ഡോ.ആര്‍.ഭദ്രന്‍ |
സംസ്കാരജാലകം
4
വൈദ്യുതിചാര്‍ജ്ജുള്ള ആഖ്യാനം ജീവിതത്തെ തിരിച്ചുവിളിച്ചു
കൊണ്ടുവരുന്ന കഥ. 'പൂച്ചിമാ' - സുസ്മേഷ് ചന്ദ്രോത്ത്
( 2011 ജനുവരി 2 - 8 മാതൃഭൂമി ആഴ്ചപ്പതിപ്പ് )
കൊണ്ടുവരുന്ന കഥ. 'പൂച്ചിമാ' - സുസ്മേഷ് ചന്ദ്രോത്ത്
( 2011 ജനുവരി 2 - 8 മാതൃഭൂമി ആഴ്ചപ്പതിപ്പ് )
സുസ്മേഷ് ചന്ദ്രോത്ത് |
ആഖ്യാനം ജൈവമായ ഒരു ഒഴുക്ക് സൃഷ്ടിച്ച്,ചെറുകഥയുടെ ശില്‍പം നിര്‍മ്മിച്ചെടുക്കുന്ന കാഴ്ച 'പൂച്ചിമാ' യില്‍ ഉണ്ട്. അത് ഉജ്ജ്വലമായ തരംഗലീല പോലെ ചെറുകഥാശില്പത്തെ ചലനാത്മകമാക്കുന്നു.
നാം സമൂഹത്തിലെമ്പാടും കാണുന്ന ചെറിയ വലിയ മനുഷ്യരുണ്ട്. അവരുടെ മഹത്വം ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്. അതുകൊണ്ട് എഴുത്തിന്‍റെ കലാകാരന്‍ ജാഗ്രതയോടെ അവിടെ ഇടപെടണം. ആ ഇടപെടലും അതിന്‍റെ ആഘോഷവുമാണ് ആത്യന്തികമായി 'പൂച്ചിമാ' എന്ന കഥ. സുസ്മേഷ് എപ്പോഴും വ്യത്യസ്തമായ ആഖ്യാനവും പ്രമേയവുമായി കഥയില്‍ പെരുമാറുന്നു. അങ്ങനെ സുസ്മേഷ്,കഥയുടെ മുന്‍തലമുറയിലെ പലര്‍ക്കും ഗുരുവാകുന്നു; ചെറുകഥാമാധ്യമത്തിന്‍റെ മഹത്വം ആഘോഷിക്കുന്നവരുടെയും. ഫെമിനിസത്തിന്‍റെ അവകാശവാദം കഥ ഉന്നയിക്കുണ്ട്. ഈ കഥ മനശാസ്ത്ര സൗന്ദര്യത്തില്‍ വായിച്ചെടുക്കുമ്പോഴെ പൂര്‍ണ്ണമാകൂ.അങ്ങനെ 'പൂച്ചിമാ' അടുത്തകാലത്തിറങ്ങിയ നല്ല കഥയുടെ ശേഖരങ്ങളിലേക്കു മടങ്ങുന്നു. കാളിദാസന്‍റെയും കുമാരനാശാന്‍റെയും തോഴീപാരമ്പര്യത്തെ അട്ടിമറിക്കുന്ന കഥ കൂടിയാണിത്. ശാകുന്തളം, ലീല തുടങ്ങിയ കാവ്യങ്ങള്‍ നായികമാരെ ഗ്രന്ഥനാമമാക്കുമ്പോള്‍ 'പൂച്ചിമാ' ഒരു വേലക്കാരിയുടെ പേര് ഗ്രന്ഥനാമമാക്കുന്നു. അവിടെത്തന്നെ നിലപാടിന്‍റെ വ്യത്യാസം സൗന്ദര്യമായി ജ്വലിക്കുന്നു. ഇത് ഉത്തരാധുനികസാഹിത്യത്തിന്‍റെ നന്മ കൂടിയാണ്. ബി.മുരളിയുടെ 'കാതിലോല'യിലെ ഉപഭോഗമുതലാളിത്തത്തിന്‍റെ കാലത്തെ കാമുകന്‍ കാമുകിയുടെ സഖിയിലേക്ക് പ്രണയത്തിന്‍റെ ചാല് തിരിച്ചുവിടുന്നതു കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴേ 'പൂച്ചിമാ'യുടെ സമകാലികത പൂര്‍ണ്ണമാകൂ.
