കവിത
മണി.കെ.ചെന്താപ്പൂര്
പെണ്ണൊഴിഞ്ഞ വീട്ടിൽ
കറുക,മുത്തങ്ങാപ്പുല്ല് പായ് വിരിക്കും
കരിയിലക്കിളികൾ കലപില വയ്ക്കും
ചിതൽപ്പുറ്റ് കേറും
ഇലത്തണുപ്പിൽ കരിനാഗക്കുരുന്നുകൾ
കുറുവടിയായ് കിടക്കും.
പെണ്ണൊഴിഞ്ഞ വീട്ടിൽ
ചുവരോരങ്ങളിൽ
കുഴിയാന കുമ്പിൾ കുത്തി കളിക്കും
പല്ലി വായിൽ പെടുക്കും
അട്ട, പഴുതാര, പാറ്റ
വെട്ടിൽ, വേട്ടാളൻ കൂടുകൂട്ടും
എട്ടുകാലന്മാർ മച്ചിലെങ്ങും
കെണിവല വെച്ച് പാത്തിരിക്കും
ഉത്തരപ്പാതയിൽ
ഗജമുഖവാഹനം കുതികുതിക്കും.
പെണ്ണൊഴിഞ്ഞ വീട്ടിൽ കേൾക്കാം
കുറ്റിച്ചൂലിന്റെ നിലവിളി
അരകല്ലിന്റെ ഗദ്ഗദം
കാണാം അടുപ്പിൻ ഘനമൗനം
പൂത്ത കിനാവുപോൽ മൺചട്ടികൾ
ക്ലാവ് ചുംബിച്ച പാത്രങ്ങൾ
മുശട്‌വാട മണക്കും ഉടയാടകൾ
മുച്ചൂടും മുടിഞ്ഞകം
വേശ്യാഗൃഹം പോലെ
പെണ്ണൊഴിഞ്ഞ വീട്.
പെണ്ണൊഴിഞ്ഞ മുറ്റത്ത്
ചെടി തളിർക്കാറില്ല
പൂക്കൾ ചിരിക്കാറില്ല
പുതുനാമ്പ് പൊട്ടില്ല,
വണ്ട്, തുമ്പികൾ, ചിത്രപതംഗങ്ങൾ
നൃത്തച്ചുവട് വയ്ക്കാറില്ല.
പെണ്ണൊഴിഞ്ഞ വീട്
മനോനില തെറ്റിയ
മുഴുഭ്രാന്തിയെപ്പോലെ.
പെണ്ണൊഴിഞ്ഞ വീടിൻ
നെടുംതൂൺ പച്ചയ്ക്ക് കത്തും
ഉള്ളറകളിൽ ഇടിമിന്നൽ
കൊടുങ്കാറ്റടിക്കും
ആത്മദാഹങ്ങളാൽ
അസ്ഥിമജ്ജയിൽ ഉഗ്രസ്ഫോടനങ്ങൾ
പിറക്കും, പാമ്പുകൾ
പത്തിവിരിഞ്ഞെത്തും
പകലിരവുകൾ ബീഭത്സമാകും
കിനാവുകൾ, കയർ, കിണറുകൾ
പാളങ്ങൾ കണ്ട് പിടഞ്ഞുപിടഞ്ഞുണരും!
പെണ്ണൊഴിഞ്ഞ വീടെങ്ങനെ
പെണ്ണൊഴിഞ്ഞ വീടിങ്ങനെ!
O
PHONE : 8281014740
നന്നായി
ReplyDelete