Saturday, March 26, 2011

സഹകരണം

രവിവര്‍മ്മ തമ്പുരാന്‍


ഈ വീട്ടിലാരുമില്ലേ ?

നിങ്ങടെ മൊഖത്തല്ല്യോ കണ്ണ് ? ആരുമില്ലേല്‍ മിറ്റത്ത് അയക്കോലേല്‍ തുണികളിങ്ങനെ ഞാത്തിയിട്ടേക്കുമോ?

മിറ്റത്തെ കാര്യമല്ല ചോദിച്ചത് പെരയ്ക്കകത്തെ കാര്യമാ.

അതു തന്നെയാ പറഞ്ഞത്.അകത്ത് തേവരൊള്ളതു കൊണ്ടല്ല്യോ പൊറത്തു കൊടിമരം നട്ടേക്കുന്നത്?

ആ പോട്ടെ, ഞാന്‍ ഒടക്കാന്‍ വേണ്ടി വന്നതല്ല.അതിനൊട്ടു നെരോമില്ല.

പിന്നെന്താണാവോ ആഗമനോദ്ദേശ്യം ?

സെന്‍സസ് എടുക്കാനാ.

അതിനാ വന്നതെങ്കി ആ ജോലി ചെയ്തേച്ചു പോണം.അല്ലാതെന്തുവാ.

അപ്പ ശരി, ഞാന്‍ കൊറേ ചോദ്യങ്ങളു ചോദിക്കും.എല്ലാത്തിനും സത്യസന്ധവും വ്യക്തവുമായ ഉത്തരം പറയണം.

ഉത്തരമാവുമ്പം അങ്ങനല്ലാതാരേലും പറയുവോ.ഇതെന്തെരു കൂത്താ?

എങ്കി തൊടങ്ങാം.

എടയ്ക്കു  വെച്ച് ഒടുങ്ങാതിരുന്നാമതി.

ശരി നോക്കാം. പേരെന്ത്വാ?

പേരെന്ത്വായാലെന്ത്വാ.നമ്മടനുഭവം അങ്ങനൊന്നുമല്ല. എന്നാലും ചോയിച്ച  കൊണ്ടു പറേവാ.ഭാഗ്യലക്ഷ്മി.

വയസ് ?

എഴുപത്തെട്ട്.

എവിടാ ജനിച്ചത്‌ ?

വേണ്ടാതീനമൊന്നും ചോയിച്ചേക്കരുതേ സാറേ.ചൊല്ലും വിളീമൊന്നുമില്ലാത്തോരല്ല ഞങ്ങള്.പെറ്റുവീണത്‌ സ്വന്തം വീട്ടിത്തന്നാ.

അതല്ല.ഏതു സ്ഥലത്താണെന്ന്?

അതോ.അതങ്ങ് കട്ടപ്പനേലാ.എന്നെ ഇവിടെ കല്യാണം കഴിച്ചോണ്ട് വന്നതാ.

വീട്ടിലെത്ര പേരൊണ്ട്?

എന്‍റച്ഛനുമമ്മയുമൊന്നും അത്തരക്കാരല്ല കേട്ടോ. വീട്ടിലൊരു പേര്. വെളീലൊരു പേര്.അതൊക്കെ ഇപ്പഴത്തെ ആള്‍ക്കാരടെ രീതിയാ. വല്ലോമൊക്കെ ഒളിക്കാനൊള്ളവര്‍ക്കല്ല്യോ പല പല പേരുകള്‍ വേണ്ടത്. നമക്കതൊന്നുമില്ല.

അതല്ല ചോദിച്ചത്. വീട്ടിലെത്ര ആള്‍ക്കാരൊണ്ടെന്ന്?

എന്‍റെ സാറേ അതൊക്കെ പറയാന്‍ തൊടങ്ങിയാ ഇപ്പഴെങ്ങും തീരത്തില്ല. സാറിനു കേട്ടോണ്ടിരിക്കാന്‍ നേരമൊണ്ടോ?

നിങ്ങടെ കഥ കേക്കാനൊന്നും എനിക്ക് നേരമില്ല.ചോദിക്കുന്നേന്‍റെ മാത്രം ഉത്തരം പറഞ്ഞാ മതി.

അതെന്ത്വാ സാറേ അങ്ങനെ സാറിനു പോലീസിലാണോ ജോലി. സെന്‍സസുകാരെന്നു വെച്ചാ നാട്ടിലുള്ളോരടെയൊക്കെ കാര്യങ്ങളു കേട്ട് കൃത്യം കൃത്യമായിട്ട് സര്‍ക്കാരിന് എഴുതിക്കൊടുക്കൊണ്ടോരല്ല്യോ.

അതല്ലമ്മൂമ്മേ. ഞങ്ങക്ക് ഒരുദിവസം ഇരുപത്തഞ്ചു വീട് കയറണം.ഓരോ വീട്ടിലേം കഥ കേട്ടോണ്ടിരുന്നാ പണി നടക്കുകേല.

ങാ അതാ പറേന്നേ. ഇപ്പഴത്തെ ആള്‍ക്കാരൊക്കെ എന്തിരവമ്മാരാന്ന്. അവര്‍ക്കൊക്കെ അവരടെ കാര്യം മാത്രം.

അല്ലാ, അമ്മൂമ്മ പറഞ്ഞില്ല, വീട്ടിലെത്ര ആള്‍ക്കാരൊണ്ട്?

അതല്ല്യോ സാറേ പറഞ്ഞത്.അതൊരു വല്ല്യകഥയാന്ന്.സാറിനാന്നേ കേക്കാന്‍   നേരോമില്ല. ഇനി എണ്ണം എഴുതിയേ പറ്റൂന്ന് നിര്‍ബന്ധമാണെങ്കി ഒരാളെന്നങ്ങ് എഴുതിയേര്.

ഭര്‍ത്താവും മക്കളുമൊന്നും ഇല്ലിയോ?

അല്ലാ.. സാറിനതൊന്നും  കേക്കണ്ടായല്ലോ.

അമ്മൂമ്മേ ഒള്ള കാര്യംപറ.എനിക്കിത് കഴിഞ്ഞിട്ട് വേറെ പണിയൊണ്ട്. പറഞ്ഞ കേട്ടില്ല്യോ.

അപ്പം സാറിന്‍റെ പണി ഇതല്ല്യോ.ഇപ്പഴത്തെ ചെറുപ്പക്കാരടെ....
അല്ലേ വേണ്ട.ഞാനൊന്നും പറയുന്നില്ല. സാറെ ഈ പണി പോലും ഭംഗിയായിട്ടു ചെയ്യാന്‍വയ്യെങ്കി സാറ് പിന്നെ ഏതു പണിക്കു പോയിട്ടെന്താ കാര്യം?

തള്ളേ എന്നെ ദേഷ്യം പിടിപ്പിക്കരുതേ പറഞ്ഞേക്കാം.ഞാനെനിക്കു തോന്നിയ പോലൊക്കെ എഴുതിയങ്ങു കൊടുക്കും.പിന്നെ വല്ല സര്‍ക്കാര്‍ സഹായോം കിട്ടാനൊണ്ടെങ്കി അതൊക്കെ പോയെന്നും പറഞ്ഞു കെടന്നു നിലവിളിക്കരുത്.

ഞാന്‍ വേണമെന്ന് വിചാരിച്ചിട്ടുപോലും ഇത്രേം കാലം ആരും ഒരാനുകൂല്യോം തന്നിട്ടില്ല. ഇനിയിപ്പം സാറായിട്ട് ... വേണ്ട സാറേ.

അപ്പം ഭാഗ്യലക്ഷ്മി സെന്‍സസ് പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ല എന്നെഴുതി കൊടുത്തേക്കട്ടെ?

അതിനു സാറേ സഹകരണം ഒരാള്‍ മാത്രമായിട്ടു വിചാരിച്ചാ നടക്കുന്ന കാര്യമാന്നോ? സാറു തന്നാ ആദ്യം പറഞ്ഞത്, സത്യസന്ധമായിട്ടുള്ള കാര്യങ്ങളേ പറയാവൂ എന്ന്.സാറു എഴുതുമ്പഴും സത്യം തന്നേ എഴുതാവൂ.

