Monday, June 23, 2014

ഇലഞ്ഞിപ്പൂമണം - 4

കുറിപ്പുകൾ
ഡോ.മുഞ്ഞിനാട്‌ പത്മകുമാർ
പേരയ്ക്കയുടെ മണം

     "ഓർമ്മകൾ എന്നെത്തേടി വരിക പതുങ്ങിപ്പതുങ്ങിയാകും. നനുത്ത കാലൊച്ചകൾ. ബദാമിന്റെ ഒരില, അല്ലെങ്കിൽ മഞ്ഞപ്പൂക്കളിൽ നിന്നൊരിതൾ കൊഴിഞ്ഞുവീഴും പോലെ. ആളനക്കങ്ങളില്ലാത്ത ഏകാന്തതകളിലേക്ക്‌ ഞാൻ ഓർമ്മയുടെ ഒരു നക്ഷത്രം കത്തിച്ചു വെയ്ക്കും. ഹൊ! ഒരു പുച്ചക്കുഞ്ഞിനെപ്പോലെ ഒന്നിനു പിറകെ ഒന്നായി ഓർമ്മകളുടെ ഘോഷയാത്ര."

മാർക്വേസ്‌ ഇതെഴുതുന്നത്‌ ഒരു ശരത്‌കാല രാവിലാണ്‌. പാരീസിലെ ജീവിതം ആകെ മടുത്തു തുടങ്ങിയ നാളുകളിലൊന്ന്. മടുപ്പിൽ നിന്നും രക്ഷനേടാൻ സായാഹ്നങ്ങളിൽ മാർക്വേസ്‌ നടക്കാനിറങ്ങും. ദൂരങ്ങളെക്കുറിച്ച്‌ മാർക്വേസ്‌ ചിന്തിക്കാറില്ല. മുയൽവേഗങ്ങളാണെങ്കിലും നടക്കാവുന്ന അത്ര ദൂരം. അതായിരുന്നു മാർക്വേസിന്റെ ശീലം.സായാഹ്നയാത്രയ്ക്കിടയിൽ വെച്ചാണ്‌ താനിയ ക്വിന്റാനയെ മാർക്വേസ്‌ പരിചയപ്പെടുന്നത്‌. അവൾക്ക്‌ ഓറഞ്ചിന്റെ നിറവും പേരയ്ക്കയുടെ മണവുമുണ്ടായിരുന്നെന്ന് മാർക്വേസ്‌ ഓർമ്മിക്കുന്നുണ്ട്‌. സ്പെയിൻകാരിയായ താനിയ പത്രപ്രവർത്തകയും അഭിനേത്രിയുമായിരുന്നു. നിരാശാഭരിതനായ മാർക്വേസിനെ ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് താനിയ കണ്ടെത്തുകയായിരുന്നു. സ്വതേ ഗൗരവമെങ്കിലും അഭിജാതമായ ആ മൗനം മാർക്വേസിന്റെ മുഖത്തെ വല്ലാതെ ക്ഷീണിപ്പിക്കുന്നതായി താനിയയ്ക്ക്‌ തോന്നി. എൽഎസ്പെക്റ്റഡോറിൽ മാർക്വേസ്‌ എഴുതുന്ന തുടർലേഖനങ്ങൾ താനിയയ്ക്ക്‌ ഹൃദിസ്ഥമായിരുന്നു. അതുകൊണ്ട്‌ ഒരു പരിചയപ്പെടൽ അവൾക്ക്‌ സാഹസികമായി തോന്നിയില്ല. താനിയ മാർക്വേസിനെ പരിചയപ്പെട്ടു. ആ പരിചയത്തിന്റെ ദീർഘസമാഗമങ്ങളായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. സയാഹ്നങ്ങൾ രാവിനെയും പുലരിയെയും കടന്നു. അവർ പ്രണയബദ്ധരായി. തൊഴിൽരഹിതനായ മാർക്വേസിന്‌ ആകാശവും ഭൂമിയും താനിയയായി. അവൾ മാർക്വേസിനെ ഹൃദയത്തിലേക്ക്‌ ചേർത്തുനിർത്തി തുടരെ ചുംബിച്ചു.

