Saturday, August 27, 2011

മരംഅരുൺ.എസ്‌.കാളീശേരി


ഞ്ഞുകാലത്തേക്ക്‌,
സസ്യശാസ്ത്രം
പഠിച്ചിരുന്ന നീ
എനിക്കൊരു
മരത്തോലിന്റെ
കുപ്പായം തന്നു.

ഇപ്പോൾ ഈ
മഞ്ഞുകാലത്ത്‌,
നഗ്നമാക്കപ്പെട്ട മരം
നാണിച്ചു നിൽക്കുന്നു.
മരവുരിയുടുത്ത
ഞാനൊരു മരമായിത്തീർന്നു.
O

PHONE : 9142366341

Saturday, August 20, 2011

പെണ്ണുകളിപ്പാട്ട്‌

 സമ്പാദകൻ : ശാസ്താംകോട്ട ഭാസ്‌
                                                                                                                        


( ഓണക്കാലത്ത്‌ പെണ്ണുങ്ങൾ കൂട്ടംചേർന്ന് പാടിക്കളിക്കുന്ന പാട്ട്‌. പെൺവീട്ടുകാരെന്നും ആൺവീട്ടുകാരെന്നും രണ്ട്‌ നിരയായി നിന്ന് പെണ്ണിനെ ചോദിക്കുകയാണ്‌. കുന്നത്തൂർ ഇടയ്ക്കാട്‌ ഗ്രാമത്തിലെ മാല എന്ന കർഷകത്തൊഴിലാളി സ്ത്രീ പാടിത്തന്നത്‌. )അശകൊശലേ പെണ്ണുണ്ടോ
ചെറുകോശാലേം പെണ്ണുണ്ടോ
സാമിരണ്ടുക്കും പെണ്ണുണ്ടോ
തൃക്കാമേനിമാപ്പിളയ്ക്ക്‌

അശകൊശലേ പെണ്ണില്ല
ചെറുകോശാലേം പെണ്ണില്ല
സാമിരണ്ടുക്കും പെണ്ണില്ല
തൃക്കാമേനിമാപ്പിളയ്ക്ക്‌

ഒരു കുടുക്കാപൊന്നുംതരാം
പെണ്ണിനെത്തരുമോ തോഴിമാരേ
രണ്ടുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല

രണ്ടുകുടുക്കാപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരേ
നാലുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല

അഞ്ചുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരേ
ആറുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല

ഏഴുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരെ
എട്ടുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല

പത്തുകുടുക്കപൊന്നുതരാം
പെണ്ണിനെത്തരുമോതോഴിമാരെ
പത്തുകുടുക്കപൊന്നിനൊട്ടും
ഞങ്ങക്കത്രയൊരാശയില്ല

ഒരുമുറിപ്പുടവയുംകച്ചയുംതന്നാ
പെണ്ണിനെത്തരുമോടിമാത്തൂരേ
രണ്ടുമുറിപ്പുടവയുംകച്ചയുംതന്നാ
ഈയാണ്ടിപ്പെണ്ണിനെകിട്ടത്തില്ല

മൂന്നുമുറിപ്പുടവയുംകച്ചയുംതന്നാ
പെണ്ണിനെത്തരുമോടിമാത്തൂരേ
നാലുമുറിപ്പുടവയുംകച്ചയുംതന്നാ
ഈയാണ്ടിപ്പെണ്ണിനെകിട്ടത്തില്ല

വാളയ്ക്കാപോലെ
വളഞ്ഞിട്ടുനിക്കുന്ന
ചന്ദ്രനെത്തന്നാലും
പെണ്ണിനെത്തരണം

ചൂളയ്ക്കാപോലെ
ചുളഞ്ഞിട്ടുനിൽക്കുന്ന
സൂര്യനെത്തന്നാലും
പെണ്ണുമില്ല

പൊന്നുതരാം മിന്നുതരാം
പൊന്നിട്ട പെട്ടകം പൂട്ടീത്തരാം
പൂട്ടാത്താക്കോലൊളിച്ചും തരാം
പെണ്ണിനെത്തരുമോടി നാത്തൂനേ...

മാനം മയങ്ങുന്നു
മന്ദാരം ചിന്തുന്നു
മാനത്തു ചന്ദ്രക്കുടകളും കാണുന്നു.
പന്തലിവെച്ച വെളക്കണയുന്നു
മാരനുമാലയ്ക്കു നേരോമായി.

മാനം മയങ്ങട്ടെ
മന്ദാരം ചിന്തട്ടെ
മാനത്തുചന്ദ്രക്കുടങ്ങളും കാണട്ടെ
പന്തലിവെച്ച വെളക്കങ്ങണയട്ടെ
പെണ്ണിനുമാലയ്ക്കുനേരോവില്ല.

മാരനുമാലയ്ക്കുനേരം
അരനാഴിക വൈകാതെവേണം
പെണ്ണിനുമാലയ്ക്കുനേരം
അരനാഴികതാമസമൊണ്ടേ

മാരനുമാലയ്ക്കുനേരം
അരനാഴിക വൈകാതെവേണം
പെണ്ണിനുമാലയ്ക്കുനേരം
അരനാഴികതാമസമൊണ്ടേ.O

ശാസ്താംകോട്ട ഭാസ്‌
ഫോൺ : 9446591287

Saturday, August 13, 2011

വീണ്ടെടുക്കപ്പെട്ട സമ്മാനം

മണി.കെ.ചെന്താപ്പൂര്‌                              2007 ജൂൺ 17 ന്‌ കേരളത്തിലെ ഒരു പ്രമുഖ ദിനപത്രത്തിൽ ഇങ്ങനെ ഒരു വാർത്ത പ്രത്യക്ഷപ്പെട്ടു.   'അവാർഡിൽ ദൈവം വേണ്ട,കൊട്ടാരം വക പുരസ്കാരം നിന്നു.' ശ്രീപത്മനാഭസ്വാമി ബാലസാഹിത്യ പുരസ്കാരം സാഹിത്യ അക്കാദമി നിർത്തലാക്കി എന്ന   ഞെട്ടിക്കുന്ന വാർത്ത. വായിച്ചറിഞ്ഞപ്പോൾത്തന്നെ ഈ അനീതിക്കെതിരെ പോരാടണമെന്നും പുരസ്കാരം ഏറ്റെടുത്ത്‌ നൽകണമെന്നും  മനസ്സിലുറപ്പിച്ചു. 2007 ജൂൺ 18 ന്‌ പ്രസ്തുതപത്രം അത്‌ വിവാദമുയർത്തുന്ന ചർച്ചയാക്കി. 'അക്കാദമിയിൽ അയിത്തം ദൈവത്തിനോ?' എന്നതായിരുന്നു വിവാദചർച്ചയുടെ തലക്കെട്ട്‌. കാക്കനാടനും വിഷ്ണുനാരായണൻ നമ്പൂതിരിയും പി.കെ.കൃഷ്ണദാസും ,എൻ.പി.ഹാഫിസ്‌ മുഹമ്മദും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചു. പുരസ്കാരം നിലനിർത്തണമെന്ന് വ്യാപകമായി ആവശ്യമുയർന്നു. ഏറ്റെടുക്കലിന്റെ ധീരത എങ്ങുനിന്നും ഉണ്ടായില്ല.


