Sunday, March 30, 2014

സംസ്കാരജാലകം - 20

സംസ്കാരജാലകം - 20
ഡോ.ആർ.ഭദ്രൻവി.വി.രാഘവൻ
ഇ.കെ.നായനാർ മന്ത്രിസഭയിൽ നമുക്കൊരു കൃഷിവകുപ്പ്‌ മന്ത്രിയുണ്ടായിരുന്നു. ശ്രീ.വി.വി.രാഘവൻ. എത്ര ഉത്സാഹിയായ ഒരു മന്ത്രിയായിരുന്നെന്നോ? കാര്യക്ഷമതയും, ദീർഘവീക്ഷണവും, ആത്മസമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിസഭയിൽ അദ്ദേഹം സി.പി.ഐയുടെ പ്രതിനിധിയായിരുന്നു. ഇന്നു കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ തരിശുകിടക്കുന്ന പാടങ്ങളും കൃഷിയിടങ്ങളും കണ്ടിട്ട്‌ ഹൃദയം തകരുകയാണ്‌. വി.വി.രാഘവനെപ്പോലെ ഒരു കൃഷിമന്ത്രി നമുക്ക്‌ ഉണ്ടായിരുന്നെങ്കിലെന്ന് മോഹിച്ചുപോയി. ഇന്നത്തെ കൃഷി മന്ത്രി കെ.പി.മോഹനനിൽ നിന്നും നമുക്കൊന്നും പ്രതീക്ഷിക്കാനില്ല.

വി.കെ.പ്രകാശിന്റെ കർമ്മയോഗി
വി.കെ.പ്രകാശിന്റെ 'കർമ്മയോഗി' ഒരു അനുവർത്തിത ചലച്ചിത്രമാണ്‌. ഈ ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌ ബലറാം മട്ടന്നൂരാണ്‌. ജയരാജിന്റെ കളിയാട്ടം ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ബലറാം മട്ടന്നൂരാണ്‌. കർതൃനിഷ്ഠമായ ഒരു തിരക്കഥ എഴുതിക്കൊണ്ട്‌ ബലറാം മട്ടന്നൂർ ഈ ചലച്ചിത്രത്തെ ഒരു സ്വതന്ത്രരചനയാക്കി മാറ്റിയിരിക്കുന്നു. ഷേക്സ്‌പിയറുടെ ഹാംലെറ്റിന്റെ അനുവർത്തിത ചലച്ചിത്രമാണിത്‌. മൂലകൃതിയിൽ നിന്ന് ഒരു സ്വതന്ത്രകൃതി രൂപപ്പെട്ടുവരുന്നതാണ്‌ ഈ ചലച്ചിത്രത്തിൽ നാം കാണുന്നത്‌. ഈ ചലച്ചിത്രം യഥാർത്ഥത്തിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. ഇതിന്റെ ഭാഷാപരവും സാംസ്കാരികവുമായ രൂപാന്തരികരണത്തിന്റെ പേരിൽ. സിനിമയും നാടകവും രണ്ടും രണ്ടുകാര്യമാണെന്ന് സൈദ്ധാന്തികർ പറഞ്ഞത്‌ എത്രയോ ശരിയെന്ന് ഈ സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ്‌ ബോധ്യമായത്‌.

ആത്മോപദേശശതകം

ശ്രീനാരായണഗുരുവിന്റെ പലകൃതികളും വായിച്ചു കഴിഞ്ഞപ്പോൾ തത്വചിന്താത്മകവും ദാർശനികവുമായ കവിതകൾ എഴുതുന്ന കാര്യത്തിൽ ഗുരു ഒന്നാം സ്ഥാനത്താണെന്ന് നാം തിരിച്ചറിയുന്നു. സാമൂഹികത എന്ന ആശയത്തിന്റെ മഹത്വം പുതുതലമുറയിലെ മനുഷ്യർ തിരിച്ചറിയണം. ആത്മോപദേശശതകത്തിലെ ഒരു ശ്ലോകത്തിൽ ഗുരു ഇത്‌ മനോഹരമായി പറഞ്ഞുവെച്ചിട്ടുണ്ട്‌. ശ്ലോകം ഇങ്ങനെ.

