കവിത
വി.ബി.ഷൈജു
ഇരുട്ടിനു ഇരുട്ടുകൊണ്ടല്ല കണ്ണുകൾ
പെട്ടെന്ന് കറണ്ട് പോകുമ്പോൾ അടുപ്പിലെ തീക്കനൽ സംസാരിക്കും.
കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോൾ
ഉള്ളിൽ ഒരു മെഴുകുതിരി
മറക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യാതെ
യഥാസ്ഥാനത്ത് തെളിയും.
അമാവാസി കറുത്ത പടുത കെട്ടി
നക്ഷത്രങ്ങളെ ഒളിപ്പിച്ചു വച്ചതിനുശേഷം താഴേക്ക് നോക്കുമ്പോൾ
ഭൂമി നക്ഷത്രങ്ങൾ കുലച്ചു നിൽക്കുന്ന വാഴത്തോട്ടം.
എന്നെല്ലാം
രാത്രിയെക്കുറിച്ചു വിചാരപ്പെട്ടുകൊണ്ടിരിക്കുമ്പോൾ,
മുറ്റത്ത്
ആര്യവേപ്പിൽ നിന്ന് ചെമ്പരത്തിയിലേക്ക് കമ്പി വലിച്ചുകെട്ടിയ
അയയിലൂടെ വൈദ്യുതി പോലെ ഉറുമ്പുകൾ ഇഴഞ്ഞുപോകുന്നു.
ഉമ്മകൾ കൊണ്ട് പോക്കുവരവുകളുടെ ഭൂപടം നിർമ്മിക്കുന്നവരേ
നിങ്ങളോടൽപം സംസാരിക്കുവാനുണ്ട്.
ഞാൻ ഉറുമ്പായി
ഉറുമ്പുകൾ പുറപ്പെടും മുൻപ്
ഇരകളെ സങ്കൽപ്പിക്കാറില്ല പോലും
ഇരകളുടെ വലിപ്പത്തെ മുറിവുകളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ
ശിഷ്ടം കിട്ടുമോ
ഫലം അനന്തമാകുമോ
അവരതിനെപ്പറ്റി ആലോചിക്കാറുമില്ലെന്ന്...
ഒറ്റയ്ക്ക് കണ്ട ഉറുമ്പിനോട് പോരാടി
അതിനെ അൽപപ്രാണനാക്കി ഞാൻ ചോദിച്ചു
മനുഷ്യനെക്കുറിച്ചു പറയാമോ?
ഈ ചെയ്ത്താണ് മനുഷ്യൻ
പറഞ്ഞ് ഉറുമ്പ് ചത്തു.
മറ്റൊരു ഉറുമ്പിനോട് പ്രണയം പുറത്തെടുത്തു
സർവ്വം മറന്ന ധ്യാനമായിരുന്നു അതിനത്
വിഷം തീണ്ടി കാലുകൾ ചുരുണ്ടുപോയ അതിൻ ഞരക്കം
ഇലകളിൽ വീണു നിലച്ചു
പ്രണയപരവശരല്ല മാനുഷർ
കാമപരവശരെന്ന് കുയിലുകൾ.
ആലോചനായോഗമെന്ന് തോന്നിക്കുന്ന ഉറുമ്പുകൂട്ടത്തിലേക്കു പ്രവേശിച്ചു
പിൻനിരയിലിരുന്നു പിന്നീട് ഞാൻ.
അവരുടെ കൂട്
തിരിച്ചു ചെല്ലുമ്പോൾ
തകർന്നു കാണായേക്കാവുന്ന ഒരിടത്താണെന്നു കേൾക്കുന്നു.
അവരതിനെ
നൃത്തമാക്കി
പാട്ടാക്കി
ഭക്ഷണമാക്കി
വായുവാക്കി
വെള്ളമാക്കി
അനുഭവിക്കുന്നു.
പാരതന്ത്ര്യത്തിന്റെ മുറിവുകളില്ല
ദേശീയഗാനത്തിനൊടുവിൽ
കണ്ണുകൾ നിറയ്ക്കുന്നതിനു പകരം
അവർ കയ്യടിക്കുന്നു.
ഉറുമ്പുകളേ എന്നെ ഉറുമ്പായി നിലനിർത്തൂ...
അവരുടെ സൈന്യം അമ്പുകൾ വാരി എന്റെ നേർക്കെറിഞ്ഞു
ദീപാവലിയാകാശത്ത് പൂത്തിരികൾ തെളിയുന്നപോലെ
ആയിരം അമ്പുകൾ
സ്നേഹം
ദയ
ദൈവം
എന്ന് എഴുതി.
അവർക്ക് അമ്പലങ്ങളില്ല
ചന്ദനവും
അൾത്താരകളില്ല
മെഴുകുതിരിയും
കവിയില്ല
കവിതയും
വസ്ത്രങ്ങളില്ല
ആഭരണവും
ചീഞ്ഞതെന്നില്ല
ചീത്തയാക്കപ്പെട്ടവരും.
പകലിനെക്കാൾ രാത്രിയെ വിശ്വസിക്കുന്ന അവരുടെ കൂട്ടിൽ
എന്റെ ശവം ഉപേക്ഷിച്ചാലോ?
വേണ്ട
എന്റെ ചെവിയിൽ
ഉറുമ്പ് തെയ്യം.
O