Saturday, March 30, 2013

കാടിന്റെ വില ജീവന്റെ വില

ലേഖനം
ജോൺ പെരുവന്താനം










         മാനവരാശിയുടെ ജീവന്റെ നിലനിൽപ്പിന്റെ അടിസ്ഥാനഘടകങ്ങളെ നിർണ്ണയിക്കുന്ന ധർമ്മമാണ്‌ വിശാല അർത്ഥത്തിൽ വനങ്ങൾ നിർവ്വഹിക്കുന്നത്‌. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും കാലാവസ്ഥാ സുരക്ഷയ്ക്കും വേണ്ടി വനസുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്‌. ആഗോളതാപനം ദുരന്തഭീഷണി ഉണർത്തുന്ന ഈ കാലഘട്ടത്തിൽ കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും ദുരന്തങ്ങളിൽ നിന്നും മരുവത്കരണത്തിൽ നിന്നും ഭക്ഷ്യക്ഷാമത്തിൽ നിന്നും ജലക്ഷാമത്തിൽ നിന്നും ലോകത്തെ രക്ഷിക്കുവാൻ വനവിസ്തൃതി വർദ്ധിപ്പിക്കുക മാത്രമേ മാർഗമുള്ളൂ. ഇന്നു നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാർഷികവിളകളുടെ വിത്തിനങ്ങൾ ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടുപോയാൽ നമുക്ക്‌ വീണ്ടും ആശ്രയിക്കാവുന്നത്‌ അവയുടെയൊക്കെ പൂർവ്വജനുസ്സുകൾ സ്ഥിതിചെയ്യുന്ന വനങ്ങളെ മാത്രമാണ്‌. ജീവസാന്ദ്രമായ ഭൂമുഖത്ത്‌, കരകളിലെ കാട്‌ എന്ന് നാം വിളിക്കുന്ന സസ്യസമൂഹങ്ങൾക്ക്‌ മനുഷ്യനേക്കാളും വളരെ പഴക്കമുള്ള പരിണാമ പാരമ്പര്യമുണ്ട്‌. നിബിഡതയും വൈവിധ്യവും സസ്യങ്ങൾക്ക്‌ മുൻതൂക്കവുമുള്ള ജീവസമൂഹങ്ങളെയാണ്‌ പൊതുവേ കാട്‌ എന്ന വാക്കു കൊണ്ട്‌ നാം വർണ്ണിക്കുന്നതെങ്കിൽ 3500-4000 ലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ തന്നെ ഭൂമുഖത്ത്‌ അതീവവിസ്തൃതിയിൽ കാടുകൾ ഉണ്ടായിരുന്നു. ഈ കാടുകളിൽ ഉൾക്കൊണ്ട ഊർജ്ജവും ജൈവകാർബണും നൈട്രജനും കാരണമാണ്‌ ഭൂമിയിൽ സംഭവിച്ച ജൈവമണ്ഡലത്തിലെ മാറ്റങ്ങൾ ഒക്കെയും. 


