിതത്തിന്റെ ഉണ്മ’ (വിജ്ഞാനകൈരളി). എൽ.തോമസ്കുട്ടിയുടെ കവിതകളെക്കുറിച്ചും സജീവ്കുമാർ ഇതുപോലെ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രണ്ട് കവിതാസമാഹാരങ്ങൾ ഉടൻ പുറത്തിങ്ങാൻ പോകുകയാണ്‌. അതിലൊന്നിന്റെ പേര്‌ നൂലുപൊട്ടിയ രാത്രി - നൂറ്റൊന്ന് പ്രണയകവിതകൾ. മറ്റൊന്ന് ‘ഫൂക്കോയുടെ വാൾ’. സഹൃദയലോകം ഈ കവിതാസമാഹാരങ്ങളെ താൽപര്യപൂർവ്വം കാത്തിരിക്കുകയാണ്‌.


വി.ഡി.രാജപ്പന്‌ പ്രണാമം




ചാനലുകളും കോമഡി ഷോകളുമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഹാസ്യകഥാപ്രസംഗങ്ങളിലൂടെ കേരളക്കരയാകെ ചിരിയുടെ തരംഗമുയർത്തിയ വി.ഡി.രാജപ്പന്റെ ഓർമ്മയ്ക്ക് മുന്നിൽ സംസ്കാരജാലകത്തിന്റെ സ്മരണാജ്ഞലി. ശബ്ദവും ഉച്ചാരണത്തിലെ താളവും കൊണ്ടാണ്‌ ഓഡിയോ കാസറ്റുകളുടെ കാലത്ത് വി.ഡി.രാജപ്പൻ ചിരിയുടെ മാലപ്പടക്കങ്ങളുയർത്തിയത്. ചുറ്റും കാണുന്ന ജീവജാലങ്ങളെ നായകനും നായികയുമാക്കി ശക്തമായ സാമുഹ്യവിമർശനമാണ്‌ ഹാസ്യകഥകളിലൂടെ അദ്ദേഹം പകർന്നത്. അന്നത്തെ സിനിമാഗാനങ്ങളുടെ സംഗീതത്തിനൊപ്പിച്ച് അദ്ദേഹമുണ്ടാക്കിയ പാരഡിഗാനങ്ങൾ ഇന്നും മലയാളിയുടെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.


ഒരു മുറൈ വന്ത് പാർത്തായാ



പുനർജന്മം ഒരു വലിയ തത്വചിന്താപ്രശ്നമാണ്‌. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ ഇതേക്കുറിച്ച് പഠിക്കാൻ ഒരു പഠനവിഭാഗം തന്നെയുണ്ട്. പുനർജന്മം ഒരു യാഥാർത്ഥ്യം തന്നെയാണെന്നാണ്‌ എനിക്ക് സദാപി തോന്നുന്നത്. അതുകൊണ്ട് പുനർജന്മം പ്രമേയമായി വരുന്ന ഈ സിനിമ വളരെ കൗതുകത്തോടെയാണ്‌ ഞാൻ കണ്ടത്. സംവിധായകൻ സാജൻ.കെ.മാത്യൂ വിശ്വസനീയമായിത്തന്നെ ഇത് ചിത്രീകരിച്ചിട്ടുണ്ട്. നായകകഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണി മുകുന്ദനും നായികമാരായെത്തിയ പ്രയാഗ മാർട്ടിൻ, സനുഷ എന്നിവരും മികച്ച അഭിനയനിലവാരമാണ്‌ പുലർത്തിയിട്ടുള്ളത്.


മുഹമ്മദലിയും ഇ.പി.ജയരാജനും




ബോക്സിംഗ് ഇതിഹാസം മുഹമ്മദലിക്ക് പ്രണാമം. മുഹമ്മദലിയുടെ മരണം നമുക്ക് ദുഖകരമായ ഒരു വാർത്തയായിരുന്നു. അമേരിക്കയുടെ യുദ്ധക്കൊതിക്കും സാമ്രാജ്യത്വമനോഭാവത്തിനും വർണ്ണവെറിക്കുമതിരെ എടുത്ത നിലപാടുകൾ മുഹമ്മദലിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി. ഒരു ബോക്സിംഗ് ഇതിഹാസം എന്നതിലപ്പുറം അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും ഏറെ ആദരണീയമായിരുന്നു. ഇതൊന്നും മനസ്സിലാകാതെ കേരളത്തിന്റെ സ്പോർട്സ് മന്ത്രി ഇ.പി.ജയരാജൻ നടത്തിയ പ്രതികരണം ഒട്ടും ഭൂഷണമായില്ല. ഒരു മാർക്സിസ്റ്റ് മന്ത്രിക്ക് ഒട്ടും ചേരുന്നതായിരുന്നില്ല അത്.  എങ്കിലും അദ്ദേഹത്തിന്റെ ധീരമായ രാഷ്ട്രീയപ്രവർത്തനം എന്നും നമുക്ക് ആവേശം ജനിപ്പിക്കുന്നതാണ്‌.





