Thursday, December 29, 2011

സംസ്കാരജാലകം


ഡോ.ആർ.ഭദ്രൻ

                              11 അകംപൊരുൾ ആയുധം എഴുത്ത്‌തിരുവല്ലയിൽ നിന്നു പ്രസിദ്ധീകരിക്കുന്ന 'അകംപൊരുളി'ൽ വായനാസുഖവും ജീവിതപ്രകാശവും തരുന്ന കോളമാണ്‌ 'ആയുധം എഴുത്ത്‌'. സ്പോർട്സ്‌ ജേണലിസ്റ്റ്‌ ആയിരുന്ന ക്രിസ്‌ തോമസ്‌ ഇത്രമാത്രം ജീവിതവിജ്ഞാനം നേടിയിരിക്കുന്നല്ലോ എന്ന തിരിച്ചറിവ്‌ 'ആയുധം എഴുത്തി'ന്റെ ഓരോ ലക്കവും വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ടാവും. കളി മാത്രമല്ല, ജീവിതക്കളിയും തനിക്ക്‌ വഴങ്ങുന്നു എന്ന് ലോകത്തോട്‌ എത്ര സൗമ്യമായാണ്‌ ഒരു സീനിയർ ജേണലിസ്റ്റിന്റെ കോളം അറിയിച്ചുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ പൊതുധാരാ പ്രസിദ്ധീകരണങ്ങളിൽ നിന്നും മാറിനിന്ന് ഒരു സമാന്തരപ്രസിദ്ധീകരണത്തിൽ ഈ കോളം പ്രസിദ്ധീകരിച്ചുകൊണ്ട്‌ പൊതുധാരാ പ്രസിദ്ധീകരണങ്ങളുടെ താരശോഭയെ ക്രിസ്‌ തോമസ്‌ ഒരു കള്ളനെപ്പോലെ വെല്ലുവിളിക്കുന്നുമുണ്ട്‌. നമ്മുടെ പല എഴുത്തുകാർക്കും ഈ ആത്മവിശ്വാസം പാഠാമാക്കാവുന്നതാണ്‌.


ക്രിസ്‌ തോമസ്‌


ലളിതമായ ആഖ്യാനം കൊണ്ട്‌ അത്ഭുതങ്ങൾ കാണിക്കാമെന്നും ഈ കോളം നമ്മെ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ലളിതമായി എഴുതുന്നതാണ്‌ മഹത്വമെന്നും ലളിതമായി എഴുതിയ രാജഗോപാലാചാരിയുടെ ഗദ്യം മഹത്തായതാണെന്നും ഡിഗ്രിക്ലാസ്സിൽ പ്രൊ.റാവു സാർ പറഞ്ഞത്‌ ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു. ക്രിസ്‌ തോമസിന്റെ ഓരോ കോളങ്ങളിലൂടെയും കടന്നുപോകുമ്പോൾ അതാണ്‌ ഓർത്തിരിക്കുന്നത്‌. ലളിതമായ ആഖ്യാനം കൊണ്ട്‌ മഹാലോകങ്ങൾ എയ്തുവീഴ്ത്തുന്ന ഒരനുഭവം.

എഴുത്തിനപ്പുറമുള്ള കഥകൾക്ക്‌ എഴുത്തിനേക്കാൾ മൂല്യം കൈവരുന്ന ജേണലിസത്തിന്റെയും സ്വന്തം ജീവിതാനുഭവങ്ങൾ മഹാപാഠങ്ങളായി മനുഷ്യർക്ക്‌ പകർന്നു കൊടുക്കുന്നതിന്റെയും വിസ്മയമാണ്‌ ഈ കോളം. ഒരു ധാർമ്മികന്റെ കിതപ്പ്‌ ഇതിൽ ഉടനീളം ഉണ്ട്‌. ഈ കോളങ്ങൾ പുസ്തകമാകുമ്പോൾ മലയാള ജേണലിസത്തിന്‌ ഒരു മികച്ച പാഠപുസ്തകമാവും ലഭിക്കുക. ധർമ്മം വെല്ലുവിളിയെ നേരിടുന്ന ഈ കാലത്ത്‌ ഇവ്വണ്ണമുള്ള പുസ്തകങ്ങളാണ്‌ വേദങ്ങളുടെ പ്രസരിപ്പ്‌ മനുഷ്യർക്ക്‌ കൊടുക്കുന്നത്‌. താൻ വലിയ ഒരു കാര്യം ചെയ്യുന്നു എന്ന നാട്യമേതുമില്ലാതെ ഒരു വന്മയുടെ ഒളിഞ്ഞിരിപ്പ്‌ കോളങ്ങളിലുണ്ട്‌. ക്രിസ്‌ തോമസ്‌ ഒരുപാട്‌ ഇവ്വണ്ണം എഴുതണം. എഴുതാതിരിക്കരുത്‌. എഴുത്ത്‌ ആയുധമായി പോരാട്ടം സൗമ്യവഴികളിലൂടെ രൂക്ഷമാവട്ടെ. വൈലോപ്പിള്ളി ശ്രീധരമേനോനും റഫീക്‌ അഹമ്മദും'തോരാമഴ' റഫീക്‌ അഹമ്മദിന്റെ മികച്ച കവിതയാണ്‌. കുറ്റമറ്റ കവിത. ഉമ്മക്കുലുസ്‌ മരിച്ചപ്പോൾ ഉമ്മയ്ക്കുണ്ടായ ദു:ഖം അസാധാരണമായ കൈയ്യടക്കത്തോടെയാണ്‌ റഫീക്‌ പകർത്തിയിരിക്കുന്നത്‌. അതിവൈകാരികമായ ഒരു പ്രമേയത്തെ വൈകാരികത അടക്കി ആവിഷ്കരിച്ചതിന്റെ വിജയം ആണ്‌ 'തോരാമഴ' നേടിയിരിക്കുന്നത്‌. പൈങ്കിളി സിനിമാക്കാർക്കും സീരിയലുകാർക്കും എഴുത്തുകാർക്കും അറിയാത്ത കലയുടെ മഹാപാഠം.  ആഖ്യാനത്തിന്റെ സംയമനം കലാസൗന്ദര്യത്തിന്‌ നിദാനമാകുന്നതിന്റെ കാഴ്ച. ചമ്പകം, പുള്ളിക്കുട, പിന്നിയ കുഞ്ഞുടുപ്പ്‌ തുടങ്ങിയ ബാഹ്യസംയോജകങ്ങളെ (Objective Correlative) കവി ഇതിനുവേണ്ടി നന്നായി പ്രയോഗിച്ചിട്ടുണ്ട്‌. ഉമ്മക്കുലുസ്‌ മരിച്ചപ്പോൾ ഉമ്മയ്ക്കുണ്ടായ അതിദാരുണമായ കദനത്തെ റഫീക്‌ 'തോരാമഴ' എന്ന കവിതാനാമത്തിൽ വിദഗ്ദമായി കേന്ദ്രീകരിക്കുകയും ചെയ്തു


റഫീക്‌ അഹമ്മദ്‌

കവിതാപശ്ചാത്തലങ്ങളെയെല്ലാം സംയമനപൂർവ്വകമായ ചിത്രീകരണത്തിന്‌ കവി വിദഗ്ദമായി പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌. ബാഹ്യസംയോജകവുമായി ബന്ധപ്പെടുത്തി കാറ്റിനെ കവി വികാരാവിഷ്കാരത്തിന്‌ പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌ കവിതയിലെ ഒരു ചേതോഹരകാഴ്ചയാണ്‌.

തെക്കേപ്പുറത്തയക്കോലിലവളുടെ
ഇത്തിരിപ്പിന്നിയ കുഞ്ഞുടുപ്പിൽ
ചുറ്റിക്കറങ്ങി നടക്കുന്ന കാറ്റൊന്നു
തട്ടിനോക്കി, മരക്കൊമ്പിലേറി.

ഇനി കുഞ്ഞു മരിച്ച അമ്മയുടെ ദു:ഖത്തെ 'മാമ്പഴം' എന്ന കവിതയിൽ വൈലോപ്പിള്ളി ശ്രീധരമേനോൻ എങ്ങനെ ആവിഷ്കരിച്ചിരിക്കുന്നു എന്നു നോക്കാം. ഉമ്മക്കുലുസിന്റെ ശവമാടത്തിൽ ഉമ്മ പുള്ളിക്കുട കൊണ്ടുവെയ്ക്കുന്നതുപോലെ ഒരു സന്ദർഭം നേരത്തെ തന്നെ 'മാമ്പഴ'ത്തിൽ നാം വായിച്ചിട്ടുള്ളതാണ്‌. ഈ കവിതയിലെ മാമ്പഴവും വികാരദ്യോതകമായ ബാഹ്യസംയോജകമായാണ്‌ വൈലോപ്പിള്ളിയും സ്വീകരിച്ചിട്ടുള്ളത്‌. മാമ്പഴം വെച്ചിട്ട്‌ അമ്മ ഇങ്ങനെയാണ്‌ മൊഴിഞ്ഞത്‌.

തന്നുണ്ണിക്കിടാവിന്റെ
താരുടൽ മറവു ചെയ്ത
മണ്ണിൽത്താൻ നിക്ഷേപിച്ചു
മന്ദമായേവം ചൊന്നാൾ
"ഉണ്ണിക്കൈയ്ക്കെടുക്കുവാ-
നുണ്ണി വായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം,
വാസ്തവമറിയാതെ
നീരസം ഭാവിച്ചു നീ
പോയിതെങ്കിലും,കുഞ്ഞേ,
നീയിതു നുകർന്നാലേ അമ്മയ്ക്ക്‌ സുഖമാവൂ"

