Tuesday, March 25, 2014

സോൾ സെറിമണി

 ആർട്ടിക്കിൾ
ഡോ.രാജേഷ്‌ കടമാൻചിറ











          വിവാഹം പവിത്രമായ മനസ്സുകളുടെ സംയോജനവേളയാകുന്നു. വിവിധമതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ച്‌ വിവാഹരീതികളും ആഘോഷങ്ങളും വ്യത്യസ്തപ്പെട്ടിരി ക്കുന്നുവെങ്കിലും എല്ലാ വിവാഹങ്ങളുടെയും അന്ത:സത്ത ഒന്നു തന്നെയാണ്‌. പക്ഷെ മാറിമാറി വരുന്ന കാലഘട്ടത്തിന്റെ സ്വാധീനം വിവാഹരീതികളിലും ആഘോഷങ്ങളിലും അനുദിനം മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് പല വിവാഹങ്ങളും വിലപേശി ഉറപ്പിക്കുന്ന കച്ചവടമുഹൂർത്തങ്ങളായി മാറിക്കഴിഞ്ഞു. ധൂർത്തും പണക്കൊഴുപ്പും നിറഞ്ഞ ആർഭാടങ്ങളുടെ ആഘോഷം. ഈ സാഹചര്യത്തിൽ, പതിവു ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം സ്ത്രീധനവും ആർഭാടവും ഒഴിവാക്കിക്കൊണ്ട്‌, വ്യത്യസ്തമായ ഒരു വിവാഹരീതിയും അതിന്റെ ലളിതമായ ആചാരങ്ങളും നമുക്ക്‌ പരിചയപ്പെടുത്തുകയാണ്‌ വിശ്വാചാര്യാ ഇന്റർനാഷണൽ പാന്തിയോൺ അക്കാഡമി.

ഭാരതീയവും വിദേശീയവുമായ നിരവധി വിജ്ഞാനശാഖകളെ അഭ്യസിപ്പിക്കുക വഴി വിജ്ഞാനകുതുകികൾക്ക്‌ മുമ്പിൽ പരിധിയില്ലാത്ത അറിവിന്റെ വാതായനങ്ങൾ തുറന്നു കൊടുത്ത വി.ഐ.പി അക്കാഡമി ഇക്കുറി അനാവരണം ചെയ്തത്‌ വ്യത്യസ്തമായ ഒരു ജനതയുടെ , ആദ്ധാത്മികമായി സമ്പന്നമായ ഒരു സംസ്കാരത്തിന്റെ തനിമയാർന്ന ഒരു വിവാഹവേളയായിരുന്നു. BC 2000 നും വളരെ മുമ്പ്‌, ഇന്നത്തെ സൈബീരിയൻ ദേശത്ത്‌ വസിച്ചിരുന്ന 'വിക്കാ' എന്ന ഗോത്രസമൂഹത്തിൽ നിന്നും ഉത്ഭവിച്ച്‌ പിൽക്കാലത്ത്‌ 'ഷമൻ' എന്നറിയപ്പെട്ട ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതവിഭാഗത്തിന്റെ ആചാരങ്ങൾക്കനുസൃതമായി 'ഷമൻ-ഇൻ-വൺ സെറിമണി' അഥവാ 'സോൾ സെറിമണി' (Soul Ceremony) എന്ന വിവാഹമായിരുന്നു ഇക്കുറി അക്കാഡമി യാഥാർത്ഥ്യമാക്കിയത്‌. ഇന്ത്യയിൽ തന്നെ ആദ്യമായാണ്‌ ഇത്തരം ഒരു വിവാഹം നടക്കുന്നത്‌.



