Saturday, November 26, 2011

ആക്രി


രവിവർമ്മ തമ്പുരാൻ















            അറുപത്തഞ്ചാമത്തെ വയസിൽ പെട്ടെന്നൊരു ദിവസം ഭാര്യ മരിച്ചാൽ ഒരു പുരുഷന്‌ എന്തു സംഭവിക്കും ? മലയാളികളായ പുരുഷന്മാർ പൊതുവെ ഭാര്യയെ അമിതമായി ആശ്രയിച്ചു കഴിയുന്നവരാകയാൽ ഈ ചോദ്യത്തിന്‌ കേരളീയ പശ്ചാത്തലത്തിൽ ഒരു സവിശേഷ സാംഗത്യം ഉണ്ട്‌. തദ്സംഗതി വഴിയേ ബോധ്യമാകും എന്നതുകൊണ്ട്‌ തത്ക്കാലം കൂടുതൽ വിശദീകരണത്തിന്‌ തുനിയുന്നില്ല. നമുക്ക്‌ നേരേ കഥയിലേക്ക്‌ കയറാം.



രാത്രി എട്ടുമണിക്ക്‌ കഥാനായിക അഞ്‌ജന മലയാള മനോരമ ദിനപത്രത്തിലെ ക്ലാസിഫൈഡ്‌ കോളം വായിക്കുന്നിടത്താണ്‌ തുടക്കം. രാത്രി എട്ടു മണിക്ക്‌ പത്രം വായിക്കുന്നു എന്നു പറഞ്ഞതിനാൽ നായികയുടെ ജീവിതത്തെക്കുറിച്ച്‌ നേരിയ സൂചന കിട്ടിയിട്ടുണ്ടാവുമെന്ന് കരുതുന്നു. എങ്കിലും അൽപമൊന്നു വിശദീകരിക്കുകയാണിവിടെ. മാംസസമൃദ്ധമായ കണങ്കാലുകളെയും മിനുസമുള്ള മുട്ടുചിരട്ടകളെയും പ്രദർശനയോഗ്യമാക്കുന്ന കറുപ്പ്‌ ബർമുഡയും, വടിച്ച്‌ കണിക്കു പാകത്തിൽ മിനുസപ്പെടുത്തിയ കക്ഷത്തിനും വെന്തുകൊണ്ടിരിക്കുന്ന പാൽപായസത്തിനു മുകളിൽ ആദ്യമുണ്ടായ കുമിള പൊട്ടിയ ശേഷമുള്ള ചുഴിക്കു സമാനമായ പൊക്കിളിനും മേലേ വരെ വന്ന് അവസാനിക്കുന്ന നീല ടീഷർട്ടുമാണ്‌ നായികയുടെ ഇപ്പോഴത്തെ വേഷം. ടീഷർട്ടിന്റെ മുൻഭാഗത്ത്‌ ബ്ലാക്‌ ഗ്രേപ്സ്‌ എന്ന് ചുവന്ന വലിയ അക്ഷരങ്ങളിൽ ആംഗല മുദ്രണമുണ്ട്‌. മലേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത റോസ്‌ വുഡിന്റെ ദിവാനിൽ രണ്ട്‌ അണകളാൽ തല ഉയർത്തി വെച്ചു കിടന്ന അഞ്‌ജന ജോലി കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ട്‌ അധികസമയമായിരുന്നില്ല. ഓമൽകൈവള കിലുങ്ങുമാറൊട്ടുവീശാൻ തോഴിമാരാരുമില്ലാത്തതിനാൽ ഫാൻ പൂർണ്ണശേഷിയിൽ കറക്കിക്കൊണ്ട്‌, വന്നു കയറിയപ്പോഴത്തെ വസ്ത്രങ്ങളിൽ ജീൻസ്‌ മാത്രം മാറിയശേഷം നേരെ പത്രവുമെടുത്ത്‌ ദിവാനിലേക്ക്‌ ചരിയുകയായിരുന്നു. കാറിലെ ഏസിയിൽ നിന്ന് മുറിയിലേക്ക്‌ കയറുന്നതിനിടയിലെ ഉഷ്ണം അവളെ തളർത്തി. വിയർപ്പ്‌ ആ തളിർമേനിയെ നനയ്ക്കാൻ തുടങ്ങുകയായിരുന്നു.


സ്മാർട്‌ സിറ്റിക്കുള്ളിലെ ഷോപ്പിങ്‌ മാളിൽ നിന്നു വാങ്ങിയ ബിയറിന്റെ കാനും കുർകുറെയുടെ പൗച്ചും തൊട്ടടുത്തു തന്നെ കൊണ്ടുവെച്ചെങ്കിലും ക്ലാസിഫൈഡ്‌ വായിക്കാനുള്ള ആകാംക്ഷയിൽ അതു രണ്ടും കൈകൊണ്ട്‌ തൊട്ടതേയില്ല.
തുണ്ടു പരസ്യങ്ങളിലെ കുഞ്ഞുകുഞ്ഞക്ഷരങ്ങളിലൂടെ അതീവശ്രദ്ധയോടെ അവളുടെ നീലനയനങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നു. പത്തുപന്ത്രണ്ട്‌ മിനിട്ടുനേരം അധ്വാനിച്ചിട്ടുണ്ടാവും. അപ്പോഴേക്കും അവ, യുഗ്മഗാനരംഗത്തിൽ ആദ്യമായഭിനയിക്കാൻ ഇൽക്കുന്ന പുതുമുഖനടിയുടേതു പോലെ തരുണമായി വികസിച്ചു.

വീട്ടുജോലിക്ക്‌ ആൾ റെഡി.
എന്ന 18 പോയന്റ്‌ തലക്കെട്ടിനു താഴെ 10 പോയന്റ്‌ ബോൾഡിൽ അഞ്‌ജന ഇങ്ങനെ വായിച്ചു.
പുരുഷൻ. പ്രായം 65 വയസ്‌. ആറടി ഉയരം. അതിനൊത്ത വണ്ണം. രോഗങ്ങളൊന്നുമില്ല. സ്ഥിരവ്യായാമത്താൽ ബലിഷ്ഠമായ ശരീരം. എന്തു ജോലിയും ചെയ്യും. ബോക്സ്‌ നമ്പർ 1850.
അഞ്‌ജന വേഗം മേശവലിപ്പു വലിച്ചുതുറന്ന് ഉള്ളിൽ നിന്നൊരു പേപ്പർ കട്ടറെടുത്ത്‌ ആ പരസ്യം അതീവശ്രദ്ധയോടെ വെട്ടിയെടുത്തു. കംപ്യൂട്ടർ ടേബിളിനടുത്തു വെച്ചിരുന്ന കവറിൽ നിന്ന് ബോണ്ട്‌ പേപ്പർ ഊരിയെടുത്ത്‌ വളരെ ആലോചിച്ചുണ്ടാക്കിയെടുത്ത വാചകങ്ങളാൽ കത്തു തയാറാക്കി കവറിലിട്ട്‌ മേൽവിലാസം വിരചിച്ച്‌ മേശപ്പുറത്തു വെച്ചു.
ഇത്രയുമായപ്പോൾ വയറ്റിൽ നിന്നൊരു വിഷാദം വന്നു നെഞ്ചിൽ മുട്ടുകയാൽ അവൾ അത്താഴത്തെക്കുറിച്ച്‌ ചിന്തിച്ചു. പക്ഷെ വല്ലാത്ത മടി തോന്നിയതിനാൽ ബ്രഡ്‌ ടോസ്റ്റ്‌ ചെയ്ത്‌ ഓംലെറ്റ്‌ കൂട്ടിക്കഴിക്കാമെന്ന് തീരുമാനിച്ച്‌ അക്കാര്യം നടപ്പിലാക്കാൻ നടകൊണ്ടു.
ബ്രഡ്‌ കടിച്ചുകൊണ്ടാണ്‌ ടിവിക്ക്‌ മുന്നിലേക്ക്‌ ചെന്നത്‌. സോണി ടിവിയുടെ പുരുഷന്മാർക്ക്‌ പുരുഷ ഇണയെ കണ്ടെത്താം എന്ന റിയലിറ്റി ഷോയായിരുന്നു അതിൽ.

പത്തുമണിക്ക്‌ ഒരു ഗ്ലാസ്‌ പാലും കൂടി കുടിച്ചിട്ട്‌ ഉറങ്ങാൻ കിടക്കുമ്പോഴാണ്‌ അനിരുദ്ധന്റെ കാർ പോർച്ചിൽ വന്ന് ഓട്ടം അവസാനിപ്പിച്ചത്‌. അയാൾ കൈയ്യിലിരുന്ന താക്കോൽ കൊണ്ട്‌ വാതിൽ തുറന്ന് അകത്ത്‌ കയറിയതും ബെഡ്‌റൂമിലെ മേശപ്പുറത്ത്‌ ബ്രീഫ്‌കേസ്‌ കൊണ്ടുവെച്ചതുമൊക്കെ അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ അനങ്ങിയില്ല. നടിച്ചു കിടക്കുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോകുകയും ചെയ്തു. അനിരുദ്ധൻ കുളികഴിഞ്ഞ്‌ കയ്യിൽ കൊണ്ടുവന്നിരുന്ന ബർഗറിന്റെ പാക്കറ്റ്‌ അഴിച്ച്‌ എ എക്സ്‌ എന്നിലെ മറ്റൊരു ഷോയുടെ അകമ്പടിയോടെ കഴിച്ചശേഷം ജീൻസും ടീഷർട്ടും ധരിച്ച്‌ അഞ്‌ജനയുടെ അടുത്തുപോയിക്കിടന്ന് കെട്ടിപ്പിടിച്ചെങ്കിലും അവൾ ഉണരാതിരുന്നതിനാൽ മടുത്ത്‌ അൽപനേരത്തിനുശേഷം തിരിഞ്ഞ്‌ കിടന്ന് ഉറക്കത്തെ ആലിംഗനം ചെയ്തു. നിദ്രയുടെ ഹോംതിയേറ്ററിൽ അയാളൊരു സ്വപ്നം കാണാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ തെളിയാൻ മടിച്ചു മറഞ്ഞു നിന്നു.


അച്യുത്‌ ആനന്ദ്‌ - അങ്ങനെയായിരുന്നു പേര്‌. അനിരുദ്ധനും അഞ്‌ജനയും വീട്ടിലുള്ളൊരു ഞായറാഴ്ചയാണ്‌ അയാൾ ആദ്യമായി അവിടേക്ക്‌ വന്നത്‌. അനിരുദ്ധൻ അടുത്തിരുന്നതേയുള്ളു. ഭേദ്യം ചെയ്തത്‌ അഞ്‌ജന തനിച്ചാണ്‌.
എല്ലാ ദിവസവും വീടു മുഴുവൻ തൂത്ത്‌ തുടയ്ക്കണം. ആഴ്ചയിലൊരിക്കൽ ചന്തയിൽ പോകണം. എല്ലാ ദിവസവും രണ്ടു പേരുടെയും കാറുകൾ കഴുകണം. പാചകം പൂർണ്ണമായും ഏൽക്കണം. വാഷിങ്‌ മെഷീന്റെ ചുമതലയുമുണ്ട്‌. 

അഞ്‌ജനയുടെ ഓരോ ആവശ്യത്തോടും റെഡി എന്നു മാത്രമേ മറുപടി ഉണ്ടായിരുന്നുള്ളു. അച്യുതിന്റെ കണ്ണുകളുമായി ഇടയ്ക്ക്‌ ഒന്നുരണ്ടു തവണ കൂട്ടിമുട്ടിയെങ്കിലും ആ അവസ്ഥ ഒട്ടും നീളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച്‌ അനിരുദ്ധൻ കൂടുതൽ ഒതുങ്ങിയിരുന്നു. ഇന്റർവ്വ്യു അവസാനിപ്പിച്ചുകൊണ്ട്‌ അഞ്‌ജന ഇതുകൂടി പറഞ്ഞു. പൈസ എല്ലാ മാസവും രണ്ടാം തീയതി കൃത്യമായി തന്നിരിക്കും. പിന്നെ ബന്ധവും സ്വന്തവുമൊന്നും പറഞ്ഞ്‌ ജോലി ഉഴപ്പാൻ നോക്കരുത്‌. പരസ്യം കണ്ടപ്പോഴത്തെ അതേ അപരിചിതത്വമേ തുടർന്നും ഞങ്ങളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാവൂ.
ഓക്കേ മാം എന്നുപറഞ്ഞ്‌ കുങ്ഫൂ മാസ്റ്റർമാരൊക്കെ ചെയ്യുംപോലെ നടുവു വരെ വളച്ച്‌ ഇരുവരെയും വണങ്ങിക്കൊണ്ട്‌ അച്യുത്‌ പുതിയ ജോലിയിലേക്ക്‌ വലതുകാൽ ഊന്നി.


അഞ്‌ജനയും അനിരുദ്ധനും അതിരാവിലെ തന്നെ അവരവരുടെ സമയത്തുണർന്ന് അവരവരുടെ ബാത്ത്‌റൂമിൽ കയറി പല്ലുതേപ്പും കുളിയും കഴിഞ്ഞ്‌ ഡൈനിങ്‌ ഏരിയയിൽ പ്രത്യേകം പ്രത്യേകമായി വെച്ചിരുന്ന കോൺഫ്ലേക്സ്‌ പാൽപാത്രങ്ങൾ ശൂന്യമാക്കി അവരവരുടെ കാറിൽ കയറി അവരവരുടെ ഉദ്യോഗങ്ങളിലേക്ക്‌ പോയി. അതിനു മുമ്പ്‌ അച്യുത്‌ രണ്ടുകാറുകളും ഒറ്റയ്ക്ക്‌ കഴുകിയിട്ടു. കരാറിലെ ആദ്യവ്യവസ്ഥ.
രണ്ടാമതു വ്യവസ്ഥ ചെയ്തിട്ടുള്ളതു പോലെ ബർമുഡയും ടീഷർട്ടും ധരിച്ച്‌ തൂപ്പ്‌.തുട,നന തുടങ്ങിയ കർത്തവ്യങ്ങളിൽ പ്രവേശിക്കുകയാണ്‌ അച്യുത്‌ പിന്നീട്‌ ചെയ്തത്‌ . ഒൻപതുമണിയോടെ പ്രാതലിനു റൊട്ടിയും ജാമും മതിയെന്ന് തീരുമാനിച്ച്‌ സ്വീകരണമുറിയിലെ ,ജോലിക്കാർക്കായി മാറ്റിയിട്ടിരുന്ന മരക്കസേരയിൽ വന്നിരുന്ന് പത്രം വായിക്കാൻ തുടങ്ങി. കാലുയർത്തി സ്റ്റൂളിലോ മറ്റോ വയ്ക്കാൻ തോന്നിയെങ്കിലും ബർമുഡയ്ക്ക്‌ ചുവടെയുള്ള നഗ്നമായ മുട്ടും കണങ്കാലും വിചാരങ്ങളിലേക്ക്‌ ഒരു ഇളിഭ്യത കോരിയിട്ടതിനാൽ ആ സുഖാസനം വേണ്ടെന്നു വെച്ചു. അഞ്‌ജന നിർദ്ദേശിച്ച വേഷവ്യവസ്ഥകളിൽ മുട്ടിനു മുകളിലുള്ളവയേ ഉണ്ടായിരുന്നുള്ളൂ. 



