Saturday, June 29, 2013

ചെമ്പകക്കുട്ടിയമ്മ ദിവാസ്വപ്നത്തിലാണ്

കവിത
ഇടക്കുളങ്ങര ഗോപൻ











വിശപ്പുകെട്ട നേരത്ത്‌
നാലുംകൂട്ടി മുറുക്കിച്ചുവപ്പിച്ച്‌
കാലും നീട്ടി കോലായിലിരുന്ന്
മനസ്സിൽ, കാലത്തെ പിറകോട്ട്‌ വലിക്കുമ്പോൾ
കാഴ്ചപ്പുറങ്ങളിൽ മഴവിൽപ്പതക്കങ്ങൾ.


തൊഴുത്തിലെ പൈക്കളുടെ എണ്ണവും
തൊടിയിലെ വൈക്കോൽക്കൂനയുടെ കനവും
കണ്ടിട്ടാകണം, മാതുപിള്ളമൂപ്പര്‌
പടികയറി പെണ്ണു ചോദിച്ചത്‌.
അടുക്കളവാതിലിൽ കെട്ടുപാടുകളുടെ
വളകിലുക്കം കേട്ട്‌
കാരണോരൊന്ന് ഞെട്ടിയെങ്കിലും
അഷ്ടിക്കുള്ള വകയൊപ്പിക്കാൻ
ബുദ്ധിമുട്ടില്ലെന്നുകണ്ട്‌
കൊച്ചനെക്കൊണ്ട്‌ പെണ്ണുകെട്ടിച്ചു.


ആദ്യരാത്രിയിൽ പഴുതാരമീശ
കവിളിൽ തൊട്ട ഇക്കിളി
ഇനിയും മാറാത്ത ചെമ്പകക്കുട്ടി
എഴുപത്തിരണ്ടിലും പൂത്തുവിരിഞ്ഞു.


നിലമുഴുത്‌ കലപ്പയും തോളിലേന്തി
വിയർപ്പിൽക്കുളിച്ച കൃഷീവലൻ
വടക്കിനിയുടെ വാതിലിലൂടെ
'ചെമ്പകം' എന്നൊരു വിളിയാണ്‌
കിടാവിനെ കാണാതായ
പെറ്റ പശുവിന്റെ
പാരവശ്യത്തോടെ
പമ്പരം പോലൊരു കറക്കം.


കുറ്റിപ്പുറം ചന്തയിൽ
പായ വിൽക്കാൻ,
പാവുമുണ്ടുടുത്ത്‌ പാർവ്വതി വന്നത്‌
സ്നേഹം നിറച്ച നെഞ്ചിൽ ചവിട്ടിയാണ്‌.
രണ്ടിനേം ഒരുനുകത്തിൽ കെട്ടാമെന്ന്
പഴുതാരമീശ പിരിച്ച്‌, വളിച്ച ഹാസ്യം.
പാലുവിറ്റും, പട്ടിണികിടന്നും
പെറ്റതൊക്കെ പെണ്ണായി.


പാറോതി പടികയറി വരുമ്പോഴൊക്കെ
പാരിതോഷികത്തിനു പണമില്ലാത്തതിനാൽ
പലവുരു നെറികേടിന്റെ തെറിവിളി.
ചന്തക്കവലയിലെ സിനിമാക്കൊട്ടകയിൽ
സത്യനും ഷീലയും തകർത്താടിയ രാത്രിയിൽ
പെണ്ണുപിടിയിൽ പാശിപാസ്ത്രം കിട്ടിയ
പഴുതാരമീശക്കാരൻ കുഴഞ്ഞുവീണു.


കാലവും ചെമ്പകക്കുട്ടിയും
പെമ്പിള്ളേരുമായി മൽപ്പിടുത്തമായി.
കാത്തുവെച്ചതൊക്കെ ഉറുമ്പരിച്ച പോലെ
പെണ്ണൊരുത്തി ഒരുമ്പെട്ട്‌
രണ്ടുകെട്ടിയവനൊപ്പം പോയി.
മറ്റവളുമാരൊക്കെ
ഇഷ്ടനൊമ്പരങ്ങളുടെ കൈപിടിച്ചു.
ഓർക്കുമ്പോൾ ദുരന്തമെങ്കിലും
നാഗത്താന്മാരുടെ കൃപയിൽ
പേറ്റുനോവറിയാത്തവരായി
ആരുമുണ്ടായില്ല.
കൈകാൽ വളരുവോളം
കുട്ടിനിക്കറിട്ട കൊച്ചുങ്ങളുടെ
അമ്മൂമ്മ ചെമ്പകം പൂത്തുനിന്നു.


ഇപ്പോൾ,
ഷാർജയിൽ നിന്നും
അത്തറിന്റെ മണം പുരട്ടിയ കുപ്പായങ്ങൾ
പെട്ടിയിൽ നിറയുമ്പോൾ,
പെറ്റതൊന്നും പതിരായില്ലെന്നൊരുൾക്കനം.


