- നാഗരിക അധിനിവേശത്തിനെതിരെയുള്ള ഓർമ്മക്കുറിപ്പ്
പുസ്തകം
പി.കെ.അനിൽകുമാർ
"ചങ്ങമ്പുഴയുടെ രമണനു ശേഷം ഒരു കഥാപുസ്തകത്തിനുവേണ്ടി പിന്നെ പിടിയുംവലിയും തർക്കവും നടക്കുന്നത് കണ്ടത്, രണ്ടുവർഷങ്ങൾക്ക് ശേഷമാണ്. കുന്നംകുളത്തു നിന്നും വലിയേട്ടൻ ഒരു പുസ്തകം കൊണ്ടുവന്നു. ഓപ്പു വായന തുടങ്ങി. സാധാരണ പുസ്തകങ്ങളെക്കാൾ ചെറിയ വലിപ്പം. അതു വായിക്കാൻ തിരക്കുകൂട്ടുന്ന കൊച്ചുണ്ണിയേട്ടനോട് ഓപ്പു പറഞ്ഞു 'തീർന്നിട്ടില്ല'. കൊച്ചുണ്ണിയേട്ടന് മനസ്സിലായി. രണ്ടാംവായനയും കഴിഞ്ഞ് മുപ്പത്തിമൂന്നാം വായനയിലാണ്. വീട്ടുപണിക്കിടയിൽ പുസ്തകം ആരെങ്കിലും തപ്പിയെടുത്ത് കൊണ്ടുപോകാതിരിക്കാൻ അവരത് ഭദ്രമായി എവിടെയോ ഒളിപ്പിച്ചുവെച്ചിരുന്നു. ഒടുക്കം പുസ്തകം കൈമാറി, കൊച്ചുണ്ണിയേട്ടന്റെ വായന കഴിഞ്ഞതിനു ശേഷം അത് ആരോ പുന്നയൂർക്കുളത്തേക്ക് കൊണ്ടുപോയി. അവിടെ നിന്നും മാസങ്ങൾക്കുശേഷം കൂടല്ലൂരെത്തുന്നു. അപ്പോഴേക്കും പല കൈകളിലൂടെ കടന്നുപോയി, കടലാസ് മുഷിഞ്ഞിരുന്നു. പുറംപട്ട ഒടിഞ്ഞിരിക്കുന്നു. ഞാൻ വായിക്കാനാരംഭിച്ചപ്പോൾ ബഹളം നിലച്ചിരിക്കുന്നു. ആരും ശല്യപ്പെടുത്താനില്ല. ഇത്രയേറെ കൈമാറിക്കഴിഞ്ഞ പുസ്തകമെന്താണ്? 'നാടൻപ്രേമം' എസ്.കെ.പൊറ്റക്കാടിന്റെ നോവൽ. (ഓർമ്മയുടെ ചുവരിൽ വരച്ചത് - എം.ടി. വാസുദേവൻ നായർ - നാടൻപ്രേമത്തിന്റെ ആമുഖം - മാതൃഭൂമി ബുക്സ്)
എസ്.കെ.പൊറ്റക്കാട് എഴുതിയ ആദ്യനോവലാണ് 'നാടൻപ്രേമം'. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഗ്രാമീണവിശുദ്ധി നിറഞ്ഞു തുളുമ്പുന്ന ഒരു പ്രണയകാവ്യമാണ് നാടൻപ്രേമം. ചങ്ങമ്പുഴയുടെ രമണനുശേഷം മലയാളിയുടെ സാംസ്കാരിക മനസ്സിൽ പ്രണയതരംഗങ്ങൾ ഉണർത്തിയ കൃതിയായിരുന്നു ഇത്.
1939 മുതൽ ഒരു വർഷക്കാലം എസ്.കെ.പൊറ്റക്കാട് മുംബൈയിൽ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് നാടൻപ്രേമം എഴുതുന്നത്. ജന്മനാട് വിട്ടുള്ള ആദ്യത്തെ അന്യനഗരവാസമായിരുന്നു മുംബൈയിലേത്. ഈ ഘട്ടത്തിൽ, ഗൃഹാതുരത്വത്തിന്റെ പിൻവിളി കഥാകാരന്റെ മനസ്സിൽ മുഴങ്ങി. നാടൻപ്രേമത്തിന്റെ മുഖവുരയിൽ പൊറ്റക്കാട് എഴുതി - "മറുനാട്ടിൽ വെച്ച് കേരളത്തെക്കുറിച്ച് - പ്രത്യേകിച്ച് അതിലെ പ്രകൃതിസുന്ദരങ്ങളായ നാട്ടിൻപുറങ്ങളെക്കുറിച്ചുള്ള പലപല മധുരസ്മരണകളും എന്റെ ഭാവനയെ ആശ്ലേഷിച്ചനുഗ്രഹിച്ചിട്ടുണ്ട്."
