Sunday, August 18, 2013

നിലയ്ക്കാത്ത കാളവണ്ടിയൊച്ചകൾ

യാത്ര
ഡോ.രാജേഷ്‌ കടമാൻചിറ











      ഴമയെ തിരസ്കരിച്ചുകൊണ്ട്‌ ആധുനികതയുടെ സുഖംതേടി പായുകയാണ്‌ ഇന്നത്തെ യുവത്വം. നഷ്ടപ്പെടുന്ന പഴമയുടെ ഗന്ധം ചിലരുടെയെങ്കിലും ഹൃദയത്തിൽ നഷ്ടബോധത്തിന്റെ നൊമ്പരം ഉണർത്തിയേക്കാം. ആ നൊമ്പരമടക്കുവാനാണ്‌ ഓരോ യാത്രയിലും, പിന്നിടുന്ന വഴികളിലെങ്ങും നമ്മൾ മൺമറയുന്ന പഴമയുടെ കാലൊച്ചകൾക്കായി കാതോർക്കുന്നത്‌. 

അതുപോലൊരു യാത്രയിലാണ്‌, ടാർനിരത്തിൽ ഉരയുന്ന കാളവണ്ടിച്ചക്രത്തിന്റെ പരുക്കൻ മർമ്മരവും വണ്ടിക്കാളകളുടെ മണികിലുക്കവും ആകസ്മികമായി എന്റെ കാതിൽ വന്നലയ്ക്കുന്നത്‌. മനസ്സിനെ ഭൂതകാലത്തിന്റെ ആഴങ്ങളിലേക്ക്‌ മുക്കിത്താഴ്ത്തുവാനുള്ള ശക്തി ആ ഒച്ചകൾക്കുണ്ടായിരുന്നു. തലയുയർത്തിപ്പിടിച്ച്‌ താളാത്മകമായി നീങ്ങുന്ന കാളകളെയും അവയെ നിയന്ത്രിച്ചുകൊണ്ട്‌ പ്രൗഡിയോടെയിരിക്കുന്ന വണ്ടിക്കാരനെയും കൗതുകത്തോടെ നോക്കിനിന്നിരുന്ന ബാല്യകാലം ഒരു നിമിഷം ഓർമ്മയിലെത്തി. ഒരുകാലത്ത്‌ കേരളത്തിന്റെ നിരത്തുകളെ പുളകമണിയിച്ചിരുന്ന ഈ മണികിലുക്കം ഒട്ടുംതന്നെ കേൾക്കാതായിത്തീർന്നിട്ട്‌ നാളുകളേറെയായി എന്നതുകൊണ്ടാവണം, അവിചാരിതമായി കേട്ടപ്പോൾ ഗൃഹാതുരതയോടെ ശ്രദ്ധിച്ചത്‌. പക്ഷെ, അസുലഭമായ ആ ദൃശ്യം കണ്ണിൽനിന്നും പൊടുന്നനെ മറഞ്ഞുപോയി. ജീവിതയാത്രയുടെ വലിയ ഉത്തരവാദിത്വങ്ങൾ ആ കാഴ്ചയുടെ പിന്നാലെ പോകുന്നതിൽനിന്ന് എന്നെ താൽക്കാലികമായി വിലക്കി. എങ്കിലും ആ കിലുക്കം തേടി ഒരിക്കലിവിടെ എത്തുമെന്ന് അടുത്തനിമിഷം തന്നെ ഞാൻ മനസ്സിലുറപ്പിച്ചു.

