Sunday, December 30, 2012

എന്നിട്ടുമാ.....

 കവിത
സംവിദാനന്ദ്‌


തിരിച്ചു നടക്കുകയായിരുന്നു
അപ്പോഴാണാക്കരച്ചിൽ
തിരിഞ്ഞൊന്നു നോക്കിയെന്നു
വരുത്തി.
അല്ല ഇക്കാലത്ത്
ആരാ കരയാത്തത്?
പക്ഷേ പുഴയെന്നു കരുതിയത്
കടലായ് ഇരമ്പുന്നു.

ഈ സങ്കടങ്ങളെന്നത്‌
ഇങ്ങനെ
പെൺമക്കളെപ്പോലാ വലുതാവുന്നെ
എന്നാ ചെയ്യാനാ?

പേടിയാവും ഒരിടത്ത്
ഒറ്റയ്ക്ക് പറഞ്ഞുവിടാൻ

തിരിച്ചെത്തിയില്ലെങ്കിൽ
ആധിയാവും

തളർന്നുറങ്ങാൻ
രാത്രിപൊതിഞ്ഞു വെച്ചു

തനിച്ചിരിക്കാൻ
കടൽ കീറി നല്കി

കാത്തിരിക്കാൻ
നീലാകാശം വരഞ്ഞിട്ടു

ഹോ
ഇത്രയൊക്കെ ചെയ്തു
മുന്നോട്ടു നടക്കുമ്പോഴാ
വീണ്ടും....


Oസംസ്കാരജാലകം

സംസ്കാരജാലകം - 15
ഡോ.ആർ.ഭദ്രൻ

നെടുമ്പാശേരി (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 2012 ജൂലൈ 8)
ബെന്യാമിൻ എഴുതിയ അത്യുജ്ജലമായ കഥയാണ്‌ 'നെടുമ്പാശേരി'. നന്മയുടെ ചൂട്ടുവെട്ടം വായനക്കാരായ മനുഷ്യരുടെയിടയിൽ മിന്നിമറയുമ്പോഴാണ്‌ കഥ അതിന്റെ പ്രവർത്തനം സാധ്യമാക്കുന്നത്‌. നമ്മുടെ വരുമാനം കൊണ്ട്‌ ഒതുങ്ങി ജീവിക്കുകയും വിജയം നേടുകയും ചെയ്യാം എന്ന മഹാപാഠം കൂടി കഥ മനുഷ്യർക്ക്‌ ദാനം ചെയ്തുകൊണ്ടേയിരിക്കുന്നു. മനസ്സിൽ നേരുണ്ടെങ്കിൽ വഴിയും വണ്ടിയും നമ്മെ ചതിക്കില്ല എന്ന വാക്യം കഥയുടെ ആന്തരികതയിൽ മൂന്നാലു പ്രാവശ്യം പ്രകാശിച്ചു മടങ്ങുന്നുണ്ട്‌. ആർത്തി ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്‌ ഒരെഴുത്തുകാരനിൽ നിന്ന് ഇങ്ങനെയുള്ള കഥകൾ ആണ്‌ ഉണ്ടാകേണ്ടത്‌. ബദൽ ജീവിതമാതൃകകൾ ഒന്നിനു പിറകെ ഒന്നായി എഴുത്തുകാരൻ സൃഷ്ടിച്ചുകൊണ്ടേയിരിക്കണം. ഒരുപാട്‌ അല്ലലുകളും പ്രയാസങ്ങളും ഉണ്ടെങ്കിലും നന്മയുടെ പ്രകാശഗോപുരമായിത്തീരുന്ന ഡ്രൈവർ കുഞ്ഞുമോനെപ്പോലും പൊതുധാരയിൽ നിന്ന് പുറത്താക്കാൻ പോരുന്ന തിന്മയുടെ രാജവാഴ്ചയാണ്‌ ഇന്നത്തെ കാലത്തിന്റേത്‌. ഏതു കെട്ടകാലത്തും എഴുത്തുകാരന്‌ മൂല്യങ്ങളുടെ വിളക്കുമരം കാണിച്ചു തരാൻ കഴിയും എന്ന് 'നെടുമ്പാശേരി' നമ്മെ വിളിച്ചുണർത്തി അറിയിക്കുന്നു. തട്ടും തടവും ഇല്ലാത്ത ആഖ്യാനം കൊണ്ട്‌ തുടക്കം മുതൽ അന്ത്യവാക്ക്‌ വരെ അനർഗളം ഒഴുകുകയാണ്‌ കഥ. ഈ ഒഴുക്കിൽ വായനക്കാരന്റെ മനസ്സ്‌ വിമലീകരിച്ച്‌ തീരം അണയുകയാണ്‌. ഒരു കഥയുടെ രൂപശിലപഭാവങ്ങൾ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കാനുള്ള മലയാളകഥയിലെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഈ ചെറുകഥ. ഈ കഥ കൊള്ളില്ല എന്നു പറയുന്ന നിരൂപകരുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സ്വയം വിരമിക്കൽ പദ്ധതിയിൽ (Voluntary Retirement) ചേർന്നുകൊള്ളുക. നിരൂപണലോകത്തിനും അയാൾക്കും/അവൾക്കും അതായിരിക്കും നല്ലത്‌.

ഇന്നത്തെ കാലം പ്രലോഭനങ്ങളുടെ കാലമാണ്‌. പ്രലോഭനങ്ങളിൽ നിന്നുള്ള വിമുക്തി പോലും നന്മയുടെ പ്രകാശത്തിലൂടെ മാത്രമേ ഉറപ്പായും സാധ്യമാവുകയുള്ളൂ. ആദർശവാനായ ഒരു ഡ്രൈവറുടെ കഥ കേട്ട്‌ സാത്മീകരണം ആർജ്ജിക്കുന്ന മറ്റൊരു ഡ്രൈവറുടെ ആവിഷ്കരിച്ചു കൊണ്ടാണ്‌ പ്രലോഭനങ്ങളുടെ അതിജീവനം നന്മയിലൂടെ സധ്യമാക്കുന്ന വഴികൾ കഥ തുറക്കുന്നത്‌.


സുനിത വില്യംസ്‌
സുനിത വില്യംസ്‌ ബഹിരാകാശനിലയത്തിന്റെ മേധാവിയായി മാറിയിരിക്കുന്നു. ബഹിരാകാശത്ത്‌ ഏറ്റവുമധികം കാലം (195 ദിവസം) ചെലവഴിച്ച വനിത എന്ന റെക്കോർഡ്‌ സുനിതയുടെ പേരിലാണ്‌. ബഹിരാകാശനടത്തത്തിൽ കൂടുതൽ സമയം (44 മണിക്കൂർ 2 മിനിറ്റ്‌) ബഹിരാകാശനടത്തത്തിന്റെ എണ്ണം (മൊത്തം ആറെണ്ണം) എന്നീ വനിതാ റെക്കോർഡുകളും ഇപ്പോൾ സുനിതയ്ക്ക്‌ സ്വന്തം. ഇന്ത്യൻ വംശജയാണെന്നതിനാൽ സുനിതയെക്കുറിച്ച്‌ നമുക്കും അഭിമാനിക്കാൻ വകയുണ്ട്‌. സുനിതയെക്കുറിച്ച്‌ അഭിമാനിക്കാവുന്ന ഈ നിമിഷങ്ങളിൽ ബഹിരാകാശപേടകം പൊട്ടിത്തകർന്ന് മരിച്ച കൽപനചൗളയെയും നമുക്ക്‌ ഓർക്കാതിരിക്കാൻ കഴിയില്ല. പെണ്ണിന്റെ മുന്നേറ്റങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ഈ നേട്ടങ്ങൾ നിർണ്ണായകമാണ്‌. 'സ്വതവേ ദുർബല അതിന്റെ കൂടെ ഗർഭിണിയും' എന്നൊക്കെയുള്ള പഴമൊഴികളെല്ലാം പതുക്കെ നമുക്ക്‌ ഭാഷയിൽ നിന്ന് വെട്ടികളയേണ്ടിവരും.യഥാർത്ഥ എമെർജിംഗ്‌ കേരള1.കേരളത്തിലെ അനധികൃതധനങ്ങൾ കണ്ടെത്തുകയും സാമൂഹികമായ മാറ്റങ്ങൾക്ക്‌ വേണ്ടി ഈ ധനം ഉപയോഗിക്കുകയും ചെയ്യുക.

2. ഉദ്യോഗസ്ഥന്മാരുടെയിടയിലുള്ള കൈക്കൂലി തുടങ്ങിയ വിപത്തുകളെ ഇല്ലാതാക്കുക.

3.അനധികൃത ഭൂമികയ്യേറ്റങ്ങൾ തടയുകയും കയ്യേറിയത്‌ തിരിച്ചുപിടിക്കുകയും ചെയ്യുക.

4.  കള്ളനോട്ടിന്റെയും ഭീകരവാദത്തിന്റെയും കണ്ണികൾ കണ്ടെത്തി അമർച്ച ചെയ്യുക.

5. കാർഷികമേഖല ശക്തമാക്കുക. തരിശുകിടക്കുന്ന വയലുകളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ കൃഷിചെയ്യുക.

6. കൃഷിയധിഷ്ഠിത വ്യവസായങ്ങൾ ശക്തിപ്പെടുത്തുക.

7. കുറ്റമറ്റ പൊതുവിതരണസമ്പ്രദായം നടപ്പിലാക്കുക.

8. നിശ്ചിത കാലപരിധി കഴിഞ്ഞ വാഹനങ്ങൾ കണ്ടം (Condemn) ചെയ്യുക.

9. റോഡ്‌ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക. റോഡിന്റെ സൗകര്യം അനുസരിച്ചു മാത്രം വാഹനങ്ങൾക്ക്‌ പെർമിറ്റ്‌ കൊടുക്കുക.

10.അഴിമതിരഹിതമായ / രാഷ്ട്രീയ / ഉദ്യോഗസ്ഥ സംസ്കാരം വളർത്തിയെടുക്കുക.

11. ജനങ്ങളുടെയിടയിൽ ലളിതവും മൂല്യവത്തും ഉപഭോഗസംസ്കാരഭിന്നവുമായ ജീവിതരീതികൾ വളർത്തിയെടുക്കുക.

12. മതവും ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടെത്തി അമർച്ച ചെയ്യുക. ശരിയായ രീതിയിൽ നിയമവ്യവസ്ഥയും പരിപാലിക്കുക.

13. യാത്രസൗകര്യം വർദ്ധിപ്പിക്കുന്നതിന്‌ റെയിൽഗതാഗതം, ജലഗതാഗതം ശക്തിപ്പെടുത്തുക.

14. സാമൂഹിക വനവൽക്കരണവും മറ്റും വ്യാപകമാക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വിപുലപ്പെടുത്തുകയും ചെയ്ത്‌, ആഗോളതാപനത്തെയും കാലവസ്ഥാ വ്യതിയാനത്തെയും നേരിടുക.

