Saturday, June 29, 2013

ചെമ്പകക്കുട്ടിയമ്മ ദിവാസ്വപ്നത്തിലാണ്

കവിത
ഇടക്കുളങ്ങര ഗോപൻ











വിശപ്പുകെട്ട നേരത്ത്‌
നാലുംകൂട്ടി മുറുക്കിച്ചുവപ്പിച്ച്‌
കാലും നീട്ടി കോലായിലിരുന്ന്
മനസ്സിൽ, കാലത്തെ പിറകോട്ട്‌ വലിക്കുമ്പോൾ
കാഴ്ചപ്പുറങ്ങളിൽ മഴവിൽപ്പതക്കങ്ങൾ.


തൊഴുത്തിലെ പൈക്കളുടെ എണ്ണവും
തൊടിയിലെ വൈക്കോൽക്കൂനയുടെ കനവും
കണ്ടിട്ടാകണം, മാതുപിള്ളമൂപ്പര്‌
പടികയറി പെണ്ണു ചോദിച്ചത്‌.
അടുക്കളവാതിലിൽ കെട്ടുപാടുകളുടെ
വളകിലുക്കം കേട്ട്‌
കാരണോരൊന്ന് ഞെട്ടിയെങ്കിലും
അഷ്ടിക്കുള്ള വകയൊപ്പിക്കാൻ
ബുദ്ധിമുട്ടില്ലെന്നുകണ്ട്‌
കൊച്ചനെക്കൊണ്ട്‌ പെണ്ണുകെട്ടിച്ചു.


ആദ്യരാത്രിയിൽ പഴുതാരമീശ
കവിളിൽ തൊട്ട ഇക്കിളി
ഇനിയും മാറാത്ത ചെമ്പകക്കുട്ടി
എഴുപത്തിരണ്ടിലും പൂത്തുവിരിഞ്ഞു.


നിലമുഴുത്‌ കലപ്പയും തോളിലേന്തി
വിയർപ്പിൽക്കുളിച്ച കൃഷീവലൻ
വടക്കിനിയുടെ വാതിലിലൂടെ
'ചെമ്പകം' എന്നൊരു വിളിയാണ്‌
കിടാവിനെ കാണാതായ
പെറ്റ പശുവിന്റെ
പാരവശ്യത്തോടെ
പമ്പരം പോലൊരു കറക്കം.


കുറ്റിപ്പുറം ചന്തയിൽ
പായ വിൽക്കാൻ,
പാവുമുണ്ടുടുത്ത്‌ പാർവ്വതി വന്നത്‌
സ്നേഹം നിറച്ച നെഞ്ചിൽ ചവിട്ടിയാണ്‌.
രണ്ടിനേം ഒരുനുകത്തിൽ കെട്ടാമെന്ന്
പഴുതാരമീശ പിരിച്ച്‌, വളിച്ച ഹാസ്യം.
പാലുവിറ്റും, പട്ടിണികിടന്നും
പെറ്റതൊക്കെ പെണ്ണായി.


പാറോതി പടികയറി വരുമ്പോഴൊക്കെ
പാരിതോഷികത്തിനു പണമില്ലാത്തതിനാൽ
പലവുരു നെറികേടിന്റെ തെറിവിളി.
ചന്തക്കവലയിലെ സിനിമാക്കൊട്ടകയിൽ
സത്യനും ഷീലയും തകർത്താടിയ രാത്രിയിൽ
പെണ്ണുപിടിയിൽ പാശിപാസ്ത്രം കിട്ടിയ
പഴുതാരമീശക്കാരൻ കുഴഞ്ഞുവീണു.


കാലവും ചെമ്പകക്കുട്ടിയും
പെമ്പിള്ളേരുമായി മൽപ്പിടുത്തമായി.
കാത്തുവെച്ചതൊക്കെ ഉറുമ്പരിച്ച പോലെ
പെണ്ണൊരുത്തി ഒരുമ്പെട്ട്‌
രണ്ടുകെട്ടിയവനൊപ്പം പോയി.
മറ്റവളുമാരൊക്കെ
ഇഷ്ടനൊമ്പരങ്ങളുടെ കൈപിടിച്ചു.
ഓർക്കുമ്പോൾ ദുരന്തമെങ്കിലും
നാഗത്താന്മാരുടെ കൃപയിൽ
പേറ്റുനോവറിയാത്തവരായി
ആരുമുണ്ടായില്ല.
കൈകാൽ വളരുവോളം
കുട്ടിനിക്കറിട്ട കൊച്ചുങ്ങളുടെ
അമ്മൂമ്മ ചെമ്പകം പൂത്തുനിന്നു.


ഇപ്പോൾ,
ഷാർജയിൽ നിന്നും
അത്തറിന്റെ മണം പുരട്ടിയ കുപ്പായങ്ങൾ
പെട്ടിയിൽ നിറയുമ്പോൾ,
പെറ്റതൊന്നും പതിരായില്ലെന്നൊരുൾക്കനം.


O


PHONE : 9447479905



1 comment:

  1. ആദ്യരാത്രിയിൽ പഴുതാരമീശ
    കവിളിൽ തൊട്ട ഇക്കിളി
    ഇനിയും മാറാത്ത ചെമ്പകക്കുട്ടി
    എഴുപത്തിരണ്ടിലും പൂത്തുവിരിഞ്ഞു.,.,.,.,


    വളരെ മനോഹരമായ ഒരു കവിത കളിയും കാര്യവും ഒക്കെ ക്കൂടി ഒരു ഓണസദ്യ ഉണ്ട സുഖം അതിരാവിലെ ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete

Leave your comment