ജീവികളുടെ ലോകത്ത്‌ സംഭവിച്ച എല്ലാ പരിണാമ വികാസങ്ങളും കാടുകളുടെ വളർച്ച മൂലമുണ്ടായതാണ്‌. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഉത്ഭവത്തോടെ സസ്യവൈവിധ്യം വളരെയേറെ വർദ്ധിക്കുകയും ജീവിവംശങ്ങളുടെ പരിണാമങ്ങൾക്ക്‌ ഏറെ വേഗത കൂടുകയും ചെയ്തു. പുല്ലുകൾ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതും, സസ്യഭുക്കുകളായ സസ്തനികളുടെ വിസ്ഫോടനകരമായ പരിണാമ വളർച്ചയും പരസ്പരം ആശ്രിതമാണ്‌. ജീവശാസ്ത്രമോ, പരിസ്ഥിതിശാസ്ത്രമോ ജന്മം കൊടുത്തൊരു വാക്കല്ല കാട്‌. കാടിനെ തിരിച്ചറിയാൻ മനുഷ്യന്റെ കാഴ്ചപ്പാട്‌ പ്രധാനമാണ്‌. കാടെന്ന നിർവ്വചനത്തിൽപ്പെടാൻ സസ്യസമൂഹത്തിൽ നിബിഡത വളരെ പ്രധാനപ്പെട്ട ഘടകമാണ്‌. പെരുപ്പമാണ്‌ നിബിഡത സൃഷ്ടിക്കുന്നത്‌. പെരുപ്പമാണ്‌ പ്രകൃതിയുടെ രീതി. ഇതാണ്‌ കാടിന്റെ ആവിർഭാവം. സസ്യങ്ങളുടെ നിബിഡത കൊണ്ട്‌ ആ സമൂഹത്തിലെ എണ്ണിയാൽ തീരാത്ത ജീവഘടകങ്ങളുടെ പരസ്പരപൂരക ബന്ധങ്ങളുടെ  ശക്തികൊണ്ട്‌ ജൈവമണ്ഡലത്തിലെ മിക്കവാറും എല്ലാ രാസപ്രവർത്തനങ്ങളെയും സ്വാധീനിച്ച്‌ നിയന്ത്രിച്ചിരുന്ന ആയിരക്കണക്കിന്‌ ലക്ഷം വർഷങ്ങളുടെ പരിണാമചരിത്രമുള്ള കാടുകളെയാണ്‌ മനുഷ്യൻ ചുരുങ്ങിയ കാലം കൊണ്ട്‌ ഭൂമുഖത്ത്‌ നിന്ന് ഏതാണ്ട്‌ തുടച്ചുനീക്കിയത്‌. കോടിക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ പ്രകൃതി രൂപപ്പെടുത്തിയ പ്രകൃതിയുടെ തിരുശേഷിപ്പുകളായ പർവ്വതങ്ങളും മലനിരകളും വനങ്ങളും നീരുറവകളും ജലസ്രോതസ്സുകളും നശിപ്പിക്കുന്ന, പ്രകൃതിയെ കൊള്ളയടിക്കൽ എന്ന വികസനവീക്ഷണം ഭൂമിയിലെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെ സഹായിക്കാനാണ്‌. 


സ്ഥലത്തിന്റെയും കാലത്തിന്റെയും അനന്തതയിൽ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി 455 കോടി വർഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഭൂമിയെന്ന അത്ഭുതഗ്രഹം; പ്രപഞ്ചത്തിലെ ജീവന്റെ അറിയപ്പെടുന്ന ഏകഗോളം. മഞ്ഞുപാടങ്ങളെന്നറിയപ്പെടുന്ന ഗ്ലേസിയറുകൾ, ചൂടുനീരുറവകളായ ഗെയ്സറുകൾ, മേഘങ്ങൾ, വേലിയേറ്റങ്ങൾ, ഗ്രഹണം, ജലമണ്ഡലം, ഭൂഖണ്ഡങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളാൽ, അനന്തമല്ലെങ്കിലും അജ്ഞാതമായ ഭൂമി മനുഷ്യന്റെ തീരാത്ത അത്ഭുതങ്ങളിൽ ഒന്നാണ്‌.


കോടികോടി ജീവജാലങ്ങൾ, കൂറ്റൻ പർവ്വതങ്ങൾ, എണ്ണമറ്റ പുഴകൾ, കരകാണക്കടലുകൾ, ഇരുണ്ട വനങ്ങൾ, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും, എല്ലാമെല്ലാം അവനെ ആലോചിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അനാദികാലം മുതൽ അവയുടെ രഹസ്യങ്ങളിലേക്ക്‌ മനുഷ്യൻ തുടങ്ങിയ അന്വേഷണ സഞ്ചാരം ഇപ്പോഴും തുടരുന്നു.


ഈ അന്വേഷണയാത്രയിൽ വെളിപ്പെട്ടതിനേക്കാൾ ഏറെ കാര്യങ്ങൾ ഇരുളിലാണ്‌ എന്നത്‌ നമ്മുടെ കാൽക്കീഴിൽ കറങ്ങുന്ന ഈ ഗോളത്തെക്കുറിച്ചുള്ള അത്ഭുതത്തിന്റെ തരംഗദൈർഘ്യം കൂട്ടുന്നു. ഭൂമിയുടെ പല പ്രതിഭാസങ്ങൾക്കും ഇന്നും പൂർണ്ണമായ ഉത്തരമില്ല. ഒരു സുനാമി വരുമ്പോൾ, ഭൂകമ്പം വരുമ്പോൾ, അഗ്നിപർവ്വതം പൊട്ടിയൊലിക്കുമ്പോൾ, അമ്ലമഴ പെയ്യുമ്പോൾ, അതിവർഷവും അൽപവർഷവും വരുമ്പോൾ, കൊടുംവരൾച്ചയ്ക്കു പുറമേ വൻ വെള്ളപ്പൊക്കം വന്നുകയറുമ്പോൾ നാം അഹങ്കരിച്ചിരുന്ന അറിവുകൾ പലപ്പോഴും മതിയാവുന്നില്ല. അപൂർണ്ണതയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട്‌ മനുഷ്യപ്രതിഭ അന്വേഷണം തുടരുന്നു.