സെന്‍സസിന് ചെന്ന ഞാന്‍ ശരിക്കും വെട്ടിലായത് അപ്പോഴാണ്‌. എഴുപത്തെട്ടുകാരി  ഭാഗ്യലക്ഷ്മി എന്നെ ശരിക്കും വെട്ടിലാക്കിക്കളഞ്ഞു. സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോമിലെ ചതുരക്കള്ളികളിലൊന്നിലേക്ക് ചെന്നു കയറിയതുപോലെയായി എന്‍റെ സ്ഥിതി. O

phone : 9495851717

Saturday, March 19, 2011

കാവലാള്‍

കഥ
നിധീഷ്‌.ജി      പ്രിസണർ എസ്കോർട്ട്‌ ഡ്യൂട്ടി കഴിഞ്ഞ്‌ ക്ഷീണിതനായി വന്നുകയറുമ്പോൾ ക്യാമ്പ്‌ ഉച്ചവെയിലിന്റെ കുടപിടിച്ചു നിൽക്കുകയായിരുന്നു. പൊള്ളുന്ന മണൽത്തരികളിൽ ഒരു നിഴലുകളും സൂര്യൻ അപ്പോൾ വീഴ്ത്തുന്നുണ്ടായിരുന്നില്ല. ആയുധങ്ങൾ സൂക്ഷിക്കുന്ന 'ബെൽ ഓഫ്‌ ആംസ്‌' അടഞ്ഞുകിടന്നിരുന്നതിനാൽ കൈവിലങ്ങ്‌ ക്വാർട്ടർ ഗാർഡിലേൽപ്പിച്ച്‌ ബാരക്കിലേക്ക്‌ നടന്നു. പുതിയ സീലിംഗിനു കീഴെ, നൂറുകണക്കിന്‌ യൂണിഫോമുകൾ മുഷിഞ്ഞഗന്ധം പടർത്തി നിരന്നു കിടക്കുന്നതിനു താഴെയായി ഇരുമ്പുകട്ടിലുകൾ മാത്രം വിശ്രമിച്ചു. പൊടിയും വിയർപ്പും തുരുമ്പും കൂടിക്കലർന്ന മനംമടുപ്പിക്കുന്ന ഗന്ധം വായുവിലൂടെ പാറിനടക്കുണ്ടായിരുന്നു.

ആരും തന്നെയില്ല.

നഗരക്കുരുക്കിലും പാറാവുസ്ഥലങ്ങളിലും സമരമുഖങ്ങളിലുമെല്ലാം ചിതറിക്കിടന്നും അനുധാവനം ചെയ്തും മറ്റുള്ളവർ ഇപ്പോൾ വിയർക്കുകയായിരിക്കുമല്ലോ എന്നോർത്തുകൊണ്ട്‌ യൂണിഫോമിന്റെ കുടുക്കുകളഴിക്കുമ്പോൾ, മെസ്‌കോൾ മുഴങ്ങി. ബ്യൂഗിളിന്റെ തുളയ്ക്കുന്ന ഒച്ച ആസ്ബെസ്റ്റോസ്‌ മേൽക്കൂരകൾക്ക്‌ മുകളിലൂടെ നഗരത്തിലേക്ക്‌ നേർത്തുനേർത്ത്‌ പോയി. ഭക്ഷണം കഴിക്കാൻ തോന്നുന്നേയില്ല. വിശപ്പെന്ന വികാരത്തെ മനസും ശരീരവും ചിലപ്പോഴൊക്കെ ബോധപൂർവ്വമോ അല്ലാതെയോ വിട്ടുകളയുന്നുണ്ട്‌. കുഞ്ഞുശാരിക്ക്‌ പനിയാണെന്നറിഞ്ഞിട്ടും ഇടയ്ക്കൊന്നു വിളിച്ച്‌ വിവരം തിരക്കാൻപോലും നേരംകിട്ടുന്നില്ല. വല്ലപ്പോഴും മാത്രം അച്ഛന്റെ ഒരു നോട്ടമോ കരസ്പർശമോ ഏറ്റുകൊണ്ട്‌ അവൾ വളരുന്നു. അവളുടെ അമ്മ കിടക്കയിൽ നീലിച്ചുകിടന്ന ദിവസം മുതൽ താളം തെറ്റിയതാണ്‌. ആദ്യമൊക്കെ കണ്ണീരൊഴുക്കിയെങ്കിലും ബോർഡിംഗ്‌ സ്കൂൾ ജീവിതവുമായി അവളിപ്പോൾ ഏറെക്കുറെ ഇണങ്ങിച്ചേർന്നിരിക്കുന്നു.

നല്ല ഉഷ്ണം.

കറുത്തനിറത്തിൽ ചതുരാകൃതിയിലുള്ള പഴയ സ്വിച്ച്‌ താഴേക്ക്‌ വലിച്ചിട്ടപ്പോൾ, മുരൽച്ചയോടെ ഫാൻ കറങ്ങിത്തുടങ്ങി. ചെറുകാറ്റ്‌ വന്നുതൊട്ടപ്പോൾ തെല്ലാശ്വാസമായി. ഇരുമ്പുകട്ടിലിലിരുന്നുകൊണ്ട്‌ ബൂട്ടുകളിൽ നിന്ന് വിയർത്തകാലുകൾ വലിച്ചെടുത്തു. വാസ്തവത്തിൽ, ബൂട്ടിനുള്ളിലെ സോക്സിട്ട കാലുകൾ പോലെയായിത്തീർന്നിരിക്കുന്നു ജീവിതം. വെന്ത്‌, വിയർത്ത്‌, മുഷിഞ്ഞ ഗന്ധം പേറി... ഏതോ ഉത്തരവുകൾക്കനുസരിച്ച്‌ യാന്ത്രികമായി ചലിച്ചുകൊണ്ടിരിക്കുന്നു. അറിയാത്ത വഴികളിലൂടെ പോകുന്നു, ദൂരങ്ങൾ പിന്നിടുന്നു, ഇടത്തേക്കും വലത്തേക്കും തിരിയുന്നു. ഒരു വലിയ ഡ്രംബീറ്റിനു കാതോർത്തുകൊണ്ട്‌ ചുവടുകൾ അലഞ്ഞുകൊണ്ടേയിരിക്കുകയാണ്‌.

കട്ടിലുകൾക്ക്‌ പിന്നിൽ നിരനിരയായി അനേകമനേകം ഇരുമ്പുപെട്ടികളാണ്‌- പഴയ ട്രങ്കുകൾ. ഒരു താഴുകൊണ്ടും ബന്ധിക്കപ്പെടാതെ, തുറന്ന പുസ്തകങ്ങൾ പോലെ കിടക്കുന്ന പെട്ടികളിലൊന്ന് എന്റേതാണ്‌. ആർക്കു വേണമെങ്കിലും ഒരു എമർജൻസിയിൽ ഉള്ളിലടങ്ങിയിരിക്കുന്ന ജംഗമങ്ങൾ ഉപയോഗിക്കാൻ പാകത്തിൽ ഒരു പൊതുമുതലായിത്തീർന്നിരിക്കുന്നു, അത്‌. അടിവശം പൊളിയാറായ ബൂട്ടുകൾ, ഉറക്കുത്തുകൾ വീണ ലാത്തി, മങ്ങിയ പച്ചനിറത്തിലെ പെയിന്റടർന്നു തുടങ്ങിയ ഹെൽമറ്റ്‌, മുഷിഞ്ഞ ബെൽറ്റ്‌, ഉണങ്ങിപ്പിടിച്ച പോളിഷുള്ള ചെറിയ തകരടിൻ, നാരുകൾ തേഞ്ഞു തീർന്ന ബ്രഷ്‌... ഇത്രയുമാണ്‌ പെട്ടിക്കുള്ളിലെ വസ്തുക്കൾ. ഒരു ജോഡി വൂളൻ സോക്സുമുണ്ട്‌.

തുരുമ്പിന്റെ മേലാവരണമുള്ള പെട്ടിയുടെ കൊളുത്തിൽ തൊട്ടപ്പോൾ തന്നെ എന്തോ ഒന്നനങ്ങി. പെട്ടി ഒന്നു വിറച്ചോ? എന്താണത്‌....?

വിരലുകൾ മരവിച്ചു നിൽക്കേ, പെട്ടി വീണ്ടുമനങ്ങി. നടുക്കം കൈവിരലുകളിൽ നിന്ന് കാലുകളിലേക്ക്‌ പടർന്നത്‌ പെട്ടെന്നാണ്‌. തുറന്നുകിടന്നിരുന്ന നേരത്ത്‌ എന്തോ പെട്ടിക്കുള്ളിൽ കയറിപ്പറ്റിയിട്ടുണ്ട്‌. ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി. ആരെങ്കിലും ഒന്നിങ്ങോട്ടു കടന്നുവന്നിരുന്നെങ്കിൽ എന്നോർത്തുപോയി. കടുംനീലനിറമുള്ള ഇരുമ്പുകട്ടിലിനടിയിലായി ഒരു കെയ്‌ൻ കിടന്നിരുന്നത്‌ അപ്പോഴാണ്‌ കണ്ണുകൾ കണ്ടുപിടിച്ചത്‌. മെല്ലെ കുനിഞ്ഞെടുത്ത്‌, അതിന്റെ ഒരഗ്രം കൊണ്ട്‌ പെട്ടിയുടെ മൂടി പതുക്കെ ഉയർത്തി.

ശ്‌ ....ശ്‌ ...