15. പ്രകൃതിവിഭവങ്ങളുടെ അന്യായമായ ചൂഷണം അവസാനിപ്പിക്കുക. സ്വകാര്യവീടുകളുടെ വലിപ്പം നിയമം മൂലം പരിമിതപ്പെടുത്തുക.

16. വ്യാപാരസ്ഥാപനങ്ങളിലേയും മറ്റ്‌ നികുതി സ്രോതസുകളിലെയും നികുതി കർശനമായി പിരിച്ചെടുക്കുകയും നികുതി കുടിശികകൾ സമ്പൂർണ്ണമായി പിരിച്ചെടുക്കുകയും ചെയ്യുക.

17. യുവശക്തിയെ കാർഷിക- വ്യാവസായിക- സേവന മേഖലകളിൽ പരമാവധി ഉപയോഗിക്കുകയും തൊഴിലില്ലായ്മയ്ക്ക്‌ അറുതി വരുത്തുകയും ചെയ്യുക.

18. സർക്കാർ പദ്ധതികൾ കാലവിളംബം ഒഴിവാക്കി നടപ്പിലാക്കുക. അങ്ങനെ പദ്ധതിച്ചെലവ്‌ ചുരുക്കുക. (കൊച്ചി മെട്രോ ഉദാഹരണം)

19.പൊതുമേഖലയെ ശക്തിപ്പെടുത്തുക. സ്വകാര്യ- പൊതുമേഖലകളിലായി പ്രകൃതിസൗഹൃദപരമായ വ്യവസായ സ്ഥാപനങ്ങൾ അംഗീകരിക്കുക.

20. തുറമുഖസൗകര്യങ്ങൾ വിപുലപ്പെടുത്തുക.

21. സ്വകാര്യവ്യക്തികൾക്കുള്ള ഭൂപരിധി ചുരുക്കുക. പ്ലാന്റേഷൻ മേഖലയിലും ഭൂപരിധി നിശ്ചയിക്കുക.

22. സ്വകാര്യവ്യക്തികളുടെ അമിതധനകേന്ദ്രീകരണം പരിശോധനാവിധേയമാക്കുക.

23. വിദ്യാഭ്യാസരംഗം കുറ്റമറ്റ രീതിയിൽ പുന:സംഘടിപ്പിക്കുക.

24. പോലീസ്‌ - ക്രിമിനൽ കൂട്ടുകെട്ട്‌ കർശനമായി നിരീക്ഷണവിധേയമാക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

25. അനധികൃത ധനസമ്പാദനത്തിന്റെ വാസനകൾ തന്നെ ഇല്ലാതാക്കുക.

ഇങ്ങനെയുള്ള അനവധി നടപടികളിലൂടെയാണ്‌ പുതിയ ഒരു കേരളത്തെ വാർത്തെടുക്കേണ്ടത്‌. അല്ലാതെ കേരളത്തിലെ ഭൂമി, കുത്തകകൾക്ക്‌ ദാനം ചെയ്യുക വഴിയും പ്രകൃതി സന്തുലനം തകർത്തുകൊണ്ടും കൃഷി നശിപ്പിച്ചുകൊണ്ടും ആകരുത്‌.

കമലാഹാസന്റെ വഴി എല്ലാ സിനിമാനടന്മാരും/നടികളും പിൻതുടരണം.
ചില്ലറ വ്യാപാരമേഖലയിലെ കുത്തകവത്കരണത്തിനെതിരെ കമലാഹാസൻ 'വാലിലെ തീ' എന്ന കവിത ബ്ലോഗിൽ എഴുതിയത്‌ നമ്മുടെ സിനിമാനടന്മാരും/നടിമാരും മനസ്സിലാക്കണം. സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കുക എന്നത്‌ കലാകാരന്മാരുടെ പ്രഥമമായ ദൗത്യമാണ്‌. ജനങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുക്കാതെ ചരിത്രവിരുദ്ധരായി തീരുന്ന ഇവർ നാടിന്റെ ഏറ്റവും വലിയ വിപത്തുകളായി മാറുകയാണ്‌. 'സംസ്കാരജാലകം' ഇവരെക്കുറിച്ച്‌ എഴുതിയപ്പോഴൊക്കെ കമലഹാസന്റെ ഇപ്പോഴത്തെ നിലപാടുമായി ചേർന്നു നിന്നുകൊണ്ടാണ്‌ ആശയങ്ങൾ അവതരിപ്പിച്ചത്‌.


തെലുങ്കാനയുടെ വീരനായകൻ

05.09.2012 ബുധനാഴ്ച ദേശാഭിമാനി ദിനപത്രത്തിൽ വി.ബി.പരമേശ്വരൻ എഴുതിയ ലേഖനം എല്ലാവരും വായിക്കേണ്ടതാണ്‌. ഒരു കമ്മ്യൂണിസ്റ്റ്‌ എങ്ങനെ ജീവിക്കണമെന്ന് തെലുങ്കാന സമരനായകൻ പി.സുന്ദരയ്യയുടെ ചില ജീവിതനിമിഷങ്ങൾ ഉദാഹരിച്ച്‌ ഈ ലേഖനം നമുക്ക്‌ കാണിച്ചു തരുന്നു. ലേഖനത്തിന്റെ അവസാനവാക്യങ്ങൾ ഇങ്ങനെയാണ്‌. സുന്ദരയ്യയുടെ ഈ മനുഷ്യത്വപരമായ സമീപനവും ലളിതജീവിതവും കണ്ട്‌ ആന്ധ്രയിൽ പലരും അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്‌ ഋഷി എന്നാണ്‌ വിളിച്ചത്‌. ഈ വർഷം മെയ്‌ ഒന്നിന്‌ അദ്ദേഹത്തിന്റെ ജന്മശതാബ്ദിക്ക്‌ തുടക്കമാവുകയാണ്‌. ഇ.ബാലാനന്ദനെ സഹപ്രവർത്തകർ സ്വാമി എന്ന്‌ വിളിച്ചതും ഈ വക കാരണങ്ങളാലാണെന്ന് തോന്നുന്നു. കമ്മ്യൂണിസത്തിൽ ഒരാത്മീയതയുണ്ടെന്ന് 'സംസ്കാരജാലക'ത്തിൽ നേരത്തെ എഴുതിയതിന്റെ പൊരുളിൽ ഇത്‌ അടങ്ങുന്നുണ്ട്‌.മുത്തച്ഛൻ / ബാലചന്ദ്രൻ ചുള്ളിക്കാട്‌

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, 2012 ആഗസ്റ്റ്‌ 12)
ചുള്ളിക്കാടിന്റെ ഓരോ കവിതയും ശ്രദ്ധിച്ചാണ്‌ വായിക്കുന്നത്‌. തട്ടുപൊളിപ്പൻ സിനിമകളിലും സീരിയലുകളിലും അഭിനയിച്ച്‌ കവിതയുടെ ധ്യാനം ഈ കവിക്ക്‌ നഷ്ടപ്പെട്ടുപോയോ എന്നന്വേഷിക്കുകയാണ്‌. അത്‌ നഷ്ടമായിട്ടില്ല എന്നാണ്‌ മുത്തച്ഛൻ എന്ന കവിത നൽകുന്ന തെളിവും. പുതിയ ധ്യാനം ഇല്ല എന്നതാണ്‌ തരക്കേട്‌. കവികൾ അഭിനയിക്കുന്നതിൽ കുഴപ്പമില്ല. അഭിനയ കലാവൈഭവം പ്രകടിപ്പിക്കുന്നത്‌ നല്ലതുമാണ്‌. പക്ഷെ തട്ടുപൊളിപ്പൻ ഉപേക്ഷിക്കണം. ചീപ്പ്‌ പോപ്പുലാരിറ്റിയും ധനമോഹവുമായിരിക്കാം ഒരുപക്ഷേ ചുള്ളിക്കാടിനെ ഭ്രമിപ്പിക്കുന്നത്‌. ഒരു യഥാർത്ഥകവിക്ക്‌ ഇതുണ്ടാവാൻ പാടില്ല. രവീന്ദ്രനാഥ ടാഗോർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. എങ്ങനെയുള്ള നാടകങ്ങളായിരുന്നെന്ന് ചുള്ളിക്കാട്‌ അന്വേഷിച്ചു നോക്കണം.

പക്ഷേ മുത്തച്ഛൻ നല്ല കവിതയാണ്‌. കവിയുടെ ധ്യാനം ഇപ്പോഴും നിലനിൽക്കുന്നത്‌ ഏറെ സന്തോഷം. ഒരു ധ്യാനം കൊണ്ടേ എല്ലാ കാര്യങ്ങളും മഹത്തായി നമുക്ക്‌ ചെയ്യാൻ കഴിയൂ. ചുള്ളിക്കാടിന്റെ കവിതയിലെ മുത്തച്ഛനെപ്പോലെ. മുത്തച്ഛൻ ധന്വന്തരീ കീർത്തനത്തിലായിരുന്നു ആ ധ്യാനം കാത്തുസൂക്ഷിച്ചത്‌. വ്യക്തി ജീർണ്ണതയ്ക്കും സമൂഹജീർണ്ണതയ്ക്കും ഒരു മഹാവൈദ്യന്റെ തലോടൽ നല്ലതാണ്‌. ഒരു വൈദ്യന്‌ ഉണ്ടായിരിക്കേണ്ട ഉപാസന നമുക്ക്‌ പാഠമായി കിട്ടുന്നു. കലാകാരനും ഈ ഉപാസന വേണം. കവിതയുടെ അന്ത്യഭാഗങ്ങൾകൊണ്ട്‌ കവിതയ്ക്ക്‌ പുതിയ അടരുകൾ കിട്ടുന്നു. കവിത വായിക്കാത്തവർ എത്രയും പെട്ടെന്ന് വായിക്കുക. അന്ത്യഭാഗം ഇങ്ങനെ.

എന്റെ മുത്തച്ഛാ,
എന്നെ ഇരുട്ടിൽ മുതല പിടിച്ചിരിക്കുന്നു
കാതോർത്തുപോകുന്നു
നിന്റെ ധന്വന്തരീ കീർത്തനം കേൾക്കുവാൻ

കവിത ഏതെങ്കിലുമൊക്കെ തരത്തിൽ സ്വന്തം അന്ത:സംഘർഷത്തെ അടയാളപ്പെടുത്തുകയാണോ? അതോ സമൂഹത്തിന്റെ അന്ത:സംഘർഷത്തെയാണോ? എന്തായാലും പല നിലയിൽ ഒരു കവിത വായിച്ചെടുക്കാൻ കഴിയുന്നത്‌ കവിതയുടെ വിജയമല്ലാതെ മറ്റെന്താണ്‌ ?