അപരനുവേണ്ടിയഹർന്നിശം, പ്രയത്നം
കൃപണതവിട്ടു കൃപാലുചെയ്തിടുന്നു
കൃപണനധോമുഖനായ്‌ കിടന്നു ചെയ്യുന്നു
അപജയകർമ്മമവനുവേണ്ടി മാത്രം.

ഇതൊക്കെ വായിച്ച്‌ സാമൂഹികതയുടെ ആശയങ്ങൾ പുതുകാല മനുഷ്യൻ മനസ്സിൽ ഉറപ്പിക്കണം. സാമൂഹികത തകർക്കുന്ന ആശയങ്ങളാണ്‌ ധനകേന്ദ്രികശക്തി ഇന്ന് ലോകത്തിൽ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്‌.

പുതുമലയാള കവിത

പുതുമലയാള കവിത നടത്തിക്കൊണ്ടിരിക്കുന്ന ശാക്തീകരണം വളരെ അഗാധവും വിപുലവുമാണ്‌. ഉത്തരാധുനിക ജീവിതത്തിന്റെ സകലമാനമേഖലകളെയും അത്‌ സ്പർശിക്കുന്നു. ചെറുതിന്റെ സൗന്ദര്യമാണ്‌ അത്‌ പലപ്പോഴും പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നത്‌. ബൃഹദാശയങ്ങൾക്കെതിരെയുള്ള വലിയ കലാപമായി അത്‌ പെരുകുകയാണ്‌. ശാക്തീകരണത്തിന്റെ ജനാധിപത്യവിപ്ലവമാണ്‌ അത്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ ഒരു ജനകീയ വിപ്ലവം കൂടി നടന്നെങ്കിൽ മാത്രമേ ചൂഷണത്തിന്റെ ബൃഹദ്‌ രൂപങ്ങൾക്കെതിരെയുള്ള അതിന്റെ കലാപം പൂർണ്ണതയിൽ എത്തിക്കാൻ കഴിയൂ. പുതുമലയാള കവിതയുടെ വിമർശനം മലയാള നിരൂപണത്തിൽ ഏറെ ശക്തമാക്കേണ്ടിയിരിക്കുന്നു.

ബി.മുരളി
ബി.മുരളി മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്താണ്‌. വൈവിധ്യമുള്ള അപൂർവ്വസൗന്ദര്യമുള്ള കഥകളാണ്‌ ബി.മുരളിയുടേത്‌. മുരളിയുടെ കഥകൾ സമാഹരിച്ച്‌ 'നൂറുകഥകൾ' ഡി.സി.പ്രസിദ്ധീകരിച്ചത്‌ നന്നായി. മുരളിയുടെ കഥകളെ ആസ്പദമാക്കി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഡോ.ടി.ആർ. സന്തോഷ്‌കുമാറിന്റെ 'സമുദ്രത്തെ കീഴ്മേൽ മറിക്കുന്ന ബഹുപ്രയത്നങ്ങൾ' (2014 ഫെബ്രുവരി) എന്ന ലേഖനം നല്ല നിരീക്ഷണങ്ങളാലും കഥാചരിത്രബോധത്താലും സമ്പന്നമാണ്‌. ഒരു നിരീക്ഷണം വായിച്ചുകൊള്ളുക.

"സെക്സ്‌, വയലൻസ്‌, ക്രൈം, അധോലോകസ്ഥലികൾ കഥയുടെ മുഖ്യകഥാവസ്തുവോ കഥാസ്ഥലിയോ ആയി മാറുന്നു. അങ്ങനെ അധോലോകജീവിതത്തിന്‌ മുഖ്യധാരാസ്വഭാവം നൽകുന്നു."

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകരുത്‌

ജയിലുകൾ മർദ്ദനകേന്ദ്രങ്ങളാകുന്ന വാർത്തകൾ വീണ്ടും വന്നുകൊണ്ടിരിക്കുന്നു. ഒരു ജനാധിപത്യഭരണകൂടത്തിന്‌ ഇത്‌ ഭൂഷണമല്ല. ജയിൽ ഡി.ജി.പി.ആയിരുന്ന അലക്സാണ്ടർ ജേക്കബിന്റെ പരിഷ്കരണങ്ങൾ പ്രസക്തമാകുന്നത്‌ ഇവിടെയാണ്‌. ജയിൽപുള്ളികൾ മനുഷ്യരാണെന്ന വലിയ സത്യം ഭരണകൂടം തിരിച്ചറിയേണ്ടതാണ്‌. കുറ്റവാളികളുടെ വലിയ മാനസിക നവീകരണകേന്ദ്രമായി ജയിൽ മാറുന്ന കാലമാണ്‌ ഇനി ഉണ്ടാകേണ്ടത്‌.