എ.അയ്യപ്പന്‍റെ കവിത
എ.അയ്യപ്പന്‍ |
അയ്യപ്പന്‍ 'ഭാഷാപോഷിണി' യ്ക്ക് അവസാനം അയച്ച കവിത 'രുചിപരിണാമ' മാണ്. ( നവംബര്‍ 2010 ഭാഷാപോഷിണി ) അയ്യപ്പന്‍റെ കവിതയുടെ വീറും ചന്തവും ഈ കവിതയിലുമുണ്ട്. 'രുചിപരിണാമ'ത്തില്‍ കാലത്തിന്‍റെ കെടുതികള്‍ അവിടവിടെ മിന്നലുകളിട്ടു പാഞ്ഞുപോയിരിക്കുന്നു. കല്പനകളുടെ വൈരുദ്ധ്യം സൃഷ്ടിച്ച് കവിതയിലേക്ക് സത്യത്തെ കള്ളക്കടത്തുനടത്തി കുബേരനായി തീര്‍ന്ന കലാകാരനാണ് അയ്യപ്പന്‍ എന്ന് ഈ കവിതയും സാക്ഷ്യം പറയും.ഭൌതികമായ ചിഹ്നങ്ങളില്‍ ദുരഭിമാനികളായി നടക്കുന്നവര്‍ക്ക്, ജീവിതത്തിന്‍റെ ഏറ്റവും വലിയ വേദാന്തത്തില്‍ ( മരണം ) വെച്ച് ഒരാഘാതം കൊടുത്ത് കൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്. സത്യത്തിന്‍റെ ഓരം ചേര്‍ന്നു നടക്കുന്ന ജീവിതമേ ജീവിതമാകുകയുള്ളൂ എന്ന ധ്വനി 'രുചിപരിണാമ'ത്തില്‍ നിന്നും ഉയരുന്നത് കേള്‍ക്കാതിരിക്കരുതേ.
ഇത് ചിതയിലേക്ക് വലിച്ചെറിയണം
അമ്മയുടെ ശവദാഹത്തിന്
ചുടുകാട്ടില്‍ പോകുമ്പോള്‍
എന്തിനാണ് മൊബൈലും ?
എല്ലാ പുരസ്കാരങ്ങളെയും നിത്യമായി അപ്രസക്തമാക്കുന്ന ഒരു പ്രതിഭ നമ്മോടൊപ്പമുണ്ടായിരുന്നു എന്ന സത്യം ചരിത്രം നാളെ ഒരു പക്ഷെ വിളിച്ചു കൂവിയേക്കാം!
പരസ്യം ഹൃദ്യമാകുന്നത് .....
പരസ്യം സമൂഹത്തിന് കെണിയാകുന്ന കച്ചവടമുതലാളിത്തത്തിന്‍റെ ഇക്കാലത്ത് പരസ്യം ഹൃദ്യമാകുന്ന ഒരു സന്ദര്‍ഭമേ ശ്രദ്ധയില്‍ വന്നിട്ടുള്ളു. അത് മുത്തുറ്റ് ബാങ്കേഴ്സിന്‍റെ ഒരു പരസ്യമാണ്.
പണത്തിന് ആവശ്യം
ആവശ്യത്തിന് പണം
മുത്തുറ്റ് ബാങ്കിന്‍റെ ഗുണദോഷങ്ങളെപ്പറ്റിയൊന്നും ഇവിടെ ചര്‍ച്ചചെയ്യുന്നില്ല. പരസ്യത്തിനു പിന്നിലെ കെണിയെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നില്ല. പക്ഷെ ഈ പരസ്യത്തില്‍ ജീവിതം ആനന്ദപ്രദമാക്കുന്ന ഒരു ആശയം തിളങ്ങി നില്‍ക്കുന്നുണ്ട്. ഇതിനോടൊപ്പം എഡ്വേര്‍ഡ് ഗിബ്ബന്‍റെ ഒരു വാക്യം കൂടി ഹൃദിസ്ഥമാക്കി ജീവിതം വിജയിപ്പിക്കുവാന്‍ ശ്രദ്ധിക്കുക.വാക്യമിങ്ങനെ.
" തീര്‍ച്ചയായും ഞാന്‍ ധനികനാണ്.കാരണം ചെലവിനേക്കാള്‍ അധികമാണ് എന്‍റെ വരുമാനം. ചെലവാകട്ടെ എന്‍റെ ആഗ്രഹങ്ങള്‍ക്ക് തുല്യവും".
പോരെങ്കില്‍ 'ഒഥല്ലോ' യിലെ ഇയാഗോയുടെ ഒരു സംഭാഷണം കൂടി കേട്ടുകൊള്ളുക. "ദരിദ്രനാണെങ്കിലും തൃപ്തനാണെങ്കില്‍ വേണ്ടത്ര ധനികനുമാണ്".
ഇയാഗോയുടെ ഒരു വാക്യം കൂടി കാണാതെ പഠിച്ചുകൊള്ളുക.
"ജീവിതത്തിന്‍റെ തുലാസ്സില്‍ ഭോഗാസക്തിയുടെ തട്ടിനെ സന്തുലിതമാക്കാന്‍ വിവേകത്തിന്‍റെ തട്ടില്ലാതെ പോയാല്‍ മോഹാസക്തിയും പ്രകൃതത്തിന്‍റെ അധമവശവും ചേര്‍ന്ന് തലകീഴായ കലാശങ്ങളില്‍ കൊണ്ടെത്തിക്കും."
ഇതെല്ലാം ഇയാഗോയുടെ വാക്കുകളാണ്. ഈ വാക്കുകള്‍ നമുക്ക് പിന്തുടരാം; നമ്മളിലെ ഇയാഗോയെ നശിപ്പിച്ചുകൊണ്ട്.
