Saturday, December 27, 2014

2/143

കഥ
ബിനോയ്‌.എം.സി 
       വെയിലിന്‌ വേണ്ടത്ര ചൂടായിട്ടില്ല. സമോവറിനടുത്ത്‌ അലക്ഷ്യമായിട്ടിരുന്ന സാറ്റിൻതുണിയിൽ ചുരുണ്ടുകിടന്ന് സിമ്യു കഴുത്തൊന്നു കറക്കി, തലനീട്ടി പാതി കണ്ണുതുറന്നു. ഒരു ഈച്ച പറന്നുവന്ന് മീശയിൽ മുട്ടി. അവൾ തലകുടഞ്ഞ്‌ വീണ്ടും കഴുത്തു നീട്ടി. കുറച്ചുസമയം കൂടി കിടക്കാം, അവൾ വിചാരിച്ചു. വിശക്കുന്നുണ്ട്‌ എങ്കിലും നല്ല സുഖം.

'നൗസിൽ നിയാസ്ഖാൻ ഐബിയത്ത്‌' എന്ന എട്ടുവയസ്സുകാരന്റെ അരുമ പൂച്ചക്കുട്ടിയാണ്‌ സിമ്യു. ഐബിയത്ത്‌ ഖാന്‌ ഒരു വളർത്തുജീവിയെയും താൽപര്യമില്ല. പക്ഷെ സാഹിയത്ത്‌ ബീവിക്കും നൗസിലിനും വേണ്ടി അതിനെ സഹിക്കുന്നു. അവന്റെ എല്ലാ കുറുമ്പിനും സാഹിയത്ത്‌ കുടചൂടുന്നു എന്ന പരാതി ആ സൈനികനുണ്ട്‌. ഇടയ്ക്ക്‌ അവർ കാണാതെ സിമ്യുവിന്റെ ചെവിയിൽ അയാൾ ഞൊട്ടി വേദനിപ്പിക്കാറുണ്ട്‌. സിമ്യുവിന്‌ അയാളോട്‌ അത്രയ്ക്ക്‌ താൽപര്യവുമില്ല.

അവൾ മയക്കം മതിയാക്കി കാൽ മുന്നോട്ടാക്കി, നടുവളച്ച്‌ കോട്ടുവായിട്ട്‌ നേരേ നിവർന്നുനിന്നു. ഇപ്പോൾ ആരെങ്കിലും കണ്ടാൽ അവൾ ഉണർന്നിട്ട്‌ മണിക്കൂറുകൾ ആയെന്നു കരുതും. എത്ര പെട്ടെന്ന് ഭാവം മാറാൻ ഇവൾക്ക്‌ കഴിയുന്നു?

ഷിഖാവത്ത്‌ അലിയുടെ ക്വാർട്ടേഴ്സിൽ ഒരു പ്രാവിനെ നോട്ടം വെച്ചിട്ടുണ്ട്‌, അവൾ. പക്ഷെ അതിനെ പിടിക്കാൻ  ഇതുവരെ അവസരം കിട്ടിയിട്ടില്ല. അലിയുടെ മകൾ സിയ (എട്ടുവയസ്‌ മാത്രമേ ഉള്ളുവെങ്കിലും വലിയ സുന്ദരിയാണെന്നാണ്‌ അവളുടെ ഭാവം) സ്കൂളിൽ പോകുന്നതുവരെയും സ്കൂൾവിട്ട്‌ തിരിച്ചുവരുന്ന സമയം തുടങ്ങിയും ആ പ്രാവിന്റെ കൂടെത്തന്നെയാകും. ഇന്നിപ്പോൾ അവളെ പുറത്തേക്കൊന്നും കാണുന്നില്ല. അതോ നേരത്തെ തന്നെ പോയോ? ക്വാർട്ടേഴ്സിന്റെ പിൻവശത്തെ കതക്‌ അടഞ്ഞുകിടന്നതിനാൽ ജനലിന്റെ കീഴ്പ്പടിയിലേക്ക്‌ ചാടിക്കയറി പുറത്തേക്ക്‌ ഇറങ്ങി.  വീട്ടിൽ ആരുമില്ല. വിശപ്പ്‌ കലശലുമാണ്‌. ഇന്നലെ മുതൽ എവിടെപ്പോയി നൗസിലും സാഹിയത്തും ഐബിയത്തുമൊക്കെ?  ആരെയും കാണുന്നില്ല.

നൗസിലിന്റെ സ്കൂൾ, ക്വാർട്ടേഴ്സിനടുത്ത്‌ തന്നെയാണ്‌. അവനെവിടെപ്പോയതാവും...? ഇന്നലെ ഇടിമുഴക്കം പോലെ ശബ്ദം തുടരെ കേട്ടിരുന്നു. നൗസിലിനെ കാണാത്തതു കൊണ്ടാണോ എന്തോ സിയയുടെ സംരക്ഷണയിൽ അല്ലാതിരുന്നിട്ടു കൂടി അടുത്തുകിട്ടിയ പ്രാവിനെ പിടിക്കാൻ അവൾക്ക്‌ തോന്നിയില്ല. മീശയിൽ വന്നിരുന്ന ഈച്ചയ്ക്ക്‌ ചോരയുടെ മണമുണ്ടായിരുന്നോ എന്നവൾ സംശയിച്ചു.

ആരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി വാതിൽപ്പടിയിൽ അവൾ കിടന്നു.

പെഷവാറിലെ ആ വിളറിയ പ്രഭാതത്തിൽ, അപ്പോൾ നൗസിലിനുള്ള അന്ത്യചുംബനം അർപ്പിച്ച്‌ ഐബിയത്ത്‌ ഖാൻ എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒരിറ്റു കണ്ണുനീർ സിയയ്ക്കും അയാൾ ബാക്കിവെച്ചിരുന്നു.

O


(കടപ്പാട്‌: ചുമർമാസിക, സായുധ റിസർവ്വ്‌ ക്യാമ്പ്‌, കോട്ടയം.)