പത്രങ്ങളിലെ ഫോട്ടോ

മലയാളപത്രങ്ങളിലെ ഓരോരോ പ്രോഗ്രാമുകളുടെ ഫോട്ടോ ഒട്ടും കലാപരമായിട്ടല്ല വന്നു കാണുന്നത്‌. സാധാരണ അത്‌ നമുക്ക്‌ രണ്ടാമതൊന്നു നോക്കാൻ കൂടി തോന്നാറില്ല. വളരെ എക്സ്പ്രസീവായി ഇത്തരം ഫോട്ടോകൾ പത്രത്തിൽ വരേണ്ടതാണ്‌. അപൂർവ്വം ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള ഫോട്ടോകൾ കാണമെന്നു മാത്രം. ഈ രംഗത്തു പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫർമാർ ഒരുപാടു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വായനക്കാരെ നിരാശരാക്കുന്ന ഫോട്ടോകൾ കണ്ടുമടുത്തു. സന്ദർഭത്തിന്റെ മുഴുവൻ പ്രതിനിധാനവും ഗൗരവവും കലാപരതയും ഒത്തിണങ്ങുന്ന തരത്തിലുള്ള ഫോട്ടോകൾക്കായി ജനം കാത്തിരിക്കുകയാണ്‌. ദയവു ചെയ്ത്‌ വികലമായ ഫോട്ടോകൾ അടിച്ചു വിടരുത്‌. മലയാള മനോരമയും, മാതൃഭൂമിയും ദേശാഭിമാനിയും, കേരള കൗമുദിയും മലയാളത്തിലെ മറ്റുപത്രങ്ങളെല്ലാം തന്നെ ഈ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രസ്സ്‌ ഫോട്ടോഗ്രാഫർമാർ അവരുടെ തൊഴിൽ വേണ്ടവിധം നിർവ്വഹിക്കണം. കടുത്ത അതൃപ്തി കൊണ്ടാണ്‌ ഇത്രയും എഴുതുന്നത്‌.

ജെ.ബി.ജംഗ്ഷൻ / കൈരളി പീപ്പിൾജനങ്ങളുടെ അഭിരുചിയുടെ പിന്നാലെ പോകുകയല്ല മാധ്യമങ്ങൾ ചെയ്യേണ്ടത്‌. ജനങ്ങളെ നല്ല അഭിരുചിയിലേക്ക്‌ നയിക്കേണ്ട ചുമതലയും മാധ്യമങ്ങൾക്കുണ്ട്‌. ഇക്കാര്യത്തിലൊരു വമ്പൻ പരാജയമാണ്‌ ജോൺ ബ്രിട്ടാസ്‌. ആശാ ശരത്തിനു വരെ ജെ.ബി.ജംഗ്ഷനിൽ ജോൺ ബ്രിട്ടാസ്‌ കസേര ഇട്ടുകൊടുത്തു. വലിയ അഭിനേത്രിയോ, നർത്തകിയോ ഒന്നുമല്ല കുങ്കുമപ്പൂവ്‌ എന്ന കലാവൈകല്യത്തിൽ നിറഞ്ഞുനിന്ന ഈ ആശാ ശരത്‌. ഒരു ഉദാഹരണം പറഞ്ഞു എന്നു മാത്രം. കേരള സമൂഹത്തെ ലവലേശമെങ്കിലും വിപ്ലവാത്മകമാക്കുന്നതിനുള്ള ഏതെങ്കിലുമൊരു പരിശ്രമം ഈ പ്രോഗ്രാമിലൂടെ ജോൺ ബ്രിട്ടാസ്‌ നിറവേറ്റുന്നുണ്ടോ? കേരളസമൂഹത്തിൽ വിപ്ലവാത്മകപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള ആരെയെങ്കിലുമൊക്കെ ഈ കസേരയിലൊന്ന് ഇരുത്തിക്കൂടെ? യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊക്കെ പുരോഗമന വിപ്ലവാത്മകപാഠങ്ങൾ ലേശമെങ്കിലും കിട്ടട്ടെ?  മാധ്യമവത്കൃത സമൂഹത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ അലക്കുന്ന ഒരിടം മാത്രമായി ജെ.ബി.ജംഗ്ഷൻ പലപ്പോഴും ജീർണ്ണിക്കുന്നതു കാണുമ്പോൾ വിപ്ലവാത്മക മാധ്യമ പ്രവർത്തനം ഒരു മരീചികയായി അകന്നുപോകുന്നത്‌ ദു:ഖത്തോടെ മാത്രമേ കണ്ടിരിക്കാൻ കഴിയുന്നുള്ളൂ.