വൈലോപ്പിള്ളി

വസ്തുനിഷ്ഠതയ്ക്ക്‌ അപ്പുറം സഞ്ചരിക്കുന്ന ഭാവനകൊണ്ടുകൂടിയാണ്‌ വൈലോപ്പിള്ളി 'മാമ്പഴം' എഴുതിയത്‌. വസ്തുനിഷ്ഠതയിൽ കവിത കണ്ടെത്തിയാണ്‌ റഫീക്‌ കവിതയെഴുതിയിരിക്കുന്നത്‌. കുഞ്ഞു മരിച്ച യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഉമ്മയുടെ യഥാതഥ ചിത്രീകരണമായി ഇതുയരുകയാണ്‌. വൈകാരിക മുഹൂർത്തങ്ങളെ സംയമനത്തിന്റെ ഭാഷകൊണ്ട്‌ കവിതയാക്കുന്നതിൽ ഇരുവരും രണ്ടുരീതിയിൽ വിജയിച്ചിട്ടുണ്ട്‌. അടിയന്തിരാവസ്ഥ തടവുകാർക്കും ആശ്രിതർക്കും പെൻഷൻ അനുവദിക്കണംഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ശേഷം ഇവിടെ ഉണ്ടായ ഏറ്റവും വലിയ സ്വാതന്ത്ര്യനിഷേധം അടിയന്തിരാവസ്ഥയിലെ സ്വാതന്ത്ര്യനിഷേധമായിരുന്നു. കൊളോണിയൽ ഭരണകൂടം നമ്മുടെ സ്വാതന്ത്ര്യം കവർന്നെടുത്തത്തിന്റെ രാഷ്ട്രീയം നമുക്ക്‌ മനസിലാക്കാം. ഇന്ത്യൻ ഭരണാധികാരികൾ തന്നെ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യസമരത്തിന്‌ നേതൃത്വം കൊടുത്ത കോൺഗ്രസ്‌ സംഘടനയുടെ ഭാഗമായുള്ള ഭരണകൂടം ഇന്ത്യൻ പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പിന്നിലെ രാഷ്ട്രീയമാണ്‌ ഒരു പാരഡോക്സായി ഇപ്പോഴും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നിൽക്കുന്നത്‌. ജനാധിപത്യവികാസത്തിന്റെയും മനുഷ്യാവകാശബോധത്തിന്റെയും പൗരബോധത്തെക്കുറിച്ചുള്ള ഏറ്റവും ആധുനികമായ സങ്കൽപ്പങ്ങളും വന്നുകഴിഞ്ഞിരിക്കുന്ന ഇക്കാലത്ത്‌, സ്വാതന്ത്ര്യനിഷേധത്തിനെതിരെ പോരാടി തടവിലാവുകയും യാതന അനുഭവിക്കുകയും ചെയ്തവർക്കും അവരുടെ പിൻഗാമികൾക്കും പെൻഷൻ അനുവദിക്കുകയും അവരെ സ്വാതന്ത്ര്യസമരപോരാളികളായി ഇന്ത്യയൊട്ടുക്ക്‌ ആദരിക്കുകയും ചെയ്യുന്നതിന്‌ നാം അലംഭാവം കാണിക്കുവാൻ പാടില്ല. മൃതിയേക്കാൾ ഭയാനകമാണ്‌ പാരതന്ത്ര്യം എന്ന് നാം മറക്കുകയാണ്‌. കെ.പി. പിഷാരടിയുടെ 'പ്രണാമം' എന്ന കവിതഗാനഗന്ധർവ്വൻ യേശുദാസ്‌ ചലച്ചിത്ര ഗാനാലാപനം തുടങ്ങിയിട്ട്‌  2011 നവംബർ 14 -ന്‌ 50 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച്‌ എഴുതിയ കവിതയാണിത്‌. (കലാകൗമുദി 2011 നവംബർ 20 ). തുറന്നുപറയട്ടെ ഇതൊരു പാഴ്‌വേലയാണ്‌. ഇതുപോലുള്ള കവിതകൾ പ്രസിദ്ധീകരിച്ച്‌ കലാകൗമുദി നിലവാരത്തകർച്ച വിലകൊടുത്ത്‌ വാങ്ങിക്കരുത്‌. ഞങ്ങൾ കലാകൗമുദിയെ സ്നേഹിക്കുന്നവരാണ്‌. മലയാളത്തിലെ വഞ്ചനാത്മകമല്ലാത്ത ഒരാഴ്ചപ്പതിപ്പായതിനാലാണ്‌ കലാകൗമുദിയെ ഇഷ്ടപ്പെടുന്നത്‌. വള്ളത്തോളിന്റെ ഭാഷാദർശനംമാതൃഭാഷയുടെ മഹിമ ഉയർത്തിക്കാട്ടുവാൻ മിക്ക പ്രസംഗകരും വള്ളത്തോളിന്റെ 'എന്റെ ഭാഷ' എന്ന കവിതയിലെ രണ്ടുവരികൾ ഉദ്ധരിക്കുക ഒരു ദിനചര്യപോലെയായി മാറിയിട്ടുണ്ട്‌. ആ വരികൾ ഇതാണ്‌ - 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ,മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ'. എന്നാൽ വൈജ്ഞാനിക ലോകത്ത്‌ മാതൃഭാഷയുടെ സർവ്വതലസ്പർശിയായ പ്രാധാന്യം ഒരു വിദ്യാഭ്യാസവിചക്ഷണനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ വള്ളത്തോൾ 'എന്റെ ഭാഷ'യിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച്‌ ഒരു പ്രസംഗകനും പറയുന്നത്‌ കേട്ടിട്ടില്ല. മാതൃഭാഷയുടെ പ്രാധാന്യം അനുഭൂതിയുള്ള ധൈഷണികാനുഭവമായും 'എന്റെ ഭാഷ'യിൽ വള്ളത്തോൾ നിരീക്ഷിച്ചിട്ടുണ്ട്‌ എന്നത്‌ സൂക്ഷ്മബുദ്ധികൾക്ക്‌ കാണുവാൻ കഴിയും. ഏതൊരു വേദവും ശാസ്ത്രവും സാഹിത്യവും ഹൃദയദർപ്പണത്തിൽ പതിയണമെങ്കിൽ സ്വന്തം ഭാഷയിലൂടെ തന്നെ കേൾക്കണമെന്ന് കവിയിലെ വിദ്യാഭ്യാസശാസ്ത്രജ്ഞൻ കണ്ടെത്തിയിട്ടുണ്ട്‌. ഇക്കാര്യങ്ങൾ ആലങ്കാരികമായി ചമൽക്കാരഭാഷയിൽ കവി അവതരിപ്പിക്കുന്നുണ്ട്‌. സ്വന്തം ഭാഷയുടെ ശക്തിയെക്കുറിച്ച്‌ - ഏതു ജ്ഞാനവും ഉൾക്കൊള്ളാനുള്ള- പറയുന്ന വള്ളത്തോൾ സ്വത്വബോധമാർജ്ജിച്ച്‌ ലോകത്തെ ഏറ്റെടുക്കുവാനുള്ള ജ്ഞാനം ഒരുവനു സിദ്ധിക്കുന്നത്‌ മാതൃഭാഷയിലൂടെ മത്രമേയുള്ളൂ എന്ന ഏറ്റവും വലിയ വിദ്യാഭ്യാസ തത്വം 'എന്റെ ഭാഷ'യിൽ കൊണ്ടുവന്നിട്ടുണ്ട്‌. ഭാഷയെ സംബന്ധിച്ച്‌ വിദ്യാഭ്യാസശാസ്ത്രത്തിന്റെ കാവ്യകലയാണ്‌ 'എന്റെ ഭാഷ'യിൽ നിന്ന് പ്രവഹിക്കുന്നത്‌. സ്വന്തം ഭാഷ ഒരുവനിൽ സൃഷ്ടിക്കുന്ന സ്വത്വരൂപീകരണത്തെക്കുറിച്ചുള്ള ഉന്നതജ്ഞാനം നിറഞ്ഞിരിക്കുന്ന ഈ വരികൾ പ്രസംഗകർ മറക്കാതെ ഉപയോഗിക്കുക.

കൊണ്ടാടി നാനാവിചിന്തനതന്തുക്കൾ
കൊണ്ടാത്മ ഭാഷയെ വായ്പ്പിക്കായ്കിൽ
കേരളത്തിന്നീയിരുൾക്കുണ്ടിൽ നിന്നൊന്നു
കേറാൻ പിടിക്കയറതെന്തു വേറെ ?

എം.എൻ.വിജയൻ സൂചിപ്പിച്ച അച്ഛനമ്മമാരെ പുറത്താക്കിക്കൊണ്ടിരിക്കുന്ന ഡാഡി-മമ്മി സംസ്കാരത്തിനു പിന്നാലെ ഭ്രാന്തമായി അലയുന്ന മാതാപിതാക്കൾ വള്ളത്തോളിന്റെ 'എന്റെ ഭാഷ' വായിച്ച്‌ വിവേകശാലികളാവുക. മലയാളിയെ ഇരുട്ടിലാക്കുന്നതിന്റെ കാരണം കാലങ്ങൾക്ക്‌ മുമ്പ്‌ മഹാകവി പ്രവചിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ വള്ളത്തോൾ നാരായണമേനോന്റെ കാലുകളിൽ കേരളം സാഷ്ടാംഗം പ്രണമിക്കണം. ഞാൻ മാപ്പു ചോദിക്കുന്നുസച്ചിദാനന്ദന്റെ സ്ഥിരം പാറ്റേണിലുള്ള കവിതയാണെങ്കിലും വിഭവങ്ങളുടെ പുതുമകൊണ്ട്‌ കവിത വായനക്കാരിലേക്ക്‌ നന്നായി പ്രവർത്തിക്കുന്നു.'മാപ്പു ചോദിക്കുന്നു' (കലാകൗമുദി 2011 നവംബർ 20 ) ഒരു കവിക്ക്‌ ചെയ്യാവുന്ന ഏറ്റവും നല്ല പ്രതികരണമായി കണക്കാക്കാം. മധുപാൽ കാടടച്ചു വെടിവെക്കുന്നു


"മലയാളത്തിലെ നിരൂപണം ഒരു വലിയ ഫലിതമായിട്ടാണ്‌ ഓർമ്മ വരിക. കാരണം നിരൂപകരിൽ ഭൂരിപക്ഷവും കോളേജ്‌ അധ്യാപകരാണ്‌. മറ്റൊരു ജോലിയും ഇല്ലാത്തതു പോലെയാണ്‌ അവർ നിരൂപണത്തിൽ ഏർപ്പെടുന്നത്‌. ശിഷ്യന്മാരെ പുകഴ്ത്തിയും ചുറ്റുവട്ടത്തുള്ളവരെ പ്രശംസിച്ചും അവർ കഴിഞ്ഞുകൂടുന്നു. ചിലപ്പോൾ ചില സിദ്ധാന്തചർച്ചകളും കൂട്ടിനുണ്ടാകും.അവർ നിരൂപണമേഖലയിൽ നിന്നും മാറിനിൽക്കുന്നതാണ്‌ ഉചിതം. കാരണം ഇപ്പോഴും 40 വർഷം അവർ പിറകിലാണ്‌ " (അഭിമുഖം-മധുപാൽ / കെ.ബി.ശെൽവമണി,ചന്ദ്രിക ഓണപ്പതിപ്പ്‌ 2011 )


മധുപാൽ

മധുപാൽ കാര്യങ്ങൾ മനസ്സിലാക്കാതെ നടത്തിയ കാടടച്ചു വെടിവെക്കലാണിത്‌. മലയാളത്തിൽ തലപ്പൊക്കമുള്ള നിരൂപകർ പലരും കലാലയാധ്യാപകരായിരുന്നു. എം.പി.പോൾ, കുറ്റിപ്പുഴ, ജോസഫ്‌ മുണ്ടശ്ശേരി, സി.ജെ.തോമസ്‌, ഡോ.കെ.ഭാസ്കരൻനായർ, രാജകൃഷ്ണൻ, കെ.പി.അപ്പൻ, എസ്‌.ഗുപ്തൻനായർ, വി.സി.ശ്രീജൻ, പി.പി.രവീന്ദ്രൻ, തുടങ്ങി ലിസ്റ്റ്‌ നീട്ടുന്നില്ല. കൂടാതെ മലയാളത്തിലെ നിരൂപണത്തിലെ പുതുനാമ്പുകൾ മിക്കവാറും എല്ലാവരും തന്നെ കലാലയാധ്യാപകരാണ്‌.

എന്നാൽ സി.എസ്‌.ചന്ദ്രികയുടെ സ്ത്രീപക്ഷ പ്രവർത്തനത്തെ അരുന്ധതി റോയിയുടെ പ്രവർത്തനങ്ങളേക്കാൾ ഞാൻ വിലമതിക്കുന്നു. ചന്ദ്രിക പ്രവർത്തിക്കുന്നത്‌ ഏജൻസിയുടെ സഹായമില്ലാതെയാണ്‌ - എന്നു പറയുവാൻ മധുപാൽ പ്രകടിപ്പിച്ച ആർജ്ജവം അനുമോദനാർഹവുമാണ്‌.


 ആർത്തി മൂത്തവർക്ക്‌ ഒരു ചിന്തൗഷധംപണത്തെ നിങ്ങളുടെ ദൈവമാക്കുക. അത്‌ നിങ്ങളെ പിശാചിനെപ്പോലെ ദ്രോഹിക്കും. ഹെൻറി ഫീൽഡിംഗ്‌ മുന്നോട്ടുവെക്കുന്ന ഈ ചിന്തൗഷധം നമ്മുടെ ജനങ്ങൾ നല്ലതുപോലെ പഠിക്കണം. ലാഭമാത്രകേന്ദ്രിത ജീവിതമനോഭാവങ്ങളുടെ ഇക്കാലത്ത്‌,പ്രത്യേകിച്ചും. ചിത്രപാഠാവലിപാഠപുസ്തകങ്ങൾ എത്രമാത്രം ജീവിതബദ്ധമാകണം എന്ന ആശയം- ആശയങ്ങളല്ലാതാക്കി ത്തീർത്തുകൊണ്ട്‌- എഴുതപ്പെട്ടതുകൊണ്ടാണ്‌ 'ചിത്രപാഠാവലി' നല്ല കവിതയായത്‌. സെബാസ്റ്റ്യന്റെ കവിതയെഴുത്ത്‌ മികച്ചുവരുന്നു എന്ന സൂചനയും ഇത്‌ മുന്നോട്ടു വെക്കുന്നുണ്ട്‌. സെബാസ്റ്റ്യന്റെ മുൻകാല കവിതകളിൽ നിന്നും പ്രകടമായ ഒരു വ്യത്യാസവും കവിത പ്രകടിപ്പിക്കുന്നുണ്ട്‌  (മാതൃഭൂമി, 2011 ഡിസംബർ 11). കേട്ടതും കേൾക്കേണ്ടതും / വാചകമേളമാതൃഭൂമി ദിനപത്രത്തിൽ ശനിയാഴ്ചകൾ തോറും വരുന്ന 'കേട്ടതും കേൾക്കേണ്ടതും' മലയാളമനോരമയിൽ വരുന്ന വാചകമേള എന്നീ കോളങ്ങളും, കേരളത്തിലെ മാസികകളിലും ദിനപത്രങ്ങളിലും വാരികകളിലും വരുന്ന സമാനസ്വഭാവമുള്ള കോളങ്ങളും കേരളത്തിലെ ചിന്തിക്കുന്ന വായനക്കാർ വളരെ താൽപര്യപൂർവ്വമാണ്‌ വായിക്കുന്നത്‌. ഈ കോളങ്ങളിൽ വരാൻ പാടില്ലാത്ത ചില ചിന്തകൾ എന്തുകൊണ്ട്‌ ഇവിടെ വരുന്നു എന്നതും, വരേണ്ടത്‌ എന്തുകൊണ്ട്‌ വരാതിരിക്കുന്നു എന്നതും മാതൃഭൂമിയും മനോരമയും മറ്റു പ്രസിദ്ധീകരണങ്ങളും കാര്യമായി ആലോചിക്കേണ്ടതാണ്‌. വിവാദാത്മകമാകാൻ ഇടയുള്ളതുമാത്രം തെരഞ്ഞുകണ്ടുപിടിച്ച്‌ ഇവിടെ ചേർക്കുക എന്ന സമീപനത്തിനു പിന്നിൽ ദുഷ്ടമായ ജേണലിസമാണുള്ളത്‌ എന്ന് ഈ കോളങ്ങൾ തയ്യാറാക്കുന്നവർ അറിയുക. ചിന്തോദ്ദീപകമായതും അറിവിന്റെ ഒരുണർവ്‌ സൃഷ്ടിക്കുന്നതുമാകണം ഇവിടെ വരേണ്ട വാക്യങ്ങൾ. ആദാമിന്റെ മകൻ അബു