ജി. സുധാകരന്‍
ജി. സുധാകരന്‍ |
( 2010 ജനുവരി 7 വെള്ളി ) ജന്മഭൂമി പത്രത്തിലെ 'സുധാകരന്‍ നയിക്കട്ടെ' എന്ന പേരില്‍ ആര്‍.പ്രദീപ് എഴുതിയ ലേഖനം ചിന്തോദ്ദീപകമായിരുന്നു. സത്യസന്ധതയാല്‍ താനെ തിളങ്ങുന്നതായിരുന്നു. ഇത്തരത്തില്‍ ഒരു ലേഖനം 'ജന്മഭൂമി'യില്‍ പ്രസിദ്ധീകരിച്ചുവന്നു എന്നത് ഏറെ ശ്രദ്ധേയം. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ ഇന്ത്യന്‍ ഭരണചരിത്രത്തില്‍ തന്നെ ഒന്നാമതാണ്. വി.എസ്. മന്ത്രിസഭയിലെ പലരെക്കുറിച്ചും എഴുതാനുണ്ട്. ഇപ്പോള്‍ ജി.സുധാകരനെക്കുറിച്ച് ചില കാര്യങ്ങള്‍ പരാമര്‍ശിക്കട്ടെ.
സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ദീര്‍ഘവീക്ഷണത്തോടും സാംസ്കാരികമായ ഉത്തരവാദിത്വത്തത്തോടും കൂടി ജി.സുധാകരന്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഒരു സാംസ്കാരികപ്രസ്ഥാനത്തെയാണ് ജി.സുധാകരന്‍ അക്ഷരാര്‍ത്ഥത്തില്‍ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്പ്പിച്ചത്. കേരളത്തിലെ അക്ഷരസ്നേഹികളും സാംസ്കാരികമനസ്സുള്ളവരും ഒരിക്കലും ജി.സുധാകരനെ വിസ്മരിക്കുകയില്ല. എം.പി.പോളിനെയും,വൈക്കം മുഹമ്മദ് ബഷീറിനെയും,കാരൂരിനെയും, തകഴിയെയും പോലുള്ള സാഹിത്യകാരന്മാരുടെ സ്വപ്നമാണ് ജി.സുധാകരന്‍ സാക്ഷാത്കരിച്ചത്. എസ്.പി.സി.എസി ന്‍റെ കടം ഏകദേശമായി തീര്‍ത്തുകൊണ്ടിരിക്കുന്നു.
ഫാത്തിമാ ഷഹനാസിന്‍റെ കവിത
ഫാത്തിമാ ഷഹനാസ് |
ഈ വര്‍ഷത്തെ സ്കൂള്‍കലോത്സവത്തില്‍ കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ ഗ്രേഡും' നേടിയത് ഷഹനാസാണ്. മലപ്പുറം തിരുക്കാട് എ.എം.എച്ച്.എസ്. വിദ്യാര്‍ഥിനിയാണ് ഫാത്തിമാ ഷഹനാസ്. 'ഭൂമിയുടെ വിലാപം' എന്നതായിരുന്നു കവിതയുടെ വിഷയം. ഷഹനാസ് എഴുതിയ കവിതയുടെ പേര് 'പുതിയരോഗി' എന്നായിരുന്നു. ഇന്ന് മലയാള കവിതാരംഗത്ത് നില്‍ക്കുന്ന യുവതി / യുവാക്കളും മുതിര്‍ന്ന തലമുറയില്‍ പെട്ടവരും വായിച്ചിരിക്കേണ്ട കവിതയാണിത്.നമ്മുടെ കവിതാലോകത്തിന് ഭാവിയില്ല എന്നും കവിതയുടെ കൂമ്പടഞ്ഞു എന്നും വാദിക്കുന്നവര്‍ക്ക് ഒരു താക്കീതാണ് ഈ കവിത. കവിത ഇങ്ങനെയാണ് തുടങ്ങുന്നത്.
ഹോസ്പിറ്റലില്‍ പുതിയൊ-
രഡ്മിറ്റുണ്ടത്രേ
പേര് ഭൂമിയെന്നാണുപോലും !
തുടര്‍ന്ന് കവിത ഓരോവരിയിലും സൗമ്യമായ പ്രകമ്പനം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കൃത്യമായ പദപ്രയോഗങ്ങള്‍. പദങ്ങള്‍ ആശയത്തെ വായനക്കാരന്‍റെ മനസ്സില്‍ തിളക്കിയിട്ടേ ഓടി മറയുന്നുള്ളൂ. സമകാലീന മനുഷ്യന്‍ ഭൂമിയെ പീഡിപ്പിക്കുന്നതിന്‍റെ കൃത്യംകൃത്യമായ ആവിഷ്കാരങ്ങള്‍. മലയാളം കണ്ട ഒന്നാംതരമൊരു പാരിസ്ഥിതിക കവിത. അതത്രേ 'പുതിയരോഗി'. കുറ്റമറ്റ കവിത. ഒരു പത്താംക്ലാസ് വിദ്യാര്‍ഥിനി എഴുതിയതാണോ എന്ന് നമ്മെ അന്ധാളിപ്പിക്കുന്ന കവിത. എഴുതപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്ന് കവിത നിര്‍മ്മിച്ചെടുക്കുന്ന വൈഭവം അത്ഭുതകരം തന്നെ.പ്രമേയപരിചരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒരു മുതിര്‍ന്നകവിയുടെ കരകൌശലം. ഒരു പക്ഷെ ഒ.എന്‍.വി.യുടെ 'ഭൂമിയ്ക്ക് ഒരു ചരമഗീത'വുമായിപ്പോലും മത്സരിക്കാന്‍ തയ്യാറെടുത്തുനില്‍ക്കുന്ന കവിത എന്ന് രണ്ടാമത് ഒന്നാലോചിക്കാതെ പറയാം. ചില വരികള്‍ കേട്ടുകൊള്ളുക. ഒരു രോഗിയായി ഹോസ്പിറ്റലിലേക്ക് വരുന്ന ഭൂമിയുടെ ചിത്രം.
"കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
രാവിലെതന്നെ കണ്ടതാണ്.
മങ്ങിയ പച്ചനിറമുള്ള ചേല
പഴയമട്ടിലാണ് ഉടുത്തിരുന്നത്.
ശരീരം മുഴുവന്‍ മുറിവുകളാണ്
മുഖത്തു 'നിള' പോലുള്ള കണ്ണീര്‍പാടും
ഫ്ലാറ്റുപോലെ കൈകാലുകള്‍
ഇലക്ട്രിക് കമ്പിപോലുള്ള മുടിയും."
ഒരു മോഹനകൃഷ്ണന്‍ കാലടി ടച്ച് കവിതയ്ക്കുണ്ടെന്ന് പറയാം.കവിത എല്ലാവരും തേടിപ്പിടിച്ചു വായിക്കണേ.
മലയാളനിരൂപണത്തിലെ പുതുനാമ്പുകള്‍
മലയാളനിരൂപണത്തിലെ പുതുനാമ്പുകളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തേണ്ട ചുമതല മലയാളത്തിന്‍റെ മെറ്റാക്രിട്ടിസിസം ഏറ്റെടുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും സ്നേഹശത്രുതാബന്ധങ്ങളും ഈ മെറ്റാക്രിട്ടിസിസത്തെ അപകടപ്പെടുത്താന്‍ പാടില്ല. യാഥാര്‍ത്യബോധത്തോടെ ഗുണപക്ഷപാതിത്വത്തോടെ, നിശിതകാഴ്ചയോടെ ആവണം ഈ മെറ്റാക്രിട്ടിസിസം മലയാളത്തില്‍ സമ്പന്നമാകേണ്ടത്. ഇങ്ങനെ കാണാന്‍ കഴിയാത്തതുകൊണ്ടാണ് പി.കെ.രാജശേഖരനും സുനില്‍.പി.ഇളയിടവും മോശമാണെന്നും മലയാള നിരൂപണത്തില്‍ അവര്‍ക്ക് സ്ഥാനമില്ലെന്നും എം.കെ.ഹരികുമാറിന്
( കലാകൌമുദി ജനുവരി 30, 2010, അക്ഷരജാലകം ) പറയേണ്ടിവരുന്നത്.
ഡോ.എം.എസ്.പോള്‍ മലയാളനിരൂപണത്തില്‍ അടയാളപ്പെട്ടുതുടങ്ങിയ നിരൂപകനാണ്. മലയാളനിരൂപണത്തിന്‍റെ പുതുനാമ്പുകളില്‍ ഒന്ന്. അദ്ദേഹത്തിന്‍റെ 'ഉത്തരാധുനികകവിത ഒരു പഠനം' എന്ന വിമര്‍ശനഗ്രന്ഥം പുറത്തു വന്നുകഴിഞ്ഞു ( റെയിന്‍ബോ ബുക്സ് ). ഉത്തരാധുനിക മലയാളനിരൂപണത്തെക്കുറിച്ച് മുമ്പുണ്ടായിട്ടുള്ള പഠനഗ്രന്ഥങ്ങള്‍ക്ക് കൃതി ഒരു ബദലായി തീര്‍ന്നിട്ടുണ്ട്. ( വിശദമായ നിരീക്ഷണങ്ങള്‍ പിന്നീട് ) കെ.ടി.മുഹമ്മദിന്‍റെ നാടകങ്ങളെക്കുറിച്ചുള്ള ഒരു സമഗ്രപഠനവും ( കേരള സാഹിത്യഅക്കാദമി,തൃശൂര്‍ ) ഉടന്‍ പ്രസിദ്ധീകൃതമാവുന്നുണ്ട്.
