Monday, December 4, 2017

ധനുഷ്കോടി-കാറ്റ് ബാക്കിവെച്ച മൃതനഗരം

യാത്ര
പ്രദീഷ്കുമാർ എം.പി
    രു വാരയ്ക്കപ്പുറമുള്ള കാഴ്ചകളെ മറച്ച്, തകർത്തു പെയ്യുന്നൊരു മഴയിലൂടെയാണ് ധനുഷ്കോടിയിലേക്കുള്ള യാത്രക്കായി ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് പരശുറാമിലേക്ക് കയറിയത്. സഹയാത്രികനായ പ്രിയ ചങ്ങാതി നിധിഷ് കോട്ടയത്ത് നിന്ന് ഇതേ തീവണ്ടിയിൽ കയറിയിട്ടുണ്ടായിരുന്നു. പുറത്ത് ഇടതടവില്ലാതെ പെയ്യുന്ന മഴയിലൂടെ പാടത്തിനു നടുവിലൊരു തുരുത്തുപോലെ നീങ്ങുന്ന തീവണ്ടിയിലിരിക്കുമ്പോൾ മനസ്സിലേക്ക് ഒരു ചെറുനഗരത്തെ മുഴുവനായി തകർത്തെറിഞ്ഞ കൊടുങ്കാറ്റും പേമാരിയും വിഴുങ്ങിയ രാമേശ്വരം-ധനുഷ്കോടി ബോട്ട് മെയിൽ പാസഞ്ചറിന്റെ അവസാനയാത്രയും കയറി വന്നു. പുറത്ത് പെയ്യുന്ന മഴയും അതു പോലെയാവുമോ എന്ന് തോന്നിപ്പോയി. രാത്രി പത്ത് ഇരുപതിന് നാഗർകോവിലിലെത്തുന്ന കന്യാകുമാരി-രാമേശ്വരം എക്സ്പ്രസ്സിൽ കയറുകയാണ് ലക്ഷ്യം. ഒരു മണിക്കൂർ വൈകിയോടുന്ന പരശുറാം ചതിക്കുമോ എന്ന ഭയത്തെ വെറുതേയാക്കി ഒൻപതരയോടെ നാഗർകോവിലെത്തി. കൃത്യസമയത്ത് തന്നെയെത്തിയ രാമേശ്വരം എക്സ്പ്രസ്സിന്റെ റിസർവേഷൻ ബർത്തിലിരുന്ന് നേരിയ നിലാവിലൂടെ പിന്നോട്ടോടി പോകുന്ന തമിഴ് ഗ്രാമീണഭംഗിയാസ്വദിച്ച് മെല്ലെ ഉറക്കത്തിലേക്ക്...വെളുപ്പിന് ഉറക്കമുണർന്നത് പാമ്പൻപാലത്തിൽ നിന്നുള്ള കടൽക്കാഴ്ചകളിലേക്കായിരുന്നു. പാതിതുറന്ന ജനാലയിലൂടെ കടൽക്കാഴ്ചകൾക്കൊപ്പം കടന്നുവന്ന തണുത്ത കാറ്റ് ഉറക്കത്തെ കണ്ണുകളിൽ നിന്നിറക്കിവിട്ടു. ഒരു നൂറ്റാണ്ടിനപ്പുറം ബ്രിട്ടിഷ് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട പാലമാണ് പാമ്പൻ. അക്കാലത്ത് മാത്രമല്ല ഇന്ന് പോലും അത്ഭുതമുളവാക്കുന്ന എഞ്ചിനിയറിംഗ് വൈഭവമാണ് 2435 മീറ്റർ നീളമുള്ള ഈ പാലത്തിന്റെ നിർമ്മാണത്തിലുള്ളത്മദ്ധ്യത്തിൽ കപ്പൽചാലിലൂടെ കപ്പലുകൾ വരുമ്പോൾ ഉയർന്ന് താഴുന്ന ഭാഗം ഇന്നും പ്രവർത്തനസജ്ജമാണ്. 