O


PHONE : 9447479905



Saturday, June 22, 2013

ഇലഞ്ഞിപ്പൂമണം - 2

അനുഭവം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ







 വായനയുടെ ക്ലാസിക്‌ അനുഭവങ്ങൾ


     വായിക്കുമ്പോൾ മനസിനും തലച്ചോറിനും സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ബർട്രന്റ്‌ റസൽ ഹൃദ്യമായൊരു മുന്നറിയിപ്പ്‌ നൽകുന്നുണ്ട്‌. നിങ്ങളുടെ ഇടത്തേ ഹൃദയമാണ്‌ പുസ്തകത്തിലെ ആശയങ്ങളോടും അനുഭവങ്ങളോടും അനുഭാവം പ്രകടിപ്പിക്കുന്നതെങ്കിൽ നിങ്ങൾ ചരിത്രത്തിൽ നിന്ന്‌ പുറത്തേക്ക്‌ പോവുകയാണ്‌ ചെയ്യുന്നത്‌. എന്നാൽ വലത്തേ ഹൃദയം അതിനു സന്നദ്ധമാകുന്നുവെങ്കിൽ തോക്കിനും വെടിയുണ്ടയ്ക്കുമിടയിലൂടെയാകും നിങ്ങൾ ചരിത്രത്തിലേക്ക്‌ പ്രവേശിക്കുക. ചരിത്രത്തിനൊപ്പം കൂടുക എന്നത്‌ അപകടകരമായ ഒരനുഭവമാണെന്ന് സൂസൻ സൊന്റാഗ്‌ പറയുന്നുണ്ട്‌. വായനയ്ക്കിടയിൽ വെട്ടിവീഴ്ത്തപ്പെടുകയോ വെടിയേൽക്കുകയോ ആണ്‌ ചെയ്യുന്നതെങ്കിൽ നിങ്ങൾ രക്തസാക്ഷികളുടെ രക്തസാക്ഷിയായിത്തീരുമെന്നാണ്‌ മരണത്തിനു മുൻപ്‌ സാർത്ര് വിളിച്ചു പറഞ്ഞത്‌.

വായിക്കാനെടുക്കാത്ത പുസ്തകങ്ങൾ പൂജയ്ക്കെടുക്കാത്ത പൂക്കളെപ്പോലെയാണെന്ന് ഓഷോ പറയുന്നുണ്ട്‌. ജിദ്ദുവാകട്ടെ, പ്രശാന്തത നിറഞ്ഞ ഒരിടമായി പുസ്തകങ്ങളെ കാണുന്നു. സിമോൺ ദി ബുവ്വയ്ക്ക്‌ പുസ്തകങ്ങൾ ആൺസുഹൃത്തുക്കളായിരുന്നു. ജെയിംസ്‌ ജോയ്സിനു പിതൃതുല്യമായ വാത്സല്യമായിരുന്നു പുസ്തകങ്ങളോടുണ്ടായിരുന്നത്‌. ദാരിയോ ഫോ പുസ്തകങ്ങളെ മണത്തുനോക്കിയായിരുന്നു തെരഞ്ഞെടുത്തിരുന്നത്‌. സ്റ്റാലിനു പുസ്തകങ്ങളോടു വെറുപ്പായിരുന്നു. ഹെമിംഗ്‌വേ പുസ്തകങ്ങൾക്കിടയിലായിരുന്നു തോക്ക്‌ സൂക്ഷിച്ചു വെച്ചിരുന്നത്‌. നെരൂദ പുസ്തകങ്ങളെ പ്രണയികളായാണ്‌ കണ്ടിരുന്നത്‌. സിൽവിയാ പ്ലാത്ത്‌ പുസ്തകങ്ങളില്ലാത്ത കാലത്തെക്കുറിച്ച്‌ ദു:സ്വപ്നങ്ങൾ കണ്ടിരുന്നു.

എന്റെ വായന എല്ലായ്പ്പോഴും ശിഥിലമായിരുന്നു. സ്വപ്നങ്ങൾ പോലെ അതെപ്പോഴുമെന്നെയൊരു കടൽപ്പാലത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ടുപോകുമായിരുന്നു. അനന്തമായ കാലം പോലെയാണ്‌ എനിക്ക്‌ പുസ്തകങ്ങൾ അനുഭവപ്പെട്ടത്‌. അതിനൊരു കടൽപ്പാലത്തിന്റെ വശ്യസൗന്ദര്യമുണ്ടായിരുന്നു. രാമനാഥന്റെ രാഗവിസ്താരം പോലെ അത്‌ ത്രികാലങ്ങളിലേക്ക്‌ ചിറകു വിടർത്തിയിരുന്നു. കുട്ടിക്കാലത്ത്‌ സ്നേഹസേനകൾ കവർന്നു കൊണ്ടുപോയ കടൽത്തിരകളെ ഞാനിപ്പോഴും ഓർമ്മിക്കുന്നു. ആയിരം ചിറകുള്ള കടൽക്കുതിരയെ പോലെയായിരുന്നു തിരകളെത്തിയത്‌. സ്നേഹസേനകൾക്കൊപ്പം കൂട്ടുകാരനെയും കൂടി തിര കടലിലേക്കു കൊണ്ടുപോയി. കുറേക്കഴിഞ്ഞ്‌ അവനെമാത്രം കടൽ, തിരകളുടെ കൈവശം കരയിലേക്ക്‌ കൊടുത്തുവിട്ടു. അവൻ തീരെ അവശനായിരുന്നു. അവശതകൾക്കിടയിലും അവൻ സ്നേഹസേനകൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അതു ഞങ്ങൾക്ക്‌ രണ്ടുപേർക്കുമായുണ്ടായിരുന്ന സമ്പാദ്യമായിരുന്നു.

വായനയിലെ ക്ലാസിക്‌ അനുഭവങ്ങൾ, എന്റെ വായനകളുടെ കടൽയാത്രകളാണ്‌. ഉണർന്നും ഉയർന്നും തളർന്നും പിൻവാങ്ങിയും ഇണങ്ങിയും പിണങ്ങിയും താണ്ടിയ കടൽദൂരങ്ങൾ. ചന്ദ്രിക വാരാന്തത്തിലാണ്‌ ഈ വായനായാത്രകൾ പരമ്പരയായി പ്രത്യക്ഷപ്പെട്ടത്‌. ശ്രീ.കുഞ്ഞിക്കണ്ണൻ വാണിമേലിന്റെ സ്നേഹനിർബന്ധമായിരുന്നു ഇതിനു പിന്നിൽ. സമുദ്രത്തിൽ ഒഴുകിനടക്കുന്ന ദ്വീപുകൾ പോലെ ഇപ്പോഴും എന്റെ മുന്നിലൂടെ പുസ്തകങ്ങൾ ഒഴുകിക്കൊണ്ടിരിക്കുന്നു. അതെന്റെ സ്വപ്നവും അനുഭവവുമാണ്‌.