ഒരു സിനിമാക്കഥയുടെ രൂപത്തിലാണ് എസ്.കെ നാടൻപ്രേമം എഴുതുന്നത്. പിന്നീടത് നോവലിന്റെ ചട്ടക്കൂടിലേക്ക് മാറുകയായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യത്തെ 'തിരനോവലുകളുടെ' ഗണത്തിൽ നാടൻപ്രേമത്തെ ഉൾപ്പെടുത്താം. ജീവിതഗന്ധിയായ ഒരു ചലച്ചിത്രം കാണുന്ന പ്രതീതിയാണ് നാടൻപ്രേമം വായിക്കുമ്പോഴുണ്ടാകുന്നത്. കഥാപാത്രങ്ങളുടെ ബാഹ്യവർണ്ണനകൾ കാരിക്കേച്ചർ പോലെ മനസ്സിൽ പതിയുന്നു. ഒപ്പം ഗ്രാമത്തിന്റെ പ്രകൃതിരമണീയത മുഴുവൻ ഒപ്പിയെടുത്ത വർണ്ണനകൾ മനസ്സിൽ മായാത്ത ദൃശ്യങ്ങൾ പതിപ്പിക്കുന്നു.
ഇരുവഴിഞ്ഞപുഴയും ചെറുപുഴയും സംഗമിക്കുന്ന, കോഴിക്കോട് നിന്ന് ഇരുപത് നാഴിക അകലെയുള്ള മുക്കം എന്ന ഗ്രാമമാണ് നാടൻപ്രേമത്തിന്റെ ഭൂമിക. നോവലിന്റെ നാലമധ്യായത്തിൽ ഗ്രാമത്തെ എസ്.കെ ഇങ്ങനെ വർണ്ണിക്കുന്നു. "കുന്നിൻനിരകൾ, പച്ചപുതച്ച മൈതാനങ്ങൾ, നീർച്ചാലുകൾ തലോടുന്ന താഴ്‌വാരങ്ങൾ, വെട്ടിത്തെളിച്ച മലംകൃഷിസ്ഥലങ്ങൾ, മേടുകൾ, മുളംകാടുകൾ, കവുങ്ങിൻതോട്ടങ്ങൾ, കുരുമുളകുതോട്ടങ്ങൾ ഇവയെല്ലാം നിറഞ്ഞ പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ് മുക്കം." (നാടൻ പ്രേമം - പേജ് 17)
ഒരു ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിൽ കഥ അരങ്ങേറുന്ന ജൈവപരിസരത്തിന് നിർണ്ണായക പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് അനുരൂപമായ ലൊക്കേഷനുകൾ തേടി ചലച്ചിത്രപ്രവർത്തകർ അലയുന്നത്. പ്രകൃതിരമണീയമായ കേരളീയ ഗ്രാമലാവണ്യം പൂർണ്ണമായും പ്രതിബിംബിക്കുന്ന 'മുക്കം' നാടൻപ്രേമത്തെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു.
നാഗരികനും ധനവാനുമായ രവീന്ദ്രൻ രണ്ടുമാസത്തെ അജ്ഞാതവാസത്തിനായി മുക്കം എന്ന ഗ്രാമത്തിലെത്തുന്നു. അവിടെ ഗ്രാമത്തിന്റെ മുഴുവൻ ശാലീനതയും നിറഞ്ഞു തുളുമ്പുന്ന 'അനാഘാത കുസുമമായ' മാളുവിൽ അയാൾ അനുരക്തനാകുന്നു. പുത്തനായി വിരിഞ്ഞുവന്ന ഒരു വലിയ വെള്ളാമ്പൽപ്പൂവിന്റെ വെണ്മയും നൈർമല്യവും സൗരഭ്യവും നിറഞ്ഞവളായിരുന്നു മാളു.