1964 ലെ കൊടുങ്കാറ്റിൽ സാരമായ കേടുപാടുകൾ സംഭവിച്ച പാലത്തിന്റെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ഇ.ശ്രീധരനായിരുന്നു. മോട്ടോർവാഹനങ്ങൾ കടന്നുപോകുന്നതിനായി മറ്റൊരു പാലം കൂടി ഉണ്ടെങ്കിലും ആ പേരിന്റെ പ്രൗഢി എക്കാലവും ഏറ്റുവാങ്ങിയത് പാമ്പൻ റെയിൽപാലമാണ്. മുംബൈയിലെ ബാന്ദ്ര-വർളി  കടൽപ്പാലം ഉദ്ഘാടനം ചെയ്യുന്നത് വരെ ഇതായിരുന്നു ഇന്ത്യയിലെ  ഏറ്റവും  വലിയ പാലം. പാമ്പനിൽ നിന്ന് അധികം ദൂരമില്ല രാമേശ്വരത്തേക്ക്. അവിടെയാണ് മുനമ്പിലേക്കുള്ള പാളങ്ങൾ അവസാനിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ പ്രഭാതതിരക്കിലൂടെ ഒഴുകി വെളിയിലെത്തിയപ്പോൾ കുറഞ്ഞ നിരക്കിലുള്ള മുറികൾ വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവർമാർ മുന്നിൽ നിറഞ്ഞ് നിൽക്കുന്നു. അവയിലൊന്നിൽ കയറി അധികം ദൂരെയല്ലാതെ ഒരു ഇടത്തരം ലോഡ്ജ് തെരഞ്ഞെടുത്തു. അല്പം വിശ്രമിച്ച് എട്ട് മണിയോടെ സഞ്ചാരിയുടെ ജിജ്ഞാസ നിറഞ്ഞ മനസ്സുമായി മഴ പെയ്തു തോർന്ന രാമേശ്വരത്തിന്റെ തെരുവിലൂടെ  ഭക്തജനങ്ങളുടെ മോക്ഷമന്ത്രങ്ങൾക്കിടയിലൂടെ കുറച്ച് നടന്നു. തൃപ്തി തന്ന പ്രഭാത ഭക്ഷണത്തിന്റെ രുചി ആസ്വദിച്ച് കഴിച്ച് കാശിനൊപ്പം നല്ലൊരു ചിരിയും ഹോട്ടൽ ജീവനക്കാരന് നൽകി ഞാനും നിധീഷും ധനുഷ്കോടിയിലേക്കുള്ള മൂന്നാം നമ്പർ ബസ് കാത്ത് ക്ഷേത്രഗോപുരത്തിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു. അതിനിടയിൽ വീണ്ടും പെയ്ത മഴ ഒന്ന് അങ്കലാപ്പിലാക്കി. വാങ്ങിയിട്ടധികമാവാത്ത ക്യാമറയെക്കുറിച്ചായിരുന്നു വേവലാതി. സമീപത്ത് നിന്നൊരാൾ പ്രവചിച്ചത് പോലെ ആ മഴയും പത്ത്  നിമിഷം കൊണ്ട് പെയ്തുതീർന്നു. അപ്പോഴേക്കും ധനുഷ്കോടിയിലേക്കുള്ളരാമേശ്വരം ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ മൂന്നാം നമ്പർ ബസ്സ് മുന്നിലെത്തി. വിൻഡോസീറ്റിൽ ചേർന്നിരുന്ന് തണുത്ത കാറ്റേറ്റ് ഒരു രാത്രി കൊണ്ട് കടൽ വിഴുങ്ങി മൃതനഗരമാക്കിയ ധനുഷ്കോടിയിലേക്ക്...