ഈ സിനിമയിൽ വരുന്ന ജീവിതത്തിന്റെ മതേതരസൗന്ദര്യം ഓർത്തുകൊണ്ട്‌ പറയുകയാണ്‌,
ജാതിമതചിന്തകളുടെ ഇടുങ്ങിയ കാരാഗൃഹത്തിൽ മനുഷ്യരെ തടവുകാരാക്കാൻ ശ്രമിക്കുന്നവർ ആദാമിന്റെ മകൻ അബു കണ്ട്‌ കണ്ണുതുറക്കുക! മതം ഒരു രാഷ്ട്രീയമല്ലാതായി മാറുകയും ഒരു മൂല്യമായി മാറുകയും ചെയ്യുകയാണിവിടെ. ഇത്‌ മതത്തിന്റെ യഥാർത്ഥവഴിയാണ്‌. മതേതരത്വത്തിന്റെ സൗന്ദര്യമുള്ള കൂട്ടായ്മയുടെ ജീവിതം ആ സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്‌. സമൂഹത്തെ അക്രമവൽക്കരിക്കുകയും ലൈംഗികവൽക്കരിക്കുകയും ചെയ്യുന്ന നമ്മുടെ ബഹുഭൂരിപക്ഷം കച്ചവടസിനിമകൾക്ക്‌ ഒരു താക്കീതാണ്‌ ഈ സിനിമ. ഈ സിനിമയിലെ ജീവിതത്തിലെ നന്മ കണ്ടുകണ്ട്‌ ലയിച്ചിരുന്നുപോയി. താരാരാധനയ്ക്കെതിരെയുള്ള അഴീക്കോട്‌ മാഷിന്റെ കലാപത്തിന്റെ ഒരു സദ്ഫലമായിട്ടു കൂടിയാണ്‌ ഈ സിനിമ ആസ്വദിച്ചിരുന്നത്‌. നന്മയുടെ ഒരു നേർത്ത നൂലിട്ട്‌ തിന്മയുടെ വിളയാട്ടങ്ങൾ കാണിക്കുന്ന കച്ചവടസിനിമയുടെ ഫോർമുല ഇവിടെ തകർന്നു വീഴുകയാണ്‌. ഇതു സൃഷ്ടിക്കുന്ന സാമൂഹികവിപത്തുകളിൽ നിന്ന് നമ്മുടെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ആർക്കും കൈകഴുകി മാറാം എന്നു കരുതേണ്ട. ഇതിലൂടെ സമ്പാദിക്കുന്ന പണക്കുന്നിന്റെ പുറത്തിരുന്ന് ഇവർ കാണിക്കുന്ന കോമാളിത്തരങ്ങൾ ഏറ്റവും വലിയ സാമൂഹികഅശ്ലീലമായി കേരളത്തിലെ ചിന്തിക്കുന്നവർ കണ്ടുകൊണ്ടിരിക്കുകയാണ്‌. കച്ചവടസിനിമയിലെ അഭിനയത്തിന്റെ അശുദ്ധികൾ ഈ സിനിമയിൽ കഴുകി വെടിപ്പാക്കി ആസ്വാദകരായ നമുക്ക്‌ കിട്ടുകയാണ്‌. സലിംകുമാറും, മുകേഷും,സുരാജ്‌ വെഞ്ഞാറമ്മൂടും നമുക്ക്‌ പ്രിയപ്പെട്ട നടന്മാരായി മാറിയ നിമിഷങ്ങളാണ്‌ സിനിമയിൽ ഉള്ളത്‌. സലിംകുമാറിന്‌ അഭിനയിച്ചു തകർക്കാൻ കുറേ അവസരം കൂടി സിനിമയിൽ ഒരുക്കണമായിരുന്നു എന്ന് സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നി. കേരളത്തിലെ സ്കൂൾകുട്ടികളെ മുഴുവൻ ഈ സിനിമ കാണിക്കാൻ വിദ്യാഭ്യാസവകുപ്പ്‌ തയ്യാറാകണം. ദുഷ്ടലാക്കോടുകൂടിയ ജാതി- മത മേലാളന്മാരിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപെടട്ടെ ! മതജീവിതത്തിന്റെ വിശുദ്ധിയോടൊപ്പം കൃത്യമായ മതവിമർശനവും സമന്വയിപ്പിക്കുന്നതിൽ തിരക്കഥാകാരൻ ശ്രദ്ധിച്ചിട്ടുണ്ട്‌.


മതത്തെ കണ്ണടച്ച്‌ എതിർക്കുന്ന പലർക്കും മതത്തിന്റെ മൂല്യലോകത്തിന്റെ സൗന്ദര്യം തുറന്നിട്ടുകൊടുക്കാനും തിരക്കഥാകാരന്‌ കഴിഞ്ഞിട്ടുണ്ട്‌. അനാഥമാകുന്ന വാർദ്ധക്യത്തിലേക്കും ചലച്ചിത്രം കണ്ണാടി പിടിച്ചിട്ടുണ്ട്‌. മതചിന്തകൾക്ക്‌ അപ്പുറമുള്ള മതേതരത്വത്തിന്റെ വഴികളാണ്‌ സിനിമയെ കൂടുതൽ കാലനിഷ്ഠമാക്കിത്തീർക്കുന്നത്‌. നമ്മൾ പിൻതുടരേണ്ട പ്രായോഗികതയുടെ സൗന്ദര്യവും അതിലുണ്ട്‌.


 സായ്‌കുമാർ


സായ്‌കുമാർമലയാള ചലച്ചിത്രത്തിൽ അഭിനയത്തിന്റെ ജ്യാമിതീയ സൗന്ദര്യം (Geometric Beauty) ആസ്വദിക്കുവാൻ കഴിയുന്നത്‌ സായ്‌കുമാറിന്റെ അഭിനയകലയിലാണ്‌. സായ്‌കുമാറിന്റെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻനായരിലും ഈ ജ്യാമിതീയ സൗന്ദര്യം അതിശക്തമായിരുന്നു. ഇത്‌ മലയാളത്തിലെ ഓരോ നടീനടന്മാരിലും ഓരോ രീതിയിലുണ്ട്‌. മറക്കില്ല ആ ഗോൾ

ദേശാഭിമാനി വാരാന്തപ്പതിപ്പ്‌ നവംബർ 20,2011
വി.കെ.സുധീർകുമാർ.
 
ദേശാഭിമാനി വാരാന്തം മികച്ചതായിക്കൊണ്ടിരിക്കുന്നു. 1970 നവംബർ 19 ന്‌ പെലെയുടെ ഏറ്റവും പ്രിയങ്കരമായ സ്റ്റേഡിയമായ റിയോവിലെ മറക്കാനയിലായിരുന്നു ലോകം കണ്ണിമയ്ക്കാതെ കാത്തിരുന്ന ഗോളിന്റെ പിറവി. അത്‌ ചരിത്രത്തിലേക്കുള്ള ഗോളായിരുന്നു. കാൽപന്തിലെ കറുത്തമുത്തിന്റെ ആയിരാമത്തെ ഗോൾ. ആ വിവരങ്ങൾ വായനക്കാർക്ക്‌ തന്ന വി.കെ. സുധീർകുമാറിലെ ഫുട്‌ബോളിനെ സ്നേഹിക്കുന്ന കാൽപനികതയ്ക്ക്‌ അനുമോദനങ്ങൾ. 'ഒടുവിൽ നവംബർ 19 ന്‌ ആ സുന്ദരനിമിഷം വന്നണഞ്ഞു. പെലെയുടെ പെനാൽട്ടി, ഗോൾവലയത്തിൽ കടന്നപ്പോൾ ഇരച്ചുകയറിയ കാണികൾ പെലെയുടെ പത്താം നമ്പർ കുപ്പായം വലിച്ചുകീറുകയും ആയിരം എന്ന അക്കമുള്ള കുപ്പായം അണിയിക്കുകയും ചെയ്തത്‌ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായി ഇന്നും വിലയിരുത്തപ്പെടുന്നു'. സൗന്ദര്യാത്മക സ്പോർട്സ്‌ ജേണലിസത്തിന്‌ ഒരു മുതൽക്കൂട്ടാണ്‌ ഇപ്രകാരമുള്ള എഴുത്തുകൾ. മാറാത്ത വനിത


വനിത, വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവർക്ക്‌ വായിക്കാൻ കൊള്ളാവുന്ന പ്രസിദ്ധീകരണമല്ല. പരസ്യങ്ങളുടെ ഒരു ഗാലറിയുമാണത്‌. കേരളത്തിന്റെ തനത്‌ ജീവിതത്തെ തകർക്കുന്നതിൽ കൊല്ലങ്ങളായി അതു നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വിജയിച്ചു കൊണ്ടിരിക്കുകയാണ്‌. എങ്കിലും 'അതിശയരാഗം അപൂർവ്വനാദം' ( പാട്ടിന്റെ 50 വർഷം പൂർത്തിയാക്കുന്ന ഗാനഗന്ധർവ്വനെ മകൻ വിജയ്‌ ഇന്റർവ്വ്യൂ ചെയ്യുന്നത്‌ -വനിത,ഒക്ടോബർ 01.14.2011) പോലുള്ള എന്തെങ്കിലും വായിക്കാൻ കൊള്ളാവുന്നത്‌ അവർ ഇടയ്ക്ക്‌ ചേർക്കും. ഒരുപാട്‌ തിന്മകൾ നമ്മളിലേക്ക്‌ കൊണ്ടുവരുവാൻ ഇത്‌ ഒരുപകരണമാക്കുകയാണിവിടെ. സ്ത്രീയ്ക്ക്‌ തന്നിലെ യഥാർത്ഥ സ്ത്രീയെ തിരിച്ചറിയാൻ വനിത എന്തുചെയ്യുന്നു എന്ന ചോദ്യം ഭാവിയുടെ വിചാരണയാണ്‌. 'വനിത'യുടെ കവർ പേജിലെ വാൽ ദയവുചെയ്ത്‌ മുറിച്ചുകളയണം. അനുകരണദോഷമാണിത്‌.


