Saturday, October 13, 2018

സംസ്കാരജാലകം-36

സംസ്കാരജാലകം-36
ഡോ.ആർ.ഭദ്രൻ












ലീലാ മേനോൻ




പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന ലീലാ മേനോൻ(86) കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. രാജ്യത്തെ ആദ്യകാല വനിതാ പത്രപ്രവർത്തകരിൽ എന്തുകൊണ്ടും ശ്രദ്ധേയയായിരുന്നു ഇവർ. ക്യാൻസറിനെ ഇന്നസെന്റിനെ പോലെ ഇച്ഛാശക്തികൊണ്ട് അതിജീവിച്ച ലീലാമേനോൻ ഏവരുടെയും ശ്രദ്ധയും ആദരവും കൈപ്പറ്റിയിരുന്നു. ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി പോലും ശ്രദ്ധിച്ചിരുന്ന എഴുത്തുകാരിയായിരുന്നു ഇവർ. മികച്ച കോളമിസ്റ്റ് കൂടിയായിരുന്നു ലീലാ മേനോൻ. ആത്മകഥാശാഖയിൽപ്പെടുന്ന ‘നിലയ്ക്കാത്ത സിംഫണി’ ഇവരുടെ മികച്ച ഒരു ഓട്ടോബയോഗ്രഫിയാണ്‌.


ഡി.വിനയചന്ദ്രൻ


ഡി.വിനയചന്ദ്രൻ അന്ത്യവിശ്രമം കൊള്ളുന്ന കൊല്ലം ജില്ലയിലെ കല്ലടയിലെ അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപത്തിന്‌ അരികിലൂടെ ഈ അടുത്തസമയത്ത് യാത്ര ചെയ്തു. ഡി.വിനയചന്ദ്രനെക്കുറിച്ചുള്ള സ്മരണകൾ അയവിറക്കുവാൻ ഇത് കാരണമായി. കല്ലടയാറിന്റെ തീരത്തുള്ള അദ്ദേഹത്തിന്റെ കുടുംബവീടിന്‌ സമീപത്താണ്‌ സ്മൃതിമണ്ഡപം. അദ്ദേഹത്തിന്‌ അർഹതപ്പെട്ട സ്ഥാനം കൊടുക്കുവാൻ നമ്മുടെ മാധ്യമപ്രവർത്തകർ തയ്യാറായില്ല. ഇത്രയും വലിയ ഒരു ജീനിയസിനെ ഇങ്ങനെ തമസ്കരിക്കുവാൻ നവീന മുതലാളിത്തത്തിന്റെ മാധ്യമപ്രവർത്തനത്തിന്റെ ക്രൂരതയ്ക്ക് മാത്രമേ കഴിയൂ. രാമായണത്തിന്റെ പലഭാഗങ്ങളും അദ്ദേഹം കാണാതെ ചൊല്ലുന്നത് എന്റെ വീട്ടിലിരുന്ന് ഞാൻ അത്ഭുതപരതന്ത്രനായി കേട്ടിട്ടുണ്ട്. വിനയചന്ദ്രനെപ്പോലെ ഒരു മഹാമനുഷ്യന്‌ ആത്തിഥ്യമരുളാൻ എനിക്ക് എന്തന്നില്ലാത്ത ആവേശമുണ്ടായിരുന്നു. വിനയചന്ദ്രന്റെ പല മികച്ച കവിതകളും മാതൃഭൂമിയിലെ കമൽറാം തമസ്കരിച്ചതിനെക്കുറിച്ച് ഈ അടുത്ത സമയത്ത് ഒരു യുവകവി രോഷത്തോടെ എന്നോട് പറയുകയുണ്ടായി. മലയാള സാഹിത്യപ്രവത്തനത്തിന്റെ ആരാച്ചാർ ആകാൻ കമൽറാം ശ്രമിക്കുന്നതിനെക്കുറിച്ച് പലകോണുകളിൽ നിന്നും എതിർശബ്ദം ഉയരുന്നുണ്ട്.


