Sunday, April 29, 2012

ലഖ്പത്‌ - സിന്ദൂരമൂർന്ന തീരം

യാത്ര
അജിത്‌.കെ.സി

ലഖ്പത് (Lakhpat) - ചരിത്രത്താളിലറിയപ്പെടാതെ കിടന്നു.

പടയോട്ടങ്ങളുടെയും പിന്മാറ്റങ്ങളുടെയും സ്മരണകളിൽ വാഴ്ത്തിപ്പാടാൻ പാണന്മാർ അറച്ചതുകൊണ്ടാവണം ഉച്ചാരണശുദ്ധികിട്ടാത്ത വാക്കുപോലെ നാവിലാദ്യം കയർപ്പറിയിച്ചത്.  കിഴിപ്പണം കൈപ്പറ്റിയ നാട്ടുപാട്ടുകൾക്കകലെ അഴകഴിഞ്ഞ പുടവപോലെ അവൾ കിടന്നു, ശുഷ്ക്കമാറിടങ്ങളിൽ ജീവശ്വാസത്തിന്റെ തുടിപ്പുകൾ മാത്രമായി...
 ലഖ്പത് കോട്ടയുടെ മുകളിൽ


ലക്ഷക്കണക്കിനു കോറി (Kori -കച്ചിന്റെ അക്കാലത്തെ നാണയം) ദിവസവരുമാനമുണ്ടായിരുന്ന തുറമുഖനഗരത്തിൽ നിന്ന് അനാഥമായ ഒരു പ്രേതഭൂമിയിലേക്കുള്ള പതനമാണു ലഖ്പതിന്റേത്. നദിയൊഴുക്കുകൾ നമ്മുടെ സാംസ്ക്കാരിക, സാമൂഹിക, സാമ്പത്തിക പുരോഗതിയെ എങ്ങനെ ബാധിക്കുന്നുവെന്നു ചരിത്രസ്മരണകളിലും, അവയുടെ അഭാവം എങ്ങനെ ജീർണ്ണതയിലേക്കു നയിക്കുമെന്ന് ഇന്നത്തെ അവസ്ഥയിലും ലഖ്പത് നമുക്ക് കാട്ടിത്തരുന്നു.ലഖ്പത് കോട്ടയുടെ പ്രധാന കവാടം

മുല്ലപ്പെരിയാർ വിഷയം നമ്മുടെ ജീവിതക്രമത്തിന്റെ താളം തെറ്റിക്കുവാൻ തുടങ്ങിയ നാളുകളിലൊന്നിലാണു, ദ്വാരകയിൽ നിന്നും ലഖ്പതിലേക്കെത്തിയത്. ഒരു നദിയും ഒരു ഭൂചലനവും തലവര മായ്ച്ച ലഖ്പതിന്റെ മണ്ണിലിരുന്ന് ഡയറിയിലിങ്ങനെ എഴുതി:
 
ഒരു ത്രിമാനചിത്രത്തിന്റെ 
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത് 

കൃഷ്ണാ

ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു! കച്ചിന്റെ (Kutch, ഗുജറാത്ത്) പശ്ചിമാഗ്രത്തിൽ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലേക്ക് ദുർഘടമായ വഴിയാത്ര, പരുത്തിപ്പാടങ്ങളും ആവണക്കിൻ പാടങ്ങളും പിന്നിട്ട് നാരായൺ സരോവർ വന്യജീവി സങ്കേതവും കോടേശ്വർ ക്ഷേത്രവും കണ്ടുമടങ്ങും വഴിയാണ് ലഖ്പതിലേക്കെത്തിയത്. ആയിരക്കണക്കിന് ശിവലിംഗങ്ങളിൽ നിന്ന് വേർതിരിച്ചറിയാനാവാതെ, തപസ്സു ചെയ്തു നേടിയ യഥാർത്ഥ ശിവലിംഗത്തെ രാവണന് മാറിപ്പോയെന്നും ആ വിഗ്രഹമാണ് അവിടെ കുടികൊള്ളുന്നതെന്നും കോടേശ്വറിന്റെ ഐതീഹ്യം.


കോടേശ്വർ

ലക്ഷാധിപതികളുടെ നഗരമെന്ന് വാഗർത്ഥമുള്ള ലഖ്പത്, ഇന്നൊരു ശ്മശാനഭൂമി തന്നെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ സ്മരണകളയവിറക്കുന്ന ഈ ചെറിയ പുരാവസ്തുനഗരം തകർന്ന കെട്ടിടങ്ങളും ആൾവാസമില്ലാതെ മുൾക്കാടുകളും പാഴ്നിലങ്ങളുമായി ഇന്ന് തികച്ചും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  പ്രൗഢഗംഭീരമായ ഗതകാലത്തിൽ, സിന്ധിനെ ഗുജറാത്തുമായി ബന്ധിപ്പിച്ചിരുന്ന ഈ തുറമുഖനഗരത്തിനു സിന്ധൂ നദിയുടെ കരലാളനത്താൽ സമൃദ്ധമായ നെല്പാടങ്ങളിൽ നിന്നും തുറമുഖ വാണിജ്യ വരുമാനം കൊണ്ടും ലക്ഷങ്ങളുടെ ദിവസവരുമാനമുണ്ടായിരുന്നുവെന്നറിയുക. പതിനയ്യായിരത്തിൽ പരം ജനസംഖ്യ ഉണ്ടായിരുന്ന ഇവിടം ഇപ്പോൾ കേവലം അഞ്ഞൂറിൽപ്പരം ആളുകൾ മാത്രം വസിക്കുന്ന പ്രേതഭൂമിയാക്കിയത്  AD 1819 ലെ ഭൂചലനമാണ്.

ദുരന്തത്തിന്റെ സ്മാരകങ്ങൾ

റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ലഖ്പതിന്റെ തലവര മാറുകയായിരുന്നു.  140 കി.മീ നീളത്തിൽ രൂപം കൊണ്ട മൺതിട്ട (അല്ലഹ് ബണ്ട്) സിന്ധുവിനെ ഗതിമാറ്റിയൊഴുക്കി. ഇന്നു സിന്ധു ലഖ്പതിന്റെ പാതവിട്ട് സമുദ്രത്തിലേക്ക് ഒഴുകിയൊഴിയുന്നു. 3500 ൽ പരം മനുഷ്യജീവനുകളും അതിലേറെ ജീവിതങ്ങളും അന്നു പൊലിഞ്ഞു പോയി. ഭൂമിയുടെ അകക്കാമ്പിലുള്ള വിള്ളൽ (fault) ഇന്നും ഭൂകമ്പസാദ്ധ്യതാ പ്രദേശമായി ലഖ്പതിനെയും സമീപ പ്രദേശങ്ങളെയും മാറ്റുന്നു. ജനു 26, 2001 ൽ 30,000 ആളുകളുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രവും സമീപ പ്രദേശമായ ഭുജ് ആയിരുന്നു.


ഭുജ് - 2001 ജനു 26

മുസ്ലിം അധിനിവേശത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടവരും ഹിന്ദു മതാനുയായികളും ഇരു മതവിഭാഗങ്ങളും ഒരേ പോലെ ആരാധിച്ചിരുന്ന സൂഫി സന്യാസികളും സിഖന്മാരും ഒക്കെ ലഖ്പതിന്റെ മണ്ണിൽ ചരിത്രസ്മൃതികളാവുന്നു. പടക്കോപ്പുകൾ മണ്ണടിഞ്ഞു, നിണപ്പാടുകൾ മാഞ്ഞു; ചരിത്രമവശേഷിപ്പിക്കാതെ!


സഞ്ചാരികളും തീർത്ഥാടകരും അപൂർവ്വമായി മാത്രം എത്തുന്ന ലഖ്പതിൽ ഇന്ന് തികച്ചും സാധാരണ ജനവിഭാഗങ്ങളാണധിവസിക്കുന്നത്. റാവു ലഖ്പത്ജിയുടെ കാലത്ത് ആരംഭിച്ച് AD 1801 യിൽ ജമാദാർ ഫതേ മുഹമ്മദ് പണി തീർത്തതുമായ ലഖ്പത് കോട്ട  ഇന്ന് അതിർത്തി സംരക്ഷണസേനയുടെ നിയന്ത്രണത്തിലാണ്. കോട്ടയെക്കൂടാതെ ഗോഷ് മുഹമ്മദ് കബ, സയ്യദ് പിർഷ ദർഗ്ഗ, നാനി മായി ദർഗ്ഗ തുടങ്ങിയ ചരിത്രസ്മാരകങ്ങളും സിഖ് സ്ഥാപകനായ ഗുരു നാനാക്ക് ഹജ്ജിനു മെക്കയിലേക്കു പോകും വഴി വിശ്രമിച്ചതിന്റെ ഓർമ്മപേറുന്ന ഗുരുദ്വാരയും ഒക്കെ ലഖ്പതിന്റെ പ്രധാന ആകർഷകങ്ങളാണ്. പന്ത്രണ്ടാം വയസ്സിൽ സന്യാസം സ്വീകരിച്ച പിർ മുഹമ്മദ് എന്ന സൂഫി വര്യന്റെ അന്ത്യ വിശ്രമസ്ഥലം, ഇവിടുത്തെ ജലത്തിനു ഒട്ടു മിക്ക ത്വക്‌രോഗങ്ങളെയും അകറ്റാൻ പോന്ന ഔഷധഗുണമെണ്ടെന്ന വിശ്വസിക്കപ്പെട്ടുപോന്ന ഒന്നാണ്.


ലഖ്പത് കോട്ട


മരുഭൂമിയും സമുദ്രവും പകരുന്ന പെരുംശൂന്യതയെ മുറിച്ചു നിൽക്കുന്ന പൊന്തക്കാടുകളും സ്വൈര്യവിഹാരം ചെയ്യുന്ന മയിൽക്കൂട്ടങ്ങളും അതിരുകളകന്ന ചക്രവാളങ്ങളിലെ ഉദയാസ്തമനങ്ങളും നിർമ്മലമായ അന്തരീക്ഷത്തിൽ മിഴിവാർന്ന് തെളിയുന്ന ചന്ദ്രതാരാദികളും ലഖ്പതിനു ഒരു കാൽപ്പനിക ഭംഗി കൂടി നൽകുന്നുണ്ട്.