Sunday, December 21, 2014

അയ

കവിത
കന്നി.എം


ണ്ടു
സ്വപ്നങ്ങളെ
നാട്ടിയുറപ്പിച്ച്‌
അവയെ
കാറ്റുകൊണ്ട്‌ ബന്ധിച്ച്‌
അട്ടഹാസങ്ങൾ
ഓരോന്നായി തോരാനിട്ടു.
ചിലത്‌ പറന്ന്
അറബിക്കടലിൽ വീണു.
ഒന്നോ രണ്ടോ പറന്ന്
ഭൂമിയുടെ
അച്ചുതണ്ടിലും കയറിക്കൂടി.
അപ്പോൾ
ഭൂമിയും അട്ടഹസിച്ചു തുടങ്ങി.

അകലെ
അറബിക്കടലിലെ പവിഴപ്പുറ്റുകൾ
തുഴക്കാരന്റെ
സ്വപ്നങ്ങളുടെ ഉപ്പളങ്ങളിൽ
കളിച്ചു നടന്നു.

ഭൂമിയിലെ പെണ്ണുങ്ങൾ
ഒച്ചയുള്ള ഒരു കാലം കിനാക്കണ്ടു.
സൂര്യചന്ദ്രന്മാർക്ക്‌
പ്രകാശം വെച്ചുമാറാൻ മോഹം.
അങ്ങനെ പലർക്കും പലതും.

ഒന്നുണ്ട്‌,
ആ അട്ടഹാസങ്ങൾ
എന്റേതു മാത്രമാണ്‌.
അതങ്ങ്‌ സ്വന്തമാക്കാമെന്ന് കരുതിയോ?
എന്തൊരഹങ്കാരമാണിത്‌!

O


Sunday, December 14, 2014

മേധാ ജ്ഞാനേശ്വർ

കഥ
രവിവർമ തമ്പുരാൻ


      

             കുവൈത്തിൽ  നിന്നു മടങ്ങുമ്പോൾ മാത്യൂസ്  ഒരു പൊതി തന്നു വിട്ടു. കുമാറിനു കൊടുക്കണം എന്നു പറഞ്ഞാണ് തന്നത്. തന്റെ വകയല്ല, ഭാര്യയുടെ സംഭാവനയാണ് എന്ന് ആദ്യമേ പറഞ്ഞിരുന്നു. പറയുക മാത്രമല്ല; കുമാർ, ദിസ് ഈസ് നോട്ട് ഫോർ യു, ബട്ട് ഫോർ യുവർ വൈഫ് എന്ന് പുറമെ  എഴുതി ഒട്ടിച്ചിട്ടുമുണ്ടായിരുന്നു. കൂടെ പഠിച്ച, നാട്ടുകാരൻ കൂടിയായ പ്രസാദിന്റെ ജീവകാരുണ്യ ഉദ്യമങ്ങൾക്കു  പ്രോൽസാഹനമായി അവന്റെ പേരിൽ എഴുതിയ ഒരു ചെക്കും മാത്യൂസ് തന്നിരുന്നു. നാട്ടിൽ ചെന്നാൽ നിങ്ങൾ രണ്ടുപേരും കൂടി പോയി കൊടുക്കണം എന്ന് നിർദേശിച്ചാണ് ചെക്ക് തന്നത്.

അഞ്ചു ദിവസത്തേക്ക് കിട്ടിയ ആദരമായിരുന്നു ആ കുവൈത്ത് യാത്ര. അതിവേഗം അത് അനുഭവിച്ചു തീർന്നു. യാത്രയ്ക്കാകെ വേണ്ടി വന്നത് എട്ടു ദിവസം. ആൾബലം കുറഞ്ഞ ഓഫിസിൽ തുടർച്ചയായി അത്രയും ദിവസം ഒരാൾ അവധിയെടുക്കുക ചിന്തിക്കാൻ കഴിയാത്തതായിരുന്നു.  എങ്കിലും സുഹൃത്തുക്കൾ സഹായ മനസ്ഥിതിക്കാരായതു കൊണ്ടാണ് അതു സാധിച്ചത്. 

ചെന്നാലുടനെ കുമാറിനെ  കാണണം എന്ന് കുവൈത്ത് വിടുമ്പോൾ മനസിൽ നിനച്ചെങ്കിലും   നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ പാടെ  ഒാഫിസിലെ ജോലിപ്രളയം അതിന്റെ ചുഴിക്കുത്തിലേക്കു വലിച്ചു താഴ്ത്തുകയും കയത്തിൽ നിന്നു കരയണയാനാവാതെ  ഞാൻ ക്ലേശനീർ കുടിക്കുകയും  ചെയ്തു കൊണ്ടിരുന്നതിനാൽ  കുമാറിനെ കാണാനുള്ള സമയവള്ളി   ഇലാസ്തികമായി വലിഞ്ഞു നീണ്ടു. പല തവണ കൂട്ടുകാരനെ  വിളിച്ച്‌ ചെക്കിന്റെയും സമ്മാനപ്പൊതിയുടെയും കാര്യം പറഞ്ഞു. സമയം കിട്ടിയാലുടൻ അവന്റെ നാട്ടിലേക്കു ചെന്നോളാം എന്ന് ഓരോ തവണയും ഉറപ്പു കൊടുത്തു. പക്ഷേ, ആ ഉറപ്പ്  അർധവിരാമത്തിനും പൂർണവിരാമത്തിനും ഇടയിലൊരിടം തേടി  പരിക്ഷീണതയിലായി. കുമാറിൽ നിന്നു കേട്ടാവണം പ്രസാദ് ആളെ വിട്ട് ചെക്ക് വാങ്ങി. അപ്പോഴും കുമാറിനുള്ള സമ്മാനപ്പൊതി  വീട്ടിലെ പെട്ടിയിൽ വിങ്ങലടക്കി വിശ്രമിച്ചു.

