Monday, February 25, 2013

മനസ്സിന്റെ മൊഴികൾ

കവിത
ദിവ്യാദേവകി
ടഞ്ഞു വേർപെട്ട മനസ്സ്‌
മൗനമായി ചിലത്‌ മൊഴിയുന്നുണ്ട്‌.

ഒരിക്കൽ നീ ചുംബിച്ച്‌ ചെമപ്പിച്ച ചുണ്ടുകൾ,
കനംവെച്ച്‌ കത്തുന്നുണ്ടിപ്പോഴും.

നിൻ വിരൽത്തുമ്പിൽ നാണം വിരിഞ്ഞ
പൊക്കിൾച്ചുഴിയിലെ നനവ്‌,
കടൽക്കനം വെച്ചിരമ്പുന്നുണ്ടിപ്പോഴും.

ഓർത്താലൊരിത്തിരിനേരം കനവുകണ്ട,
നിലാവിരി മാഞ്ഞുപോയെങ്കിലു-
മിറയത്ത്‌ ചെരുകിവെച്ച സ്നേഹം
കൈയ്യെത്താദൂരത്തായ്‌ മച്ചേറിയിരുപ്പുണ്ട്‌

ചെത്തിപൂത്തില്ലെങ്കിലും നടവഴികൾ
മടങ്ങിവരാൻ കാത്തുകിടപ്പുണ്ട്‌.

കൊഴിഞ്ഞിലത്തുമ്പുകളാൽ മൂടും വഴികളിൽ,
നീ മറന്നുവെച്ച പാദമുദ്രകളുണ്ടിപ്പോഴും.

ഇടയിലേപ്പോഴോ മറുകരം പിടിച്ചു നീ
-യകന്നുപോകുമ്പോൾ, കയ്യാല മറവിലെ
ഒരിത്തിരി മണ്ണിനെ നനച്ചെന്റെ കണ്ണുകൾ.

കാലം തെറ്റിപ്പെയ്യുമീ മഴയിൽ
ഞാനൊന്നായൊഴുകി പോയെന്നാകിലും
ഒഴുകിവഴുക്കുമീ പാടവരമ്പിൽ നിൻ
കാലിടറാതിരിക്കട്ടെ,തോഴാ...

O


 

Monday, February 18, 2013

യുഗാവസാനത്തിന്റെ രണ്ടാമൂഴം - 1

നിരൂപണം
ആർ.എസ്‌.കുറുപ്പ്‌

 ഭാഗം.1

"നോക്കൂ. അവൾ വീണു" ഭീമൻ പറഞ്ഞു.

"എന്താണവൾ വീണത്‌?"

"ഭീമ! നടക്കൂ" അവൾ അർജ്ജുനനെയാണ്‌ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത്‌. അതുകൊണ്ടാണ്‌ അവൾ വീണത്‌. ധർമ്മജൻ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു. ദ്രൗപദി, സഹദേവൻ, നകുലൻ, അർജ്ജുനൻ, ഭീമൻ എല്ലാവരും വീണു. ധർമ്മപുത്രർ മാത്രം ഒരു പട്ടിയോടൊപ്പം മുന്നോട്ടുപോയി. (ഇരാവതി കാർവെയുടെ 'യുഗാന്ത -ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌' എന്ന കൃതിയിലെ ദ്രൗപദി എന്ന അദ്ധ്യായത്തിൽ നിന്ന്). 

നരവംശശാസ്ത്രജ്ഞയായ ഇരാവതി കാർവെയുടെ 'ഭാരതപര്യടന'മാണ്‌ യുഗാന്ത - ദ എൻഡ്‌ ഓഫ്‌ അൻ എപോക്ക്‌. മഹാഭാരത കഥാപാത്രങ്ങളെയും ആ കാലഘട്ടത്തിലെ സാമൂഹ്യ ജീവിതത്തെയും ശാസ്ത്രീയമായ പഠനത്തിനു വിധേയമാക്കുന്ന കാർവെ അതിനടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്‌ ഭണ്ഡാത്കർ റിസർച്ച്‌ ഇൻസ്റ്റിട്യൂട്ടിന്റെ സംശോധിത മഹാഭാരതമാണ്‌. ഇടയ്ക്കൊക്കെ അവർ സ്വന്തം ഭാവനയിലൂടെ പാത്രങ്ങളെയും സംഭവങ്ങളെയും പുന:സൃഷ്ടിക്കുന്നുണ്ട്‌. അതവർ അതതിടങ്ങളിൽ പ്രത്യേകം എടുത്തുപറയുന്നുമുണ്ട്‌. 1967ൽ മറാത്തിയിൽ പ്രസിദ്ധപ്പെടുത്തിയ 'യുഗാന്ത'യ്ക്ക്‌ അക്കൊല്ലത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. 1969 ൽ അത്‌ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തപ്പെട്ടു. ആ പരിഭാഷയുടെ 2008 ലെ ഓറിയന്റ്‌ ബ്ലാക്ക്‌ സ്വാൻ പതിപ്പിൽ നിന്നാണ്‌ മേൽപ്പറഞ്ഞ ഭാഗം ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്‌.

കാർവെ അധ്യായം അവിടെ അവസാനിപ്പിക്കുന്നില്ല. ഇവിടെ ഒരടിക്കുറിപ്പിലൂടെ അവർ പറയുന്നു "ഇതുവരെയുള്ള വിവരണങ്ങൾ മഹാഭാരതത്തിന്റെ സംശോധിത പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്‌. തുടർന്നു വരുന്നതാകട്ടെ എന്റെ കൈകുറ്റപ്പാടും." അതായത്‌ ദ്രൗപദിയുടെ അന്ത്യരംഗങ്ങൾ അവർ ഭാവനയിൽ പുന:സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇങ്ങനെ:

വീണ ഉടനെ ദ്രൗപദി മരിച്ചില്ല. ആസന്നമരണയായ അവൾ തന്റെ പുരുഷന്മാരെ കുറിച്ചാലോചിച്ചു.ആദ്യം ധർമ്മനെക്കുറിച്ച്‌, അദ്ദേഹത്തെ ചൊടിപ്പിക്കുവാനും വീര്യവാനാക്കുവാനും താൻ നടത്തിയ ശ്രമങ്ങൾ ഒരിക്കലും ഫലം കാണാത്തതിനെക്കുറിച്ചൊക്കെ അവൾ ആലോചിച്ചു. അതിനൊക്കെ കൂടി ഇപ്പോൾ അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നു. തന്നെച്ചൊല്ലിയുള്ള അദ്ദേഹത്തിന്റെ നിരാശയും തന്നോടുള്ള പുച്ഛവും ആ വാക്കുകളിൽ അവൾ കേട്ടു.

എപ്പോഴും ഭർത്താക്കന്മാരോടെല്ലാം ഒരേപോലെ പെരുമാറിയിട്ടുള്ള തനിക്ക്‌ അർജ്ജുനനോട്‌ അൽപം സ്നേഹക്കൂടുതൽ തോന്നിയതിൽ അത്ഭുതത്തിനവകാശമുണ്ടോ? അവൾ സ്വയം ചോദിച്ചു. പക്ഷേ അർജ്ജുനനോ? അർജ്ജുനനെ സ്ത്രീകൾ, ഞാനും സുഭദ്രയും ഉലൂപിയും ചിത്രാംഗദയുമെല്ലാം അഗാധമായി സ്നേഹിച്ചിരുന്നു. പക്ഷേ അർജ്ജുനൻ ഒരു സ്ത്രീയെയും സ്നേഹിച്ചിരുന്നില്ല.അർജ്ജുനൻ ആരെയും സ്നേഹിച്ചിരുന്നില്ല. കൃഷ്ണനെ ഒഴിച്ച്‌.

സ്വയംവരപന്തലിൽ അർജ്ജുനനോടൊപ്പം രാജാക്കന്മാരോട്‌ പൊരുതി നിന്ന ഭീമസേനനെക്കുറിച്ചായി ദ്രൗപദിയുടെ ചിന്ത. അതവരെ ഒരു തിരിച്ചറിവിലേക്ക്‌ നയിച്ചു. സ്നേഹം മാത്രമല്ല, തന്റെ ജീവിതം മുഴുവൻ തനിക്ക്‌ തന്ന, തന്റെ ഏതിഷ്ടവും സാധിക്കാൻ ഏതു സാഹസത്തിനും മുതിരുമായിരുന്ന ഭീമൻ. സൗഗന്ധിക ഹരണം തൊട്ടുള്ള ഒരുപാട്‌ സംഭവങ്ങൾ ദ്രൗപദിയുടെ മനസ്സിലൂടെ കടന്നുപോയി. അപ്പോൾ കാർവെയുടെ തന്നെ വാക്കുകളിൽ "ആരോ കാൽ വലിച്ചിഴച്ചു നടന്നുവരുന്ന ശബ്ദം ദ്രൗപദി കേട്ടു, ഒരു നെടുവീർപ്പും... അഗാധതകളിൽ നിന്നു വരുന്ന ഒരു താഴ്‌ന്ന ശബ്ദം വിളിച്ചു. 'ദ്രൗപദി'! അതു ഭീമന്റെ ശബ്ദമായിരുന്നു.... ദ്രൗപദിയിൽ ജീവന്റെ തുടിപ്പുകൾ കണ്ട്‌ അയാൾ അത്യധികം സന്തുഷ്ടനായി. "ഞാൻ നിനക്ക്‌ എന്താണ്‌ ചെയ്തു തരേണ്ടത്‌?" വാക്കുകൾ പ്രയാസപ്പെട്ടു പുറത്തുവന്നു. അതയാൾ ഒരുമിച്ചു ജീവിച്ചകാലം മുഴുവൻ അവളോട്‌ ചോദിച്ചിട്ടുള്ളതായിരുന്നു. പക്ഷേ ഈ സമയത്ത്‌ ആ ചോദ്യം അർത്ഥശൂന്യവും അനുചിതവുമായി തോന്നി. ദ്രൗപദി ചിരിച്ചു. ഭീമന്റെ മുഖം തന്റെ മുഖത്തോട്‌ ചേർത്ത്‌, അവസാന ശ്വാസത്തോടൊപ്പം ദ്രൗപദി പറഞ്ഞു. "നമ്മുടെ വരും ജന്മങ്ങളിൽ ഭീമ, ഏറ്റവും മൂത്ത ആളാവുക. താങ്കളുടെ തണലിൽ നമുക്കെല്ലാവർക്കും സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കാം." ഭീമൻ പിന്നീടെന്തു ചെയ്തു എന്നു കാർവെ പറയുന്നില്ല. ഭീമനെക്കുറിച്ച്‌ യുഗാന്തയിൽ ഒരദ്ധ്യായവുമില്ല. ഇത്‌ ദ്രൗപദിയുടെ ഒരു ഭ്രമകൽപനയോ അന്ത്യസ്വപ്നമോ ആയിട്ടാവും കൽപിക്കപ്പെട്ടിരിക്കുക.

പക്ഷേ നമ്മൾ മലയാളികൾക്ക്‌ ഈ പ്രകരണം അങ്ങനെ തള്ളിക്കളയാൻ കഴിയുകയില്ല. ഭാഷയിലെ ഏറ്റവും കൊണ്ടാടപ്പെട്ട നോവലുകളിലൊന്നായ 'രണ്ടാമൂഴ'ത്തിന്റെ ആദ്യ അദ്ധ്യായത്തിന്‌ ഈ പ്രകരണവുമായുള്ള സാദൃശ്യം നമ്മളെ അത്ഭുതപ്പെടുത്തുന്നു. മഹാപ്രസ്ഥാനത്തിന്റെ നിയമങ്ങൾ മറന്ന് വീണ ദ്രൗപദിയെത്തേടി ഭീമൻ എത്തുന്ന ആദ്യ അധ്യായം വായിച്ച്‌ ആ കൽപനയുടെ അപൂർവ്വചാരുതയെക്കുറിച്ച്‌ ആഹ്ലാദഭരിതരും അത്ഭുതസ്തബ്ദരുമായവരാണല്ലോ നമ്മൾ. എന്തായാലും ആ കൽപന അപൂർവ്വം (Original) അല്ല എന്ന് ഈ ഉദ്ധരിച്ച ഭാഗം തെളിയിക്കുന്നു.

