കഥ
മനോരാജ്
ഇതിപ്പോ
കഷ്ടായല്ലോ.. ദേ, റൂമിന് പുറത്ത് തിരക്ക് വര്‍ദ്ധിച്ച് വരുന്നു. അയ്യോ! പാവം
ജെസ്സിക്കൊച്ചും സേതുകുഞ്ഞും. ഇരുവരും വല്ലാണ്ട് വിയര്‍ത്തു തുടങ്ങിയത് നിങ്ങള്‍
കാണുന്നില്ലേ. അല്ലെങ്കിൽ തന്നെ അവർ തമ്മിൽ ഏതാണ്ടൊരു ചുറ്റുക്കളിയുണ്ടെന്ന്
ഹോസ്പിറ്റലിലെ സ്റ്റാഫിനിടയിൽ ഒരു സംസാരോണ്ട്. ലൈനാണ് പോലും ! എനിക്കൊന്നും
അറിഞ്ഞൂടെന്റെ തമ്പുരാനേ, ഞാനൊന്നും കണ്ടിട്ടുമില്ല. പക്ഷെ, ഇതിപ്പോൾ ഞാൻ മൂലമല്ലേ
അവർ ഇരുവരും ഇങ്ങിനെ കഷ്ടപ്പെടുന്നേന്നോര്‍ക്കുമ്പോഴാ ഒരു ആവലാതി. എന്നാലും ഏത്
നാശം പിടിച്ച നേരത്താണാവോ ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാൻ തോന്നിയത്.
ദോഷം
പറയരുതല്ലോ. ഒരു മാലാഖയായിരുന്നൂട്ടോ അവള്‍. അയ്യോ, മാലാഖമാര്‍ കരയോ എന്റെ കര്‍ത്താവേ!!
ഹാന്നേ, ആ കുഞ്ഞ് മോള് കരയണ കണ്ടപ്പ എനിക്ക് സഹിച്ചില്ല. പേടിച്ചിട്ടാണോ.. അതോ
ഇനി അതിന്റെ സൂക്കേട് കാരണമാണോ എന്തോ... കൂടെ വന്ന ടീച്ചറമ്മയുടെ സാരിയേ പിടിച്ച്
കരയാര്‍ന്നു ആ പാവം.
അല്ലെങ്കിലും
ഈ ജെസ്സിക്കൊച്ചിന് പിള്ളേരുടെ എക്സ്റേ എടുക്കാൻ ഒന്നും അത്ര വശോല്ല. അതൊക്കെ
മുമ്പുണ്ടാര്‍ന്ന ഷീബകൊച്ച്. എന്തൊരു നയാര്‍ന്ന് അതിന്. ഹാ, അതിന്റെ ഗൊണോണ്ടേ.. ഇപ്പോ
അയര്‍ലണ്ടിലാ. കെട്ടിയവന്‍ ഫാര്‍മസിസ്റ്റായതോണ്ടാ അതിനവിടെ പണികിട്ടിയതെന്നൊക്കെ
കൊതിക്കെറുവു പറയന്നുവരുണ്ടിവിടെ. പോകാൻ പറ. ഹല്ല പിന്ന !
ദേ, സേതുകൊച്ചിന്
ദേഷ്യം വരുന്നുണ്ട്. ഞാനെന്തോ ചെയ്യാനാ എന്റെ കര്‍ത്താവേ!! ഒരു കൈപ്പെഴ
പറ്റിപ്പോയി. അല്ലെങ്കിൽ ജര്‍മ്മനീന്ന് ഫിലിപ്പോസച്ചൻ ഇവിടെ കൊണ്ടോന്നിട്ട് ഇത്രേം
നാളായില്ലേ. ഇന്നേവരെ ഇങ്ങിനെ എന്തെങ്കിലും ഉണ്ടായിട്ടിണ്ടാ. വല്ലപ്പോഴും ഒരു
മുക്കലോ മൂളലോ (മനുഷ്യന്മാരുടെ ചൊമ പോലെ) മറ്റോ. അത് സേതു കൊച്ച് ഇത്തിരി
ഓയിലിടുമ്പോ ശര്യാവേം ചെയ്യും. ഹോ, ആ മാലാഖകുഞ്ഞ് കാരണാ ഇതൊക്കെ. കുഞ്ഞല്ലേ.. അതിനെ
പറ്റി ദൂഷ്യപ്പെടാനും പറ്റില്ലല്ലോ! എന്തായാലും ഇത് വല്ലാത്ത ചതിയായി പോയി
മിശിഹാതമ്പുരാനേ..