കുമാറിനെ വരുത്തുന്നതു ശരിയല്ല, നീ അങ്ങോട്ടു ചെന്നു കൊടുക്കണം  എന്നു മനസു പറഞ്ഞു. ദിവസങ്ങൾ പൊഴിഞ്ഞു പോകെ,   കുറ്റബോധം വർധിച്ചു വന്നു. പ്രിയ സ്നേഹിതനു കൈമാറാൻ മറ്റൊരു പ്രിയൻ തന്നു വിട്ട സമ്മാനം, എന്റെ പെട്ടിയിലിരുന്നു പഴകുന്നു. കേടാകുന്ന എന്തെങ്കിലും ആയിരിക്കുമോ പൊതിയിൽ... ഉത്ക്കണ്ഠ മലയായി വളർന്നു.

തൊട്ടടുത്തു തന്നെ കുറ്റബോധത്തിന്റെയും  സമാധാനക്കേടിന്റെയും കുന്നുകൾ  കൂടി വളർന്നു വന്നപ്പോൾ കുമാറിനെ വിളിച്ചു. ചെന്നൈയിലെ കൊടും തമിഴിന്റെ ചൂടു തട്ടി പല തവണ ഫോൺ മുഖം കുനിച്ചു. അവന്റെ ജോലി സദാ സഞ്ചാരം ആവശ്യപ്പെടുന്നതാണ്. ഓരോ തവണയും ഈ ദേശാന്തരഗമനങ്ങളെക്കുറിച്ച് ഊഹിക്കാൻ സഹായിച്ചത് മൊബൈൽ തിരികെ പറഞ്ഞ ഭാഷകളാണ്.  മറുതലയ്ക്കൽ വരാൻ കുമാറിന്റെ ചെവിക്കു പലതവണ കഴിയാതെ പോയെങ്കിലും മൊബൈലിൽ അവന്റെ ശിരസ് ചേർന്നു കിട്ടിയപ്പോൾ തമിഴഴകിനെയും  ചുടുകാറ്റിനെയും മനസാ നമിച്ച് ചോദിച്ചു. 

മഹാനവമിക്കു വീട്ടിൽ കാണുമോ? 

എന്തിനാ?

അങ്ങോട്ടു വരാനാ. മാത്യൂസിന്റെ  പൊതി!

ങാ, അതിനെന്താ പോര്.

ഹാവൂ. സമാധാനമായി. മഹാനവമി ദിവസം ഓഫിസിൽ പോകണ്ടല്ലോ  എന്ന ആശ്വാസത്തിൽ ആ ക്ഷണത്തെ  സന്തോഷപൂർവം സ്വീകരിച്ചു. വർഷത്തിൽ ഒൻപതേയുള്ളൂ എന്നതിനാൽ അത്തരമൊരവധി  ഞങ്ങൾക്കു ശരിക്കുമൊരു സ്വാതന്ത്ര്യദിനമാണ്. 

കുമാറുമായി പറഞ്ഞു ധാരണയായ ശേഷം മറ്റൊന്നു സംഭവിച്ചു.  കുടുംബയോഗ ഭരണസമിതിയുടെ കൂടിയാലോചനയ്ക്കു  ചെല്ലണമെന്ന സ്നേഹശാഠ്യം ചെന്നിത്തലയിൽ നിന്നു ഫോണിറങ്ങി വന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെയും  ബന്ധുക്കളുടെയും ഗൃഹപ്രവേശം, മരണം, വിവാഹം തുടങ്ങിയ സന്ദർഭങ്ങളിലെ എന്റെ അസാന്നിധ്യം  ആത്മബന്ധിതരാൽ ശ്രദ്ധിക്കപ്പെടുകയും അവരുടെ പരാതിയുടെ കറുപ്പു വീണ് മനസിൽ വിങ്ങിക്കിടക്കുകയും. ഒന്നുരണ്ടു മാസങ്ങളായി പേറുന്ന ആ വിങ്ങൽ മാറ്റാൻ വീണുകിട്ടിയ ഏക ദിനം മഹാനവമി.

രാവിലെ 10 മണിക്ക്  ഒറ്റയ്ക്ക് കാറിൽ പുറപ്പാട്.  പത്തനംതിട്ടയിൽ നിന്നു ചെന്നിത്തലയിലെത്തി തുടക്കം. വെണ്മണിയിലെ മൂന്നാലു  വീടുകളിലൂടെ കുളനടയിലെയും പന്തളത്തെയും ഭവനങ്ങൾ  താണ്ടി  കൊട്ടാരക്കരയിലെത്തിയപ്പോഴേക്കും കുമാറിന്റെ സന്ധ്യ എന്നു പേരുള്ള വീടിന്റെ  മുന്നിൽ സന്ധ്യ ചുവന്നു തുടുത്തു തുടങ്ങിയിരുന്നു.  ഉള്ളിൽ വെളിച്ചമുണ്ട്. സമാധാനമായി. 

ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോഴല്ലേ  മനസിലായത്, അകത്തുനിന്നു പൂട്ടിയിരിക്കുന്നു. പടിവാതിൽ പൂട്ടി അകത്ത് സ്വസ്ഥമായിരിക്കുകയാവുമോ? ഇരുമ്പു കവാടത്തിന് കുറെ തട്ടും മുട്ടുമൊക്കെ കൊടുത്തു. പക്ഷേ, പുതുതായി ഒന്നും സംഭവിച്ചില്ല. പരിഭവിക്കണ്ട, ഫോണിലൂടെ വിസ്മയിപ്പിക്കാം.

നീയെവിടാ?

നിന്റെ വീടിന്റെ മുന്നിൽ. ഗേറ്റ് തുറക്കാൻ ശ്രമിക്കുകയാ.

അയ്യോ ഞാനവിടില്ലല്ലോ.

ഞാൻ കാത്തു നിൽക്കാം. വേഗം വാ.

എടാ ഞാൻ മാവേലിക്കരയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാ. പത്താംകുറ്റി കഴിഞ്ഞു. 

ശ്ശോ. കുമാർ, ഉള്ളിൽ കടക്കാൻ വേറെ ചെറിയ ഗേറ്റ് വല്ലതുമുണ്ടോ?  ആ പൊതി..!!

രക്ഷയില്ലല്ലോ. നീയത് അടുത്ത വീട്ടിൽ ഏൽപ്പിക്ക്. 