ഏ.കെ.ആന്റണിഏ.കെ.ആന്റണി പ്രതിരോധവകുപ്പു മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ലീഡർ കെ.കെരുണാകരൻ പത്രക്കാരോട്‌ പറഞ്ഞ കമന്റ്‌ ഇപ്പോഴും ഓർക്കുന്നു. ആ കമന്റ്‌ ഇതായിരുന്നു. ഏ.കെ.ആന്റണിക്ക്‌ പറ്റിയ പണിയല്ല ഇത്‌. ഇത്‌ എത്ര അന്വർത്ഥമായിരുന്നു എന്ന് ചരിത്രം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ പ്രതിരോധവകുപ്പ്‌ വലിയ ദൗർബല്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നതെന്ന് ഓരോ ദിവസത്തേയും പത്രവാർത്ത നമ്മെ അനുസ്മരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അഴിമതിരഹിതവും ലളിതവുമായ ഏ.കെ.ആന്റണിയുടെ ജീവിതം ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിന്‌ എക്കാലത്തെയും മഹാമാതൃകയാണ്‌.

അഷിതയുടെ പുതിയ കഥ

അഷിതയുടെ ചെറിയ ഒരു പുതിയ കഥ ഭാഷാപോഷിണിയിൽ (2014 മാർച്ച്‌) വന്നിട്ടുണ്ട്‌. ചില ഭാരതീയ പൗരാണികമതഗ്രന്ഥങ്ങളിലെ സ്ത്രീവിരുദ്ധതയെ പുറത്തെടുക്കുന്നു എന്നതാണ്‌ ഈ കഥയുടെ വർത്തമാനകാല ചൈതന്യം. വിവേകചൂഢാമണിയാണ്‌ ഇവിടെ കഥാകാരിയുടെ വിമർശനചൂടിൽ വെന്തെരിയുന്നത്‌. ശങ്കരാചാര്യർക്കും മീരാഭായിക്കും ഒപ്പം ഭർത്താവിന്റെ തൊഴിയേറ്റു മരിച്ച്‌ ദൈവത്തിന്റെ ദർബാറിൽ എത്തിച്ചേർന്ന നെയ്യാറ്റിങ്കരക്കാരി പാറു അക്കനും കഥയിൽ ഒരുപോലെ നിറയുന്നത്‌ ആനന്ദത്തോടെയാണ്‌ വായിച്ചത്‌.

ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ
ഡി.വിനയചന്ദ്രനെക്കുറിച്ച്‌ രണ്ട്‌ കവിതകൾ വായിച്ചു. മാതൃനാട്‌ മാസികയിൽ ദേശമംഗലം രാമകൃഷ്ണൻ എഴുതിയ (2014 ഫെബ്രുവരി 1) വിനയചന്ദ്രൻ സ്മരണ - വിനയചന്ദ്രനെ മാത്രമല്ല, വിനയചന്ദ്രകവിതകളുടെ സംസ്കാരത്തെ വരെ ഈ കവിതയിൽ ദേശമംഗലം കാവ്യമര്യാദയിൽ തന്നെ സ്വാംശീകരിച്ചെടുത്തിട്ടുണ്ട്‌. മനോഹരമായ കവിത. കവിതയുടെ അവസാനം ഇങ്ങനെയാണ്‌.