ഇന്നലെ
വൈകീട്ട് ഏതാണ്ട് മൂന്ന് മണിയോടടുത്താ ആ ഫ്രോക്ക്കാരി കുഞ്ഞിനേം കൊണ്ട് തടിച്ച
സ്ത്രീ വന്നതേ. ഹോ, പാവം കുഞ്ഞ്! ഭയങ്കര വിമ്മിഷ്ടാര്‍ന്നട്ടോ അന്നേരം അതിന്. അത്
പിന്ന അങ്ങനല്ലേ; വലിയോര്‍ക്ക് പോലും ശ്വാസമ്മുട്ടല്‍ വന്നാൽ സഹിക്കണില്ല.. അപ്പ, കുഞ്ഞുങ്ങടെ
കാര്യം പറയണാ.. വല്യഡോക്ടറാര്‍ന്ന് നോക്കിയതെന്ന് തോന്നണ്. കൈയിൽ എക്സ്റേ
എടുക്കാനുള്ള പേപ്പറുമായി ജെസിക്കൊച്ചിന്റെ അടുത്ത് നിക്കണ ആ സ്ത്രീയുടെ മുഖം
കണ്ടപ്പളേ എനിക്ക് തോന്നീര്‍ന്നു അവര്‍ക്ക് അത്രേം തങ്കകൊടം പോലൊരു
കുഞ്ഞുണ്ടാവൂല്ലല്ലോന്ന്. പക്ഷെ ഓരോന്നോര്‍ത്ത് നിക്കാൻ പറ്റില്ലാല്ലോ.. അല്ലെങ്കിൽ
പിന്നെ ദേ ഇത് പോലെ ഒന്നിനും മേലാണ്ടാവണം. ഇത് അന്നേരം, അവരുടെ കൈയീന്ന് പേപ്പർ വാങ്ങിയ
ജെസ്സിക്കൊച്ചിനും ആകെ വെപ്രാളം. കുഞ്ഞിനെ കൊണ്ട് വന്ന സ്ത്രീക്കും (അത്
ടീച്ചറാമ്മയാണെന്ന് പിന്നീടല്ലേ മനസ്സിലായത്) വെപ്രാളം. രണ്ട് പേര്‍ക്കും ബസ്സ്
വിട്ട് പോവൂന്ന പേട്യാ. ഏതായാലും ഞാനായിട്ട് ഏടാകൂടം ഒന്നും ഒപ്പിച്ചില്ല. പക്ഷെ
മാലാഖ കുഞ്ഞ് കരച്ചിലോട് കരച്ചില്‍ ! ഹോ ഇങ്ങിനെയും പിള്ളാര് കരയോ എന്റെ മാതാവേ? ഏങ്ങലിടിച്ച്
ഏങ്ങലടിച്ച് അതിന് ശ്വാസം കിട്ടാതായി. അന്നേരം എനിക്കങ്ങോട്ട് സങ്കടം വന്നട്ടോ. ജെസ്സിക്കൊച്ച്
അതിനെ കസേരയിൽ കയറ്റി നിര്‍ത്തി, അനങ്ങാതെ നില്‍ക്കാൻ പറഞ്ഞിട്ട് വന്ന് എന്റെ
മേലുള്ള സ്വിച്ച് ഇട്ടു. സത്യായിട്ടും അന്നേരമൊന്നും എനിക്കൊരു കൊഴപ്പോമില്ലന്നേ..