വിചിത്രശബ്ദത്തോടെ ബൂട്ടുകൾക്കിടയിൽ നിന്ന് പൊടുന്നനെ ഉഗ്രമൂർത്തി ഫണമുയർത്തി. ഞെട്ടലിൽ, പിന്നിലേക്ക്‌ വേച്ചുപോകാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടിയുടെ മൂടി ഒച്ചയുണ്ടാക്കിക്കൊണ്ട്‌ അടഞ്ഞു. ഗാർഡിൽ പോയി വിവരമറിയിച്ചാലോ എന്നാലോചിച്ചുവെങ്കിലും വേണ്ടെന്നുറപ്പിച്ചു. കാരണം, അപകടകാരിയെങ്കിലും അറിയാതെ വന്നുപെട്ട ഈ അതിഥിയുടെ ജീവിതം ഇവിടം കൊണ്ടവസാനിപ്പിക്കുവാൻ എന്തുകൊണ്ടോ ഞാനാഗ്രഹിച്ചില്ല.

കെയ്‌ൻ കൊണ്ടുതന്നെ വീണ്ടും മേൽമൂടി സാവധാനത്തിൽ ഉയർത്തി. ഇക്കുറി അതിന്‌ എന്നെ ഭയപ്പെടുത്താനായില്ല. കറുപ്പുനിറത്തിൽ സ്വർണ്ണവർണ്ണം വിലയിച്ചുകിടക്കുന്നു. വിടർന്നു നിൽക്കുന്ന ഫണത്തിന്‌ ഒത്തനടുവിലായി ആ മായാമുദ്ര. കെയ്‌ൻ വട്ടത്തിലൊന്നു ചുഴറ്റിയപ്പോൾ നാവിൻതുമ്പുകൾ വിറപ്പിച്ചുകൊണ്ട്‌ വേഗത്തിൽ മുന്നോട്ടാഞ്ഞു. പ്രകോപിക്കപ്പെട്ടാൽ, അടുത്ത നീക്കമെന്തായിരിക്കുമെന്ന് ഗണിക്കാനാവില്ല.

ചലിച്ചുകൊണ്ടിരിക്കുന്ന നാവിനിടയിലൂടെ വിഷപ്പല്ലുകൾ ഒരുനോട്ടം കണ്ടു.

കാവിന്റെ പിന്നിലുള്ള പഴയവീട്ടിൽ വാടകയ്ക്ക്‌ താമസിക്കുകയായിരുന്നു അന്ന്. കാവിനുള്ളിൽ നിറയെ നാഗങ്ങളായിരുന്നു. രാപകലെന്നില്ലാതെ നടവഴികളിലെല്ലാം അവ സ്വൈരവിഹാരം നടത്തുന്നത്‌ കണ്ടിട്ടുണ്ട്‌. വരാന്തയിലേക്കും വീടിനുള്ളിലേക്കും അവ ചിലപ്പോൾ കടന്നുവന്നു. അവൾക്ക്‌ പക്ഷേ, വലിയ ഭയമായിരുന്നു. ദിനവും മുടങ്ങാതെ കാവിൽ വിളക്കുവെച്ചു. വെളുത്തുള്ളി മണക്കുന്ന രാവുകളിൽ ഭയന്നുവിറച്ച്‌ കിടക്കയിൽ എന്നെ ചുറ്റിപ്പിടിച്ചിരുന്ന് വെളുപ്പിച്ച എത്ര രാവുകൾ..? കുഞ്ഞുശാരി ഉണ്ടായതിൽപ്പിന്നെ അവൾ മനസ്സു കൈവിട്ടുപോകുന്ന അവസ്ഥയിലേക്കെത്തിയിരുന്നതായി പലപ്പോഴും തോന്നിയിരുന്നു. ഈ വീട്ടിൽ നിന്ന് മറ്റെവിടേക്കെങ്കിലും നമുക്കുപോകാം എന്നുള്ള വിലാപം ഞാൻ കേട്ടതേയില്ലല്ലോ. ഒടുവിൽ, നീലിച്ച കൈകൾക്കുള്ളിൽ കുഞ്ഞിനെ അവൾ സുരക്ഷിതമാക്കിവെച്ചു.

ഇന്നിപ്പോൾ ഇതെന്റെ ഊഴമായിരിക്കും. എനിക്കായി മാത്രമുള്ള സമ്മാനമാണ്‌ ഇവിടെ ഈ ഇരുമ്പുപെട്ടിക്കുള്ളിൽ കാത്തിരിക്കുന്നത്‌. തീർച്ചയായും പ്രിയപ്പെട്ടവളെ... മനസ്സു പൊട്ടിത്തകർന്നു പോകാതിരിക്കാൻ എനിക്കു നിന്റെ അടുത്തേക്ക്‌ വരേണ്ടതുണ്ട്‌. ഇത്രനാളും ഞാൻ ഇതിനായി പ്രതീക്ഷിക്കുകയായിരുന്നു.

ഏതോ ഉൾപ്രേരണയാൽ, വിവേചിച്ചറിയാനാകാത്ത ഏതോ വിചിത്രമായ ഉണർവ്വിനാൽ കണ്ണുകൾ മുറുകെയടച്ചുകൊണ്ട്‌, കെയ്‌ൻ താഴേക്കിട്ട്‌ ഞാൻ രണ്ടുകൈകളും നീട്ടിപ്പിടിച്ചു. വരൂ, എന്നെ തൊടൂ... നാവിൻതുമ്പുകൊണ്ട്‌, കുരുന്നുപല്ലുകൾ കൊണ്ട്‌.... ഈ നിമിഷം എന്നെ വെള്ളിച്ചിറകുകളുള്ള നീലത്തുമ്പിയാക്കൂ...

വഴുക്കുന്ന ഒരു സ്പർശനത്തിനു കാത്തുകൊണ്ട്‌ ഏറെനേരം നിന്നു. 'അച്ഛാ...' കുഞ്ഞുശാരി വന്നു വിരലിൽ തൊട്ടു. അവളുടെ അമ്മ, എന്റെ ചെവിക്കു പിന്നിലായി മൃദുവായി ചുംബിച്ചു.

കണ്ണുതുറന്നപ്പോൾ പെട്ടിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങുകയായി. പുളയുന്ന വെളിച്ചം പെട്ടിയുടെ വശങ്ങളിലൂടെ, പൊടിയിൽ കനത്ത വരകൾ തീർത്തുകൊണ്ട്‌ ഭിത്തിയിലൂടെ ഉയർന്ന്, തുറന്ന ജനാലയുടെ താഴ്‌ന്ന പടികളിലൂടെ വരാന്തയിലേക്കിറങ്ങി, മഴവെള്ളസംഭരണിയുടെ അരികുകൾപറ്റി കാഴ്ചയിൽ നിന്ന് പതുക്കെപ്പതുക്കെ മറയുന്നു. അധിനിവേശത്തിന്റെ കാലം മുതൽ ഇഴഞ്ഞുതുടങ്ങിയ ഒരു ദു:സ്വപ്നം അതാ... കാണാമറയത്തേക്ക്‌ പോകുന്നു.

മാറ്റത്തിന്റെ കാഹളമെന്നു തോന്നിപ്പിക്കുന്ന ഒരു ബ്യൂഗിൾധ്വനി അകലെയെവിടെയോ നിന്നുയർന്നു വരുന്നത്‌ ഉൾക്കാതുകൾ അറിഞ്ഞു. അസാധാരണമായ ഈണത്തിലുള്ള ആ നേർത്തവീചികൾ അലയടിച്ചുകൊണ്ടിരിക്കുമ്പോൾ വെയിൽ ചായാൻ തുടങ്ങിയിരുന്നു.

പെട്ടിക്കുള്ളിൽ നിന്ന് അതിഥി ഒഴിഞ്ഞുപോയിരിക്കുന്നു. അതിനോടൊപ്പം ആനേരം വരെ ഹൃദയത്തിനുള്ളിൽ അസ്വസ്ഥതകൾ പെരുക്കിക്കൊണ്ടിരുന്ന ഒരു ഭാരം കൂടി വിട്ടൊഴിഞ്ഞിരിക്കുന്നു. തടാകം പോലെ ശാന്തമായ മനസ്സുമായി പെട്ടിയെ സമീപിക്കുമ്പോൾ വൂളൻ സോക്സുകൾക്കിടയിൽ എന്തോ തിളങ്ങുന്നത്‌ കണ്ണിൽപ്പെട്ടു. സോക്സുകൾ നീക്കിയപ്പോൾ വിസ്മയിച്ചുപോയി - തിളങ്ങുന്ന സുന്ദരമായ ഒരു മുട്ട !

ഭയാനകമായ ഒരു മൗനത്തിലാണ്‌ കിടന്നിരുന്നതെങ്കിലും, അത്‌ പകലിന്റെ പ്രകാശം പുറപ്പെടുവിച്ചു. ജീവനും മരണവും ഒരേപോലെ ധ്യാനത്തിലിരിക്കുന്ന, എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന ഒരു 'ഷെൽ'! ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാളായ ഒരു നീതിപാലകന്റെ മനസ്സ്‌, പ്രോട്ടോക്കോൾ മറന്നുകൊണ്ട്‌, ഔദ്യോഗികമുദ്രകളൊന്നുമില്ലാതെ സല്യൂട്ട്‌ ചെയ്തുനിൽക്കുമ്പോൾ ഒരു കാറ്റ്‌ ജനാല വഴി ഓടിയെത്തി മുഖത്തു തൊട്ടു. മരങ്ങളുടെ, ഇലകളുടെ ചലിക്കുന്ന നിഴലുകൾ മണൽത്തരികളുമായി വിരലുകൾ കോർത്തു.