തിരികെ പാഴ്നിലങ്ങളെയും പുൽപ്പരപ്പുകളെയും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളെയും കടന്ന് ഭുജിലേക്ക് യാത്ര തിരിക്കുമ്പോൾ ഡയറിയിൽ കുറിച്ചു- ലഖ്പത്, നീ സിന്ദൂരമൂർന്ന ഒരു തീരം!
 


O


PHONE : +919387177377
Saturday, April 21, 2012

ദ്വന്ദ്വം

കവിത
കണിമോൾചിലപ്പോൾ നമുക്കും
ചിരിയിൽ ചെറുതായ്‌-
ചുരുങ്ങുന്ന
കോമ്പല്ലെടുത്തു മിനുക്കണം

പഴുത്ത മാന്തണ്ടും
തുടുത്ത ചെഞ്ചോരയും
ഒരൊപ്പം പ്രിയപ്പെട്ടതാകെയെന്തദ്ഭുതം !
ചിലപ്പോൾ,
തുടിപ്പാർന്ന കാടിന്റെ പച്ച-
ത്തഴപ്പിനോടിഷ്ടം,
മഴപ്പാറ്റയെപ്പോലെ ദുർബ്ബലം.

എങ്കിലോ
ചിലപ്പോൾ,
നിലാവസ്തമിക്കുന്ന രാത്രിയിൽ
ചതുപ്പിൽ പതുങ്ങി
ചുവപ്പിറ്റുവീഴുന്ന കണ്ണിൽ
കൊതിപ്പിറ്റുതുള്ളുന്ന നാവിൽ
ഒടുക്കത്തെ സ്പന്ദം നിലച്ചോരിര
സ്വയം വിളമ്പി ശമം കൊള്ളുന്നവേളയിൽ

ഉറങ്ങിക്കിടക്കുന്നതാരാണ്‌
നീയോ,
നിഴൽക്കുറുക്കാ
നിനക്കിരയായ ഞാനോ?

ചിരിക്കാൻ പഠിക്കയാണെന്നാൽ
വിഷപ്പല്ലൊതുക്കാൻ പഠിക്കയാണെന്നോ?
നിരത്തിൻ മുഖം നീ
ചിരിക്കും മുഖം
നിഴൽപ്പാടുവീണാൽ
കറുക്കും മുഖം.

നമുക്കും ചിലപ്പോൾ
ചിരികൊണ്ടു മൂടുമീ
കറുത്ത കോമ്പല്ല്
മിനുക്കിവയ്ക്കാം
പഴുത്ത മാന്തണ്ടൊടി,ച്ചുപ്പുതൊട്ട്‌ ...
ഫലിതസ്വരമെഴും നാവുതൊട്ട്‌

എങ്കിലോ,
ചിലപ്പോൾ
നിലാവസ്തമിക്കുന്ന രാത്രിയിൽ
ഇരയെക്കൊരുക്കാ-
നുണർന്നിരിക്കുമ്പോൾ
വെറും മഴപ്പാറ്റയെപ്പോലെ
നാമെപ്പോഴും ദുർബ്ബലം.


O
Saturday, April 14, 2012

ഒരു എക്സ്റേ മെഷിന്റെ ആത്മഗതം

കഥ
മനോരാജ്‌

                          തിപ്പോ കഷ്ടായല്ലോ.. ദേ, റൂമിന്‌ പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം ജെസ്സിക്കൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍ കാണുന്നില്ലേ. അല്ലെങ്കിൽ തന്നെ അവർ തമ്മിൽ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന് ഹോസ്പിറ്റലിലെ സ്റ്റാഫിനിടയിൽ ഒരു സംസാരോണ്ട്. ലൈനാണ്‌ പോലും ! എനിക്കൊന്നും അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോൾ ഞാൻ മൂലമല്ലേ അവർ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത് നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാൻ തോന്നിയത്.


ദോഷം പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്‍. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!! ഹാന്നേ, ആ കുഞ്ഞ് മോള്‌ കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച് കരയാര്‍ന്നു ആ പാവം.

 
അല്ലെങ്കിലും ഈ ജെസ്സിക്കൊച്ചിന്‌ പിള്ളേരുടെ എക്സ്റേ എടുക്കാൻ ഒന്നും അത്ര വശോല്ല. അതൊക്കെ മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ അയര്‍ലണ്ടിലാ. കെട്ടിയവന്‍ ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ. പോകാൻ പറ. ഹല്ല പിന്ന !


ദേ, സേതുകൊച്ചിന്‌ ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപ്പെഴ പറ്റിപ്പോയി. അല്ലെങ്കിൽ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചൻ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം നാളായില്ലേ. ഇന്നേവരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ, ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി മിശിഹാതമ്പുരാനേ..


ഇന്നലെ വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്‌. അത് പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാൽ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്‌. കൈയിൽ എക്സ്റേ എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം കണ്ടപ്പളേ എനിക്ക് തോന്നീര്‍ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാൻ പറ്റില്ലാല്ലോ.. അല്ലെങ്കിൽ പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം, അവരുടെ കൈയീന്ന് പേപ്പർ വാങ്ങിയ ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത് ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ് വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്‍ ! ഹോ ഇങ്ങിനെയും പിള്ളാര്‌ കരയോ എന്റെ മാതാവേ? ഏങ്ങലിടിച്ച് ഏങ്ങലടിച്ച് അതിന്‌ ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച് അതിനെ കസേരയിൽ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്‍ക്കാൻ പറഞ്ഞിട്ട് വന്ന് എന്റെ മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ.. !! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം! പക്ഷേങ്കിൽ, ദേ ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട് അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍ പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാൻ ഒരു കൂട് മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍ നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന് നിന്ന അതിനെ ഞാൻ അങ്ങാട്ട് രണ്ടും കല്‍‌പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ സേതുകൊച്ചിന്‌ ഇത്രേം വല്യ പണിയാവോന്ന് കരുതീര്‍ന്നില്ല.


ഹാന്നേ, ഞാന്‍ കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍‌കൂട്ടിനകത്ത് പ്രാവ് കുറുകണ പോലെ ! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന് ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും അവര്‌ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതൽ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക് വന്നാ അതിനും എനിക്കാവും ചീത്തപ്പേര്‌!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കാണ്ടിരിക്കാൻ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ്‌ ഇന്നലെ അവസാനമായിട്ട് എടുത്തത്. ഇന്ന്‍ രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓൺ ചെയ്തപ്പോ തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്‍ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്. പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ, ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ്‌ കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍‌കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ കര്‍ത്താവേ..


ഇന്നലെ രാത്രീൽ ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ കാണാര്‍ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്യാട്ടാ! ഇതിപ്പ ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം ചെയ്തെന്ന്! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട് പൊറുത്തോളണേ! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാൻ. പാവം അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്‌. പക്ഷെ ആ കുഞ്ഞിനതിൽ പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!


അമ്മച്ചി

അമ്മച്ചീന്റെ പേര്‌ ആൻ. ആന്‍‌ജോസെന്നാ മുഴോൻ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത് നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ കിട്ടിയാ ഞാന്‍ ശര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ! അത് അമ്മച്ചീടെ മടീലിരുന്നിട്ട് കൊറേ നാളായെന്ന്!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്‌. അതെങ്ങിനാ, വെളുപ്പിന്‌ നാലുമണിക്ക് ഒക്കെ കൊച്ചിന്‌ കുളിരൂല്ലേ. അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട് പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കിൽ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്‌.


ഡാഡി

ഡാഡിക്ക് കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍ ഇന്നേവരെ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന് വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന്‍ പറയണ്‌ അപ്പാന്നൊള്ള വിളി പള്ളീക്കാര്‌ കൂട്ടരുടേണെന്ന്. അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്‌. അങ്ങനേക്കെ ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം? അപ്പോൾ പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര്‌ സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട് കൊച്ച് ഫോൺ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട് വെഷമിക്കും. അപ്പോ കൊച്ചിന്‌ വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി. പക്ഷെ, ഡാഡി വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്‍പിലാ. ലാപ്‌ടോപ്പെന്നോ മറ്റോ പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള്‍ ഒരു പുത്യേ ലാപ്‌ടോപ്പുമായി വന്നിട്ട് ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നരലക്ഷം ഉറുപ്പികയാ ഇതിനെന്ന്.. അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്! ഒരാഴ്ചയായീത്രേ കൊച്ച് ആപ്പിൾ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത് പോലും അവര്‌ ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന്‌ പകരം ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിൾ വാങ്ങി ആ കൊച്ചിന്‌ കൊടുക്കാൻ പറയാര്‍ന്ന്. ജെസ്സികൊച്ച് ഒരു മൂശേട്ടേണേ. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.


ഉസ്കൂൾ

കൊച്ച് പോണ ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാൻ. അവിടെ മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന്‌ ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം കൊച്ചിന്റെ മനസ്സ് കരയാണ്‌! ഉസ്കൂളിൽ മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍ അമ്മമ്മാര്‌ വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട് കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള്‌ തത്തമിസ്സ് കൊച്ചിന്‌ റേഡിയോ വെച്ച് കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാൻ ആ മിസ്സിന്‌ തോന്നണുണ്ടല്ലാ. ആ മിസ്സിന്‌ സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ...

 
ദേ ഇന്നാളൊരു ദിവസം കൊച്ചിന്‌ വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത് ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന്‌ വല്യാണ്ട് സങ്കടായീ. അന്നേരാ തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന്‌ മിസ്സിന്റെ ഫോണിൽ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര ഉപദേശാര്‍ന്നൂന്ന്! മക്കളെ നമ്മൾ നന്നായി കെയർ ചെയ്യണോന്നാ, അവര്‍ക്ക് വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.

