Saturday, March 2, 2013

യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2

നിരൂപണം
ആർ.എസ്‌.കുറുപ്പ്‌
 ആദ്യഭാഗം വായിക്കുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക


ഭാഗം - 2

       പാത്രസൃഷ്ടിയെക്കുറിച്ച്‌ പറയാനിടവന്നതുകൊണ്ട്‌ ആ വിഷയം തന്നെ തുടരട്ടെ. രണ്ടാമൂഴം ഒരു മോശപ്പെട്ട നോവലായിപ്പോയത്‌ പാത്രസൃഷ്ടിയിലെ വൈകല്യങ്ങൾ കൊണ്ടാണ്‌. ഹിഡിംബി ഒരപവാദമാണ്‌. അതുപോലെ ഒരപവാദമാണ്‌ കുന്തി. മഹാഭാരതത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഈ അമ്മ ശക്തിസൗന്ദര്യങ്ങൾ ചോർന്നുപോകാതെ രണ്ടാമൂഴത്തിലുമുണ്ട്‌. "ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം. നിങ്ങൾ ഈ സ്ത്രീയെ കണ്ടിട്ടില്ല, എന്റെ അമ്മയെ". സത്യം.

പക്ഷേ മറ്റു കഥാപാത്രങ്ങളിൽ ആരെക്കുറിച്ചും നമുക്കിത്‌ പറയാൻ കഴിയുകയില്ല. കഥാപുരുഷനായി കൽപിക്കപ്പെട്ടിരിക്കുന്ന ഭീമനെത്തന്നെ നോക്കൂ. മനസ്സിൽത്തോന്നിയതു പറയുകയും പറയുന്നതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്ന, ധർമ്മാധർമ്മചിന്തകളുടെ പേരിൽ കർമ്മരംഗത്തു സംശയിച്ചു നിൽക്കാത്ത, സ്വന്തം മനസ്സിന്റെ ശാസനങ്ങളിൽ നിന്നു മാത്രം ശരിതെറ്റുകൾ തിരിച്ചറിയുന്ന മഹാഭാരതഭീമനെ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ്‌ മലയാളികളിലെ നിരക്ഷരർ കൂടി. രണ്ടാമൂഴത്തിലെ പ്രധാനകഥാപാത്രത്തിന്റെ സ്ഥിതിയോ? വനപ്രസ്ഥാനത്തിന്റെ നിയമം തെറ്റിക്കുന്നിടത്തുതന്നെ അയാൾക്കു പിഴച്ചു. പിന്നീടുള്ള വിവരണങ്ങളിലാവട്ടെ സ്വന്തം മഹത്വം ഊതിപ്പെരുപ്പിച്ചു കാണിക്കുന്ന, നായകത്വം അർജ്ജുനനിൽ നിന്ന് പിടിച്ചുവാങ്ങാൻ കച്ച കെട്ടിയിറങ്ങിയ ഒരാളാണ്‌ രണ്ടാമൂഴത്തിലെ ഭീമൻ. ദ്രൗപദീസ്വയംവരത്തിൽ വില്ലുകുലയേറ്റുന്നതിന്‌ അർജ്ജുനൻ കർണ്ണനെക്കാൾ പ്രയാസപ്പെടുന്നുണ്ട്‌, അയാളുടെ ദൃഷ്ടിയിൽ. കുരുക്ഷേത്രത്തിൽ കർണ്ണനെ നേരിട്ടുള്ള യുദ്ധത്തിൽ കൊല്ലാൻ പ്രാപ്തനാണത്രേ ഭീമൻ. വിശോകൻ തടുത്തതുകൊണ്ടാണ്‌ അങ്ങനെയുണ്ടാവാതിരുന്നത്‌. അർജ്ജുനനോ? തേർചക്രം മണ്ണിൽ താഴ്‌ന്നതുകൊണ്ടു മാത്രമാണ്‌ അയാൾക്ക്‌ കർണ്ണനെ വധിക്കാൻ കഴിഞ്ഞത്‌. അപ്പോൾ ആരാണ്‌ കേമൻ? അസ്ത്രയുദ്ധത്തിൽ ഭീമനോ അർജ്ജുനനോ? മഹാഭാരതത്തിലെ ജയദ്രഥപർവ്വത്തിലെ ഭീമകർണ്ണയുദ്ധം ശ്രദ്ധിച്ചുവായിക്കുക. ഭീമൻ ഒരു ഗദായുധവിദഗ്ധനിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയാത്തവിധം വീര്യത്തോടെ, അഭ്യാസബലത്തോടെ പൊരുതിനിന്നു. അയാൾക്ക്‌ കർണ്ണനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ല. അർജ്ജുനന്റെ പ്രതിജ്ഞയെക്കുറിച്ച്‌ ഓർമ്മയുണ്ടായിരുന്നതുകൊണ്ട്‌. കർണ്ണൻ, വില്ലാളിവീരനായ കർണ്ണൻ ഉചിതമായ പ്രത്യാക്രമണവും നടത്തി. അയാൾക്ക്‌ ഭീ‍മനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നില്ല. കുന്തിക്കു കൊടുത്ത വാക്കോർമ്മയുണ്ടായിരുന്നതുകൊണ്ട്‌. യുദ്ധം അതിന്റെ വഴിക്കു നടന്നു. അസ്ത്രയുദ്ധത്തിൽ കൂടുതൽ സാമർത്ഥ്യമുള്ളയാൾ ജയിക്കുകയും ചെയ്തു. രണ്ടാമൂഴത്തിൽ പക്ഷെ കർണ്ണനാരെന്ന തിരിച്ചറിവാണ്‌ ഭീമനെ നിരായുധനാക്കുന്നത്‌. ആ ഘട്ടത്തിൽ ആ തിരിച്ചറിവുണ്ടാകുന്നതിൽ സൗന്ദര്യശാസ്ത്രപരമായി യാതൊരപാകതയുമില്ല. അനൗചിത്യം കർണ്ണന്റെ വാക്കുകളിലാണ്‌. കർണ്ണൻ പറഞ്ഞത്രേ: 'ഒരാളേ മാത്രമെ കൊല്ലൂ എന്ന് ഞാൻ വാക്കുകൊടുത്തിട്ടുണ്ട്‌ നിന്റെ അമ്മയ്ക്ക്‌. അത്‌ നീയല്ല' എന്ന്. അർജ്ജുനനൊഴികെ മറ്റു പാണ്ഡവരോടെല്ലാം ധർമ്മപുത്രരുൾപ്പെടെ കർണ്ണൻ ഇതു പറഞ്ഞിട്ടുണ്ടാവണമല്ലോ. കർണ്ണനും കുതിയുമായി ഒരു രഹസ്യധാരണയുള്ളതായി സംശയിക്കാൻ ഇത്‌ ഇടകൊടുക്കുകയില്ലേ? മഹാഭാരതത്തിലെ പ്രശസ്തമായ നിഗൂഢതകളിലൊന്ന് അപ്രസക്തമാകുകയല്ലേ ഇതുവഴി. ഈ കർണ്ണവാക്യം അതുകൊണ്ടുതന്നെ അനൗചിത്യത്തിന്റെ പരമകാഷ്ഠയാണ്‌. കർണ്ണന്റെ പാത്രസൃഷ്ടിയിലെ വൈകല്യങ്ങൾ അധികരിപ്പിക്കുന്നതുമാണ്‌.

ഈ ഘട്ടത്തിൽ മഹാഭാരതത്തിലെ ഭീമസേനൻ കർണ്ണന്റെ ആക്ഷേപങ്ങൾക്ക്‌ മറുപടി പറയുന്നുണ്ട്‌. താൻ കീചകനെ കൊന്നവനാണെന്നും കർണ്ണന്‌ കഴിയുമെങ്കിൽ തന്നോട്‌ മല്ലയുദ്ധത്തിനിറങ്ങാമെന്നും. കൂടുതൽ വലിയ വില്ലാളിവീരനെന്ന സ്ഥാനം കർണ്ണന്‌ നിഷേധിക്കുന്നില്ല ഭീമൻ, അവിടെ.