ആഴ്ചകൾക്കുശേഷം, ഹർത്താലിന്റെ രൂപത്തിൽ ഒരൊഴിവുദിനം വീണുകിട്ടിയപ്പോൾ, ആ കാഴ്ചയുടെ ഉറവിടംതേടി യാത്രതുടങ്ങി. വിജനമായ തെരുവിലൂടെ മോട്ടോർബൈക്കിലേറി മണിനാദം കേട്ട പരിസരങ്ങളിൽ ഏറെനേരം അലഞ്ഞു. ഒടുവിൽ പാതയോരത്തുള്ള ഒരു വൃക്ഷത്തണലിൽ ഒതുക്കിയിട്ടിരിക്കുന്ന കാളവണ്ടി കണ്ണിൽപ്പെട്ടു. വണ്ടിക്കു സമീപം പച്ചപ്പുല്ല് ചവച്ചരച്ച്‌ മണിക്കാളകൾ വിശ്രമിക്കുന്നു. പ്രതീക്ഷിക്കാതെ ഒരു ദിവസം വിശ്രമം ലഭിച്ചതിന്‌ ആ മിണ്ടാപ്രാണികളും ഹർത്താലിന്‌ നന്ദി പറയുന്നുണ്ടാകാം. വണ്ടിയും കാളകളും മാത്രമേയുള്ളൂ, വണ്ടിക്കാരനെവിടെ എന്നാലോചിച്ചു നിൽക്കുമ്പോൾ ഒരപരിചിതൻ സമീപിച്ചു. പരിസരവാസിയായ അയാൾ വണ്ടിക്കാരന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതന്നതനുസരിച്ച്‌ ഞാൻ മുന്നോട്ടു നടന്നു.

പാതനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന കൽപ്പടവുകൾ കയറി ഞാൻ വീട്ടുമുറ്റത്തേക്ക്‌ പ്രവേശിച്ചു. അധികം വലുതല്ലാത്ത ഇടത്തരം വീട്‌. ഒരു വൃദ്ധൻ ഇറങ്ങിവന്ന് കാര്യമന്വേഷിച്ചു. ഞാൻ പിൻതുടർന്നുവന്ന കാളവണ്ടിയുടെ സാരഥിയായിരുന്നു അയാൾ - അവുതക്കുട്ടി. 64 വയസ്സുള്ള അദ്ദേഹത്തോട്‌ ആഗമനോദ്ദേശം അറിയിച്ചപ്പോൾ, ജീവിതസ്മരണകൾ പങ്കുവെക്കാൻ അദ്ദേഹം സസന്തോഷം തയ്യാറായി. പഴയ രണ്ടു കസേരകളിലായി ഞങ്ങൾ ഇരുന്നു.




ഗ്രാമത്തിലെ മൺവഴികളിൽ നിന്നാരംഭിച്ച്‌ നഗരപ്രാന്തങ്ങളിലെ ടാർനിരത്തുകളിലൂടെ കടന്നുപോകുന്ന ഈ കാളവണ്ടിയുടെ യാത്രയ്ക്ക്‌ വർഷങ്ങളുടെ കിതപ്പുകളുണ്ട്‌. തിരുവിതാംകൂറിന്റെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ചങ്ങനാശേരി ചന്തയിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ചാഞ്ഞോടി എന്ന ഗ്രാമത്തിൽ നിന്നുമാണ്‌ 50 വർഷങ്ങൾക്ക്‌ മുമ്പ്‌ ഈ കാളവണ്ടിച്ചക്രങ്ങൾ ഉരുണ്ടുതുടങ്ങിയത്‌. 1957-58 കാലഘട്ടങ്ങളിൽ ചാഞ്ഞോടിയിലും പരിസരപ്രദേശങ്ങളിലുമുള്ള കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു കാർഷികവിളകളും കയറ്റി, ചങ്ങനാശേരിചന്ത ലക്ഷ്യമാക്കി തുടങ്ങിയ പ്രയാണമാണ്‌ ഇന്നും മുടക്കമില്ലാതെ തുടരുന്നത്‌. ചാഞ്ഞോടി സ്വദേശി കൊച്ചുകുട്ടിയായിരുന്നു സാരഥി.  മകനായ പതിനാലുവയസുകാരൻ അവുതക്കുട്ടി അന്ന് അച്ഛന്റെ സഹായിയാണ്‌.