അലങ്കാരദീപങ്ങളും വർണ്ണബലൂണുകളും കൊണ്ടലങ്കരിച്ച ഹാളിനു മുമ്പിലേക്ക്‌ വൈകുന്നേരം ആറുമണിയോടെ വരനും സംഘവും വന്നുചേർന്നു. വധുവും കുടുംബാംഗങ്ങളും കൂടി അവിടേക്ക്‌ എത്തിയതോടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കുകയായി. അഭിമുഖമായി ഒരുക്കിയ കസേരകളിൽ വധൂവരന്മാർ ഉപവിഷ്ടരായപ്പോൾ വിവാഹത്തിനു സാക്ഷ്യം വഹിക്കാനെത്തിയവരുടെ മുഖങ്ങളിൽ ആകംക്ഷ നിറഞ്ഞു. വധൂവരന്മാർക്ക്‌ നടുവിലായി കിംഗ്‌ സോളമന്റെ ചിത്രം ഷമനിക്‌ സിംബലുകളുടെ സാമീപ്യത്തോടെ സ്ഥാപിച്ചിരുന്നു. വിശ്വാചാര്യ ഇന്റർ നാഷണൽ പാന്തിയോൺ അക്കാഡമിയുടെ അമരക്കാരനും സോൾ സെലിബ്രേഷന്റെ മുഖ്യകാർമ്മികനുമായ ഡോ.ഹരീഷ്‌ ചമ്പക്കര, എന്താണ്‌ ഷമൻ എന്നും സോൾ സെലിബ്രേഷന്റെ രീതികളെക്കുറിച്ചും വിശദമാക്കി. മറ്റു വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി കാർമ്മികരുടെ അത്രതന്നെ പ്രാധാന്യം പങ്കെടുക്കുവാനായി എത്തുന്നവർക്കും ഉണ്ട്‌. അതിനുള്ള തയ്യാറെടുപ്പുകളായിരുന്നു ആദ്യം തുടങ്ങിയത്‌.

വധൂവരന്മാരെ ആശിർവ്വദിക്കുന്നതിനായി എത്തിയവരുടെ മനസ്സ്‌ നിർമ്മലമാക്കുകയാണ്‌ ആദ്യപടി. ഇതിനായി ഷമനിക്‌ ആചാരപ്രകാരം ഊർജ്ജം നൽകി ശക്തി പകർന്ന വെളുത്ത റിബൺ എല്ലാവർക്കും നൽകും. ചടങ്ങിനു സാക്ഷ്യം വഹിക്കുന്ന എല്ലാവരുടെയും (ഫോട്ടോ/ വീഡിയോഗ്രാഫർമാർ ഉൾപ്പെടെ) വലതു കൈത്തണ്ടയിൽ ഈ റിബൺ ബന്ധിക്കണം. തുടർന്ന് വെളുത്ത മെഴുകുതിരി എല്ലാവർക്കും വിതരണം ചെയ്യും. ഈ മെഴുകുതിരികളിലേക്ക്‌ അഗ്നി പകരുന്നതോടെ ചടങ്ങുകൾ ആരംഭിക്കുകയായി.


  