ഒരു ജീവിക്ക്‌ വംശനാശഭീഷണി കൂടാതെ ഭൂമുഖത്ത്‌ നിലനിൽക്കുവാൻ ഏതാണ്ട്‌ അമ്പതിനായിരം ചരുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച്‌ ആവാസവ്യവസ്ഥ ഉണ്ടായിരിക്കണമെന്നാണ്‌ അന്തർദ്ദേശീയ ശാസ്ത്രമാനദണ്ഡം. 33 ദശലക്ഷത്തിലധികം വരുന്ന ജൈവരാശിയുടെ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണ്‌ മനുഷ്യൻ. മനുഷ്യന്‌ മുൻപ്‌ ജന്മം കൊണ്ടവയാണ്‌ ഈ ഭൂമിയിലെ മുഴുവൻ ജന്തുജീവജാലങ്ങളും സസ്യലതാദികളും. ആഹാരം തേടുന്നതിൽ തുടങ്ങി നാഗരിക സംസ്കാരത്തിന്റെ മുന്നോട്ടൂള്ള പ്രയാണത്തിന്റെ ഓരോ ഘട്ടത്തിലും കാടുകളെ നശിപ്പിക്കുകയായിരുന്നു നാം. ആധുനികലോകത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്ന പരിസ്ഥിതി മലിനീകരണവും ചുറ്റുപാടുകളെ മാറ്റിമറിക്കാൻ നാം ശ്രമിക്കുന്നതിന്റെ ഒഴിവാക്കാനാവാത്ത ദുരന്ത ഭീഷണിയുമാണ്‌ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും.


ഓരോ പ്രദേശത്തും ലഭ്യമായ സൗരോർജ്ജം, ആർദ്രത, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിലെ ധാതുലവണസ്വഭാവം ഇവയാണ്‌ മുഖ്യമായും അവിടത്തെ ജീവസമൂഹങ്ങൾ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിർജ്ജീവഘടകങ്ങൾ. ഭൂമിയുടെ ഉപരിതലത്തിലെ സസ്യനിബിഡമായ സ്ഥലത്ത്‌ മണ്ണിലെത്തുന്ന സൗരോർജ്ജത്തെയും അവിടെ അന്തരീക്ഷത്തിൽ വാതകരൂപത്തിലും മണ്ണിൽ ഖരരൂപത്തിലും എത്ര ആർദ്രത നിലനിൽക്കുന്നുവെന്നും വെള്ളവും ഊർജ്ജവും എത്രവേഗം ചലിച്ചുകൊണ്ടിരിക്കണമെന്നും തീരുമാനിക്കുന്നത്‌ കാടാണ്‌. ഊർജ്ജത്തിന്റെ അളവും ജലലഭ്യതയുമാണ്‌ ഭൂമുഖത്തെ എല്ലാ ചാക്രിക പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഈ ചാക്രികതകളുടെ സന്തുലിതാവസ്ഥയിലേ ജീവപരിണാമ തുടർച്ച നിലനിൽക്കുകയുള്ളൂ. കേരളം ഭൂമധ്യരേഖയിൽ നിന്നും 10 ഡിഗ്രിയിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട്‌ ഇവിടെ ഊർജ്ജലഭ്യത വളരെ കൂടുതലാണ്‌. അത്‌ ഏറ്റുവാങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾക്ക്‌ ഉപയോഗിച്ച്‌ കാലാവസ്ഥയെ നിയന്ത്രിക്കുവാൻ മഴക്കാടുകൾക്കേ കഴിയൂ. ഒരു ജീവിക്കുപോലും വംശനാശഭീഷണി കൂടാതെ നിലനിൽക്കുവാനുള്ള ഭൂവിസ്തൃതിയില്ലാത്ത കേരളത്തിൽ നാലായിരത്തിലധികം ജന്തുസസ്യ ജീവജാതികൾ തിങ്ങിനിറഞ്ഞ്‌ നിൽക്കുന്ന അത്യപൂർവ്വമായ ജൈവവൈവിധ്യ സമൃദ്ധിയുള്ള ഒരു ജീൻപൂളാണ്‌ കേരള പശ്ചിമഘട്ടം. കാടുകളുടെ നാശം ഊർജ്ജപ്രവാഹത്തിന്റെ താളം തെറ്റിക്കും. ഈ താളംതെറ്റലുകൾ നാം ഏറ്റവും വ്യക്തമായി അറിയുന്നത്‌ ജലചംക്രമണത്തിൽ വരുന്ന മാറ്റങ്ങളിലൂടെയാണ്‌. പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആർദ്രത വളരെ വേഗം കുറയുകയാണ്‌. ഉണങ്ങിയ വായൂ, മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളിൽ നിന്ന് വെള്ളം ബാഷ്പീകരിച്ച്‌ നഷ്ടപ്പെടുന്നതിന്‌ വേഗത കൂടുന്നു. പാലക്കാട്‌, ഇടുക്കി, വയനാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ്‌ ആറായിരം മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ്‌ കുറഞ്ഞ്‌ ഈ പ്രദേശങ്ങൾ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.