അങ്ങാടിപ്പിശാച്‌/എം.ആർ.രാഘവവാര്യർ 

(മാതൃഭൂമി ദിനപത്രം 16.10.12)

'സംസ്കാരജാലകം' കഴിഞ്ഞ കുറെ മാസങ്ങളായി ഉയർത്തുന്ന പ്രശ്നങ്ങളാണ്‌ മറ്റൊരു സ്റ്റൈലിൽ എം.ആർ.രാഘവവാര്യർ ഈ ചെറുലേഖനത്തിൽ എഴുതിയിരിക്കുന്നത്‌. കേരളം അല്ല ലോകം വായിക്കേണ്ട കുറിപ്പാണിത്‌. നല്ലങ്ങാടികളെ സ്വീകരിക്കുകയും അങ്ങാടിപ്പിശാചുക്കളെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്‌ ഈ ലേഖനത്തിന്റെ സാരസർവ്വസ്വം. കിട്ടാത്ത പുതുമകൾ കൈയ്യിലെത്തിച്ചു തരുന്ന അങ്ങാടികളുണ്ട്‌. വിൽക്കലും വാങ്ങലും കഴിയുന്നതോടെ അവയുടെ എടപാടും കഴിഞ്ഞു. അത്തരം അങ്ങാടികൾ നല്ലങ്ങാടികളാണ്‌. അങ്ങാടിപ്പിശാചുക്കളെ കാണാൻ മിനിസ്ക്രീനിലൂടെ പരസ്യങ്ങൾ കണ്ടുകൊണ്ടിരുന്നാൽ മതി. വാരിക്കൂട്ടുന്നതിന്റെയും ആഡംബരത്തിന്റെയും തെറ്റിനെ സൈദ്ധാന്തികവൽക്കരിച്ചുകൊണ്ടാണ്‌ ലേഖനം അവസാനിക്കുന്നത്‌.

സി.അനൂപിന്റെ മനുഷ്യാലയചന്ദ്രിക


കഥയ്ക്ക്‌ എങ്ങനെ ശീർഷകം കൊടുക്കണം എന്നത്‌ കലാകാരന്മാരെ അലട്ടുന്ന പ്രശ്നമാണ്‌. സർഗ്ഗാത്മക സാഹിത്യരചനയിൽ ആകമാനം ഇത്‌ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്‌. ഒരുപാട്‌ നല്ല ശീർഷകങ്ങൾ നമ്മുടെ സാഹിത്യത്തിലും എടുത്തുകാട്ടാനുണ്ട്‌. സി.അനൂപിന്റെ 'കടൽച്ചൊരുക്ക്‌' എന്ന കഥാസമാഹാരത്തിലെ മനുഷ്യാലയചന്ദ്രിക എന്ന കഥയുടെ ശീർഷകം എത്ര ഉജ്ജ്വലമായിരിക്കുന്നു എന്ന് വായിച്ചപ്പോൾ തന്നെ തോന്നി ! കഥയും മികച്ചതാണ്‌. പെണ്ണിന്റെ സഹനപർവ്വമാണ്‌ കഥ. ഭർത്താവിനും മകൾക്കുമിടയിൽ ബാധ്യതയായിത്തീരുന്ന പെൺസ്വത്വത്തെ മികച്ച അച്ചടക്കത്തോടെ കഥാകാരൻ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. കഥയിലെ നായികയുടെ പേര്‌ ചന്ദ്രിക എന്നാണ്‌. വീടകങ്ങൾ പെണ്ണിനെ എങ്ങനെ സ്വത്വത്തകർച്ചയിലേക്ക്‌ കൊണ്ടുപോകുന്നു എന്ന് ചന്ദ്രിക കേന്ദ്രത്തിലേക്ക്‌ വരുന്ന ഇക്കഥ നമുക്ക്‌ കാണിച്ചുതരുന്നു. കഥയ്ക്ക്‌ മനുഷ്യാലയചന്ദ്രിക എന്ന പേര്‌ എത്ര ഗംഭീരമായിരിക്കുന്നു ! മനുഷ്യാലയചന്ദ്രിക നമ്മുടെ പ്രാചീനമായ ഒരു വാസ്തുശാസ്ത്ര ഗ്രന്ഥമാണ്‌. ഈയൊരു അസോസിയേഷനോടുകൂടി വേണം കഥാശീർഷകത്തിന്റെ മഹത്വത്തെ അറിയേണ്ടത്‌.


കൊണ്ടും കൊടുത്തും


ദേശാഭിമാനി ദിനപ്പത്രത്തിലെ 'കൊണ്ടും കൊടുത്തും' എന്ന കോളം വാചകമേള തുടങ്ങിയ കോളങ്ങളിൽ നിന്നും വ്യത്യസ്തമാണ്‌. അത്‌ യഥാർത്ഥത്തിൽ കൊണ്ടും കൊടുത്തും നീങ്ങുന്ന ഒരു കോളമല്ല. സൂക്ഷ്മനിരീക്ഷണങ്ങളും ചിന്തോദ്ദീപകമായ ആശയങ്ങളും നിർണ്ണായക പരാമർശങ്ങളുമാണ്‌ അതിൽ വരാറ്‌; പ്രത്യേകിച്ചും പ്രമുഖരുടേത്‌. വിവാദാത്മകമായുള്ളത്‌ തിരഞ്ഞുപിടിക്കുന്ന സ്വഭാവവും അതിനില്ല. 'വാചകമേള'യും 'കേട്ടതും കേൾക്കേണ്ട'തും ഒക്കെ  ഒരു വാക്പയറ്റിന്റെ പ്രതീതി ഉളവാക്കുന്നതിന്റെ സാഹചര്യം ഇതാണ്‌. വിവാദാത്മകമായ നിരീക്ഷണങ്ങൾ മാത്രം തെരെഞ്ഞെടുക്കുന്നതിൽ എന്തായാലും ഒരു പന്തികേടുണ്ടെന്ന് സംസ്കാരജാലകം നേരത്തെ തന്നെ എഴുതിയിട്ടുണ്ട്‌. എങ്കിലും ദേശാഭിമാനി ഈ കോളം ഇനിയും ശക്തമാക്കേണ്ടിയിരിക്കുന്നു. കോളത്തിന്റെ പേര്‌ കോളത്തിന്റെ സംസ്കാരത്തിന്‌ ഇണങ്ങുന്നതാക്കുന്നതിലും ദേശാഭിമാനി ശ്രദ്ധിക്കണം.

ഒരു കാവ്യസംവാദം ( കുങ്കുമം, സെപ്റ്റംബർ 2012)


കുങ്കുമം മാസിക സംഘടിപ്പിച്ച കാവ്യസംവാദം മികച്ച നിലവാരം പുലർത്തിയതായിരുന്നു. കുങ്കുമം പഴയ പ്രതാപം വീണ്ടെടുക്കണം. അജൻഡകളോടു കൂടി പുറത്തിറക്കുന്ന ആഴ്ചപ്പതിപ്പുകൾ കാരണം സാഹിത്യം പൊറുതിമുട്ടിയിരിക്കുന്ന കാലമാണിത്‌. കുങ്കുമം പോലുള്ള പ്രസിദ്ധീകരണങ്ങൾക്ക്‌ ഒരുപാട്‌ കാര്യങ്ങൾ ചെയ്യാൻ കഴിയും. എഡിറ്റർ കെ.സി.മധു ഇക്കാര്യത്തിൽ വളരെ ശ്രദ്ധിക്കണം.

സംവാദത്തിൽ വന്ന ചില കാര്യങ്ങൾ അബദ്ധങ്ങളായിട്ട്‌ തോന്നി. പ്രഭാകരൻ പുത്തൂർ പറഞ്ഞത്‌ ഇന്ന് കുട്ടികളെ മുഴുവൻ ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ പഠിപ്പിക്കുന്നത്‌ എന്നാണ്‌. മലയാളം ആരും പഠിക്കുന്നില്ല എന്ന പ്രസ്താവന കണക്കുകൾ പരിശോധിക്കുമ്പോൾ അബദ്ധമാണെന്ന് പ്രഭാകരൻ പുത്തൂരിന്‌ മനസ്സിലാകും. അതുപോലെ ലോകത്തിന്റെ സ്വഭാവം മനുഷ്യകേന്ദ്രിതമാണ്‌. മനുഷ്യനാണ്‌ പ്രധാനം എന്ന് സി.അശോകൻ പറയുമ്പോൾ മാനിനെ വെടിവെച്ചു കൊന്ന സിനിമാനടന്മാർ എന്തുകൊണ്ട്‌ ജയിലിലായി? വന്യമൃഗങ്ങളെയും പാമ്പിനെയും പക്ഷികളെയും എല്ലാം പിടിച്ചാൽ എന്തുകൊണ്ടാണ്‌ കാട്ടിൽ കൊണ്ടുവിടേണ്ടി വരുന്നത്‌ എന്ന ചോദ്യം ന്യായമായും വരുന്നു. ലോകം പൂർണ്ണമായും മനുഷ്യകേന്ദ്രിതമല്ലാതാകുന്നിടത്തേക്ക്‌ വികസിക്കുക എന്നതാവണം നമ്മുടെ സ്വപ്നം. മനുഷ്യകേന്ദ്രിതമാകുന്നതിന്റെ അളവ്‌ കുറഞ്ഞിട്ടുണ്ടെന്ന് സി.അശോകൻ മനസ്സിലാക്കണം. ലോകം പുരുഷകേന്ദ്രിതമാവുക, മനുഷ്യകേന്ദ്രിതമാവുക, സവർണ്ണകേന്ദ്രിതമാവുക; എല്ലാം മാറേണ്ടതുണ്ട്‌.

ബഹുസ്വരതയുടെ ഏകതാനത, മലയാള പുതുകവിതയെ സ്വയം പരിഷ്കരണത്തിലേക്ക്‌ കൊണ്ടുപോകേണ്ട കാലമായിരിക്കുന്നു എന്ന പ്രവചനാതീതമായ ഭാവിയെക്കുറിച്ചുകൂടി ചർച്ച ചെയ്ത സംവാദം തിരിച്ചറിഞ്ഞില്ല എന്ന പരാതി കാവ്യസംവാദം ബാക്കിയാക്കിയിട്ടുമുണ്ട്‌. സാമ്പത്തിക/ രാഷ്ട്രീയ/ തത്വചിന്ത രീതികളിൽ വരുത്തുന്ന മാറ്റങ്ങൾ കവിതയുടെ രൂപഭാവങ്ങൾ മാറ്റിമറിച്ചുകൊണ്ടിരിക്കും എന്നതിലേക്ക്‌ വലിയ ഫോക്കസ്‌ സംവാദത്തിന്‌ ലഭിക്കാതെയും പോയി.