വെളുത്ത റിബൺ കെട്ടിയ വലതു കൈയ്യിൽ ജ്വലിച്ചു നിൽക്കുന്ന മെഴുകുതിരി ഉയർത്തിപ്പിടിക്കുന്നതോടെ ഷമനിക്‌ ആചാരപ്രകാരമുള്ള അംഗവസ്ത്രങ്ങൾ ധരിച്ച കാർമ്മികർ വിവാഹത്തിന്‌ നേതൃത്വം നൽകി തുടങ്ങുന്നു. കാലുകഴുകൽ ചടങ്ങാണ്‌ ആദ്യം. വരനെ കസേരയിൽ ഇരുത്തിയ ശേഷം കാൽപാദങ്ങൾ തളികയിൽ വെക്കുന്നു. വധുവാണ്‌ വരന്റെ കാൽപാദങ്ങൾ കഴുകി തുടയ്ക്കേണ്ടത്‌. അതുവരെയുള്ള ജീവിതത്തിന്റെ മാലിന്യങ്ങൾ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും കഴുകി കളയുകയാണ്‌ ഈ പ്രവൃത്തിയിലൂടെ അർത്ഥമാക്കുന്നത്‌. അതിനു ശേഷം വധുവിന്റെ കാൽ വരനും കഴുകി തുടയ്ക്കണം. ഇതിനു ശേഷം ഇരുവരെയും അഭിമുഖമായി നിർത്തുന്നു. വധുവിന്റെ അമ്മ വരന്റെ സമീപത്തും വരന്റെ അമ്മ വധുവിന്റെ സമീപത്തുമായി നിൽക്കുന്നു. ഇരുകുടുംബങ്ങളുടെയും ഐക്യം ഉറപ്പിക്കുന്നതിനുവേണ്ടിയാണ്‌ ഈ ചടങ്ങ്‌. തുടർന്ന് വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയവർ അല്ലാവരും തന്നെ വലതുകൈ ഉയർത്തിപ്പിടിച്ച്‌ വധൂവരന്മാരെ ആത്മാർത്ഥമായി ആശിർവദിക്കുവാൻ കാർമ്മികൻ ആവശ്യപ്പെടുന്നു. ഈ സമയം എല്ലാ വൈദ്യുതദീപങ്ങളും അണയ്ക്കപ്പെടുന്നു. ഉയർത്തിപ്പിടിച്ച വെളുത്ത റിബൺ കെട്ടിയ കൈകളിൽ ജ്വലിച്ചു നിൽക്കുന്ന മെഴുകുതിരി നാളങ്ങളുടെ പ്രഭയിൽ പെന്റഗ്രം ആലേഖനം ചെയ്തിട്ടുള്ള വിവാഹമോതിരങ്ങൾ മുഖ്യകാർമ്മികൻ വധുവിനും വരനും നൽകുന്നു. ഷമനിക്‌ ആചാരപ്രകാരം ഊർജ്ജം പകർന്ന് ശക്തിപ്പെടുത്തിയ വിവാഹമോതിരങ്ങളാണിത്‌. വരൻ വധുവിനെയും വധു വരനെയും മോതിരമണിയിക്കുന്നു. തുടർന്ന് പെന്റഗ്രം ആലേഖനം ചെയ്ത താലിസ്മാനിൽ അലംകൃതമായ മാല, വരൻ വധുവിന്റെ കഴുത്തിൽ അണിയിക്കുന്നു. ഈ സമയം വൈദ്യുതദീപങ്ങൾ പ്രകാശിച്ചു തുടങ്ങും. മന്ത്രോച്ചാരണത്തോടെ വാഴ്ത്തിയെടുത്ത ചുവന്ന വൈൻ മുഖ്യകാർമ്മികൻ വധൂവരന്മാർക്ക്‌ നൽകുന്നു. അവർ പരസ്പരം വൈൻ പകർന്ന് കഴിക്കുന്നു. അതിനുശേഷം മുഖ്യകാർമ്മികൻ നൽകുന്ന ഓറഞ്ച്‌ ഇരുവരും ചേർന്ന് തൊലിയടർത്തുമ്പോൾ ഓറഞ്ച്‌ അല്ലികൾക്ക്‌ പകരം ആപ്പിളാണ്‌ ലഭിക്കുന്നത്‌. ഇമാജിനറി ഗിഫ്റ്റാണ്‌ അടുത്ത ചടങ്ങ്‌. കൈയ്യിൽ ഒരു വലിയ സമ്മാനം ഉണ്ടെന്ന് സങ്കൽപ്പിച്ച്‌ അതു കൈമാറുകയാണ്‌ ഈ ചടങ്ങിൽ ചെയ്യുന്നത്‌. ആദ്യം വരൻ ഈ സമ്മാനം വധുവിനു നൽകുന്നു. വധു അത്‌ ഏറ്റുവാങ്ങി ഭദ്രമായി വെക്കുന്നു. മുഖ്യകാർമ്മികൻ ഒരു ഷാൾ ഉപയോഗിച്ച്‌ ഇരുവരെയും ബന്ധിക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകുന്നു. ഈ ഷാൾ വധുവിന്റെ ഭാഗത്തായാണ്‌ ബന്ധിച്ചിരിക്കുന്നത്‌. വധു ഈ ഷാൾ അഴിച്ചെടുത്ത്‌ ഹദ്രമായി സൂക്ഷിക്കണം. എല്ലാ വർഷവും വിവാഹദിവസം ഈ ഷാൾ ഉപയോഗിച്ച്‌ ഇതുപോലെ ബന്ധിച്ച്‌ ദമ്പതികൾ അൽപസമയം ചെലവഴിക്കണമെന്നാണ്‌ ഷമൻ ആചാരം. വിവാഹത്തിന്റെ ഒന്നാം ഘട്ടം ഇവിടെ അവസാനിക്കുന്നു.