O


PHONE : 9447865940 


Saturday, June 15, 2013

എണ്ണക്കാടിന്റെ ദുരന്തമുഖം

      സ്വന്തം ലേഖകൻ



      വിളഞ്ഞുപാകമായ നെൽക്കതിരുകൾ നിറഞ്ഞു നിൽക്കുന്ന പാടശേഖരം, അവയെ തഴുകി വീശുന്ന ഇളംകാറ്റ്‌, വിളവെടുത്ത്‌ കൂട്ടിവെച്ചിരിക്കുന്ന കതിർകുലകളും, സ്വർണ്ണവർണ്ണമാർന്ന നെൽക്കൂമ്പാരവും. തീറ്റ തേടിയെത്തുന്ന എണ്ണമറ്റ പക്ഷികളുടെ കലമ്പലും, കർഷകരുടെ സംഭാഷണശകലങ്ങളും ഇളംകാറ്റിന്റെ മർമ്മരവും കലർന്ന അന്തരീക്ഷം. വീശിയടിക്കുന്ന കാറ്റിൽ അലിഞ്ഞുചേരുന്ന വിയർപ്പിന്റെയും അതിലടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെയും സുഗന്ധം. ഏതാനും വർഷങ്ങൾക്കു മുമ്പുവരെ കൊയ്ത്തുകാലമാകുമ്പോൾ 'എണ്ണക്കാട്‌' എന്ന ഗ്രാമത്തിന്റെ മുഖമുദ്ര, മേൽപ്പറഞ്ഞ കാഴ്ചയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ നിന്നും ഏകദേശം 12 കിലോമീറ്റർ വടക്കുകിഴക്കുമാറി ചെങ്ങന്നൂർ താലൂക്കിൽ ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം. ഇപ്പോൾ ഇവിടം സന്ദർശിക്കുന്നവരെ എതിരേൽക്കുന്നത്‌ തികച്ചും വ്യത്യസ്ഥമായ കാഴ്ചകളാണ്‌.



കൃഷി നിലച്ചുപോയ വിശാലമായ കൃഷിയിടങ്ങൾ, പുൽപ്പടർപ്പുകളും കാട്ടുപൊന്തകളും തഴച്ചുനിൽക്കുന്ന നിലങ്ങൾ, ജീവരക്തം വറ്റിയ രക്തധമനിയെപ്പോലെ വരണ്ടുകിടക്കുന്ന PIP (പമ്പ ഇറിഗേഷൻ പ്രോജക്റ്റ്‌) കനാൽ. അവശേഷിക്കുന്ന കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞുകിടക്കുന്നു. ഇപ്പോൾ കേരളത്തിലെ കൃഷി നിലച്ച വയലുകളിൽ സർവ്വസാധാരണമായ കാഴ്ച എന്നുമാത്രമേ ഇതുകാണുന്നവർക്കു തോന്നുകയുള്ളൂ. എന്നാൽ ഏറെ ഭീതി ജനിപ്പിക്കുന്ന ചില സത്യങ്ങൾ ഇവിടെ മറഞ്ഞുകിടക്കുന്നുണ്ട്‌.  ഭൂമിയെയും പ്രകൃതിയെയും നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യന്റെ ദുര, 'എണ്ണക്കാട്‌' എന്ന ഗ്രാമത്തെ മരണവക്‌ത്രത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിലേക്ക്‌ നമുക്ക്‌ വരാം.



ഒരുകാലത്ത്‌ സമൃദ്ധിയിലായിരുന്ന നെൽകൃഷി, നഷ്ടത്തിന്റെ കണക്കുകൾ സൂചിപ്പിച്ചു തുടങ്ങിയതോടെയാണ്‌ എണ്ണക്കാടിന്റെ ദുരവസ്ഥ തുടങ്ങുന്നത്‌. കൃഷിയിടങ്ങൾ തരിശായതോടെ ഗ്രാമത്തിന്റെ ഭൂപ്രകൃതി മാറിത്തുടങ്ങി. കൃഷിയിടങ്ങൾക്കു നടുവിലായി ഇഷ്ടികചൂളകൾ തലയുയർത്തുന്നതാണ്‌ പിന്നെ കണ്ടത്‌. ഭൂമിയുടെ മാറുപിളർന്നെടുക്കുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇഷ്ടികയുടെ രൂപത്തിൽ പരിവർത്തനം ചെയ്യപ്പെട്ടു. കൃഷിയിടങ്ങൾ അങ്ങനെ വെള്ളക്കെട്ടുകളായി മാറി. മേൽമണ്ണിന്റെ പാളികൾക്കിടയിൽ നിറയെ പൊന്നുംവിലയുള്ള മണൽത്തരികളായിരുന്നു. തകർച്ചയുടെ രണ്ടാംഘട്ടം അവിടെ നിന്നു തുടങ്ങി.



