മോഹൻകുമാർ.പി |
നിങ്ങൾ സത്യസ്വരൂപമെന്നും ശീലാവതിയെന്നും
എന്നെ വാഴ്ത്തി.
ഞാൻ സീതയും ദമയന്തിയുമായ്
നിങ്ങളുടെ ശയ്യാഗൃഹങ്ങളിൽ ഗന്ധമാവാഹിച്ചു.
കിടക്കയിൽ വേശ്യയാകണമെന്നു നിങ്ങൾ പറഞ്ഞു
അബലയായതു കൊണ്ട് സംരക്ഷണം
ആവശ്യമാണെന്നു പറഞ്ഞു
നിങ്ങൾ ഉണ്ണാതെ ഞാൻ ഉണ്ണാറില്ല
പുറത്ത് പത്രക്കാരന്റെ പൗരുഷം
ഞാൻ ശ്രദ്ധിച്ചതേയില്ല.
പുരുഷനാണല്ലോ അയാൾ
എങ്കിലും കൊഴുത്ത കാൽവണ്ണയും
ബലിഷ്ഠമായ കരങ്ങളുമയാൾക്കുണ്ടെന്നു
ഞാൻ നിങ്ങളോട് പറഞ്ഞില്ല.
മയക്കത്തിലേക്കും തിരിച്ചു സുരതത്തിലേക്കും
പ്രവേശിക്കുന്ന ബോധമില്ലാത്ത നിങ്ങളിലെ പുരുഷൻ
ഒരു അപ്പുക്കിളിയാണ്.
സ്വപ്നങ്ങൾ കാണാൻ ഞാൻ പഠിച്ചിട്ടുണ്ട്.
ഗന്ധർവ്വന്മാർ ഓരോ രാത്രിയും എന്നെ
മാറിമാറി പ്രാപിച്ചു പോകുന്നു
എന്റെ വിയർപ്പിനു പാലപ്പൂവിന്റെ
മണമാണെന്ന് അറിയുമ്പോഴേക്കും
നിങ്ങൾ ഉറക്കത്തിന്റെ ഗഹ്വരങ്ങളിലെവിടെയോ
പ്രേതബാധിതനെപ്പോലെ !
അതെന്റെ വിധി.
ഇപ്പോഴും നിങ്ങളുടെ അനുസരണയുള്ള
ഭാര്യയും കാമുകിയും വേശ്യയുമാണല്ലോ ഞാൻ
ഏതു വേഷവും എനിക്കു ചേരും
എന്റെ കൈകൾക്ക് അഴുക്കിന്റെ വഴുക്കാണെന്ന് നിങ്ങൾ.
അടുപ്പൂതി എന്റെ കുരൽ ഉണങ്ങി -
പ്പോയെന്നു ഞാൻ പറഞ്ഞില്ല.
അകാലത്തിൽ നരച്ചുപോയ എന്റെ
കണ്ണിന് മിനുപ്പില്ലായിരിക്കാം
കരയുന്ന പൈയ്യിനു പുല്ലുചെത്തി
കാൽപാടുകളിൽ എനിക്ക് വരട്ടുചൊറി.
കറിക്കത്തികൊണ്ട് കൈയ്യുറയില്ലാതെ
അരിഞ്ഞുകൂട്ടിയ ആവലാതികളാണ് നിങ്ങളുടെ
പുരുഷനെ ഉണർത്താൻ ഈ കൈരേഖകൾക്കു
മൃദുത്വമില്ലെന്നു പറയുന്നത്.
ദിവസവുമുണരുന്ന പക്ഷിജാലങ്ങളോടൊപ്പം
ഉഷ:പൂജ ചെയ്യുന്ന ഞാൻ പ്രായമറിയുന്നില്ല.
കൃത്യങ്ങളുടെ കൃത്യമായ കണക്ക്
ആരും സൂക്ഷിക്കാറില്ലല്ലോ.
ഹോ! ചീനച്ചട്ടിയിൽ എന്തോ
കരിഞ്ഞു മണക്കുന്നുണ്ട്.
ഇനി ആ വെപ്പുകാരനെ ഉരൽപ്പുരയിൽ
കയറ്റിയിട്ടുവേണമെനിക്ക് ശീലാവതിയാകാൻ!
പ്രിയപ്പെട്ടവനെ നിന്റെ ഈ പകലുറക്കം!
വെണ്ണയും തൈരും കഴിച്ചു
വണ്ണമുള്ളവനായ നിനക്കില്ലാതെ
പോയതെന്താണ്?
എനിക്കും വേണമല്ലോ ഒരു രസമൊക്കെ
കേട്ടോ,ഞാനത്ര ശീലാവതിയൊന്നുമല്ല.
O
PHONE : 985675207