വ്യാസഭാരതം വായിക്കുന്നവർക്കൊക്കെ വാത്സല്യം തോന്നിപ്പോകുന്ന ഒരു കൗരവകുമാരനുണ്ട്‌, വികർണ്ണൻ. ദ്യുതസഭയിൽ നിശബ്ദരായിരിക്കുന്ന ആചാര്യന്മാരെ അയാൾ ചോദ്യം ചെയ്യുന്നു. ദ്രൗപദി അടിമയായിട്ടില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്യുന്നു. അപ്പോൾ വൈശമ്പായനൻ പറഞ്ഞു:

"ഇതുകേട്ടു സഭാവാസി ജനഘോഷം മുഴങ്ങിനേ
വികർണ്ണനെ പ്രശംസിച്ചും നിന്ദിച്ചും സൗബലേയനെ"

വാസുദേവൻനായരുടെ ഭീമൻ പറയുന്നതോ "ദുര്യോധനനെ ധിക്കരിച്ചു സംസാരിക്കുന്നു എന്നതിലേറെ അയാൾ ഞാനാലോചിക്കാത്ത ഒരു വാദം സദസ്സിന്റെ മുമ്പിൽ വെക്കുന്നു." അതായത്‌ മല്ലയുദ്ധത്തിലും ഗദായുദ്ധത്തിലും മാത്രമല്ല, ധർമ്മാധർമ്മവിചിന്തനത്തിലും താൻ തന്നെ ഒന്നാമൻ. ധർമ്മപുത്രർ വിളിക്കുന്നതുപോലെ 'മന്ദൻ' എന്നല്ല 'മൂഢൻ' എന്നുതന്നെ മഹാഭാരതവുമായി പരിചയമുള്ള ഏതു വായനക്കാരനും അയാളെ വിളിച്ചുപോകും.

എടുത്തുപറയാൻ ഇങ്ങനെ നിരവധി സന്ദർഭങ്ങളുണ്ട്‌. അതിലേയ്ക്കൊന്നും കടക്കുന്നില്ല. മഹാഭാരതഭീമന്റെ ഒരു ഹാസ്യാനുകരണമായി മാറിപ്പോയി രണ്ടാമൂഴത്തിലെ ഭീമൻ. സേതുവിന്റെയും ഗോവിന്ദൻകുട്ടിയുടെയും സൃഷ്ടാവിന്‌ എന്തുപറ്റി എന്ന് നമ്മൾ സംശയിക്കുന്നു. ചിലപ്പോൾ ആശാനും അടവു പിഴയ്ക്കും എന്നല്ലാതെ എന്തുപറയാൻ?

രണ്ടാമൂഴം ഒരു മികച്ച സാഹിത്യസൃഷ്ടി ആവാതിരിക്കുന്നതിന്‌ ഒരു പ്രധാനകാരണം പാത്രസൃഷ്ടിയിലെ പ്രത്യേകിച്ചും പ്രധാനകഥാപാത്രത്തിന്റെ നിർമ്മിതിയിലെ ഈ വൈകല്യമാണ്‌. പക്ഷെ അത്‌ പ്രധാനപ്പെട്ട ഒരു കാരണം മാത്രമാണ്‌. വേറെയും കാരണങ്ങളുണ്ട്‌.

മഹാഭാരതം വലിയൊരു പുരാവൃത്തം എന്നതിലധികം പുരാവൃത്ത(Myth)ങ്ങളുടെ ഒരു സമാഹാരമാണല്ലോ. പുരാവൃത്തം ഒരു ജനതയുടെ ചരിത്രവും ആശയാഭിലാഷങ്ങളും സ്വപ്നങ്ങളുമെല്ലാം കൂടിച്ചേർന്നതാണ്‌. ഞെക്കിയമർത്തിയ സ്വപ്നങ്ങളാണ്‌ (Compressed dreams) മിത്തുകൾ എന്നു പ്രസ്താവിച്ചപ്പോൾ എറിക്‌ ഫോം ഉദ്ദേശിച്ചത്‌ ഇതായിരിക്കാം.