 
അയ്യോ, ദേ നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന്‌ ചത്താ മതീന്ന് തോന്നോന്ന്. പിന്നെ സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം! ന്യായണേ. ദേ, ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ! എനിക്കും ഇഷ്ടോണൂട്ടാ ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാൻ. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ? ജെസ്സിക്കൊച്ചിന്റേം സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച് കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ സങ്കടത്തിലായല്ലോ മാതാവേ! എനിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക് ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..


O

 PHONE : +919447814972


Saturday, April 7, 2012

റോയൽ എൻഫീൽഡ്‌ ബുള്ളറ്റ്‌

വിത
കെ.കെ.രമാകാന്ത്‌

ൾഫീന്നു വന്നപ്പം
മോഹവിലയ്ക്ക്‌
വാങ്ങീതാ ...
തെക്കേ മുക്കിന്‌
ഗംഗാധരന്റെ
മാടക്കടേന്ന്
വെറ്റത്തുമ്പ്‌
നെറ്റിയേലൊട്ടിച്ച്‌
നാലും കൂട്ടി മുറുക്കി
കനത്തിലൊന്ന്
പോയ്‌ വരാൻ മാത്രം;
മൊതലാകത്തിലെന്നേ ...


പോകും വഴി
ശബ്ദം കേട്ട്‌
എത്തിനോക്കുന്ന
സുകുമാരേട്ടന്റെ മോൾ
സുശീലയെ
കണ്ണുകൊണ്ട്‌
ആംപിയർ ലെവൽ ചെയ്ത്‌
നിർത്തിയേക്കുവാ ....
ഒരു താളമാണ്‌
ഹൃദയമെന്ന്
അമ്പലത്തിൽ വെച്ച്‌
കണ്ടപ്പോൾ
പറയുകേം ചെയ്തു.


എന്നാലും
എത്ര ഹൃദയം
തുരന്നെടുത്ത
താളമായിരിക്കാം
പ്രണയിക്കാൻ
തോന്നിപ്പിക്കുന്നത്‌ ?O


PHONE : 9048531634ചിരിപ്പൊട്ടുകൾ - 2

ചിരിപ്പൊട്ടുകൾ
സോക്രട്ടീസ്‌.കെ.വാലത്ത്‌


മിനി വാഷിംഗ്‌ മെഷീൻ                          രു രാഷ്ട്രീയപ്പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ നേതൃത്വ പരിശീലനക്യാമ്പ്‌ നടക്കുകയാണ്‌, തലസ്ഥാനത്ത്‌. അംഗങ്ങളായി മലയോരത്തു നിന്നുള്ള നാല്‌ തരുണന്മാരുമുണ്ട്‌. ആദ്യമായി പുറംലോകം കാണുന്നതിന്റെ അമ്പരപ്പിലും അങ്കലാപ്പിലുമാണ്‌ കക്ഷികൾ. പാർട്ടി സമ്മേളനത്തിൽ കൊടി പിടിച്ച്‌ ജയ്‌ വിളിക്കാൻ വേണ്ടി കഷ്ടിച്ച്‌ കോട്ടയം വരെ - അതിനപ്പുറം ജനറൽ നോളെജ്‌ 'നിൽ' !

തമ്പാനൂര്‌ കൂടി ഡബിൾ ഡെക്കർ പോകുന്നത്‌ കണ്ടിട്ട്‌ നടുറോഡിൽ അന്തംവിട്ടു നിന്ന ഇവർക്ക്‌ തുണക്കാരനായി പാർട്ടി യൂണിറ്റ്‌ ഏൽപ്പിച്ചിരുന്നത്‌ അസ്സൽ താപ്പാനയായ ഒരു യൂണിവേഴ്സിറ്റി പ്രോഡക്ടിനെയാണ്‌. ലവൻ, ഇവന്മാരുടെ പോക്കറ്റിലെ കപ്പയും കുരുമുളകും വിറ്റുണ്ടാക്കിയ കാശിൽ കണ്ണുംനട്ട്‌ വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാൻ സന്നദ്ധനായി മുന്നിൽ നിന്ന് പട നയിച്ചുകൊണ്ടിരിക്കുകയാണ്‌.

താമസിക്കാൻ ഏർപ്പാടാക്കിയിരുന്ന ഹോട്ടൽമുറിയൊക്കെ കാണിച്ചു കൊടുത്തു. വന്യജീവികളുടെ പിടുത്തം വിട്ടുപോയി. ഡബിൾകോട്ട്‌ കട്ടിൽ, ഫോം ബെഡ്‌, ഏസി, ആഹാ ! എന്നടാവേ ഇത്‌ ..! 

അപ്പോൾ കുളിമുറി കാണാനോടിയ ഒരുവൻ വന്ന് അമ്പരപ്പോടെ താപ്പാനയോട്‌ - "അതിനാത്‌ എന്നാ അടപ്പിട്ട്‌ മൂടി വെച്ചിരിക്കുന്നെ ?"

കേട്ടപാടെ മറ്റു മൂന്നു പുല്ലന്മാരും കുളിമുറിയിലേക്ക്‌ ഓടി. ശരിയാണ്‌. ഇളം പച്ചനിറത്തിൽ സ്റ്റൂളിന്റെ പൊക്കത്തിൽ ഒരു സാധനം നല്ല മിനുസമുള്ള മൂടിയിട്ട്‌ അടച്ചു വെച്ചിരിക്കുന്നു. മൂടി തുറന്നു നോക്കിയപ്പോൾ ലേശം വെള്ളവും കിടപ്പുണ്ട്‌.

ഇതെന്നാതിനാ ...?

താപ്പാന ഒന്നു ചിരിച്ചിട്ടു പറഞ്ഞു. " ങ, ഇതാണ്‌ മിനി വാഷിംഗ്‌ മെഷീൻ. പക്ഷെ മുണ്ടും ഷർട്ടും ഒന്നും അലക്കാൻ പറ്റത്തില്ല. അതൊക്കെ താഴെ. ഇത്‌ നമ്മുടെ ജട്ടി അലക്കാനുള്ളതാണ്‌. ചുമ്മാ ചെറുതാക്കി ചുരുട്ടി ഇതിലിട്ട്‌ ദോ, ആ ബട്ടനെ പിടിച്ചൊന്ന് അമർത്തിയാ അത്‌ നേരെ മെഷീന്റെ അകത്തുപോയി അലക്കി തേച്ച്‌ വടിപോലെയായി താഴെ റിസപ്ഷനിലെത്തും. ഒരു പതിനഞ്ചു മിനിറ്റ്‌ കഴിഞ്ഞ്‌ ക്യൂവായിട്ട്‌ നിന്ന് കയ്യോടെ മേടിക്കാം."

ഉടനെ യുവരക്തങ്ങൾ നാലും അവരവർക്കുള്ള ഏക അടിവസ്ത്രം ഊരി താപ്പാന പറഞ്ഞപോലെ ചെയ്തു. ബട്ടനും അമർത്തി. നാലു ഉരുപ്പടികളും അന്നനാളത്തിൽ തള്ളി മിശ്യം ആർത്തലച്ച്‌ ചിരിച്ചു.

ഒരു പത്തു പതിനഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞു കാണും, താപ്പാന പതുങ്ങി പതുങ്ങി വന്ന് ഹോട്ടലിന്റെ മുന്നിൽ നിന്ന് റിസപ്ഷനിലേക്ക്‌ പാളി നോക്കി.

ഊഹം തെറ്റിയില്ല. ഉടുമുണ്ട്‌ മാത്രമുടുത്തു നിൽക്കുന്നതിന്റെ അസ്ക്യതയോടെ യുവത്വങ്ങൾ നാലും അച്ചടക്കമായി ലൈനിൽ തുടരുകയാണ്‌. അലക്കിതേച്ചത്‌ കയ്യോടെ മേടിക്കാൻ !
താപ്പാന ഓർത്തു; ഇവനൊക്കെ നേതൃത്വം പഠിച്ച്‌ മന്ത്രി ആയാൽ ...?

O


Sunday, April 1, 2012

ഇന്ദ്രനീലം

 കഥ
വി.ജയദേവ്‌                           പായലിന്റെ പച്ചനിറമാണോ അതോ ആകാശം വീണലിഞ്ഞ നീലനിറമാണോ എന്നു കൃത്യമായി മനസിലാക്കാൻ പറ്റാത്ത തോട്ടിൽ മുങ്ങിനിവരുമ്പോൾ പരിചയമില്ലാത്തൊരു മീൻ വന്ന് അയാളെ തൊട്ടുരുമ്മി നീന്തിക്കടന്നുപോയി. എന്നുവെച്ച്‌ ആ തോട്ടിലെ എല്ലാ മത്സ്യങ്ങളെയും അടുത്തറിയാമെന്ന് അയാൾക്ക്‌ അഹങ്കാരം വന്നിട്ടൊന്നുമുണ്ടായിരുന്നില്ല. കണ്ടു പരിചയമുണ്ട്‌ ഒട്ടുമിക്കവയെയും എന്നുമാത്രം. താടിയിൽ കറുത്ത പൊട്ടുള്ള ഒന്നുണ്ടായിരുന്നു, അയാളുടെ നെഞ്ചിലേക്ക്‌ കയറിവന്ന് ഇക്കിളിയിടാൻ. ഏതാണ്ട്‌ തവിട്ടുവാലുള്ള മറ്റൊന്നുണ്ട്‌, എന്നും അയാൾക്കൊപ്പം നീന്തിയിരുന്നു. എന്തിനാ, നീയെന്നോടൊപ്പം നീന്തുന്നത്‌, നീന്തി ജയിക്കാനോ അതോ നീന്തുന്നത്‌ എങ്ങനെയെന്നു കാണിച്ചുതരാനോ എന്നോ മറ്റോ ചോദിച്ചുപോയാൽ പിന്നെ അത്‌ ആഴത്തിലേക്ക്‌  നീന്തിത്തുടങ്ങിയിരിക്കും. പായൽക്കൂട്ടത്തിനരികെ മാത്രം ചുറ്റിപ്പറ്റിനിന്നു വെറുതേ സാകൂതം നോക്കിയിരിക്കുന്ന ഒരു സുന്ദരി മീനുണ്ടായിരുന്നു. ആരാ ഇവിടെയിത്ര മെയ്‌വഴക്കത്തോടെ നീന്തിക്കൊണ്ടിരിക്കുന്നത്‌ എന്നൊരു ആകാംക്ഷയുണ്ടായിരുന്നു സുന്ദരിക്ക്‌ എപ്പോൾ കാണുമ്പോഴും. അതിനെ വെറുതേ പേടിപ്പിക്കാമെന്നു വെച്ച്‌ അതിനടുത്തെത്തുമ്പോൾ കൈയ്യും കാലും നന്നായി വീശിയെന്നിരിക്കും അയാൾ. എന്നാൽ അതു പായൽക്കൂട്ടം വിട്ട്‌ എങ്ങോട്ടും അധികം നീന്തിപ്പോയിക്കണ്ടില്ല.