ചാഞ്ഞോടി ഗ്രാമത്തിൽ നിന്നും പുലർച്ചെ 4.30നാണ്‌ പച്ചക്കറികളും കയറ്റിയുള്ള യാത്രയുടെ തുടക്കം. പച്ചക്കറി വിൽക്കുവാൻ ചുമതലപ്പെടുത്തിയിട്ടുള്ള ആളും ഒപ്പമുണ്ടാകും. ആറുമണിക്ക്‌ ചങ്ങനാശേരിയിൽ എത്തുന്നതോടെ യാത്രയുടെ ഒന്നാംഘട്ടം അവസാനിക്കും. പത്തുരൂപയാണ്‌ ഈ യാത്രയുടെ പ്രതിഫലം. ചന്തയിൽ എത്തുന്നതോടെ കാളകളുടെ വിശ്രമസമയമായി. പച്ചക്കറികൾ ഇറക്കിയശേഷം ചന്തയ്ക്ക്‌ സമീപമുള്ള വണ്ടിപ്പേട്ടയിൽ ആണ്‌ നിർത്തിയിടുക. അതിനുശേഷം പ്രഭാതഭക്ഷണം. മടക്കയാത്രയിൽ കൊണ്ടുപോകാനുള്ള പലചരക്കുസാധനങ്ങൾ വാങ്ങുകയാണ്‌ അടുത്ത ജോലി. ചാഞ്ഞോടിയിലെ ചെറുകടകൾ നൽകിയിരിക്കുന്ന കുറിപ്പടികൾ പ്രകാരമുള്ള സാധനങ്ങൾ അതാതുകടകളിൽ നിന്നുവാങ്ങി വണ്ടിയിൽ നിറയ്ക്കും. മുൻഗണന അനുസരിച്ചാണ്‌ കടകളിൽനിന്നും സാധങ്ങൾ ലഭിക്കുക. ഉച്ചഭക്ഷണത്തിനുശേഷം 1.30നു തുടങ്ങുന്ന മടക്കയാത്ര നാലുമണിയോടെ കോട്ടപ്പുരയ്ക്കൽ കുഞ്ഞോമാച്ചന്റെ പലചരക്കുകടയിൽ അവസാനിക്കും. 8 രൂപയാണ്‌ മടക്കയാത്രയുടെ പ്രതിഫലം. ആഴ്ചയിൽ രണ്ടുദിവസമാണ്‌ ചന്തയിലേക്കുള്ള യാത്ര - ബുധനും ശനിയും. മറ്റുദിവസങ്ങളിൽ  ചാണകപ്പൊടി, തേങ്ങ, കപ്പ, വീടുനിർമ്മാണസാമഗ്രികൾ തുടങ്ങിയവ ആവശ്യക്കാർക്ക്‌ എത്തിച്ചുകൊടുക്കും.

ചങ്ങനാശേരിചന്തയുടെ പ്രതാപകാലം അവുതക്കുട്ടി ഇപ്പോഴും തെളിമയോടെ ഓർമ്മിക്കുന്നു. തിരുവല്ല, ചെങ്ങന്നൂർ, അടൂർ, പത്തനംതിട്ട, മുണ്ടക്കയം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും, കൂടാതെ ഹൈറേഞ്ചിൽ നിന്നുമൊക്കെ ചരക്കുമായി കാളവണ്ടികൾ ഇവിടെ എത്തിയിരുന്നു. റോഡുമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്‌ പ്രധാന ആശ്രയം കാളവണ്ടികളായിരുന്ന ആ കാലത്ത്‌, വീട്ടുമുറ്റത്തൊരു കാളവണ്ടി കിടക്കുന്നത്‌ ആഢ്യത്വത്തിന്റെ പ്രതീകം തന്നെയായിരുന്നു. കരുത്തുള്ള മോട്ടോർവാഹനങ്ങൾ കടന്നുവന്നതോടുകൂടി കാളവണ്ടികളുടെ പ്രതാപം അവസാനിച്ചു. കാലം എല്ലാ മേഖലകളിലും ദ്രുതഗതിയിലാണ്‌ മാറ്റങ്ങൾ കൊണ്ടുവന്നത്‌. ഭൂതകാലത്തിലൂടെയുള്ള സഞ്ചാരം ഒരുനിമിഷം അവസാനിപ്പിച്ച്‌, അവുതക്കുട്ടി നിശ്ശബ്ദനായി. മറക്കാനാവാത്ത ഏതോ ഓർമ്മയിൽ അദ്ദേഹം സ്വയം നഷ്ടപ്പെട്ടതായി തോന്നി.