!! ആ കുഞ്ഞ് പേടിച്ച് ഇളകിയതോണ്ടാ ഫിലിമീ പിടിക്കാഞ്ഞേ.. സത്യം! പക്ഷേങ്കിൽ, ദേ
ജെസ്സികൊച്ച് ആ കുഞ്ഞിനെ ഒരു പെണക്കം. ഇത്തിരി പോന്ന കുഞ്ഞല്ലേ! അതിനുണ്ടോ
ഹോസ്പിറ്റലിലെ സമയവും ഷിഫ്റ്റുമൊക്കെ അറിയുന്നു. പാവം പേടിച്ചുട്ടാ. ഏങ്ങിക്കൊണ്ട്
അത് ഒന്ന് കൂടെ ചേര്‍ന്ന് നിന്നു. മിസ്സേ.. മിസ്സേ.. അമ്മേനെക്കാണണം എന്നൊക്കെ
പറഞ്ഞ് അത് കരയണ കണ്ടപ്പോ എനിക്ക് അങ്ങോട്ട് സങ്കടം വന്ന്. അത് ശ്വാസംകഴിക്കാന്‍
പെടാപാട് കഴിക്കണ കണ്ടപ്പോ എന്റെ ഗീവര്‍ഗീസുപുണ്യാളോ, സത്യായിട്ടും ഞാൻ ഒരു കൂട്
മെഴുകുതിരി നേര്‍ന്നാരുന്നു. അത് എങ്ങിനെ തരോന്നൊക്കെ എന്നോട് ചോദിക്കരുതൂട്ടാ.. ഞാന്‍
നേര്‍ന്നൂന്നോള്ളത് സത്യാ!! രണ്ടാമതും കുഞ്ഞ് അനങ്ങീട്ട് ഫിലിമീ പിടിച്ചില്ലേ
ചെലപ്പോ ജെസ്സിക്കൊച്ചും ടീച്ചറമ്മേം കൂടെ അതിനെ ശരിയാക്കോന്ന് തോന്നി. എന്നാലും ഈ
കുഞ്ഞിന്റെ അപ്പനുമമ്മയും എന്തൊരു മനുഷ്യരാന്നൊക്കെ മനസ്സീ പറഞ്ഞിട്ടാ ചേര്‍ന്ന്
നിന്ന അതിനെ ഞാൻ അങ്ങാട്ട് രണ്ടും കല്‍പിച്ച് കെട്ടിപ്പിടിച്ചത്. അത് ഇപ്പൊ
സേതുകൊച്ചിന് ഇത്രേം വല്യ പണിയാവോന്ന് കരുതീര്‍ന്നില്ല.
ഹാന്നേ, ഞാന്‍
കെട്ടിപ്പിടിച്ചപ്പോ അതിന്റെ ഇത്തിരിപോന്ന നെഞ്ചിന്‍കൂട്ടിനകത്ത് പ്രാവ് കുറുകണ
പോലെ ! ഹാ കുഞ്ഞാണെങ്കീ ഏങ്ങലടിക്കാ.. നന്നായി വെറക്കണൂണ്ട്. എനിക്കും
പേടിയായീട്ടാ. ഞാനതിനെ ഇറുക്കി പിടിച്ചു. ഇന്നേ വരേ ഒരാളേം ഞാന്‍ എന്നോട് അധികം
ചേര്‍ത്ത് നിര്‍ത്തേട്ടില്ല. വേറൊന്നും കൊണ്ടല്ലട്ടാ. എന്തോരം പേരാ ദെവസോം വന്ന്
ചാരണേ. ചെലരൊക്കെ കുളിച്ചിട്ടുണ്ടാവും. മിക്കവരും അതൊന്നും
ചെയ്തിട്ടുണ്ടാവില്ലന്നേ. പിന്നേ, സൂക്കേട് വരുമ്പോഴല്ലേ കുളീം ജപോം. അതൊന്നും
അവര്‌ട കൊഴപ്പോല്ല. അപ്പോ പിന്നെ ആളോളോട് കൂടുതൽ ചേര്‍ന്ന് വല്ല സൂക്കേടും അവര്‍ക്ക്
വന്നാ അതിനും എനിക്കാവും ചീത്തപ്പേര്!! പക്ഷെ, ഈ കുഞ്ഞിനെ ചേര്‍ത്ത്
പിടിക്കാണ്ടിരിക്കാൻ കഴിഞ്ഞില്ല. അത്രക്കധികാര്‍ന്നേ അതിന്റെ കരച്ചിലും വെഷമോം. പക്ഷെ
ദേ ഇപ്പോ ഞാനനുഭവിക്കാ.. ആ കുഞ്ഞിന്റെ നെഞ്ചിന്റെ എക്സ്റേയാണ് ഇന്നലെ
അവസാനമായിട്ട് എടുത്തത്. ഇന്ന്‍ രാവിലെ ജെസ്സിക്കൊച്ച് സ്വിച്ച് ഓൺ ചെയ്തപ്പോ
തന്നെ എനിക്കൊരു കുളിരൊക്കെ തോന്നീര്‍ന്ന്. അപ്പോ കരുതി പുതുതായി വച്ച എ.സിയുടെയാവോന്ന്.