പരിചയമില്ലാത്ത മീൻ അയാളോടു വലിയ പ്രതിപത്തിയൊന്നും കാണിച്ചിരുന്നില്ല. പരിചയക്കേട്‌ കൊണ്ടായിരിക്കുമെന്ന് അയാൾ കരുതി. ഒന്നു രണ്ടു ദിവസം കണ്ടു പരിചയമായാൽ തീരാവുന്നതേയുള്ളൂ പിണക്കമൊക്കെയെന്ന് അയാൾ കരുതി. അതു തന്നെയായിരുന്നു സംഭവിച്ചതും. രണ്ടുമൂന്നുനാൾ കഴിഞ്ഞപ്പോൾ തന്റെ സ്വന്തം തോട്ടിൽ ആരാണു പുതിയ മനുഷ്യൻ നീന്തിത്തുടിക്കുന്നതെന്ന ചോദ്യഭാവം അതിന്റെ മുഖത്തുണ്ടായിരുന്നത്‌ അയാൾ ശ്രദ്ധിച്ചു. അതങ്ങനെ ചോദിക്കണമെന്നു തന്നെയുണ്ടായിരുന്നു സത്യത്തിൽ അയാൾക്ക്‌. പുതുമഴയ്ക്ക്‌ വന്നുവീണ മത്സ്യമല്ലതെന്ന് അയാൾക്ക്‌ തോന്നി. പുതുമഴയ്ക്ക്‌ മത്സ്യങ്ങൾ വന്നുവീഴുമെന്നൊരു വിശ്വാസം നാട്ടിൻപുറത്തുണ്ടായിരുന്നു. മത്സ്യങ്ങൾ എവിടെനിന്നും വന്നുവീഴുന്നതല്ലെന്നും അവ പുഴയിൽ ജനിച്ചിറങ്ങുകയോ നീന്തിയെത്തുകയോ ആണെന്ന് അറിയാമായിരുന്നിട്ടും അയാൾ ആ നാട്ടുവിശ്വാസത്തിൽ എന്തുകൊണ്ടോ വിശ്വസിച്ചു. ഒന്നുമില്ലാതെ അങ്ങനെയൊരു വിശ്വാസം ഉണ്ടാവാനിടയില്ലായിരിക്കാം എന്നതുകൊണ്ടായിരിക്കണം അത്‌. അതിന്റെ ശാസ്ത്രീയതയിലേക്കൊന്നും അയാൾ കടന്നതേയില്ല.


'പുതിയമീൻ'-അതിനെ തൽക്കാലം അങ്ങനെത്തെന്നെ വിശേഷിപ്പിക്കാനാണ്‌ അയാൾ ഇഷ്ടപ്പെട്ടിരുന്നത്‌ - കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അയാൾക്കൊപ്പം നീന്തി. താൻ നീന്തി എവിടെയെല്ലാം പോകുന്നു എന്നറിയാനുള്ള ഒരു ആകാംക്ഷ അയാൾ അതിന്റെ മുഖത്ത്‌ തെളിഞ്ഞു കണ്ടിരുന്നു. അതയാൾക്കും അത്ഭുതം നൽകുന്ന ഒന്നായിരുന്നു. ഒരു മനുഷ്യൻ നീന്തുന്നതു കാണുമ്പോഴുള്ള കേവലമായ അത്ഭുതമല്ല അതിന്റെ കണ്ണുകളിലുണ്ടായിരുന്നത്‌. മറിച്ച്‌, തന്റെ നീന്തലിടത്തിൽ അപരിചിതനായ ഒരാൾ അതിക്രമിച്ചു കയറിയെന്നൊരു പരാതിയാണുണ്ടായിരുന്നത്‌. അയാളുടെ കണ്ണുകൾക്കു മുന്നിലൂടെ അതു തലങ്ങും വിലങ്ങും നീന്തി. നീന്തൽ തൽക്കാലം നിർത്തി അയാൾ തോട്ടിന്റെ കരയിൽ പിടിച്ച്‌ അണച്ചുകൊണ്ടിരുന്നപ്പോൾ അത്‌ അയാളുടെ നെഞ്ചോളം വന്നു ഹൃദയത്തോടു ചുണ്ടുകൾ മുട്ടിച്ചുനിന്നു. ഹൃദയമിടിപ്പിന്റെ ചെറിയ പ്രകമ്പനത്തിൽ തൊട്ടുനിന്നു. വീണ്ടും അയാൾ നീന്തിത്തുടങ്ങിയപ്പോൾ അയാൾക്കു മുന്നിലായി നീന്തി. ഇടയ്ക്കിടെ തിരിഞ്ഞു നോക്കി, അയാൾ അനുധാവനം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. കുളി മതിയാക്കി തോട്ടിൻകരയിൽ മടക്കിവെച്ച കുപ്പായങ്ങളെടുത്തണിയുമ്പോൾ ശ്വാസം കഴിക്കാനെന്ന രീതിയിൽ പലതവണ മുകൾപ്പരപ്പിലേക്കു വന്ന് അയാളുടെ ഓരോ ചലനവും നീക്കവും ശ്രദ്ധിച്ചുകൊണ്ടിരുന്നു. നിന്നെയൊരു ദിവസം ഞാനൊരു ചൂണ്ടയിൽ കുരുക്കുന്നുണ്ടെന്ന് അയാൾ വെറുതേ ഉറക്കെ പറഞ്ഞു. താൻ നോക്കുന്നത്‌ കണ്ടുപിടിക്കപ്പെട്ടുവോ എന്നു സംശയിച്ച്‌ അതു വീണ്ടും വെള്ളത്തിലേക്ക്‌ ഊളിയിട്ടുപോയി.


ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും കുളിക്കാൻ തോട്ടിലെത്തിയാൽ കുളി കഴിഞ്ഞു തോർത്ത്‌ പലവട്ടം പിഴിഞ്ഞു തിരിച്ചുപോകുന്നതു വരെ അയാളുടെ ശ്രദ്ധയെ പുതിയ മീൻ പൂർണ്ണമായും പിടിച്ചെടുത്തിരുന്നു. കുളിക്കാൻ വന്ന ആരോടൊക്കെയോ കുളത്തിലേതാ പുതിയ മീൻ എന്നയാൾ തിരക്കുകയും ചെയ്തിരുന്നു. അവരൊന്നും മീനുകളെ അങ്ങനെ ശ്രദ്ധിക്കുന്നവരല്ല. പുതുമഴയ്ക്ക്‌ പുതുമീൻ വരുമ്പോൾ തോട്ട പൊട്ടിച്ചോ വലയെറിഞ്ഞോ അവയെ പിടിക്കുകയെന്നല്ലാതെ അതിൽ കൂടുതൽ മീൻകൗതുകമൊന്നും അവർക്കുണ്ടായിരുന്നില്ല. അപ്പോൾ പുതിയതായി ഒരു മീൻ വന്നതൊന്നും അവരുടെ ശ്രദ്ധയെ അലോസരപ്പെടുത്തിയിരുന്നില്ല. ഒറ്റൊറ്റ മത്സ്യങ്ങളിലല്ല, മീൻകൂട്ടത്തിൽ മാത്രമായിരുന്നു അവരുടെ താൽപര്യം. അതുകൊണ്ടു തന്നെ ഒട്ടുമിക്ക എല്ലാവരും അയാളുടെ ചോദ്യത്തിന്‌ എന്തെങ്കിലും മറുപടി നൽകുകയോ ചോദ്യത്തിൽ തന്നെ എന്തെങ്കിലും താൽപര്യം കാണിക്കുകയോ ചെയ്തില്ല. ഓരോന്നു വരുന്നു പോകുന്നു എന്നൊരു തരം നിസംഗഭാവമായിരുന്നു അവരിൽ പലർക്കും.


അല്ലെങ്കിൽ, ഓരോ തത്രപ്പാടിനിടയിൽ വന്നു കുളിച്ചുപോകുന്നു, മീനുകളെയും മറ്റും ശ്രദ്ധിക്കാൻ എവിടെയാ നേരം എന്നൊരു നിഷ്കളങ്കതയായിരുന്നു മറ്റു ചിലർക്ക്‌. എന്നാൽ അയാൾക്ക്‌ അത്തരം തത്രപ്പാടൊന്നും ഉണ്ടായിരുന്നില്ല, പ്രത്യേകിച്ച്‌. അതുകൊണ്ട്‌, വിശദമായി കുളിക്കാനുള്ള സാവകാശവും സമയവും അയാൾക്കുണ്ടായിരുന്നു. പേരിന്‌ ഒന്നു ദേഹം നനച്ച്‌ ഓടിത്തിരിച്ചെത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഏതെങ്കിലും തത്രപ്പാടിൽ നിന്ന് ഓടിക്കിതച്ചല്ല, കുളിക്കാനെത്തിയിരുന്നതും. വിശദമായി ഒന്നു തേച്ചുകുളിക്കാം, ഇഷ്ടം പോലെ നീ‍ന്താം, ആവോളം വെള്ളത്തിൽ ആണ്ടുകിടക്കാം, ഇന്ദ്രനീലാകാശത്തിന്റെ ഒരു കഷ്ണം തോട്ടിൽ വിരിച്ചിട്ടതു കാണാം എന്നൊക്കെയുള്ള ആഗ്രഹങ്ങളോടെയായിരുന്നു അയാൾ എന്നും രണ്ടും മൂന്നും തവണ തോട്ടിലെത്തിയിരുന്നത്‌.