Wednesday, July 27, 2016

ഒറ്റയ്ക്കിരുന്ന് ബിയറടിക്കുന്ന ആൾ

കവിത
അജിത് മോഹൻ















ഒറ്റയ്ക്ക് ‘ദാസ്’ ബാറിലിരുന്ന് ബിയറടിക്കുന്ന ആൾ
ഒന്നും ചിന്തിക്കുന്നുണ്ടാവില്ല.
കേ.എഫും അച്ചാറുമായി ഇരിക്കുന്നയാളുടെ ചിന്തകളിൽ
പുതിയ തെരഞ്ഞെടുപ്പ് സമവാക്യങ്ങളോ,
ജെ.എൻ.യുവോ, വെമുലയോ ഉണ്ടായിരിക്കില്ല.

പാതി ബിയറാകുമ്പോൾ അയാൾ
അടുത്ത ടേബിളിലിരുന്ന്
ബഡ്വൈസറും കരിമീനും കഴിക്കുന്നവനെ
ബൂർഷ്വാ എന്ന് മനസ്സിൽ വിളിച്ച്, ഒന്ന് നെടുവീർപ്പിടും.

സൈഡിലെ ടേബിളിൽ
പണപ്പെരുപ്പത്തെക്കുറിച്ചും, പാഠപുസ്തകമില്ലായ്മയെപ്പറ്റിയും
പായാരം പറയുന്ന ബാങ്കുദ്യോഗസ്ഥനെയും, അധ്യാപകനെയും
അതുകേട്ട് തലയാട്ടുന്ന പണിയില്ലാത്തവനെയും
നോക്കി ചിറികോട്ടും.

രണ്ടാമത്തെ ബിയർ ഓർഡർ ചെയ്യുമ്പോൾ
ഒറ്റയ്ക്കിരിക്കുന്നയാൾ ചിന്തിക്കാൻ തുടങ്ങും.
റമ്മുണ്ടായിരുന്നെങ്കിൽ
നാലഞ്ചു പെഗ്ഗിൽ ഒരു തീരുമാനമായേനേയെന്ന ചിന്തയിൽ
അയാളിൽ ഭരണകൂടവിരുദ്ധ വികാരമുണരും.

ബാറിലെ അക്വേറിയത്തിലേക്ക് നോക്കുമ്പോൾ അയാൾക്ക്
സ്വർണമീനുകൾ സമ്മാനമായി നൽകിയ കാമുകിയെ ഓർമ വരും.
ഓർമ, ബൂർഷ്വായുടെ പ്ലേറ്റിലെ
മുള്ളുകൾ മാത്രമായ കരിമീനിലവസാനിക്കുമ്പോൾ
പതിവിലും വേഗം അയാൾ രണ്ടാം ബിയറിന്‌ ഒപ്പീസുചൊല്ലും.

ബൂർഷ്വയുടെ മുന്നിലെ ബി ഡി എഫ് നോക്കി,
ബീഫ് നിരോധിച്ചാൽ
ബിയറിന്‌ ഇത്ര നല്ലൊരു കോമ്പിനേഷൻ വേറെന്ത്
എന്നു ചിന്തിച്ചുകൊണ്ട് അയാൾ
മൂന്നാമത്തെ ബിയറിന്‌ കൈയ്യുയർത്തിക്കാട്ടും.

സൈഡ് ടേബിളിൽ ഇപ്പോൾ കേൾവിക്കാരില്ല.
ബാങ്കുദ്യോഗസ്ഥൻ പണപ്പെരുപ്പത്തെപ്പറ്റിയും, അധ്യാപകൻ
പുസ്തകമില്ലായ്മയെപ്പറ്റിയും പുലമ്പുമ്പോൾ
പണിയില്ലാത്തോൻ
സലാഡിലെ വെള്ളരിക്കകൾ തീർക്കുന്ന പണിയിലാവും.

ഒരേ ടേബിളിൽ ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന
മൂന്നുപേരെ നോക്കി അയാൾ ചിരിക്കും
മൂന്നാമത്തെ ബിയറിനു താഴെ അയാൾക്ക്
ബോധോദയമുണ്ടാവാൻ തുടങ്ങും.

ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്നവൻ മാത്രമല്ല,
ഓരോ മദ്യപാനിയും ഒറ്റപ്പെട്ട ഓരോ തുരുത്തുകളാണെന്ന്
അയാൾ മനസ്സിലാക്കും.
തിരിച്ചുപോകാനുള്ള കാശുമാത്രമേയുള്ളു എന്ന തിരിച്ചറിവിൽ
അയാൾ ബില്ല് പറയും
നൂറ്റമ്പതു രൂപയുടെ കുറവിൽ
ഒരു ബുദ്ധൻ ജനിക്കാതെ പോകും.
അയാൾ പുറത്തേക്ക് നടക്കുമ്പോൾ
ടേബിളിൽ പുതിയൊരാൾ ഒറ്റയ്ക്ക് വന്നിരിയ്ക്കും.

O