പത്രങ്ങൾ അഞ്ചാറു വരുത്തുന്നുണ്ടെങ്കിലും എല്ലാം കൂടി വായിക്കാൻ അഞ്‌ജനയ്ക്കോ അനിരുദ്ധനോ സമയം കിട്ടാറില്ല. അതിനാൽ മടക്കു നിവർത്താതെ വിൽക്കപ്പെടാനാണ്‌ പല പത്രങ്ങളുടെയും വിധി. അച്യുതിനെ ജോലിക്കെടുത്തപ്പോഴത്തെ മൂന്നാമത്തെ വ്യവസ്ഥ, മുഴുവൻ പത്രങ്ങളും വായിച്ച്‌ വൈകുന്നേരം അഞ്‌ജനയും അനിരുദ്ധനും വരുമ്പോൾ ഒരു ബ്രീഫിങ്‌ നടത്തുകയെന്നതാണ്‌.
അതിനാൽ വല്ലവന്റെയും ശമ്പളം വാങ്ങി ചാരുകസേരയിൽ മലർന്നു കിടന്നു നേരം കളഞ്ഞു എന്ന പഴി കേൾക്കാതെ തന്നെ അച്യുതിനു വായിക്കാം. അങ്ങനൊരു ആരോപണം തനിക്കെതിരെ ഉയരുന്നതിൽ ഒട്ടും തൽപരനല്ലാത്തെതിനാൽ കരാറിന്റെ സമ്മർദ്ദമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അയാൾ അവ മറിച്ചു നോക്കിയെന്നു പോലും വരുകയുമില്ല.
കേരളഭൂഷണം പത്രത്തിലെ, മദ്യലഹരിയിൽ വീട്ടിലെത്തിയ മകൻ പിതാവിനെ അടിച്ചുകൊന്നു എന്ന തലക്കെട്ട്‌ കണ്ടതോടെ മറ്റൊന്നും വായിക്കാൻ അച്യുതിനു കഴിയാതായി. ലോലവികാരങ്ങൾക്ക്‌ അടിപ്പെടില്ല എന്ന സ്വനിശ്ചയം പാലിക്കാനാവുന്നില്ലല്ലോ എന്ന സങ്കടം വന്ന് മേധയിൽ മുട്ടിയിട്ടും ഓർമ്മകളുടെ വലക്കണ്ണി പൊട്ടിച്ചു പുറത്തുവരാനാവാതെ നിസഹായനായി. ഇല്ല, വിചാരങ്ങളിൽ അവയൊന്നും കടന്നുവരാൻ പാടില്ല. കരാർ തെറ്റിക്കുന്നത്‌ ആണുങ്ങൾക്ക്‌ ചേർന്ന പണിയല്ല താനും.
എന്തായാലും വിണ്ടുപൊട്ടിയ ക്രിക്കറ്റ്‌ പിച്ച്‌ പോലെയായിത്തീർന്ന ഈ മനസുമായി ഇപ്പോൾ പത്രം വായിച്ചാൽ ശരിയാവില്ല. ബുക്‌ഷെൽഫ്‌ അടുക്കൽ, അരിയരപ്പ്‌, തേങ്ങ പൊതിക്കൽ, പച്ചക്കറിനുറുക്കൽ തുടങ്ങിയ ജോലികളിലേക്ക്‌ കടക്കാം. അവയൊന്നു പൂർത്തിയാക്കിയിട്ടാവാം ശേഷം പത്രവായന.

ആനന്ദവല്ലിയുടെ മരണമാണ്‌ ഇങ്ങനെയൊരു തീരുമാനമെടുക്കാൻ നിമിത്തമായത്‌. ഒറ്റപ്പെടലിന്റെ കഠിനതടവിനു ശമനം കൂടിയേ കഴിയൂ. മറ്റുള്ളവരുടെ സേവനത്തിന്‌ സ്വന്തം ശരീരം വിട്ടുകൊടുക്കുക.ഇദം ന മമ:
തത്വചിന്ത തലയ്ക്ക്‌ കയറിയതുകൊണ്ടു മാത്രമാണെന്ന് ധരിക്കണ്ട. പേഴ്സിന്റെ പട്ടിണിയും മനസിലെ അഭിമാനമെന്ന കിളിയെ സൂചികുത്തി നോവിച്ചു. മെയ്യനങ്ങാതിരുന്ന് മറ്റൊരാൾക്ക്‌ ബാധ്യതയാവാൻ വയ്യ. ഇപ്പോൾ നാലാമത്തെ വീടാണ്‌. ഇതും ന മമ:

ആനന്ദവല്ലിയെ ആർത്തിപിടിച്ച്‌ ഭക്ഷിച്ചത്‌ അർബുദമാണ്‌. വയറ്റുവേദനയിലായിരുന്നു തുടക്കം. സ്ഥിരം ഡോക്ടർ രാജീവനെയാണ്‌ ആദ്യം കണ്ടത്‌. പരിചയക്കൂടുതൽ കൊണ്ടാവാം അദ്ദേഹം ഒരിക്കലും ചെലവുകൂടിയ ചികിൽസകൾ നടത്താറില്ല. ചെലപ്പോഴൊക്കെ മരുന്നിന്റെ ഫ്രീ സാംപിൾ തന്നെ തന്നുവിടും. വിശദമായ പരിശോധനകൾക്ക്‌ ശേഷം ഡോക്ടർ പറഞ്ഞു ഒട്ടും പേടിക്കാനില്ല.അൾസറെന്നേയുള്ളൂ. ഒന്നുരണ്ടുമാസം മരുന്നു കഴിച്ചാ മതി. നമുക്കു തോണ്ടിയെടുത്തു കളയാം.
പക്ഷേ രണ്ടു മാസത്തിനുള്ളിൽ വയറു മുഴുവൻ അർബുദകോശങ്ങൾ കാർമേഘം പോലെ പെരുകുകയാണുണ്ടായത്‌. കൊച്ചിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിലാണ്‌ കണ്ടുപിടിച്ചത്‌. മൂന്നാം ദിവസം വയറുകീറിശസ്ത്രക്രിയ പി വി എ സിൽ. വെളുത്ത പ്ലാസ്റ്റിക്‌ ട്രേയിലിട്ട കറുത്തിരുണ്ട പഞ്ഞിക്കൂട്ടം കാട്ടിക്കൊണ്ട്‌ ഡോക്ടർ ദീപക്‌ പറഞ്ഞു. ഓവറിയും യൂട്രസും എടുത്തുമാറ്റിയിട്ടുണ്ട്‌. കണ്ടിടത്തോളമെല്ലാം ചുരണ്ടിയെടുത്തു. എന്നാലും നേരേ ആർസിസിയിലേക്ക്‌ പൊക്കോ. ഞാനൊരു കത്തു തരാം.
ചികിത്സിക്കാൻ വീടും പറമ്പും വിൽക്കുകയായിരുന്നു. ഒരു മകൻ, ഒരേയൊരു മകൻ- പാടില്ല, ഒന്നും ആരുടെയും കുറ്റമല്ല.
രണ്ടു മാസമേ ചികിത്സിക്കേണ്ടി വന്നുള്ളു.ചിതാഭസ്മം പമ്പയാറ്റിലൂടെ ഒഴുകിത്തീർന്നപ്പോൾ ഒഴുക്കു നിലച്ച്‌ ജീവിതം പുലിമുട്ടുകളിൽ മുട്ടി. കാഴ്ച മറച്ച്‌ ചുറ്റിലും വലിയൊരു മൂടൽമഞ്ഞുകോട്ട വളർന്നു. അതുപിന്നെ കൊടുംവെയിലിൽ ഉരുകുന്നു. അതിനു ശേഷം മഞ്ഞും കൂട്ടിനില്ല. മറകളില്ലാത്ത ജീവിതമരുഭൂമിയിൽ ഏകാന്തതയുടെ ദാരിദ്ര്യം. 


പച്ചക്കറി വാങ്ങാൻ ചന്തയിലേക്കു നടപ്പു കുറേയുണ്ട്‌. പോയി വരാൻ നാലു കിലോമീറ്റർ. നാലുമണിക്കുള്ള ഈ നടപ്പിനെ വ്യായമായിക്കരുതി അച്യുത്‌ ആനന്ദിക്കുന്നു. അദ്ദേഹം അങ്ങനെയാണ്‌. എതിരനുഭവങ്ങളെപ്പോലും ഉൽക്കർഷത്തോടെ കാണും.
പുതിയ ജീവിതചര്യ ഒരു വിധം ഇഷ്ടപ്പെട്ടുതുടങ്ങി. ഏകാന്തതയ്ക്ക്‌ കുറവില്ലെങ്കിലും മുഴുവൻ സമയവും കരാർപ്രേരിതമായ ചുമതലകളിലായതിനാൽ അതൊട്ടും അനുഭവപ്പെടുന്നില്ലെന്നു മാത്രം. 
പച്ചക്കറി ചന്തയ്ക്ക്‌ സമീപത്താണ്‌ ബിവറേജസ്‌ കോർപ്പറേഷന്റെ ചില്ലറക്കട. അഞ്‌ജനയ്ക്ക്‌ ചില നിർബന്ധങ്ങളുണ്ട്‌. വിസ്കിയും വൈനും വീട്ടിലേപ്പോഴും ഉണ്ടാവണം. ഫ്രിഡ്ജിന്റെ അതിശീതീകരണിയിൽ മഞ്ഞുകട്ടകളും. മിസ്റ്റർ ബട്ലറുടെ സോഡാമേക്കർ എപ്പോഴും വാതകസമ്പന്നമായിരിക്കണം. അല്ലെങ്കിൽ ആക്ഷേപത്തിന്റെ അലകുവാരികൾ എറിഞ്ഞു പിടിപ്പിക്കുക അച്യുതിന്റെ പുറത്തേക്കാവും.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ ഒരു മധ്യാഹ്നനേരത്ത്‌ മകൻ രണ്ടാംനിലയുടെ ടെറസിൽ നിന്നും കാൽവഴുതി താഴേക്കു വീഴുന്നത്‌. ഇഷ്ടിക കെട്ടി തേക്കാതെ വെച്ചിരുന്ന പാരപ്പറ്റിൽ അവനൊരു ബലപ്രയോഗം നടത്തിയതാണ്‌. ഇളകിമാറിയ ഇഷ്ടികയടക്കം താഴെ കൂട്ടിയിട്ടിരുന്ന മണലിന്റെ മുകളിലാണ്‌ ചെന്നു വീണത്‌. പാഞ്ഞു വന്നത്‌ ശ്വാസം വിടാതെയാണ്‌. അപ്പോഴേക്കും അലമുറകളുടെ ആംബുലൻസിൽ ഭാര്യ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ജീവനോടെ തിരികെ കിട്ടാൻ പ്രാർത്ഥനകളുടെ മിഴിനീരഭിഷേകം. വഴിപാടുകളുടെ ഘോഷയാത്രകൾ. വലതുകാലിലൊരു മുടന്തും കശേരുക്കളുടെ കണ്ണിക്ക്‌ പരിഹരിക്കാനാവും വിധത്തിലുള്ള സ്ഥാനചലനവും  അവശേഷിപ്പിച്ച്‌ ആയുസ്‌ തിരികെ കിട്ടിയപ്പോൾ ആശ്വാസത്തിന്റെ പുഴയിലിറങ്ങി മതിവരുവോളം മുങ്ങിക്കുളിച്ചു.
കീമോതെറാപ്പിയുടെ അടുപ്പിലിട്ട്‌ ചുട്ടുകരിക്കുമ്പോൾ ആനന്ദവല്ലി പറഞ്ഞതാണ്‌. ഇങ്ങനെ വിറ്റുപെറുക്കിയൊന്നും ചികിൽസിക്കണ്ട. എനിക്കൊരൽപ്പം വിഷം വാങ്ങിത്തന്നാൽ മതി.
അൽസറിന്റെ പ്രച്ഛന്നവേഷക്കാലത്താണ്‌ കുറേനാൾ മകനോടൊപ്പം താമസിക്കുന്നത്‌. വയറുവേദനക്കാരിക്ക്‌ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തീരെ പറ്റുന്നില്ല. അരികിലിരുന്ന് ശുശ്രൂഷ. പെൻഷനില്ലാത്ത ജോലിയായിരുന്നതിനാൽ കറൻസികളുടെ പിച്ചിൽ നെഞ്ചിൻതോലിൽ ചെണ്ടമേളം കൊഴുപ്പിച്ചു. 

നഗരസഭയുടെ മാലിന്യം ശേഖരിക്കാൻ വന്ന കുടുംബശ്രീ പെണ്ണുങ്ങളോടു സംശയം ചോദിക്കുകയായിരുന്നു.
ഇതെന്തിനാ രണ്ടു ബക്കറ്റ്‌.
പച്ചബക്കറ്റ്‌ ജൈവമാലിന്യത്തിന്‌
ചുവന്ന ബക്കറ്റ്‌ പ്ലാസ്റ്റിക്കിന്‌
ആത്മഗതം പോലെയാണ്‌ പറഞ്ഞത്‌. വൈകാതെയൊരു കറുത്ത ബക്കറ്റ്‌ കൂടി വേണ്ടി വരും. മകന്‌ അനുസരണം വേണ്ടുവോളമുണ്ടായിരുന്നു. നഗരസഭ കറുത്ത ബക്കറ്റ്‌ വയ്ക്കാൻ കാത്തുനിൽക്കാതെ പച്ചയിലും ചുവപ്പിലുമൊതുങ്ങാത്ത ജീവൻ തുടിക്കുന്ന പാഴ്‌വസ്തുക്കളെ അവൻ വഴിയിലേക്ക്‌ വലിച്ചെറിഞ്ഞു. താതകാര്യമനാജ്ഞപ്തമെന്നാകിലും മോദേന ചെയ്യുന്ന നന്ദനനുത്തമൻ....
പഞ്ചസാര ഫാക്ടറിയിലെ കെയിൻ ഇൻസ്പെക്ടറുടെ ജോലി അത്ര എളുപ്പമായിരുന്നില്ല. മൂന്നുനാലു താലൂക്കുകളിലായി പടർന്നു ചിതറിക്കിടന്ന കരിമ്പുപാടങ്ങളിലേക്ക്‌ സൈക്കിളിലായിരുന്നു ദിവസവും സഞ്ചാരം. മഴയും വെയിലുമൊക്കെ മേൽക്കൂരയില്ലാത്ത ശരീരത്തിലേക്ക്‌ നേരെ വന്നങ്ങ്‌ പതിക്കുമ്പോൾ പ്രതീക്ഷ, മകൻ പഠിച്ചു വളർന്ന് ജീവിതത്തിന്‌ മേൽക്കൂര കെട്ടിത്തരുമല്ലോ എന്നായിരുന്നു. കടം വാങ്ങിയിട്ടായാലും അവനെ പൂണെയിൽ വിട്ടു പഠിപ്പിച്ചത്‌ അതുകൊണ്ടാണ്‌.


സന്ധ്യക്ക്‌ സ്നാക്സ്‌ ഉണ്ടാക്കുനതിന്റെ തിരക്കാണ്‌. വിസ്കിക്കൊപ്പം പക്കാവടയാണ്‌ അഞ്‌ജനയ്ക്കിഷ്ടം. എന്നുകരുതി എല്ലാ ദിവസവും അതുവേണ്ട താനും. ആഴ്ചയിൽ മൂന്നു ദിവസമാകാം. ചൂടോടെ വേണം. പീനട്ട്‌ മസാല, ചില്ലി ചിക്കൻ, ബീഫ്‌ ചില്ലി, ചില്ലി ഫിഷ്‌ എന്നിങ്ങനെയാണ്‌ മറ്റുദിവസങ്ങളിലെ എട്ടുമണിത്തട്ട്‌.
അഞ്‌ജനയ്ക്ക്‌ പനിപിടിച്ച്‌ വീട്ടിലിരുന്ന ദിവസമാണ്‌ ആക്രി പെറുക്കാൻ പെട്ടിയോട്ടോയിൽ ഒരു ചെറുപ്പക്കാരൻ വന്നത്‌. അയാൾ വീടിന്റെ പിന്നിലേക്കാണ്‌ ആദ്യം പോയത്‌. മുറ്റത്തെ കക്കൂസിന്റെ പിന്നിൽ കൂട്ടിയിട്ടിരുന്ന പാഴുകളിൽ കയ്യിട്ടു സൂക്ഷ്മമായി തിരഞ്ഞ്‌ ചില പൊട്ടിയ ബക്കറ്റ്‌ കഷണങ്ങളും മദ്യക്കുപ്പികളുമൊക്കെ തപ്പിയെടുത്തു. മുറ്റത്തിരുന്ന ചൂലുകൊണ്ട്‌ അവയിലൊക്കെ പറ്റിപ്പിടിച്ചിരുന്ന അഴുക്കുകൾ തൂത്തുകളഞ്ഞു. അതെല്ലാം ടാപ്പിന്റെ ചുവട്ടിൽ കൊണ്ടുപോയി കഴുകി ഒട്ടോയിൽ കൊണ്ടിട്ടശേഷം വന്ന് വാതിലിൽ മുട്ടിയപ്പോൾ അഞ്‌ജനയാണ്‌ തുറന്നത്‌.
പൊട്ടിയ ബക്കറ്റ്‌, കുപ്പി,പാട്ട, പേപ്പർ...
അതെല്ലാം നിങ്ങൾ തന്നെ പെറക്കിയെടുത്തില്ലേ? അഞ്‌ജന ദേഷ്യത്തിലായിരുന്നു.
ഓ, അതിലൊന്നും കാര്യമായിട്ടൊന്നുമില്ല. അകത്തു വല്ലതുമുണ്ടോ ?
ഒന്നുമില്ല.
ചാർജ്‌ പോയ ബാറ്ററിയോ മറ്റോ.
ചാർജ്‌ പോയ ബാറ്ററി ഒന്നു രണ്ടെണ്ണമുണ്ട്‌. പക്ഷേ അത്‌ ചാർജ്‌ ചെയ്ത്‌ നോക്കട്ട്‌. പറ്റുന്നില്ലെങ്കിൽ തന്നേക്കാം അടുത്തമാസം വാ.
ചില്ലറ പരിസ്ഥിതി വിജ്ഞാനമൊക്കെയുള്ളതിനാൽ റീസൈക്ലിങ്‌, റീയൂസ്‌ തുടങ്ങിയ വഴികൾ പരീക്ഷിക്കണമെന്ന ചിന്താഗതിക്കാരിയായിരുന്നു,അഞ്‌ജന. ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രം യൂസ്‌ ആൻഡ്‌ ത്രോ.