കാലഘട്ടത്തിന്റെ മാറ്റം, തന്റെ ജോലിയിലും വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അവുതക്കുട്ടി പറയുന്നു. ആവശ്യങ്ങൾക്കനുയോജ്യമായ സൗകര്യങ്ങളുള്ള വാഹനങ്ങൾ ധാരാളമുള്ള ഈ കാലത്തും, താൻ പലചരക്കുകൾ എത്തിച്ചുകൊടുക്കാറുള്ള കടക്കാർ മറ്റുവാഹനങ്ങളെ ആശ്രയിക്കാത്തത്‌, തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്ന മനുഷ്യസ്നേഹം ഒന്നുകൊണ്ടു മാത്രമാണെന്ന് ഇദ്ദേഹം ഓർമ്മപ്പെടുത്തുന്നു. പഴയകാലത്ത്‌ ഒരു യാത്രയ്ക്ക്‌ പത്തുരൂപയായിരുന്നെങ്കിൽ ഇന്നിപ്പോൾ 400-500 വരെയാകും. കാളകളെ പരിരക്ഷിക്കുവാനും വണ്ടിയുടെ അറ്റകുറ്റപണികൾ ചെയ്യാനുമുള്ള ചെലവുകൂടിയത്‌ വലിയ പ്രഹരമായി.  അറ്റകുറ്റപ്പണികൾ ചെയ്യാനറിയുന്ന പണിക്കാരും ഇപ്പോഴില്ല. തന്റെ നാലുമക്കളെ പഠിപ്പിച്ചതും അവരിൽ മൂന്നു പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചതും ഇതിൽ നിന്നുള്ള വരുമാനം ഒന്നുകൊണ്ടു മാത്രമാണെന്ന് അവുതക്കുട്ടി അഭിമാനപൂർവ്വം പറഞ്ഞു. ഇളയമകൻ ഇപ്പോൾ വിദേശത്താണ്‌. ചാഞ്ഞോടിയിലെ വീട്ടിൽ അവുതക്കുട്ടി ഭാര്യയുമൊത്ത്‌ താമസിക്കുന്നു. ആരോഗ്യമുള്ളിടത്തോളം ഈ തൊഴിൽ തന്നെ തുടരണമെന്നാണ്‌ തന്റെ ആഗ്രഹമെന്നും അവുതക്കുട്ടി കൂട്ടിച്ചേർത്തു.

അവുതക്കുട്ടിയോടും ഭാര്യയോടും യാത്രപറഞ്ഞ്‌ വഴിയിലേക്കിറങ്ങുമ്പോൾ അത്രനേരവും അനുഭവിച്ചുകൊണ്ടിരുന്ന പഴമയുടെ സുഖദമായ ഗന്ധം പിൻതുടരുന്നതായി തോന്നി. വഴിയരുകിൽ നിർത്തിയിരിക്കുന്ന കാളവണ്ടി; അയവെട്ടുന്ന മണിക്കാളകൾ..... ഉള്ളിൽ നഷ്ടബോധത്തിന്റെ നൊമ്പരമുയർന്നു. ഒരു കാലഘട്ടത്തിന്റെ സ്മരണകളുംപേറി ഉരുളുന്ന ഈ ചക്രങ്ങൾ  നിലയ്ക്കുന്നതോടുകൂടി ഒരു സംസ്കാരത്തിന്റെ പ്രതീകമായിരിക്കും ഈ പ്രദേശത്തിന്‌ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

കുടമണികൾ, ഇനിയും എന്തോ പറയാനുണ്ടെന്നപോലെ കിലുങ്ങി.

O


PHONE : 09846136524



No comments:

Post a Comment

Leave your comment