സാദൃശ്യങ്ങൾ ഇതുകൊണ്ട്‌ അവസാനിക്കുന്നില്ല. പാണ്ഡവരുടെ മഹാപ്രസ്ഥാനത്തിൽ നിന്നാണ്‌ രണ്ടാമൂഴത്തിന്റെ തുടക്കം. വീണു കിടക്കുന്ന ദ്രൗപദിയുടെ മുഖത്തു നോക്കിയിരുന്ന് ഭീമൻ ആലോചിക്കുന്ന മട്ടിലാണല്ലോ രണ്ടാമൂഴത്തിന്റെ ഘടന. പാണ്ഡവർ എന്നു വെച്ചാൽ പാണ്ഡുവിന്റെ പുത്രന്മാർ. 'ഷണ്ഡൻ' പാണ്ഡുവിന്റെ മക്കൾ എന്ന് ഭീമൻ തന്നെ രണ്ടാമൂഴത്തിലൊരിടത്ത്‌ പറയുന്നുണ്ട്‌. രണ്ടാമൂഴം പാണ്ഡുവിനെ ഷണ്ഡനായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. മഹാഭാരതത്തിൽ അങ്ങനെ പറയുന്നില്ല. മഹാഭാരതപ്രകാരം കുന്തി സ്വയംവരപന്തലിൽ സ്വേച്ഛയാ വരിച്ചതാണ്‌ പാണ്ഡുവിനെ. ഒരു മുനിശാപമാണ്‌ ഭാര്യാ സംയോഗങ്ങളിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞു നിർത്തുന്നത്‌. ശാപകഥ അപനിർമ്മിച്ച്‌ പണ്ഡുവിനെ ഷണ്ഡനായി പ്രഖ്യാപിച്ചതിന്റെ ബഹുമതി മലയാള വായനക്കാർ വാസുദേവൻ നായർക്ക്‌ നൽകിയിരിക്കുകയാണ്‌. പക്ഷേ ഇത്തരമൊരു നിഗമനത്തിൽ ആദ്യം എത്തിച്ചേർന്നത്‌ ഇരാവതി കാർവെ തന്നെയാണ്‌. യുഗാന്തയിലെ കുന്തി എന്ന അദ്ധ്യായത്തിൽ നിന്ന്.

"Her adoptive father gave her in marriage to an IMPOTENT MAN; and all the rest of her sorrows were a result of this union." (Page 43- Ibid, emphasis added). ശാപകഥയെക്കുറിച്ച്‌ കാർവെ പറയുന്നു" "The whole narrative seems to be a later addition which tried to hide some congenital defect in the father of heroes" (P-43). രാജ്ഞിമാരൊരുമിച്ച്‌ കാട്ടിൽ ദീർഘനാൾ മൃഗയാ വിനോദം നടത്തി താമസിക്കുന്നതിലെ അനൗചിത്യം വാസുദേവൻ നായർ സൂ ചിപ്പിക്കുന്നുണ്ട്‌. അങ്ങനെയൊക്കെ ചിന്തിക്കാൻ പ്രായമായിട്ടില്ലാത്ത കൊച്ചുകുട്ടിയായ ഭീമന്റെ ചിന്തകളിലൂടെ, കാർവെയുടെ പുസ്തകത്തിലുമുണ്ട്‌, ഈ അനൗചിത്യത്തെക്കുറിച്ചുള്ള പരാമർശം.(P.44)

ഷണ്ഡൻ പാണ്ഡുവിന്റെ പുത്രന്മാരിൽ ഏറ്റവും മൂത്ത മൂന്നുപേരുടെ പിതൃത്വം കണ്ടെത്തിയതായിരുന്നു രണ്ടാമൂഴത്തിന്റെ ഒരു മൗലിക സംഭാവനയായി കരുതപ്പെട്ടിരുന്നത്‌. ഇവിടെയും ഇരാവതി കാർവെ ആ ദൗത്യം മുമ്പുതന്നെ നിർവ്വഹിച്ചിരുന്നു. യുഗാന്തയിലെ Father and Son എന്ന അധ്യായം വിദുരൻ എന്ന മഹാഭാരത കഥാപാത്രത്തിന്റെ സ്വഭാവപഠനം മാത്രമല്ല. അദ്ദേഹം എന്തുകൊണ്ട്‌ ധർമ്മിഷ്ഠനായ ഒരു മകന്റെ ഉല്‌ പത്തിക്കായി നിയോഗിക്കപ്പെട്ടു. എന്തുകൊണ്ട്‌ പിന്നീട്‌ ആ നിയോഗമുണ്ടായില്ല എന്നെല്ലാമുള്ള പ്രശ്നങ്ങൾ അതിവിദഗ്ദമായി അപഗ്രഥിക്കപ്പെട്ടിരിക്കുന്നു, ഈ അധ്യായത്തിൽ. യുധിഷ്ഠിരന്റെ പിതൃത്വം വിദുരരിൽ ആരോപിക്കുന്നതിൽ മാത്രമല്ല, വിദുര-യുധിഷ്ഠിര ബന്ധത്തിന്റെ പ്രത്യേകതകളുടെ കാര്യത്തിലും ഈ അധ്യായവും രണ്ടാമൂഴത്തിലെ പ്രസക്ത ഭാഗങ്ങളും തമ്മിൽ അത്ഭുതകരമായ സാദൃശ്യമുണ്ട്‌.

കർണ്ണന്റെ പിതൃത്വം കുന്തി പരിചരിച്ച മഹർഷിക്കാണ്‌ കാർവെ നൽകിയിരിക്കുന്നത്‌. സേവനാതുരയായ രാജകുമാരിയെ ആസ്വസിപ്പിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്ന ഒരു സൂതനാണ്‌ വാസുദേവൻ നായർ ആ ബഹുമതി നൽകിയിരിക്കുന്നത്‌. അവിടെ രണ്ടാമൂഴത്തിന്‌ അപൂർവ്വതയുണ്ട്‌. ഒരു ഭോജൻ അതായത്‌ അടുത്തുള്ള രാജസ്ഥാനത്തിന്‌ കപ്പം കൊടുക്കുന്ന ഒരു ഗോത്രത്തലവൻ മാത്രമായിരുന്ന കുന്തിഭോജന്‌ വില്ലാളിവീരനായ ഒരു സൂതനോ എന്ന ചോദ്യം പ്രസക്തമാവുന്നുണ്ടെങ്കിലും.

യുഗാന്തയിൽ The Palace Of Maya എന്നൊരു അധ്യായമുണ്ട്‌. ഖാണ്ഡവദാഹസമയത്ത്‌, കൃഷ്ണാർജ്ജുനന്മാരെ അഭയം പ്രാപിച്ച മയാസുരൻ രാമായണ പ്രസിദ്ധനായ ശിൽപകലാ വല്ലഭനാണ്‌. രണ്ടാമൂഴത്തിൽ പക്ഷേ അദ്ദേഹം ദക്ഷിണദേശത്തു നിന്നു വന്ന ശിൽപിയായാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെടുന്ന നാഗങ്ങളും പക്ഷിമൃഗാദികളും മറ്റും ആര്യന്മാർ എത്തിച്ചേരുന്നതിനു മുമ്പ്‌ ആ ഭാഗത്തു താമസിച്ചിരുന്ന ആദിമ മനുഷ്യരെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ്‌ കാർവെ അഭിപ്രായപ്പെടുന്നത്‌.

കൃഷിയും ഗോസംരഷണവും മറ്റും തൊഴിലാക്കിയ ആര്യഗോത്രങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ രാജ്യങ്ങൾ എന്നു വിളിച്ചിരുന്നു. രാജ്യങ്ങൾക്കിടയിൽ ആരുടെയും പ്രത്യേക അധികാരത്തിൻ കീഴിലല്ലാത്ത കാടുകളുണ്ടായിരുന്നു. അവിടെ താമസിച്ചിരുന്ന കാട്ടുവർഗ്ഗക്കാരുടെ ഗോത്രങ്ങൾ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റും പേരിലാണറിയപ്പെട്ടിരുന്നത്‌ എന്ന് കാർവെ പറയുന്നു. എന്തായാലും നാഗങ്ങൾ നാഗന്മാരും നാഗലോകം അവരുടെ ആവാസഭൂമിയുമാണെന്നത്‌ രണ്ടാമൂഴത്തിലും സ്വീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഖാണ്ഡവത്തിൽ നശിപ്പിക്കപ്പെട്ട പക്ഷിമൃഗാദികളെയും മറ്റും പറയുന്ന കൂട്ടത്തിൽ, യുഗാന്തയിൽ ഇങ്ങനെ ഒരു ഭാഗമുണ്ട്‌. "If you spared an animal today, you could always kill it tomorrow. But if you spared a human being, he would in the course of time acquire certain rihts. There was indeed great danger in
sparing the lives of those who owned the land."(P.105)

രണ്ടാമൂഴത്തിലെ ഒട്ടധികം പ്രശംസ പിടിച്ചു പറ്റിയ ചില വാക്യങ്ങൾ കാണുക. "ശത്രുവിനോട്‌ ദയ കാട്ടരുത്‌. ദയയിൽ നിന്ന് കൂടുതൽ കരുത്ത്‌ നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ്‌ ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടുകളയാം. മനുഷ്യന്‌ രണ്ടാമതൊരവസരവും കൊടുക്കരുത്‌."

ഒരേ ആശയം തന്നെയാണ്‌ രണ്ടിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്‌. എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ആവിഷ്ക്കാരത്തിന്റെ മൗലികത ആർക്കവകാശപ്പെട്ടതാണെന്നും.

'യുഗാന്ത'യിലെ 'പരധർമ്മോ ഭയാവഹ!' എന്ന അദ്ധ്യായം ഇത്തരുണത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. മഹാഭാരതത്തിലെ ക്ഷത്രിയധർമ്മം സ്വീകരിച്ച ബ്രാഹ്മണരെക്കുറിച്ചൊരു വിശദ വിശകലനമാണ്‌ ആ അദ്ധ്യായം. അതിൽ പറയുന്നതു പോലും അതേപോലെ രണ്ടാമൂഴത്തിലും കാണാം. ഉദാഹരണത്തിന്‌:

രണ്ടാമൂഴം 'കൊടുങ്കാറ്റിന്റെ ധർമ്മം' എന്ന രണ്ടാം ഭാഗത്തിന്റെ നാലാം ഖണ്ഡത്തിൽ വൃദ്ധനായ ഹസ്തിപൻ പറയുന്നു: "ജപഹോമങ്ങൾ നടത്തി വേദം പഠിപ്പിച്ചിരിക്കേണ്ട ബ്രാഹ്മണർ ക്ഷാത്രം നേടിയാൽ തീർന്നു. .. ക്രൂരത പിന്നെ ക്ഷത്രിയന്മാർ അവരിൽ നിന്ന് കടം കൊള്ളേണ്ടിവരും .."