1956 ആഗസ്റ്റ്‌ 15 ന്‌ തിരുവിതാംകൂർ മഹാരാജാവ്‌  ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയാണ്‌ കേരളസാഹിത്യ അക്കാദമിയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്‌. 1956 മുതൽ വിവിധ സാഹിത്യശാഖകളിൽ സമ്മാനങ്ങൾ നൽകി തുടങ്ങിയെങ്കിലും 1959 മുതലാണ്‌ ബാലസാഹിത്യത്തിനുള്ള ശ്രീപത്മനാഭസ്വാമി എൻഡോവ്‌മെന്റ്‌ നൽകി തുടങ്ങിയത്‌. ആദ്യപുരസ്കാരം സി.എ.കിട്ടുണ്ണിയുടെ 'മുടന്തനായ മുയൽ' എന്ന കൃതിയ്ക്കായിരുന്നു.കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മയാണ്‌ ബാലസാഹിത്യത്തിന്റെ വളർച്ചയ്ക്കും ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പുരസ്കാരം ഏർപ്പെടുത്തിയത്‌. കേരളത്തിൽ ബാലസാഹിത്യത്തിനുള്ള ആദ്യത്തെ അവാർഡെന്ന ബഹുമതിയും ഇതിനുണ്ട്‌.


പുരസ്കാരത്തിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവിലും പ്രതിഷേധത്തിന്റെ ആവേശത്തിലും ആരോടും ആലോചിക്കാതെ കൊല്ലത്തെ വൈക്കം ചന്ദ്രശേഖരൻനായർ സ്മാരകസമിതിയുടെ ജോയിന്റ്‌ സെക്രട്ടറി എന്ന നിലയിൽ പുരസ്കാരം സമിതി ഏറ്റെടുക്കുന്നതായുള്ള വാർത്ത മാധ്യമങ്ങൾക്ക്‌ നൽകി. വാർത്തയുടെ കോപ്പി ആകാശവാണി വാർത്താവിഭാഗത്തിൽ നൽകുന്നതിനായി സുഹൃത്തും കവിയുമായ ശ്രീകുമാർ മുഖത്തലയെ ഏൽപ്പിച്ചശേഷമാണ്‌ സമിതിയുടെ പ്രസിഡന്റായ കാക്കനാടൻ സാറിനോട്‌ വിവരം പറയുന്നത്‌. വൈക്കം സ്മാരകസമിതിയുടെ പേരിൽ വൈക്കത്തിന്റെ അവാർഡ്‌ മാത്രം മതി എന്ന് അദ്ദേഹം സ്നേഹപൂർവ്വം എതിർത്തു. വിഷമത്തോടെ വാർത്ത പ്രക്ഷേപണം ചെയ്യരുതെന്ന് ശ്രീകുമാറിനോട്‌ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം പിന്നീട്‌ സാംസ്കാരികപ്രവർത്തകനായ അമ്പാടി സുരേന്ദ്രനുമായി ചർച്ച ചെയ്തു. ഏതു നല്ലകാര്യത്തിനും ഒപ്പം നിൽക്കുവാനുള്ള അദ്ദേഹത്തിന്റെ സന്മനസ്സ്‌ തുടർപ്രവർത്തനങ്ങൾക്ക്‌ വേഗത കൂട്ടി.1985 മുതൽ കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചുവരുന്ന എന്റെ 'ഗ്രാമം' മാസികയുടെ ഭാഗമായി 'ഗ്രാമം സാംസ്കാരികവേദി' രൂപീകരിച്ച്‌ പുരസ്കാരം ഏറ്റെടുത്ത്‌ നൽകുവാൻ നിശ്ചയിച്ചു. ശേഷം കവടിയാർ കൊട്ടരവുമായി ബന്ധപ്പെട്ടു. അശ്വതിതിരുനാൾ ഗൗരിലക്ഷിഭായിയോടും ഉത്രാടംതിരുനാൾ മാർത്താണ്ഡവർമ്മയോടും ഞങ്ങൾ ദൗത്യം അറിയിക്കുകയും അവാർഡ്‌ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച്‌ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കേസിനും മറ്റും അവർക്ക്‌ താൽപര്യമുണ്ടായിരുന്നില്ല. പുരസ്കാരത്തിൽ മതത്തെയും ദൈവത്തെയും കണ്ടത്‌ അനീതിയാണെന്ന് മാത്രം പറഞ്ഞു. പ്രവർത്തനങ്ങൾക്ക്‌ വിജയം നേരുകയും ചെയ്തു.


ഒഴിവാക്കപ്പെട്ട ഒരു സാഹിത്യസമ്മാനം ഉജ്ജ്വല പ്രൗഡിയോടെ തിരിച്ചുവരുന്നത്‌ ചരിത്രത്തിൽ ആദ്യമാണ്‌. 2006 ൽ ഗ്രാമം സാംസ്കാരികവേദി പുരസ്കാരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഡോ.എം.ജി.ശശിഭൂഷൺ, കൊല്ലം മധു, പി.കേശവൻനായർ, പ്രസീദവേണു തുടങ്ങിയവരുൾപ്പെട്ട പുരസ്കാരസംരക്ഷണ സമിതിയും രൂപീകരിച്ചു. പുരസ്കാരം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യസമ്മാനം പി.ആർ.നാഥൻ ഏറ്റുവാങ്ങി. രണ്ടാമത്‌ ഡോ.കെ.ശ്രീകുമാറിനും 2009 ലെ പുരസ്കാരം ശ്രീകുമാരൻതമ്പിക്കും 2010 ൽ എസ്‌.രമേശൻനായർക്കും ലഭിച്ചു. ദൈവത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ട സമ്മാനം ദൈവവിശ്വാസികളും സ്വതന്ത്രരുമായ എഴുത്തുകാർക്ക്‌ നൽകാനാണ്‌ തീരുമാനിച്ചത്‌. സ്വതന്ത്രനായ എഴുത്തുകാരൻ ധീരനായ പോരാളിയാണ്‌. സാംസ്കാരിക സമൂഹം അവരെയാണ്‌ കൂടുതൽ മാനിക്കേണ്ടത്‌.


തിരുവിതാംകൂർ രാജകുടുംബം അവാർഡുനൽകുന്നതിനാവശ്യമായ തുക അക്കാലത്തു തന്നെ അക്കാദമിയിൽ നിക്ഷേപിച്ചിട്ടുള്ളതായി അറിഞ്ഞതുപ്രകാരം എത്ര തുക നിക്ഷേപിച്ചു എന്നും പലിശ എത്ര,നീക്കിയിരുപ്പ്‌ എത്ര എന്നും വിവരാവകാശനിയമപ്രകാരം അന്വേഷിച്ചു (11.01.2010). തിരുവിതാംകൂർ രാജകുടുംബം പുരസ്കാരത്തിന്‌ തുക നിക്ഷേപിച്ചിട്ടില്ലെന്നും അതിനാൽ പലിശയും നീകിയിരുപ്പു തുകയും ലഭ്യമല്ല  എന്നുമാണ്‌ അക്കാദമിയിൽ നിന്നും ഇടതുപക്ഷസർക്കാരിന്റെ കാലത്ത്‌ അറിയിപ്പുണ്ടായത്‌. സത്യത്തിൽ പ്രസ്തുത തുകയുടെ പലിശ ഉപയോഗിച്ചാണ്‌ 2005 വരെ പുരസ്കാരം നൽകി വന്നത്‌. അതിനുശേഷമാണ്‌ ദൈവത്തിന്റെയും മതേതരത്വത്തിന്റെയും പേര്‌ പറഞ്ഞ്‌ അക്കാദമിയിലെ ഒരു കൂട്ടം കപടമതേതരവാദികളും കുബുദ്ധികളും വിശുദ്ധമായ ബാലസാഹിത്യസമ്മാനം ഒഴിവാക്കിയത്‌.