    
O

PHONE : 9446110023Monday, March 14, 2011

കോട്ടയം-കൊല്ലം പാസ്സഞ്ചര്‍


ഇടക്കുളങ്ങര ഗോപന്‍പ്ലാറ്റ്ഫോമില്‍ നിന്നും വണ്ടിനീങ്ങുമ്പോള്‍ 
പതുങ്ങി പിന്നാലെ കൂടുന്നു
ഈറന്‍ പുതച്ചൊരു നിലാവെളിച്ചം.
കമ്പാര്‍ട്ട്മെന്‍റിന്‍റെ ഇടനാഴിയില്‍,
സാന്ധ്യശോഭ ഞെട്ടറ്റുവീഴുമ്പോള്‍
കാറ്റുചൂടിയ ജമന്തിപ്പൂമണം 
തൊട്ടുനോക്കുന്നു,ഹൃദയപക്ഷത്തില്‍.


വിശുദ്ധരുടെ വീഞ്ഞുപാത്രത്തില്‍
പ്രതിബിംബിച്ച തലതിരിഞ്ഞ-
ച്ഛായാചിത്രങ്ങള്‍ പോലെ യാത്രക്കാര്‍.
നിശബ്ദയാമത്തില്‍ വിലാപഗാനം പോലെ,
നിരങ്ങിനീങ്ങുമ്പോള്‍,
ഓരോ കമ്പാര്‍ട്ട്മെന്‍റും ഓരോ കുമ്പസാരക്കൂടുകള്‍.
മനസ്സിലെ തിരുമുറ്റത്ത്
മയങ്ങിവീണ പ്രതീക്ഷകളില്‍
ആരുടേയും മുഖം തെളിയുന്നില്ല.


ചുരങ്ങള്‍ താണ്ടി തെക്കോട്ടോടുമ്പോള്‍
ചിങ്ങവനത്തെ കഠോരശബ്ദങ്ങള്‍
ഉറക്കം കെടുത്തിയ സര്‍ക്കാര്‍ഗുമസ്തന്‍,
കണ്‍കോണില്‍ കൊളുത്തിവെച്ച പരിഭ്രമംകെടുത്തി,
കാലുനീട്ടിയിരിക്കുന്ന സര്‍വ്വേസൂപ്രണ്ടിനെ
ഒളിഞ്ഞുനോക്കുമ്പോള്‍,
പണ്ട് മറന്നുവെച്ചതൊക്കെ
പൊടിതട്ടിയെടുത്തു.


ചെങ്ങന്നൂരില്‍ ക്രോസ്സിംഗിനായി പിടിച്ചിടുമ്പോള്‍,
കുഞ്ഞിനെ ഇട്ടെറിഞ്ഞോടിപ്പോന്നൊരമ്മയ്ക്ക്
മുലകഴയ്ക്കുന്നു,പാലൂട്ടുവാന്‍.
ചിറകില്ലാത്തതിന്‍റെ കുറവില്‍,
വൈവശ്യം കുഴച്ച്, മനസ്സില്‍ ശപിക്കുന്നുണ്ട്;
റെയില്‍വേ ടൈംടേബിളിനെ.ഗോതമ്പു ചീഞ്ഞ ഗന്ധത്തില്‍
മൂക്കുടക്കുമ്പോള്‍,
'ദരിദ്രന്‍റെ രഥം' ചവച്ചുതുപ്പുന്നു പാളങ്ങള്‍.
ദുരിതകേദാരമൊഴിഞ്ഞെന്ന് ചിലര്‍.
മുറുമുറുപ്പുകള്‍ക്കിടയിലൂടൊരു ചകിതവേഗം
കടന്നുപോകുമ്പോള്‍; ഇറങ്ങുക വേഗമിവിടെ -
ജീവിതം വഴിതിരിയുന്നു.
അടുത്തയാത്രയ്ക്ക് നിതാന്തജാഗ്രത
ഉയര്‍ത്തിക്കെട്ടുന്നു മനസ്സിലുള്‍വിളി.    
          
 O                                ഫോണ്‍ : 9447479905
 PHOTO - NIDHISH  

Saturday, March 5, 2011

ECHO !

ഡോ.ആര്‍.ഭദ്രന്‍
സംസ്കാരജാലകം  
                                    4


 

വൈദ്യുതിചാര്‍ജ്ജുള്ള ആഖ്യാനം ജീവിതത്തെ തിരിച്ചുവിളിച്ചു 
കൊണ്ടുവരുന്ന കഥ. 'പൂച്ചിമാ' - സുസ്മേഷ് ചന്ദ്രോത്ത്
( 2011 ജനുവരി 2 - 8 മാതൃഭൂമി ആഴ്ചപ്പതിപ്പ് ) 

  

സുസ്മേഷ് ചന്ദ്രോത്ത്   


                 ഖ്യാനം  ജൈവമായ ഒരു ഒഴുക്ക് സൃഷ്ടിച്ച്,ചെറുകഥയുടെ ശില്‍പം നിര്‍മ്മിച്ചെടുക്കുന്ന കാഴ്ച 'പൂച്ചിമാ' യില്‍ ഉണ്ട്. അത് ഉജ്ജ്വലമായ തരംഗലീല പോലെ ചെറുകഥാശില്പത്തെ ചലനാത്മകമാക്കുന്നു.

നാം സമൂഹത്തിലെമ്പാടും കാണുന്ന ചെറിയ വലിയ മനുഷ്യരുണ്ട്‌. അവരുടെ മഹത്വം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. അതുകൊണ്ട് എഴുത്തിന്‍റെ കലാകാരന്‍ ജാഗ്രതയോടെ അവിടെ ഇടപെടണം. ആ ഇടപെടലും അതിന്‍റെ ആഘോഷവുമാണ് ആത്യന്തികമായി 'പൂച്ചിമാ' എന്ന കഥ. സുസ്മേഷ് എപ്പോഴും വ്യത്യസ്തമായ ആഖ്യാനവും പ്രമേയവുമായി കഥയില്‍ പെരുമാറുന്നു. അങ്ങനെ സുസ്മേഷ്,കഥയുടെ മുന്‍തലമുറയിലെ പലര്‍ക്കും ഗുരുവാകുന്നു; ചെറുകഥാമാധ്യമത്തിന്‍റെ മഹത്വം ആഘോഷിക്കുന്നവരുടെയും. ഫെമിനിസത്തിന്‍റെ അവകാശവാദം കഥ ഉന്നയിക്കുണ്ട്. ഈ കഥ മനശാസ്ത്ര സൗന്ദര്യത്തില്‍ വായിച്ചെടുക്കുമ്പോഴെ പൂര്‍ണ്ണമാകൂ.അങ്ങനെ 'പൂച്ചിമാ' അടുത്തകാലത്തിറങ്ങിയ നല്ല കഥയുടെ ശേഖരങ്ങളിലേക്കു മടങ്ങുന്നു. കാളിദാസന്‍റെയും കുമാരനാശാന്‍റെയും തോഴീപാരമ്പര്യത്തെ അട്ടിമറിക്കുന്ന കഥ കൂടിയാണിത്. ശാകുന്തളം, ലീല തുടങ്ങിയ കാവ്യങ്ങള്‍ നായികമാരെ ഗ്രന്ഥനാമമാക്കുമ്പോള്‍ 'പൂച്ചിമാ' ഒരു വേലക്കാരിയുടെ പേര് ഗ്രന്ഥനാമമാക്കുന്നു. അവിടെത്തന്നെ നിലപാടിന്‍റെ വ്യത്യാസം സൗന്ദര്യമായി  ജ്വലിക്കുന്നു. ഇത് ഉത്തരാധുനികസാഹിത്യത്തിന്‍റെ നന്മ കൂടിയാണ്. ബി.മുരളിയുടെ 'കാതിലോല'യിലെ ഉപഭോഗമുതലാളിത്തത്തിന്‍റെ കാലത്തെ കാമുകന്‍ കാമുകിയുടെ സഖിയിലേക്ക് പ്രണയത്തിന്‍റെ ചാല് തിരിച്ചുവിടുന്നതു കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴേ 'പൂച്ചിമാ'യുടെ സമകാലികത പൂര്‍ണ്ണമാകൂ. എ.അയ്യപ്പന്‍റെ കവിത എ.അയ്യപ്പന്‍


                അയ്യപ്പന്‍ 'ഭാഷാപോഷിണി' യ്ക്ക് അവസാനം അയച്ച കവിത 'രുചിപരിണാമ' മാണ്. ( നവംബര്‍ 2010 ഭാഷാപോഷിണി ) അയ്യപ്പന്‍റെ കവിതയുടെ വീറും ചന്തവും ഈ കവിതയിലുമുണ്ട്. 'രുചിപരിണാമ'ത്തില്‍ കാലത്തിന്‍റെ കെടുതികള്‍ അവിടവിടെ മിന്നലുകളിട്ടു പാഞ്ഞുപോയിരിക്കുന്നു. കല്പനകളുടെ വൈരുദ്ധ്യം സൃഷ്ടിച്ച് കവിതയിലേക്ക് സത്യത്തെ കള്ളക്കടത്തുനടത്തി കുബേരനായി തീര്‍ന്ന കലാകാരനാണ് അയ്യപ്പന്‍ എന്ന് ഈ കവിതയും സാക്ഷ്യം പറയും.ഭൌതികമായ ചിഹ്നങ്ങളില്‍ ദുരഭിമാനികളായി നടക്കുന്നവര്‍ക്ക്, ജീവിതത്തിന്‍റെ ഏറ്റവും വലിയ വേദാന്തത്തില്‍ ( മരണം ) വെച്ച് ഒരാഘാതം കൊടുത്ത് കൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. സത്യത്തിന്‍റെ ഓരം ചേര്‍ന്നു നടക്കുന്ന ജീവിതമേ ജീവിതമാകുകയുള്ളൂ എന്ന ധ്വനി 'രുചിപരിണാമ'ത്തില്‍ നിന്നും ഉയരുന്നത് കേള്‍ക്കാതിരിക്കരുതേ.