ആദ്യത്തെ രണ്ടു തവണയും വീട്ടുകാർ സ്ഥലം മാറിപ്പോയപ്പോഴാണ്‌ തൊഴിൽരഹിതനായത്‌. മൂന്നാമത്തെ വീട്ടിൽ നിന്നു പുറത്താവാൻ കാരണം മറ്റൊന്നാണ്‌. ആരൊക്കെ പുറത്താക്കിയാലും കെട്ടുപോവാത്തൊരു പ്രകാശം അച്യുതിന്റെ ആത്മവിശ്വാസനിലവിളക്കിൽ തെളിഞ്ഞു കത്തുന്നുണ്ട്‌. അതുകൊണ്ടാണ്‌ നാലാമതും പരസ്യം ചെയ്ത്‌ അവസരം കാത്തത്‌. ജയ്‌ അച്യുത്‌.
അന്ന് അഞ്‌ജന അൽപം കൂടുതൽ കഴിച്ചിട്ടുണ്ടെന്ന് വരവു കണ്ടപ്പോഴേ അച്യുതിനു തോന്നി. എങ്കിലും ഇറ്റ്‌ ഈസ്‌ നൺ ഓഫ്‌ യുവർ ബിസിനസ്‌ എന്നു കേൾക്കാൻ മനസു വരാതിരുന്നതിനാൽ അയാൾ കണ്ടഭാവം നടിച്ചില്ല.
മുറിയുടെ മധ്യഭാഗത്തെത്തിയപ്പോഴേക്കും അൽപമൊന്നു കുഴഞ്ഞമട്ടിൽ അവൾ നിലയുറപ്പിച്ചു. പണിയൊക്കെ പെർഫെക്ടായി ചെയ്യുന്നുണ്ട്‌. ശമ്പളം പറഞ്ഞതിലും കൂടുതൽ തരുകയും ചെയ്യാം. പക്ഷേ പരസ്യത്തിൽ പറഞ്ഞ അവസാനത്തെ കാര്യമുണ്ടല്ലോ, അതിതുവരെ നടന്നില്ല.
അച്യുതിനു പെട്ടെന്നു സംഗതി പിടികിട്ടിയില്ല. എതു കാര്യമാ കുഞ്ഞേ ?
ഇത്രവേഗം മറന്നോ ?
അതുവരെ സംഭവിച്ചതെല്ലാം തന്നെ ബാധിക്കാത്തവ എന്നു സ്വയം വിശ്വസിപ്പിച്ചു പോന്നിരുന്നെങ്കിലും ഇതൽപ്പം കടന്നകയ്യായി തോന്നി അച്യുതിന്‌.
അതു പക്ഷേ കരാർവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നില്ലല്ലോ.
സ്വയം സമ്മതിച്ച കാര്യം എന്തിനു വ്യവസ്ഥ ചെയ്യണം ? എന്താ പറ്റത്തില്ലേൽ പറഞ്ഞോ ? എനിക്ക്‌ അടുത്ത ആളെ നോക്കണം.
മോളേ ?
അതു വരെ വിളിച്ചിട്ടില്ലാത്തത്ര ദയനീയതയോടെ അച്യുത്‌ അവിടെ നിന്നു നിലവിട്ടുവിളിച്ചു.
മോളും കീളുമൊന്നും വേണ്ട. പറ്റുമോ ഇല്ല്യോ.അതു മാത്രം പറ.
അനിരുദ്ധൻ....
അപ്പോൾ അയാൾ ശരിക്കും ഒരു നായയെ പോലെ മോങ്ങിപ്പോയി.
നിങ്ങടെ കരിവീട്ടി പോലത്തെ ശരീരം ഇതിനൊന്നും കൊള്ളിക്കത്തില്ലേൽ രണ്ടുപേരും എനിക്ക്‌ ഒരുപോലാ. ഇപ്പത്തന്നെ സ്ഥലം കാലിയാക്കിക്കോ. ഞാൻ വേറേ നോക്കിക്കൊള്ളാം.
മൂന്നാമത്തെ വീട്ടിൽ നിന്നു പുറത്താകുന്നത്‌ മാനസികമായി തയാറെടുക്കാത്തതുകൊണ്ടായിരുന്നു. ജോലിയില്ലാതെ ജീവിക്കാൻ പറ്റാത്തതിനാൽ ഇത്തവണ പരസ്യം ചെയ്തത്‌ എന്തിനും ഒരുങ്ങിത്തന്നെയാണെങ്കിലും ഈ വീട്ടിൽ ജോലി തുടങ്ങുമ്പോൾ ഇങ്ങനൊരു ആവശ്യം ഒരിക്കലും പ്രതീക്ഷിച്ചതല്ല. കശേരുക്കളുടെ പിണക്കം ഇപ്പോഴും തുടരുകയാവുമോ, ദൈവമേ !!!!
ആലോചനകളിൽ മുങ്ങാൻ അനുവദിക്കാതെ അഞ്‌ജന ഇടപെട്ടു.
ഈ രാത്രി കൂടി മാത്രം. ആലോചിക്കുക. വെറുതേ ആക്രിയാവണോ എന്ന്.
എന്നിട്ട്‌ അവൾ ഫ്രിഡ്ജ്‌ തുറന്ന് ഒരുപിടി ബ്ലാക്‌ ഗ്രേപ്സും കയ്യിലെടുത്ത്‌ അടുത്ത സിപ്പെടുക്കാൻ പുറപ്പെട്ടു.




O

 PHONE : 9495851717



നാലു കുളിക്കടവുകൾ


അജിത്‌.കെ.സി













1. ലഖ്പത്  *

ഒരു ത്രിമാനചിത്രത്തിന്റെ
അതിസൂക്ഷ്മതയിലാണു
പുഴ നാലുവശത്തേക്കും
പിന്മാറി അവളുടെ
അംഗലാവണ്യമഴിച്ചത്

കൃഷ്ണാ…
ദ്വാരകയടുത്തല്ലേ
പുഴയായൊഴുകി
ഈ കുളിക്കടവ് നിറയ്ക്കു!

2. കാർത്തവീര്യാർജ്ജുനൻ

ആയിരം കൈകൾ
അതിവിദഗ്ദ്ധം
പിണഞ്ഞണകെട്ടി
നീ കുളിക്കടവു തീർത്തു…

മഴു വീണ്ടും
മരമൊടിച്ചല്ലോ
പുഴ തിരികെ
ജടയിൽ കൂടണഞ്ഞല്ലോ!

3. മുല്ലപ്പെരിയാർ

അണപൊട്ടുമെന്നും
അടിതെറ്റില്ലയെന്നും
അരിവറുക്കാൻ നാം
അണിതെറ്റിയല്ലോ...

അണയുവതിൻ മുന്നേ
അണയുന്നൂ ചാരത്ത്
അകം മുറിഞ്ഞെഴാ വാക്കിന്റെ
അഴലിനെപ്പൊറുക്കുക!

4. സരസ്വതി

എനിയ്ക്കറിയാം
കൊടിയ വാക്കിന്റെ-
യതി ദൂഷിത മൗനവും
അപഥസഞ്ചാരത്തിന്റെ
മേനികഴുകലും വാഴ്ത്തലും...

കുമ്പിളിൽ നിറയ്ക്കുവാനില്ല,
മണ്ണോടു ചേരുക,
വേരാഴ്ത്തിയാൽ
അഴുകാതെ ഞാനവിടെയുണ്ടാകും!

O

* Lakhpat, the last frontier of Kutch, is an amazing sea fort situated in the mouth of Kori Creek.History says that the waters of Sindhu River used to flow into Lakhpat.


  PHONE : +919387177377




Saturday, November 19, 2011

അകലുന്ന നിഴൽ

റഹിം പൊന്നാട്‌














റയാതെയോമലേ നീ പോയ വഴികളിൽ
ഇടറാതെയൊരുപാടു ദൂരം നടന്നു ഞാൻ
എത്ര വഴികളൊറ്റയ്ക്ക്‌ താണ്ടിക്കടന്നു ഞാനി-
ന്നീക്കരയോളം കരിനിഴലുമെത്ര ചാടിക്കടന്നു.


പിരിയുന്ന പകലിന്റെയരുണാംബരം പോലെ
മഴ തോർന്ന രാവിന്റെ മൃദുമർമരം പോലെ
നീ കാണാതെ  പോയ സ്നേഹാശ്രുക്കളും
കാലം പൊറുക്കാത്ത മധുനൊമ്പരങ്ങളും.


ഇടനെഞ്ചിലെരിയുന്ന പ്രണയാക്ഷരങ്ങളും
ചിതറിവീണുടയുന്ന മോഹങ്ങളും
കാണുവാൻ നിൽക്കാതെ പോയി നീ,കാലവും
കരുണയൊട്ടും കാട്ടാതെ കൗമാരവും


ഇനിയെത്ര പകലുകളിരുളിലറിയാത്ത വഴികളും
തീരാത്ത കാലമിഴ ചേർത്ത സ്മൃതികളും
ഈറൻ നിലാവിന്റെ മിഴിനീർക്കണങ്ങളും
വിടരുവാൻ വെമ്പുന്ന പനിനീർപ്പൂക്കളും


പിടയുന്ന നെഞ്ചിലെരിയുന്നൊരോർമ്മതൻ
പറയുവാൻ വയ്യാത്ത മിഴിനീർക്കിനാവുകൾ
അറിയില്ല പോകുവാനിനിയെത്ര ദൂരം
അകലുന്ന നിഴലുതൻ കൂട്ടുമിനിയെത്ര നേരം.


പൊള്ളുന്ന വഴികളേറെ നടന്നു തളർന്നി-
ടറുന്നു പാദങ്ങള, ടയുന്നു മിഴികളും
വയ്യെനിക്കിനി വയ്യൊട്ടും നടക്കുവാൻ
വയ്യിനിയൊട്ടും ചുമക്കുവാനോർമ്മകൾ.


പോകുന്നു ഞാനോമലേയോർമതൻ
ഇരുളിലാഴങ്ങളിലെന്നും വസിക്കുവാൻ
പാടില്ല കരയുവാൻ,കരളിലന്നേ കരിഞ്ഞ
കണ്ണീർപ്പൂക്കളുമിനി വിടരുവാൻ.

O 
  
9495556688

Saturday, November 12, 2011

സംസ്കാരജാലകം

ഡോ.ആർ.ഭദ്രൻ






               10





 പി.കെ.രാജശേഖരൻ വിമർശിക്കപ്പെടുന്നു.

      

       ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരമായ 'പ്രതിനായക'ന്‌ പി.കെ. രാജശേഖരൻ എഴുതിയ പഠനമാണ്‌ ഇവിടെ വിമർശനവിധേയമാകുന്നത്‌. ചുള്ളിക്കാട്‌ വലിയ കവിയാണെന്ന് വളരെ നേരത്തെതന്നെ ഇ.എം.എസ്‌ അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. നമ്മുടെ വിമർശകർക്ക്‌ അപ്പുറം സഞ്ചരിച്ചുകൊണ്ടുള്ള ഒരു നിരീക്ഷണമായിരുന്നു അത്‌. ഇ.എം.എസിന്റെ കലാദർശത്തോടു ബഹുമാനം തോന്നിയ ഒരപൂർവ്വനിമിഷമായിരുന്നു അത്‌.


പി.കെ. രാജശേഖരൻ

തകർച്ചയുടെ ദർശനത്തിൽ നിന്നും തോറ്റിയെടുക്കുന്ന സൃഷ്ട്യുന്മുഖവും ആനന്ദദായകവുമായ ഒരു ജീവിതദർശനം ചുള്ളിക്കാടിനുണ്ട്‌. ഇത്‌ വേണ്ടതുപോലെ കാണാത്തതുകൊണ്ടാണ്‌ പി.കെ.രാജശേഖരൻ ഇങ്ങനെ എഴുതുന്നത്‌. നിഷിദ്ധവും നിഷേധാത്മകവുമായ ലോകങ്ങൾ കവിതയിൽ തുറന്നിടുമ്പോഴും പാരമ്പര്യത്തിന്റെ ഒരു ശരവേഗം ബാലചന്ദ്രന്റെ കവിതകളിൽ മിന്നിക്കടന്നുപോകുന്നു. ബാലചന്ദ്രന്റെ കൺവൻഷനൽ ലിറിക്കുകളുടെയും ശബ്ദരഹിതമായ ഭാവഗീതങ്ങളുടെയും അർത്ഥം മേൽപ്പറഞ്ഞ സംഗതിയിലാണ്‌ ബന്ധിക്കപ്പെടേണ്ടത്‌.
ഇതിഹാസാഭിലാഷവും മഹാകാവ്യാഭിലാഷവും ബാലചന്ദ്രന്റെ കവിതകളിൽ തേടി, അന്യഥാ ഗംഭീരമാകേണ്ടിയിരുന്ന ഒരു പഠനത്തെ രക്തസാക്ഷിത്വം വരിക്കാൻ സ്വയം പറഞ്ഞുവിടുകയാണ്‌ ഈ വിമർശകൻ.

ഒ.എൻ.വിയുടെ വ്യാജമായ ഇതിഹാസ അഭിലാഷങ്ങളെയും മഹാകാവ്യാഭിലാഷങ്ങളെയും ചുള്ളിക്കാട്‌ തകർത്ത്‌ മുന്നേറുന്ന പുതിയ വഴി വ്യക്തമായി രേഖപ്പെടുത്തുവാനും പി.കെ.രാജശേഖരൻ ശ്രമിക്കണമായിരുന്നു. ചങ്ങമ്പുഴയേയും ആശാനെയും ചുള്ളിക്കാട്‌ സ്വന്തം കവിത കൊണ്ട്‌ എങ്ങനെയാണ്‌ അപനിർമ്മിക്കുന്നത്‌ എന്നതും വിമർശനത്തിന്റെ പ്രധാനഭാഗമാകണമായിരുന്നു. 

വലിയ കവിത്വം ബാലചന്ദ്രന്‌ ഉണ്ട്‌ എന്നുപറഞ്ഞാൽ ലളിതമായി ആർക്കും അത്‌ മനസ്സിലാകും. കേന്ദ്രത്തകർച്ചയുടെയും ജനാധിപത്യഭാവുകത്വത്തിന്റെയും ഇന്നത്തെ കാലത്തും ഇതിഹാസാഭിലാഷം മഹാകാവ്യാഭിലാഷം എന്നൊക്കെ പറഞ്ഞ്‌, നിഷേധത്തിന്റെ സൗന്ദര്യവും തത്വശാസ്ത്രവും കവിത കൊണ്ട്‌ നിർമ്മിച്ച ഒരു കലാകാരനെ അപഗ്രഥിക്കാൻ ശ്രമിച്ചതിന്‌ രാജശേഖരന്‌ കൊടുക്കേണ്ടുന്ന വില വലുതാണ്‌. 


ബാലചന്ദ്രന്‌ മഹാകവിപ്പട്ടം ചാർത്തിക്കൊടുക്കുക വഴി രാജശേഖരന്‌ അഭിനവദണ്ഡിയാകാൻ കഴിയുകയില്ല. മഹാകാവ്യത്തിന്റെ പഴയ മാനദണ്ഡങ്ങൾ കൊണ്ടാണ്‌ രാജശേഖരൻ ബാലചന്ദ്രന്‌ മാർക്കിട്ടുകൊടുക്കുന്നത്‌. വലിയ കവിത്വത്തിന്റെ പുതിയ വഴിയും പൊരുളുമാണ്‌ ബാലചന്ദ്രന്റേതെന്ന തിരിച്ചറിവ്‌ രാജശേഖരൻ പുലർത്തുന്നില്ല. ഒരു കവി എങ്ങനെ പരിണമിക്കണം, ഒരു ജീവിതം എങ്ങനെ പരിണമിക്കണം എന്നൊന്നും ഭാരതീയർക്ക്‌ ആരും പറഞ്ഞുതരേണ്ട കാര്യമില്ല. ബാലചന്ദ്രൻ കുപിതയൗവ്വനത്തിൽ നിന്നും അഭാവത്തിലേക്കും അവാച്യതയിലേക്കും വരുമ്പോഴും കവിയുടെ പൂർവ്വനിലപാടിന്റെ സ്വാഭാവികപരിണാമം മാത്രമാണ്‌ സംഭവിക്കുന്നത്‌. രണ്ടുഘട്ടങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഫലദായകത്വം കാണാതെ പോകരുത്‌.
 