ഒരു നഷ്ടത്തിൻ വ്യഥ
തന്നതു ചെറുചെറുയുദ്ധങ്ങൾ
തൊലിമൂടുമ്പൊഴേ
പൊട്ടിമലരും മുറിവുകൾ
നീ തന്നെയെയ്തു
നിന്റെ നെഞ്ചിൻ നേർക്ക്‌
അത്‌ പൊട്ടിപ്രവഹിച്ചു.
ശ്ലോകം ശോകം -  നീ മഹാകവി!

മറ്റൊരു കവിത വായിച്ചത്‌ തെങ്ങമം ഗോപകുമാറിന്റെ കാട്ടുസൂര്യൻ എന്ന കവിതാ സമാഹാരത്തിലാണ്‌. വിനയചന്ദ്രനെക്കുറിച്ചുള്ള കവിതയുടെ പേരുതന്നെ കാട്ടുസൂര്യൻ എന്നാണ്‌. ഈ കവിതയുടെ പേരുതന്നെ പുസ്തകത്തിന്റെ പേരായി തെരഞ്ഞെടുത്തുകൊണ്ട്‌ ഡി.വിനയചന്ദ്രനോടുള്ള ഒടുങ്ങാത്ത അഭിനിവേശം തെങ്ങമം ഗോപകുമാർ ഇവിടെ ശാശ്വതമാക്കിയിരിക്കുകയാണ്‌. കവിതയിലെ അഞ്ച്‌ വരികൾ ഇങ്ങനെയാണ്‌.

നിന്റെ തലപ്പാള വിഡ്ഢിയുടെ ചെങ്കോൽ
നിന്റെ പുഴുപ്പല്ല് നാടിൻ വ്യവസ്ഥിതി
നിന്റെ കരിനാക്ക്‌ കാടിൻ നിലവിളി
നിന്റെ നിശ്വാസങ്ങൾ
ആമസോണിൻ കിതപ്പ്‌.

കവിയും വ്യക്തിയും തമ്മിലുള്ള അകലം നേർത്തുനേർത്തില്ലാതായി എന്നത്‌ ഡി.വിനയചന്ദ്രനിൽ സംഭവിച്ച ഒരു പരിണാമമായിരുന്നു. ഈ പരിണാമത്തെ തെങ്ങമം ഗോപകുമാർ മനസ്സിലാക്കിയെന്നതാണ്‌ 'കാട്ടുസൂര്യ'നെന്ന കവിതയുടെ മഹത്വം.

ബാലകൃഷ്ണൻ ചെട്ടിയാർ

മഴവിൽ മനോരമ സം പ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയൽ കലാപരമായി ചിന്തിക്കുമ്പോൾ ഒരു താഴ്‌ന്ന സാധനമാണ്‌. ഈ സീരിയലിലൂടെ നമ്മൾ കണ്ട 'ബാലകൃഷ്ണൻ ചെട്ടിയാർ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിനയത്തിന്റെ നല്ല ശരീരഭാഷ പ്രകടിപ്പിക്കുന്ന നടനാണ്‌. നമ്മുടെ സിനിമാലോകം ഈ നടനെ സമ്പൂർണ്ണമായി പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരണം. തിലകൻ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്‌ തുടങ്ങിയ വലിയ നടന്മാരുടെ ശൂന്യത നിലനിൽക്കുമ്പോൾ ഈ നിർദ്ദേശത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌. ശബ്ദം, ശാരീരിക ചലനങ്ങൾ, ഭാവാഭിനയ പ്രകടനങ്ങൾ ഇവയുടെ എല്ലാത്തിന്റെയും കോഡിനേഷൻ, മറ്റു കഥാപാത്രങ്ങളുമൊത്ത്‌ അഭിനയിക്കുമ്പോഴുള്ള കോഡിനേഷൻ എല്ലാം ഒരു മികച്ച നടന്റെ അനുഭവങ്ങളാണ്‌ കാഴ്ചക്കാരിൽ ഉൾപ്പാദിപ്പിക്കുന്നത്‌.

എൻ.കെ.പ്രേമചന്ദ്രൻകേരള രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ ഒരു നേതാവായിരുന്നു എൻ.കെ.പ്രേമചന്ദ്രൻ. കേരളത്തിലാകമാനം നല്ല രാഷ്ട്രീയ ഇമേജും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതുപക്ഷത്തു നിന്നുള്ള രാഷ്ട്രീയ വ്യതിചലനം ആത്യന്തികമായി പ്രേമചന്ദ്രനെ കൊണ്ടുപോകാൻ പോകുന്നത്‌ വലിയ രാഷ്ട്രീയപരാജയത്തിലേക്കായിരിക്കും. വ്യക്തിത്വത്തിന്റെ തകർച്ചയിലേക്കും.