റോസക്കുട്ടി ടീച്ചർ ഇങ്ങനെയൊന്നും പറയരുത്‌
റോസക്കുട്ടി ടീച്ചർ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആയിട്ട്‌ കുറച്ച്‌ മാസങ്ങളെ ആയിട്ടുള്ളൂ. മഹാത്മാഗാന്ധി സർവ്വകലാശാലയും പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീശാക്തീകരണത്തിന്റെ രണ്ടുദിവസം നീണ്ടുനിന്ന ഒരു സെമിനാർ ഉദ്ഘാടനം ചെയ്തത്‌ ടീച്ചർ ആയിരുന്നു. നല്ല പ്രസംഗമായിരുന്നു. ടീച്ചറിന്റെ ഒരു പരാമർശം ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു. 'സ്കൂളിലെ ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ' എന്നതായിരുന്നു പരാമർശം. എല്ലാ പെൺകുട്ടികളും ഭംഗിയുള്ളവരാണെന്ന വലിയ വിവേകം വനിതാ കമ്മീഷൻ ചെയർപേഴ്സൺ മനസ്സിലാക്കാതെ പോകുന്നത്‌ ശരിയല്ല. സ്ത്രീശാക്തീകരണത്തിന്റെ ഏറ്റവും വലിയ ആശയവും ഇതല്ലാതെ മറ്റെന്താണ്‌?  

സാറാജോസഫ്‌ / പ്രസാദ്‌
15.09.12, 8 മണിക്ക്‌ സാറാജോസഫിനെ ആത്മീയയാത്ര ചാനലിൽ പ്രസാദ്‌ ഇന്റർവ്യൂ ചെയ്യുകയുണ്ടായി. ആ ഇന്റർവ്യൂവിൽ നമ്മുടെ കുട്ടികളുടെ മനസ്സ്‌ വളരെയേറെ മാറേണ്ടതിനെക്കുറിച്ച്‌ അവർ നന്നായി സംസാരിച്ചു. നഴ്സുമാർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യത്തെക്കുറിച്ച്‌ സാറാജോസഫ്‌ ശക്തമായി പ്രതികരിക്കുകയുണ്ടായി. രോഗികളെ മാത്രമല്ല ജീവനക്കാരെയും പിഴിഞ്ഞാണ്‌ സ്വകാര്യ ആശുപത്രി ഉടമകൾ ലാഭം കൂട്ടുന്നതെന്ന് അവർ തുറന്നടിച്ചു. സ്വാർത്ഥഭരിതമായ നമ്മുടെയൊക്കെ ജീവിതത്തിന്‌ വട്ടപ്പൂജ്യം മാർക്കേ ലഭിക്കുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ്‌ ഇൻസൈഡർ എന്ന ഈ പ്രോഗ്രാമിലെ അഭിമുഖം അവസാനിച്ചത്‌. നമ്മുടെ കുട്ടികൾ സ്വാശ്രയത്തോടുകൂടി ജീവിക്കേണ്ടതിന്റെ ആവശ്യവും അടിവരയിട്ടുപറഞ്ഞു. മികച്ച മനുഷ്യരെ സൃഷ്ടിക്കുന്ന ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം പങ്കിടൽ ആയിരുന്നു ഈ അഭിമുഖം. എഴുത്തുകാർ നമ്മുടെ ജീവിതത്തിന്റെ വഴികാട്ടികളായി മാറേണ്ടതിന്റെ അടിയന്തിര ആവശ്യം ഈ അഭിമുഖം നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു.

ശീർഷകം നഷ്ടപ്പെടുന്ന മലയാള പത്രങ്ങൾ - 25.09.2012

മഹാനടൻ ഓർമ്മ (ദേശാഭിമാനി)

പെരുന്തച്ചൻ അരങ്ങോഴിഞ്ഞു (ജന്മഭൂമി)

തിലകം മാഞ്ഞു (മാധ്യമം)

തിലോദകം (കേരള കൗമുദി)

മഹാതിലകം (മലയാള മനോരമ)

തിലകം മാഞ്ഞു (ജനയുഗം)

Thilakan Leaves Throne empty - (Indian Express)

തിലകൻ അരങ്ങോഴിഞ്ഞു - (മാതൃഭൂമി)

A Class act comes to aclose - (The Hindu)

മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ മഹാനടൻ തിലകന്റെ മരണത്തിൽ മലയാളത്തിലെ ഒരു പത്രത്തിനും ചിന്താസൗന്ദര്യവും അപൂർവ്വകാന്തിയുള്ളതുമായ ഒരു ശീർഷകം ചമയ്ക്കുവാൻ കഴിഞ്ഞില്ല. വാങ്‌മയകലയുടെ സൗന്ദര്യശിൽപികൾ മലയാള പത്രലോകത്ത്‌ അന്യം നിന്നുപോയോ? The Hindu-ഉം Indian Express- ഉം ആണ്‌ മികച്ച ശീർഷകങ്ങൾ എഴുതിയത്‌. ശീർഷകം കണ്ടെത്താൻ ഒത്തിരി സമയം കിട്ടിയിട്ടും എന്തുകൊണ്ടാണ്‌ സെൻസിബിലിറ്റി ഓളംവെട്ടുന്ന ഒരു ശീർഷകം ഇവർക്ക്‌ കൊടുക്കാൻ കഴിയാതെ പോയത്‌? പത്രവായനക്കാരായ ഞങ്ങളൊക്കെ ഇതിൽ നിരാശരാണ്‌. പത്രങ്ങളുടെ എഡിറ്റോറിയൽ ബോർഡ്‌ ഗൗരവമായി ഇക്കാര്യം ചർച്ച ചെയ്യണം. സുകുമാർ അഴീക്കോടിന്റെ മരണം റിപ്പോട്ട്‌ ചെയ്തപ്പോഴും ശീർഷകം ചമയ്ക്കുന്നതിൽ ഈ പരാജയം മലയാള പത്രങ്ങൾക്ക്‌ സംഭവിച്ചിരുന്നു. 


ട്രൂകോപ്പി / മാതൃഭൂമി ആഴ്ചപ്പതിപ്പ്‌

നവലിബറൽ അമാവാസി , 2012 ജൂലൈ 8

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂകോപ്പി ഒരു സ്ഥിരം കോളം എന്ന നിലയിൽ പലപ്പോഴും ശ്രദ്ധേയമായിരുന്നു. പി.കെ.ശ്രീകുമാർ എഴുതുന്ന ഈ കോളത്തിന്റെ 2012 ജൂലൈ 8 ലക്കം കേരളത്തിലെ പെരുകുന്ന ആത്മഹത്യകളെക്കുറിച്ചായിരുന്നു. കഴിഞ്ഞ  7 വർഷമായി ആത്മഹത്യയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്‌. ഈ സ്വയംഹത്യകൾ അരാഷ്ട്രീയമല്ല എന്നാണ്‌ ശ്രീകുമാർ സ്ഥാപിച്ചെടുത്തിരിക്കുന്നത്‌. ഇതിൽ ഒരുപാട്‌ ശരികൾ ഉണ്ട്‌. ആത്മഹത്യയെ രാഷ്ട്രീയമായി വായിച്ചെടുക്കുന്ന ലേഖനത്തിലെ പ്രധാനഭാഗം ഇങ്ങനെയാണ്‌. 'ഇവിടെ വെച്ച്‌ കേരലത്തിന്റെ അരാഷ്ട്രീയ മധ്യവർഗ്ഗ പൊതുസമൂഹത്തിലേക്ക്‌ ഗാട്ട്‌ കരാർ, ആഗോളീകരണം, കടക്കെണി, നവലിബറൽ നയസമീപനങ്ങൾ, സ്വകാര്യവത്കരണം, പൊതുമേഖലയുടെ തകർച്ച തുടങ്ങിയ ചില പദങ്ങൾ കടന്നുവരുന്നു. ക്ലീഷേകളായും പരിഹാസ്യമായും തള്ളിക്കളഞ്ഞ ഈ പദങ്ങൾക്ക്‌ ദൈനംദിന ജീവിതത്തിൽ രാഷ്ട്രീയമാനങ്ങൾ ഉണ്ടാകുന്നു. എന്നിട്ടും നാം അവഗണിക്കുന്നു. വ്യക്തിയുടെ മാനസികാരോഗ്യത്തിന്‌ പൊതുസമൂഹത്തിന്റെ മാനസികാരോഗ്യവുമായി അടുത്ത ബന്ധമുണ്ടെന്ന കൃത്യമായ കാഴ്ചപ്പാടിലാണ്‌ ലേഖകൻ സ്വയംഹത്യയ്ക്ക്‌ ഒരു രാഷ്ട്രീയമുണ്ടെന്ന് സ്ഥാപിച്ചെടുത്തിരിക്കുന്നത്‌.  


നാടകനടി ഓമന
എൻ.എൻ.പിള്ളയ്ക്കു പോലും വിസ്മയം ഉണ്ടാക്കിയ നടിയായിരുന്നു ഓമന എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്‌. സിനിമയ്ക്ക്‌ ഈ പ്രതിഭയെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. ഇങ്ങനെ ചില പ്രതിഭകൾ ഇനിയും മലയാളനാട്ടിൽ ഉണ്ട്‌. അഭിനയലോകത്തേക്ക്‌ വരാത്തവർ പോലും ഇക്കൂട്ടത്തിൽ ഉണ്ട്‌. എൻ.എൻ.പിള്ളയുടെ കാപാലിക, ക്രോസ്ബെൽറ്റ്‌ തുടങ്ങിയ നാടകങ്ങളിലൂടെയാണ്‌ ഓമന കേരളത്തിലെ നാടകപ്രേക്ഷകരുടെ ഇടയിൽ പ്രശസ്തയായത്‌. ഓമനയുടെ നിര്യാണത്തിൽ 'സംസ്കാരജാലകം' അനുശോചിക്കുന്നു.എമെർജിംഗ്‌ കേരളക്കാരുടെ ശ്രദ്ധയ്ക്ക്‌


എമെർജിംഗ്‌ കേരളയുടെ വക്താക്കൾ വാംഗാരി മാതായിയുടെ 'തലകുനിക്കാതെ' എന്ന ആത്മകഥ വായിക്കുക. 2004 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയ മാതായിയുടെ ആത്മകഥയാണിത്‌. ഗ്രീൻബെൽറ്റ്‌ പ്രസ്ഥാനത്തിന്റെ നായികയുമാണവർ. പുസ്തകത്തിന്റെ അവസാന ഖണ്ഡിക ഇങ്ങനെ.