വമ്പൻ കാര്യങ്ങൾ കൊണ്ട്‌ നിറച്ചിട്ടുള്ള ലേഖനമാണെങ്കിലും ചില സൂക്ഷ്മതകൾ ലേഖനത്തിൽ നിന്നും ദൂരെ തെറിച്ചുപോയിട്ടുണ്ട്‌. ലേഖനത്തിന്റെ ശക്തിദൗർബല്യങ്ങൾ ആകെത്തുകയിൽ പറഞ്ഞാൽ ഇതാണ്‌. ചില വൈകല്യങ്ങളുടെ രോഗാണുബാധയും വിമർശനശരീരത്തിൽ അതിക്രമിച്ചു കയറിയിട്ടുള്ളത്‌ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്‌. എന്തായാലും മഹാകവിവംശത്തിലെ അവസാന മഹാകവിയല്ല ബാലചന്ദ്രൻ. മറിച്ച്‌ പുതിയകാലം നിർമ്മിച്ചെടുത്ത വലിയ കവിത്വത്തിനുടമയാണ്‌ ബാലചന്ദ്രൻ. ഈ വ്യവഛേദം ബാലചന്ദ്രനിൽ എങ്ങനെ സാധ്യമായി എന്ന നിലയിലായിരുന്നു ബാലചന്ദ്രൻ കവിതകളുടെ പഠനം മുന്നേറേണ്ടിയിരുന്നത്‌. ആധുനികവും ഉത്തരാധുനികവുമായ ഭാവുകത്വമാണ്‌ അടിസ്ഥാനപരമായി ഈ വ്യവച്ഛേദനത്തിന്‌ പ്രചോദനമായത്‌. ഇതിൽ നിന്ന് ഭിന്നമായി മഹാകവിത്വാഭിലാഷം, ഇതിഹാസാഭിലാഷം എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടുപോയ സംജ്ഞകളിൽ രാജശേഖരനിലെ വിമർശകൻ അഭിരമിച്ചുപോയി. ഇതാണ്‌ കൃത്യമായും ലേഖനത്തിന്റെ പതനകേന്ദ്രം.


 സ്വർണ്ണപരസ്യക്കാരായ സൂപ്പർസ്റ്റാറുകൾ പി.കെ.ഗോപിയുടെ കവിത അടിയന്തിരമായി വായിക്കുക.

(യാന്ത്രികം - മാധ്യമം ആഴ്ചപ്പതിപ്പ്‌ സെപ്റ്റംബർ 5 2011)


"ആണിനും പെണ്ണിനുമിടയിൽ
കരൾപ്പാലമല്ലാതെ
കനകപ്പാലങ്ങൾ കെട്ടരുത്‌"
എത്ര ശക്തമായ താക്കീത്‌.



 കെ.എം.മാണി


കെ.എം.മാണി


കെ.എം.മാണിയുടേതായ ഒരു ഉദ്ധരണി ജനശക്തിയിൽ 2011 ജൂൺ (11-17) കണ്ടത്‌ ഇപ്പോഴും ഓർക്കുന്നു. 'വി.എസ്‌.അച്യുതാനന്ദന്റെ നടപ്പും ഭാവവും സൂചിപ്പിക്കുന്നത്‌ ഇപ്പോഴും അദ്ദേഹം കേരളത്തിന്റെ ഭരണാധികാരിയാണെന്ന രീതിയിലാണ്‌'.
കേരള നിയമസഭയിലെ എം.എൽ.എ യും പ്രതിപക്ഷനേതാവുമായ വി.എസ്‌.അച്യുതാനന്ദന്‌ കേരളഭരണത്തിൽ പങ്കില്ലെന്നാണോ കെ.എം.മാണി കരുതുന്നത്‌ ? പരിണതപ്രജ്ഞനും ഭരണഘടനാ വിദഗ്ദനുമായ കെ.എം.മാണി ങ്ങനെ പറയരുതായിരുന്നു. കഷ്ടം.

 ആധുനികോത്തരജീവിതം

എം.സി.പോൾ, ജനശക്തി 2011 ജൂലൈ 16-22


ഞാനിന്നു ഷോക്കേസിലെ
പാവതൻ പടുജന്മം
ശൂന്യമേയകം, പുറം-
കോമളം വശ്യം ഭദ്രം!

കാമ്പ്‌ നഷ്ടപ്പെട്ടുപോയ ആധുനികോത്തര ജീവിതത്തെയാണ്‌ വാക്കുകൾ കൊണ്ടെടുത്ത ഫോട്ടോയിലൂടെ എം.സി.പോൾ ഇവിടെ പ്രദർശനത്തിനു വെച്ചിരിക്കുന്നത്‌. കവിത വാക്കുകളുടെ ഫോട്ടോ ആയിരിക്കെത്തന്നെ അതിനപ്പുറം സഞ്ചരിക്കാൻ കഴിയുന്നത്‌, വാക്കുകളുടെ എല്ലാ ഇരുട്ടിനെയും ഭേദിച്ചുപോകാൻ കഴിയുന്ന പ്രകാശധ്വനി കൊണ്ടാണ്‌.

 ചലച്ചിത്രം


ജഗദീഷ്‌

മലയാള സിനിമയിൽ അഭിനയത്തിന്റെ ടാലന്റ്‌ താരതമ്യേന കുറവുള്ള നടനാണ്‌ ജഗദീഷ്‌. പിന്നെ എങ്ങനെ ഈ നടൻ ഇത്രനാൾ മലയാളസിനിമയിൽ പിടിച്ചുനിന്നു എന്നത്‌ ഒരു ചോദ്യചിഹ്നമാണ്‌.


സുരാജ്‌ വെഞ്ഞാറമ്മൂട്‌

ഹാസ്യനടന്മാർക്ക്‌ ഓവർ ആക്ട്‌ ഉണ്ടാവുക സ്വാഭാവികമാണ്‌. ടാലന്റുള്ള ഹാസ്യനടനാണെങ്കിലും വെഞ്ഞാറമ്മൂടിന്റെ ഓവർ ആക്ട്‌ കറക്ട്‌ ചെയ്യപ്പെടേണ്ടതാണ്‌.


 വി.എം.സുധീരൻ


വി.എം.സുധീരൻ

കേരളത്തിലെ കോൺഗ്രസിന്റെ മൂല്യബോധം കെടാതെ കാത്തുസൂക്ഷിക്കുന്ന നേതാവാണ്‌ വി.എം.സുധീരൻ. ഇങ്ങനെയുള്ളവർ രാഷ്ട്രീയജീവിതത്തിൽ പരാജയപ്പെടുമ്പോൾ മൂല്യബോധത്തിന്റെ രാഷ്ട്രീയമാണ്‌ അവിടെ നിലംപരിശാകുന്നത്‌. ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കളിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യനായ വ്യക്തി വി.എം.സുധീരനല്ലാതെ മറ്റാരുമല്ല.




 ജ്ഞാനപ്പാന



ഏതെങ്കിലും തരത്തിൽ ദർശനം ആത്മാവിൽ സ്പർശിച്ചിട്ടുള്ള മനുഷ്യജന്മമേ, സഫലമാകൂ. അവർക്ക്‌ മാത്രമേ എല്ലാ ബന്ധനങ്ങൾക്കുമപ്പുറം, ജീവിതദുരൂഹതകളുടെ ഇരുട്ട്‌ നീങ്ങിക്കിട്ടുകയുള്ളൂ. അവരാണ്‌ യഥാർത്ഥ ഭാഗ്യശാലികൾ. ജ്ഞാനപ്പാനയുടെ സാരസർവ്വസവും ഇതല്ലാതെ മറ്റൊന്നുമല്ല. ബാക്കിയെല്ലാം മൃഗജന്മങ്ങളുടെ അക്കൗണ്ടിലേ വരികയുള്ളൂ. ഇപ്പോൾ ജീവിതം വിജയിപ്പിച്ചവർ എന്ന് അഹങ്കരിച്ച്‌ വിലസുന്നവർ മനസ്സിലാക്കിക്കൊള്ളുക. വിപണി മൗലികവാദങ്ങളുടെ പിന്തുണയോടെ പുതിയകാലം സൃഷ്ടിക്കുന്ന ജ്ഞാനപ്പാനകൾ പൂന്താനം കൊണ്ടുവന്ന ജ്ഞാനപ്പാനയെ ഞെക്കിക്കൊല്ലുന്നതാണ്‌. ഇതാണ്‌ സമകാലീനമായ, ഭീതിദമായ കാഴ്ച! ഈ കാഴ്ചയെ വേർതിരിച്ചു കൊടുക്കുമ്പോഴേ മനുഷ്യർക്ക്‌ പ്രകാശപൂർണ്ണമായ ജീവിതവഴികളുടെ പാത തുറന്നുകിട്ടുകയുള്ളു. 




 ശ്രദ്ധേയമായ ചിന്തകൾ



1. തകഴി എഴുതിയത്‌ സൂക്ഷ്മചരിത്രമാണ്‌. അക്കാദമികവ്യവഹാരങ്ങൾ മറന്നുപോയ പ്രാദേശികയാഥാർത്ഥ്യങ്ങളെയാണ്‌ തകഴി ചരിത്രമാക്കിയത്‌. ആധുനികമായ ലോകവ്യവസ്ഥ, പ്രാദേശിക മണ്ഡലങ്ങളിൽ ഏൽപ്പിച്ച വിള്ളലുകൾ സാമാന്യചരിത്രവിജ്ഞാനത്തിന്റെ  രേഖകൾക്കപ്പുറമാണ്‌. തകഴിക്കാകട്ടെ അതാണ്‌ പ്രാമാണ്യവിഷയം.
(ഡോക്ടർ പി.എസ്‌.രാധാകൃഷ്ണൻ, ഗ്രന്ഥാലോകം 2011 ആഗസ്റ്റ്‌, തകഴിയുടെ ചരിത്രാന്വേഷണ പരീക്ഷകൾ)


2. വാസ്തവത്തിൽ മുതലാളിത്തത്തിന്‌ താളമിടുക മാത്രം ചെയ്യുന്ന പുതുതലമുറ പത്രാധിപക്കുഞ്ഞുങ്ങൾ മാലിന്യക്കുഴിയിൽ പുളച്ചാർക്കുന്ന പന്നികൾ മാത്രമാണെന്ന് പണം കൊടുത്ത്‌ വാരികകൾ വാങ്ങുന്നവർക്കറിയാം. 
(ചെറിയ ചെറിയ കാര്യങ്ങളുടെ വാക്കേറ്‌,എസ്‌.എസ്‌.ശ്രീകുമാർ,ജനശക്തി, 2011 ആഗസ്റ്റ്‌ 13-19)



3. മാർക്സിയൻ സാഹിത്യപരിപാടിയുടെ പന്തലിനോട്‌ ചേർന്ന് ദുർഗ്ഗാപൂജയുടെ പന്തൽ കെട്ടാൻ ബംഗാളിക്ക്‌ കഴിയും. പന്തൽ കെട്ടുന്നതാകട്ടെ സ്ഥലത്തെ പ്രധാന മാർക്സിസ്റ്റുകാരും. 
(മാറി മാറാതെ കൊൽക്കത്ത, ജോഷി ജോസഫ്‌, 2011 ഒക്ടോബർ 30 മലയാളമനോരമ ഞായറാഴ്ച)




 പോരാട്ടസൗന്ദര്യത്തിന്റെ കവിത



ഹനാൻ മിഖായേലിന്റെ (പാലസ്തീൻ) 'തെളിവ്‌' എന്ന കവിത പോരാട്ടത്തിന്റെ രോമാഞ്ചജനകമായ കവിതയാണ്‌. 'യരലവ'യിൽ (ഒക്ടോബർ-ഡിസംബർ 2011) ഉമർ തറമേലാണ്‌ ഈ അറബികവിത വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നത്‌. ഉമർ മലയാളകവിതയ്ക്ക്‌ ചെയ്ത ഉദാത്തമായ സേവനമാണ്‌ ഈ വിവർത്തനം. പോരാട്ടത്തിന്‌ സർഗ്ഗസൗന്ദര്യം കൊടുക്കുന്ന കവിത. അഭിനന്ദനങ്ങൾ. കവിത ഇങ്ങനെ.


ഒഴിഞ്ഞ ചത്വരത്തിൻ മൂലയിൽ
ഒരു തലപ്പാവ്‌ കത്തിയെരിയുന്നു
ഒത്ത കപ്പലുകൾ പെറുക്കി
കീശ നിറയ്ക്കുന്ന ശ്രദ്ധാലുവായ ബാലൻ
അവൻ സൈനിക ടാങ്കുകളെ തുറിച്ചുനോക്കുന്നു
അതെ, അവന്റെ ശവഘോഷയാത്രയിൽ
ഞങ്ങൾക്ക്‌ ഒരുപാട്‌ നാവുകൾ
രക്തസാക്ഷിയുടെ അമ്മേ
ആറാടുകയാമോദത്തിൽ
യുവത്വമേറും നിൻ മുലക്കുഞ്ഞുങ്ങൾ.


ഹെർമൻ ഹെസേയുടെ പെണ്ണിന്റെ ഉദാത്തമായ നാലവസ്ഥകളെക്കുറിച്ചുള്ള ചിന്തയും - ജീനിയസിന്റെ സഹോദരി, വിപ്ലവകാരിയുടെ കാമുകി, ചക്രവർത്തിയുടെ ഭാര്യ, രക്തസാക്ഷിയുടെ അമ്മ - ഇതിനോട്‌ ചേർത്തുനിർത്തി വായിച്ചു. ഒപ്പം വേദപുസ്തകവും.



 നിരൂപണങ്ങളിലെ പുതുനാമ്പുകൾ


ഡോക്ടർ മിനി ആലീസ്‌ മലയാളം വാരികയിലും മറ്റു ചില പ്രസിദ്ധീകരണങ്ങളിലും പുസ്തകനിരൂപണം എഴുതി ശ്രദ്ധനേടിയിട്ടുള്ള നിരൂപകയാണ്‌. ഈ പുസ്തക നിരൂപണങ്ങളിൽ പലതും കൃത്യവുമായിരുന്നു. മാത്രവുമല്ല, ഭാവിയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ചേർക്കുവാൻ യോഗ്യവുമാണ്‌. ഒരു ഫെമിനിസ്റ്റ്‌ ക്രിട്ടിക്‌ എന്ന നിലയിൽ മിനിയുടെ വളർച്ച എല്ലാ മനുഷ്യസ്നേഹികൾക്കും ആഹ്ലാദകരമാണ്‌. പുസ്തകനിരൂപണങ്ങളിൽ ഏറിയ കൂറും അതിൽത്തന്നെ ഒതുങ്ങിപ്പോകുന്നു എന്ന പരിമിതിയുണ്ട്‌. പുതിയ മനുഷ്യാവബോധത്തിന്റെയും വികാസത്തിന്റെയും തെളിമ ഈ നിരൂപക നേടിക്കഴിഞ്ഞു എന്ന് ലേഖനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. എസ്‌.രമേശൻനായരുടെ കവിത വിലയിരുത്തുമ്പോഴും (കവിതയിലെ പിൻവിളികൾ, മലയാളം വാരിക 2006 ജൂലൈ ) എബ്രഹാം മാത്യുവിന്റെ നോവൽ വിലയിരുത്തുമ്പോഴും (വിഷാദം രാപ്പാർക്കുന്ന മനസ്സുകൾ, മലയാളം 1178 കർക്കടകം 2) അതിന്റെ പരിമിതികൾ സൗന്ദര്യബോധത്തോടെ മിനി എടുത്തുയർത്തുന്നുണ്ട്‌. പെണ്ണെഴുത്ത്‌ മാത്രമല്ല തനിക്ക്‌ വഴങ്ങുന്നത്‌ എന്ന് മിനി തെളിയിച്ചിട്ടുണ്ട്‌. ലെസിംഗിന്റെ 'എ ഗ്രാസ്‌ ഈസ്‌ സിംഗിങ്ങ്‌' എന്ന നോവലിന്റെ പഠനവും (അക്ഷരലോകം 2006 ഡിസംബർ) 'കവിതയിലെ പൈതൃകപച്ച' (എൻ.ബി.എസ്‌ ബുള്ളറ്റിൻ മാർച്ച്‌ 2011) അതാണ്‌ ഉദാഹരിക്കുന്നത്‌. പുസ്തകനിരൂപണത്തിന്‌ അപ്പുറം സഞ്ചരിക്കുവാനുള്ള ഊർജ്ജം മിനിക്ക്‌ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്‌. അവിടെയും കരുത്തുനേടാൻ കഴിയും എന്നാണ്‌ 'ഉടലാകെ പൂത്തും ഉലകാകെ നിറഞ്ഞും' (2011 മാർച്ച്‌, ഭാഷാപോഷിണി) എന്ന ലേഖനം വായനക്കാരെ അറിയിക്കുന്നത്‌. നിരൂപണത്തിന്റെ സാമൂഹിക പരിപ്രേക്ഷ്യനിഷ്ഠമായ നിലപാട്‌ നേടിക്കഴിഞ്ഞ മിനി സ്വയം ജീവൻ എപ്പോഴും നിലനിർത്താൻ കഴിയുന്ന ഒരു നിരൂപണഭാഷയും വഴക്കിയെടുത്തിട്ടുണ്ട്‌. ലേഖനങ്ങളിൽ നെടുകയും കുറുകയും ഓടുകയും പുറത്തിറങ്ങുകയും അകത്തുകയറുകയും ചെയ്യേണ്ടുന്ന ഒരു ടാലന്റ്‌ ഇനി ജീവൻ വയ്പ്പിച്ചെടുക്കാൻ ഈ നിരൂപകയ്ക്ക്‌ കഴിയണം. 