മണലിന്റെ സാന്നിധ്യം മനസ്സിലായതോടെ ഭൂമാഫിയകൾ രൂപപ്പെട്ടു. മണൽനീക്കം തുടങ്ങിയതോടെ ചെറിയ വെള്ളക്കെട്ടുകളുടെ ആഴം 15 അടി വരെ താഴ്‌ന്നു. കൂടാതെ ആഴമേറിയ കയങ്ങൾക്കടിയിലെ നിരപ്പായ പ്രദേശങ്ങളുടെ മേൽമണ്ണിനടിയിൽ നിറഞ്ഞു കിടക്കുന്ന മണൽ തുരന്നെടുക്കുവാനും തുടങ്ങി. ഇപ്പോൾ കാടുപിടിച്ചുകിടക്കുന്ന തരിശുഭൂമിയിലൂടെ വിശ്വസിച്ചു നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്‌.  കാൽചുവട്ടിലെ മണ്ണിന്റെ പാളികൾക്കിടയിൽ ചിലപ്പോൾ ഒളിഞ്ഞിരിക്കുന്നത്‌ വൻഗർത്തങ്ങളാകാം. നടക്കുമ്പോൾ ഈ ഗർത്തങ്ങളിലേക്ക്‌ ഓർക്കാപ്പുറത്ത്‌ ആഴ്‌ന്നുപോയി എന്നും വരാം. എണ്ണക്കാട്‌ ഗ്രാമത്തിൽ നിർബാധം തുടരുന്ന ഈ അനധികൃത ഖനനപ്രവർത്തനങ്ങൾക്കെതിരെ ഒരു ചെറിയ പ്രതിഷേധം പോലും ആരും ഉയർത്തുന്നില്ല എന്നറിഞ്ഞപ്പോൾ അത്ഭുതമായി.



അന്വേഷിച്ചപ്പോഴാണ്‌ ചില സത്യങ്ങൾ വെളിപ്പെട്ടത്‌. കൃഷിനിലച്ചപ്പോൾ തൊഴിൽ നഷ്ടമായ തദ്ദേശിയർ തന്നെയാണ്‌ മണൽഖനനത്തിനു നേതൃത്വം നൽകുന്നത്‌. മികച്ച സാമ്പത്തികനില കൈവരിച്ചതോടെ ഇക്കൂട്ടർ ഈ പ്രദേശത്തു നിന്നകന്ന് ഭവനങ്ങൾ വാങ്ങി പാർക്കുന്നു. ഇപ്പോൾ ഇവിടെ സ്ഥിരതാമസക്കാരായി  വളരെക്കുറച്ചുപേർ മാത്രമേയുള്ളൂ. പുറത്തുനിന്നും മറ്റാരും ഈ മേഖലയിലേക്ക്‌ കടക്കാതിരിക്കാൻ ഖനനത്തിനു നേതൃത്വം നൽകുന്നവർ ഒരു സുരക്ഷിതവലയം തന്നെ തീർത്തിട്ടുണ്ട്‌. ഭൂവുടമസ്ഥർ അറിയാതെയാണ്‌ പലയിടങ്ങളിലേയും അടിത്തട്ടിലെ മണൽ തുരന്നുമാറ്റിക്കൊണ്ടിരുന്നത്‌. ഭൂമിയിൽ വിള്ളൽ വീഴുകയും ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴുമാണ്‌ അവർ കാര്യം അറിയുന്നത്‌. ഈ വൈകിയ വേളയിലെങ്കിലും അധികാരികൾ ഈ പ്രദേശത്തിനു ശ്രദ്ധ നൽകിയില്ലെങ്കിൽ പരിണിതഫലം ഭയാനകമായേക്കാം.



ഗർത്തങ്ങളിൽ നിറഞ്ഞുകിടക്കുന്ന ജലം ഇപ്പോൾ പ്രദേശവാസികൾ കുളിക്കുന്നതിനും വസ്ത്രം നനയ്ക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നുണ്ട്‌.  അധികം വൈകാതെ നഗരങ്ങളിലെ മാലിന്യങ്ങൾ ഈ ഗർത്തങ്ങളിൽ നിക്ഷേപിക്കപ്പെടാൻ തുടങ്ങും. രാത്രികാലങ്ങളിൽ മണൽവാരൽ നടക്കുന്നതുകൊണ്ട്‌, നേരം വൈകിത്തുടങ്ങിയാൽ ഇവിടം മറ്റാളുകൾക്ക്‌ പ്രവേശിക്കാൻ കഴിയാത്തവിധം മണൽമാഫിയയുടെ നിയന്ത്രണത്തിലാകും. അക്കാരണം കൊണ്ടുതന്നെയാണ്‌ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കപ്പെടാതിരിക്കുന്നത്‌.



എണ്ണക്കാട്‌ എന്ന ഗ്രാമത്തിന്‌ ഇനിയൊരിക്കലും പഴയ സ്ഥിതി വീണ്ടെടുക്കാനാവില്ല എന്നത്‌ പകൽ പോലെ സത്യമാണ്‌. എന്നിരിക്കിലും ഇപ്പോൾ കാണപ്പെടുന്ന അവസ്ഥയിലെങ്കിലും ഈ ഗ്രാമത്തെ സംരക്ഷിക്കാൻ അധികാരികൾ ശ്രദ്ധ പതിപ്പിക്കുകയും ശക്തമായ നിലപാടുകൾ ഉണ്ടാവുകയും വേണം. മാത്രമല്ല, ഈ പ്രദേശത്തെ ഗർത്തങ്ങളിൽ നിറഞ്ഞുകിടക്കുന്ന ജലസമ്പത്ത്‌ വേണ്ടവിധം സംരക്ഷിച്ച്‌ ഉപയോഗപ്പെടുത്തിയാൽ വരുംകാലങ്ങളിൽ നേരിടാൻ പോകുന്ന കൊടുംവരൾച്ചയിൽ അൽപം ആശ്വാസമായേക്കാം. ഒരു കാലത്ത്‌ ഐശ്വര്യത്തിന്റെ പ്രതീകം പോലെ വിളഞ്ഞുപാകമായ നെൽക്കതിരുകൾ കാറ്റിലാടി നിന്നിരുന്ന പാടശേഖരങ്ങൾ അറപ്പും വെറുപ്പും ദുർഗന്ധവും വമിക്കുന്ന മാലിന്യക്കൂമ്പാരമായി മാറാതിരിക്കട്ടെ എന്നും നമുക്കാശിക്കാം.