പക്ഷെ, ദേ ഇന്ന് വന്ന ആദ്യത്തെ മൂന്ന് എക്സ്റേ എടുത്തിട്ടും ശര്യാവണില്ലന്നേ.. ദാണ്ടേ,
ആ നിക്കണ വല്ല്യപ്പന്റെ വയറിന്റെ പടം എടുത്തിട്ടും, ആ സൈക്കിളീന്ന് വീണ്
കൈയൊടിഞ്ഞ പയ്യന്റെ വലത്തെ കൈയിന്റെ എക്സ്റേ എടുത്തിട്ടും, ഇടുപ്പ് വേദനകാരണം
പൊറുതിമുട്ടിയ പെലകള്ളി ചിരുതേടേ ഇടുപ്പെല്ലിന്റെ എക്സ്റേ എടുത്തിട്ടും ഫിലിമീ
വരുന്നത് ആ മാലാഖ കൊച്ചിന്റെ നെഞ്ചിന്‍കൂടിന്റെ പടം!!! വല്ലാത്ത ചതി തന്നെ എന്റെ
കര്‍ത്താവേ..
ഇന്നലെ
രാത്രീൽ ഒരു പോള കണ്ണടച്ചട്ടീല്ല. ആ കുഞ്ഞിന്റെ ശ്വാസംവലി എന്റെ മുന്നിലങ്ങിനെ
കാണാര്‍ന്ന്. അന്നേരം പക്ഷെ എനിക്ക് ഇത്രക്കൊന്നും പോയില്യാട്ടാ! ഇതിപ്പ
ജെസ്സിക്കൊച്ച് പറയണ കേട്ടാ സങ്കടം വരും. ആ കുഞ്ഞ് എന്റെ മേലെന്തോ കൂടോത്രം
ചെയ്തെന്ന്! കര്‍ത്താവേ, ജെസ്സിക്കൊച്ച് അതിന്റെ സങ്കടംകൊണ്ട് പറഞ്ഞതാവൂട്ടാ. അതിനോട്
പൊറുത്തോളണേ! അതേന്നേ, ആ ഇത്തിരി പോന്ന കുഞ്ഞ് എന്തോന്ന് കൂടോത്രം ചെയ്യാൻ. പാവം
അമ്മേടേം അപ്പന്റേം സ്നേഹം തരിമ്പും കിട്ടീട്ടില്ല അതിന്. പക്ഷെ ആ കുഞ്ഞിനതിൽ
പരാതിയില്ലാട്ടാ.. ദേ, എന്റെ നെഞ്ചില്‍ തലവെച്ച് നിങ്ങളൊന്ന് കേട്ട് നോക്കിയേ.. ആ
കുഞ്ഞിന്റെ മനസ്സ് സംസാരിക്കുന്നത് സത്യായിട്ടും എനിക്ക് ഇപ്പോഴും കേള്‍ക്കാം. ദേ
അത് അതിന്റെ അമ്മച്ചിയെ പറ്റി പറയാട്ടൊ..പാവം കുഞ്ഞ്!!
അമ്മച്ചി
അമ്മച്ചീന്റെ
പേര് ആൻ. ആന്‍ജോസെന്നാ മുഴോൻ പേരെട്ടോ. അമ്മച്ചിക്ക് റേഡിയോയിലാ ജോലി. റേഡിയോ
ജോക്കീന്നോ മറ്റോ. അമ്മച്ചി മിക്കപ്പോഴും സ്റ്റുഡിയോവിലാന്നാ കൊച്ച് പറയണത്ട്ടാ. ഏത്
നേരോം പരിപാട്യാ. നാട് മൊഴോന്‍ പാട്ടായെന്നൊക്കെ പറയണ കേക്കാന്ന്. ഈ റേഡിയോ കണ്ടുപിടിച്ചോനെ
കിട്ടിയാ ഞാന്‍ ശര്യാക്കേനേ. ഹല്ല പിന്നെ, കൊച്ചിന്റെ വെഷമം കേട്ടില്ലേ! അത് അമ്മച്ചീടെ
മടീലിരുന്നിട്ട് കൊറേ നാളായെന്ന്!! രാത്രി ഒരു സമയാവുമ്പഴാ അമ്മച്ചി വീട്ടീ
വരുന്നേ. വന്നാലൊറ്റ കെടപ്പാ. വെളുപ്പിനേ തന്നെ ഒരു ഉമ്മേം തന്ന് പോവേം ചെയ്യും. അന്നേരം
എണീക്കണോന്നൊക്കെ തോന്നാര്‍ണ്ട്ന്ന് കൊച്ചിന്. അതെങ്ങിനാ, വെളുപ്പിന്
നാലുമണിക്ക് ഒക്കെ കൊച്ചിന് കുളിരൂല്ലേ. അമ്മച്ചിക്ക് ഇത്തിരി കൂടെ പുലര്‍ന്നിട്ട്
പോയാലെന്താ? അമ്മച്ചി ചെന്നില്ലെങ്കിൽ റേഡിയോ തൊറക്കൂല്ലെന്ന് തോന്നും കൊച്ചിന്.