ഡോ.മിനി ആലീസ്‌


ഫെമിനിസത്തെക്കുറിച്ച്‌ മലയാളത്തിലെ എല്ലാ എഴുത്തുകാർക്കുമുള്ള കാഴ്ചപ്പാടിന്റെ തെളിമയില്ലായ്മയും ലക്ഷ്യമില്ലായ്മയും പ്രേതം പോലെ മിനിയെയും വല്ലാണ്ട്‌ ബാധിച്ചിട്ടുണ്ട്‌. പ്രണയത്തിന്റെയും രതിയുടെയും ആഘോഷങ്ങളുടെ തടവറയിൽ മാത്രമാണ്‌ ഇവർ. ആണ്മയെ ശത്രുപക്ഷത്തിൽ അകറ്റി രസിക്കുന്ന ലീലാലോലുപതയിൽ ഇവരെല്ലാം ഒരുപോലെ പങ്കുപറ്റുന്നു. സ്ത്രീപുരുഷ തുല്യതയുടെ ഉദാത്തമായ പാഠങ്ങളിലേക്കും പവിത്രമായ ജീവിതലക്ഷ്യത്തിലേക്കും ഉള്ള ഉയർച്ച ഫെമിനിസ്റ്റ്‌ ചിന്ത ഇനിയും നേടിയിട്ടില്ല. ശ്രദ്ധിച്ചു വായിച്ചു പോയാൽ ഭാരതീയദർശനങ്ങളിൽ തന്നെ ഇവർക്ക്‌ ഇത്‌ കണ്ടുമുട്ടാവുന്നതേയുള്ളൂ. പാശ്ചാത്യപ്രേമം മിനി ഉൾപ്പെടെയുള്ളവരെ വഴി തെറ്റിക്കുന്നുണ്ട്‌. പ്രണയത്തിലും ലൈംഗികതയിലും പെണ്ണു നേടേണ്ടുന്ന സ്വാതന്ത്ര്യം അപ്പോഴും അനിഷേധ്യമാണ്‌. പുസ്തകനിരൂപണത്തിന്റെ തടവറയിൽ നിന്ന് പുറത്തുവന്നാൽ നിരൂപണത്തിന്റെ രാജപാതയിൽ ഒരുപാട്‌ ഓടിക്കയറുവാൻ ഈ നിരൂപകയ്ക്ക്‌ കഴിയും.


 മാധ്യമം ആഴ്ചപ്പതിപ്പ്‌



അനുഭവങ്ങളും അഭിമുഖങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌ മാധ്യമം ആഴ്ചപ്പതിപ്പ്‌, 2011 സെപ്റ്റംബർ 12 ലക്കം. കഥയും ഒരു നോവലിന്റെ അവസാന അധ്യായവും ഏതാനും കവിതകളും ഈ ലക്കത്തിൽ ഉണ്ട്‌. ഒരഭിമുഖവും ഒരനുഭവക്കുറിപ്പും തീർച്ചയായും ഈ ലക്കത്തിൽ നിന്ന് ഒഴിവാക്കാമായിരുന്നു. ഒരാഴ്ചയിൽ അനവധി വാരികകളും മറ്റ്‌ ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുന്നവരെ ശിക്ഷിക്കാതിരിക്കാൻ മാധ്യമം ആഴ്ചപ്പതിപ്പ്‌ ശ്രദ്ധിക്കണം. അനുഭവക്കുറിപ്പുകൾക്കും അഭിമുഖത്തിനും നല്ല മാർക്കറ്റുണ്ട്‌ എന്ന് മാധ്യമത്തിന്‌ പറഞ്ഞുതരേണ്ടതില്ലല്ലോ / ഇതിന്‌ ഇപ്പോൾ നല്ല വിൽപനമൂല്യമുണ്ട്‌. കാറ്റുള്ളപ്പോൾ തൂറ്റുക !




 ചിന്ത



കഴിഞ്ഞ രണ്ടു വർഷം കൊണ്ട്‌ ഇന്ത്യയിലെ ബില്യനർമാരുടെ എണ്ണം (അമേരിക്കൻ ഡോളറിൽ) 26 ൽ നിന്ന് 52 ആയി ഉയർന്നു. ഇപ്പോൾ 69 ആണ്‌. അവരുടെ മൊത്തം ആഭ്യന്തര ആസ്തി മൊത്തം ആഭ്യന്തര ഉപ്പാദനത്തിന്റെ (ജി.ഡി.പി) മൂന്നിലൊന്ന് വരും. അതേസമയം, നമ്മുടെ ജനസംഖ്യയുടെ 77 ശതമാനം (80 കോടി) പ്രതിദിനം 20 രൂപയിൽ താഴെ വരുമാനം കൊണ്ടാണ്‌ ജീവിക്കുന്നത്‌. സീതാറാം യെച്ചൂരിയെപ്പോലുള്ളവർ നിരന്തരം പറയുന്ന കാര്യമാണിത്‌. അവർ പറയുന്നത്‌ തികച്ചും ശരിയാണ്‌. ഉയർന്ന സാമൂഹിക ഉത്തരവാദിത്വത്തോടെയാണ്‌ പറയുന്നതും.

ഇന്ത്യയിൽ ഇടതുപക്ഷത്തിന്‌ ഇടിച്ചുകയറി വളരുവാൻ ഇതിൽപ്പരം സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- സാംസ്കാരിക സാഹചര്യം വേറേ എന്താണുള്ളത്‌? ഇടതുപക്ഷം കൂടുതൽ ഐക്യപ്പെട്ട്‌ നേതാക്കന്മാർ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇക്കര്യത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട കാലം എത്രയോ അതിക്രമിച്ചിരിക്കുന്നു. ഇത്‌ ചെയ്യാത്താണ്‌ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പാപ്പരത്തത്തിന്റെ അടിസ്ഥാനം.




 ചാത്തന്നൂർ മോഹനന്റെ കവിത



പുതിയ കാലത്തിന്റെ വ്യാജതയെ അതിസുന്ദരമായി, അതിശക്തമായി ചാത്തന്നൂർ മോഹനൻ എഴുതിക്കാണിച്ചപ്പോൾ വായിച്ചിരുന്നുപോയി. അഭിനന്ദനങ്ങൾ. കവിതകൂടി വായിച്ചുകൊള്ളുക.


സത്യപ്രസ്താവനകളുടെ
മജ്ജയിലൂടെ
വ്യാജസന്ദേശങ്ങളുടെ
കത്തി ആഴ്‌ന്നിറങ്ങുമ്പോൾ
മാർജ്ജാരസംഘങ്ങൾ
പമ്മിപ്പമ്മിവന്ന്
ഭുർജ പത്രത്തിലെ
ചോരത്തുള്ളികൾ
നക്കിക്കുടിക്കുന്നു.
തെരുവിലലയുന്ന പട്ടിയുടെ
വായിലകപ്പെട്ട എല്ലിൻകഷ്ണം
പിടിച്ചുവാങ്ങി കഴുകിത്തുടച്ച്‌
പുത്തൻകാലത്തിന്റെ
തീൻമേശയിൽ
റോസ്റ്റ്‌ ചെയ്തുവെക്കുമ്പോൾ
ബലേഭേഷ്‌ വിളികളുടെ
ആരവം അടക്കുന്നില്ല.
(മാധ്യമം സെപ്റ്റംബർ 12,2011 )




 എം.കെ.സാനു


എം.കെ.സാനു


ഇന്ന് കേരളീയർ ഏറ്റവും അധികം ബഹുമാനിക്കേണ്ട ചില വ്യക്തികളിൽ ഒരാളാണ്‌ എം.കെ.സാനുമാഷ്‌. നമ്മുടെ വിദ്യാർത്ഥികളും കേരളീയ യുവത്വവും ഇത്‌ നല്ലതുപോലെ തിരിച്ചറിയണം. തിരിച്ചറിയാതെ പോകുമ്പോൾ ഈ രണ്ടു വിഭാഗങ്ങളും അവരുടെ വമ്പൻ പരാജയം ലോകത്തോട്‌ വിളിച്ചുപറയുകയാണ്‌. ഈ അടുത്ത സമയത്തുതന്നെ എം.കെ.സാനുമാഷ്‌ എഴുതുകയുണ്ടായി (ദേശാഭിമാനി പത്രം,വാരാന്ത്യം). ഇന്ന് നമുക്ക്‌ ജാതികളും മതങ്ങളുമേയുള്ളൂ, മനുഷ്യരില്ല എന്ന്. ജാതീയമായും മതപരമായും മാത്രം ജനങ്ങളെ സംഘടിപ്പിക്കുന്ന ശക്തികൾ എം.കെ.സാനുമാഷിന്റെ ഈ ചിന്ത വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. 


 മനുഷ്യവിസർജ്ജ്യം- ഹൈക്കോടതി ഉത്തരവ്‌ അഭിനന്ദനീയം




ട്രെയിനിന്റെ ടോയ്‌ലറ്റിൽ നിന്നുള്ള മനുഷ്യവിസർജ്ജ്യം നേരിട്ടു റെയിൽവേ ട്രാക്കിലേക്കും തുറസ്സായ പരിസരങ്ങളിലേക്കും തള്ളുന്നത്‌ അതീവഗുരുതര പ്രശ്നമാകുമെന്നുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിരീക്ഷണവും തുടർനടപടികൾക്കായുള്ള ശ്രമവും ഏറെ അഭിനന്ദനീയമാണ്‌. ജസ്റ്റിസ്‌ സി.എൻ.രാമചന്ദ്രൻനായർ, ജസ്റ്റിസ്‌ പി.എസ്‌.ഗോപിനാഥ്‌ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതായിരുന്നു ഉത്തരവ്‌. ഈ ഉത്തരവ്‌ നേടുന്നതിനു മുന്നിട്ടിറങ്ങിയ സ്വദേശി ഡോ.ജോർജ്ജ്‌ ജോസഫ്‌ ഏറെ ആദരവ്‌ അർഹിക്കുന്നു. സത്യത്തിൽ ഏകദേശം കാൽനൂറ്റാണ്ടിനു മുമ്പെങ്കിലും ഇതവസാനിപ്പിക്കേണ്ടതായിരുന്നു !

സ്വാതന്ത്ര്യം കിട്ടി 60ൽ പരം വർഷമായിട്ടും പലകാര്യങ്ങളിലും ഇന്ത്യക്കാർ പ്രാകൃതരായി കഴിയുന്നതോർത്ത്‌ കടുത്ത നിരാശ തോന്നാറുണ്ട്‌. സോഷ്യലിസം എന്ന മഹത്തായ ആശയത്തിന്റെ ശത്രുക്കളും അഴിമതിക്കാരുമായ ഇന്ത്യയുടെ ഭരണം കയ്യാളിയവർ, രാഷ്ട്രീയക്കാർ എന്നിവർ വിഭവസമൃദ്ധമായ നമ്മുടെ രാജ്യത്തെ പന്താടുകയായിരുന്നു കഷ്ടം !




 ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ - മാതാപിതാക്കളേ ഇനിയെങ്കിലും ഉണരുക !




അപകോളനീകരണത്തിന്റെ (de-colonization) ഇന്നത്തെ ലോകസാഹചര്യങ്ങളിലും നമ്മുടെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ യാതൊരു ഉളുപ്പുമില്ലാതെ കൊളോണിയൽ നിലപാടിൽ ആണ്‌ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഇതൊരു വലിയ തെറ്റായ ആശയമാണെന്ന കാഴ്ചപ്പാടില്ലാതെയാണ്‌ ഭരണകൂടവും പൊതുസമൂഹവും ഇതിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. വിദ്യാഭ്യാസം കച്ചവടമാകുന്നിടത്തു തന്നെ തിന്മ ആരംഭിക്കുന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഒരുപോലെ ചൂഷണത്തിന്‌ വിധേയമാകുകയാണിവിടെ. ഒരു വിദേശഭാഷ വിദ്യാഭ്യാസ മാധ്യമമാകുന്നതു തന്നെ വലിയ തെറ്റ്‌. മലയാളഭാഷയും സംസ്കാരവും കൊല്ലാക്കൊല ചെയ്യപ്പെടുന്നു എന്നതാണ്‌ ഇവിടുത്തെ ഏറ്റവും ഭീകരമായ തെറ്റ്‌. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾ ഇതേ തരത്തിലുള്ള വിദ്യാഭ്യാസം തുടർന്നാൽ, സ്വത്വത്തകർച്ച അവരെ വല്ലാതെ ബാധിക്കും. ചരിത്രബോധം, രാഷ്ട്രീയബോധം, സാമൂഹികബോധം തുടങ്ങിയ തിളങ്ങുന്ന ഗുണങ്ങൾ -അവരെ മികച്ച പൗരന്മാരാക്കുന്ന- അവർക്ക്‌ നഷ്ടപ്പെടും. സ്വാർത്ഥരും മനോരോഗികളുമായ പൗരന്മാരെ പടച്ചുവിടുന്ന ഇടങ്ങളായി ഇതു മാറും. മലയാളിയുടെ മക്കളോടുള്ള ലാളനയെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകൾ നന്നായി മുതലെടുക്കുന്നുണ്ട്‌. എത്രകാലമായുള്ള ചാകര ! 

മലയാളവും മലയാളം പഠിപ്പിക്കുന്ന അധ്യാപകരും ഇവിടെ പീഡിതരായിത്തീരുന്നു എന്ന വാർത്ത പരക്കെ ഉണ്ട്‌. ഭരണകൂടം അടിയന്തിരമായി ഇടപെടേണ്ട വിദ്യാഭ്യാസ- സാംസ്കാരിക സാഹചര്യമാണിത്‌. പുരോഗമന വിദ്യാർത്ഥി സംഘടനകളെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടുക ! നമ്മുടെ സംസ്കാരം പ്രതിസന്ധിയിലാവുകയാണ്‌ !! നമ്മുടെ സ്വാതന്ത്യവും ജനാധിപത്യവും ആത്യന്തികമായി അപകടത്തിലാവുകയാണ്‌ !!!




 കാഴ്ചയ്ക്കപ്പുറം 

ജനശക്തി, അനിൽ വള്ളിക്കോട്‌



ജനശക്തി വാരികയിൽ വരുന്ന ശ്രദ്ധേയമായ ഒരു കോളമാണ്‌ അനിൽ വള്ളിക്കോടിന്റെ 'കാഴ്ചയ്ക്കപ്പുറം'. ഉപഹാസം അതിൽ തിളച്ചുമറിയുന്നുണ്ട്‌. നമ്മുടെ പൊതുവ്യവഹാര മണ്ഡലത്തിലെ നെറികേടുകൾക്കു നേരേ ഉപഹാസത്തിന്റെ അമ്പുകൾ തൊടുത്തുവിടുകയാണ്‌ അദ്ദേഹം. ഔഷധം പുരട്ടിയ അമ്പുകളാണിത്‌. തീർച്ച. മലയാളത്തിന്‌ പൈതൃകമായി കിട്ടിയ ഹാസ്യബോധമാണ്‌ അനിലിൽ പ്രവർത്തനക്ഷമമായി വരുന്നത്‌. ഇദ്ദേഹം കഥയെഴുത്തുകാരനും കൂടിയാണ്‌. ഈ ടാലന്റ്‌, അനിലിന്റെ ആക്ഷേപഹാസ്യാഖ്യാനത്തിന്‌ സജീവത കൊടുക്കുന്നു. ഹാസ്യോപാഖ്യാനത്തിന്‌ വഴങ്ങുന്ന ഒരു ഭാഷ അനിലിന്‌ സ്വന്തമായിക്കഴിഞ്ഞു. തികച്ചും പ്രാദേശികമായ പല വാക്കുകളും ഹാസ്യത്തിനു വേണ്ടി അനിൽ കരുതി വെയ്ക്കുന്നുണ്ട്‌. അതിനിയും ശക്തമാക്കാവുന്നതാണ്‌. ആഖ്യാനം സ്വയം ആക്ഷേപഹാസ്യത്തിന്റെ അമിട്ടുകൾ പൊട്ടിച്ച്‌ നീങ്ങിക്കൊണ്ടിരിക്കുന്നു, 'കാഴ്ചയ്ക്കപ്പുറം'. 

