കവിത
ഗൗതമൻ
ഞാൻ ഈ എഴുതുന്നതുകൊണ്ട് നിനക്ക് ഒരു ഗുണവുമില്ലെന്ന് എനിക്കറിയാം. സത്യം പറഞ്ഞാൽ എഴുതിക്കഴിഞ്ഞാൽ എറിഞ്ഞുകളയണം. കവിതകളെ എറിഞ്ഞുകളയേണ്ടത് എവിടെയാണ്? കനത്ത ഇരുട്ടിൽ ഉപേക്ഷിക്കണോ, അതോ ഈ കനത്ത മതിലിലേക്ക് എറിയണോ ?
എന്നാലും ചോദിക്കട്ടെ,
വെയിലത്തും നനഞ്ഞ
പലരെയും എനിക്കറിയാം.
വിയർപ്പിനെ,കണ്ണീരിനെ
നിനക്കറിയുമോ?
മഴയത്തും വരണ്ടുപോയ
പുഴകളുണ്ടരുവികളും.
നീ വിധിയെ പറയേണ്ട
അതങ്ങനെയാണ്.
തണുപ്പിന് കുളിരല്ല
കുത്തുന്ന വേദനയാണെന്നു
തെരുവുകൾ ആർക്കുന്നു.
നീ പറയും പോലെ
പുലികേറാത്ത മലയുണ്ടാകാം
ആ മലമുകളിലും മരമുണ്ടാകാം.
ആ മരമടക്കം അവർ
നാളെ മാന്തും.
അതിരിന് പുറത്തും
ഒരുപാട് അറിയാനുണ്ട്.
പതിരുകൾ എറിഞ്ഞു
കളയാൻ അല്ലാതെയും
ഇങ്ങോട്ടു വന്നു നോക്കണം.
അഴുക്കെന്നു പറഞ്ഞു
പുഴയിലെറിയാതെ
എന്നെ നീയൊന്നു
ശ്രദ്ധിച്ചു നോക്കൂ.
ഭ്രാന്തെന്നു പറഞ്ഞു
പൂട്ടിയിടാതെ
അന്ന് ഞാൻ കരയാഞ്ഞതും
കുന്നിറങ്ങിപ്പോയതും
എന്തിനെന്നൊന്നു
ചിന്തിച്ചു നോക്കൂ.
നിന്റെ പായസക്കഥകൾ
കേട്ടിട്ടു ചിരി വരാഞ്ഞതും
സ്വർണ്ണമാലകൾ ഇട്ടു നീ
നിന്നപ്പോൾ കരഞ്ഞുപോയതും
മാമ്പഴം കട്ട് പുഴുങ്ങിത്തിന്ന
മധുരമില്ലാത്തെന്റെ ബാല്യത്തിൻ കുറ്റം.
കുടയുമായി നീ പിറകെ വന്നിട്ടും
മഴയിലേക്കങ്ങിറങ്ങി നടന്നതും
നനയുന്ന സുഖത്തിനല്ല
നനഞ്ഞുള്ള ശീലം കൊണ്ട്.
മദ്യത്തിൻ കെട്ട നാറ്റവുമായി
ഇന്നലെ രാവിൽ നിന്നരികിൽ ഇരുന്നതും
പറായാനാകാത്തതെല്ലാം
ഛർദ്ദിക്കാനായിരുന്നു.
'സഹിക്കാൻ വയ്യെ'ന്നു
പറഞ്ഞു നീ പോകവേ
മരിക്കാൻ വയ്യാതെ
ഞാനും നടന്നു.
ഉറങ്ങിയെഴുന്നേറ്റാൽ
ഇതും മായും
പറയാൻ മറ്റൊരു സ്വപ്നകഥ.
പക്ഷെ എനിക്കറിയാം
ഉറക്കത്തിന്റെ സ്വച്ഛമായ
കരിമ്പടത്തിനുള്ളിൽ തന്നെയാണ്
പേടിസ്വപ്നങ്ങൾ സംഭവിക്കുന്നതും.
O
PHONE : +919400417660
kollam...
ReplyDeleteമുഴുവൻ അങ്ങോട്ട് മനസ്സിലായില്ലാ.....
ReplyDeleteഅച്ഛന്റെ മകന് ..
ReplyDelete:)
Deleteആശംസകൾ
ReplyDeleteThanks Shaju
Delete