ജ്യോഫറി ഹോഡ്സൺ പറയുന്നു. "The incredibilities of certain myths may be regarded as arresting indications of  the possible existence of secret meanings deliberately concealed within a number of ancient stories." (The Concealed Wisdom in World Mythologies). അതായത്‌ മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാനങ്ങളും ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട അർത്ഥങ്ങളുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ശാസ്ത്രീയ അനാവരണങ്ങളിലൂടെയേ മഹാഭാരതം ശരിയായി മനസ്സിലാക്കുവാനും പുനരാഖ്യാനം ചെയ്യുവാനും കഴിയൂ. ഭാരതകഥയാകെ ഇതിവൃത്തമാക്കിക്കൊണ്ട്‌ സർഗ്ഗാത്മകരചന നടത്തുമ്പോൾ ഇക്കാര്യം കൂടുതൽ പ്രസക്തമാവുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പക്ഷേ ഇവിടെ സംഭവിച്ചതെന്താണ്‌? മിത്തുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച്‌ പല അടരുകളിലുള്ള അവയുടെ അർത്ഥം കണ്ടെത്താനുള്ള ഒരു ശ്രമവും വാസുദേവൻനായരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പ്രശസ്തമായ പല കഥകളും യുക്തിരഹിതങ്ങളെന്നു പറഞ്ഞ്‌ തള്ളിക്കളഞ്ഞിരിക്കുകയാണ്‌. സ്വീകരിച്ചിട്ടുള്ളവയിൽ ഏതാണ്ടെല്ലാം തന്നെ അശാസ്ത്രീയമായ വ്യാഖ്യാനങ്ങളിലൂടെ നിർജ്ജീവവും വിരസവും ആയിത്തീർന്നിരിക്കുന്നു. ഒരുദാഹരണമായി വ്യാസോൽപ്പത്തിയെക്കുറിച്ചുള്ള കഥ തന്നെയെടുക്കാം. ആ കഥ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കപ്പെടേണ്ടതല്ല എന്നറിയാത്തതായി ആരുണ്ട്‌? വാസുദേവൻനായരുടെ വ്യാഖ്യാനം ഇങ്ങനെ: "മഹാനദിയുടെ മദ്ധ്യത്തിൽ വെച്ച്‌ തോണി തുഴയുന്ന മത്സ്യഗന്ധമുള്ള വാലത്തരുണിയെ കീഴടക്കിയ ബ്രാഹ്മണൻ പരാശരൻ അസാമാന്യനായിരിക്കണം. തുഴയില്ലാതെ ഉലയുന്ന തോണി, ആർത്തൊഴുകുന്ന നദി, മത്സ്യഗന്ധം പുരണ്ട ചെളിവെള്ളം കെട്ടിക്കിടക്കുന്ന തോണിത്തട്ടിൽ വീണിടത്തുകിടന്ന് എതിർക്കുന്ന മുക്കുവപ്പെണ്ണിനെ കയ്യൂക്കുകൊണ്ട്‌ കീഴടക്കിയ ബ്രാഹ്മണന്റെ കുശാഗ്രത്തിൽ മൂന്നുരുള തിലോദകമെങ്കിലും അർഹിക്കുന്നുണ്ട്‌..."

പുരോഹിതന്മാരുടെ പീഢനകഥകൾ നിത്യേന കേൾക്കേണ്ടിവരുന്ന ഇക്കാലത്ത്‌ ഈ വർണ്ണനയിൽ അപാകതയൊന്നുമില്ല എന്നു തോന്നാം. പക്ഷെ മഹാഭാരതത്തിലെ പ്രസ്തുതഭാഗം ശ്രദ്ധിച്ചു വായിച്ചിട്ടുള്ള ആർക്കും ഈ സമീപനത്തോട്‌ യോജിക്കാനാവുകയില്ല. നദീമദ്ധ്യത്തിൽ സൃഷ്ടിക്കപ്പെട്ട ദ്വീപ്‌ എന്തുമാകട്ടെ, അവിടെ ജനിച്ച കുമാരൻ അച്ഛന്റെ വഴി പിൻതുടർന്ന് മഹർഷിയും കവിയുമാവുകയാണ്‌. പെൺകുട്ടികൾ, രാജകുമാരിമാർ ഉൾപ്പെടെയുള്ളവർ മഹർഷിമാരുടെ ഇംഗിതത്തിനു വഴങ്ങുന്നതായാണ്‌ മഹാഭാരതത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌. എതിർക്കുന്നവരെ, വശീകരിക്കപ്പെടാൻ, വിധേയരാവാൻ വിസമ്മതിക്കുന്നവരെ നിർബന്ധിക്കാതിരിക്കുകയായിരുന്നു ബ്രാഹ്മണശ്രേഷ്ഠന്മാരുടെ പതിവ്‌ എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്തായാലും വ്യാസോൽപ്പത്തി ഒരു ബലാത്സംഗ കഥയാക്കിയത്‌ മഹാഭാരത സംസ്കാരത്തിന്റെ നിഷേധമാണ്‌.