"പച്ചപ്പുകൊണ്ട്‌ ഭൂമിയുടെ നഗ്നത മറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്‌. നീലഗ്രഹത്തെ ജീവനെക്കാൾ സ്നേഹിക്കുന്ന ഒരുപിടി ആളുകൾ ഞങ്ങൾക്ക്‌ തുണയാകാറുണ്ട്‌. ഞങ്ങൾക്ക്‌ അഭയം തേടാൻ മറ്റൊരിടമില്ല. ഭൂമിയുടെ തിരുമുറിവുകൾ നേരിട്ടു കണ്ടവർക്ക്‌ സ്വസ്ഥരായിരിക്കാനുമാകില്ല. ഞങ്ങൾ അസ്വസ്ഥരായിത്തന്നെ തുടരുന്നു. വിശ്രമിക്കാൻ ഞങ്ങൾക്ക്‌ നേരമില്ല. പിന്തിരിയാൻ ഉദ്ദേശ്യവുമില്ല. ഭാവിതലമുറകൾ ഞങ്ങളെ കാത്തിരിക്കുന്നു
എഴുന്നേൽക്കൂ, മുന്നോട്ടു നടക്കൂ"

അൻവർ അലി - 'ആര്യാവർത്തത്തിൽ ഒരു യക്ഷൻ' 'ആര്യാവർത്തത്തിൽ ഒരു യക്ഷൻ' അൻവർ അലിയുടെ ഒരു മികച്ച കവിതയാണ്‌. മലയാളത്തിലെ പുതുകവിതകളിൽ തന്നെ ഏറ്റവും ശ്രദ്ധേയങ്ങളായ ചില കവിതകളിൽ ഒന്ന്. വ്യത്യസ്തമായ ഒരു പ്രവാസകവിത. ആഖ്യാനത്തിന്റെ ഉജ്ജ്വലമായ പരീക്ഷണങ്ങൾ കൊണ്ടാണ്‌ അൻവർ ഇത്‌ നേടിയിരിക്കുന്നത്‌. അൻവർ ചത്ത്‌ എഴുതിയ കവിതയാണിത്‌. കാളിദാസന്റെ അനശ്വരകാവ്യമായ 'മേഘസന്ദേശ'ത്തിലെ യക്ഷനെ കവിതയുടെ ആന്തരപാഠമായി എത്ര വിദഗ്ദമായി അതിവാചാലതയേതുമില്ലാതെയാണ്‌ കൊണ്ടുവന്നിരിക്കുന്നത്‌. ആഖ്യാനം ആകമാനം കൊളാഷുകൾ സൃഷ്ടിച്ചാണ്‌ മുന്നേറുന്നത്‌. ഡൽഹിയനുഭവങ്ങളും നാട്ടനുഭവങ്ങളും ഈ കൊളാഷിൽ വിദഗ്ദമായി കൂടിക്കലർന്ന് കവിത അത്യപൂർവ്വമായ സൗന്ദര്യപ്രഭയാണ്‌ വിടർത്തുന്നത്‌. നാട്ടനുഭവങ്ങളിൽ മലയാളകാവ്യസംസ്കാരവും ജീവിതവും സ്ഥലങ്ങളും എല്ലാം ഗംഭീരമായി സൃഷ്ടിശക്തിയുടെ ജ്വാല വിടർത്തിത്തന്നെ കൊളാഷ്‌ ചെയ്യപ്പെടുകയാണ്‌. ആമയിഴഞ്ചാൻ തോടും പെരുമൺപാലവും പിറവവും തിരുവല്ലയും കോട്ടയവുമെല്ലാം കവിതയിൽ ജ്വലിച്ചു നിൽക്കുന്നു. അർക്കനകാലത്തിലറുക്കും പുലരിയിറച്ചി, സൂര്യനാഗരി പോലെ പാളം, കേബിൾജട തുന്നിക്കെട്ടിയ മുറിവായകൾ, മഴുവേറ്റുമുറിഞ്ഞ തരംഗിണികൾ എന്നിങ്ങനെ കവിതയ്ക്കുള്ളിലെ അസംഖ്യം നിർമ്മിതികൾ ഇപ്പോഴും മറക്കാൻ കഴിയുന്നില്ല. മഴക്കാലം, ഏകാന്തതയുടെ അൻപതുവർഷങ്ങൾ, മുസ്തഫ, ബക്രീദ്‌, ആര്യാവർത്തത്തിൽ ഒരു യക്ഷൻ തുടങ്ങിയ അൻവറിന്റെ സമാഹാരത്തിലെ പല കവിതകളിലും കവിതാനിർമ്മിതിയുടെ നിശിതസൗന്ദര്യം കാണാം. ഡോക്കുമന്ററിയുടെയും ടെലിഫിലിമിന്റെയും കൊളാഷിന്റെയും സാധ്യതകൾ കവിതയിലേക്ക്‌ അൻവർ സ്വാംശീകരിക്കുമ്പോൾ ഏത്‌ കലാരൂപവും മറ്റു കലാരൂപങ്ങളെ തന്നിലേക്ക്‌ സ്വാംശീകരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന അനുവർത്തനപഠനത്തിലെ (Adaptation) ജൈവചിന്ത ഓർക്കാവുന്നതാണ്‌. ഈ സ്വാംശീകരണം ഒരു പ്രകൃതിനിയമവുമാണ്‌.                           


ചിലത്‌ കേട്ടുകൊള്ളുക


ആവശ്യത്തിൽ കവിഞ്ഞ ഓരോ വസ്തുവും ആർക്കോ അവകാശപ്പെട്ടതിൽനിന്നും തട്ടിപ്പറിച്ചതാണ്‌. വാരിക്കൂട്ടുന്നതിനേക്കാൾ സുഖമാണ്‌ വിട്ടൊഴിക്കാൻ എന്നു ധരിക്കുക. തേനത്യക്തേന ഭൂഞിഥാ എന്ന് പണ്ടു വലിയ അറിവുള്ളവർ ഉപദേശിച്ച കാര്യം ഇതുതന്നെ. അധികച്ചെലവെന്നത്‌ എന്തുകൊണ്ട്‌ നോക്കിയാലും കേടുതന്നെ. തടിക്കുകേട്‌, മനസ്സിനു കേട്‌, കഷ്ടപ്പെട്ടുണ്ടാക്കുന്ന പണത്തിനും കേട്‌. ഇങ്ങനെ കേടുമാത്രം കാതലായ ആഡംബരങ്ങളോട്‌ പോ പുറത്തെന്നു പറയുക.

ക്രിസ്‌ തോമസ്‌ / കെ.എൻ.ആർ. നമ്പൂതിരിഒരു സ്പോർട്സ്‌ ലേഖകൻ എന്ന നിലയിൽ ക്രിസ്‌ തോമസിന്‌ ആഖ്യാനത്തിന്റെ വസന്തം വിരിയിക്കാൻ കഴിയും എന്ന് 'സംസ്കാരജാലകം' നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 'ഓർക്കാനൊരു ഒളിംപിക്‌ ഗോൾ തന്ന സൈമൺ സുന്ദർരാജ്‌' എന്ന പുസ്തകം വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പുസ്തകത്തെക്കുറിച്ച്‌ 2012 ഒക്ടോബർ 21 കലാകൗമുദിയിൽ വന്ന ഒന്നാന്തരം ഒരു റിവ്യൂ വായിച്ചു സന്തോഷിച്ചു. ഫുട്‌ബോളിന്റെ ആഖ്യാനഭാഷ കൊണ്ട്‌ ഫുട്‌ബോളിനെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ റിവ്യൂ എഴുതിയ കെ.എൻ.ആർ.നമ്പൂതിരി നമ്മുടെ റിവ്യൂ എഴുത്തുകാർക്ക്‌ ഒരു മാതൃകാ പുരുഷനാകേണ്ടതാണ്‌. റിവ്യൂവിലെ ഒരു വാക്യം വായിച്ചുകൊള്ളുക. " സൈമണിന്റെ ശിഷ്യരായി പേരെടുത്ത പ്രമുഖതാരങ്ങളുടെ ഓർമ്മകളെല്ലാം ചേർന്ന് 90 മിനിറ്റ്‌ കളികാണും പോലെ ആവേശകരമായി വായിച്ചുപോകാവുന്ന ഒരു ചരിത്രാഖ്യായികയായി ഈ പുസ്തകം മാറുന്നു." ക്രിസ്‌ തോമസ്‌ ഇനിയും എഴുതണം. സർഗ്ഗാത്മക സ്പോർട്സ്‌ സാഹിത്യം വളർന്നു തഴയ്ക്കട്ടെ.

തകഴിയുടെ കയർ


"തകഴിയുടെ കയർ ഒരു മോശം കൃതിയായിട്ടാണ്‌ ഞാൻ അന്നു വായിച്ചത്‌. എന്നാൽ ഇന്ന് വായിക്കുമ്പോൾ അത്‌ മഹത്തായ കൃതിയായി തോന്നുന്നു". (പ്രസന്നരാജൻ, കുങ്കുമം മാസിക,സെപ്റ്റംബർ 2012)
എം.എ യ്ക്ക്‌ പഠിക്കുമ്പോൾ ഈ പുസ്തകം വായിച്ചിട്ട്‌ അതുൾക്കൊള്ളുന്ന ശൃംഖലിതമായ ജീവിതവും ആഖ്യാനപ്പെരുമയും കണ്ടറിഞ്ഞിട്ട്‌ ഈ പുസ്തകത്തിന്‌ ഒരു നോബൽസമ്മാനം കിട്ടിക്കൂടെ എന്ന് അധ്യാപകനോട്‌ ചോദിച്ചത്‌ ഓർമ്മയിൽ വരുന്നു.


മലയാളത്തിലെ പുതുനിരൂപണം


മലയാളത്തിലെ പുതുനിരൂപണങ്ങളിൽ ഏറെ മുന്നോട്ടുപോയ വിമർശകനാണ്‌ സജയ്‌.കെ.വി ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയ പല നിരൂപണങ്ങളും പ്രതീക്ഷ നൽകുന്നതായിരുന്നു. ഭാഷാപോഷിണി സെപ്റ്റംബർ 2012 ലക്കത്തിൽ അദ്ദേഹം എഴുതിയ ഗജഗർഭഭേദിനിയാണ്‌ അവസാനം വായിച്ച നിരൂപണം. മലയാളത്തിലെ പ്രഗത്ഭരായ രണ്ടു കവികളുടെ പരസ്പരമുള്ള വിമർശനങ്ങളുടെ നടുക്ക്‌ ഉന്നതമായ വിമർശനശക്തിയോടെ നിൽക്കുവാൻ സജയ്‌.കെ.വിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌ എന്ന പരിശോധനയ്ക്ക്‌ സാംഗത്യമുണ്ടെങ്കിൽ വായനാക്ഷമമായ ഒരു കാവ്യനിരൂപണം ആകുമായിരുന്നു അത്‌. വേറെ ചില ലേഖനങ്ങളിൽ ചിലപ്പോഴൊക്കെ സജയ്‌.കെ.വി യുടെ വിമർശനഭാഷ ഏറെ കൃത്രിമമായി മാറുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ട്‌.