O


ചില്ലക്ഷരങ്ങൾ

കവിത
സി.എൻ.കുമാർ










ലകുറി വീണിട്ടും
നടക്കാൻ പഠിക്കാത്ത
കുട്ടിയെപ്പോൽ
തിരശ്ചീനമായി നിറങ്ങൾ
കോരിയൊഴിച്ച്‌
ചിത്രം മെനയുന്ന സന്ധ്യയിപ്പൊഴും
കടൽക്കരയിൽ തന്നെയാണിരുപ്പ്‌.


നഗരത്തിരക്കിൽ
കാഴ്ചകളൊക്കെയും
വെള്ളെഴുത്തുകണ്ണടയണിഞ്ഞു
സവാരിയിലാണ്‌,
ആരോ ഒരാൾ വഴിയരുകിലേക്ക്‌
വലിച്ചെറിഞ്ഞ സദാചാരത്വം
നിറവയറുമായി
വാർത്തയിൽ ചേക്കേറുന്നു.


ആദിമദ്ധ്യാന്തസൂത്രം ധരിക്കാത്ത
നായ്ക്കൾ ഓരിയിടുന്നതിലെ
അരോചകത്വം കാര്യകാരണങ്ങളോടെ
പരത്തിപ്പറഞ്ഞു വാച്യാതിസാരം പിടിച്ച
ആസ്ഥാനവിദ്വാന്മാർ
പട്ടുംവളയും സ്വപ്നം കണ്ടു
വഴിക്കവലയിലിപ്പോഴും
സുവിശേഷവേലയിലാണ്‌.


തെരുവിൽ നെഞ്ചുകീറി കാണിക്കുന്ന
പതിതഭാഷണങ്ങളെ ഓട്ടക്കണ്ണിട്ടുപോലും
നോക്കാതെ കടന്നുപോകുന്ന
വരേണ്യപുലയാട്ടുകൾ
തീണ്ടാദൂരം പാലിക്കുമ്പോൾ,
നെഞ്ചുകത്തുന്ന നിലവിളികളായി
പരിണമിക്കുന്നത്‌
നമ്മുടെ പ്രണയവാക്യങ്ങൾ,
പരിഭവങ്ങൾ,
കൊച്ചുപിണക്കങ്ങൾ,
പ്രതിഷേധങ്ങൾ.


ഇനി ഏതു ഭാഷയാണ്‌
നമ്മുടെ വാക്കുകൾക്ക്‌
വർണ്ണചാരുത നൽകുന്നത്‌?


അർത്ഥശൈഥില്യം വന്ന വാക്കുകൾ
പടുത്തുയർത്തിയ സിംഫണി
കാഴ്ചബംഗ്ലാവിലെ ശീതീകരണിയിൽ
അന്ത്യവിശ്രമത്തിലാണ്‌.

നമുക്ക്‌ പറയാനുള്ള വാക്കുകളെ
നാടുകടത്തിയ ആഘോഷത്തിമിർപ്പിലാണ്‌
അരങ്ങുകളൊക്കെയും.
എന്നിട്ടും ഒറ്റപ്പെട്ട ചില്ലക്ഷരങ്ങൾ മാത്രം
എത്തുംപിടിയുമില്ലാത്ത വാക്കുകൾക്കു
പിന്നാലെ പായുകയാണ്‌
ഇപ്പോഴും...

O


PHONE : 9847517298


Saturday, June 8, 2013

പ്രണയത്തിന്റെ ഗന്ധമാദനങ്ങൾ

പുസ്തകം
മീരാ കൃഷ്ണ











സോളമന്റെ ഉത്തമഗീതം
വിവർത്തനം
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ
ഗ്രീൻ ബുക്സ്‌