ഇതു തന്നെയാണ്‌ മഹാഭാരത്തിലെ മനോഹരങ്ങളായ ഒട്ടു മിക്ക മിത്തുകൾക്കും രണ്ടാമൂഴത്തിൽ സംഭവിച്ചത്‌. പുരാതന ദൈവികപുരാവൃത്തങ്ങളെ നവമാനവ പുരാവൃത്തമാക്കി മാറ്റുന്നതിലൂടെ മനുഷ്യനെ അനശ്വരതയിലേക്കുയർത്തുകയാണ്‌ 'ഫൗസ്റ്റി'ൽ ഗോയ്ഥേ ചെയ്തതെന്ന് ഏണസ്റ്റ്‌ ഫിഷർ പറയുന്നു. (Art Against Ideology P.196). എല്ലാ വലിയ നോവൽകാരന്മാരും ചെയ്യുന്നത്‌ ഇതുതന്നെയാണ്‌. മനുഷ്യനെ അനശ്വരനാക്കുക. പുരാതന ദൈവിക പുരാവൃത്തങ്ങൾ മാത്രമല്ല, സ്വന്തം കാലത്തിലെയോ സമീപഭൂതകാലത്തിലെയോ സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളെ മിത്തുകളായി പുന:സൃഷ്ടിച്ചുകൊണ്ട്‌ അനശ്വരമനുഷ്യരെ സൃഷ്ടിക്കുകയാണ്‌ വലിയ നോവലുകൾ ചെയ്യുന്നത്‌. അവിടെ സ്ഥലകാലങ്ങൾക്ക്‌ യാഥാർത്ഥ്യവുമായി താദാത്മ്യമുണ്ടാവുകയില്ല. നെയ്യാറ്റിൻകരയിലെ അമ്മച്ചിപ്ലാവ്‌ സി.വി, കന്യാകുമാരിക്കടുത്തുള്ള ചാരോട്ടേക്ക്‌ പറിച്ചു നട്ടതോർമ്മിക്കുക. കാലത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ്‌ സ്ഥിതി. മഹത്തായ നോവലുകളിൽ കലണ്ടർ കാലം വായനക്കാരന്വേഷിക്കുന്നില്ല. ഭൂതവും ഭാവിയും വർത്തമാനത്തിൽ സംഗമിക്കുന്ന ഇതിഹാസകാലം (Messianic Time) എന്നു വാൾട്ടർ ബെഞ്ചമിൻ വിളിച്ച കാലഗണനയാണ്‌ ഇതിഹാസങ്ങളെപ്പോലെ മഹത്തായ നോവലുകളും പിൻതുടരുന്നത്‌. നശ്വരരായ സാധാരണ മനുഷ്യരുടെ സാധാരണ ജീവിതാനുഭവങ്ങൾക്ക്‌ അർത്ഥത്തിന്റെ അടരുകൾ നൽകി, ഹോഡ്സൺ പറഞ്ഞതുപോലെ ബോധപൂർവ്വമായ നിഗൂഢത നൽകിയാണ്‌ പുതിയ പുരാവൃത്തങ്ങൾ സൃഷ്ടിക്കപ്പെടുന്നത്‌. ഗോവിന്ദൻകുട്ടിയുടെയും സേതുവിന്റെയും ജീവിതാനുഭവങ്ങളിൽ നിന്ന് പുതിയ പുരാവൃത്തങ്ങൾ സൃഷ്ടിച്ച്‌ അവരെ അനശ്വരരാക്കിയ വാസുദേവൻനായർക്ക്‌ ഈ രചനാതന്ത്രം അറിയാത്തതല്ല. പക്ഷേ എന്തുകൊണ്ടോ രണ്ടാമൂഴത്തിൽ ഇതിഹാസകവി അനശ്വരതയിലേക്ക്‌ കൈപിടിച്ചുയർത്തിയ കഥാപാത്രങ്ങളെ, മിത്തുകളെ യാഥാർത്ഥ്യത്തിലേക്ക്‌ പരാവർത്തനം ചെയ്യാനും ഇതിഹാസകാലത്തെ കലണ്ടർ കാലമായി ചുരുക്കാനുമുള്ള വ്യഗ്രതയിൽ അദ്ദേഹം നശ്വരതയിലേക്ക്‌., ക്ഷണികതയിലേക്ക്‌ വലിച്ചു താഴ്ത്തിയിരിക്കുന്നു. രണ്ടാമൂഴം ഒരു നല്ല നോവൽ പോലും ആവാതെ പോയതിന്റെ മുഖ്യകാരണങ്ങളിൽ ഒന്ന് ഇതത്രേ.