വൻകരകളുടെ കടലിനോട്‌ ചേരുന്ന പടിഞ്ഞാറൻ അതിരുകൾ കൂടുതൽ ചൂടുപിടിക്കുന്ന പ്രദേശങ്ങൾ ആയതുകൊണ്ട്‌ ഏറ്റവും നിശിതമായ മരുവത്കരണം അവിടെയായിരിക്കും അനുഭവപ്പെടുക. ആഫ്രിക്കയിലെ നമീബിയൻ മരുഭൂമി ഭാവിയിൽ കേരളം എന്താകുമെന്നതിന്റെ ഒരു ചൂണ്ടുപലകയാണ്‌. മൺസൂൺ വായൂപ്രവാഹം കാരണം മഴ കിട്ടുന്നതുകൊണ്ടാണ്‌ കേരളം പച്ച പിടിച്ചു നിൽക്കുന്നത്‌. ഭൗമാന്തരീക്ഷത്തിലെ മാറുന്ന വായൂപ്രവാഹങ്ങളും കടൽ ഒഴുക്കുകളും മൺസൂൺ കാലവർഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി പറയാൻ ആവില്ല. ഭൂമദ്ധ്യരേഖ പസഫിക്‌ സമുദ്രത്തിലെ എൽനിനോ പ്രവാഹവും മറ്റും ദുരന്തസൂ ചകങ്ങളെയാണ്‌ കാണിക്കുന്നത്‌. വനനശീകരണം എല്ലായിടത്തേക്കും വ്യാപിച്ചു. മെഡിറ്ററേനിയൻ കടലിനും ചുറ്റും പശ്ചിമ ഏഷ്യയിലേക്കും, വടക്ക്‌ കിഴക്ക്‌ കാസ്പിയൻ കടൽ വരെ നീണ്ടു കിടക്കുന്ന സമശീതോഷ്ണാവസ്ഥാ പ്രദേശത്തെ കാടുകളെയാണ്‌ നാം ഉന്മൂലനം ചെയ്തത്‌. ലോകത്ത്‌ വ്യാപകമായി നിലനിൽക്കുന്ന, ഉത്തരാർദ്ധ ഗോളങ്ങളെ ചുറ്റിയുള്ള സൂചിയിലെ, വൃക്ഷങ്ങളുടെ ബോറിയൻ കാടുകളാണ്‌. അലസ്ക, കാനഡ, സ്കാൻഡിനോവിയൻ രാജ്യങ്ങൾ, റഷ്യ, സൈബീരിയ എന്നിവിടങ്ങളിലായി ഇത്‌ വ്യാപിച്ചു കിടക്കുന്നു. മഞ്ഞുപാളികൾ മൂടിയിരുന്ന പ്രദേശങ്ങളിലെ മഞ്ഞ്‌ ഉരുകിമാറിയതിനു ശേഷം പരിണമിച്ചുണ്ടായതാണീ കാടുകൾ. ഇന്നിതു പൂർണ്ണമായും നാശത്തിന്റെ വക്കിലാണ്‌. 