             ക്ഷരങ്ങൾ ഇന്ദ്രിയങ്ങളിലുണർത്തുന്ന പ്രതിസ്പന്ദമാണ്‌ സംവേദനം. ഇതു സാഹിത്യകൃതികളിൽ സംഭവ്യമാണ്‌. നിർവൃതിയുടെ മധുരമായ ഒരു തലമാണ്‌ ഈ ഇന്ദ്രിയാനുഭൂതി. ആശയങ്ങളും ഇന്ദ്രിയങ്ങളും തമ്മിലുള്ള അതിതീവ്രമായ അനുരാഗത്തിന്റെ ആദ്യ ചുംബനലഹരി. ഇങ്ങനെ ഒരനുഭൂതിയിൽ ഇന്ദ്രിയങ്ങളെത്തുമ്പോൾ ആ കൃതി മഹത്വമാർജ്ജിക്കുന്നു. സൗന്ദര്യബോധത്തിന്റെ കിളിവാതിലിലൂടെ അരിച്ചെത്തുന്ന പ്രണയത്തിന്റെ അരളിപ്പൂക്കളുടെ ഗന്ധം മനുഷ്യന്റെ ഘ്രാണശക്തിയെ തൊട്ടുണർത്തുന്നു. സമസ്ത ഇന്ദ്രിയങ്ങൾ കൊണ്ടും ഒരു കൃതിയെ എങ്ങനെ ആസ്വദിക്കാം എന്നു പഠിപ്പിക്കുക കൂടിയാണ്‌ സോളമന്റെ ഉത്തമഗീതം എന്ന വിവർത്തനസാഹിത്യത്തിലൂടെ മുഞ്ഞിനാട്‌ പത്മകുമാർ. ഗന്ധമായ്‌, നാദമായ്‌, രൂപമായ്‌, രസമായ്‌, സ്പർശമായ്‌ ആസ്വാദനത്തിന്റെ ആയിരം ജാലകങ്ങൾ തുറന്നിട്ടുകൊണ്ടാണ്‌ സോളമന്റെ ഉത്തമഗീതം വിവർത്തനം ചെയ്തിരിക്കുന്നത്‌. ആധുനിക ലെബനോൻ ലോകത്തിനു സമ്മാനിച്ച ഖലീൽ ജിബ്രാൻ, ജിബ്രാന്റെ പ്രണയക്കുറിപ്പുകൾ ഭാഷാന്തരീകരിച്ച്‌ മലയാളത്തിനു സുപരിചിതനാക്കിയ പത്മകുമാറിന്റെ തത്വചിന്താപരവും മന:ശാസ്ത്രപരവും ജൈവശാസ്ത്രപരവും ആത്മീയപരവുമായുള്ള അന്വേഷണങ്ങൾ നിറയുന്ന പ്രണയകാവ്യമാണ്‌ സോളമന്റെ ഉത്തമഗീതം. വിശുദ്ധ ഹീബ്രു ബൈബിളിൽ ഇയ്യോബിന്റെ പുസ്തകത്തിനു ശേഷമുള്ള മെഗില്ലോത്ത്‌ എന്നറിയപ്പെടുന്ന അഞ്ചു ധ്യാനഭാഗങ്ങളിൽ ആദ്യത്തേതാണ്‌ പത്മകുമാർ വിവർത്തനം ചെയ്ത ഉത്തമഗീതം. പുരാതന ഈജിപ്ഷ്യൻ മെസപ്പെട്ടോമിയൻ കൃതികളുമായി ഏറെ സാമ്യമുള്ള ഉത്തമഗീതം രചിച്ചത്‌ സോളമൻ രാജാവാണെന്നു പറയപ്പെടുന്നു. ദൈവവുമായുള്ള പ്രണയമാണ്‌ ഉത്തമഗീതം എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്‌. 


പത്മകുമാറിന്റെ വിവർത്തനഗീതങ്ങളേക്കാൾ ശ്രേഷ്ഠതയേറിയ ഭാവഗീതമാണ്‌ അതിന്റെ ആമുഖക്കുറിപ്പ്‌. "ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്‌" എന്ന ആമുഖത്തിൽ ചില ഓർമ്മകൾക്ക്‌ കുന്തിരിക്കത്തിന്റെ മണമാണ്‌ എന്നു പറഞ്ഞാണ്‌ തുടങ്ങുന്നത്‌. മാർക്വേസ്‌ കൃതികളിൽ ബദാമിന്റെ കടുംനിറമുള്ള രാവുകളും പേരയ്ക്കയുടെ സുഗന്ധവും നേപ്പിൾ മരങ്ങളുടെ ഗന്ധവുമുണ്ട്‌. ട്രോയിലെ ഹെലനും വെനീസിലെ ഡെസ്ഡിമോണയ്ക്കും ഡോസ്റ്റോയെവ്സ്കിയുടെ സോഫിയയ്ക്കും ടോൾസ്റ്റോയിയുടെ അന്നയ്ക്കും കുന്തിരിക്കത്തിന്റെ മണമായിരുന്നു എന്ന് ഓർമ്മിക്കുന്ന പത്മകുമാർ എല്ലാ മുത്തശ്ശിമാർക്കും വയണയുടെ മണമാണെന്നു പറയുന്നു. ബാലാമണിയമ്മയ്ക്ക്‌ ചന്ദനത്തിന്റെ സുഗന്ധമായിരുന്നെന്നും അയ്യപ്പനു ലഹരിയിൽ കുതിർന്ന മണമാണെന്നും കുഞ്ഞിരാമൻനായർക്ക്‌ കർപ്പൂരത്തിന്റെ മണമാണെന്നും ഒക്കെ പറയുമ്പോൾ സുഗന്ധത്തിന്റെ ഗന്ധമാദനം തന്നെ ഇവിടെ ദർശിക്കുന്നു. ഗന്ധം അനുഭവമാകുന്നു. പുതുമണങ്ങൾ തേടിനടന്ന കാലം ഉണ്ടായ പ്രണയം അതും പ്രണയത്തിന്റെ അഗാധതയിലേക്ക്‌ അറിയാതെ അറിയാതെ എത്തിക്കുന്നു. ഒരിക്കലും ഈ പുസ്തകം വായിക്കുകയാണ്‌ എന്ന തോന്നൽ ഉണ്ടാകുന്നില്ല. അനുഭവിപ്പിക്കുകയാണ്‌. അതായത്‌, വായന അനുഭവമാകുന്ന ഇന്ദ്രജാലം.