ദ്രൗപദിയെ കൃത്യയായി കൽപിച്ചുകൊണ്ടുള്ള ഒരു ജൈന പുരാണ ശ്ലോകം ഉദ്ധരിക്കുന്നുണ്ട്‌, ഇരാവതി കാർവെ;

"കൃതയുഗത്തിൽ രേണുകയായിരുന്ന കൃത്യ
സത്യ (SIC) യുഗത്തിൽ സീത കൃത്യയായിരുന്നു
ദ്വാപരയുഗത്തിലാവട്ടെ കൃത്യയായത്‌ ദ്രൗപദി
കലിയുഗത്തിലോ! ഓരോ ഭവനത്തിലും ഓരോ കൃത്യയുണ്ടാകും (P.84)

രണ്ടാമൂഴത്തിലെ പ്രസിദ്ധമായ വിവരണം: "ആഭിചാരക്രിയകളുടെ മന്ത്രങ്ങൾ ആവാഹിച്ചു വരുത്തുന്ന ഒരു രക്ഷാദേവതയെപ്പറ്റി കേട്ടിട്ടുണ്ട്‌, കൃത്യ. ദ്രൗപദി കൃത്യയെപ്പോലെ ശാപത്തിന്റെ വിത്തുകൾ കൈയ്യിലും നാശത്തിന്റെ തീപ്പൊരികൾ കണ്ണിലുമായി നിൽക്കുകയാണെന്ന് തോന്നി.(P.218).

സാദൃശ്യങ്ങൾ ഇനിയുമുണ്ട്‌. എല്ലാം എടുത്തെഴുതുന്നില്ല. യുഗാന്തയിലെ നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്ന പലതും നോവലിന്റെ പിൻകുറിപ്പായി ചേർത്തിട്ടുള്ള 'ഫലശ്രുതി'യിലും കാണാം. രണ്ടാമൂഴത്തിന്റെ രചനയ്ക്ക്‌ സഹായകമായിത്തീർന്ന പൂർവ്വഗ്രന്ഥങ്ങളെയും ഗ്രന്ഥകർത്താക്കളെയും കുറിച്ചുള്ള 'ഫലശ്രുതി'യിലെ വിവരണങ്ങളിൽ പക്ഷെ യുഗാന്തയും ഇരാവതി കാർവെയും പരാമർശിക്കപ്പെടുന്നതേയില്ല.

സാദൃശ്യങ്ങൾ നിൽക്കട്ടെ, ഒരു മൗലിക സാഹിത്യസൃഷ്ടി എന്ന നിലയിൽ രണ്ടാമൂഴം പരിശോധനയ്ക്ക്‌ വിധേയമാക്കിയാലോ?

മഹാപ്രസ്ഥാനത്തിന്റെ തുടക്കത്തിൽ ദ്വാരകയുടെ തിരോധാനം കണ്ടു നിൽക്കുന്ന പാണ്ഡവസഹോദരന്മാരുടെ ഓരോരുത്തരുടെയും ഉള്ളിൽ കയറിയിറങ്ങുന്നുണ്ട്‌ ഗ്രന്ഥകർത്താവ്‌. ആ വർണ്ണനയുടെ പ്രൗഢമായ സൗന്ദര്യം മലയാള വായനക്കാർക്ക്‌ അപൂർവ്വമായ ഒരനുഭവം തന്നെയായിരുന്നുവെന്നത്‌ പറയാതിരിക്കുന്നത്‌ അനീതിയായിരിക്കും. മഹാപ്രസ്ഥാനത്തിന്റെ ആരംഭത്തിൽ നോവലിസ്റ്റിന്റെയും വായനക്കാരുടെയും ശ്രദ്ധ ഭീമനിൽ കേന്ദ്രീകരിക്കുന്നു. മഹാഭാരതത്തിന്റേതിൽ നിന്ന് വ്യത്യസ്തമല്ല ഈ സമീപനം. വീഴുന്നവരെ കുറിച്ചുള്ള യുധിഷ്ഠിരന്റെ അഭിപ്രായങ്ങൾ അറിയാൻ വായനക്കാരെ സഹായിക്കുന്നത്‌ ഭീമന്റെ ചോദ്യങ്ങളാണ്‌.

ഭാരതത്തിൽ നിന്ന് വ്യത്യസ്തമായി, വീണുകിടക്കുന്ന ദ്രൗപദിയുടെ സമീപത്തേക്ക്‌ തിരികെ നടന്നു വരികയാണല്ലോ ഭീമൻ. ഇരാവതി കാർവെ ഇത്തരമൊരു രംഗം ഭാവന ചെയ്തിട്ടുള്ളതിനെക്കുറിച്ച്‌ സൂ ചിപ്പിച്ചിട്ടുണ്ടല്ലോ. ഭീമൻ പിന്നീടെന്തു ചെയ്തുവെന്ന് കാർവെ പറയുന്നില്ല. രണ്ടാമൂഴത്തിലാവട്ടെ ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചു കാടുകയറുകയാണ്‌. അതിരിക്കട്ടെ. മുന്നിൽ നടക്കുന്ന ജ്യേഷ്ഠനെയും പിന്നാലെ വരുന്ന അനുജന്മാരെയും ഉപേക്ഷിച്ച്‌ ഭീമൻ ദ്രൗപദിയെത്തേടി തിരിച്ചു നടക്കുമോ? കാർവെയുടെ വിവരണത്തിൽ അത്‌ ദ്രൗപദിയുടെ സ്വപ്നമോ ഭ്രമകൽപനയോ ആണെന്നു തോന്നും. രണ്ടാമൂഴം അങ്ങനെയുള്ള സംശയങ്ങളൊന്നും അവശേഷിപ്പിക്കുന്നില്ല. മഹാഭാരതത്തിന്റെ അസ്ഥിവാരം എന്നു വിളിക്കാവുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്ന് പാണ്ഡവർ തമ്മിലുള്ള പരസ്പരബന്ധത്തിന്റെ ദാർഢ്യമാണ്‌. എല്ലാവരും കൂടി ദ്രൗപദിയെ പരിണയിക്കണമെന്ന നിർദ്ദേശം ആ ബന്ധം ഊട്ടിയുറപ്പിക്കാനാണെന്നത്‌ ശരി. ദ്രൗപദി അവരുടെ ബന്ധത്തിന്‌ കൂടുതൽ ദാർഢ്യം പകർന്നിട്ടുണ്ടാവാം. പക്ഷെ, പഞ്ചപാണ്ഡവരുടെ പാരസ്പര്യം ദ്രൗപദി പരിണയത്തിൽ നിന്നാരംഭിക്കുന്നതല്ല. അതാദ്യം മുതലേ സുദൃഢമായിത്തന്നെ നിലനിന്നിരുന്നു; ശതശൃംഗത്തിൽ, ഹസ്തിനപുരത്തിൽ, വാരണാവതത്തിൽ, ഹിഡിംബവനത്തിൽ, ഏകചക്രയിൽ അങ്ങനെ ദ്രൗപദിയെ കണ്ടെത്തുന്നതിനു മുമ്പുള്ള അവരുടെ ജീവിതത്തിലാകെ. അതുകൊണ്ടു തന്നെ ദ്രൗപദിയുടെ പതനം ആ ബന്ധത്തിന്‌ ഏതെങ്കിലും തരത്തിലുള്ള ശൈഥില്യം സൃഷ്ടിച്ചുവെന്ന്, അവരിലൊരാൾ സഹോദരന്മാരുമായി ചെയ്ത ദൃഢപ്രതിജ്ഞ ലംഘിച്ച്‌ ദ്രൗപദിക്കരികിലേക്ക്‌ ഓടിയെത്തിയെന്ന് വിചാരിക്കാൻ ഒരു ന്യായവുമില്ല. മഹാഭാരതമോ അതിന്റെ ഏതെങ്കിലും പുനരാഖ്യാനങ്ങളോ അത്തരമൊരു സൂചനയും തരുന്നതുമില്ല. വീണ ദ്രൗപദിക്കരികിലിരുന്ന് പഴയ കാര്യങ്ങൾ ഓർമ്മിച്ചെടുക്കും മട്ടിലുള്ള വാസുദേവൻനായരുടെ ആഖ്യാനത്തിലും ഈ പ്രവൃത്തിയെ ന്യായീകരിക്കാനുതകുന്ന ഒന്നും കണ്ടെത്താനാവുകയില്ല. കലാസൃഷ്ടിയുടെ ഉള്ളിൽ അതിന്റേതായ സ്ഥലകാല നൈരന്തര്യത്തിൽ അതിലെ സംഭവങ്ങൾക്ക്‌ വിശ്വാസ്യതയുണ്ടാവണം. തന്റെ കൃതിയിൽ താൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളുവെന്ന് സെർവാന്റീസ്‌ പറയുന്നതിന്റെ അർത്ഥം ഇതാണെന്നു തോന്നുന്നു. 'അടിയൻ ലച്ചിപ്പോം' എന്നുപറഞ്ഞ്‌ അമാനുഷ വിക്രമം കാട്ടി, മാർത്തണ്ഡവർമ്മയെ ഭ്രാന്തൻ ചാന്നാൻ രക്ഷിക്കുന്നത്‌ ആഖ്യാനചാതുരിയിലൂടെ വിശ്വസനീയമാക്കാൻ കഴിഞ്ഞതാണ്‌ സി.വി.യുടെ വിജയം. ഇവിടെ ആ വിശ്വസനീയതയില്ല. അതിലധികം അവിശ്വസനീയമാണ്‌ ഭീമന്റെ കാടുകയറാനുള്ള തീരുമാനം.

 മഹാപ്രസ്ഥാനം അവസാനിപ്പിച്ച്‌ കാട്ടിലേക്കിറങ്ങുന്നതിന്‌ രണ്ടു വ്യക്തികളാണ്‌ ഭീമനെ പ്രചോദിപ്പിക്കുന്നത്‌. അവശേഷിക്കുന്ന ഒരു ശത്രു, അശ്വത്ഥാമാവ്‌. മറ്റയാൾ പഴയ കാമുകിയായ കാട്ടാളത്തി. സഹോദരന്മാരുമായുള്ള ആജന്മബന്ധത്തെയും യാത്രാ സമയത്തെടുത്ത പ്രതിജ്ഞയേയും നിരാകരിക്കുവാൻ തക്കവണ്ണം പ്രാധാന്യമുള്ളതാണോ ഇവർ രണ്ടും, ഭീമന്റെ ജീവിതത്തിൽ. വാസുദേവൻനായരുടെ ഭാരത പുനരാഖ്യാനം ഈ പ്രവൃത്തിക്ക്‌ എന്തെങ്കിലും ന്യായീകരണങ്ങൾ നൽകുന്നുണ്ടോ?

ആദ്യം ശത്രു തന്നെയാവട്ടെ. ബ്രാഹ്മണനായി ജനിച്ചുവെങ്കിലും ബ്രാഹ്മണ്യം പൂർണ്ണമായി ഉപേക്ഷിച്ച്‌ ധനുർവേദം പഠിച്ച ആളാണ്‌ ദ്രോണപുത്രനായ അശ്വത്ഥാമാവ്‌. പക്ഷെ ക്ഷത്രിയധർമ്മം സ്വീകരിച്ച ആളെന്ന് അയാളെക്കുറിച്ച്‌ പറഞ്ഞുകൂടാ. ക്ഷത്രിയന്‌ സഹജമായ മഹനീയ ഗുണങ്ങളൊന്നും അയാൾക്കില്ല. ഒറ്റനോട്ടത്തിൽ തോന്നുന്നതു പോലുള്ള വിധേയത്വമൊന്നും അയാൾക്ക്‌ ദുര്യോധനനോടില്ല. ദുര്യോധനന്റെ രക്ഷയോ മാനം കാക്കലോ ഒന്നുമായിരുന്നില്ല അശ്വത്ഥാമാവിന്റെ അവസാനത്തെ കുത്സിതപ്രവൃത്തിയുടെ, സൗപ്തീകത്തിന്റെ ലക്ഷ്യം. ഇതൊക്കെ മഹാഭരതത്തിൽ നിന്നും ഭാരതത്തിലെ പ്രസക്തഭാഗങ്ങൾക്ക്‌ കാർവെ, മാരാർ തുടങ്ങിയവർ നടത്തിയ വിശകലനങ്ങളിൽ നിന്നും മറ്റും വായനക്കാരൻ മനസ്സിലാക്കുന്ന കാര്യങ്ങളാണ്‌. പക്ഷെ ഇത്തരം ഒരു കഥാപാത്രം രണ്ടാമൂഴത്തിലില്ല. ശക്തനായ ഒരു കഥാപാത്രമായി രണ്ടാമൂഴത്തിൽ അശ്വത്ഥാമാവ്‌ പ്രത്യക്ഷപ്പെടുന്നതേയില്ല. അയാളുടെ കുത്സിത പ്രവൃത്തികളെക്കുറിച്ചൊക്കെ ചില സൂചനകൾ മാത്രമേയുള്ളൂ. അവസാനത്തെ അസ്ത്രസംഘട്ടനത്തെക്കുറിച്ച്‌ ഒരു പരാമർശവുമില്ല. അർദ്ധപ്രാണനുമായി അയാൾ ഓടിപ്പോകുന്നത്‌ സൂചിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രം. ഒരു ഭീഷണനായ ശത്രുവായി ഭീമനെ പോരിനു വിളിച്ചുകൊണ്ട്‌ അശ്വത്ഥാമാവ്‌ മഹാപ്രസ്ഥാനകാലത്തും നിലനിൽക്കുന്നതായി രണ്ടാമൂഴത്തിന്റെ വായനക്കാരന്‌ അനുഭവപ്പെടുകയില്ല. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനോട്‌ യുദ്ധം ചെയ്യാൻ വേണ്ടി ഭീമൻ മഹാപ്രസ്ഥാനമുപേക്ഷിച്ചിറങ്ങി വന്നുവെന്നത്‌ വായനക്കാരൻ തരിമ്പും വിശ്വസിക്കുകയുമില്ല.