മതേതരവാദികളുടെ കുതിരകയറ്റം ഹൈന്ദവവിശ്വാസങ്ങൾക്കും പാരമ്പര്യങ്ങൾക്കും ചിഹ്നങ്ങൾക്കും മേൽ മാത്രമാണെന്നതാണ്‌ ശ്രദ്ധേയം. നാം കണ്ടുകൊണ്ടിരിക്കുന്ന ഇടതുസാംസ്കാരിക കാപട്യമാണിത്‌. സ്വതത്രമായി പ്രവർത്തിക്കേണ്ട അക്കാദമിയുടെ നടപടി തികച്ചും അപഹാസ്യമായിരുന്നു. മയ്യഴിയുടെ സാഹിത്യകാരൻ എം.മുകുന്ദൻ അന്യായങ്ങൾക്ക്‌ കൂട്ടുനിൽക്കുകയും ചെയ്തു. അവാർഡുകളും ആദരിക്കലും സ്വപ്നം കാണുന്ന ഭൂരിപക്ഷം സാഹിത്യകാരന്മാരും, പുരസ്കാരം ഏറ്റുവാങ്ങിയവരിൽ ജീവിച്ചിരിക്കുന്നവരും അക്കാദമിയുടെ തീരുമാനത്തിനെതിരെ പ്രതികരിച്ചില്ല. സർക്കാരിന്റെ അപ്രീതി എന്തിന്‌ വരുത്തിവെയ്ക്കണമെന്ന് അവർ വിചാരിച്ചിരിക്കണം. പേരിനും പ്രശസ്തിക്കും എന്തും കാഴ്ച വെക്കുന്ന സാംസ്കാരിക അടിയാളന്മാരാണ്‌ ചുറ്റുമെന്ന് അങ്ങനെ ബോദ്ധ്യമാവുകയും ചെയ്തു.


ശ്രീപത്മനാഭസ്വാമി പുരസ്കാര തുക മുൻഭരണസമിതി വക മാറ്റിയാണ്‌ ഉപയോഗിച്ചിരുന്നത്‌. ശ്രീപത്മനാഭന്റെ പേരായിരുന്നു മുഖ്യം. 2500 രൂപയായിരുന്നു എൻഡോവ്‌മെന്റ്‌ തുക. അത്‌ 20,000 രൂപയാക്കി വർദ്ധിപ്പിച്ചാണ്‌ പിന്നീട്‌ ബാലസാഹിത്യസമ്മാനം നൽകിയത്‌. കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി.ജോസഫ്‌, പവനൻ, ഇടമറുക്‌ തുടങ്ങിയ പണ്ഡിതന്മാരായിരുന്ന മുൻ അക്കാദമി അദ്ധ്യക്ഷന്മാരൊന്നും പത്മനാഭസ്വാമി സമ്മാനത്തിൽ വർഗ്ഗീയത കണ്ടിരുന്നില്ല. 47 വർഷം കാണാത്ത വർഗ്ഗീയത, അവാർഡ്‌ നിർത്തലാക്കാൻ ആരോപിച്ചതിനു പിന്നിൽ സങ്കുചിതവും മാലിന്യം നിറഞ്ഞ മനോഭാവവും മാത്രമാണുണ്ടായിരുന്നത്‌. ഇത്തരം പുരസ്കാരങ്ങളെ അംഗീകരിക്കാനുള്ള വിശാലഹൃദയത്തിലൂടെയാണ്‌  മതേരത്വമനോഭാവം വളർന്നുവരേണ്ടതെന്ന് അറിയേണ്ടതാണ്‌. പി.നരേന്ദ്രനാഥ്‌, പി.ടി.ഭാസ്കരപ്പണിക്കർ, കുഞ്ഞുണ്ണിമാഷ്‌, സുമംഗല, ജി.ശങ്കരപ്പിള്ള, എൻ.പി.മുഹമ്മദ്‌ തുടങ്ങിയവരൊക്കെ പത്മനാഭസമ്മാനം ആദരവോടെ സ്വീകരിച്ചിട്ടുണ്ടെന്നും നാമോർക്കണം.2011 ജൂലൈ പതിനഞ്ചാം തീയതി 'ശ്രീപത്നാഭസ്വാമി ബാലസാഹിത്യപുരസ്കാരം' സാഹിത്യ അക്കാദമി പു:നസ്ഥാപിച്ചതായി  പത്രവാർത്ത വന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം! കഴിഞ്ഞ നാലു വർഷമായുള്ള ഗ്രാമം സാംസ്കാരികവേദിയുടെ പ്രതിഷേധപ്രവർത്തനത്തിന്റെ വിജയം. പുരസ്കാരത്തിന്റെ തിരസ്കാരവും അത്‌ എറ്റെടുത്ത്‌ നൽകുവാനുള്ള ദൈവത്തിന്റെ അദൃശ്യപ്രേരണയും കേരളത്തിലെമ്പാടുമുള്ള സാംസ്കാരിക പ്രവർത്തകർ തന്ന പി ന്തുണയും വിസ്മരിക്കാവുന്നതല്ല.


ശ്രീപത്മനാഭസ്വാമി പുരസ്കാരം പു:നസ്ഥാപിച്ച നടപടിയിൽ ആഹ്ലാദിക്കുകയും പെരുമ്പടവം അദ്ധ്യക്ഷനായുള്ള പുതിയ ഭരണസമിതിയെയും സർക്കാരിനെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി ശബ്ദമുയർത്തിയ കഥയുടെ കുലപതി ടി.പത്മനാഭൻ, ബാബുകുഴിമറ്റം, ഡോ.എം.ആർ.തമ്പാൻ, പ്രയാർ ഗോപാലകൃഷ്ണൻ, കാക്കനാടൻ,വിഷ്ണുനാരായണൻ നമ്പൂതിരി, പി.കെ.കൃഷ്ണദാസ്‌, എൻ.പി.ഹാഫിസ്‌ മുഹമ്മദ്‌ തുടങ്ങിയവരെയും നന്ദിയോടെ ഓർക്കുന്നു. അക്കാദമിയുടെ ചരിത്രരേഖയായ ഏറ്റെടുക്കൽ വിളംബരത്തിന്‌ വേഗത കൂട്ടിയ സാംസ്കാരികവകുപ്പ്‌ മന്ത്രി കെ.സി.ജോസഫിനും ഏറെ അഭിമാനിക്കാം. ശ്രീപത്മനാഭനെ പോലെത്തന്നെ ഈ പുരസ്കാരത്തിനും ഇപ്പോൾ ശതകോടി തിളക്കം.
O