നാഗരികതയും ഗ്രാമവും തമ്മിലുള്ള ദ്വന്ദ്വസംഘർഷം പൊറ്റക്കാടിന്റെ സാഹിത്യലോകത്ത് വ്യാപരിക്കുന്നു. ഉപരിവർഗ്ഗത്തിന്റെ പ്രതിനിധിയായ രവീന്ദ്രൻ നാഗരികമായ കാപട്യതന്ത്രങ്ങൾ പ്രയോഗിച്ച് മാളുവിനെ തന്റെ ഇംഗിതത്തിന്റെ ഇരയാക്കുന്നു. നാഗരികമായ ഉപഭോഗവസ്തുക്കളോടുള്ള ഗ്രാമത്തിന്റെ അഭിവാജ്ഞ്ജ ചൂഷണം ചെയ്തുകൊണ്ടാണ് രവീന്ദ്രൻ മാളുവിനെ ആകർഷിക്കുന്നത്. "അവൾ ഒരു വിജനസ്ഥലത്തു ചെന്ന് ആ പൊതി അഴിച്ചുനോക്കി. താൻ വില ചോദിച്ച ആ വിലയേറിയ തുണി മൂന്നുനാല് വാരയും, ഒരു വാസനസോപ്പുമാണ് അതിലുള്ള വസ്തുക്കൾ." (നാടൻ പ്രേമം, പേജ് 15)
പരിമിതമായ ജീവിതചുറ്റുപാടിൽ കഴിയുന്ന ഒരു ഗ്രാമീണപെണ്ണിന് ഈ വസ്തുക്കൾ വളരെ വിലപ്പെട്ടതാണ്. നിഷ്ക്കളങ്കയായ മാളു അയാളൊരുക്കിയ വിധേയത്വത്തിന്റെ വലയിൽ വീഴുകയായിരുന്നു. നാഗരികതയുടെ അധിനിവേശത്തിന്റെ കണ്ണിൽ സ്ത്രീ ഒരു ഉപഭോഗവസ്തുവാണ്. നാഗരികമായ ഉപഭോഗവസ്തുക്കൾ കൊണ്ട് പവിത്രവും വിശുദ്ധവുമായ പ്രണയത്തെപ്പോലും വിലയ്ക്കു വാങ്ങാൻ രവീന്ദ്രനു കഴിയുന്നു.
ആഗോളീകരണകാലത്ത് അധിനിവേശം സാധ്യമാകുന്നത് ആയുധങ്ങളിലൂടെയല്ല, മറിച്ച് രുചികളെയും രസനകളെയും കീഴ്പ്പെടുത്തിയും ഇക്കിളിയും പ്രലോഭനവും സമ്മാനിച്ചുകൊണ്ടാണ്. മാളുവിന്റെ ഹൃദയവിശുദ്ധിയിലേക്ക് രവീന്ദ്രൻ നടന്നുകയറുന്നതും ഇത്തരം പ്രലോഭനങ്ങളിലൂടെയാണ്. നാഗരികമായ കാമനകളിലൂടെ എങ്ങനെയാണ് അധിനിവേശം സാധ്യമാകുന്നതെന്ന അർത്ഥം കൂടി നാടൻപ്രേമം പുതിയ കാലത്തിന് നൽകുന്നുണ്ട്. "പിന്നീട് രവി തുടങ്ങുകയായി. നഗരത്തെയും നഗരജീവിതത്തേയും പറ്റി വിപുലവും വികാരജനകവുമായ ഒരു വർണ്ണന. കടൽ, കപ്പൽ, കടൽപ്പുറം, കച്ചവടം, ആൾത്തിരക്കേറുന്ന തെരുവുകൾ, വലിപ്പകെട്ടിടങ്ങൾ, കൈത്തൊഴിൽശാലകൾ, ഹോട്ടലുകൾ, ക്ലബ്ബുകൾ, സിനിമാലയങ്ങൾ, തീവണ്ടിയാപ്പീസുകൾ, ഇവയെപ്പറ്റി ഓരോന്നോരോന്നായി രവി വർണ്ണിക്കുവാൻ തുടങ്ങും. അപ്പോൾ അവളുടെ കണ്ണുകൾ വികസിക്കും. നഗരത്തെപ്പറ്റി - ആ അത്ഭുതദേശത്തെപ്പറ്റി - അവൾ അനേകം സ്വപ്നങ്ങൾ നെയ്തുണ്ടാക്കും. ചില കൊച്ചു ഭാവനകളെ അതിനോടേച്ചു കൂട്ടും." (നാടൻ പ്രേമം, പേജ് 26