അടുത്തെങ്ങും വീടില്ലല്ലോ.

നേരെ റോഡിൽ ചെല്ല്. അവിടെ സപ്തസ്വരം എന്നൊരു ബോർഡ് കാണാം.

ഞാൻ ഫോണുമായി റോഡിലേക്കു നടന്നു. അവിടൊക്കെ നോക്കിയിട്ടും  പറഞ്ഞ ബോർഡ് കണ്ടില്ല. ഇരുട്ടിൽ കറങ്ങിച്ചുറ്റി അവസാനം കണ്ണ് ആ എഴുത്തുപലക  തപ്പിയെടുത്തു. ദാ, സപ്തസ്വരം!.

അതിന്റടുത്ത് ഒരു  നീലവീടു കണ്ടോ? 

ങാ, കണ്ടു.

അവിടെ മതിലിൽ എഴുത്തു കണ്ടോ, കെ. പി. ജ്ഞാനേശ്വർ, മേധ ജ്ഞാനേശ്വർ. 

കണ്ടു.

ങാ. ആ ഗേറ്റിൽ കൊട്ട്. അവൾ  ഇറങ്ങി വരും.

അപ്പോൾ ജ്ഞാനേശ്വരൻ.

അയാൾ കുവൈത്തിലാ. അവരും അമ്മേം  രണ്ടു പിള്ളേരും മാത്രമേ വീട്ടിലുള്ളൂ. 

പകലിന്റെ മുഴുവൻ ക്ഷീണവും അന്നത്തെ അലച്ചിലിന്റെ  ക്ഷമകേടുമൊക്കെ ഉള്ളിലടക്കി ഞാൻ നീലക്കൊട്ടാരത്തിന്റെ ഗേറ്റിൽ തെരുതെരെ കൊട്ടി.  കരിംകറുപ്പു നിറമണിഞ്ഞൊരു മേദസ്സിനി ഉള്ളിൽ നിന്ന് ദേഷ്യപ്പെട്ടിറങ്ങി വന്നു.

ആരാ.

റോഡിൽ നിന്ന് ഗേറ്റിനുള്ളിലേക്ക് പൊതി നീട്ടിക്കൊണ്ടു ഞാൻ പറഞ്ഞു. 

കുമാറിനു കൊടുക്കാനാ.

മുറ്റത്തേക്കിറങ്ങി വന്ന് പൊതി വാങ്ങിക്കൊണ്ട് ആ ചെറുപ്പക്കാരി ചോദിച്ചു. 

ഓ, പാഴ്സലാരുന്നോ?

വളരെ വിനയത്തോടെ ഞാൻ പറഞ്ഞു.
അതെ.

അവർ പൊതി വാങ്ങിയതും ഞാൻ റോഡ് മറികടന്ന് കാറിനടുത്തെത്തി. അപ്പോൾ പിറകിൽ അവരുടെ ശബ്്ദം ഇങ്ങനെ കേട്ടു.  

ഓ, പാഴ്സലു കൊണ്ടു വരുന്നവന്റെയൊക്കെ ഒരവസ്ഥയേ. കാറിലാ സഞ്ചാരം.

ഗിയറിലിട്ട് വണ്ടി എടുത്തതും പിന്നിൽ നിന്ന് ഉച്ചസ്ഥായിയിലുള്ള  കൈകൊട്ടൽ  കേട്ടു. അവർ പിന്നാലെ ഓടിവരുന്നുമുണ്ടായിരുന്നു. പിൻകാഴ്ചകളുടെ കണ്ണാടിയിലൂടെ ആ ഓട്ടം കണ്ട് രസിച്ചുകൊണ്ട് ഞാൻ വണ്ടി പായിച്ചു. 

പിറ്റേന്ന് രാവിലെ വിളിച്ചുണർത്തിയത് കുമാറാണ്.

ടാ, നീയേൽപ്പിച്ച പൊതി കിട്ടി. പക്ഷേ, ഒരു പ്രശ്നം. എന്റെ അയൽക്കാരിക്ക് ഉടൻ നിന്നെ കാണണമെന്ന്. 

എന്താ. അവർക്കുള്ള പാഴ്സലുകൾ കൃത്യമായി എത്തിച്ചു കൊടുക്കണമെന്നു പറയാനാണോ?

നോ. 

പിന്നെ...

പൊതിയിലെ കയ്യക്ഷരത്തെ കുറിച്ച്‌ നിന്നോടു സംസാരിക്കണമെന്ന്.  

എനിക്കു തീരെ സമയമില്ലെന്നു പറഞ്ഞേര്.

പോടാ അവിടുന്ന്. ഇന്നു10 മണിക്ക് മേധ നിന്റെ ഓഫിസിൽ വരും. 

ങാ വന്നിട്ടു പോട്ട്. സൗകര്യപ്പെട്ടാൽ കാണാം.

എനിക്കു  മുമ്പേ അവർ  എത്തിക്കഴിഞ്ഞിരുന്നു. തലേദിവസം കണ്ട ആളേയല്ല. അതിഥികളുടെ മുറിയിലേക്ക് ചെന്ന എന്റെ മുഖത്തേക്ക് ആരാധനയും വിസ്മയവും തിരയടിച്ചു നിൽക്കുന്ന നോട്ടം അർപ്പിച്ചു കൊണ്ട് അവർ ചോദിച്ചു. 

അവരെ കണ്ടോ?

ആരെ?

ആ പൊതിയിൽ എഴുതിയ ആളെ.

കണ്ടല്ലോ, അവരുടെ വീട്ടിൽ നിന്ന് ഞാൻ ആഹാരവും കഴിച്ചു. എന്താ? 

എനിക്ക് കാണണം.

തമ്മിൽ അറിയുമോ?

വിഷാദവിസ്മയങ്ങളുടെ ജുഗൽബന്ദി സ്ഫുരിച്ചുയർന്ന മുഖത്ത് ചിരിയുടെ മുല്ലപ്പൂ വിടർന്നു. നാവിൽ നിന്ന് അക്ഷരങ്ങൾ നനഞ്ഞിറങ്ങിവന്നു.

