ലേഖനം
ജോൺ പെരുവന്താനം
ആഗോളതാപനം പോലുള്ള കെടുതികൾ മനുഷ്യർക്ക് സുവ്യക്തമാക്കുന്ന ചില വസ്തുതകൾ ഉണ്ട്. ഒരു മനുഷ്യജീവിയുടെ പ്രവർത്തി പോലും മുഴുവൻ പ്രകൃതിയെയും ബാധിക്കുന്നുവെന്നുള്ളതാണ് അതിൽ ഒന്ന്. മറ്റൊന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും, മുഴുവൻ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്. ഇവ രണ്ടും മനുഷ്യന്റെ പ്രകൃതിയുമായുള്ള നാഭിനാളി ബന്ധമാണ് സൂചിപ്പിക്കുന്നത്. എന്നാൽ പ്രകൃതിയെ അതിജീവിക്കുവാൻ പ്രകൃതിയെ മുടിക്കുന്ന അപരനെ ചൂഷണം ചെയ്യുന്ന മാർഗമാണ് മനുഷ്യൻ ഇന്നു പിൻതുടരുന്നത്. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ് വ്യക്തിപരമായും സാമൂഹികതലത്തിലും പാരിസ്ഥിതികമായും എല്ലാം നാം അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഉറവിടം.
ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രത്തിന് സുപ്രധാനമായ സ്ഥാനമാണ് പശ്ചിമഘട്ടത്തിനുള്ളത്. കോടിക്കണക്കിന് ജീവനുകൾ ആശ്രയിക്കുന്ന വനങ്ങളും പുഴകളും കൃഷിസ്ഥലങ്ങളും അടങ്ങിയതാണ് ഈ പർവ്വതനിരകൾ. എന്നാൽ കഴിഞ്ഞ കുറേ ദശകങ്ങളായി മറ്റേതൊരു പ്രകൃതിസമ്പത്തുമെന്ന പോലെ വികസന ചൂഷണത്തിന്റെ ഇരയായി നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ് പശ്ചിമഘട്ടം. അതിന് ഒരു പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയം പശ്ചിമഘട്ടത്തിന്റെ അവസ്ഥയെക്കുറിച്ച് പഠനം നടത്തി ദോഷകരമായ വികസന പദ്ധതികളിൽ നിന്ന് ഈ മലനിരകളെ രക്ഷിച്ച് എങ്ങനെ പുനർജീവിപ്പിക്കാം എന്ന് നിർദ്ദേശിക്കുന്നതിന് പ്രൊഫ.മാധവ് ഗാഡ്‌ഗിലിന്റെ നേതൃത്വത്തിൽ വിദഗ്‌ദ്ധരടങ്ങിയ പൊതുസമിതിയെ നിയോഗിച്ചത്. 'വികസനവും പരിസ്ഥിതിയും', 'വികസനവും ഭൂവിനിയോഗവും' എന്നിവ ഊർജ്ജസ്വലമായ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിപ്പോൾ കേരളത്തിലുള്ളത്. പ്രൊഫ.മാധവ് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടും 'എമെർജിംഗ് കേരള'യുമാണ് ഇതിനു നിമിത്തമായത്.