ഇപ്പോൾ പുതിയമീനിനെപ്പറ്റിയുള്ള ആകാംക്ഷ കൂടിയായപ്പോൾ തോട്ടിലേക്കുള്ള അയാളുടെ യാത്രകൾക്ക്‌ തിടുക്കം കൂടി.  അപ്പോഴും അതിനെ പുതിയമീൻ എന്നു തന്നെയായിരുന്നു അയാൾ വിശേഷിപ്പിച്ചുകൊണ്ടിരുന്നത്‌. അല്ലാതെ എന്തുപേരിട്ട്‌ അതിനെ വിളിക്കണമെന്നതിനെക്കുറിച്ച്‌ ഒരു ഊഹവും അയാൾക്കില്ലായിരുന്നു. പരിചയപ്പെട്ടുവരുന്ന മുറയ്ക്ക്‌ പുതിയരീതിയിൽ അതിനെ വിശേഷിപ്പിക്കാം എന്നയാൾ കരുതി. അതിങ്ങോട്ടു വന്ന് പരിചയപ്പെടുമെന്ന പ്രതീക്ഷ ഏതായാലും വേണ്ടെന്ന് അയാൾക്ക്‌ മൂന്നാലു ദിവസം കഴിഞ്ഞപ്പോൾ തന്നെ ബോധ്യമായി. അതിന്റെ കണ്ണിൽ താനിപ്പോഴും അതിന്റെ ഇടത്തിലേക്കുള്ള ഒരു കടന്നുകയറ്റക്കാരൻ എന്നാണെന്നും അയാൾ മനസിലാക്കി. തന്റെ ഇടത്തിലേക്ക്‌ അതു കടന്നുകയറിയതായിരുന്നില്ലേ ശരിക്കും എന്നു വിചാരിക്കാൻ അയാൾക്കായില്ല. വെള്ളം, മീനുകളുടെ ജീവശാസ്ത്രപരമായ ജീവൻ നിലനിർത്താനുള്ള ഇടമാണ്‌ എന്ന കാര്യത്തിൽ സംശയമുണ്ടായിട്ടല്ല. എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ അധികാരപ്രദേശമുണ്ടായിരിക്കുമെന്ന കാര്യത്തിലും സംശയമുണ്ടായിട്ടല്ല. എന്നാലും ഇന്നലെ കയറിവന്ന അതിന്‌ അതു പ്രകടിപ്പിക്കുന്ന തരത്തിലുള്ള  പ്രതിഷേധത്തിന്‌ അവകാശമുണ്ടോ എന്നതായിരുന്നു അയാളുടെ കാതലായ ചിന്ത. അയാൾ വെള്ളത്തിൽ ആഴ്‌ന്നു കിടന്ന് ഈ വിധമൊക്കെ ചിന്തിക്കുമ്പോഴും പുതിയമീൻ അയാളിൽ നിന്ന് ശ്രദ്ധ മാറ്റിയിരുന്നില്ല. അയാളുടെ ഓരോ വിചാരം പോലും അതു ശ്രദ്ധിക്കുന്നതായി തോന്നി. അയാൾക്ക്‌ ചുറ്റും വട്ടമിട്ടു നീന്തി. അയാളുടെ ശരീരത്തിലെ പലഭാഗങ്ങളിൽ അടുത്തുചെന്നു പരിശോധനകൾ നടത്തി.


നാളുകൾ കഴിയുന്തോറും താനും പുതിയമീനും തമ്മിലുള്ള ഈ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് അയാൾക്കു തോന്നിത്തുടങ്ങി. താൻ അതുമായി ഒരു മത്സരത്തിനോ ഏറ്റുമുട്ടലിനോ അല്ല ഒരുങ്ങിയിരിക്കുന്നതെന്നും സഹവർത്തിത്വത്തോടെ രണ്ടുപേർക്കും തോട്ടിൽ കഴിയാമെന്നൊരു മനോഭാവമേ തനിക്കുള്ളുവെന്നും അതിനെ അറിയിക്കണമെന്നും അയാൾക്ക്‌ തോന്നിത്തുടങ്ങിയിരുന്നു.


മാനസികമായ ഉല്ലാസത്തിനു മാത്രമല്ല, തോട്ടിലെ കുളിയും ജീവിതവും മത്സ്യങ്ങളെപ്പോലെ തനിക്കും അനിവാര്യമായിരിക്കുകയാണെന്നും അതിനെ അറിയിക്കുക മാത്രമാണ്‌ പോംവഴി. തങ്ങൾ ഇരുവരും പരസ്പരം മത്സരിച്ചോ മല്ലടിച്ചോ കഴിയേണ്ടവരല്ലെന്നും മറിച്ച്‌ പരസ്പരം കാലുഷ്യമില്ലാതെ വർത്തിക്കേണ്ടവരാണെന്നും അതിനെ അറിയിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, തോട്ടിൽ നിന്നു താൻ ഒന്നും കവർന്നു കൊണ്ടുപോകുകയോ മീനുകൾക്ക്‌ ഹാനികരമായ എന്തെങ്കിലും കൊണ്ടുവന്നിടുകയോ ചെയ്യുന്നില്ല. എന്നു മാത്രമല്ല, മറ്റു ജനങ്ങൾ അങ്ങനെ ചെയ്യുന്നതിനെ വിലക്കുകയും ചെയ്തുവരുന്നുണ്ട്‌.


തോട്ടയിട്ടു മീൻ പിടിക്കുന്നവർക്കെതിരേ ആദ്യമായി ശബ്ദിച്ചത്‌ അയാളായിരുന്നു. അതുവരെ നാട്ടുകാർക്ക്‌ പുതുമഴ കഴിഞ്ഞാൽ തോട്ടയിട്ടു മീൻ പിടിക്കുന്നത്‌ ഏതാണ്ട്‌ ഒരു ശീലം തന്നെയായിക്കഴിഞ്ഞിരുന്നു. പുതുമഴ സമയത്തു തോട്ട പൊട്ടിച്ചാൽ നിരവധി മീൻകുഞ്ഞുങ്ങൾക്ക്‌ അതു നാശകരമാണെന്നും അതു തോട്ടിലെ മത്സ്യങ്ങളുടെ എണ്ണത്തെ ബാധിക്കുമെന്നും അയാൾ ചൂണ്ടിക്കാട്ടിയതിലെ അത്ഭുതം പ്രാദേശികജനങ്ങൾക്ക്‌ ഇതുവരെ തീർത്തും മാറിയിട്ടുമുണ്ടായിരുന്നില്ല. ഇതൊക്കെ, ആദ്യം കേൾക്കുന്നതാണെന്നും തങ്ങൾ പരമ്പരാഗതമായി തോട്ടയിട്ടു മീൻ പിടിക്കാറുണ്ടെന്നായിരുന്നു അവരുടെ വാദം. അതുകൊണ്ടു തോട്ടിൽ മത്സ്യങ്ങളുടെ കുലം ഇതുവരെ കുറ്റിയറ്റു പോയിട്ടില്ല. നഞ്ചു കലക്കി മീൻ പിടിക്കുന്നതു ശരിയല്ലെന്ന് വാദത്തിനു വേണമെങ്കിൽ സമ്മതിക്കാം. എന്നാൽ തോട്ടയുടെ കാര്യത്തിൽ അയാൾ പറയുന്നതിനോട്‌ ശക്തമായ പ്രാദേശികമായ എതിർവികാരമുണ്ടായിരുന്നു. എന്നാൽ അയാൾ പുറംലോകത്തു നിന്നാർജ്ജിച്ച വിജ്ഞാനത്തിന്റെ ബലത്തിലായിരുന്നു ഇത്രയും കാലം പിടിച്ചുനിന്നത്‌. ഏതായാലും തോട്ടയിട്ടുള്ള മീൻപിടുത്തത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട്‌ എന്നതു വേറേ കാര്യം. അതു തന്റെ നിരന്തര ബോധവത്കരണം കൊണ്ടുതന്നെയാണ്‌ എന്നാണയാൾ വിശ്വസിച്ചിരുന്നത്‌. അത്‌ ഏതായാലും പുതിയ മീനിനെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.


രണ്ടു മൂന്നു ദിവസം കൂടി കഴിഞ്ഞപ്പോൾ പുതിയ മീനിന്റെ നിലപാടിൽ ഒരൽപ്പം അയവു വന്നതായി അയാൾക്ക്‌ തോന്നി. ഇപ്പോൾ പഴയതുപോലെ, കടന്നുകയറി വന്നവൻ എന്ന നിലയിലല്ല അതു തന്നെ നോക്കുന്നത്‌. അതിന്റെ ജാഗ്രതയിൽ അലപം മയം വന്നിട്ടുണ്ട്‌. പ്രശ്നമൊന്നുമുണ്ടാക്കാതെ കുളിക്കണമെങ്കിൽ കുളിച്ചുകഴിഞ്ഞു തന്റെ പാട്ടിനു പൊയ്ക്കോ എന്ന് പറയാനാണ്‌ അതു ശ്രമിക്കുന്നതെന്നു തോന്നിപ്പോവുന്ന വിധത്തിലായിരുന്നു പെരുമാറ്റം. നീന്തുന്നതിനിടയിൽ തന്റെ ഓരോ നീക്കവും കർശനമായി നിരീക്ഷിച്ചു വന്നിരുന്നത്‌ ഏതായാലും നിർത്തിയിട്ടുമുണ്ട്‌. മാത്രമല്ല, നീന്തുമ്പോൾ മുന്നിൽ കടന്നു നീന്തി അതെങ്ങോട്ടോ തന്നെ ആകർഷിച്ചു കൊണ്ടുപോകാനാണോ ശ്രമിക്കുന്നതെന്നും തോന്നിത്തുടങ്ങി. തന്റെ ദിശയിൽ മാറ്റം വരുത്താൻ ബോധപൂർവ്വം കണ്ണുകൾക്ക്‌ മുന്നിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്‌. പായൽക്കൂട്ടത്തിനരികെ ചുറ്റിപ്പറ്റി നിൽക്കുമായിരുന്ന സുന്ദരിമീനിനോട്‌ അതെന്തോ കാര്യം പറഞ്ഞ മട്ടുമുണ്ട്‌. സുന്ദരി മീനാണെങ്കിൽ നിരീക്ഷണം നിർത്തി തൽക്കാലം പായൽക്കൂട്ടത്തിനിടയിലേക്ക്‌ ഊളിയിട്ടു പോകുകയും ചെയ്തു.