ഈ ജീവിതം അവരുടെ സംഭാവനയാണ്.

അതെങ്ങനെ? 

ഞാനും കുവൈത്തിലായിരുന്നു കുറെക്കാലം. വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവ് ജ്ഞാനിക്കൊപ്പം പോയതാണ്. മലയാളികൾ തീരെ കുറവായ മങ്കോഫിലെ ഒരു ഫ്ളാറ്റിൽ. പരിചിതമല്ലാത്ത സ്ഥലം, പരിചിതരല്ലാത്ത ആളുകൾ. വെളുപ്പിന് അഞ്ചു മണിക്ക് ഓഫിസിലേക്കു പോകുന്ന ജ്ഞാനി മടങ്ങിവരുമ്പോൾ സന്ധ്യ കഴിയും. അസഹനീയമായ ഏകാന്തതയുടെ ചൂടിൽ വിങ്ങിയ ജീവിതത്തെ വിഷാദരോഗത്തിന്റെ വലക്കണ്ണികൾ വരിഞ്ഞുമുറുക്കി.  ഒരു ദിവസം വിശപ്പു സഹിക്കാതെ വന്നപ്പോൾ വയറു നിറച്ചത് ചികിൽസകൻ തന്ന  ഉറക്കഗുളികകൾ. അൽഅമീരി ആശുപത്രി അഭയത്തിന്റെ പരുത്തികൊണ്ട് പുതപ്പിച്ചു.  അവിടത്തെ പ്രഥമശുശ്രൂഷയോടെ ജീവൻ പറിഞ്ഞു പോകാതെ ശേഷിച്ചെങ്കിലും  തുടർന്ന്  ജീവിക്കാനുള്ള ആഗ്രഹം വന്ധ്യമായി നിന്നു.

ജീവിതത്തിന്റെ സൃഷ്ടിചൈതന്യങ്ങളിലേക്ക് എന്നെ ഉണർത്താൻ അവിടെയൊരു മാലാഖ അവതരിച്ചു.  ഹെഡ് നഴ്സ് ലീന. ബൈബിളും ഭഗവദ്ഗീതയും ഖുർ ആനും ഒക്കെ അവർക്കു മന:പാഠം. ജീവിതത്തിന്റെ വെളിച്ചങ്ങളെക്കുറിച്ചും  തുറസുകളെക്കുറിച്ചുമാണ് അവർ എപ്പോഴും സംസാരിച്ചത്. ജീവന്റെ തുടിപ്പുകളെ കുറിച്ചും ത്രസിപ്പുകളെക്കുറിച്ചും  അവർ എന്നോടും ഭർത്താവിനോടും മാറിമാറി സംസാരിച്ചു. ഇടുങ്ങിയ ഫ്ളാറ്റിലെ ഇടുങ്ങിയ മുറിയിൽ ഇടുങ്ങി ജീവിക്കുന്നതിന്റെ ഞെരുക്കം മറക്കാൻ അവർ കൂട്ടായി. ഓരോ ദിവസവും രാവിലെ മുറിയിലേക്കു വരുമ്പോൾ  ഒരു തുണ്ടു കടലാസിൽ നാലുവരി എഴുതിക്കൊണ്ടാണ് അവർ വന്നത്.  ചില ദിവസങ്ങളിൽ അത് കവിത. ചിലപ്പോൾ   ബൈബിൾ. മറ്റു ചിലപ്പോൾ ഗീത. ഇടയ്ക്ക് ഖുർആൻ. ചൈനീസ്, ഗ്രീക്ക് തത്വചിന്തകൾ വേറെ ദിവസങ്ങളിൽ. 25 ദിവസം കൊണ്ട് അവരെന്നെ ജീവിതത്തിന്റെ നിറപ്പകിട്ടുകളിലേക്ക്,  പ്രതീക്ഷയുടെ പച്ചപ്പുകളിലേക്ക്, സ്നേഹത്തിന്റെ കറുപ്പിലേക്ക് ഒക്കെ നയിച്ചു.

യാത്ര പറഞ്ഞിറങ്ങുമ്പോൾ അവർ തന്ന കുറിപ്പിലാണ് ആ കൃഷ്ണനിറം കണ്ടത്.

സ്നേഹത്തിന്റെ നിറം കറുപ്പാണ്,
തീവ്രസ്നേഹത്തിന്റെ നിറം കറുകറുപ്പ്,
കൃഷ്ണന്റെ  മെയ്യിലെ മുകിൽ കറുപ്പ്;
സ്നേഹത്തിന്റെ രാസക്രീഡ.

ലാമിനേറ്റ് ചെയ്ത ആ കാർമേഘക്കീറ് ഇപ്പോഴും എന്റെ നെഞ്ചിൽ ഒട്ടിക്കിടപ്പുണ്ട്. ഏകാന്തതയുടെ ഫ്ളാറ്റ് മുറിയിലേക്ക് മടങ്ങുന്നത് അപകടമാകും എന്ന തോന്നലാൽ  ജ്ഞാനി എന്നെ നാട്ടിലേക്കു കൊണ്ടു പോന്നു. ആശുപത്രി വിടുമ്പോൾ നഴ്സ് ലീനയുടെ ചിരിപൊഴിക്കുന്ന മുഖം മനസിൽ തെളിമയോടെ നിന്നു. അമ്മയും സഹോദരങ്ങളും അയലത്തെ കളിക്കൂട്ടുകാരും ഒക്കെച്ചേർന്നുള്ള ജീവിതം പഴയ എന്നെ തിരിച്ചു തന്നെങ്കിലും ലീനയെ കാണാനുള്ള ആഗ്രഹം മനസിന്റെ മൂലയിൽ സ്പന്ദിച്ചു കൊണ്ടിരുന്നു. നിരന്തര ആവശ്യം അസഹനീയമായതുകൊണ്ടോ, എന്നെ സന്തോഷിപ്പിക്കാനോ എന്തിനു വേണ്ടിയായാലും ഭർത്താവ് അൽ അമീരി ആശുപത്രിയിലേക്കു പോയി. പക്ഷേ, അപ്പോഴേക്കും അവർ അവിടത്തെ ജോലി ഉപേക്ഷിച്ചു മറ്റെവിടെയോ ചേർന്നിരുന്നു. പുതിയ സ്ഥലം ആരും പറഞ്ഞില്ല.