അധികം വൈകാതെ താനിയ ഗർഭിണിയായി. താനിയയുടെ ഉത്കണ്ഠകൾക്ക്‌ നടുവിൽ മാർക്വേസ്‌ ശാന്തനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച്‌ മാർക്വേസിന്‌ ഒന്നുംതന്നെ പറയാനുണ്ടായിരുന്നില്ല. മാർക്വേസിന്റെ നിസ്സംഗത താനിയയെ വല്ലാതെ കുഴക്കി. ഒടുവിൽ രക്തസ്രാവത്തെ തുടർന്ന് ഗർഭം അലസുകയും താനിയ പാരീസിൽ നിന്നും സ്വദേശത്തേക്ക്‌ മടങ്ങിപ്പോകുകയും ചെയ്തു.

രണ്ടു ശരത്‌കാലങ്ങൾക്കിടയിലുണ്ടായ മുറിവ്‌ എന്നാണ്‌ മാർക്വേസ്‌ ഈ പ്രണയ ശൈഥില്യത്തെക്കുറിച്ച്‌ പിൽക്കാലത്ത്‌ പറഞ്ഞത്‌. ജീവചരിത്രകാരനായ ജെറാൾഡ്‌ മാർട്ടിനോട്‌ മനസ്സു തുറക്കുമ്പോൾ മാർക്വേസ്‌ വികാരപ്രക്ഷുബ്ദത കൊണ്ട്‌ ആകെ വിളറിപ്പോകുന്നുണ്ട്‌. 'പേനയാൽ തുഴഞ്ഞ ജീവിതങ്ങൾ ഞാൻ ഓർത്തെടുക്കാറില്ല. പക്ഷെ ചില പ്രണയദൂരങ്ങൾ എന്നെ ശരിക്കും ഭ്രാന്തനാക്കിത്തീർക്കുകയാണ്‌.' മാർക്വേസ്‌ പറഞ്ഞു.കാലങ്ങൾക്ക്‌ ശേഷം വീണ്ടുമൊരു സമാഗമം. അതും ഒരു ശരത്‌കാലത്തായിരുന്നു. പാരീസിലെ പഴക്കം ചെന്ന ദേവാലയത്തിലെ അൽത്താരയിൽ വെച്ച്‌ ചാൾസ്‌ താനിയയെ മിന്നുകെട്ടുന്നു. വിവാഹച്ചടങ്ങുകളിൽ പങ്കുകൊള്ളാൻ വളരെക്കുറച്ചു സുഹൃത്തുക്കൾ മാത്രം. അവരിലൊരാളെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. അത്‌ മാർക്വേസ്‌ ആയിരുന്നു. മാർക്വേസിനോടൊപ്പം മെഴ്സിഡസും ഉണ്ടായിരുന്നു. ഭൂമിയിലെ എക്കാലത്തെയും മികച്ച ഫലിതങ്ങളിലൊന്നായിരുന്നു എന്നാണ്‌ മെഴ്സിഡസ്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌.

താനിയയുമൊത്തുള്ള രാപ്പകലുകളെക്കുറിച്ച്‌ മാർക്വേസ്‌ മെഴ്സിഡസിനോട്‌ തുറന്നുപറയുന്നുണ്ട്‌. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയാണ്‌ മെഴ്സിഡസ്‌ ഇതെല്ലാം കേട്ടിരിക്കുക. മെഴ്സിഡസിന്റെ ഇടുങ്ങിയ മിഴികളിലെ കൗതുകം ഒപ്പിയെടുത്തുകൊണ്ട്‌ യാഥാർത്ഥ്യവും ഭാവനയും കലർത്തി മാർക്വേസ്‌ പ്രണയകഥ പറയാൻ തുടങ്ങും. താനിയയുടെ കഥ ഗാബോയുടെ ഭാവന തന്നെ ആയിരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ടെന്ന് മെഴ്സിഡസ്‌ പറയുന്നു. ഭാവനയുടെ അതിർത്തികൾ എന്നെന്നേക്കുമായി ഒഴിവാക്കിയ പ്രതിഭാശാലിയായിരുന്നു മാർക്വേസ്‌. പ്രണയം അതിന്റെ വന്യതയോടെയായിരുന്നു മാർക്വേസിൽ ഒഴുകിപ്പരന്നത്‌. ജെറാൾഡ്‌ മാർട്ടിനുമായിട്ടുള്ള സംഭാഷണങ്ങൾക്കിടയിൽ താനിയ തന്റെ പ്രണയകാലം ഓർത്തെടുക്കുന്നുണ്ട്‌.