ചരിത്രവും ഐതിഹ്യവും കൂടിച്ചേർന്ന മണൽപാളിക്കു മുകളിലൂടെയാണ് രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള യാത്ര. ഹിന്ദുവിശ്വാസത്തിലെ കാശി-രാമേശ്വരയാത്രയുടെ പൂർണ്ണതയാണ് ധനുഷ്കോടി മുനമ്പിലെ ബലിസ്നാനം. പതിനെട്ട് കിലോമീറ്റർ  ദൂരമുണ്ട്  രാമേശ്വരം പട്ടണത്തിൽ നിന്ന് ധനുഷ്കോടിയിലേക്ക്. കഴിഞ്ഞവർഷം വരെ മുകുന്ദരായർ ചതിരം എന്ന സമീപസ്ഥലം വരെയെ ബസ്സ് സർവ്വീസ് ഉണ്ടായിരുന്നുള്ളു. ടാക്സികളിലും ട്രാവലറുകളിലുമായി കടൽ കയറിയിറങ്ങി കിടക്കുന്ന മണൽതിട്ടകളിലൂടെ വേലിയിറക്ക സമയം നോക്കിയുള്ള  സാഹസികമായ ഓഫ് റോഡ് യാത്രയാണ് മുൻപ് ഉണ്ടായിരുന്നത്. ഇപ്പോൾ അങ്ങേയറ്റത്ത് അറിച്ചൽ മുനമ്പ് വരെ നല്ല റോഡ് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇരുവശത്തും വിശാലമായ കടൽക്കാഴ്ചകളാണ് യാത്രികരെ കാത്തിരിക്കുന്നത്. രണ്ട് കടലുകൾക്കും രണ്ട് സ്വഭാവവും അതിനൊത്ത പേരുകളും പ്രാദേശികമായി നൽകപ്പെട്ടിട്ടുണ്ട്. ഇടതുവശത്തുള്ള പൊതുവേ ശാന്തമായ ബംഗാൾ ഉൾക്കടലിനെ പെൺകടലെന്നും മറുവശത്തുള്ള പ്രക്ഷുബ്ധമായ ഇന്ത്യൻ  മഹാസമുദ്രത്തെ ആൺകടലെന്നും വിളിക്കുന്നു. ധനുഷ്കോടിയിലെ തകർന്നുപോയ ടൗൺഷിപ്പിനു മുന്നിലൂടെ കടന്നുപോയപ്പോൾ വാഹനത്തെ തന്നെ വല്ലാത്തൊരു നിശബ്ദത കീഴടക്കിയ പോലെ തോന്നി. അവിടെ നിന്ന് മുന്നോട്ട് ചെല്ലുംതോറും റോഡിന് പുറത്തുള്ള മണൽപരപ്പിന്റെ വീതി കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇരുവശത്തും കടൽഭിത്തി കെട്ടിയിട്ടുണ്ട്. മുനമ്പിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റി ബസ്സ് യാത്രയവസാനിപ്പിച്ചു.
അറിച്ചൽ എന്ന് വിളിക്കപ്പെടുന്ന ഈ മുനമ്പിലാണ് ഉപഭൂഖണ്ഡമവസാനിക്കുന്നത്. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിന്നും കടലിലൂടെ കേവലം 33 കിലോമീറ്റർ ദൂരമേയുള്ളു. പുരാണ പ്രാധാന്യമുണ്ട് അറിച്ചിലിന് ഇവിടെ നിന്നാണ് രാവണൻ തട്ടിക്കൊണ്ട് പോയ സീതാദേവിയെ തിരികെ കൊണ്ടുവരാൻ ശ്രീരാമൻ വാനരസേനയുമായി ലങ്കയിലേക്കു പോകാൻ പാലമിട്ടത്. ഇവിടെ നിന്നാണ് അതിനായി രാമൻ തന്റെ ധനുസ്സിനാൽ അടയാളമിട്ടതിനാലാണ് ഇവിടം ധനുഷ്കോടി എന്നറിയപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. രാവണനെ കൊന്ന് സീതാദേവിയുമായി തിരികെ മൺചിറയിലൂടെ ധനുഷ്കോടിയിലെത്തിയ രാമൻ വിഭീഷണന്റെ നിർദ്ദേശപ്രകാരം ധനുസ്സിന്റെ അറ്റം കൊണ്ട് ചിറയെ പലതായി മുറിച്ചിട്ടുവെന്ന് ഐതിഹ്യം പറയുന്നു. ലങ്കയിൽ അവശേഷിച്ച രാക്ഷസർ ആരും പിന്തുടർന്ന് വരാതിരിക്കുവാനായിരുന്നു ഇങ്ങനെ ചെയ്തത്. അങ്ങനെയാണത്രേ രാമസേതു ഇന്നത്തെ പോലെ ആയത്. രാമസേതു എന്ന രാമായണത്തിൽ വിശേഷിപ്പിക്കപ്പെട്ട മൺചിറയെ ആണ് ആധുനിക ഭൂമിശാസ്ത്രം ‘ആദംസ് ബ്രിഡ്ജ്’ എന്ന് വിളിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഇവിടെ നടത്തിയ പഠനങ്ങൾ ടെക്ടോണിക് ചലനങ്ങൾ തുടർച്ചയായി ഉണ്ടാകുന്ന ഇവിടെ ഇതു പോലെയുള്ള മാറ്റങ്ങൾ ഇനിയും ഉണ്ടാകുമെന്ന പറയുന്നു. വർഷാവർഷം തീരം ചെറിയ അളവിൽ കടലെടുത്ത് പോകുന്നുമുണ്ട്.