ഡോ.മുഞ്ഞിനാട്‌ പത്മകുമാർ

കലാലയസ്മരണകളിൽ - എപ്പോഴോ കൂട്ടുവന്ന ബാല. അവൾക്ക്‌ കുന്തിരിക്കത്തിന്റെ ഗന്ധമായിരുന്നു. അവൾ പ്രാണകോശങ്ങളിൽ തീനാമ്പുകൾ പടർത്തിയതും ഒരണലിയെപ്പോലെ പതുങ്ങിക്കിടന്ന പ്രണയം ഞരമ്പുകളിലൂടെ ഇഴഞ്ഞ്‌ ഹൃദയത്തിലെത്തിയതും ഒക്കെ വായനക്കാരന്റെ മനസ്സിനെ തരളിതമാക്കുന്നു. "ചിരികൾ വാടിത്തളർന്നപ്പോൾ ചിത്രക്കടലാസിൽ പൊതിഞ്ഞ ഉത്തമഗീതം അവളെനിക്ക്‌ നീട്ടി. റോസാപ്പൂക്കളുടെ പടമുള്ള അത്‌ വളരെ പതുക്കെ തുറക്കാൻ തുടങ്ങി. അവളുടെ വിരലുകൾ എന്റെ വിരലുകളെ സഹായിക്കാൻ എത്തി. വിരലുകൾ ഉരുമ്മി, ഉമ്മവച്ചു, മിണ്ടി, തലോടി." ഇവിടെ പ്രണയത്തിന്റെ ആദ്യാനുഭവങ്ങൾ വികാരതീവ്രതയോടെ വിവരിക്കുന്നു. വിരൽത്തുമ്പു സ്പർശിക്കുമ്പോഴുണ്ടാകുന്ന പ്രണയത്തിന്റെ വിദ്യുത്‌പ്രവാഹത്തിന്റെ കാന്തികശക്തി അതിലളിതമായി വിവരിക്കുന്നു. ഇത്‌ പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും പ്രണയിച്ചു തുടങ്ങുന്നവർക്കും അനുഭൂതി ഉണർത്തുന്നു. റോസാപ്പൂക്കളുടെ ചിത്രങ്ങൾ കൊണ്ട്‌ മനോഹരമായി പൊതിഞ്ഞ ഉത്തമഗീതം എന്നു പറയുന്നിടത്ത്‌ പത്മകുമാറെന്ന തത്വചിന്തകനെ നാം കാണുന്നു. വിശുദ്ധബൈബിളിലെ ഉത്തമഗീതത്തിന്റെ സാരാംശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന മതത്തിന്റെ മുൾച്ചെടികളിൽ വിടരുന്ന റോസാപുഷ്പങ്ങളെ അടർത്തിമാറ്റി പുനർചിന്തയ്ക്കൊരുങ്ങുന്ന തത്വജ്ഞാനിയെ നമുക്കു കാണാം. ഈ ജ്ഞാനം ഈ വിവർത്തനഗീതങ്ങളിൽ എല്ലാം കാണുന്നു. ഉത്തമഗീതം തുറന്നുകഴിഞ്ഞ്‌ ആദ്യത്തെ പ്രണയഗീതം വായിച്ചുതീരും മുമ്പേ ബാലയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിരലുകൾ തമ്മിൽ ഉമ്മവെച്ചു. ഒരുമിച്ചു നൃത്തം ചവുട്ടി. ഞങ്ങളുടെ വിരലുകൾ വേദിയിൽ തളർന്നു വീണു. ഇവിടെ പരോക്ഷമായി ഒരു രതിമൂർഛയുടെ അനുഭവം സാധ്യമാക്കുന്നു. അതോടൊപ്പം കൗമാരപ്രണയാനുഭവത്തിന്റെ മധുരോദാത്തമായ ചിത്രീകരണത്തിൽ കൂടി വായനക്കാരന്റെ ഗതകാലസ്മരണകളെ ഉണർത്തുന്നു. കൗമാരപ്രണയത്തിൽ പ്രണയത്തെ മറ്റൊരു വഴിയിലേക്ക്‌ തിരിച്ചുവിട്ട പ്രണയിനി നിശബ്ദതയുടെ വാതുക്കലെ സംഗീതമാകുന്നു. ഒടുവിൽ മറ്റൊരാളുടെ മണവാട്ടിയായി ഒരു ശൈത്യകാലത്ത്‌ ജീവൻ അവസാനിപ്പിച്ച അവളുടെ "വയറ്റിലെ കുഞ്ഞിനും കുന്തിരിക്കത്തിന്റെ മണമായിരുന്നോ" എന്നു വായിക്കുമ്പോൾ അറിയാതെ നാം വിതുമ്പിപ്പോകുന്നു. "അവൾ തൊട്ടതിനെല്ലാം കുന്തിരിക്കത്തിന്റെ മണമായിരുന്നു. എന്റെ വിരലുകൾ, ഹൃദയം, മിഴികൾ, നിശ്ശബ്ദത"- വിശുദ്ധ പ്രണയമെന്ന നനുത്ത വികാരത്തിന്റെ അതിലോലതന്ത്രികളിൽ വിരൽ തൊട്ട്‌ പൊട്ടിക്കരയിക്കുന്നു പത്മകുമാർ. സമസ്തകോശങ്ങളും സ്തംഭിക്കുന്നു. പേനയുടെ തുമ്പിൽ പ്രണയത്തിന്റെ ഹൃദയരക്തം നിറച്ച്‌ എഴുതിയ ആമുഖം അവസാനിക്കുമ്പോൾ, കപ്പുച്ചിൻ വൈദികനായ സുനിൽ.സി.ഇ യുടെ 'പ്രണയക്കാവടികൾ' എന്ന ലേഖനം കാണാം. തന്റെ പതിവുഭാഷ കൊണ്ട്‌ ഈ കൃതിയെ പോഷിപ്പിക്കുന്നു സുനിൽ. "ഒരു ഹൃദയത്തിൽ നിന്ന് മറ്റൊരു ഹൃദയത്തിലേക്കുള്ള അതിസാഹസിക കുടിയേറിപ്പാർക്കലാണ്‌ പ്രണയം. ഓരോ ആൺപെൺ ഹൃദയവും ഓരോ പുതിയ സ്ഥലങ്ങളാണ്‌. ഈ പുതിയ സ്ഥലവുമായുള്ള ഇഴയടുപ്പമാണ്‌ പ്രണയം." പത്മകുമാർ സോളമന്റെ ഉത്തമഗീതം രചിച്ചിരിക്കുന്നത്‌ എട്ടു ശിൽപങ്ങളിലൂടെയാണ്‌. മണവാളനും മണവാട്ടിയും തോഴിമാരുമടങ്ങുന്ന ഒരു ഭാവനാടകകാവ്യ ശില്‌പമാണ്‌ ഈ വിവർത്തനഗീതം - ഒന്നാം ശില്‌പത്തിൽ മണവാട്ടിയുടെ കാവ്യസംഭാഷണമാണ്‌ തുടങ്ങുന്നത്‌. ബൈബിളിലെ ഉത്തമഗീതത്തിന്റെ പശ്ചാത്തലം മതപരമായ അനുഷ്ഠാന അന്തരീക്ഷമോ, വിവാഹ പശ്ചാത്തലമോ, വെറും പ്രണയകാവ്യമോ എന്നറിയില്ല - ഗ്രീക്ക്‌ ബൈബിളിലെ മണവാളൻ മണവാട്ടി പ്രയോഗങ്ങളാണ്‌ പത്മകുമാർ സ്വീകരിച്ചിരിക്കുന്നത്‌.  കൊത്തിയൊരുക്കിയ 8 ശില്‌പങ്ങളിലും പ്രണയത്തിന്റെയും പ്രകൃതിയുടെയും രതിയുടെയും വിരഹത്തിന്റെയും ഭക്തിയുടെയും അനുഭൂതിയുടെയും ചിത്രങ്ങളാണ്‌ ദൃശ്യമാക്കുന്നത്‌.   
 

