നേർക്കാഴ്ച
എം.കൃഷ്ണകുമാർ
ശാസ്താംകോട്ട എന്നത് ഒരു സ്ഥലത്തിന്റെ മാത്രം പേരല്ല. ജലസമൃദ്ധിയുടെ സമൃദ്ധമായ ഓർമ്മകൾ, തലമുറകളുടെ ഓർമ്മച്ചിപ്പിൽ അങ്കിതമാക്കി കുളിർമ്മയുടെയും പച്ചപ്പിന്റെയും സാന്ത്വനസന്ദേശങ്ങൾ കൈമാറിയ ഒരു സംസ്കൃതിയുടെ കൂടി പേരാണ്; ആകാശത്തിന്റെ വിശാലവിഹാരതകൾ പ്രതിബിംബിക്കുന്ന സൗന്ദര്യബോധത്തിന്റെയും കാവ്യാത്മകതയുടെയും കൂടി പേര്; ബാലേട്ടനെയും (പി.ബാലചന്ദ്രൻ) വിനയചന്ദ്രൻ മാഷിനെയും പോലെ എത്രയോ കലാകാരന്മാരെ വിഭ്രമിപ്പിച്ച അഴകുകളുടെ വിസ്മയജാലകം. ജൈവവൈവിധ്യങ്ങളിൽ കുതൂഹലം പൂണ്ട മനസ്സുകളെ പുനരപി വിളിച്ചുണർത്തിയ ശബ്ദരഹിതമായ ആകർഷണങ്ങളുടെ മുഴക്കം.
ശാസ്താംകോട്ട ഒരു സ്ഥലത്തിന്റെ മാത്രം പേരായിരുന്നില്ല.
അലയിളകുന്ന ജലവിശുദ്ധിയുടെ ഓർമ്മകൾ തങ്ങൾക്ക് സമ്മാനിച്ച ശാസ്താംകോട്ട തടാകം - ഭാരതത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല തടാകം - ഇനി ഓർമ്മ മാത്രമായിത്തീരുമോ എന്ന സന്ദേഹത്തിലാണ് ഇന്ന് പ്രകൃതിസ്നേഹികൾ. ഒരിക്കലും വറ്റുകയില്ല എന്നെല്ലാവരും കരുതിയിരുന്ന ശാസ്താംകോട്ട ശുദ്ധജലതടാകം ഇന്ന് അമ്പരപ്പിക്കുന്ന വിധം വരണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി വരളുന്നതിന്റെ വടുക്കളുമായി നിലകൊള്ളുന്ന തടാകം, പ്രകൃതിയും മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവസംഗീതത്തിന്റെ ശ്രുതിയറിയാവുന്ന ഏതൊരാളിന്റെയും വേദനയായി മാറിയിരിക്കുകയാണ്.
ഈ വേദനയുടെ പങ്കുവെക്കലായിരുന്നു 2013 ഫെബ്രുവരി 24 ന് തടാകക്കരയിൽ നടന്ന സാംസ്കാരിക കൂട്ടായ്മ.
കേളികൊട്ട് കൂട്ടായ്മയും സി.എസ്.സുബ്രഹ്മണ്യൻപോറ്റി സ്മാരകസമിതിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മയുടെ പേരു തന്നെ 'മുറവിളി' എന്നായിരുന്നു. 'മുറവിളിയായും മൂകമായും മുഗ്ദമായും പ്രാർത്ഥനാശരമായും കൗരവപുരം ചുട്ടെരിക്കുന്നൊരഗ്നിയായും' ഒക്കെ വിഭിന്നവിതാനങ്ങളിലും ശ്രുതികളിലും അവിടെ പങ്കുവെക്കപ്പെട്ടത് മനുഷ്യനന്മയുടെ പക്ഷം ചേരാനാഗ്രഹിക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ ആകാംക്ഷകളായിരുന്നു.
രാവിലെ 6 മണിക്കാരംഭിച്ച് വൈകുന്നേരം 6 മണിക്ക് സമാപിച്ച സാംസ്കാരിക കൂട്ടായ്മ മുതിർന്ന പരിസ്ഥിതിപ്രവർത്തകനും ശാസ്താംകോട്ട തടാകസംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ട വ്യക്തിത്വവുമായ ശ്രീ.കെ.കരുണാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന പരിപാടിയിൽ വിവിധ ജില്ലകളിൽ നിന്നായി നൂറോളം സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്ത്, ജനകീയ പ്രതിരോധസമിതി, സി.എസ്.ഐ.സഭ തുടങ്ങി വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും ആളുകൾ എത്തിയിരുന്നു.
ദീർഘകാലമായി നടന്നുവരുന്ന തടാകസംരക്ഷണ പ്രവർത്തനങ്ങളുടെ സംക്ഷിപ്തവിവരണം തടാകസംരക്ഷണ കർമ്മസമിതി ചെയർമാൻ ശ്രീ.കെ.കരുണാകരൻ പിള്ള അവതരിപ്പിച്ചത് വലിയ വൈകാരികത സൃഷ്ടിച്ചു. തടാകസംരക്ഷണവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ ചില നിരീക്ഷണങ്ങൾ ശ്രീ.മധു (ശാസ്ത്രസാഹിത്യപരിഷത്ത്) അവതരിപ്പിച്ചത് വളരെ വിജ്ഞാനപ്രദമായിരുന്നു. കഥകൾ കവിതകൾ പാട്ടുകൾ എന്നിവയിലൂടെ വൈകാരിക പിൻതുണ നൽകാനുള്ള ശ്രമമായിരുന്നു സാംസ്കാരിക കൂട്ടായ്മയുടേത്.