"അവൾക്ക് രവി അത്യാകർഷകമായ പ്രണയചിത്രങ്ങൾ, അധികവും നഗ്നചിത്രങ്ങൾ കാണിച്ചുകൊടുക്കും. ആ ഫോട്ടോകൾ കാണുമ്പോൾ അവൾ ഒരു കുട്ടിയെപ്പോലെ പൊട്ടിച്ചിരിക്കും. അയാൾ അവൾക്ക് പ്രേമകവിതകൾ ചൊല്ലിക്കൊടുക്കും. ശൃംഗാരകവിതകൾ വ്യാഖ്യാനിച്ചുകൊടുക്കും." (നാടൻ പ്രേമം, പേജ് 27)
നാഗരികതയുടെ ഭോഗരസങ്ങളിൽ സ്വയമറിയാതെ തന്നെ അവൾ അർപ്പിക്കപ്പെടുകയായിരുന്നു - ഗ്രാമങ്ങൾ നഗരവത്കരണത്തിന്റെ ചതുപ്പുനിലങ്ങളായിമാറുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. വർത്തമാനകാലകേരളം അഭിമുഖീകരിക്കുന്ന ഗുരുതരമായൊരു പ്രതിസന്ധിയാണ് കേരളീയഗ്രാമങ്ങളുടെ നഷ്ടപ്പെടലും നഗരവത്കരണവും. ഇതിന്റെ ഉപോൽപ്പന്നമാണ് നഗരങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും കുപ്പത്തൊട്ടികളുമായി ഗ്രാമങ്ങൾ മാറുന്നത്. ഗ്രാമങ്ങൾ നഗരങ്ങളെ വളയുക എന്ന പഴയ വിപ്ലവസങ്കൽപ്പങ്ങൾക്ക് പാഠഭേദം വരികയും നഗരങ്ങൾ ഗ്രാമങ്ങളിലേക്ക് അതിക്രമിച്ചുകയറുകയും ചെയ്യുന്നു.
സഹജസ്നേഹത്തിന്റെ നിസ്വാർത്ഥവും ഉദാത്തവുമായ മാതൃകയാണ് നാടൻപ്രേമത്തിലെ 'ഇക്കോരൻ'. "പരോപകാർത്ഥമിദം ശരീരം എന്ന പ്രമാണം അക്ഷരംപ്രതി അനുഷ്ഠിച്ചിരുന്ന മറ്റൊരാൾ ഇക്കോരനെപ്പോലെ ഇല്ല. അവൻ ആകെപ്പാടെ മുക്കത്തുകാരുടെ പൊതുസ്വത്താണ്. വിശേഷവിധിയായി എന്തെങ്കിലും എവിടെയെങ്കിലും ഉണ്ടായാൽ, സഹായത്തിന് സമയത്തിന് ഇക്കോരൻ അവിടെ ചെന്നെത്താതിരിക്കില്ല. അടിയന്തിരങ്ങളിൽ, ഇലമുറിക്കുക മുതൽ എച്ചിൽപെറുക്കുക വരെയുള്ള ജോലികളിൽ അവൻ പങ്കെടുക്കും. ഇക്കോരനില്ലാത്ത ഒരു വിശേഷം മുക്കത്തില്ല. അവന്റെ പാട്ടും കോപ്പിരാട്ടിയും പണിക്കാർക്ക് ഉണർവ്വും ഊർജ്ജസ്വലതയും നൽകിപ്പോന്നു. ജാതിമതഭേദമന്യേ ആബാലവൃദ്ധം ജനങ്ങളവനെ സ്നേഹിക്കുന്നു. പ്രതിഫലേച്ഛ കൂടാതെ, ആർക്കുവേണ്ടിയും അവൻ തടി തണ്ണീരാക്കി പണിയെടുക്കും." (പേജ് 32, നാടൻ പ്രേമം) ചതിയും പ്രലോഭനങ്ങളുമായെത്തുന്ന രവീന്ദ്രനിലെ നാഗരികസ്വത്വം ഇക്കോരൻ തിരിച്ചറിയുകയും മാളൂന് ഗ്രാമം കാതോർക്കുന്ന തന്റെ പാട്ടിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
ഗന്ധർവ്വനെക്കണ്ട് മോഹിച്ചൊരു പെണ്ണ്
അന്തിക്ക് മുക്കം പുഴകടന്നു.
ഞാനിതൊന്നുമറിയൂല രാമനാരായണ
............