 ഇ. ചന്ദ്രശേഖരൻനായർ


ഇ. ചന്ദ്രശേഖരൻനായർ


ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ കരുത്തനും നീതിമാനുമായ ഭക്ഷ്യ-സിവിൽ സപ്ലൈസ്‌ മന്ത്രിയാവാം ഇ. ചന്ദ്രശേഖരൻനായർ. അദ്ദേഹം കേരളത്തിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ്‌ മന്ത്രിയായ കാലത്താണ്‌ ജനങ്ങൾക്ക്‌ ന്യായവിലയ്ക്ക്‌ ഭക്ഷ്യോൽപ്പന്നങ്ങൾ കിട്ടിത്തുടങ്ങിയത്‌. അതിനുമുമ്പ്‌, ഈ രംഗത്തുള്ള മുതലാളിമാർക്കും /വൻകിട മുതലാളിമാർക്കും ലാഭം കുന്നുകൂട്ടാനുള്ള രംഗമായി ഇതിനെ തീറെഴുതി കൊടുത്തിരിക്കുകയായിരുന്നു. ന്യായവിലയ്ക്ക്‌ സാധനങ്ങൾ കിട്ടുന്നതിന്‌ ധാരാളം നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുമുണ്ടായി. നീതിയും ന്യായവും മൂല്യവും വിലമതിക്കുന്ന ഒരു സമൂഹം ഒരിക്കലും ഇ. ചന്ദ്രശേഖരൻനായരുടെ സേവനം അനുസ്മരിക്കാതെ പോകരുത്‌. സിവിൽ സപ്ലൈസ്‌ രംഗം കൊള്ളയടിക്കാൻ വിട്ടുകൊടുത്ത മന്ത്രിമാർക്കും ചരിത്രം മാപ്പുനൽകില്ല. ഇ. ചന്ദ്രശേഖരൻനായർക്ക്‌ ശേഷമുള്ള ഈ വകുപ്പിന്റെ പ്രവർത്തനങ്ങളും ഒരു സോഷ്യൽ ഓഡിറ്റിംഗിന്‌ വിധേയമാക്കേണ്ടതാണ്‌. ഇത്രയും നീതിബോധവും കഴിവും സാമൂഹികപ്രതിബദ്ധതയുമുള്ള അദ്ദേഹം എന്തുകൊണ്ടാണ്‌ മായം ചേർക്കൽ, ഹോട്ടലുകളിലെ ശുചിത്വമില്ലായ്മ, അളവുകളിലേയും തൂക്കങ്ങളിലേയും വെട്ടിപ്പ്‌ തുടങ്ങിയ കൊടിയ സാമൂഹികദ്രോഹങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്താതിരുന്നത്‌ ? ഇന്നും ഈ വക കാര്യങ്ങൾ വലിയ സാമൂഹികവിപത്തായി നമ്മെ തുറിച്ചുനോക്കി ക്കൊണ്ടിരിക്കുകയാണ്‌. പല വികസിതരാജ്യങ്ങളിലും ഇത്‌ ശക്തമായ ഭരണനടപടികളാൽ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യവും നാം മനസിലാക്കണം.


 മുല്ലപ്പെരിയാർ അണക്കെട്ട്‌


മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട്‌ ഒരുപാട്‌ ചർച്ചകളാണ്‌ മാധ്യമങ്ങളിൽ നിറയുന്നത്‌. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുമ്പോൾ ആർക്കാണ്‌ കൈയ്യും കെട്ടി നോക്കിനിൽക്കാൻ കഴിയുക? പക്ഷെ, നമ്മുടെ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്തേ മതിയാവൂ. സുപ്രീം കോടതി തന്നെ പ്രധാനമന്ത്രി ഇടപെടണം എന്നാണ്‌ നിർദ്ദേശിച്ചിരിക്കുന്നത്‌. ഈ കലാപത്തിന്റെ പേരിൽ തമിഴ്‌ നാട്ടിലെ മലയാളികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന്‌ കേരള ഭരണകൂടവും അവസരത്തിനൊത്ത്‌ ഉയർന്ന് പ്രവർത്തിക്കാത്തത്‌ പ്രതിഷേധാർഹമാണ്‌. കേരളത്തിലെ തമിഴരുടെ സുരക്ഷയും നമുക്ക്‌ പ്രധാനമാണ്‌. നേരത്തെ ഒരിക്കൽ, പ്രകാശ്‌ കാരാട്ട്‌ സൂചിപ്പിച്ചിട്ടുള്ളതു പോലെ നമ്മുടെ പ്രധാനമന്ത്രി കുത്തകകളുടെ താൽപര്യങ്ങൾക്ക്‌ തടസ്സംഉണ്ടാകുമ്പോഴും ഇവിടെ അമേരിക്കൻ താൽപര്യങ്ങൾ ഹനിക്കപ്പെടുമ്പോഴുമേ ക്ഷുഭിതനാവുകയുള്ളൂ. അല്ലാത്തപ്പോഴൊക്കെ മൗനമാണ്‌. ആനന്ദിന്റെ മരണസർട്ടിഫിക്കറ്റിലെ ഒരു കഥാപാത്രത്തെപ്പോലെ.


 അനുശോചനം


കാക്കനാടൻ, മുല്ലനേഴി, കെ.തായാട്ട്‌, കോന്നിയൂർ രാധാകൃഷ്ണൻ, എന്നിവരുടെ നിര്യാണത്തിൽ സംസ്കാരജാലകം അതീവദു:ഖം രേഖപ്പെടുത്തുന്നു. കെ.പി.അപ്പൻ എന്ന സ്നേഹവും കാലം തട്ടിത്തെറിപ്പിച്ച സംവാദവും


ചാത്തന്നൂർ മോഹന്റെ 'കിഴക്കുദിച്ച നക്ഷത്രത്തിന്റെ ഓർമകളിൽ' വായിച്ചു. (2011 ഡിസംബർ 11 ഞായർ - മാതൃഭൂമി വാരാന്തപ്പതിപ്പ്‌). അപ്പോഴാണ്‌ കെ.പി.അപ്പൻസാറിന്റെ നിർവ്യാജവും ദൈവികവുമായ സ്നേഹത്തെക്കുറിച്ചുള്ള ഓർമകൾ മനസിൽ നിറഞ്ഞത്‌. ജീവിതാന്ത്യത്തോടടുത്ത്‌ അപ്പൻസാർ എത്രമാത്രം വേദനയിൽ ആയിരുന്നെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ സാർ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവില്ല. വേദന കടിച്ചമർത്തുന്നത്‌ കാണുകയായിരുന്ന ഞാൻ പ്രാർത്ഥിക്കുമ്പോൾ ആ വേദനയിലും സാർ പറയും. 'ഓമനേ നീ എന്റെ വായനമുറിയിലെ ഗുരുദേവന്റെ ചിത്രത്തിന്‌ മുമ്പിലിരുന്ന് പ്രാർത്ഥിക്ക്‌'. അവസാനം വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക്‌ പോകുന്നതിനു തൊട്ടുമുമ്പായിരുന്നു ശ്രീനാരായണഗുരുദേവനെക്കുറിച്ച്‌ സാറുമായി ഞാൻ നടത്താൻ നിശ്ചയിച്ചിരുന്ന സംവാദത്തെക്കുറിച്ച്‌ സംസാരിച്ചത്‌. ആ കടുത്ത വേദനയിലും എത്ര സ്നേഹസമ്പന്നതയോടെയായിരുന്നു സാർ സംസാരിച്ചത്‌ എന്ന് ഇപ്പോൾ ഓർത്ത്‌ ദു:ഖിക്കുകയാണ്‌. സംവാദത്തിലെ ചോദ്യങ്ങളെക്കുറിച്ച്‌ ഞങ്ങൾ നേരത്തെ പലപ്പോഴും സംസാരിച്ചിട്ടുണ്ടായിരുന്നു. ഈ സംഭാഷണത്തിലും ആ ചോദ്യങ്ങളെക്കുറിച്ചും സംവാദത്തെ ക്കുറിച്ചും സാർ എന്നോട്‌ സംസാരിച്ചിരുന്നു. ആശുപത്രിയിൽ നിന്നും വന്നാൽ ഉടൻ തന്നെ സംവാദം നടത്താമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ചോദ്യങ്ങളെല്ലാം മികച്ചതാണെന്ന് അഭിനന്ദിക്കുവാനും മറന്നില്ല. പിന്നീട്‌ ദിവസങ്ങൾക്ക്‌ ശേഷം സാറിന്റെ മരണമാണ്‌ കേൾക്കുന്നത്‌. ആ സംവാദത്തിന്റെ ചോദ്യങ്ങൾ എന്റെ അലക്ഷ്യമായ മുറിയിൽ ഇപ്പോഴും എവിടെയെങ്കിലും അനാഥമായി കിടക്കുന്നുണ്ടാവാം. കടുത്ത വേദനയിലും ഒളിമങ്ങാതിരുന്ന ആ സ്നേഹത്തിന്റെ പൊരുളെന്തൊക്കെയായിരുന്നു....


കെ.പി.അപ്പൻ

'ബൈബിൾ വെളിച്ചത്തിന്റെ കവച'വും 'മധുരം നിന്റെ ജീവിത'വും 'ചരിത്രത്തെ അഗാധമാക്കിയ ഗുരു'വും എഴുതിയ കലാപകാരിയായ കെ.പി.അപ്പനിൽ പരമമായ സ്നേഹദീപം അടിസ്ഥാനപരമായി ഉണ്ടായിരുന്നു എന്ന് പലപ്പോഴും ഞാൻ മനസ്സിലാക്കിയിരുന്നു.


 ശ്രദ്ധേയമായ ചിന്ത


ഇൻകം ടാക്സ്‌ വെട്ടിച്ചുകൊണ്ട്‌ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ചെയ്തിരിക്കുന്നത്‌ ക്രിമിനൽ കുറ്റമല്ലേ? കൃത്യമായി നികുതി കൊടുക്കുന്നതിന്റെ പേരിൽ കമലാഹാസനെ ആദായനികുതി ആഫീസിൽ വിളിച്ചുവരുത്തി ആദരിക്കുന്നതിന്റെ പടവും വാർത്തയും നമ്മൾ പത്രത്തിൽ കണ്ടതല്ലേ ? ആനക്കൊമ്പും കള്ളപ്പണവുമൊക്കെ കണ്ടെത്തിയിട്ടും അന്വേഷണം വേണ്ടരീതിയിൽ നടക്കാതിരിക്കുന്നത്‌ ഉമ്മൻചാണ്ടി സർക്കാരിനും ഭൂഷണമായിരിക്കില്ല.


'ഡിസ്കവറി ഓഫ്‌ ഇൻഡ്യ'യെക്കുറിച്ച്‌ ഒരു ക്വിസ്‌ മത്സരം നടത്തിയാൽ ആദ്യറൗണ്ടിൽ തന്നെ പുറത്താവാൻ സാദ്ധ്യതയുള്ള ഒരു പയ്യനെയാണ്‌ പ്രാധാനമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ്‌ കാണുന്നതെങ്കിൽ സങ്കടകരം തന്നെയാണത്‌. ('ഞാനിപ്പോഴും പാർട്ടിയുടെ സുപ്പീരിയർ അഡ്വൈസർ'- ഡോ.സുകുമാർ അഴീക്കോട്‌/എ.കെ അബ്ദുൾ ഹക്കീം , മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ 2011).


മുഖ്യധാരാഭാവുകത്വം ഇന്നും ചില പ്രവണതകളെ മാത്രം താലോലിക്കുകയും സ്ഥാപിച്ചെടുക്കാൻ യത്നിക്കുകയും ചെയ്യുമ്പോൾ റദ്ദുചെയ്യപ്പെടുന്ന ശബ്ദങ്ങളെയും ജീവിതങ്ങളെയും അടയാളപ്പെടുത്തേണ്ടത്‌ അനിവാര്യമാകുന്നു. (യരലവ കവിതാ മുമ്മാസിക, എൽ.തോമസുകുട്ടി, ജൂലൈ-സെപ്റ്റംബർ 2011)


 മോഹൻ രാഘവൻമോഹൻ രാഘവൻ

മോഹൻ രാഘവന്റെ മരണം ഏറെ ദു:ഖത്തോടെയാണ്‌ ശ്രവിച്ചത്‌. 'ടി.ഡി.ദാസൻ STD VI B' സംവിധാനം ചെയ്ത മോഹൻ രാഘവനെ മറക്കുവാൻ ഏത്‌ ചലചിത്രാസ്വാദകനാണ്‌ കഴിയുക ? നടുക്കുന്ന ജീവിതാനുഭവത്തോടുകൂടിയ ആ ചലച്ചിത്രവും അതിന്റെ പരീക്ഷണാത്മകതയും ഓർമ്മയിൽ ഇപ്പോഴും ആഘാതമായി നിൽക്കുന്നു. നമ്മുടെ മനസിനെ വിമലീകരിക്കാൻ ഒരു ചലച്ചിത്രത്തിനു കഴിയണം. ആസ്വാദകന്റെ താൽപര്യത്തിനൊത്ത്‌ ചലച്ചിത്രമെടുക്കുകയല്ല വേണ്ടത്‌. ആസ്വാദകനെ നല്ല താൽപര്യങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുകയാണ്‌ ഒരു ചലച്ചിത്രത്തിന്റെ ദൗത്യം എന്ന് തിരിച്ചറിയാത്ത കാലത്തോളം നമ്മുടെ ചലച്ചിത്രലോകത്ത്‌ വൻചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയുകയില്ല. ഇത്തരത്തിൽ ഒരുപാട്‌ സിനിമകൾ മലയാളത്തിന്‌ മോഹൻ രാഘവനിൽ നിന്ന് ലഭിക്കുമായിരുന്നു. കാലത്തിന്റെ നിർദ്ദയ അതെല്ലാം തകർത്തു. പ്രതിഭാശാലിയായ ഈ കലാകാരന്റെ ഓർമ്മകൾക്ക്‌ മുമ്പിൽ പ്രണാമം. പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ


പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളം വകുപ്പിന്റെ ആദ്യത്തെ മേധാവിയായിരുന്നു. തിരുനെല്ലൂർ കരുണാകരൻ, ഒ.എൻ.വി, പന്മന രാമചന്ദ്രൻനായർ, എസ്‌.ഗുപ്തൻനായർ, അമ്പലപ്പുഴ രാമവർമ്മ എന്നിവരുടെ ഗുരുവായിരുന്നു പ്രൊ.കോന്നിയൂർ മീനാക്ഷിയമ്മ. പന്മന രാമചന്ദ്രൻനായർ സ്വന്തം ഭവനത്തിൽ കോന്നിയൂർ മീനാക്ഷിയമ്മയുടെ ഫോട്ടോ ഫ്രെയിം ചെയ്ത്‌ ആദരപൂർവ്വം വെച്ചിട്ടുണ്ട്‌. പന്മന, ആത്മകഥയിൽ ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌. മേൽപ്പറഞ്ഞ പ്രഗത്ഭവ്യക്തികളിൽ തിരുനെല്ലൂർ ആയിരുന്നു ഏറ്റവും കവിത്വവും പ്രതിഭാവിലാസവും ഉള്ള കവി എന്നായിരുന്നു പ്രൊ.മീനാക്ഷിയമ്മയുടെ അഭിപ്രായം. ഈ വിവരങ്ങൾ 'സംസ്കാരജാലക'ത്തിന്‌ വെളിപ്പെടുത്തിയത്‌ സ്പീഡ്‌ കാർട്ടൂണിങ്ങിലൂടെ കേരളത്തിൽ സാംസ്കാരിക അലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാർട്ടൂണിസ്റ്റ്‌ അഡ്വ.എസ്‌.ജിതേഷാണ്‌. നമ്മുടെ ഡോക്ടർമാർറിയൽ എസ്റ്റേറ്റ്‌ ബിസിനസിലേക്കും പുതിയ കാർ മോഡലുകളിലേക്കും ഷെയർ മാർക്കറ്റിലേക്കും ടോട്ടൽ ഫോർ യൂ പോലുള്ള സ്ഥാപനങ്ങളിലേക്കും ആർഭാട ജീവിതത്തിലേക്കും മാത്രം ആർത്തിപൂണ്ടിരിക്കുന്ന നമ്മുടെ ചില ഡോക്ടർമാർ ഡോ.നാരായണപൈയുടെയും ഡോ.എം.എസ്‌ വല്യത്താന്റെയും ഡോ.ബി.ഇക്ബാലിന്റെയും ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചും അവരുടെയൊക്കെ ജീവിതം മനസിലാക്കിയും മനസിന്റെ ശരിയായ ദിശകൾ ശരിയായ ആംഗിളുകളിലേക്ക്‌ ചാനലൈസ്‌ ചെയ്യുക.ആതുരശുശ്രൂഷയുടെയും പ്രതിബദ്ധതയുടെയും കൊടി ഉയർത്തിപ്പിടിക്കുക.O


 PHONE : 9895734218

ചിത്രങ്ങൾ: Google

ആണ്ടറുതിയിൽ


അജിത്‌.കെ.സി


അന്ന്,
ആഘോഷത്തിമർപ്പിന്റെ
അർദ്ധരാത്രിയിൽ
പരുത്തി പൂത്ത പാടങ്ങൾ
എനിക്കൊരു
വെള്ളവസ്ത്രം തന്നു.


പച്ച മുറ്റിനിന്ന
പരുത്തിപ്പാടങ്ങൾ
വീണ്ടും വെള്ള പൂത്തു.
മഞ്ഞണിഞ്ഞ് രാവിലും
വിളറി വീർത്ത് പുലരിയിലും
യൗവ്വനച്ചിരികളിൽ
മരുന്നു പുരട്ടി
ആശുപത്രി കിടക്ക!
ഒരൊറ്റ വെയിൽച്ചിരിയിൽ
മേനിയുണക്കി നീ വീണ്ടും
മുല്ലവള്ളിപോലെ
പൂത്തുലഞ്ഞു!


ഇന്നും
ഞാൻ തനിച്ചെത്തുന്നു,
ആരവങ്ങൾക്കകലെ,
നിറങ്ങളിണക്കിയെന്റേതാക്കിയ
ആ ഒറ്റ വസ്ത്രം മടക്കി നൽകാൻ.


കാഴ്ചകളുടെ കണ്ണടകളഴിച്ച്
പ്രണയചഷകം നിറയ്ക്കട്ടെ ഞാൻ,
നിന്റെ കൺപീലികളിൽ നിന്ന്
ഞാനെന്റ കവിതയ്ക്കുള്ള മഷിയൂറ്റുകയാണ്!


എനിക്കു മുഷിയാത്ത വസ്ത്രം
നീ അഴിച്ചെടുക്കുമ്പോൾ
ഓരോ ദിവസവും
പുതുതെന്ന് പറഞ്ഞണിയാൻ
ഒരു വസ്ത്രം കൂടി
ഞാനെടുക്കുകയാണ്,
നീ പറഞ്ഞതുപോലെ
ഒരു കാരണവുമില്ലാതെ
വീണ്ടും നമ്മൾ പിരിയുകയാണ്!

 O


 PHONE : +919387177377

Sunday, December 25, 2011

ഇത്രക്കു വേണായിരുന്നോ ഉസ്താദേ ?ബഷീർ.ടി.എം
കുഞ്ഞാമ്യുമ്മാ കുഞ്ഞാമ്യുമ്മാ ഇങ്ങളീത് കേട്ടിക്കോ? ന്യൂ ഇയറാന്നും പറഞ്ഞു ചൊരത്തുമ്മേൽ പോയ ഇബിടത്തെ സിദ്ദീക്കും കുട്ട്യോളും കള്ളും പന്ന്യേറച്ചീം തിന്നിറ്റാലോ മക്കളേ മന്നുക്കേ...”


കേട്ടപാതി കേൾക്കാത്ത പാതി കുഞ്ഞാമിയുമ്മ സിദ്ദിക്കിനെ പിടിച്ച് അടി തൊടങ്ങി. സഹിക്കാൻ വയ്യാതെ സിദ്ദിക്ക് ഉള്ള സത്യം പറഞ്ഞുപോയി. പിന്നെ അവർ അമാന്തിച്ചില്ല. വാലിനു തീപിടിച്ചപോലെയാണ്‌  കുഞ്ഞാമിയുമ്മയുടെ ഓട്ടം. വെറും ഓട്ടമല്ല,  സിദ്ദിക്കിനെയും വലിച്ചു കൊണ്ടാണ്‌ ഓടുന്നത്. വഴിനീളെ നല്ല മില്ലേനിയം തെറിയുടെ പൂരപ്പാട്ടും. 


“ദെച്ചണം കെട്ട ബലാലേ.. ഇഞ്ഞോടാ നടക്ക്വേൻ പറഞ്ഞേ. ഹാ ! കൊടലോണ്ട് കോണോൻ കെട്ടീറ്റാ ഇഞ്ഞേല്ലാം ഞാൻ പോറ്റിന്നെ. അല്ല പന്നീ, ഇനിക്ക് എങ്ങനെ തോന്നി ഹലാക്കേ ഇമ്മായിരി പണി കാണിക്ക്വേൻ?”


കുഞ്ഞാമിയുമ്മ ശരിക്കും ആളിക്കത്തുകയായിരുന്നു. കയ്യിൽ കിട്ടിയതൊക്കെ എടുത്ത്, അടിച്ചതിനാലും ദയരഹിതമായി നിലത്തിട്ട് വലിച്ചതിനാലും സിദ്ദിക്ക് ഒരുമാതിരി  കട്ടക്കോലുപോലെ മണ്ണിൽ കുളിച്ച് വിയർത്തു ചോന്നിരുന്നു. ഒരുവിധത്തിൽ അന്ത്രുമുസല്യാരുടെ വീട്ടിൽ എത്തുമ്പോഴേക്കും കുഞ്ഞാമിയുമ്മയും തളർന്നിരുന്നു. മുസല്യാരെ കണ്ടതും, കുഞ്ഞാമിയുമ്മ കരച്ചിലു തുടങ്ങി. 


“ഹെന്റെ മൊയ്‌ല്യാരേ എനക്ക് കയ്യേലേ....ഇച്ചായിഞ്ചെ പന്നി എടുത്ത പണി കേട്ടിക്കോ ഇങ്ങള്‌? ഈറ്റ്യോളെല്ലാം കൂടീറ്റ്  ചൊരത്തുമ്മന്ന്  പന്ന്യേറച്ചീം കള്ളൂം കുടിച്ചിക്കോലം. ഇപ്പന്നീന ഒന്നു കൊന്ന്വാ മൊയ്‌ല്യാരേ....!”


“കുഞ്ഞാമീ ഇഞ്ഞെന്ത് കളിയാ മളേ ഈ കാണിക്കിന്നേ.. ഇഞ്ഞൊന്ന് സബൂറാക്ക് മളേ. മനിച്ചമ്മാരു കേക്കും. ഇഞ്ഞോടാ കൂറ്റെടുക്കല്ലാന്നു പറഞ്ഞേ.” അന്ത്രുമുസല്യാർ.ദേഷ്യപ്പെട്ടു.


സ്വബോധം വന്ന കുഞ്ഞാമിയുമ്മ മെല്ലെ അകത്തേക്കു കയറിനിന്നു.സമാധാനവാക്കുകളും പറഞ്ഞുകൊണ്ട് അന്ത്രുമുസല്യാർ സിദ്ദിക്കിനേയും കൂട്ടി കോലായിലേക്ക് കയറി. സിദ്ദിക്ക് ആകെ പേടിച്ചു വിറച്ചിരിക്കുകയാണ്‌. ചാരുകസേരയിൽ ചാഞ്ഞുകിടന്ന മുസല്യാർ  കുറേനേരം  ആലോചനയിൽ മുഴുകി. മുസിലിമിങ്ങൾക്കു ഹറാമാക്കിയ പന്നിയിറച്ചിയും മദ്യവും ഇത്തിരിപ്പോന്ന കുട്ടികൾ,അതും മുസ്ലിം മക്കൾ കഴിച്ചിരിക്കുന്നു. ഖോജരാജാവായ തമ്പുരാനേ... ഇതെന്താണീ കേൾക്കുന്നത് ? കാലം ഇത്രക്ക് അധ:പ്പതിച്ചോ?


മുസല്യാരുടെ ദീർഘമായ മൗനം കണ്ട്‌ കുഞ്ഞാമിയുമ്മയുടെ ക്ഷമ നശിച്ചു. 


“ഇങ്ങളെന്തെങ്കില്വൊന്നു പറ മൊയ്‌ല്യാരേ.... എനക്ക്ണ്ട് പള്ളേന്ന് അളക്ക്വേം ചെരിയേം ചീന്ന്.... നജ്ജീസല്ലേ മൊയ്‌ല്യാരേ ചെയ്ത്താൻ തിന്നിറ്റ് മന്നേ.”


“കുഞ്ഞാമ്യേ.. ഇഞ്ഞൊന്ന് അട്ടായിക്കാണ്ട് നിക്ക്. കൊല്ല്വോലക്ക് ബേറെ പരിഹാരോം നിമിർത്യൂം ഇല്ലേ.. ഇതിപ്പോ ചെറിയോൻ കാലക്കേടിനു തിന്ന്വോയി. ഇനി അത് ഹലാലാക്ക്വേ ബല്ല ബയീം ഇണ്ടോന്നോക്ക്വാ...”


ഒരു വഴിയും കാണാതെ തലപുകഞ്ഞ അന്ത്രുമുസല്യാർ ഒരു കൗശലം  പ്രയോഗിക്കാൻ തീരുമാനിച്ചുകൊണ്ട്  മകളെ വിളിച്ചു. 