ഇനി കാമുകി. രണ്ടാമൂഴത്തിലെ മിഴിവുറ്റ ചുരുക്കം ചില കഥാപാത്രങ്ങളിലൊരാളാണ്‌ ഹിഡിംബി. ബലിഷ്ഠവും പ്രാകൃതവുമായ കാനനസൗന്ദര്യത്തിന്റെ സ്ത്രൈണരൂപം ഹൃദയാവർജ്ജകമായി വരച്ചുകാണിച്ചിട്ടുണ്ട്‌ വാസുദേവൻനായർ. ആഴമുള്ളൊരു ഹൃദയബന്ധം പരിഷ്കൃതനും ആര്യനുമായ രാജകുമാരനും കാട്ടാളയുവതിയും തമ്മിൽ ഉരുത്തിരിഞ്ഞു വരുന്നത്‌ വായനക്കാരൻ ഉൾക്കൊള്ളുക തന്നെ ചെയ്യുന്നു. അതുകൊണ്ടു തന്നെ അവളുടെ ഓർമ്മകൾ അയാൾ കുറേക്കാലം കൂടെ കൊണ്ടുനടന്നുവെന്ന് വിശ്വസിക്കാൻ വായനക്കാരൻ തയ്യാറാവുന്നു. പക്ഷേ വാസുദേവൻനായർ തന്നെ പറയുന്നുണ്ടല്ലോ വിയർപ്പിന്‌ തമരപ്പൂവിന്റെ ഗന്ധമുള്ള സുന്ദരിയെക്കുറിച്ചറിഞ്ഞ ശേഷം ഭീമൻ കാട്ടാളത്തിയായ ഭാര്യയെ കുറിച്ച്‌ സ്വപ്നം കണ്ടിരുന്നില്ല എന്ന്. രണ്ടാമൂഴത്തിൽ ഭീമനെ തന്നിലേക്കാകർഷിക്കുന്ന ഒരു സാന്നിധ്യമായി ഹിഡിംബി പിന്നീടൊരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. അവരുടെ മകൻ പാണ്ഡവരെ സഹായിക്കാനെത്തുന്ന ഘട്ടത്തിൽ പോലും. അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത്‌ ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത്‌ അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.

തുടർന്ന് വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക
യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2കടപ്പാട്‌ : സാഹിത്യവിമർശം ദ്വൈമാസികം

PHONE : 9847294497
Saturday, February 16, 2013

നാഗരികം

കവിത
സുനിലൻ കളീയ്ക്കൽ 
തിന്റെ വരവ്
ആരുമറിയാതെയായിരുന്നു.

മൺവഴികളുടെയോരത്തുനിന്ന മരങ്ങളെ
പൊടിയിൽ കുളിപ്പിച്ച്
ഒരു ബസ് നാടുകാണുവാൻ വന്നു.

കുമ്മായക്കസവുടുത്തുനിന്ന
കുടിപ്പള്ളിക്കൂടങ്ങൾ
നഖം മിനുസപ്പെടുത്തിയത്
അതില്‍പ്പിന്നെയാണ്.

ആളിക്കത്തി
അയല്‍വഴിയിലെ ഓലവേലികൾ
ചുട്ടുതിന്നതിന്,
വെളിച്ചം വഴിവക്കത്തെ
കമ്പത്തിൽ കയറി പിണങ്ങി നിന്നു.

ദീപാരാധനയായെന്ന്
ദിക്കുകളെ തെര്യപ്പെടുത്തിയ ചെണ്ടകൾക്ക്
ഒച്ചയടച്ചെന്ന് പറഞ്ഞ്
ഉച്ചഭാഷിണികൾ ഉറക്കം കളഞ്ഞു.

വായ്നോക്കികളുടെ വാളിനോട്ടങ്ങളിൽ
അസഹ്യരായി
മുലകൾ ബാഡിക്കുമുകളിൽ
ജംബറുകൾ തുന്നിയിട്ടു.

നാട്ടുമരുന്നുകളുടെ നശിച്ച കയ്പ് പേടിച്ചവർ
പീച്ചാംകുഴലുകൾ ഞരമ്പുകളെ
തടുത്ത് ഭോഗിക്കുന്നതിന്റെ സുഖമറിഞ്ഞു.


കാറ്റെങ്ങുനിന്നോ കടംവാങ്ങി വിതച്ച
കൊല്ലിവിത്തുകൾ പോലെ
നാട്ടുപറമ്പുകളിൽ
കോൺക്രീറ്റ് കുമിളുകൾ നിറഞ്ഞു.

കാറുവന്നു, കാൽസറായി വന്നു
പാട്ടുപെട്ടിയും പടംകാട്ടിപെട്ടിയും വന്നു,
കൊട്ടകയും സർക്കസും
കോലുമുട്ടായിയും വന്നു.

നാടിപ്പോഴും
സൈക്കിൾ ട്യൂബിലെ വാല്‍വുപോലെ
ഊതിനിറച്ചവയൊന്നും
പുറന്തള്ളുവാനാവാതെ
വീർത്ത്,
വിമ്മിട്ടപ്പെട്ട്.....


O


PHONE : 9562412695


Sunday, February 10, 2013

ഗ്യാങ്‌സ്റ്റർ


കഥ
എസ്‌.ജയേഷ്‌


 (പുകവലി ആരോഗ്യത്തിന് ഹാനികരമാണ്)


പുകവലിക്കുന്ന ഒരാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത അയാളോട് തീ ചോദിക്കുന്നതാണ്. അതോടെ പുകയൂതുന്നതിന്റെ എല്ലാ ആസ്വാദനവും നഷ്ടപ്പെട്ട് വെറുമൊരു മരണാനന്തര ചടങ്ങ് പോലെയാകും അത്.

മൂന്നാമത്തെയാളും തീ ചോദിച്ച് വന്നപ്പോൾ അൻസാറിന് ദേഷ്യം വന്നു. രാത്രി വൈകിയപ്പോൾ അടയ്ക്കാൻ തുടങ്ങിയ പാൻഷോപ്പിൽ നിന്നും ധൃതിയിൽ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതാണ്. തീപ്പെട്ടി കൊണ്ടുനടക്കുന്ന ശീലമില്ലാത്തതിനാൽ ചോദിക്കുന്നവർക്കെല്ലാം കത്തിച്ച സിഗരറ്റ് കൊടുക്കേണ്ടി വരുന്നു. സമയം രാത്രി പതിനൊന്ന് മണിയോടടുക്കുന്നു. ഓഫീസിലെ ജോലിത്തിരക്ക് കാരണം നന്നേ വൈകിയാണിറങ്ങിയത്. കഴിക്കാൻ കിട്ടിയത് ഒരു പെട്ടിക്കടയിലെ തണുത്തു തുടങ്ങിയ ചായയും സമോസയും. ആകെ ഒരു നശിച്ച ദിവസം തന്നെയെന്ന് മനസ്സിൽ വിചാരിച്ച് അയാൾ ഇരുട്ടിലേയ്ക്ക് ഊളിയിട്ടു തുടങ്ങിയ തെരുവിലേയ്ക്ക് നോക്കി.

അപ്പോൾ രാത്രി കച്ചവടക്കാരെ ഓടിക്കാനും അടയ്ക്കാത്ത കടകൾ അടപ്പിക്കാനും വേണ്ടി റോന്തുചുറ്റുന്ന പോലീസ് ജീപ്പ് എത്തിച്ചേർന്നു. ഇരകളെക്കാത്ത് നിൽക്കുകയായിരുന്ന വേശ്യകളും പ്രണയോലുപരായ ഹിജഡകളും മറവിലേയ്ക്ക് നീങ്ങി. രാത്രി സിഗരറ്റും ചായയും വിൽക്കാൻ വരുന്ന കുട്ടികൾ സഞ്ചികളെടുത്ത് ഓടി മറഞ്ഞു. പോലീസ് പോയിക്കഴിയുമ്പോൾ അവർ തിരിച്ചെത്തും. തെരുവിൽ അങ്ങിങ്ങായുള്ള ആളുകളെ പോലീസ് ലാത്തി വീശി ഓടിച്ചു.

‘രാത്രിയായി..വീട്ടീപ്പോടാ സാലേ

പെട്ടെന്ന് തന്റെ മുന്നിൽ പോലീസ് ജീപ്പ് വന്നു നിന്നപ്പോൾ അൻസാർ ഒന്നു ഞെട്ടി. തടിച്ചൊരു പോലീസുകാരൻ ലാത്തി കൊണ്ട് ജീപ്പിന്റെ ഡോറിൽ അടിച്ചു. സിഗരറ്റ് താഴെയിട്ട് അയാൾ വേഗം നടന്നു.

രാത്രികാലത്ത് നഗരത്തിൽ അരങ്ങേറുന്ന അക്രമങ്ങൾക്ക് തടയിടാനാണ് ഈ പോലീസ് റോന്തുചുറ്റൽ. അതിനു അവർ കണ്ടെത്തിയ വഴി വൈകി വരുന്നവരേയും വെറുതേ സംസാരിച്ചു നിൽക്കുന്നവരേയും വീടുകളിലേയ്ക്ക് ഓടിയ്ക്കുന്നതാണ്. സംശയം തോന്നിയാൽ ചോദ്യം ചെയ്യും. അതുകൊണ്ട് എപ്പോഴും കമ്പനി ഐഡി കാർഡ് പോക്കറ്റിലിട്ടേ അയാൾ രാത്രി പുറത്തിറങ്ങാറുള്ളൂ. ചോദ്യം ചെയ്യപ്പെട്ടാൽ ഓഫീസിൽ നിന്നിറങ്ങാൻ വൈകിയെന്ന് പറയാം. പിന്നെ ഒരു താക്കീതോടെ പോകാൻ പറയുകയേയുള്ളൂ.

