Saturday, August 10, 2013

ആധി

കഥ
മനോജ്‌ വേങ്ങോല


യാത്ര

ആശുപത്രിയിലേക്കുള്ള യാത്രയായിരുന്നു.

ഇന്നാണ്‌ പ്രധാനഭിഷഗ്വരനെ കാണാൻ സന്ദർശനാനുമതി ലഭിച്ച ദിവസം. ഇന്ന് വിധി പറയും. കഴിഞ്ഞ ഒന്നരമാസത്തെ ഭീഷണവും ഏകാന്തവുമായ കാത്തിരിപ്പ്‌ അതോടെ അവസാനിക്കും. ഒട്ടും ആശാവഹമായ കാത്തിരുപ്പ്‌ ആയിരുന്നില്ല എന്റേത്‌. എവിടെയോ വായിച്ച ലക്ഷണങ്ങൾ മുൻനിർത്തി ഞാൻ നടത്തിയ അന്വേഷണങ്ങളും നിരീക്ഷണങ്ങളും എന്നെ മരിച്ച ഒരാളാക്കി മാറ്റിയിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല. ഗർഭിണിയായ എന്റെ ഭാര്യ, എന്റെ പിറക്കാനിരിക്കുന്ന കുഞ്ഞ്‌, ഞാൻ ഇനിയും എഴുതി പൂർത്തിയാക്കാത്ത നോവൽ....

എല്ലാം ഞാൻ കടുത്ത വേദനയോടെ ഉപേക്ഷിച്ചു. മൂക്കിൽ നിന്നും ഇപ്പോഴും ചോരയൊലിക്കുന്നു എന്ന ഭീതിയിൽ ഞാൻ ഇടയ്ക്കിടെ മൂക്കിൻ തുമ്പിൽ തൊട്ടുനോക്കുന്നു.

ഇനി ഒന്നുമില്ല.
മുപ്പത്തിയഞ്ചാം വയസ്സിൽ ലോകം അസ്തമിക്കുകയാണ്‌.
മരണം മാത്രം.
അതിനായുള്ള അശാന്തമായ കാത്തിരിപ്പ്‌ മാത്രം.
കാറിലിരുന്നുകൊണ്ട്‌ ഞാൻ പുറത്തേക്ക്‌ നോക്കി.

വഴിയരികിലെ ഒരു വീട്ടുമുറ്റത്ത്‌ നെല്ല് ഉണക്കാനിട്ടിരിക്കുന്നു. അതിനരികിൽ, വടിയിൽ നാട്ടിയ ഒരു കാക്കച്ചിറക്‌. ദൂരെ, വയലിനു നടുവിൽ ഇടിഞ്ഞുവീഴാറായ മേൽക്കൂരയില്ലാത്തെ ഒരു വീട്‌, പ്രേതഗൃഹം. അതിന്റെ മുറ്റത്ത്‌ ഒരുണങ്ങിയ മരം. കടവാതിലുകൾ. കാർ പിന്നെയും മുന്നോട്ടു പോകുമ്പോൾ കാളത്തലകൾ നിരത്തിവെച്ച അറവുശാലകളുടെ സമീപദൃശ്യമായി. അവയ്ക്കരികിലൂടെ പൊട്ടിയൊലിക്കുന്ന വൃണങ്ങളുമായി ഒരു പെൺകുട്ടി പിച്ചതെണ്ടുന്നു. കാലൊടിഞ്ഞൊരു തെരുവുനായയെ സ്കൂൾകുട്ടികൾ കല്ലെറിഞ്ഞോടിക്കുന്നു. ചുറ്റും, ടയർ കരിഞ്ഞ മണം. വഴിയോരങ്ങളിൽ കഴിഞ്ഞുപോയ ഉത്സവത്തിന്റെ കീറിയ കൊടിതോരണങ്ങൾ. വൈദ്യുതകമ്പിയിൽ ഒരു പ്രാവിന്റെ ജഡം.

ഞാൻ കണ്ണുകളടച്ചു.
എനിക്ക്‌ നെഞ്ചു വേദനിക്കുന്നതുപോലെ തോന്നി. വിറയ്ക്കുന്ന വിരലുകൾകൊണ്ട്‌ ഞാൻ നെഞ്ച്‌ അമർത്തി തടവി.

എനിക്ക്‌ തുണ വന്ന സുഹൃത്ത്‌ ചോദിച്ചു:
"എന്താണ്‌..? എന്തെങ്കിലും അസ്വസ്ഥത...?"
ഞാൻ പറഞ്ഞു:
"വയ്യ... നോക്കുന്നിടത്തെല്ലാം മരണം എന്നെഴുതിയിരിക്കുന്നു..."
 അവൻ നിസ്സഹായനായി ചിരിച്ചു.