പെൺകുട്ടി 2012


സനൽപോറ്റി കലാകൗമുദിയിൽ (2012 നവംബർ 18) പെൺകുട്ടി 2012 (മലാല യൂസുഫ്‌സായിയെ
 ഓർക്കുമ്പോൾ) എന്ന കവിത എഴുതി കവിതയിലൂടെ മലാലയെ ആസ്വാദകരിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമം നല്ലതാണെങ്കിലും കവിത നന്നായില്ലെങ്കിൽ എന്താണ്‌ ഫലം ?

ശ്രദ്ധേയമായ ചിന്തകൾ


1. ഭരിക്കുന്നവന്റെ മുഖം അടുത്തുനിന്ന് നോക്കിയിട്ടുണ്ടോ? ദൈവത്തിന്റെ ഒരു കണിക പോലും അതിലുണ്ടാവുകയില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിൽ ചെകുത്താന്റെ അമർത്തിപ്പിടിച്ച മന്ദഹാസം കാണുകയും ചെയ്യാം.
(മനുഷ്യന്‌ ഒരു ആമുഖം, സുഭാഷ്‌ ചന്ദ്രൻ, പേജ്‌ 40, ഡി.സി.ബുക്സ്‌ 2010)


2. പ്ലാനിങ്ങുമായി സമീപിക്കാൻ പറ്റിയ ചരക്കല്ല, സർഗ്ഗാത്മകത. അങ്ങനെ ധരിക്കുന്നത്‌ മൂഢന്മാർ മാത്രമായിരിക്കും. എഴുതാൻ പറ്റുന്നത്‌ എഴുതാൻ ശ്രമിക്കുക. അത്രേയുള്ളൂ.
(സുസ്മേഷ്‌ ചന്ത്രോത്ത്‌ /മനോരാജ്‌ ,വായാടി.കോം, വാചികം ചിങ്ങം 1188)

3.ചുറ്റുപാടുകളെക്കുറിച്ചുള്ള എന്റെ ബോധമാണ്‌ എന്റെ ബന്ധങ്ങൾ.
(കാറൽ മാർക്സ്‌)

4. അത്യന്തം സംഘർഷഭരിതമായ അവസ്ഥയിൽ ഞങ്ങൾ കാടിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പാട്ടുപാടുകയും നൃത്തമാടുകയും ചെയ്യും. പാട്ടുപാടി നൃത്തം ചവിട്ടുന്ന സ്ത്രീകളെ ഉപദ്രവിക്കാൻ ആർക്കാണ്‌ കൈപൊങ്ങുന്നത്‌ ?
(വാംഗാരി മാതായി)

5. സമൂഹത്തെ ഇത്‌ (PARI - People's Archive of Rural India) സ്പോൺസർ ചെയ്യാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പ്ലാറ്റ്ഫോം ഒരിക്കലും കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടരുതെന്ന് മാത്രമാണ്‌ ഞങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന കാര്യം. ഈ ആർക്കൈവ്‌ ജനങ്ങളുടേതാണ്‌. അതുകൊണ്ടാണ്‌ അത്‌ പീപ്പിൾസ്‌ ആർക്കൈവായതും.
(പി.സായിനാഥ്‌)

6. അമ്പതുകൊല്ലത്തെ സാഹിത്യസപര്യയ്ക്ക്‌ പോകാതെ അഞ്ചു മിനിറ്റുകൊണ്ട്‌ ഒരു ബലാത്സംഗകേസ്‌ ഒപ്പിച്ചിരുന്നെങ്കിൽ നമ്മുടെ ടെലിവിഷൻ ചാനലുകൾ അതിനു നൽകുന്ന വാർത്താപ്രാധാന്യം എത്രമാത്രമായിരുന്നേനെ എന്ന് ഞാൻ ഭാവന ചെയ്തുപോകുകയാണ്‌ - (ചെമ്മനം ചാക്കോ, മാതൃഭൂമി ദിനപത്രം, 16.10.12)

7. എല്ലാം തകർന്നു, എല്ലായിടത്തും ഇരുട്ടാണ്‌, ഇനിയില്ല പ്രകാശനാളങ്ങൾ എന്ന മട്ടിലൊക്കെ കഥ എഴുതിയാൽ വായിക്കാൻ ആളുകണ്ടേക്കും. പക്ഷെ അത്തരം രചനകൾ മാത്രമായാൽ സമൂഹം എഴുത്തുകാരന്റെയൊപ്പം ഇരുട്ടിന്റെ ഇരകളായിപ്പോകും. അതുകൊണ്ട്‌ പ്രകാശം വിതറുന്ന കഥകളും നമുക്ക്‌ ആവശ്യമാണ്‌.
(രവിവർമ്മ തമ്പുരാൻ, കുങ്കുമം മാസിക, ഡിസംബർ 2012)

O

PHONE : 9895734218
Sunday, December 23, 2012

നീയും ഞാനും

കവിത
ഗൗതമൻഞാൻ ഈ എഴുതുന്നതുകൊണ്ട്‌ നിനക്ക്‌ ഒരു ഗുണവുമില്ലെന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ എഴുതിക്കഴിഞ്ഞാൽ എറിഞ്ഞുകളയണം. കവിതകളെ എറിഞ്ഞുകളയേണ്ടത്‌ എവിടെയാണ്‌? കനത്ത ഇരുട്ടിൽ ഉപേക്ഷിക്കണോ, അതോ ഈ കനത്ത മതിലിലേക്ക്‌ എറിയണോ ?


ന്നാലും ചോദിക്കട്ടെ,
വെയിലത്തും നനഞ്ഞ
പലരെയും എനിക്കറിയാം.
വിയർപ്പിനെ,കണ്ണീരിനെ
നിനക്കറിയുമോ?


മഴയത്തും വരണ്ടുപോയ
പുഴകളുണ്ടരുവികളും.
നീ വിധിയെ പറയേണ്ട
അതങ്ങനെയാണ്‌.


തണുപ്പിന്‌ കുളിരല്ല
കുത്തുന്ന വേദനയാണെന്നു
തെരുവുകൾ ആർക്കുന്നു.


നീ പറയും പോലെ
പുലികേറാത്ത മലയുണ്ടാകാം
ആ മലമുകളിലും മരമുണ്ടാകാം.
ആ മരമടക്കം അവർ
നാളെ മാന്തും.


അതിരിന്‌ പുറത്തും
ഒരുപാട്‌ അറിയാനുണ്ട്‌.
പതിരുകൾ എറിഞ്ഞു
കളയാൻ അല്ലാതെയും
ഇങ്ങോട്ടു വന്നു നോക്കണം.


അഴുക്കെന്നു പറഞ്ഞു
പുഴയിലെറിയാതെ
എന്നെ നീയൊന്നു
ശ്രദ്ധിച്ചു നോക്കൂ.


ഭ്രാന്തെന്നു പറഞ്ഞു
പൂട്ടിയിടാതെ
അന്ന് ഞാൻ കരയാഞ്ഞതും
കുന്നിറങ്ങിപ്പോയതും
എന്തിനെന്നൊന്നു
ചിന്തിച്ചു നോക്കൂ.


നിന്റെ പായസക്കഥകൾ
കേട്ടിട്ടു ചിരി വരാഞ്ഞതും
സ്വർണ്ണമാലകൾ ഇട്ടു നീ
നിന്നപ്പോൾ കരഞ്ഞുപോയതും
മാമ്പഴം കട്ട്‌ പുഴുങ്ങിത്തിന്ന
മധുരമില്ലാത്തെന്റെ ബാല്യത്തിൻ കുറ്റം.


കുടയുമായി നീ പിറകെ വന്നിട്ടും
മഴയിലേക്കങ്ങിറങ്ങി നടന്നതും
നനയുന്ന സുഖത്തിനല്ല
നനഞ്ഞുള്ള ശീലം കൊണ്ട്‌.


മദ്യത്തിൻ കെട്ട നാറ്റവുമായി
ഇന്നലെ രാവിൽ നിന്നരികിൽ ഇരുന്നതും
പറായാനാകാത്തതെല്ലാം
ഛർദ്ദിക്കാനായിരുന്നു.


'സഹിക്കാൻ വയ്യെ'ന്നു
പറഞ്ഞു നീ പോകവേ
മരിക്കാൻ വയ്യാതെ
ഞാനും നടന്നു.
ഉറങ്ങിയെഴുന്നേറ്റാൽ
ഇതും മായും
പറയാൻ മറ്റൊരു സ്വപ്നകഥ.


പക്ഷെ എനിക്കറിയാം
ഉറക്കത്തിന്റെ സ്വച്ഛമായ
കരിമ്പടത്തിനുള്ളിൽ തന്നെയാണ്‌
പേടിസ്വപ്നങ്ങൾ സംഭവിക്കുന്നതും.


O


PHONE : +919400417660


Saturday, December 15, 2012

വാക്കെങ്ങോ ചേക്കേറിയിരുന്നു

കവിത
ശാസ്താംകോട്ട അജയകുമാർബാല്യത്തിൽ
'നാപ്പ'യെന്ന കുസൃതി
പിന്നെ,നെപ്പോളിയൻ
നീ ... *ജോസഫെയ്ൻ
രഘുരാമനായിരുന്നില്ല
നിന്നെയഗ്നി
പരീക്ഷയ്ക്കിരുത്തുവാൻ
*ഷാഹ്സേനാനായിരുന്നില്ല
നിന്റെ തലകൊയ്യുവാൻ
നിന്നെ പരിത്യജിക്കുമ്പോൾ
ഭൂമീദേവിയേതോയിരുണ്ട
ഗഹ്വരത്തിൽ
കുംഭകർണ്ണനിദ്രയിലായിരുന്നു
നിന്റെ പ്രണയത്തിന്റെ
ചുടുചുംബനങ്ങളിൽ നിന്നും
ഞാനൊരീറ്റപ്പുലിയായി മാറി
സാമ്രാജ്യങ്ങൾതോറും വെന്നിക്കൊടി
പാറിക്കുമ്പോൾ നീയെനിക്ക്‌ തണലേകി
സോദരരുടെ കിംവദന്തികേട്ട്‌
മനസ്സിൽ നിന്നും നിന്നെ
പിഴുതെറിയുമ്പോൾ
മനസ്സിന്റെ ആഴങ്ങളിലെങ്ങോ
അറിയാതെ നീ
യൊരിത്തിളായി വളരുകയായിരുന്നു.
ശക്തിയും ക്ഷയവും നീ തന്നെയെന്ന
തിരിച്ചറിവിലെത്തിയപ്പോഴേക്കും
നിന്നെയെനിക്ക്‌ നഷ്ടപ്പെട്ടിരുന്നു.
വാട്ടർലൂ ..... ഹോ!
മനസ്സിനേറ്റ കനത്ത പരാജയം!
*എൽബയിൽ നിന്ന്
കടൽകടന്ന്
*മാൽമയ്സൺ കൊട്ടാരത്തിലെ
നിന്റെ മുറിയിൽ നിൽക്കുമ്പോൾ
കത്തിയമർന്ന ചിതയുടെ
രൂക്ഷഗന്ധവുമുണ്ടായിരുന്നു.
നിഘണ്ടുവിലെ
എന്റെ വാക്കിനായി പരതവെ
വാക്കെങ്ങോ ചേക്കേറിയിരുന്നു.