വാസ്തവത്തിൽ നടക്കുന്നത് ഗുണ്ടകൾക്കും തെമ്മാടികൾക്കും അഴിഞ്ഞാടാനുള്ള വേദിയൊരുക്കലാണ്. തെരുവുകൾ വിജനമായിക്കഴിയുമ്പോൾ, പട്രോളിങ് എന്ന പ്രഹസനം അവസാനിക്കുമ്പോൾ അവർ പെരുച്ചാഴികളെപ്പോലെ പുറത്തിറങ്ങുന്നു. തമ്മിൽത്തല്ലുന്നു. മോഷ്ടിക്കുന്നു. ഏതെങ്കിലും മറവിൽ ഹിജഡകളെ കൊണ്ടുപോയി മുഷ്ടിമൈഥുനം ചെയ്യിക്കുന്നു. വേശ്യകളേയും കൂട്ടി മുറിയന്വേഷിക്കുന്നു. ഇതിനിടയിൽ പെട്ടുപോകുന്ന സാധാരണക്കാർ കൊടുക്കേണ്ട വില വലുതാണ്. പണം അപഹരിക്കുന്നത് മാത്രമല്ലാതെ മർദ്ദനവും ഏൽക്കേണ്ടിവരും. ചെകിടടച്ചൊരടിയാണ്. ഒരിക്കൽ അൻസാറിനും കിട്ടിയിരുന്നു. മല്ലയ്യയുടെ ഗുണ്ടകളായിരുന്നു. രാത്രി സിനിമ കഴിഞ്ഞ് വൈകി വീട്ടിലേയ്ക്ക് നടക്കുമ്പോൾ ഗുണ്ടകൾ വളഞ്ഞു. പോക്കറ്റിൽ അവശേഷിച്ചിരുന്ന പണം പിടിച്ചെടുത്ത്, തുക കുറവാണെന്ന് കണ്ടപ്പോൾ ചെകിടത്ത് ഒറ്റയടി. തല കറങ്ങിപ്പോയി. പിന്നെ കേട്ടാലറയ്ക്കുന്ന തെറിയും. പ്രതികരിക്കാൻ ശ്രമിച്ചാൽ തന്റെ ശവം പോലും കിട്ടില്ലെന്നറിയാവുന്നത് കൊണ്ട് എല്ലാം സഹിച്ച് അപമാനിതനായി വീട്ടിലേയ്ക്ക് നടന്നു. കുറച്ചു ദിവസത്തേയ്ക്ക് മുഖത്ത് നീരുണ്ടായിരുന്നു.

പ്രധാന തെരുവിൽ നിന്നും ഒട്ടേറെ വളവുകളും തിരിവുകളും കടന്നു വേണം വീട്ടിലെത്താൻ. വഴിയിൽ മിക്കവാറും വഴിവിളക്കുകൾ ചത്തിരിക്കും. ഓടയിൽ ഇടറിവീഴാതെ സൂക്ഷിച്ചു വേണം നടക്കാൻ. രണ്ട് വളവുകൾ കഴിഞ്ഞപ്പോൾ അയാളുടെയുള്ളിൽ ഭയം മുളച്ചു തുടങ്ങി. കാരണം, ഇനിയങ്ങോട്ട് മല്ലയ്യയുടെ സാമ്രാജ്യമാണ്. അയാളുടെ ഗുണ്ടകൾ ഏതെങ്കിലും കടത്തിണ്ണയിൽ ഉണ്ടാകും. വേറെ പണിയൊന്നുമില്ലെങ്കിൽ അസമയത്ത് വരുന്നവരെ ഒന്ന് തോണ്ടി വിടുന്നതാണ് അവരുടെ വിനോദം. ഇരുട്ട് കനക്കുന്നിടത്ത് മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് അയാൾ നടന്നു. ഏതാണ്ടെല്ലാ വീടുകളും ഉറക്കത്തിലേയ്ക്ക് വിളക്കണച്ചു കഴിഞ്ഞിരിക്കുന്നു. എവിടെയൊക്കെയോ തെരുവുപട്ടികളുടെ കുര കേൾക്കാമെന്നല്ലാതെ വേറെ ശബ്ദമൊന്നുമില്ലായിരുന്നു. അകത്ത് ബൾബെരിയുന്ന ഒരു അടഞ്ഞ കട കഴിഞ്ഞ് ഏതാനുമടികൾ വച്ചപ്പോൾ കാല് കനമുള്ള എന്തിലോ തട്ടി അയാൾക്ക് വേദനിച്ചു. എന്തോ ഒരു ലോഹം നിരങ്ങുന്ന ഒച്ചയും കേട്ടു. ടോർച്ച് നിലത്തേയ്ക്ക് നീട്ടി അയാൾ നോക്കി. ഉപേക്ഷിച്ചു കളയാനുള്ള ഉരുപ്പടിയല്ലെന്ന് കണ്ടപ്പോൾ ചുറ്റും നോക്കി ആരുമില്ലെന്നുറപ്പു വരുത്തി അതെടുത്ത് പോക്കറ്റിലിട്ടു. പിന്നെ നടക്കുകയല്ലായിരുന്നു. ഓട്ടം തന്നെ. എങ്ങിനെയെങ്കിലും തന്റെ മുറിയിലെത്തി സാധനം നല്ല വെളിച്ചത്തിൽ കാണാനുള്ള ധൃതി കൊണ്ടുള്ള ഓട്ടം.

അവസാനത്തെ തിരിവും കഴിഞ്ഞ് നോക്കിയപ്പോൾ റസിയയുടെ കിടപ്പറയിലെ വിളക്കണഞ്ഞിട്ടില്ലെന്ന് കണ്ടു. അവൾ ഉറങ്ങില്ല. എത്ര വൈകിയാലും താൻ മുറിയ്ക്കുള്ളിൽ കയറി വിളക്കണയുന്നതു വരെ അവൾ പഠിക്കുന്നതായി നടിച്ച് കാത്തിരിക്കും. അദൃശ്യമായ ചുംബനങ്ങൾ കൈമാറിക്കഴിഞ്ഞ് താൻ വിളക്കണച്ചാലേ അവളുറങ്ങൂ.

‘ഡാ..ആരാഡാ അത്?....നിക്കടാ..‘

പെട്ടെന്ന് ആ ശബ്ദം കേട്ട് അയാളുടെ മനസ്സിൽ നിന്നും റസിയ മാഞ്ഞു പോയി. മല്ലയ്യയുടെ ആളുകളാണ്. അവർ തന്നെ കണ്ടു.

‘എങ്ങോട്ട് പോവ്വാണെടാ കൂത്തിച്ചിമോനേ?’ താടി വളർത്തിയ ഒരുവൻ ചോദിച്ചു. അവർ അഞ്ചാറാളുണ്ടായിരുന്നു. അവർ അയാളെ വളഞ്ഞു.

‘അറിയില്ലേ ഭായ്ഇവൻ ആ ക്ലർക്ക്

‘ഓ..നീയാ.എന്താടാ ഈ നേരത്ത് ഒരു ചുറ്റിക്കളി?’

‘ഓഫീസീന്ന് വരുന്ന വഴിയാ’ അയാൾ ഒരു തരത്തിൽ പറഞ്ഞൊപ്പിച്ചു.

‘ങാഇങ്ങനെ പണിയെടുത്ത് കാശു കൂട്ടിവയ്ക്കാതെ ആർക്കെങ്കിലും വല്ല ഉപകാരോം ചെയ്യ്..’

ഒരാൾ അയാളുടെ കൈ പിന്നോട്ട് പിടിച്ചു തിരിച്ചു. വേറൊരാൾ പോക്കറ്റിൽ കൈയ്യിടാൻ തുടങ്ങി.

‘എന്റെ കൈയ്യിൽ ഒന്നുല്ല അണ്ണാമാസാവസാനമല്ലേശമ്പളം വരാൻ ഒരാഴ്ച കഴിയും

‘ഓപ്രാരാബ്ധക്കാരൻങാവിട്ടേക്കടാ പിള്ളേരേ

ഒരാൾ വന്ന് ചെകിടടച്ച് അടിച്ചു. പള്ളയ്ക്ക് ഒരു കുത്തും കിട്ടി. കൈ പിടിച്ചിരുന്നയാൾ ബലം കൂട്ടിയപ്പോൾ സന്ധികൾ തകരുന്നതു പോലെ തോന്നി.

‘’മതി..വിട് ശവത്തിനെ മാ കീ.’

അവർ അയാളെ വിട്ടു. എന്നിട്ട് കൂട്ടത്തോടെ ചിരിക്കാൻ തുടങ്ങി. അയാൾ ഒരു തരത്തിൽ ഓടി വീട്ടിലെത്തി. ജനലിലൂടെ നോക്കിയപ്പോൾ റസിയയുടെ മുറിയിൽ വെളിച്ചം അണഞ്ഞിട്ടില്ലെന്ന് കണ്ടു. കർട്ടനു പിന്നിൽ അവളുടെ നിഴലനങ്ങുന്നുണ്ടായിരുന്നു.

അയാൾ ഒരു ഫ്ലൈയിങ് കിസ്സ് അയച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ മുറിയിലെ വെളിച്ചം അണഞ്ഞു. അവൾ എല്ലാം കണ്ടിട്ടുണ്ടാകും. അയാളിൽ അടിയേക്കാൾ വലിയ വേദന നിറഞ്ഞു.

പോക്കറ്റിൽ സാധാരണയേക്കാൾ കനം തോന്നുന്നത് അപ്പോഴാണ് ഓർത്തത്. കുറച്ച് പോറൽ പറ്റിയ ഒന്നായിരുന്നു അത്. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചയിൽ പാവമെന്ന് തോന്നുമെങ്കിലും ഒരു ജീവനെടുക്കാൻ ശേഷിയുള്ള അത് എന്തു ചെയ്യണമെന്ന് അറിയാതെ അയാൾ കുഴങ്ങി. ഗുണ്ടകൾ തമ്മിലുള്ള സംഘട്ടനത്തിൽ ആർക്കെങ്കിലും നഷ്ടപ്പെട്ടതായിരിക്കണം. അങ്ങിനെയാണെങ്കിൽ അവരാരും ഇനിയത് അന്വേഷിക്കാൻ പോകുന്നില്ല. തിരിച്ചും മറിച്ചും നോക്കി അതിൽ തിരയുണ്ടോയെന്ന സംശയത്തിലെത്തി. എവിടേയും അമർത്താനോ തിരിക്കാനോ ധൈര്യം വന്നില്ല. അറിയാതെ ഒരു വെടിയൊച്ച മുറിയിൽ കേട്ടാൽ..

രാവിലെ നോക്കാം എന്ന് കരുതി അതിനെ സുരക്ഷിതമായൊരിടത്ത് ഒളിച്ചു വച്ചു. ഉറങ്ങാൻ കിടന്നപ്പോൾ വേദനകൾ തിരിച്ചെത്തി. അണപ്പല്ലിൽ കടുത്ത വേദന. ഒരു പ്രതികരണവുമില്ലാതെ റസിയയുടെ ജനാല അടഞ്ഞ വേദന. കഴുത കഴുതസ്വയം പ്രാകിക്കൊണ്ട് അയാൾ ഉറങ്ങാൻ ശ്രമിച്ചു.

രാവിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോൾ പതിവു പോലെ ഓടിയെത്താറുള്ള റസിയയെ കണ്ടില്ല. വേഗം കുറച്ച് കഴിയുന്നത്ര സാവധാനം നടന്നു. ഒരു പക്ഷേ അവൾ ഇറങ്ങാൻ വൈകിയതാണെങ്കിലോ. നേരത്തേ പോകാൻ സാധ്യതയില്ല. ഏതാനും അടികൾ കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ വരുന്നത് കണ്ടു. അയാൾ കാത്തുനിന്നു.

‘എന്താ റസിയാ.’

‘ഒന്നൂല്ല’

‘പിന്നെന്താ മിണ്ടാത്തേ?’

‘ഉം..നിങ്ങളൊരു പാവത്താനാ.ഇന്നലെ നടന്നതൊക്കെ ഞാൻ കണ്ടു

‘ഞാൻ ഒറ്റയ്ക്ക് എന്തു ചെയ്യാനാണ്? അവരൊക്കെ ഗുണ്ടകളാണെന്നറിയില്ലേ?’

‘പിന്നേഎന്റെ അബ്ബ ആയിരുന്നെങ്കിൽ എല്ലാരേം വെടി വച്ചിട്ടേനേ..’