അമൂല്യമായി സൂക്ഷിച്ചിട്ടുള്ള  തുണ്ടുകടലാസുകളിലെ കൈപ്പട കണ്ടപ്പോൾ എനിക്ക് അതിശയമായി.  കാറിനു പിന്നാലെ കുറെ ഒാടിയെങ്കിലും അപ്പോഴേക്കും നിങ്ങൾ ദൂരെയെത്തിക്കഴിഞ്ഞിരുന്നു. അവരെവിടെയുണ്ടെന്നെനിക്കറിയണം. വീണ്ടും കാണണം. 
അപ്പോഴെന്റെ ഫോൺ ഗദ്ഗദകണ്ഠയായി വിറച്ചു. മറുവശത്ത് കുമാറിന്റെ ശബ്ദം. 

എടാ ഞങ്ങൾ പൊതിയഴിച്ചു.

എന്താരുന്നെടാ  സമ്മാനം.

കുറെ ചോക്കലേറ്റ്സ്. കൂട്ടത്തിൽ ഒാർക്കിഡ് കൊണ്ട് അലങ്കരിച്ച ഒരു ഫോട്ടോ. പിന്നെയൊരു കത്തും.

കത്തോ?
അതെ, നീ ഫോൺ ആ മേധേടെ കയ്യിലോട്ടു കൊടുത്തേ.

ലൗഡ് സ്പീക്കർ പ്രവർത്തിപ്പിച്ചു കൊണ്ട് മേധ ശ്രവിച്ചു.  മറുതലയ്ക്കൽ കുമാർ കത്തു വായിക്കാൻ ആരംഭിച്ചു. 

പ്രിയപ്പെട്ട കൂട്ടുകാരി, എന്റെ നഴ്സിംഗ്‌ ജീവിതത്തിൽ മറക്കാനാവാത്ത ഒരാളാണ് ഈ ചിത്രത്തിലുള്ളത്. ഞാൻ ശുശ്രൂഷിച്ചവരിൽ മനസിൽ തങ്ങിനിൽക്കുന്ന ഒരാൾ. എന്റെ പരിചരണത്താലാണ് അവർ ജീവിതത്തിലേക്കു തിരികെ വന്നതെന്നു കാട്ടി ആശുപത്രി  തന്ന ഫലകമോ അവർ രോഗമുക്തി നേടിയ ഉടൻ ലഭിച്ച സ്ഥാനക്കയറ്റമോ അല്ല, അവരെ എന്റെ മനസിൽ ഉറപ്പിച്ചു നിർത്തുന്ന മറ്റെന്തോ ഘടകം ഉണ്ട്. അത് എന്താണെന്ന് ഇപ്പോഴും മനസിലായിട്ടില്ല. എന്നിരുന്നാലും അവരെയൊന്നു കാണാൻ മനസ് വല്ലാതെ കൊതിക്കുന്നു. കൊട്ടാരക്കരയിൽ എവിടെയോ ആണ് താമസം. ഒന്നു കണ്ടു പിടിച്ചു തരാമോ?  : ലീന.

കത്തു വായിച്ചു നിർത്തിയിട്ട് കുമാർ ചോദിച്ചു. ആ ഫോട്ടോ ആരുടേതാണെന്ന് മേധയ്ക്ക് ഊഹിക്കാമോ?

അതിനുത്തരം പറയാനാവാതെ മേധയുടെ ചുണ്ടുകൾ വിറകൊണ്ടു. അവരുടെ കണ്ണുകൾ തിളങ്ങുന്നതും മുഖം വിളറുന്നതും ഞാൻ കണ്ടു. തുടിച്ചുയരുന്ന മാറിടം താഴ്ത്താനോ വേഗമേറി മിടിക്കുന്ന ഹൃദയത്തെ അമർത്താനോ, എന്തിനു വേണ്ടിയായാലും വലതു കൈപ്പടം  അപ്പോൾ നെഞ്ചിനു മേലേ വിടർത്തി വിരിച്ചു വെച്ചിട്ടുണ്ടായിരുന്നു. പതുക്കെ പതുക്കെ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്ന് എണ്ണാൻ പാകത്തിൽ അവരുടെ കണ്ണിൽ നിന്ന് ഒന്നൊന്നായി  കണ്ണുനീർ തുള്ളികൾ അടർന്ന് വീഴാൻ തുടങ്ങി. സ്നേഹത്തിന്റെ  കാർമുകിൽ ചുരത്തിയ മഴമുത്തുകൾ.

O


Sunday, December 7, 2014

അടക്കിപ്പിടിച്ച ഓക്കാനങ്ങൾ

കവിത
അമൃത ബാബുണ്ട്‌,
അമ്മ വയനാട്ടിലായിരുന്നപ്പോൾ
ഇടയ്ക്ക്‌ ചില വെള്ളിയാഴ്ചകളിൽ
അച്ഛനും ഞാനും അങ്ങോട്ട്‌
വണ്ടികയറും.

ആനവണ്ടിയിൽ കേറിയങ്ങിരുന്ന്,
ആ നീലസീറ്റിലേക്ക്‌
നോക്കുമ്പോഴേക്കും
ലോകം കറങ്ങിത്തുടങ്ങും.

തികട്ടിത്തികട്ടി വരുന്ന
ഒരു വയ്യായ്കയിൽ
എന്നെത്തന്നെ
എങ്ങോട്ടെങ്കിലുമെടുത്തെറിയാൻ
തോന്നുമ്പോ,
ഞാനച്ഛന്റെ മടിയിൽ
തല ചായ്ച്ചു കിടക്കും.