മാനത്തിലമ്പിളി മിന്നുന്ന കണ്ടിട്ടു
മോഹിക്കണ്ടാ നീ പെണ്ണേ
(പേജ് 34,36 )
നഗരത്തിലേക്ക് മടങ്ങുന്ന രവീന്ദ്രൻ പിരിയാൻനേരം അവളുടെ ദിവ്യാനുരാഗത്തിന് പകരം പ്രതിഫലമായി നൽകുന്നത് പത്തുരൂപയും മോതിരവുമാണ്. ജീവിതത്തിന്റെ സമസ്തമൂല്യങ്ങളെയും പണം കൊണ്ടളക്കുന്ന അധിനിവേശ മൂല്യവ്യവസ്ഥയുടെ പ്രതിരൂപമാണല്ലോ രവീന്ദ്രൻ. അതേസമയം ഗ്രാമത്തിന്റെ നന്മയും നിർമ്മലതയും രക്തത്തിലേറ്റുവാങ്ങിയ ഇക്കോരൻ ആത്മഹത്യ ചെയ്യാൻ പുഴയിൽ ചാടിയ മാളുവിനെ രക്ഷിക്കുകയും ഗർഭിണിയായ അവളെ അപമാനത്തിൽ നിന്നും രക്ഷിക്കാൻ വിവാഹം കഴിക്കുകയും ചെയ്യുന്നു.
രവീന്ദ്രനും ഇക്കോരനും രണ്ടുതരം വർഗതാൽപര്യങ്ങളുടെ പ്രതിനിധികളാണ്. പണംകൊണ്ട് എന്തും വിലയ്ക്കു വാങ്ങാൻ കഴിയും എന്ന തത്വശാസ്ത്രമാണ് രവീന്ദ്രനെ നയിക്കുന്നത്. പക്ഷെ മറ്റുള്ളവർക്കായി സ്വന്തം ഇഷ്ടങ്ങളെ ബലികൊടുക്കാൻ പോലും തയ്യാറാവുന്ന വ്യക്തിത്വമാണ് ഇക്കോരന്റേത്. അതുകൊണ്ടാണ് അനപത്യദു:ഖത്തിൽ പെട്ടുഴലുന്ന രവീന്ദ്രന് പ്രാണനെപ്പോലെ സ്നേഹിക്കുന്ന മകനെ വിട്ടുകൊടുക്കാൻ ഇക്കോരൻ തയ്യാറാവുന്നത്.
എന്നാൽ രവീന്ദ്രൻ മകനെ വീണ്ടെടുക്കാൻ ശ്രമിക്കുന്നതും പണത്തിന്റെ പിൻബലത്തിലാണ്. വ്യാപാരമനോഭാവമാണ് ഇവിടെയും അയാളെ നയിക്കുന്നത്. മകനെ വിട്ടുകൊടുത്താൽ നല്ലൊരു സംഖ്യ രവീന്ദ്രൻ മുതലാളി നൽകുമെന്ന ബർട്ടൻ സായ്പ്പിന്റെ വാഗ്ദാനത്തിന് ഇക്കോരൻ നൽകുന്ന മറുപടി അയാളുടെ വ്യക്തിത്വത്തിന്റെ വിളംബരമാണ്. 'എന്റെ പൊന്നുമകനെ വിറ്റ പണംകൊണ്ട് ഞങ്ങൾക്ക് സുഖിക്കണ്ട. ആ സുഖം ഒരിക്കലും എന്റെ മകനെ ലാളിക്കുന്ന സുഖം തരില്ല.' (പേജ് 66, നാടൻപ്രേമം)
പണമാണ് ദൈവമെന്ന് കരുതുന്ന ഒരു വ്യവസ്ഥയിൽ അഭിരമിക്കുന്ന ബർട്ടൻ സായിപ്പിന് തിരിച്ചറിവിന്റെ വെളിച്ചമാണ് ഇക്കോരൻ നൽകുന്നത്. രവീന്ദ്രന് എഴുതുന്ന കത്തിൽ ബർട്ടൻ സായിപ്പ് ഇത് വെളിപ്പെടുത്തുന്നുമുണ്ട്. "പണം കൊണ്ട് ആവശ്യമില്ലെന്ന് പറയുന്നവനോട് പിന്നെ എന്തു വാദിക്കുവാനാണ്, മറ്റെന്തു പ്രലോഭനമാണുള്ളത്. ലോകത്തിൽ ഇങ്ങനെയുള്ളവരും ഉണ്ടെന്ന വസ്തുത എന്നെ ആശ്ചര്യപ്പെടുത്തുന്നു. മനസ്സിരുത്തി പഠിക്കേണ്ടുന്ന ഒരു മനശാസ്ത്രമാണിത്. ഇതിൽ എന്തോ ഒരു മഹാരഹസ്യമോ. ഗൂഢാലോചനയോ, എന്തൊക്കെയോ ഉണ്ടെന്ന് ഞാൻ ബലമായി സംശയിക്കുന്നു." (പേജ് 68)
ആഗോളീകരണത്തിന്റെ അധിനിവേശം തിന്നുതീർക്കുന്നത് പ്രാദേശികസംസ്കൃതികളുടെ മൂല്യബോധത്തെയാണ്. അനുനിമിഷം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് മാനവികതയുടെ പൊതു ഇടങ്ങളാണ്. നന്മയുടെ വിളനിലമായ ഗ്രാമസ്ഥലികൾക്ക് തനതായ ഒരു പൈതൃകവും സംസ്കൃതിയുമുണ്ട്. നാടൻപ്രേമം എന്ന കൃതിയിൽ പൊറ്റക്കാട് ഈ ഗ്രാമീണസംസ്കൃതിയെ, നാടോടിത്തനിമയെ വാഴ്ത്തുന്നുമുണ്ട്. 'നാട്യപ്രധാനം നഗരം, നന്മകളാൽ സമൃദ്ധം നാട്ടിൻപുറം' എന്ന കവിവാക്യത്തിന്റെ സാധൂകരണം കൂടിയാണിത്.