1500 ലക്ഷം വർഷം പഴക്കമുള്ള ഉഷ്ണമേഖല മഴക്കാടുകളായ ആമസോൺ കാടുകളുടെ നാശം ലോകത്തിന്റെ കാലാവസ്ഥയെത്തന്നെ തകിടം മറിക്കുന്നു. മനുഷ്യപ്രവൃത്തി കൊണ്ട്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോള കാലാവസ്ഥാമാറ്റവും അതിരൂക്ഷമായ അന്തരീക്ഷമലിനീകരണവും ഒക്കെ കാരണം ഇനി സംരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ട വനങ്ങൾ തന്നെ നിലനിൽക്കുമോ എന്ന ഭയാശങ്കയിലാണ്‌ ശാസ്ത്രജ്ഞന്മാർ. നോർവേ, ഫിൻലാൻഡ്‌ പോലുള്ള നാടുകളിലെ സൂചിയിലെ കാടുകൾ വടക്കുപടിഞ്ഞാറൻ യൂറോപ്പിലെ വ്യവസായകേന്ദ്രങ്ങൾ പുറത്തുവിടുന്ന വാതകങ്ങൾ മൂലമുള്ള അമ്ലമഴയിൽ കരിഞ്ഞുണങ്ങി കാട്ടുതീയ്ക്ക്‌ വിധേയമായി നശിച്ചു കൊണ്ടിരിക്കുന്നു. അതിസങ്കീർണ്ണമായ ഘടനയിൽ അനന്യ സാധാരണമായ ജൈവവൈവിധ്യം ആഗോളവ്യാപകമായ പാരിസ്ഥിതിക ധർമ്മങ്ങളുടെ ഉഷ്ണമേഖല മഴക്കാടുകളെ ഒട്ടും പരിചയമില്ലാത്ത, പഠിച്ചിട്ടില്ലാത്ത വെള്ളക്കാരന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ വനശാസ്ത്ര കാഴ്ചപ്പാട്‌ കാടിനെ സംരക്ഷിക്കാൻ മതിയാവില്ല. 


കാടും വനവും ഒന്നല്ല. ഭൂമദ്ധ്യരേഖയിൽ നിന്നും 28 ഡിഗ്രി വരെയുള്ള പ്രദേശത്ത്‌ വളരുന്ന പ്രദേശത്തെ കാടെന്നും അതിനപ്പുറത്ത്‌ വളരുന്ന വെജിറ്റേഷനെ വനമെന്നും വിളിക്കാവുന്നതാണ്‌. കാട്‌ എന്ന ആവാസവ്യവസ്ഥയിൽ ആയിരക്കണക്കായ സസ്യ ജന്തുജീവജാതികളും കോടിക്കണക്കായ സൂക്ഷ്മജീവജാലങ്ങളും സജീവമായ പ്രകൃതിയുടെ ജൈവ കലവറയാണ്‌. 28 ഡിഗ്രിക്ക്‌ അപ്പുറത്ത്‌ സ്ഥിതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളിലെ വനങ്ങളിൽ കുറച്ചിനം മരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. 