അടുത്ത ഘട്ടം അടുത്ത പൗർണ്ണമി നാളിലാണ്‌. ഷമനുകൾ ഏറെ പ്രാധാന്യം നൽകുന്ന പൗർണ്ണമി ദിനങ്ങളിലാണ്‌ സോൾ സെലിബ്രേഷൻ നടത്തുന്നത്‌. വിവാഹശേഷം ഒരുമിച്ച്‌ കഴിയുന്ന ദമ്പതികൾ അടുത്ത പൗർണ്ണമിക്ക്‌ മുഖ്യകാർമ്മികന്റെ സമീപമെത്തണം. ദാമ്പത്യവിജയത്തിനും ജീവിതവിജയത്തിനും ഉതകുന്ന ഷമനിക്‌ രഹസ്യങ്ങൾ ഈ വേളയിലാണ്‌ മുഖ്യകാർമ്മികൻ ദമ്പതികൾക്ക്‌ പകർന്നു കൊടുക്കുന്നത്‌. ഒന്നാംഘട്ടം പൂർത്തിയായി കഴിയുമ്പോൾ വാഴ്ത്തപ്പെട്ട ഉണങ്ങിയ പഴങ്ങളും മധുരപലഹാരങ്ങളും വിവാഹത്തിനു സാക്ഷ്യം വഹിച്ചവർക്കായി നൽകുന്നു. അതിനുശേഷം ലഘുഭക്ഷണവും വിതരണം ചെയ്യും. ഇനിയുള്ളത്‌ ആഘോഷമാണ്‌. അഗ്നിക്ക്‌ ഷമനുകൾ ഏറെ പ്രാധാന്യം നൽകുന്നുണ്ട്‌. അതുകൊണ്ടു തന്നെ ജ്വലിച്ചുയരുന്ന അഗ്നികുണ്ഡത്തിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുന്നതാണ്‌ ഷമനിക്‌ വിവാഹത്തിന്റെ ആഘോഷരീതി. നൃത്തം അവസാനിക്കുന്നതോടെ ആഘോഷം പൂർണ്ണമാകുന്നു.




ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും ഷമനിക്‌ ആചാരങ്ങളുടെ രഹസ്യങ്ങൾ വളരെ വലുതാണ്‌. വിവാഹവേളയിൽ മന്ത്രോച്ചാരണങ്ങളോടെ ആനയിക്കപ്പെടുന്ന മാലാഖമാർ എന്ന സങ്കൽപം യഥാർത്ഥത്തിൽ നമ്മുടെ തന്നെ തലച്ചോറിന്റെ പലഭാഗങ്ങളെയും ഉത്തേജിപ്പിക്കുവാനുള്ള ഷമനിക്‌ മാർഗ്ഗങ്ങളാണ്‌. വിവാഹത്തിൽ പങ്കെടുത്തവരുടെ കൈകളിൽ ബന്ധിച്ച വെളുത്ത റിബണും ജ്വലിക്കുന്ന മെഴുകുതിരിയും അവരിലെ പോസിറ്റീവ്‌ എനർജിയെ ഉണർത്തുവാനുള്ള മാർഗ്ഗങ്ങളാണ്‌. പരസ്പരമുള്ള കാൽ കഴുകലിലൂടെ ഇരുവരും തുല്യരാണെന്നുള്ള ബോധം ദമ്പതികളിൽ ഉണർത്തുന്നു. ഓറഞ്ച്‌ തൊലിയടർത്തി ആപ്പിൾ പുറത്തെടുക്കുന്നതിലൂടെ അർത്ഥമാക്കുന്നത്‌ മനസ്സിലെ മാലിന്യങ്ങളെ വേർപ്പെടുത്തി ഹൃദയത്തിലെ നിർമ്മലമായ സ്നേഹം അനുഭവവേദ്യമാക്കുക എന്നതാണ്‌. സാങ്കൽപ്പിക സമ്മാനം പരസ്പരം കൈമാറുക, ഷാൾ അണിയിക്കൽ എന്നീ ചടങ്ങുകൾ നടക്കുമ്പോൾ കാർമ്മികൻ വധൂവരന്മാരെ സശ്രദ്ധം നിരീക്ഷിക്കും. ഇതിലൂടെ ഇവരുടെ സ്വഭാവ സവിശേഷതകളും ജീവിതരീതികളും മനസ്സിലാക്കാൻ കാർമ്മികർക്ക്‌ കഴിയുന്നു. ഇങ്ങനെ മനസ്സിലാക്കുന്ന കാര്യങ്ങൾക്ക്‌ അനുയോജ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളുമായിരിക്കും അടുത്ത പൗർണ്ണമിയിൽ മുഖ്യകാർമ്മികൻ പകർന്നു നൽകുന്നത്‌. മാത്രമല്ല, സാധാരണ വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി യാതൊരു സമ്മർദ്ദങ്ങളുമില്ലാതെ തികച്ചും സന്തോഷഭരിതരായാണ്‌ സോൾ സെലിബ്രേഷനിൽ വധൂവരന്മാർ പങ്കെടുക്കുന്നത്‌.