‘നിന്റെ അബ്ബ പട്ടാളക്കാരൻ..ഞാൻ ഒരു പാവം ക്ലർക്ക്. ഓഫീസിൽ മുതലാളിയുടെ ചീത്ത, പുറത്തു വന്നാൽ ഗുണ്ടകളുടെ അടി.ഇപ്പോൾ നീയും എന്നെ തള്ളിപ്പറയുന്നു.’

‘ഞാൻ തള്ളിപ്പറഞ്ഞതൊന്നുമല്ല. ആണുങ്ങളായാൽ കുറച്ച് ധൈര്യം വേണം’

‘എനിക്ക് അത്ര ധൈര്യമില്ല റസിയാഇനി വേണമെങ്കിൽ ഞാൻ ഒരു തോക്ക് സംഘടിപ്പിക്കാംഎന്നിട്ട് എല്ലാവരേയും വെടി വച്ചു കൊല്ലാംമതിയോ?‘

‘അയ്യോ..വേണ്ടവേണ്ടഎന്നാലും വെറുതേ അടിയും വാങ്ങി പോയി കിടന്നുറങ്ങിയല്ലോ നാണമില്ലാതെ’

ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവർ അപരിചിതരാ‍യി അകലം പാലിച്ചു നടന്നു. അവളുടെ അമ്മാവന്മാർ ചുറ്റുവട്ടത്ത് കാണും. അവർ എന്തെങ്കിലും മണത്തറിഞ്ഞാൽ മല്ലയ്യയുടെ ഗുണ്ടകളെപ്പോലെയല്ല, നെഞ്ചിൽ കത്തി കയറ്റും.

ബസ്സ് രണ്ടു സ്റ്റോപ്പുകൾ പിന്നിട്ടപ്പോൾ അൻസാറിന് വേറൊരു ചിന്ത തോന്നി. അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഓഫീസിലേയ്ക്ക് വിളിച്ച് നല്ല സുഖമില്ലെന്നും ആശുപത്രിയിലേയ്ക്ക് പോകുകയാണെന്നും പറഞ്ഞു. അടുത്തുള്ള സൈബർ കഫേയിൽ കയറി തോക്കുകളെപ്പറ്റി ഗൂഗിൾ ചെയ്തു. ഏറെ നേരം തിരഞ്ഞിട്ടും തനിക്കു കിട്ടിയ മോഡൽ കണ്ടെത്താൻ പറ്റാതായപ്പോൾ ഇറങ്ങി തിരിച്ച് ബസ്സ് കയറി. ഏതെങ്കിലും നാടൻ തോക്കാകാനായിരിക്കും സാധ്യത എന്ന അനുമാനത്തിൽ വീട്ടിൽ തിരിച്ചെത്തി. നല്ല വെളിച്ചത്തിൽ അതിനു ഒരു വിഷജന്തുവിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. കറുത്തനിറം, പരുപരുത്ത പിടി. ഏറെ ഉപയോഗിച്ചതു കൊണ്ടായിരിക്കണം കാഞ്ചിയിൽ വിരൽ തൊടുന്നിടത്ത് ചെറിയ നിറം മങ്ങൽ. വേറൊരു നിറത്തിലായിരുന്നെങ്കിൽ ദീപാവലിയ്ക്ക് കുട്ടികൾ പൊട്ടാസ് പൊട്ടിക്കാൻ വാങ്ങുന്ന കളിത്തോക്കാണെന്നേ കരുതൂ. അയാൾ സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ പാന്റിന്റെ പിന്നിൽ അത് ഇറക്കി വച്ചു. ഒട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല, അവർ എങ്ങിനെയാണത് താഴെ വീഴാതെ അതിനെ അവിടെയുറപ്പിച്ചു നിർത്തുന്നതെന്ന്. താനൊരു ഗാങ്സ്റ്റർ ആയി മാറിയതായി അയാൾക്കു തോന്നി. അതെ, ഒരു തോക്ക് കൈയ്യിലെത്തുന്നതോടെ പിന്നെയെല്ലാം അങ്ങിനെയാണ്.

തലേന്ന് രാത്രി ഗുണ്ടകൾ ആക്രമിച്ചപ്പോഴും അത് തന്റെ പോക്കറ്റിലുണ്ടായിരുന്നല്ലോയെന്ന് അപ്പോഴാണ് ഓർത്തത്. ഒന്നും വേണ്ടായിരുന്നു, വെറുതേ അതെടുത്ത് ചൂണ്ടിക്കാണിച്ചാൽ മതിയായിരുന്നു. അവർ ഓടിപ്പോയേനെ. അല്ലെങ്കിൽ അവരുടെ കൈയ്യിലുള്ള തോക്കുകളെടുത്ത് തന്നെ വെടിവെച്ചേനേ. രണ്ടായാലും റസിയയ്ക്ക് തന്നോടുണ്ടായ പുച്ഛം ഒഴിവായിക്കിട്ടുമായിരുന്നു. എപ്പോഴും വൈകി വരുന്ന ആശയങ്ങളാണല്ലോ തനിക്കെന്ന് വിചാരിച്ച് തോക്ക് തിരിച്ച് ഒളിപ്പിച്ചു വച്ചു.

ഇനിയും വൈകിയിട്ടില്ല. മല്ലയ്യയുടെ ഗുണ്ടകൾ ഇന്നു രാത്രിയും അവിടെ വഴിപോക്കരെ ഉപദ്രവിച്ചു കൊണ്ട് കടത്തിണ്ണയിലിരിക്കും. താൻ വരുന്നതും കാത്ത് റസിയ ജനലരികിൽ പഠിക്കുന്നതായി അഭിനയിച്ച് ഉറങ്ങാതിരിക്കും. ഗുണ്ടകൾ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കും. അപ്പോൾഅപ്പോൾ.

അപ്പോൾ മാന്ത്രികൻ തൊപ്പിയിൽ നിന്നും മുയലിനെ എടുക്കുന്നത് പോലെ തന്റെ കൈയ്യിൽ തോക്ക് പ്രത്യക്ഷപ്പെടും. ഒന്നും വേണ്ട, കാഞ്ചിയിൽ വിരലമർത്തി അവർക്കു നേരെ ചൂണ്ടിയാൽ മാത്രം മതി. ചിലപ്പോൾ അവർ തിരിച്ച് തോക്ക് ചൂണ്ടുമായിരിക്കും. എന്നെ വെടിവെച്ചിടുമായിരിക്കും. അപ്പോഴും എന്റെ കൈയ്യിൽ മുറുക്കെപ്പിടിച്ച ഒരു ആയുധമുണ്ടാകും. റസിയാനിന്റെ പേടിത്തൊണ്ടൻ, നാണമില്ലാതെ അടിവാങ്ങി കിടന്നുറങ്ങുന്നവൻ, നിന്റെ സ്വപ്നങ്ങളിലെ ധീരനായ നായകനാകും. ഇന്നു രാത്രി കൂടി നീ എനിക്കുവേണ്ടി ഉറങ്ങാതെ കാത്തിരിക്കൂ. അടുത്ത ദിവസം എന്നോട് ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ. ഇന്നു രാത്രി കഴിയുമ്പോൾ മുതൽ ഞാൻ വെറുമൊരു പേടിത്തൊണ്ടൻ ക്ലർക്കല്ല. പകൽ ക്ലർക്കായും രാത്രി അപകടകാരിയായ ഗാങ്സ്റ്ററായും മാറുന്ന നായകനാണ്. ഒരു രാത്രി കൂടി, അത്രമാത്രം.

പാൻഷോപ്പ് അടയ്ക്കാൻ തുടങ്ങുകയായിരുന്നു. വേശ്യകളും ഹിജഡകളും ഇരകളെക്കാത്ത് ഇരുളിൽ നിരന്നുനിൽക്കുന്നു. രാത്രി കച്ചവടക്കാർ പോലീസ് റോന്തുചുറ്റൽ എന്ന ശല്യം കഴിയാൻ വേണ്ടി സഞ്ചികളുമായി അക്ഷമരായി. അൻസാർ പാൻഷോപ്പിൽ നിന്നും സിഗരറ്റ് വാങ്ങി കത്തിച്ചു. പ്രധാനവീഥിയിൽ വാഹനങ്ങളുടെ തിരക്കൊഴിഞ്ഞു തുടങ്ങി. എന്തോ ആരും തീ ചോദിച്ചു വന്നില്ല.

‘സാലേരാത്രിയായി..വീട്ടിലേയ്ക്ക് പോ.’

തന്റെ മുന്നിൽ നിർത്തിയ പോലീസ് ജീപ്പിനെ നിർവ്വികാരമായി നോക്കി അൻസാർ റോഡ് മുറിച്ചു കടന്ന് നടന്നു. വഴിവിളക്കുകൾ ചത്തുപോയ ഇടങ്ങളിൽ ഇരുട്ട് ഒട്ടും ഭയപ്പെടുത്തിയില്ല. കാലുകൾ എന്തോ തടയാൻ വേണ്ടി വെമ്പൽ കൊള്ളുന്നതു പോലെ.

‘ഡാ..ആരാ..നിക്കഡാ അവടെ

പ്രതീക്ഷിച്ച വിളി കേട്ടപ്പോൾ ഏതോ കീർത്തനം കേട്ടതുപോലെ ചെവികൾ പുളകം കൊണ്ടു. റസിയയുടെ മുറിയിൽ വെളിച്ചമുണ്ട്. അവൾ ജനൽ കർട്ടനു പിന്നിൽ നിന്ന് എല്ലാം കാണുന്നുണ്ടാകും.

ഗുണ്ടകൾ മീശ പിരിച്ച് അടുത്തു വന്നു. കഴുതപ്പുലികളെപ്പോലെ ഇരയെ വളയുന്നത് അവരുടെ ഒരു നിയമമാണെന്നു തോന്നുന്നു. അല്ലെങ്കിൽ സിനിമകളിൽ നിന്നും കിട്ടിയ പ്രചോദനം.

‘ഞാനാഞാൻ’ അൻസാർ ധൈര്യപൂർവ്വം പറഞ്ഞു.

‘ആഹ്..നീയോശമ്പളം കിട്ടിയോടാ ബേൻ ചോദ്?’

‘ഉംവാ..തരാം

അപ്പോൾ പിന്നിലൊളിപ്പിച്ച തോക്ക് അലറുന്നതു പോലെ തോന്നി. അവരിലൊരാൾ അടുത്തു വന്ന് രൂക്ഷമായി നോക്കി. ഒരു പേനാക്കത്തി കൊണ്ട് പുറം ചൊറിഞ്ഞു ചിരിച്ചു.

അപ്രതീക്ഷിതമായിരുന്നു പിന്നിൽ നിന്നുമുള്ള ഉന്ത്. അടി തെറ്റിപ്പോയി. അപ്പോഴേയ്ക്കും അവർ കൂടുതലടുത്തെത്തിയിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് അടി വീണു. അപ്പോൾ മുടിക്കുത്തഴിഞ്ഞു വീഴുന്നതു പോലെ തന്നിൽ നിന്നും എന്തോ ചോർന്നു പോകുന്നത് അൻസാർ മനസ്സിലാക്കി. അയാൾ മുട്ടുകുത്തിയിരുന്ന് കൈകൂപ്പി. ഇടത്തു നിന്നും വലത്തുനിന്നും വന്ന അടി എവിടെയൊക്കെ കൊണ്ടുവെന്നറിയാതെ നിലത്തു വീണു.

‘ഒന്നിനും കൊള്ളാത്ത പട്ടിഇവനെയൊക്കെ വെടി വച്ച് കൊല്ലണം’ പേഴ്സ് തുറന്നു നോക്കി അതിലൊന്നുമില്ലെന്ന് കണ്ട് വലിച്ചെറിഞ്ഞ ഒരു ഗുണ്ട പറഞ്ഞു. എന്നിട്ട് ഒരു തൊഴി കൂടി കൊടുത്ത് അവർ പോയി. ഒരുവിധത്തിൽ എഴുന്നേറ്റ് നിന്ന് റസിയയുടെ ജനാലയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ വിളക്കണച്ചിരിക്കുന്നതായി കണ്ടു.