ഇതാ ദൈവം കണ്ടുകൊള്ളുക

ചൂഷണം ചെയ്യപ്പെടുന്ന വിശ്വാസികളാൽ നിറയപ്പെട്ടിരിക്കുകയാണീ ലോകം. ഈ യാഥാർത്ഥ്യം തുറന്നുകാട്ടുന്ന ഉജ്ജ്വലമായ ലേഖനമാണ്‌ 'അസ്സീസ്സി' (ഫെബ്രുവരി 2014) മാസികയിൽ സക്കറിയ എഴുതിയ 'മറ്റെന്താണ്‌?' എന്ന ചെറുലേഖനം. മതമൗലികവാദത്തിന്റെ അപകടവും ലേഖനം തുറന്നുകാട്ടുന്നു. ജ്ഞാനമാർഗ്ഗത്തിലൂടെ ദൈവത്തെ കണ്ടെത്തുകയാണ്‌ ഏറ്റവും ഉചിതമായ മാർഗ്ഗമെന്ന് ഭാരതീയർ എത്രയോ സഹസ്രാബ്ദങ്ങൾക്ക്‌ മുമ്പ്‌ തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്‌. ഇതു തന്നെയാണ്‌ സക്കറിയയുടെ ചിന്തയും അവതരിപ്പിക്കുന്നത്‌.

"വിശ്വാസികളോട്‌ പങ്കുവെക്കാനുള്ള അവസാനത്തെ ചിന്ത ഇതാണ്‌. വിശ്വാസത്തെ വിജ്ഞാനത്തിന്‌ പകരം വെക്കാതിരിക്കുക. മിത്തിനെ, 'വിശുദ്ധ' കഥകളെ ചരിത്രത്തിനു പകരം വെക്കാതിരിക്കുക. അങ്ങനെ ചെയ്താൽ നിങ്ങളുടെ വിശ്വാസം ഒരു അന്ധരൂപമായിത്തീരുന്നു. ദൈവം പ്രതിനിധീകരിക്കുന്നത്‌ നന്മയെയാണെങ്കിൽ നിങ്ങളൂടെ അജ്ഞത നിങ്ങളെ യഥാർത്ഥത്തിൽ ഒരു ദൈവവിരുദ്ധനാക്കുന്നു. കാരണം അജ്ഞതയിൽ നിന്ന് നന്മ ജനിക്കാനുള്ള സാധ്യത തീരെക്കുറവാണ്‌. ബോധജ്ഞാനമല്ലാതെ മറ്റെന്താണ്‌ ദൈവം?"


വൃക്ഷത്തെക്കുറിച്ചൊരു കവിത

വൃക്ഷത്തെക്കുറിച്ച്‌ എത്ര കവിത വേണമെങ്കിലും ഉണ്ടാവാം. കാരണം നമ്മുടെ ജീവിതത്തിൽ, പ്രകൃതിയിൽ അത്രമേൽ സ്ഥാനം വൃക്ഷത്തിനുണ്ട്‌. ഈ നിശബ്ദ ജീവിതത്തെ സശബ്ദമാക്കാൻ കഴിയുന്ന ഒരു മനുഷ്യജീവി എത്രയോ ഉദാരനും മഹത്വപൂർണ്ണതയുള്ള ആത്മാവിനുടമയായും തീരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ്‌ മാതൃഭൂമിയിൽ (2014 ഫെബ്രുവരി 9) വന്ന വി.ടി.ജയദേവന്റെ 'കർമ്മയോഗം' എന്ന കവിത ഒരു മികവാർന്ന രചനയായി മാറുന്നത്‌. കവിതയുടെ അവസാനവരി വായിക്കുക.

വെട്ടിവീണു
കിടക്കും കിടപ്പിലും
പുഞ്ചിരിക്കാൻ
ശ്രമിക്കുന്നു പൂമരം. 

O


PHONE : 9895734218


No comments:

Post a Comment

Leave your comment