ഒരു ദിവസം നീന്തുമ്പോൾ പുതിയമീൻ - അപ്പോഴും അതു പുതിയ മീൻ തന്നെയായിരുന്നു അയാൾക്ക്‌ - നേരേ എതിർവശത്തു നിന്ന് അയാൾക്ക്‌ നേരേ നീന്തി വരുന്നുണ്ടായിരുന്നു. അയാളുടെ ശക്തമായ കൈകാൽ വീശലൊന്നും അതു ഭയപ്പെടുന്നതായി കണ്ടില്ല. തന്നെ ആക്രമിക്കാനായിരിക്കുമോ അത്‌ വരുന്നത്‌ എന്നു കുറച്ചുനാൾ മുമ്പായിരുന്നെങ്കിൽ അയാൾ വിചാരിച്ചുപോയേനെ. ഏതായാലും ഇത്രയും ദിവസത്തെ അടുപ്പമുണ്ടല്ലോ, അത്‌ ഉപദ്രവിക്കാനൊന്നും മുതിരില്ലന്നൊരു ആത്മവിശ്വാസം അപ്പോഴേക്കും അയാൾ ആർജ്ജിച്ചുകഴിഞ്ഞിരുന്നു താനും. നേരേ കണ്ണുകൾ കടിച്ചുപറിക്കുന്ന മീനുകളുണ്ട്‌ എന്ന് അയാൾ പറഞ്ഞുകേട്ടിട്ടുണ്ട്‌. അത്തരം അനുഭവം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഏതായാലും ഇതു വന്ന് കണ്ണു കടിച്ചു പറിക്കില്ലെന്നു തന്നെ അയാൾക്ക്‌ തോന്നി. എന്തൊക്കെയായാലും പത്തുപതിനഞ്ചു ദിവസത്തെ മുഖപരിചയമുണ്ടല്ലോ. മാത്രമല്ല, താനിതുവരെ അതിനു നേരേ പ്രകോപനപരമായി ഒന്നും ചെയ്തിട്ടുമുണ്ടായിരുന്നില്ല. അയാളുടെ മുഖത്തിനു സമീപത്തു കൂടെ സൗമ്യമായി നീന്തി അതിന്റെ നേർത്ത വാൽച്ചിറകുകൾ അയാൾക്ക്‌ നേരേ ഇളക്കി. അതെന്തോ പറയാൻ ശ്രമിക്കുകയാണോ എന്നാണു സ്വാഭാവികമായും അയാൾ സംശയിച്ചു പോയത്‌. കുറച്ചു സമയം കഴിഞ്ഞപ്പോൾ അതയാൾക്ക്‌ കൂടുതൽ ബോധ്യപ്പെട്ടു.കുറച്ചു സമയം അയാളുടെ ശരീരത്തിനൊപ്പം ഒന്നിച്ചു നീന്തിയതിനു ശേഷം അതു പെട്ടെന്ന് അയാളെയും കവച്ചുവെച്ചു കൊണ്ടു നീന്തിത്തുടങ്ങി. അതെവിടേക്കോ തന്നെ ആകർഷിച്ചു കൊണ്ടുപോകുകയാണോ എന്നുതന്നെ അയാൾ സംശയിച്ചു. സംശയം തീർക്കാനെന്നവണ്ണം അയാൾ അതിന്റെ പിന്നാലെ നീന്തിത്തുടങ്ങി. അതെ, അത്‌ അയാളെ എവിടേക്കോ കൊണ്ടുപോകുക തന്നെയായിരുന്നു. ഇടയ്ക്കിടെ തിരിഞ്ഞുനോക്കി അയാൾ പിന്നാലെയുണ്ടെന്ന് അത്‌ ഉറപ്പുവരുത്തുന്നുണ്ടായിരുന്നു. പായൽക്കൂട്ടത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന സുന്ദരി മീൻ അവിടെത്തന്നെ ചെകിളയാട്ടി നിൽപ്പുണ്ടായിരുന്നു. ഇത്തവണ അവരെ കണ്ടപ്പോൾ സുന്ദരി മീൻ പായൽക്കൂട്ടത്തിനകത്തേക്ക്‌ ഓടിയൊളിച്ചതുമില്ല. ഇതെല്ലാം അയാളെ സംബന്ധിച്ചിടത്തോളം അത്ഭുതമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു. തോട്ട പൊട്ടിച്ചു മത്സ്യങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ സന്ധിയില്ലാത്ത നിലപാട്‌ എടുത്തിരുന്നെങ്കിലും ഇതുവരെ മത്സ്യങ്ങളുടെ  സ്വകാര്യതയിലേക്ക്‌ അയാൾ പ്രവേശിച്ചിരുന്നില്ല. അത്തരം ഒരു സ്വകാര്യലോകം അവയ്ക്കുണ്ടായിരിക്കാം എന്നൊക്കെ വിചാരിച്ചിരുന്നതേയുള്ളൂ ഇതുവരെ. മാത്രമല്ല, തങ്ങളുടെ സ്വകാര്യലോകത്തേക്ക്‌ അയാളെ ഇതുവരെ ഒരു മീനും ക്ഷണിച്ചിരുന്നില്ല. സുന്ദരി മീനിന്റെ മുഖത്ത്‌ അത്ഭുതത്തേക്കാളേറെ ആകാംക്ഷയായിരുന്നു. താൻ പായൽക്കൂട്ടത്തിനിടയിലേക്ക്‌ നീന്തിക്കയറി അതൊക്കെ താറുമാറാക്കിക്കളയുമോ എന്ന ഭീതി.


എന്നാലിപ്പോൾ അയാളുടെ അത്ഭുതത്തെ ഇരട്ടിപ്പിച്ചുകൊണ്ട്‌ ഒരു മീൻ, അതു പഴയതാവട്ടെ പുതിയതാവട്ടെ, അതിന്റെ സ്വകാര്യലോകത്തേക്ക്‌ അയാളെ ക്ഷണിച്ചുകൊണ്ടു പോവാൻ ശ്രമിക്കുന്നതിൽ അത്ഭുതം കൂറാതെ മറ്റെന്തു ചെയ്യാൻ കഴിയും. അയാളാണെങ്കിൽ തോടിന്റെ ആ ഭാഗത്തേക്ക്‌ അധികം സഞ്ചരിക്കുകയുണ്ടായിട്ടില്ല. ആ ഭാഗത്ത്‌ ചെളിയും  കാലുകളിൽ പിടിച്ചുവലിക്കുന്ന പായൽക്കൂട്ടവും ഉണ്ടെന്നായിരുന്നു പൊതുവേ കുളിപ്പറ്റത്തിന്റെ വിശ്വാസം. അതു കൃത്യമായ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കില്ല എന്ന് അന്നുതന്നെ അയാൾ കരുതിയിരുന്നു. തത്രപ്പാടുകൾക്കിടയിൽ കാക്കക്കുളി കുളിക്കാൻ വരുന്നവർക്ക്‌ തോട്ടിന്റെ യഥാർത്ഥകാര്യങ്ങൾ എങ്ങനെ അറിയാനാണ്‌ എന്ന് അന്നേ അയാൾ ചോദിച്ചിരുന്നു. എന്നാലും ആ ഭാഗത്തേക്ക്‌ ഇതുവരെ അയാളും നീന്തിപ്പോയിരുന്നില്ല. പുതിയമീൻ അങ്ങോട്ടു നയിക്കുമ്പോൾ, ആ ഭാഗത്തേക്ക്‌ പോകാൻ വ്യക്തമായ ഒരു കാരണമായതായി അയാൾക്ക്‌ തോന്നി. മുന്നോട്ടു നീങ്ങിയ പുതിയമീൻ പെട്ടെന്ന് ഒരു പായൽക്കാടിനു ചുറ്റുമായി വട്ടം കറങ്ങി നീന്തി. അധികം ചെളിയില്ലാത്ത ഒരു ഭാഗമായിരുന്നു അത്‌. ഇടയ്ക്കിടെ പായൽക്കൂട്ടത്തിനുള്ളിലേക്ക്‌ ഊളിയിട്ടും അധികം വൈകാതെ തിരിച്ചുവന്നും അത്‌ അയാളുടെ ശ്രദ്ധയെ പിടിച്ചുവലിക്കുകയായിരുന്നു. എന്തോ പറയാൻ ശ്രമിക്കുകയാണ്‌ അതെന്ന് മനസിലാക്കാൻ അതിവിശേഷമായ ബുദ്ധിയൊന്നും വേണ്ടെന്ന് അയാൾക്ക്‌ തോന്നി. അതെ, അതെന്തോ പറയാൻ ശ്രമിക്കുകയാണ്‌. ഇതാണ്‌ തന്റെ കൂടെന്നോ അല്ലെങ്കിൽ ഇതായിരുന്നു തന്റെ തറവാടു കൂടെന്നോ പറയാൻ ശ്രമിക്കുകയാണ്‌ അതെന്നു തോന്നി. അതിനു പ്രത്യുപകാരമായി പുതിയമീനിനു തന്റെ വീടും കാണിച്ചുകൊടുക്കണമെന്നും തോന്നി,
അതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും. ആ പായൽക്കൊട്ടാരത്തിൽ നിന്നും കുറച്ചു പൊടിമീനുകൾ പുറത്തുവന്ന് പുതിയ മീനിനൊപ്പം നീന്തി . കുറച്ചു സമയത്തിനു ശേഷം പൊടിമീനുകളെല്ലാം തിരിച്ചു നീന്തി, അപ്രത്യക്ഷമായി. പിന്നെ, അവ ഒരിക്കലും തിരിച്ചുവന്നതുമില്ല.