"നാട്ടിൻപുറം- നാഗരികതയുടെ രസനാസ്പർശമേൽക്കാത്ത നാട്ടിൻപുറം. അവിടത്തുകാർ നിരക്ഷരരാണെങ്കിലും അവർക്കുമുണ്ടൊരു സാഹിത്യം. പഴങ്കഥകളും യക്ഷിക്കഥകളും പൊടിപ്പും തൊങ്ങലും ചേർന്ന ഇതിഹാസവും, വീരപരാക്രമങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനങ്ങളും നിറഞ്ഞ, ശാലീനമായ ആ നാടൻ സാഹിത്യത്തിനുമുണ്ട് സ്വന്തമായൊരു വശ്യശക്തി. അവിടത്തെ ഓരോ കൊച്ചുകുന്നിനും അരുവിക്കും തോടിനും കയത്തിനും കടവിനും ഓരോ പേരുള്ളതുപോലെ തന്നെ, അവിടത്തെ കരിമ്പാറക്കെട്ടുകളുടെയും പൊട്ടക്കുളങ്ങളുടെയും ആൽത്തറകളുടെയും പിന്നിൽ നീണ്ട ഓരോ ചരിത്രകഥകളും ഉണ്ടായിരിക്കും. ഒരോ പുതിയ ഋതുക്കളുടെ പോക്കുവരവും ഗ്രാമീണർ പൂക്കളെക്കൊണ്ടും പക്ഷികളെക്കൊണ്ടും തിരിച്ചറിയുന്നു. കുയിൽവന്നു മഴയുംവന്നു, വിത്തും കൈക്കോട്ടും എന്നു പാടിക്കൊണ്ടുവന്ന പുതിയ വിരുന്നുകാരൻ പക്ഷി നിലം ഉഴുത് വിത്തു വിതയ്ക്കുവാൻ കാലമായി എന്നറിയിക്കുന്നു." (പേജ് 29)
നാടൻപ്രേമം ഇതേ പേരിൽ തന്നെ മണിയുടെ സംവിധാനത്തിൽ സിനിമയായപ്പോഴും പ്രേക്ഷകലക്ഷങ്ങളുടെ പ്രീതി നേടി. തോപ്പിൽ ഭാസിയാണ് സംഭാഷണം എഴുതിയത്. ഉമ്മർ, ഷീല, മധു, ബഹദൂർ, അടൂർഭാസി, എസ്.പി.പിള്ള എന്നിവരായിരുന്നു അഭിനേതാക്കൾ. പി.ഭാസ്കരന്റെ ഗാനങ്ങൾക്ക് ഈണമിട്ടത് ദക്ഷിണാമൂർത്തി ആയിരുന്നു. മലയാള സാഹിത്യത്തിലേയും സിനിമയിലേയും അനശ്വരകഥാപാത്രങ്ങളായി മാളുവും ഇക്കോരനും രവീന്ദ്രനും നിലകൊള്ളുന്നു. ഒപ്പം പുനർവായനയിൽ നാഗരികാധിനിവേശത്തിന്റെ ദുരന്തഫലങ്ങളെയും ഈ കൃതി ഓർമ്മിപ്പിക്കുന്നു.