ഡോ.എം.എസ്.പോള്‍ |
ഇത് കൂടാതെ രണ്ടു ലേഖനങ്ങള്‍ കൂടി പോളിന്‍റെതായി അടുത്ത സമയത്ത് ശ്രദ്ധേയമായി തീര്‍ന്നിട്ടുണ്ട്.അതിലൊന്ന് 'രതിമൂര്‍ച്ഛ കച്ചവടക്കാരികള്‍' ആണ്. മാതൃഭൂമിയിലെ വാചകമേളയില്‍ ഈ ലേഖനത്തിലെ വാചകങ്ങള്‍ എടുത്തുചേര്‍ക്കുകയുണ്ടായി ( 2010 ഡിസംബര്‍ 4 ). ഇങ്ങനെ കേരളം ശ്രദ്ധിച്ച ഒരു നിരീക്ഷണമായിരുന്നു ഈ രചന. ഈ ലേഖനത്തില്‍ നമ്മുടെ മുഖ്യധാരാവാരികകളെ ശ്രദ്ധാപൂര്‍വ്വം പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ എം.എസ്.പോളിനു കഴിഞ്ഞു എന്നത് പ്രശംസനീയമാണ്. നമ്മുടെ ചില മുഖ്യധാരാ വാരികകള്‍ക്ക് അപകടകരമായ ഹിഡന്‍ അജന്‍ഡ ഉണ്ടെന്നും ഈ അജന്‍ഡയ്ക്ക് പുറത്തുള്ളതിനെയെല്ലാം തമസ്കരിച്ചു കൊണ്ടിരിക്കുകയാണെന്നും വായനാലോകത്ത് ധൈഷണികപൌരത്വ മുള്ളവര്‍ എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് കൃത്യമായി ഐഡന്‍റിഫൈ ചെയ്യാനുള്ള രാഷ്ട്രീയപക്വത എഴുത്തില്‍ നേടി എന്നതാണ് ഈ ലേഖനത്തിന്‍റെ കരുത്തും ചന്തവും.'ഉദാരലൈംഗികതയെക്കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ സ്വത്വരാഷ്ട്രീയത്തിന്‍റെ പിന്‍ബലം നല്‍കി സ്ഥിരമായി പ്രസിദ്ധപ്പെടുത്തുന്നുമുണ്ട്. സ്ത്രീലൈംഗികതയുടെ ഉദാരതയും സ്വാതന്ത്ര്യവും ചാല് തിരിച്ചുവിട്ടു എന്ന പരിമിതി ഈ ലേഖനം നേരിടുന്നു എന്ന പരാതി ഈ ലേഖനത്തിനെതിരെ വേണമെങ്കില്‍ ഉന്നയിക്കാവുന്നതാണ്. എങ്കിലും ശക്തമായ രാഷ്ട്രീയ അഭിവീക്ഷണത്തോടെ മലയാളത്തിലെ രതിമൂര്‍ച്ഛ കച്ചവടക്കാരികളെ വായടപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് ഈ ലേഖനത്തിന്‍റെ ശക്തിയും സൗന്ദര്യവുമായി നില്‍ക്കുന്നു. നല്ല ഗദ്യഭാഷ, അപഗ്രഥനത്തിന്‍റെ ധ്വനിസൗന്ദര്യം, ആശയങ്ങളുടെ സയുക്തികപ്രയോഗം തുടങ്ങിയവ ഈ ലേഖനത്തിനു കൂടുതല്‍ തിളക്കവും പ്രതീക്ഷയും നല്‍കുന്നു.
നമ്മുടെ ജീവിതത്തെ നാനാപ്രകാരേണ തകര്‍ത്ത് തരിപ്പണമാക്കി സാമൂഹിക ജീവിതത്തെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കുന്ന ഉപഭോഗമുതലാളിത്തവും അതിനെ ലജ്ജയില്ലാതെ പിന്തുണയ്ക്കുന്ന ചില മുഖ്യധാരാവാരികകളും ആണ് രതിമൂര്‍ച്ഛ കച്ചവടക്കാരികള്‍ക്ക് പിന്നില്‍ എന്ന് കണ്ടെത്തിയെടുത്താണ് ഈ ലേഖനം അതിശക്തമായ സാമൂഹികസത്യം നിറവേറ്റുന്നതും ഈടുറ്റ ഒരു ലേഖനമായി മാറുന്നതും.... ജന്മിത്തകാലയളവില്‍ തന്നെ അപകടകരമായി നിലനിന്നിരുന്ന ഈ ലൈംഗികഅരാജകത്വത്തെ കൂടുതല്‍ അപകടകരമായി രാഷ്ട്രീയലക്ഷ്യത്തോടെ ഉപഭോഗമുതലാളിത്തം പ്രയോജനപ്പെടുത്തുന്നത് ലേഖനം സാഹിത്യചരിത്രപരമായി സഞ്ചരിച്ചു കൃത്യമായി പിടിച്ചെടുത്തിട്ടുമുണ്ട്. സ്ത്രീ ലൈംഗികതയുടെ പ്രശ്നം പോലും വരേണ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നതിന്‍റെ അപകടവും പലതരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെ ഗുരുതരമാംവണ്ണം അവഗണിക്കുന്നുവെന്നുമുള്ള കാതലായ വിമര്‍ശനവും ഈ ലേഖനത്തിന്‍റെ സാമൂഹികതയെ ശക്തമാക്കുന്നുണ്ട്. അപ്പോഴും ലൈംഗികതയുടെ പുരുഷകേന്ദ്രിതസ്വഭാവത്തെ തകര്‍ക്കുക എന്ന ഉത്തരാധുനികകാലദൌത്യത്തെ അവഗണിക്കുന്നുവെന്നും അതിനു പ്രതിരോധം തീര്‍ക്കുന്നുവെന്നുമുള്ള ഈ ലേഖനത്തെക്കുറിച്ചുള്ള പരാതി സംവാദത്തിന് വിധേയമാക്കേണ്ടതാണ്.