രാമസേതു എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. 2013ൽ ഏഷ്യൻ വികസന ബാങ്കിന്റെ സഹായത്തോടെ ഇവിടെ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഒരു പാലം നിർമ്മിക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും മറുഭാഗത്ത് നിന്ന് അനുകൂല നിലപാട് ഇല്ലാതെ വന്നതിനാൽ ആ പദ്ധതി വേണ്ടെന്ന് വെച്ചു. വിശ്വാസപരമായ ചില പ്രശ്നങ്ങളും പ്രതിഷേധങ്ങളും കാരണം സേതുസമുദ്രം ഷിപ്പിംഗ് പദ്ധതിയും നടക്കാതെ പോയി. തെളിഞ്ഞ അന്തരീക്ഷത്തിലെ ദൂരക്കാഴ്ച്ചകളിൽ ലങ്കയെ കാണാമെന്ന സ്വപ്നം  മഴക്കാറുകൾ മറച്ചത് നിരാശയുണ്ടാക്കി. ചെറിയ കടൽക്ഷോഭമുള്ളതിനാൽ  തീരത്തേക്കധികമിറങ്ങരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട്  പോലീസ് തീരത്ത് ജാഗ്രതയോടെ നിൽക്കുന്നുണ്ട്.


ധനുഷ്കോടി മുതൽ തൂത്തുക്കുടി വരെ നൂറ്റിയറുപത് കീലോമിറ്റർ നീളത്തിൽ അഞ്ഞൂറ്റിയറുപത്  ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഇരുപത്തിയൊന്ന്  ദ്വീപുകളെ ഉൾക്കൊള്ളുന്ന ഗൾഫ് ഓഫ് മന്നാർ മറൈൻ നാഷണൽ പാർക്ക് സമുദ്രത്തിലെ ജൈവവൈവിധ്യവും അപൂർവ്വ ജീവികളുടെ സാന്നിധ്യവും കൊണ്ട് മനോഹരമായ ആവാസവ്യവസ്ഥയാണ്. ഈ ദ്വീപുകളിൽ നല്ലതണ്ണി ,ക്രൂസൈഡൈ, മുസൽ എന്നിവിടങ്ങളിലെ മനുഷ്യവാസമുള്ളു. മറ്റു ദ്വീപുകളിലേക്കുള്ള പ്രവേശനം പരിസ്ഥിതി സംബന്ധമായ കാരണങ്ങൾ മൂലം സർക്കാർ നിരോധിച്ചിട്ടുണ്ട്. ഈ അക്വാ ബയോസ്ഫിയർ പാർക്കിന്റെ തീരത്ത് നൂറ്റിയിരുപത്തിയഞ്ചോളം ഗ്രാമങ്ങളിലായി ഒരു ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്. മത്സ്യബന്ധനം ഉപജീവനമാക്കിയ മാരക്കേയർ എന്ന സമുദായത്തിൽപ്പെട്ടവരാണ് ഇതിൽ ഏറെയും. 1986 ൽ തമിഴ്നാട് സർക്കാരിന്റെ വനം പരിസ്ഥിതി വകുപ്പിന്റെ കീഴിൽ വരുന്ന സമുദ്ര ഉദ്യാനമായി  പ്രഖ്യാപിക്കപ്പെട്ട ഇവിടം ധനുഷ്കോടിയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയും ബോദ്ധ്യപ്പെടുത്തുന്നു.