ദ്വാപരം അവസാനിക്കുകയും ഭൂമി കലിഗ്രസ്തമാവുകയും ചെയ്തപ്പോഴാണല്ലോ പാണ്ഡവർ ദ്രൗപദീസമേതരായി തങ്ങളുടെ മഹാപ്രസ്ഥാനം ആരംഭിച്ചത്‌. വഴിയിൽ വീഴാതെ സ്വർഗ്ഗാരോഹണം ചെയ്ത ധർമ്മപുത്രർക്കൊപ്പം വഴിയിൽ വീണുപോയവരും ദേവപദത്തിലെത്തിച്ചേർന്നുവെന്ന് തന്നെ നമുക്ക്‌ വിശ്വസിക്കാം. അങ്ങിനെയാണല്ലോ കൃഷ്ണ ദ്വൈപായനൻ പറഞ്ഞിരിക്കുന്നത്‌.

നമുക്ക്‌ ഭഗവാൻ ദ്വൈപായനനെ വീണ്ടും വാഴ്ത്താം.

O


കടപ്പാട്‌ : സാഹിത്യവിമർശം ദ്വൈമാസികം

  
PHONE : 984729449714 comments:

 1. അമാനുഷികരായ മനുഷ്യരുടെ കഥ അതിലെ അമാനുഷികതയെല്ലാം വെട്ടിമാറ്റി അസാധാരണ മനുഷ്യരുടെ കഥയായി അവതരിപ്പിച്ച 'രണ്ടാമൂഴം' അതിന്‍റെസാഹിത്യ സൗന്ദര്യത്തെ മറന്നു ഇകഴ്ത്തിക്കാട്ടുവാനുള്ള ഒരു ശ്രമമായി മാത്രമേ ഈ ലേഖനത്തിനെ കാണുവാന്‍ എനിക്ക് സാധിക്കുന്നുള്ളൂ ഭവാന്‍ . പ്രത്യേകിച്ച് രണ്ടാം ഭാഗം വായിച്ചപ്പോള്‍. ഒന്നാം ഭാഗം പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. പക്ഷേ , രണ്ടാം ഭാഗം എന്തോ .... അത്ര പന്തിയല്ല ....

  ReplyDelete
 2. ആദ്യ ഭാഗം നല്‍കിയ ചില പ്രതീക്ഷകള്‍ പോലും ഇല്ലാതാക്കിയ രണ്ടാം ഭാഗം. മൂല കൃതിയില്‍ നിന്നും വ്യതിചലിച്ചു എന്നത് കൊണ്ട് ഈ സൃഷ്ടിയുടെ ശോഭ കുറയുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. യഥാര്‍ത്ഥത്തില്‍ ഭീമന്റെ ചിന്തകളിലൂടെ മഹാഭാരതം പറയുകയും ഭീമന് നായക പരിവേഷം നല്‍കുകയും ചെയ്യുമ്പോള്‍ കാഴ്ചകള്‍ മാറണം. അത് തന്നെയാണ് രണ്ടാമൂഴത്തില്‍ സംഭവിച്ചത്. രണ്ടാമൂഴം ഒരു മോശപ്പെട്ട നോവല്‍ എന്ന ലേഖകന്റെ പരാമര്‍ശം മുന്‍വിധിയോടെയാണ് ഈ ലേഖനം എഴുതിയത് എന്നതിനെ ഉത്തമദൃഷ്ടാന്തമാണ്.
  എന്റെ മനസ്സില്‍ മഹാഭാരതത്തിനു മികച്ച വായന നല്‍കിയ. മാറി ചിന്തിച്ച രണ്ടു സൃഷ്ടികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് ശിവാജി സാവന്തിന്റെ മൃത്യുഞ്ജയവും

