Sunday, August 25, 2013

പോസ്റ്റ്‌മോർട്ടം

കവിത
ഉണ്ണികൃഷ്ണൻ.പി.കെ











ലയോട്‌ പൊളിക്കുമ്പോൾ
ഓർമ്മയിൽ ക്യാഷ്‌ ചെസ്റ്റ്‌ മാത്രം.
അപ്പോൾ ബ്രെയിൻ ചെസ്റ്റുകൾ കാണാറേയില്ല.

ഹെഡ്‌ റെസ്റ്റിനു മുകളിൽ തുറന്നിരിക്കുന്ന തലയിൽ
മുടിയും തൊലിയുമില്ല.
ലക്ഷണങ്ങൾ വിരൽ ചൂണ്ടുന്നത്‌
സ്വാഭാവിക മരണത്തിലേക്കാണ്‌.

റിബ്‌ ഷിയർ പഴകിയിരിക്കുന്നു
എല്ലുകൾ മുറിയാൻ മടിക്കുന്നു.
എങ്കിലും സ്റ്റെർനം പൊളിഞ്ഞു വിടരുമ്പോൾ
ഉള്ളിൽ ഹൃദയം കാണാനില്ല.

പകരം അവിടെ ഒരു നീരുറവ.
മരിച്ചിട്ട്‌ മാസം ഒന്നരയായെങ്കിലും
ഇനിയും വറ്റാതെ...
ചോര വറ്റിയിട്ടും നീര്‌ വറ്റാതെ...

ഇല്ല...
കാരണം തേടാൻ സമയമായില്ല.
തേടേണ്ട കാര്യവുമില്ല.
തേടേണ്ട കാര്യങ്ങൾക്ക്‌
അവർ അതിരു നിർണ്ണയിച്ചു തന്നിട്ടുണ്ട്‌.

വേലി ചാടുന്നതിന്‌
കൂലി കൂടുതലില്ല.
ചത്തു ചീഞ്ഞ ജീവിതങ്ങൾക്ക്‌
ഹൃദയം ഉണ്ടെങ്കിലെന്ത്‌, ഇല്ലെങ്കിലെന്ത്‌?

എങ്കിലും ഈ ഉറവ്‌...?
അത്‌ റിബ്‌ ഷിയറിലൂടെ കടന്ന്
എന്റെ സിരകളിൽ തൊട്ട്‌
ഹൃദയത്തിനു നേർക്ക്‌ കുതിച്ചെത്തുന്നത്‌
എന്തിനാണാവോ?

ആ ഉറവ്‌ ഹൃദയത്തിൽ വന്ന് തൊടുമ്പോൾ
ഒരു താരാട്ടിന്റെ ഈരടികൾ ഉയരുന്നത്‌ എവിടുന്നാണ്‌?
ഒരുരുള ചോറുമായി ഒരു സ്നേഹക്കൈ നീണ്ടുവരുന്നത്‌
എവിടെ നിന്നാണ്‌?

റിപ്പോർട്ട്‌ എഴുതുമ്പോൾ കൈ വിറയ്ക്കുന്നല്ലോ
എഴുതി സബ്മിറ്റ്‌ ചെയ്തിട്ട്‌ നാളെത്തന്നെ
നാട്ടിലേക്ക്‌ പോണം.
എന്തോ...
അമ്മയെ കാണാൻ തോന്നുന്നു.

കണ്ടിട്ട്‌ മാസം ഒന്നൊന്നര ആയില്ലേ...!


O

No comments:

Post a Comment

Leave your comment