'പ്രണയം മാർക്വേസിന്‌ വന്യമായിരുന്നു. ഒരു കാട്ടുമൃഗത്തിന്റെ മുരൾച്ച മാർക്വേസിൽ നിന്ന് എനിക്ക്‌ എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്‌. ചുംബിക്കുമ്പോൾ, തലോടുമ്പോൾ അയാൾ മറ്റൊരാളായി മാറും. പ്രണയത്തിനു വേണ്ടി അലഞ്ഞ ഒരവധൂതൻ തന്നെയായിരുന്നു അദ്ദേഹം.' താനിയ പറയുന്നു.

പ്രണയം എന്തുകൊണ്ട്‌ വിവാഹത്തിലേക്കും ജീവിതത്തിലേക്കും കടന്നില്ല എന്ന് ജെറാൾഡ്‌ മാർട്ടിൻ താനിയയോട്‌ ചോദിക്കുന്നുണ്ട്‌. ആ ചോദ്യത്തെ പാരുഷ്യത്തോടെയാണ്‌ താനിയ നേരിടുന്നത്‌. 'എനിക്ക്‌ പശ്ചാത്താപമില്ല. കാരണം അദ്ദേഹം ഒരു നല്ല കാമുകനായിരുന്നു. പക്ഷെ നല്ല ഭർത്താവാകുമായിരുന്നില്ല.' ഇതു പറയുമ്പോൾ താനിയയുടെ മനസ്സിലെവിടെയോ ഒരു നഷ്ടബോധം നിഴലിക്കുന്നില്ലേ എന്നു തോന്നും. നല്ല ഭർത്താവിന്റെയും നല്ല പിതാവിന്റെയും വേഷങ്ങൾ ഭംഗിയായി നിർവ്വഹിച്ചു നിൽക്കുന്ന മാർക്വേസിനെ പിന്നീട്‌ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടിടങ്ങളിൽ വെച്ച്‌ താനിയ കണ്ടിട്ടുണ്ട്‌. ഈ കാഴ്ചകളെല്ലാം കാലത്തിന്റെ ക്രൂരമായ ഫലിതങ്ങളായിരുന്നുവെന്ന് പിൽക്കാലത്ത്‌ താനിയ ഓർമ്മിക്കുന്നുണ്ടാവും.

വിഷാദം അതിന്റെ ഏകാന്തതയോടൊപ്പം വലിഞ്ഞു മുറുക്കിയ അന്നാളുകളെക്കുറിച്ച്‌ മാർക്വേസ്‌ എഴുതിയിട്ടുണ്ട്‌. 'നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാൻ ഒരിക്കലും ഞാനാഗ്രഹിച്ചിരുന്നില്ല. ജീവിതകാലം മുഴുവൻ ഇരതേടി നടക്കുന്ന ഒരു കാട്ടുമൃഗമായിപ്പോകുമോ എന്നു ഭയപ്പെട്ട നാളുകളായിരുന്നു അത്‌. താനിയയുടെ സഹായം - അത്‌ അളന്നെടുക്കാവുന്നതിലും അധികമായിരുന്നു. അവൾക്ക്‌ നന്ദി.' മാർക്വേസ്‌ വീണ്ടും ഓർമ്മകളുടെ കൂടാരത്തിലേക്ക്‌ കയറിപ്പോകുന്നു. ഇറങ്ങിവരുമ്പോൾ മാർക്വേസിനൊപ്പം ഒരാൾ കൂടിയുണ്ട്‌. മിസ്റ്റർ പ്ലീനിയോ മെൻഡോസ. താനിയയെ പോലെ മെൻഡോസയും ആ വലിയ നഗരത്തിലെ ഒരു തണലിടമായിരുന്നു. തൊഴിൽരഹിതനായി ജീവിച്ച നാളത്രയും താനിയയ്ക്കൊപ്പം നിന്നുകൊണ്ട്‌ സഹായിച്ചത്‌ മെൻഡോസയായിരുന്നു. പാരീസിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖമായൊരു ആനുകാലികത്തിൽ മാർക്വേസിനൊരു ജോലി മെൻഡോസ വാങ്ങിക്കൊടുത്തു. അത്‌ മാർക്വേസിന്‌ വലിയൊരാശ്വാസമായിരുന്നു.