  ReplyDelete
 3. താങ്കള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.. അംഗീകരിക്കുന്നു..
  രണ്ടാമൂഴം അത്ര മോഷമാണെന്ന് തോന്നുന്നില്ല.. എന്റെ വായനാ അനുഭവം അങ്ങിനെ ആണ്

  ReplyDelete
 4. എനിക്കേറ്റവും ഇഷ്ടപെട്ട നോവൽ രണ്ടാമൂഴമാണു. ഭീമനെ മനുഷ്യനാക്കി സങ്കല്പിച്ചെഴുതിയ ആ നോവൽ മൂന്നോ നാലോ ഞാൻ വായിച്ചിരിക്കുന്നു. വായിച്ച് കൊണ്ടിരിക്കുമ്പോൾ ഭീമന്റെ മനസ്സുമായി നമ്മുടെ മനസ്സ് താദാത്‌മ്യം പ്രാപിച്ച് പോകും പലയിടത്തും. വ്യക്തിസ്വാതന്ത്യം ഉണ്ടെന്നാലും അനാവശ്യമായ മുൻവിധിയോടെ സമീപിച്ചത് പോലെ തോന്നുന്നു.

  ReplyDelete
 5. എനിക്കിത് നല്ലൊരു വായന. പുതിയ ചിന്തകളും. രണ്ടാമൂഴം എം.ടിയുടെ മികച്ച നോവലാണെന്ന് എനിക്ക് തോന്നിയിട്ടില്ല....

  ReplyDelete
 6. ഇതൊക്കെ മഞ്ഞു മലയുടെ മുന്നിലെ ചെറിയ കാഴ്ചകൾ . എം ടി തികച്ചും പരാജയപ്പെട്ടിരിക്കുന്നത് യുദ്ധിഷ്ട്ടിരൻ എന്ന പാത്ര സൃഷ്ടിയിൽ ആണ് . മറ്റുള്ളവർ വീണ്ടും വിവാഹിതർ ആയപ്പോളും 1/5 ഭാര്യയിൽ തൃപ്തനായ ഋഷി തുല്യനെ സ്ത്രീ ലംപടനാക്കിയ വിദ്ധിത്തം ഭാരതം വായിക്കാത്തവര്ക്ക് ദഹിചെക്കാം. പക്ഷെ യഥാര്ത ധര്മ്മ്മ പുത്രരേ വായിച്ചരിഞ്ഞവർക്കു പുച്ഛം തോന്നും എം ടി യോട് . ദുർബലൻ എന്ന് എം ടി വാഴ്ത്തിയ യുദ്ധിഷ്ട്ടിരൻ കൊല്ലാതെ വിടുന്നുണ്ട് ദുര്യോധനനെ ഒരു ഘട്ടത്തിൽ . കര്ന്നനോട് ഒഴികെ ആരോടും അയാള് പരാജയപ്പെടുന്നില്ല . എണ്ണം പറഞ്ഞ മഹാരഥന്മാരിൽ ഒരാളായ ശല്യരെ കൊന്നതും യുദ്ധിഷ്ട്ടിരൻ തന്നെ . അതൊന്നും എം ടി കാണുന്നില്ല .

  അടുത്തത് അര്ജുനനാണ് . ഉത്തരയെയും ഉര്വശിയെയും മകളായും അമ്മയായും കാണാനുള്ള അയാളുടെ മഹത്വം അറിയാൻ എംടിക്ക് കഴിഞ്ഞില്ല . ഭാരത യുദ്ധത്തിനു മുൻപ് രണ്ടു തവണ കർണ്ണനെ അയാള് പരാജയപ്പെടുത്തി . കർണ്ണനെ തോല്പ്പിച്ച ചിത്രരഥനെ രണ്ടു തവണ പരാജയപ്പെടുത്തി . ദേവലോകത്ത് തുടങ്ങി അസുര ലോകം വരെ വിജയിച്ചു . പരമശിവനുമായി മല്ലയുദ്ധം നടത്തി . ആ അര്ജുനൻ എന്താണ് എന്നറിയാൻ എംടി ക്ക് കഴിഞ്ഞില്ല എന്ന് ഓർക്കുമ്പോൾ പുച്ഛം തോനുന്നു