കാര്യങ്ങളിങ്ങനെയൊക്കെ  പുരോഗമിച്ചെങ്കിലും പുതിയമീൻ എന്താണു കൃത്യമായി പറയാൻ ശ്രമിച്ചതെന്ന കാര്യത്തിൽ അയാൾ അജ്ഞനായിരുന്നു. കുറെ ഊഹങ്ങളിൽ നിന്നു കൂടുതൽ യുക്തിപരമായതു സ്വീകരിക്കാനേ അയാൾക്ക്‌ ആവുമായിരുന്നുള്ളൂ. അങ്ങനെ അയാളെത്തിച്ചേർന്ന ഏറ്റവും യുക്തിപരമായ നിഗമനം, അതു പുതിയ മീനിന്റെ പായൽക്കൊട്ടാരമാണ്‌ എന്നതായിരുന്നു. കൂടെക്കണ്ട പൊടിമീനുകൾ അതിന്റെ പുതിയ തലമുറയിൽ പെട്ടവയായിരിക്കണം. എന്നാൽ നിഗമനങ്ങളിൽ തന്നെ ചടഞ്ഞുകൂടിയിരിക്കാൻ അയാൾക്ക്‌ സമയം കിട്ടിയില്ല. പുതിയമീൻ പായൽക്കൊട്ടാരവും പിന്നിട്ടു മുന്നോട്ടു പോയതായിരുന്നു കാരണം. മീൻകൂട്ടങ്ങൾ കുറവുള്ള പ്രദേശത്തുകൂടി നീന്തി കൽക്കെട്ടുകൾ നിറഞ്ഞ സ്ഥലത്തേക്കായിരുന്നു അതു നീന്തിക്കൊണ്ടിരുന്നത്‌. തോട്ടിലെ കുളിക്കടവിൽ നിന്ന് ഏറെദൂരം പിന്നിട്ടിരുന്നു അപ്പോഴേക്കും അവർ. ഇതെങ്ങോട്ടാണ്‌ പുതിയമീൻ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് സംശയിച്ചു അയാൾ. അപ്പോഴേക്കും കുറച്ചുകൂടി വലിയൊരു നീരൊഴുക്കിന്റെ ശബ്ദം കേട്ടുതുടങ്ങിയിരുന്നു. പുതിയമീൻ തിരിഞ്ഞു നോക്കി അയാൾ പിന്നാലെത്തന്നെയുണ്ടെന്ന് ഉറപ്പുവരുത്തി. ജലപ്പരപ്പിലെത്തി നോക്കിയപ്പോൾ അയാൾക്ക്‌ വലിയ നീരൊഴുക്കില്ലാത്ത പുഴയാണ്‌ ദൂരെ കാണാൻ സാധിച്ചത്‌. വീണ്ടും പുതിയ മീനിനെ തേടിയപ്പോൾ പുഴയിൽ നിന്നും തോട്ടിലേക്കുള്ള ദുർബലമായ നീർവ്വാർച്ചയുടെ ചാൽമുഖത്താണ്‌ തങ്ങളെന്ന് അയാൾക്ക്‌ മനസിലായി. പുതിയമീൻ ദുർബലമായ നീർവ്വാർച്ചാമുഖത്തേക്ക്‌ പോകുകയും തിരിച്ചുവരികയും ചെയ്തുകൊണ്ടിരുന്നു. മീൻ എന്തോ പറയാൻ ശ്രമിക്കുന്നതായി തോന്നിയെങ്കിലും അതെന്താണെന്ന് മനസിലാക്കാനുള്ള മീൻഭാഷ അയാൾക്ക്‌ വശമില്ലായിരുന്നു. കടലിൽ നിന്ന് പുഴയിലേക്കും പുഴയിൽ നിന്നും തോട്ടിലേക്കുമുള്ള വഴി കാണിച്ചുതരികയായിരുന്നു അത്‌ എന്നയാൾക്ക്‌ തോന്നി.പുതിയമീൻ തിരിച്ചു നീന്തിത്തുടങ്ങിയപ്പോൾ അയാളും പിൻതുടർന്നു. തിരിച്ചു വീണ്ടും കുളിക്കടവിലെത്തുന്നതു വരെ അതു തിരിഞ്ഞുനോക്കിയതേയില്ല. അയാളും. തിരിച്ചു വരുമ്പോഴും സുന്ദരി മീൻ തന്റെ പായൽക്കൂട്ടത്തിന്‌ അടുത്തുതന്നെയുണ്ടായിരുന്നു. അത്‌ അവിടെ നിന്നു മാറി മറ്റെവിടെയെങ്കിലും പോയിവരുന്നതായി കണ്ടിട്ടില്ലെന്ന് അയാൾ ഓർത്തു. തിരിച്ചു കുളിക്കടവിലെത്തിയപ്പോഴേക്കും തീർത്തും തളർന്നു പോയില്ലെങ്കിലും അയാൾ നന്നായി ക്ഷീണിച്ചിരുന്നു.


പിറ്റേന്നു തൊട്ട്‌ പുതിയമീൻ അതിന്റെ എല്ലാ പ്രതിഷേധവും പ്രതിരോധവും എടുത്തുമാറ്റിയതായി അയാൾ അറിഞ്ഞു. അതോടെ തങ്ങൾക്കിടയിൽ നേരത്തെയുണ്ടായിരുന്ന നീരസങ്ങളെല്ലാം അലിഞ്ഞു തീർന്നതായി അയാൾ മനസിലാക്കി. മാത്രമല്ല, പുതിയ മീനിന്റെ മുഖത്ത്‌ അതിന്റെ ഇടത്തിലേക്ക്‌ കടന്നുകയറിയ ഒരാൾ എന്നൊരു ഈർഷ്യയേ ഉണ്ടായിരുന്നുമില്ല. അയാൾ കൈവെള്ള നീട്ടിയപ്പോൾ ചിരപരിചിത സുഹൃത്തെന്നപോലെ അയാളുടെ കൈവെള്ളയിൽ കയറിയിരിക്കുകയും ചെയ്തു. അയാളുടെ വിരലുകൾ അടഞ്ഞപ്പോൾ നീന്തി രക്ഷപ്പെടാതെ വിരൽക്കൂടിനുള്ളിൽ ഇരുന്നുകൊടുക്കുകയും ചെയ്തു. അതിനു കടലിന്റെ രൂക്ഷഗന്ധമായിരുന്നു. അതിന്റെ ചെകിളയിൽ ഒരുപ്പു പരലിന്റെ സാമിപ്യം കാരണമുള്ള ഇരുണ്ട രക്തനിറം ബാക്കിയുണ്ടായിരുന്നു. അതിനെ കുറച്ചുകാലം കൊണ്ടുമാത്രം കാണാൻ കഴിയുന്നതിന്റെ അർത്ഥം അയാൾ ഊഹിച്ചെടുത്തു. അതു കടൽ മടുത്ത്‌ അതിന്റെ സ്വന്തം തോട്ടിലേക്ക്‌ മടങ്ങി വന്ന മത്സ്യമായിരുന്നു. കടലിന്റെ ആഴവും പരപ്പും വേണ്ടെന്നുവെച്ച്‌ സ്വന്തം ആഴത്തിലേക്കും ആയത്തിലേക്കും തിരിച്ചു വന്ന പുഴമീൻ. തന്നെപ്പോലെ.

താൻ കൈമോശം വരുത്തിയ തിരക്കുകളെക്കുറിച്ചും ആർത്തിപിടിച്ച ജീവിതത്തെക്കുറിച്ചും അപ്പോഴേക്കും അയാൾ ഏറെക്കുറെ മറന്നുകഴിഞ്ഞിരുന്നു.


O


PHONE : 07597319590കാക്കയും കവിതയും

ലേഖനം
രാജേന്ദ്രൻ വള്ളികുന്നം

                        വൈലോപ്പിള്ളി, കവിതയിൽ എടുത്തുവെച്ച പക്ഷിയാണ്‌ കാക്ക. അതുവരെ കാക്ക ഒരു നഗരപ്പക്ഷിയായിരുന്നു. വൃത്തികെട്ട കരച്ചിൽ, വെറുക്കപ്പെട്ട നിറം, കൗശലക്കാരന്റെ നോട്ടം. കാക്കയെ നമ്മൾ വേലിപ്പുറത്തിരുത്തി. പിതൃക്കളെ ഓർമ്മിച്ചപ്പോൾ മാത്രം കൈകൊട്ടി വിളിച്ചു.(മരണത്തിന്റെ നിറം കറുപ്പാണല്ലോ) അല്ലാത്തപ്പോൾ ആട്ടിയോടിച്ചു. അടിയാളനും കാക്കയും നമ്മുടെ പരിസരത്ത്‌ കരഞ്ഞുനടന്നു.


വൈലോപ്പിള്ളിക്ക്‌ കാക്കയോ ? കൂരിരുട്ടിന്റെ കിടാത്തി. സൂര്യപ്രകാശത്തിന്‌ ഉറ്റതോഴി. പൂത്തിരുവാതിരത്തിങ്കൾ. ചീത്തകൾ കൊത്തിവലിച്ച്‌ നമ്മുടെ പരിസരമാകെ വൃത്തിയാക്കുന്നവൾ. കാക്കയെക്കുറിച്ച്‌ പാടുവാൻ ധൈര്യം കാണിച്ചത്‌ വൈലോപ്പിള്ളിയുടെ ചങ്കുറപ്പാണ്‌. പൂർവ്വികർ കാത്തുസൂക്ഷിച്ച സൗന്ദര്യസങ്കൽപ്പത്തെയാണ്‌ കവി അടിച്ചുതകർത്തത്‌. കറുത്തവനും കവിതയ്ക്ക്‌ മഷിപ്പാത്രമാണെന്ന് അങ്ങനെ പ്രഖ്യാപിച്ചു. വിഷപ്പാമ്പിന്‌ സർപ്പക്കാവൊരുക്കി കുടിയിരുത്തിയ നിങ്ങൾ കാക്കയുടെ കൂട്‌ തകർത്തെറിയുവാൻ ഒരു മടിയും കാണിച്ചില്ല. സ്വർണ്ണക്കൂടൊരുക്കി വെച്ച്‌ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ പാടുമ്പോഴും കാക്കയെ നമ്മൾ കണ്ടില്ല.


