Saturday, April 21, 2012

ദ്വന്ദ്വം

കവിത
കണിമോൾ











ചിലപ്പോൾ നമുക്കും
ചിരിയിൽ ചെറുതായ്‌-
ചുരുങ്ങുന്ന
കോമ്പല്ലെടുത്തു മിനുക്കണം

പഴുത്ത മാന്തണ്ടും
തുടുത്ത ചെഞ്ചോരയും
ഒരൊപ്പം പ്രിയപ്പെട്ടതാകെയെന്തദ്ഭുതം !
ചിലപ്പോൾ,
തുടിപ്പാർന്ന കാടിന്റെ പച്ച-
ത്തഴപ്പിനോടിഷ്ടം,
മഴപ്പാറ്റയെപ്പോലെ ദുർബ്ബലം.

എങ്കിലോ
ചിലപ്പോൾ,
നിലാവസ്തമിക്കുന്ന രാത്രിയിൽ
ചതുപ്പിൽ പതുങ്ങി
ചുവപ്പിറ്റുവീഴുന്ന കണ്ണിൽ
കൊതിപ്പിറ്റുതുള്ളുന്ന നാവിൽ
ഒടുക്കത്തെ സ്പന്ദം നിലച്ചോരിര
സ്വയം വിളമ്പി ശമം കൊള്ളുന്നവേളയിൽ

ഉറങ്ങിക്കിടക്കുന്നതാരാണ്‌
നീയോ,
നിഴൽക്കുറുക്കാ
നിനക്കിരയായ ഞാനോ?

ചിരിക്കാൻ പഠിക്കയാണെന്നാൽ
വിഷപ്പല്ലൊതുക്കാൻ പഠിക്കയാണെന്നോ?
നിരത്തിൻ മുഖം നീ
ചിരിക്കും മുഖം
നിഴൽപ്പാടുവീണാൽ
കറുക്കും മുഖം.

നമുക്കും ചിലപ്പോൾ
ചിരികൊണ്ടു മൂടുമീ
കറുത്ത കോമ്പല്ല്
മിനുക്കിവയ്ക്കാം
പഴുത്ത മാന്തണ്ടൊടി,ച്ചുപ്പുതൊട്ട്‌ ...
ഫലിതസ്വരമെഴും നാവുതൊട്ട്‌

എങ്കിലോ,
ചിലപ്പോൾ
നിലാവസ്തമിക്കുന്ന രാത്രിയിൽ
ഇരയെക്കൊരുക്കാ-
നുണർന്നിരിക്കുമ്പോൾ
വെറും മഴപ്പാറ്റയെപ്പോലെ
നാമെപ്പോഴും ദുർബ്ബലം.


O




No comments:

Post a Comment

Leave your comment