അനിൽ വള്ളിക്കോട്‌


സാമൂഹിക-സാംസ്കാരിക - ചലച്ചിത്ര - രാഷ്ട്രീയ മാധ്യമസംഭവങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്തി ഉപഹാസത്തിന്റെ ചാട്ടവാറടികൾ നടത്തിക്കൊണ്ടിരിക്കുന്ന അനിൽ, അതിനാൽത്തന്നെ മികച്ച ചികിത്സകനായിത്തീരുന്നു. കേരളത്തിലെ പ്രമുഖരായ പലരുടെയും നർമ്മം സൃഷ്ടിക്കുന്ന കോളങ്ങളോട്‌ മത്സരിക്കാൻ ആരോഗ്യകരമായ കെൽപ്പ്‌ 'കാഴ്ച്ചയ്ക്കപ്പുറ'ത്തിനുണ്ട്‌. വാക്കുകളുടെ പല ഘടനകളെ കൂട്ടിമുട്ടിച്ച്‌ ഹാസ്യത്തിന്റെ സ്ഫോടനം സൃഷ്ടിക്കുന്ന തന്ത്രം അനിൽ കൂടുതൽ ശക്തമാക്കണം. സറ്റയറിക്‌ ജേണലിസത്തിനായി നിർമ്മിച്ചെടുക്കുന്ന ഭാഷയാണ്‌ ഈ കോളത്തിന്‌ ജീവൻ വെയ്പ്പിക്കുന്നത്‌.
അശ്ലീലവൽക്കരണമാണല്ലോ നമ്മുടെ യുവത്വത്തെ തളച്ചിടാൻ മുതലാളിത്തമിറക്കി ക്കൊണ്ടിരിക്കുന്ന തുറുപ്പുശീട്ട്‌. അതു മനസ്സിലാക്കിക്കൊണ്ടാണ്‌ 'കാഴ്ചക്കപ്പുറ'ത്തിൽ തന്റെ ഉപഹാസത്തിന്റെ ചാട്ടുളിയുടെ മുനയ്ക്ക്‌ അനിൽ മൂർച്ചകൂട്ടുന്നത്‌. "സ്ലോട്ടർ ഹൗസുകൾ മറച്ചുവേണം ഇറച്ചിവിൽക്കാനെന്ന ഹൈക്കോടതിയുടെ ഉത്തരവുള്ളതു പോലെ സ്റ്റേജ്‌ ഷോയിലെ മാംസവ്യാപാരത്തിനെതിരെ ഒരുത്തരവുണ്ടാകാൻ വഴിയില്ല. കാരണം തുണിക്കഷ്ണവും ഒരു ആവിഷ്കാര സ്വാതന്ത്ര്യമാണ്‌" (2011 മെയ്‌ 7-11 ). 

കുലീനത കൈവിടാത്ത ആക്ഷേപഹാസ്യമായിരിക്കും നിലനിൽപ്പ്‌ നേടാൻ പോകുന്നത്‌ എന്ന ഓർമ്മയിൽ അനിൽ 'കാഴ്ചയ്ക്കപ്പുറം' കൂടുതൽ കൂടുതൽ ശക്തമാക്കുക, സുന്ദരമാക്കുക.




 ടൊമാസ്‌ ട്രോൺസ്ട്രോമർ അതു നേടി !


ട്രോൺസ്ട്രോമർ



ഈ വർഷത്തെ നൊബേൽ സാഹിത്യ പുരസ്കാരം ട്രോൺസ്ട്രോമർക്ക്‌ തന്നെ ലഭിച്ചു. അഡോണിസ്‌ എന്ന അറബികവി ഉൾപ്പെടെ പലർക്കും നൊബേൽ ലഭിക്കുമെന്ന് വിചാരിച്ചിരുന്നു. ട്രോൺസ്ട്രോമർ കവിതകളെ 'സ്വപ്നങ്ങളിലെ പാരച്യൂട്ട്‌ ഇറക്കം' എന്നാണ്‌ ഡോ.ജി.ബാലമോഹനൻ തമ്പി വിശേഷിപ്പിച്ചിരിക്കുന്നത്‌ (സംഘം മാസിക ഒക്ടോബർ 2011 ). അയ്യപ്പപണിക്കർ, സച്ചിദാനന്ദൻ തുടങ്ങിയവർ മൊഴിമാറ്റങ്ങളിലൂടെ ഇദ്ദേഹത്തെ മലയാളിക്ക്‌ നേരത്തെ തന്നെ പരിചയപ്പെടുത്തി തന്നിരുന്നു. ട്രോൺസ്ട്രോമറുടെ ഒരു കവിത വിവർത്തനം ചെയ്തത്‌ താഴെ ചേർക്കുന്നു.

മരണാനന്തരം
പണ്ടൊരിക്കൽ ഒന്ന് ഷോക്കടിച്ചതാണ്‌
മിന്നിച്ചിന്നും വാലൻ താരത്തിന്റെ
നീളൻ വാൽ പോലെ അതിന്റെ
അവശേഷിപ്പ്‌ .....

അതിപ്പോഴും ഉള്ളിലുണ്ട്‌
ടെലിവിഷൻ കാഴ്ചയെ
മൂടൽമഞ്ഞണിയിച്ചും
ടെലിഫോൺ വള്ളിയിലെ
മഞ്ഞുതുള്ളിയിൽ ചേക്കേറിയും

ശിശിരസൂര്യന്റെ ആകാശത്തിലൂടെ
ഒരാൾക്കിപ്പോഴും പതിയെ പതിയെ പോകാനാകും
ഇലയെണ്ണം കുറഞ്ഞ
കുറ്റിക്കാട്ടിലൂടിപ്പോഴും...


താളുകീറിയെടുത്ത ടെലിഫോൺസൂചിക
ശൈത്യം വിഴുങ്ങിയ പേരുകൾ

ഹൃദയത്തിന്റെ താളം
അനുഭവിക്കുമ്പോൾ
അത്രമേൽ സുഖദായകം.
ചിലപ്പോഴെങ്കിലും നിഴൽ
ശരീരത്തേക്കാൾ നേര്‌
കരിംവ്യാളിരൂപം വരഞ്ഞിട്ടതാം
പടക്കോപ്പണിഞ്ഞിടാതിരിക്കുകിൽ
സമറായ്‌ പോരാളിയും
കാഴ്ചയിൽ വെറും തുച്ഛം...
(മൊഴിമാറ്റം - കാർട്ടൂണിസ്റ്റ്‌ എസ്‌.ജിതേഷ്‌ )

ദർശനത്തിലൂടെ കടന്നുപോകുന്ന ഭാവനയുടെ രശ്മികൾ കൊണ്ടേ ഇങ്ങനെയുള്ള കവിത ഉണ്ടാക്കാൻ കഴിയൂ. ഇവ്വണ്ണമുള്ള പ്രതിഭയാണ്‌ ഇദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിന്റെ പടികൾ കയറ്റിവിട്ടത്‌. മരണപൂർവ്വതയും മരണവും മരണാനന്തരതയും ഒരു പോലെ കടന്നുവരുന്ന കവിത എഴുതുക വെല്ലുവിളിയാണ്‌. ഇതിനെ എത്ര അയത്നസുന്ദരമായി കവി നേരിട്ടിരിക്കുന്നു ! മരണപൂർവ്വതയും മരണാന്തരതയും തമ്മിലുള്ള ക്ലാഷ്‌ ആണ്‌ ആകെത്തുകയിൽ കവിത.


 കുഞ്ഞിപ്പിഞ്ഞാണം



റെജി മലയാലപ്പുഴയുടെ കുട്ടിക്കവിതകളുടെ (26 എണ്ണം) സമാഹാരമാണ്‌ കുഞ്ഞിപ്പിഞ്ഞാണം. പത്തനംതിട്ട ഒരുമ സാഹിതിയാണ്‌ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. നാം ഇന്ന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വിഭാഗമാണ്‌ കുട്ടികൾ. പുതിയ കാലത്തിന്റെ തിന്മകൾക്കൊപ്പം വളർത്തിയെടുക്കുകയാണ്‌, മാതാപിതാക്കൾ. വേറിട്ടൊരു വഴിയും ചിന്തയും കുട്ടികൾക്ക്‌ കൊടുക്കുവാൻ ന്ന് എത്ര മാതാപിതാക്കൾക്ക്‌ കഴിയുന്നു? ഇവിടെയാണ്‌ കുഞ്ഞിപ്പിഞ്ഞാണം എന്ന കുട്ടിക്കവിതകളുടെ സമാഹാരത്തിന്‌ മാറ്റ്‌ കിട്ടുന്നത്‌. എല്ലാവരും കൂടി ജീവിതം കുട്ടിച്ചോറാക്കുന്ന സമകാലീനതയിൽ ചെറുചിന്തകളിലൂടെ/ കവിതാരസികതയിലൂടെ കുട്ടികളെ നന്മയുടെ വേറിട്ട വഴികളിലേക്ക്‌ റെജി വകഞ്ഞുമാറ്റിക്കൊണ്ടുപോകുന്ന ചേതോഹാരിതയാണ്‌ ഈ ചെറുപുസ്തകത്തിന്റെ ഏറ്റവും വലിയ സാമൂഹികമൂല്യം. ഇത്‌ അവതാരികയിൽ പ്രൊഫ.ടോണി മാത്യു നിരീക്ഷിച്ചെടുത്തിട്ടുണ്ട്‌. 


റെജി മലയാലപ്പുഴ


'മൊട്ടത്തലയൻ കുട്ടാപ്പി'യുടെ കഥ എട്ടാംകട്ടയിൽ പാടി രസിക്കാവുന്നതാണ്‌. ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടം മൊബൈൽ ഫോണാണെന്ന സത്യം പാവയുടെ സ്വപ്നത്തിലൂടെ പറഞ്ഞുവെക്കുന്നത്‌ ചിന്തോദ്ദീപകമായിരിക്കുന്നു. 'സൂചി' കടങ്കഥക്കവിതയാണ്‌. കുട്ടികളെ അത്‌ ആകാംക്ഷാഭരിതരാക്കും. സാമൂഹികബോധം വളർത്താനുപകരിക്കുന്ന കവിതയാണ്‌ 'മാത്തച്ചൻ'. നാണ്യവിള മാത്രം പോരാ ഭക്ഷ്യവിളയും വേണമെന്ന ആശയമാണ്‌ അതിലുള്ളത്‌. നാനാപ്രകാരേണ കുഞ്ഞുങ്ങളുടെ മനസ്സ്‌ വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ കുഞ്ഞിപ്പിഞ്ഞാണം പോലുള്ള കുട്ടിക്കവിതകൾ വാങ്ങി കുട്ടികൾക്ക്‌ കൊടുക്കുകയും അവരെക്കൊണ്ട്‌ വായിപ്പിക്കുകയും ചെയ്താൽ മാതാപിതാക്കൾക്ക്‌ ഇതിൽപ്പരം ഒരു നന്മ ചെയ്യാനാവുകയില്ല. കാലത്തിന്റെ കലക്കത്തിൽ അലിഞ്ഞുപോകാതെ വേറിട്ട നിലപാടിൽ ജീവിതം സൗന്ദര്യമയമാക്കിക്കൊണ്ടിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ സംസ്കാരത്തെ എപ്പോഴും അഭിവാദ്യം ചെയ്യുന്നു.



 കർഷകശ്രീ



മലയാളമനോരമയുടെ എല്ലാ പ്രസിദ്ധീകരണങ്ങൾക്കും വാലുണ്ട്‌. വാല്‌ ഒട്ടിച്ചുവെച്ചാണ്‌ ഞങ്ങളിതൊക്കെ വായിക്കുന്നത്‌. ദയവു ചെയ്ത്‌ പണം പിടുങ്ങുവാനുള്ള ശ്രമത്തിനിടയിൽ വായനക്കാരെ ശല്യപ്പെടുത്തരുത്‌. കർഷകർക്ക്‌ പ്രയോജനകരമായ ഒരുപാട്‌ വിവരങ്ങളാൽ കർഷകശ്രീ എപ്പോഴും സമ്പന്നമാകാറുണ്ട്‌. കർഷകരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു കൂടി കർഷകശ്രീയിൽ ഇടമുണ്ടാകണം. കർഷക ആത്മഹത്യ (2.5 ലക്ഷം കർഷകർ ആത്മഹത്യ ചെയ്ത നാടാണ്‌ നമ്മുടേത്‌) നടക്കുന്നതിന്റെ പിന്നിലുള്ള സാമ്പത്തിക - രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി അച്ചടിച്ചു വിടാൻ കർഷകശ്രീ ശ്രമിക്കണം. അപ്പോഴേ ഈ പ്രസിദ്ധീകരണം കർഷകശ്രീ എന്ന പേരിന്‌ അർഹമായിത്തീരുകയുള്ളൂ.



 ചാനലുകളിലെ സ്ത്രീകർതൃത്വം



ങ്‌കമാർക്ക്‌ നമ്മുടെ ചാനലുകളിൽ നല്ല സാന്നിധ്യമുണ്ട്‌. പെൺ ങ്‌കമാർ (Anchors) ഉണ്ടാവുന്നത്‌ സ്ത്രീകർതൃത്വചർച്ച തകർക്കുന്ന ഈ കാലയളവിൽ പ്രത്യേകം ചർച്ച ചെയ്യപ്പെടേണ്ടതാണ്‌. 

ഷാനി പ്രഭാകരൻ (മനോരമ) 

ഷാനി പ്രഭാകരൻ തകർക്കുന്നുണ്ട്‌. ഇന്റലിജന്റായ നേതാക്കളോട്‌ വളരെ ഇന്റലിജന്റായ ചോദ്യങ്ങൾ ചോദിക്കുന്നതിനും ചിലപ്പോഴൊക്കെ അവരെ വെട്ടിലാക്കുന്നതിനും ഷാനിക്ക്‌ മിടുക്കുണ്ട്‌. ഊർജ്ജസ്വലയായ ഷാനി അപൂർവ്വം സന്ദർഭങ്ങളിലെങ്കിലും ദുർബലയാകുന്നത്‌ കണ്ടിട്ടുണ്ട്‌. ഭാവവൈവിധ്യമില്ലാത്ത മുഖം ഷാനിക്ക്‌ ഒരു ബാധ്യതയാണ്‌. അതുകൊണ്ട്‌ അത്‌ തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുക.

വീണാജോർജ്ജ്‌ (ഇന്ത്യാവിഷൻ)

വീണാജോർജ്ജ്‌ ജേണലിസ്റ്റിന്റെ അമിതാധികാരം പ്രയോഗിക്കുന്നുണ്ട്‌ എന്ന് ചില ജേണലിസ്റ്റുകൾ തന്നെ പറഞ്ഞിട്ടുണ്ട്‌. ഓവർ പെർഫോമൻസ്‌ ചിലപ്പോഴൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിലും ബുദ്ധിമതിയാണ്‌. ഔചിത്യം പാലിക്കാൻ കഴിയുന്ന, അവസരത്തിനൊത്ത്‌ പ്രവർത്തിക്കാൻ കഴിയുന്ന ങ്‌കറാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.

സ്മൃതി പരുത്തിക്കാട്‌ (റിപ്പോർട്ടർ)

കാഴ്ചക്കാരോട്‌ സംസാരിക്കുമ്പോൾ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങൾപ്പോലും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ജാട സ്മൃതിക്ക്‌ ഒഴിയാബാധയാണ്‌. സ്ത്രീകർതൃത്വത്തിന്റെ കൊടി ഉയർത്തിപ്പിടിച്ച്‌ പെൺ ങ്‌കമാരുടെ നിര ഇനിയും ചാനലുകളിലേക്ക്‌ മാർച്ച്‌ ചെയ്യട്ടെ.....



 എസ്‌.ജോസഫിന്റെ കവിത മങ്ങുന്നു.



ആഖ്യാനം കൊണ്ടും പ്രമേയം കൊണ്ടും എസ്‌.ജോസഫ്‌ കുതിക്കുന്നില്ല എന്നതാണ്‌ അദ്ദേഹത്തിന്റെ കവിതയ്ക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീനമായ ശാപം. മോഹനകൃഷ്ണൻ കാലടിയുടെ കവിതകൾക്ക്‌ പിണഞ്ഞ അതേ പ്രതിസന്ധി. തിരിച്ചുവരാൻ കഴിയാത്തവണ്ണം മോഹനകൃഷ്ണൻ കാലടിയുടെ കവിതകൾക്ക്‌ സംഭവിച്ച അതേ പതനം എസ്‌.ജോസഫിന്റെ കവിതകളെയും കാത്തിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ്‌ 'പാടം' എന്ന കവിത (മനോരമ വാർഷികപ്പതിപ്പ്‌ 2011). നേരത്തെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള എസ്‌.ജോസഫിന്റെ കവിതകളിലെ നന്മകളെല്ലാം ഈ കവിതയിലും കാണാം. പറഞ്ഞിട്ടുകാര്യമില്ല, മുന്നോട്ടു പോകണ്ടേ ? 