ജീവിതം പച്ചപിടിച്ചു തുടങ്ങിയ നാളുകൾ. അതിന്റെ സ്വസ്ഥതയിൽ മാർക്വേസിന്റെ ഹൃദയം അസ്വസ്ഥപ്പെടാൻ തുടങ്ങി. ഇത്തിരിപ്പോന്ന എഴുത്തുമുറിയിലേക്ക്‌ മാർക്വേസ്‌ ഓടുകയായിരുന്നു. അത്‌ താനിയയുടെ കൂടി മുറിയായിരുന്നു. എന്തെഴുതണമെന്ന് മാർക്വേസിന്‌ നിശ്ചയമുണ്ടായിരുന്നില്ല. പക്ഷേ എഴുതിയേ മതിയാകൂ. എഴുതിയില്ലെങ്കിൽ തനിക്ക്‌ ഭ്രാന്ത്‌ പിടിക്കും. ഈ ഭൂമിയോടു പോലും പക തോന്നും. ജീവിതത്തിനും ഭ്രാന്തിനുമിടയിലെ ഇടവേളകളിലൊന്നിൽ വെച്ച്‌ മാർക്വേസ്‌ ടൈപ്പ്‌ റൈട്ടറിൽ വിരലുകളോടിച്ചു. താനിയ അതിനു സക്ഷിയായി. ആദ്യം വന്ന വാചകം 'കേണലിന്‌ ആരും എഴുതുന്നില്ല' (No one writes to the Colonel) എന്നായിരുന്നു. ഇത്‌ ആലോചിച്ചുറപ്പിച്ച ഒരു വാചകമായിരുന്നില്ല എന്ന് മാർക്വേസ്‌ പിന്നീട്‌ പറയുന്നുണ്ട്‌. വൃദ്ധയായ ഭാര്യയ്ക്കൊപ്പം കഴിയുന്ന കേണൽ. അയാൾ ഭൂമിയിലെ എല്ലാവരെയും പോലെ കാത്തിരിപ്പിന്റെ കൂടാരത്തിലാണ്‌. ഒരിക്കലും വരാനിടയില്ലാത്ത പെൻഷനു വേണ്ടിയുള്ള കാത്തിരിപ്പ്‌. വെള്ളിയാഴ്ചകൾ അയാൾക്ക്‌ ഉത്സാഹത്തിന്റേതാണ്‌. പോസ്റ്റോഫീസിലേക്ക്‌ അയാൾ ചുറുചുറുക്കുള്ള പഴയ പട്ടാളക്കാരനെപ്പോലെ മാർച്ച്‌ ചെയ്യും. പെൻഷൻ വന്നിട്ടില്ല എന്ന പോസ്റ്റ്‌മാസ്റ്ററുടെ വാക്കുകേട്ട്‌ കേണൽ നിരാശപ്പെടും. യുദ്ധത്തിൽ പരാജയപ്പെട്ട പോരാളിയെപ്പോലെയാകും അയാൾ വീട്ടിലേക്ക്‌ മടങ്ങിവരിക. പക്ഷേ, വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കേണൽ പ്രതീക്ഷകളുടേതായ ഒരു തുരുത്ത്‌ കണ്ടെത്തിയിരിക്കും. അത്‌ അടുത്ത വെള്ളിയാഴ്ചയാണ്‌. അങ്ങനെ എണ്ണിത്തീർക്കാനാവാത്ത എത്രയെത്ര വെള്ളിയാഴ്ചകൾ.

പെൻഷൻ കാത്തിരുന്ന തന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി ഈ ഭൂമിയിൽ നിന്ന് കടന്നുപോയി എന്ന് കേണൽ വേദനയോടെ തിരിച്ചറിയുന്നു. യുദ്ധമന്ത്രാലയത്തിലെ തീരുമാനങ്ങൾ നിയന്ത്രിക്കുന്നതും പെൻഷൻ നിശ്ചയിക്കുന്നതും ആരൊക്കെയാണെന്ന്‌ കേണലിന്‌ കണ്ടെത്താനാകുന്നില്ല. കടുത്ത ഏകാന്തതയും ദാരിദ്ര്യവും വൃദ്ധദമ്പതികളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. ഭക്ഷണത്തിനു വേണ്ടി ഭിക്ഷ യാചിക്കുന്ന കേണലിനെ എങ്ങനെ കാണാതിരിക്കാനാകും. അയാൾ വീട്ടുസാധനങ്ങൾ ഓരോന്നായി വിൽക്കാൻ തയ്യാറാകുന്നു. ഒടുവിൽ വിൽപന വിവാഹമോതിരത്തിലെത്തി നിൽക്കുന്നു. എന്നാൽ വിവാഹമോതിരം വിശുദ്ധമായ വസ്തുവാണെന്നും അത്‌ വാങ്ങാനാകില്ലെന്നും പറഞ്ഞ്‌ കേണലിനെ കടക്കാരൻ മടക്കി അയയ്ക്കുന്നു. അനുഭവങ്ങൾ കൊണ്ട്‌ ഉഴുതുമറിച്ച ജീവിതപുസ്തകമാണ്‌ ഈ നോവൽ. നോവലിലെ കേണൽ മാർക്വേസ്‌ തന്നെയല്ലേ എന്ന് ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട്‌ ചോദിച്ചപ്പോൾ മാർക്വേസ്‌ പറഞ്ഞ മറുപടി 'കൊളംബിയയിൽ മരിച്ചുപോയവരുടെയും ജീവിച്ചിരിക്കുന്നവരുടെയും നാളെ പിറക്കാൻ പോകുന്നവരുടെയും പ്രതിനിധിയാണ്‌ കേണൽ' എന്നായിരുന്നു.


