നിങ്ങടെ മൊഖത്തല്ല്യോ കണ്ണ് ? ആരുമില്ലേല്‍ മിറ്റത്ത് അയക്കോലേല്‍ തുണികളിങ്ങനെ ഞാത്തിയിട്ടേക്കുമോ?
മിറ്റത്തെ കാര്യമല്ല ചോദിച്ചത് പെരയ്ക്കകത്തെ കാര്യമാ.
അതു തന്നെയാ പറഞ്ഞത്.അകത്ത് തേവരൊള്ളതു കൊണ്ടല്ല്യോ പൊറത്തു കൊടിമരം നട്ടേക്കുന്നത്?
ആ പോട്ടെ, ഞാന്‍ ഒടക്കാന്‍ വേണ്ടി വന്നതല്ല.അതിനൊട്ടു നെരോമില്ല.
പിന്നെന്താണാവോ ആഗമനോദ്ദേശ്യം ?
സെന്‍സസ് എടുക്കാനാ.
അതിനാ വന്നതെങ്കി ആ ജോലി ചെയ്തേച്ചു പോണം.അല്ലാതെന്തുവാ.
അപ്പ ശരി, ഞാന്‍ കൊറേ ചോദ്യങ്ങളു ചോദിക്കും.എല്ലാത്തിനും സത്യസന്ധവും വ്യക്തവുമായ ഉത്തരം പറയണം.
ഉത്തരമാവുമ്പം അങ്ങനല്ലാതാരേലും പറയുവോ.ഇതെന്തെരു കൂത്താ?
എങ്കി തൊടങ്ങാം.
എടയ്ക്കു വെച്ച് ഒടുങ്ങാതിരുന്നാമതി.
ശരി നോക്കാം. പേരെന്ത്വാ?
പേരെന്ത്വായാലെന്ത്വാ.നമ്മടനുഭവം അങ്ങനൊന്നുമല്ല. എന്നാലും ചോയിച്ച കൊണ്ടു പറേവാ.ഭാഗ്യലക്ഷ്മി.
വയസ് ?
എഴുപത്തെട്ട്.
എവിടാ ജനിച്ചത് ?
വേണ്ടാതീനമൊന്നും ചോയിച്ചേക്കരുതേ സാറേ.ചൊല്ലും വിളീമൊന്നുമില്ലാത്തോരല്ല ഞങ്ങള്.പെറ്റുവീണത് സ്വന്തം വീട്ടിത്തന്നാ.
അതല്ല.ഏതു സ്ഥലത്താണെന്ന്?
അതോ.അതങ്ങ് കട്ടപ്പനേലാ.എന്നെ ഇവിടെ കല്യാണം കഴിച്ചോണ്ട് വന്നതാ.
വീട്ടിലെത്ര പേരൊണ്ട്?
എന്‍റച്ഛനുമമ്മയുമൊന്നും അത്തരക്കാരല്ല കേട്ടോ. വീട്ടിലൊരു പേര്. വെളീലൊരു പേര്.അതൊക്കെ ഇപ്പഴത്തെ ആള്‍ക്കാരടെ രീതിയാ. വല്ലോമൊക്കെ ഒളിക്കാനൊള്ളവര്‍ക്കല്ല്യോ പല പല പേരുകള്‍ വേണ്ടത്. നമക്കതൊന്നുമില്ല.
അതല്ല ചോദിച്ചത്. വീട്ടിലെത്ര ആള്‍ക്കാരൊണ്ടെന്ന്?
എന്‍റെ സാറേ അതൊക്കെ പറയാന്‍ തൊടങ്ങിയാ ഇപ്പഴെങ്ങും തീരത്തില്ല. സാറിനു കേട്ടോണ്ടിരിക്കാന്‍ നേരമൊണ്ടോ?
നിങ്ങടെ കഥ കേക്കാനൊന്നും എനിക്ക് നേരമില്ല.ചോദിക്കുന്നേന്‍റെ മാത്രം ഉത്തരം പറഞ്ഞാ മതി.
അതെന്ത്വാ സാറേ അങ്ങനെ സാറിനു പോലീസിലാണോ ജോലി. സെന്‍സസുകാരെന്നു വെച്ചാ നാട്ടിലുള്ളോരടെയൊക്കെ കാര്യങ്ങളു കേട്ട് കൃത്യം കൃത്യമായിട്ട് സര്‍ക്കാരിന് എഴുതിക്കൊടുക്കൊണ്ടോരല്ല്യോ.