ഈ സമൂഹത്തിൽ വേരൂന്നി നിൽക്കുന്ന സ്ത്രീധന/വിവാഹധൂർത്ത്‌ സമ്പ്രദായങ്ങൾക്ക്‌ ശക്തമായ തിരിച്ചടി എന്ന നിലയിലാണ്‌ സോൾ സെലിബ്രേഷന്റെ പ്രസക്തി. രണ്ടു വിവാഹങ്ങളാണ്‌ 2014 മാർച്ച്‌ മാസം പതിനാറാം തീയതി ഞായറാഴ്ച വി.ഐ.പി അക്കാഡമിയിൽ നടന്നത്‌. തിരുവല്ല കുറ്റൂർ വെള്ളിമൂലയിൽ വീട്ടിൽ തമ്പി,സുജാത ദമ്പതികളുടെ മകൻ വിഷ്ണു.വി.തമ്പിയും തിരുവനന്തപുരം വെൺകുളം ചന്ദ്രവിലാസത്തിൽ രാധാകൃഷ്ണകുറുപ്പ്‌-രാധാമണി ദമ്പതികളുടെ മകൾ താരയുമാണ്‌ സോൾ സെലിബ്രേഷൻ ആചാരപ്രകാരം വിവാഹിതരായ ആദ്യദമ്പതികൾ. മല്ലപ്പള്ളി ശ്രീമന്ദിരത്തിൽ ആനന്ദും ചങ്ങനാശേരി കണമംഗലത്ത്‌ രമ്യ.പി.നായരുമാണ്‌ വിവാഹിതരായ അടുത്ത ദമ്പതികൾ. ഇവർ ഒരു വർഷം മുമ്പ്‌ വിവാഹിതരായവരാണ്‌. ഷമനിക്‌ ആചാരങ്ങളെക്കുറിച്ച്‌ അറിഞ്ഞശേഷം സോൾ സെലിബ്രേഷൻ ആചാരത്തിലൂടെ വീണ്ടും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു, ഇവർ.

വിവാഹത്തിലൂടെ ഒന്നിക്കുവാനായി ആഗ്രഹിക്കുന്നവർക്ക്‌ മാത്രമല്ല, സോൾ സെലിബ്രേഷൻ നടത്തുവാൻ കഴിയുന്നത്‌. നിലവിൽ മറ്റ്‌ ആചാരപ്രകാരം വിവാഹം കഴിച്ചവർക്കും സോൾ സെലിബ്രേഷൻ രീതിയിൽ വിവാഹിതരാകാൻ കഴിയും. ജാതിമത വർണ്ണഭേദമന്യേ ആർക്കും സോൾ സെലിബ്രേഷനിൽ പങ്കുകൊള്ളാം.  

O

PHONE : 9846136524


No comments:

Post a Comment

Leave your comment