ഇത് ചിതയിലേക്ക് വലിച്ചെറിയണം 
അമ്മയുടെ ശവദാഹത്തിന്
ചുടുകാട്ടില്‍ പോകുമ്പോള്‍ 
എന്തിനാണ് മൊബൈലും ?

എല്ലാ പുരസ്കാരങ്ങളെയും നിത്യമായി അപ്രസക്തമാക്കുന്ന ഒരു പ്രതിഭ നമ്മോടൊപ്പമുണ്ടായിരുന്നു എന്ന സത്യം ചരിത്രം നാളെ ഒരു പക്ഷെ വിളിച്ചു കൂവിയേക്കാം!പരസ്യം ഹൃദ്യമാകുന്നത് .....


പരസ്യം സമൂഹത്തിന്‌ കെണിയാകുന്ന കച്ചവടമുതലാളിത്തത്തിന്‍റെ  ഇക്കാലത്ത് പരസ്യം ഹൃദ്യമാകുന്ന ഒരു സന്ദര്‍ഭമേ ശ്രദ്ധയില്‍ വന്നിട്ടുള്ളു. അത് മുത്തുറ്റ് ബാങ്കേഴ്സിന്‍റെ ഒരു പരസ്യമാണ്.

പണത്തിന് ആവശ്യം
ആവശ്യത്തിന് പണം

മുത്തുറ്റ് ബാങ്കിന്‍റെ ഗുണദോഷങ്ങളെപ്പറ്റിയൊന്നും  ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. പരസ്യത്തിനു പിന്നിലെ കെണിയെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷെ ഈ പരസ്യത്തില്‍ ജീവിതം ആനന്ദപ്രദമാക്കുന്ന ഒരു ആശയം തിളങ്ങി നില്‍ക്കുന്നുണ്ട്. ഇതിനോടൊപ്പം എഡ്വേര്‍ഡ് ഗിബ്ബന്‍റെ ഒരു വാക്യം കൂടി ഹൃദിസ്ഥമാക്കി ജീവിതം വിജയിപ്പിക്കുവാന്‍ ശ്രദ്ധിക്കുക.വാക്യമിങ്ങനെ.

" തീര്‍ച്ചയായും ഞാന്‍ ധനികനാണ്.കാരണം ചെലവിനേക്കാള്‍ അധികമാണ് എന്‍റെ വരുമാനം. ചെലവാകട്ടെ എന്‍റെ ആഗ്രഹങ്ങള്‍ക്ക് തുല്യവും".
 പോരെങ്കില്‍ 'ഒഥല്ലോ' യിലെ ഇയാഗോയുടെ ഒരു സംഭാഷണം കൂടി കേട്ടുകൊള്ളുക. "ദരിദ്രനാണെങ്കിലും തൃപ്തനാണെങ്കില്‍ വേണ്ടത്ര ധനികനുമാണ്".
ഇയാഗോയുടെ ഒരു വാക്യം കൂടി കാണാതെ പഠിച്ചുകൊള്ളുക.
"ജീവിതത്തിന്‍റെ തുലാസ്സില്‍ ഭോഗാസക്തിയുടെ തട്ടിനെ സന്തുലിതമാക്കാന്‍ വിവേകത്തിന്‍റെ തട്ടില്ലാതെ പോയാല്‍ മോഹാസക്തിയും പ്രകൃതത്തിന്‍റെ അധമവശവും ചേര്‍ന്ന് തലകീഴായ കലാശങ്ങളില്‍ കൊണ്ടെത്തിക്കും." 
ഇതെല്ലാം ഇയാഗോയുടെ വാക്കുകളാണ്. ഈ വാക്കുകള്‍ നമുക്ക് പിന്തുടരാം; നമ്മളിലെ ഇയാഗോയെ നശിപ്പിച്ചുകൊണ്ട്. 

 ജി. സുധാകരന്‍  

ജി. സുധാകരന്‍


( 2010  ജനുവരി 7 വെള്ളി ) ജന്മഭൂമി പത്രത്തിലെ 'സുധാകരന്‍ നയിക്കട്ടെ' എന്ന പേരില്‍ ആര്‍.പ്രദീപ്‌ എഴുതിയ ലേഖനം ചിന്തോദ്ദീപകമായിരുന്നു. സത്യസന്ധതയാല്‍ താനെ തിളങ്ങുന്നതായിരുന്നു. ഇത്തരത്തില്‍ ഒരു ലേഖനം 'ജന്മഭൂമി'യില്‍ പ്രസിദ്ധീകരിച്ചുവന്നു എന്നത് ഏറെ ശ്രദ്ധേയം. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ ഇന്ത്യന്‍ ഭരണചരിത്രത്തില്‍ തന്നെ ഒന്നാമതാണ്. വി.എസ്. മന്ത്രിസഭയിലെ പലരെക്കുറിച്ചും എഴുതാനുണ്ട്. ഇപ്പോള്‍ ജി.സുധാകരനെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിക്കട്ടെ. 

സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ദീര്‍ഘവീക്ഷണത്തോടും സാംസ്കാരികമായ ഉത്തരവാദിത്വത്തത്തോടും കൂടി ജി.സുധാകരന്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഒരു സാംസ്കാരികപ്രസ്ഥാനത്തെയാണ്‌ ജി.സുധാകരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്പ്പിച്ചത്. കേരളത്തിലെ അക്ഷരസ്നേഹികളും സാംസ്കാരികമനസ്സുള്ളവരും ഒരിക്കലും ജി.സുധാകരനെ വിസ്മരിക്കുകയില്ല. എം.പി.പോളിനെയും,വൈക്കം മുഹമ്മദ്‌ ബഷീറിനെയും,കാരൂരിനെയും, തകഴിയെയും പോലുള്ള സാഹിത്യകാരന്മാരുടെ  സ്വപ്നമാണ് ജി.സുധാകരന്‍ സാക്ഷാത്കരിച്ചത്. എസ്.പി.സി.എസി ന്‍റെ കടം ഏകദേശമായി തീര്‍ത്തുകൊണ്ടിരിക്കുന്നു.
എന്‍.ബി.എസി ന്‍റെ ഷോറൂമുകള്‍ നവീകരിച്ചു. ഉജ്ജ്വലമായ ഒരു ആസ്ഥാനമന്ദിരം കോട്ടയത്ത് പണികഴിപ്പിച്ചു. പുതിയ നല്ല പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എഴുത്തുകാര്‍ക്ക് അഡ്വാന്‍സ് റോയല്‍റ്റി നല്‍കുവാനും തുടങ്ങിയിരിക്കുന്നു. നിരാശയുടെയും നിരാലംബതയുടെയും പടുകുഴിയിലേക്ക് വീണ എസ്.പി.സി.എസിലെ തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കുന്നു. ശമ്പളം പരിഷ്കരിച്ച് മറ്റു സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ എസ്.പി.സി.എസിലെ ജീവനക്കാരുടെ കുടുംബത്തില്‍ ഇനിയും ഐശ്വര്യം നിറയട്ടെ. എസ്.പി.സി.എസിനെ തകര്‍ത്തവരെ സാംസ്കാരിക കേരളത്തിന് നന്നേ തിരിച്ചറിയാം. സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തെ ഈ നിലയിലേക്ക് വളര്‍ത്തിയെടുത്ത ജി.സുധാകരനോടുള്ള കടപ്പാട് തീര്‍ത്താലും തീരാത്തതാണ്.ജി.സുധാകരന്‍റെ കാല്‍പ്പാദത്തില്‍ 'സംസ്കാരജാലകം' എല്ലാ പ്രണാമങ്ങളും അര്‍പ്പിക്കുന്നു.