അതല്ലമ്മൂമ്മേ. ഞങ്ങക്ക് ഒരുദിവസം ഇരുപത്തഞ്ചു വീട് കയറണം.ഓരോ വീട്ടിലേം കഥ കേട്ടോണ്ടിരുന്നാ പണി നടക്കുകേല.
ങാ അതാ പറേന്നേ. ഇപ്പഴത്തെ ആള്‍ക്കാരൊക്കെ എന്തിരവമ്മാരാന്ന്. അവര്‍ക്കൊക്കെ അവരടെ കാര്യം മാത്രം.
അല്ലാ, അമ്മൂമ്മ പറഞ്ഞില്ല, വീട്ടിലെത്ര ആള്‍ക്കാരൊണ്ട്?
അതല്ല്യോ സാറേ പറഞ്ഞത്.അതൊരു വല്ല്യകഥയാന്ന്.സാറിനാന്നേ കേക്കാന്‍ നേരോമില്ല. ഇനി എണ്ണം എഴുതിയേ പറ്റൂന്ന് നിര്‍ബന്ധമാണെങ്കി ഒരാളെന്നങ്ങ് എഴുതിയേര്.
ഭര്‍ത്താവും മക്കളുമൊന്നും ഇല്ലിയോ?
അല്ലാ.. സാറിനതൊന്നും കേക്കണ്ടായല്ലോ.
അമ്മൂമ്മേ ഒള്ള കാര്യംപറ.എനിക്കിത് കഴിഞ്ഞിട്ട് വേറെ പണിയൊണ്ട്. പറഞ്ഞ കേട്ടില്ല്യോ.
അപ്പം സാറിന്‍റെ പണി ഇതല്ല്യോ.ഇപ്പഴത്തെ ചെറുപ്പക്കാരടെ....
അല്ലേ വേണ്ട.ഞാനൊന്നും പറയുന്നില്ല. സാറെ ഈ പണി പോലും ഭംഗിയായിട്ടു ചെയ്യാന്‍വയ്യെങ്കി സാറ് പിന്നെ ഏതു പണിക്കു പോയിട്ടെന്താ കാര്യം?
തള്ളേ എന്നെ ദേഷ്യം പിടിപ്പിക്കരുതേ പറഞ്ഞേക്കാം.ഞാനെനിക്കു തോന്നിയ പോലൊക്കെ എഴുതിയങ്ങു കൊടുക്കും.പിന്നെ വല്ല സര്‍ക്കാര്‍ സഹായോം കിട്ടാനൊണ്ടെങ്കി അതൊക്കെ പോയെന്നും പറഞ്ഞു കെടന്നു നിലവിളിക്കരുത്.
ഞാന്‍ വേണമെന്ന് വിചാരിച്ചിട്ടുപോലും ഇത്രേം കാലം ആരും ഒരാനുകൂല്യോം തന്നിട്ടില്ല. ഇനിയിപ്പം സാറായിട്ട് ... വേണ്ട സാറേ.
അപ്പം ഭാഗ്യലക്ഷ്മി സെന്‍സസ് പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ല എന്നെഴുതി കൊടുത്തേക്കട്ടെ?
അതിനു സാറേ സഹകരണം ഒരാള്‍ മാത്രമായിട്ടു വിചാരിച്ചാ നടക്കുന്ന കാര്യമാന്നോ? സാറു തന്നാ ആദ്യം പറഞ്ഞത്, സത്യസന്ധമായിട്ടുള്ള കാര്യങ്ങളേ പറയാവൂ എന്ന്.സാറു എഴുതുമ്പഴും സത്യം തന്നേ എഴുതാവൂ.
സെന്‍സസിന് ചെന്ന ഞാന്‍ ശരിക്കും വെട്ടിലായത് അപ്പോഴാണ്. എഴുപത്തെട്ടുകാരി ഭാഗ്യലക്ഷ്മി എന്നെ ശരിക്കും വെട്ടിലാക്കിക്കളഞ്ഞു. സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള ഫോമിലെ ചതുരക്കള്ളികളിലൊന്നിലേക്ക് ചെന്നു കയറിയതുപോലെയായി എന്‍റെ സ്ഥിതി.
O
phone : 9495851717
അനുഭവ കുറിപ്പാണല്ലേ, രസകരമായിരിയ്ക്കുന്നൂ..
ReplyDelete