“സുബൈദാ...”
“ഓ.. എന്താപ്പാ...” 
“ഇഞ്ഞ് അ തട്ടുമ്മന്ന് എന്റെ കിത്താബിങ്ങെടുത്തോണ്ടുബാ... “
“എനക്കൊളുല്ലുപ്പാ...”
“അയേ.. എന്നാ ഞാൻ തെന്നേ എടുക്കാ..”


കിതാബുമായി വന്ന മുസല്യാർ  താളുകൾ തലങ്ങും വിലങ്ങൂം മറിക്കാൻ തുടങ്ങി. പത്തായം പോലുള്ള കിതാബിന്റെ  നടുവിലെ പേജിലെത്തിയപ്പോൾ മുസല്യാർ ഉറക്കെ ചിരിച്ചു. 


“ഹ ഹ ഹ ഹാ... കിട്ടി കുഞ്ഞാമ്യേ ... കിട്ടി. ഞാനിതൊന്നു ബായിച്ചു നോക്കട്ടേ. ഈന്റെ മയന എന്താന്ന്...”


ഉദ്വേഗം നി റഞ്ഞ നിമിഷങ്ങൾക്ക്‌ മണിക്കൂറുകളുടെ നീളം തോന്നി. ഒടുവിൽ മുസല്യാർ മസ്അല പറയാൻ തുടങ്ങി.


“കുഞ്ഞാമ്യേ..ചെറിയോൻ ചീതത് ബെല്യെ ഹറാമ്പറപ്പായിപ്പോയിക്ക്വാളേ. പള്ളേലായിപ്പോയ നജ്ജീസ് ഇല്ലാണ്ടാക്ക്വെൻ  ചെമ്പ്‌ ചെലബാവും.”


കുഞ്ഞാമിയുമ്മയ്ക്ക്‌ ആധി മൂത്തു. 


“എന്നാളീ മൊയ്‌ല്യാരേ ബയീ ?”


ഒലക്ക കുത്തെനേ ബെച്ച് അത് അരിയിട്ട് മൂടണം. ആ അരി പാവപ്പെട്ട്യോലിക്ക് ദാനം ചെയ്യണം. കുടുംബത്തിലായാലും മതി.”


കുഞ്ഞാമിയുമ്മയ്ക്ക്‌ തല ചുറ്റുന്നതായി തോന്നി. കഴുത്തോളം ഉയരം വരുന്ന ഒലക്ക അരിയിട്ട് മൂടാൻ നൂറുചാക്ക് അരിയിട്ടാലും മതിയാവില്ല. നിലത്ത് വീഴാതിരിക്കാൻ വാതിൽ പിടിച്ചു നിന്നു കൊണ്ട് കുഞ്ഞാമിയുമ്മ, ഹെന്റെ പന്നീ.... ഈലും നല്ലെ എന്നാങ്ങൂ കൊന്ന്വാളേന്നേല്ലേനോ കുരിപ്പേ എന്നും പറഞ്ഞ്‌ സിദ്ദിക്കിന്റെ നേരേ കയർത്തു. ഭയന്നു വിറച്ച സിദ്ദിക്ക് മുസല്യാരുടെ അരികിലേക്ക് പറ്റി. ഇതുകണ്ട്  മുസല്യാർക്ക് സങ്കടം തോന്നി.


“അല്ല മോനേ, ഇഞ്ഞെങ്ങന്യാ ബമ്പാ ഈ ശറ്രിൽ പെട്ടുപോയത്?”


സിദ്ദിക്കിന്‌ കരച്ചിൽ വന്നു.


“ഉസ്താദേ.. ഇബിടത്തെ നൗഷാദും ഞാളു അഞ്ചാറാളും കൂട്യാ ചൊരത്തുമ്മപ്പോയേ.. എല്ലാരും കുടിക്കുമ്മം ഇങ്ങളെ നൗഷാദാ എന്നോട് കുടിച്ചോന്ന് പറഞ്ഞെ. അതാ ഞാൻ കുടിച്ചെ.”


മുസല്യാർ ഞെട്ടി. മുസല്യാർ മാത്രമല്ല വീട്ടിലുള്ള എല്ലാവരും ഇതുകേട്ടു ഞെട്ടി. കോപം കൊണ്ട് ചുവന്ന അന്ത്രുമുസല്യാർ  ഒരു അട്ടഹാസമായിരുന്നു.


‘ഇബിടുത്തെ നൗഷാദും ഇണ്ടെന്നോ?”


ഭയന്നുവിറച്ച സിദ്ദിക്ക്‌ അതെ എന്നു തലയാട്ടി.


“ഹറാമ്പറന്ന നായിന്റെ മോനിങ്ങ് ബെരട്ടെ. ഓന്റെ ഹലാക്ക് ഞാനിന്ന് കയിക്കും.”


കൂട്ടിലിട്ട വെരുകിനേപോലേ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്ന മുസല്യാരോട് അപ്പോൾ കുഞ്ഞാമിയുമ്മ ചോദിച്ചു.


“അല്ല മൊയ്‌ല്യാരേ എല്ലാ പൊരക്കാർക്കും ബേറേ ബേറേ അരി കൊടുക്കണോ അതോ എല്ലാരും കൂടി ഒന്നാക്കികൊടുത്താ മയ്യോളീ ? ഇങ്ങള്‌ ഒന്നൂടെ ആ കിത്താബിലൊന്നു നോക്യോക്കീൻ !”


പരിസരബോധം വന്ന മുസല്യാർ മനസ്സുകൊണ്ട് ഞെട്ടി. ഒലക്ക മൂടാൻ ചുരുങ്ങിയത് നൂറുചാക്ക് അരി വേണം. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണല്ലോ പടച്ചോനേ. ഉപായങ്ങൾ  ഓൾസൈലായി  കയ്യിലുള്ള മുസല്യാർ ഒന്നുകൂടി കിതാബ് മറിച്ചു.

“പേടിക്കണ്ട കുഞ്ഞാമ്യേ ബയീണ്ട്. കിതാബിൽ ഈന്നു മസ്അല ബേറേം ഇണ്ട്വാളേ. കുത്തനേ ബെക്കണ്ട്യ ഒലക്ക കെടത്തി ബെച്ചാലും മയി.”


ഇതുകേട്ടതും കുഞ്ഞാമിയുമ്മ നെഞ്ചത്ത് കയറ്റിവെച്ച വലിയ പാറക്കല്ല് എടുത്തുമാറ്റിയ ആശ്വാസം അനുഭവിച്ചു. 


“അൽഹംദുലില്ലാ. അയിനിപ്പോ ഒരു നാലീലോൻ അരിയിണ്ടായാപ്പോരേ മൊയ്‌ല്യാരേ?”


വഷളാക്കല്ലേ എന്നു പ്രാർഥിക്കുകയായിരുന്ന മുസല്യാർക്ക് ഒന്നും പറയാൻ കിട്ടിയില്ല.  ഒരുവിധത്തിൽ അ.. അ.. അതേ എന്നു പറഞ്ഞൊപ്പിച്ചു.

വലിയ ഒരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട സമാധാനത്തോടെ റബ്ബിനു ശുകുറും പറഞ്ഞുകൊണ്ട് സിദ്ദിക്കിന്റെ കയ്യും പിടിച്ചു കുഞ്ഞാമിയുമ്മ തിരിച്ചു നടക്കവെ, തിരിഞ്ഞുനോക്കി മൗനമായി സിദ്ദിക്കിന്റെ ചോദ്യം - ഇത്രയ്ക്ക്‌ വേണായിരുന്നോ ഉസ്താദേ..? കുട്ടിയുടെ നോട്ടത്തിലൂടെ  കാര്യം പിടികിട്ടിയ അന്ത്രുമുസല്യാർ തന്റെ മുഖം ഒളിപ്പിക്കാൻ ഇടം തേടുകയായിരുന്നു. O
Saturday, December 24, 2011

പടി കടക്കാം


ലൂയിസ്‌ തോമസ്‌


ടി കടക്കാം,പടിതാണ്ടി താണ്ടിയെന്‍ മൃതി വരിക്കാം
ശുഷ്കമാം തോലൂരി,അസ്ഥികള്‍ മാറ്റിയീ പടികടക്കാം 
ചിന്നിച്ചിലമ്പിയെന്‍ തൊണ്ടയില്‍ ചുറ്റുന്ന ശ്വാസത്തെ വേറിടാം
തുള്ളിത്തുടിക്കുന്ന ജീവനെ കൈവിടാം.

ഈ കടലും കടല്‍തന്ന മണലും കടക്കാം 
മരുവും മരുവിലെ കാറ്റും കടക്കാം 
ദൂരത്ത് സൂര്യന്‍ വരുന്നതിന്‍ മുൻപെ ഈ കര കടക്കാം 
ചെന്നിരവിന്റെ ചൂടറ്റ കൈപിടിക്കാം. 

ഇതളാട്ടി ചിരിക്കുന്ന പൂക്കള്‍ മറക്കാം 
കിളി പണ്ടു പാടിയ പാട്ടു മറക്കാം 
തൊടി മറക്കാം, തൊടിയിലെ മരം മറക്കാം 
മറവിതന്‍ നനവാര്‍ന്ന കൈ പിടിക്കാം.

ഇനിയില്ല മോഹം, മഞ്ചാടി കാണാന്‍ 
ആടിത്തിമിര്‍ക്കും ഋതുഭംഗി ഓര്‍ക്കാന്‍ 
വെട്ടത്തിന്‍ മുന്‍പിലായ്‌ ദേശം കടക്കാം 
ജനിമൃതി തീർത്തൊരതിര്‍ത്തി കടക്കാം.


പടികടത്താന്‍ വന്ന നിന്നെ മറക്കാം 
പടിയോളം വന്നൊരെന്‍ മോഹം മറക്കാം 
പടി കടക്കാം, നിന്നെ പിന്നില്‍ മറക്കാം 
പടി കടന്നിരുളിന്‍ നേര്‍ത്ത വഴിയെ  നടക്കാം.

O

 

ഒരണ കണ്ടിട്ടുണ്ടോ?


മുഹമ്മദ്‌ ഷാഫിരണ കണ്ടിട്ടുണ്ടോ?

ഷോക്കേസിൽ വെച്ച
മുത്തച്ചന്റെ ലക്ഷ്മിവരാഹനോ
പുത്തനോ അല്ല.

വക്ക് പോയൊരു
ഓട്ടക്കാലണയാണ്.

പുറം തിരിഞ്ഞു നിന്ന്
അയൽക്കാരന്റെ വയലിൽ
പൊന്നു പാകി
മലനാടിനെ നോക്കി
മരണഗീതം മുഴക്കി
ഒരണയ്ക്കു കൊള്ളാത്ത
വ്യദ്ധന്റെ കാലണ
നടുതുളയിലൂടെ കരഞ്ഞു-
കൊണ്ടൊഴുകാൻ വരുന്നുണ്ട്..!


കണ്ടു കിട്ടുന്നവർ
ദയവായി അയച്ചു തരിക..!


കേരള സർക്കാർ
പുരാവസ്തു വകുപ്പ്
ആപ്പീസ് നമ്പർ 69
(സാമൂഹിക സാംസ്കാരിക വകുപ്പ് കാര്യാലയം)
തിരുവനന്തപുരം-1

പാരിതോഷികം നൽകപ്പെടും.


O


Saturday, December 17, 2011

കൊടികൾ


സച്ചിദാനന്ദൻ പുഴങ്കര
രാത്രി,
മേയ്‌,
എഴുപത്തിരണ്ടിന്റെ
പാലക്കാടൻ
കോട്ടമൈതാനം,
നമ്മൾ മൂന്നുപേർ
ലെനിൻ,നീ,ഞാൻ;
മൂന്നു കോപ്പകൾ കൂട്ടി-
മുട്ടുമ്പോൾ ഉരുകിയ
ലോഹവും ലഹരിയായ്‌
കത്തി നമ്മുടെയുള്ളിൽ;
രോമഹീനമാം തല
വെട്ടിവെച്ചപോൽ ചന്ദ്രൻ,
പാതിരാത്തപ്പട്ടയിൽ
പെരുകീ കരകാട്ടം,
വിഷയം സമയമായിരുന്നു....
സ്വപ്നത്തിന്നു
പകരം ഉണർച്ചതൻ
ചോരപ്പ്‌ കണ്ണിൽ വാക്കിൽ;
ചരിത്രമുറങ്ങുക-
യാണത്രേ കോട്ടയ്ക്കുള്ളിൽ
ഉറക്കം നടിച്ചതു
ഭീതികൾ വിഷാദങ്ങൾ


പിറ്റേന്നു കഴുത്തിലെ ഞരമ്പു കണ്ടിച്ചു നീ (1)


ചില്ലുപാത്രത്തിൽ സ്വർണ്ണ-
മത്സ്യമെന്നപോൽ ലെനിൻ...
കല്ലറ ചരിത്രത്തി-
ന്നുറക്കം കെടുത്തിയോ?
വിഷയം ജനതയായിരുന്നു.
വിയർപ്പിന്നു
പകരം കൊടികളാ-
യിരുന്നു ഹൃദയത്തിൽ,
നട്ടതല്ലവ, പടർ-
ന്നാർത്തു നമ്മുടെ വേലി-
ക്കെട്ടുകൾതോറും, അതി-
രറ്റ സങ്കൽപ്പം തോറും.