  വീണ്ടും വിദുരർ . കുന്തി എന്ന കഥാപാത്രത്തെ വിടാം . പക്ഷെ ജ്യേഷ്ഠ പത്നിയുമായി വിടുരര്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന എംടി യുടെ കണ്ടെത്തൽ വികൃതമായിപ്പോയി . ഇനിയും ഒരുപാടുണ്ട് . ഒരുപാടൊരുപാട് .

  ReplyDelete
 7. രഞ്ജിത്ത്, യുധിഷ്ഠിരനും അനുജന്മാരെപ്പോലെ വേറേ വിവാഹം കഴിച്ചിരുന്നു. ദേവിക എന്നാണ് പേര്. യൗധേയന്‍ എന്നോ മറ്റോ പേരുള്ള ഒരു പുത്രനും ഉണ്ട്. സംഭവപര്‍വത്തില്‍ ഇത് പറയുന്നുണ്ട്.

  ReplyDelete
 8. മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാനങ്ങളും ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട അർത്ഥങ്ങളുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ശാസ്ത്രീയ അനാവരണങ്ങളിലൂടെയേ മഹാഭാരതം ശരിയായി മനസ്സിലാക്കുവാനും പുനരാഖ്യാനം ചെയ്യുവാനും കഴിയൂ.

  To the point,i agree 100% ji..tnks a lot.

  ReplyDelete
 9. പ്രദീപ്‌ ശ്രീകണ്ഠേശ്വരംNovember 23, 2022 at 10:09 AM

  എം.ടി. യുടെ കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു മൗലീകത തീരെയില്ലാത്ത രചനയാണ്‌ രണ്ടാമൂഴം. വായനയുടെ ബാല്യത്തിലും, യുവത്വത്തിലും സഞ്ചരിക്കുന്നവർക്ക്‌ രണ്ടാമൂഴം ആസ്വാദ്യകരമാണ്‌. എന്നാൽ മഹാഭാരതം പഠിക്കാനും, കഥകളിലെ തത്വങ്ങളെ യുക്തിഭദ്രമായി അപഗ്രഥിച്ച്‌ ഉൾക്കൊള്ളാൻ ശ്രമിച്ചാൽ മാത്രമേ മഹാഭാരതത്തിനെ മഹത്വവും, ഗുരുത്വവും തിരിച്ചറിയാൻ കഴിയൂ.
  കാലാനുവർത്തിയായ മഹാഭാരതത്തെ അവലംബിച്ചുകൊണ്ട്‌ ലോകത്തെ വിവിധ ഭാഷകളിലായി അനേകം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്‌. അവയൊക്കെ മഹാഭാരതജന്യം ആയതുതന്നെ മഹാഭാരതം എന്ന മൂലകൃതിയുടെ മഹത്വം തന്നെയാണ്‌. അതുകൊണ്ടുതന്നെ ഉപരചനളെ അവലംബിച്ച്‌ മൂലകൃതിയെ സങ്കൽപ്പിക്കുന്നത്‌ മൗഢ്യമാണ്‌.
  മഹാഭാരതത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്‌ അവലംബിക്കാവുന്ന കൃതികൾ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദാനുപദ ഭാഷാ വിവർത്തനവും, വിദ്വാൻ പ്രകാശം രചിച്ച്‌, ഡി. സി. ബുക്സ്‌ പ്രസിദ്ധീകരിച്ച രാമായണ കഥ എന്ന ഗദ്യ വിവർത്തനവുമാണ്‌.
  ഒന്നുകൂടിപ്പറയട്ടെ, ഗൗരവപൂർണ്ണമായ ഒരു സമീപനമില്ലാതെ മഹാഭാരതം അൽപ്പമെങ്കിലും ഉൾക്കൊള്ളാൻ സാധിക്കില്ല.

  ReplyDelete

Leave your comment