എം.എസ്.പോളിന്‍റെ ശ്രദ്ധേയമായ മറ്റൊരു ലേഖനം എം.കെ.ഹരികുമാറിന്‍റെ
'എന്‍റെ മാനിഫെസ്റ്റോ' എന്ന ഗ്രന്ഥത്തെക്കുറിച്ച് എഴുതിയ 'സ്വയം നിരാസത്തിന്‍റെ ദര്‍ശനം' എന്ന പേരിലുള്ള പുസ്തകവിചാരമാണ്
( ഗ്രന്ഥാവലോകം ഡിസംബര്‍ 2010 ). ചര്‍ച്ച ചെയ്യാനുള്ള കരുത്തും ഉദാരതയും ഈ ലേഖനം പ്രകടിപ്പിക്കുന്നുണ്ട്. 'പുസ്തകപരിചയ'ങ്ങള്‍ക്ക് സ്വാഭാവികമായി സംഭവിക്കുന്ന അപകടങ്ങളെ ഈ ലേഖനം അതിജീവിച്ചിട്ടുണ്ടോ എന്ന പ്രശ്നവും ഡിബേറ്റ് ചെയ്യപ്പെടേണ്ടതാണ്. എന്തായാലും ഇതുവരെയുള്ള വിമര്‍ശനസംഭാവനകള്‍ കൊണ്ടുതന്നെ എം.എസ്.പോള്‍ മലയാളനിരൂപണത്തിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ആശംസകള്‍ ! അനുമോദനങ്ങള്‍ !
കാര്‍ട്ടൂണ്‍ - ഹെഡ്മാഷ്
ദേശാഭിമാനി പത്രത്തിലെ കാര്‍ട്ടൂണ്‍ - ഹെഡ്മാഷ് - ചിരിയുടെയും ചിന്തയുടെയും കാര്യത്തില്‍ ഒരുപാട് മുന്നേറിയിരിക്കുന്നു. ഓരോ ദിവസത്തെ പത്രവും എടുത്ത് 'ഹെഡ് മാഷ്' കാണാറുണ്ട്; ചിരിക്കുകയും ചിന്തിക്കുകയും ചെയ്യാമല്ലോ എന്നു കരുതി. നടക്കുമെന്ന് തോന്നുന്നില്ല.
ലെവല്‍ ക്രോസ് - ഇടക്കുളങ്ങര ഗോപന്‍
ഇടക്കുളങ്ങര ഗോപന്‍ |
ഇനി ഒരു ബ്ലോഗ് കവിതയെപ്പറ്റി. 'കേളികൊട്ട് ബ്ലോഗ്‌മാഗസിനി'ല്‍ വന്ന 'ലെവല്‍ ക്രോസ്' എന്ന കവിത. ഇടക്കുളങ്ങര ഗോപന്‍റെ കവിത പുതിയ ചാലുകള്‍ തുറക്കുന്നു എന്ന് ലോകത്തെ അറിയിക്കുന്നു. അപരിചിതമായ ദേശങ്ങളെ കവിതയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ദേശത്തെക്കുറിച്ച് പുതിയ സൗന്ദര്യവും കാഴ്ചയും സൃഷ്ടിക്കുന്നു എന്നതും ഉത്തരാധുനിക കവിതയില്‍ പരിചിതമായിക്കഴിഞ്ഞി ട്ടുണ്ട്.'ലെവല്‍ ക്രോസ്' ആകെത്തുകയില്‍ പേയ്ക്കാലത്തിന്‍റെ ദേശപ്പെരുമയോടുകൂടിയ ആവിഷ്കാരമാണ്. ദേശം, കവിതയില്‍ സൗന്ദര്യത്തിന്‍റെ ചൂട്ടു കത്തിച്ചുപിടിക്കുന്നു. ആഖ്യാനത്തിന്‍റെ സാന്ദ്രത സൃഷ്ടിച്ചാണ് കവിത സ്വന്തം ശില്പത്തെ മെനയുന്നത്. ആഖ്യാനത്തില്‍ നാടകീയതയും ഒന്നു മിന്നിമറയുന്നു. ഓരോ വരികളും ഉദ്ധരണീയമാണ്. എന്നാല്‍ അത് അസാദ്ധ്യമായതിനാല്‍ ചിലത് മാത്രം പരിചയപ്പെടുത്തുന്നു.
കൈതമുള്ളില്‍ മേല്‍മുണ്ട് 'ഉടക്കിയത്'
കുനിഞ്ഞെടുത്തതും,
താഴെ വീഴാതെ വീണല്ലോ
രണ്ടു താഴികക്കുടങ്ങള്‍.
മണിപ്രവാളകവിതയെ പുതിയകാലം തിരുത്തിക്കുറിക്കുകയാണിവിടെ. സമകാലമലയാള കവിതയ്ക്ക് ഈ കവിതയെ അവഗണിക്കാന്‍ കഴിയില്ല;
മുഖ്യധാരാപ്രസിദ്ധീകരണങ്ങള്‍ക്ക് തമസ്കരിക്കാന്‍ കഴിയുമെങ്കിലും.