ഹീബ്രു ഭാഷയിൽ 'Syr hsyrym' എന്നും ലത്തീനിൽ 'Canticum Canticorum' എന്നും സുറിയാനിയിൽ 'hkmmtdhkmtta'(വിജ്ഞാനങ്ങളുടെ വിജ്ഞാനം) എന്നും ഇംഗ്ലീഷിൽ 'Song of Songs' എന്നും പറയുന്ന ഉത്തമഗീതം രചിച്ചത്‌ സോളമൻ തന്നെയാണോ എന്നുള്ളത്‌ ബൈബിൾ പണ്ഡിതന്മാരുടെ ഇടയിൽ തന്നെ തർക്കവിഷയമായിരിക്കുമ്പോൾ പത്മകുമാർ തന്റെ വിവർത്തനസാഹിത്യത്തിന്റെ മൂലകഥയ്ക്ക്‌ കോട്ടം വരുത്താതെ 'സോളമന്റെ ഉത്തമഗീതം' എന്നാണ്‌ നാമകരണം ചെയ്തിരിക്കുന്നത്‌. വിശുദ്ധബൈബിളിൽ ഉത്തമഗീതം വായിക്കുന്നത്‌ ദൈവ മനുഷ്യബന്ധത്തിന്റെ ധ്യാനവിശുദ്ധിയിലാണ്‌. ആത്മാവിനെ പ്രകാശിതമാക്കുന്ന സ്ത്രീപുരുഷ സംയോഗത്തിനായുള്ള അന്തർദാഹങ്ങളാണ്‌ വിവർത്തനകൃതിയിലെ ഓരോ ശില്‌പവും കാഴ്ചവെക്കുന്നത്‌. ഭാരതത്തിന്റെ ആദ്ധ്യാത്മിക സ്രോതസ്സുകളുമായി സംയോജിപ്പിക്കാൻ ഭാഷയുടെ ആവരണങ്ങളിലൂടെ ശ്രമിക്കുന്നുണ്ട്‌. ഋതുക്കൾ മാറുമ്പോൾ പുളകിതയാകുന്ന പ്രകൃതിയെയും ചില ശില്‌പങ്ങളിൽ അവ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. വേദാന്തങ്ങളിലെ പുരുഷനും പ്രകൃതിയും തമ്മിലുള്ള രതിഭാവങ്ങളും സ്ത്രീയിലും പുരുഷനിലുമുള്ള ധന-ഋണ കാന്തികശക്തിയെയും തുടർവായനയിൽ കാണുന്നുണ്ട്‌.- സ്ത്രീപുരുഷ സംയോഗത്തിന്റെ അനുഭവതലങ്ങൾ ശില്‌പങ്ങളിലുണ്ട്‌ - രതിചിന്തകളിലെ സ്ത്രീപുരുഷ സമത്വം, പ്രലോഭന മധുരമൊഴികൾ, അംഗപ്രത്യംഗ വർണ്ണനകൾ ഇവയൊക്കെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. എട്ടാം ശില്‌പത്തിൽ സ്ത്രീപുരുഷ സംയോഗത്തിനു ശേഷം അസംതൃപ്തയായ സ്ത്രീയെ കവിതയിൽ കാണുന്നു - അതുകൊണ്ടാണ്‌ അവളിങ്ങനെ പറയുന്നത്‌ - എന്റെ അമ്മയുടെ മുലപ്പാലു കുടിച്ച കൂടപ്പിറപ്പായിരുന്നെങ്കിൽ നീ എന്നു ഞാനാഗ്രഹിക്കുന്നു. ഇവിടെ രതിയും സ്നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ കാണുന്നത്‌. മുഖവുരയിൽ പ്രണയിനിയുടെ വിരൽത്തുമ്പിൽ നിന്നു തുടങ്ങി ക്രമാനുഗതമായി മുന്നേറുന്ന പ്രണയമെന്ന ദിവ്യവികാരത്തിന്റെ അതിസൂക്ഷ്മ അനുഭവതലങ്ങളിലൂടെ പ്രണയത്തിന്റെ ഗന്ധമാദനങ്ങളിലേക്ക്‌ വായനക്കാരെ എത്തിക്കുമ്പോൾ മുഞ്ഞിനാട്‌ പത്മകുമാർ വിവർത്തനം ചെയ്ത സോളമന്റെ ഉത്തമഗീതം പൂർണ്ണമാകുന്നു.

Dr.Munjinadu Padmakumar : 9447865940

O