ചരിത്രവും ഐതിഹ്യവും സമന്വയിച്ച കഥകൾ മനസ്സിൽ നിറച്ച് തിരയൊഴിഞ്ഞ് തെളിഞ്ഞ് വന്ന മൺതിട്ടകളിലൊന്നിൽ  നിശബ്ദമായി നിന്നപ്പോഴനുഭവിച്ച  ശാന്തതയിലും വേർതിരിച്ചെടുക്കാനാവാത്ത ഒരു വിഷാദം വന്നുനിറഞ്ഞു. സമയസൂചികളെ വിസ്മരിച്ച് കടലിരമ്പങ്ങളിൽ ലയിച്ച നിന്ന നിമിഷങ്ങളോട് വിടപറഞ്ഞ് തിരികെ നടക്കുമ്പോൾ എനിക്കും സഹയാത്രകനുമിടക്കുള്ള ചെറിയ അകലത്തിൽ പോലും വാക്കുകളെ ബന്ധിച്ച മനസ്സിന്റെ നിശബ്ദത തിരയൊച്ചയെ പോലും നിശബ്ദമാക്കി. രാമേശ്വരത്ത് ക്ഷേത്രദർശനം കഴിഞ്ഞ് മുനമ്പിലെക്കത്തുന്ന ഭക്തരുടെ നാമജപങ്ങൾക്കും,  തീരസേനയുടെ ജാഗ്രതയാർന്ന കണ്ണുകൾക്കുമിടയിലൂടെ ഞങ്ങൾ തിരികെ റോഡിലെത്തി. അവിടെ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തെ ചുറ്റിനിന്ന യാത്രബസ്സിലെ ജീവനക്കാർ രാമേശ്വരം പോവാനായി ക്ഷണിക്കുന്നുണ്ടായിരുന്നു. ഇനിയും കാണാൻ ബാക്കി നിൽക്കുന്ന കടലെടുത്തു പോയ പഴയ ടൗൺഷിപ്പിലേക്ക് ആ ബസ്സിൽ കയറിയിറങ്ങാമെങ്കിലും കിലോമീറ്ററുകൾ അപ്പുറം കാഴ്ചയുടെ അങ്ങേത്തലക്കൽ കണ്ണിലുടക്കി നിൽക്കുന്ന മൃതനഗരത്തിലേക്ക് ആൺകടലിന്റെ ഹുങ്കാരത്തിനും പെൺകടലിന്റെ കൊഞ്ചൽ തിരകൾകൾക്കുമിടയിലെ പുതുവഴിയിലൂടെ നടക്കാനാണ് തോന്നിയത്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന നടത്തത്തിനിടെ പുരാണത്തിലെ മഹോദിയും  (ബംഗാൾ ഉൾക്കടൽ) രത്നകരവും (ഇന്ത്യൻ മഹാസമുദ്രം) എല്ലാവരോടുമെന്ന പോലെ ഞങ്ങളോടും തിരക്കൈകളിളക്കി  ഒരുപാട് കഥകൾ പറഞ്ഞു തരുന്നുണ്ടായിരുന്നു.


അറിച്ചൽ മുനമ്പിൽ നിന്ന് ധനുഷ്കോടിയിലെ പഴയ ടൗൺഷിപ്പിലേക്ക് മനോഹരമായ റോഡിലൂടെ നടക്കുന്നത് സുഖകരമായൊരനുഭവം തന്നെയാണ്. ചരിത്ര-ഐതിഹ്യങ്ങളിൽനിന്ന് ഹൃദയത്തെ നീറ്റുന്ന ഓർമ്മകളിലേക്കു നടക്കുമ്പോഴും ചുറ്റിലുമുള്ള കടൽക്കാഴ്ച്ചയുടെ നീലയും പച്ചയും നിറത്തിലുള്ള മനോഹാരിത ആസ്വദിക്കാതിരിക്കാനാവില്ല. അനുഭൂതിയായി മാറിയ കാഴ്ചകളെ ക്യാമറയിലാക്കി  ഞങ്ങൾ നടന്നെത്തിയത് കടലെടുത്തു പോയൊരു  പട്ടണത്തിന്റെ പ്രേതാവശിഷ്ടങ്ങളിലേക്കാണ്. 