ചില സിനിമാറ്റിക്‌ - ഫോട്ടോഗ്രാഫിക്‌ - ചിത്രങ്ങൾ/വാക്കുകൾ കൊണ്ടു നെയ്ത്‌ ജോസഫിന്റെ കവിത്വം വിശ്രാന്തി കൊള്ളുകയാണ്‌. ഒപ്പം വേഷം മാറി വരുന്ന കാൽപ്പനികതയുടെ (Romanticism in disguise) സമർത്ഥമായ ഉപയോഗവും !

'പാടം' എന്ന കവിതയിലെ ഘ്രാണേന്ദ്രിയനിഷ്ഠമായ ആവിഷ്കാരം - 
'വേർത്ത കച്ചിതൻ മണമുള്ള കാറ്റടിക്കുന്നു
ആർത്തി പൂണ്ടതു മണത്തങ്ങനെ നിന്നുപോയി'



 എം.ജി.യൂണിവേഴ്സിറ്റിക്കും വൈസ്‌ ചാൻസലർ രാജൻ ഗുരുക്കക്കും അഭിനന്ദനങ്ങൾ



എം.ജി.യൂണിവേഴ്സിറ്റിയിലെ ഏത്‌ ഗവേഷണപ്രബന്ധവും മലയാളത്തിൽ എഴുതുവാനുള്ള അനുവാദം കൊടുത്ത എം.ജി.യൂണിവേഴ്സിറ്റി ഏറെ അഭിനന്ദനം അർഹിക്കുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഉണ്ടായ അപകോളനീകരണ നടപടിയിൽ ഏറ്റവും തിളക്കമുള്ള തീരുമാനമാണിത്‌. ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും ഈ തീരുമാനം നടപ്പിലാക്കണം.


 എന്റെ കവിത തന്നെ എന്റെ ജീവിതവും

പുതുശ്ശേരി രാമചന്ദ്രൻ/ കെ.ബി.ശെൽവമണി, 
ജനയുഗം വാരാന്തം,2011 ഒക്ടോബർ 16 ഞായർ


കവിതയെ ഭാഗികവീക്ഷണത്തിൽ കാണുന്നതിന്റെ തെറ്റ്‌ പുതുശ്ശേരിയെപ്പോലുള്ള വലിയ മനുഷ്യർ ഇപ്പോഴും കാണാതിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മനസ്സിലാകുന്നില്ല. ഈയിടെ കെ.ബി.ശെൽവമണി അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഈ തെറ്റ്‌ പുതുശ്ശേരി ആവർത്തിക്കുന്നത്‌ വായിച്ചു. ആലോചിച്ചിരുന്നുപോയി. പുതുശ്ശേരി ഇങ്ങനെയാണ്‌ പറഞ്ഞത്‌:
"ആകാശത്തിലെ നക്ഷത്രങ്ങളും നിലാവും എന്റെ കവിതാവിഷയമല്ല, ഭൂമിയിലെ പൊള്ളുന്ന വെയിലും അതിലെ മനുഷ്യരുമാണ്‌ എന്റെ കവിതയുടെ പ്രമേയം. എന്റെ കവിതയുടെ തൂവാല കൊണ്ട്‌ നിങ്ങളുടെ കണ്ണീരൊപ്പാം എന്നാണ്‌ എന്റെ വിശ്വാസം".
 നിന്ദിതരും പീഢിതരോടും ദരിദ്രരോടുമുള്ള ഒരു കവിയുടെ കമ്മിറ്റ്‌മന്റ്‌. നല്ല ആശയം തന്നെയാണ്‌ എങ്കിലും....

കമ്മ്യൂണിസ്റ്റുകാരുടെ മഹത്വവും പുതുശ്ശേരി ഈ അഭിമുഖത്തിൽ നമുക്ക്‌ പറഞ്ഞുതരുന്നുണ്ട്‌.
"പ്രൊഫ.വി.ഐ.സുബ്രഹ്മണ്യത്തോട്‌ വ്യവസായവകുപ്പു മന്ത്രിക്ക്‌ ഒന്നു കാണണമെന്ന് ഞാൻ പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം സ്യൂട്ടും കോട്ടുമിട്ട്‌ മന്ത്രിയെക്കാണാനായി എന്നോടൊപ്പമെത്തി. അപ്പോൾ എൻ.ഇ.ബലറാം ഒരു ബനിയനും കൈലിയും ധരിച്ച്‌ പുറത്തുനിൽക്കുന്നുണ്ടായിരുന്നു. പ്രൊഫസർ ആകെ അമ്പരന്നുപോയി. അപ്പോൾ ഞാൻ പറഞ്ഞു : പ്രൊഫസർ ഇങ്ങനെയാണ്‌ കമ്മ്യൂണിസ്റ്റുകാർ !"




  ചെന്താമരക്കൊക്കയും മീശ വരച്ചവരും



രണ്ട്‌ കഥകളാണിത്‌. 'ചെന്താമരക്കൊക്ക' (2011 ജൂലൈ 3 കലാകൗമുദി,രവിവർമ്മത്തമ്പുരാൻ), 'മീശ വരച്ചവർ' (2011 വാർഷികപ്പതിപ്പ്‌ മലയാള മനോരമ, കരുണാകരൻ)


കരുണാകരൻ

ആദ്യകഥ ഭാവനാത്മകം ആണ്‌. രണ്ടാം കഥ ലിബിയൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ഭാവനാത്മക കഥയും. കരുണാകരന്റെ കഥ 'വൻമരങ്ങൾ വീഴുമ്പോൾ' എന്ന കഥയെ അനുസ്മരിപ്പിക്കുന്നു. 'വൻമരങ്ങൾ വീഴുമ്പോൾ' പോലെ തീവ്രതരമായില്ലെങ്കിലും 'മീശ വരച്ചവർ' മനോഹരമായ കഥയായിട്ടുണ്ട്‌. ലിബിയൻ കലാപത്തിന്റെ രൂക്ഷത കഥകൊണ്ട്‌ അനുഭവിപ്പിക്കാൻ കരുണാകരൻ പരാജയപ്പെട്ടു എന്നതാണ്‌, കഥ മൊത്തത്തിൽ ആഘാതകരമായ വായനാനുഭവമായി മാറാതെ പോയതിന്റെ കാരണം. വേറേ ചില ധന്യതകൾ കൊണ്ടാണ്‌ കഥ ആകർഷണീയമായി മാറിയത്‌. സ്നേഹം/ മരണം/ കലാപം/ പ്രണയം എല്ലാം കഥയിലെ സ്പെയിസുകളാണ്‌.

രവിവർമ്മത്തമ്പുരാൻ

രവിവർമ്മത്തമ്പുരാന്റെ കഥ ആഖ്യാനം കൊണ്ടും ക്രാഫ്റ്റ്‌ കൊണ്ടും മലയാള കഥാചരിത്രത്തിൽ ശക്തമായി അടയാളപ്പെടേണ്ട കഥയാണ്‌. കാലത്തെ മുന്നോട്ട്‌ കൊണ്ടുപോയി ഭാവന ചെയ്യുവാനുള്ള അപൂർവ്വതയും വൈഭവവും കഥ പ്രകടിപ്പിക്കുന്നു. കഥയിലെ സംഭവങ്ങളിലെ ചേരുവ അതിശയകരമായ ഭാവനാത്മകതയാണ്‌. ഭൂമിയിലെ ജീവിതത്തെയും ചന്ദ്രനിലെ ജീവിതത്തെയും കഥ കൊണ്ട്‌ ബന്ധിപ്പിച്ച ഈ കഥ ചിലപ്പോൾ നൂറുകണക്കിനു വർഷങ്ങൾക്ക്‌ ശേഷം സംഭവിക്കാൻ പോകുന്ന പ്രാപഞ്ചിക ജീവിതത്തിന്റെ മാതൃകയുടെ ലോകത്തിലെ ആദ്യ ഫിക്ഷൻ ആയേക്കാം. ചാന്ദ്രയാത്ര യാഥാർത്ഥ്യമാകുന്നതിനു മുമ്പ്‌ അത്‌ ഒരു സാഹിത്യകാരൻ ഫിക്ഷനായി ചെയ്തിരുന്നത്‌ ഓർക്കുക. ആധുനിക സാങ്കേതികവിദ്യയെ റിഫ്ലക്റ്റ്‌ ചെയ്യിക്കുന്ന കഥയുടെ ഭാഷയും ഭാവികാല കഥാവിമർശനം ചർച്ച ചെയ്യേണ്ടിവരും. ആഗോളതാപനം, പരിസ്ഥിതി തകർച്ച, ഭൂമിയുടെ നാശം തുടങ്ങിയ ഭൂമിയെ കാത്തിരിക്കുന്ന ദുർവിധി ഫിക്ഷനാവുകയാണിവിടെ. സാവേജറിയെയും ശാസ്ത്രീയ കുതിച്ചുചാട്ടത്തെയും കഥ ചേർത്തുപിടിക്കുന്നു. ഇത്‌ കഥയ്ക്ക്‌ പല മാനങ്ങൾ കൊടുക്കുന്നു. ബുദ്ധിപരതയുടെയും ഏകതാനതയ്ക്ക്‌ എതിരെയുള്ള കലാപത്തിന്റെയും തുടിപ്പുകൾ രവിവർമ്മയുടെ പല കഥകൾക്കും ഉള്ളതായി നേരത്തേതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. മാതൃഭൂമി പോലുള്ള വാരികകൾ ഈ കഥാകൃത്തിനെ കണ്ടില്ലെന്ന് നടിക്കാനും കള്ളയുറക്കം നടത്താനും ഇനി എത്രനാൾ ശ്രമിക്കും? വരാൻപോകുന്ന കാലത്തിൽ ഭൂമിയിൽ ഉണ്ടാകാൻ പോകുന്ന ജീവിതത്തിന്റെ സ്കെച്ച്‌ അതിശയോക്തിയുടെ പേനകൊണ്ട്‌ കഥാകാരൻ ഇപ്പോഴേ വരച്ചുകഴിഞ്ഞിരിക്കുന്നു.

OO



 PHONE : 9895734218





Saturday, November 5, 2011

ചുവന്ന പുതപ്പിട്ട വാകമരത്തിൽ നിന്നും


അഡ്വ:രാജേഷ്‌.ജി.പുതുക്കാട്‌







            റക്കളത്തിൽ കന്നക്കത്തിയും വാളുമായി അലറിപ്പാഞ്ഞു വന്ന് നെഞ്ചിലും നെറ്റിയിലും സ്വയം മുറിപ്പെടുന്നതായി അഭിനയിക്കുന്ന വെളിച്ചപ്പാടുമാർ. ചെണ്ടമേളത്തിനിടയിലെ നിശബ്ദതയുടെ അകമ്പടിയായി വാളുചിലമ്പുന്ന ശബ്ദം മാത്രം. വേട്ടസംഘത്തിന്റെ തോളിൽ മുളവടിയിൽ തൂങ്ങിയാടുന്ന ചത്ത കാട്ടുപന്നിയും ഉടുമ്പും മലയണ്ണാനും. കാട്ടുജന്തുക്കൾക്കു മുകളിൽ 'ബപ്പിടലി'നായി വീശുന്ന കന്നക്കത്തി അന്തരീക്ഷത്തെ കുത്തിക്കീറുന്നു. തലയ്ക്കു മീതേ തീപെയ്തു വീഴ്ത്തുന്ന തോക്കുകളുടെ ശബ്ദത്തെ മറികടക്കുന്ന വേട്ടക്കാരുടെ ആരവം. സഹായികളുടെ കൈകളിൽ നിന്ന് ആകാശത്തേയ്ക്ക്‌ തെയ്യക്കോലം കുതിച്ചുയരുന്നു. ഇടയ്ക്കിടെ ക്ഷേത്രത്തിലേക്കോടുന്നു. വെള്ളാട്ടങ്ങൾ. ചെമ്മൺപാതകളിൽ പൊടിപറത്തുന്ന ജീപ്പുകൾ കൊണ്ടെത്തിക്കുന്ന ഗ്രാമീണ സ്ത്രീകളുടെ വിലാസഭാവം. വാകമരത്തിന്റെ ശോണിമയിലേക്ക്‌ ആസുരതാളത്തോടെ ചെമ്പട്ടിന്റെ രൗദ്രത കുടിയേറി.

മൂന്നു ദിവസങ്ങൾ പൂർണ്ണമായും തെയ്യത്തോടൊപ്പം ശയിക്കുകയായിരുന്നു.
കാസർഗോഡിന്റെ ആചാരപ്പെരുമയോട്‌ വിടപറഞ്ഞ്‌ തിരികയെത്തിയത്‌ പുലർച്ചെ മൂന്നിന്‌. കണ്ണൂർ എക്സ്പ്രസ്സിൽ നിന്നും ഇറങ്ങി ഒരു മണിക്കൂർ കാത്തുനിന്നു. കിട്ടിയ ഓട്ടോറിക്ഷയിൽ വീട്ടിലെത്തി ഒറ്റക്കിടപ്പായിരുന്നു. ഉച്ചയ്ക്ക്‌ 12 ന്‌  അത്യാവശ്യമായി ഒരാൾ കാണാൻ വന്ന് വാതിലിൽ പലതവണ മുട്ടിവിളിച്ചപ്പോഴാണ്‌ എഴുന്നേറ്റത്‌. ബെഡ്ഷീറ്റിനടിയിൽ എവിടെയോ മറഞ്ഞു കിടന്ന മൊബൈൽ ഫോൺ തപ്പി. ഇടത്തേക്കാലിനടിയിൽ നിന്നും കണ്ടുകിട്ടിയ ഫോണിൽ ഒരു മിസ്ഡ്‌ കോൾ. രാവിലെ ഏഴുമണിക്ക്‌ ഒരു അപരിചിതമായ നമ്പർ വന്ന് കാത്തുകിടക്കുന്നു. പേര്‌ ഫീഡ്‌ ചെയ്തു വയ്ക്കാത്ത നമ്പരുകൾ എല്ലാം എനിക്ക്‌ അപരിചിതമാണ്‌. അക്കങ്ങൾ പണ്ടു മുതലേ ഓർമ്മയോട്‌ കലഹിച്ചുകൊണ്ടിരിക്കുന്നു. കാണാൻ വന്നയാൾ പോയ ശേഷം മിസ്ഡ്കോൾ നമ്പരിലേക്ക്‌ തിരികെവിളിച്ചു, ആ നമ്പർ രോഷ്‌നിയുടേതായിരുന്നു. അവൾ ഓഫീസിലാണ്‌. പിന്നീട്‌ തിരികെ വിളിക്കാമെന്നു പറഞ്ഞ്‌ അവൾ ഫോൺ കട്ട്‌ ചെയ്തു. എന്റെ മൊബൈൽ നമ്പർ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്‌ ഞാൻ അവൾക്ക്‌ നൽകിയത്‌.

കണ്ടനാർ കേളൻ തെയ്യം മറക്കളത്തിനു മുന്നിലെ പീഠത്തിൽ ഇരുന്ന് അവ്യക്തമായ വാക്കുകൾ ഉരുവിടുമ്പോൾ, ഭക്ഷണശാലയിലെ 'ബപ്പിട്ട' കാട്ടുജന്തുക്കളുടെ മാംസം രുചിച്ചു നോക്കാമെന്നു കരുതി ബാലകൃഷ്ണയെ വിളിച്ചു. അയാളാണ്‌ എന്റെ ആതിഥേയൻ. പക്ഷേ അയാൾക്ക്‌ താൽപര്യമുണ്ടായിരുന്നില്ല. അയാളെ തെയ്യത്തിന്റെ പാട്ടിനു വിട്ട്‌ ഞാൻ ഭക്ഷണശാലയിലേക്ക്‌ കയറി.

ചെണ്ടമേളം തെയ്യത്തിന്റെ പാദചലനങ്ങൾക്കു പിന്നാലെ ഇടയ്ക്കിടെ വഴിതെറ്റിപ്പോവുന്നു. ചെമ്മൺ പാതയിലെ പൊടി അന്തരീക്ഷത്തെ തവിട്ടുനിറത്തിലുള്ള കാറ്റിലേക്ക്‌ മാറ്റി. വിവിധസാധനങ്ങളുമായി എത്തുന്ന ജീപ്പുകൾ കടന്നുപോകുമ്പോൾ മുഖത്തെ വിയർപ്പിൽ ചെളിപുരളുന്നു. ഭക്ഷണശാലയിലെ വലതുവശത്തെ കസേരകളിലൊന്നിൽ ഇരുന്നു. മൂന്നോ നാലോ വയസ്സുള്ള ആൺകുട്ടിയെ മടിയിലിരുത്തി കൂട്ടുകറി കഴിപ്പിക്കാൻ നിർബന്ധിക്കുന്ന യുവതി, രണ്ടു സീറ്റിനപ്പുറം. പഞ്ചസാരത്തരികളിലൊന്ന് പതിപ്പിച്ചതു പോലെയുള്ള അവളുടെ മൂക്കുത്തിയാണ്‌ ആദ്യം ഞാൻ കണ്ടത്‌.