ഒറ്റവട്ടവും പാല
പൂത്തില്ല, ഡിസംബറിൻ
രാത്രികളെത്തീ ക്രൂര-
നക്ഷത്രം പൊലിഞ്ഞാലും,
തേന്മാവും ഇലഞ്ഞിയും
മുല്ലയും പൂത്തിട്ടില്ല,
തീന്മേശ നിറയുന്നു,
മുഖമറ്റവർ ചുറ്റും,
മഞ്ഞുപോൽ വിയർക്കുന്ന
പച്ചമാംസത്തിന്നപ്പം
വീഞ്ഞിൽ മുക്കിയ വിരൽ
മുറിഞ്ഞു മഴപെയ്തു;
വിഷയം മരണമായിരുന്നു.
നിലാവിന്നു
പകരം മടുപ്പിന്റെ
മഞ്ഞപ്പു പടരുമ്പോൾ
കിളികൾ കുറുകാത്ത
ചില്ലയിൽ ശവം പോലെ
മിഴികൾ തുറിച്ചാടി-
നിന്നു നമ്മുടെ കാലം....!
ഉരുട്ടിക്കയറ്റിയ
കല്ലു കൈവിട്ടും തുട-
ലഴിച്ചുകൊളുത്തിയും
കാഞ്ഞിരപ്പലകമേൽ
തറഞ്ഞൊരാണിക്കൂർപ്പിൽ
പിടഞ്ഞും പരഭാഷ
മൊഴിഞ്ഞും ഭൂതാന്തര-
ബാധകളൊഴിയാതെ
എത്ര മെയ്‌ മാസം വന്നു,
മാമ്പച്ച വിറകിന്മേൽ
സ്വപ്നദാഹത്തിൻ സംവേ-(2)
ദനവും പൊലിഞ്ഞുപോയ്‌...


ഇവിടെ- പന്തൽക്കൊടി
നീർത്തിയ നെടുംതൂണിൽ
കവിയെപ്പോലേ കണ്ടും
കാണാതെ കണ്ടും, നിത്യ-
ഹരിതസ്വപ്നങ്ങൾക്കു
കണ്ണേറുകിട്ടാ,തൊരു
കരിനാക്കാലും കേടു
പറ്റാതെ നോക്കീ ലെനിൻ !
(നോക്കുകുത്തിയോൻ, അല്ല
നോക്കുകുത്തിയെപ്പോലെ) (3)


മരങ്ങളറിഞ്ഞിട്ട
കൊടികൾ ആഴം തേടീ
തറഞ്ഞ മണ്ണിൽ പോലും
വേരുകൾ കരിഞ്ഞാലും.

ശുഭസൂചകമാണീ കൊടികൾ വരികളും !

(1) ശക്തമാമൊരു കാവ്യബിംബമാണിത്‌-നോക്കൂ! (2) 'സ്വപ്നദാഹ'വും തീക്ഷ്ണബിംബമാണറിയുക! (3) കറുത്ത ഹാസ്യത്തിനു നന്ദി നാം പറയുക.

                                                                                                           (1984)

O


PHONE : 9497316740


മൊള്ള: സാഹിത്യത്തില്‍ ഒരു കീഴാളവനിതയുടെ മുദ്രകള്‍

ഉസ്മാൻ മുഹമ്മദ്‌
 
 
 
 
 
 
          അഞ്ചു ദിവസംകൊണ്ട്, രാമായണകഥ കവിതകളായി എഴുതിത്തീര്‍ക്കുക! അപൂര്‍വമായ ഒരനുഭവമാണത്. സാഹസികമായ ഈ കര്‍മം നിര്‍വഹിച്ചത് ഒരു സ്ത്രീയാണ് എന്നത് അഭിമാനാര്‍ഹമായ ഒരു കാര്യമാണ്. അതും സമൂഹം കീഴാളര്‍ എന്ന് കല്‍പ്പിച്ച ഒരു വിഭാഗത്തിലെ സാധാരണ സ്ത്രീയാണെന്നറിയുമ്പോള്‍ കൗതുകവും അഭിമാനവും വര്‍ധിക്കുന്നു.
  
പതിനാറാം നൂറ്റാണ്ടിലാണ് ഇത് സംഭവിച്ചത്. ഭാരതത്തിന്റെ ഭൗതിക-സാംസ്കാരിക സാഹചര്യം ഇന്നത്തേതില്‍ നിന്നും എത്രയോ വിഭിന്നമായിരുന്നു! ബൗദ്ധിക കര്‍തൃത്വം ബ്രാഹ്മണര്‍ക്കു മാത്രമുള്ളതാണെന്നു വ്യവസ്ഥപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം! വരേണ്യവര്‍ഗമേധാവിത്വവും ആധിപത്യവും സാധാരണ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്ന ഒരു അവസ്ഥ! സാമൂഹികമായി കടുത്ത അടിമത്തം അനുഭവിക്കുന്ന കീഴാളവര്‍ഗം. വിദ്യയിലും അക്ഷരത്തിലും അവര്‍ക്ക് അസ്പൃശ്യത കല്‍പിക്കപ്പെട്ടിരുന്നു. ഈ സാമൂഹിക സാഹചര്യത്തിലാണ്, മണ്‍കലം മെനയുന്ന തൊഴിലാളി വര്‍ഗത്തില്‍പ്പെട്ട ഒരു സ്ത്രീ രാമായണം എന്ന ശ്രേഷ്ഠ കഥ, സ്വതന്ത്രമായ രീതിയില്‍ കവിതയായി ആവിഷ്‌ക്കരിക്കുന്നത്.


ഈ സ്ത്രീ ആരാണെന്നല്ലേ? ഭാരതീയ ഭാഷകളിലൊന്നായ തെലുങ്കിലെ കവയത്രിയായി സാംസ്കാരിക ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള 'മൊള്ള' (ആടുകുറിമൊള്ള)യാണീ ധിഷണാശാലി. അവര്‍ രചിച്ച രാമായണം 'മൊള്ള രാമായണം'.


വരേണ്യവര്‍ഗം പൊതുവായും ബ്രാഹ്മണസമൂഹം പ്രത്യേകിച്ചും ഉയര്‍ത്തിയ ഒരു വെല്ലുവിളി സധീരം സ്വീകരിച്ചുകൊണ്ടാണ് ഈ ഗ്രന്ഥകാരി രാമായണ കാവ്യരചന നടത്തിയത്. സ്വന്തം ഗ്രാമത്തിന്റെയും ഗ്രാമീണരായ കീഴാളവര്‍ഗത്തിന്റെയും അജ്ഞതയെയും കഴിവില്ലായ്മയേയും പരിഹസിച്ചുകൊണ്ട് രാജസദസ്സിലെ ഒരു ബൗദ്ധികപ്രമാണി നടത്തിയ പരാമര്‍ശമാണ് ഈ വനിതയെ ഗ്രന്ഥരചനയ്ക്കു പ്രേരിപ്പിച്ചത്. വരേണ്യതയെ ധിക്കരിക്കാനുള്ള മനസ്സും അവിടെ നിന്നുണ്ടായതാണ്. ക്ലാസിക്കല്‍ പാരമ്പര്യത്തിനും വൈജ്ഞാനികാധീശത്വത്തിനും മേലാളസമൂഹം പുലര്‍ത്തി വരുന്ന നിരര്‍ത്ഥകമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയാണ് ഈ വനിത വാളും പരിചയുമെടുത്തത് എന്നത് ഏറ്റവും പ്രധാനപ്പെട്ട വസ്തുതയാണ്.

പതിനാറാം നൂറ്റാണ്ടിന് വേറെയും ചില പ്രത്യേകതകളുണ്ടായിരുന്നു. ഭക്തിപ്രധാനമായിരുന്നല്ലോ അന്നത്തെ സാംസ്കാരികാവസ്ഥ. ഭക്ത്യാധിഷ്ഠിത മാധ്യമങ്ങള്‍ തന്നെയായിരുന്നു ജീവിതത്തിലെ വിവിധമേഖലയെയും പ്രോത്സാഹിപ്പിച്ചിരുന്നത്. ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചു വളര്‍ന്നു വന്ന കലാരൂപങ്ങളും പ്രസ്ഥാനങ്ങളും ജീവിതത്തിനു വഴികാട്ടിയായിരുന്നു. സംഗീതം, നൃത്തം തുടങ്ങിയവയെല്ലാം ഭക്തിസാന്ദ്രമായ പ്രമേയങ്ങളായിരുന്നു ഉള്‍ക്കൊണ്ടിരുന്നത്. ത്യാഗരാജ സ്വാമികളെപ്പോലുള്ള വാഗ്ഗേയകാരന്മാരുടെ സംഗീതരചനകളെല്ലാം ഭക്തി എന്ന വികാരത്തിന്റെ നൂലിഴകളില്‍ കോര്‍ത്തെടുത്തവയായിരുന്നു. രാമായണം പല ഭാഷകളിലും പലരീതിയിലും അക്കാലത്ത് ഉണ്ടായി എന്നതും ഒരു സവിശേഷതയാണ്. കഥയിലും കഥാപാത്രങ്ങളുടെ കാര്യത്തിലും പലവ്യതിയാനങ്ങളും അത്തരം രാമായണങ്ങളില്‍ കാണാനാവും. ആറ് കാണ്ഡങ്ങളിലായി നൂറ്റിമുപ്പത്തെട്ട് ശ്ലോകങ്ങളില്‍ അഞ്ചു ദിവസം കൊണ്ട് രചിച്ച ഈ രാമായണത്തിലും പല പ്രത്യേകതകളും പുതുമകളും ഉണ്ട്.

തെലുങ്കുഭാഷയിലെ ആദ്യത്തെ എഴുത്തുകാരി, (കവി) എന്ന നിലയില്‍ മൊള്ളയ്ക്ക് ഇന്ത്യന്‍ സാഹിത്യചരിത്രത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനമുണ്ട്. ആ കാലഘട്ടത്തിന്റെ സാമൂഹിക സവിശേഷതയും സാഹിത്യരചനയിലെ വരേണ്യാധിപത്യവും അപഗ്രഥിച്ചാല്‍ ഒരു സ്ത്രീക്ക്, വിശേഷിച്ചും കീഴാളവര്‍ഗത്തില്‍ (കുശവര്‍ )പ്പെട്ട ഒരു സ്ത്രീക്ക് എത്തിപ്പെടാനാവുന്ന ഒരു മേഖലയായിരുന്നില്ല കവിതാരചന. എന്നാല്‍ ധൈഷണിക കുത്തകയ്‌ക്കെതിരെ കവിത കൊണ്ടുപോരാടാന്‍ ഈ സാധാരണക്കാരിയെ പ്രേരിപ്പിച്ചത് കലം മെനയുന്ന ശില്‍പിയായ അവളുടെ അച്ഛന്‍ തന്നെയായിരുന്നു. ''ഞാന്‍ അദ്ദേഹത്തിന് ദൈവം നല്‍കിയ വരദാനമാണ്'' എന്നവള്‍ വിശ്വസിക്കുന്നു, അവകാശപ്പെടുന്നു. കവിതയിലൂടെ അത്‌ ഈ കവി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നാം ദലിത് എന്നൊക്കെ പറയുന്ന ഒരു വര്‍ഗത്തില്‍ നിന്നും ഉണ്ടായ ഈ ഉണര്‍വ് വിപ്ലവകരമായ ഒരു സാമൂഹികമാറ്റത്തിന്റെ നാന്ദികുറിക്കുകയായിരുന്നു.