ആശയങ്ങള്‍
ഗുരുവിനേക്കാള്‍ വലിയ ശിഷ്യന്‍/ശിഷ്യ - ഏതു മഹാഗുരുവും കണ്ട സ്വപ്നം.
ഏതെങ്കിലും വിദേശഭാഷയില്‍ വിദ്യ അഭ്യസിക്കണമെന്ന് ഒരു വിദ്യാഭ്യാസവിചക്ഷണനും പറഞ്ഞിട്ടില്ല. എന്നിട്ടും മലയാളിയെന്തേ ഇങ്ങനെ ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍ക്ക് പിന്നാലെ പായുന്നു ? മലയാളികള്‍ അനുകരണപ്രിയരാണെന്നു പ്രസിദ്ധം. എന്നാലും ബുദ്ധിയില്ലാത്ത അനുകരണം ആശാസ്യമോ ?
2011 ഫെബ്രുവരി 21 തിങ്കളാഴ്ച ലോകമാതൃഭാഷാദിനമായിരുന്നു. ഈ ദിനാചരണത്തിലെങ്കിലും മലയാളി ഇതേക്കുറിച്ച് വീണ്ടുവിചാരം നടത്തിയിരിക്കുമോ? ശാസ്ത്രമേഖലയില്‍ ഉള്‍പ്പെടെ മികവുതെളിയിച്ച തൊണ്ണൂറുശതമാനം മലയാളികളും മാതൃഭാഷയില്‍ വിദ്യ അഭ്യസിച്ചവരായിരുന്നു എന്ന കാര്യം കൂടി മലയാളികള്‍ തിരിച്ചറിയുക.
കലയും സ്വഭാവരൂപീകരണവും
കലയുടെ സ്വഭാവരൂപീകരണശക്തി അപാരമാണ്. നല്ല ചലച്ചിത്രം ഉറപ്പായും നല്ല മനുഷ്യരെ സൃഷ്ടി ക്കും. ചീത്തചലച്ചിത്രം ചീത്ത മനുഷ്യരെയും. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ കടന്നുപോകുന്ന വിവിധ കലകള്‍ പരിശോധിച്ചാല്‍ മതി അവര്‍ ആരായിത്തീരുമെന്നു മനസ്സിലാക്കാന്‍. നമ്മുടെ യുവത്വം ആകമാനം ഉപഭോഗമുതലാളിത്തത്തിന്‍റെ ഇരയായിക്കഴിഞ്ഞു. എന്നാണാവോ ഒരു മോചനം ?
പ്രസംഗത്തില്‍ നിന്ന്
2011 ജനുവരി 14 - 11.30 - ന് പത്തനംതിട്ടയില്‍ വെച്ച് ഡോ.പി.പവിത്രന്‍റെ ഒരു പ്രസംഗം കേട്ടു. മലയാളം ഐക്യവേദിയുടെ പ്രസിഡന്‍റ് എന്ന നിലയിലായിരുന്നു പ്രസംഗം. മാതൃഭാഷയാണ് നല്ല വിദ്യാഭ്യാസമാധ്യമം എന്ന് സയുക്തികമായി സ്ഥാപിച്ചെടുത്ത ലളിതവും വിശ്വസനീയവുമായ പ്രസംഗം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് ചരിത്രപരവും സാമൂഹ്യവുമായ പ്രസക്തിയുണ്ട്. അത് ആത്യന്തികമായി സൗന്ദര്യാത്മകവിദ്യാഭ്യാസമായി മാറും. നന്നായി ഇംഗ്ലീഷു കൂടി പഠിപ്പിക്കുന്ന മാതൃഭാഷ മാധ്യമമായി ഉള്ള സ്കൂളുകളാണ് കേരളത്തില്‍ വ്യാപകവും ശക്തവുമാകേണ്ടത്. അപ്പോള്‍ മാത്രമേ സ്വത്വബോധമുള്ള,ചരിത്രബോധമുള്ള, രാഷ്ട്രീയബോധമുള്ള, സൗന്ദര്യബോധമുള്ള,സര്‍ഗ്ഗാത്മകതയുള്ള, അഭിമാനബോധമുള്ള, സ്നേഹമുള്ള നല്ല തലമുറയുണ്ടാകുകയുള്ളൂ. ലോകം അപകോളനീകരണത്തിലേക്കു പോകുമ്പോള്‍ മലയാളി കോളനിവത്കരണം എന്ന അടിമ മനോഭാവത്തെ സ്വീകരിക്കുന്നു... ലജ്ജാവഹം !
പോസ്റ്ററുകളില്‍ നിന്ന്
പഴയ ഒരാശയം - എന്നും പ്രസക്തിയുള്ള - പുതിയ രൂപത്തില്‍ ഒരു പോസ്റ്ററില്‍ വായിച്ചു. പോസ്റ്ററിലെ വാചകമിങ്ങനെ - ഇന്നത്തെ ക്ലാസ്മുറി നാളത്തെ രാഷ്ട്രം - ശക്തമായി ആശയം ധ്വനിപ്പിക്കുന്ന പോസ്റ്റര്‍. ആശയം എവിടെ നിന്നുവന്നാലും ആശയമാണ്; സ്വീകാര്യവുമാണ്. അധ്യാപകരും വിദ്യാര്‍ഥികളും ശ്രദ്ധയോടെ,ഉത്തരവാദിത്വത്തോടെ ഈ ആശയം മനസ്സിലേക്ക് ഏറ്റുവാങ്ങാം.