കിടന്നുകിടന്നങ്ങനെ എണ്ണിത്തുടങ്ങും
ഒന്ന്,രണ്ട്‌,മൂന്ന്...
നൂറു തികയുമ്പോ തിരിച്ചു താഴോട്ട്‌
കൂട്ടൽപട്ടിക, ഗുണനപട്ടിക
അത്തം, ചിത്തിര, ചോതി
അറിയാവുന്നതെല്ലാം തിരിച്ചും
മറിച്ചും പറഞ്ഞ്‌
ചുരമെത്തുന്നതുവരെ
അങ്ങനെ പോകും.
ചുരം കയറിത്തുടങ്ങിയാൽ
പിന്നെ ഞാനില്ല.

വളവുകളിൽ തിരിവുകളിൽ
കലുങ്കിന്റെ തുമ്പുകളിൽ
വണ്ടിയൊരു തുമ്പിയെപ്പോലെ തെന്നുമ്പോൾ
വെള്ളക്കവറുകൾക്കിടയിൽ
കണ്ണിലൂടെയും
മൂക്കിലൂടെയും
വായിലൂടെയും നീരൊലിപ്പിച്ചു
വല്ലാതെ വിറച്ചങ്ങനെയിരിക്കും.

ഒരു കാടിന്റെ ചേലും
ഞാനന്ന് കണ്ടിട്ടില്ല
ഒരു വെള്ളച്ചാട്ടവും
എന്നോട്‌ ചിരിച്ചു കാണിച്ചിട്ടില്ല.
ഒരു കുരങ്ങൻകുഞ്ഞിന്റെ
കുറുമ്പ്‌ പോലും
നോക്കി നിന്നിട്ടില്ല.

ഇടയ്ക്കെവിടെയോ
ഡ്രൈവറുചേട്ടൻ
ചായകുടിക്കാൻ
പോവുന്നിടത്ത്‌
അച്ഛനിറങ്ങിപ്പോവും
ഒരു കുപ്പി വെള്ളവും
ഒരു ചെറുനാരങ്ങയുമായി വരും.
മുഖം കഴുകിച്ച്‌
ആ നാരങ്ങയെന്റെ
കൈയിൽ വെച്ചുതരും.
അത്‌ പിടിച്ചിരിക്കെ
അച്ഛനാദിവാസിയുടെ
കൈവെട്ടിയ സായിപ്പിന്റെ കഥ പറയും.
കേട്ടുകേട്ട്‌ ഞാനുറങ്ങിപ്പോവും.

ഇന്നിപ്പോഴും
ലോകമൊന്നാകെ
തിരിയാറുണ്ട്‌, ചിലപ്പോഴൊക്കെ
എന്നിലേക്കുതന്നെ
നോക്കുമ്പോളറിയാതെ
തികട്ടിവരാറുണ്ട്‌
ഉള്ളിൽ ചിലതൊക്കെ.

അടക്കിപ്പിടിച്ച ഓക്കാനങ്ങൾ
എവിടെയാണ്‌
ഛർദ്ദിച്ചു കളയേണ്ടതെന്നറിയാതെ
കണ്ണിൽ നിന്ന് മാത്രം നീർ വീഴ്ത്തി
ചുണ്ടുകൾ കടിച്ചുപിടിച്ച്‌
അങ്ങനെയൊരു കിടപ്പുണ്ട്‌
ദൈവത്തിന്റെ മടിയിൽ.

ചുരുട്ടിപ്പിടിച്ച വലതുകൈവെള്ളയിൽ
എന്റെ ലോകമൊരു
ചെറുനാരങ്ങയെക്കാൾ
ചെറുതായിട്ടിരിപ്പുണ്ട്‌,
അത്‌ മുറുകെപ്പിടിച്ച്‌
വളവുകളിൽ തിരിവുകളിൽ
വഴിതെറ്റിയോടുന്ന
വഴിയോരക്കാഴ്ചകളിൽ
വെറുതെ നോക്കിയിരിപ്പുണ്ട്‌
പണ്ടത്തെയൊരു
മാലാഖക്കുഞ്ഞ്‌.

O


Tuesday, December 2, 2014

കലഹിക്കാൻ കൂട്ടാക്കാത്ത കവിമനസ്സ്‌

ലേഖനം
ഇടക്കുളങ്ങര ഗോപൻ     സ്വയം നവീകരിക്കുന്നവർ എന്നും ചരിത്രത്തിന്റെ ഭാഗമാകുന്നു. കവിത സ്വയം നവീകരിക്കാനുള്ള ആയുധമാണ്‌. ആത്മസംഘർഷങ്ങളും സ്വപ്നങ്ങളും ആശയറ്റ പരിതാപങ്ങളുമുണ്ടതിൽ. കാലത്തിന്റെ കൈവിരലുകൾ അതിൽ മാന്ത്രികനൂലുകൾ പാകി വർണ്ണാഭമാക്കുന്നു. പ്രത്യയശാസ്ത്രസമീപനങ്ങൾ കൊണ്ട്‌ ഉയിർത്തെഴുന്നേൽപ്പിന്റെ പടപ്പാട്ട്‌ പാടുന്നു. കടൽ പോലെയും ആകാശം പോലെയും വിസ്തൃതമാണതിന്റെ അതിരുകൾ. കാരിരുമ്പിന്റെ കരുത്തും തീനാളത്തിന്റെ തിളപ്പും അതിൽ ഒളിഞ്ഞിരിക്കുന്നു. നിറഞ്ഞൊഴുകുന്ന മിഴിനീർത്തുള്ളികളിൽ തഴുകിത്തുടയ്ക്കുന്ന കൈവിരൽ സ്പർശമാകുന്നു. കാറ്റിൽ പറന്നെത്തുന്ന കുളിരിന്റെ സാന്ത്വനമാകുന്നു. ചിലപ്പോഴത്‌ തൂക്കിലേറുന്നവന്റെ തൊണ്ടയിലെ രോദനവും വിയർപ്പിൽ കുളിച്ചു കയറുന്നവന്റെ അദ്ധ്വാനത്തിന്റെ സംതൃപ്തമായ നിമിഷവുമാകും. ഇങ്ങനെയൊക്കെ നിർവ്വചിക്കാനാവുന്ന കവിതയുടെ കനൽവഴിയിൽ ചൂടും ചൂരുമറിഞ്ഞ്‌  മുന്നേറിയ ചവറ കെ.എസ്‌.പിള്ള എന്ന കവി തന്റെ എഴുത്തുജീവിതത്തിന്റെ അറുപതാമാണ്ടിലും മലയാളഭാഷയുടെ തിരുമുറ്റത്ത്‌ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിയാണ്‌.