താനിയയുടെ നിർദ്ദേശപ്രകാരം നോവൽ 'മിറ്റിയോസി'ൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു. പ്രതിഫലമൊന്നുമുണ്ടായിരുന്നില്ല. എങ്കിലും മാർക്വേസിന്‌ ആശ്വാസമായിരുന്നു. തന്റെ ജീവിതകഥ എഴുതിത്തീർത്തിരിക്കുന്നു. കേണലും ഞാനും തമ്മിലുള്ള അകലം കുറഞ്ഞിരിക്കുന്നു. ഞാൻ തന്നെയല്ലേ കേണൽ അതോ മുത്തച്ഛൻ കേണൽ നിക്കോളസ്‌ മാർക്വേസിന്റെ ഛായയാണോ അയാൾക്ക്‌? ഈ ചോദ്യങ്ങൾ ഓരോ തവണ ആവർത്തിക്കുമ്പോഴും മാർക്വേസ്‌ അൽപമൊന്നു പരിഭ്രമിക്കുന്നതു കാണാം. കുസൃതി നിറഞ്ഞ ഈ പരിഭ്രമത്തിനും നിഷ്കളങ്കതയ്ക്കുമിടയിൽ നിന്നാണ്‌ നാം മാർക്വേസിലേക്ക്‌ നടന്നെത്തുന്നത്‌. അവിടെ നാം കാണുന്നത്‌ കേണൽ മാർക്വേസിനെത്തന്നെയാണ്‌. അങ്കക്കോഴികൾക്ക്‌ നടുവിൽ നിൽക്കുന്ന, പോസ്റ്റോഫീസിലേക്ക്‌ യാത്ര ചെയ്യുന്ന, പഴയ ക്ലോക്ക്‌ തൂക്കിവിൽക്കാൻ കടവാതിൽക്കൽ നിൽക്കുന്ന മാർക്വേസിനെ തന്നെയാണ്‌. 

O

PHONE : 9995539192Sunday, June 15, 2014

തോറ്റുപോയവരുടെ മണങ്ങൾ

കവിത
എം.കൃഷ്ണകുമാർറഞ്ഞുതുള്ളുന്ന മഴ
ഏതേതു ഗന്ധങ്ങളാണ്‌
കൊണ്ടുവരാത്തത്‌!

തണുത്തുപോയ തീപ്പെട്ടികൾ
ഇരുപുറം തിരുമ്മിത്തിരുമ്മി
തീമണമുണർത്തി
കത്തിച്ചിട്ടും കത്തിച്ചിട്ടും
ഉണരാത്ത അടുപ്പിനുപിന്നിൽ
മഴയിലും വിയർക്കുന്ന
അമ്മമാർക്കെല്ലാം പുകമണം;
കയർക്കുന്നൊരു ശബ്ദം
കതകുതുറന്നു വരുന്നതോർത്ത്‌
മുറിയിൽ പരുങ്ങുന്ന നിശ്ശബ്ദതയ്ക്ക്‌
ഉണങ്ങാത്തൊരീറൻ മണം;
കഞ്ഞിയുടെ തിളമണം കാത്തു
കൊതിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളെ ചൂഴുന്നത്‌
വിളക്കിൽപ്പെട്ടു കത്തിപ്പോയ
പൂച്ചികളുടെ മണം.

തോർച്ചയില്ലാത്ത മഴച്ചില്ലകളിൽ,
ഇടതൂർന്ന ഇരുട്ടുകാടുകളിൽ,
വീശിയടിച്ചു തോറ്റുപോയ കാറ്റുകൾക്ക്‌
പനിമണം;

ചാരായച്ചിരികളിൽ കോർത്തുപോയ
ജീവിതഭംഗികൾക്ക്‌ കണ്ണീർമണം.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.