മഞ്ഞുകാലം - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് |
മരണത്തിലേക്ക് കൂടി നോട്ടമുള്ള ഗ്രാമീണജീവിതത്തിന്‍റെ സൗന്ദര്യം തേടുകയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്‍റെ 'മഞ്ഞുകാലം'. ഗ്രാമീണജീവിതവും മരണവും ഭ്രാന്തും ആത്മാവും കൂടിക്കലര്‍ന്ന് അതീത യാഥാര്‍ത്യങ്ങളെ പ്രത്യക്ഷവല്‍ക്കരിക്കുകയാണ് ഈ കഥ. മരണത്തിന്‍റെ സൗന്ദര്യം മലയാളഭാവന നിര്‍മ്മിക്കുകയാണ് 'മഞ്ഞുകാല'ത്തിലൂടെ. ബോധ - ഉപബോധ - അബോധ മനസ്സുകള്‍ക്കപ്പുറം സഞ്ചരിക്കുവാന്‍ വായനക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഈ കഥ, യാഥാര്‍ത്യത്തെ പുതിയതായി കണ്ടെത്തിത്തരികയാണ്. അസാധാരണമായ ഉള്‍ക്കാഴ്ച ജനിപ്പിക്കുന്ന ആശയത്തെ ഉള്‍വഹിക്കുന്ന ഒരു വാചകംകൂടി കഥയില്‍ നിന്ന് വായിച്ചുകൊള്ളുക. 'പ്രതിഭാശാലിക്ക് പണത്തെ വരുത്താം. പണത്തിനു പ്രതിഭാശാലിയെ വരുത്താനാവില്ല..... എം.ടി.യുടെ 'മഞ്ഞും' എം.മുകുന്ദന്‍റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളി'ലും ബംഗാളിനോവലായ 'ആരോഗ്യനികേതന'വും സൂക്ഷ്മതന്ത്രികളിലൂടെ ഈ കഥയില്‍ അന്തര്‍പാഠാത്മകത ( Intertextuality ) സൃഷ്ടിക്കുന്നു. ഇത് വിശദമായി പഠനവിധേയമാക്കേണ്ടതാണ്.
അഴിമതി അഴി ..... മതി
ജൂഡീഷ്യറിയുടെ പുറത്തുവരുന്ന അഴിമതിക്കഥകള്‍ സത്യമാണെങ്കില്‍ അത് നമ്മെ അന്ധാളിപ്പിക്കുന്നതാണ്. അവസാനരക്ഷയും സുരക്ഷിതമല്ലാതായി ത്തീരുകയാണോ ?
എന്തായാലും ന്യായാധിപന്‍മാരെക്കുറിച്ചും അവര്‍ ജീവിച്ചുതീര്‍ക്കേണ്ട ന്യായയുക്തമായ ജീവിതത്തെക്കുറിച്ചും 'മൃച്ഛകടിക'ത്തില്‍ ഒരു ശ്ലോകമുണ്ട്. എല്ലാവരും ശ്രദ്ധയോടെ വായിച്ചുകൊള്ളുക.
ശാസ്ത്രഞ്ജന്‍, കപടാനുസാരകുശലന്‍,
മിത്രാമിത്ര സഗോത്രഭേദരഹിതന്‍,
ചിന്തിച്ചു തീര്‍പ്പേകുവോന്‍
നിര്‍വീര്യര്‍ക്കുടയോന്‍ ശഠര്‍ക്കു കഠിനന്‍,
നിര്‍ല്ലോഭി,നീതിസ്ഥിതന്‍
നിര്‍വ്യാജം പരതത്വബദ്ധഹൃദയന്‍
ഭൂപാലകോപാപഹന്‍
ഒരു ന്യായാധിപനെക്കുറിച്ചുള്ള ആധുനിക സങ്കല്പങ്ങളുമായി പൊരുത്തപ്പെട്ടുനില്‍ക്കുന്നതാണ് ഈ ആശയങ്ങള്‍ എന്നത് അത്ഭുതാവഹമായിരിക്കുന്നു. എന്തായാലും ഒരു കാര്യം അനിവാര്യമാണ്. അഴിമതിക്കാര്‍ക്ക് അഴി ... മതി !
പിന്നെ അവര്‍ അഴിമതിയിലൂടെ സമ്പാദിച്ച ധനം പിടിച്ചെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും വേണം. ഇത്തരത്തിലുള്ള ധനത്തിന്‍റെ ചെറിയഭാഗം മതിയാവും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുപോലും.നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചു തന്നെ അഴിമതി തുടച്ചു നീക്കാവുന്നതാണ്. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം ഇനിയെന്നാണാവോ ഉണ്ടാവുക ?
O
ഫോണ്‍ : 9895734218
:)
ReplyDeleteവായിച്ചു ട്ടൊ...നന്ദി.
ReplyDelete