ഫാത്തിമാ ഷഹനാസിന്‍റെ കവിത

ഫാത്തിമാ ഷഹനാസ്
ഈ വര്‍ഷത്തെ സ്കൂള്‍കലോത്സവത്തില്‍ കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ  ഗ്രേഡും' നേടിയത് ഷഹനാസാണ്. മലപ്പുറം തിരുക്കാട് എ.എം.എച്ച്.എസ്. വിദ്യാര്‍ഥിനിയാണ് ഫാത്തിമാ ഷഹനാസ്. 'ഭൂമിയുടെ വിലാപം' എന്നതായിരുന്നു കവിതയുടെ വിഷയം. ഷഹനാസ് എഴുതിയ കവിതയുടെ പേര് 'പുതിയരോഗി' എന്നായിരുന്നു. ഇന്ന് മലയാള കവിതാരംഗത്ത് നില്‍ക്കുന്ന യുവതി / യുവാക്കളും മുതിര്‍ന്ന തലമുറയില്‍ പെട്ടവരും വായിച്ചിരിക്കേണ്ട കവിതയാണിത്.നമ്മുടെ കവിതാലോകത്തിന് ഭാവിയില്ല എന്നും  കവിതയുടെ കൂമ്പടഞ്ഞു എന്നും വാദിക്കുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ കവിത. കവിത ഇങ്ങനെയാണ് തുടങ്ങുന്നത്. 

ഹോസ്പിറ്റലില്‍ പുതിയൊ-
രഡ്മിറ്റുണ്ടത്രേ
പേര് ഭൂമിയെന്നാണുപോലും !

തുടര്‍ന്ന് കവിത ഓരോവരിയിലും സൗമ്യമായ പ്രകമ്പനം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കൃത്യമായ പദപ്രയോഗങ്ങള്‍. പദങ്ങള്‍ ആശയത്തെ വായനക്കാരന്‍റെ  മനസ്സില്‍ തിളക്കിയിട്ടേ ഓടി മറയുന്നുള്ളൂ. സമകാലീന മനുഷ്യന്‍ ഭൂമിയെ പീഡിപ്പിക്കുന്നതിന്‍റെ കൃത്യംകൃത്യമായ ആവിഷ്കാരങ്ങള്‍. മലയാളം കണ്ട ഒന്നാംതരമൊരു പാരിസ്ഥിതിക കവിത. അതത്രേ 'പുതിയരോഗി'. കുറ്റമറ്റ കവിത. ഒരു പത്താംക്ലാസ് വിദ്യാര്‍ഥിനി എഴുതിയതാണോ എന്ന് നമ്മെ അന്ധാളിപ്പിക്കുന്ന കവിത. എഴുതപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്ന് കവിത നിര്‍മ്മിച്ചെടുക്കുന്ന വൈഭവം അത്ഭുതകരം തന്നെ.പ്രമേയപരിചരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒരു മുതിര്‍ന്നകവിയുടെ കരകൌശലം. ഒരു പക്ഷെ ഒ.എന്‍.വി.യുടെ 'ഭൂമിയ്ക്ക് ഒരു ചരമഗീത'വുമായിപ്പോലും മത്സരിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കവിത എന്ന് രണ്ടാമത് ഒന്നാലോചിക്കാതെ പറയാം. ചില വരികള്‍ കേട്ടുകൊള്ളുക. ഒരു രോഗിയായി ഹോസ്പിറ്റലിലേക്ക് വരുന്ന ഭൂമിയുടെ ചിത്രം. 

"കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
രാവിലെതന്നെ കണ്ടതാണ്.
മങ്ങിയ പച്ചനിറമുള്ള ചേല
പഴയമട്ടിലാണ് ഉടുത്തിരുന്നത്.
ശരീരം മുഴുവന്‍ മുറിവുകളാണ് 
മുഖത്തു 'നിള' പോലുള്ള കണ്ണീര്‍പാടും 
ഫ്ലാറ്റുപോലെ കൈകാലുകള്‍ 
ഇലക്ട്രിക് കമ്പിപോലുള്ള മുടിയും."
ഒരു മോഹനകൃഷ്ണന്‍ കാലടി ടച്ച് കവിതയ്ക്കുണ്ടെന്ന് പറയാം.കവിത എല്ലാവരും തേടിപ്പിടിച്ചു വായിക്കണേ.
മലയാളനിരൂപണത്തിലെ പുതുനാമ്പുകള്‍ 
മലയാളനിരൂപണത്തിലെ പുതുനാമ്പുകളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തേണ്ട ചുമതല മലയാളത്തിന്‍റെ മെറ്റാക്രിട്ടിസിസം ഏറ്റെടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സ്നേഹശത്രുതാബന്ധങ്ങളും ഈ മെറ്റാക്രിട്ടിസിസത്തെ അപകടപ്പെടുത്താന്‍ പാടില്ല. യാഥാര്‍ത്യബോധത്തോടെ ഗുണപക്ഷപാതിത്വത്തോടെ, നിശിതകാഴ്ചയോടെ ആവണം ഈ മെറ്റാക്രിട്ടിസിസം മലയാളത്തില്‍ സമ്പന്നമാകേണ്ടത്. ഇങ്ങനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് പി.കെ.രാജശേഖരനും സുനില്‍.പി.ഇളയിടവും മോശമാണെന്നും മലയാള നിരൂപണത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും എം.കെ.ഹരികുമാറിന്
( കലാകൌമുദി ജനുവരി 30, 2010, അക്ഷരജാലകം ) പറയേണ്ടിവരുന്നത്.


ഡോ.എം.എസ്.പോള്‍ മലയാളനിരൂപണത്തില്‍ അടയാളപ്പെട്ടുതുടങ്ങിയ നിരൂപകനാണ്. മലയാളനിരൂപണത്തിന്‍റെ പുതുനാമ്പുകളില്‍ ഒന്ന്. അദ്ദേഹത്തിന്‍റെ 'ഉത്തരാധുനികകവിത ഒരു പഠനം' എന്ന വിമര്‍ശനഗ്രന്ഥം പുറത്തു വന്നുകഴിഞ്ഞു ( റെയിന്‍ബോ ബുക്സ് ). ഉത്തരാധുനിക മലയാളനിരൂപണത്തെക്കുറിച്ച് മുമ്പുണ്ടായിട്ടുള്ള പഠനഗ്രന്ഥങ്ങള്‍ക്ക് കൃതി ഒരു ബദലായി തീര്‍ന്നിട്ടുണ്ട്. ( വിശദമായ നിരീക്ഷണങ്ങള്‍ പിന്നീട് ) കെ.ടി.മുഹമ്മദിന്‍റെ നാടകങ്ങളെക്കുറിച്ചുള്ള ഒരു സമഗ്രപഠനവും ( കേരള സാഹിത്യഅക്കാദമി,തൃശൂര്‍ ) ഉടന്‍ പ്രസിദ്ധീകൃതമാവുന്നുണ്ട്.


ഡോ.എം.എസ്.പോള്‍

ഇത് കൂടാതെ രണ്ടു ലേഖനങ്ങള്‍ കൂടി പോളിന്‍റെതായി അടുത്ത സമയത്ത് ശ്രദ്ധേയമായി തീര്‍ന്നിട്ടുണ്ട്.അതിലൊന്ന് 'രതിമൂര്‍ച്ഛ കച്ചവടക്കാരികള്‍' ആണ്. മാതൃഭൂമിയിലെ വാചകമേളയില്‍ ഈ ലേഖനത്തിലെ വാചകങ്ങള്‍ എടുത്തുചേര്‍ക്കുകയുണ്ടായി ( 2010  ഡിസംബര്‍ 4 ). ഇങ്ങനെ കേരളം ശ്രദ്ധിച്ച ഒരു നിരീക്ഷണമായിരുന്നു ഈ രചന. ഈ ലേഖനത്തില്‍ നമ്മുടെ മുഖ്യധാരാവാരികകളെ ശ്രദ്ധാപൂര്‍വ്വം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ എം.എസ്.പോളിനു കഴിഞ്ഞു  എന്നത് പ്രശംസനീയമാണ്.  നമ്മുടെ ചില മുഖ്യധാരാ വാരികകള്‍ക്ക് അപകടകരമായ ഹിഡന്‍ അജന്‍ഡ ഉണ്ടെന്നും ഈ അജന്‍ഡയ്ക്ക് പുറത്തുള്ളതിനെയെല്ലാം തമസ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും വായനാലോകത്ത് ധൈഷണികപൌരത്വ മുള്ളവര്‍ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് കൃത്യമായി ഐഡന്‍റിഫൈ ചെയ്യാനുള്ള രാഷ്ട്രീയപക്വത എഴുത്തില്‍ നേടി എന്നതാണ് ഈ ലേഖനത്തിന്‍റെ കരുത്തും ചന്തവും.'ഉദാരലൈംഗികതയെക്കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ സ്വത്വരാഷ്ട്രീയത്തിന്‍റെ പിന്‍ബലം നല്‍കി സ്ഥിരമായി പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. സ്ത്രീലൈംഗികതയുടെ ഉദാരതയും സ്വാതന്ത്ര്യവും ചാല് തിരിച്ചുവിട്ടു എന്ന പരിമിതി ഈ ലേഖനം നേരിടുന്നു എന്ന പരാതി  ഈ ലേഖനത്തിനെതിരെ വേണമെങ്കില്‍ ഉന്നയിക്കാവുന്നതാണ്. എങ്കിലും ശക്തമായ രാഷ്ട്രീയ അഭിവീക്ഷണത്തോടെ മലയാളത്തിലെ രതിമൂര്‍ച്ഛ  കച്ചവടക്കാരികളെ വായടപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ഈ ലേഖനത്തിന്‍റെ ശക്തിയും സൗന്ദര്യവുമായി നില്‍ക്കുന്നു. നല്ല ഗദ്യഭാഷ, അപഗ്രഥനത്തിന്‍റെ ധ്വനിസൗന്ദര്യം, ആശയങ്ങളുടെ സയുക്തികപ്രയോഗം തുടങ്ങിയവ ഈ ലേഖനത്തിനു കൂടുതല്‍ തിളക്കവും പ്രതീക്ഷയും നല്‍കുന്നു. 

