Sunday, June 15, 2014

തോറ്റുപോയവരുടെ മണങ്ങൾ

കവിത
എം.കൃഷ്ണകുമാർ











റഞ്ഞുതുള്ളുന്ന മഴ
ഏതേതു ഗന്ധങ്ങളാണ്‌
കൊണ്ടുവരാത്തത്‌!

തണുത്തുപോയ തീപ്പെട്ടികൾ
ഇരുപുറം തിരുമ്മിത്തിരുമ്മി
തീമണമുണർത്തി
കത്തിച്ചിട്ടും കത്തിച്ചിട്ടും
ഉണരാത്ത അടുപ്പിനുപിന്നിൽ
മഴയിലും വിയർക്കുന്ന
അമ്മമാർക്കെല്ലാം പുകമണം;
കയർക്കുന്നൊരു ശബ്ദം
കതകുതുറന്നു വരുന്നതോർത്ത്‌
മുറിയിൽ പരുങ്ങുന്ന നിശ്ശബ്ദതയ്ക്ക്‌
ഉണങ്ങാത്തൊരീറൻ മണം;
കഞ്ഞിയുടെ തിളമണം കാത്തു
കൊതിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളെ ചൂഴുന്നത്‌
വിളക്കിൽപ്പെട്ടു കത്തിപ്പോയ
പൂച്ചികളുടെ മണം.

തോർച്ചയില്ലാത്ത മഴച്ചില്ലകളിൽ,
ഇടതൂർന്ന ഇരുട്ടുകാടുകളിൽ,
വീശിയടിച്ചു തോറ്റുപോയ കാറ്റുകൾക്ക്‌
പനിമണം;

ചാരായച്ചിരികളിൽ കോർത്തുപോയ
ജീവിതഭംഗികൾക്ക്‌ കണ്ണീർമണം.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.

ചോർന്നൊലിക്കുന്ന കൂരകൾക്കു താഴെ
എബ്രഹാം ലിങ്കന്റെ
നനഞ്ഞു നഷ്ടമായിപ്പോയ*
പുസ്തകക്കഥയുടെ മോഹനഗന്ധവും പുതച്ച്‌
ഉറങ്ങാതിരുന്നവർ;
സ്വപ്നം കണ്ടുകണ്ടിരുണ്ടവർ;
ഒടുവിൽ മഴമണം പോലെ
അലിഞ്ഞു തീർന്നവർ.

കൺവെളിച്ചം കൊണ്ടു
പുറത്തെ മൂകതയിലേക്ക്‌
എരിയുന്ന ചാട്ടൂളിയെറിഞ്ഞ്‌,
പുലരിയുടെ രജതഗന്ധവും കാത്ത്‌,
ഉറക്കം വെടിഞ്ഞവർ.

പുളിച്ചിമാഞ്ചോട്ടിൽ
തീപൂട്ടി വെട്ടുചേമ്പു ചുട്ടതിന്റെ
രുചിമണം കൊണ്ട്‌ വിശപ്പാറ്റി,
അക്കും ഞൊണ്ടിപ്പാസും കളിച്ചു
വിശപ്പിനെയടക്കി,
ഒടുവിൽ...
തോറ്റു തുന്നം പാടിയപ്പോഴെല്ലാം
ജയിച്ചവരോടു പിണങ്ങി,
പിണക്കം മാറുവോളം
കോട്ടയം പുഷ്പനാഥിനെ വായിച്ച്‌*,
ദൂരങ്ങൾ വിശന്നു താണ്ടിയവർ;
അലയുന്ന കാറ്റുകൾക്കൊപ്പം
അലഞ്ഞുതീർന്നവർ...

എങ്ങും ഘനീഭവിച്ചു നിൽക്കുകയാണ്‌
തോറ്റുപോയവരുടെ മണങ്ങൾ.

എന്നിട്ടും
ആകാശങ്ങൾ വിറപ്പിച്ച
മേഘനാദങ്ങളുടെ മണം മാത്രം
ഒരു കാറ്റും കൊണ്ടുവന്നില്ല;
ലാവാപ്രവാഹങ്ങളുടെ
തിളയ്ക്കുന്ന ഉഷ്ണഗന്ധം ശ്വസിച്ചില്ല;
ഇരമ്പുന്ന കടലുകളുടെ സിരകളിലുറയുന്ന അമ്ലഗന്ധം
ആരെയും നീറ്റിയില്ല.

വിശന്നുകത്തിയവരാരും
തീക്കാറ്റായി പടർന്നില്ല;
പനിച്ചുപൊള്ളിയിട്ടും
മരുന്നുതേടി പോയില്ല;
വെന്തുനീറിയിട്ടും
സ്വപ്നങ്ങൾക്കു
ഫീനിക്സ്‌ ചിറകുകൾ മുളച്ചില്ല.

ഇടവക്കുത്തിൽ ഒലിച്ചുപോയവരാരും
ഇടിമിന്നൽ മണമായി തിരിച്ചുവന്നതുമില്ല.

ഈ മഴയിലും കാറ്റിലുമെല്ലാം
തോറ്റുപോയവരുടെ മണങ്ങൾ
ഈറനണിഞ്ഞു നിൽക്കുകയാണ്‌.



*ജോർജ്ജ്‌ വാഷിങ്‌ടണിന്റെ ജീവചരിത്രം ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നും എബ്രഹാം ലിങ്കൺ വാങ്ങിയത്‌ ചോർന്നൊലിക്കുന്ന പുരയിൽവെച്ച്‌ കുതിർന്നു നശിച്ചുപോയി.നഷ്ടപരിഹാരത്തിനായി ലിങ്കൺ സുഹൃത്തിനു വേണ്ടി രണ്ടുനാൾ വേലചെയ്തു. പിൽക്കാലത്ത്‌ അമേരിക്കൻ പ്രസിഡന്റായിത്തീർന്ന എബ്രഹാം ലിങ്കന്റെ യാതനാചരിതങ്ങൾ ഒരു കാലത്ത്‌ നമ്മുടെ നാട്ടിലെ യാതനാകുമാരന്മാരെയെല്ലാം വല്ലാതെ മോഹിപ്പിക്കുന്നവരാക്കിയിരുന്നു.

*ഒരു കാലഘട്ടത്തിൽ കേരളത്തെ ത്രസിപ്പിച്ച അപസർപ്പക കഥകളുടെ രചയിതാക്കളിൽ പ്രമുഖനായിരുന്നു കോട്ടയം പുഷ്പനാഥ്‌.

O

PHONE : 9447786852



1 comment:

  1. striking.... the smells bring so many thoughts and feelings....

    ReplyDelete

Leave your comment