PHONE : 9388539394

Sunday, August 7, 2011

സംസ്കാരജാലകം


ഡോ.ആർ.ഭദ്രൻ
                        8

ഡി.വിനയചന്ദ്രന്റെ 'നോട്ടുബുക്ക്‌'പ്രത്യക്ഷ യാഥാർത്ഥ്യങ്ങളെ വിഭ്രമിപ്പിച്ചുകൊണ്ട്‌ കവിതയെഴുതുക ഡി.വിനയചന്ദ്രന്റെ സ്വഭാവമാണ്‌. വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളിൽ നിന്ന് തെന്നിയകന്ന് അത്തരം യാഥാർത്ഥ്യങ്ങളുമായി വട്ടുകളി നടത്തുകയാണ്‌ കവി. അതിനും അപാരമായ സൗന്ദര്യമുണ്ട്‌. പ്രത്യക്ഷത്തിൽ പരസ്പരബന്ധമില്ലെന്നു തോന്നുന്ന യാഥാർത്ഥ്യങ്ങളെ കവിതയുടെ തങ്കനൂലിൽ കോർത്തെടുക്കുകയാണ്‌ കവി. അങ്ങനെ യാഥാർത്ഥ്യങ്ങളെ സമീപിക്കുവാനുള്ള കവിയുടെ പൊതുസമീപനം, തിളങ്ങുന്ന കവിതാനുഭവങ്ങളായി മാറുന്നു. ഇത്‌ കവിതയിലെ ഒരു മാജിക്കാണ്‌. മലയാളത്തിൽ വിനയചന്ദ്രനു മാത്രം കഴിയുന്ന ഒരു സിദ്ധി. എല്ലാവരെയും എല്ലാത്തിനെയും അപൂർവ്വമായി കോർത്തെടുക്കുന്ന തങ്കനൂലാണ്‌ കവിയുടെ തുറുപ്പുശീട്ട്‌. അതുകൊണ്ടാണ്‌ കവിക്ക്‌ ഇങ്ങനെയെഴുതാൻ കഴിയുന്നത്‌.

അടുക്കളയുടെ തീയും പുകയും വിട്ട്‌
ഉപ്പും ഉറിയുമില്ലാത്ത ശൂന്യാകാശത്തിലേക്ക്‌
എന്നോടൊപ്പം വരുമെന്നു പറഞ്ഞ വാക്ക്‌
ഇടിമിന്നൽ വിളിച്ചപ്പോൾ
കൂടെപ്പോയി !!

ചിത്തഭ്രമം ബാധിച്ചവരിൽ നിന്ന് കവിത പുറപ്പെടുന്നു എന്നത്‌ പ്ലേറ്റോയുടെ പ്രധാന ആക്ഷേപം ആയിരുന്നു. അവിടെ നിന്നു പുറപ്പെടുന്ന കവിതയിലും യാഥാർത്ഥ്യം ചിതറിക്കിടന്നു മിന്നുന്നു എന്നത്‌ പ്ലേറ്റോ വിട്ടു കളഞ്ഞ ജ്ഞാനമാണ്‌. ഇങ്ങനെ പ്ലേറ്റോ വിട്ടുകളഞ്ഞ ജ്ഞാനം കൊണ്ടാണ്‌ വിനയചന്ദ്രന്റെ 'നോട്ടുബുക്ക്‌' ( ഗ്രന്ഥാലോകം ഫെബ്രുവരി 11 ) എന്ന കവിത വായിക്കേണ്ടത്‌.ഹരിത രാഷ്ട്രീയം (Green Politics)


" വൈജ്ഞാനികമായി വളർന്നാലും സാമ്പത്തിക സുസ്ഥിരത നേടുന്നില്ലെങ്കിലും പരിസ്ഥിതി പ്രവർത്തനം പരാജയപ്പെടാം. അതിനായി സുസ്ഥിരവികസനം (Sustainable development) ലക്ഷ്യമാക്കിയുള്ള പ്രകൃതിസൗഹൃദമായ സാമ്പത്തികശാസ്ത്രം (Green Economics) ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ ആകർഷണീയമായ ആശയവിനിമയോപാധികളിലൂടെ പരിസ്ഥിതി സാക്ഷരത നൽകാൻ ഹരിത ആശയവിനിമയം (Green Communication) അത്യന്താപേക്ഷിതമാണ്‌. ഗ്രീൻ കമ്മ്യൂണിക്കേഷനും ഗ്രീൻ ഇക്കണോമിക്സും പരസ്പരപൂരകമാകുമ്പോഴാണ്‌ ഗ്രീൻ പൊളിറ്റിക്സ്‌ ലക്ഷ്യത്തിലെത്തുന്നത്‌. ഇതൊരിക്കലും അധികാരരാഷ്ട്രീയമല്ല. പകരം പ്രതിരോധത്തിന്റെ പ്രത്യയശസ്ത്രമാണ്‌. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അമിതമായ ഇടപെടലുകൾക്കെതിരെ മാനുഷികമായ മറുപടിയാണിത്‌. സുസ്ഥിരവികസനം സുരക്ഷിതഭാവിക്കെന്നതാണ്‌ ഹരിതരാഷ്ട്രീയമുദ്രാവാക്യം. വിനാശമില്ലാത്ത വികസനനയങ്ങൾ രൂപപ്പെടുത്താൻ പരിസ്ഥിതിപ്രവർത്തകർ അധികാരകേന്ദ്രങ്ങളിലെത്തണം. എങ്കിൽ മാത്രമെ ഭൂമി നിലനിൽക്കുകയുള്ളൂ. അല്ലാത്തപക്ഷം ഉപഭോഗസംസ്കാരമെന്ന മരണത്തിന്റെ ആഘോഷം ഉച്ചസ്ഥായിലെത്തും." - അനിൽകുമാർ.പി.വൈ,ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകൻ, ജൂൺ 5 ലോകപരിസ്ഥിതി ദിനം,'വനങ്ങൾപ്രകൃതിയുടെ വരദാനം', യോജന ജൂൺ 2011.

യോജനയിൽ വന്ന ഈ ലേഖനം വളരെ ഇൻഫർമേറ്റീവ്‌ ആയിരുന്നു. മാത്രവുമല്ല,പ്രകൃതിയും മനുഷ്യനും തമിലുള്ള ഇന്ദ്രീയാതീതപാരസ്പര്യത്തെ തൊട്ടറിയാനും ലേഖകനു കഴിഞ്ഞിട്ടുണ്ട്‌.