നൈസര്‍ഗിക സിദ്ധിയാണ് അവളെ കവിയാക്കിയത്. ദൈവികമായ അനുഗ്രഹം കൊണ്ടുമാകാം എന്നും അവള്‍ വിശ്വസിക്കുന്നു. അതിനാലാണ് ക്ഷേത്രത്തിന്റെ പടിക്കല്‍ പോയിരുന്നു അഞ്ചുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനിടയായതെന്നും അവള്‍ കരുതുന്നുണ്ട്. വിശ്വസാഹിത്യത്തിലൂടെയോ ഭാരതീയ സാംസ്കാരിക ചരിത്രത്തിലൂടെയോ ഒന്നും മൊള്ള സഞ്ചരിച്ചിരിക്കയില്ല. താനൊരു 'പാമരയാം' കവിയെന്നവള്‍ കവിതയിലൂടെ വ്യക്തമാക്കി യിരിക്കുന്നു. ഞാനൊരു പണ്ഡിതയല്ല എന്ന കവിത നോക്കുക.

പണ്ഡിതയല്ല ഞാന്‍
പദങ്ങള്‍ സ്വന്തം ഭാഷയിലേതോ
അന്യതില്‍ നിന്നും കടം കൊണ്ടതോ!
തിരിച്ചറിയും വിധം
പണ്ഡിതയല്ലാ ഞാന്‍

അറിയില്ലെനിക്ക്
പദസംയോജന നിയമങ്ങള്‍
വ്യാപകമായ പദസമ്പത്തില്ല
ഞാനൊരു രചനാശില്പവിശാരദയല്ല
പ്രഭാഷണ ചതുരയുമല്ല
ഇല്ല, പദാര്‍ഥപരിജ്ഞാനം
ഇല്ലൊരു ശൈലീവൈശിഷ്ട്യം.

ശബ്ദധ്വനിതത്വം വിഭക്തീഘടനകള്‍
ക്രിയയുടെ അടിവേരുകള്‍ , അലങ്കാരങ്ങള്‍
പ്രാസം, താളം, ശീലിന്‍ ദൈര്‍ഘ്യം
അറിയില്ലെനിക്കിവയൊന്നും
കാവ്യരചനാസാധകമില്ല.
ഇതിഹാസങ്ങളുടെയാത്മാവറിയില്ല.
നിഘണ്ടുവിലെ പദസഞ്ചയങ്ങളില്‍
പ്രാവീണ്യം തീരെയുമില്ല.
എങ്കിലുമെഴുതുന്നു കവിതകള്‍ ഞാന്‍.

വൈജ്ഞാനികമായ പരിജ്ഞാനമല്ല, മറിച്ച് ഹൃദയത്തിലെ ആന്തരിക വികാരത്തിന്റെ കണികകളാണ് അവളെ കവിയാക്കിയതെന്നും ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. വളരെ ലളിതമാണ് മൊള്ളയുടെ ശൈലി. തെലുങ്കിലെ ആദ്യത്തെ വനിതാ എഴുത്തുകാരി എന്നതുപോലെ തന്നെ, നാട്ടുഭാഷയും പദങ്ങളും കവിതയില്‍ പ്രയോഗിച്ച ആദ്യത്തെ കവിയും മൊള്ള തന്നെ. സാധാരണക്കാരുടെ സംസാരഭാഷയും രീതികളും തന്നെയാണവരുടെ കവിതകളെ സൗന്ദര്യാത്മകമാക്കിയ ഘടകം. സമ്പന്നമായ നാട്ടുഭാഷ കൊണ്ട് കുഞ്ചന്‍നമ്പ്യാര്‍ എങ്ങനെ എക്കാലത്തെയും ജനകീയകവി എന്ന സ്ഥാനം കൈവരിച്ചോ അതുപോലെതന്നെ മൊള്ളയും ആദ്യത്തെ ജനകീയ കവയത്രി എന്ന സ്ഥാനത്തിനര്‍ഹയായി എന്ന് നമുക്കനുമാനിക്കാവുന്നതാണ്.
അതുകൊണ്ട് ആ കവിതകള്‍ സാധാരണക്കാരുടെ ഇടയില്‍ അതിവേഗം പ്രചരിക്കുകയും അവരുടെ സംവേദനമണ്ഡലത്തെ അഗാധമായി സ്വാധീനിക്കുകയും ചെയ്തു. രാമായണത്തിലെ സീതയോട് അവര്‍ക്ക് അമിതമായ ഒരു സ്‌നേഹവും ആദരവുമുണ്ടായിരുന്നു. കണ്‍വെന്‍ഷനല്‍ മാതൃകയില്‍ നിന്നു മാറിയായിരുന്നു അവരുടെ കവിത സഞ്ചരിച്ചിരുന്നതെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ.

സ്വയംവരമണ്ഡപത്തിലെ സീതയുടെ സൗന്ദര്യത്തെ കവി വര്‍ണ്ണിക്കുന്നതിങ്ങനെയാണ്.

അവളുടെ മിഴികള്‍ !
താമരപ്പൂക്കളോ
മന്മഥശരങ്ങളോ
പറയുവാനാവാ
മൊഴികള്‍
കിളികളുടെ തേനൂറും പാട്ടോ
വദനം ചന്ദ്രബിംബമോ മുഖക്കണ്ണാടിയോ
പറയുവാനാവാ-

അവളുടെ മുലകള്‍
കനകകുംഭങ്ങളോ
ചക്രവാകദ്വയങ്ങളോ
പറയുവാനാവാ

അവളുടെ മുടികള്‍
ഇന്ദ്രനീലസരിത്തോ
മധുമക്ഷികള്‍തന്‍ നിരയോ
പറയുവാനാവാ-

അവളുടെ തുടകള്‍
ജലതരംഗങ്ങളുയര്‍ത്തും
മൃദുമണല്‍ നിരയോ
കാമദേവന്റെ കതിര്‍മണ്ഡപമോ
പറയുവാനാവില്ല-
കാല്‍പനിക ബിംബങ്ങളോ പ്രകൃതിയിലെ സമാന വസ്തുക്കളോ ഒക്കെയാണ് സീതയുടെ ശാരീരികസൗന്ദര്യ വര്‍ണനയ്ക്ക് സ്വീകരിച്ചിട്ടുള്ളതെന്നുകാണാം. പഴയകാല മഹാകാവ്യങ്ങളിലും ക്ലാസിക് രചനകളിലും ദര്‍ശിച്ചിരുന്നതാണല്ലോ ഇത്തരം അംഗപ്രത്യംഗവര്‍ണനകളും ഉപമകളും. അത്‌ കാലഘട്ടത്തിലെ സാമാന്യസ്വഭാവമാണ്. എന്നാല്‍ പറച്ചിലിലുള്ള ലാളിത്യമാണ് അവയെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.


മൊള്ളയും അവളുടെ പിതാവും 'വീരശൈവ' എന്ന പ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകരായിരുന്നു. അക്കാലത്തെ വിപ്ലവപ്രസ്ഥാനമെന്നോ നവോത്ഥാന പ്രസ്ഥാനമെന്നോ അതിനെ വേണമെങ്കില്‍ വിളിക്കാം. തെക്കേ ഇന്ത്യയിലൊക്കെ പടര്‍ന്നിരുന്ന ഈ പ്രസ്ഥാനം, മാമൂലുകളെയും അനാചാരങ്ങളെയും മൃഗങ്ങളെ കുരുതി ചെയ്യുന്നതിനെയും ജാതിവ്യത്യാസങ്ങളെയും ഒക്കെ കഠിനമായി എതിര്‍ക്കുകയും അവയ്‌ക്കെതിരെ പോരാടുകയും ചെയ്തിരുന്നു. അക്കാലത്തെ രാജപാദസേവകരായ കവികള്‍ തങ്ങളുടെ രചനകള്‍ രാജാക്കന്മാര്‍ക്കാണ് സമര്‍പ്പിച്ചിരുന്നതെങ്കില്‍ അതില്‍ നിന്നും വിഭിന്നമായി തന്റെ കൃതി സ്വന്തം പിതാവിന് സര്‍പ്പിക്കുകയായിരുന്നു ഈ കവി. ഇതിനെ യാഥാസ്ഥിതിക കാവ്യമണ്ഡലം ധിക്കാരമായ പ്രവൃത്തിയായി വീക്ഷിച്ചിരുന്നു. അടിമത്തത്തെപ്പറ്റിയും തങ്ങള്‍ അനുഭവിക്കുന്ന അവശതകളെപ്പറ്റിയും സ്വയം ബോധ്യപ്പെടുകയും ആ അവസ്ഥയില്‍ നിന്നും വിമോചനം നേടുന്നതിനുവേണ്ടി സംഘടിപ്പിക്കുകയും പോരാടുകയും ആ പോരാട്ടത്തില്‍ വിജയം നേടുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെയാണു നാം നവോത്ഥാനം എന്ന് സാമാന്യമായി വിവക്ഷിക്കുന്നത്. മാറുമറയ്ക്കാനും വഴി നടക്കാനും സ്വാതന്ത്ര്യമില്ലാത്ത ഒരു അവസ്ഥയ്‌ക്കെതിരെ കേരളത്തില്‍ പോരാടിയവരെയാണല്ലോ നാം നവോത്ഥാനനായകര്‍ എന്നു പറയുന്നത്. അധീശത്വത്തിന്റെ ശക്തി കുറയ്ക്കുകയും പോരാട്ടത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യുക എന്നത് കീഴാളവര്‍ഗത്തിന്റെ കടമയായി മാറുന്നു. ഇത്തരം ചിന്തകള്‍ക്കും പ്രവൃത്തിക്കും പിന്‍ബലമായി നിന്ന ഒരു സാമൂഹ്യവിപ്ലവപ്രസ്ഥാനമാണ് 'വീരശൈവ' എന്നും നമുക്കുഹിക്കാം. കാരണം, അധീശവര്‍ഗത്തിന്റെ യുക്തിപരമല്ലാത്ത വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ത്തിരുന്ന ഒരു കീഴാളവര്‍ഗ കൂട്ടായ്മയായിരുന്നു അത്.

സാമൂഹികവും സാംസ്‌ക്കാരികവുമായ മാറ്റത്തിനുവേണ്ടി പോരാടുന്ന ഒരു മനസ്സായിരുന്നു ഈ കവിയുടേത്. സീതയുടെ ചിന്താശക്തിയെയും മാനസികാവസ്ഥയെയും സ്ത്രീസമൂഹത്തിന്റെ ശക്തികേന്ദ്രമായി മൊള്ള കണ്ടിരുന്നു. സ്ത്രീവര്‍ഗ ശാക്തികതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി കവിതയിലൂടെ പൊരുതിയ കീഴാളജാതിയിലെ ആദ്യത്തെ തെലുങ്കു കവയത്രി എന്ന നിലയില്‍ ആടുകുറിമൊള്ളയും അവരുടെ കൃതിയും എന്നും ഭാരതീയ സാഹിത്യ ചരിത്രത്തില്‍ അവിസ്മരണീയമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട്. മൊള്ളയുടെ മറ്റു ചില കവിതകള്‍കൂടി ഇവിടെ ചേര്‍ക്കുന്നു.

സൂര്യസഞ്ചാരം
നീലനഭസ്സിലൂടെ
സഞ്ചരിച്ചു സൂര്യന്‍
പൂര്‍വദിക്കില്‍ നി-
ന്നെതിര്‍ദിശതന്നറ്റംവരെ.
ക്ഷീണിച്ചു, വിയര്‍ത്തു.
പടിഞ്ഞാറെക്കടലില്‍
കുതിച്ചു ചാടി,
മുങ്ങിക്കുളിക്കുവാനായ്.

തെലുങ്കുസാഹിത്യം
തെലുങ്കുസാഹിത്യം
സുന്ദരശൈലീകൃതം
പഴഞ്ചൊല്ലുകളുടെ
പൂവിഴകളാല്‍ സുഭഗം!
അതീവരസനീയം
മനീഷികളുടെകാതിന്
വിശിഷ്ടവിരുന്നല്ലോ.

മധുരിക്കും തേന്‍ പോലെ
മധുകണമാപാതം, നാവിനെ
മധുരിപ്പിക്കും പോലെ
കവിത, ഉണര്‍ത്തണമനുഭൂതി
മനസ്സില്‍ , വിനാവിളംബം.
ദുര്‍ഗ്രഹ ശബ്ദാര്‍ത്ഥങ്ങള്‍
മൂകബധിരര്‍ ജല്‍പ്പിക്കുന്നതിനേക്കാള്‍
തെല്ലും സംവേദനകരമല്ലറിക.
O
 
അവലംബം: Women writing in India
കവിത, പരിഭാഷ - പെരുമ്പുഴ ഗോപാലകൃഷ്ണന്‍