കേരളത്തിന്റെ നിലനിൽപ്പിന് ആധാരം പശ്ചിമഘട്ടമാണെന്ന് അറിയാത്തവരാരും ഇവിടുണ്ടാവില്ല. ഈ മണ്ണ്, ഈ ജലം, ഈ പച്ചപ്പ്, ഈ ജൈവവൈവിധ്യം, കാലാവസ്ഥ, ജനപഥം എല്ലാത്തിനും നാം ഈ മലനിരകളോടും അതിന്റെ പരിസ്ഥിതിയോടും കടപ്പെട്ടിരിക്കുന്നു. ഇത് ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ട് നിർമ്മിച്ചെടുത്തതല്ല, പ്രകൃതിദത്തമാണ്. പ്രകൃതി അനുവദിക്കുന്നിടത്തോളം മാത്രമേ നമുക്ക് വികസിക്കാനാവൂ. എന്നാൽ ഇത്തരം സങ്കീർണ്ണതകളെ പരിഗണിക്കാതെയാണ് ഗാഡ്ഗിൽ കമ്മറ്റി ശുപാശകളോട് കേരള ഗവൺമെന്റ് പ്രതികരിച്ചത്. ഇതിന്റെ തുടർച്ചയായി കത്തോലിക്കസഭ ഇടയലേഖനവും ഇറക്കിയിരിക്കുന്നത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കുവാൻ ഒരു അതോറിറ്റി ഉണ്ടാകുമെന്നതാണ് ഇവരുടെ വിഷമത്തിന് കാരണം. അതിൽ ശാസ്ത്രജ്ഞന്മാരും പരിസ്ഥിതിസ്നേഹികളും ഉണ്ടാകുമെന്നതാണ് കൂടുതൽ വിഷമം സൃഷ്ടിക്കുന്നത്. ഇനി ഒരു വികസനപദ്ധതിക്കും മാനുഷിക ഇടപെടലിനും വിട്ടുകൊടുക്കാനുള്ള വനം പശ്ചിമഘട്ടത്തിൽ അവശേഷിക്കുന്നില്ല. 200 വർഷങ്ങൾക്ക് മുമ്പ് 95% വനമുണ്ടായിരുന്നിടത്ത് ഇന്ന് അവശേഷിക്കുന്നത് 7% മാത്രമാണ്. നിലനിൽക്കുന്ന കാടും ആവാസവ്യവസ്ഥയും പുഴകളും ജൈവവൈവിധ്യവും ശോഷണത്തിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. വർദ്ധിച്ചു വരുന്ന ജലക്ഷാമം, മലിനീകരണം, മണ്ണൊലിപ്പ്, ഉരുൾപ്പൊട്ടൽ, പുഴകളുടെ നാശം, ആരോഗ്യപ്രശ്നങ്ങൾ, ജൈവ വൈവിധ്യശോഷണം എന്നിവയെല്ലാം നാം തുടർന്നു പോരുന്ന വികലമായ വികസനത്തിന്റെ പ്രത്യാഘാതങ്ങളാണ്.
ഗാഡ്ഗിൽ കമ്മറ്റി പുതിയതായി ഒരു നിയമവും ഉണ്ടാക്കിയിട്ടില്ല. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ മാത്രമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. കേരള-തമിഴ്‌നാട് അതിർത്തിയിൽ സംഭവിച്ചിട്ടുള്ള അനിയന്ത്രിതമായ വനനശീകരണം മൂലം തമിഴ്‌നാട്ടിൽ നിന്നുള്ള ഉഷ്ണക്കാറ്റ് കേരളത്തിലേക്ക് കടക്കുകയും കേരളത്തിന്റെ കാലാവസ്ഥയിലെ ഈർപ്പവും കുളിരും ഇല്ലാതാക്കുകയും ക്രമേണ വരണ്ട കാലാവസ്ഥ സൃഷ്ടിക്കുകയും ഇത് മരുവൽക്കരണത്തിന് കാരണമാവുകയും ചെയ്യുമെന്നതിനാൽ ഇവിടെ വനവൽക്കരണം നടത്തണം എന്ന നിർദ്ദേശമാണ് സ്ഥാപിത താൽപര്യക്കാരെ പ്രകോപിപ്പിച്ചത്. രാസവളങ്ങളും കീടനാശിനികളും മണ്ണിലും ജലത്തിലും വായുവിലും വിഷം പടർത്തുന്നതുമൂലം മനുഷ്യനും ജന്തുജീവജാലങ്ങൾക്കും വംശഹത്യ വരാതിരിക്കാൻ ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് കേരള സർക്കാരിന്റെ തന്നെ പുതിയ കാർഷികനയമാണ്. ഈ നയം ഹൈറേഞ്ചിന്റെ കാർഷികമേഖലയിൽ നടപ്പിലാക്കണം എന്നു നിർദ്ദേശിച്ചത് ഏലത്തോട്ടം മുതലാളിമാരെ പ്രകോപിപ്പിച്ചു. പശ്ചിമഘട്ടത്തിൽ ഇപ്പോൾ തന്നെ 1700 -ഓളം അണക്കെട്ടുകൾ ഉള്ളതിനാൽ വീണ്ടും അണക്കെട്ടുകൾ പാടില്ല എന്ന നിർദ്ദേശം രാഷ്ട്രീയ,ട്രേഡ് യൂണിയൻ, ഉദ്യോഗസ്ഥ ലോബിയെ അലോസരപ്പെടുത്തി. പശ്ചിമഘട്ടം തകർക്കുന്ന പാറഖനനം തടയണമെന്ന നിർദ്ദേശം പാറമട മാഫിയയെ വിറളി പിടിപ്പിച്ചു.