നമ്മുടെ ജീവിതത്തെ നാനാപ്രകാരേണ തകര്‍ത്ത് തരിപ്പണമാക്കി സാമൂഹിക ജീവിതത്തെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്ന ഉപഭോഗമുതലാളിത്തവും അതിനെ ലജ്ജയില്ലാതെ പിന്തുണയ്ക്കുന്ന ചില മുഖ്യധാരാവാരികകളും ആണ് രതിമൂര്‍ച്ഛ കച്ചവടക്കാരികള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്തിയെടുത്താണ് ഈ ലേഖനം അതിശക്തമായ സാമൂഹികസത്യം  നിറവേറ്റുന്നതും ഈടുറ്റ ഒരു ലേഖനമായി മാറുന്നതും.... ജന്മിത്തകാലയളവില്‍ തന്നെ അപകടകരമായി നിലനിന്നിരുന്ന ഈ ലൈംഗികഅരാജകത്വത്തെ കൂടുതല്‍ അപകടകരമായി രാഷ്ട്രീയലക്ഷ്യത്തോടെ ഉപഭോഗമുതലാളിത്തം പ്രയോജനപ്പെടുത്തുന്നത് ലേഖനം സാഹിത്യചരിത്രപരമായി സഞ്ചരിച്ചു കൃത്യമായി പിടിച്ചെടുത്തിട്ടുമുണ്ട്. സ്ത്രീ ലൈംഗികതയുടെ പ്രശ്നം പോലും വരേണ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നതിന്‍റെ അപകടവും പലതരത്തില്‍  പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെ ഗുരുതരമാംവണ്ണം അവഗണിക്കുന്നുവെന്നുമുള്ള കാതലായ വിമര്‍ശനവും ഈ ലേഖനത്തിന്‍റെ സാമൂഹികതയെ ശക്തമാക്കുന്നുണ്ട്. അപ്പോഴും  ലൈംഗികതയുടെ  പുരുഷകേന്ദ്രിതസ്വഭാവത്തെ തകര്‍ക്കുക എന്ന ഉത്തരാധുനികകാലദൌത്യത്തെ അവഗണിക്കുന്നുവെന്നും അതിനു പ്രതിരോധം തീര്‍ക്കുന്നുവെന്നുമുള്ള ഈ ലേഖനത്തെക്കുറിച്ചുള്ള പരാതി സംവാദത്തിന് വിധേയമാക്കേണ്ടതാണ്. 

എം.എസ്.പോളിന്‍റെ  ശ്രദ്ധേയമായ മറ്റൊരു ലേഖനം എം.കെ.ഹരികുമാറിന്‍റെ 
'എന്‍റെ മാനിഫെസ്റ്റോ' എന്ന ഗ്രന്ഥത്തെക്കുറിച്ച് എഴുതിയ 'സ്വയം നിരാസത്തിന്‍റെ ദര്‍ശനം' എന്ന പേരിലുള്ള പുസ്തകവിചാരമാണ് 
( ഗ്രന്ഥാവലോകം ഡിസംബര്‍ 2010 ). ചര്‍ച്ച ചെയ്യാനുള്ള കരുത്തും ഉദാരതയും ഈ ലേഖനം പ്രകടിപ്പിക്കുന്നുണ്ട്. 'പുസ്തകപരിചയ'ങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന അപകടങ്ങളെ ഈ ലേഖനം അതിജീവിച്ചിട്ടുണ്ടോ എന്ന പ്രശ്നവും ഡിബേറ്റ് ചെയ്യപ്പെടേണ്ടതാണ്.  എന്തായാലും ഇതുവരെയുള്ള വിമര്‍ശനസംഭാവനകള്‍ കൊണ്ടുതന്നെ എം.എസ്.പോള്‍ മലയാളനിരൂപണത്തിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ആശംസകള്‍ ! അനുമോദനങ്ങള്‍ !  
കാര്‍ട്ടൂണ്‍ - ഹെഡ്മാഷ്


ദേശാഭിമാനി പത്രത്തിലെ കാര്‍ട്ടൂണ്‍ - ഹെഡ്മാഷ് - ചിരിയുടെയും ചിന്തയുടെയും കാര്യത്തില്‍ ഒരുപാട് മുന്നേറിയിരിക്കുന്നു. ഓരോ ദിവസത്തെ പത്രവും എടുത്ത് 'ഹെഡ് മാഷ്‌' കാണാറുണ്ട്‌; ചിരിക്കുകയും ചിന്തിക്കുകയും ചെയ്യാമല്ലോ എന്നു കരുതി. നടക്കുമെന്ന് തോന്നുന്നില്ല. ലെവല്‍ ക്രോസ് -  ഇടക്കുളങ്ങര ഗോപന്‍

ഇടക്കുളങ്ങര ഗോപന്‍

ഇനി ഒരു ബ്ലോഗ്‌ കവിതയെപ്പറ്റി. 'കേളികൊട്ട് ബ്ലോഗ്‌മാഗസിനി'ല്‍ വന്ന 'ലെവല്‍ ക്രോസ്' എന്ന കവിത. ഇടക്കുളങ്ങര ഗോപന്‍റെ കവിത പുതിയ ചാലുകള്‍ തുറക്കുന്നു എന്ന് ലോകത്തെ അറിയിക്കുന്നു. അപരിചിതമായ ദേശങ്ങളെ കവിതയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ദേശത്തെക്കുറിച്ച് പുതിയ സൗന്ദര്യവും കാഴ്ചയും സൃഷ്ടിക്കുന്നു എന്നതും ഉത്തരാധുനിക കവിതയില്‍ പരിചിതമായിക്കഴിഞ്ഞി ട്ടുണ്ട്.'ലെവല്‍ ക്രോസ്' ആകെത്തുകയില്‍ പേയ്ക്കാലത്തിന്‍റെ ദേശപ്പെരുമയോടുകൂടിയ ആവിഷ്കാരമാണ്. ദേശം, കവിതയില്‍ സൗന്ദര്യത്തിന്‍റെ ചൂട്ടു കത്തിച്ചുപിടിക്കുന്നു. ആഖ്യാനത്തിന്‍റെ സാന്ദ്രത സൃഷ്ടിച്ചാണ് കവിത സ്വന്തം ശില്പത്തെ മെനയുന്നത്. ആഖ്യാനത്തില്‍  നാടകീയതയും ഒന്നു മിന്നിമറയുന്നു. ഓരോ വരികളും ഉദ്ധരണീയമാണ്. എന്നാല്‍ അത് അസാദ്ധ്യമായതിനാല്‍ ചിലത് മാത്രം പരിചയപ്പെടുത്തുന്നു. 


കൈതമുള്ളില്‍ മേല്‍മുണ്ട്‌ 'ഉടക്കിയത്'
കുനിഞ്ഞെടുത്തതും,
താഴെ വീഴാതെ വീണല്ലോ 
രണ്ടു താഴികക്കുടങ്ങള്‍.

മണിപ്രവാളകവിതയെ പുതിയകാലം തിരുത്തിക്കുറിക്കുകയാണിവിടെ. സമകാലമലയാള കവിതയ്ക്ക് ഈ കവിതയെ അവഗണിക്കാന്‍ കഴിയില്ല; 
മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ക്ക് തമസ്കരിക്കാന്‍  കഴിയുമെങ്കിലും.  

ആശയങ്ങള്‍ 
ഗുരുവിനേക്കാള്‍ വലിയ ശിഷ്യന്‍/ശിഷ്യ - ഏതു മഹാഗുരുവും കണ്ട സ്വപ്നം.
ഏതെങ്കിലും വിദേശഭാഷയില്‍ വിദ്യ അഭ്യസിക്കണമെന്ന് ഒരു വിദ്യാഭ്യാസവിചക്ഷണനും പറഞ്ഞിട്ടില്ല. എന്നിട്ടും മലയാളിയെന്തേ ഇങ്ങനെ ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ക്ക് പിന്നാലെ പായുന്നു ? മലയാളികള്‍ അനുകരണപ്രിയരാണെന്നു പ്രസിദ്ധം. എന്നാലും ബുദ്ധിയില്ലാത്ത അനുകരണം ആശാസ്യമോ ?