ഗ്രന്ഥാലോകം - സംഘസംവാദം


ഗ്രന്ഥാലോകം മെയ്‌ 2011 കാൽപനികതയെക്കുറിച്ചുള്ള സംഘസംവാദമായിരുന്നു. 'കാൽപനികത ചരിത്രവും പരിണാമവും' പുതിയ ഒരു ഉൾക്കാഴ്ചയും തന്നില്ല. കാൽപനികതയുടെ കടലിൽ ഒരു കണ്ണീർക്കുടം പോലെ (ഡോ.ബി.വി.ശശികുമാർ)  ചിന്തകളെ മഥിക്കുംവണ്ണം എഴുതുന്നില്ല. ചങ്ങമ്പുഴ കാവ്യപരിണാമം (എസ്‌.കെ.വസന്തൻ) - പാണ്ഡിത്യത്തിന്റെ ഭാഷ കൊണ്ട്‌ ചങ്ങമ്പുഴയെ വിലയിരുത്താൻ ശ്രമിച്ച്‌ പരാജയമേറ്റു വാങ്ങിയ ലേഖനമാണിത്‌. കാൽപനികത എന്ന ബൃഹദാഖ്യാനത്തിന്റെ തകർച്ച (ഡോ.പി.സോമൻ)- പേരു സൂചിപ്പിക്കുന്നതുപോലെ കാൽപനികതയോട്‌ ഉത്തരാധുനികമായ സമീപനം സ്വീകരിച്ചുകൊണ്ട്‌ എഴുതിയ ലേഖനമാണ്‌. ലേഖനം മികച്ച നിലവാരം പുലർത്തി. 'കാൽപനികതയും ലേഖനവും- പ്രതികരണങ്ങളുടെ നാൾവഴി'  (ഇ.പി.രാജഗോപാലൻ) - തരക്കേടില്ലാത്ത ലേഖനം. സമീപനങ്ങളുടെ ആവർത്തനം പ്രശ്നങ്ങളുണ്ടാക്കുന്നു.
കണ്ണുനീരിൽ തെളിയുന്ന കിനാവ്‌ (വി.രാജകൃഷ്ണൻ) ഒരു കാര്യവും പുതുതായി പറയാത്ത ലേഖനം. സംഘസംവാദം സംഘടിപ്പിക്കുമ്പോൾ ഉയർന്ന ഉത്തരവാദിത്വം ഗ്രന്ഥാലോകം പുലർത്തണം.

മലയാളം പുറമ്പോക്കു ഭാഷയോ ?


രാവിലെ സ്കൂൾ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേള സമയത്തോ സ്കൂൾ അടയ്ക്കുന്ന സമയം ദീർഘിപ്പിച്ചോ ഐ.റ്റി യുടെ സമയം കുറയ്ക്കാതെ തന്നെ മലയാളം രണ്ടാംപേപ്പറിന്റെ പീരിയഡ്‌ ക്രമീകരിക്കും. മലയാളത്തിനായി കണ്ടെത്തുന്ന അധികം പീരിയഡുകൾ തസ്തിക നിർണ്ണയത്തിന്‌ കണക്കാക്കിലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു- മലയാളം പ്രഥമഭാഷയായി അംഗീകരിച്ചുകൊണ്ട്‌ ഇറക്കപ്പെട്ട സർക്കാർ ഉത്തരവാണിത്‌.

ഈ സർക്കാർ ഉത്തരവ്‌ തിരുത്തി മലയാളത്തിന്‌ പ്രത്യേകം സമയമനുവദിച്ചുകൊണ്ട്‌ പുതിയ ഉത്തരവ്‌ വരുവാൻ പോകുന്നതായി പത്രവാർത്ത കണ്ടു. വൈകി ഉദിച്ച വിവേകത്തിന്‌ നന്ദി ! പ്രൊഫഷണൽ കോഴ്സുകളുടെ മലവെള്ളപാച്ചിലിനിടയിലും ഭാഷയും സാഹിത്യവും സംസ്കാരവും ഒക്കെ പഠിക്കാൻ പണാധിപത്യത്തിന്‌ പുല്ലുവില പോലും കൽപ്പിക്കാതെ ധീരമായി ഇറങ്ങിത്തിരിച്ച പാവം കുഞ്ഞുങ്ങൾക്ക്‌ നികുതിക്കാശിൽനിന്ന് ശമ്പളം കിട്ടുന്നത്‌ സർക്കാർ ഇല്ലാതാക്കരുത്‌. സംസ്കാരമുള്ള സർക്കാരിന്റെ സംസ്കാരനടപടിയായി അതു മാറണം.

ജെ.ഡേ


സീനിയർ ക്രൈം റിപ്പോർട്ടർ (Tabloid MiD-Day) ജ്യോതിർമയി ഡേ കൊല്ലപ്പെട്ടത്‌ ഇന്ത്യൻ പത്രപ്രവർത്തനത്തിനും ഇന്ത്യൻ ജനാധിപത്യത്തിനും ഏറ്റ കനത്ത പ്രഹരമാണ്‌. നമ്മുടെ രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ സൂ ചന കൂടിയാണിത്‌. അധോലോകം ഇന്ത്യൻ സംവിധാനങ്ങളെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഴുങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സാംസ്കാരികലോകം ശക്തമായി പ്രതിഷേധിക്കുക. വി.ബി.ഉണ്ണിത്താന്‌ (മാതൃഭൂമി) നേരേ നടന്ന വധശ്രമം ക്രിമിനൽവൽക്കരിക്കപ്പെടുന്ന പോലീസ്‌ സംവിധാനത്തിന്റെ പച്ചയായ തെളിവായി നമ്മുടെ മുമ്പിലുണ്ടല്ലോ.

വാരവിചാരണ


കോട്ടയത്തു നിന്നും ഡോക്ടർ കുര്യാസ്‌ കുമ്പളക്കുഴി പ്രസിദ്ധീകരിക്കുന്ന വാരികയാണ്‌ 'പ്രതിച്ഛായ' . ഇതിൽ ജെയ്സൺ ജോസ്‌ 'വാരവിചാരണ' എന്ന കോളം എഴുതുന്നു. പി.എൻ.പണിക്കരെയും എം.എഫ്‌.ഹുസൈനെയും പാർശ്വവൽക്കരിക്കപ്പെടുന്ന മലയാളത്തെയും കുറിച്ചൊക്കെ എഴുതിയപ്പോൾ ജെയ്സൺ ജോസ്‌ പ്രകടിപ്പിച്ച ധാർമ്മികരോഷം ആവേശോജ്ജ്വലമാണ്‌. ജെയ്സൺ ജോസിന്റെ ഈ ധാർമ്മികരോഷം താങ്ങുവാനുള്ള ശേഷി 'പ്രതിച്ഛായ'യ്ക്ക്‌ എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ.
പുതുകവിതയെക്കുറിച്ച്‌ എഴുതിയിടത്ത്‌ (ജൂൺ 18, 2011) നിരീക്ഷണത്തിന്റെ ദൗർബല്യങ്ങളാണ്‌ മുന്നിട്ടുനിൽക്കുന്നത്‌. കോളം ശക്തമായി തുടരുക. വിജയാശംസകൾ.


അഡ്വ.റ്റി.പി.സുന്ദർരാജൻ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തമായ നിധിശേഖരം ലോകശ്രദ്ധയിലേക്ക്‌ കൊണ്ടുവന്നത്‌ അഡ്വ.റ്റി.പി.സുന്ദർരാജനാണ്‌. അദ്ദേഹം സുപ്രീംകോടതിയിൽ കേസ്‌ വാദിച്ചാണ്‌ ഇക്കാര്യത്തിൽ വിധി സമ്പാദിച്ചത്‌. ഐ.പി.എസ്‌ ഓഫീസറായി ജോലിയിൽ പ്രവേശിച്ച സുന്ദർരാജൻ 'റോ' ഡെപ്യൂട്ടി ഡയറക്ടർ വരെയായ വ്യക്തിയാണ്‌. ലളിതജീവിതവും ഉന്നതമായ മൂല്യബോധവുമുള്ള ഈ വ്യക്തി ചരിത്രത്തിൽ അവിസ്മരണീയനായി തീരുകതന്നെ വേണം. ഒരു ഘട്ടത്തിലും തമസ്കരിക്കാൻ പാടില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം എങ്ങനെ കാത്തുസൂക്ഷിക്കണം എന്നതിനെ സംബന്ധിച്ച്‌ നല്ല സംവാദങ്ങളുണ്ടാകണം. അതിൽ നിന്നു വേണം തീരുമാനങ്ങൾ ഉരുത്തിരിയേണ്ടത്‌.