ഡാഡി
ഡാഡിക്ക്
കൊച്ചിനോട് ഒടുക്കത്തെ സ്നേഹാന്നാ കൊച്ച് പറയണേ. പക്ഷെ അത് പ്രകടിപ്പിക്കാന്‍
ഇന്നേവരെ സമയം കിട്ടീട്ടില്ല്യാത്രെ!! പിന്നെ, സ്നേഹം പ്രകടിപ്പിക്കാനല്ലെങ്കിൽ
പിന്നെ എന്തോന്നിനാ. കൊച്ചിന്റപ്പനെ ഡാഡിന്നാട്ടോ കൊച്ച് വിളിക്കണേ. അപ്പാന്ന്
വിളിക്കണതാ അമ്മച്ചിക്ക് ഇഷ്ടം. പക്ഷെ അപ്പന്‍ പറയണ് അപ്പാന്നൊള്ള വിളി
പള്ളീക്കാര് കൂട്ടരുടേണെന്ന്. അതോണ്ട് ഡാഡീന്ന് വിളിച്ചാ മതീന്നാ പറയണ്. അങ്ങനേക്കെ
ഉണ്ടല്ലേ. ഇതൊക്കെ ആര്‍ക്കറിയാം? അപ്പോൾ പറഞ്ഞ് വന്നത് കൊച്ചിന്റെ ഡാഡീന്റെ പേര്
സഞ്ജീവ്. ഡാഡിക്ക് കമ്പ്യൂട്ടറിന്റെ എന്തോ പണിയാട്ടാ. രാവിലെ പോകുമ്പോ നേരത്തെ
വരാന്നൊക്കെ എന്നും പറയോത്രെ കൊച്ചിനോട്. എന്നിട്ട് വരോ.. അതൂല്ല. എന്നിട്ട്
കൊച്ച് ഫോൺ ചെയ്താലോ, ഡാഡിക്ക് ഈ ജോലി മടുത്തൂന്നൊക്കെ പറഞ്ഞ് വല്ലാണ്ട്
വെഷമിക്കും. അപ്പോ കൊച്ചിന് വല്ലാണ്ട് സങ്കടം വരൂട്ടാ. പാവോല്ലേ ഡാഡി. പക്ഷെ, ഡാഡി
വീട്ടിലുണ്ടേലും ഏത് നേരോം കമ്പ്യൂട്ടറിന്റെ മുന്‍പിലാ. ലാപ്‌ടോപ്പെന്നോ മറ്റോ
പറഞ്ഞ് ഒരു കുന്ത്രാണ്ടം ഉണ്ടത്രേ! അതാവുമ്പോ പോണോടൊക്കെ കൊണ്ട് നടക്കാം. ഡാഡിടെ
കൂടെ എപ്പോളും ആ സാധനം കാണും. കൊച്ചിനത് കാണുമ്പോ സങ്കടം വരോന്ന്. കൊച്ചിനെ പോലും
ഡാഡി ഇത്രയധികം തോളിലിട്ടിട്ടില്ലത്രെ!! ഹോ, ദേ നിങ്ങളിതൊന്ന് കേട്ടേ... എനിക്കെങ്ങും
സഹിക്കണില്ല്യെന്റെ ഔസേപ്പിതാവേ.. ഇന്നാള്‍ ഒരു പുത്യേ ലാപ്‌ടോപ്പുമായി വന്നിട്ട്
ഡാഡി അമ്മച്ചിയോട് പറയാ ഇത് ആപ്പിളിന്റെയാന്ന്. ഒന്നരലക്ഷം ഉറുപ്പികയാ ഇതിനെന്ന്..