ലോകത്തിന്റെ നിലനിൽപ്പ്‌ നിർണ്ണയിക്കുന്നത്‌ ജൈവവൈവിധ്യ സമൃദ്ധിയാണ്‌. കാട്‌ എന്നതിന്‌ അർത്ഥം പരസ്പരാശ്രിത പരസ്പര പൂരക ജൈവബന്ധങ്ങളുടെ ഒരു സാന്ദ്രശൃംഖല എന്നാണ്‌. കാലത്തിന്റെ അങ്ങേത്തലയ്ക്കൽ എന്നോ ഉരുത്തിരിഞ്ഞ ഇതിന്റെ പൂർണ്ണതയിൽ നിന്ന് നമുക്ക്‌ കൂടുതലൊന്നും എടുത്തുമാറ്റാനോ കൂട്ടിച്ചേർക്കാനോ ആവില്ല. അതിനു ശ്രമിച്ചാൽ കാട്‌ കാടല്ലാതാവും. ഇന്ന് മനുഷ്യ പ്രവൃത്തികൾ കാരണം മരുവത്കരണവും അതിവൃഷ്ടിയും ധ്രുവങ്ങളിലെ മഞ്ഞുരുകലും എല്ലാം വലിയ പാരിസ്ഥിതിക തകർച്ചയുടെ തെളിവുകളാണ്‌. വനനശീകരണം ഈ തകർച്ചയുടെ ശക്തി വർദ്ധിപ്പിക്കുന്നു. സൂര്യപ്രകാശം ജീവനുവേണ്ട ഊർജ്ജമാക്കിമാറ്റാൻ കഴിവുള്ള സസ്യങ്ങൾ തൊട്ട്‌ അവയെ ഭക്ഷിക്കുന്ന ജീവികളും ഈ ജീവികളെ വേട്ടയാടുന്ന പരഭോജികളും ഭക്ഷ്യയോഗ്യമായ എല്ലാം ആഹരിക്കുന്ന മനുഷ്യനെ പോലുള്ള സർവ്വഭുക്കുകളും ഒരു പരസ്പര ശൃംഖലയിലാണ്‌ നിലനിൽക്കുന്നത്‌. പ്രകൃതിനിയമങ്ങളും പരിസ്ഥിതി നിയമങ്ങളും തെറ്റിക്കുന്ന മനുഷ്യൻ എന്ന ജീവജാതിയുടെ ആവിർഭാവത്തോടെയാണ്‌ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക്‌ കോട്ടം തട്ടിത്തുടങ്ങിയത്‌. 


നൈസർഗ്ഗിക ചുറ്റുപാടുകളിൽ ഒരൊറ്റ ജീവിയും ക്രമാതീതമായി പെരുകി മറ്റു ജീവികൾക്കും ആവാസവ്യവസ്ഥയ്ക്കും ദോഷം വരുത്തില്ല. ഒരൊറ്റ ജീവിയും അവരുടെ ആവശ്യങ്ങൾ വർദ്ധിപ്പിച്ച്‌ ജീവാഭയ വിഭവങ്ങളെ ഉന്മൂലനാശനം ചെയ്യില്ല. ഒരു വന്യ സസ്യഭുക്ക്‌ അതിന്റെ ആഹാരം തിന്നുതീർത്ത്‌ മരുഭൂമികൾ ഉണ്ടാക്കില്ല. ഒരു പരഭോജിയും തന്റെ വിശപ്പ്‌ ശമിപ്പിക്കാനല്ലാതെ കൊല്ലില്ല. അതാണ്‌ പ്രകൃതിനിയമം. മനുഷ്യൻ മാത്രം ഇതനുസരിക്കാൻ തയ്യാറല്ല. ജനസംഖ്യാ പെരുപ്പമാണ്‌ വനവും ലോകവും നേരിടുന്ന മുഖ്യ ഭീഷണി. നാളെ ശുദ്ധജലവും പ്രാണവായുവും ഒരു കിട്ടാക്കനിയായിരിക്കും. ഇതായിരിക്കും നമ്മെ അലട്ടുന്ന മുഖ്യ ആശങ്ക. ഒരു ദിവസം ഒരു മനുഷ്യന്‌ കഴിക്കാൻ കഴിയുന്ന പരമാവധി ഭക്ഷണം ഏകദേശം 3 കിലോഗ്രാമാണ്‌. എന്നാൽ ജീവൻ നിലനിർത്തുവാൻ ഏകദേശം 18 കിലോഗ്രാം പ്രാണവായുവെങ്കിലും വേണ്ടിവരും. ഇത്രയും ഓക്സിജൻ ഉൽപ്പാദിപ്പിക്കുവാൻ 14 മരങ്ങൾ എങ്കിലും വേണ്ടിവരും. നമ്മുടെ ജീവന്റെ നിലനിൽപ്പ്‌ പ്രകൃതിയിലെ ഒരോ സസ്യങ്ങളുമായിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മുഴുവൻ സസ്യജാലങ്ങളെയും കാത്തു സൂക്ഷിക്കുന്നതിനുള്ള ഹിതബോധത്തിലേക്ക്‌ ഓരോ മനുഷ്യനും ചുവട്‌ വെക്കേണ്ടതാണ്‌. 

O


 PHONE :9947154564



No comments:

Post a Comment

Leave your comment