മടക്കയാത്ര

ആശുപത്രിയിൽ നിന്നുള്ള മടക്കമായിരുന്നു.

ഇന്ന്, എന്നത്തേയുംപോലെ ഭിഷഗ്വരനെ കാണുവാൻ കുറെയേറെ നേരം കാത്തിരിക്കേണ്ടിവന്നു. സന്ദർശകമുറിയിലെ പത്രങ്ങളിൽ ചിലത്‌ മറിച്ചു നോക്കി. എങ്കിലും അക്ഷരങ്ങൾ കണ്ണിൽ ഉടക്കിയില്ല. മനസ്‌, ചില വൻകരകൾ താണ്ടുകയയിരുന്നു. കാറ്റുപായകളിലാത്ത ഓവുവഞ്ചിയുടെ പുറംകടൽ യാത്രകൾ.

ഒടുവിൽ എന്റെ ഊഴമായി.

മുഖം നിറയെ ചിരിയുമായി അദ്ദേഹം എന്നെ നോക്കി. എന്റെ പരിശോധനാകുറിപ്പുകൾ രേഖപ്പെടുത്തിയ കടലാസിലൂടെ അദ്ദേഹം പെൻസിൽ മുന ചലിപ്പിച്ചു. നാഡിമിടിപ്പുകളിൽ തൊട്ടു. വിധിവാചകത്തിനായി ഹൃദയം ഒരിലപോലെ വിറകൊണ്ടു. എന്നിട്ടും അദ്ദേഹം പറഞ്ഞത്‌ എനിക്ക്‌ കേൾക്കാനായില്ല.

കൺതുറക്കുമ്പോൾ കാറിലായിരുന്നു.
മടക്കയാത്ര.
ഞാൻ പുറത്തേക്ക്‌ നോക്കി.

കൊയ്ത്തു കഴിഞ്ഞ വയലുകളിൽ കുട്ടികൾ പട്ടം പറത്തുന്നു. കടുംനിറത്തിൽ ചേലചുറ്റിയ ഒരു സ്ത്രീ ഒരു കുടം വെള്ളവുമായി ഒതുക്കുകൾ കയറുന്നു. മരത്തലപ്പുകൾക്കു മുകളിലൂടെ പറന്നകലുന്ന പനംതത്തകളുടെ ഇന്ദ്രധനുസ്സ്‌. താറാവിൻപറ്റം നീന്തുന്ന ജലാശയങ്ങൾ. ഇടയ്ക്ക്‌, വഴിയരികിൽ ഏതോ ക്ഷേത്രത്തിലെ കാവടിയാട്ടം കണ്ടു. പിന്നെ വായനശാലകൾ. സിനിമാപോസ്റ്ററുകൾ. വിപ്ലവപാർട്ടികളുടെ കൊടിതോരണങ്ങൾ. ഓട്ടുകമ്പനിയുടെ പുകക്കുഴലുകൾ. പുഴ.

വീണ്ടും കണ്ണുകളടച്ചപ്പോൾ എന്റെ ഭാര്യ അവളുടെ വീർത്ത അടിവയറിൽ കൈകൾചേർത്ത്‌ ഞങ്ങളുടെ പിറക്കാനിരിക്കുന്ന മകളെ 'താമരേ' എന്നു വിളിക്കുന്നത്‌ എനിക്ക്‌ കേൾക്കാനായി. പിന്നെ എഴുതി പകുതിയാക്കിയ നോവലിന്റെ പേജുകൾ മറിയുന്ന ശബ്ദം. ഞാൻ നടന്ന വഴികൾ. മണ്ണ്. ഇലകൾ. പൂക്കൾ.

ഞാൻ സുഹൃത്തിന്റെ കൈകളിൽ മുറുകെ പിടിച്ചു.
അവൻ ചോദിച്ചു:
"എന്താണ്‌..? ഇനിയും എന്തെങ്കിലും അസ്വസ്ഥതകൾ...?"
ഞാൻ പറഞ്ഞു:
"ഒന്നുമില്ല... നോക്കുന്നിടത്തെല്ലാം ജീവിതം എന്നെഴുതിയിരിക്കുന്നു..."

അപ്പോൾ എന്റെ ആധികൾക്ക്‌ നേരേ അവനൊരു തെറിവാക്ക്‌ ഉച്ചരിച്ചു. 

ONo comments:

Post a Comment

Leave your comment