ചവറ കെ.എസ്‌.പിള്ള

ആരോടും കലഹിക്കരുതെന്ന് മന്ത്രിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. ഉള്ളിലുറഞ്ഞ മനുഷ്യസ്നേഹത്തിന്റെ നേർവെളിച്ചം കാലത്തിന്റെ കണ്ണാടിയിലേക്ക്‌ അദ്ദേഹം പതിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ആകാശച്ചെരുവിൽ പൂത്ത സൂര്യവെളിച്ചം പോലെ കറുത്ത കാലത്തിലേക്ക്‌ തേർ തെളിച്ചെത്തുന്ന പ്രകാശവീചികളാണ്‌ ചവറ.കെ.എസ്‌.പിള്ളയുടെ കവിതകൾ. മണ്ണിൽ കാൽപ്പാദങ്ങൾ ആഴ്ത്തി നടന്ന കാവ്യജീവിതം, ചവറയുടെയും മലയാളത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട കവി ഒ.എൻ.വി യുടെ തണൽ പറ്റിയാണ്‌ വളർന്നത്‌. കയറും കരിമണലും ഇഴചേർത്ത ജീവിതങ്ങളുടെ ഇടനാഴിയിലൂടെ കവിതയുടെ നിലാവെളിച്ചം പതുങ്ങിയെത്തി.  ഒ.എൻ.വി യും പാലാ നാരായണൻനായരും വി.ടി.ഭട്ടതിരിപ്പാടും  വയലാറും പി.കുഞ്ഞിരാമൻ നായരും തുടങ്ങി പ്രഗത്ഭരുടെ ആശിർവാദങ്ങളിൽ മലയാളസംസ്കാരത്തിന്റെ നാൽക്കവലയിൽ പടർന്നു പന്തലിച്ചു. ഇന്ന് മുപ്പതോളം കൃതികളിലൂടെ ചവറ കെ.എസ്‌.പിള്ള മലയാളിയുടെ മനസ്സിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നു.

ചവറ പുതുമ്പള്ളിൽ (ഉമ്മാടത്ത്‌) ഡോ.പി.കെ.കുഞ്ഞൻ പിള്ളയുടെയും നാണിയമ്മയുടെയും മകനായി ജനിച്ച കെ.സദാശിവൻപിള്ളയുടെ കുടുംബപശ്ചാത്തലം എഴുത്തിന്റെ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്തതായിരുന്നു. മിഡിൽ സ്കൂൾ തലം മുതൽ കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയുടെ ബാലപംക്തിയിൽ എഴുതിത്തുടങ്ങിയ അദ്ദേഹം ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ 'ചോരപ്പൂക്കൾ' എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. അയൽവാസിയായ പ്രശസ്ത കവി ഒ.എൻ.വി കുറുപ്പിന്റെ അവതാരികയോടെയാണ്‌ ചോരപ്പൂക്കൾ പുറത്തിറങ്ങിയത്‌. തുടർന്ന് ശകുന്തള എന്ന കവിതാസമാഹരത്തിലൂടെ കെ.സദാശിവൻപിള്ള കെ.എസ്‌.പിള്ളയായി. ദിനമണി, പ്രഭാതം, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിൽ അദ്ദേഹത്തിന്റെ സാഹിത്യപ്രവർത്തനം കഥയും കവിതയും ബാലസാഹിത്യവുമായി വികാസം പ്രാപിച്ചു.ഉള്ളം പൊള്ളിക്കുന്ന തീക്ഷ്ണാശയങ്ങളുടെ കവിതകൾ എഴുതുമ്പോഴും കുട്ടികളുടെ മനസ്സറിയുന്ന ബാലസാഹിത്യകാരനായി അദ്ദേഹം തിളങ്ങി. ഗ്രന്ഥശാലാപ്രവർത്തകൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിലങ്ങോളമിങ്ങോളം കെ.എസ്‌.പിള്ള കർമ്മനിരതനാണിപ്പോഴും. ചെറിയ സ്ഥാനമാനങ്ങൾക്കായി പോലും കുടിലതന്ത്രങ്ങൾ മെനയുന്ന കൗശലക്കാരുടെ കാലത്ത്‌ ഇരിപ്പിടങ്ങൾക്കായി അദ്ദേഹം ആരുടെയും പിറകേ പോയില്ല. സ്വയം വന്നുചേർന്ന സ്ഥാനങ്ങളിൽ നിസ്വാർത്ഥനായി സേവനം ചെയ്യാൻ അദ്ദേഹം തയ്യാറായി. ഗ്രന്ഥശാലാസംഘം, സാഹിത്യപ്രവർത്തകസഹകരണ സംഘം, യുവകലാസാഹിതി തുടങ്ങിയ സാംസ്കാരികപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ ഒന്നാമനാകാതെ രണ്ടാമന്റെയും പിന്നിൽനിന്ന് നയിക്കുവാനാണ്‌ അദ്ദേഹം താൽപര്യപ്പെട്ടത്‌.

സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുവാൻ എപ്പോഴും അദ്ദേഹം മനസ്സുവെച്ചു. കഥ, കവിത,നാടകം, ബാലസാഹിത്യം എന്നീ സാഹിത്യശാഖകളിലൊക്കെ  വ്യക്തിമുദ്ര പതിപ്പിച്ച ചവറ കെ.എസ്‌.പിള്ള  എഴുത്തുജീവിതത്തിന്റെ അറുപതാമാണ്ടിലും 'ഞാനിവിടെയുണ്ട്‌' എന്ന് തന്റെ മുപ്പതാമത്തെ കൃതിയിലൂടെ വിളിച്ചുപറയുന്നു. തെളിമയുടെ തണ്ണീർതടാകമാകുന്നു, ആ കാവ്യജീവിതം. 

O