അമൃത ചാനൽ

ചാനലുകൾ ഇന്ന് വാർത്തകളെ വൈവിധ്യപൂർണ്ണമാക്കിയിട്ടുണ്ട്. ഇത് കാലോചിതമാണ്‌. കാലത്തിന്‌ മുമ്പേ നടക്കുന്നതുമാണ്‌. അമൃത ചാനലിലെ പത്തുമണി വാർത്തയെക്കുറിച്ച് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുണ്ട്. വാർത്തകളുടെ ഒരു സമഗ്രത അത് സൃഷ്ടിക്കുന്നു. അതിന്റെ ഒരു പ്രധാന ന്യൂനതയാണ്‌ ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ വാർത്താപ്രക്ഷേപണം അരമണിക്കൂറായി ചുരുക്കുന്നത് നന്നായിരിക്കും. ഇപ്പോൾ ആവർത്തനം കൊണ്ട് ഈ വാർത്ത വായന മടുപ്പുളവാക്കുന്നുവെന്ന് പറയാതെ വയ്യ. അതിവാചാലതയും ഇതിന്റെ പ്രകടമായ ഒരു ദോഷമാണ്‌. പഴയകാലത്തെ പുനരുക്തി എന്ന ദോഷത്തിന്റെ തനിയാവർത്തനമാണ്.


ഡോ.ഇ.സി.ജി സുദർശനൻ


പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ.സി.ജി സുദർശനൻ അമേരിക്കയിലെ ടെക്സസിൽ അന്തരിച്ചു. ഒൻപത് തവണ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനത്തിന്‌ ശുപാർശ ചെയ്തിട്ടുള്ള ഇദ്ദേഹം ഇന്ത്യാക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അഭിമാനബിംബമാണ്‌. 1957 ൽ വി മൈനസ് എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത് ഇദ്ദേഹമാണ്‌. ക്വാണ്ടം സെനോ ഇഫക്ട് കണ്ടെത്തിയതും ടോക്യോൺ സൈദ്ധാന്തിക കണങ്ങളെക്കുറിച്ച് പ്രവചനം നടത്തിയതും ഇദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളാണ്‌. പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു. ഇദ്ദേഹത്തിന്‌ നൊബേൽ സമ്മാനം ലഭിക്കാതിരുന്നതിന്റെ കാരണം ഇന്നും ദുരൂഹമായി തുടരുകയാണ്‌. നൊബേൽ സമ്മാനം ലഭിച്ചിരുന്നെങ്കിൽ എന്ന് അദ്ദേഹം ആശിച്ചിരുന്നു. ഈ അർത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ഒരു ലേഖനം ഞാൻ വായിച്ചത് ഇപ്പോൾ ഓർക്കുന്നു.


എക്സൈൽ - കെ.സജീവ്കുമാർ

സമകാലിക മലയാളം 2018 മെയ് ലക്കത്തിൽ വന്ന കെ.സജീവ് കുമാറിന്റെ ‘എക്സൈൽ’ എന്ന കവിത വർത്തമാനകാലത്തെ ശക്തമായി അഭിസംബോധന ചെയ്യുന്നു. പെൺബാല്യങ്ങൾ എങ്ങനെ അരക്ഷിതമായി തീരുന്നു എന്നതിന്റെ വളരെ കാൽപനികമായ ആവിഷ്കാരമാണ്‌ ഇത്. പെൺകുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ നേർചിത്രം ഈ കവിത അവതരിപ്പിക്കുന്നു. സാമൂഹികശാസ്ത്രജ്ഞന്മാർക്ക് പോലും പഠനാർഹമായ ഒരു കവിതയാണിത്. വീടകങ്ങൾ പെണ്ണിന്‌ നരകവാതിലുകളായി തീരുന്നുവെന്ന് ഈ കവിത നമ്മെ പഠിപ്പിക്കുന്നു. വിഷയത്തിന്റെ മനോജ്ഞമായ അവതരണവും ആഖ്യാനവുമാണ്‌ കവിതയെ ശ്രദ്ധേയമാക്കുന്ന ഘടകം. ഈ അടുത്ത സമയത്ത് വായിച്ച ചേതോഹരമായ ഒരു കവിതയാണ്‌ എക്സൈൽ. ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധേയരായിത്തീർന്ന കവികളുടെ മുന്നിൽ നിൽക്കാൻ യോഗ്യനായ കവിയാണ്‌ കെ.സജീവ്കുമാർ.