കാക്ക, സംഘശക്തിയുടെ പ്രതിനിധിയാണ്‌. എത്രവേഗമാണവ ഒത്തുകൂടുന്നത്‌. കാക്കക്കൂട്ടം എന്ന പ്രയോഗം ശ്രദ്ധിക്കുക. തന്റെ കുഞ്ഞിനെയും കൂടിനെയും സംരക്ഷിക്കുവാൻ കാക്ക കാണിക്കുന്ന പോരാട്ടവീര്യം അത്ഭുതകരമാണ്‌. ഭൂമിയുടെ കുത്തകാവകാശികൾ എന്നഹങ്കരിക്കുന്ന മനുഷ്യരോട്‌ പൊരുതുവാൻ ധീരത കാട്ടുന്ന പക്ഷിയും കാക്കയാണല്ലോ ? നാളേയ്ക്ക്‌ കരുതിവെയ്ക്കുന്ന പക്ഷിയും കാക്കയാണ്‌. തേടിയെടുത്ത ഭക്ഷണപദാർത്ഥത്തെ മരപ്പൊത്തിലൊളിപ്പിക്കാനും കരിയില കൊണ്ട്‌ മൂടുവാനും അവ കാണിക്കുന്ന ജാഗ്രത മനുഷ്യർക്കും മാതൃകയാണ്‌. ഏറ്റവും വൃത്തിവെടുപ്പെഴുന്നോൾ എന്ന് വൈലോപ്പിള്ളി പാടിയത്‌ വെറുതെയാണോ ? കാക്കക്കുളി എത്ര അവധാനതയോട്‌ നടക്കുന്ന പ്രവൃത്തിയാണ്‌. എന്നിട്ടും കാക്ക കുളിച്ചാൽ കൊക്കാകുമോ എന്ന് ചോദിച്ചാണ്‌ അതിന്റെ വർണ്ണപരമായ സ്വത്വത്തെ നാം കളിയാക്കിയത്‌. 'കാക്കയ്ക്കും തൻകുഞ്ഞ്‌ പൊൻകുഞ്ഞ്‌' എന്നു പറയുമ്പോൾ അതിന്റെ ജീവിതം എത്ര നിസ്സാരമാണെന്നും കുട്ടികളെ പഠിപ്പിച്ചു. നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിൽ ഈ പക്ഷി കൊഴിച്ചിട്ട തൂവലല്ല വൈലോപ്പിള്ളി കണ്ടെത്തിയത്‌. ആരാണ്‌ നിന്റെ കൂവലിന്‌ മധുരം ചാർത്തിയതെന്നും തൂവലിൽ ചാരുഗന്ധം വളർത്തിയെന്നും പാടിപ്പുകഴ്ത്താൻ നമുക്ക്‌ വൈലോപ്പിള്ളിയല്ലാതെ വേറേ ആരുണ്ടായിരുന്നു?


വൈലോപ്പിള്ളി


പരസ്യജീവിതം നയിക്കുമ്പോഴും രഹസ്യമായി ഭോഗിക്കുന്നതാണ്‌ കാക്കയുടെ പ്രകൃതം. മറ്റ്‌ പക്ഷികളിലെ തുറന്ന പ്രണയകേളികളിൽ ഏർപ്പെടുവാൻ കാക്കയ്ക്ക്‌ താൽപര്യമില്ല. വൈലോപ്പിള്ളിയ്ക്കും പ്രണയം നിഗൂഢമായ ഒരു സഞ്ചാരമായിരുന്നു. ചങ്ങമ്പുഴയെപ്പോലെ പ്രണയശിഖിയിൽ നീറിമരിയ്ക്കുവാൻ അദ്ദേഹം തയ്യാറായില്ല. സ്വതവേ ലജ്ജാലുവായിരുന്ന കവി പ്രണയാനുഭവങ്ങളുടെ ഉപരിതലങ്ങളിൽ ഒഴുകിനടക്കുവാൻ തൽപരനായിരുന്നില്ല. ഭാനുമതിയമ്മയും ഏറെ അകലെയായിരുന്നുവല്ലോ കവിയ്ക്ക്‌. കാക്കയെപ്പോലെ പരുഷപ്രകൃതിയായിരുന്നു കവിയും. പക്ഷികളോടും പൂക്കളോടും വൈലോപ്പിള്ളിയ്ക്കുള്ള ഗൃഹാതുരത്വം കലർന്ന സൗഹൃദം ശ്രദ്ധിക്കേണ്ടതുണ്ട്‌. മഞ്ഞക്കിളിയും കുരുത്തോലവാലനും മാടത്തയും കുരിയാറ്റപ്പക്ഷിയും കവിതയിലാകെ പാറിപ്പറന്നു നടക്കുമ്പോഴും കാക്കയോടാണ്‌ കവിയ്ക്ക്‌ ഏറെ ഇഷ്ടം. 'ചില പക്ഷികൾ ഞാൻ മുതിർന്ന കാലത്ത്‌ എന്റെ കവിതകളിൽ വന്ന് ചിറകടിച്ചുപോയി. കാക്കകൾ മാത്രം ഇന്നും വിടാതെ കൂടെയുണ്ട്‌.'ഏകാന്തതയെ പൊലിപ്പിച്ചെടുത്ത കവിയാണ്‌ വൈലോപ്പിള്ളി. പരമമായ സ്വാതന്ത്ര്യത്തെ ജീവിതകാമനകളുടെ മോക്ഷമായി കണ്ടു. കാക്കയുടെ ഒറ്റയാൻ യാത്രപോലെ തനിച്ചുജീവിക്കുകയെന്നതായിരുന്നു കവിയുടെ നിയതിയും. പക്ഷെ ഏകാന്തജീവിതം നയിക്കുമ്പോഴും  സംഘശക്തിയുടെ കരുത്ത്‌ കവി തിരിച്ചറിഞ്ഞിരുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത്‌ കവിയുണ്ടായിരുന്നു. ഈ ബോധമണ്ഡലമാണ്‌ നവചിന്തയുടെ പന്തം പേറുവാൻ കവിയെ പ്രേരിപ്പിച്ചത്‌. കാക്ക കവിതയുടെ നടുത്തളത്തിലേക്ക്‌ പറന്നുവന്നതും വാഴ്ത്തപ്പെട്ടതും വൈലോപ്പിള്ളിയുടെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വയലിടങ്ങളിലൂടെയായിരുന്നു. എഴുത്തുമുറിയിൽ എഴുത്തുകാരൻ തനിച്ചല്ല. ആർത്തിരമ്പുന്ന ഭൗതികലോകവും അശാന്തമായ ആത്മീയലോകവും അയാൾക്ക്‌ ചുറ്റും തള്ളിയാർത്തുവരും. ഏകാന്തതയെ ധ്യാനിച്ചുണർത്തിയ കാഫ്ക തിരക്കുപിടിച്ച ലോകത്തകപ്പെട്ടുപോയ വ്യക്തികളുടെ അതിഭൗതിക ലോകമാണ്‌ എഴുത്തിൽ അവതരിപ്പിച്ചത്‌. കാക്ക ഭൗതികലോകത്തിന്റെയും മരണാനന്തരജീവിതത്തിന്റെയും ഓർമ്മ ഉണർത്തുന്ന ചിഹ്നമാണ്‌. പക്ഷേ, വൈലോപ്പിള്ളി ഭൗതികപരിസരത്ത്‌ നിർത്തിക്കൊണ്ടാണ്‌ കാക്കയെ കുറിച്ച്‌ പാടിയത്‌. ദുരിതയാഥാർത്ഥ്യങ്ങളുടെ കണ്ണീർപ്പാടത്തുകൂടി യാത്ര ചെയ്ത കവിയ്ക്ക്‌ മാനവപ്രശ്നങ്ങൾ തന്നെയായിരുന്നു പ്രധാനം.


മാനവപ്രശ്നങ്ങൾ തൻ മർമ്മകോവിദന്മാരെ
ഞാനൊരു സൗന്ദര്യാത്മക കവി മാത്രം
- എന്നത്‌ കേവലം മേനി പറച്ചിൽ മാത്രമായിരുന്നു.


പുലർകാല കിളിപ്പാട്ടുകളിൽ വേറിട്ടുനിൽക്കുന്ന ശബ്ദമാണ്‌ കാക്കയുടേത്‌. പുലരി കിഴക്കുദിക്കിൽ തീ കൂട്ടുമ്പോൾ ജീവിതപ്രരാബ്ദങ്ങളുടെ പിടച്ചിലിൽ അകപ്പെട്ടുപോയ ഒരു ജനതയുടെ ഘടികാരസൂചി കാക്കക്കരച്ചിലായിരുന്നു. മലയാളിയുടെ ഭാവുകമാറ്റത്തിന്റെ സംക്രമണകാലത്താണ്‌ എഴുത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക്‌ മലയപ്പുലയനും കാക്കയും മറ്റും കടന്നുവരുന്നത്‌. കാക്ക ചരിത്രത്തെ പിടിച്ചടക്കി. സവർണ്ണമുദ്രകൾ ഓരോന്നായി മായുന്നതും മാനവന്റെ കാക്കത്തൊള്ളായിരം വിഷയങ്ങൾ എഴുത്തിൽ കടന്നു വരുന്നതും ചരിത്രത്തിലെ ചാരുദൃശ്യമാണ്‌.


O


PHONE : 9747795785