കുറച്ചകലെ, അരണ്ട വെളിച്ചത്തിൽ അത് പ്രണയഭംഗം സംഭവിച്ചതു പോലെ അനക്കമറ്റു കിടക്കുന്നു..

O


PHONE : 09030934513
Saturday, February 9, 2013

ഓർമ്മ - ചേപ്പാട്‌ സോമനാഥൻ

അനുസ്മരണം
ഗോപി ആനയടി       ചേപ്പാട്‌ സോമനാഥൻ ഇനി ഓർമ്മ മാത്രം. കവി, പത്രാധിപർ, സംഘാടകൻ എന്നീ നിലകളിൽ നാലുപതിറ്റാണ്ട്‌ മുംബൈയിലെ മലയാളികളുടെ ഇടയിൽ സാംസ്കാരിക സാന്നിധ്യമായിരുന്നു. അദ്ദേഹം മരണത്തെ സ്വയം വരിച്ചു എന്നു ചിന്തിക്കാൻ പോലും കഴിയുന്നില്ല. ജീവിതത്തെ സദാ പ്രസാദാത്മകമായി മാത്രം കണ്ടിരുന്ന സുസ്മേരവദനനായ പ്രിയ സുഹൃത്തിന്റെ ഉള്ളിൽ അലകളടങ്ങിയ കനത്ത വിഷാദത്തിന്റെ ഉൾക്കടൽ അമർന്നിരുന്നുവെന്ന് ആരും കരുതിയില്ല.

ചേപ്പാട്‌ സോമനാഥൻ

എല്ലവരെയും സ്നേഹിക്കാൻ മാത്രം കഴിഞ്ഞിരുന്ന സഹൃദയനായ സുഹൃത്തേ, താങ്കൾക്ക്‌ ഇതെങ്ങനെ കഴിഞ്ഞു? അടുത്ത മേയിൽ നാട്ടിൽ വരുമ്പോൾ കാണാമെന്ന് ഉറപ്പു പറഞ്ഞിരുന്നതാണ്‌. എന്നിട്ടും എന്നെ കാത്തുനിൽക്കാതെ ഇത്ര വേഗം കടന്നുപോയല്ലോ...!!

"അക്ഷരം പൂക്കുമ്പോൾ എത്ര പൂക്കൾ..?
ആകാശം നിറയും നക്ഷത്രപ്പൂക്കൾ." 

ഹൃദയം കൊണ്ട്‌ അക്ഷരങ്ങളെ ത്രമാത്രം സ്നേഹിച്ചിരുന്നു, ഈ കവി. നാൽപ്പതു വർഷത്തെ മറുനാടൻ ജീവിതം അവസാനിപ്പിക്കുവാൻ ചേപ്പാടിനു മതിയായ കാരണങ്ങളുണ്ടായിരുന്നു.

"എന്നെ വിളിക്കുന്നു, എന്റെ ഗ്രാമം
എന്നെ വിളിക്കുന്നു, എന്റെ ബാല്യം
എന്നെ വിളിക്കുന്നു മാതൃസ്നേഹം
എല്ലാം പൊറുക്കുന്ന ജന്മഗേഹം."

കത്തുകൾ അന്യം നിന്നുപോയ തിരക്കുകളുടെ ഇക്കാലത്തും തുടർച്ചയായി പോസ്റ്റ്‌ കാർഡുകളിൽ അദ്ദേഹം കത്തുകൾ എഴുതിയിരുന്നു.

"കത്തെഴുതുക, കാത്തുസൂക്ഷിക്കുക
സൗഹൃദത്തിന്റെ ഊഷ്മളഭാവങ്ങൾ
കത്തെഴുതുക കൈമാറീടുക
പ്രണയസാന്ദ്രമാം ഹൃദയാഭിലാഷങ്ങൾ." 

എന്നു പറഞ്ഞ കവി ഇനി ആർക്കും എഴുതുകയില്ല.
ദീപ്തമായ ആ  ഓർമ്മകളിൽ വിങ്ങുന്ന ഹൃദയത്തോടെ പ്രണാമം അർപ്പിക്കുന്നു.

 O

 ചേപ്പാട്‌ സോമനാഥന്റെ കൃതികൾ

കാലംസാക്ഷി (കവിതകൾ) - ഡോ. കെ. ദാമോദരൻ സ്മാരക പുരസ്കാരം
കുറുമൊഴിച്ചെപ്പ് (കവിതകൾ)
പുലരിപ്പൂവ് (കവിതകൾ)
ചുവന്ന സ്വപ്നങ്ങളേ മാപ്പ് (കവിതകൾ)- പ്രഹ്ലാദി പുരസ്ക്കാരം
ചേപ്പാടിന്റെ രചനകൾ(സമ്പൂർണ്ണ കൃതികൾ)

Saturday, February 2, 2013

ഗാന്ധിഭവൻ എന്ന സ്നേഹവീട്‌

സന്ദർശനം
ഗിരീഷ്‌ മോഹൻ    ലോകത്താകമാനം നന്മയുടെ പ്രകാശം തെളിയിച്ചുകൊണ്ട്‌, തിന്മയുടെ ഇരുട്ട്‌ നീക്കാൻ പ്രവാചകൻ പിറവിയെടുത്ത തിരുനാളിലാണ്‌ കേളികൊട്ട്‌ കൂട്ടായ്മയിലെ പ്രിയസുഹൃത്തുക്കൾക്കൊപ്പം ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ കാലുകുത്തുവാനുള്ള നിയോഗമുണ്ടായത്‌. നബിദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രാർത്ഥനയിൽ എല്ലാവരും പങ്കുകൊള്ളുന്ന സമയമായിരുന്നു അത്‌. ഹൃദയംഗമമായ സ്വാഗതമാണ്‌ ഗാന്ധിഭവൻ പ്രവർത്തകർ ഞങ്ങൾക്ക്‌ നൽകിയത്‌. വേദിയിലിരിക്കുമ്പോഴും, ശേഷം ക്യാമറയെടുത്ത്‌ സദസ്സിലെ ചില മുഖങ്ങളിലേക്ക്‌ ഫോക്കസ്‌ ചെയ്യുമ്പോഴും, ജീവിതമെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തെക്കുറിച്ച്‌ ഒരു നിമിഷമോർത്തു. വിചിത്രവും സങ്കീർണ്ണവുമായ ആ ചോദ്യത്തിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ പോയകാല ജീവിതത്തിന്റെ ദുരിതവും ദുരന്തങ്ങളും നിറഞ്ഞ കഥകൾ ഒഴുകിവരുന്നതായി തോന്നി. അന്തേവാസികളോടൊപ്പമാണ്‌ ഭക്ഷണം കഴിച്ചത്‌. ഇതുവരെ കഴിച്ചിട്ടുള്ളതിൽ വെച്ചേറ്റവും സ്വാദിഷ്ഠമായ സദ്യ. പിന്നെ, ഗാന്ധിഭവന്റെ ഓരോരോ ഇടങ്ങളിലേക്കും പ്രവർത്തനചരിത്രത്തിലേക്കും വൈസ്‌ ചെയർമാൻ പി.എസ്‌.അമൽരാജ്‌, സൂപ്രണ്ട്‌ ശ്രീമതി.സൂസൻ തോമസ്‌ എന്നിവർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി.
ഗാന്ധിഭവൻ എന്ന സ്നേഹഗ്രാമത്തിൽ ഇപ്പോൾ എണ്ണൂറിലധികം കുടുംബാംഗങ്ങളുണ്ട്‌. നിരാലംബർക്ക്‌ ആശ്രയമേകിക്കൊണ്ട്‌ ഈ സ്നേഹമരം കാരുണ്യത്തിന്റെ ഫലങ്ങൾ പൊഴിക്കുന്നു. അനാഥർ എന്ന വാക്ക്‌ ഇവിടെ ഇല്ലാതാകുന്നു. ആശ്രയമറ്റ പകച്ച കണ്ണുകളെ ഇവിടെ കാണാനുമാവില്ല.

2002 നവംബർ 22 ന്‌ പത്തനാപുരത്തെ ഒരു വാടകക്കെട്ടിടത്തിലാണ്‌ ഗാന്ധിഭവന്റെ തുടക്കം. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട്‌, തകർന്നു വീഴാറായ ഒരു കുടിലിൽ മഴ നനഞ്ഞ്‌ വിറങ്ങലിച്ചു കിടന്ന പാറുക്കുട്ടിയമ്മ എന്ന 85 കാരിക്ക്‌ തണലേകിക്കൊണ്ടാണ്‌ ഈ അഭയകേന്ദ്രം തുടങ്ങിയത്‌. ഡോ.സുകുമാർ അഴീക്കോട്‌ ഭദ്രദീപം കൊളുത്തി ആരംഭിച്ച ഗാന്ധിഭവൻ ഇന്ന് നിരാലംബരുടെ ഏറ്റവും വലിയ ആശ്രയമായി മാറിയിരിക്കുന്നു. സ്നേഹം കൊണ്ട്‌ തീർത്ത ചുവരുകളും മേൽക്കൂരകളുമുള്ള വിശുദ്ധഭവനം. ഇവിടെ മുൻജനപ്രതിനിധികളും ഉന്നത ഉദ്യോഗത്തിലിരുന്നവരും പണ്ഡിതരും  യാതൊന്നുമില്ലാത്തവരുമുണ്ട്‌. കൈക്കുഞ്ഞുങ്ങൾ മുതൽ വയോവൃദ്ധർ വരെ. മനോവൈകല്യവും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ചവർ, ഊരും പേരും അറിയാത്തവർ, വിവിധ ഭാഷയും വേഷവും ആചാരങ്ങളും ഒത്തുചേരുന്ന ഗാന്ധിഭവൻ, ഭാരത സമൂഹത്തിന്റെ ഒരു നേർചിത്രമാണ്‌.ഗാന്ധിഭവന്റെ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ തന്റെ കുടുംബാംഗങ്ങളുമായി ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം താമസിച്ചുകൊണ്ടാണ്‌ കാരുണ്യപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. സർക്കാരിന്റെ ധനസഹായമേതുമില്ലാതെ പ്രവർത്തിക്കുന്ന ഗാന്ധിഭവനെ നിലനിർത്തുന്നതും വളർത്തുന്നതും മനുഷ്യസ്നേഹികളായ ഒട്ടനവധിപേരാണ്‌. ഗാന്ധിഭവൻ കുടുംബത്തിന്റെ ശക്തിയും പ്രത്യാശയും സമ്പത്തും അവരാണ്‌. ഈശ്വരപൂജ പോലെ സേവനം ചെയ്യുന്ന നൂറ്റിയമ്പതോളം സന്നദ്ധപ്രവർത്തകരും ഇവിടെയുണ്ട്‌.