വരത്തൻ



ഒരുപാട് സമകാലികമായ ഇഷ്യൂസ് മനോജ്ഞമായി ചർച്ചയ്ക്കെടുത്ത സിനിമയാണ്‌ അമൽ നീരദിന്റെ ‘വരത്തൻ’. പ്രവാസി മലയാളിയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീകൾക്ക് മേലുള്ള പുരുഷനോട്ടത്തിന്റെ പ്രശ്നം, സ്ത്രീയുടെ അതിജീവനത്തിന്റെ പ്രശ്നം, സ്ത്രീ നേരിടുന്ന പുരുഷന്റെ ഒളിഞ്ഞുനോട്ടത്തിന്റെ പ്രശ്നം, ദുരഭിമാനക്കൊലയിലേക്ക് നയിക്കുന്ന അധീശവർഗ്ഗത്തിന്റെ ഇടപെടലുകൾ, സദാചാരപോലീസിന്റെ ഇടപെടലുകൾ, പ്രണയത്തിന്റെ വിശുദ്ധി അംഗീകരിക്കാതിരിക്കൽ തുടങ്ങി നിരവധി ഇഷ്യൂസുകളാണ്‌ സിനിമയിൽ സജീവമാകുന്നത്. സിനിമയുടെ കേന്ദ്രത്തിൽ നിൽക്കുന്ന പ്രധാന ഇഷ്യു വരത്തന്മാരെ നേരിടുന്ന പ്രശ്നങ്ങളാണ്‌. എല്ലാ നാട്ടിൻപുറങ്ങളിലും ഈ പ്രശ്നം സജീവമാണ്‌. ഈ പ്രശ്നത്തെ സിനിമ കുറച്ചുകൂടി ഹൈലൈറ്റ് ചെയ്യേണ്ടതായിരുന്നു. പുരുഷത്വത്തെ സ്ത്രീ എങ്ങനെ ആസ്വദിക്കുന്നു എന്നത് സിനിമയിലെ പുതിയ ഫെമിനിസമാണ്‌. സ്ത്രീ ആഗ്രഹിക്കുന്ന ഒരു പുരുഷനായി തീരുമ്പോഴാണ്‌ സിനിമയിലെ സ്ത്രീ നായിക പ്രിയാ പോൾ പുരുഷനെ അംഗീകരിക്കുന്നത്. ട്രസ്പാസിംഗിന്റെ പ്രശ്നം ഗ്രാമം ഉയർത്തുന്നതുപോലെ സിനിമാന്ത്യമാകുമ്പോൾ സിനിമയിലെ നായകനും സ്വീകരിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം മികച്ചതാണ്‌. മറ്റുള്ളവരുടെയും. മികച്ച സംവിധാനവും എഡിറ്റിംഗും സിനിമാറ്റോഗ്രഫിയുമാണ്‌ വരത്തന്റേത്. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും മികച്ച പ്രകടനമാണ്‌ കാഴ്ച വെച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കൽ


പി.സി.ജോർജ്ജും കെ.എം.മാണിയും ചില ബിഷപ്പുമാരും പാലാ സബ്ജയിലിൽ ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു. ജയിലിൽ കിടക്കുന്ന ഒരു മനുഷ്യനെ സന്ദർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇവരാരും സമരം ചെയ്ത കന്യാസ്ത്രീകളെ സന്ദർശിച്ചില്ല എന്നതിൽ ഒരു ഇരട്ടത്താപ്പുണ്ട്. ഈ ഇരട്ടത്താപ്പിന്റെ ചളിപ്പാണ്‌ ഇവരുടെ മുഖത്ത് ദൃശ്യമായത്. സഭയും രാഷ്ട്രീയ നേതൃത്വവും എല്ലാം പുരുഷന്റേതാണ്‌. സമരം ചെയ്ത കന്യാസ്ത്രീകളുടെ വിമർശനം നൂറുശതമാനം ശരിയാണ്‌.

ദു:ഖകരമായ മൂന്നു മരണങ്ങൾ


വില്ലനായും ഹാസ്യതാരമായും പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച പ്രശസ്ത ഹാസ്യനടൻ ക്യാപ്റ്റൻ രാജു നമ്മളെ വിട്ടുപിരിഞ്ഞു. നാലു പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ക്യാപ്റ്റൻ രാജു അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.


പാട്ടുകളേറെ ബാക്കിയായ വയലിൻ താഴെവെച്ച് വയലിനിസ്റ്റ് ബാലഭാസ്കർ യാത്രയായി. ഫ്യൂഷൻ സംഗീത പരിപാടികളിലൂടെയാണ്‌ ബാലഭാസ്കർ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയനായത്. ബിസ്മില്ലാഖാൻ യുവ സ്ംഗീത പുരസ്കാരം 2008 ൽ ബാലഭാസ്കറെ തേടിയത്തി.