1964 ഡിസംബർ 28 ന് മുൻപ് തെക്കെയിന്ത്യയിലെ ഏതൊരു നഗരത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളുണ്ടായിരുന്നു ധനുഷ്കോടിയിൽ. സ്കൂൾ, ആശുപത്രി, വിവിധ മതസ്ഥരുടെ ദേവാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ ഇവയ്ക്ക് പുറമേ സർക്കാർ സംവിധാനങ്ങളുടെ കുറ്റമറ്റ ശ്രൃംഖല തന്നെ അവിടെ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കപ്പലുകൾ വഴി ധനുഷ്കോടിയിൽ നിന്ന് ബന്ധപ്പെട്ടിരുന്നു. കൊല്ലത്ത് നിന്നും കോട്ടയത്തും നിന്നും എടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് കപ്പൽ കയറി തലൈമന്നാറിലിറങ്ങി കൊളംബോ വരെ പോകുവാൻ സാധിക്കുമായിരുന്നു. ലോകമത സമ്മേളനത്തിൽ പങ്കെടുത്ത ശേഷം സ്വാമി വിവേകാനന്ദൻ കൊളംബോയിൽനിന്ന് കപ്പൽ മാർഗ്ഗം ധനുഷ്കോടി വഴിയാണ് തിരികെ ഇന്ത്യയിലെത്തിയത്. അവിടെ ഒരു പാസ്പോർട്ട് കാര്യാലയവും പ്രവർത്തിച്ചിരുന്നു. ചെന്നൈ എഗ്മൂറിൽ നിന്ന് വന്നിരുന്ന ബോട്ട്മെയിൽ എന്ന ട്രെയിൻ സർവ്വീസും, തലൈമന്നാറിലേക്ക് സർവ്വീസ് നടത്തിയിരുന്ന എസ് എസ് ഇർവിൻ എന്ന ആവിക്കപ്പലുമായിരുന്നു ആക്കാലത്ത് പുറംനാടുകളിൽ ധനുഷ്കോടിക്ക് പെരുമ നേടിക്കൊടുത്തത്.
ഓർമ്മകളെ പോലും വിറങ്ങലിപ്പിക്കുന്ന ചരിത്രമാണ് 1964 ഡിസംബർ 17 ന് സൗത്ത് ആൻഡമാൻ കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിനുള്ളത് സൈക്ക്ളോണായി ശ്രീലങ്കയിലെ വാവുവനിയിയെ തകർത്ത് 22-ാം തീയതി രാത്രി 11: 30 ന് ധനുഷ്കോടിയിലെത്തുമ്പോൾ കാറ്റിന്റെ വേഗത 250 മുതൽ 350 മൈൽ വരെയായിരുന്നു.  കൂറ്റൻ തിരകൾ ആ പട്ടണത്തലേക്ക് ഇരച്ചുകയറുമ്പോൾ അവയുടെ ഉയരം 23 അടിയായിരുന്നു. അന്നവിടെ ഉണ്ടായിരുന്ന 1800ൽ നാട്ടുകാരെയും അവിടേക്കത്തിയിരുന്ന കുറച്ച് സഞ്ചാരികളു ഉൾപ്പെടെ 2000 ഓളം ആൾക്കാൾ ദുരന്തത്തിനിരയായി. രാമേശ്വരത്ത് നിന്ന് വരികയായിരുന്ന 653 നമ്പർ പാമ്പൻ-ധനുഷ്കോടി പാസഞ്ചറിലെ,യാത്രക്കാരും ജീവനക്കാരുമടക്കം 120 പേരെയാണ് കടൽ വിഴുങ്ങിയത്.  വാർത്താവിനിമയസൗകര്യങ്ങളും തകരാറിലായിരുന്നതിനാൽ ഈ ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞത് രണ്ട് ദിവസത്തോളം കഴിഞ്ഞാണ്. ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്ന പാമ്പൻ പാലത്തിനും സാരമായ തകർച്ച ഉണ്ടായതിനാൽ ആർക്കും പെട്ടെന്ന് എത്തിച്ചേരാനാവാത്ത അവസ്ഥയുമുണ്ടായി. തുടർന്നുള്ള  പുനരുദ്ധാരണപ്രവർത്തനങ്ങളും ആയാസകരമായതിനാൽ തമിഴ്നാട് സർക്കാർ ധനുഷ്കോടിയെ മൃതനഗരമായി പ്രഖ്യാപിച്ചു.  2004 ലെ സുനാമിയിലും ധനുഷ്കോടിയിലെ തീരം ഒരുപാട് കടലെടുത്തു പോയി. അതോടെ ധനുഷ്കോടി പൂർണ്ണമായും ജീവിതം വിലക്കപ്പെട്ട സ്ഥലമായി പ്രഖ്യാപിക്കപ്പട്ടു. ഇപ്പോൾ അവിടെ സ്ഥിരതാമസക്കാരായുള്ളത് കുറച്ച് മത്സ്യത്തൊഴിലാളികൾ മാത്രമാണ് താത്കാലിക കുടിലുകളിലാണവർ കഴിയുന്നത്. അടുത്ത് സംസാരിച്ച ഓരോരുത്തർക്കും പറയുവാനുള്ളത് ഉറ്റവരുടെ വേർപാടിന്റെ നൊമ്പരങ്ങൾ ആയിരുന്നു. തകർന്ന പള്ളിയുടെ സ്മാരകത്തിനു മുന്നിൽ വെച്ച് പരിചയപ്പെട്ട മുനിസ്വാമിയും ഹോട്ടൽ നടത്തുന്ന രാമലക്ഷ്മി അക്കയുമൊക്കെ തന്ന നിഷ്കളങ്ക സ്നേഹത്തിനുള്ളിലെ വിങ്ങുന്ന വേദനകൾ യാത്ര തീർന്നിട്ടും വിട്ടുപോവാതെ മനസ്സിലുണ്ട്. ഒടുവിൽ അവിടെ മത്സ്യബന്ധന ഗ്രാമത്തിലൂടെ നടക്കുമ്പോൾ പറഞ്ഞുകേട്ട കടൽത്തീരത്തെ ഉപ്പില്ലാത്ത മധുരമുള്ള വെള്ളം തരുന്ന കിണറുകളെയും പലതവണ മുനമ്പിൽ നിന്ന് ലങ്കയിലേക്ക് നീന്തിപ്പോയെന്ന് പറയുന്ന ഒരു ധീരനെയും അടുത്ത വരവിൽ കാണമെന്നുറച്ച് തിരികെ രാമേശ്വരത്തേക്ക് മടങ്ങി. വൈകുന്നേരത്തെ മധുര പാസഞ്ചറിൽ തമിഴ് സന്ധ്യയുടെ  ഗൃഹാതുരതയിലൂടെ മടങ്ങുമ്പോൾ ധനുഷ്കോടി ഹൃദയത്തോട് ചേർന്ന് നിൽക്കുന്നുണ്ടായിരുന്നു. ഒപ്പം  വൈരമുത്തുവിന്റെ  ഈ വരികളും ഓർമ്മയിൽ വന്നു.

‘വിടൈകൊട് എങ്കൾ, നാടൈ
കടൽ വാസൽ തെളിക്കും, വീടൈ
പനൈമരക്കാടെ, പറൈവകൾ കൂടൈ
മറുമുറയ് ഒരു മുറൈ പർപ്പോമാ
ഉതട്ടിൽ പുന്നഗൈ പുതയ്ത്തോം
ഉയിരൈ ഉടമ്പുക്കുൾ പുതയ്ത്തോം
വെറും കൂടുകൾ മട്രും ഊർവലം പോകിണ്ട്രോം.
വിടൈ കൊട്.’
   
കടലെടുത്ത് പോയൊരു നാടിന്റെ സ്വപ്നങ്ങളും വേർപാടിന്റെ നൊമ്പരവും ചേർന്ന് ആ തമിഴ് വരികളുടെ അർത്ഥവും മനസ്സിലേക്കാഴ്ന്നിറങ്ങി.
    
‘വിടതരൂ, എൻ ജന്മനാടേ
കടൽ, വാതിൽപ്പടി തെളിച്ചിടും വീടേ
ഹേ പനങ്കാടെ,  കിളിക്കൂടുകളെ
ഒരിക്കൽക്കൂടി ഇനി നമ്മൾ കാണുമോ?
ചുണ്ടിൽ മന്ദസ്മിതമൊതുക്കി,
ആത്മാവിനെ ശരീരത്തിലൊളിപ്പിച്ച്,
വെറും കൂടുകൾ മാത്രമായി സഞ്ചാരം തുടരുകയാണ്‌.
വിടതരൂ...’

O