വേസ്റ്റ്‌
ഭ്രമകൽപനയെ കൂടുതൽ സങ്കീർണ്ണമാക്കാതെ എഴുതിയ കഥയാണ്‌ മനോജ്‌ ജാതവേദരുടെ 'വേസ്റ്റ്‌' (2011 ഏപ്രിൽ 24-30 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ ). വലിയ ആശയലോകത്തെ കഥാത്മകമാക്കിയിരിക്കുകയാണ്‌ ഇവിടെ. പക്ഷെ കഥയുടെ ജീവിതാത്മകത രചനയ്ക്കുള്ളിൽ ഭദ്രവുമാണ്‌. പത്മരാജന്റെ ഫാന്റസി പോലെ (ഞാൻ ഗന്ധർവ്വൻ,പ്രതിമയും രാജകുമാരിയും). മിഥ്യാപ്രത്യക്ഷത്തിന്റെ സൗന്ദര്യം ഉദഗ്രമാക്കുവാൻ മനോജ്‌ ശ്രമിക്കുന്നില്ല. ഇരുത്തം വന്ന ആഖ്യാനത്തിന്റെ സ്വരവും സൗന്ദര്യവും കഥയ്ക്കുണ്ട്‌. കഥ കൈകാര്യം ചെയ്യുന്ന ഇഷ്യൂകൾക്കപ്പുറം ഫിക്‌ഷണാലിറ്റിയുടെ സാധ്യത കഥ പൂർണ്ണമായും സ്വായത്തമാക്കിയിട്ടുമുണ്ട്‌. ഇത്‌ കഥയുടെ മാർഗ്ഗത്തിൽ നിന്നും മാറിനിൽക്കുന്നുമില്ല. കഥയ്ക്ക്‌ ഇത്‌ സാന്ദ്രതയുടെ സംഗീതവും കൊടുക്കുന്നുണ്ട്‌. കഥയ്ക്കുള്ളിലെ ചില മനോഹരാഖ്യാനങ്ങൾ വായിച്ചുകൊള്ളുക."ഹൃദയസ്തംഭനങ്ങളിലെന്ന പോലെ, ഓരോ ജംഗ്ഷനിലേയും ട്രാഫിക്‌ ജാമുകളിൽ അറസ്റ്റുചെയ്യപ്പെട്ടു കിടക്കുന്ന മനുഷ്യരെക്കണ്ടപ്പോൾ, നിരത്തു നിറഞ്ഞു കവിയുന്ന വിഷപ്പുകയുടെ കറുത്തപാട കണ്ടപ്പോൾ, ഇനിയും ഒരുവന്റെ ജീവിതം ബാക്കി കിടക്കുന്നുണ്ടെന്നെനിക്കു തോന്നി. ഒരുപാടുകാര്യങ്ങൾ ചെയ്തു തീർക്കാനുള്ളപ്പോഴാണ്‌ ഒരാൾ ജീവിതം ജീവിക്കുന്നത്‌". "ഇരുണ്ട രാത്രിക്കു മീതേ നനഞ്ഞ ജീവിതവുമായി കപ്പൽ ഛേദത്തിലകപ്പെട്ട നാവികനെപ്പോലെ കളക്ടർ വന്നുകയറുമ്പോൾ സമയത്തിനെക്കുറിച്ചുള്ള ബോധം തന്നെ എല്ലാവർക്കും നഷ്ടപ്പെട്ടിരുന്നു". "ഒരു രാത്രി, ലോക്കപ്പിൽ പിടിച്ചുപറിക്കാരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും കൂടെ ഉറങ്ങാതെ കഴിച്ചുകൂട്ടിയപ്പോൾ ഇന്നലെവരെ കണ്ടതൊന്നുമല്ല ജീവിതമെന്നെനിക്കു തോന്നി. അത്‌ മറ്റേതോ ഗൂഡമായ മറുഭാഷയാണ്‌". കഥയ്ക്കുള്ളിലെ ഫിക്‌ഷണാലിറ്റിയുടെ ജീവിക്കുന്ന തെളിവുകളാണ്‌ ഈ വാക്യങ്ങൾ. എം.കെ.ഹരികുമാർ അക്ഷരജാലകത്തിൽ ഈ കഥയെ അക്ഷെപിച്ചിരിക്കുന്നു. പഴയ ഫാന്റസി മനോജ്‌ പൊടിതട്ടിയെടുക്കുകയാണ്‌ എന്നതായിരുന്നു ആക്ഷേപം.ഫാന്റസി, ചരിത്രത്തിൽ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നാണോ ഹരികുമാർ ചിന്തിക്കുന്നത്‌ ?

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'മാതൃഭൂമി'യിലെ രണ്ടു കവിതകൾ.
സംവേദനത്തെ ബോധപൂർവ്വം പരീക്ഷിക്കുന്നുണ്ടെങ്കിലും നമുക്ക്‌ അപ്രാപ്യമാകുന്നില്ല ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 'സമുദ്രതാര' (മാതൃഭൂമി,ഏപ്രിൽ 3-9). താത്വികതയെ സംവേദനം ചെയ്യുന്നതിനുള്ള യജ്ഞമാണ്‌ ഇക്കവിത. ലവണജലം പോലുള്ള പഴയവാക്കുകൾ ഇപ്പോഴും ഉപേക്ഷിക്കാൻ കവിയ്ക്ക്‌ കഴിയുന്നില്ല. മാംസത്തിന്റെ തപാൽമുദ്ര എന്ന പ്രയോഗം ഒരു കൊറിയൻ കവിതയുടെ വിവർത്തനത്തിലൂടെ നാം പരിചയപ്പെട്ടതാണ്‌. ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നും 'സംശയം' എന്ന കവിതയിൽ ഇല്ല. മാതൃഭൂമിയുടെ (2011 ജൂൺ 19-25) ലക്കത്തിൽ ആദ്യപേജിൽ തന്നെ കവിത പ്രാധാന്യത്തോടെയാണ്‌ അച്ചടിച്ചു വന്നിരിക്കുന്നത്‌. മാതൃഭൂമിയിൽ ഈ രചന വരുന്നതിനു മുമ്പ്‌ കവിതയെ അവഗണിച്ച ഒരു ലക്കത്തെക്കുറിച്ച്‌ 'സംസ്കാരജാലകം' വിമർശനശരം തൊടുത്തുവിട്ടത്‌ വായനക്കാർ ഓർക്കുമല്ലോ. കുമാരനാശാന്റെയും നാലപ്പാട്‌ നാരായണമേനോന്റെയും ചില കവിതകളുടെ (വീണപൂവ്‌, പ്രരോദനം,കണ്ണുനീർത്തുള്ളി എന്നീ കവിതകൾ സ്മരിക്കുക) തത്വചിന്താപരമായ തലങ്ങളിലാണ്‌ 'സംശയം' എന്ന കവിത നിൽക്കുന്നത്‌. എങ്കിലും ജീവിതത്തെ കവിതയുടെ ഇടത്തിൽ കൊണ്ടുവന്ന് തത്വചിന്താപരമായി സംശയിപ്പിച്ച്‌ ലാവണ്യം സൃഷ്ടിക്കാൻ നടത്തിയ ശ്രമം നല്ലതു തന്നെയാണ്‌. ഭാരതീയ തത്വചിന്ത, സൗന്ദര്യം സൃഷ്ടിക്കാൻ കവിത പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. സംശയത്തിന്റെ കൊടുംസമുദ്രത്തിൽ പതിക്കുക മനുഷ്യന്റെ വിധിയാണ്‌. സംശയിക്കാത്ത മനുഷ്യനും മറ്റു ജീവജാലങ്ങളും ഈ വിധിക്ക്‌ പുറത്താണ്‌. ഇത്‌ മനുഷ്യന്റെ വെല്ലുവിളിയും സാധ്യതയുമാണ്‌. മനനം ചെയ്യുവാൻ കഴിവുള്ള മനുഷ്യന്റെ സാധ്യത ഭാരതീയ വേദാന്തരീതിയിൽത്തന്നെ ചുള്ളിക്കാട്‌ കവിതയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