കൊല്ലം ജില്ലയിൽ, പത്തനാപുരത്ത്‌ പ്രകൃതിരമണീയമായ കുണ്ടയം എന്ന ഗ്രാമത്തിൽ കല്ലടയാറിന്റെ തീരത്താണ്‌ ഗാന്ധിഭവൻ സ്ഥിതി ചെയ്യുന്നത്‌. പൂർണ്ണമായും ഗാന്ധിയൻ ആശയങ്ങളെ പിൻതുടർന്ന് സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരെ സ്വാന്ത്വനപ്പെടുത്താനും പുതിയ തലമുറയിൽ സത്യവും വിജ്ഞാനവും വളർത്തുവാനും നിരന്തരം പ്രയത്നിക്കുന്ന മാതൃകാസ്ഥാപനമാണ്‌ ഗാന്ധിഭവൻ. മനുഷ്യന്റെ സാമൂഹികജീവിതബോധം ഇത്രയധികം ദർശിക്കാനാവുന്ന മറ്റൊരിടമില്ല. പരസ്പരസഹായത്തിന്റെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ ഇവിടെ നിന്നും നാം പഠിക്കണം. ഓരോരുത്തരും അവരവരാൽ കഴിയുംവിധം മറ്റുള്ളവരെ സഹായിച്ചും സന്നദ്ധസേവകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ ചിട്ടയായ ജീവിതശൈലി പിൻതുടരുന്നു. ഗാന്ധിഭവനിൽ സ്നേഹത്തിന്റെ ഒറ്റമരം പടർന്നു പന്തലിക്കുകയാണ്‌.
ഗാന്ധിഭവനിലെ ഏറ്റവും പ്രകടമായ പ്രത്യേകത അവിടുത്തെ ശുചിത്വമാണ്‌. ഒരു ആശ്രമത്തിന്റെ വൃത്തിയും വെടിപ്പുമാണ്‌ ഇവിടെയുള്ളത്‌. ഭക്ഷണം പാകം ചെയ്യുന്നതും നൽകുന്നതും കിടക്കയൊരുക്കിയിരിക്കുന്നതുമെല്ലാം അത്രയേറെ വൃത്തിയുള്ള സാഹചര്യത്തിലാണ്‌. വനമേഖലയിലുള്ള പ്രശാന്തമായ ഒരു കുടിലിലെത്തിയ അനുഭൂതിയാണ്‌ ഇവിടെ നിൽക്കുമ്പോൾ. മരങ്ങളും, കിളികളുടെ പാട്ടും, കല്ലടയാറിന്റെ കിലുക്കവുമൊക്കെച്ചേർന്ന് ഒരു സ്നേഹഗ്രാമം. അന്തേവാസികളുടെ അച്ചടക്കം, സ്നേഹവാക്കുകൾ, പെരുമാറ്റം ഇവയൊക്കെ സംസ്കാരസമ്പന്നമായ ഒരു സമൂഹത്തെയാണ്‌ ഓർമ്മിപ്പിക്കുന്നത്‌. കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരികപരിപാടികൾ നടക്കുന്ന ഇടം കൂടിയാണ്‌ ഗാന്ധിഭവൻ. ഒട്ടേറെ മഹദ്‌വ്യക്തികളുടെ സാമീപ്യവും വാക്കുകളും കൊണ്ട്‌ ഗാന്ധിഭവൻ കുടുംബാംഗങ്ങങ്ങളുടെ മനസ്സിന്‌ സംസ്കാരത്തിന്റെ അന്നവും ലഭിക്കുന്നു.

അന്തേവാസികളുടെ ആരോഗ്യം, ശുചിത്വം, അച്ചടക്കം എന്നിവയൊക്കെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 'സ്നേഹഗ്രാമം പഞ്ചായത്ത്‌' എന്ന സാങ്കൽപ്പികമായ ഒരു പഞ്ചായത്ത്‌ കമ്മറ്റിയും ഗാന്ധിഭവനിൽ പ്രവർത്തിക്കുന്നുണ്ട്‌. ഗാന്ധിഭവൻ നിലനിൽക്കുന്ന ഒന്നരയേക്കർ സ്ഥലമാണ്‌ ഈ പഞ്ചായത്തിന്റെ പ്രവർത്തനപരിധി. അന്തേവാസികളാൽ തെരെഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും മെമ്പർമാരുമാണ്‌ പഞ്ചായത്ത്‌ ഭാരവാഹികൾ. തങ്ങൾ അനാഥരല്ല, ഉത്തരവാദിത്വബോധമുള്ള ഭരണകർത്താക്കളാണ്‌ എന്ന ബോധം അന്തേവാസികളിൽ സൃഷ്ടിക്കാൻ കൂടിയാണ്‌ ഈ സംവിധാനം ഇവിടെ ഒരുക്കിയിട്ടുള്ളത്‌. സ്വയംപര്യാപ്തത എന്ന ഗാന്ധിയൻ സങ്കൽപ്പത്തെ പിൻതുടരുന്ന ഗാന്ധിഭവന്‌ സ്വന്തമായി ഔഷധത്തോട്ടവും കൃഷിത്തോട്ടവുമുണ്ട്‌. അന്തേവാസികൾക്ക്‌ ക്രിയാത്മകതയും ചെറുവരുമാനവും ഉണ്ടാക്കുന്നതിനു സഹായിക്കുന്ന ചന്ദനത്തിരി, സോപ്പ്‌ തുടങ്ങിയ നിർമ്മാണയൂണിറ്റും ഗാന്ധിഭവനിലുണ്ട്‌.തെരുവോരങ്ങളിൽ അവശരായിക്കിടക്കുന്നവരെയാണ്‌ കൂടുതലും ഇവിടെ കൊണ്ടുവരുന്നത്‌. സേവനസന്നദ്ധരായ ഒരു കൂട്ടം ശുശ്രൂഷാപ്രവർത്തകരുടെ സ്നേഹപരിചരണങ്ങൾ അവർക്ക്‌ ആശ്വാസമേകുന്നു. പോലീസും ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരുമൊക്കെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്നവരെ ഇവിടെ എത്തിക്കുന്നു. പരിമിതമായ സ്ഥലസൗകര്യങ്ങൾക്കിടയിലും അവരെ ഉൾക്കൊള്ളാൻ ഗാന്ധിഭവൻ വിശാലമായ ഹൃദയം തുറക്കുന്നു. ബുദ്ധിവൈകല്യം സംഭവിച്ച കുട്ടികൾക്കും മുതിർന്നവർക്കും സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കാൻ പരിശീലനം, ജീവിക്കാൻ ആവശ്യമായ പഠനങ്ങൾ, തൊഴിൽ പരിശീലനം എന്നീ പദ്ധതികളിലൂടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ 'ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂൾ' ഇവിടെ പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാർ നാഷണൽ ഓപ്പൺ സ്കൂളിംഗിന്റെ അക്രഡിറ്റഡ്‌ സെന്ററായ ഗാന്ധിഭവൻ സ്റ്റഡി സെന്ററിൽ, വൃദ്ധപരിചരണ നഴ്സിംഗ്‌ കോഴ്സും നടന്നുവരുന്നു.

കേന്ദ്രസർക്കാർ ഗാർഹികപീഢന നിരോധന നിയമപ്രകാരം സർവ്വീസ്‌ പ്രൊവൈഡറായി നിയമിച്ചിട്ടുള്ള ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാനത്തൊട്ടാകെ പഞ്ചായത്തുകൾ, കുടുംബശ്രീകൾ, ജാഗ്രതാസമിതികൾ മറ്റു സന്നദ്ധ സംഘടകൾ എന്നിവരുമായി ചേർന്ന് ഗ്രാമങ്ങൾതോറും ഗാർഹികപീഢന നിരോധനനിയമം, ലഹരിവിമോചനം, മതേതരത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകൾക്കും സെമിനാറുകൾക്കും അദാലത്തുകൾക്കും നേതൃത്വം നൽകുന്നു. കേരള ഹൈക്കോടതിയുടെ കീഴിലുള്ള കേരള സ്റ്റേറ്റ്‌ ലീഗൽ സർവ്വീസസ്‌ അതോറിറ്റിയുടെ അംഗീകാരം ഗാന്ധിഭവനുണ്ട്‌. പാവപ്പെട്ടവർക്ക്‌ സൗജന്യ നിയമസഹായം നൽകുന്നതിനുള്ള 'കെൽസ'യുടെ നീതിഭവൻ ഇവിടെ പ്രവർത്തിക്കുന്നു. ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ അടൂർ ഏഴംകുളത്ത്‌ പ്രവർത്തിക്കുന്ന ഫീനിക്സ്‌ ഹോസ്പിറ്റലിൽ കേന്ദ്രസർക്കാർ അംഗീകാരമുള്ള ലഹരി ചികിത്സാ പുനരധിവാസ കേന്ദ്രവും പെയിൻ & പാലിയേറ്റീവ്‌ കെയർ യൂണിറ്റും പ്രവർത്തിക്കുന്നു. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു കൊണ്ട്‌, നിരാലംബരായ വൃദ്ധജനങ്ങൾക്കായി 'ശരണാലയം' എന്ന സ്ഥാപനം കൊല്ലം ജില്ലയിലെ കരീപ്രയിൽ പ്രവർത്തിക്കുന്നു.അന്തേവാസികൾക്കായി അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു വായനശാല, ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടെ ഇവിടെ പ്രവർത്തിക്കുന്നു. അനന്യമായ സാഹിത്യമേന്മ പുലർത്തുന്ന മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യമാസിക എന്നവകാശപ്പെടാവുന്ന ഒന്നാണ്‌ ഗാന്ധിഭവൻ പുറത്തിറക്കുന്ന സ്നേഹരാജ്യം മാസിക. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ സമ്പന്നമാക്കുന്ന വിജ്ഞാനപൂർണ്ണവും ശ്രദ്ധേയവുമായ ഒരു പ്രസിദ്ധീകരണമായി ഇത് മാറിയിട്ടുണ്ട്.


പാവപ്പെട്ടവർക്ക്‌ സമ്പൂർണ്ണ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതും കേരളത്തിലെ പ്രകൃതി-പാരമ്പര്യ ചികിത്സ പഠന-ഗവേഷണങ്ങൾക്കായി ഒരു മെഡിക്കൽ കോളേജ്‌ ഉണ്ടാകണമെന്നും ഉത്തമരായ സാമൂഹ്യപ്രവർത്തകരെ വാർത്തെടുക്കുന്നതിനായി ഒരു ജീവകാരുണ്യ സർവ്വകലാശാല സ്ഥാപിക്കുക എന്നതുമാണ്‌ ഗാന്ധിഭവന്റെ ഭാവിപരിപാടികൾ എന്നറിയുമ്പോൾ, സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക്‌ പരിധിയില്ലാത്ത സേവനം നൽകുന്ന ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അതിരറ്റ സന്തോഷം തോന്നുന്നു. അണുകുടുംബങ്ങൾ പോലും ക്ലേശങ്ങളും പരാധീനതകളും അവശതയും കൊണ്ട്‌ വീർപ്പുമുട്ടുന്ന സമൂഹത്തിൽ പല ദേശത്തുനിന്നും പലവിധ വൈഷമ്യങ്ങളുമായി എത്തിച്ചേർന്നവർ - കുഞ്ഞുങ്ങൾ, വൃദ്ധർ, വിധവകൾ, ജീവിതം വഴിമുട്ടി ആത്മഹത്യയ്ക്കൊരുങ്ങിയവർ, അംഗവൈകല്യം വന്നവർ, മാനസിക സുസ്ഥിരത നഷ്ടപ്പെട്ടവർ, കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ കഴിയാത്തവിധം അവശരായവർ തുടങ്ങി എല്ലാവരും ഒരു കുടുംബമായി ഒന്നിച്ചു കഴിയുന്നതു കണ്ട്‌ മനംനിറഞ്ഞ്‌ ഈ സ്നേഹഗ്രാമത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ, ഉപേക്ഷിക്കപ്പെട്ടവരുടെ വേദനകളിൽ കുറച്ചു സമയം ഒപ്പം കൂടിയതിന്റെ സാഫല്യവും അവരുടെ കഥകൾ കേട്ട്‌ ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിഞ്ഞതും വിലപ്പെട്ട ജീവിതാനുഭവമായി എന്നും മായാതെ നിൽക്കും.

വിലാസം
GANDHIBHAVAN
KUNDAYAM.P.O
PATHANAPURAM, KOLLAM- 689695

ഫോൺ - 0475 2355573
email - gandhibhavan@gmail.com

O

PHONE : 9048871847

നന്ദി - പി.എസ്‌.അമൽരാജ്‌, സൂസൻ തോമസ്‌,ബൃന്ദ.