ചവറ.കെ.എസ്.പിള്ള, സുമൻജിത്ത് മിഷ, അജിത്.കെ.സി, നിധീഷ്.ജി, സി.എൻ.കുമാർ, ഡോ.ആർ.ഭദ്രൻ, ശാസ്താംകോട്ട അജയകുമാർ, ടി.ജെ.അരീക്കൻ, സുനിലൻ കളീയ്ക്കൽ, റവ.ഫാദർ മാത്യൂസ് ഡേവിഡ്, എം.സങ്, ബി.എസ്.സുജിത്ത്, ശാസ്താംകോട്ട ഭാസ്, രാജൻ കൈലാസ്, കെ.സതീഷ് കുമാർ, ഗിരീഷ് മോഹൻ, രാജേന്ദ്രൻ വയല, ഇഞ്ചക്കാട് ബാലചന്ദ്രൻ, അരുൺ.എസ്.കാളിശേരി, ദിവ്യാദേവകി, മൈനാഗപ്പള്ളി ശ്രീരംഗൻ, ബാലമുരളീകൃഷ്ണ, കോട്ടാത്തല വിജയൻ, കെ.വി.രാമകൃഷ്ണപിള്ള, മണി.കെ.ചെന്താപ്പൂര്, സി.എസ്.രാജേഷ്, ശൂരനാട് കൃഷ്ണകുമാർ, ഭൂപേഷ്, രാജലക്ഷ്മി, സജീവ് ശൂരനാട്, മുജീബ് ശൂരനാട്, ഡോ.രാജൻ കല്ലേലിഭാഗം, മുഖേഷ്‌കുമാർ, ശാസ്താംകോട്ട റഹിം, ശരത് കായംകുളം, അരുൺരാജ്, ഗുരുകുലം ശശി, ആർ.കെ.ഹരിപ്പാട്, ഹാരിസ്.എ, വി.കെ.മധുസൂധനൻ, റവ.ഡോ.ജേക്കബ് ചാക്കോ, ഡോ.കരംചന്ദ്.ബി തുടങ്ങിയവർ പങ്കെടുത്ത സാംസ്കാരിക കൂട്ടായ്മയുടെ നടപടിക്രമങ്ങൾ നിയന്ത്രിച്ചത് കവിയും സാംസ്കാരിക പ്രവർത്തകനുമായ ഇടക്കുളങ്ങര ഗോപൻ ആയിരുന്നു.
എന്നിരുന്നാലും കവിതയുടെയും കഥയുടെയും പാട്ടിന്റെയും ലോകത്തു കഴിയുന്നവരുടെ മൊഴിയും മറുമൊഴിയുമായി കൂട്ടായ്മ ചുരുങ്ങിപ്പോയത് ഒരു പരിമിതിയായി അനുഭവപ്പെട്ടു. പ്രദേശവാസികളായ ബഹുജനങ്ങളുടെ പങ്കാളിത്തവും മുൻകൈയും ശക്തമായ ഒരു സാന്നിധ്യമായി അനുഭവപ്പെട്ടില്ല. ജാതി-മത-കക്ഷിരാഷ്ട്രീയ സങ്കുചിതത്വങ്ങൾക്ക് അതീതമായി ബഹുജനങ്ങളുടെ മുൻകൈയിൽ തടാകസംരക്ഷണം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടേണ്ടതായിരുന്നു ഈ സാംസ്കാരിക കൂട്ടായ്മ എന്ന അഭിപ്രായമുള്ളവരും ഉണ്ട്.
ഉത്കൃഷ്ടമായ രാഷ്ട്രീയപ്രവർത്തനത്തെയും സാമൂഹ്യപ്രവർത്തനത്തെയും പരിസ്ഥിതി പ്രവർത്തനത്തെയും ഒക്കെ സാംസ്കാരിക പ്രവർത്തനത്തിന്റെ മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ട കാലം സമാഗതമായിരിക്കുന്നു. ജാതി-മത- കക്ഷി രാഷ്ട്രീയ സങ്കുചിതത്വങ്ങൾ കുടഞ്ഞെറിയുമ്പോൾ സൃഷ്ടിക്കപ്പെടുന്ന വൈകാരികമേളനമാണ് ഏറ്റവും ജനാധിപത്യപരമായ സാംസ്കാരികത എന്നു നമ്മുടെ സാംസ്കാരിക നായകന്മാരും പ്രവർത്തകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നിലും നിന്നിലും തിന്മയും സ്വാർത്ഥവും നിറഞ്ഞിരിക്കുന്നു, നാമെല്ലാവരും ഭ്രാന്തമായ ഓട്ടത്തിലാണ് എന്നൊക്കെയുള്ള അരാഷ്ട്രീയവും കപടവുമായ സത്യസന്ധതയുടെയോ ദാർശനിക ജാഡ്യത്തിന്റെയോ ഏത്താപ്പുകളുടെ പ്രദർശനമല്ല, എന്നിലും നിന്നിലുമുള്ള സ്വാർത്ഥവും തിന്മയും പിഴുതെറിഞ്ഞു കളയും എന്ന ജാഗ്രതയുടെ വിളംബരമാണ് കാലം കാതോർക്കുന്ന സാംസ്കാരികത.
O
PHOTOS : GIRISH MOHAN
PHONE : 9447786852
ശരിയാണ്.വാചാടോപങ്ങൾ മതിയാക്കി എന്തെംകിലും പ്രവറ്ത്തിക്കാനുള്ള സമയമായിരിക്കുന്നു
ReplyDeleteഗ്രേറ്റ്
ReplyDelete