അറിയുന്ന വിഷയവു,മറിയുന്നോനും
അറിവുമൊന്നാകും ലയമഹിമയാണോ?
സകലതുമുൾക്കൊള്ളുന്ന മഹാപ്രഭാവം
പരമശൂന്യതയാണോ പൂർണ്ണതയാണോ?

ആദ്യകവിതയേക്കാൾ ജീവിതം രണ്ടാം കവിതയിലുണ്ട്‌. അതാണ്‌ 'സംശയ'ത്തിന്‌ കൂടുതൽ മാറ്റ്‌ കൊടുക്കുന്നത്‌.


ഗ്രാമം മാസിക


കൊല്ലത്തുനിന്നും പ്രസിദ്ധീകരിക്കുന്ന 'ഗ്രാമം' മാസിക അയച്ചുകിട്ടി. സന്തോഷം. മണി.കെ.ചെന്താപൂര്‌ ആണ്‌ പത്രാധിപർ. ( മൊബൈൽ നമ്പർ 9388539394). ഗ്രാമം ബുക്സ്‌ എന്ന പേരിൽ പുസ്തകപ്രസിദ്ധീകരണവും ഇവർക്കുണ്ട്‌. ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണവും (80 രൂപ) ജീവകാരുണ്യനിരൂപണവും (40 രൂപ) ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ എന്നത്‌ ഗ്രാമം ബുക്സിന്റെ മേന്മയായി കരുതുന്നു. 1995 മുതൽ ക്രമമായി ഇവർ ഈ രംഗത്തു നിൽക്കുന്നു എന്നതും അഭിമാനാർഹമാണ്‌. അജൻഡകളുടെ പൊതുധാരാപ്രസിദ്ധീകരണങ്ങളുടെ ഇടയിൽ ഇവർക്ക്‌ സംസ്കാരത്തിന്റെ കാവൽക്കാരാകാൻ കഴിയും. പ്രതിസന്ധിയുടെ ഘട്ടങ്ങളിൽ ആര്‌ സംസ്കാരത്തിന്‌ കാവൽ നിൽക്കും എന്ന മാക്സിം ഗോർക്കിയുടെ ചോദ്യവും ഇവിടെ ഓർക്കുക.

കടമ്മനിട്ട വാസുദേവൻപിള്ളപി.കെ.കാളൻ പുരസ്കാരം ലഭിച്ച കടമ്മനിട്ട വാസുദേവൻപിള്ള ഫോക്‌ലോർ രംഗത്തെ അതികായനാണ്‌. ഈ അവാർഡ്തുകയായ ഒരു ലക്ഷം രൂപയും അതിനോടൊപ്പം 25,000 രൂപ കൂടി ചേർത്ത്‌ ബാങ്കിൽ നിക്ഷേപിച്ച്‌ അദ്ദേഹം അവാർഡ്‌ ഏർപ്പെടുത്തിയ വിവരം മാധ്യമങ്ങളിൽ വന്നിരുന്നു. ഏറ്റവും മികച്ച പടയനി കലാകാരനാണ്‌ വർഷംതോറും ഈ അവാർഡ്‌ സമ്മാനിക്കുന്നത്‌. ജ്ഞാനപീഠം അവാർഡ്‌ നേടിയ ജി.ശങ്കരക്കുറുപ്പ്‌ പ്രസ്തുത തുക കൊണ്ട്‌ ഓടക്കുഴൽ അവാർഡ്‌ ഏർപ്പെടുത്തിയ സംഭവമാണ്‌ ഇതിനൊടനുബന്ധിച്ച്‌ ഓർമ്മയിൽ വരുന്നത്‌. ഒരു വലിയ സാംസ്കാരിക മുന്നേറ്റമാണ്‌ കടമ്മനിട്ട വാസുദേവൻപിള്ളസാർ നിറവേറ്റിയിരിക്കുന്നത്‌. അഭിനന്ദനങ്ങൾ !

കാക്ക കുളിച്ചാൽ കൊക്കാകുമോ ?


കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന പഴഞ്ചൊല്ല് കെ.ഇ.എൻ രാഷ്ട്രീയാർത്ഥത്തിൽ വ്യാഖ്യാനിക്കുകയാണ്‌. (കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ലിപി പബ്ലിക്കേഷൻസ്‌ 2004). ഇങ്ങനെ പഴഞ്ചൊല്ലുകളെ വ്യാഖ്യാനിക്കുന്നത്‌ ഫോക്‌ലോറിന്റെ രീതിശാസ്ത്രത്തിന്‌ ചേരുന്നതല്ലെന്ന് സ്കറിയ സക്കറിയ. (ഫോക്‌ലോർ എന്തിന്‌? എങ്ങനെ?) ഇത്തരത്തിലുള്ള രാഷ്ട്രീയവ്യാഖ്യാനത്തെ അദ്ദേഹം അനുകൂലിക്കുകയും ചെയ്യുന്നു. പക്ഷെ, ഇതിനെ രണ്ട്‌ പക്ഷിസ്വത്വങ്ങളായിത്തന്നെ കാണുന്നതിൽ എന്താണ്‌ അപാകത? കൊക്കു കുളിച്ചാൽ കാക്കയാകുകയില്ല എന്ന സാധ്യത കൂടി ഈ പഴഞ്ചൊല്ലിൽ അന്തർഭവിക്കുന്നുണ്ട്‌. അതുകൊണ്ട്‌ പക്ഷിസ്വത്വം ഉറപ്പാകുന്നുണ്ട്‌. ആർത്തിരഹിതവും സമത്വപൂർണ്ണവുമായ നമ്മുടെ ആദിമജനതയിൽ നിന്നാണ്‌ ഇത്‌ ഉയിർക്കൊണ്ടിരിക്കുന്നത്‌ എന്ന കാതലായ കാര്യം കൂടി കെ.ഇ.എന്നും സ്കറിയ സക്കറിയയും മറക്കുന്നു. അന്ധമായ ചില ധാരണകളാണ്‌ വ്യഖ്യാനകുഴപ്പത്തിലേക്ക്‌ ഇരുവരെയും ചാടിച്ചത്‌.