ഹിറ്റുകളുടെ മാന്ത്രികനായ തമ്പി കണ്ണന്താനം മലയാള സിനിമാപ്രേമികളോട് വിടചൊല്ലി യാത്രയായി. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. മോഹൻലാലിനെ സൂപ്പർ നായകപദവിയിലേക്ക് ഉയർത്തിയതിന്‌ പിന്നിൽ തമ്പി കണ്ണന്താനമായിരുന്നു പ്രധാന പങ്ക് വഹിച്ചത്.

കുഞ്ചുക്കുറുപ്പ് ഇനിയും നന്നാവുന്നില്ല

മലയാള മനോരമ പത്രത്തിലെ ‘കുഞ്ചുക്കുറുപ്പ്നന്നാവുന്നില്ല എന്ന് ‘സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുള്ളതാണ്‌. ഇപ്പോഴും സംഗതി തഥൈവ. കുഞ്ചുക്കുറുപ്പിന്‌ എന്താണ്‌ സംഭവിക്കുന്നത് എന്ന് മനോരമയുടെ പത്രാധിപർ അടിയന്തിരമായി അന്വേഷിക്കണം. പണ്ടൊക്കെ മനോരമ കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കുന്നത് അല്ല, ആസ്വദിക്കുന്നത് കുഞ്ചുക്കുറുപ്പായിരുന്നു. ഹാസ്യം വരുന്നില്ല എന്ന് പറഞ്ഞാൽ പ്രതിഭ വറ്റിപ്പോയി എന്നാണർത്ഥം. പുതിയകാലം ദൃശ്യമാധ്യങ്ങളുടെ കാലമാണ്‌. ദോഷം പറയരുതല്ലോ, മാതൃഭൂമി ചാനലിലെ വക്രദൃഷ്ടി പരിപാടികളിൽ ഹാസ്യം കരകവിഞ്ഞൊഴുകുന്നത് പ്രേക്ഷകർ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്‌. ഹാസ്യത്തിന്‌ ഇനിയും ഒരു ബാല്യമുണ്ടെന്നാണ്‌ ഇത് കാണിക്കുന്നത്.

വാജ്പേയിയും കാർഗിൽ യുദ്ധവും


ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്‌ കാർഗിൽ യുദ്ധം. ഈ കാലയളവിൽ ഇന്ത്യ ഭരിച്ചത് ഇന്ത്യയുടെ അഭിമാനമായ അടൽ ബിഹാരി വാജ്പേയ് ആയിരുന്നു. ഒരു യുദ്ധപ്രഖ്യാപനം പോലും ഇല്ലാതെയാണ്‌ തന്ത്രപരമായി വാജ്പേയ് ഈ യുദ്ധം നയിച്ചത്. ഈ യുദ്ധതിൽ ഇന്ത്യ അഭിമാനകരമായ വിജയം കൈവരിക്കുകയും ചെയ്തു. നമ്മുടെ പ്രതിരോധസേനയുടെ കരുത്ത് വിളിച്ചറിയിച്ച യുദ്ധമായിരുന്നു ഇത്. വാജ്പേയിയുടെ ദീനദയാലുത്വം നേരിട്ടു ബോധ്യപ്പെട്ട ഒരു അനുഭവവും എനിക്കുണ്ട്. എന്റെ അയൽവാസിയായ ഒരു പാവപ്പെട്ട മനുഷ്യൻ ബാങ്ക് ലോണെടുത്ത് പശുവിനെ വാങ്ങിച്ചു. ലോൺ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നു. ഈ തുക എഴുതിത്തള്ളണം എന്നാവശ്യപ്പെട്ട് ഞാൻ വാജ്പേയിക്ക് ഒരു കത്തയച്ചു. അദ്ദേഹം ഈ ലോൺ തുക എഴുതി തള്ളിയതായി അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത് ആ മനുഷ്യന്‌ അയച്ചുകൊടുത്തു. വാജ്പേയിയുടെ ദീനദയാലുത്വം എനിക്ക് നേരിട്ട് ബോധ്യപ്പെട്ട ഒരു സംഭവമായിരുന്നു ഇത്.

O