O

*ജോസഫെയ്ൻ - മായികസൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവം. ഫ്രാൻസിലെ അലക്സാണ്ടർ പ്രഭുവിന്റെ ഭാര്യ. പിന്നീട്‌ പട്ടാള ജനറലിന്റെ വെപ്പാട്ടി.
*ഷാഹ്സേനാൻ - അറബ്‌ കഥകളിലെ സമർഖണ്ഡ്‌ രാജകുമാരൻ
*എൽബ - 1814 ലെ പരാജയത്തിനു ശേഷം നെപ്പോളിയൻ നാടുകടത്തപ്പെട്ട ഫ്രാൻസിലെ ദ്വീപ്‌.
*മാൽമയ്സൺ - ജോസഫയ്ന്റെ കൊട്ടാരംPHONE : 9388422631Sunday, December 9, 2012

സൂം ഇൻ - 6

സിനിമ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ
പാപബോധത്തിന്റെ കല

      

    ടുത്ത പാപബോധത്തിൽ നിന്നാണ്‌ ഇംഗ്‌മർ ബർഗ്‌മാന്റെ (Ingmar Bergman) സിനിമകൾ പിറവികൊള്ളുന്നത്‌. ദൈവാസ്തിത്വത്തെ നിരന്തരം ചോദ്യം ചെയ്യുകയും ക്രിസ്തീയ വിശ്വാസത്തിൽ ആഴത്തിൽ മുറിപ്പെടുകയും ചെയ്ത ബർഗ്‌മാന്റെ സിനിമകൾ കാലത്തിന്റെ പകയടങ്ങാത്ത കനൽക്കാഴ്ചകളാണ്‌. ബർഗ്‌മാൻ എഴുതുമ്പോഴും രംഗങ്ങൾ പകർത്തിവെക്കുമ്പോഴും സംഭവിക്കുന്ന അനുഭവങ്ങൾക്ക്‌ തമ്മിൽ വലിയ അന്തരമില്ല. അവ ഒരേകാലം വായനക്കാരനെയും കാഴ്ചക്കാരനെയും വേട്ടയാടുന്നു. 1994 ൽ എഴുതിയ ആദ്യ തിരക്കഥ (ടോൾമെന്റ്‌) യിൽ തന്നെ, ബർഗ്‌മാൻ തന്റെ വന്യമായ സർഗാത്മകവ്യക്തിത്വം വെളിപ്പെടുത്തിയിട്ടുണ്ട്‌. ജീവിതത്തിനു നേരെ ദൈവം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പകയിടങ്ങളെ ബർഗ്‌മാൻ ധീരതയോടെയാണ്‌ നേരിടുന്നത്‌. ബർഗ്‌മാൻ പറയുംപോലെ 'അവിടെ ഭീരുത്വത്തിന്റെ കുപ്പായമിട്ടുകൊണ്ട്‌ സദാചാരം പ്രസംഗിക്കേണ്ട ആവശ്യമില്ല. വാക്കിന്റെ തെളിഞ്ഞ സാധ്യത പോലെ തന്നെ കാഴ്ചയ്ക്കും ചില സാധ്യതകളുണ്ട്‌. ആയുധമേന്തി നടക്കുന്ന മനുഷ്യനേക്കാൾ വലിയ അപകടകാരിയാണ്‌ ഒറ്റയ്ക്ക്‌ നടക്കുന്ന മനുഷ്യൻ' എന്ന് ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ ഭ്രമാത്മകമായൊരു ലോകം നമുക്കു മുന്നിൽ ജാഗരൂകമായി നിൽക്കുന്നത്‌ കാണാം.

ബർഗ്‌മാൻ

ബർഗ്‌മാന്റെ സർഗാത്മക ജീവിതത്തിലാകെ അപകടകരമായി ജീവിക്കുന്നതിന്റെ കരുത്തും ആനന്ദവുമുണ്ട്‌. ബർഗ്‌മാന്റെ 'ദൈവം' ഇത്തരമൊരു ആനന്ദത്തിന്റെ സൃഷ്ടിയാണ്‌. ദയാരഹിതനായ ദൈവം മനുഷ്യർക്ക്‌ നേരേ വിധി നടപ്പിലാക്കുന്നു. എല്ലാ രക്ഷപ്പെടലുകളും അവനിലാണ്‌ ചെന്നവസാനിക്കുന്നത്‌. അബോധമനസ്സ്‌ ബോധമനസ്സുമായി നടത്തുന്ന കലനത്തിന്‌ സാക്ഷിയാകുന്ന ദൈവമാണ്‌ പിന്നീട്‌ അരങ്ങിൽ നിന്നുകൊണ്ട്‌ മനുഷ്യാന്തസ്സിനെ കുറിച്ച്‌ സംസാരിക്കുന്നത്‌. ഇത്‌ കാലത്തിന്റെ തലതിരിഞ്ഞ വേദാന്തമായി കാണാമെങ്കിലും ബർഗ്‌മാനെ സംബന്ധിച്ചിടത്തോളം സ്വത്വാന്വേഷണത്തിന്റെ ഭാഗമാണ്‌ ഈ തുറന്നുപറച്ചിൽ.1957 ൽ ബർഗ്‌മാൻ സംവിധാനം ചെയ്ത 'ഏഴാംമുദ്ര' (The Seventh Seal) യിൽ മരണവുമായി ചതുരംഗം കളിക്കുന്ന അന്റോണിയോസ്‌ ബ്ലോക്കിൽ ബർഗ്‌മാന്റെ സ്വത്വാന്വേഷണത്തിന്റെ തുടർച്ചയുണ്ട്‌. കുരിശുയുദ്ധത്തിൽ പങ്കെടുത്ത്‌ വിശ്വാസങ്ങൾ നഷ്ടപ്പെട്ട അന്റോണിയോസ്‌ ബ്ലോക്ക്‌ കടൽത്തീരത്തു വെച്ച്‌ മരണത്തെ കണ്ടുമുട്ടുന്നു. മൃത്യുഭയവും വിശ്വാസവും അന്റോണിയോസ്‌ ബ്ലോക്കിനെ മാറി മാറി ഭരിക്കുകയും  അതിൽ നിന്ന് പുതിയൊരു ഊർജ്ജം സംഭരിച്ചു കൊണ്ട്‌ ബ്ലോക്ക്‌ ഒരന്വേഷണത്തിന്‌ തുടക്കം കുറിക്കുകയും ചെയ്യുന്നു.അന്വേഷണം നീണ്ടു നിൽക്കുന്ന കാലത്തോളം ആയുസ്സ്‌ കുറയില്ലെന്നും വിശ്വാസത്തെ പരീക്ഷിക്കുന്നതിലൂടെ കരുത്ത്‌ നഷ്ടപ്പെടില്ലെന്നും ബ്ലോക്ക്‌ വിശ്വസിക്കുന്നു. എന്നാൽ ഭൂമിയിലെ എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്ന അതേ മൃത്യുവിന്റെ ഗുഹയിലേക്ക്‌ തന്നെ ബ്ലോക്ക്‌ എത്തപ്പെടുകയും ചെയ്യുന്നു. മരണത്തിന്റെ മലമുകളിലേക്ക്‌ നീങ്ങുന്ന ബ്ലോക്കിൽ കാലത്തിന്റെ നിസംഗത്വവും പൊട്ടിപ്പിളർന്ന വികാരങ്ങളുടെ ദയനീയതയുമുണ്ട്‌. എന്നാൽ മൃത്യുവിന്റെ നൃത്തം, ഭൂമിയിലെ എല്ലാ വേദനകൾക്കും മുന്നിൽ നടത്തുന്ന ആനന്ദനടനമാണ്‌. അത്‌ പ്രപഞ്ചത്തിന്റെ അലിഖിത നിയമമാണെന്ന് 'ഏഴാംമുദ്ര'യിൽ ബർഗ്‌മാൻ കൂട്ടിച്ചേർക്കുമ്പോൾ സിനിമ ജീവിതത്തിന്റെ അപകടകരമായ നിർവ്വചനമായി മാറുന്നത്‌ കാണാം.

'ഏഴാംമുദ്ര'യിൽ നിന്ന്

'ഏഴാംമുദ്ര'യുടെ ഓരോ കാഴ്ചയും കാലത്തിനോടുള്ള കനത്ത വെല്ലുവിളിയായിട്ടാണ്‌ എനിക്കനുഭവപ്പെട്ടത്‌. ചരിത്രത്തിനും കാലത്തിനുമിടയിൽ തളംകെട്ടി കിടക്കുന്ന ഒരനുഭവമാണ്‌ 'എഴാംമുദ്ര' യിലെ മരണം. ആത്യന്തികമായി വിജയിയായി നിൽക്കുന്നത്‌ മരണമാണെങ്കിലും ഒഴുകുവാനാകാത്ത വിധം ബർഗ്‌മാൻ മരണത്തെ ഈ സിനിമയിൽ തളച്ചിടുന്നുണ്ട്‌. അവിടെ ഒരുവേള മനുഷ്യന്റെ നിസ്സഹായാവസ്ഥ വിജയിക്കുന്നത്‌ പോലെ തോന്നും. പക്ഷെ, അതൊരു ദു:സ്വപ്നം മാത്രമായിരുന്നുവെന്ന്  തൊട്ടടുത്ത നിമിഷം തിരിച്ചറിയേണ്ടി വരുന്നു എന്നതാണ്‌ ഈ സിനിമ നമുക്ക്‌ നൽകുന്ന കനത്ത ശിക്ഷകളിലൊന്ന്. 

O


PHONE : +919447865940Saturday, December 1, 2012

ഇടയലേഖനം;ദുരന്തസാധ്യതയിലെ ലാഭസാധ്യത

ലേഖനം
ജോൺ പെരുവന്താനം


              ഗോളതാപനം പോലുള്ള കെടുതികൾ മനുഷ്യർക്ക്‌ സുവ്യക്തമാക്കുന്ന ചില വസ്തുതകൾ ഉണ്ട്‌. ഒരു മനുഷ്യജീവിയുടെ പ്രവർത്തി പോലും മുഴുവൻ പ്രകൃതിയെയും ബാധിക്കുന്നുവെന്നുള്ളതാണ്‌ അതിൽ ഒന്ന്. മറ്റൊന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾക്ക്‌ പോലും, മുഴുവൻ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്‌. ഇവ രണ്ടും മനുഷ്യന്റെ പ്രകൃതിയുമായുള്ള നാഭിനാളി ബന്ധമാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ പ്രകൃതിയെ അതിജീവിക്കുവാൻ പ്രകൃതിയെ മുടിക്കുന്ന അപരനെ ചൂഷണം ചെയ്യുന്ന മാർഗമാണ്‌ മനുഷ്യൻ ഇന്നു പിൻതുടരുന്നത്‌. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ്‌ വ്യക്തിപരമായും സാമൂഹികതലത്തിലും പാരിസ്ഥിതികമായും എല്ലാം നാം അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഉറവിടം.


ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിന്‌ സുപ്രധാനമായ സ്ഥാനമാണ്‌ പശ്ചിമഘട്ടത്തിനുള്ളത്‌. കോടിക്കണക്കിന്‌ ജീവനുകൾ ആശ്രയിക്കുന്ന വനങ്ങളും പുഴകളും കൃഷിസ്ഥലങ്ങളും അടങ്ങിയതാണ്‌ ഈ പർവ്വതനിരകൾ. എന്നാൽ കഴിഞ്ഞ കുറേ ദശകങ്ങളായി മറ്റേതൊരു പ്രകൃതിസമ്പത്തുമെന്ന പോലെ വികസന ചൂഷണത്തിന്റെ ഇരയായി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്‌ പശ്ചിമഘട്ടം. അതിന്‌ ഒരു പരിഹാരം കാണുന്നതിന്‌ വേണ്ടിയാണ്‌ കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച്‌ പഠനം നടത്തി ദോഷകരമായ വികസന പദ്ധതികളിൽ നിന്ന് ഈ മലനിരകളെ രക്ഷിച്ച്‌ എങ്ങനെ പുനർജീവിപ്പിക്കാം എന്ന് നിർദ്ദേശിക്കുന്നതിന്‌ പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിന്റെ നേതൃത്വത്തിൽ വിദഗ്‌ദ്ധരടങ്ങിയ പൊതുസമിതിയെ നിയോഗിച്ചത്‌. 'വികസനവും പരിസ്ഥിതിയും', 'വികസനവും ഭൂവിനിയോഗവും' എന്നിവ ഊർജ്ജസ്വലമായ ചർച്ചകൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിപ്പോൾ കേരളത്തിലുള്ളത്‌. പ്രൊഫ.മാധവ്‌ ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടും 'എമെർജിംഗ്‌ കേരള'യുമാണ്‌ ഇതിനു നിമിത്തമായത്‌.


 കേരളത്തിന്റെ നിലനിൽപ്പിന്‌ ആധാരം പശ്ചിമഘട്ടമാണെന്ന് അറിയാത്തവരാരും ഇവിടുണ്ടാവില്ല. ഈ മണ്ണ്‌, ഈ ജലം, ഈ പച്ചപ്പ്‌, ഈ ജൈവവൈവിധ്യം, കാലാവസ്ഥ, ജനപഥം എല്ലാത്തിനും നാം ഈ മലനിരകളോടും അതിന്റെ പരിസ്ഥിതിയോടും കടപ്പെട്ടിരിക്കുന്നു. ഇത്‌ ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ട്‌ നിർമ്മിച്ചെടുത്തതല്ല, പ്രകൃതിദത്തമാണ്‌. പ്രകൃതി അനുവദിക്കുന്നിടത്തോളം മാത്രമേ നമുക്ക്‌ വികസിക്കാനാവൂ. എന്നാൽ ഇത്തരം സങ്കീർണ്ണതകളെ പരിഗണിക്കാതെയാണ്‌ ഗാഡ്ഗിൽ കമ്മറ്റി ശുപാശകളോട്‌ കേരള ഗവൺമെന്റ്‌ പ്രതികരിച്ചത്‌. ഇതിന്റെ തുടർച്ചയായി കത്തോലിക്കസഭ ഇടയലേഖനവും ഇറക്കിയിരിക്കുന്നത്‌. പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ ഒരു അതോറിറ്റി ഉണ്ടാകുമെന്നതാണ്‌ ഇവരുടെ വിഷമത്തിന്‌ കാരണം. അതിൽ ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിസ്നേഹികളും ഉണ്ടാകുമെന്നതാണ്‌ കൂടുതൽ വിഷമം സൃഷ്ടിക്കുന്നത്‌. ഇനി ഒരു വികസനപദ്ധതിക്കും മാനുഷിക ഇടപെടലിനും വിട്ടുകൊടുക്കാനുള്ള വനം പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്നില്ല. 200 വർഷങ്ങൾക്ക്‌ മുമ്പ്‌ 95% വനമുണ്ടായിരുന്നിടത്ത്‌ ഇന്ന് അവശേഷിക്കുന്നത്‌ 7% മാത്രമാണ്‌. നിലനിൽക്കുന്ന കാടും ആവാസവ്യവസ്ഥയും പുഴകളും ജൈവവൈവിധ്യവും ശോഷണത്തിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്‌. വർദ്ധിച്ചു വരുന്ന ജലക്ഷാമം, മലിനീകരണം, മണ്ണൊലിപ്പ്‌, ഉരുൾപ്പൊട്ടൽ, പുഴകളുടെ നാശം, ആരോഗ്യപ്രശ്നങ്ങൾ, ജൈവ വൈവിധ്യശോഷണം  എന്നിവയെല്ലാം നാം തുടർന്നു പോരുന്ന വികലമായ വികസനത്തിന്റെ പ്രത്യാഘാതങ്ങളാണ്‌. 


ഗാഡ്ഗിൽ കമ്മറ്റി പുതിയതായി ഒരു നിയമവും ഉണ്ടാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ മാത്രമാണ്‌ മുന്നോട്ടു വെച്ചിട്ടുള്ളത്‌. കേരള-തമിഴ്‌നാട്‌ അതിർത്തിയിൽ സംഭവിച്ചിട്ടുള്ള അനിയന്ത്രിതമായ വനനശീകരണം മൂലം തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്ണക്കാറ്റ്‌ കേരളത്തിലേക്ക്‌ കടക്കുകയും കേരളത്തിന്റെ കാലാവസ്ഥയിലെ ഈർപ്പവും കുളിരും ഇല്ലാതാക്കുകയും ക്രമേണ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുകയും ഇത്‌ മരുവൽക്കരണത്തിന്‌ കാരണമാവുകയും ചെയ്യുമെന്നതിനാൽ ഇവിടെ വനവൽക്കരണം നടത്തണം എന്ന നിർദ്ദേശമാണ്‌ സ്ഥാപിത താൽപര്യക്കാരെ പ്രകോപിപ്പിച്ചത്‌. രാസവളങ്ങളും കീടനാശിനികളും മണ്ണിലും ജലത്തിലും വായുവിലും വിഷം പടർത്തുന്നതുമൂലം മനുഷ്യനും ജന്തുജീവജാലങ്ങൾക്കും വംശഹത്യ വരാതിരിക്കാൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് കേരള സർക്കാരിന്റെ തന്നെ പുതിയ കാർഷികനയമാണ്‌. ഈ നയം ഹൈറേഞ്ചിന്റെ കാർഷികമേഖലയിൽ നടപ്പിലാക്കണം എന്നു നിർദ്ദേശിച്ചത്‌ ഏലത്തോട്ടം മുതലാളിമാരെ പ്രകോപിപ്പിച്ചു. പശ്ചിമഘട്ടത്തിൽ ഇപ്പോൾ തന്നെ 1700 -ഓളം അണക്കെട്ടുകൾ ഉള്ളതിനാൽ വീണ്ടും അണക്കെട്ടുകൾ പാടില്ല എന്ന നിർദ്ദേശം രാഷ്ട്രീയ,ട്രേഡ്‌ യൂണിയൻ, ഉദ്യോഗസ്ഥ ലോബിയെ അലോസരപ്പെടുത്തി. പശ്ചിമഘട്ടം തകർക്കുന്ന പാറഖനനം തടയണമെന്ന നിർദ്ദേശം പാറമട മാഫിയയെ വിറളി പിടിപ്പിച്ചു. 


50 വർഷത്തിന്‌ മീതെ പഴക്കം ചെന്ന അണക്കെട്ടുകൾ ഡികമ്മീഷൻ ചെയ്യണമെന്ന നിർദ്ദേശവും ഭരണാധികാരികളെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന്‌ എതിരാക്കി. ഡികമ്മീഷൻ ചെയ്യുക എന്നു പറഞ്ഞാൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുകയെന്നല്ല അർത്ഥം. അപകടഭീഷണി ഉയർത്തുന്ന അണക്കെട്ടുകളിലെ 50% ജലനിരപ്പ്‌ താഴ്ത്തിയാൽ 50 ശതമാനം ഡി കമ്മീഷനിംഗ്‌ ആകും. മുല്ലപ്പെരിയാർ പ്രശ്നം ഇങ്ങനെ പരിഹരിക്കാവുന്നതാണ്‌. പുതിയ വനം കയ്യേറ്റങ്ങൾ അനുവദിക്കില്ല, വൻകിട രാസ-വിഷ വ്യവസായങ്ങൾ അനുവദിക്കില്ല, സ്പെഷ്യൽ എക്കണോമിക്കൽ സോണുകൾ അനുവദിക്കില്ല തുടങ്ങിയ പ്രശ്നങ്ങളാണ്‌ പ്രകൃതിയെ കൊള്ളയടിക്കാൻ നടക്കുന്നവരെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്‌. മൂന്നാറിലെ ടൂറിസം മാഫിയയ്ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചപ്പോൾ കർഷകരെ കുടിയിറക്കുന്നുവെന്നു പറഞ്ഞ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ ഹൈറേഞ്ച്‌ സംരക്ഷണസമിതിയുണ്ടാക്കി മൂന്നാർ ഓപ്പറേഷൻ അട്ടിമറിച്ച അതേ ശക്തികൾ കൃഷിക്കാർക്ക്‌ വേണ്ടി മുതലക്കണ്ണീർ ഒഴുക്കി ടൂറിസം മാഫിയയ്ക്കും ക്വാറി മാഫിയയ്ക്കും വേണ്ടി ഇടയലേഖനവുമായി രംഗത്ത്‌ ഇറങ്ങിയിരിക്കുകയാണ്‌. ഒരു ആഫ്രിക്കൻ പഴമൊഴി പോലെ രണ്ടാനകൾ തമ്മിൽ പ്രണയിച്ചാലും കലഹിച്ചാലും അത്‌ ചവിട്ടി നിൽക്കുന്ന പുൽത്തകിടിയ്ക്കാണ്‌ നാശം എന്നതുപോലെയാണ്‌ ഇടുക്കി ജില്ലയിലെ ഇടത്‌-വലത്‌ രാഷ്ട്രീയം. പരിസ്ഥിതി നശീകരണത്തിൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ തന്നെ. ദുരന്തസാധ്യതയിലെ ലാഭസാധ്യതയാണ്‌ ഇവരുടെ ലക്ഷ്യം.

O


PHONE : 9947154564