50 വർഷത്തിന് മീതെ പഴക്കം ചെന്ന അണക്കെട്ടുകൾ ഡികമ്മീഷൻ ചെയ്യണമെന്ന നിർദ്ദേശവും ഭരണാധികാരികളെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന് എതിരാക്കി. ഡികമ്മീഷൻ ചെയ്യുക എന്നു പറഞ്ഞാൽ അണക്കെട്ടുകൾ പൊളിച്ചു നീക്കുകയെന്നല്ല അർത്ഥം. അപകടഭീഷണി ഉയർത്തുന്ന അണക്കെട്ടുകളിലെ 50% ജലനിരപ്പ് താഴ്ത്തിയാൽ 50 ശതമാനം ഡി കമ്മീഷനിംഗ് ആകും. മുല്ലപ്പെരിയാർ പ്രശ്നം ഇങ്ങനെ പരിഹരിക്കാവുന്നതാണ്. പുതിയ വനം കയ്യേറ്റങ്ങൾ അനുവദിക്കില്ല, വൻകിട രാസ-വിഷ വ്യവസായങ്ങൾ അനുവദിക്കില്ല, സ്പെഷ്യൽ എക്കണോമിക്കൽ സോണുകൾ അനുവദിക്കില്ല തുടങ്ങിയ പ്രശ്നങ്ങളാണ് പ്രകൃതിയെ കൊള്ളയടിക്കാൻ നടക്കുന്നവരെ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. മൂന്നാറിലെ ടൂറിസം മാഫിയയ്ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചപ്പോൾ കർഷകരെ കുടിയിറക്കുന്നുവെന്നു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹൈറേഞ്ച് സംരക്ഷണസമിതിയുണ്ടാക്കി മൂന്നാർ ഓപ്പറേഷൻ അട്ടിമറിച്ച അതേ ശക്തികൾ കൃഷിക്കാർക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കി ടൂറിസം മാഫിയയ്ക്കും ക്വാറി മാഫിയയ്ക്കും വേണ്ടി ഇടയലേഖനവുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഒരു ആഫ്രിക്കൻ പഴമൊഴി പോലെ രണ്ടാനകൾ തമ്മിൽ പ്രണയിച്ചാലും കലഹിച്ചാലും അത് ചവിട്ടി നിൽക്കുന്ന പുൽത്തകിടിയ്ക്കാണ് നാശം എന്നതുപോലെയാണ് ഇടുക്കി ജില്ലയിലെ ഇടത്-വലത് രാഷ്ട്രീയം. പരിസ്ഥിതി നശീകരണത്തിൽ ഇവരെല്ലാം ഒരേ തൂവൽ പക്ഷികൾ തന്നെ. ദുരന്തസാധ്യതയിലെ ലാഭസാധ്യതയാണ് ഇവരുടെ ലക്ഷ്യം.
O
PHONE : 9947154564
No comments:
Post a Comment
Leave your comment