അത് കേട്ടപ്പോ കൊച്ച് വല്ലാണ്ട് കരഞ്ഞ് പോയെന്നാ പറയണേ. കാര്യറിയണോ നിങ്ങള്‍ക്ക്! ഒരാഴ്ചയായീത്രേ
കൊച്ച് ആപ്പിൾ വാങ്ങികൊണ്ടോരോന്ന് രണ്ട് പേരോടും ഫോണീ കൂടെ ചോദക്കണേന്ന്. അത്
പോലും അവര് ഓര്‍ക്കാത്തത് കഷ്ടം തന്നെയാ അല്ലേ? ഈ ജെസ്സികൊച്ചിന് പകരം
ഷീബകൊച്ചായിരുന്നേല്‍ ഇത്തിരി ആപ്പിൾ വാങ്ങി ആ കൊച്ചിന് കൊടുക്കാൻ പറയാര്‍ന്ന്. ജെസ്സികൊച്ച്
ഒരു മൂശേട്ടേണേ. അതിനോടൊന്നും ഇത് പറയാന്‍ പറ്റില്ല.
ഉസ്കൂൾ
കൊച്ച് പോണ
ഉസ്കൂളിന്റെ പേരൊന്നും കൊച്ചിനത്ര പിടീല്യട്ടാ. പക്ഷേ, കൊച്ചിനിഷ്ടാ അവിടെ പോവാൻ. അവിടെ
മിഥുനുണ്ട്, മീനാച്ചീണ്ട്, പിന്നെ കൊച്ചിന്റെ തത്തമിസ്സ്ണ്ട്, ഷീബമിസ്സ്ണ്ട്. കൊച്ചിനാശ്വാസം
അതാട്ടാ.. അവരിക്കടേക്ക ഒപ്പം കളിക്കാന്‍ കൊച്ചിന് ഭയങ്കര കൊത്യാ. പക്ഷെ, ഓടിക്കളിച്ചാ
കൊച്ചിനപ്പ അസുഖം വരോന്നേ.. എന്ത് ചെയ്യാനാ അല്ലേ..പാവം കൊച്ച്. ദേ, പിന്നേം
കൊച്ചിന്റെ മനസ്സ് കരയാണ്! ഉസ്കൂളിൽ മിഥുനേം മീനാച്ചീനെം ഒക്കെ കൊണ്ടോവാന്‍
അമ്മമ്മാര് വരോത്രേ!! അന്നേരം കൊച്ച് ഒന്നും മിണ്ടൂല്ലാന്ന്. പാവം, സങ്കടപ്പെട്ട്
കുമ്പിട്ടിരിക്കോള്ള്ന്ന്. അപ്പള് തത്തമിസ്സ് കൊച്ചിന് റേഡിയോ വെച്ച്
കൊടുക്കൂട്ടാ.. ഹയ്യോ, നല്ലോരു മിസ്സല്ലേ.. ഒന്നൂല്ലെങ്കിലും കൊച്ചിന്റെ
അമ്മച്ചീന്റെ വര്‍ത്തമാനോങ്കിലും കേള്‍പ്പിക്കാൻ ആ മിസ്സിന് തോന്നണുണ്ടല്ലാ. ആ
മിസ്സിന് സ്വര്‍ഗ്ഗരാജ്യം കിട്ടട്ടേ കര്‍ത്താവേ...
ദേ
ഇന്നാളൊരു ദിവസം കൊച്ചിന് വല്ലാണ്ട് ചിരിവന്നെന്ന്. അത് പിന്നെ കാര്യം കേട്ടാ ആര്‍ക്കാ
ചിരി വരാത്തെ. മീനാച്ചിന്റെ അമ്മ വന്ന് മീനൂനെ ഒക്കത്തെടുത്ത് ഉമ്മേക്ക കൊടുത്ത്
ബാഗും കൊടേം ഒക്കെ ഏടുത്തോണ്ട് പോയപ്പോ കൊച്ചിന് വല്യാണ്ട് സങ്കടായീ. അന്നേരാ
തത്തമിസ്സ് അമ്മിച്ചീന്റെ ഒച്ച കേള്‍ക്കാട്ടാന്ന് പറഞ്ഞ് കൊച്ചിന് മിസ്സിന്റെ
ഫോണിൽ റേഡിയോ വെച്ച് കൊടുത്തത്. ദേ, കൊച്ചിനത് ഓര്‍ക്കുമ്പോ ഇപ്പളും ചിരി
വന്നൂന്ന്. ഹാ, റേഡിയോയിക്കുടെ കൊച്ചിന്റമ്മച്ചി വേറെയൊരു അമ്മച്ചീനോട് ഭയങ്കര
ഉപദേശാര്‍ന്നൂന്ന്! മക്കളെ നമ്മൾ നന്നായി കെയർ ചെയ്യണോന്നാ, അവര്‍ക്ക്
വെഷമൂണ്ടാക്കരുതൂന്നാ അങ്ങിനേതാണ്ടൊക്കെ.