2011 ഫെബ്രുവരി 21  തിങ്കളാഴ്ച ലോകമാതൃഭാഷാദിനമായിരുന്നു. ഈ ദിനാചരണത്തിലെങ്കിലും മലയാളി ഇതേക്കുറിച്ച് വീണ്ടുവിചാരം നടത്തിയിരിക്കുമോ? ശാസ്ത്രമേഖലയില്‍ ഉള്‍പ്പെടെ മികവുതെളിയിച്ച തൊണ്ണൂറുശതമാനം മലയാളികളും മാതൃഭാഷയില്‍ വിദ്യ അഭ്യസിച്ചവരായിരുന്നു എന്ന കാര്യം കൂടി മലയാളികള്‍ തിരിച്ചറിയുക.

കലയും സ്വഭാവരൂപീകരണവും കലയുടെ സ്വഭാവരൂപീകരണശക്തി അപാരമാണ്. നല്ല ചലച്ചിത്രം ഉറപ്പായും നല്ല മനുഷ്യരെ സൃഷ്ടി ക്കും. ചീത്തചലച്ചിത്രം ചീത്ത മനുഷ്യരെയും. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ കടന്നുപോകുന്ന വിവിധ കലകള്‍ പരിശോധിച്ചാല്‍ മതി അവര്‍ ആരായിത്തീരുമെന്നു മനസ്സിലാക്കാന്‍. നമ്മുടെ യുവത്വം ആകമാനം ഉപഭോഗമുതലാളിത്തത്തിന്‍റെ ഇരയായിക്കഴിഞ്ഞു. എന്നാണാവോ ഒരു മോചനം ?

പ്രസംഗത്തില്‍ നിന്ന്  2011  ജനുവരി 14  - 11.30  - ന് പത്തനംതിട്ടയില്‍ വെച്ച് ഡോ.പി.പവിത്രന്‍റെ ഒരു പ്രസംഗം കേട്ടു. മലയാളം ഐക്യവേദിയുടെ പ്രസിഡന്‍റ് എന്ന നിലയിലായിരുന്നു പ്രസംഗം. മാതൃഭാഷയാണ്‌ നല്ല വിദ്യാഭ്യാസമാധ്യമം എന്ന് സയുക്തികമായി സ്ഥാപിച്ചെടുത്ത ലളിതവും വിശ്വസനീയവുമായ പ്രസംഗം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് ചരിത്രപരവും സാമൂഹ്യവുമായ പ്രസക്തിയുണ്ട്. അത് ആത്യന്തികമായി സൗന്ദര്യാത്മകവിദ്യാഭ്യാസമായി മാറും. നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ  മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്. അപ്പോള്‍ മാത്രമേ സ്വത്വബോധമുള്ള,ചരിത്രബോധമുള്ള, രാഷ്ട്രീയബോധമുള്ള, സൗന്ദര്യബോധമുള്ള,സര്‍ഗ്ഗാത്മകതയുള്ള, അഭിമാനബോധമുള്ള, സ്നേഹമുള്ള നല്ല തലമുറയുണ്ടാകുകയുള്ളൂ. ലോകം അപകോളനീകരണത്തിലേക്കു പോകുമ്പോള്‍ മലയാളി കോളനിവത്കരണം എന്ന അടിമ മനോഭാവത്തെ സ്വീകരിക്കുന്നു... ലജ്ജാവഹം !

പോസ്റ്ററുകളില്‍ നിന്ന് പഴയ ഒരാശയം - എന്നും  പ്രസക്തിയുള്ള - പുതിയ രൂപത്തില്‍ ഒരു പോസ്റ്ററില്‍ വായിച്ചു. പോസ്റ്ററിലെ വാചകമിങ്ങനെ -  ഇന്നത്തെ ക്ലാസ്മുറി നാളത്തെ രാഷ്ട്രം - ശക്തമായി ആശയം ധ്വനിപ്പിക്കുന്ന പോസ്റ്റര്‍. ആശയം എവിടെ നിന്നുവന്നാലും  ആശയമാണ്; സ്വീകാര്യവുമാണ്. അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധയോടെ,ഉത്തരവാദിത്വത്തോടെ ഈ ആശയം മനസ്സിലേക്ക് ഏറ്റുവാങ്ങാം. 

മഞ്ഞുകാലം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 

ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്

മരണത്തിലേക്ക് കൂടി നോട്ടമുള്ള ഗ്രാമീണജീവിതത്തിന്‍റെ സൗന്ദര്യം തേടുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ 'മഞ്ഞുകാലം'. ഗ്രാമീണജീവിതവും മരണവും ഭ്രാന്തും ആത്മാവും കൂടിക്കലര്‍ന്ന് അതീത യാഥാര്‍ത്യങ്ങളെ പ്രത്യക്ഷവല്‍ക്കരിക്കുകയാണ് ഈ കഥ. മരണത്തിന്‍റെ സൗന്ദര്യം മലയാളഭാവന നിര്‍മ്മിക്കുകയാണ് 'മഞ്ഞുകാല'ത്തിലൂടെ. ബോധ - ഉപബോധ - അബോധ മനസ്സുകള്‍ക്കപ്പുറം സഞ്ചരിക്കുവാന്‍ വായനക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഈ കഥ, യാഥാര്‍ത്യത്തെ പുതിയതായി കണ്ടെത്തിത്തരികയാണ്. അസാധാരണമായ ഉള്‍ക്കാഴ്ച ജനിപ്പിക്കുന്ന ആശയത്തെ ഉള്‍വഹിക്കുന്ന ഒരു വാചകംകൂടി കഥയില്‍ നിന്ന് വായിച്ചുകൊള്ളുക. 'പ്രതിഭാശാലിക്ക് പണത്തെ വരുത്താം. പണത്തിനു പ്രതിഭാശാലിയെ വരുത്താനാവില്ല..... എം.ടി.യുടെ 'മഞ്ഞും' എം.മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും ബംഗാളിനോവലായ 'ആരോഗ്യനികേതന'വും സൂക്ഷ്മതന്ത്രികളിലൂടെ ഈ കഥയില്‍ അന്തര്‍പാഠാത്മകത ( Intertextuality ) സൃഷ്ടിക്കുന്നു. ഇത് വിശദമായി പഠനവിധേയമാക്കേണ്ടതാണ്.  

അഴിമതി    അഴി ..... മതി ജൂഡീഷ്യറിയുടെ പുറത്തുവരുന്ന അഴിമതിക്കഥകള്‍ സത്യമാണെങ്കില്‍ അത് നമ്മെ അന്ധാളിപ്പിക്കുന്നതാണ്. അവസാനരക്ഷയും സുരക്ഷിതമല്ലാതായി ത്തീരുകയാണോ ?
എന്തായാലും ന്യായാധിപന്‍മാരെക്കുറിച്ചും അവര്‍ ജീവിച്ചുതീര്‍ക്കേണ്ട ന്യായയുക്തമായ  ജീവിതത്തെക്കുറിച്ചും 'മൃച്ഛകടിക'ത്തില്‍ ഒരു ശ്ലോകമുണ്ട്. എല്ലാവരും ശ്രദ്ധയോടെ വായിച്ചുകൊള്ളുക. 


ശാസ്ത്രഞ്ജന്‍, കപടാനുസാരകുശലന്‍,
മിത്രാമിത്ര സഗോത്രഭേദരഹിതന്‍,
ചിന്തിച്ചു തീര്‍പ്പേകുവോന്‍ 
നിര്‍വീര്യര്‍ക്കുടയോന്‍ ശഠര്‍ക്കു കഠിനന്‍,
നിര്‍ല്ലോഭി,നീതിസ്ഥിതന്‍ 
നിര്‍വ്യാജം പരതത്വബദ്ധഹൃദയന്‍ 
ഭൂപാലകോപാപഹന്‍ 


ഒരു ന്യായാധിപനെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങളുമായി പൊരുത്തപ്പെട്ടുനില്‍ക്കുന്നതാണ് ഈ ആശയങ്ങള്‍ എന്നത് അത്ഭുതാവഹമായിരിക്കുന്നു. എന്തായാലും ഒരു കാര്യം അനിവാര്യമാണ്. അഴിമതിക്കാര്‍ക്ക് അഴി ... മതി !
പിന്നെ അവര്‍ അഴിമതിയിലൂടെ സമ്പാദിച്ച ധനം പിടിച്ചെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണം. ഇത്തരത്തിലുള്ള ധനത്തിന്‍റെ ചെറിയഭാഗം മതിയാവും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുപോലും.നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചു തന്നെ അഴിമതി തുടച്ചു നീക്കാവുന്നതാണ്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇനിയെന്നാണാവോ ഉണ്ടാവുക ?


                 O 

ഫോണ്‍ : 9895734218