ചോർന്നൊലിക്കുന്ന കൂരകൾക്കു താഴെ
എബ്രഹാം ലിങ്കന്റെ
നനഞ്ഞു നഷ്ടമായിപ്പോയ*
പുസ്തകക്കഥയുടെ മോഹനഗന്ധവും പുതച്ച്‌
ഉറങ്ങാതിരുന്നവർ;
സ്വപ്നം കണ്ടുകണ്ടിരുണ്ടവർ;
ഒടുവിൽ മഴമണം പോലെ
അലിഞ്ഞു തീർന്നവർ.

കൺവെളിച്ചം കൊണ്ടു
പുറത്തെ മൂകതയിലേക്ക്‌
എരിയുന്ന ചാട്ടൂളിയെറിഞ്ഞ്‌,
പുലരിയുടെ രജതഗന്ധവും കാത്ത്‌,
ഉറക്കം വെടിഞ്ഞവർ.

പുളിച്ചിമാഞ്ചോട്ടിൽ
തീപൂട്ടി വെട്ടുചേമ്പു ചുട്ടതിന്റെ
രുചിമണം കൊണ്ട്‌ വിശപ്പാറ്റി,
അക്കും ഞൊണ്ടിപ്പാസും കളിച്ചു
വിശപ്പിനെയടക്കി,
ഒടുവിൽ...
തോറ്റു തുന്നം പാടിയപ്പോഴെല്ലാം
ജയിച്ചവരോടു പിണങ്ങി,
പിണക്കം മാറുവോളം
കോട്ടയം പുഷ്പനാഥിനെ വായിച്ച്‌*,
ദൂരങ്ങൾ വിശന്നു താണ്ടിയവർ;
അലയുന്ന കാറ്റുകൾക്കൊപ്പം
അലഞ്ഞുതീർന്നവർ...

എങ്ങും ഘനീഭവിച്ചു നിൽക്കുകയാണ്‌
തോറ്റുപോയവരുടെ മണങ്ങൾ.

എന്നിട്ടും
ആകാശങ്ങൾ വിറപ്പിച്ച
മേഘനാദങ്ങളുടെ മണം മാത്രം
ഒരു കാറ്റും കൊണ്ടുവന്നില്ല;
ലാവാപ്രവാഹങ്ങളുടെ
തിളയ്ക്കുന്ന ഉഷ്ണഗന്ധം ശ്വസിച്ചില്ല;
ഇരമ്പുന്ന കടലുകളുടെ സിരകളിലുറയുന്ന അമ്ലഗന്ധം
ആരെയും നീറ്റിയില്ല.

വിശന്നുകത്തിയവരാരും
തീക്കാറ്റായി പടർന്നില്ല;
പനിച്ചുപൊള്ളിയിട്ടും
മരുന്നുതേടി പോയില്ല;
വെന്തുനീറിയിട്ടും
സ്വപ്നങ്ങൾക്കു
ഫീനിക്സ്‌ ചിറകുകൾ മുളച്ചില്ല.

ഇടവക്കുത്തിൽ ഒലിച്ചുപോയവരാരും
ഇടിമിന്നൽ മണമായി തിരിച്ചുവന്നതുമില്ല.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.*ജോർജ്ജ്‌ വാഷിങ്‌ടണിന്റെ ജീവചരിത്രം ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നും എബ്രഹാം ലിങ്കൺ വാങ്ങിയത്‌ ചോർന്നൊലിക്കുന്ന പുരയിൽവെച്ച്‌ കുതിർന്നു നശിച്ചുപോയി.നഷ്ടപരിഹാരത്തിനായി ലിങ്കൺ സുഹൃത്തിനു വേണ്ടി രണ്ടുനാൾ വേലചെയ്തു. പിൽക്കാലത്ത്‌ അമേരിക്കൻ പ്രസിഡന്റായിത്തീർന്ന എബ്രഹാം ലിങ്കന്റെ യാതനാചരിതങ്ങൾ ഒരു കാലത്ത്‌ നമ്മുടെ നാട്ടിലെ യാതനാകുമാരന്മാരെയെല്ലാം വല്ലാതെ മോഹിപ്പിക്കുന്നവരാക്കിയിരുന്നു.

*ഒരു കാലഘട്ടത്തിൽ കേരളത്തെ ത്രസിപ്പിച്ച അപസർപ്പക കഥകളുടെ രചയിതാക്കളിൽ പ്രമുഖനായിരുന്നു കോട്ടയം പുഷ്പനാഥ്‌.

O

PHONE : 9447786852