മലയാള കഥയിലെ കുഞ്ഞുണ്ണി ഇഫെക്ട്‌പി.കെ.പാറക്കടവിന്റെ കഥകൾ വളരെ നേരത്തെ മുതൽ ശ്രദ്ധിക്കുന്നുണ്ട്‌. 'ധിഷണ' സമാന്തര മാസികയിൽ വന്നിരുന്ന ചെറിയ കഥകൾ ആവേശത്തോടെയാണ്‌ വായിച്ചിട്ടുള്ളത്‌. ഈ കഥകളുടെ വായന നമ്മെ ധ്യാനത്തിലേക്ക്‌ ആമഗ്നമാക്കുന്നു. അതാണ്‌ ഈ കഥയുടെ പ്രവർത്തനവഴി. ഈ ഊർജ്ജത്തിലാണ്‌ കഥകൾക്ക്‌ ആത്മനവീകരണത്തിന്റെ ശക്തി കിട്ടുന്നത്‌. ബൃഹത്ഗ്രന്ഥങ്ങളെ ഈ ചെറുതുകൾ വന്ന് ആദേശം ചെയ്യുന്നതുപോലെ എപ്പോഴും തോന്നാറുണ്ട്‌. മലയാളകവിതയിൽ കുഞ്ഞുണ്ണി ചെയ്തത്‌ മലയാളകഥയിൽ പി.കെ.പാറക്കടവ്‌ ചെയ്യുമ്പോൾ കഥയും കവിതയും കുഴഞ്ഞു മറിയുകയും വായനക്കാരൻ ധ്യാനത്തിന്റെ പുതിയ ചാലുകൾ തുറക്കുകയും ചെയ്യുന്നു. കഥയുടെ Fictionality യെ തകർക്കുമ്പോൾ പി.കെ.പാറക്കടവ്‌ പകരം കൊടുക്കുന്നത്‌ കഥയിലേക്ക്‌ കവിതയുടെ ജീവിതമാണ്‌. ആസ്വാദനത്തിന്റെ ഈ സയൻസ്‌ വ്യക്തമാകാത്തവരാണ്‌ പി.കെ.പാറക്കടവിന്റെ കഥകളെക്കുറിച്ച്‌ തെറ്റുകൾ വിളിച്ചുകൂവുന്നത്‌.

'ഇരട്ടമിഠായികൾ' എന്ന കഥാസമാഹാരത്തിലെ (ഡി.സി.ബുക്സ്‌, കോട്ടയം) 'കടൽ' എന്ന കഥ നാം വായിക്കുന്നു. "ഉള്ളിൽ ഒരു കുടൽ മാത്രമല്ല,ഒരു കടലുമുണ്ട്‌. മൂർച്ചയുള്ള ഒരു കത്തികൊണ്ട്‌ വലിച്ചുപുറത്തുകാണിക്കാനാവില്ല അതിന്റെ തിരയും പതയും". കഥയെന്ന മാധ്യമത്തെ ചുരുക്കിയെടുത്ത്‌ കവിതകൊണ്ട്‌ വെല്ലുവിളിച്ച്‌ വിജയം സ്വന്തം പോക്കറ്റിലാക്കുകയാണ്‌ ഇതുപോലുള്ള കഥകളിൽ, പി.കെ. ജീവിതമെന്ന തീരാപിടച്ചിലിനെ തീവ്രതരമാക്കുന്ന ഈ കഥ ആദ്ധ്യാത്മിക തലത്തിലേക്ക്‌ മാത്രമായി ചുരുക്കിയെഴുതാനുള്ള ശ്രമം പാപ്പരായിതീരുന്ന വിമർശനജീവിതം മാത്രമാണ്‌. മലയാളകഥയെ മാത്രമല്ല, മലയാളിയെയും നവീകരിക്കുന്ന ഇരട്ടപ്രവർത്തനമാണ്‌ പി.കെ.പാറക്കടവ്‌ നടത്തുന്നത്‌.

ഗൃഹലക്ഷ്മി


ഒരു സ്ത്രീ മാസിക എന്ന നിലയിൽ ഗൃഹലക്ഷ്മി ചില ചെറിയ ദൗത്യങ്ങൾ നിർവ്വഹിക്കുന്നുണ്ട്‌. പക്ഷെ കേരളത്തിലെ സ്ത്രീകളുടെ രാഷ്ട്രീയബോധത്തെ തകർക്കുന്നതിൽ കാലങ്ങളായി അതു വഹിക്കുന്ന വിധ്വംസകത്വം ഒരു സാംസ്കാരികവിമർശകനും കാണാതിരിക്കാൻ കഴിയുകയില്ല. പണക്കാരിൽ സംഭവിക്കേണ്ട ഒരു സാംസ്കാരിക മാനുഷികവികാസമുണ്ട്‌. ഗൃഹലക്ഷ്മി അത്‌ ഉണർത്താനും ഉത്തേജിപ്പിക്കാനും ഒരു പങ്കും ഏറ്റെടുക്കുന്നില്ല. അപ്പോൾ ആകെത്തുകയിൽ യഥാർത്ഥസംസ്കാരത്തിന്‌ ഭീഷണി ഉയർത്തിക്കൊണ്ടാണ്‌ ഈ സ്ത്രീ പ്രസിദ്ധീകരണം നിലനിൽക്കുന്നത്‌. ഇതിന്റെ പേജുകളിൽ നിന്ന് പാവങ്ങളുടെ സാംസ്കാരിക, രാഷ്ട്രീയ, സമൂഹിക, സാമ്പത്തിക താൽപര്യങ്ങൾ പാർശ്വവൽക്കരിക്കുന്നതും സാംസ്കാരിക വിമർശനത്തിന്റെ ഭാഗമാകേണ്ടതാണ്‌. കേരളത്തിൽ ഇതിനെതിരെ സ്ത്രീകളിൽ നിന്നുതന്നെ പോരാട്ടത്തിന്റെ കൊടുംകാറ്റുകൾ രൂപപ്പെടേണ്ടതാണ്‌. കേരളത്തിലെ മറ്റു ചില സ്ത്രീപ്രസിദ്ധീകരണങ്ങളും വമ്പിച്ച ആക്രമണങ്ങൾക്ക്‌ വിധേയമാകേണ്ടതാണ്‌. 'സംസ്കാരജാലകം' അത്‌ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുന്നു.

ചലച്ചിത്രം


സിനിമയുടെ ആഖ്യാനത്തിൽ പ്രകടമാകുന്ന നവീനത കൂടിയാണ്‌ 'പ്രാഞ്ചിയേട്ട'നെ ശ്രദ്ധേയമാക്കിയിരിക്കുന്നത്‌. ഇത്‌ ഒരു നല്ല വഴിത്തിരിവാണ്‌. ഇടിയും തൊഴിയും മറ്റ്‌ ആഭാസങ്ങളൊന്നും തന്നെയില്ലാതെ നല്ല ചലച്ചിത്രം നിർമ്മിക്കാമെന്ന് 'പ്രാഞ്ചിയേട്ടൻ' മലയാളത്തിന്‌ കാണിച്ചുതന്നു.

അയച്ചുകിട്ടിയ പുസ്തകം

ഒരേയൊരിടം - ജോണി പടപ്പയ്ക്കൽ
അവതാരിക - പ്രൊഫ.ടോണി മാത്യൂ
പഠനം - കെ.കെ.കൊച്ച്‌
പബ്ലിഷേഴ്സ്‌ - എച്ച്‌ & സി ബുക്സ്‌
വില- 45 രൂപ
O

സംസ്കാരജാലകം എന്ന പംക്തിയെ സംബന്ധിക്കുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുക. PHONE :9895734218