കുട്ടിയുടെ കുസൃതി വല്ലാതെ കൂടുന്നുണ്ട്‌. പക്ഷേ നിസംഗഭാവത്തിൽ വീണ്ടും ആഹാരം വായിലേക്ക്‌ വെച്ചു കൊടുക്കാൻ ശ്രമിക്കുകയും തുടരെ പരാജയപ്പെടുകയും ചെയ്യുന്ന യുവതി. കലഹമില്ലാത്ത നോട്ടം അവളുടെ കണ്ണുകളിൽ കുടുങ്ങിക്കിടന്നു. അടുത്തിരുന്നവർ അവളെയും കുട്ടിയെയും മാറിമാറി നോക്കുന്നു. ഞാനായിരുന്നെങ്കിൽ അടിച്ച്‌ അവന്റെ തൊലി പൊളിച്ചേനേ, എന്ന ഭാവത്തിൽ. അവരാരും അവളുടെ പരിചയക്കാരല്ല. ഇറച്ചിക്കറിയിൽ ദുർഗന്ധമുണ്ട്‌. പക്ഷെ ദൈവപ്രസാദമാണ്‌. കഴിക്കുന്നവർ ആ കറിക്ക്‌ രുചി കൽപ്പിച്ചുനൽകുന്നു. കുഞ്ഞിന്റെ വായിലേക്ക്‌ അവൾ ചെറിയ ഒരു ഇറച്ചികഷ്ണം വെച്ചുകൊടുത്തു. അവൻ ഒറ്റത്തട്ട്‌. അത്‌ അപ്പുറത്തെ ഇലയിലേക്ക്‌ വീണു. ഇലയുടെ ഉടമസ്ഥന്റെ കൂർത്തനോട്ടത്തിൽ അവളുടെ ക്ഷമാപണത്തിന്റെ മഞ്ഞളിപ്പ്‌. അവളുടെ കത്രിച്ചു വരച്ചു ചേർത്ത പുരികങ്ങൾ ഒരിക്കലും കുട്ടിയുടെ നേരേ വളയുന്നില്ല. മൂക്കുത്തിയിൽ സ്നേഹം ചാലിച്ചുചേർത്ത നിസംഗത ഉറഞ്ഞുകൂടുന്നു. ഇലയൊഴിഞ്ഞിട്ടും അവർ ഭക്ഷണം കഴിച്ചു തീരുംവരെ ഞാൻ അവിടെത്തന്നെയിരുന്നു. കുട്ടിയുടെ കൈയും വായും കഴുകിച്ച്‌ അവൾ നടന്നു. അവൻ അവളുടെ കൈവിട്ട്‌ കുതറിയോടാൻ ശ്രമിക്കുണ്ടായിരുന്നു. ഉയരുന്ന പൊടിപടലത്തിൽ മൂക്കുപൊത്താൻ ഒന്ന് കൈ ഉയർത്താൻ പോലും ആ കുസൃതി അവളെ അനുവദിക്കുന്നില്ല. പത്തടി അകലത്തിൽ അവർക്ക്‌ പിറകേ ഞാൻ നടന്നു. എന്റെ ഇന്നത്തെ കാഴ്ചകളിൽ നിന്നും തെയ്യം മാഞ്ഞുതുടങ്ങുന്നു. അവളും ആ കുട്ടിയും ഇപ്പോൾ കാഴ്ചയുടെ ക്ലോസപ്പിലാണ്‌. വയനാട്ടുകുലവനും വിഷ്ണുമൂർത്തിയും പിന്നെ നിരവധി തെയ്യക്കോലങ്ങളും കാഴ്ചക്കുള്ളിലെ കാഴ്ചയായി ചുരുങ്ങി.


എന്നെ കാത്തുനിൽക്കുന്ന ബാലകൃഷ്ണയുടെ അടുത്തേക്കാണ്‌ അവൾ നീങ്ങുന്നത്‌. ഞാൻ അടുത്തെത്തിയപ്പോൾ ബാലകൃഷ്ണ അവളെ പരിചയപ്പെടുത്തി.

"ഇത്‌ രോഷ്‌നി, എന്റെ ഓഫീസിന്റടുക്ക സ്വകാര്യബാങ്കിൽ ജോലി, നമ്മ ഓഫീസിന്റെ ഓപ്പോസിറ്റാണ്‌ ഓളെ ഓഫീസ്‌, ഞങ്ങ എപ്പളും കാണുന്നവരാണ്‌."

അവൾ ചിരിച്ചു. മൂക്കിൻ തുമ്പിലെ പഞ്ചസാരത്തരിയും ചിരിച്ചു. എന്നെ പരിചയപ്പെട്ടു.

"ഹസ്ബന്റ്‌ എന്തു ചെയ്യുന്നു?" 

ഞാൻ കുട്ടിയെയും അവളെയും മാറിനോക്കി അവളോട്‌ ചോദിച്ചു. അവൾ പൊട്ടിച്ചിരിച്ചു. പഞ്ചസാരത്തരി ഇളകിപ്പോകുമെന്ന് തോന്നി. ഞാൻ ബാലകൃഷ്ണയുടെ മുഖത്തേക്ക്‌ നോക്കി അയാളുടെ മുഖം വെളുത്ത്‌ ശൂന്യമാവുന്നു.

പെട്ടെന്ന് അവൾ പറഞ്ഞു.

"ഇതെന്റെ ഏട്ടീടെ (ചേച്ചിയുടെ) മോൻ"

"മോന്റെ പേരെന്താണ്‌?"

എന്റെ ചോദ്യം കുഞ്ഞിനോടായിരുന്നു. അവൻ ഒരു മിന്നലാട്ടം പോലെ എന്നെ നോക്കിയിട്ട്‌ അവളുടെ കൈ പിടിച്ച്‌ വലിച്ച്‌ കണ്ടനാർ കേളൻ തെയ്യത്തിന്റെ പകർന്നാട്ടത്തിലേക്ക്‌ കൈചൂണ്ടി. അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

"ഓന്റെ ഒക്ക പോയിന്റേങ്കില്‌ ഇന്നത്തെ എന്റെ ദീസം പോയി."

"രോഷ്‌നി വേഗം പോവുവോ?" ബാലകൃഷ്ണ ചോദിച്ചു.

"ഇല്ല ഞാൻ വിഷ്ണുമൂർത്തിയെ കണ്ടിറ്റേ പോവൂ. കയ്യുവെങ്കിൽ പോന്നേന്‌ മുമ്പ്‌ കാണാം."

ചാടിത്തുള്ളി അവളേക്കാൾ മുൻപേ പോകുന്ന കുട്ടി. പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ആരോഗ്യവകുപ്പിന്റെ പവിലിയനിൽ ഞങ്ങൾ ഇരിക്കുമ്പോഴും അവളും കുട്ടിയും വാകമരം വിരിച്ച പൂപ്പന്തലിനു താഴെ, പൊക്കമേറിയ മൺതിട്ടയിൽ മെടഞ്ഞിട്ട ഓലകളിലൊന്നിൽ സ്ഥാനം പിടിച്ചിരുന്നു. ഞാൻ ഇടയ്ക്കിടെ നോക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. കുട്ടിയെ ഇടയ്ക്കിടെ അടക്കിനിർത്താൻ ശ്രമിക്കുന്നതിനിടയിൽ എന്നെ കണ്ണെറിയുന്നുമുണ്ട്‌. മുഖത്ത്‌ ചിരി മായുന്നേയില്ല.

ബാലകൃഷ്ണ എന്റെ നോട്ടം ശ്രദ്ധിക്കുന്നതിനിടയിൽ ചോദിച്ചു.

'എന്തേ ആ പെണ്ണിനോട്‌ ഒരിത്‌?'
ഞാൻ വെറുതേ ചിരിച്ചു. കാണാൻ ചന്തമുള്ള സ്ത്രീകളെ നോക്കുന്നത്‌ ക്രിമിനൽ കുറ്റമല്ലല്ലോ?

"ഇത്‌ തെറ്റന്നെ.ഓള്‌ ഒരു കുഞ്ഞിന്റെ അമ്മയാണ്‌"

വിവാഹം കഴിച്ചില്ലയെന്നും കൂടെയുള്ള കുട്ടി ചേച്ചിയുടേതാണെന്നും പറഞ്ഞു. പിന്നെങ്ങനെയാണ്‌ അവൾ അമ്മയാകുന്നത്‌? ബാലകൃഷ്ണയുടെ വാക്കുകളിലെ അവിശ്വസനീയത എന്റെ ആകാംക്ഷയുടെ പുതപ്പ്‌ വലിച്ചുമാറ്റി.

"അവളുടെ ചേച്ചിയുടെ കുട്ടീന്നല്ലേ പറഞ്ഞത്‌?"

"ചേച്ചീടന്നെ, പക്ഷേ ഇപ്പോ ഓളത്‌(അവളുടേത്‌)".
എന്റെ കണ്ണുകൾ അയാളുടെ മുഖത്ത്‌ തറച്ചുകയറി. ബാലകൃഷ്ണ വീണ്ടും പറഞ്ഞു തുടങ്ങി.

"ആ കുഞ്ഞീരെ അമ്മ ഒരപകടത്തിൽ ചത്തു."

"അച്ഛൻ സിംഗപ്പൂരില്‌, കുഞ്ഞി ഇപ്പോ ഓളൊക്കെ" (അവളോടൊപ്പം)

"അതിന്‌ ആ കുട്ടി അവളുടേതാണെന്ന് പറഞ്ഞതെന്തിന്‌?"

മറക്കളത്തിൽ നിന്നും ക്ഷേത്രത്തിലേക്കോടിയ വയനാട്ടുകുലവൻ തിരികെയെത്തുന്നു. കൂടെ ഓടിയെത്താൻ പൂജാരി പാടുപെടുന്നുണ്ട്‌. എഴുന്നേറ്റു നിന്ന കാണികൾ അവരവരുടെ സ്ഥാനത്ത്‌ ഇരുന്നു തുടങ്ങി. ബാലകൃഷ്ണയുടെ ശ്രദ്ധ സംസാരത്തിലേക്ക്‌ തിരിച്ചു വന്നു.

"കുഞ്ഞിനെ ഓളെ വീട്ടുകാർക്ക്‌ കാണാതിരിക്കാൻ കയ്യാ. സിംഗപ്പൂരുകാരൻ ബേറെ കല്യാണം കയിച്ചാൽ കുഞ്ഞീനെ അയാൾ കൊണ്ടോവും. അതുകൊണ്ട്‌ അയാളെ കല്യാണം കയിക്കാൻ ഓളോട്‌ പറഞ്ഞു. ഓൾക്ക്‌ സമ്മതമൊന്നുമല്ല. ഓൾക്ക്‌ ഓളെ മച്ചുനിയനോട്‌ ഇഷ്ടമാണ്‌. ആ കുഞ്ഞീരെ പേരില്‌ വീട്ടുകാര്‌ നിർബന്ധം പിടിച്ചു. കൊറേ പിടിച്ചു നിന്നിനെങ്കിലും വീട്ടുകാരുടെ സമ്മർദ്ദം വയ്യാഞ്ഞ്‌ രണ്ടാളും പിരിഞ്ഞു."

സഹോദരിയുടെ കുഞ്ഞിനെ കുടുംബത്തിന്‌ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി പ്രണയം വലിച്ചെറിഞ്ഞ പെൺകുട്ടി. സഹോദരിയുടെ ഭർത്താവിനെ വേണ്ടെന്നു തീരുമാനിച്ചാൽ ആദ്യം കുടുംബത്തിന്‌ നഷ്ടപ്പെടുന്നത്‌ സഹോദരിയെക്കുറിച്ചുള്ള ഓർമ്മകളാണത്രേ.

"അവൾ ചേച്ചിയുടെ ഭർത്താവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചോ?"

"അതാണ്‌ ചേല്‌. ചേച്ചി ചത്തിട്ട്‌ മൂന്നു കൊല്ലം കയിഞ്ഞ്‌. ചടങ്ങ്‌ കയിഞ്ഞിറ്റ്‌ പോയ ഓൻ പിന്നെ തിരിച്ചു വന്നിട്ടില്ല. ഓൻ പൈസ അയച്ചുകൊടുക്കും. ഓന്റെ വീട്ടില്‌ ഇടയ്ക്ക്‌ വിളിക്കും. രോഷ്‌നി ഓനെ കല്യാണം കയിക്കണ വിവരം ഓനെ വിളിച്ചു പറഞ്ഞിറ്റ്‌ രണ്ട്‌ കൊല്ലമായി. പക്ഷേ ഓൻ ഇതുവരെ ഉത്തരം പറഞ്ഞിട്ടാ (പറഞ്ഞിട്ടില്ലാ)"

"രോഷ്‌നിയെ വിളിക്കാറുമില്ല. ഓടെ വീട്ടുകാർ ഓൻ വരുമെന്ന പ്രതീക്ഷയിലും."

"അയാൾ വരുമോ?"

എന്റെ മനസ്സിന്റെ ആഴങ്ങളിൽ നിന്ന് കുമിളകൾ പോലെ ആ ചോദ്യം പൊങ്ങിവന്ന് അന്തരീക്ഷത്തിലേക്കു പൊട്ടിവീണുടഞ്ഞു.

"ആ ഓനറിയാം. ഗ്രാമത്തിലെ വീടു വിറ്റ്‌ ഓളും കുഞ്ഞും ഇപ്പോ പട്ടണത്തിലാണ്‌ താമസം. പുതിയ അയൽക്കാരൊക്കെ ഓളെ കുഞ്ഞിയാണെന്നാണ്‌ വിചാരിച്ചിട്ടുള്ളത്‌. ഓൾക്ക്‌ അത്‌ നിഷേധിക്കാനാവുന്നില്ല."

വയനാട്ടുകുലവൻ മറക്കളത്തിൽ നിന്നും അണിയറയിലേക്ക്‌ പോയി. ഞങ്ങൾ എഴുന്നേറ്റു. വൈകിട്ട്‌ നാലിനാണ്‌ ട്രെയിൻ. അതിനു തന്നെ പോകണം. വിഷ്ണുമൂർത്തിയെയും നരസിംഹമൂർത്തിയെയും കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതാണ്‌. ഇത്തവണ കൂടുതൽ ദിവസം നാട്ടിൽ നിന്നു വിട്ടുനിൽക്കാനാവില്ല. രോഷ്‌നിയെക്കൂടി കണ്ടിട്ട്‌ പോകാമെന്ന് കരുതി. അവൾ ഇരിക്കുന്ന ഭാഗത്തു കൂടിയാണ്‌ നടന്നുപോയത്‌. ഞങ്ങൾ എഴുന്നേറ്റ്‌ വരുന്നത്‌ അവൾ കണ്ടിരിക്കുന്നു. അടുത്തേക്കു വന്നു. കുട്ടിയുടെ ശ്രദ്ധ മറക്കളത്തിലേക്ക്‌ തന്നെ.

ഞാൻ പറഞ്ഞു " വൈകിട്ടത്തെ വണ്ടിയിൽ പോകണം. ബാലകൃഷ്ണ എന്നോട്‌ രോഷ്‌നിയെ കുറിച്ചു പറഞ്ഞു. എത്ര കാലമാണീ കാത്തിരുപ്പ്‌?"

എന്റെ ചോദ്യത്തിനുള്ള ഉത്തരം ബാലകൃഷ്ണയുടെ മുഖത്തേക്കുള്ള അവളുടെ നോട്ടം മാത്രമായിരുന്നു. എന്നോട്‌ പറയേണ്ടിയിരുന്നില്ല എന്ന അർത്ഥത്തിൽ.

ഞാൻ വേഗം പോക്കറ്റ്‌ ഡയറിയിൽ നിന്നും വിസിറ്റിംഗ്‌ കാർഡെടുത്ത്‌ നീട്ടി പറഞ്ഞു.

"സമയം കിട്ടുമ്പോൾ വിളിക്കുക. രോഷ്‌നി എന്റെ ആകാംക്ഷയുടെ ഭാഗമായി ക്കഴിഞ്ഞു."

പഞ്ചസാരത്തരിയിൽ വേദന കലർന്ന ഒരു പുഞ്ചിരി പിറന്നു. കുഞ്ഞ്‌ വിസിറ്റിംഗ്‌ കാർഡിൽ പിടുത്തമിട്ടുകഴിഞ്ഞു. കാർഡ്‌ സംരക്ഷിക്കാൻ അവൾ കൈവിരലുകൾ മടക്കി. കാർഡിന്റെ ഒരു ഭാഗവും മടങ്ങി.

ഞാൻ കട്ടിലിൽ വെറുതെ കിടന്നു. ഓഫീസിൽ ലഞ്ച്‌ സമയമാകുമ്പോൾ അവൾ വിളിക്കും. എന്റെ മൊബൈൽ ഫോൺ അവളുടെ വിളിയും കാത്ത്‌ മേശപ്പുറത്തെ പുസ്തകത്തിനു മുകളിൽ വിശ്രമിക്കുന്നു.

O

PHONE : 9747402439