അയ്യോ, ദേ
നിങ്ങളിത് കേക്കണില്ലേ. ചെല നേരത്ത് കൊച്ചിന് ചത്താ മതീന്ന് തോന്നോന്ന്. പിന്നെ
സ്നേഹം കിട്ടാണ്ട് എന്തോരോന്ന് വെച്ചാ ജീവിക്കണേന്നാ അതിന്റെ ചോദ്യം! ന്യായണേ. ദേ,
ഇപ്പോ എന്നെ വിട്ട് പോവാന്‍ കഴിയണില്ലാന്ന്. ഇത്രേം അധികം സമയം കൊച്ച് ആരോടും
മനസ്സ് തൊറന്ന് സംസാരിച്ചിട്ടില്ലന്നാ പറയണേ. കര്‍ത്താവേ! എനിക്കും ഇഷ്ടോണൂട്ടാ
ഇങ്ങിനെ മിണ്ടീം പറഞ്ഞൂം ഇരിക്കാൻ. പക്ഷെ ഇതിപ്പ ഞാന്‍ ഇങ്ങിനെ കൊച്ചിനോട് മിണ്ടീം
പറഞ്ഞും ഇരുന്നാ ഇവിടത്തെ കാര്യങ്ങളൊക്കെ താറുമാറാവില്ലേ? ജെസ്സിക്കൊച്ചിന്റേം
സേതുകുഞ്ഞിന്റെം പണിവരെ ചെലപ്പ പോവും. ദേ സേതുകുഞ്ഞിന്റെ മുഖത്ത് രക്തം ഇരച്ച്
കയറുന്നു. അതും ഒരു പ്രാരാബ്ധക്കാരനാണേ. ഇതിപ്പോ, ഞാന്‍ ആകെ ധര്‍മ്മ
സങ്കടത്തിലായല്ലോ മാതാവേ! എനിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റണീല്ലാട്ടാ.. കൊച്ചിന്റെ
മനസ്സിനെ എറക്കിവിട്ടില്ലെങ്കി പടോന്നും എടുത്താന്‍ ശരിയാവേമില്ല; കൊച്ചിനെ
എറക്കിവിട്ടാന്‍ അത് എനിക്ക് മന:പ്രയാസാവേം ചെയ്യും. എന്റെ കൊരട്ടി മുത്തീ, എനിക്ക്
ആരേം സങ്കടപ്പെടുത്താന്‍ വയ്യ. അതോണ്ട് നീ തന്നെ ഒരു വഴികാട്ടിത്താട്ടാ..
O
PHONE : +919447814972
എന്റെ മനോജ് ജി എത്ര മനോഹരമായി ഒരു കുടുംബത്തിന്റെ അവശതാളം അതിമനോഹരമായി കേള്‍പ്പിച്ചു കൂടെ ഒരു കുഞ്ഞു നൊമ്പരവും.... സമ്മതിച്ചു ... ഇദ്ദാണ് കഥെന്റെ കൊരട്ടിമുത്യെ ... തെരഞ്ഞെടുത്ത കേളികൊട്ടിനു നന്ദി... ലിനക് തന്ന നിധീഷിനും ....
ReplyDeleteഇത് നേരത്തെ വായിച്ചിട്ടുണ്ട്. മനോരാജിന്റെ നല്ല കഥകളില്‍ ഒന്ന്.അവതരണത്തിലെ വ്യത്യസ്തത എടുത്തു പറയേണ്ട ഒന്ന് തന്നെ.
ReplyDeleteകുഞ്ഞു മനസ്സിന്‍ നൊമ്പരങ്ങള്‍ ........
hi manu, ivideyum thanundayirunnuvennu njan arinjilla.
ReplyDelete